Wednesday, October 13, 2010

മുസ്ളീംലീഗ്: മിഥ്യയും തഥ്യയും

മുസ്ളീംലീഗ്: മിഥ്യയും തഥ്യയും
എ എം ഷിനാസ്

കഴിഞ്ഞ ഒന്നര വ്യാഴവട്ടമായി മുസ്ളീംലീഗുകാരും അവരെ പ്രീതിപ്പെടുത്താന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ചില ബുദ്ധിജീവികളും പേര്‍ത്തും പേര്‍ത്തും പറയുന്ന ഒരു കാര്യമുണ്ട്. 1992 ഡിസംബര്‍ 6ന് ഫാഷിസ്റ്റ് നരമേധസംഘം ബാബറിമസ്ജിദ് തകര്‍ത്തപ്പോള്‍ കേരളം സംയമനത്തിന്റെ അത്യുജ്ജ്വലമാതൃക കാഴ്ചവെച്ചത് മുസ്ളീംലീഗിന്റെ വിവേകപൂര്‍ണമായ നിലപാടിന്റെ പരിണതഫലമായിരുന്നു എന്നതത്രെ നാം കേട്ടു തഴമ്പിച്ച ഈ വാദമുഖം. അന്ന് ഇന്ത്യ മുഴുവന്‍ കത്തിയപ്പോള്‍ കേരളം ശാന്തിയുടെ തുരുത്തായി നിലകൊണ്ടു എന്നും അതിന് ചുക്കാന്‍പിടിച്ചത് മുസ്ളീംലീഗ് നേതൃത്വമാണെന്നും ഇക്കൂട്ടര്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും. ഇത്രയും പറഞ്ഞുവെച്ചതിനുശേഷം മുസ്ളീംലീഗ് എന്ന മതാധിഷ്ഠിത വര്‍ഗീയകക്ഷി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മഹാ പ്രഘോഷകരാണെന്നും അതുകൊണ്ടുതന്നെ ഈ പാര്‍ട്ടി കേരളത്തില്‍ നിലനില്‍ക്കേണ്ടത് അനിവാര്യമാണെന്നും സ്ഥാപിക്കാനുള്ള ഭഗീരഥയത്നത്തില്‍ ഇക്കൂട്ടര്‍ ഏര്‍പ്പെടുന്നതുകാണാം. കെ വേണു മുതല്‍ ഡോ. എം ഗംഗാധരന്‍വരെയുള്ളവര്‍ ഈ വിചാരധാര മുന്നോട്ടുവെയ്ക്കുന്നവരാണ്.

ഈ വാദം അബദ്ധപഞ്ചാംഗം മാത്രമല്ല, ഇതില്‍ ഒരുപാട് അപകടങ്ങളും പതിയിരിപ്പുണ്ട്. ഒന്നാമതായി, ബാബറിമസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തിലെ മുസ്ളീങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ മാതൃകാപരമായ സംയമനം പാലിച്ചതെന്നാണ് ഇതു കേട്ടാല്‍ തോന്നുക. കേരളമൊഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലെയും മുസ്ളീങ്ങള്‍ രണോല്‍സുകരായി തെരുവിലിറങ്ങി കലാപങ്ങള്‍ അഴിച്ചുവിട്ടു എന്നു തോന്നും ഇതു കേള്‍ക്കുന്നവര്‍ക്ക്. എന്നാല്‍ വാസ്തവമെന്താണ്? ബാബറിമസ്ജിദ് ഹിന്ദുത്വഫാഷിസ്റ്റുകള്‍ തകര്‍ത്തപ്പോള്‍ ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെ മുസ്ളീം ജനസഞ്ചയമാണ് സംയമനം വെടിഞ്ഞ് രണരഥ്യകളിലേക്ക് ഇറങ്ങിത്തിരിച്ചത്? 1992 ഡിസംബര്‍ 1993 ജനുവരി കാലത്തു നടന്ന മുംബൈ കലാപം മുസ്ളീങ്ങളുടെ സൃഷ്ടിയാണോ? ഹിന്ദുത്വശക്തികള്‍ അഴിച്ചുവിട്ട ഏകപക്ഷീയ നരമേധത്തില്‍ മുംബൈയിലെ നൂറുകണക്കിന് മുസ്ളീങ്ങള്‍ കൊല്ലപ്പെടുകയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അന്ന് കേരളവും ബംഗാളും ത്രിപുരയുമൊഴിച്ച് ഇന്ത്യ മുഴുവന്‍ അഗ്നിതാണ്ഡവം നടത്തിയത് മുസ്ളീങ്ങളായിരുന്നില്ല, ഹിന്ദുത്വശക്തികളായിരുന്നു. ഹിന്ദുത്വകാപാലിക സംഘങ്ങള്‍ക്ക് കേരളത്തില്‍ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അതിന് ഉത്തരവാദികള്‍ മുസ്ളീംലീഗാണെന്ന് പറയുന്നവര്‍ ഉത്തരം താങ്ങുന്നത് പല്ലിയാണെന്ന് പറയുന്ന വിചിത്ര ന്യായവാദക്കാരുടെ കൂട്ടത്തിലേ ഉള്‍പ്പെടൂ.

കേരളത്തിലും ബംഗാളിലും ത്രിപുരയിലുമൊന്നും അന്ന് ഹിന്ദുത്വശക്തികള്‍ക്ക് തീക്കളിനടത്താന്‍ കഴിയാതിരുന്നതിനുപിന്നില്‍ ഈ സംസ്ഥാനങ്ങളിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ സാന്നിധ്യവും ജാഗ്രതയും, വലിയ പങ്ക് വഹിച്ചു എന്ന ചരിത്ര യാഥാര്‍ത്ഥ്യത്തെ തമസ്കരിക്കുകയും കേരളം അന്ന് കലാപഭൂമിയായി മാറാതെ പോയതിന്റെ ക്രെഡിറ്റ് മുഴുവന്‍ മുസ്ളീംലീഗിന് ചാര്‍ത്തിക്കൊടുക്കുകയും ചെയ്യുന്ന ഈ വക്രയുക്തി ഇന്നും ചില പാണന്മാര്‍ പാടി നടക്കുന്നുണ്ട്.

ബാബറിമസ്ജിദ് ധ്വംസനത്തിന് വാചാലമായ മൌനത്തിലൂടെ അനുവാദം നല്‍കിയ പി വി നരസിംഹറാവു നയിച്ച കോണ്‍ഗ്രസ് ഭരണത്തെ അതിശയിപ്പിക്കുന്ന സ്നേഹവായ്പോടെ അന്ന് നോക്കിനിന്ന കക്ഷിയാണ് മുസ്ളീംലീഗ്. കോണ്‍ഗ്രസിനെതിരെ മതേതര ജനാധിപത്യപ്രസ്ഥാനങ്ങളുടെയും വിവിധ മത-മതേതര സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ളീം ജനസാമാന്യത്തിന്റെയും പ്രതിഷേധം ഉച്ചസ്ഥായിയിലായിരുന്നപ്പോള്‍ ഇവിടെ മുസ്ളീംലീഗ് കോണ്‍ഗ്രസ് ഭരണത്തില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. മസ്ജിദ് തകര്‍ക്കാന്‍ പച്ചക്കൊടി കാട്ടിയ കോണ്‍ഗ്രസിനെതിരെ പൊതുവിലും മസ്ജിദ് നിലംപരിശാക്കിയ കര്‍സേവക കാപാലികക്കൂട്ടത്തിനെതിരെ വിശേഷിച്ചും ഇന്ത്യയിലെ ജനാധിപത്യ മതേതര പ്രസ്ഥാനങ്ങള്‍ ഭിന്നതകള്‍ മറന്ന് അണിനിരന്നപ്പോള്‍ മുസ്ളീംലീഗ് കോണ്‍ഗ്രസിനെയോ അതിന്റെ അമരക്കാരനായ നരസിംഹറാവുവിനെയോ വിമര്‍ശിക്കാതിരിക്കാന്‍ അസാമാന്യമായ വിരുത് പ്രദര്‍ശിപ്പിച്ചു.

എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? ഉത്തരം ലളിതമാണ്. മുസ്ളീംലീഗിന് അധികാരം വേണം. അതില്‍ തെറ്റൊന്നുമില്ല. എല്ലാ രാഷ്ട്രീയകക്ഷികളും അധികാരത്തിലേറാന്‍തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. അധികാരലബ്ധിക്കുശേഷം ആര്‍ക്കുവേണ്ടി ഒരു രാഷ്ട്രീയകക്ഷി നിലകൊള്ളുന്നു എന്നതാണ് പ്രധാനം. മുസ്ളീംലീഗിനെ സംബന്ധിച്ചിടത്തോളം അധികാരമെന്നാല്‍ മൂലധനസേവയും മൂലധനസംഭരണവുമാണ്. പാവപ്പെട്ടവരും യാഥാസ്ഥിതികരുമായ കുറെ മുസ്ളീങ്ങളെ മുന്നില്‍നിര്‍ത്തി ഒരു വരേണ്യ ന്യൂനപക്ഷത്തിന് മൂലധന സാഗരത്തില്‍ ആറാടാനുള്ള ഒരു മാര്‍ഗമായേ പിറവിതൊട്ട് മുസ്ളീംലീഗ് അധികാര രാഷ്ട്രീയത്തെ കണ്ടിട്ടുള്ളൂ. ഒരുകൂട്ടം കുബേര മുസ്ളീങ്ങളുടെ മൂലധന താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും വിപുലപ്പെടുത്താനുംവേണ്ടി പാവപ്പെട്ട മുസ്ളീങ്ങളെ വൈകാരികമായി അണിനിരത്തിക്കൊണ്ടുള്ള ഒരു ഒരു രാഷ്ട്രീയ തട്ടിപ്പ്. അതിന് ഒരു വിഭാഗം മുസ്ളീങ്ങള്‍ക്ക് ചില തങ്ങള്‍മാരോടുള്ള മമതയും ആദരവും മുസ്ളീംലീഗിലെ സൃഗാലബുദ്ധിയുള്ള നേതൃത്വം സമര്‍ത്ഥമായി ചൂഷണംചെയ്യുകയും ചെയ്തു. അലങ്കരിക്കപ്പെട്ട പാവകളെപ്പോലെ കാലാകാലങ്ങളില്‍ ചിലരെ മുന്നില്‍നിര്‍ത്തി പിന്നില്‍നിന്ന് കോടികള്‍ അമ്മാനമാടുന്ന മറ്റുചിലരുടെ കൂട്ടുകച്ചവട മുന്നണിയല്ലാതെ മറ്റൊന്നുമല്ല മുസ്ളീംലീഗ്. അതുകൊണ്ടാണ് രാഷ്ട്രീയമെന്നാല്‍ ചുക്കോ ചുണ്ണാമ്പോ എന്ന് തിരിയാത്ത ഒരു വ്യവസായ പ്രമുഖന്‍ ഒരു നിമിഷാര്‍ദ്ധംകൊണ്ട് 'കോണി' കയറാതെ 'ലിഫ്റ്റ്' വഴി രാജ്യസഭയില്‍ എത്തിയത്.

ചിലര്‍ പറയാറുണ്ട് മുസ്ളീംലീഗ് പ്രത്യയശാസ്ത്രമില്ലാത്ത പാര്‍ടിയാണെന്ന്. അതിന് ഒരു സാമ്പത്തികനയമോ വിദേശനയമോ ഇല്ല എന്നും അവര്‍ പറയും. ഇത് ശരിയല്ല. മുസ്ളീം ലീഗ് അങ്ങേയറ്റം ജീര്‍ണിച്ച വലതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ ഉദ്ഘോഷകരാണ്. മുസ്ളീംലീഗിന്റെ സാമ്പത്തികനയവും വിദേശനയവും കോണ്‍ഗ്രസിന്റെ നയങ്ങള്‍ തന്നെയാണ്. ഇറാനുമായി സൌഹൃദം അവസാനിപ്പിക്കാമെന്നും ഇസ്രായേലുമായി സുദൃഢസൌഹൃദം ആരംഭിക്കാമെന്നും കോണ്‍ഗ്രസ് തീരുമാനിക്കുമ്പോള്‍ മുസ്ളീംലീഗ് ഒരു എതിര്‍പ്പുമില്ലാതെ തലയാട്ടും. മുസ്ളീങ്ങളടക്കമുള്ള ദരിദ്ര ജനവിഭാഗങ്ങളെ ദുരിതക്കയത്തിലാഴ്ത്തുന്ന നവലിബറല്‍ സാമ്പത്തികനയങ്ങളെ ഇന്നേവരെ ഒരു മുസ്ളീംലീഗ് നേതാവും ചോദ്യംചെയ്തതായി അറിവില്ല. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ മുസ്ളീംലീഗിന്റെ പ്രത്യയശാസ്ത്രം മൂലധനസേവയാണ്. മൂലധനസേവയെന്നാല്‍ ആത്യന്തികമായി സാമ്രാജ്യത്വസേവ തന്നെ.

ഈയിടെയായി മുസ്ളീംലീഗുകാര്‍ നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്ന ഒരു കാര്യം തങ്ങള്‍ തീവ്രവാദത്തെ അതിശക്തമായി എതിര്‍ക്കുന്നു എന്നാണ്. എന്നാല്‍ മുസ്ളീംലീഗിനെ ആമൂലാഗ്രം നിയന്ത്രിക്കുന്ന കുഞ്ഞാലിക്കുട്ടിയില്‍നിന്ന് അത്യപൂര്‍വമായേ തീവ്രവാദവിരുദ്ധ ഉദീരണങ്ങള്‍ വന്നിട്ടുള്ളു. കാരണം, എന്‍ഡിഎഫിനെതിരെ അദ്ദേഹത്തിന് സംസാരിച്ച് ശീലമില്ല. തിരിച്ചും അങ്ങനെതന്നെ. ജമാഅത്തെ ഇസ്ളാമിക്കെതിരെയും ഇപ്പോള്‍ അദ്ദേഹം കമാ എന്നൊരക്ഷരം മിണ്ടാറില്ല. എന്‍ഡിഎഫിന്റെ വോട്ട് വേണ്ടെന്ന് പറയുമോ എന്ന് കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചാല്‍ ആരുടെയും വോട്ട് വേണ്ടെന്ന് പറയാനുള്ള ധിക്കാരം തനിക്കില്ല എന്നാവും 'വിനീതനായ' കുഞ്ഞാലിക്കുട്ടിയുടെ ഉത്തരം. മലപ്പുറത്ത് എന്‍ഡിഎഫുകാര്‍ (പകല്‍ ലീഗ്, രാത്രി എന്‍ഡിഎഫ് എന്ന് വായിക്കുക) ഉള്‍പ്പെട്ട നിരവധി കേസുകള്‍ മന്ത്രിയായിരുന്നപ്പോള്‍ പിന്‍വലിക്കാന്‍ ശുഷ്കാന്തികാട്ടിയ കുഞ്ഞാലിക്കുട്ടി എന്‍ഡിഎഫ് നേതൃത്വത്തിന് പ്രിയങ്കരനാണ്.

അതേസമയം എന്‍ഡിഎഫിനും ജമാഅത്തെ ഇസ്ളാമിക്കുമെതിരെ മിണ്ടുന്ന രണ്ടുപേരുണ്ട് ലീഗില്‍. മുന്‍ മന്ത്രി എം കെ മുനീറും യൂത്ത്ലീഗ് നേതാവ് കെ എം ഷാജിയും. ജുമാഅത്തിനെതിരെ ഘോരഘോരം എഴുതിയ മുനീര്‍തന്നെയാണ് കോഴിക്കോട്ട് നടന്ന ലീഗ്-ജമാഅത്ത് ചര്‍ച്ചയില്‍ ആദ്യാവസാനം പങ്കെടുത്തത്. പൊതുസമൂഹത്തിനുമുമ്പില്‍ ലീഗ് ഉയര്‍ത്തിക്കാട്ടുന്ന രണ്ട് 'സൌമ്യ' മുഖങ്ങ്ളാണ് (ബിജെപിക്ക് വാജ്പേയ് എന്നപോലെ) ഇവര്‍ എന്ന് വിലയിരുത്തുന്നവരാണ് ലീഗിനെ അടുത്തറിയുന്ന നിരീക്ഷകര്‍. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഇവരുടെ എന്‍ഡിഎഫ് ജുമാഅത്ത് വിരുദ്ധ നിലപാടുകള്‍ ആവിയായിപ്പോകുന്നത് കാണാനിരിക്കുന്നതേയുള്ളൂ.

ഏറ്റവും ഒടുവില്‍ കേട്ടത് വനിതാലീഗുകാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരിക്കുന്നു എന്നതാണ്. പിതൃമേധാവിത്വമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഒരു പാര്‍ടി അതിലെ സ്ത്രീ പ്രവര്‍ത്തകരെ തളയ്ക്കുന്നത് സ്വാഭാവികമാണ്. വിസ്തരഭയം കാരണം അതിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ല. ലീഗിലെ പുരുഷന്മാര്‍ക്ക് വളരെ മുമ്പേ ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരേണ്ടിയിരുന്നു. അങ്ങനെയൊന്ന് ഉണ്ടായിരുന്നുവെങ്കില്‍ ഐസ്ക്രീം എന്ന രുചികരമായ ഭക്ഷണപദാര്‍ത്ഥത്തിന് കേട്ടാലറയ്ക്കുന്ന പര്യായപദങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. കള്ളനോട്ട് വിപണനം, ഹവാല, അഴിമതി തുടങ്ങിയവ വിലക്കുന്ന ഒരു പെരുമാറ്റച്ചട്ടം പുരുഷ ലീഗുകാര്‍ക്ക് സത്വരം വേണം. കാരണം, കുഞ്ഞാലിക്കുട്ടിയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവിനെ ഈയിടെ കള്ളനോട്ട് ഇടപാടില്‍ ചോദ്യംചെയ്തിരുന്നു. ഇയാള്‍തന്നെയാണ് ഐസ്ക്രീം കേസിലെ കക്ഷികളെ ഒരുപാടുകാലം തെളിച്ചുനടന്നിരുന്നത് എന്ന കാര്യവും ഓര്‍ക്കാം.

2 comments:

ഇഷ്ടിക ‍ said...

അതിന് ഒരു വിഭാഗം മുസ്ളീങ്ങള്‍ക്ക് ചില തങ്ങള്‍മാരോടുള്ള മമതയും ആദരവും മുസ്ളീംലീഗിലെ സൃഗാലബുദ്ധിയുള്ള നേതൃത്വം സമര്‍ത്ഥമായി ചൂഷണംചെയ്യുകയും ചെയ്തു. അലങ്കരിക്കപ്പെട്ട പാവകളെപ്പോലെ കാലാകാലങ്ങളില്‍ ചിലരെ മുന്നില്‍നിര്‍ത്തി പിന്നില്‍നിന്ന് കോടികള്‍ അമ്മാനമാടുന്ന മറ്റുചിലരുടെ കൂട്ടുകച്ചവട മുന്നണിയല്ലാതെ മറ്റൊന്നുമല്ല മുസ്ളീംലീഗ്. അതുകൊണ്ടാണ് രാഷ്ട്രീയമെന്നാല്‍ ചുക്കോ ചുണ്ണാമ്പോ എന്ന് തിരിയാത്ത ഒരു വ്യവസായ പ്രമുഖന്‍ ഒരു നിമിഷാര്‍ദ്ധംകൊണ്ട് 'കോണി' കയറാതെ 'ലിഫ്റ്റ്' വഴി രാജ്യസഭയില്‍ എത്തിയത്.

ഇഷ്ടിക ‍ said...

നല്ല നിരീക്ഷണം.