സുകുമാര്‍ അഴീക്കോട്
എനിക്ക് വലിയ ജ്യോതിഷപരിജ്ഞാനം ഇല്ലെങ്കിലും ലഗ്നവും 4, 7, 10 ഭാവങ്ങളും കേന്ദ്രസ്ഥാനമുള്ളവയും രാശികള്‍ അവയിലെത്തുമ്പോള്‍ വളരെ ബലമുള്ളവയും ആകുമെന്നും കേട്ടിട്ടുണ്ട്. ഇംഗ്ളീഷിലെ സെന്റര്‍തന്നെ കേന്ദ്രം. അതുകൊണ്ടാണ് സെന്‍ട്രല്‍ ഗവമെന്റിന് നാം കേന്ദ്ര ഗവമെന്റ് എന്ന് പറയുന്നത്. നമ്മുടെ ഭരണത്തില്‍ ഒരു കേന്ദ്രമേയുള്ളൂ. ആ കേന്ദ്രംതന്നെ ദുര്‍ബലമായാല്‍ എല്ലാ സംസ്ഥാനങ്ങളും രാഷ്ട്രം ആകെത്തന്നെയും ദുര്‍ബലമായിത്തീരുന്നു. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ രത്നച്ചുരുക്കം ഈ ഭരണജ്യോതിഷം പഠിച്ചാല്‍ മനസ്സിലാകും. കേന്ദ്രബലത്തിലാണ് ഒരു ദേശത്തിന്റെ സ്വാതന്ത്യ്രം നിലനില്‍ക്കുന്നത്. നമ്മുടെ ഭരണഘടനയില്‍ ഇന്ത്യ എന്ന റിപ്പബ്ളിക്കിന് (ജനാധിപത്യരാഷ്ട്രത്തിന്) നാല് വിശേഷണങ്ങള്‍ കാണാം. അവയില്‍ ഒന്നാം സ്ഥാനത്തുള്ള വിശേഷണം 'സോവറിന്‍' എന്നാണ്. അതുകഴിഞ്ഞുമാത്രമേ സോഷ്യലിസ്റ്, സെക്കുലര്‍, ഡെമോക്രാറ്റിക് എന്നീ വിശേഷണങ്ങള്‍ വരുന്നുള്ളൂ. സോവറിന്‍ എന്നുവച്ചാല്‍ പരമാധികാരമുള്ളത് എന്നര്‍ഥം. സ്വതന്ത്ര രാഷ്ട്രത്തിനാണ് പരമാധികാരം. നാം ബ്രിട്ടന്റെ അടിമത്തത്തില്‍ കഴിഞ്ഞപ്പോള്‍ പരാധീന രാഷ്ട്രമായിരുന്നു. 1947 ആഗസ്ത് 15ന് നാം പരമാധികാരമുള്ള രാഷ്ട്രമായി. കേന്ദ്രം ദുര്‍ബലമാകുമ്പോള്‍ സ്വന്തമായ പരമാധികാരത്തിന്റെ പല അംശങ്ങളും വേറെ രാഷ്ട്രത്തിനോ രാഷ്ട്രങ്ങള്‍ക്കോ പങ്കുവച്ച് കൊടുക്കേണ്ടിവന്നു. കേന്ദ്രത്തിന്റെ ബലം കുറഞ്ഞുകുറഞ്ഞുവരുന്നുവെന്ന് ഇടതുകക്ഷികള്‍ നിരന്തരം പ്രഖ്യാപിച്ചുവരുന്നുണ്ട്; മറ്റു പ്രതിപക്ഷങ്ങളും. യുപിഎ സര്‍ക്കാരിന്റെ വക്താക്കള്‍ (സിങ്വി ഉദാഹരണം) ഈ എതിര്‍പക്ഷവാദത്തെ നേരിടുന്നത് വാക്കുകൊണ്ടുമാത്രമാണ്, പ്രവൃത്തികളെല്ലാം കേന്ദ്രദൌര്‍ബല്യത്തെ വിളിച്ചറിയിക്കുന്നു. ശക്തി തെളിയിക്കാന്‍ ശ്രമിക്കുതോറും നമ്മുടെ 'കേന്ദ്രന്‍' (പുല്ലിംഗമുപയോഗിച്ചത് ബഹുമാനിക്കാനാണ്) ചളിയില്‍ പൂണ്ടുപോയ പന്നി എഴുന്നേല്‍ക്കാന്‍ തുനിയുന്തോറും ചളിയില്‍ കൂടുതല്‍ ആണ്ടുപോകുന്നതുപോലെയാണ്. കേന്ദ്രഭരണകൂടം ഇന്ന് ആഭ്യന്തരവും വൈദേശികവും ആയ നയപരിപാടികളുടെ പരാധീനതയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രധാനപ്പെട്ട ചില ദൃഷ്ടാന്തങ്ങള്‍മാത്രം ചൂണ്ടിക്കാണിക്കാം. പെട്ടെന്ന് മനസ്സില്‍ ചാടിവീഴുന്നത് ഇതിനിടെ പര്യവസാനിച്ച കോമവെല്‍ത്ത് മത്സരക്കളികളാണ്. നമ്മുടെ യുവകേസരികളായ 'കിലാസികള്‍' രാജ്യത്തിനുവേണ്ടി ഓടുകയും ചാടുകയും എറിയുകയും ചെയ്തതുകൊണ്ട് രണ്ടാംസ്ഥാനത്തെത്തിയത് വലിയൊരു നേട്ടംതന്നെ. ആ നേട്ടം കാരണം കോമവെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പിലുണ്ടായ അഴിമതിക്കഥകളുടെ ദുര്‍ഗന്ധം താല്‍ക്കാലികമായി നമ്മെയും ലോകത്തെയും ബുദ്ധിമുട്ടിച്ചില്ല. ഇപ്പോള്‍ കോമവെല്‍ത്ത് ഗെയിംസിനെത്തന്നെ കള്ളക്കളിയാക്കിത്തീര്‍ത്ത കല്‍മാഡി പ്രഭൃതികളുടെ കളവുകളും കൊള്ളരുതായ്മകളും അന്വേഷിച്ച് പുറത്തുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. അനന്തകോടികള്‍ ചെലവു വരുന്ന ഈ മഹായത്നത്തിന്റെ നിര്‍വിഘ്നമായ നടത്തിപ്പിനു വേണ്ട മുന്‍കരുതലുകളൊന്നും പ്രധാനമന്ത്രിയും കൂട്ടുകാരും ചെയ്തില്ല. കുതിര പുറത്തുചാടിയെന്നു കണ്ടപ്പോള്‍ ലായത്തിന്റെ വാതില്‍ അടയ്ക്കുന്ന തിരക്കിലാണ് ഇപ്പോള്‍ മന്ത്രിസഭ. വന്‍ വ്യക്തികള്‍ ഒരുപാടെണ്ണം ഈ അവിഹിത സമ്പാദ്യയജ്ഞത്തില്‍ പങ്കാളികളായുണ്ടത്രേ. കളിക്കാരുടെ പാര്‍പ്പിടങ്ങളും അലങ്കാരനിര്‍മാണങ്ങളും എല്ലാം നാറുംകഥകളായിരുന്നല്ലോ. ഫര്‍ണീച്ചര്‍ വാങ്ങുന്നതില്‍പ്പോലും അഴിമതി കലര്‍ന്നിട്ടുണ്ടത്രേ. സ്വയം ശക്തിയില്ലാത്ത കഴിവുകെട്ട ഗവമെന്റിനെ രാഷ്ട്രതന്ത്രജ്ഞര്‍ സോഫ്റ്റ് ഗവമെന്റ് എന്നാണ് വിളിച്ചുകേള്‍ക്കുന്നത്. ഇവയെ വീക്ക് ഗവമെന്റ് എന്ന് വിളിക്കുന്നതുപോലും പൂര്‍ണമായി ശരിയല്ല. വിളിക്കേണ്ടത് 'യൂസ്ലെസ് ഗവമെന്റ്' എന്നാണ്. മന്‍മോഹന്‍ ഗവമെന്റ് ഗുണം പിടിക്കാത്ത ഗവമെന്റാണെന്നു പറയുന്നതില്‍ തെറ്റുണ്ടോ! ഉണ്ടെങ്കില്‍ ഈ ഉദാഹരണം മുന്‍നിര്‍ത്തി എന്ത് തെറ്റാണ് എനിക്ക് പറ്റിയതെന്ന് ചൂണ്ടിക്കാണിക്കണം. ആണവ ബാധ്യതാ കരാറിന്റെ ഒച്ചപ്പാട് ഇപ്പോള്‍ അധികം ചെവിയില്‍ വന്നലയ്ക്കുന്നില്ല. പാര്‍ലമെന്റ് അതിന് അന്തിമരൂപം നല്‍കിയതുകൊണ്ടാകാം. പക്ഷേ, കോഴികളുള്ള കൂടിനുചുറ്റും കുറുക്കന്‍ വട്ടമിട്ട് കറങ്ങുന്നതുപോലെ അമേരിക്ക ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അന്തിമ മുദ്ര ലഭിച്ച ഈ നിയമത്തിന് തങ്ങള്‍ക്ക് അനുകൂലമായ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് പിറുപിറുത്തുകൊണ്ട് ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. സെക്രട്ടറിമാരും അണ്ടര്‍ സെക്രട്ടറിമാരും ഭരണത്തില്‍ ഇത്രമാത്രമുള്ള വേറൊരു രാജ്യമില്ല. ഒന്നുവന്ന് മടങ്ങേണ്ട താമസമേയുള്ളൂ, മറ്റൊരു വേഷം കടന്നുവരാന്‍. ഏറ്റവും ഒടുവില്‍ പത്രങ്ങളില്‍ കണ്ടത് ഇന്ത്യ അവസാനമായി പറഞ്ഞുവത്രേ, ഈ അംഗീകൃത ബില്ലിന് മാറ്റം വരുത്താന്‍ സാധ്യമല്ലെന്ന്. ആകാശത്തില്‍ നീലചന്ദ്രന്‍ ഉദിച്ചുവരുമോ ഇന്ത്യയുടെ ഈ ധീരമായ നിലപാട് കണ്ടിട്ട്. പ്രസിദ്ധ ഹാസ്യനടനായിരുന്ന മലബാര്‍ കോമന്‍നായര്‍ ഭാര്യയുമായി കലഹിച്ച് കീഴടങ്ങിയ ഒരു ഭര്‍ത്താവിന്റെ വേഷം അഭിനയിച്ചുകണ്ടിട്ടുണ്ട്. സഹികെട്ട് ഭര്‍ത്താവ് ഒടുവില്‍ ഉറക്കെ പറയും. ഇതുവരെ സഹിച്ചുസഹിച്ച് ഞാന്‍ നിലംപൊത്തി, ഇനി ഞാനങ്ങ് എഴുന്നേറ്റ് വന്നാലില്ലേ, സൂക്ഷിച്ചോ! എന്ന്. ഇന്ത്യയുടെ ഭീഷണി ഇതുപോലുള്ളതാകാനേ വഴിയുള്ളൂ. പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന് കാണിക്കയായി പരിശുദ്ധമായ ഒരു കരാര്‍ വെള്ളിത്താലത്തില്‍വച്ച് കൊടുക്കുകയാണ് അമേരിക്കന്‍ നയതന്ത്രക്കാരുടെ ഉന്നം. ഇന്ത്യ എത്രത്തോളം മുട്ടുമടക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. ഗ്ളോബലൈസേഷന്‍ എന്ന വാക്കിന് ആഗോളീകരണം എന്നൊക്കെ വികൃത തര്‍ജമകള്‍ പലതുണ്ടെങ്കിലും ഏറ്റവും നല്ല അര്‍ഥം ഗോബ്ള്‍ ചെയ്യുക എന്നാണ്. എന്നുവച്ചാല്‍ 'അപ്പാടെ വിഴുങ്ങല്‍'തന്നെ. ഇന്ത്യയുടെ വിപണിയെ അപ്പാടെ വിഴുങ്ങലാണ് ഗ്ളോബലൈസേഷന്‍ എന്നാണ് അമേരിക്കയുടെ അടുക്കളയില്‍ പറഞ്ഞുവരുന്ന അര്‍ഥം. പക്ഷേ, നമ്മുടെ കേന്ദ്രമന്ത്രിമാരെന്ന വിശിഷ്ടവര്‍ഗത്തിനോട് സംസാരിക്കുമ്പോള്‍ അമേരിക്കന്‍ തന്ത്രശാലികള്‍ വേറെ അന്താരാഷ്ട്ര സംഞ്ജകള്‍ പ്രയോഗിക്കും. നരസിംഹറാവുവിന്റെ കാലത്താണല്ലോ ഈ ഗ്ളോബല്‍ പരിപാടി ഇന്ത്യയില്‍ നട്ടത്. നരസിംഹറാവു പഠിച്ച ഇംഗ്ളീഷ് വിക്ടോറിയ രാജ്ഞിയുടെ പഴക്കമുള്ള അറുപഴഞ്ചന്‍ ഇംഗ്ളീഷാണ്. അദ്ദേഹം ഗ്ളോബലൈസേഷന്‍, നോ- പ്രൊലിഫറേഷന്‍ എന്നുള്ള കിസിഞ്ചര്‍ മോഡല്‍ ഇംഗ്ളീഷ് കേട്ട് നടുങ്ങി കീഴടങ്ങി, എന്തുമാകട്ടെ എന്ന് കല്‍പ്പിച്ചതോടെയാണ് ഇവയെല്ലാം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടത്. ഇതില്‍ അത്ഭുതമില്ല. എന്റെ കൈവശമുള്ള മികച്ച അമേരിക്കന്‍ ഡിക്ഷണറികളില്‍ ഒന്നായ റാന്‍ഡം ഹൌസ് ഡിക്ഷണറി (1978)യില്‍ ഗ്ളോബലൈസേഷന്‍ എന്ന വാക്കിന്റെ പൊടിപോലുമില്ല. ഗ്ളോബും അതിന്റെ വിശേഷണരൂപമായ ഗ്ളോബലും മാത്രമേയുള്ളൂ. അതില്‍നിന്നുള്ള ക്രിയാരൂപം പ്രത്യക്ഷപ്പെട്ടിരുന്നില്ല. ന്യൂഓക്സ്ഫോര്‍ഡ് ഡിക്ഷണറിയിലും (1998) കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ഡിക്ഷണറിയിലും (2002) ഈ പദമുണ്ടെങ്കിലും അര്‍ഥത്തില്‍ ഇന്നത്തെ പ്രയോഗരൂഡി ഇല്ല. ഗ്ളോബലൈസേഷന്‍ പുതിയ വാക്കാണ്. അതിന്റെ ഇപ്പോഴത്തെ അര്‍ഥം അതിലും വലുതാണ്. എന്തിന്റെ ഗ്ളോബലൈസേഷന്‍ എന്ന് ചോദിച്ചാല്‍ വിപണിയുടേത് എന്ന് കുട്ടികള്‍പോലും പറയും. നാം ഗ്ളോബില്‍ പ്രവേശിച്ചാല്‍ നമ്മുടെ സ്വതന്ത്രമായ പരമാധികാരം കുറഞ്ഞുകൊണ്ടുവരും. ഇപ്പോള്‍ ഡീസല്‍ വിലവര്‍ധന ഒരു മാസമുറയായി നടന്നുവരികയാണല്ലോ. പൊതുമേഖലയിലെ എണ്ണക്കമ്പനികളെ ആഗോളഭീമന്മാര്‍ക്ക് വില്‍ക്കാനുള്ള പദ്ധതിയുടെ മെല്ലെയുള്ള വരവിന്റെ മുന്നോടിയാണ് ഇതൊക്കെ. ദേശീയ പൊതുമേഖലയെ വൈദേശിക കുത്തക കമ്പനികള്‍ക്ക് കൊടുക്കുമ്പോള്‍ നമ്മുടെ സോവറിന്‍ പദവിയില്‍ ഒരു കഴഞ്ച് കുറവ് വരാതിരിക്കില്ല. മറ്റൊരു ഉദാഹരണം 'സീഡ്ബില്‍'. 2004ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഈ വിത്ത് നിയമം ശരദ് പവാര്‍ വീണ്ടും കൊണ്ടുവരാന്‍ പഴുത് അന്വേഷിക്കുകയാണ്. മൊസാന്റോ തുടങ്ങിയ കൂറ്റന്‍വിത്തുല്‍പ്പാദക കുത്തക കമ്പനികള്‍ നേരത്തെതന്നെ രംഗത്തുണ്ട്. അവര്‍ക്ക് നിയമോപദേശം കൊടുത്തത് ലോട്ടറിക്ക് പ്രശസ്തിനേടിയ അഭിഷേക് സിങ്വി എന്ന കോഗ്രസ് വക്താവുതന്നെയാണ്. കൊന്നത് ഭീമന്‍തന്നെ എന്ന് പറഞ്ഞതുപോലെ സിങ്വിതന്നെ വാദിച്ച വക്കീല്‍. ആണവകരാറില്‍ എന്നതുപോലെ വില്‍ക്കുന്നവര്‍ക്ക് ഒരു ബാധ്യതയുമില്ലാത്ത ഒരു ബില്ലുണ്ടാക്കി രാജ്യത്തെ (എന്നുവച്ചാല്‍ അമേരിക്കയെ- ഇന്ത്യയെയല്ല) സമ്പന്നമാക്കുകയാണ് ശരദ് പവാറിന്റെ ലക്ഷ്യം. രാഷ്ട്രത്തിന് ഗുണംചെയ്യാന്‍ കേന്ദ്രമന്ത്രിയായ ആളാണ് ഈ നേതൃപുംഗവന്‍. അദ്ദേഹം ഗുണംചെയ്യുന്ന രാഷ്ട്രം മാറിപ്പോയി- ഇന്ത്യയെ മറന്ന് അമേരിക്കയായി. ഗാന്ധിജിയുടെ നാമത്തില്‍ ഗ്രാമീണര്‍ക്ക് തൊഴിലുറപ്പ് നല്‍കുന്ന ഒരു പദ്ധതി കേന്ദ്രം വഷളാക്കിയ ഒരു കഥ ഇതിനിടെ വായിച്ചു. മിനിമം വേജസ് നിയമത്തില്‍ (1948) പറയുന്ന നിസ്സാരതുകപോലും ഇപ്പോള്‍ ഗ്രാമീണര്‍ക്ക് കിട്ടുന്നില്ല. ഇന്ത്യ ചൈനയെ വികസനത്തില്‍ മറികടക്കുന്നുവെന്നുതന്നെവയ്ക്കുക. ഇവിടത്തെ ദാരിദ്യ്രത്തെ കുറയ്ക്കാന്‍ അതുകൊണ്ടാകുകയില്ലല്ലോ. ചൈനയെ പിന്തള്ളി എന്ന വീമ്പുപറച്ചില്‍ ഭക്ഷണത്തിനു പകരമാകില്ല. ഇന്ത്യയിലെ ഭരണനേതാക്കളും ഉദ്യോഗപ്രമുഖരും പ്രസംഗധോരണിയില്‍ സത്യം മറച്ചുവയ്ക്കുന്നുവെന്ന് സാമ്പത്തിക- സാമൂഹ്യ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായം പരന്നിരിക്കയാണ്. ഈ നൂറ്റാണ്ട് പിറന്നപ്പോള്‍, സമ്പന്നരും ദരിദ്രരും ആയ രാഷ്ട്രങ്ങള്‍ പരസ്പരം സഹായിച്ചും സഹകരിച്ചും ദരിദ്രരാഷ്ട്രങ്ങളുടെ നില ഉയര്‍ത്തുമെന്ന ഒരു പ്രഖ്യാപനം ഉണ്ടായിരുന്നു. പട്ടിണി, ദാരിദ്യ്രം, ആരോഗ്യം, ബാലമരണം തുടങ്ങിയ പല കാര്യങ്ങളിലും സ്ഥിതി പഴയപടിയായിക്കഴിയുന്നു. രണ്ടുനാള്‍മുമ്പ് അലുവാലിയ എന്ന ഉദ്യോഗസ്ഥ പ്രമുഖന്‍ പറഞ്ഞത് കേട്ടല്ലോ? വില വര്‍ധനയ്ക്ക് കാരണം ഗ്രാമീണരായ ആളുകള്‍ നല്ലവണ്ണം ഭക്ഷണം കഴിക്കുന്നതുകൊണ്ടാണെന്ന്! ജനങ്ങള്‍ നന്നായി ഭക്ഷണം കഴിക്കുന്നതിനെയാണ് വികസനമെന്ന് പറയുന്നത്. ഇപ്പോള്‍ അത് വിലവര്‍ധനയുണ്ടാക്കുന്ന ഒരു ദോഷമായി തീര്‍ന്നിരിക്കുന്നു. വിലവര്‍ധന തടയാന്‍ കഴിയാത്തവര്‍ പാവങ്ങള്‍ നല്ലവണ്ണം ഭക്ഷണം കഴിക്കുന്നത് തടഞ്ഞുകളയുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. കുറെമുമ്പ് കേരളത്തിലെ ഒരു മന്ത്രി സംസ്ഥാനത്തില്‍ ജലക്ഷാമം ഉണ്ടായതിനു കാരണം പറയുകയുണ്ടായി- ഇവിടത്തെ കിണറുകളിലുള്ള തവളകള്‍ കുടിച്ചുവറ്റിച്ചതാണ് ജലക്ഷാമത്തിനു കാരണമെന്ന്. ആ മന്ത്രിയുടെ ബുദ്ധിപോലും ഈ അലുവാലിയയുടെ മുമ്പില്‍ തോറ്റുപോയിരിക്കുന്നു! കേന്ദ്രബലക്കുറവുകൊണ്ട് ഇന്ത്യയുടെ സമഗ്രമായ അഭിവൃദ്ധി തടസ്സപ്പെടുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരം ക്രമേണ ക്ഷയിച്ചുവരുന്നുവെന്നുമാണ് ഇന്നത്തെ ഗ്രഹസ്ഥിതി സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ നമുക്ക് നേരിടേണ്ടിവരുന്ന ആശങ്കാജനകമായ ഒരു സത്യം.
No comments:
Post a Comment