Tuesday, November 30, 2010

സര്‍ഗ്ഗചൈതന്യം ചിറക് വിടര്‍‌ത്തുന്ന കലാമാമാങ്കം

സര്‍ഗ്ഗചൈതന്യം ചിറക് വിടര്‍‌ത്തുന്ന കലാമാമാങ്കം


രാഗവര്‍ണവിസ്മയം തീര്‍ത്ത് യു എ ഇ യിലെ എഴുപതോളം വിദ്യാലയങളില്‍നിന്നുള്ള മുവായിരത്തോളം വിദ്യാര്‍ത്ഥികള്‍ അവരുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്ക്കാരിക സംഗമത്തിന്ന് ദല വേദിയൊരുക്കുകയാണു ഡിസംബര്‍ രണ്ട് , മൂന്ന് തിയ്യതികളില്‍ ഗള്‍ഫ് മോഡല്‍ സ്കൂളില്‍. നൃത്തം ,സംഗീതം,സാഹിത്യം,നാടന്‍ കല,പാരമ്പര്യ കല തുടങിയ വിഭാഗങളില്‍ തൊണ്ണൂറ്റിആറു വ്യക്തിഗത ഇനങളിലും എട്ട് ഗ്രൂപ് ഇനങളിലുമാണു മത്സരം നടക്കുന്നത്. മൂന്ന് മുഖ്യവേദികളിലും ഒമ്പത് ഉപവേദികളിലുമായി നടക്കുന്ന മത്സരങള്‍ക്ക് വളരെ നല്ല തയ്യാറെടുപ്പുകളാണു സംഘാടകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ ഇരുപത് വര്‍ഷമായി ദല നടത്തിവരുന്ന ഈ സാംസ്ക്കാരിക സംഗമം ഗള്‍ഫിലെ എറ്റവും വലിയ കലാമേളയാണു.കലയും സംസ്ക്കരവും നെഞ്ചിലേറ്റി വിജയകിരീടം ചൂടാന്‍ ഇഞ്ചോട് ഇഞ്ച് പോരാടി തങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നടത്തുന്ന മത്സരങള്‍ കാണികളില്‍ ഏറെ ആവേശം ജനിപ്പിക്കുന്നതാണു. ജൂനിയര്‍ സീനിയര്‍ വിഭാഗങളില്‍ കലാപ്രതിഭയും കലാതിലകവും കൂടാതെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂകളുകള്‍ക്ക് ഓവര്‍‌റോള്‍ ട്രോഫിയുമാണു ദല നല്‍കി പോരുന്നത്.
യുവഹൃദയങളില്‍ സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പരസ്പാര വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും പുതുനാമ്പുകള്‍ കിളിര്‍ക്കാനും മനുഷ്യത്വവും മാനവികതയും ഊട്ടിഉറപ്പിക്കാനും ഇത്തരം കലാമേളകള്‍ക്ക് ഏറെ കഴിഞ്ഞിട്ടുണ്ട്.ഗള്‍ഫ് രാജ്യങളില്‍ ഇത്രയും അടക്കും ചിട്ടയോടും ഫലപ്രഖ്യാപനത്തില്‍ പരമാവധി സുതാര്യതയും ഉറപ്പ് വരുത്തി നടത്തി വരുന്ന ഈ കലാമേള ഏറെ പ്രശംസ പിടിച്ച് പറ്റിയിട്ടുണ്ട്.യുവതലമുറയുടെ മനസ്സും ഹൃദയവും തൊട്ടറിഞ്ഞ കലാസംസ്കാരിക രംഗത്തെ പ്രഗത്ഭരും പ്രശസ്തരും വിധികര്‍ത്താക്കളായി എത്തുന്നുവെന്നതും ഈ കലോത്സവത്തിന്റെ മറ്റൊരു പ്രത്യേകതയാണു.ദലയുടെ കര്‍മ്മനിരതരായ അംഗങളുടെ അക്ഷീണ പരിശ്രമവും രക്ഷിതാക്കളുടെയും മത്സരാര്‍ത്ഥികളുടെ അകമഴിഞ്ഞ സഹകരണവും ഈ കലാമേള മികവുറ്റതാക്കാന്‍ ഏറെ സഹായകരമഅയിട്ടുണ്ട്.
വിദ്യാഭ്യാസത്തില്‍ കലക്കും സാഹിത്യത്തിന്നും വലിയൊരു സ്ഥാനമാണുള്ളത്.കലാപരമായ വികസനവും സാഹിത്യ അഭിരുചി വളര്‍ത്തിയെടുക്കുകയെന്നതും വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങളില്‍ പെടുന്നു.മാത്രമല്ല ഇത്തരം കലാമേളകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒത്തൊരുമിച്ച് സഹകരണത്തോടെ പ്രവര്‍ത്തിക്കാന്‍ കിട്ടുന്ന അവസരം അറിഞ്ഞോ അറിയാതെയോ അവരുടെ ഉള്ളില്‍ കടന്നുകൂടിയിരിക്കുന്ന 'എനിക്ക് എല്ലാം അറിയാമെന്ന' ഭാവത്തെ ഇല്ലാതാക്കാനും സഹചര്യങളുമായി ഒത്ത് ചേര്‍ന്ന് പോകാനും വളരെയധികം സഹായിക്കും..തുടര്‍ച്ചയായ പഠനത്തിന്റെ മുഷിപ്പ് അകറ്റാനും നഷ്ടപ്പെടുന്ന ഉത്സാഹം വീണ്ടെടുക്കാനും ഇത്തരത്തിലുള്ള കലാസംഗമങളിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും.
സര്‍ഗ്ഗചൈതന്യം സിരകളില്‍ തുടിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഈ മത്സരങളില്‍ പങ്കെടുത്ത് സമ്മാനങള്‍ വാരിക്കൂട്ടന് കഴിയുന്ന രീതിയില്‍ ഈ യുവജനോത്സവം മാറണമെന്നാണു ദല ആഗ്രഹിക്കുന്നത് എന്നാല്‍ ചില സ്കൂളുകള്‍ കലയോടും സാഹിത്യത്തോടും സാംസ്കാരിക പ്രവര്‍ത്തനങളോടൂം മുഖം തിരിഞ്ഞ് നില്‍ക്കുന്നതുകോണ്ട് ഒരു ചെറിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഈ മത്സരങളില്‍ പങ്കെടുക്കുന്നതിന്നോ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന്നോ സാധിക്കുന്നില്ലായെന്നത് ഖേദകരമാണു..വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായി കിടക്കുന്ന കലാ-സാഹിത്യ വാസനകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും
രക്ഷിതാക്കല്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും വലിയ ഉത്തരവാദിത്തമാണുള്ളതെന്നും അവര്‍ അവരുടെ കടമയും കര്‍ത്തവ്യവും നിര്‍‌വഹിക്കാന്‍ തയ്യാറാകുമെന്നും നമുക്ക് ആശിക്കാം..
നാരായണന്‍ വെളിയംകോട്.

Friday, November 26, 2010

കേന്ദ്രഭരണം കുംഭകോണങ്ങളുടെ കുംഭമേള: കോടിയേരി


കേന്ദ്രഭരണം കുംഭകോണങ്ങളുടെ കുംഭമേള: കോടിയേരി

കൂത്തുപറമ്പ്: കോഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം കുംഭകോണങ്ങളുടെ കുംഭമേളയായി മാറിയിരിക്കയാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോഗ്രസിന് അധികാരമെന്നാല്‍ അഴിമതി നടത്തുന്നതിനുള്ള ലൈസന്‍സാണ്. 1.76 ലക്ഷം കോടിയുടെ രണ്ടാംതലമുറ സ്പെക്ട്രം അഴിമതി രാജയുടെ തലയില്‍കെട്ടിവച്ച് രക്ഷപ്പെടാമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കരുതേണ്ട. ഈ അഴിമതിയില്‍ നിന്ന് ഒളിച്ചോടാനാണ് കോഗ്രസും മന്‍മോഹന്‍സിങ്ങും ശ്രമിക്കുന്നത്. കൂത്തുപറമ്പ് ടൌ സ്ക്വയറില്‍ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. രാജ്യത്തെ എല്ലാ അഴിമതികളെയും നാണിപ്പിക്കുന്ന അഴിമതിയാണ് രണ്ടാംതലമുറ സ്പെക്ട്രത്തിന്റേതെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ മൌനത്തെ കോടതി വിമര്‍ശിച്ചിട്ടുണ്ട്. സംശയത്തിന്റെ നിഴലുകള്‍ നീങ്ങുന്നത് പ്രധാനമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കുമാണ്. അതാണ് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം പറയുന്നത്. അതുവരെ സഭാസ്തംഭനം തുടരുമെന്ന്ബിജെപി ഇതര പ്രതിപക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. കോഗ്രസ് ഇതിന് വഴങ്ങാതിരിക്കുന്നത് അഴിമതി നടന്നിട്ടുണ്ടെന്നതിന്റെ തെളിവാണ്. മിസ്റ്റര്‍ ക്ളീനെന്ന് പറഞ്ഞ് അധികാരത്തിലേറിയ രാജീവ്ഗാന്ധി പ്രധാനമന്ത്രിയായ കാലത്ത് നടന്ന ബോഫോഴ്സ് അഴിമതി ജെപിസിയാണ് അന്വേഷിച്ചത്. 64 കോടി രൂപയുടെ ഈ അഴിമതിയുമായി ബന്ധപ്പെട്ട് രാജീവിന് അധികാരം നഷ്ടപ്പെട്ടു.
അതുകൊണ്ടാണ് ഇപ്പോള്‍ കോഗ്രസ് ജെപിസി അന്വേഷണം ഭയക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

മാധ്യമങ്ങളുടെ ദല്ലാള്‍മുഖം

മാധ്യമങ്ങളുടെ ദല്ലാള്‍മുഖം

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തനരംഗത്തെ ബാധിക്കുന്ന ജീര്‍ണതയുടെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് 2ജി സ്പെക്ട്രം കുംഭകോണത്തിന്റെ അനുബന്ധമായി പുറത്തുവന്നിട്ടുള്ളത്. ഇന്ത്യ കണ്ട എക്കാലത്തെയും വലിയ കുംഭകോണം! ഇതു കൂടുതല്‍ ശ്രദ്ധേയമാകുന്നത് രാഷ്ട്രീയനേതാക്കള്‍ക്കൊപ്പം മാധ്യമപ്രവര്‍ത്തനരംഗത്തെ ചില പ്രമുഖര്‍കൂടി ഉള്‍പ്പെട്ടതാണ് ഇത് എന്നതുകൊണ്ടാണ്. എന്‍ഡിടിവി ഗ്രൂപ്പ് എഡിറ്റര്‍ ബര്‍ക്കാദത്ത്, ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ വീര്‍ സാങ്വി എന്നിവരുടെ പങ്കാണ് പുറത്തുവന്നുകഴിഞ്ഞിട്ടുള്ളത്. മാധ്യമ-രാഷ്ട്രീയ- കോര്‍പറേറ്റ് അവിശുദ്ധ ബന്ധത്തിന്റെ നിഗൂഢബന്ധങ്ങളുടെ ചുരുളഴിയാന്‍ വരുംനാളുകളിലെ അന്വേഷണം സഹായകമാകും എന്നു കരുതുക. കോര്‍പറേറ്റ് ദല്ലാളായ നീര റാഡിയയുമായി ഈ മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന ബന്ധം മാധ്യമരംഗത്തെക്കുറിച്ച് കുറെക്കാലമായി കേട്ടുവരുന്ന കഥകള്‍ക്ക് പുതിയ അനുബന്ധമായി ഉയര്‍ന്നുനില്‍ക്കുന്നു. മാധ്യമ നടത്തിപ്പ് ഒരിക്കല്‍ രാഷ്ട്രസേവനത്തിനും ജനസേവനത്തിനുമുള്ള ഉപാധിയായിരുന്നു. അത് 'ബിഗ് ബിസിനസി'ന് വഴിമാറിത്തുടങ്ങിയ വേളയില്‍ത്തന്നെ ഇത്തരത്തിലുള്ള ജീര്‍ണതകളും ആരംഭിച്ചു. അത് അടുത്തകാലത്തായി എല്ലാ പരിധിയും ലംഘിച്ച് സമൂഹത്തെയാകെ ഗ്രസിക്കുന്ന ഭയാനകമാനങ്ങള്‍ ആര്‍ജിക്കുന്നതാണ് നാം കാണുന്നത്. നൈതികതയ്ക്കും ധാര്‍മികതയ്ക്കും ഒരു വിലയും കല്‍പ്പിക്കാത്ത ചില മാധ്യമപ്രവര്‍ത്തകരും അഴിമതിയിലൂടെയുള്ള ധനാര്‍ജനം ലക്ഷ്യമാക്കിയ ചില രാഷ്ട്രീയപ്രവര്‍ത്തകരും ചേര്‍ന്ന് രാജ്യത്തിന്റെ അജന്‍ഡ നിശ്ചയിക്കുന്ന സ്ഥിതിയായിരിക്കുന്നു ഇന്ന്. പണംപറ്റി വാര്‍ത്ത കൊടുക്കുന്ന 'പെയ്ഡ് ന്യൂസ്' സമ്പ്രദായം നിലവിലുണ്ടെന്ന് ആദ്യം പറഞ്ഞത് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ്. പത്രക്കാര്‍ക്ക് പണം കൊടുക്കാത്തതുകൊണ്ടാണ് സിപിഐ എം സ്ഥാനാര്‍ഥികളുടെ വാര്‍ത്തകള്‍ ഉത്തര്‍പ്രദേശിലെ പത്രങ്ങള്‍ തമസ്കരിക്കുന്നതെന്ന് തന്നോട് അവിടത്തെ സംസ്ഥാന നേതാക്കള്‍ പറഞ്ഞതായാണ് പ്രകാശ് കാരാട്ട് അന്ന് പറഞ്ഞത്. അതിനു തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്രയില്‍നിന്നും മറ്റും 'പെയ്ഡ് ന്യൂസിന്റെ' തുടര്‍ക്കഥകള്‍ പുറത്തുവന്നതും പ്രസ്കൌസില്‍ ഓഫ് ഇന്ത്യ അടക്കമുള്ള സ്ഥാപനങ്ങള്‍ അന്വേഷണം ആരംഭിച്ചതും. 'പെയ്ഡ് ന്യൂസ്' ഉണ്ടാക്കിയ ഞെട്ടല്‍ മാറുന്നതിനുമുമ്പാണ് 'ഉടമ്പടി പത്രപ്രവര്‍ത്തനം' പുറത്തുവന്നത്. വന്‍കിട സ്വകാര്യ കമ്പനികളും വന്‍കിട പത്രങ്ങളും തമ്മിലുണ്ടാക്കുന്ന ഉടമ്പടിയാണത്. പ്രമുഖ കമ്പനിയുടെ നിശ്ചിത ഓഹരി പത്രം ഉടമയ്ക്കു നല്‍കും. അതിന് പ്രത്യുപകാരമായി ആ കമ്പനി ഉയര്‍ന്ന സാമ്പത്തിക ലാഭത്തിലുള്ളതാണെന്നും മറ്റും കാണിക്കുന്ന വാര്‍ത്തകള്‍ പത്രം നല്‍കും. കമ്പനി സാമ്പത്തികത്തകര്‍ച്ച നേരിടുകയാണെങ്കിലും അഭിവൃദ്ധിയുടെ വാര്‍ത്തകള്‍മാത്രം പത്രത്തില്‍ വന്നുകൊണ്ടിരിക്കും. നികുതിവെട്ടിപ്പുപോലുള്ള കാര്യങ്ങള്‍ പുറത്തുവരാതെ പത്രം നോക്കും. കാരണം, കമ്പനി നിലനില്‍ക്കേണ്ടത് പത്രമുതലാളിയുടെ ആവശ്യമാകുന്നു. ഈ രണ്ടു സമ്പ്രദായവും ഉണ്ടാക്കിയ വിവാദം സമൂഹത്തില്‍ കെട്ടടങ്ങുംമുമ്പാണ് മൂന്നാമത്തെ സമ്പ്രദായം സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നത്. അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാള്‍മാരായി ചുറ്റിക്കറങ്ങുന്നവരാണ് നമ്മുടെ മാധ്യമരംഗത്തെ ഒരു വിഭാഗം എന്നാണ് ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളത്. വന്‍കിട കോര്‍പറേറ്റുകള്‍ക്കുവേണ്ടി ഇവര്‍ ഭരണത്തെ സ്വാധീനിക്കുന്നു. മന്ത്രിസ്ഥാനത്ത് ആരു വരണം, ആരു വരണ്ടതില്ല എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കല്‍പ്പിക്കുന്നു. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും മറ്റും വാങ്ങിക്കൊടുത്ത് പണം പറ്റുന്നു. മാധ്യമപ്രവര്‍ത്തനം ഇതിനപ്പുറം ജീര്‍ണിക്കാനില്ല. മാധ്യമപ്രവര്‍ത്തകര്‍ പറയുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കുന്ന നിഷ്കളങ്കരുടെ വലിയ സമൂഹം ഇന്നും രാജ്യത്തുണ്ട്. ജനങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരെ ജനശത്രുക്കളായും രാഷ്ട്രതാല്‍പ്പര്യങ്ങള്‍ ബലികഴിക്കുന്നവരെ ജനബന്ധുക്കളായും ചിത്രീകരിച്ച് ജനാധിപത്യവ്യവസ്ഥയെത്തന്നെ അട്ടിമറിക്കുന്ന ഗൂഢസംഘം മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു എന്നത് ഞെട്ടലോടെയാണ് ജനങ്ങള്‍ അറിയുന്നത്. മാധ്യമരംഗത്തെ പുതുവിഗ്രഹങ്ങള്‍ ഉടയുന്നതാണ് അവര്‍ കാണുന്നത്. ചോദ്യംചെയ്ത് വമ്പന്മാരെ മാധ്യമങ്ങളിലൂടെ വിയര്‍പ്പിക്കുന്നതായി പുറമെ നടിക്കുന്നവര്‍, അകമേ, അവരുടെ കൈയാളുകളാണെന്ന സത്യമാണ് അവര്‍ അറിയുന്നത്. പുറമെ അരാഷ്ട്രീയവാദവുമായി മാധ്യമത്തില്‍ അവതരിക്കുന്നവര്‍ ദേശീയതലത്തില്‍ത്തന്നെ ഭരണ രാഷ്ട്രീയ നേതാക്കളുടെ ദാസ്യംചെയ്യാന്‍ മടിക്കാത്ത ലജ്ജാരഹിതരാണെന്നാണ് ഇത് കാണിക്കുന്നത്. അഴിമതിയുടെ പങ്കുപറ്റുകയും അഴിമതിക്കാരെ മാന്യതയുടെ വെള്ളയടിച്ച് പുറത്തവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ബര്‍ക്കാദത്തിന്റെയും മറ്റും മാധ്യമധര്‍മം. അഴിമതിക്കെതിരായ നിലപാട് എടുക്കുന്നവരും രാഷ്ട്രതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നവരുമായ രാഷ്ട്രീയനേതാക്കളെ അപകീര്‍ത്തിപ്പെടുത്തി ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്താന്‍ നോക്കുക എന്നതും ഇവരുടെ മാധ്യമ ധര്‍മമാണ്. മാധ്യമരംഗം ഈ വിധത്തിലുള്ള ജീര്‍ണതയിലേക്കും അപചയത്തിലേക്കും മുതലക്കൂപ്പുകുത്തുകയാണെന്ന് അമ്പതുകളിലും അറുപതുകളിലും ഒക്കെ നിലവില്‍വന്ന പ്രസ് കമീഷനുകള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. മാധ്യമങ്ങളും വാണിജ്യതാല്‍പ്പര്യവും തമ്മില്‍ വര്‍ധിച്ചുവരുന്ന ബന്ധം സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനം അസാധ്യമാക്കുമെന്ന് നീതിന്യായ വിദഗ്ധര്‍കൂടി ഉള്‍പ്പെട്ട ആ കമീഷനുകള്‍ ആശങ്ക പ്രകടിപ്പിച്ചു. ആ ആശങ്കകള്‍ സത്യമായി വരുന്നതാണ് ഇന്ന് നാം കാണുന്നത്. മാധ്യമരംഗത്തെ മൂല്യാധിഷ്ഠിതമാക്കിയെടുക്കാന്‍ നിതാന്തജാഗ്രത കൂടിയേ തീരൂ.

സോണിയയുടെ പ്രസംഗവും കോഗ്രസിന്റെ കുറ്റസമ്മതവും

സോണിയയുടെ പ്രസംഗവും കോഗ്രസിന്റെ കുറ്റസമ്മതവും

അനൌദ്യോഗികമായി കോഗ്രസിന്റെ യഥാര്‍ഥ മുഖപത്രം മലയാളമനോരമയും മാതൃഭൂമിയും ആണെങ്കിലും കെപിസിസിയുടെ ഔദ്യോഗിക മുഖം വീക്ഷണമാണെന്നതില്‍ തര്‍ക്കമുണ്ടാകാനിടയില്ല. ഈ മാസം 20ന് ആ പത്രത്തില്‍ വന്ന സോണിയ ഗാന്ധിയുടെ പ്രസംഗവും ആര്‍ രാജേന്ദ്രന്റെ ലേഖനവും പരസ്പരബന്ധമുള്ളതാണ്. ധാര്‍മികത തളരുന്നു എന്നാണ് സോണിയ പറയുന്നത്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പത്താമത് ഇന്ദിര ഗാന്ധി കോഫറന്‍സിലാണ് സോണിയയുടെ ശ്രദ്ധേയ വെളിപ്പെടുത്തലുണ്ടായത്. കോഗ്രസ് അധ്യക്ഷയും ഒപ്പം യുപിഎ അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത വീക്ഷണത്തില്‍നിന്ന് പ്രസക്തഭാഗം ഉദ്ധരിക്കാം: "രാജ്യത്ത് അഴിമതി സംഭവങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നതില്‍ കോഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആശങ്ക പ്രകടിപ്പിച്ചു. സമ്പദ്വ്യവസ്ഥ തീര്‍ച്ചയായും വളരുന്നുണ്ടെങ്കിലും ധാര്‍മികത മുമ്പെങ്ങുമില്ലാത്തവിധം തളരുകയാണെന്ന് സോണിയ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളില്‍ കൈക്കൂലിയും അത്യാര്‍ത്തിയും ഏറെ വര്‍ധിച്ചിരിക്കുന്നു. ഇത് വര്‍ധിച്ച അഴിമതികളിലേക്ക് നയിക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചയേക്കാള്‍ മുന്നിലാണ് അഴിമതിയുടെ വളര്‍ച്ചയെന്ന് കോഗ്രസ് അധ്യക്ഷ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ധാര്‍മികത മുമ്പെങ്ങുമില്ലാത്തവിധം അധഃപതിക്കുകയാണ്. സര്‍ക്കര്‍ കൂടുതല്‍ ഫലപ്രദവും കാര്യക്ഷമവുമായി പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണുണ്ടായിട്ടുള്ളത്. രാജ്യത്ത് വിവിധ അഴിമതിസംഭവങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് കോഗ്രസ് അധ്യക്ഷയുടെ സമഗ്ര നിരൂപണമെന്ന് വിലയിരുത്തപ്പെടുന്നു''. സോണിയ കേന്ദ്രഭരണം നിയന്ത്രിക്കുന്ന വ്യക്തിയാണ്. അവരുടെ ഇംഗിതത്തിന് വിലകല്‍പ്പിക്കാത്ത ഒരാള്‍ക്കും കോഗ്രസില്‍ തുടരാന്‍ സാധ്യമല്ല എന്നതും വ്യക്തം. ഇപ്പോള്‍ അഴിമതി ആരോപണത്തിന് വിധേയനായ സുരേഷ് കല്‍മാഡി അന്യനല്ല. കല്‍മാഡി പറഞ്ഞത് കോമവെല്‍ത്ത് ഗെയിംസില്‍ അഴിമതി നടത്തിയതിന്റെ ഉത്തരവാദിത്തം ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനാണെന്നാണ്. അവരും കോഗ്രസ് നേതാവുതന്നെ. മഹാരാഷ്ട്രയില്‍ ആദര്‍ശ് ഫ്ളാറ്റ് അഴിമതിയുടെ ഉത്തരവാദിത്തം സ്ഥാനമൊഴിഞ്ഞ കോഗ്രസ് മുഖ്യമന്ത്രി അശോക് ചവാനാണ് എന്നതും വ്യക്തമാണ്. ഐപിഎല്‍ അഴിമതിയുടെ പേരില്‍ രാജിവക്കേണ്ടിവന്ന ശശി തരൂരും കോഗ്രസുകാരന്‍തന്നെ. സോണിയയുടെ സ്വന്തക്കാരനാണെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്ത് ഏറ്റവും വലിയ അഴിമതിയുടെ കൂടാരം കോഗ്രസാണ്. അത്തരം ഒരു പാര്‍ടിയുടെ അധ്യക്ഷയും കേന്ദ്രഭരണം നിയന്ത്രിക്കുന്ന വ്യക്തിയുമായ സോണിയ അഴിമതിയുടെ കാര്യത്തില്‍ നിസ്സഹായതയോടെ വിലപിക്കുന്നത് കാപട്യമെന്നല്ലാതെ മറ്റെന്തു പറയാന്‍. ഒന്നേമുക്കാല്‍ലക്ഷം കോടിയില്‍പ്പരം രൂപ കേന്ദ്ര ഖജനാവില്‍ നഷ്ടം വരുത്തിയതായി സിഎജി കണ്ടെത്തിയ അഴിമതി കണ്ടില്ലെന്നു നടിച്ചതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് സോണിയക്കോ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനോ ഒളിച്ചോടാനാകില്ല. 'വീക്ഷണ'ത്തിലെ രാജേന്ദ്രന്റെ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്. "അഴിമതിഭാണ്ഡവും പേറി ടെലികോം മന്ത്രാലയത്തില്‍നിന്ന് എ രാജ പടിയിറങ്ങി. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയില്‍ മുഖ്യവേഷം കെട്ടിയാടിയ മന്ത്രി രാജ രണ്ടരവര്‍ഷമെടുത്തു കസേര ഒഴിയാന്‍. നേരത്തെ ആയിരുന്നെങ്കില്‍ യുപിഎ സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്നു''. ലേഖനത്തിന്റെ മറ്റൊരിടത്ത് പറയുന്നു: "വിലനിര്‍ണ്ണയം സുതാര്യവും നീതിപൂര്‍വകവുമാക്കാനായി ലേലം നടത്തണമെന്ന് നിര്‍ദേശിച്ച് പ്രധാനമന്ത്രി 2007 നവംബര്‍ രണ്ടിന് രാജയ്ക്ക് കത്തു നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശം പരിഗണിക്കപ്പെട്ടില്ല. രാജയ്ക്കെതിരായ ഏതു നീക്കവും കരുണാനിധിയെ ചൊടിപ്പിക്കും. 18 എന്ന അംഗസംഖ്യയാണ് ഡിഎംകെയുടെ തുറുപ്പുചീട്ട്. യുപിഎയുടെ രണ്ടാമൂഴത്തില്‍ രാജയെ മന്ത്രിയാക്കുന്നതിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് എതിര്‍ത്തിരുന്നു. എന്നാല്‍, അത് വേണ്ടവണ്ണം ഉള്‍ക്കൊള്ളുന്നതിനു പകരം തുറുപ്പുചീട്ടെടുത്ത് കളിക്കാനാണ് കരുണാനിധി മുതിര്‍ന്നത്''. കെപിസിസിയുടെ ഔദ്യോഗിക മുഖപത്രം ഇത്രയും സമ്മതിച്ചുതരുമ്പോള്‍ പ്രധാനമന്ത്രിയെ എങ്ങനെ കുറ്റപ്പെടുത്താതിരിക്കാനാകും? സുപ്രീംകോടതി പ്രധാനമന്ത്രിയെപ്പറ്റി പരാമര്‍ശിച്ചിട്ടില്ലെന്ന് പുതിയ ഒരു വിശദീകരണം മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. അത് എന്തായാലും പ്രധാനമന്ത്രിയുടെ നിര്‍ദേശം 2007ല്‍തന്നെ സഹമന്ത്രി രാജ ധിക്കാരപൂര്‍വം തള്ളിക്കളഞ്ഞതായാണ് കാണുന്നത്. തന്റെ മന്ത്രിസഭയിലെ ഒരംഗം തെറ്റുചെയ്തതായി ബോധ്യപ്പെട്ടാല്‍ മന്ത്രിയെ പുറത്താക്കാനുള്ള പൂര്‍ണ അധികാരം പ്രധാനമന്ത്രിക്കുതന്നെയാണല്ലോ. എന്തുകൊണ്ട് ഈ അധികാരം പ്രയോഗിച്ചില്ല എന്നതിന് ഉത്തരം പറയാന്‍ മന്‍മോഹന്‍സിങ്ങിന് ബാധ്യതയുണ്ട്. 2009ല്‍ യുപിഎയുടെ രണ്ടാമൂഴത്തില്‍ രാജയെ മന്ത്രിയാക്കുന്നതിനെ പ്രധാനമന്ത്രി എതിര്‍ത്തിരുന്നു എന്ന് സമ്മതിക്കുമ്പോള്‍ അക്കാര്യത്തിലും പ്രധാനമന്ത്രി കഴിവുകെട്ട ആളാണെന്ന് വ്യക്തമാകുന്നു. അതിനുള്ള കാരണമായി പറയുന്നത് കരുണാനിധിക്ക് 18 എംപിമാരുണ്ടെന്നാണ്. അതായത്, ഡിഎംകെയുടെ പിന്തുണയില്ലാതെ അധികാരത്തില്‍ തുടരാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ല. അദ്ദേഹത്തിന് അഴിമതിക്കെതിരെ നടപടിയെടുക്കുന്നതിനേക്കാള്‍ പ്രധാനം അധികാരക്കസേര ഉറപ്പിച്ചുനിര്‍ത്തലാണ്. അധികാരം നിലനിര്‍ത്തുന്നതിനാണോ ധാര്‍മികതയ്ക്കാണോ പ്രാധാന്യം നല്‍കുന്നത് എന്ന ചോദ്യത്തിന് പ്രധാനമന്ത്രി നല്‍കുന്ന ഉത്തരം അധികാരമാണ് പ്രധാനം എന്നുതന്നെയാണ്. കോഗ്രസ് അധ്യക്ഷ സോണിയഗാന്ധി ഇതിന് പച്ചക്കൊടി കാണിക്കുന്നു. ഇരുവരും അറിഞ്ഞുതന്നെയാണ് എല്ലാം സംഭവിച്ചത്. ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ നഷ്ടം വന്നാലും അധികാരം കൈമോശംവരാതെ സൂക്ഷിക്കലാണ് കോഗ്രസില്‍ പരമപ്രധാനമെന്നതില്‍ ഇതിലധികം തെളിവ് ആവശ്യമില്ല. സോണിയയുടെ ധാര്‍മികതയെക്കുറിച്ചുള്ള പ്രസംഗത്തില്‍ ആത്മാര്‍ഥതയുടെ കണികപോലുമില്ലെന്നു വ്യക്തം. കര്‍ണാടകം ഭരിക്കുന്ന ബിജെപിയും ഇതേ ദിശയില്‍തന്നെ. രണ്ട് ബൂര്‍ഷ്വാ പാര്‍ടികളും തമ്മില്‍ വര്‍ഗതാല്‍പ്പര്യത്തില്‍ വകഭേദമൊന്നും കാണാനില്ല. അധികാരക്കൊതിയും അധികാരം കൈക്കലാക്കി പണം സമ്പാദിക്കലുമാണ് ഇരുകൂട്ടരുടെയും ആത്യന്തിക ലക്ഷ്യമെന്ന് ഒരിക്കല്‍ക്കൂടി സംശയരഹിതമായി തെളിഞ്ഞുകഴിഞ്ഞു. ഈ വസ്തുത വെളിപ്പെടുത്തിയ കോഗ്രസിന്റെ ഔദ്യോഗിക ജിഹ്വയോട് നന്ദി പറയാം.

Monday, November 22, 2010

ബിജെപിയുടെ ജീര്‍ണ മുഖം

ബിജെപിയുടെ ജീര്‍ണ മുഖം

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപി അനിശ്ചിതത്വത്തിലായിരുന്നു. തെരഞ്ഞെടുപ്പു പരാജയവും രാജ്യത്താകെയുണ്ടായ തകര്‍ച്ചയും പരിക്ഷീണിതമായ അവസ്ഥയിലാണ് ആ പാര്‍ടിയെ എത്തിച്ചത്. ആര്‍എസ്എസ് ഇടപെട്ട് പുതിയ നേതൃത്വത്തെ അവരോധിച്ചുകൊണ്ടാണ് താല്‍ക്കാലികമായി തിരിച്ചടികള്‍ മറികടക്കാന്‍ പോകുന്നു എന്ന തോന്നലെങ്കിലും ഉളവാക്കിയത്. ബിജെപിക്ക് മൊത്തത്തില്‍ തിരിച്ചടിയേറ്റ ഘട്ടത്തിലും ശക്തി ചോരാതെ അവശേഷിച്ച സംസ്ഥാനങ്ങളില്‍ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവയ്ക്കൊപ്പം കര്‍ണാടകവും ഉണ്ട്. പരമ്പരാഗത അടിത്തറ ഉപയോഗപ്പെടുത്തി ശക്തിസംഭരണം നടത്തുന്നതിന് ബിജെപി കേന്ദ്രീകരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടകം. ആ സംസ്ഥാനത്ത് ബിജെപി എന്ന പാര്‍ടിയും അതിന്റെ നേതൃത്വത്തിലുള്ള ഭരണവും കൊടുങ്കാറ്റിലകപ്പെട്ട കെട്ടുവള്ളംപോലെ ആടി ഉലയുകയാണ്-ഏതുനിമിഷവും മുങ്ങിപ്പോകാമെന്ന മട്ടില്‍. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ അഴിമതിക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ ബിജെപി ശക്തമായ എതിര്‍പ്പുയര്‍ത്തുന്നുണ്ട്. ആ എതിര്‍പ്പിന്റെ മുനയൊടിക്കാന്‍ യുപിഎ നേതൃത്വം ചൂണ്ടിക്കാട്ടുന്നത് കര്‍ണാടകത്തെയാണ്. അവിടെ പാര്‍ടിക്കത്തെ അധികാരത്തര്‍ക്കവും കുതികാല്‍വെട്ടുകളും ഒരുവശത്ത്, പര്‍വതംപോലെ വളര്‍ന്ന അഴിമതി മറ്റൊരു വശത്ത്. ബിജെപി സര്‍ക്കാര്‍ എന്നു പറയുന്നതിനുപകരം അഴിമതി സര്‍ക്കാര്‍ എന്ന് വിളിച്ചാല്‍ മതിയാകും. മുഖ്യമന്ത്രിയാണ് ഭൂമിതട്ടിപ്പുകേസിലെ മുഖ്യപ്രതി. മന്ത്രിമാര്‍ കൂട്ടുപ്രതികള്‍. മന്ത്രിമാരും മുന്‍മന്ത്രിമാരുമുള്‍പ്പെടെ ആറിലേറെ പ്രമുഖരാണ് ഭൂമി കുംഭകോണത്തില്‍ ഉള്‍പ്പെട്ടത്. ബി എസ് യെദ്യൂരപ്പ, ആഭ്യന്തരമന്ത്രി ആര്‍ അശോക്, ഐടി മന്ത്രി കട്ട സുബ്രഹ്മണ്യനായിഡു, വൈദ്യുതിമന്ത്രി ശോഭ കരന്ത്ലാജെ, തദ്ദേശമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ദേവസ്വംമന്ത്രി കൃഷ്ണയ്യഷെട്ടി എന്നിവര്‍ക്കെതിരെ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് വ്യക്തമായ അഴിമതിയാരോപണം ഉയര്‍ന്നുകഴിഞ്ഞു. മെഡിക്കല്‍ കോളേജ് നിയമന വിവാദത്തില്‍ രാമചന്ദ്രഗൌഡ, ലൈംഗികാപവാദക്കേസുമായി ബന്ധപ്പെട്ട് എച്ച് ഹാലപ്പ എന്നിവര്‍ ഇതിനകം സ്ഥാനം നഷ്ടമായവരാണ്. ആക്ഷേപം ഉയര്‍ന്നയുടന്‍ ഇവരുടെ രാജി എഴുതിവാങ്ങിയ യെദ്യൂരപ്പ, തനിക്കെതിരെ കോടികളുടെ ആരോപണം ഉയര്‍ന്നപ്പോള്‍ തൊടുന്യായവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. അതിന് അദ്ദേഹത്തിന് ആര്‍എസ്എസ് പിന്തുണ നല്‍കുന്നു. 1991ലെ കര്‍ണാടക ലാന്‍ഡ് ആക്ട് പ്രകാരം ബംഗളൂരു വികസന അതോറിറ്റിക്ക് പതിച്ചുനല്‍കിയ ഭൂമിയാണ് യെദ്യൂരപ്പയും സംഘവും വീതിച്ചത്. നിയമമനുസരിച്ച് ഈ ഭൂമി ഡീനോട്ടിഫൈ ചെയ്യാനോ വില്‍ക്കാനോ പാട്ടത്തിനു നല്‍കാനോ പാടില്ല. ഈ വ്യവസ്ഥയെല്ലാം കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ഭൂമി സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും യെദ്യൂരപ്പതന്നെ പങ്കുവച്ചത്. കാര്‍ഗില്‍ യുദ്ധവീരന്മാര്‍ക്ക് നല്‍കാനുള്ള ഫ്ളാറ്റ് പങ്കിട്ടെടുത്ത മഹാരാഷ്ട്രയിലെ കോഗ്രസ് നടപടിയുടെ മറ്റൊരു പതിപ്പ്്. അഴിമതി ആരോപണം നേരിടാത്ത ഒരൊറ്റ മന്ത്രിയും ഇന്ന് കര്‍ണാടകത്തിലില്ല. ചിത്രദുര്‍ഗ, ബെല്ലാരി എന്നിവിടങ്ങളിലെ നിരോധിതമേഖലകളില്‍ ഖനന ലൈസന്‍സ് അനുവദിക്കുന്നതിന് 21 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന പുതിയ ആരോപണവും യെദ്യൂരപ്പക്കെതിരെ വന്നിട്ടുണ്ട്. രക്ഷപ്പെടാനുള്ള പഴുതുകളൊന്നും അവശേഷിക്കുന്നില്ല. വെപ്രാളംപൂണ്ട് കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ബിജെപി സര്‍ക്കാരിന്റെ നില കൂടുതല്‍ പരുങ്ങലിലാക്കുന്നുമുണ്ട്. ഭൂമിതട്ടിപ്പ് വിവാദം മുറുകിയതോടെ അനധികൃത ഭൂമി യെദ്യൂരപ്പയുടെ മക്കള്‍ സര്‍ക്കാരിന് തിരിച്ചുനല്‍കിയിരുന്നു. ബംഗളൂരു നഗരപ്രാന്തത്തിലെ ആര്‍എംവി എക്സ്റന്‍ഷനില്‍ വീടുവയ്ക്കാന്‍ ലഭിച്ച 4,000 ചതുരശ്രയടി സ്ഥലവും നാഗഷെട്ടിഹള്ളിയില്‍ വ്യാവസായികാവശ്യത്തിന് ലഭിച്ച രണ്ടര ഏക്കര്‍ ഭൂമിയും യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്ര എംപി തിരിച്ചുനല്‍കി. ഹൊറഹള്ളിയില്‍ മക്കളായ ഉമാദേവി, ദീപ എന്നിവര്‍ക്ക് ലഭിച്ച രണ്ടേക്കറും മരുമകന്‍ സോഹന്‍കുമാറിന് പതിച്ചുനല്‍കിയ രണ്ടേക്കറും അതിനുപുറമെ തിരിച്ചുനല്‍കി. ഇത് സംബന്ധിച്ച് ബംഗളൂരു ഡവലപ്മെന്റ് അതോറിറ്റിക്കും കര്‍ണാടക വ്യവസായ വികസനബോര്‍ഡിനും ഇവര്‍ കത്ത് നല്‍കി. ബിഡിഎയില്‍ സ്ഥലം ലഭിച്ച യെദ്യൂരപ്പയുടെ മറ്റ് ബന്ധുക്കളും സ്ഥലം കൈമാറി കത്ത് നല്‍കി. ഇതോടെ, അനധികൃത ഭൂമി ഇടപാടിനും തട്ടിപ്പിനും അഴിമതിക്കും ഇനി അന്വേഷണംപോലും വേണ്ട എന്ന നിലയാണുള്ളത്. സത്യപ്രതിജ്ഞ ലംഘിച്ച് സ്വന്തക്കാര്‍ക്കുവേണ്ടി ഔദ്യോഗികപദവി ദുരുപയോഗം ചെയ്തെന്ന് അസന്ദിഗ്ധമായി തെളിഞ്ഞ നിലയ്ക്ക് യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രിപദത്തില്‍ തുടരാനാകില്ല. അദ്ദേഹത്തെ മാറ്റേണ്ടത് ഭരണഘടനാപരമായ ബാധ്യത തന്നെ ആയിക്കഴിഞ്ഞു. ഭൂമി വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും എല്ലാ കാര്യവും നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നുമാണ് യെദ്യൂരപ്പ പറയുന്നത്. 1994 മുതലുള്ള എല്ലാ ഭൂമി ഇടപാടും ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും ആറു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും പറയുന്നുണ്ട്. അത് താല്‍ക്കാലികമായി രക്ഷപ്പെടാനുള്ള അടവുമാത്രം. ഭൂമി കുംഭകോണത്തില്‍ ഉള്‍പ്പെട്ട മുഖ്യമന്ത്രി യെദ്യൂരപ്പയെ അറസ്റ് ചെയ്യണമെന്നാണ് കോഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷം ശക്തമായി പ്രശ്നം ഉന്നയിച്ചിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പ് അധികാരത്തിലേറിയതു മുതല്‍ അഴിമതിയില്‍ ആറാടിയ സര്‍ക്കാര്‍ കുതിരക്കച്ചവടത്തിലൂടെയാണ് നിലനില്‍ക്കുന്നതുതന്നെ. കോഗ്രസായാലും ബിജെപിയായാലും അഴിമതിക്കാര്യത്തില്‍ ഒരേമുഖമാണെന്നാണ് യെദ്യൂരപ്പയും സംഘവും ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുന്നത്. എത്രയും വേഗം യെദ്യൂരപ്പയെ പുറത്താക്കുക, ഭൂമി കുംഭകോണമടക്കമുള്ള അഴിമതികള്‍ കുറ്റമറ്റ അന്വേഷണത്തിനു വിധേയമാക്കുക-ഇതാണ് കര്‍ണാടകത്തില്‍ ഇനി ചെയ്യാനുള്ളത്. അതിന് ബിജെപി തയ്യാറായില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം ഉയര്‍ന്നുവന്നേ മതിയാകൂ. കര്‍ണാടകത്തിലെ പുരോഗമന-മതനിരപേക്ഷ ശക്തികള്‍ ആ കര്‍ത്തവ്യം ഏറ്റെടുക്കേണ്ടതുണ്ട്.

Saturday, November 20, 2010

പ്രതികരണമില്ലാതെ യുഡിഎഫ്, ലീഗ്പിന്തുണയുടെ ആവേശത്തില്‍ ബിജെപി

പ്രതികരണമില്ലാതെ യുഡിഎഫ്, ലീഗ്പിന്തുണയുടെ ആവേശത്തില്‍ ബിജെപി

കല്‍പ്പറ്റ: നൂല്‍പ്പുഴ പഞ്ചായത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലും കോലീബി സഖ്യംആവര്‍ത്തിച്ചതോടെ യുഡിഎഫ് ജില്ലാ നേതൃത്വത്തിന് മിണ്ടാട്ടമില്ലാതായി.പ്രസിഡന്റ് തെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണ ജില്ലാ നേതൃതവ മറിയാതെയാണെന്ന കോഗ്രസ് ,വീരന്‍ ദള്‍ നേതാക്കളുടെ പ്രസ്താവന കള്ളമാണെന്ന് തെളിഞ്ഞിരിക്കയാണ് സ്റ്റാന്‍ഡിങ്കമ്മിറ്റിയിലും കോലീബി ശക്തമായതിലൂടെ. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിട്ടുനിന്നുവെന്ന് അവകാശപ്പെട്ട മുസ്ളിംലീഗ് കൂടി വ്യാഴാഴ്ച ബിജെപിക്കാണ് വോട്ട് ചെയ്തത്. ഇതോടെ ലീഗ്്പ്രകടിപ്പിച്ച എതിര്‍പ്പ് വെറും നാടകമായിരുന്നുവെന്നും വ്യക്തമായി. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ കൂട്ട്പിടിച്ചതിന് അംഗങ്ങള്‍ക്കെതിരെ നടപടിയെടുത്തതായി ജില്ലാകോഗ്രസ് നേതൃത്വം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ സസ്പെന്‍ഡ് നോട്ടീസിറക്കുക മാത്രമാണ് ഡിസിസി പ്രസിഡന്റ് ചെയ്തത്. അതും മാധ്യമങ്ങളിലൂടെ മാത്രം. പാര്‍ടി നയത്തിനെതിരായി വോട്ട്ചെയ്താല്‍ അവരെ പുറത്താക്കി തെരഞ്ഞെടുപ്പ്കമ്മീഷനെ അറിയിക്കണം. എന്നാല്‍ ബിജെപിയുമായി അധികാരം പങ്കിടുന്നവര്‍ക്കെതിരെ കടുത്ത നടപടിക്ക് ഡിസിസി തയ്യാറായില്ല. വീരന്‍ ദളാകട്ടെ പ്രസിഡന്റ്പദവി കിട്ടിയ സന്തോഷം രഹസ്യമായി ആഘോഷിക്കയായിരുന്നു. പ്രസിഡന്റ് സുമാഭാസ്കരന് ഒരുനോട്ടീസ്പോലും വീരന്‍ നല്‍കിയില്ല.കടുത്ത നടപടിയെടുത്തിരുന്നെങ്കില്‍ വ്യാഴാഴ്ച കോലീബി സഖ്യം ആവര്‍ത്തിക്കില്ലായിരുന്നു. എന്നാല്‍ ലീഗിനെക്കുടി ശക്തമായി നിര്‍ത്തി ബന്ധം സുദൃഢമായതായാണ് സ്റ്റാന്‍ഡിങ്സമിതി വോട്ടെടുപ്പ് കാണിക്കുന്നത്. കോഗ്രസ് ദള്‍ നേതൃത്വങ്ങളുടെ പിന്തുണയോടെയാണ് വ്യാഴാഴ്ച നടന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലും പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സഖ്യം ആവര്‍ത്തിച്ചതെന്ന് നൂല്‍പ്പുഴയിലെ കോഗ്രസ് ,ബിജെപി നേതാക്കള്‍ സുചിപ്പിച്ചിട്ടുണ്ട്. അധികാരം നഷ്ടമാക്കേണ്ടെന്ന പരമ്പരാഗത നിലപാടില്‍ ലീഗുമെത്തി. ഇതേ തുടര്‍ന്നാണ് ബിജെപിക്ക് ലീഗിലെ അനില്‍ വോട്ട് ചെയ്തത്. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചത് ബിജെപിയിലെ സരസഗോപിയാണ്. ഏഴിനെതിരെ 10വോട്ടുകള്‍ക്ക് സിപിഐഎമ്മിലെ ബിന്ദുമനോജിനെയാണ് ഇവര്‍ തോല്‍പ്പിച്ചത്. കോഗ്രസിലെ അഞ്ചും ബിജെപിയിലെ മൂന്നും ലീഗിന്റെ ഒരാളും പഞ്ചായത്ത് പ്രസിഡന്റ് സുമാഭാസ്കരനും സരസഗോപിക്ക് വോട്ടുചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് ബിജെപിയിലെ സി വി ഹരിദാസാണ് സിപിഐഎമ്മിലെ കെ എം പൌലോസിനെ പരാജയപ്പെടുത്തിയത്. കോഗ്രസ്, ലീഗ്, ബിജെപി അംഗങ്ങള്‍ ഹരിദാസിന് വോട്ടുചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് -യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് രണ്ട് വോട്ടുകള്‍ വീതം ലഭിച്ച് സമനിലയാണ്. ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. പഞ്ചായത്ത് പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ എസ്ജെഡി സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തതിന് വൈസ്പ്രസിഡന്റ് സുരേന്ദ്രന്‍ ഉള്‍പ്പെടെ മൂന്ന് അംഗങ്ങളെ ബിജെപിയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട്ചെയ്തിന് അഞ്ച് അംഗങ്ങളെ കോഗ്രസും സസ്പെന്‍ഡ് ചെയ്തിരുന്നു. ലീഗ് അംഗമായ എം സി അനില്‍ പ്രസിഡന്റ്, വൈസ്പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിരുന്നില്ല. എന്നാല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബിജെപി, കോഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തു. സഖ്യമ ആവര്‍ത്തിച്ചതിനെപ്പറ്റി പ്രതികരിക്കാന്‍ കോഗ്രസ്,ലീഗ്, വീരന്‍ദള്‍ നേതാക്കള്‍ മുന്നോട്ടുവന്നിട്ടിലെന്നതും ശ്രദ്ധേയമാണ്. അതേസമയം തങ്ങളുമായുള്ള ബന്ധം യുഡിഎഫ് തകര്‍ക്കില്ലെന്നും നൂല്‍പ്പുഴയില്‍ അഞ്ചുവര്‍ഷവും ഭരണം ഇതേ രൂപത്തില്‍ തുടരുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതൃത്വം. ലീഗിന്റെകുടി പിന്തുണ ഉറപ്പാക്കിയത് തങ്ങളുടെ വിജയമായും അവര്‍ അവകാശപ്പെടുന്നു

Friday, November 19, 2010

കേരകര്‍ഷകരെ ദ്രോഹിക്കരുത്

കേരകര്‍ഷകരെ ദ്രോഹിക്കരുത്

കേരളത്തിലെ കേരകര്‍ഷകര്‍ വളരെക്കാലമായി വറുതിയിലും കഷ്ടപ്പാടിലും കഴിയുകയാണ്. വളത്തിന്റെ വില താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ്. തെങ്ങിന്റെ സംരക്ഷണച്ചെലവ് പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. നാനാവിധം രോഗങ്ങള്‍ തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു. കായ്ഫലം പൊതുവെ വളരെ കുറവാണ്. നാളികേരത്തിന്റെ വിലയുടെ കാര്യം പറയുകയും വേണ്ട. ഒരു നാളികേരത്തിന് രണ്ടുംമൂന്നും രൂപയായിരുന്നു വില. എന്നാല്‍, ഏതാനും നാളായി നാളികേരത്തിന്റെ വില അല്‍പ്പം മെച്ചപ്പെട്ടതില്‍ കേരകര്‍ഷകന്റെ മനസ്സില്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ കാണാനുണ്ട്. അതിന് മങ്ങലേല്‍പ്പിക്കുന്ന തരത്തിലാണ് പാമോയിലിന്റെ ഇറക്കുമതി വാര്‍ത്ത വന്നിരിക്കുന്നത്. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായാണല്ലോ ഇറക്കുമതിത്തീരുവ കുറച്ചതും ഇറക്കുമതി ഉദാരവല്‍ക്കരിച്ചതും. അതോടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില വന്‍തോതില്‍ ഇടിയാനിടയായി. രണ്ടുലക്ഷം കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതരായത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ സാമ്പത്തികനയംമൂലമാണ് കര്‍ഷക ആത്മഹത്യ തടയാന്‍ കഴിഞ്ഞത്. ഇന്ത്യയിലെ തുറമുഖങ്ങളില്‍ പാമോയില്‍ കണ്ടമാനം ഇറക്കുമതി ചെയ്യുന്നതും പാമോയിലിന് സബ്സിഡി നല്‍കിയതും വെളിച്ചെണ്ണയുടെ വിപണിക്ക് ദോഷകരമായി ഭവിച്ചു. 2008ല്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ കേരളത്തിലെ തുറമുഖങ്ങളിലേക്കുള്ള പാമോയില്‍ ഇറക്കുമതി കേന്ദ്രം നിരോധിച്ചിരുന്നു. കേരളത്തിലെ തുറമുഖങ്ങളില്‍ പാമോയില്‍ ഇറക്കുമതി ചെയ്യുന്നതിനെതിരെ കര്‍ഷകസമരങ്ങള്‍ ശക്തമായി ഉയര്‍ന്നുവന്നതും ഓര്‍ക്കേണ്ടതാണ്. പാമോയിലിന്റെ ഇറക്കുമതിത്തീരുവ 85 ശതമാനത്തില്‍നിന്ന് ഏഴരശതമാനമായി വെട്ടിക്കുറച്ചു. കഴിഞ്ഞ പത്തുമാസത്തിനകം 81 ലക്ഷം ട ഭക്ഷ്യഎണ്ണ ഇറക്കുമതി ചെയ്തതായി കാണുന്നു. നാളികേരത്തിന്റെ വിലയില്‍ നേരിയപുരോഗതി കൈവന്നത് ഇഷ്ടപ്പെടാത്ത കേന്ദ്രത്തില്‍നിന്നാണ് പാമോയില്‍ ഇറക്കുമതിക്കുള്ള ആവശ്യം ഉയര്‍ന്നുവന്നത്. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനീക്കത്തിനെതിരെ കര്‍ഷകരുടെ യോജിച്ച പ്രക്ഷോഭം അനിവാര്യമായി മാറിയിരിക്കുന്നു.

പ്രധാനമന്ത്രി പ്രതിക്കൂട്ടില്‍

പ്രധാനമന്ത്രി പ്രതിക്കൂട്ടില്‍

ടെലികോം മന്ത്രി രാജയുടെ രാജികൊണ്ട് തീരുന്നതല്ല ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ ഹിമാലയന്‍ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എന്ന് ഞങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോഴിതാ, സംശയത്തിന്റെയും തെളിവുകളുടെയും കുന്തമുന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനുനേരെ തിരിഞ്ഞിരിക്കുന്നു. ആരെങ്കിലും ആരോപണമുന്നയിച്ചതല്ല-രാജ്യത്തിന്റെ പരമോന്നത നീതിപീഠംതന്നെ പ്രധാനമന്ത്രിയെ തൊട്ട് പറഞ്ഞിരിക്കുന്നു. രണ്ടാം തലമുറ സ്പെക്ട്രം അഴിമതിയില്‍ പ്രധാനമന്ത്രിയുടെ മൌനവും നിഷ്ക്രിയത്വവും ആശങ്കയുണര്‍ത്തുന്നതാണെന്ന്. കോടതി മിതമായ വാക്കുകളേ ഉപയോഗിച്ചിട്ടുള്ളൂ. പക്ഷേ, അതിന്റെ പ്രത്യാഘാതം വളരെ വലുതാണ്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഇത്ര വലിയ ഒരഴിമതി ഉണ്ടായിട്ടില്ല. ഒരന്വേഷണവും ഇല്ലാതെതന്നെ ആര്‍ക്കും കണ്ടുപിടിക്കാനാവുന്ന തട്ടിപ്പുകളാണ് നടന്നത്. അങ്ങനെയുള്ള അഴിമതിക്കേസില്‍ മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കത്തിന് മറുപടി നല്‍കാതെ പ്രധാനമന്ത്രി വച്ചുതാമസിപ്പിച്ചതാണ് സുപ്രീംകോടതിയുടെ വിമര്‍ശത്തിനും ആശങ്കയ്ക്കും കാരണമായത്. അഴിമതിനിരോധന നിയമം അനുസരിച്ച് മന്ത്രി രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദം വേണമെന്നാവശ്യപ്പെട്ട് ജനതാ പാര്‍ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് 2008 നവംബറില്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്. അതിന് 2010 മാര്‍ച്ചിലാണ് മറുപടി ലഭിച്ചത്. സിബിഐ കേസ് അന്വേഷിക്കുന്നതിനാല്‍ മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു മറുപടി. ഇത്രയും വലിയ കാലതാമസം എന്തിന് എന്നതാണ് കോടതിയെ അമ്പരപ്പിച്ചത്. പ്രധാനമന്ത്രിയുടെ മൌനവും നിഷ്ക്രിയത്വവും തങ്ങളെ ആശങ്കപ്പെടുത്തുന്നതായി ജസ്റിസ് ജി എസ് സിങ്വിയും എ കെ ഗാംഗുലിയുമടങ്ങിയ ബെഞ്ച് തുറന്നടിച്ചു. ഇത് അസാധാരണ സാഹചര്യമാണ്. സുപ്രീം കോടതിയെ ആശങ്കപ്പെടുത്തിയ മൌനവും നിഷ്ക്രിയത്വവും നിഷ്കളങ്കമായ ഒന്നല്ല. അത് അഴിമതി മൂടിവയ്ക്കാനുള്ളതാണ്. ആവര്‍ത്തിച്ചുള്ള ഓര്‍മപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. ഇടതുപക്ഷം നിരവധി വട്ടം ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യസഭയിലെ സിപിഐ എം നേതാവ് സീതാറാം യെച്ചൂരി നേരിട്ട് 2008 നവംബറില്‍ പ്രധാനമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. എല്ലാം അവഗണിച്ചാണ് രാജയെ രക്ഷിച്ചുനിര്‍ത്താന്‍ തയ്യാറായത്. അനധികൃതമായി 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയതിനുപിന്നില്‍ സ്വകാര്യ ടെലികോം കമ്പനികളും ടെലികോംവിഭാഗവും തമ്മിലുള്ള ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ വാദമുയര്‍ന്നതാണ്. ഈ കേസില്‍തന്നെ സുപ്രീംകോടതി സിബിഐയെ രൂക്ഷമായി വിമര്‍ശിച്ചതുമാണ്. അതൊന്നും കൂസാക്കാതെ അഴിമതിക്കാരെ സംരക്ഷിക്കാന്‍ കാണിച്ച വ്യഗ്രത പ്രധാനമന്ത്രിക്കും യുപിഎ നേതൃത്വത്തിനും അഴിമതിയിലുള്ള പങ്കാളിത്തമാണ് പുറത്തുകൊണ്ടുവരുന്നത്. 2ജി സ്പെക്ട്രം ലൈസന്‍സ് നല്‍കിയത് പ്രധാനമന്ത്രിയെ പൂര്‍ണമായും വിശ്വാസത്തിലെടുത്താണെന്ന് മന്ത്രി രാജ പലവട്ടം പറഞ്ഞിട്ടുണ്ട്. കോഗ്രസിന് രക്ഷപ്പെടാന്‍ പഴുതുകള്‍ കാണുന്നില്ല. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ജനസമക്ഷം കാര്യങ്ങള്‍ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോഗ്രസ് ഈ കേസില്‍ എടുക്കുന്ന നിലപാട് അടിമുടി സംശയാസ്പദമാണ്. ആ പാര്‍ടിയുടെ താല്‍പ്പര്യപ്രകാരമാണ് രാജയുടെ രാജി സംഭവിച്ചതെന്നും കോഗ്രസ് അഴിമതിക്കെതിരെ കര്‍ക്കശ നിലപാടെടുക്കുകയാണെന്നും ചില വൈതാളികര്‍ അവകാശപ്പെടുന്നുണ്ട്. കോഗ്രസ് നേതൃത്വത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെ ഉന്നതവൃത്തങ്ങളുടെയും പങ്കാളിത്തമോ പിന്തുണയോ ഇല്ലാതെ ഇത്ര വലിയ അഴിമതി ഒരു പ്രാദേശിക പാര്‍ടി പ്രതിനിധി മാത്രമായ രാജയ്ക്ക് നടത്താനാവില്ല. ചിലര്‍ പ്രചരിപ്പിക്കുന്നതുപോലെ, മറ്റെല്ലാ സിഎജി റിപ്പോര്‍ട്ടുകളുമായും താരതമ്യം ചെയ്യാവുന്ന കേസല്ല ഇത്. രണ്ടാം തലമുറ സ്പെക്ട്രം വിതരണത്തിന്റെ മറവില്‍ നടന്ന അഴിമതിയും ക്രമക്കേടുകളും കേന്ദ്രഖജനാവിന് 1,76,645 കോടി രൂപയുടെ നഷ്ടം വരുത്തി എന്ന് സംശയത്തിനിടയില്ലാതെ സിഎജി വ്യക്തമാക്കിയിട്ടുണ്ട്. ക്രമക്കേടില്‍ രാജിവച്ച മന്ത്രി രാജയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ അഴിമതിനീക്കം പ്രധാനമന്ത്രികാര്യാലയം അറിഞ്ഞിട്ടും തടഞ്ഞില്ല; ധന, നിയമമന്ത്രാലയങ്ങള്‍ മൌനംപാലിച്ചു എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. സ്പെക്ട്രം വിതരണത്തില്‍ അപാകതയുണ്ടെന്ന് 2007ല്‍തന്നെ പ്രധാനമന്ത്രികാര്യാലയം മനസിലാക്കിയിരുന്നതായി സിഎജി റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. സ്പെക്ട്രത്തിന്റെ ലഭ്യതക്കുറവും അപേക്ഷകരുടെ ആധിക്യവും പരിഗണിച്ച് ലൈസന്‍സ് ഫീസില്‍ മാറ്റം വരുത്തേണ്ടതല്ലേ എന്ന് ആരാഞ്ഞ് പ്രധാനമന്ത്രി 2007 നവംബറില്‍ ടെലികോംവകുപ്പിന് കത്തയച്ചിരുന്നു. ട്രായിയും ടെലികോം കമീഷനും ഇക്കാര്യം പരിശോധിച്ചിട്ടുള്ളതാണെന്നും പുതിയ അപേക്ഷകരില്‍നിന്ന് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് പക്ഷപാതപരമാകുമെന്നുമായിരുന്നു ടെലികോംവകുപ്പിന്റെ മറുപടി. പ്രധാനമന്ത്രികാര്യാലയം പിന്നീട് ഈ വിഷയത്തില്‍ ഇടപെട്ടില്ല എന്നാണ് സിഎജി കണ്ടെത്തിയത്. ഈ കേസ് താരതമ്യമില്ലാത്തതാണ്. കേരളത്തിലെ ലാവ്ലിന്‍ പ്രശ്നവുമായി താരതമ്യംചെയ്ത് ഇതിന്റെ ഗൌരവം കുറയ്ക്കാനുള്ള ശ്രമം ഞങ്ങളുടെ മാന്യ സഹജീവിയായ മാതൃഭൂമി നടത്തിയതായി കണ്ടു. ലാവ്ലിന്‍ പ്രശ്നത്തില്‍ സിഎജിയുടെ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും അഴിമതി നടത്തിയതായി കണ്ടെത്തിയിട്ടില്ല. ചെലവിട്ട തുകയ്ക്ക് ആനുപാതികമായ പ്രയോജനം ഉണ്ടായിട്ടില്ല എന്നാണ് സിഎജി പറഞ്ഞത്. അതാകട്ടെ, നവീകരിച്ച വൈദ്യുതി നിലയങ്ങളുടെ ഉല്‍പ്പാദനക്കണക്ക് ചൂണ്ടിക്കാട്ടി വൈദ്യുതി ബോര്‍ഡ് വസ്തുനിഷ്ഠമായി നിഷേധിച്ചിട്ടുണ്ട്. ലാവ്ലിന്‍ പ്രശ്നത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണം നടത്തി പൂര്‍ത്തിയാക്കിയതാണ്. വിജിലന്‍സ് കേസ് കോടതിയിലെത്തിച്ചപ്പോഴാണ്, അതില്‍ തങ്ങള്‍ ഉദ്ദേശിച്ചപോലെ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ പേരില്ല എന്ന കാരണത്താല്‍, ആ പേര് എങ്ങനെയും ഉള്‍പ്പെടുത്തിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ സിബിഐ അന്വേഷണത്തിനു വിട്ടത്. സിബിഐ ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റി. എന്നാല്‍, അവര്‍ക്കും കണ്ടെത്താനായില്ല ഒരു നയാപൈസയുടെ അഴിമതി. ആകെ തട്ടിപ്പടച്ചുണ്ടാക്കിയതാകട്ടെ അവിശ്വസനീയമായ ഒരു ഗൂഢാലോചനക്കുറ്റമാണ്. അതിന്റെ തുടക്കക്കാരന്‍ എന്ന് സിബിഐ തന്നെ പറയുന്ന കോഗ്രസ് നേതാവ് ജി കാര്‍ത്തികേയനെ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍, കോടതിയാണ് കാര്‍ത്തികേയന്റെ പങ്കുകൂടി അന്വേഷിച്ചു വരാന്‍ പറഞ്ഞത്. നവീകരണ ജോലി നടപ്പാക്കിയ ഘട്ടത്തില്‍ ഉണ്ടായ നാലു മന്ത്രിമാരില്‍ ഒരാളെമാത്രം തെരഞ്ഞുപിടിച്ച് പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാരിനോട് സിബിഐ അനുമതി ചോദിച്ചു. സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടി അതുപ്രകാരം അനുമതി നിഷേധിച്ചു. എന്നാല്‍, സര്‍ക്കാരിന്റെയും ഭരണഘടനാ സ്ഥാപനമായ അഡ്വക്കറ്റ് ജനറലിന്റെയും ശുപാര്‍ശ അവഗണിച്ച്, സ്വകാര്യ നിയമോപദേശം എഴുതി വാങ്ങി ഗവര്‍ണര്‍ രാഷ്ട്രീയപ്രേരിതമായി അനുമതി നല്‍കി. അതിന്റെ സാംഗത്യമാണ്; സാധുതയാണ് ലാവ്ലിന്‍ കേസില്‍ സുപ്രീം കോടതി പരിശോധിക്കുന്നത്്. അതെല്ലാം മറച്ചുവച്ച് ലാവ്ലിനെയും ടെലികോം അഴിമതിയെയും കൂട്ടിക്കെട്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള സഹജീവിയുടെ ശ്രമത്തെയോര്‍ത്ത് സഹതപിക്കുകയേ തരമുള്ളൂ. ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയില്‍ കോഗ്രസിനുള്ള പങ്ക് എന്ത്, സുപ്രീം കോടതിയെവരെ ആശങ്കപ്പെടുത്തിയ മൌനവും നിഷ്ക്രിയത്വവും എന്തിനുവേണ്ടി, എന്തുകൊണ്ട് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തെ ഭയപ്പെടുന്നു-ഉത്തരം പറയേണ്ടത് രാജയും കരുണാനിധിയുമല്ല-മന്‍മോഹന്‍ സിങ്ങും സോണിയ ഗാന്ധിയുമാണ്. രാജയെ ഇത്ര വ്യഗ്രതയോടെ സംരക്ഷിച്ചതിനുള്ള കാരണം അവര്‍ തുറന്നു പറയണം. അതുതന്നെയാകും ഈ അഴിമതിക്കേസിന്റെ ചുരുളഴിയാനുള്ള ഉചിതമാര്‍ഗം.

ജെപിസി അന്വേഷണം ഒഴിവാക്കാനാകില്ല

ജെപിസി അന്വേഷണം ഒഴിവാക്കാനാകില്ല

2ജി സ്പെക്ട്രം അഴിമതിയിലൂടെ കേന്ദ്ര ഖജനാവിന് 1,76,000 കോടിയില്‍പരം രൂപ നഷ്ടം വരുത്തിയതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയതോടെ പ്രതിപക്ഷം ന്യായമായും ആവശ്യപ്പെട്ട സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണത്തില്‍നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയുകയില്ല. സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചതോടെ ഈ വിഷയം പൊതുജനങ്ങളുടെ സജീവ ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. മാത്രമല്ല സ്പെക്ട്രം അഴിമതി പുതിയ വിഷയമല്ല. രണ്ടുവര്‍ഷം മുമ്പ് സിപിഐ എം കേന്ദ്രകമ്മിറ്റി അച്ചടിച്ച ലഘുലേഖയിലൂടെ ഇക്കാര്യം ബഹുജന ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇത് ചര്‍ച്ചാവിഷയമായിരുന്നു. തുടക്കത്തില്‍ ഒരുലക്ഷം കോടി രൂപ കേന്ദ്ര ഖജനാവിന് നഷ്ടം വന്നതായിട്ടാണ് കണക്കാക്കിയിരുന്നത്. അഴിമതി നടത്തിയത് യുപിഎ മന്ത്രിസഭയിലെ അംഗമായതിനാല്‍ വലതുപക്ഷമാധ്യമങ്ങള്‍ വാര്‍ത്ത തമസ്കരിക്കാനാണ് ശ്രമിച്ചത്. അഴിമതിയുടെ വിശദവിവരം പാര്‍ലമെന്റില്‍ മാത്രമല്ല, നീതിന്യായമേഖലയിലെ അത്യുന്നതപദവിയിലുള്ള സുപ്രീംകോടതിയുടെ ശ്രദ്ധയിലും വന്നുകഴിഞ്ഞു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ ഭാഗത്തുനിന്ന് 16 മാസമായി തുടരുന്ന അര്‍ഥഗര്‍ഭമായ മൌനവും നിഷ്ക്രിയത്വവും സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് വിധേയമായത് നിസ്സാരമായി കാണാനാകില്ല. അഴിമതി പുറത്തുവന്നിട്ടും ടെലികോം വകുപ്പ് കൈകാര്യംചെയ്യുന്ന മന്ത്രി രാജ അധികാരത്തില്‍ തുടരുന്നതായിട്ടാണ് കാണാന്‍ കഴിഞ്ഞത്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ രാജയെ മന്ത്രിസഭയില്‍നിന്നൊഴിവാക്കാന്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, അധികാരത്തില്‍ തുടരണമെങ്കില്‍ ഡി എംകെയുടെ പിന്തുണ ഒഴിവാക്കാന്‍ കഴിയില്ലെന്ന് വന്നു. അധികാരമാണ് മറ്റെന്തിനേക്കാളും പ്രധാനമെന്ന് കരുതുന്ന കോഗ്രസ് നേതൃത്വത്തിന് അഴിമതി ഭൂഷണമാണെന്ന ഭാവമാണുള്ളത്. ഒരുഘട്ടത്തില്‍ താന്‍ അറിഞ്ഞുകൊണ്ടാണ് 2 ജി സ്പെക്ട്രം വില്‍പ്പന നടന്നതെന്നും അതില്‍ ക്രമക്കേടൊന്നുമില്ലെന്നും പ്രധാനമന്ത്രി പരസ്യമായി പറഞ്ഞിരുന്നു. പ്രധാനമന്ത്രി അറിയാതെയല്ല ഇതൊക്കെ നടന്നതെന്നര്‍ഥം. പ്രധാനമന്ത്രി വിമര്‍ശനവിധേയനായതോടെ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയുടെ അന്വേഷണമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് വന്നിരിക്കുന്നു. കേന്ദ്ര ഖജനാവിന് ഒന്നേമുക്കാല്‍ ലക്ഷം കോടിയില്‍പരം രൂപ നഷ്ടം വരുത്തിയ അതീവ ഗുരുതരമായ അഴിമതിപ്രശ്നം ആറുദിവസമായി പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിച്ചിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ നിഷ്ക്രിയത്വമാണ് പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ കാരണം. ഇന്നത്തെ അനിശ്ചിതത്വം ഇനിയും തുടരാനനുവദിച്ചുകൂടാ. പ്രധാനമന്ത്രി പാര്‍ലമെന്റിനെ ഭയപ്പെടുന്ന നില പാര്‍ലമെന്ററി ഭരണക്രമത്തിന്തന്നെ ഭീഷണിയാണ്. ജനാധിപത്യമര്യാദ പാലിച്ചുകൊണ്ട് ഇത്രയും ഭീമമായ തുക ഖജനാവിന് നഷ്ടം വരുത്തിയ അഴിമതിയില്‍ ആരൊക്കെ ഉള്‍പ്പെട്ടു എന്നും ആര്‍ക്കൊക്കെ ഉത്തരവാദിത്തമുണ്ട് എന്നും വിശദമായ അന്വേഷണത്തിലൂടെയേ കണ്ടെത്താനാകൂ. സംയുക്ത പാര്‍ലമെന്ററി സമിതിക്ക് മാത്രമേ ഈ ചുമതല ഫലപ്രദമായി നിര്‍വഹിക്കാന്‍ കഴിയൂ. അഴിമതി ആരോപണങ്ങള്‍ മുമ്പും ജെപിസി അന്വേഷണത്തിന് വിധേയമാക്കിയ കീഴ്വഴക്കമുണ്ട്. അതുകൊണ്ടുതന്നെ ഇനിയും സമയംകളയാതെ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിന് വഴങ്ങാന്‍ പ്രധാനമന്ത്രി തയ്യാറാകണം. അന്വേഷണത്തില്‍നിന്ന് ഇനിയും ഒളിച്ചോടാന്‍ കഴിയില്ലെന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടാകണം.

മാധ്യമങ്ങള്‍ക്കും വേണം മൂക്കുകയര്‍

മാധ്യമങ്ങള്‍ക്കും വേണം മൂക്കുകയര്‍

മാധ്യമ വിമര്‍ശങ്ങള്‍ക്ക് പഞ്ഞമില്ലെങ്കിലും മാധ്യമങ്ങള്‍ തോന്നിയവഴിക്ക് സഞ്ചരിക്കുന്ന നാടാണ് ഇന്ത്യ. തങ്ങള്‍ക്ക് എല്ലാവരെയും വിമര്‍ശിക്കാം; അപഹസിക്കാം; ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിക്കാം എന്നതാണ് മുഖ്യധാരാ മാധ്യമങ്ങള്‍ ആര്‍ജിച്ചിട്ടുള്ള പൊതുസ്വഭാവം. അത്തരം തെറ്റായ പ്രവണതകള്‍ക്കെതിരായ നേരിയ മുന്‍കൈയുണ്ടായാല്‍പ്പോലും, മാധ്യമ സ്വാതന്ത്യ്രത്തിന്മേലുള്ള കടന്നുകയറ്റമായി ചിത്രീകരിച്ച് ചിറകരിഞ്ഞുകളയും. നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ താങ്ങിനിര്‍ത്തുക എന്ന ബൂര്‍ഷ്വാ മാധ്യമധര്‍മത്തിനപ്പുറം, വ്യവസ്ഥിതിയുടെ പ്രധാന കൈകാര്യകര്‍ത്താക്കളായി സ്വയം അവരോധിക്കുകയാണ് മാധ്യമങ്ങള്‍. അതിന്റെ ഭാഗമായാണ് സമീപകാലത്ത് ഇന്ത്യയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന 'പണത്തിനു പകരം വാര്‍ത്ത' എന്ന പ്രതിഭാസം. വെറുതെ പണം മുടക്കുന്നവരല്ല, മാധ്യമങ്ങള്‍ക്ക് നിശ്ചിത പണം നല്‍കുന്നവരാണ് ജനങ്ങള്‍ക്കുമുന്നില്‍ 'നല്ലവരായി' അവതരിക്കപ്പെടുക. മാധ്യമധാര്‍ഷ്ട്യത്തിന് കീഴ്പ്പെടാതെ, സ്വതന്ത്രമായ അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുകയും സത്യസന്ധമായ സമീപനം സ്വീകരിക്കുയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെയും പ്രസ്ഥാനങ്ങളെയും തേജോവധംചെയ്യാനും ജനങ്ങളില്‍നിന്ന് അകറ്റാനും മോശമായ ഏതുവഴിയിലും സഞ്ചരിക്കാന്‍ ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് കഴിയുന്നു. അധികാരവര്‍ഗസേവയെന്ന ചരിത്രപരമായ ദൌത്യനിര്‍വഹണത്തിനപ്പുറം അധികാരത്തിന്റെ ദല്ലാള്‍മാരും വോട്ടുബാങ്കുകളുടെ മൊത്തക്കച്ചവടക്കാരുമായിക്കൂടി ബൂര്‍ഷ്വാ മാധ്യമങ്ങള്‍ അധഃപതിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ ആണിക്കല്ലാണ് ഇളക്കപ്പെടുന്നത്. മാധ്യമങ്ങള്‍ നേരിടുന്ന ഇത്തരം അപചയങ്ങള്‍ക്കെതിരെ മാധ്യമ പ്രവര്‍ത്തകരില്‍നിന്നുതന്നെ പ്രതിരോധം ഉണ്ടാകുന്നത് പ്രധാനമാണ്. വ്യാഴാഴ്ച 'പത്രപ്രവര്‍ത്തന സംരക്ഷണദിന'ത്തിന്റെ ഭാഗമായി ഡല്‍ഹി ജേര്‍ണലിസ്റ് യൂണിയന്‍ (ഡിജെയു) തയ്യാറാക്കിയ രേഖ അത്തരത്തിലൊരു മുന്‍കൈയാണ്. ഇന്നത്തേയ്ക്കുമാത്രമല്ല, ഭാവിയിലേക്കുകൂടി പത്രപ്രവര്‍ത്തനത്തെ സംരക്ഷിക്കാനുള്ള സമഗ്രമായ രേഖയാണ് ഡിജെയു തയ്യാറാക്കി തെരഞ്ഞെടുപ്പുകമീഷനും വാര്‍ത്താ വിതരണ, തൊഴില്‍മന്ത്രാലയങ്ങള്‍ക്കും സമര്‍പ്പിച്ചത്. നിലവിലുള്ള പ്രസ് കൌസിലിനു പകരം അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്കാകെ ബാധകമായതും വിപുലമായ അധികാരങ്ങളോടുകൂടിയതുമായ മാധ്യമ കൌസില്‍ രൂപീകരിക്കണമെന്നാണ് രേഖയിലെ ആദ്യ ആവശ്യം. അതിനായി പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തണം. മാധ്യമ ഉടമകളും സംഘടനകളും മാധ്യമപ്രവര്‍ത്തകരും ആശാസ്യമല്ലാത്ത പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാല്‍ ഇടപെടാന്‍ കഴിവുള്ളതാകണം പുതിയ സംവിധാനം. അതില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്വതന്ത്ര വ്യക്തികള്‍ക്കും ഗണ്യമായ പ്രാതിനിധ്യമുണ്ടാകണമെന്നാണ് രേഖ നിര്‍ദേശിക്കുന്നത്. അത്തരമൊരു കൌസില്‍ നിലവില്‍ വരുന്നതുവരെ പ്രസ് കൌസിലിന് കൂടുതല്‍ അധികാരമുണ്ടാകണം- അതിന്റെ തീരുമാനങ്ങള്‍ ഗവമെന്റ് അധികൃതര്‍ അനുസരിക്കുമെന്ന് ഉറപ്പാക്കാനാവശ്യമായ നിയമനിര്‍മാണം നടത്തണം. ഇലക്ട്രോണിക് മാധ്യമങ്ങളുടെ വന്‍തോതിലുള്ള കടന്നുവരവോടെ ഉണ്ടായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട്, സര്‍വതലങ്ങളും സ്പര്‍ശിക്കുന്നതും പഠിക്കുന്നതുമായ മാധ്യമ കമീഷന്‍ രൂപീകരിക്കണമെന്നാണ് മറ്റൊരു ശുപാര്‍ശ. മാധ്യമപ്രവര്‍ത്തകരുടെ പദവിയും തൊഴില്‍സാഹചര്യങ്ങളും വരുമാനവും മെച്ചപ്പെട്ടതാണെന്ന് ഉറപ്പുവരുത്തുക, വാര്‍ത്താ റിപ്പോര്‍ട്ടിങ്ങും കച്ചവടസംരംഭങ്ങളും കൂട്ടിക്കലര്‍ത്തുന്ന അവസ്ഥ ഒഴിവാക്കുക, സ്ട്രിങ്ങര്‍മാരുടെ പ്രതിഫലം ഉയര്‍ത്തുക, എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാകുംവിധം വര്‍ക്കിങ് ജേര്‍ണലിസ്റ് ആക്ട് ഭേദഗതിചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് അതിനുപുറമെ ഉയര്‍ത്തുന്നത്. മാധ്യമസ്ഥാപനത്തിനകത്തെ പത്രാധിപരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം മാനേജര്‍മാര്‍ എഡിറ്റോറിയലിനു പുറത്തുള്ള തീരുമാനങ്ങളില്‍ ഒതുങ്ങിനില്‍ക്കുമെന്ന് ഉറപ്പാക്കണമെന്നതാണ് മറ്റൊരാവശ്യം. ഇതൊക്കെ ഉന്നയിക്കുമ്പോഴും രേഖ പ്രധാനമായി ഊന്നുന്നത്, 'പണത്തിനു പകരം വാര്‍ത്ത' എന്ന അപകടകരമായ രീതി മാധ്യമരംഗത്തെയും ജനാധിപത്യത്തെയും എത്രമാത്രം നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടാനാണ്; അതിന് തടയിടാനാണ്. തെരഞ്ഞെടുപ്പുകാലത്തു മാത്രമല്ല, എല്ലാ സമയത്തും പണംകൊടുത്തുള്ള വാര്‍ത്തകളുടെ ഭീഷണിയുണ്ട്. അത് മാധ്യമങ്ങളുടെ വിശ്വാസ്യത പാടെ തകര്‍ക്കുന്നു. മാധ്യമനിരീക്ഷകരും വിദഗ്ധരുമടങ്ങുന്ന സംവിധാനം ഇക്കാര്യം സദാ പരിശോധിക്കണം. വാര്‍ത്ത വില്‍ക്കുന്ന പ്രവണതയ്ക്കെതിരെ രാഷ്ട്രീയ പാര്‍ടികളും നേതാക്കളും മാധ്യമപ്രവര്‍ത്തകരും മാധ്യമ ഉടമകളും പൊതുസമൂഹമാകെയും ഐക്യപ്പെട്ട് നീങ്ങണം. തെരഞ്ഞെടുപ്പു കമീഷനാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ചെയ്യാനുള്ളത്. മാധ്യമങ്ങളുടെ തെരഞ്ഞെടുപ്പുകാലത്തെ നിയമവിരുദ്ധ ഇടപെടലുകളെ കര്‍ക്കശമായി നേരിടേണ്ടതുമുണ്ട്. മാധ്യമങ്ങളുടെ ഇന്നുള്ള പോക്ക് ആശാസ്യമല്ലെന്നും അതിന് മൂക്കുകയറിടേണ്ടത് അനിവാര്യതയാണെന്നുമാണ് രേഖയുടെ കാതല്‍. പണത്തിനും ലാഭത്തിനും അധികാരത്തിനും ഉപജാപങ്ങള്‍ക്കും പിന്നാലെ പായുകയും അവാസ്തവ പ്രചാരണവും അപനിര്‍മിതികളും ദിനചര്യയാക്കുകയും ചെയ്ത മാധ്യമങ്ങള്‍ക്കു നടുവിലാണ് ഇന്ന് സമൂഹം. നാം വായിക്കുന്ന വാര്‍ത്തകള്‍ക്കുപിന്നില്‍ ഒളിച്ചുവയ്ക്കപ്പെട്ട ലാഭമോഹവും അധികാര-വിപണി താല്‍പ്പര്യങ്ങളുമാണുള്ളതെന്ന് വരുമ്പോള്‍ സമൂഹം ഉല്‍ക്കണ്ഠപ്പെടുകതന്നെ വേണം. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ തിരിച്ചുപിടിച്ച കണ്ണാടിയാകണം ബഹുജനമാധ്യമങ്ങള്‍. അല്ലാത്തവയെ തിരിച്ചറിയാനും നിയന്ത്രിക്കാനും കഴിയണം. അതിനുള്ള മുന്‍കൈ ഇന്നത്തെ ഇന്ത്യന്‍ ഭരണാധികാരികളില്‍നിന്ന് ഉണ്ടാവുക അസാധ്യമാണ്. മാധ്യമപ്രവര്‍ത്തകര്‍ കൂട്ടായി അതിനുവേണ്ടി പരിശ്രമിക്കുകയും സ്വയം അത്തരം ഉയര്‍ന്ന ബോധ്യത്തിലേക്കെത്തുകയും വളരെ പ്രധാനമായ സംഗതിയാണ്. അത്തരമൊരു അവസ്ഥ സൃഷ്ടിക്കാന്‍ ഡല്‍ഹി ജേര്‍ണലിസ്റ് യൂണിയന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ ലഭിക്കേണ്ടതുണ്ട്.

അഴിമതിക്ക് കൈയൊപ്പ് ചാര്‍ത്തിയ മൌനം.

അഴിമതിക്ക് കൈയൊപ്പ് ചാര്‍ത്തിയ മൌനം
രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായിട്ടാകും അഴിമതിക്കേസില്‍ ഇത്ര രൂക്ഷമായ വിമര്‍ശം സുപ്രീംകോടതി പ്രധാനമന്ത്രിക്കുനേരെ നടത്തുന്നത്. സ്വന്തം കസേര സംരക്ഷിക്കുന്നതിന് എംപിമാരെ വിലക്കെടുത്തതിന്റെ പേരില്‍ പ്രധാനമന്ത്രിസ്ഥാനത്തിന് അപമാനകരമായ പ്രവൃത്തി നടത്തിയെന്ന ചീത്തപ്പേരാണ് മരിക്കുമ്പോഴും നരസിംഹറാവുവിനെ വേട്ടയാടിയത്. ജെഎംഎം കോഴക്കേസിലൂടെ കുപ്രസിദ്ധനായ റാവു രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ആനയിച്ച മന്‍മോഹന്‍സിങ്ങിന്റെ നടപടികള്‍ കൂട്ടുകക്ഷി മന്ത്രിസഭ നിലനിര്‍ത്തുന്നതിനുള്ള മൌനം മാത്രമായിരുന്നോ എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയാത്തവിധം കാര്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ടെലികോം മന്ത്രിയായിരുന്ന രാജയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കണമെന്ന ആവശ്യത്തിന്മേല്‍ 16 മാസം അടിയിരുന്നതിനാണ് സുപ്രീംകോടതി മന്‍മോഹന്‍സിങ്ങിനെ രൂക്ഷമായി വിമര്‍ശിച്ചത്. പ്രോസിക്യൂഷന് അനുമതി നല്‍കണമെന്ന ആവശ്യത്തില്‍ മൂന്നുമാസത്തിനുള്ളില്‍ തീരുമാനമെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഈ കുറ്റകരമായ സമീപനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായത്. അപേക്ഷ നല്‍കി 11 മാസം കഴിഞ്ഞപ്പോള്‍ സിബിഐ കേസ് രജിസ്റര്‍ചെയ്യുകയും അതുകഴിഞ്ഞ് അഞ്ചുമാസം കഴിഞ്ഞപ്പോള്‍ ഈ ന്യായത്തിന്‍മേല്‍ പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയും ചെയ്തതിലെ ദുരൂഹതയും കോടതിയുടെ നിരീക്ഷണത്തിലുണ്ട്. സിബിഐ പ്രധാനമന്ത്രി കൈകാര്യംചെയ്യുന്ന വകുപ്പ് തന്നെയാണ് എന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു. സ്പെക്ട്രം പ്രശ്നത്തില്‍ ആദ്യം ശരിയായ നിലപാട് സ്വീകരിച്ചശേഷം പിന്നീട് മൌനം പാലിച്ച് വന്‍കൊള്ളയ്ക്ക് നിശബ്ദമായി അനുമതി നല്‍കിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രധാനമായും മറുപടി പറയേണ്ടത്. പാര്‍ലമെന്റും ഇന്ത്യന്‍ ജനതയും കാത്തിരിക്കുന്നത് ആ മറുപടിക്കു വേണ്ടിയാണ്. 2007 നവംബര്‍ രണ്ടിനാണ് രാജയ്ക്ക്പ്രധാനമന്ത്രി കത്തെഴുതുന്നത്. വിലനിര്‍ണയം സുതാര്യവും നീതിപൂര്‍വവുമാക്കുന്നതിനായി ലേലം നടത്തണമെന്ന നിര്‍ദേശമാണ് പ്രധാനമന്ത്രി രാജയ്ക്ക് നല്‍കിയത്. പ്രവേശനഫീസ് കാലോചിതമായി പുതുക്കി നിശ്ചയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ടെലികോം കമീഷന്‍ ലേലത്തിന് എതിരാണെന്ന മറുപടിയാണ് രാജ ആദ്യം നല്‍കിയത്. സിഎജി റിപ്പോര്‍ട്ട് ഇതിലെ കള്ളം തുറന്നുകാണിക്കുന്നുണ്ട്. കമീഷന്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നില്ലെന്നാണ് രേഖകള്‍ പരിശോധിച്ചശേഷം സിഎജി റിപ്പോര്‍ട്ട് ചെയ്തത്. ഇങ്ങനെയൊരു യോഗം നടന്നിട്ടില്ലെന്ന കാര്യം പ്രധാനമന്ത്രിയുടെ ഓഫീസിനു അന്വേഷിച്ചാല്‍ എളുപ്പം അറിയാന്‍ കഴിയുന്നതാണ്. ടെലികോം കമീഷന്‍ ഇനി അങ്ങനെ തീരുമാനിച്ചാല്‍പോലും അതിനെ മറികടക്കാന്‍ വകുപ്പിനും മന്ത്രിസഭയ്ക്കും എളുപ്പം കഴിയുമെന്ന കാര്യം അറിയാവുന്ന പ്രധാനമന്ത്രി എന്തുകൊണ്ട് ഈ പ്രശ്നം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാന്‍ രാജയോട് ആവശ്യപ്പെട്ടില്ല? 2001ലെ വിലയ്ക്ക് 2008ല്‍ സ്പെക്ട്രം അനുവദിക്കുന്നതിന് ധനമന്ത്രാലയം തുടക്കം മുതല്‍ എതിരായിരുന്നു. പൊതുഖജനാവിലേക്ക് പണം വരുന്ന വിഷയത്തില്‍ ധനമന്ത്രാലയത്തിന്റെ അഭിപ്രായത്തിനു പ്രത്യേക പ്രാധാന്യമുണ്ട്്. ഈ അഭിപ്രായം തള്ളിക്കളയാന്‍ എങ്ങനെയാണ് രാജയെപ്പോലെ ആ വകുപ്പില്‍ പുതുമുഖമായ ഒരാള്‍ക്ക് ധൈര്യമുണ്ടാകുന്നത്? വാര്‍ത്താവിനിമയ മന്ത്രാലയം ഈ വിഷയത്തില്‍ നിയമവകുപ്പിന്റെ അഭിപ്രായം ആരായാന്‍ തീരുമാനിച്ചു. 2007 നവംബര്‍ ഒന്നിന് അന്നത്തെ നിയമമന്ത്രിയായിരുന്ന എച്ച് ആര്‍ ഭരദ്വാജ് തന്റെ വകുപ്പിന്റെ അഭിപ്രായം അറിയിച്ചു. മന്ത്രിതല സംഘത്തിന്റെ പരിഗണനയ്ക്ക് വിഷയം വിടുന്നതിനാണ് നിയമവകുപ്പ് ശുപാര്‍ശ ചെയ്തത്. ഈ അഭിപ്രായം അസാന്ദര്‍ഭികം(ീൌ ീള രീിലേഃ) ആണെന്ന് പരിഹാസത്തോടെ എഴുതിത്തള്ളുകയാണ് രാജ ചെയ്തത്. നിയമപരമായ കാര്യങ്ങളില്‍ സര്‍ക്കാരിന്ആധികാരികമായി നിര്‍ദേശം നല്‍കാന്‍ അധികാരമുള്ള നിയമവകുപ്പിന്റെ ശുപാര്‍ശ തള്ളിക്കളയുന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനച്ചട്ടങ്ങള്‍ക്ക് എതിരാണ്. അതിലെ വകുപ്പ് ഏഴു പ്രകാരം സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന കാര്യങ്ങളിലും രണ്ടു മന്ത്രാലയങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്ന പ്രശ്നങ്ങളിലും മന്ത്രിസഭയുടെ അഭിപ്രായം മാനിക്കണമെന്ന് വ്യവസ്ഥയുള്ളത് സിഎജി റിപ്പോര്‍ട്ട് ഓര്‍മിപ്പിക്കുന്നുണ്ട്. മന്ത്രിസഭയുടെ കൂട്ടായ പ്രവര്‍ത്തനം പരസ്യമായി ലംഘിക്കപ്പെട്ടിരിക്കുന്നെന്ന് സിഎജി പറയുമ്പോള്‍ പ്രതിക്കൂട്ടില്‍ പ്രധാനമന്ത്രിതന്നെയാണ്്. വ്യത്യസ്ത മന്ത്രാലയങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോഴും രാജ്യത്തിന്റെ ഖജനാവിനു വലിയ നഷ്ടമുണ്ടാകുമ്പോഴും അക്കാര്യത്തില്‍ ന്യായം നടക്കുന്നെന്ന് ഉറപ്പുവരുത്താന്‍ മന്ത്രിസഭയുടെ തലവനായ പ്രധാനമന്ത്രിക്കാണ് പൂര്‍ണമായ ഉത്തരവാദിത്തം. അതിന് മറ്റാരെയും കുറ്റപ്പെടുത്താനാവില്ല. യഥാര്‍ഥത്തില്‍ നവംബര്‍ രണ്ടിന് എഴുതിയ കത്തില്‍ പരോക്ഷമായി പ്രധാനമന്ത്രി അത് സൂചിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇനി എന്തെങ്കിലും നടപടി എടുക്കുന്നെങ്കില്‍ അത് തന്നെ അറിയിക്കണമെന്ന് പ്രധാനമന്ത്രി പ്രത്യേകമായി പറയുന്നുണ്ട്. പ്രധാനമന്ത്രിക്ക് തുടര്‍ന്ന് ഇടപെടുന്നതിനുള്ള ആര്‍ജവം കൈമോശം വന്നത് 2007 ഡിസംബര്‍ 26ന് രാജ പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനുശേഷമാണ്. നവംബര്‍ 11 ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയ കാര്യം ഓര്‍മിപ്പിക്കുന്ന രാജ അതിനുശേഷം പ്രധാനമന്ത്രിയുമായി നടത്തിയ സ്വകാര്യചര്‍ച്ചകളും പ്രത്യേകം എടുത്തുപറയുന്നു. അന്നത്തെ വിദേശമന്ത്രിയോടും പലവട്ടം ചര്‍ച്ച നടത്തിയെന്ന കാര്യവും രാജ പ്രധാനമന്ത്രിയെ ഓര്‍മിപ്പിക്കുന്നു. ആ വിദേശകാര്യ മന്ത്രി റിലയന്‍സുമായുള്ള അടുപ്പത്തിന്റെ പേരില്‍ പലപ്പോഴും വിവാദങ്ങളില്‍ ചാടിയ പ്രണബ് കുമാര്‍ മുഖര്‍ജിയാണ്. ലേലം നടത്തണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശം തള്ളി ആദ്യം വരുന്നവര്‍ക്ക് ആദ്യം നല്‍കുക എന്ന രീതിയാണ് താന്‍ പിന്തുടരുന്നതെന്ന് രാജ ഈ കത്തിന്റെ അനുബന്ധത്തില്‍ ആധികാരികമായി വ്യക്തമാക്കുന്നു. ഈ ഘട്ടത്തില്‍ നിര്‍ബന്ധമായും പ്രധാനമന്ത്രി ഇടപെടണമായിരുന്നു. മന്ത്രിസഭയുടെ പരിഗണനയില്‍പോലും വിഷയം കൊണ്ടുവരാന്‍ തയ്യാറായില്ല. ഈ കത്ത് കൈപ്പറ്റിയെന്ന് മറുകുറി രാജയ്ക്ക് നല്‍കുകയും ചെയ്തു. ലക്ഷം കോടികളുടെ നഷ്ടമുണ്ടാകുമെന്ന് പലരും മുന്നറിയിപ്പ് നല്‍കിയ കേസില്‍ പ്രധാനമന്ത്രിയുടെ കൈകള്‍ കെട്ടിയിട്ടത് ആരാണ്? സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന കോഗ്രസ് പാര്‍ടിയില്‍ സ്വാഭാവികമായും ഇത് ചര്‍ച്ച ചെയ്തിട്ടുണ്ടാകണമല്ലോ. വിവിധ വകുപ്പുകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം അവഗണിച്ചുതന്നെ നടപടികളുമായി മുന്നോട്ടുപോകാന്‍ രാജയ്ക്ക് അനുമതി നല്‍കിയതിലൂടെ കോഗ്രസിന് എന്തു നേട്ടമുണ്ടായി എന്ന ചോദ്യത്തിനും ഉത്തരം കാണേണ്ടിവരും. രണ്ടാം യുപിഎ സര്‍ക്കാരില്‍ രാജ സത്യപ്രതിജ്ഞചെയ്ത് 24 മണിക്കൂര്‍ തികയുന്നതിനു മുമ്പ് ഡല്‍ഹി ഹൈക്കോടതി അതിരൂക്ഷമായ വിമര്‍ശം നടത്തുകയുണ്ടായി. സിനിമാ ടിക്കറ്റ് വില്‍ക്കുന്നതുപോലെയാണ് വിലപിടിപ്പുള്ള ദേശീയ സമ്പത്ത് വിറ്റുതുലച്ചതെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഇങ്ങനെയൊരാളെ എങ്ങനെയാണ് മന്‍മോഹന്‍സിങ് വീണ്ടും ടെലികോം വകുപ്പ് ഏല്‍പ്പിച്ചത്. 2008 ഫെബ്രുവരിയില്‍ പത്രസമ്മേളനം നടത്തി സിപിഐ എം നേതാവ് സീതാറാം യെച്ചൂരി വന്‍ അഴിമതി തുറന്നുകാണിച്ചു. അതിനുശേഷം മൂന്നുതവണ പ്രധാനമന്ത്രിക്ക് കത്തെഴുതി. 1,90,000 കോടി രൂപ കേന്ദ്രഖജനാവിനു നഷ്ടമുണ്ടായെന്ന് ആധികാരികമായി അതില്‍ സൂചിപ്പിച്ചു. ഇപ്പോള്‍ എല്ലാ രേഖകളും പരിശോധിച്ച സിഎജി 176379 കോടി രൂപയുടെ നഷ്ടമാണ് കണ്ടെത്തിയത്. ഇനി ഇതൊന്നുമില്ലെങ്കിലും മന്‍മോഹന്‍സിങ്ങിനെപ്പോലൊരാള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുംവിധം നിരവധി തെളിവുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന, യോഗ്യതയില്ലാത്ത കമ്പനിയായ സ്വാന്‍ സ്പെക്ട്രം ലൈസന്‍സ് നേടിയത് 1530 കോടി രൂപയ്ക്കാണ്. ആഴ്ചകള്‍ക്കുള്ളില്‍ അവരുടെ 45 ശതമാനം ഓഹരികള്‍ യുഎഇയിലുള്ള എത്തിസലാത്ത് കമ്പനിക്ക് വിറ്റത് 4500 കോടി രൂപയ്ക്കാണ്. മറ്റൊരു റിയല്‍ എസ്റ്റേറ്റ് കമ്പനിയായ യൂനിടെക് 1651 കോടി രൂപയാണ് ലൈസന്‍സിനായി മുടക്കിയത്. ആഴ്ചകള്‍ക്കുള്ളില്‍ അവരുടെ 60 ശതമാനം ഓഹരികളും നോര്‍വീജിയന്‍ കമ്പനിക്ക് 6120 കോടി രൂപയ്ക്കാണ് വിറ്റത്്. ഇതെല്ലാം അന്നേ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണ്. നിരവധി മാധ്യമ വാര്‍ത്തകളും പാര്‍ലമെന്റ് അംഗങ്ങള്‍ നല്‍കിയ കത്തുകളുമാണ് ഈ വിഷയം അന്വേഷിക്കുന്നതിലേക്ക് നയിച്ചതെന്ന് സിഎജി സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, പ്രധാനമന്ത്രിക്ക് എന്തേ അത്തരം ചിന്തകള്‍ ഉണ്ടായില്ല. ഇപ്പോള്‍ സുപ്രീംകോടതിയിലും രാജയെ ന്യായീകരിക്കുന്ന സത്യവാങ്മൂലമാണ് നല്‍കിയിട്ടുള്ളത്. എന്നു മാത്രമല്ല പ്രധാനമന്ത്രി കൈകാര്യംചെയ്യുന്ന സിബിഐയുടെ ഉദ്യോഗസ്ഥനും രാജയുടെ വക്കീലും ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്ന സാഹചര്യം എങ്ങനെയാണ് ഒരുങ്ങിയത് എന്നതിനും മറുപടി പറയേണ്ടത് പ്രധാനമന്ത്രിയാണ്. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്നതുപോലും നടപ്പാക്കിയില്ല എന്ന് സിഎജി ഇപ്പോള്‍ രേഖകള്‍ സഹിതം പുറത്തുകൊണ്ടുവന്നിരിക്കുന്നു. പത്രക്കുറിപ്പില്‍ സ്വന്തം കൈപ്പടയിലാണ് ഇതിനുള്ള തിരുത്ത് രാജ വരുത്തിയത്. ആദ്യം അപേക്ഷ നല്‍കിയവര്‍ക്ക് പരിഗണന നല്‍കേണ്ടതില്ലെന്നാണ് രാജയുടെ തിരുത്ത്. ഒരു മണിക്കൂറിനുള്ളില്‍ കോടികള്‍ അടയ്ക്കാന്‍ അറിയിപ്പ് നല്‍കുകയും മിനിറ്റുകള്‍ക്കുള്ളില്‍ ചില കമ്പനികള്‍ പണം അടച്ച് ലിസ്റില്‍ മുമ്പിലെത്തിയ കഥയും പ്രധാനമന്ത്രി അറിഞ്ഞിട്ടുണ്ടാകുമല്ലോ. ലൈസന്‍സ് കിട്ടിയ കമ്പനികളില്‍ 85 എണ്ണത്തിന് ആവശ്യമായ യോഗ്യതകള്‍ ഉണ്ടായിരുന്നില്ല. അതിലൊന്ന് റിലയന്‍സിന് പത്തുശതമാനത്തിലധികം ഓഹരിയുണ്ടായിരുന്ന സ്വാനാണ്. ഇവരുടെ ഓഹരി ലിസ്റ് തിരുത്തി നല്‍കി പഴയ സീനിയോറിറ്റി നിലനിര്‍ത്തുകയാണ് ചെയ്തത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയില്‍ ഒന്നും മറയ്ക്കാനില്ലെങ്കില്‍ കുറ്റമറ്റ അന്വേഷണ സംവിധാനമെന്ന ആവശ്യത്തോട് പ്രധാനമന്ത്രിയും കോഗ്രസും ഇത്രയും നാള്‍ പുറംതിരിഞ്ഞുനില്‍ക്കുമായിരുന്നില്ല. കോമവെല്‍ത്ത് ഗെയിംസില്‍ അഴിമതി നടത്തിയ കല്‍മാഡിയെ ഇപ്പോഴും കായികസംഘടനകളുടെയും മറ്റും സ്ഥാനത്ത് തുടരുന്നതിന് അനുവദിച്ച പ്രധാനമന്ത്രി കുടുതല്‍ കൂടുതല്‍ തുറന്നുകാട്ടപ്പെടുകയാണ്. 1991ല്‍ പുതിയ സാമ്പത്തിക നയത്തിനു തുടക്കമിട്ടതിനൊപ്പം പിറന്ന ഓഹരി കുഭകോണത്തിലൂടെ അഴിമതിയുടെ പുതിയ സാധ്യതകള്‍കൂടി തുറന്നിട്ടുകൊടുത്ത മന്‍മോഹന്‍സിങ് ഇപ്പോള്‍ എല്ലാ റെക്കോഡുകളും ഭേദിച്ചിരിക്കുന്നു. എത്ര മൌനവാല്‍മീകത്തിലിരുന്നാലും ഇനി രക്ഷയില്ലെന്ന അവസ്ഥയാണ് ഇന്നുള്ളത്. പുതിയ പുതിയ അഴിമതിക്കഥകള്‍ പുറത്തുവരുമ്പോള്‍ മന്‍മോഹന്‍സിങ്ങും കോഗ്രസുംതന്നെയാണ്് പ്രതിക്കൂട്ടില്‍. പാര്‍ലമെന്റിലും കോടതിയിലും പുറത്തും നില്‍ക്കക്കള്ളിയില്ലാതായപ്പോഴാണ് പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങി സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി അന്വേഷണത്തിന് നിര്‍ബന്ധിതമാകുന്നത്. പക്ഷേ, അത്തരമൊരു തീരുമാനത്തിലേക്കെത്താന്‍ ഇത്രയും വൈകിയതുതന്നെ രണ്ടാം യുപിഎ സര്‍ക്കാര്‍ യാഥാര്‍ഥ്യം ഒളിപ്പിച്ചുവയ്ക്കാന്‍ കാട്ടിയ വ്യഗ്രതയ്ക്കാണ് തെളിവായത്്.
പി രാജീവ്

Wednesday, November 17, 2010

കൊടുംവിഷം ഇനി വേണ്ട

കൊടുംവിഷം ഇനി വേണ്ട

1950 ലാണ് അമേരിക്കയില്‍ എന്‍ഡോസള്‍ഫാനെന്ന ശക്തമായ കീടനാശിനി കണ്ടുപിടിച്ചത്. 2002ല്‍ അമേരിക്കയിലെ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് സര്‍വീസ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ഭക്ഷ്യസാധനങ്ങളിലും വെള്ളത്തിലും വായുവിലും വിഷാംശങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചു. മാത്രമല്ല സാര്‍വദേശീയമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. 2007 മുതല്‍ സാര്‍വദേശീയ സമൂഹം എന്‍ഡോസള്‍ഫാന്‍ ഉപയോഗവും വ്യാപാരവും നിയന്ത്രിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നിരോധിക്കപ്പെടേണ്ട കീടനാശിനികളുടെയും രാസവസ്തുക്കളുടെയും പട്ടികയില്‍ എന്‍ഡോസള്‍ഫാന്‍കൂടി ഉള്‍പ്പെടുത്തണമെന്ന അഭിപ്രായവും ശക്തമായി. ഈ സന്ദര്‍ഭത്തില്‍ പടിപടിയായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്ന് കനഡ പ്രഖ്യാപിച്ചു. അമേരിക്ക സ്വന്തം മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് നിരോധിക്കുകയും കയറ്റുമതി തുടരുകയുംചെയ്തു. 2008ല്‍ നാച്ച്വറല്‍ റിസോഴ്സ് ഡിഫന്‍സ് കൌസിലും ഓര്‍ഗാനിക് കസ്യൂമേഴ്സ് അസോസിയേഷനും വിവിധ കര്‍ഷക സംഘടനകളും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവന്നു. 2008ല്‍ ശാസ്ത്രകാരന്മാര്‍ സംയുക്തമായി നിരോധന ആവശ്യം മുന്നോട്ടുവച്ചു. ജൂലൈയില്‍ പരിസ്ഥിതി പ്രവര്‍ത്തകരും മറ്റ് സംഘടനകളും ചേര്‍ന്ന് 2002ലെ ഇപിഎ തീരുമാനത്തിനെതിരെ കേസ് ഫയല്‍ ചെയ്തു. ഒക്ടോബറില്‍ സ്റോക്ക് ഹോം കവന്‍ഷന്റെ റിവ്യൂകമ്മിറ്റി, നിരോധിക്കപ്പെടേണ്ട കീടനാശിനികളില്‍ എന്‍ഡോസള്‍ഫാനെക്കൂടി ഉള്‍പ്പെടുത്താനുള്ള നീക്കം ആരംഭിച്ചു. എന്നാല്‍, ഇന്ത്യ ഇതിനെതിരായ സമീപനമാണ് സ്വീകരിച്ചത്. 2009ല്‍ ന്യൂസിലന്‍ഡ് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു. 2008 ജൂണില്‍ ഫിലിപ്പീന്‍സില്‍ താല്‍ക്കാലികമായി നിരോധിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയുംചെയ്തു. എന്‍ഡോസള്‍ഫാന്‍ ഗൌരവമായ പാരിസ്ഥിതിക ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണെന്ന് സ്റോക്ക് ഹോം കവന്‍ഷന്റെ റിവ്യൂ കമ്മിറ്റി അംഗീകരിച്ചു. സാര്‍വദേശീയമായി തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ടതാണെന്ന് അവര്‍ ആവശ്യപ്പെട്ടു. അമേരിക്കയില്‍ പരുത്തി, ഉരുളക്കിഴങ്ങ്, തക്കാളി, ആപ്പിള്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകമായി ഉപയോഗിച്ചിരുന്നെന്ന് ഇപിഎ(പരിസ്ഥിതി സംരക്ഷണ ഏജന്‍സി) ചൂണ്ടിക്കാണിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്്. മനുഷ്യഞരമ്പുകളെ ക്ഷീണിപ്പിക്കുകയും ക്രമേണ ശ്വാസസംബന്ധമായ അസുഖം, ഛര്‍ദി, അവയവങ്ങളെ ക്ഷീണിപ്പിക്കല്‍, വയറ്റിളക്കം, ബോധക്ഷയം തുടങ്ങിയവയ്ക്കൊക്കെ കാരണമാണെന്ന് ശാസ്ത്രീയമായ പഠനങ്ങള്‍ വ്യക്തമാക്കുന്നു. നിരവധി സംഭവങ്ങളില്‍ ബുദ്ധിമാന്ദ്യവും വിവിധ അവയവങ്ങളുടെ വൈകല്യവും പ്രകടമാണ്. പ്ളാന്റേഷന്‍ ജോലി ചെയ്യുന്നവര്‍ക്ക് ചര്‍മ സംബന്ധമായ രോഗങ്ങളും കണ്ടുവരുന്നു. ചെറിയ അളവില്‍ എന്‍ഡോസള്‍ഫാന്‍ ശ്വസിച്ചാലും ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ശരീരത്തില്‍ കടന്നാലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നു. എന്‍ഡോസള്‍ഫാന്റെ ഫലത്തെക്കുറിച്ച് മനുഷ്യരിലും മൃഗങ്ങളിലും ചെടികളിലും എലികളിലും നടത്തിയ പരീക്ഷണങ്ങളുടെ ഫലം ഞെട്ടിപ്പിക്കുന്നതാണ്. മനുഷ്യരുടെ ഉല്‍പ്പാദനശേഷിയെ ബാധിക്കും. ക്യാന്‍സര്‍, ടിബി പോലുള്ള രോഗങ്ങളിലേക്ക് ക്രമേണ ഇത് എത്തിച്ചേരും. കാസര്‍കോട്ട് എന്‍ഐഒഎച്ച് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്ന പ്രദേശങ്ങളിലെ കുട്ടികളുടെ രക്തവും അല്ലാത്ത പ്രദേശങ്ങളിലെ കുട്ടികളുടെ രക്തവും പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍, എന്‍ഡോസള്‍ഫാന്‍തന്നെയാണ് അസാധാരണ രോഗങ്ങള്‍ക്ക് കാരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 2007ല്‍ കാലിഫോര്‍ണിയയിലെ പബ്ളിക് ഹെല്‍ത്ത് ഡിപ്പാര്‍ട്മെന്റ് നടത്തിയ പഠനത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന പ്രദേശങ്ങള്‍ക്കടുത്ത് ജീവിക്കുന്ന സ്ത്രീകളില്‍ ആദ്യത്തെ എട്ട് ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭധാരണം അലസിപ്പോകുന്ന അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ക്യാന്‍സറിന് വഴിതെളിക്കുമെന്ന് പഠനം പറയുന്നില്ലെങ്കിലും ബ്രെസ്റ് ക്യാന്‍സര്‍ ശക്തിപ്പെടുന്നതിന് ഇത് കാരണമാകുമെന്ന് ചൂണ്ടികാണിക്കുന്നു. പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഏറെ സമയം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുകയും വളരെ ദൂരത്തില്‍ സഞ്ചരിക്കുകയുംചെയ്യുന്ന സവിശേഷ കീടനാശിനിയാണ്. എന്‍ഡോസള്‍ഫാന്‍ സള്‍ഫേറ്റും എന്‍ഡോസള്‍ഫാന്‍ ഡോളും ഒരേപോലെ ഈ പ്രവര്‍ത്തനം നിര്‍വഹിക്കുന്നു. ഇവയ്ക്ക് ഒന്‍പതുമാസം മുതല്‍ ആറുവര്‍ഷംവരെ നാശമില്ലാതെ നിലനില്‍ക്കാനുള്ള കഴിവുണ്ടെന്നാണ് ഇപിഎയുടെ പഠനങ്ങള്‍ പറയുന്നത്. 2008ല്‍ അമേരിക്കയില്‍ നടത്തിയ സര്‍വേയില്‍ അമേരിക്കയിലെ നാഷണല്‍ പാര്‍ക്കില്‍ കണ്ട വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. വായു, വെള്ളം, ചെടികള്‍, മത്സ്യം എന്നിവയിലെല്ലാം എന്‍ഡോസള്‍ഫാന്‍ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഈ പാര്‍ക്കുകള്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍നിന്ന് വളരെ ദൂരത്തിലാണ്. 2009ല്‍ സ്റോക്ക് ഹോം കവന്‍ഷനിലെ ശാസ്ത്രകാരന്മാരുടെ വിദഗ്ധസംഘം ചൂണ്ടിക്കാണിച്ചത് "വളരെ ദൂരത്തില്‍ സഞ്ചരിക്കാനുള്ള കഴിവുള്ളതുകൊണ്ടുതന്നെ മനുഷ്യരുടെ ആരോഗ്യത്തിനും പ്രകൃതിക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇതുവഴി ഉണ്ടാകുന്നു. അതുകൊണ്ടുതന്നെ സാര്‍വദേശീയമായും നടപടി ആവശ്യമാണ്.'' എന്നാണ്. ഇന്ത്യയിലെ ഉല്‍പ്പാദനം ലോകത്തില്‍ ഏറ്റവും അധികം എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും ഇന്ത്യയിലാണ്. എക്സല്‍ ക്രോപ്പ് കേര്‍, എച്ച്ഐഎല്‍, കൊറോമണ്ടല്‍ ഫര്‍ട്ട്ലൈസര്‍ എന്നീ മൂന്ന് പ്രധാനകമ്പനികളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും രാജ്യത്ത് ഉപയോഗത്തിന് 4500 ടണ്ണും കയറ്റി അയക്കുന്നതിന് 4000 ടണ്ണും ഉല്‍പ്പാദിപ്പിക്കുന്നു. കാസര്‍കോട്ടാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ ഭാഗമായി കുട്ടികളില്‍ അസാധാരണ രോഗങ്ങള്‍ കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് ആദ്യം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചെങ്കിലും കമ്പനിയുടെ നിര്‍ബന്ധത്തിന്റെയും കോടതി നടപടികളുടെയും ഭാഗമായി ഈ നിരോധനം വലിയൊരളവില്‍ അസാധുവാക്കപ്പെട്ടു. നിയന്ത്രണനടപടികള്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളും ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന മറ്റു നടപടികളും നിയന്ത്രിക്കുന്നതിനുവേണ്ടി 1998 ലാണ് ഐക്യരാഷ്ട്ര പാരിസ്ഥിതിക പരിപാടിയുടെ ഭാഗമായി പഠനങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി 2001 മേയില്‍ സ്വീഡനിലെ സ്റോക്ക് ഹോമില്‍ പ്രത്യേക കവന്‍ഷന്‍ ചേര്‍ന്നു. ഇതാണ് കവന്‍ഷന്‍ ഓ പെര്‍സിസ്റന്റ് ഓര്‍ഗാനിക് പൊല്യൂട്ടന്റ് അഥവാ പോപ്പ് എന്ന് അറിയപ്പെടുന്നത്. ഈ സന്ദര്‍ഭത്തിലാണ് ഫിലിപ്പീന്‍സിലെയും ജനീവയിലെയും പാരിസ്ഥിതിക പ്രവര്‍ത്തകര്‍ നിരോധിക്കപ്പെട്ട രാസവസ്തുക്കളുടെ കൂട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചത്. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം ചര്‍ച്ച നടക്കുന്ന സന്ദര്‍ഭത്തിലാണ് 1998ല്‍ കാസര്‍കോട് പെരിയയില്‍ കശുമാവിന്‍തോട്ടത്തില്‍ തളിക്കുന്ന എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി ലീലാകുമാരിയമ്മ എന്ന സര്‍ക്കാരുദ്യോഗസ്ഥ കോടതിയില്‍ എത്തിയത്. തണല്‍പോലുള്ള സംഘടനകള്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തി. പോപ്പ് കവന്‍ഷന്റെ റിവ്യൂ കമ്മിറ്റി ഓരോ വര്‍ഷവും എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് റിവ്യൂ നടത്തിവന്നിരുന്നു. നിരോധിക്കേണ്ട ലിസ്റില്‍ ഉള്‍പ്പെടുത്തേണ്ട രാസവസ്തുവാണ് എന്‍ഡോസള്‍ഫാനെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. 2008ലും 2009ലും നടന്ന യോഗങ്ങളിലും കാര്‍ബണിക രാസ വിഷയങ്ങളുടെ പട്ടികയില്‍ എന്‍ഡോസള്‍ഫാനെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചു. ജനീവയില്‍ നടന്ന ആറാമത് സ്റോക്ക് ഹോം കവന്‍ഷനില്‍ 29 അംഗങ്ങളാണ് പങ്കെടുത്തത്. ഒക്ടോബര്‍ 10 മുതല്‍ 15 വരെ നടന്ന യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ മൂന്നു രാസവസ്തുക്കളെ സംബന്ധിച്ചായിരുന്നു ചര്‍ച്ച. ആദ്യം മുതല്‍ ഇന്ത്യയും കമ്പനി പ്രതിനിധികളും എന്‍ഡോസള്‍ഫാനെ രക്ഷിക്കാനുള്ള വാദഗതികളാണ് ഉയര്‍ത്തിയത്. ജപ്പാന്‍, കനഡ, ബ്രസീല്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങള്‍ തങ്ങളുടെ രാജ്യങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച കാര്യം സമ്മേളനത്തില്‍ അവതരിപ്പിച്ചെങ്കിലും ഇന്ത്യയ്ക്ക് മാറ്റം ഉണ്ടായില്ല. കാസര്‍കോട്ട് 12 ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഉണ്ടാക്കിയ മാരക രോഗങ്ങളെ സംബന്ധിച്ച് സാര്‍വദേശീയ രംഗത്തെ പഠനങ്ങളില്‍ വിശദമായി പ്രതിപാദിച്ചിട്ടും ഇന്ത്യയുടെ പ്രതിനിധി എന്‍ഡോസള്‍ഫാനുവേണ്ടി വാദിക്കുമ്പോള്‍, ഇവരുടെ മുമ്പില്‍ മാനുഷിക പരിഗണനയ്ക്ക് ഒരു വിലയുമില്ലെന്ന് വ്യക്തമാണ്. 71 രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്, എല്ലാ സ്ഥലങ്ങളിലും സമരങ്ങള്‍ വളര്‍ന്നുവന്നതുകൊണ്ടുമാത്രമല്ല; ശാസ്ത്രകാരന്മാരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ വിഷയം തുടര്‍ച്ചയായി ഉയര്‍ത്തിയതിന്റെ ഭാഗമായി തങ്ങളുടെ രാജ്യത്തിന്റെ പാരിസ്ഥിതിക സംരക്ഷണവും മനുഷ്യന്റെ ആരോഗ്യസംരക്ഷണവും മുന്‍നിര്‍ത്തിയാണ് അതത് ഗവമെന്റുകള്‍ നിരോധിച്ചത്. നിരോധിക്കുന്നതിനാവശ്യമായ എല്ലാ തെളിവും പഠനങ്ങളുടെ ഭാഗമായി നമ്മുടെ മുമ്പിലുണ്ട്. കേരള സര്‍ക്കാര്‍ നിയമിച്ച അച്ചുതന്‍ കമീഷന്റെയും ശിവരാമന്‍ കമീഷന്റെയും റിപ്പോര്‍ട്ടുകള്‍ എന്‍ഡോസള്‍ഫാന്‍ കാരണം ഉണ്ടായിട്ടുള്ള അസാധാരണ രോഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. നാച്വറല്‍ ഇന്‍സ്റിസ്റ്യൂട്ട് ഓഫ് ഒക്കുപേഷണല്‍ ഹെല്‍ത്ത് നടത്തിയ പഠനം അതീവ പ്രാധാന്യമുള്ളതാണ്. അവര്‍ മണ്ണ്, വായു, വെള്ളം, ചെടികള്‍, രക്തം, അമ്മയുടെ മുലപ്പാല്‍ തുടങ്ങി വിശദമായ പരിശോധന നടത്തി കണ്ടെത്തിയ വസ്തുതകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കാസര്‍കോടിന്റെ പല ഭാഗങ്ങളിലും കണ്ടുവരുന്ന അസാധാരണ രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ദുബെകമീഷനിലെ എട്ട് അംഗങ്ങളില്‍ അഞ്ചുപേരും എന്‍ഡോസള്‍ഫാനെതിരെയാണ് അഭിപ്രായം രേഖപ്പെടുത്തിയത്. കമീഷനിലെ എന്‍ഡോസള്‍ഫാന്‍ പ്രതിനിധികളായ രണ്ട് അംഗങ്ങളും ദുബെയുമാണ് എന്‍ഡോസള്‍ഫാനുവേണ്ടി വാദിച്ചത്. കേന്ദ്ര കൃഷിമന്ത്രാലയത്തിലെ കാര്‍ഷിക വിദഗ്ധനായ ഡോ. ദുബെ കാസര്‍കോട് സിപിസിആര്‍ഐയില്‍ ഡയറക്ടറായിരുന്ന സമയത്താണ് കശുവണ്ടി തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ തളിക്കാന്‍ നിര്‍ദേശം നല്‍കിയത്. അദ്ദേഹംതന്നെയാണ് ഇത് സംബന്ധിച്ച് പഠിച്ച് എന്‍ഡോസള്‍ഫാന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയത് എന്ന കാര്യം യാദൃച്ഛികമാകാം. എന്നാല്‍, അദ്ദേഹത്തിന്റെ കമ്മിറ്റിയിലെ പാരിസ്ഥിതിക ആരോഗ്യ സാമൂഹ്യരംഗത്തെ പ്രഗത്ഭര്‍ ആരും എന്‍ഡോസള്‍ഫാനെ അനുകൂലിച്ചില്ലെന്നുള്ളത് ശ്രദ്ധേയമാണ്. ഈ കമ്മിറ്റി രോഗബാധിത പ്രദേശങ്ങള്‍ പോയിട്ടില്ലെന്നുള്ള വിമര്‍ശം ഉയര്‍ന്നുവന്നിട്ടുണ്ട്. പിന്നീട് നിയമിച്ച ഡോ. മിയ കമീഷനാകട്ടെ കൊച്ചിക്ക് അപ്പുറം പോയി പരിശോധന നടത്തിയില്ല, ദുബെയുടെ അഭിപ്രായങ്ങള്‍ അംഗീകരിക്കുകയാണ് ചെയ്തത്. യഥാര്‍ഥത്തില്‍ എന്‍ഐഒഎച്ചിന്റെ റിപ്പോര്‍ട്ട് ഗവമെന്റിന് മുമ്പില്‍ എത്തിയിട്ടില്ല, പകരം ദുബെയുടെ റിപ്പോര്‍ട്ട് ഭൂരിപക്ഷ വ്യത്യസ്ത അഭിപ്രായമുണ്ടായിട്ടും സര്‍ക്കാര്‍ പരിഗണിച്ചു. കാസര്‍കോട്ട് വളര്‍ന്നുവന്ന ശക്തമായ ബഹുജന പ്രഷോഭത്തിന്റെ ഭാഗമായാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. 2004 മുതല്‍ തുടര്‍ച്ചയായി ഈ വിഷയം പാര്‍ലമെന്റില്‍ ഞാന്‍ അവതരിപ്പിച്ചിരുന്നു. വളര്‍ന്നുവരുന്ന ബഹുജന പ്രഷോഭത്തിന്റെകൂടി ഭാഗമായി എന്‍ഡോസള്‍ഫാന്‍ താല്‍ക്കാലികമായി നിരോധിക്കുന്ന കാര്യം ശരദ് പവാര്‍ കത്തിലൂടെ അറിയിച്ചിരുന്നു. 2001ല്‍ എ കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴും പിന്നീട് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയപ്പോഴും ഈ വിഷയങ്ങള്‍ കാസര്‍കോട്ടെ എല്ലാ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളും അവരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. കാര്യമായി അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് അവര്‍തന്നെ സമ്മതിക്കുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ പങ്കെടുത്ത് അയ്യായിരത്തോളം അളുകളുടെ പ്രതിഷേധ പ്രകടനം കാസര്‍കോട്ട് നടന്നു. എല്ലാ മേഖലയിലുംപെട്ട ആളുകള്‍ അതില്‍ പങ്കെടുത്തു. പിന്നീട് എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോഴാണ് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിച്ചത്. ഇതിന്റെ ഭാഗമായി മരണപ്പെട്ട ഓരോ കുടുംബത്തിനും 50000 രൂപ നല്‍കി. രോഗം ബാധിച്ച ആളുകള്‍ക്ക് പ്രത്യേക പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ച് അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കി. സൌജന്യ ചികിത്സ ഏര്‍പ്പെടുത്തി. എന്‍ഡോസള്‍ഫാന്‍ കാരണം ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ആളുകള്‍ ഉണ്ടായി എന്നുള്ളത് ഇന്ത്യക്കുതന്നെ മാതൃകയാണ്. ഇനിയും പഠനവും പരിശോധനയുമായി വരുന്നത് സാങ്കേതികത്വംകൊണ്ടാണെങ്കില്‍ പൊറുക്കാം. എന്നാല്‍, രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ക്ക് കണ്ണ് കാണില്ല; ചെവി കേള്‍ക്കില്ല. പ്രായമുള്ളവര്‍ക്ക് വിവിധ രോഗങ്ങള്‍ കാരണം പുറത്തിറങ്ങാന്‍ കഴിയില്ല. പഠനം നിഷേധിക്കപ്പെട്ട കുട്ടികള്‍, ഭാവിജീവിതത്തെക്കുറിച്ച് സ്വപ്നം കാണാന്‍പോലും കഴിയാത്ത സഹോദരിമാര്‍, ദേഹത്തിലെ വൈകൃതം കാരണം പുറത്തിറങ്ങാന്‍ മടിക്കുന്നവര്‍ ഇവരെ നോക്കി ഇനിയും പഠനം വേണമെന്ന് പറയുന്നവര്‍ ഉറക്കം നടിക്കുന്നവരാണ്. കാസര്‍കോട്ട് മാത്രമല്ല, ഇടുക്കിയിലും പാലക്കാട്ടും കര്‍ണാടകത്തിന്റെ ചിലഭാഗങ്ങളിലും എന്‍ഡോസള്‍ഫാന്‍ ദുരിതം വിതയ്ക്കുന്നു. ഇവിടെ വേണ്ടത് ഈ മാരകമായ കീടനാശിനിയെ നിരോധിക്കലാണ്. തുടര്‍ച്ചയായി രോഗങ്ങള്‍ക്കിരയാകുന്നവര്‍ക്ക് ചികിത്സയ്ക്കാവശ്യമായ സൌകര്യങ്ങള്‍ ഈ പന്ത്രണ്ട് വില്ലേജുകള്‍ക്ക് നടുവില്‍ സ്ഥാപിക്കലാണ്. എല്ലാം സൌകര്യങ്ങളോടുംകൂടി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയതുപോലെ മരിച്ച അളുകളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തികസഹായവും ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ക്ക് ആശ്വാസ നടപടികളുമാണ്. ഇത് പ്രഖ്യാപിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.പി കരുണാകരന്‍ എംപി

വീരന്റെ ദുഃഖവും മാണിയുടെ പുഞ്ചിരിയും

വീരന്റെ ദുഃഖവും മാണിയുടെ പുഞ്ചിരിയും

ഒരു ലോക്സഭാ സീറ്റിന്റെ പേരില്‍ മുന്നണി മാറാന്‍ വളരെ പെട്ടെന്ന് തീരുമാനിച്ച വീരനും വീരന്റെ പാര്‍ടിയും ഒരു തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍തന്നെ ആവേശം ചോര്‍ന്ന മട്ടാണ്. പന്തളത്തെ പന്തം കൊളുത്തിപ്പടപോലെ ചിറ്റൂരിലെ അച്യുതന്‍ കോഗ്രസിന്റെ മൊഴികള്‍ വീരന്റെ ഉറക്കം കെടുത്തുന്നതാണ്. അല്‍പ്പം വീര്യം ബാക്കിയുണ്ടായിരുന്ന വടകരയില്‍ ഉടുതുണിപോലും നഷ്ടപ്പെട്ട് നില്‍പ്പാണ്. യുഡിഎഫ് പാളയത്തിലെത്തിയിട്ട് വീരന്റെ ദളിന്് ലാഭമോ നഷ്ടമോയെന്ന കണക്കെടുപ്പിന് മാതൃഭൂമി ഇതുവരെ തുനിഞ്ഞുകണ്ടില്ല. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുഫലം വന്നുകൊണ്ടിരുന്നപ്പോള്‍ വീരന്റെ പാര്‍ടി നൂറില്‍ നൂറ് വിജയം നേടിയെന്നാണ് ചാനലുകള്‍ മൊഴിഞ്ഞത്. ആകെ മത്സരിച്ച നാലില്‍ നാലും തിളങ്ങിയെന്നാണ് മാധ്യമങ്ങള്‍ ഉന്മാദംകൊണ്ടത്. വടകരയിലെ തട്ടകത്തില്‍ മാത്രമല്ല, പെരിങ്ങളത്തെ കളരിയിലും കാലിടറി വീണ സോഷ്യലിസ്റ് ജനതയുടെ സീറ്റും വോട്ടുമെല്ലാം കണക്കിലെടുക്കുമ്പോള്‍ പതിറ്റാണ്ടുകളായി അഭിനയിച്ചുവന്ന ഇടതുപക്ഷ പാരമ്പര്യം മാത്രമല്ല, ഇടതിന്റെ ബലത്തില്‍ നേടിയ സീറ്റുകളും ബലികൊടുക്കേണ്ട ഗതികേടിലായി വീരേന്ദ്രകുമാറിന്റെ സോഷ്യലിസ്റ് ജനത. മുന്നണി മാറിയപ്പോള്‍ പാര്‍ടിയുടെ പേരും കൊടിയും മാറ്റേണ്ടിവന്ന ജാള്യം വേറെ. വീരന് ഇപ്പോള്‍ പരമസുഖം. അഴിമതിയില്ലാത്തൊരു ദേശീയ പാര്‍ടിയാണല്ലോ കോഗ്രസ്. കോമവെല്‍ത്ത് എന്നാല്‍ പൊതുവായി തങ്ങള്‍ക്ക് പങ്കിട്ടെടുക്കാനുള്ള സ്വത്താണെന്ന സാമാന്യ അര്‍ഥം കല്‍മാടിക്കുട്ടന്മാര്‍ നടപ്പാക്കിക്കൊടുത്തപ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിക്കഥകള്‍ അതൊക്കെയായി. കായികതാരങ്ങള്‍ ഭാരതത്തിന്റെ അഭിമാനമുയര്‍ത്തി മെഡല്‍ വേട്ടയില്‍ സെഞ്ച്വറി തികച്ചപ്പോള്‍ സോണിയാ കോണ്‍ഗ്രസിന് അഴിമതിയിലാണ് നൂറുവിളഞ്ഞത്. ലോക്സഭാ സമ്മേളനം തുടങ്ങിക്കഴിഞ്ഞപ്പോള്‍ പാര്‍ലമെന്ററി പാര്‍ടി സെക്രട്ടറി പദവിയില്‍നിന്ന് കല്‍മാഡിയെ ഇറക്കി നടപടിയെടുത്തുവെന്നാക്കി. അത് അത്ര വലിയ സ്ഥാനമാണോ. വ്യാജസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി എംപിസ്ഥാനം പോയ കൊടിക്കുന്നേല്‍ സുരേഷും ഇതേ സ്ഥാനത്ത് തുടരുന്നയാളാണ്. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം മറ്റൊരുവഴിക്ക്. 1,76,000 കോടിയുടെ സ്പെക്ട്രം അഴിമതിയും തെളിവുകളേറെയുള്ളതാണ്. അഴിമതിക്കെതിരായി കുരിശുയുദ്ധം നടത്തുന്നതായി അഭിനയിക്കുന്ന വീരേന്ദ്രകുമാര്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഴിമതിക്കെതിരെ ഉരിയാടുമെന്ന പ്രതീക്ഷ തീരെയില്ല. എങ്കിലും ലാവ്ലിന്‍ കഥകള്‍ ഖണ്ഡശ്ശഃ എഴുതിയും മൊഴിഞ്ഞും എത്രനാള്‍ നേരം വെളുപ്പിക്കും. കോണ്‍ഗ്രസിന്റെ അഴിമതിക്കേസുകള്‍ കണ്ടാല്‍ ഇപ്പോള്‍ കണ്ണടയ്ക്കുന്ന വീരന്‍ എന്‍ഡോസള്‍ഫാനില്‍ കൊത്തി. ശരദ്പവാറിന് ഒരു ദീര്‍ഘലേഖനം എഴുതിക്കളഞ്ഞു. ഇത്രയും വലിയ എഴുത്ത് വായിക്കാന്‍ മിനക്കെടുന്നതിനേക്കാള്‍ എളുപ്പം എന്‍ഡോസള്‍ഫാനെ കൈയൊഴിയുന്നതായിരിക്കുമെന്ന് ഏതു കേന്ദ്രമന്ത്രിക്കും തോന്നും. പവാറല്ല, കോണ്‍ഗ്രസാണ് ഇന്ത്യ ഭരിക്കുന്നതെന്ന് വീരന് അറിയാത്തതല്ല. ചിറ്റൂര്‍ സീറ്റുപോലും ഉറപ്പില്ലാത്ത നിലയില്‍ എങ്ങനെ ശബ്ദിക്കാനാണ്. ലീഗും മാണി കേരളയും സന്തോഷത്തിലാണ്. ഇടതുപക്ഷത്തേക്കാളേറെ കോണ്‍ഗ്രസിനെ വെല്ലാനായ സന്തോഷമാണ് കെ എം മാണി പങ്കിടുന്നത്. ജോസഫിന്റെ പാര്‍ടിയെ അടര്‍ത്തിയെടുത്തതിന് അംഗീകാരം കിട്ടിയെന്ന് മാണി വീമ്പു പറയുന്നു. ജോസഫിന്റെ പാര്‍ടിക്ക് തൊടുപുഴയില്‍ ഒരു സീറ്റ്. ഇടുക്കി ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ജോസഫിന്റെ പാര്‍ടിക്കാര്‍ ആരുമില്ല. ലയനം വഴി ജോസഫ് ഒരു വഴിക്കായെങ്കിലും കോണ്‍ഗ്രസുമായുള്ള പോര് മൂക്കുകയാണ്. ജോസഫ് - മാണി ലയനം യുഡിഎഫിന് ഗുണമുണ്ടാക്കിയെന്ന് സ്ഥാപിക്കാന്‍ മാണി ശ്രമിക്കുമ്പോള്‍, കോണ്‍ഗ്രസ് അത് അംഗീകരിക്കുന്നില്ല. ഇടുക്കിയില്‍ മാണി കേരളയെ ഒരു വഴിക്കാക്കിയതിന്റെ ആവേശം കോണ്‍ഗ്രസ് പങ്കിടുമ്പോള്‍ കോട്ടയത്ത് കോണ്‍ഗ്രസിനെ കുത്താനായതിന്റെ ഗൂഢസ്മിതമാണ് മാണിയുടെ മുഖത്ത് തെളിയുന്നത്. മലപ്പുറത്തുനിന്ന് ആരംഭിച്ച് മധ്യകേരളത്തിലെ അഞ്ചു ജില്ലയിലേക്ക് പടര്‍ന്ന യുഡിഎഫിന്റെ വിജയം കേരളത്തിന്റെ വടക്കും തെക്കും സാധിക്കാതെ പോയതെന്തുകൊണ്ടെന്ന് രാഷ്ട്രീയ കേരളം ചിന്തിക്കുന്നുണ്ട്. അധികാരത്തിലേക്കുള്ള യുഡിഎഫിന്റെ ഇടനാഴിയാണ് മലപ്പുറംമുതല്‍ പത്തനംതിട്ടവരെ രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് ഒരു യുഡിഎഫ് നേതാവ് ചാനല്‍ ചര്‍ച്ചയില്‍ ഊറ്റം കൊണ്ടത്. രാഷ്ട്രീയ സമവാക്യങ്ങളല്ല, വര്‍ഗീയ ചേരുവകളാണ് അത്തരമൊരു ഇടനാഴിയുടെ അടിത്തറ. നിലയ്ക്കല്‍ പ്രക്ഷോഭവും ചാലക്കമ്പോളം കത്തിയമര്‍ന്നതുമെല്ലാം ഈ കേരളത്തില്‍ തന്നെയാണ് നടന്നത്. രാഷ്ട്രീയ കേരളത്തെ, മതാധിഷ്ഠിത കേരളമാക്കാന്‍ കഴിയുമോയെന്ന പരീക്ഷണത്തിന്റെ താല്‍ക്കാലികവിജയം കണ്ടാണ്് മാണിയും മറ്റും ചിരിക്കുന്നത്. അത്തരമൊരു രാഷ്ട്രീയത്തിന്റെ പങ്കുപറ്റി എന്തെങ്കിലും നേടാന്‍ യുഡിഎഫിലെ ഘടകകക്ഷികളായ മതനിരപേക്ഷ പാര്‍ടികള്‍ക്കാവില്ല എന്ന പാഠമാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. വര്‍ഗീയതയുടെ വികാരങ്ങളാല്‍ ചാലിച്ചെടുത്ത് എഴുതപ്പെടുന്ന രാഷ്ട്രീയത്തിന് അല്‍പ്പായുസ്സാണെങ്കിലും അതിന് നാം നല്‍കേണ്ടിവരുന്ന വില വലുതാണെന്ന് മാണിയും ലീഗും ഒഴികെയുള്ള യുഡിഎഫ് ഘടകകക്ഷികളും തിരിച്ചറിയണം. അനില്‍കുമാര്‍

കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നുവോ

കഞ്ഞിയില്‍ മണ്ണ് വാരിയിടുന്നുവോ

തൊഴിലുറപ്പുപദ്ധതി നടപ്പാക്കുന്നതില്‍ അഖിലേന്ത്യാതലത്തില്‍ പ്രശംസനേടിയ സംസ്ഥാനമാണ് കേരളം. ആ പദ്ധതി ഒന്നാം യുപിഎ സര്‍ക്കാരിനെക്കൊണ്ട് നിര്‍ബന്ധപൂര്‍വം നടപ്പാക്കിച്ചത് ഇടതുപക്ഷ പാര്‍ടികളാണ്. അഖിലേന്ത്യാസാഹചര്യവുമായി തട്ടിച്ചുനോക്കുമ്പോള്‍ കേരളത്തില്‍ ഒട്ടേറെ സങ്കീര്‍ണതകളാണ് തൊഴിലുറപ്പുപദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുനിന്നത്. കായികാധ്വാനത്തിന് തയ്യാറുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസമെങ്കിലും തൊഴിലും കൂലിയും അധികമായി നല്‍കുക എന്നതാണ് തൊഴിലുറപ്പുപദ്ധതിയുടെ ലക്ഷ്യം. പൊതുഭൂമിയിലും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ ഭൂമിയിലുമുള്ള കായികാധ്വാനം മാത്രമാണ് അനുവദിക്കപ്പെട്ടത്. മണ്ണ്- ജലസംരക്ഷണ- വനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ഉണ്ട്. ഈ മേഖലകളിലെ പ്രവര്‍ത്തനം കേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ളതാണ്. എന്നാല്‍, പൊതുഭൂമിയുടെ ലഭ്യത കേരളത്തില്‍ തീരെ കുറവാണ്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കൈവശമുള്ള ഭൂമിയുടെ വിസ്തൃതിയുടെ കാര്യവും വ്യത്യസ്തമല്ല. കാര്‍ഷികപരിഷ്കരണം പൂര്‍ണമായ തോതില്‍ നടപ്പാക്കിയ സംസ്ഥാനമെന്ന നിലയില്‍ ചെറുകിട നാമമാത്ര കര്‍ഷകരാണ് കേരളത്തില്‍ മഹാഭൂരിപക്ഷവും. നാമമാത്ര കര്‍ഷകരുടെ കൃഷിഭൂമിയിലെ അധ്വാനവും തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ കേരളത്തില്‍ കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ കണ്ടെത്താന്‍ കഴിയുകയുള്ളൂ. ഇത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഓരോ സംസ്ഥാനത്തെയും കാര്‍ഷികമേഖലയിലെ മിനിമം കൂലിയാണ് തൊഴിലുറപ്പുപദ്ധതിയില്‍ കൂലിയായി അംഗീകരിച്ചത്. പദ്ധതിക്ക് തുടക്കംകുറിച്ച 2005-2006ല്‍ നിലനിന്ന മിനിമം കൂലിയായ 125 രൂപയാണ് കേരളത്തില്‍ തൊഴിലുറപ്പുപദ്ധതിക്ക് ഇന്നും അനുവദിച്ച കൂലി. ഇവിടെ കാര്‍ഷികമേഖലയിലെ മിനിമം കൂലി 200 രൂപയായി പുതുക്കി നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഈ നിരക്ക് അനുവദിക്കാന്‍ നിവൃത്തിയില്ല എന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. തൊഴിലുറപ്പുപദ്ധതിയുടെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പദ്ധതി നിര്‍വഹണം അസാധ്യമാകുന്ന സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഈ പ്രതികൂലസാഹചര്യങ്ങളെ മുറിച്ചുകടന്ന് അഴിമതിരഹിതമായും സുതാര്യമായും എങ്ങനെ പദ്ധതി നിര്‍വഹണം സാധ്യമാകും എന്ന പരിശ്രമമാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയത്. ഈ ലക്ഷ്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് പദ്ധതിനിര്‍വഹണം നാലാംവര്‍ഷം പിന്നിട്ടത്. അഭിമാനകരമായ ഈ വിജയം നേടിയ ഘട്ടത്തില്‍ത്തന്നെ സംസ്ഥാനത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതിക്കുള്ള ധനസഹായം കേന്ദ്രം നിര്‍ത്തിവച്ചിരിക്കുന്നു. 10 ജില്ലയില്‍ ഫണ്ട് പൂര്‍ണമായും തീര്‍ന്നു. നാല് ജില്ലയില്‍ ഏതാനും ദിവസത്തേക്കുള്ള ഫണ്ട് മാത്രമേ ബാക്കിയുള്ളൂ. പദ്ധതി നിലച്ചുപോയാല്‍ പാവങ്ങളുടെ വരുമാനം മുട്ടും. അതിലൂടെ ദാരിദ്യ്രം പെരുകും. എട്ട് ലക്ഷത്തിലേറെ തൊഴിലാളികുടുംബങ്ങള്‍ പട്ടിണിയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പദ്ധതിയില്‍ 8,14,000 പേര്‍ തൊഴിലെടുക്കുന്നുണ്ട്. ഇവര്‍ക്കൊന്നും കൂലി ലഭിക്കില്ല. നിയമസഭാതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയലക്ഷ്യത്തോടെയാണ് പദ്ധതി അട്ടിമറിക്കുന്നതെന്നാണ് മനസ്സിലാക്കേണ്ടത്. വിവിധ മേഖലകളില്‍ കേരളം നേടിയ പുരോഗതിക്ക് കേന്ദ്രം പുരസ്കാരങ്ങള്‍ നല്‍കിയപ്പോള്‍, അവ ഇനി നല്‍കരുതെന്ന് എംപിമാരെ അയച്ച് കോണ്‍ഗ്രസ് നേതൃത്വത്തോട് പരസ്യമായി ആവശ്യപ്പെടാന്‍ ലജ്ജിച്ചിട്ടില്ലാത്തവരാണ് ഇവിടത്തെ കോണ്‍ഗ്രസുകാര്‍. എല്ലാ സംസ്ഥാനങ്ങളെയും തുല്യ പരിഗണനയോടെ കാണാന്‍ ബാധ്യതപ്പെട്ട കേന്ദ്ര ക്യാബിനറ്റ് മന്ത്രിതന്നെ അത്തരം വിധ്വംസക നിവേദകസംഘത്തിന് നേതൃത്വം നല്‍കി. അങ്ങനെ ശത്രുത തെളിയിച്ചവര്‍ക്ക് തൊഴിലുറപ്പുപദ്ധതി അട്ടിമറിക്കാന്‍ മടിയുണ്ടാകില്ലതന്നെ. ഈ സാമ്പത്തികവര്‍ഷം 297 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാനത്ത് തൊഴിലാളികള്‍ക്ക് വിതരണം ചെയ്തത്. കേന്ദ്രം അനുവദിച്ച തുകയുടെ 60 ശതമാനം ചെലവഴിച്ചതിന്റെ കണക്ക് നല്‍കുന്ന മുറയ്ക്ക് അടുത്ത ഗഡു കേന്ദ്രം നല്‍കുമെന്നതാണ് പദ്ധതിയുടെ വ്യവസ്ഥ. ഇതനുസരിച്ച് രണ്ടുമാസം മുമ്പ്, 60 ശതമാനം തുക ചെലവഴിച്ചതിന്റെ കണക്ക് കേന്ദ്രത്തിന് സമര്‍പ്പിച്ചു. തുടര്‍ന്ന് നിരന്തരം കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും ഫണ്ട് അനുവദിക്കാന്‍ കൂട്ടാക്കുന്നില്ല. കേരളത്തിനു പുറമെ പശ്ചിമബംഗാളിനും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ഫണ്ട് നിഷേധിച്ചിട്ടുണ്ട്്. അതില്‍ ത്രിപുരയും പെടും. ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ തെരഞ്ഞുപിടിച്ച് പദ്ധതി അട്ടിമറിക്കാനുള്ളതാണ് നീക്കമെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു. നഗരപ്രദേശങ്ങളില്‍കൂടി തൊഴിലുറപ്പുപദ്ധതി വ്യാപിപ്പിച്ച് രാജ്യത്ത് ഏറ്റവും മുന്‍നിരയിലേക്ക് കേരളം ഉയരുമ്പോഴുള്ള ഈ ഫണ്ട് നിഷേധത്തെ എന്തുവിലകൊടുത്തും ചെറുത്തുതോല്‍പ്പിക്കേണ്ടതുണ്ട്. പൂര്‍ണമായും സംസ്ഥാന സര്‍ക്കാരിന്റെ ചെലവിലാണ് നഗര തൊഴിലുറപ്പുപദ്ധതി ആരംഭിക്കുന്നത്. സുതാര്യതയിലും അഴിമതിയില്ലായ്മയിലും വിട്ടുവീഴ്ചയില്ലാതെയുള്ള പദ്ധതിനിര്‍വഹണത്തില്‍ കേരളം മറ്റേതു സംസ്ഥാനത്തെയുംകാള്‍ മുന്നിലാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നിശ്ചയദാര്‍ഢ്യമാണ് ഈ മുന്നേറ്റത്തിന് അടിത്തറ. കേന്ദ്രാവിഷ്കൃതപദ്ധതികളെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ കറവപ്പശുക്കളായാണ് കാണുന്നതെങ്കില്‍ എല്‍ഡിഎഫ് ഇവിടെ ജനങ്ങള്‍ക്കുവേണ്ടി എങ്ങനെ അവയെ രൂപപ്പെടുത്താം; പ്രയോജനപ്പെടുത്താം എന്ന ഗവേഷണമാണ് നടത്തിയത്-അതാണ് പ്രാവര്‍ത്തികമാക്കിയത്. അത് അട്ടിമറിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇത് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. ശക്തമായ പ്രതിഷേധം എല്ലാ ഭാഗത്തുനിന്നും ഉയരണം.

മ്യാന്‍മറില്‍ ജനാധിപത്യം അകലെത്തന്നെ

മ്യാന്‍മറില്‍ ജനാധിപത്യം അകലെത്തന്നെ.

വര്‍ഷങ്ങള്‍ നീണ്ട തടങ്കലിനുശേഷം ആങ് സാന്‍ സൂകി മോചിപ്പിക്കപ്പെട്ടത് മ്യാന്‍മറിന്റെ പുതിയ പ്രഭാതത്തിലേക്കുള്ള ചുവടുവയ്പായി അന്നാട്ടിലെ സ്വാതന്ത്യ്രേച്ഛുക്കളായ ജനസാമാന്യം കരുതുന്നു. പ്രതിപക്ഷം ഭിന്നത വെടിഞ്ഞ് ഒറ്റക്കെട്ടായി നില്‍ക്കണമെന്നാണ് ആരാധകരെ അഭിസംബോധനചെയ്ത് സൂകി ആഹ്വാനംചെയ്തത്. അരനൂറ്റാണ്ടായി തുടരുന്ന പട്ടാള ഭരണത്തില്‍നിന്നുള്ള മോചന പ്രതീക്ഷയും അതിനായുള്ള പോരാട്ടത്തിന്റെ പ്രതീകവുമാണ് മ്യാന്‍മര്‍ ജനതയ്ക്ക് സൂകി. വ്യവസ്ഥകളോ മാനദണ്ഡങ്ങളോ ഇല്ലാതെയാണ്, നിശ്ചയിക്കപ്പെട്ട കാലാവധി പൂര്‍ത്തിയാകുന്ന ദിവസം അവരെ പട്ടാള ഭരണകൂടം മോചിപ്പിച്ചത്. വീട്ടുതടങ്കലില്‍നിന്ന് പ്രിയപ്പെട്ട നേതാവ് പുറത്തിറങ്ങുമ്പോള്‍ ആയിരക്കണക്കിനാളുകളാണ് സ്വീകരിക്കാനെത്തിയത്. ജനാധിപത്യശക്തികള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഭാവി പരിപാടികള്‍ ജനങ്ങളുമായി സംവദിച്ചശേഷം പ്രഖ്യാപിക്കുമെന്നും സൂകി വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും ജാപ്പനീസ് കോളനി വാഴ്ചക്കെതിരെയും സുധീരം പോരടിച്ച പാരമ്പര്യമുള്ള രാജ്യമാണ് ബര്‍മ എന്ന ഇന്നത്തെ മ്യാന്‍മര്‍. ബ്രിട്ടീഷിന്ത്യയുടെ ഭാഗമായിരുന്ന ബര്‍മ 1937ലാണ് ഇംഗ്ളീഷുകാര്‍ നേരിട്ടു ഭരിക്കുന്ന പ്രത്യേക കോളനിയായത്. 42ല്‍ ജപ്പാന്‍ ബ്രിട്ടീഷുകാരെ തുരത്തിയെങ്കിലും മൂന്നുവര്‍ഷത്തിനുശേഷം ആങ് സാന്‍(സൂകിയുടെ പിതാവ്) നേതൃത്വം നല്‍കിയ ഫാസിസ്റ് വിരുദ്ധ ഫ്രീഡം ലീഗും ബ്രിട്ടീഷ് സൈന്യവും സംയുക്ത നീക്കത്തിലൂടെ ജപ്പാനെ തുരത്തിയിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക ഭരണം വന്നുവെങ്കിലും രണ്ടുവര്‍ഷത്തിനുള്ളില്‍ വിമത സൈന്യം ആങ് സാനെയും സഹപ്രവര്‍ത്തകരെയും വധിച്ചു. 48ല്‍ വിദേശശക്തികളില്‍നിന്ന് പൂര്‍ണമായ സ്വാതന്ത്യ്രം നേടിയ ബര്‍മയ്ക്ക്, ജനാധിപത്യത്തിന്റെ വായു ശ്വസിക്കാന്‍ ഒരു ദശകത്തോളമേ അവസരമുണ്ടായുള്ളൂ. 1958നുശേഷം ഭരണകക്ഷിയിലെ പിളര്‍പ്പും പട്ടാളത്തിന്റെ രംഗപ്രവേശവും ഭരണത്തെ അസ്വസ്ഥമാക്കി. 62ല്‍ പട്ടാളം ഭരണം പിടിച്ചു. പിന്നീടിന്നോളം അശാന്തിയുടെയും അടിച്ചമര്‍ത്തലിന്റെയും കാലം. ജനാധിപത്യപരമായ അവകാശങ്ങളോ രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്യ്രമോ അനുവദിക്കാതെ, എതിരഭിപ്രായമുള്ളവരെ അടിച്ചമര്‍ത്തിയും തുറുങ്കിലടച്ചും തുടര്‍ന്ന പട്ടാള ഭരണത്തിനെതിരെ കൊടുങ്കാറ്റ് സൃഷ്ടിച്ചാണ് സൂകി ജനനേതാവായി മാറിയത്. അവരെ ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കാതെ തടങ്കലില്‍വച്ച് ജനമുന്നേറ്റത്തെ അടിച്ചമര്‍ത്താനാണ് പട്ടാളഭരണം നിരന്തരം ശ്രമിച്ചത്. ഇപ്പോള്‍ സൂകിക്ക് മോചനം നല്‍കിയതും പട്ടാള ഭരണത്തിന്റെ തുടര്‍ച്ച ഉറപ്പാക്കിക്കൊണ്ടുതന്നെയാണ്. നവംബര്‍ ഏഴിന് ഒരു തെരഞ്ഞെടുപ്പ് നാടകം അരങ്ങേറിയിരുന്നു. 25 ശതമാനം സീറ്റുകള്‍ പട്ടാളത്തിന് ഉറപ്പാക്കിയും പട്ടാള ഭരണത്തിന്റെ പാവകളായ പാര്‍ടികളില്‍നിന്ന് മൂന്നിലൊന്ന് സ്ഥാനാര്‍ഥികളെ അണിനിരത്തിയും നടത്തിയ ആ തെരഞ്ഞെടുപ്പ്, ജനങ്ങളുടെ നിസ്സഹകരണം കൊണ്ടാണ് ശ്രദ്ധേയമായത്്. ഇപ്പോള്‍ സൂകിയെ മോചിപ്പിച്ചത്, അന്താരാഷ്ട്ര സമൂഹത്തിന്റെ കണ്ണില്‍ പൊടിയിടാനാണെന്ന് കരുതുന്നവരാണ് ഏറെയും. അതല്ലാതെ മ്യാന്‍മറില്‍ ജനാധിപത്യത്തിന്റെ വെളിച്ചം കടത്തിവിടാനുള്ള തീരുമാനമല്ല അത്. ജനാധിപത്യാവകാശങ്ങള്‍ നിഷേധിച്ച രാജ്യത്ത് സൂകിക്കോ അവരുടെ പാര്‍ടിക്കോ ഭാവിപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വാതന്ത്യ്രമുണ്ടാകില്ല. എന്നല്ല; താല്‍ക്കാലികമായി മോചിപ്പിച്ചുവെങ്കിലും ഏതുസമയത്തും സൃഷ്ടിച്ചെടുക്കുന്ന കാരണങ്ങള്‍ മറയാക്കി സൂകിയെ തുറുങ്കിലടയ്ക്കാനാകും. ഇപ്പോഴും 2200 പേര്‍ തടവിലാണ്. അവരില്‍ ബുദ്ധസന്യാസികളുമുണ്ട്. അടിച്ചമര്‍ത്തലിനും തെല്ലും ശമനമുണ്ടായിട്ടില്ല. മ്യാന്‍മറിന്റെ ജനാധിപത്യ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള പ്രസ്ഥാനം അവിടെയില്ല. അതുകൊണ്ടുതന്നെ, സൂകിയുടെ മോചനത്തിനുശേഷവും മ്യാന്‍മറിന് മോചനം ഉണ്ടാകുമെന്ന് പറയാറായിട്ടില്ല. ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ശരിയായ ദിശയില്‍ സ്വാതന്ത്യ്രപ്രസ്ഥാനം കെട്ടിപ്പടുക്കാനും മുന്നോട്ടുകൊണ്ടുപോകാനും സൂകിക്ക് കഴിയുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

സിപിഐ എമ്മിനെതിരെ ജമാ അത്ത് വാരികയുടെ പുതിയ നുണ

സിപിഐ എമ്മിനെതിരെ ജമാ അത്ത് വാരികയുടെ പുതിയ നുണ

തിരു: പിണറായി വിജയന്റെ വീട് ഉള്‍പ്പെടുന്ന വാര്‍ഡ് എ പി അബ്ദുള്ളക്കുട്ടി മത്സരിച്ച കണ്ണൂര്‍ അസംബ്ളി മണ്ഡലത്തിലെന്ന് ജമാ അത്തെ ഇസ്ളാമി പ്രസിദ്ധീകരണമായ മാധ്യമം വാരിക. ഉപതെരഞ്ഞെടുപ്പില്‍ ഈ വാര്‍ഡില്‍ അബ്ദുള്ളക്കുട്ടിക്കാണ് ഭൂരിപക്ഷമെന്നും പാര്‍ടി ജനിച്ചിടത്ത് ജനം പാര്‍ടിയെ നിരാകരിച്ചുവെന്ന് തുടര്‍ന്ന് വിശകലനവും. സിപിഐ എമ്മിനെ ആക്രമിക്കാനാണ് വാരിക നട്ടാല്‍ മുളയ്ക്കാത്ത പച്ചക്കള്ളം എഴുതിപ്പിടിപ്പിച്ചത്. സ്വയംപ്രഖ്യാപിത രാഷ്ട്രീയ വിശകലന 'വിദഗ്ധനായ' രാമചന്ദ്രനാണ് വാരികയ്ക്കുവേണ്ടി നുണബോംബ് പൊട്ടിച്ചത്. കണ്ണൂര്‍ അസംബ്ളി മണ്ഡലം കണ്ണൂര്‍ നഗരവും പരിസരവും ഉള്‍ക്കൊള്ളുന്നതാണ്. മുസ്ളിംലീഗിന്റെയും യുഡിഎഫിന്റെയും ശക്തികേന്ദ്രം. മണ്ഡലം രൂപീകരിച്ചശേഷം ഇന്നേവരെ എല്‍ഡിഎഫ് ജയിച്ചിട്ടില്ല. ഈ മണ്ഡലത്തിലാണ് പിണറായിയെന്നാണ് ലേഖകന്‍ പറയുന്നത്. എന്നാല്‍, കണ്ണൂര്‍ മണ്ഡലം കഴിഞ്ഞ് എടക്കാട് മണ്ഡലമാണ്. അതും കഴിഞ്ഞാണ് പിണറായി ഉള്‍പ്പെടുന്ന കൂത്തുപറമ്പ് അസംബ്ളി മണ്ഡലം. മണ്ഡലം പുനരേകീകരണത്തിന് ശേഷം ഈ പ്രദേശം ധര്‍മടം മണ്ഡലത്തിലാണ്. കണ്ണൂരില്‍നിന്ന് ഇരുപതോളം കിലോമീറ്റര്‍ അകലെയാണ് പിണറായി. സ്ഥലവും കാലവും അറിയാതെ കള്ളക്കഥ മെനഞ്ഞ ലേഖകന്‍, അതിന്റെ പുറത്ത്, പാര്‍ടിയില്‍ ചര്‍ച്ച നടന്നുവെന്നും ഭാവനയില്‍ കാണുന്നു. 'പാര്‍ട്ടി പിറവിയെടുത്ത ആ മേഖലയില്‍ അബ്ദുള്ളക്കുട്ടിക്ക് ഭൂരിപക്ഷം ലഭിച്ചത് എങ്ങിനെയെന്ന് വി എസ് അച്യുതാനന്ദന്‍ സംസ്ഥാന സെക്രട്ടറിയറ്റില്‍ ചോദിച്ചു'വെന്നും ആ 'ഒറ്റക്കാരണത്താല്‍ അച്യുതാനന്ദനെതിരെ ശേഖരിച്ച അമ്പുകളെല്ലാം പിണറായി വിജയന്‍ ആവനാഴിയില്‍' സൂക്ഷിച്ചുവെന്നുമാണ് കഥാരചന. സിപിഐ എമ്മിനെതിരെ എങ്ങനെയെല്ലാം നിര്‍മിതകഥകള്‍ പ്രചരിപ്പിക്കുന്നു എന്നതിന്റെ ഒന്നാംതരം തെളിവായി ഈ വാര്‍ത്ത. പിണറായി ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുഴുവന്‍ സീറ്റിലും ജയിച്ചു. പിണറായി വിജയന്‍ വോട്ടുചെയ്ത 17-ാം നമ്പര്‍ ബൂത്തില്‍ 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 428 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിനുണ്ട്. ഒരു നുണ സൃഷ്ടിച്ച് അതിനെ വിശകലനം ചെയ്തുകൊണ്ട് തുടര്‍ച്ചയായ നുണകള്‍ സൃഷ്ടിക്കുന്ന വലതുപക്ഷ മാധ്യമങ്ങളുടെ തനിനിറമാണ് ഇത്തരമൊരു കഥയിറക്കിയതിലൂടെ വെളിപ്പെട്ടത്.

Tuesday, November 16, 2010

അഴിമതിയുടെ കൂടാരം

അഴിമതിയുടെ കൂടാരം
എം വി ജയരാജന്‍
കുംഭകോണങ്ങളുടെ കുംഭമേളയാണ് കേന്ദ്ര യുപിഎ ഭരണത്തില്‍. പ്രതിരോധ ഇടപാടുകളിലൂടെയും ടെലികോം, കോമവെല്‍ത്ത്, ഐപിഎല്‍ അഴിമതികളിലൂടെയും രാജ്യത്തിനകത്തും പുറത്തും ഇന്ത്യക്കാര്‍ക്ക് ശിരസ്സ് കുനിക്കേണ്ട അവസ്ഥയാണ് യുപിഎ ഭരണം സൃഷ്ടിച്ചത്. കേന്ദ്രഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ നടത്തുന്ന അഴിമതി സംസ്ഥാനം ഭരിക്കുന്ന കോഗ്രസ് നേതാക്കളും മാതൃകയാക്കുകയാണ്. അതാണ് ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം. കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യരക്ഷയ്ക്കുവേണ്ടി പൊരുതി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കാനെന്നു പറഞ്ഞ് സര്‍ക്കാരില്‍നിന്ന് കണ്ണായ സ്ഥലത്തെ ഭൂമി തട്ടിയെടുക്കുക. അനുവദിക്കപ്പെട്ടതിന്റെ പലമടങ്ങ് വലുപ്പമുള്ള കെട്ടിടം നിര്‍മിക്കുക. ഒടുവില്‍ ആ കെട്ടിടത്തിലെ ഫ്ളാറ്റുകള്‍ മുഖ്യമന്ത്രിയുടെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ബന്ധുക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുന്‍ കരസേനാ മേധാവികള്‍ക്കും വീതംവച്ച് നല്‍കുക- ജനങ്ങളുടെ ചിന്തകള്‍ക്കപ്പുറമാണ് കോഗ്രസ് നടത്തുന്ന ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍. അഴിമതിയുടെ വിശദാംശങ്ങള്‍ വിലയിരുത്തുന്ന രാജ്യാന്തര സംഘടനയാണ് ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍. ഈ സംഘടനയുടെ 2009ലെ സര്‍വേ റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയുടെ സ്ഥാനം ഏറ്റവും വലിയ അഴിമതിക്കാരുടെ രാജ്യമെന്നതാണ്. ഈ വര്‍ഷം പുറത്തുവന്ന അഴിമതികള്‍കൂടി ചേര്‍ത്താല്‍ ആ സ്ഥാനം ഊഹിക്കാവുന്നതിലും അപ്പുറമാകും. രണ്ടാം തലമുറ സ്പെക്ട്രം ഇടപാടില്‍ 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് പൊതുഖജനാവിനുണ്ടായതെന്ന് സര്‍ക്കാരിന്റെ മുഖ്യ വരവ് ചെലവ് കണക്ക് പരിശോധകന്‍തന്നെ ചൂണ്ടിക്കാട്ടി. മൂന്നാംതലമുറ സ്പെക്ട്രം ലൈസന്‍സ് ലേലംചെയ്തപ്പോഴാണ് അഴിമതിയുടെ ആഴം ബോധ്യമായത്. ആദ്യം വന്നവര്‍ക്ക് ആദ്യം എന്ന നയമാണ് ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ഇതാകട്ടെ കേന്ദ്രമന്ത്രി രാജയുടെ സ്വന്തക്കാര്‍ക്ക് ലൈസന്‍സ് നല്‍കാന്‍ വേണ്ടിയുണ്ടാക്കിയ മാനദണ്ഡമായിരുന്നു. ധന-നിയമ മന്ത്രാലയങ്ങളുടെയും ടെലികോംവകുപ്പിന്റെയും എതിര്‍പ്പ് അവഗണിച്ചാണ് മന്ത്രി രാജ 2008ല്‍ 12 മൊബൈല്‍ കമ്പനിക്കായി 35 ലൈസന്‍സ് നല്‍കിയത്. 1,76,379 കോടി രൂപയുടെ നഷ്ടമാണ് ഈ നടപടിമൂലം കേന്ദ്രസര്‍ക്കാരിന് സംഭവിച്ചത്. സിഎജി റിപ്പോര്‍ട്ടിനുമുമ്പുതന്നെ പാര്‍ലമെന്റിനകത്തും പുറത്തും സ്പെക്ട്രം അഴിമതിയെക്കുറിച്ച് സിപിഐ എം ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായും ശരിയാണെന്നും തെളിഞ്ഞു. സര്‍ക്കാരിന് നഷ്ടമുണ്ടായ തുക ലൈസന്‍സ് നേടിയ കമ്പനികളില്‍നിന്ന് ഈടാക്കാന്‍ നടപടി സ്വീകരിക്കാതെ അഴിമതിക്കാരനായ മന്ത്രിയെ കോഗ്രസ് നേതൃത്വം സംരക്ഷിക്കുകയായിരുന്നു ഇതുവരെ. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടിയാണ് ഏറെ വിചിത്രം. 2001ലെ ടെലികോംനയമനുസരിച്ചാണ് മന്ത്രി പ്രവര്‍ത്തിച്ചതെന്നും സര്‍ക്കാരിന്റെ നയപരമായ കാര്യത്തില്‍ ഇടപെടാന്‍ സിഎജിക്കോ കോടതിക്കോ അധികാരമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം. അഴിമതി നടത്തുക എന്നതാണോ സര്‍ക്കാര്‍നയം? നടപടിക്രമം പാലിക്കാതെയാണ് കമ്പനികള്‍ക്ക് മന്ത്രി ലൈസന്‍സ് നല്‍കിയതെന്നാണ് മുന്‍ ടെലികോം സെക്രട്ടറി സി എസ് മാഥൂറിന്റെ വെളിപ്പെടുത്തല്‍. 2007 ഡിസംബര്‍ 31ന് സര്‍വീസില്‍നിന്നു പിരിഞ്ഞ മുതിര്‍ന്ന ഐഎഎസുകാരനായ ഈ ഉദ്യോഗസ്ഥനോട് 2007 നവംബറില്‍ത്തന്നെ ലൈസന്‍സ് നല്‍കുന്ന ഫയലുകളില്‍ ഒപ്പിടാന്‍ രാജ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ഉദ്യോഗസ്ഥന്‍ മന്ത്രിയുടെ അഴിമതിക്ക് കൂട്ടുനിന്നില്ല. റിയല്‍ എസ്റേറ്റ് കമ്പനിക്കുപോലും ലൈസന്‍സ് നല്‍കണമെന്നാണ് മന്ത്രി നിര്‍ബന്ധിച്ചത്. 500 അപേക്ഷയുണ്ടായിരുന്നതിനാല്‍ പരസ്യലേലത്തിലൂടെ ലൈസന്‍സ് നല്‍കണമെന്ന് ടെലികോം കമീഷന്‍ (ധനകാര്യം) അംഗം മഞ്ജു മാധവ ഫയലില്‍ എഴുതിയത് മന്ത്രി അവഗണിച്ചു. ഈ ഉദ്യോഗസ്ഥന്‍ അഴിമതിക്ക് കൂട്ടുനില്‍ക്കാന്‍ കഴിയാത്തതിനാല്‍ നേരത്തെ സര്‍വീസില്‍നിന്ന് സ്വയം പിരിഞ്ഞു. 2008 ജനുവരിയില്‍ പുതിയ ടെലികോം സെക്രട്ടറി വന്നതോടെ സ്റോറേജിലുണ്ടായിരുന്ന സ്പെക്ട്രം ഇടപാട് സംബന്ധിച്ച ഫയലില്‍ ഒപ്പിട്ടത് 2001ലെ നിരക്കിലാണ്. 2008ല്‍ ആണ് ലൈസന്‍സ് നല്‍കുന്നത്. പ്രധാനമന്ത്രിയുമായി മന്ത്രി രാജ 2007 നവംബര്‍ രണ്ടിന് നടത്തിയ കത്തിടപാട് സഹിതം ഒരു സ്വകാര്യ ടെലിവിഷന്‍ പുറത്തുവിട്ടിരിക്കയാണ്. തന്റെ ഓഫീസറിയാതെ സ്പെക്ട്രം ഇടപാട് നടത്തരുതെന്നും സുതാര്യമായി ലേലംചെയ്തുവേണം ലൈസന്‍സ് നല്‍കാനെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ച വിവരം മൂന്നുവര്‍ഷത്തിനുശേഷമാണ് പുറത്തുവരുന്നത്. വാര്‍ത്ത ശരിയാണെങ്കില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടും തന്നിഷ്ടം കാട്ടിയ മന്ത്രിയെ എന്തിന് സംരക്ഷിക്കുന്നെന്ന ചോദ്യത്തിന് മന്‍മോഹന്‍സിങ് മറുപടി പറയേണ്ടതല്ലേ. പ്രധാനമന്ത്രി കാര്യാലയത്തിന്റെ അറിവോടെയാണ് അഴിമതി നടന്നതെന്ന് ന്യായമായും സംശയിക്കാം. സിഎജി റിപ്പോര്‍ട്ട് വന്നപ്പോള്‍ത്തന്നെ രാജ്യമാകെ മന്ത്രി രാജ രാജിവയ്ക്കണമെന്ന ആവശ്യമുയര്‍ത്തി. പ്രധാനമന്ത്രിയുടെ വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മന്ത്രി രാജിവയ്ക്കുമെന്ന അഭ്യൂഹവും പ്രചരിച്ചു. രാജിവയ്ക്കേണ്ടതില്ലെന്ന കരുണാനിധിയുടെ പ്രതികരണവും രാജയുടെ പ്രഖ്യാപനവും പുറത്തുവന്നതോടെ മന്‍മോഹന്‍സിങ് മന്ത്രിസഭ അഴിമതിക്കാരുടെ കൂടാരമാണെന്നു വ്യക്തമായി. ഒടുവില്‍ രാജയെ ഒഴിവാക്കിയില്ലെങ്കില്‍ പാര്‍ലമെന്റിലും പുറത്തും വന്‍ പ്രക്ഷോഭമുയരും; മുന്നോട്ടുപോകാനാകില്ല എന്നുവന്നപ്പോഴാണ് രാജയുടെ രാജിയുണ്ടായത്. ലാവ്ലിന്‍ സംബന്ധിച്ച് കേരളത്തിലെ കോഗ്രസ് നേതൃത്വത്തിന്റെ പ്രധാന തുറുപ്പ് ചീട്ടായിരുന്നല്ലോ സിഎജി റിപ്പോര്‍ട്ട്. 'ചെന്നിത്തല'മാരുടെ ടെലികോം- സിഎജി റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രതികരണമെന്തെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സുപ്രീംകോടതി മന്ത്രി രാജയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടി രാജിയുടെ ആവശ്യമുന്നയിച്ചു കണ്ടില്ല. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് സ്പെക്ട്രം ഇടപാടിലൂടെ നടന്നതെന്ന് സ്വകാര്യ സംഭാഷണത്തില്‍ ഏതൊരു കോഗ്രസുകാരനും സമ്മതിക്കുന്നു. സ്പെക്ട്രം ഇടപാടില്‍ കോഗ്രസിന് നേരിട്ട് പങ്കില്ലെന്നു പറയുന്നവര്‍ ഇസ്രയേലി ആയുധ ഇടപാടിലെ കോഴപ്പണത്തെക്കുറിച്ച് എന്തുപറയും. ഗുണനിലവാരമില്ലാത്ത ആയുധങ്ങള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട ഇസ്രയേല്‍ കമ്പനിയില്‍നിന്ന് വാങ്ങിക്കൂട്ടി, ഈ ക്രമവിരുദ്ധ നടപടി സൈനികോദ്യോഗസ്ഥരുടെ തലയില്‍വച്ച് രക്ഷപ്പെടാന്‍ പ്രതിരോധമന്ത്രിക്ക് തല്‍ക്കാലം സാധിച്ചു. എന്നാല്‍, ആദര്‍ശ് ഫ്ളാറ്റ് അഴിമതി അന്വേഷിക്കാന്‍ നിര്‍ദേശിച്ച എ കെ ആന്റണി സ്വന്തം ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടുകയാണ്. പ്രതിരോധമന്ത്രിക്ക് ഫ്ളാറ്റ് അഴിമതി കൂനിന്മേല്‍ കുരുവായി. മഹാരാഷ്ട്രയുടെ സംഘടനാ ചുമതലകൂടിയുള്ള ആളാണ് എ കെ ആന്റണി. വകുപ്പും സംഘടനാ ചുമതലയും പ്രതിരോധമന്ത്രിയുടെ ഉത്തരവാദിത്തത്തിലുള്ള ഘട്ടത്തിലാണ് ആദര്‍ശ് ഫ്ളാറ്റ് അഴിമതി. കാര്‍ഗില്‍ സൈനികരുടെ വിധവകളുടെ പേരിലാണ് മുംബൈ ഹൌസിങ് സൊസൈറ്റി രൂപീകരിച്ചത്. യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ വിധവകള്‍ക്കും പൊരുതിയ സൈനികര്‍ക്കും വീട് നിര്‍മിച്ചുകൊടുക്കുക എന്നതായിരുന്നു സൊസൈറ്റിയുടെ ലക്ഷ്യം. മുംബൈയിലെ സമ്പന്നമേഖലയായ കൊളാബയില്‍ പ്രതിരോധവകുപ്പിന്റെ കെട്ടിട നിര്‍മാണ നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ഫ്ളാറ്റ് നിര്‍മിച്ചത്. നിയമവ്യവസ്ഥപ്രകാരം ആറു നിലമാത്രം പാടുള്ള ഒരിടത്ത് 26 നില പണിയാന്‍ വളഞ്ഞവഴികളിലൂടെ അനുമതി തേടുകയും പണി പൂര്‍ത്തീകരിച്ചപ്പോള്‍ 32 നിലയുള്ള ആകാശസൌധമായി തീരുകയുംചെയ്താല്‍ ഫ്ളാറ്റിനു വേണ്ടി ഉന്നതര്‍ വല വീശിയില്ലെങ്കിലേ അത്ഭുതമുള്ളൂ. മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ച അശോക് ചവാന്‍, കേന്ദ്രമന്ത്രിമാരായ വിലാസ് റാവു ദേശ്മുഖ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, സംസ്ഥാനമന്ത്രി നാരായ റാണെ എന്നിവരുടെ ബന്ധുക്കളും ഫ്ളാറ്റുകള്‍ കൈവശപ്പെടുത്തി. രാഷ്ട്രീയ ഭരണനേതൃത്വത്തെ ഫ്ളാറ്റുകള്‍ നല്‍കി തൃപ്തിപ്പെടുത്തിയ ഉദ്യോഗസ്ഥരും ഫ്ളാറ്റുകള്‍ 60 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി. അവര്‍തന്നെയാണ് ഫ്ളാറ്റ് നിര്‍മാണത്തിനായി തീരദേശ നിയമമടക്കമുള്ള എല്ലാ നിയമവ്യവസ്ഥകളും ലംഘിച്ചതായി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇപ്പോള്‍ പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ചിരിക്കുന്നതായി നോട്ടീസ് നല്‍കി കേന്ദ്രമന്ത്രി ജയറാം രമേഷ് വിലാപകാവ്യം രചിക്കുന്നു. മന്ത്രിബന്ധുക്കള്‍, മുന്‍സൈനിക മേധാവികള്‍, മുന്‍ കലക്ടര്‍മാര്‍, നിരവധി കോഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ അകപ്പെട്ട 'ആദര്‍ശ് അഴിമതി' അക്ഷരാര്‍ഥത്തില്‍ ആദര്‍ശ രഹിത കോഗ്രസിന്റെ മുഖം വ്യക്തമാക്കുന്ന ഒന്നാണ്. മുഖ്യമന്ത്രിയുടെ രാജിയിലും സിബിഐ അന്വേഷണത്തിലും അവസാനിപ്പിക്കാന്‍ കഴിയുന്ന ഒന്നല്ലതാനും. പട്ടാള ആസ്ഥാനത്തിനടുത്ത് ഒരു ഭവനസമുച്ചയം സ്വന്തമാക്കിയ വന്‍ സ്രാവുകള്‍ ഇപ്പോഴും കേന്ദ്രമന്ത്രിസഭയിലും സംസ്ഥാന മന്ത്രിസഭയിലും തുടരുന്നത് എന്ത് സാന്മാര്‍ഗികതയുടെ പേരില്‍ ന്യായീകരിക്കാനാകും. ഉന്നത രാഷ്ട്രീയ നേതാക്കള്‍ പ്രതികളായ നിരവധി കേസുകളില്‍ സിബിഐയെ ശിങ്കിടിയാക്കി മാറ്റി കേസൊതുക്കിയ അനുഭവമാണ് നമ്മുടെ മുന്നിലുള്ളത്. മനോരമ മുഖപ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ വൈകിയാണെങ്കിലും പ്രതിച്ഛായ വീണ്ടെടുക്കാന്‍ കോഗ്രസ് പാര്‍ടി നടത്തുന്ന നീക്കമാണിതൊക്കെ. വെറും ഉപരിപ്ളവം- കണ്ണില്‍ പൊടിയിടാനുള്ളത്. അഴിമതി എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആത്മാര്‍ഥതയോടെയുള്ള നടപടികളല്ല. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഉണ്ടായ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ ആരംഭിക്കുന്നത് 1857ല്‍ മുംബൈയില്‍നിന്നാണ്. 1885ല്‍ ഇന്ത്യന്‍ നാഷണല്‍ കോഗ്രസ് ജന്മമെടുത്തതും മുംബൈയില്‍തന്നെയാണ്. ആ മുംബൈ ഇപ്പോള്‍ കോഗ്രസുകാര്‍ക്കുതന്നെ അപമാനകരമായ വിധത്തില്‍ അഴിമതിയുടെ കേന്ദ്രമായി മാറി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോഗ്രസിന് വമ്പിച്ച വിജയം സമ്മാനിച്ചതില്‍ അശോക് ചവാന് മധുരം നല്‍കിയത് സോണിയയും മന്‍മോഹന്‍സിങ്ങുമായിരുന്നു. 'പെയ്ഡ് ന്യൂസ്' വഴി പ്രതിയോഗികളായ സ്ഥാനാര്‍ഥികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമെതിരെ അപവാദപ്രചാരണം നടത്താന്‍ കോടികളായിരുന്നു മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പു വേളയില്‍ ചെലവഴിച്ചത്. മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്കായി കോഗ്രസ് ചെലവഴിച്ചത് അനേകായിരം കോടികളായിരുന്നു. ഇതിന്റെയൊക്കെ ഉറവിടം രാജ്യത്തെ സാമ്പത്തിക തലസ്ഥാനംകൂടിയായ മുംബൈ ആയിരുന്നു. ഒരു മുഖ്യന്റെ രാജിയെന്ന 'ചെപ്പടിവിദ്യ'കളിലൂടെ അഴിമതിയെയും അഴിമതിക്കാരെയും സംരക്ഷിക്കാനുള്ള നീക്കമാണ് കോഗ്രസ് ഇപ്പോള്‍ നടത്തുന്നത്. കോഗ്രസിന്റെ കറപ്ഷന്‍ വെല്‍ത്ത് ഗെയിംസായിരുന്നു കോമവെല്‍ത്ത് ഗെയിംസ്. വിവിധ അന്വേഷണ ഏജന്‍സികളെല്ലാം ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടുകളും അഴിമതിയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഗെയിംസ് ആരംഭിക്കുന്നതിനുമുമ്പ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത് കായികമേള നടക്കട്ടെ


സ്മാരക ശിലകള്‍

സ്മാരക ശിലകള്‍
ശതമന്യു
എത്ര കുറച്ചാലും നാല്‍പ്പത്തിരണ്ടു സീറ്റുകിട്ടാനുള്ള വോട്ട് എല്‍ഡിഎഫിന്റെ പെട്ടിയില്‍ വീണു എന്നാണ് മാതൃഭൂമിയുടെ കണക്കെടുപ്പില്‍ കണ്ടെത്തിയത്. അതായത്, സകലമാന പടക്കവും അമിട്ടും മത്താപ്പും കമ്പിത്തിരി-പൂത്തിരികളും ഒന്നിച്ചു പൊട്ടിച്ചിട്ടും വെടി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏശിയില്ലെന്ന്. മുപ്പത്തിയെട്ടോളം സീറ്റില്‍ എങ്ങോട്ടും മറിയാവുന്ന വോട്ടുവ്യത്യാസമേ ഉള്ളൂവത്രെ. നിയമസഭാ തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. ഇടതുമുന്നണി ഒന്ന് ശ്രദ്ധിച്ചുപിടിച്ചാല്‍ യുഡിഎഫിന്റെ കിനാക്കള്‍ പാഴ്ശ്രുതി മീട്ടും. ഉമ്മന്‍ ചാണ്ടിയുടെ കുപ്പായം പിന്നെയും കീറും. മുഖ്യമന്ത്രിയായി പരിചയം സമ്പാദിച്ചിട്ടുപോരെ കുട്ടീ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് രാഹുലിനോട് നിതീഷ് കുമാറാണ് ചോദിച്ചത്. ഇവിടെ, ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നു; പ്രതിപക്ഷ നേതാവാണ്. രാഹുലിനെപ്പോലെയല്ല-എന്തുകൊണ്ടും അര്‍ഹന്‍. ലോക്സഭാതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും സഹായിച്ച് ഭേദപ്പെട്ട ഒരു വിജയം നേടി. അന്നുമുതല്‍ അസുഖം കയറിയ വണ്ടി വന്നത് മാവേലിക്കര വഴിയാണ്. 'ഉ' ഗ്രൂപ്പിന്റെയും 'ര' ഗ്രൂപ്പിന്റെയും വളര്‍ച്ചയുടെയും ഉരസലിന്റെയും സവിശേഷഘട്ടമായിരുന്നു അത് എന്നും പറയാം. രണ്ടുപേര്‍ക്കും മോഹം മുഖ്യമന്ത്രിപദത്തില്‍. ആ സ്ഥാനത്തിന് ഒരു പ്രത്യേകതയുണ്ട്. അതിനോട് മോഹം തലയില്‍കയറിയാല്‍ പിന്നെ എന്തുചെയ്യും; ചെയ്യാതിരിക്കും എന്ന് തിട്ടപ്പെടുത്താനാവില്ല. കിട്ടിയാലോ-എന്തും ചെയ്യാം; ചെയ്യാതിരിക്കാം; ചുമലിലിരുന്ന് ചെവി കടിക്കാം; ഇരിക്കുന്ന കൊമ്പുതന്നെ മുറിക്കാം. ഇതെല്ലാം ചിലര്‍ ചെയ്യുന്നത് അടുത്തുനിന്ന് കണ്ടയാളാണ് ചെന്നിത്തല. ചെയ്തുകാണിച്ചയാളാണ് ഉമ്മന്‍ചാണ്ടി. ആകുന്നെങ്കില്‍ മുഖ്യമന്ത്രിതന്നെ ആകണം എന്നാണ് ഇരുവരുടെയും വാശി. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ ചെന്നിത്തലയുടെ ഹിന്ദി ധാരാളം മതി. ദുര്‍ബലയ്ക്ക് ഗര്‍ഭമെന്നപോലെ സംഘടനാ തെരഞ്ഞെടുപ്പും എത്തി. സംഗതി പിടിവിട്ടുപോകുമെന്നായി. അതോടെയാണ് അവധിവ്യാപാരമാണ് നല്ലതെന്ന നിഗമനത്തില്‍ ഹൈക്കമാന്‍ഡ് എത്തിയത്. ചെന്നിത്തലയ്ക്ക് പാര്‍ടി; ഉമ്മന്‍ ചാണ്ടിക്ക് നിയമസഭാ പാര്‍ടി. വീതംവയ്പില്‍ തുല്യ പങ്കാളിത്തം. ഒന്നുവച്ചാല്‍ രണ്ടുകിട്ടുന്ന പരിപാടികളില്‍ കൂട്ടുത്തരവാദിത്തം. പോകെപ്പോകെ മോഹം കനത്തു. കിനാവിന് വേലികെട്ടാന്‍ പുറംപണി കൊടുത്തു. പണിക്കാരെ കിട്ടാന്‍ നാടിനു നടുവേ ഓട്ടമായി. ആദ്യം കിട്ടിയ വീരനെ കൂലിപറഞ്ഞുറപ്പിച്ചു. ഐഎന്‍എല്ലിനെ ലീഗ് പിടിച്ചു. പള്ളിമണിയടിച്ച് ജോസഫിനെ മാണിയുടെ പറമ്പിലേക്ക് ഓടിച്ചു കയറ്റി. മുരളിയെ വേണ്ടണം എന്നായി. കാവിക്കാര്‍ പറഞ്ഞു-വോട്ട് വില്‍ക്കാനുള്ളതല്ലേ എന്ന്. കൈവെട്ടുകാരും കൈപോയ മാഷിന്റെ പണിവെട്ടിയവരും ഒരു പിഞ്ഞാണത്തില്‍ ബിരിയാണി കഴിച്ചു. ജനാധിപത്യത്തിന്റെ അരപ്പട്ട കെട്ടിയവരുടെ മഹാസംഗമത്തില്‍ ഭൂമിയും വാനവും പൂത്തുലഞ്ഞു. മറുവശത്തോ-അവിശ്വാസിക്കൂട്ടം. കംണിഷ്ടുകള്‍. പിന്നെ പാവപ്പെട്ട ചില പാര്‍ടികളും. പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സെക്രട്ടറിയറ്റിലെ നോര്‍ത്ത് ബ്ളോക്കിലേക്കുള്ള നട തുറന്നു കിട്ടി എന്നുതന്നെയാണ് 'ഓസി'യും 'ആര്‍സി'യും കരുതിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ആ കിനാവില്‍ വെള്ളം കയറി. കോട്ടയത്തും മലപ്പുറത്തും ലോട്ടറി അടിച്ചത് ശരിതന്നെ. പക്ഷേ, ആകെമൊത്തം വോട്ട് കൂട്ടിനോക്കുമ്പോള്‍ വലിയ മുന്‍തൂക്കം ഇല്ല. ഇറക്കിയ വര്‍ഗീയക്കാര്‍ഡിന്റെ വേര് പുറത്തുവരികയുംചെയ്തു. കുഞ്ഞൂഞ്ഞ്-കുഞ്ഞാലിക്കുട്ടി-കുഞ്ഞുമാണി ഭരണമാണ് വരുന്നത് എന്ന് പറയാന്‍ പറ്റുന്നില്ല. അങ്ങനെയൊരു ഭരണത്തിന്റെ ദുരിതം പേറിയവരോട് എങ്ങനെ പറയാന്‍. ഇത്തരത്തില്‍ പോയാല്‍ വര്‍ഗീയനിറത്തിന് കട്ടി കൂടുമെന്നും ചക്കിനുവച്ചത് കൊക്കിന് കൊള്ളുമെന്നും മനോരമയ്ക്ക് മനസിലായി. വയലാര്‍ രവിക്കും മനസിലായി. മനോരമ മുഖപ്രസംഗമെഴുതി; വയലാര്‍ രവി മനക്കണക്ക് കൂട്ടി. ഞാനിതാ വരുന്നു കേരളത്തിലേക്ക് എന്നായി. കാത്തുസൂക്ഷിച്ച കസ്തൂരി മാമ്പഴം ചേര്‍ത്തലയിലേക്കുതന്നെ വീണ്ടും കാക്ക കൊത്തിക്കൊണ്ടുപോകുമോ എന്ന വേവലാതിയിലായി ഓസി. ജയിക്കുമെന്നുറപ്പില്ല. അഥവാ ജയിച്ചാല്‍ കസേര ഏതെന്നും ഉറപ്പില്ല. അങ്ങനെ ഒരു നിര്‍ണായക സന്ധിയിലാണ് ലാവ്ലിന്‍ കുഴിമാടം മാന്താനുള്ള ക്വട്ടേഷന്‍ ക്ഷണിച്ചതും കമ്പനിയെ കണ്ടെത്തിയതും കരാര്‍ ഒപ്പിട്ടതും.
----------------------- ഈ കുമാരന്മാരെക്കൊണ്ട് തോറ്റു. കുഴിമാടം തോണ്ടാനും കുഴി കുത്താനും കുഴിയിലിറക്കാനും കുമാരന്മാര്‍ വേണം. ചെന്നൈയില്‍നിന്ന് ഒരു കുമാരന്‍, വയനാട്ടില്‍നിന്ന് പുളിയാര്‍മലയിറങ്ങിയ കുമാരന്‍, ക്രൂക്കഡ് കുമാരന്‍, ഈരാറ്റുപേട്ടയുടെ അഭിമാനകുമാരന്‍ , പിന്നെ ഒരു ചാനല്‍ വ്യാജരേഖാ കുമാരന്‍. ലാവ്ലിന്‍ വര്‍ത്താനവുമായി ചെന്നൈയില്‍നിന്ന് സ്വന്തം നാടായ തിരുവനന്തപുരത്തു വരാതെ കോയിക്കോടന്‍ ബിരിയാണി തിന്നാന്‍ പോയ കുമാരന്റെ ചെല്ലുചെലവ് സര്‍ക്കാര്‍ ഭൂമിയിലെ കാപ്പിത്തോട്ടത്തില്‍നിന്നാണ് വന്നത്. ക്രിമിനല്‍ വാരികയുടെ സെക്യൂരിറ്റി. പിആര്‍ഒ പണിക്ക് ചെന്നൈയില്‍നിന്ന് ശമ്പളം വാങ്ങുന്ന ചാനല്‍തമ്പി. പരിചാരകവൃന്ദത്തില്‍ വിമതവേഷങ്ങള്‍ അനവധി. സംവിധാനം പൂഞ്ഞാര്‍ ജോര്‍ജോവ്സ്കി. മണിക്കൂറിന് ഒന്ന് എന്ന തോതില്‍ ചെന്നൈ കുമാരന്‍ ചാനലുകളില്‍ കയറിയിറങ്ങി. പറഞ്ഞതിന്റെ സാമ്പിള്‍ ഇങ്ങനെ: കുമാരന്‍: കൊലപാതകവും നടന്നു. ആങ്കര്‍: ആരെയാണ് കൊന്നത്? കു: അതു പറയില്ല. ആ: ആരാണ് കൊന്നത്? കു: പാച്ചുവും കോവാലനും. ആ: എന്തിനാണ് കൊന്നത്? കു: അതറിയില്ല. ആ: ഇതാ നമ്മുടെ മുഖ്യ സാക്ഷികുമാരന്‍ ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നു-ഭയാനകം; ഭീതിജനകം. കുമാര വചനങ്ങള്‍ പൂര്‍ണരൂപത്തിലാക്കി ഞങ്ങളുടെ കോഴിക്കോട് ലേഖകന്‍ തല്ലുകൊള്ളിക്കുമാരന്‍ വിശദീകരിക്കുന്നതാണ്. കൊല്ലപ്പെട്ടയാളെ പറയില്ല; കൊന്നവരെ പറയാം എന്ന്. അതും കഴിഞ്ഞു വരുന്നു യഥാര്‍ഥ ബോംബ്-ഒരു പ്രതിയെ രക്ഷിക്കാന്‍ കേന്ദ്രമന്ത്രി ഇടപെട്ടു. ആ മന്ത്രിയുടെ പേരുപറയില്ല ക്ളൂ തരാം എന്ന്. പേരില്‍ രണ്ടക്ഷരം; ഇടയ്ക്കിടെ വിദേശയാത്ര; ഖദറേ ഇടൂ; തട്ടിപ്പേ പറയൂ. ആരാണെന്ന് പലര്‍ക്കും എത്തും പിടിയും കിട്ടാഞ്ഞപ്പോള്‍ അതാ മുറ്റത്തുനിന്നൊരു ശബ്ദം. ലോട്ടറിയുടെ തിരക്ക് കഴിഞ്ഞ് സുരേഷ് തിരിഞ്ഞുനോക്കുമ്പോള്‍, ആ ശബ്ദം മുല്ലപ്പള്ളിയുടേതാണ്. "എന്നാലും വയലാര്‍ രവിയെക്കുറിച്ച് അങ്ങനെ പറഞ്ഞത് ശരിയായില്ല'' എന്ന്. പിന്നാലെ വരുന്നൂ ഹസ്സന്‍. വയലാര്‍ രവി കേസില്‍ ഇടപെട്ടിട്ടില്ല എന്ന് വിശദീകരണം. ഒറ്റ നിമിഷംകൊണ്ട് വയലാര്‍ രവി എന്‍ഡോസള്‍ഫാന്‍ കുടിച്ച കുമ്പളങ്ങിക്കാരന്റെ അവസ്ഥയിലായി. ചെന്നൈ കുമാരന്‍ വിട്ട ഭാഗങ്ങള്‍ക്ക് മുല്ലപ്പള്ളിയുടെയും ഹസ്സന്റെയും പൂരണം. രവിയുടെ ശല്യം ഒഴിവാക്കാന്‍ ഏറ്റവും നല്ല വഴി ഇതുതന്നെ. പിന്നില്‍ ഓസി ഉണ്ടെന്ന് ആരും പറയില്ല. സ്വന്തം ലീഡറെ മൂലയ്ക്കിരുത്താനും ആന്റണിയെ മുഖ്യമന്ത്രിപദത്തില്‍ നിന്നിറക്കി സ്വയം അവിടെ കയറിയിരിക്കാനും കാണിച്ച ബുദ്ധി ഒട്ടും ചോര്‍ന്നുപോയിട്ടില്ല. മാണിയുടെ ചെലവില്‍ ലീഗിനും ലീഗിന്റെ ചെലവില്‍ മാണിക്കും പാര പണിയാനുള്ള പദ്ധതി പാളിയിട്ടുമില്ല. ശവക്കുഴി തോണ്ടാനും സ്മാരക ശിലകള്‍ തോട്ടില്‍ കൊണ്ടു കളയാനും കുമാരന്മാര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തതിന്റെ പശ്ചാത്തലം ഇത്രയും ശതമന്യു അറിഞ്ഞിട്ടുണ്ട്. ബാക്കി ഭാഗം വഴിയേ അറിയും; അറിയുമ്പോള്‍ എഴുതും. എന്തായാലും ആപ്പുക്കുട്ടന്‍മാരുടെ പണിക്ക് ശതമന്യുവിനെ കിട്ടില്ല. -----------------------------------
ആപ്പുക്കുട്ടന്റെ പണി എന്തെന്ന് അന്വേഷിക്കുന്നതുതന്നെ മോശമാണ്. എന്തെങ്കിലും ചെയ്യട്ടെ എന്ന് വച്ചാല്‍മതി. പക്ഷേ, ഒരു കമ്യൂണിസ്റുകാരന്റെ മരണത്തിലുള്ള ദുഃഖം എന്ന വ്യാജേനയും പാര്‍ടിക്ക് ആപ്പുവച്ചാലോ? പാര്‍ടി പ്രവര്‍ത്തകനും നേതാവുമായി ജീവിച്ച് മരണംവരെ ഉത്തമ കമ്യൂണിസ്റുകാരനായി നിലകൊണ്ട ഐ വി ദാസിന്റെ മരണം സിപിഐ എമ്മിനെ മാത്രമല്ല, കക്ഷിഭേദമില്ലാതെ വിവിധ വിഭാഗമാളുകളെ വേദനിപ്പിച്ചു. ദാസന്‍ മാഷിന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ എത്തിയ ജനസാഗരം അതിന് തെളിവായിരുന്നു. കുറെ ദിവസം കഴിഞ്ഞ് അപ്പുക്കുട്ടന്‍ അവിടെ പോയത് മരണം അറിയാനല്ല, പാര്‍ടിക്കെതിരെ ദുഷിപ്പു പറയാനാണ്. ദാസന്‍ മാഷിന്റെ മൃതദേഹം പാര്‍ടി പ്രത്യേകമായി വാങ്ങിയ സ്ഥലത്ത് ദഹിപ്പിച്ചതിലും അവിടെ സ്മാരകം പണിയുന്നതിലും അപ്പുക്കുട്ടന് പുച്ഛം. മകന്‍ പാര്‍ടിയെ വിമര്‍ശിച്ചാല്‍ അച്ഛന്റെ മൃതദേഹമെടുത്തുപോലും പ്രതിരോധിക്കും എന്ന തോന്ന്യാസം. ദാസന്‍മാഷിന്റെ രോഗാവസ്ഥയില്‍ ആ മകനും പാര്‍ടി പ്രവര്‍ത്തകരും ഒന്നിച്ചൊന്നായ് നിന്ന് ശുശ്രൂഷിച്ചതും നിരവധി പാര്‍ടി പ്രവര്‍ത്തകര്‍ കണ്ണിമയ്ക്കാതെ കാവല്‍നിന്നതും അപ്പുക്കുട്ടനെന്തിന് അറിയണം. അപ്പുക്കുട്ടന്‍ കള്ളനാണയമായതുകൊണ്ട് പാര്‍ടിയില്‍നിന്ന് പുറത്തായി; പാര്‍ടിയുടെ തകര്‍ച്ച കൊതിച്ചും പാര്‍ടിവിരുദ്ധരെ ആരാധിച്ചും നടക്കുന്നു. ദാസന്‍ മാഷ് എന്നും കമ്യൂണിസ്റായിരുന്നു. മൊകേരിയിലെ പാര്‍ടി പ്രവര്‍ത്തകര്‍ അപ്പുക്കുട്ടന്റെ തോന്ന്യസ്മരണം കാണാതിരിക്കട്ടെ. ---------------------------
ഒഞ്ചിയത്തെ വിമതന്മാര്‍ക്കും ഷൊര്‍ണൂരിലെ പൂഴിക്കടകന്മാര്‍ക്കും ആശംസകള്‍ നേരുന്നു. അഞ്ചുകൊല്ലം തികച്ച് അവര്‍ക്ക് കോഗ്രസിന്റെ പിന്തുണയോടെ ഭരിക്കാനും അതു കഴിഞ്ഞ് കോഗ്രസാകാനും സാധിക്കട്ടെ.

Saturday, November 13, 2010

സിബിഐയുടെ അട്ടിമറി..പി എം മനോജ്

സിബിഐയുടെ അട്ടിമറി

ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഒന്നരവര്‍ഷംമുമ്പ് സമര്‍പ്പിച്ചുകഴിഞ്ഞു. ആ കുറ്റപത്രത്തില്‍ പേരുണ്ടായിട്ടും കോഗ്രസ് നേതാവ് ജി കാര്‍ത്തികേയനെ പ്രതിയാക്കാത്തതിനെയാണ് സിബിഐ പ്രത്യേക കോടതി ഏറ്റവും ആദ്യം ചോദ്യംചെയ്തത്. രാഷ്ട്രീയപക്ഷപാതിത്വത്തിന്റെ പേരില്‍ സിബിഐ കോഗ്രസ് നേതാവിനെ വഴിവിട്ട് സഹായിക്കുകയും സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരായി കള്ളക്കേസ് ചമയ്ക്കുകയും ചെയ്തു എന്ന ആരോപണം പൊതുവിലും അന്ന് ഉയര്‍ന്നിരുന്നു. ഗൂഢാലോചന നടന്നു എന്നും അതിന്റെ തുടക്കക്കാരന്‍ കാര്‍ത്തികേയനാണെന്നും എഴുതിവച്ച സിബിഐക്ക് എന്തുകൊണ്ട് പ്രതിചേര്‍ത്തില്ല എന്ന ചോദ്യത്തിന് ഉത്തരമുണ്ടായില്ല. പോയി അന്വേഷി
ച്ചു വരൂ എന്നാണ് കോടതി ഉത്തരവിട്ടത്. 2009 ജൂ 23ന് ആ ഉത്തരവുംകൊണ്ട് പോയ സിബിഐ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടില്ല. കാര്‍ത്തികേയന്റെ പേര് മിണ്ടുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായിട്ടും സിബിഐ തുടരുന്ന ഈ കള്ളക്കളിയെപ്പറ്റിയാണ് സ്വാഭാവികമായും ഇപ്പോള്‍ സംവാദം ഉണ്ടാകേണ്ടത്. നമ്മുടെ അതിസമര്‍ഥരായ മാധ്യമങ്ങള്‍ അതുമാത്രം മിണ്ടുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒച്ച കേട്ടുതുടങ്ങി. യുഡിഎഫ് ഉയര്‍ത്തിയ ലോട്ടറിയടക്കമുള്ള വിഷയങ്ങള്‍കൊണ്ടൊന്നും രാഷ്ട്രീയമായി അവര്‍ക്ക് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇറക്കിയ വര്‍ഗീയകാര്‍ഡ് ജനങ്ങള്‍ക്കിടയില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നു. ഇതിന്റെ ബാധ്യതയില്‍നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നാണ് ഒരു വിഭാഗത്തിന്റെ ചിന്ത. ലാവ്ലിന്‍ കേസിനെക്കുറിച്ച് ഇടയ്ക്കിടയ്ക്ക് ഓര്‍മിപ്പിച്ചാല്‍മാത്രം ശ്വാസം നേരെ വിടുന്ന ചില കുബുദ്ധികള്‍ വേറെയുമുണ്ട്. പൊടുന്നനെ ലാവ്ലിന്‍ ഉയര്‍ന്നുവരാനുള്ള പശ്ചാത്തലം ഇതൊക്കെത്തന്നെയാണ്. സുപ്രീംകോടതി പരിശോധിക്കുന്ന ഒരു കാര്യത്തെക്കുറിച്ച് സിബിഐയുടെ വക്കീല്‍ മറ്റൊരുകോടതിയില്‍ നടത്തിയ വാദം പ്രധാന വാര്‍ത്തയായതിനുപിന്നിലും തൊട്ടടുത്ത ദിവസം ചാനലുകളില്‍ ലാവ്ലിന്‍ ആഘോഷം തുടങ്ങിയതിനുപിന്നിലും അത്യധികമായ അത്ഭുതമില്ല എന്നര്‍ഥം. മനോരമയില്‍ വന്ന വാര്‍ത്തയാണ്: "സിപിഎം സെക്രട്ടറി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള മന്ത്രിസഭാ തീരുമാനം ജനാധിപത്യവിരുദ്ധവും പക്ഷപാതപരവുമായിരുന്നുവെന്ന്ìസിബിഐ.'' സിബിഐക്ക് ജനാധിപത്യത്തെ വ്യാഖ്യാനിക്കാനുള്ള ചുമതലയുംകൂടി വന്നുപെട്ടിരിക്കുന്നു. 'മന്ത്രിസഭ തെറ്റുചെയ്തു; ഗവര്‍ണര്‍ അത് തിരുത്തി' എന്നും 'ഗവര്‍ണറുടേതാണ് അന്തിമവും ഭരണഘടനാപരവുമായ തീരുമാന' മെന്നും സിബിഐയുടെ വക്കീല്‍ പ്രത്യേക കോടതിയെ അറിയിച്ചതായാണ് മനോരമയുടെ മുഖ്യവാര്‍ത്ത. മന്ത്രിസഭയുടെ വാദമുഖങ്ങള്‍ 'അതിശക്തനായ പാര്‍ടി സെക്രട്ടറി' പ്രതിയാക്കപ്പെട്ടതിനാലുണ്ടായതാണത്രേ. കോഗ്രസ് വിരുദ്ധ സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ജനാധിപത്യപരമായി മന്ത്രിസഭകളെടുക്കുന്ന തീരുമാനങ്ങളെ വികലമായി സിബിഐ വ്യാഖ്യാനിക്കുന്നത് ഇതാദ്യമായല്ല. 'പക്ഷപാതപരം', 'തെറ്റിദ്ധരിപ്പിച്ച് കൈക്കൊണ്ടത്' തുടങ്ങി സൌകര്യപൂര്‍വമുള്ള വ്യാഖ്യാനങ്ങളാണ് കോഗ്രസ് ഇതര മന്ത്രിസഭകളുടെ തീരുമാനങ്ങളോടുള്ള സിബിഐയുടെ പതിവ് ശൈലി. പള്ളിവാസല്‍, ശെങ്കുളം, പന്നിയാര്‍ വൈദ്യുതപദ്ധതികളുടെ നവീകരണത്തിന് കരാറിന്റെ വിവിധ വശങ്ങള്‍ 97-98 കാലത്ത് മൂന്നുവട്ടം മന്ത്രിസഭ ചര്‍ച്ചചെയ്ത് അംഗീകരിച്ചതാണ്. അന്നത്തെ മുഖ്യമന്ത്രി, വൈദ്യുതിമന്ത്രി, ധനമന്ത്രി, ആരോഗ്യമന്ത്രി എന്നിവരെല്ലാം പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തതുമാണ്. എന്നിട്ടും സിബിഐ ആരോപിച്ചു, പിണറായി വിജയന്‍ മന്ത്രിസഭയെ 'തെറ്റിദ്ധരിപ്പിച്ചു' എന്ന്. അങ്ങനെയൊരാക്ഷേപം അന്നത്തെ മന്ത്രിസഭാംഗങ്ങള്‍ ഉന്നയിച്ചിട്ടില്ല. തങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചെന്ന് മന്ത്രിമാര്‍ പറയാതെതന്നെ സിബിഐ അത്തരമൊരു വാദം സങ്കല്‍പ്പിച്ച് സൃഷ്ടിച്ചെടുക്കുകയാണുണ്ടായത്. മന്ത്രിസഭ എന്നാല്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഗവമെന്റിന്റെ തീരുമാനങ്ങളെടുക്കുന്നതിനുള്ള ഏറ്റവും ഉന്നതമായ വേദിയാണ്. പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയില്‍ കൂട്ടുത്തരവാദിത്തത്തിലധിഷ്ഠിതമായി ഭൂരിപക്ഷ ജനവിധിയുടെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ രൂപീകരിക്കപ്പെടുന്നത്. ഇത്തരത്തില്‍ ഭരണഘടനയനുസരിച്ച് നയപരമായ തീരുമാനങ്ങള്‍ അന്തിമമായി എടുക്കാന്‍ ഉത്തരവാദപ്പെട്ട മന്ത്രിസഭയെ അവിശ്വസിക്കുന്ന രീതിയാണ് സിബിഐ ഈ കേസിലുടനീളം കൈക്കൊണ്ടത്. അതുതന്നെയാണ് ഇന്നു കാണുന്ന ലാവ്ലിന്‍ കേസിനടിസ്ഥാനം. ആരും പറയാതെ സിബിഐയുടെ ഭാവനയില്‍മാത്രമാണ് 'മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചു' എന്ന തിരക്കഥയും അതിനെ അടിസ്ഥാനപ്പെടുത്തിമാത്രം കേസും വന്നത്. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മുമ്പാകെ സിബിഐ കെട്ടിച്ചമച്ച കേസുമായി പ്രോസിക്യൂഷന് അനുമതി തേടി. അനുമതി നല്‍കേണ്ടതില്ലെന്ന് ഗവമെന്റ് തീരുമാനമെടുത്തത്, ഭരണഘടനാപരമായി ചുമതലപ്പെട്ട അഡ്വക്കറ്റ് ജനറലിന്റെ ഉപദേശപ്രകാരമാണ്. ജനാധിപത്യപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭ, നിയമപരവും ഭരണഘടനാപരവുമായ എല്ലാ നടപടിക്രമവും പാലിച്ച് എടുത്ത തീരുമാനത്തെയാണ് 'പിഴച്ചുപോയതെ'ന്നും 'പക്ഷപാതപരമെന്നും' സിബിഐ വ്യാഖ്യാനിക്കുന്നത്. കോഗ്രസിതര ഗവമെന്റാണ് തീരുമാനമെടുത്തത് എന്നതിനാല്‍ സിബിഐ ഇതല്ലാതെ മറ്റെന്തുപറയാന്‍. ഗവര്‍ണറാകട്ടെ, അടുത്തൂ പറ്റി വക്കീല്‍പണിയെടുക്കുന്ന ഒരു മുന്‍ ജഡ്ജിയെക്കൊണ്ട് ഇഷ്ടത്തിനനുസരിച്ച് കടലാസ് എഴുതി വാങ്ങിയാണ് മന്ത്രിസഭാ തീരുമാനത്തെ മറികടന്നത്. അതും നിയമോപദേശം നല്‍കാന്‍ അര്‍ഹതപ്പെട്ട അറ്റോര്‍ണി ജനറല്‍, സൊളിസിറ്റര്‍ ജനറല്‍ തുടങ്ങിയ പദവികളെയാകെ അവഗണിച്ചുകൊണ്ട്. ഗവര്‍ണറാണ് ജനാധിപത്യ ധ്വംസനം നടത്തിയത്. അതുസംബന്ധിച്ച കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേരളത്തിന്റെ മന്ത്രിസഭാ തീരുമാനം അവിഹിത മാര്‍ഗത്തിലൂടെ മറികടന്ന ഗവര്‍ണറുടെ നടപടി ശരിയും മന്ത്രിസഭയുടേത് 'പിഴവും' ആണെന്ന് സിബിഐ വാദിക്കുന്നിടത്താണ് ജനാധിപത്യത്തോടുള്ള വെല്ലുവിളിയും രാഷ്ട്രീയ ഇടപെടലും. ഭരണഘടനയെ വെല്ലുവിളിക്കലല്ലാതെ മറ്റൊന്നല്ല അത്. എല്ലാ അര്‍ഥത്തിലും ജനാധിപത്യം പരാജയപ്പെടുന്നതും ഇവിടെത്തന്നെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപന ദിവസമാണ് ഈ കേസ് സിബിഐക്ക് വിടാന്‍ ക്യാബിനറ്റ് നോട്ടുപോലുമില്ലാതെ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തിരക്കിട്ട് തീരുമാനിച്ചത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ലക്ഷ്യംവച്ചുള്ള രാഷ്ട്രീയവേട്ടയാണ് അന്ന് നടന്നത്. അത്തരത്തിലൊന്നിനെ ജനാധിപത്യപരം എന്ന് ന്യായീകരിക്കുകയാണ് സിബിഐയും ചില മാധ്യമങ്ങളും. അതേസമയം 49 ശതമാനം വോട്ടും 100 സീറ്റും നേടി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് മന്ത്രിസഭ എടുത്ത തീരുമാനം ജനാധിപത്യത്തിനു നിരക്കുന്നതല്ലപോലും. ഇതെന്തു കഥ? 30 ശതമാനത്തില്‍ താഴെ സീറ്റും വോട്ടും നേടി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന കോഗ്രസ് കേരളത്തിലേക്ക് നോമിനേറ്റ് ചെയ്ത് അയച്ച ഗവര്‍ണര്‍ തൊട്ടാല്‍ ജനാധിപത്യം വിളയുമെന്ന്. തങ്ങളുടെ സൌകര്യത്തിനൊത്ത് വളച്ചൊടിക്കാനുള്ളതാണ് സിബിഐക്കും മനോരമയ്ക്കും ന്യായങ്ങള്‍. ഇതേ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നതിന് തൊട്ടുമുമ്പ് പ്രതിപക്ഷനേതാവും കൂട്ടരും രാജ്ഭവനില്‍ ചെന്ന് സമ്മര്‍ദം ചെലുത്തിയതും മറന്നുപോകരുത്. രാഷ്ട്രീയ താല്‍പ്പര്യവും കേന്ദ്ര ഭരണാധികാരവും ഉപയോഗിച്ച് പ്രതിപക്ഷം പറയുന്നിടത്ത് ഗവര്‍ണര്‍ ഒപ്പുവച്ചതാണോ ജനാധിപത്യ സംരക്ഷണമെന്ന് സിബിഐ പറയുന്നത്? ക്യാബിനറ്റിന്റെ തീരുമാനത്തിന് പുല്ലുവിലയും തോറ്റ പ്രതിപക്ഷം പറയുന്നത് വേദവാക്യവുമാകുന്നത് എന്തിനോടുള്ള വെല്ലുവിളിയാണ്? കേന്ദ്ര ക്യാബിനറ്റ് കൈക്കൊള്ളുന്ന എല്ലാ തീരുമാനങ്ങളും സോണിയ ഗാന്ധിയെന്ന രാഷ്ട്രീയനേതാവിന്റെ ഇംഗിതത്തിനും താല്‍പ്പര്യത്തിനുംവേണ്ടി 'പക്ഷപാതപരമായി' കൈക്കൊണ്ടതാണെന്നു പറയാന്‍ ഇതേ സിബിഐ തന്റേടം കാണിക്കുമോ? ഒറ്റക്കാര്യമേ ഓര്‍ക്കേണ്ടതുള്ളൂ. നാം കാശുമുടക്കി വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന ചില മാധ്യമങ്ങളെങ്കിലും എത്രമാത്രം തരംതാണുപോയി എന്നത്. വിടുപണി, ഉപജാപം തുടങ്ങിയ വാക്കുകള്‍ക്ക് നാം മനസ്സിലാക്കുന്നതിനേക്കാള്‍ അധമമായ അര്‍ഥമുണ്ടെന്നു തെളിയുകയാണിവിടെ. സഹകരണവകുപ്പുമായി ബന്ധപ്പെട്ട ഒരു ഫയലില്‍ പിണറായി വിജയന്‍ എഴുതിയതായി പറയുന്ന വരദാചാരി എന്ന ഉദ്യോഗസ്ഥനെപ്പറ്റിയുള്ള ഒരു അഭിപ്രായം 'ലാവ്ലിന്‍ കേസിലെ തലപരിശോധന'യാക്കി മാറ്റിയ ഉളുപ്പില്ലായ്മ കാട്ടിയവരാണ് ഇവിടത്തെ ഉപജാപകര്‍. ആ കള്ളം കുറ്റപത്രത്തില്‍ എഴുതിച്ചേര്‍ത്ത് അതിന് കള്ളസാക്ഷികളെയുമുണ്ടാക്കിയവരാണ് സിബിഐ. ഇല്ലാത്ത ഫയല്‍ മുക്കിയെന്ന് കേസുണ്ടാക്കിയതും ഫോചോര്‍ത്തല്‍ കഥ മെനഞ്ഞതും ഇതേ കൂട്ടര്‍തന്നെ. എല്ലാം പൊളിഞ്ഞിട്ടും പുതിയ കഥകളെയും കഥാപാത്രങ്ങളെയും എഴുന്നള്ളിക്കാന്‍ അവര്‍ക്ക് ലജ്ജതോന്നുന്നില്ല. ഒരു പൈസയുടെ അഴിമതി പിണറായി വിജയന്‍ നടത്തി എന്ന് സിബിഐ പറഞ്ഞിട്ടില്ല- സംശയം പ്രകടിപ്പിച്ചിട്ടുമില്ല. കേസ് രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണെന്ന് സിപിഐ എമ്മിന്റെ ബദ്ധശത്രുക്കളായ ബിജെപി നേതൃത്വംപോലും പറഞ്ഞു. പ്രഗത്ഭരായ നിയമ പണ്ഡിതര്‍ പറഞ്ഞു- രാഷ്ട്രീയവൈരം തീര്‍ക്കാന്‍ സൃഷ്ടിച്ച കേസാണിതെന്ന്. കേരളത്തിലെ ജനങ്ങള്‍ ലാവ്ലിന്‍ കേസിനെ കൃത്യമായി മനസ്സിലാക്കിയത് അത്തരം വസ്തുതകളിലൂടെയാണ്. ഇപ്പോള്‍ പുതുതായി കഥമെനയുന്നവര്‍ക്ക് അതിലൂടെ ആത്മനിര്‍വൃതി അടയാമെന്നേയുള്ളൂ. ഏതായാലും പിണറായി വിജയനും സിപിഐ എമ്മും ഇക്കഥകളില്‍ കക്ഷിയല്ല. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി എന്നതാണ് ഇന്നലത്തെ ഒരു വാര്‍ത്ത. അതിനെതിരെ കേസ് കൊടുക്കുമെന്ന് ഒരു വിരുതന്‍. പിറ്റേന്ന് ചെന്നൈയില്‍നിന്ന് ഒരു 'മുഖ്യസാക്ഷി'യുമായി ചാനലാഫീസുകളില്‍ കയറിയിറക്കം. പൊടുന്നനെ ലാവ്ലിന്‍ 'കത്തുന്നു'. ചെന്നൈക്കാരന്‍ സാക്ഷി പറയുന്നത് നാട്ടുകാര്‍ക്ക് മനസ്സിലാകാത്തതുകൊണ്ടാകണം, ചാനലിന്റെ പ്രത്യേക ലേഖകന്റെ വക തര്‍ജമയും വിശദീകരണവും. കഥയില്‍ പുതിയ ചില ചേരുവകളുമായാണ് സാക്ഷിപ്പട്ടികയില്‍ പേരില്ലാത്ത 'മുഖ്യസാക്ഷി'യുടെ വരവ്. അയാള്‍ പറയുന്നു, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ഒരു കേന്ദ്ര മന്ത്രി ഇടപെട്ടാണെന്ന്. അത് ചാനലുകള്‍ സഹര്‍ഷം ഏറ്റുപാടി. ഈ കേസില്‍ തുടക്കംമുതല്‍ രാഷ്ട്രീയ ഇടപെടലുണ്ടായി എന്നും രാഷ്ട്രീയപ്രേരിതമായി കെട്ടിച്ചമച്ചതാണ് കേസെന്നുമാണ് സിപിഐ എം തെളിവുകള്‍ നിരത്തി പറഞ്ഞിട്ടുള്ളത്. പുതിയ 'മുഖ്യസാക്ഷി'യെ അവതരിപ്പിച്ച് മാധ്യമങ്ങള്‍ അത് ശരിവയ്ക്കുന്നു- പക്ഷേ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കും മറ്റു ചിലര്‍ക്കും ഇതിലുള്ള അജന്‍ഡയ്ക്കനുസൃതമാണെന്ന പ്ര