Monday, May 31, 2010

മാര്‍ക്സിസത്തിന്റെ മുഖാവരണം അണിഞ്ഞ സ്വത്വ രാഷ്ട്രീയം

മാര്‍ക്സിസത്തിന്റെ മുഖാവരണം അണിഞ്ഞ സ്വത്വ രാഷ്ട്രീയം.

തൊഴിലാളിവര്‍ഗ ഐക്യത്തെ ശിഥിലമാക്കുന്ന സ്വത്വരാഷ്ട്രീയം സാമ്രാജ്യത്വ അധിനിവേശത്തിന്റെ, നവ ഉദാരവല്‍ക്കരണ കാലഘട്ടത്തിലെ മുതലാളിത്തത്തിന്റെ, ഉപകരണമാണ്. എന്നാല്‍ ഇത് ഇടതുപക്ഷ ബുദ്ധി ജീവികളില്‍ തന്നെ ഒരു വിഭാഗത്തെ സ്വാധീനിക്കുകയും അവര്‍ ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളിലൂടെ പോലും മാര്‍ക്സിസ്റ്റ് വിരുദ്ധമായ ഈ പിന്തിരിപ്പന്‍ ചിന്താഗതിയെ മാര്‍ക്സിസത്തിന്റെ മുഖാവരണം അണിഞ്ഞ് അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് നാം ഇന്ന് കാണുന്ന പ്രത്യേകത. സാമൂഹിക - രാഷ്ട്രീയ പ്രശ്നങ്ങളെയും ചരിത്ര സംഭവങ്ങളെയും മാര്‍ക്സിസം വിശകലനം ചെയ്യുന്നതും വിലയിരുത്തുന്നതും വര്‍ഗപരമായ വീക്ഷണത്തിലൂടെയാണ്. സാംസ്കാരികമായ മേല്‍പ്പുരയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അന്തോണിയോ ഗ്രാംഷി നടത്തിയ അന്വേഷണങ്ങളുടെ തുടര്‍ച്ചയെന്ന് നടിച്ചും മാര്‍ക്സിന്റെ വരികള്‍പോലും വളച്ചൊടിച്ചും ഇന്ന് വര്‍ഗ രാഷ്ട്രീയത്തിന്റെ സ്ഥാനത്ത് സ്വത്വരാഷ്ട്രീയത്തെ കടത്തിക്കൊണ്ടുവരാന്‍ ശ്രമം നടക്കുകയാണ്.
മാര്‍ക്സിസ്റ്റ് ദര്‍ശനത്തില്‍ അവഗാഹം നേടിയിട്ടുള്ള ഡോ. പി കെ പോക്കര്‍ തന്നെ സ്വത്വരാഷ്ട്രീയത്തിന്റെ വക്താവായി അതിലളിതവല്‍ക്കരണത്തിലൂടെ മാര്‍ക്സിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളില്‍നിന്ന് അകന്നുപോകുന്നത് കാണാതിരിക്കാനാവില്ല. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനായ ലൂയി അല്‍ത്തൂസറിന്റെ "പ്രത്യയശാസ്ത്രം'' എന്ന കൃതിയുടെ മലയാള പരിഭാഷയ്ക്ക് അദ്ദേഹം എഴുതിയ ആമുഖത്തില്‍ മാര്‍ക്സിനെ ഇങ്ങനെ വളച്ചൊടിക്കുന്നതും ലളിതവല്‍ക്കരിക്കുന്നതും കാണാം. "മനുഷ്യനെന്നാല്‍ മനുഷ്യന്റെ ലോകമാണ്..... മനുഷ്യസത്തയുടെ സാങ്കല്‍പികമായ സാക്ഷാല്‍ക്കാരമാണത്. കാരണം മനുഷ്യസത്തയ്ക്ക് യഥാര്‍ത്ഥമായ നിലനില്‍പില്ല'' എന്ന് കാള്‍മാര്‍ക്സിനെ ഉദ്ധരിച്ച് ഡോ. പോക്കര്‍ അവതരിപ്പിക്കുന്ന വിശകലനം ഇങ്ങനെയാണ്: "ഇവിടെ മാര്‍ക്സ് ഒരു കാര്യം വളരെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്; മനുഷ്യനെന്നാല്‍ ഒരു അമൂര്‍ത്ത സത്തയല്ല. ഒരു മനുഷ്യന്‍ ഇന്ത്യക്കാരനോ കേരളീയനോ ആണ്. അതുപോലെ സവര്‍ണനോ അവര്‍ണനോ ആണ്. വെളുത്തവനോ കറുത്തവനോ ആണ്. പുരുഷനോ സ്ത്രീയോ ആണ്. മുസ്ളീമോ ഹിന്ദുവോ ക്രിസ്ത്യാനിയോ ജൂതനോ ആണ്. അതായത് അയ്യങ്കാളി പ്രതിനിധാനം ചെയ്തത് ഒരു 'ലോക'മാണ്. അത് അയ്യങ്കാളി ഉല്‍പാദിപ്പിച്ച ലോകവും അയ്യങ്കാളിയെ ഉല്പാദിപ്പിച്ച ലോകവും അയ്യങ്കാളിയുടെ ആഗ്രഹങ്ങളും അഭിപ്രായങ്ങളും രൂപീകരിച്ച ലോകവുമാണ്. ഒരു നിശ്ചിത ലോകത്തിന്റെ ഭാഗമായാണ് അയ്യങ്കാളി ജീവിച്ചത്. ശ്രീനാരായണഗുരുവും ഇ എം എസും മമ്പുറം ഫസല്‍ പൂക്കോയ തങ്ങളും അവര്‍ ഉള്‍പ്പെട്ട ഒരു ലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്''.
ഇവിടെ അതിലളിതമാക്കപ്പെട്ട യുക്തിയിലൂടെ മാര്‍ക്സിസം ഉയര്‍ത്തിപ്പിടിക്കുന്ന വര്‍ഗവീക്ഷണത്തെ നിരാകരിക്കുകയും ജാതി-മത-വര്‍ണ സ്വത്വങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയുമാണ് ഡോ. പോക്കര്‍. അയ്യങ്കാളിയെയും ശ്രീനാരായണ ഗുരുവിനെയും ഇ എം എസിനെയും മമ്പുറം ഫസല്‍ പൂക്കോയ തങ്ങളെയുമെല്ലാം പ്രത്യേക സ്വത്വ വിഭാഗങ്ങളുടെ പ്രാതിനിധ്യങ്ങളായാണ്, തികച്ചും നിഷ്കളങ്കമെന്ന് തോന്നാവുന്ന വിധം അവതരിപ്പിക്കുന്നത്. ഇ എം എസ് ഡോ. പോക്കര്‍ 'സവര്‍ണന്റെ' ലോകത്തെ പ്രതിനിധാനം ചെയ്യുന്നതായി സാധാരണ വായനക്കാരനില്‍ സംശയം ജനിപ്പിക്കുന്ന വിധമാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. അങ്ങനെ അല്ലെങ്കില്‍ അക്കാര്യം സംശയാതീതമായി വ്യക്തമാക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. സവര്‍ണ സമ്പന്ന ജന്മി കുടുംബത്തില്‍ ജനിച്ച് തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായി മാറിയ ഇ എം എസിനുമേല്‍ ദളിത് - പിന്നോക്ക - ന്യൂനപക്ഷ സ്വത്വരാഷ്ട്രീയത്തിന്റെ വക്താക്കള്‍ നിരന്തരം ആരോപിക്കുന്ന ഒന്നാണ് ഈ സവര്‍ണ സ്വത്വം. അതുകൊണ്ടുതന്നെ ഡോ. പോക്കറിനെപ്പോലൊരാള്‍ വ്യാഖ്യാന സാധ്യത അവശേഷിപ്പിച്ചുകൊണ്ട് ഇങ്ങനെ ഒരു അവതരണം നടത്താന്‍ തുനിയരുതായിരുന്നു.
മാര്‍ക്സ് മനുഷ്യനെ ജര്‍മ്മന്‍കാരനും ഇംഗ്ളീഷുകാരനും ജൂതനും ക്രിസ്ത്യാനിയും എന്നെല്ലാമുള്ള സ്വത്വങ്ങളുടെ അടിസ്ഥാനത്തിലല്ല വര്‍ഗാടിസ്ഥാനത്തിലാണ് കണ്ടിരുന്നത്. സാമൂഹിക വളര്‍ച്ചയുടെ പരമോന്നത ഘട്ടത്തില്‍, കമ്യൂണിസത്തിന്റെ ഘട്ടത്തില്‍, വര്‍ഗവൈരുദ്ധ്യങ്ങള്‍ക്ക് അതീതനായ സമ്പൂര്‍ണ മനുഷ്യനെക്കുറിച്ച് ദീര്‍ഘദര്‍ശനം ചെയ്ത മാര്‍ക്സ്, മനുഷ്യനെ സ്വത്വാടിസ്ഥാനത്തിലാണ് കണ്ടിരുന്നത് എന്ന ചിന്ത തന്നെ വികലമാണ്. വിപ്ളവകാരികളായ ജര്‍മ്മന്‍ പ്രവാസികള്‍ ചേര്‍ന്നാണ് പ്രധാനമായും കമ്യൂണിസ്റ്റ് ലീഗിന് രൂപം നല്‍കിയത്. ആ കമ്യൂണിസ്റ്റ് ലീഗിനുവേണ്ടി മാര്‍ക്സും എംഗല്‍സും ചേര്‍ന്ന് എഴുതിയ "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'' അവസാനിപ്പിക്കുന്നത് "സര്‍വരാജ്യങ്ങളിലെയും തൊഴിലാളികളെ ഒന്നിക്കുവിന്‍'' എന്ന മുദ്രാവാക്യം അവതരിപ്പിച്ചുകൊണ്ടാണ്. തൊഴിലാളികളുടെ സാര്‍വദേശീയ സംഘടനയ്ക്കാണ് തുടര്‍ന്ന് അവര്‍ രൂപം നല്‍കിയത്. ഈ ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുകൊണ്ടു മാത്രമേ ഒരാള്‍ക്ക് "മാര്‍ക്സ് മനുഷ്യനെ ഇന്ത്യക്കാരനെന്നും കേരളീയനെന്നും സവര്‍ണനെന്നും അവര്‍ണനെന്നു''മാണ് കണ്ടിരുന്നത് എന്ന് വിലയിരുത്താനാവൂ.
അടിച്ചമര്‍ത്തലിനെയും പീഡനങ്ങളെയും ആത്മനിഷ്ഠമായ അനുഭവങ്ങളുടെ അതിരുകള്‍ക്കുള്ളില്‍ നിര്‍ത്തിയാണ് ഡോ. പോക്കര്‍ വിശകലനം ചെയ്യുന്നത്. കാഞ്ചാ ഇളയ്യയുടെയും ഡോ. അംബേദ്കറുടെയും ശരണ്‍കുമാര്‍ ലിംബാളെയുടെയും സി കെ ജാനുവിന്റെയും പൊക്കുടന്റെയും മറ്റും ജീവിതങ്ങളെ മുന്‍നിര്‍ത്തി ഡോ. പോക്കര്‍ പലപ്പോഴായി അവതരിപ്പിച്ചിട്ടുള്ള നിരീക്ഷണങ്ങള്‍ക്ക് ഈ പരിമിതിയുണ്ട്. പീഡനങ്ങള്‍ നേരിട്ട് അനുഭവിച്ചിട്ടുള്ളവര്‍ക്കു മാത്രമേ അതില്‍നിന്നുള്ള വിമോചനത്തെക്കുറിച്ച് ചിന്തിക്കാനും അത്തരം ഒരു പ്രസ്ഥാനത്തെ നയിക്കാനുമാകൂ എന്ന തലതിരിഞ്ഞ യുക്തിയിലേക്ക് സ്വാഭാവികമായും ഇത്തരം നിരീക്ഷണങ്ങള്‍ കൊണ്ടെത്തിക്കും. അങ്ങനെയാകുമ്പോള്‍ ഇ എം എസിന്റെ ലോകം 'സവര്‍ണതയുടെ ലോക'മായി മാത്രമേ കാണാനാകൂ. "ബൂര്‍ഷ്വാ കുടുംബത്തിലെ ഇളമുറക്കാരനായിരുന്ന'' കാള്‍ മാര്‍ക്സും "ഒരു വന്‍കിട മുതലാളിത്ത ബൂര്‍ഷ്വാ കുടുംബാംഗവും 20 വര്‍ഷത്തോളം മാഞ്ചസ്റ്ററില്‍ ഒരു മുതലാളിയും'' ആയിരുന്ന എംഗല്‍സും "ജന്മസിദ്ധമായ വര്‍ഗബോധത്തില്‍നിന്നും തൊഴിലാളിവര്‍ഗത്തിന്റേതായ വര്‍ഗ നിലപാടുകളിലേക്ക് എത്തിച്ചേര്‍ന്നത്'' സംബന്ധിച്ച്, അതിന് അവര്‍ക്ക് വേണ്ടിവന്ന "ദുര്‍ഘടം പിടിച്ചതും വേദനാജനകവുമായ വഴിപിരിയലിനെ''ക്കുറിച്ച്, ലൂയി അല്‍ത്തൂസര്‍ ഘലിശി മിറ ജവശഹീീുവ്യ മിറ ീവേലൃ ലമ്യൈ എന്ന കൃതിയില്‍ നിരീക്ഷിക്കുന്നുണ്ട്.
കേരളത്തില്‍ ദളിതരും അവര്‍ണരും അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തലുകളുടെയും അടിമത്തത്തിന്റെയും പ്രശ്നങ്ങള്‍ പൊതുമണ്ഡലത്തില്‍ ഉന്നയിച്ചവരില്‍ അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുവിനും വൈകുണ്ഠ സ്വാമിക്കും ഒപ്പം ചട്ടമ്പി സ്വാമിയും ഉണ്ടായിരുന്നുവെന്നതും അവര്‍ണരുടെയും ദളിതരുടെയും വിദ്യാഭ്യാസത്തിനും വഴി നടക്കാനുള്ള സ്വാതന്ത്യ്രത്തിനുംവേണ്ടിയുള്ള പ്രസ്ഥാനങ്ങളില്‍ മുന്‍നിര നായകരായിരുന്ന കേളപ്പനും എ കെ ജിയും പി കൃഷ്ണപിള്ളയും ഇ എം എസുമെല്ലാം സവര്‍ണ സമുദായങ്ങളില്‍ ജനിച്ചവരായിരുന്നുവെന്നതും വിസ്മരിക്കാനാവില്ലല്ലോ. അവര്‍ണന്റെ സഞ്ചാര സ്വാതന്ത്യ്രത്തിനു വേണ്ടി നടത്തിയ വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലുമെല്ലാം നടുനായകത്വം വഹിച്ചവരില്‍ പലരും സവര്‍ണരായിരുന്നുവെന്നതും വിസ്മരിക്കാനാവുമോ? പാലിയം സത്യഗ്രഹത്തില്‍ കൊടുങ്ങല്ലൂര്‍ കോവിലകത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സവര്‍ണരായ സ്ത്രീ പുരുഷന്മാര്‍ പങ്കെടുത്തിരുന്നത് ചരിത്രത്തിന്റെ ഭാഗമാണ്. കേരളത്തിലെ അവര്‍ണരുടെ വിദ്യാഭ്യാസത്തില്‍ വെള്ളക്കാരായ മിഷണറിമാര്‍ വഹിച്ച പങ്കും നിഷേധിക്കാനാവില്ല.
1960കളില്‍ അമേരിക്കയില്‍ വംശമേധാവിത്വത്തിനെതിരെയും പൌരാവകാശങ്ങള്‍ക്കുവേണ്ടിയും കറുത്ത വംശക്കാര്‍ നടത്തിയ പോരാട്ടങ്ങളിലും സ്ത്രീകളുടെ പൌരാവകാശങ്ങള്‍ക്കുവേണ്ടി നടന്ന പോരാട്ടങ്ങളിലും അതാത് സ്വത്വവിഭാഗങ്ങള്‍ മാത്രമല്ല ജനാധിപത്യബോധമുള്ള എല്ലാ പുരോഗമനവാദികളും മുന്‍നിരയില്‍തന്നെ അണിനിരന്നതാണ് അവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കുന്നതിന് ഇടയാക്കിയത്. അമേരിക്കയിലെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ അനുഭവിച്ചിരുന്ന അടിച്ചമര്‍ത്തലുകളെക്കുറിച്ച് പൊതുമണ്ഡലത്തില്‍ അവതരിപ്പിച്ച "അങ്കിള്‍ ടോംസ് കേബിന്‍'' എന്ന നോവലിന്റെ കര്‍ത്താവായ ഹാരിയറ്റ് ബീച്ചര്‍ സ്റ്റോവും അമേരിക്കയില്‍ അടിമക്കച്ചവടം നിരോധിക്കുകയും അതിനായി ആഭ്യന്തര യുദ്ധം നയിക്കുകയും ചെയ്ത എബ്രഹാം ലിങ്കണും കറുത്ത തൊലി ഉള്ളവരായിരുന്നില്ലല്ലോ.
"ആദിവാസികളുടെ ജീവിതപ്രശ്നം പൊതുസമൂഹത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതില്‍ സി കെ ജാനു ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്'' എന്ന് ഡോ. പോക്കര്‍ നടത്തുന്ന നിരീക്ഷണത്തിലും (സ്വത്വരാഷ്ട്രീയം, 2005) ഇതേ ആശയക്കുഴപ്പം കാണാവുന്നതാണ്. 1960കളില്‍ തന്നെ വര്‍ഗീസും (അദ്ദേഹം സിപിഐ എം പ്രവര്‍ത്തകനായിരുന്നപ്പോഴും ഇടതു തീവ്രവാദ നിലപാട് സ്വീകരിച്ചപ്പോഴും) കെ പാനൂരും ('കേരളത്തിലെ ആഫ്രിക്ക' തുടങ്ങിയ കൃതികളിലൂടെ) പി വല്‍സലയും (നെല്ല്, ആഗ്നേയം) ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയമായിരുന്നു അത്. സിപിഐ എം നേതൃത്വത്തില്‍ ആദിവാസി ക്ഷേമ സമിതി രൂപീകരിച്ച് ആദിവാസികളുടെ പ്രശ്നങ്ങള്‍ വര്‍ഗാടിസ്ഥാനത്തില്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴാണ് അതിനെ സ്വത്വപ്രശ്നമാക്കി വഴിതിരിച്ചുവിടുന്നതിന് ജാനുവും ഗോത്രമഹാസഭയും രംഗത്തിറങ്ങിയതെന്നതും വിദേശ ഫണ്ട് ലഭിക്കുന്ന എന്‍ജിഒകള്‍ മുതല്‍ നക്സലൈറ്റുകളും മതതീവ്രവാദികളും വരെ അതിനുചുറ്റും ഒത്തുകൂടിയത് എന്നതും സമീപകാല ചരിത്രമാണ്. വയനാട്ടില്‍ ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്ന ഭൂസമരം ജാനുവിന്റെയും സ്വത്വവാദികളുടെയും അവരെ മഹത്വവല്‍ക്കരിച്ചവരുടെയും തനിനിറം വെളിപ്പെടുത്തിയിരിക്കുകയാണ്.
അല്‍ത്തൂസറിന്റെ "പ്രത്യയശാസ്ത്രം'' എന്ന കൃതിയുടെ മലയാള പരിഭാഷക്കെഴുതിയ ആമുഖത്തില്‍ സ്വത്വരാഷ്ട്രീയത്തിന്റേതായ മറ്റൊരു നിരീക്ഷണവും ഡോ. പോക്കര്‍ അവതരിപ്പിക്കുന്നുണ്ട.് "(ഗുജറാത്തിലേതുപോലുള്ള) ഇത്തരമൊരു ഫാസിസ്റ്റ് വംശീയ ഉന്മൂലനത്തെ, വിദേശികളുടെ ചാരസംഘടനകളും വികാര വിക്ഷോഭത്തിനടിപ്പെട്ട 'ഇര'കളും നടത്തുന്ന ചാവേര്‍ ആക്രമണവുമായി താരതമ്യം ചെയ്യുന്ന അരാഷ്ട്രീയക്കാരും യഥാര്‍ത്ഥത്തില്‍ ഗ്രാംഷിയുടെ നിരീക്ഷണത്തില്‍ ഫാസിസത്തിന്റെ പിന്തുണക്കാരാണ്''. ഇവിടെയും സാമ്രാജ്യത്വത്തിനും ഫാസിസത്തിനുമെതിരായ ചെറുത്തുനില്‍പ് ഇസ്ളാമിലൂടെ എന്ന അതിലളിത യുക്തിയെ ഡോ. പോക്കര്‍ പിന്തുണയ്ക്കുകയാണ്."സ്വത്വരാഷ്ട്രീയം'' എന്ന തന്റെ കൃതിയില്‍ ഇടതുപക്ഷ ചിന്തകര്‍ക്കും മതനിരപേക്ഷ ചിന്തകര്‍ക്കും ഒപ്പം മുസ്ളിം ചിന്തകര്‍ക്കും സ്ഥാനം അടയാളപ്പെടുത്തുന്നുണ്ട് ഡോ. പോക്കര്‍. "വിദേശ ചാരസംഘടനകളും വികാര വിക്ഷോഭത്തിനടിപ്പെട്ട 'ഇര'കളും നടത്തുന്ന ചാവേര്‍ ആക്രമണങ്ങള്‍'' എന്ന നിസ്സാരവല്‍ക്കരണത്തില്‍ പതിയിരിക്കുന്നതും ഇതേ യുക്തി തന്നെയാണ്. ഗുജറാത്തിലെ വംശഹത്യകളെ ചാവേര്‍ ആക്രമണങ്ങളുമായി തുല്യതപ്പെടുത്താന്‍ ഫാസിസ്റ്റുകള്‍ക്കും മൃദു ഹിന്ദുത്വവാദികള്‍ക്കും മാത്രമേ കഴിയൂ എന്നത് ശരിയായ സങ്കല്‍പനം തന്നെയാണ്. എന്നാല്‍ "ഇസ്ളാമിക ഭീകരത'' വളര്‍ത്തിക്കൊണ്ടുവന്നതിനു പിന്നിലുള്ള സാമ്രാജ്യത്വ അജണ്ടയും ചാര സംഘടനകളുടെ ഇടപെടലുകള്‍ക്ക് പിന്നിലുള്ള താല്‍പര്യങ്ങളും കാണാതിരിക്കാന്‍ തൊഴിലാളിവര്‍ഗ പ്രത്യയശാസ്ത്രത്തിനോ പ്രസ്ഥാനത്തിനോ ആവില്ല. ഐജാസ് അഹമ്മദിനെപ്പോലുള്ള ചിന്തകര്‍ സംശയാതീതമായി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. സാമ്രാജ്യത്വ അധിനിവേശത്തിനെതിരായി ചെറുത്തുനില്‍ക്കുന്ന ഇറാന്റെ നിലപാടിനെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ, ആയത്തൊള്ളമാര്‍ അവതരിപ്പിക്കുന്ന മത രാഷ്ട്രവാദത്തെ നിരാകരിക്കുക എന്ന വൈരുദ്ധ്യാത്മക സമീപനമാണ് മാര്‍ക്സിസത്തിന്റേത്.
പീഡനങ്ങള്‍ നേരിട്ട് അനുഭവിച്ചവര്‍ക്കു മാത്രമേ അതിനെതിരെ ശക്തമായി പ്രതികരിക്കാനും അതിനെ ചെറുക്കാനും കഴിയൂ എന്ന സ്വത്വരാഷ്ട്രീയക്കാരുടെ സങ്കല്‍പനം മാര്‍ക്സിസം - ലെനിനിസത്തിന് അന്യമാണ്. എന്നാല്‍ ഏത് സാമൂഹിക വിഭാഗത്തിന്റെയും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് അറുതിവരുത്താനും ആ സാമൂഹിക വിഭാഗത്തെ സംഘടിപ്പിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് അവരില്‍ സ്വത്വബോധം ഉയര്‍ത്തിക്കൊണ്ടല്ല, മറിച്ച് അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പിന്നിലുള്ള ഭരണവര്‍ഗത്തിനെതിരെ വര്‍ഗമെന്ന നിലയില്‍ അവരെ അണിനിരത്തിക്കൊണ്ടായിരിക്കണം. തൊഴിലാളിവര്‍ഗ പ്രസ്ഥാനം ഇത്തരം മര്‍ദ്ദിത സാമൂഹിക വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ടായിരിക്കണം. സിപിഐ എം നേതൃത്വത്തില്‍ അയിത്തത്തിനും ജാതിപരമായ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും മറ്റും സജീവമായ പ്രസ്ഥാനങ്ങള്‍ വളര്‍ത്തിക്കൊണ്ടു വരുന്നത് ഈ കാഴ്ചപ്പാടോടെയാണ്. മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ് കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്ന തൊഴിലാളിവര്‍ഗ പ്രസ്ഥാനം സജീവമായി മുന്നേറ്റം നടത്തിയിട്ടുള്ള കേരളത്തില്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ദളിതരും അവര്‍ണരും ന്യൂനപക്ഷ വിഭാഗങ്ങളും അനുഭവിക്കുന്ന പീഡനങ്ങള്‍ അന്യമായിരിക്കുന്നത് അതുകൊണ്ടാണ്. മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനം ദുര്‍ബലവും ചരിത്രപരമായി തന്നെ ദളിത് സ്വത്വരാഷ്ട്രീയം ശക്തവുമായിട്ടുള്ള മഹാരാഷ്ട്രയിലെ ഖൈര്‍ലാഞ്ചിയിലും മറ്റും സംഭവിച്ചതുപോലുള്ള ദളിതര്‍ക്കുനേരെയുള്ള പീഡനങ്ങള്‍, തമിഴ്നാട്ടിലെ ഉത്തപുരത്തേതുപോലുള്ള അയിത്ത മതിലുകള്‍ എല്ലാം ഇന്നും നിര്‍ബാധം തുടരുകയാണ്. ഇവിടങ്ങളിലെല്ലാം അടിച്ചമര്‍ത്തപ്പെടുന്ന ജനവിഭാഗങ്ങളെ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിന് വിഘാതം സൃഷ്ടിക്കുന്ന നിലപാടുകളാണ് കാഞ്ചാ ഇളയ്യയെപ്പോലുള്ള സ്വത്വവാദികളായ ദളിത് ബുദ്ധിജീവികള്‍ ചെയ്യുന്നത്.
ഏതെങ്കിലും ഒരു വര്‍ണത്തിന്റെയോ വംശത്തിന്‍െയോ ജാതിയുടെയോ പ്രശ്നമായി അടിച്ചമര്‍ത്തലുകളെ ചുരുക്കിക്കാണുകയാണ് സ്വത്വരാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. അതുകൊണ്ടുതന്നെ മുതലാളിത്ത ചൂഷണത്തിലേക്കും അതിന്റെ വര്‍ഗവാഴ്ചയിലേക്കും വിരല്‍ചൂണ്ടാന്‍ അവര്‍ തയ്യാറല്ല. അതിനെതിരെ, ആ വര്‍ഗവാഴ്ച അവസാനിപ്പിക്കാന്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തിലുള്ള വിശാലമായ ഐക്യപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനെതിരായ നിലപാട് അവര്‍ സ്വീകരിക്കുന്നു. അതേസമയം, വിവിധ മര്‍ദ്ദിത വിഭാഗങ്ങള്‍ അനുഭവിക്കുന്ന സാമൂഹികമായ പീഡനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനം അമാന്തം കാണിക്കുകയാണെങ്കില്‍ അത് സ്വത്വ രാഷ്ട്രീയത്തിന് വളരാനുള്ള മണ്ണൊരുക്കലായി മാറും എന്ന കാര്യം മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റുകള്‍ കാണുന്നുണ്ട്. അതായത് ഏത് സാമൂഹിക വിഭാഗവും അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് പരിഹാരം കാണേണ്ടത് ആ വിഭാഗത്തിന്റെ മാത്രമല്ല, മുതലാളിത്ത ചൂഷണത്തിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളിവര്‍ഗത്തിന്റെയാകെ ആവശ്യമാണ്. ഇതില്‍നിന്ന് വ്യത്യസ്തമായി ജാതി സ്വത്വത്തിന്റെ ശാക്തീകരണം ബൂര്‍ഷ്വാ രാഷ്ട്രീയത്തെ മാത്രമേ സഹായിക്കൂ. ആത്യന്തികമായി അത് ദളിതരുടെയും മറ്റ് അവര്‍ണ ജനവിഭാഗങ്ങളുടെയും ദുരിത ജീവിതം തുടരുന്നതിനു മാത്രമേ പര്യാപ്തമാകൂ.
അള്‍ജീരിയയില്‍ കോളനിവാഴ്ചക്കെതിരായ വിമോചന പോരാട്ടത്തില്‍ മുന്‍നിരക്കാരനായി അണിനിരന്ന ഫ്രാന്‍സ് ഫാനന്‍ പാശ്ചാത്യര്‍ക്കെതിരെ, വെള്ളക്കാര്‍ക്കെതിരെ കറുത്തവരുടെ, ആഫ്രിക്കന്‍ ജനവിഭാഗത്തിന്റെ സ്വത്വബോധം ഉണര്‍ത്തിയത് സാമ്രാജ്യമേധാവിത്വത്തിനെതിരെ ഒരു ജനതയെ ആകെ അണിനിരത്തുന്നതിനുവേണ്ടിയായിരുന്നു. അല്ലാതെ വെളുത്ത തൊലിയുള്ള തൊഴിലാളിക്കെതിരെ കറുത്ത തൊലിയുള്ള തൊഴിലാളിയെ തിരിച്ചുവിടുന്നതിനായിരുന്നില്ല. "ഭൂമിയിലെ പീഡിതര്‍'' (ണൃലരേവലറ ീള വേല ഋമൃവേ) എന്ന ഫാനന്റെ കൃതിയില്‍ വിവരിക്കുന്ന കോളനിവാഴ്ചക്കാലത്തെ ദുരിതജീവിതം, ആ കോളനിവാഴ്ചക്കെതിരായ പോരാട്ടത്തിന് ഊര്‍ജ്ജം പകരാനായിരുന്നു. അന്ന് അവിടെ ഒരു സമരായുധം എന്ന നിലയില്‍ ആയിരുന്നു മര്‍ദ്ദിത ദേശീയ സ്വത്വത്തെ ഫാനന്‍ ഉപയോഗിച്ചത്. എന്നാല്‍ ഇന്ന് ആഫ്രിക്കയിലെ സ്ഥിതിയോ? ഗോത്ര സ്വത്വങ്ങളെയും വംശീയ സ്വത്വങ്ങളെയും മത സ്വത്വങ്ങളെയും ആഫ്രിക്കയിലെ ദുരിതം പേറുന്ന ജനവിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ആയുധമായി സാമ്രാജ്യ ഏജന്‍സികള്‍ ഉപയോഗിക്കുകയാണ്. ആഫ്രിക്കയില്‍ വളര്‍ന്നുവന്നിരുന്ന വിമോചന പ്രസ്ഥാനങ്ങളെ തകര്‍ക്കാനാണ്, ആഫ്രിക്കയുടെ ശിഥിലീകരണത്തിനും അങ്ങനെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനുമാണ് ഇന്ന് സാമ്രാജ്യത്വം സ്വത്വരാഷ്ട്രീയത്തെ ഉപയോഗിക്കുന്നത്. "ചരിത്രവല്‍ക്കരിക്കുക, എപ്പോഴും ചരിത്രവല്‍ക്കരിക്കുക'' എന്ന ഫ്രെഡറിക് ജയിംസണ്‍ന്റെ വാക്യം സദാ ഉരുവിടുന്ന നമ്മുടെ പല ബുദ്ധിജീവികളും പലപ്പോഴും അത് പ്രായോഗികമാക്കേണ്ട സന്ദര്‍ഭങ്ങളില്‍ അത് മറന്നുപോകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍, "സംസ്കാരങ്ങളുടെ സംഘട്ടനം'' (ഇഹമവെ ീള ഇശ്ശഹശമെശീിേ) എന്ന സാമൂവല്‍ ഹണ്ടിങ്ടണ്‍ന്റെ കൃതിയെ യാന്ത്രികമായി വിശകലനം ചെയ്യുന്നതിനപ്പുറം അതിനു പിന്നിലുള്ള നിഗൂഢ അജണ്ട കണ്ടെത്താനും ആഫ്രിക്കയിലും ബാള്‍ക്കന്‍ പ്രദേശത്തും സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന മധ്യേഷ്യയിലും മറ്റും സാംസ്കാരിക സ്വത്വബോധ നിര്‍മ്മിതിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമ്രാജ്യത്വം ഇന്ത്യയില്‍ ഒരുക്കുന്ന ചതിക്കുഴികള്‍ കണ്ടെത്താനും വേണ്ട ജാഗ്രത കാണിക്കുമായിരുന്നു. ഇന്ത്യയില്‍, പശ്ചിമബംഗാളില്‍ നന്ദിഗ്രാമിലും സിംഗൂരിലും മറ്റും പുറമേക്ക് ഉയര്‍ത്തുന്ന കൃഷിഭൂമിയുടെ പ്രശ്നത്തിനപ്പുറം സ്വത്വരാഷ്ട്രീയത്തിന്റെ ഇടപെടലുകള്‍ കാണാതിരിക്കാന്‍ മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റുകള്‍ക്കാവില്ല. കിനാലൂരില്‍ സോളിഡാരിറ്റിയുടെയും ജമാഅത്തെ ഇസ്ളാമിയുടെയും അജണ്ടയും ഇതല്ലാതെ മറ്റെന്താണ്? രാഷ്ട്രീയ ഇസ്ളാം സാമ്രാജ്യത്വവിരുദ്ധമാണെന്ന ലളിത യുക്തികൊണ്ട് ഇതിനെല്ലാം പിന്നിലുള്ള സൂക്ഷ്മ രാഷ്ട്രീയ അജണ്ട കണ്ടില്ലെന്ന് നടിക്കാനാവില്ല.
കേരളത്തിലെ കാര്‍ഷിക മേഖലയിലെയും വ്യവസായ മേഖലയിലെയും തൊഴിലാളി - കര്‍ഷക മുന്നേറ്റങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും വിലങ്ങു തടിയായി നില്‍ക്കുന്നത് തൊഴിലാളികളിലും ദരിദ്ര കര്‍ഷകരിലും നിലനില്‍ക്കുന്ന സവര്‍ണ പ്രത്യയശാസ്ത്ര സ്വാധീനമാണെന്ന ഷിജൂ ഏലിയാസിന്റെ വിശകലനവും (കമ്യൂണിസ്റ്റ് വിരോധവും വ്യാജ ഇടതുപക്ഷവും, ദേശാഭിമാനി വാരിക മെയ് 23) തൊലിപ്പുറമെയുള്ളതും യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെയുള്ള പുറം തിരിഞ്ഞു നില്‍ക്കലുമാണ്. കേരളത്തില്‍ "പരമ്പരാഗത വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കിടയില്‍ കൂലിക്കൂടുതലിനും തൊഴില്‍ സുരക്ഷിതത്വത്തിനുംവേണ്ടിയുള്ള സമരങ്ങള്‍ ദുര്‍ബലമായി''ക്കൊണ്ടിരിക്കുന്നത് "മുതലാളിയുടെ നഷ്ടത്തില്‍ കൂലിക്കുറവിന്റെ രൂപത്തില്‍ തങ്ങളും പങ്കു പറ്റേണ്ടതാണെന്ന തോന്നല്‍ അവര്‍ക്കിടയില്‍ വ്യാപക''മായതിനാലാണെന്ന ഷിജുവിന്റെ വിശകലനം നവലിബറല്‍ കാലഘട്ടത്തിലെ തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ചും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തെക്കുറിച്ചുമുള്ള അജ്ഞതയുടെ വെളിപ്പെടുത്തലാണ്. "സവര്‍ണ (ഹൈന്ദവ) പശ്ചാത്തലമുള്ള ഒരു വലിയ വിഭാഗം എത്രമേല്‍ ദരിദ്രരായി തീര്‍ന്നാലും അധ്വാന വര്‍ഗങ്ങളോട് താദാത്മ്യപ്പെടുകയില്ല എന്നതാണ് ജന്മിത്വാനന്തര കേരളത്തിന്റെ അനുഭവം'' എന്ന 'വിശകലന'വും കൂടി ഇതിനോട് കൂട്ടി വായിക്കുമ്പോള്‍ മാത്രമേ സമരങ്ങള്‍ ഉണ്ടാകാത്തതിന്റെ കാരണത്തിനു പിന്നിലെ 'ജാതി ഘടക'ത്തെക്കുറിച്ചുള്ള കണ്ടെത്തല്‍ വെളിപ്പെടൂ. ഇവിടെ "അധ്വാനവര്‍ഗം'' എന്ന പരികല്‍പനയില്‍ ഷിജു തൊഴിലെടുക്കുന്ന വര്‍ഗത്തെയാകെ അല്ല, അവരെ ജാതി തിരിച്ചാണ് കാണുന്നത് എന്ന് വ്യക്തം. "ഉല്‍പാദനോപാധികള്‍ സ്വന്തമായിഇല്ലാത്തവര്‍'' എന്ന തൊഴിലാളിയെ സംബന്ധിച്ച "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ''യിലെ വിലയിരുത്തല്‍ തന്നെ കൈവെടിഞ്ഞുകൊണ്ടുള്ള സ്വത്വരാഷ്ട്രീയത്തിന്റെ ഇളകി ആട്ടമാണ് ഈ വിശകലനത്തില്‍ കാണുന്നത്.
പരമ്പരാഗത വ്യവസായ മേഖലയില്‍ മാത്രമല്ല, സംഘടിത വ്യവസായ മേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉള്‍പ്പെടെ അതാത് വ്യവസായം നഷ്ടത്തിലേക്കോ തകര്‍ച്ചയിലേക്കോ നീങ്ങുമ്പോള്‍, കൂലിക്കൂടുതലിനായി തൊഴിലാളി സമരം നടത്താറില്ല എന്നും സ്വന്തം തൊഴില്‍ സംരക്ഷിക്കാനായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാറുണ്ട് എന്നുമുള്ളത് ട്രേഡ് യൂണിയന്‍ മേഖലയിലെ (കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല) പൊതു അനുഭവമാണ്; പല തൊഴില്‍ മേഖലകളിലും ക്ഷാമബത്തപോലും ഉപേക്ഷിച്ചുകൊണ്ട് ട്രേഡ് യൂണിയനുകള്‍ കരാര്‍ ഒപ്പിട്ടിട്ടുള്ളത് തൊഴില്‍ സ്ഥാപനം നിലനില്‍ക്കണമെന്ന യാഥാര്‍ത്ഥ്യബോധം ഉള്‍ക്കൊണ്ടു കൊണ്ടാണ്. എന്നാല്‍ 2001നുശേഷം തന്നെ കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയില്‍ കയര്‍ത്തൊഴിലാളികളും ചെത്തു തൊഴിലാളികളും നടത്തിയ ഉശിരന്‍ സമരങ്ങള്‍ സമീപകാല യാഥാര്‍ത്ഥ്യങ്ങളാണ്. യുഡിഎഫ് ഭരണകാലത്ത് നിലവിലുള്ള കൂലി വ്യവസ്ഥയും തൊഴിലും മറ്റാനുകൂല്യങ്ങളും (കൂലിക്കൂടുതലിനുവേണ്ടിയേ അല്ല) സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്കിനെ പൊളിക്കാന്‍ സവര്‍ണ - അവര്‍ണ വ്യത്യാസമില്ലാതെ സര്‍വ ജാതി സംഘടനകളും ന്യൂനപക്ഷ - ഭൂരിപക്ഷ വ്യത്യാസമില്ലാതെ സമസ്ത മതസംഘടനകളും അണിനിരന്നതും തൊഴിലാളിവര്‍ഗം ഒന്നടങ്കം പണിമുടക്ക് വിജയിപ്പിക്കാന്‍ കൈകോര്‍ത്തതും നാം മറക്കാറായിട്ടില്ല. അന്ന് മര്‍ദ്ദക - മര്‍ദ്ദിത സ്വത്വങ്ങളില്‍പ്പെടുന്ന സംഘടനകളെല്ലാം വര്‍ഗാടിസ്ഥാനത്തിലുള്ള സമരത്തിനെതിരെ ഒന്നിച്ചു നീങ്ങുന്നതാണ് നാം കണ്ടത്.
സ്വത്വ രാഷ്ട്രീയത്തിന് മാര്‍ക്സിസത്തിന്റെ മുഖാവരണമിടാന്‍ ശ്രമിക്കുന്ന ബുദ്ധിജീവികളും സാംസ്കാരിക വിമര്‍ശകരും യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് ഏറെ അകന്ന് നില്‍ക്കുന്നതായാണ് ഈ 'വിശകലനങ്ങള്‍' തെളിയിക്കുന്നത്. അവര്‍ ജനകീയ പ്രക്ഷോഭങ്ങളില്‍നിന്നും സംഘടനകളില്‍നിന്നും വിട്ടുമാറി ദന്തഗോപുരങ്ങളില്‍ ഇരുന്ന് 'സാംസ്കാരികമായി' സ്വപ്നം കാണുകയാണ്. ഇത് മാര്‍ക്സിസത്തിന്റെ രീതിയല്ല. മാര്‍ക്സിയന്‍ സാംസ്കാരിക വിശകലനവുമല്ല. ഗ്രാംഷിയും അല്‍ത്തൂസറുമെല്ലാം പോരാട്ടങ്ങള്‍ക്കൊപ്പം ജീവിച്ച മാര്‍ക്സിസ്റ്റുകളായിരുന്നു. അതുകൊണ്ടാണ് സാംസ്കാരിക സ്വത്വങ്ങള്‍ക്കുപരിയായി വര്‍ഗ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്കു കഴിഞ്ഞത്. അല്‍ത്തൂസര്‍ നടത്തുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. "ബുദ്ധിജീവികളുടെ തലയ്ക്കകത്തെ മാര്‍ക്സിസത്തെക്കുറിച്ചുള്ള ആശയങ്ങളില്‍ പത്തില്‍ ഒമ്പതും പിശകാണ്. തെറ്റായ ആശയങ്ങള്‍ മാര്‍ക്സിന്റെ ജീവിതകാലത്തു തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു... തങ്ങളിലുള്ള ബൂര്‍ഷ്വാ - പെറ്റി ബൂര്‍ഷ്വാ വര്‍ഗപരമായ ജന്മവാസനകളില്‍നിന്നും തൊഴിലാളിവര്‍ഗത്തിന്റേതായ വര്‍ഗ നിലപാടുകളിലേക്ക് എത്തിച്ചേരാന്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഒരു വഴിപിരിയല്‍ നടത്തേണ്ടതുണ്ട്''.

vijayakumar.g chintha

Saturday, May 29, 2010

മാവോയിസ്റ്റ് ഭീകരതയ്ക്ക് മമതയുടെ സഹായം

മാവോയിസ്റ്റ് ഭീകരതയ്ക്ക് മമതയുടെ സഹായം.


നിരപരാധികളെ കൊന്നൊടുക്കുന്ന മവോയിസ്റ്റുകള്‍ക്ക് റെയില്‍വേമന്ത്രി മമതാ ബാനര്‍ജിയുടെ സംരക്ഷണവും സഹായവും. ബംഗാളിലെ പശ്ചിമ മിഡ്നാപുരിലെ സര്‍ദിഹയില്‍ ട്രെയിന്‍ പാളംതെറ്റിച്ചു നടത്തിയ കൂട്ടക്കൊലയില്‍ മാവോയിസ്റ്റുകള്‍ക്ക് ബന്ധമില്ലെന്നു സ്ഥാപിക്കാനാണ് മമത ശ്രമിക്കുന്നത്. എഫ്ഐആറില്‍പ്പോലും മാവോയിസ്റ്റുകളുടെ പേര് പരമാര്‍ശിക്കുന്നില്ല. മാവോയിസ്റ്റുകള്‍ എന്ത് ക്രൂരത കാട്ടിയാലും അവരെ നിശബ്ദം പിന്താങ്ങുന്ന മമത റെയില്‍വേയുടെ സ്വത്തും യാത്രക്കാരുടെ ജീവനും മാവോയിസ്റ്റുകള്‍ക്ക് അമ്മാനമാടാന്‍ വിട്ടുകൊടുത്തതിന്റെ ദുരന്തമാണ് സര്‍ദിഹയില്‍ കണ്ടത്. മാവോയിസ്റ്റുകളെ താലോലിക്കുന്ന തൃണമൂലിന്റെ നിലപാടിനെ എതിര്‍ക്കാനും ശക്തമായ നടപടികള്‍ എടുത്ത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനും കോണ്‍ഗ്രസ് മടിച്ചുനില്‍ക്കുന്നു. മാവോയിസ്റ്റുകളെ നേരിടാന്‍ തനിക്ക് കഴിയുന്നില്ലെന്നും തന്റെ കൈകള്‍ കെട്ടിയിട്ടിരിക്കയാണെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പ്രഖ്യാപനം ഇതിന് തെളിവാണ്. കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജിയും മാവോയിസ്റ്റുകളെ പാലൂട്ടുന്ന മമതയുടെ നിലപാടിനെ എതിര്‍ക്കുന്നില്ല. പശ്ചിമബംഗാളില്‍ ഇടതുമുന്നണിയെ എതിര്‍ക്കുന്ന തൃണമൂലിനെ സഹായിക്കുന്നവരാണ് മാവോയിസ്റ്റുകള്‍ എന്നതും കോണ്‍ഗ്രസിന് മാവോയിസ്റ്റുകളോടുള്ള മൃദുസമീപനത്തിനു കാരണമാണ്.പശ്ചിമബംഗാളിലെ സര്‍ദിഹ തീവണ്ടിയപകടത്തോടെ പ്രതിക്കൂട്ടിലായ മമത ഇതില്‍നിന്ന് തലയൂരാനാണ് ശ്രമിക്കുന്നത്. അനുകൂലമായി എഴുതുന്ന മാധ്യമങ്ങള്‍പോലും എതിരായത് മമതയെ വിഷമവൃത്തത്തിലാക്കി. മാവോയിസ്റ്റുകളുടെ ഭീഷണിക്ക് വഴങ്ങി റെയില്‍വേയുടെ സുരക്ഷാനടപടികള്‍ മന്ദീഭവിപ്പിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിമര്‍ശം. മാവോയിസ്റ്റുകള്‍ റെയില്‍വേയുടെ നേര്‍ക്ക് തുടര്‍ച്ചയായി ആക്രമണം നടത്തുമ്പോള്‍ പാതകളുടെ നിരീക്ഷണം ശക്തമാക്കാന്‍ അവര്‍ തയ്യാറായില്ല. പകരം നിരീക്ഷണം നിര്‍ത്തുകയായിരുന്നു. ഖരഗ്പുര്‍മുതല്‍ ടാറ്റാനഗര്‍വരെയുള്ള 134 പാതയില്‍ റെയില്‍വേ ഗാങ്മാന്മാര്‍ നിരീക്ഷണം നടത്തിയിട്ട് മാസങ്ങളായെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു.ഇപ്പോള്‍ വിവാദമുണ്ടാക്കി മാവോയിസ്റ്റുകളെ വെള്ളപൂശാന്‍ കഴിയുമോ എന്നാണ് മമത ശ്രമിക്കുന്നത്. സ്ഫോടനം നടത്തിയാണോ പാളം നീക്കിയത് അതോ പാളവും ഫിഷ് പ്ളേറ്റുകളും ബന്ധിപ്പിക്കുന്ന പാന്‍ട്രോള്‍ ക്ളിപ്പുകള്‍ തകര്‍ത്തതാണോ എന്നതാണ് വിവാദവിഷയം. പാളം നീക്കിയ 50 മീറ്റര്‍ സ്ഥലത്ത് മണ്ണില്‍ ഒരു കുഴി ഉണ്ടായിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ജലാറ്റിന്‍ സ്റ്റിക്കുകള്‍ കിട്ടിയെന്ന് റെയില്‍വേ ഉദ്യോഗസ്ഥരില്‍ ചിലര്‍ പറഞ്ഞു. ഇപ്പോള്‍ ഉദ്യോഗസ്ഥരുടെ വായ മൂടിക്കെട്ടിയിരിക്കുകയാണ്. പ്രദേശത്ത് പാളം അട്ടിമറിക്കാന്‍ മാവോയിസ്റ്റുകള്‍ക്കുമാത്രമേ കഴിയൂ എന്ന് ആര്‍ക്കും സംശയമില്ലാത്ത കാര്യമാണ്. മാവോയിസ്റ്റുകളല്ലാതെ ഈ മേഖലയില്‍ ഇത്തരമൊരു അട്ടിമറി നടത്താന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള പറഞ്ഞു.(വി ജയിന്‍)

Thursday, May 27, 2010

പ്രദേശികവാദം ആളിക്കത്തിച്ച് അക്രമ സമരത്തിന്ന് നേതൃത്വം കൊടുക്കുന്ന വൈക്കോയെ രാജ്യസുരക്ഷിതത്വ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യണം

മുല്ലപ്പെരിയാര്‍പ്രശ്‌നത്തിന്റെ പേരില്‍ പ്രദേശികവാദം ആളിക്കത്തിച്ച് അക്രമ സമരത്തിന്ന് നേതൃത്വം കൊടുക്കുന്ന എം.ഡി.എം.കെ നേതാവ് വൈക്കോയെ രാജ്യസുരക്ഷിതത്വ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യണം.


മുല്ലപ്പെരിയാര്‍പ്രശ്‌നവുമായി ബന്ധപ്പെട്ട് എം.ഡി.എം.കെ. നാളെ കേരളത്തിലേക്കുള്ള റോഡ് ഉപരോധിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ 12 സ്ഥലങ്ങളിലാണ് വൈക്കോയുടെ നേതൃത്വത്തില്‍ എം.ഡി.എം.കെ പ്രവര്‍ത്തകര്‍ ഉപരോധം നടത്തുന്നത്.തമിഴ്‌നാടിന് വെള്ളം വിട്ടുതരാത്തതിന് കേരളത്തിനോട് പ്രതിഷേധമറിയിക്കാനാണ് എം.ഡി.എം.കെ ഉപരോധം. തമിഴ്‌നാട്ടില്‍നിന്നു കേരളത്തിലേക്കുള്ള എല്ലാ റോഡുകളും ഉപരോധിക്കാനാണ് എം.ഡി.എം.കെ.യുടെ തീരുമാനം. തമിഴ് ദേശീയ ഇയക്കം നേതാവ് പി. നെടുമാരന്റെ പിന്തുണയും ഇവര്‍ക്കുണ്ട്.. ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടാാകാന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് ഉള്ളതിനെത്തുടര്‍ന്ന് രാവിലെ 10 മുതല്‍ 12 വരെ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തമിഴ്‌നാട്ടിലേക്കു പോകാതെ ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
കേരളത്തിലെ ലക്ഷ ക്കണക്കിന് ജനങ്ങള്‍ക്ക്‌ ജീവ ഹാനി സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌ നാട്‌ സര്‍ക്കാരും എം ഡി എം കെ നേതാവ് വൈക്കോ അടക്കമുള്ളവര്‍ കൈ ക്കൊള്ളുന്ന നിലപാട്‌ ഏറെ വേദനാ ജനകവും നിഷേധാത്മകവുമാണു. കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്തു സംഭവിച്ചാലും തരക്കേടില്ല, തമിഴ്‌ നാടിന് വെള്ളം മാത്രം കിട്ടിയാല്‍ മതിയെന്ന നിലപാടിന് ഒരിക്കലും അംഗികരിക്കാന്‍ സാധ്യമല്ല. തമിഴ്‌ നാടിന് കേരളത്തില്‍ നിന്നുള്ള ഒരു നദിയിലെ വെള്ളം മുഴുവന്‍ കൊടുത്തിട്ടും ആ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ജീവ ഹാനി സംഭവിക്കാവുന്ന രീതിയിലേയ്ക്ക്‌ ഡാമിന്റെ സ്ഥിതി അപകടത്തില്‍ ആയിട്ടു പോലും അത്‌ അംഗീകരി ക്കാത്ത നിഷേധാത്മക നിലപാടാണ്‌ തമിഴ്‌ നാട്‌ കൈ ക്കൊണ്ടിട്ടുള്ളത്‌.മാത്രമല്ല കടുത്ത പ്രാദേശികവാദം ആളിക്കത്തിച്ച് രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തകര്‍ക്കാനാണു വൈക്കോയെ പൊലുള്ള തീവ്രപ്രാദ്ശിക വാദം വെച്ച് പുലര്‍ത്തുന്നവര്‍ ശ്രമിക്കുന്നത്. കേരളത്തിന് പരമ പ്രധാനം കേരളത്തിലെ ജനങ്ങളുടെ ജീവനാണ്‌. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിത ത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനേയും അംഗീകരിക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കോ സര്‍ക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങള്‍ക്ക്‌ ദോഷ കരമായ യാതൊന്നും കേരള സര്‍ക്കാര്‍ കൈ ക്കൊള്ളില്ലായെന്ന ഉത്തമ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്‌. കേരള സര്‍ക്കാര്‍ എടുത്തിട്ടുള്ള പല നിലപാടുകളും ധീരവും പ്രശംസ നീയവുമാണ്‌. മുല്ലപ്പെരിയാര്‍ അണ ക്കെട്ട്‌ തകരുന്ന സ്ഥിതി യുണ്ടായാല്‍ ഫലം ഭയാനക മായിരിക്കും. മുല്ലപ്പെരിയാര്‍ അണ ക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണ ക്കെട്ടിന് കഴിയില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന് ഇരയാകുന്നത്‌ ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്‌. അതു കൊണ്ടു തന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ്‌ സര്‍ക്കാറിന് സ്വീകരിക്കാനുള്ളത്‌. വെറും ജാഗ്രതാ നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടു കൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പു വരുത്തണം.പുതിയ അണക്കെട്ട് നിര്‍മ്മിക്കാനും ജനങളുടെ ജീവനും സ്വത്തിന്നും സം‌രക്ഷണം കൊടുക്കാനും സര്‍ക്കാറിനുള്ള ബാധ്യത നിറവേറ്റിയെ മതിയാകൂ........

Wednesday, May 26, 2010

ജമാഅത്തെ ഇസ്ളാമിയുടെ ശീര്‍ഷാസനം

ജമാഅത്തെ ഇസ്ളാമിയുടെ ശീര്‍ഷാസനം

ജമാഅത്തെ ഇസ്ളാമി ഏതെന്നും എന്തെന്നും കേരളീയ സമൂഹത്തിന് സംശയമില്ലാതെ അറിയാം. ആ സംഘടനയുടെ യഥാര്‍ഥ മുഖം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തുറന്നുകാട്ടിയത് അതിന്റെ നേതാക്കളെ വിറളിപിടിപ്പിച്ചുവെന്ന് അവരുടെ സമചിത്തതയില്ലാത്ത പ്രതികരണങ്ങള്‍ ബോധ്യമാക്കുന്നു. സംഘടനയുടെ കേരള അമീര്‍ ടി ആരിഫലി മാധ്യമത്തിന്റെ ഒന്നാംപേജിലും മറ്റൊരു നേതാവ് ഉള്‍പ്പേജിലുമായി സിപിഐ എമ്മിനും പിണറായിക്കുമെതിരെ സമനിലവിട്ട ആക്രമണമാണ് അടുത്തനാള്‍ കെട്ടഴിച്ചുവിട്ടത്. അതിപ്പോഴും തുടരുന്നു. ഇതിനായി ചില പ്രത്യയശാസ്ത്രനിലപാടുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുവിജയത്തിനായി എല്ലാ ജാതി- മത- വര്‍ഗീയതയെയും ഉപയോഗപ്പെടുത്താനാണ് പിണറായി വിജയന്‍ ആഹ്വാനം നല്‍കിയിരിക്കുന്നതെന്ന ആക്ഷേപം ആരിഫലി ഉയര്‍ത്തി. ജാതി- മത- വര്‍ഗീയ പ്രീണനമാണ് സിപിഐ എമ്മിന്റേതെങ്കില്‍ ജമാഅത്തെ ഇസ്ളാമിയെ പേരുപറഞ്ഞ് പിണറായി വിമര്‍ശിക്കുന്നതെന്തിന്? ജമാഅത്തെ ഇസ്ളാമിയുടെ പ്രത്യയശാസ്ത്രത്തോടും നയപരിപാടിയോടും ഒരിക്കലും വിട്ടുവീഴ്ച സിപിഐ എം കാട്ടിയിട്ടില്ല; ഇടതുപക്ഷത്തെ തെരഞ്ഞെടുപ്പില്‍ സഹായിക്കുന്ന നിലപാട് അവര്‍ സ്വമേധയാ പ്രകടിപ്പിച്ച അപൂര്‍വ അവസരങ്ങളില്‍പ്പോലും. 1941ല്‍ ലാഹോറില്‍ പിറന്ന ജമാഅത്തെ ഇസ്ളാമി രാജ്യാതിര്‍ത്തികള്‍ കടന്ന വര്‍ഗീയസംഘടനയാണ്. ഇവരിപ്പോള്‍ യുഡിഎഫിന്റെ വീട്ടിലെ പൊറുതിക്കാരാകാന്‍ ഭാണ്ഡംകെട്ടി ഇറങ്ങിയിരിക്കയാണ്. അതിനായി മുസ്ളിംലീഗ് നേതാക്കളുമായി 12 തവണ രഹസ്യചര്‍ച്ച കഴിഞ്ഞു. പുതിയ മുസ്ളിംപാര്‍ടിയുണ്ടാക്കി യുഡിഎഫില്‍ ചേക്കേറാമെന്ന് ആരിഫലിയും പുതിയ പാര്‍ടി വേണ്ട ഞങ്ങളുടെ ചിറകിന്നടിയില്‍ കഴിഞ്ഞ് മുന്നണിയുടെ സ്വാദ് നുകരാമെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും. ഇതുസംബന്ധിച്ച തര്‍ക്കം തീര്‍ന്നില്ലെങ്കിലും യുഡിഎഫ് കുടിയില്‍ അന്തിയുറങ്ങാമെന്ന് ജമാഅത്തെ ഇസ്ളാമി ഉറച്ചു. ഈ രാഷ്ട്രീയ അജന്‍ഡയെ ശക്തിപ്പെടുത്താനുള്ള വാദമുഖവും വിമര്‍ശവുമാണ് ആരിഫലിയും കൂട്ടരും ഉയര്‍ത്തുന്നത്. അതുകൊണ്ടാണ് 1987ല്‍ ഭൂരിപക്ഷസമുദായവികാരത്തെ സ്വാധീനിക്കാന്‍ പാകത്തില്‍ ഇ എം എസ് ശരീഅത്ത് വികാരം ഇളക്കിയ കാര്‍ഡ് പിണറായി പുതിയ രൂപത്തില്‍ ഇറക്കുന്നുവെന്ന് ആക്ഷേപിക്കുന്നത്. മുസ്ളിം ജനസമുദായത്തിലെ പാവപ്പെട്ടവരെയും ചിന്തിക്കുന്നവരെയും കൂടെനിര്‍ത്തിക്കൊണ്ടാണ് ആ സമുദായത്തിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി ഇ എം എസ് ശബ്ദിച്ചത്. അന്ന് 'എട്ടും കെട്ടും, പത്തും കെട്ടും, ഇ എം എസിന്റെ മോളേം കെട്ടും' എന്ന് മുദ്രാവാക്യം വിളിച്ച യാഥാസ്ഥിതികപക്ഷത്തിന്റെ കൂടെയല്ല, മുസ്ളിം സമുദായത്തിലെ പാവപ്പെട്ടവര്‍ അണിനിരന്നത്. ബഹുഭാര്യാത്വത്തിന്റെ ഇരകളായ സ്ത്രീകളടക്കം വോട്ടുചെയ്താണ് 1987ല്‍ എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിച്ചത്. അല്ലാതെ, ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷവികാരം ഉല്‍പ്പാദിപ്പിച്ചല്ല ഇടതുപക്ഷം വിജയം നേടിയത്. ന്യൂനപക്ഷത്തിലെയും ഭൂരിപക്ഷത്തിലെയും ആപല്‍ക്കരമായ വര്‍ഗീയതയെ നേരിടുന്നതില്‍ സിപിഐ എമ്മിന് അന്നും ഇന്നും സന്ധിയില്ല. ഈ രാഷ്ട്രീയത്തെ മറച്ചുവച്ചുകൊണ്ടാണ് ഭൂരിപക്ഷവര്‍ഗീയതയെ പ്രീണിപ്പിക്കുന്നുവെന്ന ആക്ഷേപം സിപിഐ എമ്മിനും പിണറായിക്കുമെതിരെ ഉന്നയിക്കുന്നത്. യുഡിഎഫും ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള വോട്ടുകച്ചവടത്തിന്റെയും കൂട്ടുകച്ചവടത്തിന്റെയും കഥ ബിജെപിയുടെ മുന്‍ നേതാവായിരുന്ന രാമന്‍പിള്ള തന്റെ ആത്മകഥയില്‍ പ്രതിപാദിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ യുഡിഎഫിലെ ഘടകകക്ഷിയാകാന്‍ ജമാഅത്തെ ഇസ്ളാമി പരിശ്രമിക്കുകയാണല്ലോ. അതിന്റെ ഭാഗമായ ചര്‍ച്ചയാണ് മുസ്ളിംലീഗ് നേതാക്കളും ആരിഫലി ഉള്‍പ്പെടെയുള്ളവരും കോഴിക്കോട്ട് നടത്തിയത്. ഇതിനെ തുറന്നുകാട്ടേണ്ടത് തൊഴിലാളിവര്‍ഗരാഷ്ട്രീയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ കടമയാണ്. അത് ചെയ്യുമ്പോള്‍ വര്‍ഗീയ- ജാതീയ ധ്രുവീകരണത്തിലൂടെ എല്‍ഡിഎഫിന് നേട്ടമുണ്ടാക്കാനുള്ള കുത്സിതശ്രമം നടത്തുന്നുവെന്ന് ആക്ഷേപിക്കുന്നത് വാദിയെ പ്രതിയാക്കലാണ്. ഭയരഹിതരായി മനുഷ്യരെ കൊല്ലുന്നത് സാക്ഷാല്‍ ദൈവാരാധനയാണെന്നു കണ്ട മുംബൈയിലെ ഭീകരാക്രമണകാരികള്‍ക്ക് പരോക്ഷമായി തുണയേകുന്ന പ്രത്യയശാസ്ത്രവീര്യമാണ് ജമാഅത്തെ ഇസ്ളാമിയുടേത്. ഇസ്ളാം എന്ന സൌമ്യപദത്തില്‍നിന്ന് ഇസ്ളാംഭീകരത എന്ന വിഷലിപ്തമായ വര്‍ഗീയ ആശയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും അതിനെ വര്‍ഗീയലക്ഷ്യങ്ങള്‍ക്ക് ആയുധമാക്കുന്നതിനും സമര്‍ഥമായി ഇടപെടുന്ന സംഘടനകളെ ഒറ്റപ്പെടുത്തേണ്ടത് സ്വസമുദായത്തിലെ ഭൂരിപക്ഷത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമാണ്. അതിനനുഗുണമായ നിലപാടാണ് സിപിഐ എം സ്വീകരിക്കുന്നത്. കഴിഞ്ഞ നിയമസഭ- ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ജമാഅത്തെ ഇസ്ളാമി ഭാഗികമായി ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുന്നതിന് അവര്‍ പ്രഖ്യാപിച്ച ന്യായം, ആഗോളവല്‍ക്കരണത്തെയും അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഭൂരിപക്ഷവര്‍ഗീയവിപത്തിനെയും ഒറ്റപ്പെടുത്താന്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്നതായിരുന്നു. ആ നിലപാട് ഉപേക്ഷിച്ച് കോഗ്രസ് നയിക്കുന്ന രണ്ടാം യുപിഎ സര്‍ക്കാരിന്റെ പക്ഷത്തേക്ക് നീങ്ങാന്‍ എന്തു രാഷ്ട്രീയമാറ്റമാണ് ഇന്ത്യയില്‍ സംഭവിച്ചത്? അമേരിക്കന്‍ സാമ്രാജ്യത്വം സസ്യഭുക്കായോ? ഒന്നാം യുപിഎ സര്‍ക്കാരിന് നാലാംവര്‍ഷം ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത് വിദേശനയത്തിന്റെയും ആണവകരാറിന്റെയും വിപത്തിന്മേലായിരുന്നല്ലോ. ബുഷ് സായ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്ന പ്രധാനമന്ത്രിയായി മന്‍മോഹന്‍സിങ് അധഃപതിച്ചു. രാജ്യത്തിന്റെ വിദേശനയം അമേരിക്കയ്ക്ക് അടിയറവച്ച് ആണവകരാറുണ്ടാക്കി. ഇടതുപക്ഷത്തിന്റെ പിന്തുണയില്ലാത്ത രണ്ടാം യുപിഎ സര്‍ക്കാര്‍ അമേരിക്കന്‍ ദാസ്യവൃത്തി യഥേഷ്ടം തുടരുന്നു. എന്നിട്ടാണ് ജമാഅത്തെ ഇസ്ളാമി യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ ഇറങ്ങിയിരിക്കുന്നത്. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകനായിരുന്ന ഈജിപ്തിലെ ജമാല്‍ അബ്ദുല്‍ നാസറിനെ ഇസ്ളാമിന്റെ അന്തകനായും യുഎസ് സാമ്രാജ്യത്വത്തെ ഇസ്ളാമിന്റെ രക്ഷകനായും ചിത്രീകരിച്ച പാരമ്പര്യത്തിലേക്ക് ഈ സംഘടന മടങ്ങുകയാണോ. അഫ്ഗാനില്‍ നജീബുള്ള ഭരണത്തിനെതിരെ അമേരിക്ക നീങ്ങിയപ്പോഴും അവരുടെ പക്ഷത്തായിരുന്നുവല്ലോ ഈ ശീര്‍ഷാസനക്കാര്‍. യഥാര്‍ഥത്തില്‍ സാമ്രാജ്യത്വത്തിനെതിരായ സമരത്തെ വര്‍ഗീയതയ്ക്കെതിരായ സമരത്തില്‍നിന്ന് വേര്‍തിരിക്കാന്‍ കഴിയില്ല. ആഗോളവല്‍ക്കരണത്തിന്റെയും വര്‍ഗീയതയുടെയും താല്‍പ്പര്യങ്ങള്‍ ഒത്തുചേരുക സ്വാഭാവികമാണ്. ഇതുവരെ ജമാഅത്തെ ഇസ്ളാമി ആഗോളവല്‍ക്കരണ സംസ്കാരത്തിനും നയത്തിനുമെതിരായി നടത്തിയ പ്രസംഗവും ലിഖിതവും പൊള്ളയായിരുന്നുവെന്ന്, ആഗോളവല്‍ക്കരണത്തിന്റെ ഇന്ത്യയിലെ സംരക്ഷണക്കുത്തക ഏറ്റെടുത്ത കോഗ്രസ് പാര്‍ടി നയിക്കുന്ന യുഡിഎഫിനെ തുണയ്ക്കുന്ന നയത്തിലേക്ക് പോകുമ്പോള്‍ വ്യക്തമാകുന്നു. ആഗോളവല്‍ക്കരണത്തിനുകീഴില്‍ ഇന്ത്യയുടെ സാമ്പത്തികപരമാധികാരത്തെ അട്ടിമറിക്കുന്നതിനുള്ള എല്ലാ ശ്രമത്തിനും തടയായി, പൊതുമേഖലയെ നിലനിര്‍ത്തുന്നതിന് ഏറ്റവും ശക്തമായി പോരാടുന്നത് കമ്യൂണിസ്റുകാരാണ്. ചൂഷണവ്യവസ്ഥയ്ക്കെതിരായ ഇടതുപക്ഷത്തിന്റെ ബദല്‍നയങ്ങളെ ദുര്‍ബലപ്പെടുത്താന്‍ ആഗോളവല്‍ക്കരണശക്തിയും വര്‍ഗീയതയും കൂട്ടുചേര്‍ന്നതാണ് കിനാലൂരില്‍ കണ്ടത്. ജനങ്ങളെ ഭിന്നിപ്പിക്കാനും സംഘടിതപ്രസ്ഥാനങ്ങളെ ശിഥിലമാക്കാനും നടത്തിയ പരിശ്രമമാണ് കിനാലൂരിലുണ്ടായത്. വ്യവസായത്തിന് പശ്ചാത്തലസൌകര്യം വേണം. എന്നാല്‍, അതിനുവേണ്ടി ജനങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ വഴിയാധാരമാക്കില്ല. ഈ സത്യം മറച്ചുവച്ച് നുണ ഉല്‍പ്പാദിപ്പിച്ച് സ്ത്രീകളെ സമരത്തിലെ ഇരകളാക്കിയതിലൂടെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ വിശ്വാസ്യതയില്‍ പോറലേല്‍പ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ജമാഅത്തെ ഇസ്ളാമിക്ക്. ദുരിതമയമായ ജീവിതപരിതസ്ഥിതിക്കെതിരായ ജനങ്ങളുടെ സമരത്തെ നയിക്കുന്ന പ്രസ്ഥാനമാണ് ഇന്ത്യയിലെ സിപിഐ എം. ആന്ധ്രയിലെയും വയനാട്ടിലെയും ഭൂസമരത്തിലടക്കം കാണുന്നത് അതാണ്. എന്നാല്‍, ഇതിനെ പാര്‍ടിയുടെ ഭൂമി പിടിച്ചെടുക്കല്‍ എന്നു ചിത്രീകരിച്ച് ഭൂരഹിതരുടെയും പാവപ്പെട്ടവരുടെയും പോരാട്ടത്തെ താഴ്ത്തിക്കെട്ടാന്‍ ആഗോളവല്‍ക്കരണകക്ഷിയും വര്‍ഗീയസംഘടനയും യോജിച്ചു. ഇക്കൂട്ടര്‍ കിനാലൂരില്‍ മറ്റൊരു മു:ഖം കാട്ടി. അവകാശസമരം നയിക്കുമ്പോഴെന്നപോലെ അരാജക സമര കോലാഹലങ്ങളെ എതിര്‍ക്കുമ്പോഴും സിപിഐ എമ്മിന്റെ മേക്കിട്ടുകേറുകയെന്ന അജന്‍ഡയാണ് ജമാഅത്തെ ഇസ്ളാമിക്ക്. ജനാധിപത്യസംഘടനയാണ് തന്റേതെന്ന് സ്ഥാപിക്കാന്‍ ആരിഫലി അടിയന്തരാവസ്ഥയ്ക്കെതിരായി പോരാടിയ നാളുകളെ അനുസ്മരിക്കുന്നുണ്ട്. പക്ഷേ, അതേ അടിയന്തരാവസ്ഥ കക്ഷിയുടെ ചിറകിനടിയിലല്ലേ ഇപ്പോള്‍ അഭയം തേടുന്നത്. സംഘടിതപ്രസ്ഥാനങ്ങളെ ശിഥിലീകരിക്കാന്‍ ജമാഅത്തെ ഇസ്ളാമി പരിശ്രമിക്കുന്നുവെന്ന പിണറായിയുടെ ആക്ഷേപം നേരിട്ട് നിഷേധിക്കാതെ ആരിഫലി ഒരു കുയുക്തി നിരത്തിയിട്ടുണ്ട്. സിപിഐ എമ്മിനെ ശിഥിലീകരിക്കാന്‍ അകത്തുള്ളവര്‍തന്നെ ആ പണി നടത്തുന്നുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഐ എമ്മിനെ ശിഥിലീകരിക്കാന്‍ എം എന്‍ വിജയനാദികളും മാര്‍ക്സിസ്റ് പത്രികക്കാരും പാഠം മാസികക്കാരുമെല്ലാം വല്ലാതെ പരിശ്രമിച്ചിരുന്നു. അന്നെല്ലാം അവരുടെ ആശയഗതിക്ക് കൂടുതല്‍ പ്രചാരം നല്‍കിയത് ജമാഅത്തെ ഇസ്ളാമിയും അവരുടെ മുഖപത്രമായ മാധ്യമവുമായിരുന്നു. ഇ എം എസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നായനാര്‍ സര്‍ക്കാര്‍ നടപ്പാക്കിയ ജനകീയാസൂത്രണം, സിഐഎയുടെ പരിപാടിയാണെന്നുവരെ പ്രചരിപ്പിച്ചപ്പോള്‍ അതിന് ചൂടും വെളിച്ചവും പകര്‍ന്നില്ലേ? അതുവഴി ഇ എം എസ്, ഇ കെ നായനാര്‍ തുടങ്ങിയ കമ്യൂണിസ്റ് മഹാരഥന്മാരെ താഴ്ത്തിക്കെട്ടാനും അവരുടെ പ്രസ്ഥാനത്തെ ശിഥിലീകരിക്കാനും നോക്കിയില്ലേ. പക്ഷേ, നിങ്ങള്‍ കമ്യൂണിസ്റ് പുരോഗമനപ്രസ്ഥാനത്തിനുനേരെ നീട്ടുന്ന പട്ടില്‍ പൊതിഞ്ഞ കമ്പിക്കൊളുത്ത് മരണമാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധി ഇവിടത്തെ പുരോഗമനജനവിഭാഗങ്ങള്‍ക്കുണ്ട്. അതുകൊണ്ടാണ് ഇ എം എസിന്റെയും നായനാരുടെയും പ്രസ്ഥാനം ഇവിടെ തകരാതെയും പിളരാതെയും മുന്നേറുന്നത്. യുഡിഎഫിന്റെ ശ്വാസംമുട്ടല്‍ മാറ്റാന്‍, വരുന്ന തെരഞ്ഞെടുപ്പില്‍ വിഴുങ്ങാന്‍ അധികാരമത്സ്യം ജമാഅത്തെ ഇസ്ളാമി വിചാരിച്ചാല്‍ കൊടുക്കുമെന്ന ഹുങ്കിലാണ് അതിന്റെ നേതാക്കള്‍. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറിലെ ഇടതുപക്ഷ വിജയത്തിന് നിദാനം ജമാഅത്തെ ഇസ്ളാമിയാണെന്ന അതിരുകടന്ന അവകാശവാദം ഇതേഹുങ്കിന്റെ മറുപുറമാണ്. ഇതിലൂടെ കേരളം ആരു ഭരിക്കണമെന്ന് ജമാഅത്തെ ഇസ്ളാമി തീരുമാനിക്കുമെന്ന തീസിസിലേക്കാണ് പോക്ക്. ഈ ഹുങ്ക് വകവച്ചുകൊടുക്കാന്‍ ഒരു സമുദായത്തിലെയും പാവപ്പെട്ടവരും പുരോഗമനചിന്താഗതിക്കാരും സമാധാനകാംക്ഷികളും ഉള്‍ക്കൊള്ളുന്ന പ്രബുദ്ധരായ ജനത ഒരുക്കമല്ല.

R S Babu.Deshabhimani

Wednesday, May 19, 2010

മാവോയിസ്റ്റ് കൂട്ടക്കൊലക്ക് അറൂതിവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാടും ധീരമായ നടപടിയും എടുക്കാന്‍ തയ്യാറാകണം.

മാവോയിസ്റ്റ് കൂട്ടക്കൊലക്ക് അറൂതിവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാടും ധീരമായ നടപടിയും എടുക്കാന്‍ തയ്യാറാകണം.













മാവോയിസ്റ്റ് കൂട്ടക്കൊലക്ക് അറൂതിവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നിലപാടും ധീരമായ നടപടിയും എടുക്കാന്‍ തയ്യാറാകണം.ദിനം പ്രതി രാജ്യത്താകെ കൂട്ടക്കൊല നടത്തി ഭീകര അന്തരീക്ഷം സ്രിഷ്ടിക്കുന്നവര്‍ക്ക് എതിരെ , പതിനായിരങളെ കൊന്നൊടുക്കുന്നവര്‍ക്കെതിരെ മ്രദു സമീപനം കൈക്കൊള്ളരുത്. രാജ്യത്തെയും ജനങളെയും വെല്ലുവിളിക്കുന്നവര്‍ക്കെതിരെ രാജ്യത്തിന്റെ ശത്രുക്കള്‍ക്ക് എതിരെ കൈക്കൊള്ളുന്ന നിലപാടും നടപടികളും തന്നെയാണു വേണ്ടത്രാഷ്ട്രീയമായി ഇത്തരക്കാരെ തുറന്നുകാട്ടുന്നതടോപ്പം മാവോയിസ്റ്റുകള്‍ക്ക് വേരോട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ആഗോളവല്‍ക്കാരണ-സാമ്രാജ്യ വിധേയ നയങ്ങള്‍ അവസാനിപ്പിക്കേണ്ടതായിട്ടും ഉണ്ട്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് കാര്യങള്‍ മുന്നോട്ട് കൊണ്ടുപോകണം. മാവോയിസ്റ്റ് ഭീഷണിക്ക് പരിഹാരം കണ്ടതിന്ന് ശേഷം കഷ്ടപ്പാടും ദുരിതങളും അനുഭവിക്കുന്ന ആദിവാസികളുടെ പ്രശ്നങള്‍ക്ക് ശാശ്വതമായ പരിഹാരം കാണേണ്ടതായിട്ടുണ്ട്.മാവോയിസ്റ്റുകളുടെ ഭീഷണിയും ആധിപത്യവും നിലനില്‍ക്കുന്നിടത്തോളം ആദിവാസി മേഖലയില്‍ നടത്തുന്ന എല്ലാപ്രവര്‍ത്തനങളും മാവീയിസ്റ്റ്കളെ സഹായിക്കാനും അവരുടെ സംഘടിത ശക്തി വര്‍ദ്ധിപ്പിക്കാനും ആയുധ ശേഷി വര്‍ദ്ധിപ്പിക്കാനും മാത്രമേ ഉപകരിക്കൂ
ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ഒന്നരമാസത്തിനകം ആവര്‍ത്തിക്കപ്പെട്ട മാവോയിസ്റ്റ് ഭീകരാക്രമണം രാജ്യത്തെ ജനങ്ങളുടെയും സുരക്ഷാ വിഭാഗങ്ങളുടെപോലും ജീവന്‍ എത്രമാത്രം അരക്ഷിതമാണെന്ന് വ്യക്തമാക്കുന്നു. മാവോയിസ്റ്റുകള്‍ക്കെതിരായ നടപടി ഫലപ്രദമല്ലെന്നും സാധാരണ ജനങ്ങള്‍ ഏതുഘട്ടത്തിലും കെല്ലപ്പെടാനുള്ള അവസ്ഥ നിലനില്‍ക്കുന്നെന്നുമാണ് ദന്തേവാഡ നല്‍കുന്ന സൂചന. വസ്തുനിഷ്ഠ സാഹചര്യങ്ങളെ അവഗണിച്ച് കപടവിപ്ളവ വാദവുമായി ഇറങ്ങിത്തിരിച്ച മാവോയിസ്റ്റുകള്‍ സാധാരണ ജനങ്ങളെയാണ് കൂട്ടക്കൊലചെയ്തത്. സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സൈനികരും പൊലീസ് വിഭാഗവും ആഭ്യന്തര ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇതേ ദന്തേവാഡയിലാണ്- ഇക്കഴിഞ്ഞ ഏപ്രില്‍ ആറിന്. അന്ന് സിആര്‍പിഎഫും സംസ്ഥാനപൊലീസുകാരുമടങ്ങുന്ന സേന സഞ്ചരിച്ച വാഹനമാണ് ആക്രമിച്ചത്. 75 സിആര്‍പിഎഫുകാരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. സുസജ്ജരും സായുധരുമായി മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയ സേനാംഗങ്ങളെ ഇങ്ങനെ കൂട്ടക്കൊലചെയ്തിട്ടും ഫലപ്രദമായ പ്രതിരോധവും ഇടപെടലും ബന്ധപ്പെട്ടവരില്‍നിന്നുണ്ടായില്ല. അതുകൊണ്ടാണ്, കുഴിബോംബുവച്ച് ബസ് തകര്‍ത്ത് വീണ്ടും കൂട്ടക്കൊലനടത്താന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിഞ്ഞത്. സാധാരണജനങ്ങള്‍ യാത്രചെയ്ത ബസാണ് ഇത്തവണ തകര്‍ത്തത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി നില്‍ക്കുന്നവരാണ് തങ്ങള്‍ എന്ന മാവോയിസ്റ്റ് അവകാശവാദത്തിന്റെ നിരര്‍ഥകതയും കാപട്യവുമാണ് ഇതിലൂടെ വ്യക്തമായത്.മാവോയിസ്റ്റുകള്‍ നടത്തുന്ന രക്തപങ്കിലമായ ആക്രമണങ്ങളെ ഗൌരവബുദ്ധ്യാ സമീപിക്കാന്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഛത്തീസ്ഗഢില്‍നിന്ന് ഭീതിജനകമായ വാര്‍ത്തകള്‍ തുടരെത്തുടരെ വരികയാണ്. ചില പ്രദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ സമാന്തരഭരണം നടത്തുന്നു. അത്തരം മേഖലയില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ സൈനികരെ കയറ്റുന്നത് മാവോയിസ്റ്റുകള്‍ വിലക്കി. ഈ വിലക്കു ലംഘിക്കുന്ന വാഹനങ്ങള്‍ യാത്രക്കാരെ പുറത്തിറക്കിയശേഷം കത്തിക്കുന്നത് പതിവാക്കി. ഒരുപടികൂടി കടന്നാണ് വാഹനങ്ങള്‍ അപ്പാടെ കുഴിബോംബുവച്ച് തകര്‍ത്ത് കൂട്ടക്കൊലയ്ക്കൊരുമ്പെട്ടത്. രാജ്നന്ദ്ഗാവ് ജില്ലയിലെ മന്‍പുറില്‍ ആറുപേരെയാണ് ഞായറാഴ്ച മാവോയിസ്റ്റുകള്‍ കഴുത്തറുത്ത് കൊന്നത്.ഏപ്രില്‍ ആറിന് ദന്തേവാഡയില്‍ മാവോയിസ്റുകളുടെ കെണിയിലേക്ക് സിആര്‍പിഎഫ് ജവാന്മാരെ നയിച്ചത് സുരക്ഷാസേനയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയതിലുള്ള പാളിച്ചയാണെന്ന് ബിഎസ്എഫ് മുന്‍ ഡയറക്ടര്‍ അന്വേഷിച്ച് കണ്ടെത്തിയിരുന്നു. സുരക്ഷാപാളിച്ചയെക്കുറിച്ച് മറ്റുനിരവധി വിമര്‍ശങ്ങളും ഉയര്‍ന്നു. മാവോയിസ്റ്റുകള്‍ക്കെതിരായ 'ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട്' നിഷ്ഫലമാവുകയാണ്. കേന്ദ്രസര്‍ക്കാരിനും സൈന്യത്തിനും അപമാനകരമാണ് ഈ വീഴ്ച. കേന്ദ്രആഭ്യന്തരവകുപ്പിന്റെ ഔദ്യോഗികമായ കണക്ക് അനുസരിച്ച് 2004 മുതല്‍ 2008 വരെ 7806 മാവോയിസ്റ്റ് ആക്രമണത്തിലായി 3338 പേരാണ് കൊല്ലപ്പെട്ടത്. 2009ല്‍ മാത്രം ആയിരത്തോളം കൊലപാതകം. പടിപടിയായി രാജ്യത്തിന്റെ ഭരണം പിടിക്കുമെന്ന മാവോയിസ്റ്റ് നേതാക്കളുടെ പ്രഖ്യാപനംപോലും നിസ്സഹായരായി നോക്കിനില്‍ക്കുകയാണ് ഭരണാധികാരികള്‍. ഇത്ര വലിയ ആക്രമണപദ്ധതികള്‍ കാലേക്കൂട്ടി അറിയാനോ തടയാനോ കഴിയാത്ത ഇന്റലിജന്‍സ് സംവിധാനം എന്തിനെന്ന ചോദ്യവും പ്രസക്തമാണ്.രാജ്യത്ത് ഏഴു സംസ്ഥാനമെങ്കിലും മാവോയിസ്റ്റ് ഭീഷണിയിലാണ്. ഒറ്റയടിക്ക് തകര്‍ത്തുകളയാവുന്നതല്ല വഴിതെറ്റിയ അക്രമിക്കൂട്ടത്തിന്റെ ഈ ഭീഷണി. വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലമുള്ളവരും സ്ഥിരാഭിപ്രായമില്ലാത്തവരും എടുത്തുചാട്ടക്കാരും ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു നീങ്ങുന്നവരും അടങ്ങുന്ന കൂട്ടമാണത്. അതേസമയം, അത്തരക്കാര്‍ നടത്തുന്ന അമിതാവേശബാധിതമായ പ്രവൃത്തിമാത്രമായി ഇത്തരം നിഷ്ഠുരമായ ആക്രമണങ്ങളെ കാണാനാകില്ല. സാമ്രാജ്യത്വത്തിന്റെ; മൂലധനത്തിന്റെ സമരതന്ത്രജ്ഞരുടെ കൈയിലെ പാവകളാണവര്‍. വിപ്ളവ വിരുദ്ധവും തൊഴിലാളിവര്‍ഗത്തിന്റെ എതിര്‍പക്ഷത്തുനില്‍ക്കുന്നതുമാണ് അവരുടെ ആശയവും പ്രവൃത്തിയും. കമ്യൂണിസ്റ്റ് വിരുദ്ധരുടെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ പ്രചോദിതമായ ആസൂത്രിത പ്രവൃത്തിയാണ് ഭീകരാക്രമണങ്ങള്‍. പശ്ചിമ ബംഗാളില്‍ ദൃശ്യമായത് അതാണ്. പ്രകടമായിത്തന്നെ വിരുദ്ധ ആശയങ്ങളെ പ്രതിനിധാനംചെയ്യുന്നവര്‍ യോജിച്ച് അട്ടിമറിസമരങ്ങള്‍ക്കിറങ്ങുകയാണ്. രാഷ്ട്രീയമായി ഇത്തരക്കാരെ തുറന്നുകാട്ടിയും മാവോയിസ്റ്റുകള്‍ക്ക് വേരോട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ആഗോളവല്‍ക്കാരണ-സാമ്രാജ്യ വിധേയ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തിയും ഈ വിപത്തിനെ നേരിടേണ്ടതുണ്ട്.രാജ്യത്തെ അസ്ഥിരീകരിക്കുകയും പിന്തിരിപ്പന്‍ശക്തികളുമായി ചേര്‍ന്ന് ജനങ്ങള്‍ക്കെതിരെ കടന്നാക്രമണം സംഘടിപ്പിക്കുകയും ചെയ്യുന്ന മാവോയിസ്റ്റുകള്‍ക്കെതിരെ ഇച്ഛാശക്തിയോടെയുള്ള നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. താല്‍ക്കാലിക രാഷ്ട്രീയനേട്ടങ്ങള്‍ക്കായി മാവോയിസ്റ്റുകളോടും അവരെ സംരക്ഷിക്കുന്നവരോടും മൃദുസമീപനം സ്വീകരിച്ചാല്‍ വലിയ വിലയാകും നല്‍കേണ്ടിവരിക. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ മാവോയിസ്റ്റുകളെ ആയുധമാക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ സഖ്യകക്ഷിയാണെന്ന വസ്തുത ആവര്‍ത്തിച്ചോര്‍ക്കേണ്ടതുണ്ട്. അത്തരം കെട്ടുപാടുകള്‍ കേന്ദ്രത്തിന്റെ മാവോയിസ്റ്റ് വിരുദ്ധ ഇടപെടലിനെ പുറകോട്ടുവലിച്ചുകൂടാ. ക്രൂരവും ജനവിരുദ്ധവുമായ വഴികളിലൂടെ സഞ്ചരിക്കുന്ന മാവോയിസ്റ്റുകളെ നേരിടുന്നതിന് സത്യസന്ധവും ആത്മാര്‍ഥവുമായ നടപടിയെടുക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന പാഠമാണ് ദന്തേവാഡയില്‍ ആവര്‍ത്തിച്ചു നടന്ന കൂട്ടക്കൊല നല്‍കുന്നത്.

Monday, May 17, 2010

അഭൂതപൂര്‍വമായ നേട്ടങ്ങളോടെ അഞ്ചാംവര്‍ഷത്തിലേക്ക്....

അഭൂതപൂര്‍വമായ നേട്ടങ്ങളോടെ അഞ്ചാംവര്‍ഷത്തിലേക്ക്....



അഭൂതപൂര്‍വമായ നേട്ടങ്ങളോടെ ഇടതുപക്ഷജനാധിപത്യ മുന്നണി ഗവമെന്റ് നാല് വര്‍ഷം പിന്നിടുകയാണ്. ക്ഷേമം, വികസനം, സമാധാനം എന്ന അടിസ്ഥാനലക്ഷ്യത്തോടെ ഉജ്വലമായ മുന്നേറ്റമുണ്ടാക്കാന്‍ ഈ കാലയളവില്‍ സാധ്യമായെന്നത് പരക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. 2006 മെയ് 18ന് അധികാരത്തില്‍വന്ന ഇടതുപക്ഷജനാധിപത്യമുന്നണി ഗവമെന്റ് ഒന്നാം ഐക്യകേരള ഗവമെന്റ് അടിത്തറയിട്ട ജനകീയവികസന പന്ഥാവിലൂടെ ഉജ്വലമായ മുന്നേറ്റമാണ് നടത്തുന്നത്. കര്‍ഷക ആത്മഹത്യാപ്രവണത ഇല്ലായ്മ ചെയ്യുകയും ദാരിദ്യ്രനിര്‍മാര്‍ജനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കുകയും വ്യവസായ-ഐടി-ടൂറിസം മേഖലകളില്‍ റെക്കോഡ് നേട്ടം കൈവരിക്കുകയും വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയും പൊതുജനാരോഗ്യസംവിധാനം ശക്തിപ്പെടുത്തുകയും സമ്പൂര്‍ണ പാര്‍പ്പിടപദ്ധതിയും സമ്പൂര്‍ണ വൈദ്യുതീകരണവും നടപ്പാക്കിത്തുടങ്ങുകയും ആരോഗ്യസുരക്ഷാപദ്ധതി നടപ്പാക്കുകയും മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമി ലഭ്യമാക്കാന്‍ നടപടിയെടുക്കുകയും ക്ഷേമപെന്‍ഷനുകള്‍ മൂന്ന് മടങ്ങോളമായി വര്‍ധിപ്പിച്ച് കൃത്യമായി ലഭ്യമാക്കുകയും ക്രമസമാധാനരംഗത്ത് രാജ്യത്ത് ഒന്നാംസ്ഥാനം കൈവരിക്കുകയും ദശലക്ഷക്കണക്കായ പ്രവാസിമലയാളികള്‍ക്ക് പെന്‍ഷനുള്‍പ്പെടെ ക്ഷേമനിധി ഏര്‍പ്പെടുത്തുകയും കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം പദ്ധതി, ദേശീയ ജലപാത, കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട അടിസ്ഥാന സൌകര്യവികസനം ഉള്‍പ്പെടെ ബൃഹദ്പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തുകൊണ്ട് സംസ്ഥാനചരിത്രത്തിലെ ഏറ്റവും സത്വരമായ വികസന-ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് കഴിഞ്ഞ നാല് വര്‍ഷം സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഉന്നതവിദ്യാഭ്യാസരംഗത്ത് സാമൂഹ്യനീതി കൈവരിക്കാന്‍ വിവിധ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് ഇതിനകംതന്നെ ഏറെ ഫലപ്രദമാണെന്ന് അംഗീകരിക്കപ്പെട്ടു. പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്ത് സഹകരണവകുപ്പിന്റെയും ഐഎച്ച്ആര്‍ഡി തുടങ്ങിയ സ്ഥാപനങ്ങളുടെയും പങ്കാളിത്തം വന്‍തോതില്‍ വര്‍ധിപ്പിച്ചു. ജലസേചന-ശുദ്ധജല വിതരണരംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തി ദേശീയ അംഗീകാരം നേടി. അനിശ്ചിതത്വത്തിലായിരുന്ന ജപ്പാന്‍ കുടിവെള്ളപദ്ധതി ഭാഗികമായെങ്കിലും പൂര്‍ത്തീകരിച്ച് കമീഷനിങ്ങിന് സജ്ജമാക്കിയിരിക്കുന്നു. മുന്‍ ഗവമെന്റിന്റെ കാലത്ത് അധികമുല്‍പ്പാദിപ്പിച്ച വൈദ്യുതിയുടെ നാല് മടങ്ങ് നാല് വര്‍ഷംകൊണ്ടുതന്നെ അധികം ഉല്‍പ്പാദിപ്പിക്കുകയും അടുത്ത പത്ത് വര്‍ഷത്തെ ആവശ്യം മുന്നില്‍ക്കണ്ട് പുതിയ പദ്ധതികള്‍ക്ക് തുടക്കംകുറിക്കുകയും പുതിയ കണക്ഷന്‍ നല്‍കുന്നതില്‍ സര്‍വകാല റെക്കോഡിടുകയും ചെയ്തു- നാല് വര്‍ഷംകൊണ്ട് പതിനെട്ട് ലക്ഷം കണക്ഷന്‍. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമപദ്ധതികളില്‍ ഏറെക്കുറെ നൂറ്ശതമാനം ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞ അഭിമാനകരമായ അനുഭവമാണ് ഈ നാല് വര്‍ഷവും. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്ന സ്ഥിതിയിലായിരുന്ന ഗവമെന്റ് ആശുപത്രികള്‍ ഇപ്പോള്‍ സജീവമായി. ഡോക്ടര്‍മാരെയും നേഴ്സുമാരെയും ആവശ്യാനുസരണം നിയമിക്കുകയും അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ആധുനീകരിക്കുകയും ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമാക്കുകയും ചെയ്തു. ഒരുലക്ഷത്തില്‍പ്പരം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കി. ആദിവാസികള്‍ക്കുള്ള ഭൂവിതരണ പദ്ധതിയും വനാവകാശനിയമപ്രകാരമുള്ള അവകാശരേഖ വിതരണവും പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്നു. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കുന്നതില്‍ ഐതിഹാസിക നേട്ടമാണുണ്ടായത്. മൂന്നാറില്‍മാത്രം പന്തീരായിരത്തില്‍പ്പരം ഏക്കര്‍ വീണ്ടെടുത്ത് ലാന്‍ഡ് ബാങ്കില്‍ മുതല്‍ക്കൂട്ടി. കര്‍ഷക ആത്മഹത്യാപ്രവണത ഇല്ലാതാക്കി കാര്‍ഷികമേഖലയില്‍ നവോന്മേഷം സൃഷ്ടിച്ചു. കടാശ്വാസകമീഷനും പലിശരഹിത വായ്പയും സബ്സിഡിയും കര്‍ഷക പെന്‍ഷനും നെല്ലിന്റെ സംഭരണവില ഏഴില്‍നിന്ന് 12 രൂപയാക്കിയതും തണ്ണീര്‍തടം-പാടം നികത്തല്‍ നിരോധിച്ചതുമെല്ലാം പുത്തനുണര്‍വായി. 1341 കോടി രൂപ ചെലവില്‍ കാര്‍ഷികോല്‍പ്പാദനവര്‍ധന കര്‍മപദ്ധതിക്ക് തുടക്കം കുറിച്ചതുവഴി അറുപതിനായിരത്തോളം ഏക്കറില്‍ നെല്‍കൃഷി പുനരാരംഭിച്ചു. പാല്‍, മുട്ട, മാംസം എന്നിവയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടാന്‍ വഴിയൊരുക്കി. പാവപ്പെട്ട മുഴുവന്‍ ഭൂരഹിതകുടുംബങ്ങള്‍ക്കും ഭൂമിയും ഭവനരഹിത കുടുംബങ്ങള്‍ക്ക് വീടും ലഭ്യമാക്കാന്‍ ഇ എം എസ് ഭവനപദ്ധതിയും എം എന്‍ ലക്ഷംവീട് നവീകരണപദ്ധതിയും ഊര്‍ജസ്വലമായി മുന്നേറുന്നു. മാലിന്യനിര്‍മാര്‍ജനകാര്യത്തില്‍ ഏറെ മുന്നോട്ടുപോകാന്‍ കഴിഞ്ഞു. പൂട്ടിയിടപ്പെട്ടിരുന്ന വ്യവസായശാലകളും തോട്ടങ്ങളും തുറന്നു. 37ല്‍ 32 പൊതുമേഖലാ വ്യവസായശാലകളും ലാഭത്തിലായി. പുതിയ എട്ട് പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. കേന്ദ്ര-സംസ്ഥാന സംയുക്തമേഖലയില്‍ നിരവധി വ്യവസായയൂണിറ്റുകള്‍ തുടങ്ങുകയും മികച്ച വ്യവസായ നിക്ഷേപാന്തരീക്ഷമുണ്ടാക്കുകയും ചെയ്തു. വെള്ളാനയായി മുദ്രകുത്തപ്പെട്ടിരുന്ന കെഎസ്ആര്‍ടിസിക്ക് പുതുജീവന്‍ കൈവന്നു. അതിവേഗം സ്വയംപര്യാപ്തതയിലേക്ക് മുന്നേറുകയാണിന്ന് സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട്. സുനാമി പുനരധിവാസ പദ്ധതി പൂര്‍ത്തിയായതോടെ ഒമ്പത് ജില്ലയിലെ തീരദേശമേഖലയില്‍ സമഗ്രവികസനമുണ്ടായി. മത്സ്യത്തൊഴിലാളികളെ കടവിമുക്തരാക്കുകയും രണ്ട് രൂപ നിരക്കില്‍ അരി, എസ്സി വിഭാഗത്തിന്റേതുപോലെ വിദ്യാഭ്യാസാനുകൂല്യം എന്നിവ ലഭ്യമാക്കി ക്ഷേമം ഉറപ്പുവരുത്തുകയും ചെയ്തു. രണ്ട് രൂപ നിരക്കില്‍ 26 ലക്ഷം കുടുംബങ്ങള്‍ക്ക് നല്‍കുന്ന റേഷനരി ഇനിമുതല്‍ 35 ലക്ഷംകുടുംബങ്ങള്‍ക്ക് ലഭ്യമാക്കും. അത്രയും കുടുംബങ്ങള്‍ക്ക് സൌജന്യ ആരോഗ്യ ഇന്‍ഷുറന്‍സും. പണമില്ലാത്തതുകൊണ്ട് ചികിത്സ ലഭ്യമാകാത്ത അവസ്ഥയ്ക്ക് ഒരളവോളം പരിഹാരമാകുകയാണ്. പരിധിയില്ലാതെ സബ്സിഡി അനുവദിച്ചുകൊണ്ടാണ് നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം ഒരളവോളം പിടിച്ചുനിര്‍ത്തുന്നത്. വെട്ടിക്കുറച്ച റേഷനരിവിഹിതം പുനഃസ്ഥാപിക്കാതെ കേന്ദ്രം കേരളജനതയെ ഞെരുക്കുകയാണ്. എപിഎല്‍ റേഷനരിക്ക് വില ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍, സപ്ളൈകോയും സഹകരണവകുപ്പും ഏറ്റവും കാര്യക്ഷമവും മാതൃകാപരവുമായ പ്രവര്‍ത്തനത്തിലൂടെ വിപണി ഇടപെടല്‍ നടത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നു. കേന്ദ്രമന്ത്രി പവാര്‍തന്നെ അക്കാര്യം പാര്‍ലമെന്റില്‍ സമ്മതിച്ചു. ദുബായ് കമ്പനിയുടെ വീഴ്ചകാരണം സ്മാര്‍ട്സിറ്റി പദ്ധതിയില്‍ പുരോഗതിയുണ്ടായില്ലെങ്കിലും ആ പദ്ധതിയില്‍ വിഭാവനം ചെയ്തതിനേക്കാളുമെത്രയോ വലിയ നേട്ടം മറ്റു പദ്ധതികളിലൂടെ ഐടി രംഗത്തുണ്ടായി. ഐടി അടിസ്ഥാനസൌകര്യം നാല് കൊല്ലം കൊണ്ട് നാല് മടങ്ങ് വര്‍ധിച്ചു. ജില്ലാതല ഐടി പാര്‍ക്കുകളുടെ നിര്‍മാണം തുടങ്ങി. മലബാര്‍ മേഖലയ്ക്കായി സൈബര്‍സിറ്റി പാര്‍ക്ക് ശൃംഖലയ്ക്ക് തുടക്കമാകുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഒരുലക്ഷത്തില്‍പ്പരം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന രണ്ടാംഘട്ടത്തിന് നടപടി തുടങ്ങി. ഐടി കയറ്റുമതി നാല് കൊല്ലംകൊണ്ട് അഞ്ച് മടങ്ങ് വര്‍ധിച്ചു. ടൂറിസംരംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച ഡെസ്റിനേഷനായി കേരളത്തിന് സാര്‍വദേശീയ അംഗീകാരം; മാന്ദ്യകാലത്തും 25 ശതമാനം വളര്‍ച്ചയും. വനംനശീകരണവും വനംകൊള്ളയും പഴങ്കഥയാവുകയും വനം വിസ്തൃതി ചരിത്രത്തിലാദ്യമായി കൂടുകയും ചെയ്തു. സൈലന്റ്വാലി ബഫര്‍സോണും നീലക്കുറിഞ്ഞി സാങ്ക്ച്വറിയും പരിസ്ഥിതി സംരക്ഷണത്തില്‍ വലിയ ചുവടുവയ്പായി. കയര്‍-കശുവണ്ടി മേഖലയിലെ തൊഴിലില്ലായ്മയ്ക്ക് അറുതിവരുത്തുകയും കയര്‍ സഹകരണസംഘങ്ങളെ കടവിമുക്തമാക്കി ശാക്തീകരിക്കുകയും നവീകരണ പദ്ധതികള്‍ തുടങ്ങുകയും ചെയ്തു. ദേവസ്വംമേഖല അഴിമതി വിമുക്തമാക്കുന്നതിന് നടപടി സ്വീകരിക്കുകയും ശബരിമല തീര്‍ഥാടനം ആക്ഷേപരഹിതമാക്കാന്‍ പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. സന്നിധാനത്ത് സുസജ്ജമായ ആശുപത്രി തുടങ്ങി. തുറമുഖങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ സമഗ്രമായ പദ്ധതിയാണ് തങ്കശ്ശേരി, ബേപ്പൂര്‍, അഴീക്കല്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്നത്. അടുത്ത ദേശീയ കായികമേളയ്ക്ക് ആതിഥ്യമേകുന്നതിന്റെ ഭാഗമായി സ്പോര്‍ട്സ് അടിസ്ഥാനസൌകര്യ വികസനത്തിന് തുടക്കമായി. പ്രവാസിമലയാളികള്‍ക്ക് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്ന് തൊഴിലെടുക്കുന്നവര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തി. പ്രവാസിമലയാളികള്‍ക്കായി കലക്ടറേറ്റുകളില്‍ പ്രത്യേക സെല്‍ തുടങ്ങുകയും 'സാന്ത്വനം' പദ്ധതിയിലൂടെ ഉദാരമായി ചികിത്സാസഹായം നല്‍കുകയും ചെയ്യുന്നു. മുന്‍ ഗവമെന്റിന്റെ കാലത്ത് നിയമന നിരോധനമായിരുന്നു. അത് പൂര്‍ണമായും പിന്‍വലിച്ച് നാല് വര്‍ഷംകൊണ്ട് ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ക്ക് പിഎസ്സി വഴി നിയമനം നല്‍കുകയും പുതിയ ഇരുപത്തിനാലായിരത്തില്‍പ്പരം തസ്തിക സൃഷ്ടിക്കുകയും ചെയ്തു. പുതിയ തസ്തികകള്‍, മാന്ദ്യപാക്കേജ്, വര്‍ധിച്ച ക്ഷേമനിധി ആനുകൂല്യങ്ങള്‍, വിപണി ഇടപെടല്‍, ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാമുണ്ടായിട്ടും ധനസ്ഥിതി ഭദ്രമായി നില്‍ക്കുന്നു. ഒരു ദിവസംപോലും ട്രഷറി അടച്ചിടേണ്ടി വരാത്തവിധം അരോഗാവസ്ഥയിലാണിന്ന് കേരള സമ്പദ്സ്ഥിതി. നികുതി ചോര്‍ച്ച തടഞ്ഞുകൊണ്ടും പുതിയ വിഭവസമാഹരണം വഴിയുമാണിത് സാധിച്ചത്. പുതിയ പദ്ധതികള്‍ക്കായുള്ള മൂലധനനിക്ഷേപത്തില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കഴിഞ്ഞുവെന്നതും എടുത്തുപറയത്തക്ക നേട്ടമാണ്. ക്ഷേമനടപടികളുടെ കാര്യത്തിലും വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും കാര്‍ഷിക-വ്യവസായികോല്‍പ്പാദനം വര്‍ധിപ്പിക്കുന്ന കാര്യത്തിലും പുതിയ വികസനസംരംഭങ്ങളുടെ കാര്യത്തിലുമെല്ലാം മുമ്പെന്നത്തേക്കാളും വലിയ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ നാല് വര്‍ഷമാണ് പിന്നിടുന്നത്. ഈ അടിത്തറയില്‍നിന്നുകൊണ്ട് എല്ലാ മേഖലയിലും കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനുള്ള കര്‍മപദ്ധതി ആവിഷ്കരിച്ചുകൊണ്ട് അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈ മുന്നേറ്റത്തിന് എല്ലാവരുടെയും ആത്മാര്‍ഥ സഹകരണമുണ്ടാകണമെന്നഭ്യര്‍ഥിക്കുന്നു.



V S Achuthandan

വാഗ്ദാനങ്ങള്‍ പാലിച്ച് അഞ്ചാം വര്‍ഷത്തിലേക്ക്

വാഗ്ദാനങ്ങള്‍ പാലിച്ച് അഞ്ചാം വര്‍ഷത്തിലേക്ക്.


കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി വാങ്ങുന്ന 35 ലക്ഷം കുടുംബങ്ങളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. കാര്‍ഷികമേഖലയില്‍ അഭൂതപൂര്‍വ വളര്‍ച്ച, പൊതുമേഖലാ വ്യവസായങ്ങളുടെ ഊര്‍ജസ്വല മുന്നേറ്റം തുടങ്ങി എല്ലാ മേഖലയിലും വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും വിജയഗാഥ രചിച്ച് കേരളം രാജ്യത്തിനാകെ മാതൃകയാകുന്നു. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച എപിഎല്‍-ബിപിഎല്‍ വേര്‍തിരിവ് നിരാകരിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ പകുതി കുടുംബങ്ങള്‍ക്ക് ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കിയത്. കേരളം വളരുന്നില്ലെന്ന് വിലപിക്കുന്ന ഛിദ്രശക്തികള്‍ക്കും മറച്ചുപിടിക്കാനാവാത്തതാണ് കാര്‍ഷികമേഖലയിലെ വളര്‍ച്ച. നെല്ലുല്‍പ്പാദനത്തില്‍ റെക്കോഡ് നേട്ടമാണ് കൈവരിച്ചത്. വികസനം മുരടിച്ചെന്ന് ഒച്ചവയ്ക്കുന്നവര്‍ക്ക് പ്രഹരമാണ് പൊതുമേഖലാവ്യവസായങ്ങളുടെ മുന്നേറ്റം. പരമ്പരാഗത മേഖലയിലും പുത്തനുണര്‍വ് പ്രകടം. അഞ്ചാം വര്‍ഷത്തില്‍ തുടക്കം കുറിക്കുന്ന എട്ട് പൊതുമേഖലാവ്യവസായങ്ങള്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയാണ്. തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അഞ്ചാംവര്‍ഷത്തിലേക്ക് കടക്കുന്നത്. മുണ്ടു മുറുക്കി ഉടുക്കാന്‍ ജനങ്ങളെ ഉപദേശിച്ച ഭരണാധികാരികളെയാണ് കേരളം മുന്‍യുഡിഎഫ് മന്ത്രിസഭയില്‍ കണ്ടത്. എന്നാല്‍, വിശന്നു കഴിയുന്ന ഒരു കുടുംബം പോലും ഉണ്ടാകരുതെന്ന് ദൃഢനിശ്ചയം ചെയ്ത സര്‍ക്കാരിന്റെ തണലിലാണ് ഇന്ന് കേരളജനത. എല്ലാവര്‍ക്കും വീടും ഭൂമിയും ആഹാരവും വെളിച്ചവും വെള്ളവും ഉറപ്പുവരുത്തുന്നു. ജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താതെ വികസനം സാധ്യമല്ലെന്ന കാഴ്ചപ്പാട് സര്‍ക്കാരിന്റെ ഓരോ ചുവടുവപ്പിലുമുണ്ട്. യുഡിഎഫ് ഭരണത്തിലെ കര്‍ഷകരുടെ കൂട്ട ആത്മഹത്യ ഇന്ന് നടുക്കുന്ന ഓര്‍മ്മ മാത്രം.ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കുകയും കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുകയും ചെയ്തു. ട്രഷറി നിയന്ത്രണങ്ങളില്ലാതെ കേരളം സാമ്പത്തിക മാനേജ്മെന്റില്‍ ചരിത്രം കുറിച്ചു. റവന്യൂ കമ്മി 2004-05ല്‍ 3.3 ശതമാനമായിരുന്നത് 2009-10ല്‍ 1.48 ശതമാനമായി. മൂലധനച്ചെലവ് 4145 കോടിയിലേക്കുയര്‍ന്ന് റെക്കോഡ് സൃഷ്ടിച്ചു. കാര്‍ഷികമേഖല അടങ്കല്‍ യുഡിഎഫ് കാലത്തെ 200 കോടിയില്‍നിന്ന്് 625 കോടിയിലേക്ക്. ഐടി-ടൂറിസം മേഖല വികസന വകയിരുത്തലില്‍ 77 ശതമാനം വര്‍ധന. കുടിവെള്ളപദ്ധതികള്‍ക്ക് 600 കോടി. 4500 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജ്. തീരദേശമേഖലകള്‍ക്ക് 3000 കോടി. സുസ്ഥിര വികസന പദ്ധതികള്‍ക്കായി 1000 കോടിയുടെ ഹരിതഫണ്ട്. ഐടി പാര്‍ക്കുകള്‍ ജില്ലകളിലേക്ക്. ക്രമസമാധാന പാലനത്തില്‍ സംസ്ഥാനം ഒന്നാം സ്ഥാനത്ത്. പുതിയ പൊലീസ് നിയമം. പ്രാദേശികഭരണത്തില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം. തദ്ദേശസ്ഥാപനങ്ങള്‍ക്ക് നാലുവര്‍ഷംകൊണ്ട് 6497 കോടി രൂപ പദ്ധതിവിഹിതം. 5000 കോടിയുടെ ഇ എം എസ് ഭവന പദ്ധതി. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ അസംഘടിത മേഖലയില്‍ എല്ലാവര്‍ക്കും ക്ഷേമനിധി. വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ വന്‍മുന്നേറ്റം. ആദിവാസികള്‍ക്ക് ഭൂമി. കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടങ്ങള്‍ എഴുതിത്തള്ളി. ഇങ്ങനെ അഭിമാനകരമായ നിരവധി ക്ഷേമ-വികസന പ്രവര്‍ത്തനങ്ങളുമായാണ് എല്‍ഡിഎഫ് മെയ് 18ന് നാലാം വാര്‍ഷികം ആഘോഷിക്കുന്നത്. സര്‍ക്കാരിന്റെ ഈ ജനക്ഷേമനടപടികള്‍ യുഡിഎഫിനെ വല്ലാതെ അസ്വസ്ഥരാക്കുന്നു. വികസനപ്രവര്‍ത്തനങ്ങളുടെ വഴിമുടക്കുന്ന സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് പിന്തുണയുമായി ഓടുന്നതില്‍ ഒതുങ്ങുകയാണിന്ന് പ്രതിപക്ഷം.

Saturday, May 15, 2010

കിനാലൂരിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ പിന്തിരിപ്പന്‍ നിലപാട്: പിണറായി

കിനാലൂരിന് പിന്നില്‍ പ്രതിപക്ഷത്തിന്റെ പിന്തിരിപ്പന്‍ നിലപാട്: പിണറായി


കൊച്ചി: നാടിന്റെ വികസനകാര്യത്തില്‍ തങ്ങള്‍ക്കു ചെയ്യാനാകാത്തത് മറ്റാരും ചെയ്യരുതെന്ന അറുപിന്തിരിപ്പന്‍ നിലപാടുമാണ് കിനാലൂര്‍ പ്രശ്നത്തിനു പിന്നിലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വസ്തുതകള്‍ മറച്ചുവച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുന്നു. എല്‍ഡിഎഫിനെ നേരിടുന്നെങ്കില്‍ രാഷ്ട്രീയമായി വേണം. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് പച്ചക്കള്ളം പ്രചരിപ്പിച്ച് നാടിന്റെ വികസനത്തെ തുരങ്കംവയ്ക്കുന്നത് നല്ലതല്ലെന്നും പിണറായി പറഞ്ഞു. ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ആലുവയില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തിലിരുന്നപ്പോഴൊന്നും ചെയ്യാനാകാത്ത കാര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സമൂഹപുരോഗതി ആഗ്രഹിക്കുന്നവര്‍ ഒപ്പം നില്‍ക്കണം. എന്നാല്‍, പ്രതിപക്ഷ പാര്‍ടികളും ചില മാധ്യമങ്ങളും വികൃതസമീപനമാണ് സ്വീകരിച്ചത്. ഈ സര്‍ക്കാരല്ല കിനാലൂരിലെ ഭൂമി വ്യവസായ പാര്‍ക്കിന് ഏറ്റെടുത്തത്. വളരെ വര്‍ഷങ്ങള്‍മുമ്പ് ഏറ്റെടുത്തതാണ്. റോഡ് ഉള്‍പ്പെടെ പശ്ചാത്തലസൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യവസായം വന്നില്ല. 20 മീറ്റര്‍ റോഡുണ്ടാക്കാനായിരുന്നു പദ്ധതി. എന്നാല്‍, 100 മീറ്റര്‍ റോഡ്് എന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പരസ്യമായി പ്രസംഗിച്ചത്. മുസ്ളിംസമൂഹം തള്ളിക്കളഞ്ഞ ജമാഅത്തെ ഇസ്ളാമി എന്ന സംഘടനയുടെ യുവജനവിഭാഗമായ സോളിഡാരിറ്റിയാണ് എതിര്‍പ്പുമായി വന്നത്. സിപിഐ എമ്മില്‍നിന്നു പുറത്തായവരും എല്‍ഡിഎഫിനെതിരാണെങ്കില്‍ പിന്തുണ നല്‍കാന്‍ തയ്യാറുള്ള ഒരു കൂട്ടവും ഇവര്‍ക്കുപിന്നില്‍ നിരന്നു. ഒന്നും മറച്ചുവയ്ക്കാനില്ലാത്തതിനാല്‍ പലവട്ടം സര്‍ക്കാര്‍ ഇവരുമായി ചര്‍ച്ചനടത്തി. അങ്ങനെയാണ് സര്‍വേ ആരംഭിച്ചത്. സര്‍വേയ്ക്ക് സംരക്ഷണം നല്‍കാനെത്തിയ പൊലീസിനെ സ്ത്രീകളെയും കുട്ടികളെയും മറയാക്കി ആക്രമിക്കുകയായിരുന്നു. ആഭാസകരമായ ആക്രമണം. പൊലീസിനുമേല്‍ ചാണകവെള്ളമൊഴിച്ചു. ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ടു തല്ലി. കിനാലൂരില്‍ മനുഷ്യവേട്ട എന്നു മുറവിളിച്ച മാധ്യമങ്ങള്‍ ഇതൊക്കെ തമസ്കരിച്ചു.ഭൂമി നഷ്ടപ്പെടുന്ന പ്രദേശവാസികളല്ല ആക്രമണം നടത്തിയത്. പ്രദേശവാസികളില്‍ ഭൂരിപക്ഷവും സ്വമേധയാ സ്ഥലം നല്‍കാന്‍ തയ്യാറായിരുന്നു. സോളിഡാരിറ്റിയും മറ്റും കൊണ്ടുവന്നവരാണ് ആക്രമണം അഴിച്ചുവിട്ടത്. ഇതും ചില മാധ്യമങ്ങള്‍ മറച്ചുപിടിച്ചു.ജോസഫ് വിഭാഗം എല്‍ഡിഎഫ് വിട്ടുപോയതിനുപിന്നില്‍ നാടിന്റെ മതനിരപേക്ഷതയ്ക്കു ചേരാത്ത ചില ഇടപെടലുകള്‍ ഉണ്ടായി. ഇത് ഭാവിയില്‍ ദോഷകരമായ പ്രത്യാഘാതമുണ്ടാക്കും. യുക്തമായ രീതിയില്‍ അത് തള്ളിപ്പറയാന്‍ ബന്ധപ്പെട്ടവര്‍തന്നെ മുന്നോട്ടുവരണമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Thursday, May 13, 2010

കിനാലൂര്‍: പ്രചരണവും യഥാര്‍ഥ്യവും

കിനാലൂര്‍: പ്രചരണവും യഥാര്‍ഥ്യവും


കിനാലൂര്‍ എല്‍ ഡി എഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചരണത്തിനുള്ള ആയുധമാക്കി യു ഡി എഫും സോളിഡാരിറ്റിയും വികസന വിരുദ്ധ ശക്തികളും ഉപയോഗിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ പ്രചരണം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. പ്രതിപക്ഷ നേതാവുള്‍പ്പെടെ യു ഡി എഫ് നേതാക്കള്‍ തികച്ചും വസ്തുതാവിരുദ്ധമായ പ്രചരണമാണ് അഴിച്ചുവിട്ടത്. നൂറു മീറ്റര്‍ വീതിയുള്ള റോഡ് എന്തിനാണ് എന്നാണ് ഒരു ചോദ്യം. കിനാലൂരില്‍ എന്തു വ്യവസായ പദ്ധതിയാണ് വരുന്നത് എന്നാണ് മറ്റൊരു ചോദ്യം. കിനാലൂരിലെ കൊച്ചിന്‍ മലബാര്‍ എസ്‌റ്റേറ്റ് തൊഴിലാളികളെ പിരിച്ചുവിട്ട ശേഷം, റബ്ബര്‍ തോട്ടം തുണ്ടുകളാക്കി വില്‍പ്പന നടത്തിയപ്പോള്‍, വിലയ്ക്കു വാങ്ങിയവര്‍ക്കുവേണ്ടി (ഭൂമാഫിയ)യാണ് ഈ റോഡ് എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം പ്രചാരവേലകള്‍ നടക്കുമ്പോള്‍ വസ്തുതകള്‍ ജനങ്ങളറിയണം.വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനം ലക്ഷ്യം വെച്ച് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍. ഈ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് വലിയവെളിച്ചം 278 ഏക്കര്‍, കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ 312 ഏക്കര്‍, മലപ്പുറം ജില്ലയിലെ പാണക്കാട് - 258 ഏക്കര്‍, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല 278 ഏക്കര്‍ എന്നിങ്ങനെ ഭൂമി, കെ എസ് ഐ ഡി സി (കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍) 1995 ല്‍ ഏറ്റെടുത്തു. എന്നാല്‍ ഈ വ്യവസായ പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ - റോഡ്, വൈദ്യുതി, ജലവിതരണം, തുടങ്ങിയവ വികസിപ്പിക്കാന്‍ കെ എസ് ഐ ഡി സി ക്ക് കഴിഞ്ഞില്ല. തല്‍ഫലമായി കാര്യമായ വ്യവസായ പദ്ധതികളൊന്നും ഈ വ്യവസായ പാര്‍ക്കുകളില്‍ വന്നില്ല. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ 4 വ്യവസായ പാര്‍ക്കുകളിലായി ആകെയുള്ള 1126 ഏക്കര്‍ ഭൂമിയില്‍ 23 ഏക്കര്‍ ഭൂമിയില്‍ മാത്രമാണ് ചില ചെറിയ വ്യവസായ യൂണിയൂറ്റുകള്‍ വന്നത്. 45 ഏക്കര്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനുവദിച്ചു. 1058 ഏക്കര്‍ ഭൂമി വര്‍ഷങ്ങളായി വെറുതെ കിടക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കും മറ്റ് വികസന പദ്ധതികള്‍ക്കും ഭൂമി കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോഴാണ് ഇത്രയും ഭൂമി വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നത് എന്ന് ഓര്‍ക്കണം.ഈ പ്രശ്‌നം വിശകലനം ചെയ്തപ്പോള്‍ മനസ്സിലായത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് ഇത്രയും ഭൂമി വെറുതെ കിടക്കാന്‍ കാരണമായത് എന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യവസായ പാര്‍ക്കുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് സര്‍ക്കാര്‍ കെ എസ് ഐ ഡി സിക്ക് നിര്‍ദ്ദേശം നല്‍കി. അതനുസരിച്ച്, കൂത്തുപറമ്പ് വ്യവസായ പാര്‍ക്കിലേക്ക് 4.2 കോടി രൂപ ചെലവഴിച്ച് കെ എസ് ഐ ഡി സി നിലവിലുണ്ടായിരുന്ന റോഡ് വികസിപ്പിച്ചു. ജലവിതരണ പദ്ധതി പൂര്‍ത്തിയാക്കി. വൈദ്യുതി വിതരണം മെച്ചപ്പെടുത്താന്‍ പുതിയ സബ് സ്റ്റേഷന്‍ സ്ഥാപിക്കുവാനുള്ള നടപടികള്‍ ആരംഭിച്ചു. ഇത്രയും ചെയ്തപ്പോള്‍, കൂത്തുപറമ്പ് വ്യവസായ പാര്‍ക്കില്‍ പുതിയ പദ്ധതികള്‍ വരാന്‍ തുടങ്ങി. അവിടെ ആരംഭിച്ച അപ്പാരല്‍ പാര്‍ക്കില്‍ 800 തൊഴിലാളികള്‍ക്ക് ജോലി കിട്ടി. 50 ഏക്കര്‍ ഭൂമിയില്‍ ചെറുകിട വ്യവസായ പാര്‍ക്ക് ആരംഭിച്ചു. പുതിയ അപേക്ഷകള്‍ സംരംഭകര്‍ നല്‍കുന്നത് കണക്കിലെടുത്ത്, 300 ഏക്കര്‍ ഭൂമികൂടി പരിസരത്ത് ഏറ്റെടുക്കാന്‍ കെ എസ് ഐ ഡി സി തീരുമാനിച്ചു.കിനാലൂരില്‍ 2500 കോടി രൂപ മുതല്‍ മുടക്കുള്ള ഒരു പ്രോജക്ട് സ്ഥാപിക്കുവാന്‍ മലേഷ്യന്‍ ഗവണ്‍മെന്റ് സ്ഥാപനമായ സി ഐ ഡി ബി മുന്നോട്ട് വരികയും കെ എസ് ഐ ഡി സി യുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തു. ഈ പദ്ധതി നിലവില്‍ വരാന്‍ സി ഐ ഡി ബി മുന്നോട്ടുവെച്ച നിബന്ധനകളില്‍ ഒന്ന് കോഴിക്കോട് നഗരത്തില്‍ നിന്ന് കിനാലൂര്‍ വരെ ഒരു നാലുവരി പാത വേണമെന്നതായിരുന്നു. 15000 ത്തില്‍പരം യുവജനങ്ങള്‍ക്ക് നേരിട്ടും ഇരട്ടിയിലധികവും പേര്‍ക്ക് പരോക്ഷമായും ജോലി കിട്ടുന്നതായിരുന്നു ഈ വ്യവസായ പദ്ധതി. കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ വലിയ പ്രതീക്ഷകളോടെ നോക്കിയ പ്രസ്തുത പദ്ധതി, റോഡ് വികസനം വൈകിയതിനാല്‍ നടക്കാതെ പോയി. അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിന് യുവതീയുവാക്കള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോയിക്കൊണ്ടിരി്ക്കുന്ന സാഹചര്യത്തിലാണ്, ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പദ്ധതി നഷ്ടമായത്.ഈ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ക്കായി കെ എസ് ഐ ഡി സി ശ്രമം ആരംഭിച്ചു. കോഴിക്കോട് ജില്ലയില്‍ നന്നായി വികസിച്ച ഫുട്‌വെയര്‍ ഉല്‍പാദന വ്യവസായം കൂടുതല്‍ വികസിപ്പിക്കുവാന്‍ ഒരു ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി 70 ഏക്കര്‍ ഭൂമി കിനാലൂരില്‍ അനുവദിക്കുവാന്‍ തീരുമാനിച്ചു. 50 ഏക്കര്‍ ഭൂമി ഫുഡ് പ്രോസസിംഗ് വ്യവസായ പാര്‍ക്ക് വികസിപ്പിക്കാന്‍, കിന്‍ഫ്രക്ക് കൈമാറാനും തീരുമാനമായി. യു എ ഇ യില്‍ നിന്നുള്ള ഒരു പ്രമുഖ സ്ഥാപനം ഒരു 'മെഡിസിറ്റി' സ്ഥാപിക്കുവാനുള്ള നിര്‍ദേശവുമായി കെ എസ് ഐ ഡി സി യെ സമീപിച്ചു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ അവര്‍ കിനാലൂര്‍ സന്ദര്‍ശിച്ച് സ്ഥലം അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടു. മെയ് 17 ന് തുടര്‍ച്ചയായി അവര്‍ വീണ്ടും സംസ്ഥാനത്തെത്തുന്നുണ്ട്. മലേഷ്യന്‍ കമ്പനി നേരത്തെ നിര്‍ദ്ദേശിച്ചതിനെക്കാള്‍ വലിയ പദ്ധതിയാണ് ഇപ്പോള്‍ വന്നിട്ടുള്ള നിര്‍ദേശം. ഇത്തരമൊരു പദ്ധതി നിലവില്‍ വരണമെങ്കില്‍ റോഡ് വികസനം അനിവാര്യമാണ്. ചര്‍ച്ചകളെല്ലാം കഴിഞ്ഞ് ഒടുവില്‍ റോഡ് സൗകര്യമില്ലെന്ന് പറഞ്ഞ് യു എ ഇ കമ്പനിയും ഒഴിഞ്ഞ് പോകാന്‍ ഇടവരരുതെന്ന് സര്‍ക്കാര്‍ കരുതുന്നു.മലേഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് ഒന്നര വര്‍ഷം മുമ്പാണ്. അന്ന് മുതലാണ് പുതിയ റോഡിനെക്കുറിച്ചുള്ള ആലോചന വന്നത്. 2008 - 2009 വര്‍ഷത്തെ ബജറ്റില്‍ 25 കോടി രൂപ ഈ റോഡ് നിര്‍മാണത്തിനായി നീക്കിവെച്ചു. റോഡ് നിര്‍മാണത്തിന്റെ ചുമതല കെ എസ് ഐ ഡി സിക്കായിരുന്നു.പുതിയ റോഡിന്റെ 'അലൈന്‍മെന്റ്' നിശ്ചയിക്കാന്‍ 'ഇന്‍കെലി'നെ (ഇന്‍ഫ്രാ സ്ട്രക്‌ച്ചേഴ്‌സ് കേരള ലിമിറ്റഡ്) ചുമതലപ്പെടുത്തി. ഇന്‍കെലാണ് 'വില്‍ബര്‍ സ്മിത്ത്' എന്ന സ്ഥാപനത്തെ കണ്‍സള്‍ട്ടന്റായി തിരഞ്ഞെടുത്തത്. ഈ സ്ഥാപനം നാല് നിര്‍ദേശങ്ങള്‍ തയ്യാറാക്കി. അവ പരിശോധിച്ച് ഏറ്റവും ചെലവ് കുറഞ്ഞതും ഏറ്റവും കുറച്ച് വീടുകളെ ബാധിക്കുന്നതുമായ നിര്‍ദേശം സര്‍വേ ചെയ്യാന്‍ തീരുമാനിച്ചു.ഈ റോഡിന് എത്ര മീറ്റര്‍ വീതി വേണം, എത്ര ഭൂമി വേണം എന്നെല്ലാം സര്‍വ്വേയ്ക്ക് ശേഷമേ തീരുമാനിക്കാനാകൂ. സര്‍ക്കാര്‍ പണം ചെലവഴിച്ച് നിര്‍മിക്കുന്ന റോഡായതിനാല്‍ ഇത് പൊതു റോഡാണ്. 'ബി ഒ ടി' റോഡാണെന്ന ദുഷ്പ്രചരണം നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. 100 മീറ്റര്‍ വീതിയുള്ള റോഡ് എന്നതും വസ്തുതാ വിരുദ്ധമാണ്.സര്‍വേ നടത്തുന്നതിന് മുമ്പ് ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജനപ്രതിനിധികളുടെയും യോഗം കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്തു. വ്യവസായ വകുപ്പു മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോഴിക്കോട് എം പി, എം എല്‍ എ മാര്‍ ജില്ലാ കലക്ടര്‍ എന്നിവരും റോഡിനെതിരെ രൂപംകൊണ്ട സോളിഡാരിറ്റി നേതൃത്വം നല്‍കുന്ന ജനജാഗ്രതാ സമിതി ഭാരവാഹികളും പങ്കെടുത്തിരുന്നു. വിശദമായ ചര്‍ച്ചയ്ക്കു ശേഷം റോഡ് സര്‍വേ നടത്താന്‍ തീരുമാനിച്ചു.സര്‍വേ നടത്താന്‍ ചെന്ന ഉദ്യോഗസ്ഥന്മാരെ സോളിഡാരിറ്റി നേതൃത്വം നല്‍കുന്ന സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്നു ജില്ലാ കലക്ടര്‍, വിവിധ തലങ്ങളില്‍ പത്ത് യോഗങ്ങള്‍ നടത്തി. കക്കോടി, ചേളന്നൂര്‍, നന്‍മണ്ട, കാക്കൂര്‍, ഉണ്ണികുളം, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ബാലുശ്ശേരി, കൊടുവള്ളി മണ്ഡലം എം എല്‍ എ മാരും റോഡ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാരിനോടഭ്യര്‍ഥിച്ചു. പനങ്ങാട് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വട്ടോളി ബസാറില്‍ വലിയ ബഹുജനറാലി സംഘടിപ്പിച്ച്, വികസന പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. റോഡ് വികസനവുമായി മുന്നോട്ടു പോകണമെന്നഭ്യര്‍ഥിച്ച് സര്‍ക്കാരിന് നിവേദനം നല്‍കി.ഈ സാഹചര്യത്തില്‍ റോഡ് വികസനത്തിന്റെ സര്‍വ്വേ ആരംഭിക്കുവാന്‍ കെ എസ് ഐ ഡി സി തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ വട്ടോളി ബസാര്‍ മുതല്‍ കിനാലൂര്‍ വ്യവസായ പാര്‍ക്കു വരെയുള്ള ഭാഗം സര്‍വേ നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. വട്ടോളി ബസാര്‍ മുതല്‍ കിനാലൂര്‍ വ്യവസായ പാര്‍ക്ക് വരെയുള്ള നിലവിലുള്ള റോഡ് നേരത്തെ കെ എസ് ഐ ഡി സി നിര്‍മ്മിച്ചതാണ്. അത് വീതി കൂട്ടാന്‍ 82 ഭൂ ഉടമകളുടെ ഭൂമിയാണ് എടുക്കേണ്ടത്. സ്ഥല ഉടമകളുടെ യോഗം ജില്ലാ കലക്ടര്‍ പനങ്ങാട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ വിളിച്ചു ചേര്‍ത്തു. സ്ഥലമെടുപ്പിന് താഴെപറയുന്ന പാക്കേജ് കലക്ടര്‍ ഭൂ ഉടമകളെ അറിയിച്ചു.1. വിട്ടു നല്‍കേണ്ടി വരുന്ന ഭൂമിക്ക് ന്യായമായ വില നല്‍കും2. വീട് നഷ്ടപ്പെടുന്നവര്‍ക്ക്, നഷ്ടപരിഹാരത്തിന് പുറമെ, റോഡ് സൈഡില്‍ 5 സെന്റ് ഭൂമി സൗജന്യമായി നല്‍കും3. വീടും ഭൂമിയും വിട്ടു നല്‍കുന്നവരുടെ കുടുംബത്തില്‍ നിന്ന് ഓരോരുത്തര്‍ക്ക്, കിനാലൂരില്‍വരുന്ന വ്യവസായങ്ങളില്‍ അനുയോജ്യമായ ജോലി നല്‍കും.4. ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് അവശേഷിക്കുന്ന ഭൂമിയില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമാണെങ്കില്‍ ചട്ടങ്ങളില്‍ ഇളവു നല്‍കുംഈ പാക്കേജ് ഭൂരിപക്ഷം ഭൂ ഉടമകളും അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് മെയ് 6 ന് സര്‍വേ നടത്താന്‍ തീരുമാനിച്ചത്.സര്‍വേ നടത്തുന്ന ദിവസം 46 വീടുകള്‍ക്ക് മുമ്പില്‍ സര്‍വ്വേ നടപടി സ്വാഗതം ചെയ്ത്‌കൊണ്ട് സ്ഥലമുടമകള്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കിനാലൂരിലെ ബഹുഭൂരിപക്ഷം ജനങ്ങളും വികസന പദ്ധതിക്കനുകൂലമായിരുന്നു. സര്‍വ്വേ ഉദ്യോഗസ്ഥന്മാരെ സഹായിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വലിയൊരു ജനക്കൂട്ടം സന്നിഹിതരായിരുന്നു. കാലത്ത് 9.30 ന് സര്‍വ്വേ ആരംഭിച്ചു. അല്‍പ്പസമയം കഴിഞ്ഞാണ് ഒരു സംഘം ആളുകള്‍ സംഘടിച്ചെത്തി സര്‍വ്വേ തടയാന്‍ ശ്രമിച്ചത്. അവരില്‍ ബഹുഭൂരിഭാഗവും ആ പ്രദേശത്തുകാര്‍ ആയിരുന്നില്ല. സോളിഡാരിറ്റി പ്രവര്‍ത്തകര്‍, പല ഭാഗത്തുനിന്നായി സംഘടിപ്പിച്ചെത്തിച്ചതായിരുന്നു സമരക്കാരെ. യു ഡി എഫ്, ബി ജെ പി, എസ് ഡി പി ഐ എന്നീ സംഘടനകളുടെ ഏതാനും പ്രവര്‍ത്തകരും ഉണ്ടായിരുന്നു. സമരക്കാരില്‍ ഏതാനും സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു.സ്ത്രീകളെയും കുട്ടികളെയും മുന്നില്‍ നിര്‍ത്തി പിന്നില്‍ നിന്ന് പൊലീസിനു നേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. എറിയാനുള്ള കല്ലും വടിയും മുന്‍കൂട്ടി ശേഖരിച്ചിരുന്നു. കുടിവെള്ളം ശേഖരിച്ചുവെച്ചതാണെന്ന് തോന്നുംവിധം രണ്ടു ബക്കറ്റുകള്‍ കടലാസുകൊണ്ട് മൂടി സമരക്കാര്‍ക്ക് മുന്നിലുണ്ടായിരുന്നു. പ്രസ്തുത ബക്കറ്റില്‍ ചാണകം കലക്കിയതായിരുന്നു. സമരക്കാര്‍ ചാണകവെള്ളം പൊലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും ദേഹത്ത് കോരി ഒഴിച്ചു. സംസ്ഥാനത്ത് ഇന്നുവരെ നടന്ന ഒരു സമരത്തിലും കേള്‍ക്കാത്ത സമരമുറയാണ് അവിടെ കണ്ടത്. സ്ത്രീകളെയും കുട്ടികളെയും കവചങ്ങളാക്കി അക്രമം നടത്തുന്ന തീവ്രവാദികളുടെ സമരരീതിയാണ് കിനാലൂരില്‍ കണ്ടത്. വ്യക്തമായ ആസൂത്രണം ഈ അക്രമത്തിനു പിന്നിലുണ്ടായിരുന്നു എന്ന് വ്യക്തമാണ്.സമരക്കാരുടെ കല്ലേറില്‍ ഡി വൈ എസ് പി ഉള്‍പ്പെടെ 22 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇക്കൂട്ടത്തില്‍ വനിതാ പൊലീസുകാരും ഉള്‍പ്പെടും. സ്ത്രീകള്‍ക്ക് നേരെ അക്രമമെന്ന് മുറവിളികൂട്ടുന്നവര്‍ ഇതൊന്നും കണ്ടില്ല. താമരശ്ശേരി ഡി വൈ എസ് പി ശ്രീ കുബേരന്‍ നമ്പൂതിരിയുടെ തലയ്ക്ക് മാരകമായ മുറിവേറ്റു. എട്ട് പൊലീസുകാരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. സമരക്കാരില്‍ രണ്ട് പേര്‍ മാത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. സംഭവത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റതെന്ന് ഇതില്‍ നിന്ന് വ്യക്തമാണല്ലോ?ആത്മരക്ഷാര്‍ഥമാണ് പൊലീസ് സമരക്കാരെ നേരിട്ടത്. കല്ലെറിഞ്ഞ സംഘം ഉടന്‍ സ്ഥലംവിട്ടു. ബാക്കിയുള്ളവരെ പൊലീസ് നീക്കം ചെയ്തു. സര്‍വേ നടപടികള്‍ തുടര്‍ന്നു. തുടര്‍ന്നും അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍ ഉച്ചയ്ക്ക് രണ്ടര കിലോ മീറ്റര്‍ സര്‍വേ പൂര്‍ത്തിയായ ശേഷം നിര്‍ത്തിവെച്ചു.ഒരു വികസന പദ്ധതിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ, സോളിഡാരിറ്റി ആസൂത്രണം ചെയ്തതാണ് ഈ അക്രമം. അവര്‍ക്ക് മറ്റ് ചില തീവ്രവാദ സംഘടനകളുടെ പിന്‍ബലവും കിട്ടിയിരിക്കാന്‍ സാധ്യതയുണ്ട്. വിവിധ തലത്തില്‍ കൂടിയാലോചിച്ചും ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചും സ്ഥലമുടമകളെ ബോധ്യപ്പെടുത്തിയും നടത്തിയ സര്‍വേ എന്തിന് തടസപ്പെടുത്തി എന്ന് യു ഡി എഫ് നേതാക്കള്‍ ആലോചിക്കണം. ഈ പ്രവണതയ്ക്ക് വളം വച്ച് കൊടുത്താല്‍, നാട്ടില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ പറ്റാത്ത അവസ്ഥ വരും. ഇപ്പോള്‍ നാം ഉപയോഗിക്കുന്ന റോഡുകളെല്ലാം ഇപ്രകാരം സ്ഥലമുടമകളില്‍ നിന്നും പല സന്ദര്‍ഭങ്ങളിലായി, നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുത്തതാണെന്ന കാര്യം മറക്കരുത്.കിനാലൂര്‍ എസ്റ്റേറ്റ് വരെ വീതി കൂടിയ റോഡ് പണി തീര്‍ന്നാല്‍ നിലവിലുള്ള വ്യവസായ എസ്റ്റേറ്റ് വികസിപ്പിക്കാനാകും. പുതിയ സംരംഭകരെ കൊണ്ടുവരാന്‍ സാധിക്കും. ആ സാധ്യതകൂടി കണക്കിലെടുത്ത്, കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റിലെ ബാക്കി ഭൂമികൂടി (ഏകദേശം 1800 ഏക്കര്‍) ഏറ്റെടുക്കുന്നതിനുള്ള നടപടി കൈക്കൊള്ളാന്‍ ഞാന്‍ കെ എസ് ഐ ഡി സിക്ക് നിര്‍ദേശം നല്‍കി. ഏപ്രില്‍ 28 നാണ് ഈ നിര്‍ദേശം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ കെ എസ് ഐ ഡി സി പ്രസ്തുത ഭൂമിയുടെ വിശദാംശങ്ങള്‍ ശേഖരിച്ച്, ഏറ്റെടുക്കാനുള്ള നിര്‍ദേശം തയ്യാറാക്കുകയാണ്.കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റിന്റെ വക കിനാലൂര്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമെന്ന നിലയില്‍ നല്‍കിയ ഭൂമി ഒഴികെയുള്ള 1800 ഏക്കര്‍ ഭൂമിയാണ് മാനേജ്‌മെന്റ് പലര്‍ക്കായി മുറിച്ച് വില്‍പ്പന നടത്തിയത്. പല വന്‍കിട പ്രമാണിമാരും ഇവിടെ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. അവരെ സഹായിക്കാനാണ് പുതിയ നാലുവരി പാത എന്ന് ആക്ഷേപിച്ചവര്‍ സര്‍ക്കാരിന്റെ പുതിയ നടപടി വന്നപ്പോള്‍ ഉത്തരം മുട്ടി നില്‍ക്കുകയാണ്. വികസന വിരുദ്ധ സമരക്കാരുടെ എല്ലാ ആരോപണങ്ങളും ഇപ്പോള്‍ കാറ്റില്‍ പറന്നിരിക്കുകയാണ്. റോഡിനെ എതിര്‍ക്കുന്നവര്‍ക്ക് ഒരു ന്യായവും ഇനി പറയാനില്ല. എന്നിട്ടും റോഡിനെ എതിര്‍ക്കുന്നത് ഒരാള്‍ക്കും ന്യായീകരിക്കാനാവില്ല.മെയ് ആറിന്റെ സംഭവത്തിനു ശേഷം യു ഡി എഫ് നേതാക്കളും ചില അരാജക പരിസ്ഥിതിവാദികളും കിനാലൂര്‍ സന്ദര്‍ശിച്ച് സര്‍ക്കാരിനും എനിക്കുമെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. ചില മാധ്യമങ്ങളും ഈ നുണപ്രചരണങ്ങള്‍ ഏറ്റുപിടിക്കുന്നു. ജനുവരി 7 ന് ബാലുശ്ശേരിയില്‍ നടന്ന എല്‍ ഡി എഫ് റാലിയുടെ വേദിയില്‍ 51 സ്ഥലമുടമകള്‍ ഒന്നിച്ചുവന്ന് സമ്മതപത്രം ഏല്‍പ്പിക്കുകയുണ്ടായി. പനങ്ങാട് പഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും കക്ഷി ഭേദമന്യേ റോഡ് വികസനത്തെ പരസ്യമായി അനുകൂലിക്കുന്നു. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിട്ടും ജോലിക്കുവേണ്ടി നാടുവിട്ടു പോകേണ്ടിവരുന്ന തങ്ങളുടെ മക്കള്‍ക്ക്, വീട്ടുമുറ്റത്തുതന്നെ ഒരു ജോലി കിട്ടുന്ന പദ്ധതികളെ തകര്‍ക്കുന്ന വികസന വിരുദ്ധരുടെ നിലപാടില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്.
janayugam

Monday, May 10, 2010

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി ചെറുക്കണം

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ശക്തമായി ചെറുക്കണം.


തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു എന്ന വാര്‍ത്ത ഞെട്ടലോടുകൂടിയാണു ഗള്‍ഫ് മലയാളികള്‍ കേട്ടത്. അന്താരാഷ്ട്ര ടെര്‍മിനല്‍വഴി വിദേശത്തുപോകുകയും വിദേശത്തുനിന്ന് വരുകയും ചെയ്യുന്ന യാത്രക്കാരില്‍നിന്ന് 775 രൂപ വീതം ഈടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഭ്യന്തര യാത്രക്കാര്‍ക്ക് ഫിസില്ല.
സാമ്പത്തിക പ്രതിസന്ധിയും മറ്റുപലതരത്തിലുള്ള പ്രയാസങളും അനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ് യുസേഴ്സ് ഫീ കൊണ്ടുവരുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത് . പ്രവാസികളുടെ നിരവധികാലത്തെ പരിശ്രമം കൊണ്ടാണു കോഴിക്കോട്ടെയും നെടുമ്പശ്ശേരിയിലെയും യുസേഴ്സ് ഫീ എടുത്ത് കളഞ്ഞത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഗള്‍ഫ് മലയാളികള്‍ ഒന്നടക്കം രംഗത്ത് വരണം‍
തിരുനന്തപുരത്തെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനംചെയ്യുന്ന ദിവസം മുതല്‍ ഇത് പ്രാബല്യത്തിലാകുമെന്നാണു സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് 289 കോടിരൂപ ചെലവുവരുമെന്ന് എയര്‍പോര്‍ട്ട് വികസന അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്.ഇന്ത്യാമഹാരാജ്യത്ത് കോടീക്കണക്കിന്ന് രൂപയുടെ നികുതിവെട്ടിപ്പും ധൂര്‍ത്തുമാണു ദിവസവും നടക്കുന്നത്,എന്നിട്ടാണു ലക്ഷക്കണക്കിന്ന് പാവപ്പെട്ട മലയാളികള്‍ ഉപജീവനത്തിന്ന് ജോലിത്തേടി പോകാന്‍ ഉപയോഗിക്കുന്ന ഈ വിമാനത്താവളത്തില്‍ യുസേഴ്സ് ഫീ ഏര്‍പ്പെടുത്തി അവരുടെ കഞ്ഞികുടി മുട്ടിക്കാന്‍ ശ്രമിക്കുന്നത്.കേരളം ഒറ്റക്കെട്ടായി ഈ അനീതിക്കെതിരെ മുന്നോട്ട് വരണം
ഗള്‍ഫ് മലയാളികളുടെ 35^40 വര്‍ഷത്തെ അധ്വാനം കൊണ്ട് കേരളത്തിന്റെ ‍ സാമ്പത്തിക ,സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച വളരെ വലുതാണ്.ഇതൊക്കെ മറന്ന് രാജ്യത്തിന്റെ സാമൂഹ്യ-സാമ്പത്തിക പുരോഗതിക്കും സ്വന്തം കുടുംബം അല്ലലില്ലാതെ കഴിയുന്നതിന്നും പൊരിവെയിലത്തും അതിശൈത്യത്തിലും മറ്റ് പ്രതികൂല കാലാവസ്ഥയിലും വളരെ പ്രയാസപ്പെട്ട് പണിയെടുക്കുന്നവരെ പിഴിഞ്ഞ് പണം സമ്പാദിച്ച് എയര്‍പോര്‍ട്ടിന്ന് പുതിയ ടെര്‍മിനലുണ്ടാക്കിയ പണം വസൂലാക്കാമെന്ന് ആശയം ഏത് തലതിരിഞ്ഞ ഭരണാധികാരിയുടെ തലയില്‍ ഉദിച്ചതായാലും അംഗികരിച്ച് കൊടുക്കാന്‍ തയ്യാറാകില്ലായെന്ന് ഗള്‍ഫ് മലയാളികളും അവരുടെ കുടുംബങളും ഒന്നടക്കം പ്രഖാപിക്കണം.

കിനാലൂരിലെ സംഭവങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം.തിവ്രവാദികളെ സഹായിക്കാനും വികസനത്തെ തുരങ്കവെക്കാനുമുള്ള മാധ്യമ-യുഡിഫ്ശ്രമം തകര്‍ക്കണം.

കിനാലൂരിലെ സംഭവങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം.തിവ്രവാദികളെ സഹായിക്കാനും വികസനത്തെ തുരങ്കവെക്കാനുമുള്ള മാധ്യമ-യുഡിഫ്ശ്രമം തകര്‍ക്കണം.

കിനാലൂരിലെ സംഭവങള്‍ കേരള ജനത വളരെ ഗൗരവമായി കാണണം. തീവ്രവാദികളെയും സാമൂഹ്യവിരുദ്ധരെയും കൂട്ടുപിടിച്ച് മതമൗലികവാദികളും വികസന വിരുദ്ധരും രാജ്യം നശിച്ചാലും തങളുടെ മാധ്യമം മാത്രം വളരണമെന്ന് ആഗ്രഹിക്കുന്നവരും കൂടി രാജ്യദ്രോഹപരമായ പ്രവര്‍ത്തനം നടത്തുമ്പോള്‍ അതിന്ന് അനുകൂലമായ നിലപാട് സ്വികരിച്ച് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള യു ഡി എഫ് ശ്രമം അപകടകരമാണൂ.കോണ്‍ഗ്രസ്സും ത്രിണമുല്‍ കോണ്‍ഗ്രസ്സും ഇടതുപക്ഷ സര്‍ക്കാറിനെ ക്ഷീണിപ്പിക്കാനും വ്യവസായങള്‍ വരുന്നത് തടയാനും വേണ്ടി പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകളെ കൂട്ടുപിടിച്ച് കളിച്ച കളിയാണു‍‍ മാവോയിസ്റ്റുകളെ ശക്തിപ്പെടുത്തിയതും രാജ്യത്തിന്നുതന്നെ വന്‍ ഭീഷണിയായിത്തിരാന്‍ ഇടയാക്കിയതും. ഇതൊന്നും മറക്കരുത്.തിവ്രവാദികള്‍ കാലുറപ്പിക്കാന്‍ ശ്രമിക്കുന്ന കേരളത്തില്‍ തീവ്രവാദികളെ സഹായിക്കുന്ന തരത്തില്‍ യു ഡി എഫ് എടുക്കുന്ന നിലപാട് ഈ രാജ്യത്തെ അത്യന്തം ഗുരുതരമായ അവസ്ഥയിലേക്കാണു എത്തിക്കുകഎല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്ത കുറ്റമെന്താണു? എല്‍ ഡിഎഫ് സര്‍ക്കാര്‍ കോഴിക്കോട് ജില്ലയിലെ ബാലുശേരിക്കടുത്ത കിനാലൂരില്‍ കേരള ചെറുകിട വ്യവസായ വികസന കോര്‍പറേഷന്റെ കൈവശമുള്ള സ്ഥലത്ത് ഒരു വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചത് വലിയ കുറ്റമാണോ?
1995ല്‍ കേന്ദ്രസര്‍ക്കാരിന്റെ ഫണ്ടുപയോഗിച്ച് വാങ്ങിയതാണ് ഭൂമി. 15 വര്‍ഷമായി ഭൂമി വിനിയോഗിക്കപ്പെട്ടിട്ടില്ല.
30 ഏക്കര്‍ പി ടി ഉഷാ സ്കൂളിന് നല്‍കി. ബാക്കി സ്ഥലത്ത് മലേഷ്യന്‍ കമ്പനിയുമായി യോജിച്ച് വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ ധാരണയായി.
ബഹുരാഷ്ട്ര കുത്തകയെ സഹായിക്കുന്നുവെന്നായിരുന്നു അന്നത്തെ ആരോപണം. ആഗോള സാമ്പത്തികമാന്ദ്യം കാരണമാണെന്നു പറയുന്നു മലേഷ്യക്കാര്‍ പിറകോട്ടുപോയി.
എങ്കിലും വ്യവസായസംരംഭം വഴിമുട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അനുവദിച്ചില്ല. ചെറുകിട വ്യവസായികള്‍ സന്നദ്ധതയോടെ രംഗത്തെത്തി. മുപ്പതിലധികം ചെരിപ്പ് വ്യവസായ യൂണിറ്റുകള്‍ അവിടെ അനുവദിക്കാന്‍ തീരുമാനിച്ചു. 5000 പേര്‍ക്ക് ഇതുമൂലം തൊഴില്‍ ലഭിക്കും. കൂടുതല്‍ വ്യവസായികളെ ഇനിയും ആകര്‍ഷിക്കാന്‍ കഴിയും. അതിനുള്ള പശ്ചാത്തലസൌകര്യം ഒരുക്കണം.
അതിനാണ് ജനങ്ങളുടെ സഹകരണത്തോടെ ശ്രമിച്ചുവരുന്നത്. കോഴിക്കോട്ടുനിന്ന് കിനാലൂര്‍വരെ 28 കിലോമീറ്റര്‍ നാലുവരിപ്പാത നിര്‍മിക്കണം. 20 മീറ്ററാണ് പാതയുടെ വീതി. ഇതിന് കുറച്ച് സ്ഥലം വേണം. പ്രാഥമിക സര്‍വേ നടന്നാലേ വ്യക്തമായ ചിത്രം ലഭിക്കൂ.
കോഴിക്കോട് കലക്ടര്‍ മുന്‍കൈയെടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. വ്യവസായമന്ത്രി പങ്കെടുത്തു. രാഷ്ട്രീയപാര്‍ടികളുടെ പ്രതിനിധികളെ വിളിച്ചുചേര്‍ത്തു. കോഗ്രസിനുവേണ്ടി സ്ഥലം എംപി എം കെ രാഘവന്‍ പങ്കെടുത്തു. റോഡ് പണിയാന്‍ ധാരണയായി. റോഡിനുവേണ്ടി സ്ഥലം എടുക്കുമ്പോള്‍ ന്യായമായ വില ഉടമയ്ക്ക് നല്‍കുമെന്ന് ഉറപ്പുനല്‍കി. വീട് നഷ്ടപ്പെടുന്നവര്‍ക്ക് വീടുവയ്ക്കാനുള്ള സ്ഥലം സൌജന്യമായി നല്‍കുമെന്നും അവരെ ബോധ്യപ്പെടുത്തി.
വീടും ഭൂമിയും വിട്ടുനല്‍കുന്നവര്‍ക്ക് ന്യായവിലയ്ക്കുപുറമെ വ്യവസായത്തില്‍ അനുയോജ്യമായ ജോലിയും ഉറപ്പുവരുത്തി. സ്ഥലം ഉടമകളില്‍ ബഹുഭൂരിപക്ഷംപേരും സ്ഥലം പൂര്‍ണമനസ്സോടെ വിട്ടുകൊടുക്കാന്‍ തയ്യാറായി. മാത്രമല്ല, വ്യവസായ പാര്‍ക്കിന് സ്വാഗതമോതിക്കൊണ്ട് വീടിനുമുമ്പില്‍ ബോര്‍ഡുവച്ചു.
11 തവണ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചാണ് ധാരണയുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് റോഡിന് സ്ഥലം സര്‍വേ ചെയ്യാന്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ സര്‍വേ ഉദ്യോഗസ്ഥരും റവന്യൂ അധികാരികളും സ്ഥലത്തെത്തിയത്. ഉദ്യോഗസ്ഥരെ തടയുന്നതിനും അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ബാധ്യതപ്പെട്ട പൊലീസ് മേധാവികളെ ക്രൂരമായി ആക്രമിക്കാനും ഒരു സംഘം ഗൂഢാലോചന നടത്തി.
ഉപരോധം സൃഷ്ടിക്കാന്‍ സ്ത്രീകളെയും കുട്ടികളെയും മുമ്പില്‍ നിര്‍ത്തി. ഇതാണ് നന്ദിഗ്രാമിലും ചെയ്തത്. കോഗ്രസ്, മുസ്ളിംലീഗ്, സോളിഡാരിറ്റി (ജമാ അത്തെ ഇസ്ളാമിയുടെ പോഷകസംഘടന) എസ്ഡിപിഐ തുടങ്ങിയ പാര്‍ടികളുടെയും സംഘടനകളുടെയും ഏതാനും പ്രവര്‍ത്തകരാണ് രംഗത്തുവന്നത്.
വലത്-ഇടത് തീവ്രവാദികള്‍ തികഞ്ഞ യോജിപ്പോടെയാണ് വ്യവസായസംരംഭം തടയാന്‍ ഒരുങ്ങി പുറപ്പെട്ടത്. ഭീകരപ്രവര്‍ത്തന പാരമ്പര്യമുള്ള ചില ഗ്രൂപ്പുകള്‍ക്കും പങ്കാളത്തമുണ്ടെന്ന് വിവരമുണ്ട്. ചാണകം കലക്കിയ വെള്ളത്തില്‍ ചൂലുമുക്കി പൊലീസിനെ അടിക്കുന്ന സമരമുറ മുമ്പ് കേട്ടുകേള്‍വിയില്ലാത്തതാണെങ്കിലും അതും പ്രയോഗിച്ചു. ചാണകം വാരി പൊലീസിനുനേരെ എറിഞ്ഞു.
പിന്നെ കല്ലേറാണുണ്ടായത്. കല്ല് മുന്‍കൂട്ടി ശേഖരിച്ചുവച്ചിരുന്നു. മാതൃഭൂമി ലേഖകന്‍ സംഭവത്തെപ്പറ്റി എഴുതിയതിങ്ങനെയാണ്: "സമരക്കരെ അറസ്റ്റുചെയ്ത് നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രകടനമായെത്തിയ സമരക്കാര്‍ റോഡില്‍ കുത്തിയിരുന്ന് സര്‍വെ തടഞ്ഞു. തുടര്‍ന്ന് പൊലീസ് ഇവരോട് അറസ്റ്റുവരിക്കാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസിനെതിരെ ചാണകമേറുണ്ടായി.
അതോടെ ബലംപ്രയോഗിച്ച് അറസ്റ്റുചെയ്ത് നീക്കാന്‍ പൊലീസ് ശ്രമിച്ചു. പ്രകോപിതരായ സമരക്കാര്‍ പ്രതിരോധിച്ചുനിന്നു. ഏറെ നേരം ഉന്തുംതള്ളുമുണ്ടായി. അതിനിടെയാണ് പൊലീസിനെതിരെ കല്ലേറ് വന്നത്. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ശക്തമായ കല്ലേറാണുണ്ടായത്. ഇതില്‍ ഡിവൈഎസ്പിയടക്കം 25 പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റതോടെ മുന്നില്‍ കണ്ടവരെയെല്ലാം അവര്‍ ക്രൂരമായി മര്‍ദിച്ചു''. ഈ റിപ്പോര്‍ട്ട് വായിക്കുന്ന ഏതൊരാള്‍ക്കും പൊലീസ് അസാമാന്യമായ സംയമനംപാലിച്ചെന്നു വ്യക്തമാകും.
കല്ലേറില്‍ പരിക്കേറ്റ 44 പൊലീസുകാരെ ആശുപത്രിയിലെത്തിച്ചു എന്നാണ് മറ്റൊരു പത്രം റിപ്പോര്‍ട്ട് ചെയ്തത്. യഥാര്‍ഥത്തില്‍ അവിടെ നടന്നത് നിയമപാലകരായ പൊലീസിനു നേരെയുള്ള യുദ്ധമായിരുന്നു. പൊലീസ് ആത്മരക്ഷാര്‍ഥമായാണ് ചെറിയതോതില്‍ ബലപ്രയോഗം നടത്തിയതെന്ന് വ്യക്തം.
കേരളം ആര് ഭരിച്ചാലും ഇവിടെ വ്യവസായം വേണം. അത് തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹമാണ്. സാമൂഹ്യദ്രോഹമാണ്. അത് മനസ്സിലാക്കി സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്തണം. അതിന് യുവാക്കള്‍ മുന്‍കൈയെടുക്കണം. കിനാലൂരില്‍ സര്‍വേ തടഞ്ഞവരെ രംഗത്തുനിന്നുമാറ്റി അഞ്ചു കിലോമീറ്റര്‍ സര്‍വേ പൂര്‍ത്തിയാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്.
സര്‍വേ തുടങ്ങണം. വ്യവസായ പാര്‍ക്ക് വരണം. പൊലീസിനെ നിര്‍വീര്യമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. കേന്ദ്രത്തില്‍ ഭരണം നടത്തുന്ന കോഗ്രസും ഇത്തരം വികസനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് അവര്‍ക്ക് ദോഷമായി ഭവിക്കുമെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കേരളത്തിലെ വ്യവസായസംരംഭങ്ങളെ തടയാന്‍ ആരെയും അനുവദിച്ചുകൂടാ.തിവ്രവാദികളെ മാത്രമല്ല അവരെ സഹായിക്കുന്നവരേയും കേരള ജനത വെച്ചു പൊറുപ്പിക്കില്ല..

Wednesday, May 5, 2010

മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയും എല്‍ഡിഎഫ് സര്‍ക്കാരും

മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയും എല്‍ഡിഎഫ് സര്‍ക്കാരും
മലബാറിന്റെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ ഇപ്പോള്‍ സജീവ ചര്‍ച്ചാവിഷയമാണ്. പത്താംതരം പാസായ മലബാര്‍ മേഖലയിലെ കുട്ടികള്‍ക്ക് ഉപരിപഠനത്തിന് വേണ്ടത്ര ഹയര്‍സെക്കന്‍ഡറി സീറ്റുകളില്ലെന്ന പരാതിയാണ് ഉയരുന്നത്. ഉപരിപഠനത്തിന്റെ കാര്യം പറയുമ്പോള്‍ മലബാറിലെ കുട്ടികള്‍ക്ക് എന്ന് മൊത്തത്തില്‍ പറയാതെ മുസ്ളിം കുട്ടികള്‍ക്ക് എന്നു മാത്രമായി ചുരുക്കാനും പിന്നോക്കാവസ്ഥ പരിഹരിക്കണം എന്ന ആവശ്യത്തിനു പകരം മുസ്ളിം സമുദായത്തോടുള്ള അവഗണന അവസാനിപ്പിക്കണം എന്ന ദിശയിലേക്ക് പ്രചാരണം മാറ്റാനുമുള്ള ആസൂത്രിതമായ ശ്രമവും ചില കേന്ദ്രങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷമായി പത്താംതരം പരീക്ഷയില്‍ മികച്ച വിജയമാണുണ്ടാവുന്നത്. 2006ല്‍ 68 ശതമാനം മാത്രമായിരുന്നു എസ്എസ്എല്‍സി വിജയം. 2007ല്‍ 82, 2008ല്‍ 92, 2009ല്‍ 91.92, 2010ല്‍ 90.72 എന്നിങ്ങനെ വിജയശതമാനം വര്‍ധിക്കുകയും അതു 90 ശതമാനത്തിനു മുകളില്‍ സ്ഥിരത കൈവരിക്കുകയും ചെയ്തിരിക്കുന്നു. പൊതുവിദ്യാഭ്യാസ ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഗുണഫലമാണിത്. പത്താംതരം പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണെങ്കില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതി വിജയിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ജയിക്കുന്ന കുട്ടികള്‍ മുഴുവന്‍ ഉപരിപഠനത്തിന് ചേരുന്നുവെന്ന് സങ്കല്‍പ്പിച്ചാല്‍ തൃശൂരിനു വടക്കോട്ടുള്ള ജില്ലകളില്‍ 31615 സീറ്റുകളുടെ കുറവുണ്ട്. ഇതു പരിഹരിക്കപ്പെടണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. മലബാറിന്റെയും ആ മേഖലയിലെ പ്രമുഖ സമുദായമായ മുസ്ളിങ്ങളുടെയും പിന്നോക്കാവസ്ഥയും പ്രയാസങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നതും അത്തരം പ്രശ്നങ്ങള്‍ക്ക് മുഖ്യപരിഗണന ലഭിക്കുന്നതും ഇടതുപക്ഷ ഭരണത്തിലാണെന്നതു ശ്രദ്ധേയമാണ്. മലബാറുകാരും വിശിഷ്യാ മുസ്ളിംലീഗുകാരുമായ സി എച്ച് മുഹമ്മദ്കോയ, ചാക്കീരി അഹമ്മദ്കുട്ടി, നാലകത്ത് സൂപ്പി, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ മന്ത്രിമാരാണ് കേരളത്തിലെ വിദ്യാഭ്യാസവകുപ്പ് പതിറ്റാണ്ടുകളോളം കൈകാര്യം ചെയ്തിരുന്നത്. അക്കാലത്തൊന്നും മുസ്ളിം സംഘടനകള്‍ക്ക് ഉണ്ടായിട്ടില്ലാത്ത അവകാശബോധവും സമരോത്സുകതയും ഇടതുഭരണത്തിന്‍ കീഴില്‍ ഉണ്ടാവുന്നുവെന്നത് ശ്രദ്ധേയമാണ്. പ്രത്യക്ഷത്തില്‍ അത് ഇടതുപ്രസ്ഥാനങ്ങളോടുള്ള എതിര്‍പ്പായി തോന്നാമെങ്കിലും കുറച്ചുകൂടി അകത്തേക്ക് കടന്നു ചിന്തിച്ചാല്‍ സ്ഥിതി മറിച്ചാണ്. അധഃസ്ഥിതരുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും അവകാശബോധം നാമ്പെടുക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാന്നിധ്യവും പരിരക്ഷയുമുണ്ടാവുമ്പോഴാണ്. കേരളത്തിന്റെ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലത്തെ ചരിത്രം അതാണു നമ്മെ ബോധ്യപ്പെടുത്തുന്നത്. കൃഷിഭൂമിയിലുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം, ഈശ്വരാരാധനയ്ക്കുള്ള അവകാശം - ഇങ്ങനെ നിരവധി അവകാശങ്ങള്‍ നാമ്പെടുക്കുകയും വളരുകയും, പൂവണിയുകയും ചെയ്തത് കമ്യൂണിസ്റ് പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടാണ്. ‘അവകാശ സമരങ്ങള്‍’ എന്ന പദപ്രയോഗത്തിനുപോലും ഈ പ്രത്യയശാസ്ത്രവുമായി ബന്ധമുണ്ട്. പിന്നോക്ക മുസ്ളിം ജനതയുടെ അവകാശബോധം ഇപ്പോള്‍ സജീവമായത് എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള എതിര്‍പ്പുകൊണ്ടല്ല. മറിച്ച്, ഇത്തരം ആവശ്യങ്ങള്‍ പരിഗണിക്കാന്‍ ഈ സര്‍ക്കാരിനേ കഴിയൂ എന്ന ശരിയായ ധാരണയുടെ ബഹിര്‍സ്ഫുരണമാണത്. മലബാറുകാരും മുസ്ളിംലീഗുകാരുമായ വിദ്യാഭ്യാസ മന്ത്രിമാര്‍ കേരളം ഭരിച്ചപ്പോള്‍ മലബാറിലെ മുസ്ളിംകുട്ടികളുടെ ഉപരിപഠനപ്രശ്നവും അലിഗഡ് യൂണിവേഴ്സിറ്റിയുടെ ക്യാമ്പസും മറ്റും ചര്‍ച്ചാ വിഷയമായിരുന്നില്ല. കാരണം അതു ചര്‍ച്ചചെയ്തതുകൊണ്ടോ, പ്രക്ഷോഭം നടത്തിയതുകൊണ്ടോ ഒരു പ്രയോജനവുമുണ്ടാവില്ലെന്ന് മുസ്ളിം സംഘടനകള്‍ക്ക് നന്നായി അറിയാമായിരുന്നു. പിന്നോക്ക സമുദായങ്ങള്‍ക്കും പിന്നോക്ക പ്രദേശങ്ങള്‍ക്കും പരിഗണന നല്‍കാന്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കേ കഴിയൂ എന്ന ഉത്തമ ബോധ്യവും അവര്‍ക്കുണ്ട്. ഈ നിഗമനങ്ങളെ സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കൈക്കൊണ്ട നടപടികള്‍. മലബാറില്‍ പുതിയ ഹയര്‍സെക്കന്‍ഡറി, വൊക്കേണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും ബാച്ചുകളും അനുവദിക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അധികം ചിന്തിക്കേണ്ടിവന്നില്ല. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 46 പുതിയ സ്കൂളും 390 ഹയര്‍സെക്കന്‍ഡറി ബാച്ചും 100 വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ബാച്ചും അനുവദിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഇത്തരം സ്കൂളുകളില്‍ 2454 അധിക തസ്തിക അനുവദിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ യുഡിഎഫ് ആരംഭിച്ച അ എയ്ഡഡ് ബാച്ചുകള്‍ റഗുലര്‍ ബാച്ചുകളാക്കി, അവിടെ അധ്യാപകരെ നിയമിച്ചു. 26400 കുട്ടികള്‍ക്കാണ് ഈ നടപടിയിലൂടെ ഉപരിപഠന സാധ്യത തുറന്നുകിട്ടിയത്. പത്താംതരം വിജയശതമാനം വീണ്ടും ഉയര്‍ന്നപ്പോള്‍, ഇതു പോരാതെ വരുന്നുണ്ടെന്ന വസ്തുതയും ഈ സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മുസ്ളിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സച്ചാര്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഗൌരവമായി നടപ്പാക്കാനാരംഭിച്ചതും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരാണ്. പിന്നോക്ക പ്രദേശങ്ങളിലെ കോളേജുകളില്‍ പുതിയ കോഴ്സുകളും ബാച്ചുകളും ആരംഭിക്കുക, മുസ്ളിം പെകുട്ടികള്‍ക്ക് ഹോസ്റല്‍ സൌകര്യത്തോടുകൂടിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുക, മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ കുട്ടികള്‍ക്കും ഭക്ഷണം, വസ്ത്രം, പഠനോപകരണങ്ങള്‍ എന്നിവ സൌജന്യമായി ലഭ്യമാക്കുക, മുസ്ളിം പെകുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുക, മദ്രസ അധ്യാപകര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പാക്കുക, ഉര്‍ദുഭാഷാപഠനം പ്രോത്സാഹിപ്പിക്കുക, അലിഗഡ് സര്‍വകലാശാലയുടെ ക്യാമ്പസ് മലപ്പുറം ജില്ലയില്‍ ആരംഭിക്കുക - തുടങ്ങിയ പരിപാടികള്‍ക്ക് ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞു. കാസര്‍കോട് കേന്ദ്ര സര്‍വകലാശാല, കോഴിക്കോട് സിവില്‍ സര്‍വീസ് അക്കാദമികേന്ദ്രം, അറബി പഠനകേന്ദ്രം, മലപ്പുറത്ത് വനിതകള്‍ക്കുവേണ്ടി പ്രത്യേക വിദ്യാഭ്യാസ സമുച്ചയം, മഞ്ചേശ്വരത്ത് ഐഎച്ച്ആര്‍ഡിയുടെ അപ്ളൈഡ് സയന്‍സ് കോളേജ് തുടങ്ങി വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിപ്പുണ്ടാക്കാന്‍ സഹായിക്കുന്ന നിരവധി പദ്ധതികളും ഇപ്പോള്‍ പരിഗണനയിലാണ്. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലായ കോഴിക്കോട് സര്‍വകലാശാലയും മലപ്പുറം ജില്ലതന്നെയും ഇ എം എസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് യാഥാര്‍ഥ്യമായതെന്ന ചരിത്രം വിസ്മരിച്ചുകൂടാ.
സി ഉസ്മാന്‍.Deshabhimani

Monday, May 3, 2010

എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. 90.72 ശതമാനം വിജയം

എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. 90.72 ശതമാനം വിജയം


സംസ്ഥാനത്തെ എസ്.എസ്.എല്‍.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. 90.72 ശതമാനമാണ് ഇത്തവണത്തെ വിജയം. 4,08,226 പേരാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഏറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ്-96.88 ശതമാനം. പാലക്കാട് ജില്ലയിലാണ് ഏറ്റവും കുറവ് വിജയം-83.04 ശതമാനം. 5,182 പേര്‍ക്ക് എ പ്ലസ് ഗ്രേഡ് ലഭിച്ചു. 17,515 വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡ് നേടി.
പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിജയശതമാനം 80.52 ആണ്. പട്ടികവര്‍ഗ വിഭാഗത്തില്‍ 78.33 ശതമാനം. ഒ.ബി.സി.-90.70 ശതമാനം. 568 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. 107 സ്‌കൂള്‍ പദ്ധതിയില്‍ 19 സ്‌കൂളുകള്‍ നൂറ് ശതമാനം വിജയം നേടി. 54 സ്‌കൂളുകള്‍ 90 ശതമാനം വിജയം നേടി. പ്ലസ് വണ്‍ പ്രവേശനത്തിന് മെയ് 20 നകം അപേക്ഷകള്‍ നല്‍കണം. ജൂണ്‍ 30 നകം ക്ലാസുകള്‍ ആരംഭിക്കും.
സേ പരീക്ഷ മെയ് 17 നടക്കും. വിദ്യാഭ്യാസമന്ത്രി എം. എ. ബേബി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ വിജയശതമാനത്തില്‍ കുറവുണ്ടായതായി മന്ത്രി പറഞ്ഞു. പരീക്ഷാ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ് ഹനീഷ്
അടക്കമുളള ഉദ്യോഗസ്ഥരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു