Wednesday, January 16, 2008

ബുഷും മഴയും നഗരത്തിന് സമ്മാനിച്ചത് മാന്ദ്യം

ബുഷും മഴയും നഗരത്തിന് സമ്മാനിച്ചത് മാന്ദ്യം

ദുബൈ: ബുഷിന്റെ വരവ് മൂലം ദുബൈക്ക് നഷ്ടപ്പെട്ടത് 432 ദശലക്ഷം ദിര്‍ഹം. ദുബൈയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനവുമായി തട്ടിച്ചാണ് പ്രമുഖ ഇംഗ്ലീഷ് പത്രം ഈ നഷ്ട കണക്ക് നല്‍കിയത്.
പ്രധാന റോഡുകളും പാലങ്ങളും ടണലുകളും അടച്ചിട്ട അവസരം മുമ്പൊന്നും ഉണ്ടായിട്ടില്ല. എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തം നിലച്ചു കിടക്കുകയായിരുന്നു. ഒരു ദിവസത്തെ നിശ്ചലാവസ്ഥക്കു ശേഷം ഇന്നലെ മഴ കാരണം വന്ന നഷ്ടത്തിന്റെ കണക്കും വളരെ വലുതാണ്.
പല റോഡുകള്‍ക്കും ഇനി കാര്യമായ അറ്റകുറ്റ പണികള്‍ വേണ്ടി വരും. മഴവെള്ളം ഒഴുകിപ്പോകാന്‍ ആവശ്യമായ സംവിധാനം ഇല്ലാത്തതിന്റെ പ്രഹരമത്രയും ഏറ്റുവാങ്ങിയത് റോഡുകളാണ്. എമിറേറ്റ്സ് റോഡാണ് ഇതിന് ഏറ്റവും വലിയ ഇരയായത്. യാത്രക്കാര്‍ മണിക്കൂറുകളോളം റോഡില്‍ ബന്ദികളാക്കപ്പെട്ടു. ഇരു ഭാഗങ്ങളിലേക്കുള്ള വാഹന ഗതാഗതം തടയാന്‍ അധികൃതര്‍ നിര്‍ബന്ധിതവുമായി. ഇനിയും കനത്ത പേമാരി തുടര്‍ന്നാല്‍ റോഡുകളുടെ നില വീണ്ടും പരുങ്ങലിലാകുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ട്.

Monday, January 14, 2008

ഐ.എം.സി.സി. നേതാക്കള്‍ എയര്‍ ഇന്ത്യ ബഹിഷ്കരിക്കും

.എം.സി.സി. നേതാക്കള്‍ എയര്‍ ഇന്ത്യ ബഹിഷ്കരിക്കും


കുവൈത്ത്: ഗള്‍ഫ് മലയാളികളോട്, പ്രത്യേകിച്ച് കരിപ്പൂരിലേക്കുള്ള യാത്രക്കാരോട് എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് കുവൈത്ത് ഐ.എം.സി.സി. ഭാരവാഹികള്‍ എയര്‍ഇന്ത്യ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതായി ഐ.എം.സി.സി. നേതാക്കളായ എം.എ. അബ്ദുള്‍ഖാദര്‍, സത്താര്‍ കുന്നില്‍, ഇ.എല്‍. അബ്ദുല്ല, കമ്പില്‍ സലാം, ശരീഫ് താമരശ്ശേരി, ഇസ്ഹാഖ് ടി.എം., നാസര്‍ ബേക്കല്‍, നൌഷാദ് വെറ്റിലപ്പള്ളി എന്നിവര്‍ അറിയിച്ചു.കരിപ്പൂരിലേക്ക് കുവൈത്തില്‍നിന്ന് നേരിട്ടുള്ള വിമാനസര്‍വീസ് നിര്‍ത്തലാക്കിയിരിക്കുകയാണ്. വിദേശ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുമെന്ന ഉറപ്പും ലംഘിക്കപ്പെട്ടിരുന്നു. ഗള്‍ഫ് നാടുകളിലേക്ക് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ച ജെറ്റ് എയര്‍വേയ്സിന് കുവൈത്ത്_കരിപ്പൂര്‍ സര്‍വീസിന് അനുമതി നല്‍കിയില്ല.വൈകിപ്പറക്കലും, കാലഹരണപ്പെട്ടതുമായ വിമാനങ്ങള്‍ ഉപയോഗിച്ചും എയര്‍ഇന്ത്യ ക്രൂരത തുടരുകയാണ്. പ്രക്ഷോഭങ്ങളും നിവേദനങ്ങളും ജനപ്രതിനിധികളുടെ ഇടപെടലുകള്‍ ഉണ്ടായിട്ടും എയര്‍ഇന്ത്യ അവഗണന തുടരുന്ന സാഹചര്യത്തിലാണ് കരിപ്പൂര്‍പ്രശ്നത്തില്‍ ശാശ്വതപരിഹാരം കാണുന്നതുവരെ എയര്‍ഇന്ത്യയെ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതെന്ന് ഐ.എം.സി.സി. അറിയിച്ചു.കരിപ്പൂര്‍വിമാനത്താവളപ്രശ്നവുമായി ബന്ധപ്പെട്ട് കുവൈത്തില്‍ രൂപവത്കരിച്ച കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും ഐ.എം.സി.സി. നേതാക്കള്‍ അറിയിച്ചു.

ഇളംതലമുറയെ വര്‍ഗീയമായി ധ്രുവീകരിക്കരുത്_കല

ഇളംതലമുറയെ വര്‍ഗീയമായി ധ്രുവീകരിക്കരുത്_കല


കുവൈത്ത്: ക്രിസ്ത്യാനിക്കുട്ടികള്‍ ക്രിസ്തീയവിദ്യാലയങ്ങളിലേ പഠിക്കാവൂവെന്ന ഒരുവിഭാഗം വൈദികരുടെ ആഹ്വാനം ഇളംതലമുറയെ വര്‍ഗീയമായി ധ്രുവീകരിക്കുന്നതിലാണ് എത്തിച്ചേരുക എന്നതിനാല്‍ സാമൂഹിക സന്തുലിതാവസ്ഥയും ഒരുമയും തകര്‍ക്കാന്‍ മതാധ്യക്ഷന്മാര്‍ ഇടവരുത്തരുതെന്ന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (കല) ആവശ്യപ്പെട്ടു.പ്രസിഡന്റ് തോമസ് മാത്യു കടവില്‍ അധ്യക്ഷതവഹിച്ചു. ഡോ. നമ്പൂതിരി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. അനുശോചന പ്രമേയം ജോയന്റ് സെക്രട്ടറി മോഹന്‍ദാസ് വാടാനപ്പള്ളിയും അനുമോദന പ്രമേയം ജി. കോയിക്കലേത്തും അവതരിപ്പിച്ചു. ഫൈസല്‍ മഞ്ചേരി, ഷിജോ ഫിലിപ്പ്, ടി.പി. അബ്ദുല്‍അസീസ്, എബി വാരിക്കാട്, സലാം വളാഞ്ചേരി, ഗീതാ ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.സി.ബി.എസ്.ഇ. ദേശീയമീറ്റില്‍ സ്വര്‍ണമെഡല്‍ നേടിയ അഞ്ജലി ജയകുമാറിന് കലയുടെ പ്രത്യേക ഉപഹാരം നല്‍കി. കഴിഞ്ഞവര്‍ഷം സെക്കന്‍ഡറി സ്കൂള്‍ കലോത്സവത്തില്‍ കൂടിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ ദീപികാ കൃഷ്ണന്‍കുട്ടിക്കുള്ള ഉപഹാരം പിതാവ് കൃഷ്ണന്‍കുട്ടി ഏറ്റുവാങ്ങി. ജനറല്‍സെക്രട്ടറി ആര്‍. നാഗനാഥന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ കെ. വിനോദ് സാമ്പത്തികറിപ്പോര്‍ട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി പി.ആര്‍. ബാബു (പ്രസി.), ആര്‍. രമേശന്‍ (ജന. സെക്ര.), എം. നാരായണന്‍ (ട്രഷ.), ജി. കോയിക്കലേത്ത് (വൈസ് പ്രസി.), ടി.ടി. റഷീദ്, ബിനീഷ് ബാബു (ജോ.സെക്ര.) എന്നിവരെയും കണ്‍വീനര്‍മാരായി ഉണ്ണിക്കൃഷ്ണന്‍ (സാഹിത്യവിഭാഗം), സുനില്‍ വയല (കലാവിഭാഗം), ജെ. സജി (കായികവിഭാഗം), ടി.വി. ഹിക്മത് (മീഡിയ സെക്രട്ടറി) എന്നിവരെയും തിരഞ്ഞെടുത്തു. ജെ.ആല്‍ബര്‍ട്ട്, തോമസ്മാത്യു കടവില്‍, ശാന്താ ആര്‍.നായര്‍, സജിതസ്കറിയ, സജിമാത്യു, ഓര്‍ച്ച കെ.കണ്ണന്‍, പി. മാധവന്‍ എന്നിവരാണ് പുതിയ കേന്ദ്രക്കമ്മിറ്റി അംഗങ്ങള്‍. കെ. വിനോദ്, ടി.കെ. കണ്ണന്‍ എന്നിവര്‍ ഓഡിറ്റര്‍മാരായി പ്രവര്‍ത്തിക്കും.ഭാരവാഹികളെ അനുമോദിച്ച് പി.കെ. ജനാര്‍ദനന്‍, ഗീത ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആര്‍. നാഗനാഥന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ആര്‍. രമേഷ് നന്ദിയും പറഞ്ഞു.

Sunday, January 13, 2008

ബുഷിന്റെ സന്ദര്‍ശനം പാഴ്‌വേല സമാധാന ശ്രമങള്‍ക്ക് ഫലം ചെയ്യില്ലെന്ന് സര്‍വേ

ബുഷിന്റെ സന്ദര്‍ശനം പാഴ്‌വേല സമാധാന ശ്രമങള്‍ക്ക് ഫലം ചെയ്യില്ലെന്ന് സര്‍വേ

റിയാദ്: പശ്ചിമേഷ്യന്‍ സമാധാന ശ്രമങ്ങള്‍ക്ക് ശക്തിപകരാനായി അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് മേഖലയില്‍ നടത്തുന്ന പര്യടനം ഇസ്രായേല്‍^ഫലസ്തീന്‍ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് സഹായകരമാകില്ലെന്ന് അഭിപ്രായ സര്‍വേ. മേഖലയിലെ പ്രമുഖ പത്രങ്ങളിലൊന്നായ ശര്‍ഖുല്‍ ഔസത്തിന്റെ ഓണ്‍ലൈന്‍ എഡിഷനിലാണ് ഇതുസംബന്ധിച്ച് അഭിപ്രായ വോട്ടെടുപ്പ് നടന്നത്. ഇന്നലെ വരെ സര്‍വേയില്‍ പങ്കെടുത്തവരില്‍ 71 ശതമാനത്തിലധികം പേരും ബുഷിന്റെ സന്ദര്‍ശനം സമാധാന ശ്രമത്തിന് സഹായകമാകുമോയെന്ന ചോദ്യത്തോട് വിയോജിക്കുന്നവരാണ്. 17.52 ശതമാനം പേര്‍ മാത്രമാണ് സന്ദര്‍ശനം സമാധാന ശ്രമങ്ങള്‍ക്ക് സഹായകരമാണെന്ന് അഭിപ്രായം രേഖപ്പെടുത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 11.21 ശതമാനം പേര്‍ ഇതില്‍ കൃത്യമായ അഭിപ്രായം പറയാന്‍ കഴിയില്ലെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രവാസികള്‍ രംഗത്തുവരണം'

മന്ത്രിയുടെ പ്രസ്താവനക്കെതിരെ പ്രവാസികള്‍ രംഗത്തുവരണം'

കുവൈത്ത് സിറ്റി: കേരള എയര്‍ലൈന്‍സ് യാഥാര്‍ഥ്യമായാലും വിദേശ സര്‍വീസുകള്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ല എന്ന കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ പ്രസ്താവന ഗള്‍ഫുകാരുടെ യാത്രാ പ്രശ്നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ ആഗ്രഹിക്കുന്നില്ല എന്നതിന്റെ വ്യക്തമായ വെളിപ്പെടുത്തലാണെന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവുമെന്റ് അഭിപ്രായപ്പെട്ടു. രൂപവത്കരിച്ച് ഒരു വര്‍ഷം മാത്രം പഴക്കമുള്ള വിമാനക്കമ്പനിയായ ഗോള്‍ഡന്‍ ഇന്റര്‍ നാഷണല്‍ എന്ന കമ്പനിയായിരുന്നു, കുവൈത്തില്‍ നിന്നും കോഴിക്കോട്ടേക്ക് എയര്‍ഇന്ത്യക്ക് വേണ്ടി സര്‍വീസ് നടത്തിയിരുന്നത്. തുര്‍ക്കി കമ്പനിക്ക് ബാധകമാകാത്ത 'അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം' എന്ന നിയമം എങ്ങനെയാണ് കേരള എയര്‍ലൈന് മാത്രം ബാധകമാവുക എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കണം. കേരള എയര്‍ലൈന്‍സ് എന്നത് യാഥാര്‍ഥ്യമാവാതിരിക്കുക എന്നതാണ് അധികൃതരുടെ മനസിലിരിപ്പ് എന്ന് മന്ത്രിയുടെ പ്രസ്താവനയിലൂടെ പുറത്തായിരിക്കുകയാണ്. ഇതിനെതിരെ എല്ലാ ഗള്‍ഫുകാരും സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും പ്രതികരിക്കണമെന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവ്മെന്റ് ഗള്‍ഫ് മലയാളികളോട് അഭ്യര്‍ഥിച്ചു.

പ്രവാസി മലയാളികള്‍ സ്വകാര്യ എയര്‍ലൈനുകളുടെ കാരുണ്യത്തില്‍

പ്രവാസി മലയാളികള്‍ സ്വകാര്യ എയര്‍ലൈനുകളുടെ കാരുണ്യത്തില്‍

ദുബൈ: വര്‍ഷങ്ങളായി കൊണ്ടുനടന്ന 'എയര്‍ കേരളാ' പ്രതീക്ഷയും കേന്ദ്ര ഗവണ്‍മെന്റ് തല്ലിക്കൊഴിച്ചതോടെ പ്രവാസി മലയാളികള്‍ ഇനി സ്വകാര്യ വിമാനക്കമ്പനികളുടെ കാരുണ്യത്തിന്മാത്രം കൈനീട്ടേണ്ടിവരുമെന്ന് ഉറപ്പായി. വേനലവധിക്കാലത്തെ നടുവൊടിക്കുന്ന ടിക്കറ്റ് നിരക്കില്‍ നിന്ന് ആശ്വാസം തേടാനാണ് പ്രവാസി മലയാളികള്‍ സര്‍ക്കാരിനെസമീപിച്ച് 'എയര്‍ കേരളാ' വിമാനസര്‍വീസ് പദ്ധതി നമര്‍പ്പിച്ചത്. നെടുമ്പാശേãരി വിമാനത്താവളത്തിന്റെ മാതൃകയില്‍ പ്രവാസികളില്‍ നിന്നുതന്നെ ഓഹരിപിരിച്ച് കുറഞ്ഞ നിരക്കില്‍ വിമാന സര്‍വീസ് നടത്തുന്ന പദ്ധതിയായിരുന്നു ഇത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് നാമ്പിട്ട ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുമെന്ന് പിന്നീടുവന്ന ഇടതുമുന്നണി സര്‍ക്കാരും ആവര്‍ത്തിച്ചു. ഗള്‍ഫില്‍ സന്ദര്‍ശനത്തിനെത്തിയ കേന്ദ്ര^സംസ്ഥാന മന്ത്രിമാരും ഈ പ്രതീക്ഷക്ക് വളംവെക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിച്ച് മടങ്ങുകയായിരുന്നു പതിവ്.
എന്നാല്‍, കേരളം വിമാനക്കമ്പനി തുടങ്ങിയാല്‍ത്തന്നെ ഗള്‍ഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസിന് യാതൊരു കാരണവശാലും അനുമതി നല്‍കില്ലെന്ന് കേന്ദ്രം പലപ്രാവശ്യം സൂചന നല്‍കിയിരുന്നു. കഴിഞ്ഞദിവസം വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയതോടെ, വര്‍ഷങ്ങളായി കൊണ്ടുനടന്ന സ്വപ്നം പാഴാവുകയായിരുന്നു. ഇതോടെ, ദേശീയ വിമാനക്കമ്പനികളുടെ നിരക്ക് വര്‍ധനവില്‍ നിന്ന് രക്ഷനേടാന്‍ പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തും വിദേശത്തുമുള്ള സ്വകാര്യ വിമാനക്കമ്പനികളെത്തന്നെ അഭയംതേടേണ്ടി വരുമെന്ന് ഉറപ്പായി. ഇവരാകട്ടെ, ഇന്ത്യന്‍ ദേശീയ വിമാനക്കമ്പനികള്‍ ഈടാക്കുന്ന അതേ നിരക്കാണ് ഈടാക്കുന്നത്. ഫലത്തില്‍ വേനലവധിക്കാലത്തും മറ്റും ഇനിയും ഉയര്‍ന്ന നിരക്ക് നല്‍കിത്തന്നെ പ്രവാസികള്‍ യാത്ര തുടരേണ്ടിവരും.
യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് വണ്‍വേ ടിക്കറ്റിന് 6000 രൂപമുതലുള്ള ടിക്കറ്റ് നിരക്കില്‍സര്‍വീസ് നടത്തുമെന്നായിരുന്നു എയര്‍ഇന്ത്യാ എക്സ്പ്രസ് സര്‍വീസ് തുടങ്ങിയ കാലത്ത് പ്രവാസികള്‍ക്ക് ലഭിച്ച വാഗ്ദാനം. പക്ഷേ, വേനലവധി, പെരുന്നാളുകള്‍ പോലുള്ള ആഘോഷ സമയങ്ങളില്‍ ഈ നിരക്ക് പതിനേഴായിരം രൂപാവരെ ഉയര്‍ന്നു. കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിച്ച വിദേശ ബജറ്റ് എയര്‍ലൈനുകളും ഇതേ നിലപാടാണ് കൈക്കൊണ്ടത്. ഇന്ത്യയില്‍ നിന്ന് ഗള്‍ഫിലേക്ക് സര്‍വീസ് ആരംഭിച്ച ആദ്യ സ്വകാര്യ കമ്പനിയായ ജെറ്റ് എയര്‍വേയ്സും എയര്‍ ഇന്ത്യാ എക്സ്പ്രസിനോട് തുല്യമായ നിരക്കുതന്നെയാണ് ഈടാക്കുന്നത്. ഈമാസം 16ന് കൊച്ചിയില്‍ നിന്ന് ബഹ്റൈനിലേക്ക് ജെറ്റ് എയര്‍വേസ് ഇക്കോണമി ക്ലാസ് വണ്‍വേ ടിക്കറ്റിന് 8000 രൂപയും എയര്‍ ഇന്ത്യാ എക്സ്പ്രസ് 8050 രൂപയുമാണ് അടിസ്ഥാന നിരക്കായി ഈടാക്കുന്നത്. വിവിധ നികുതികളടക്കം ടിക്കറ്റ് നിരക്ക് 10800 കടക്കുകയും ചെയ്യും. താരതമ്യേന തിരക്ക് കുറഞ്ഞ സീസണിലെ നിരക്കാണിത്.
വിവിധ കരാറുകളനുസരിച്ച് ഗള്‍ഫ് റൂട്ടില്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പ്രതിവാരം 85481 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 49348 സീറ്റ് മാത്രമാണ് നിലവില്‍ ഉപയോഗപ്പെടുത്തുന്നത്. അതിനാല്‍, കൂടുതല്‍ സ്വകാര്യ വിമാന സര്‍വീസുകള്‍ക്ക് ഇനിയും അവസരങ്ങളുണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. കൂടുതല്‍ വിമാനക്കമ്പനികള്‍ രംഗത്തുവരികയും മല്‍സരം മുറുകുകയും ചെയ്യുന്നതോടെ ടിക്കറ്റ് നിരക്കില്‍ ഇടിവുണ്ടാകുമെന്ന പ്രതീക്ഷ മാത്രമാണ് പ്രവാസി മലയാളികള്‍ക്ക് ഇനി അവശേഷിക്കുന്നത്. 'തുറന്ന ആകാശ നയം' നടപ്പായാല്‍, വേനലവധിക്കാലത്ത് കൂടിയ നിരക്ക് കൊടുത്താലെങ്കിലും സീറ്റ് കിട്ടുമെന്ന പ്രതീക്ഷയും ബാക്കിയുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ മൂന്നിരട്ടിവരെ നിരക്ക് നല്‍കുന്നവര്‍ക്കുപോലും വേനലവധിക്കാലത്ത് ടിറ്റ് ലഭിക്കാറില്ല. മാത്രമല്ല, മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കലും അനിശ്ചിതമായ വൈകലും പതിവാണുതാനും.

Saturday, January 12, 2008

കേരള എയര്‍ലൈന്‍സിന് വിദേശ സര്‍വീസിനുള്ള അനുമതി കിട്ടില്ല_ മന്ത്രി പട്ടേല്‍

കേരള എയര്‍ലൈന്‍സിന് വിദേശ സര്‍വീസിനുള്ള അനുമതി കിട്ടില്ല_ മന്ത്രി പട്ടേല്‍

ന്യൂഡല്‍ഹി: കേരളം സ്വന്തമായി വിമാന ക്കമ്പനി തുടങ്ങിയാലും അതിന് വിദേശ സര്‍വീസുകള്‍ക്ക് അനുമതി കിട്ടാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര വ്യോമയാന വകുപ്പുമന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഏതെങ്കിലുമൊരു സംസ്ഥാനത്തോട് പ്രത്യേക പരിഗണന കാണിക്കാനാകില്ലെന്നും ആഭ്യന്തര സെക്ടറില്‍ സര്‍വീസ് നടത്താനാണെങ്കില്‍ നിര്‍ദിഷ്ട കേരള എയര്‍ലൈന്‍സിന് അനുമതി കിട്ടാന്‍ തടസ്സമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന പ്രവാസി സമ്മേളനത്തില്‍ പങ്കെടുക്കവേ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് കേരള എയര്‍ലൈന്‍സ് എന്നപേരില്‍ കേരളം സ്വന്തമായി വിമാനസര്‍വീസ് തുടങ്ങാനുള്ള ആശയം പുനരുജ്ജീവിപ്പിച്ചത്.
എന്നാല്‍, വിമാനക്കമ്പനികള്‍ക്ക് രാജ്യാന്തര സര്‍വീസുകള്‍ നടത്താന്‍ അനുമതി നല്കുന്നതില്‍ പല മാനദണ്ഡങ്ങളുമുണ്ടെന്ന് മന്ത്രി പ്രഫുല്‍ പട്ടേല്‍ വാര്‍ത്താ ലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ആഭ്യന്തര സെക്ടറില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പരിചയം, സ്വന്തമായി കുറഞ്ഞത് 20 വിമാനങ്ങളുണ്ടായിരിക്കണം എന്നീ നിബന്ധനകളില്‍ ഇളവുവരുത്താന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രിസഭയുടെ ഉപസമിതി തീരുമാനിച്ചത്.
നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളത്തിന് അന്തിമാനുമതി വൈകില്ലെന്ന് വ്യോമയാന മന്ത്രലായത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അനൌപചാരിക സംഭാഷണത്തില്‍ സൂചിപ്പിച്ചു. ചില പ്രശ്നങ്ങളില്‍ കൂടുതല്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. അത് കിട്ടിക്കഴിഞ്ഞാല്‍ പിന്നെ തടസ്സങ്ങളൊന്നുമുണ്ടാകില്ല.

റിയാലുകള്‍ തുലക്കുന്ന 'റിയാലിറ്റി ഷോ'കള്‍

റിയാലുകള്‍ തുലക്കുന്ന 'റിയാലിറ്റി ഷോ'കള്‍ .


പ്രവാസികള്‍ക്കിടയില്‍ പ്രത്യേകിച്ച് മലയാളികള്‍ക്കിടയില്‍ മുളച്ചു പൊന്തിയ റിയാലിറ്റി ഷോയുടെ 'റിയാലിറ്റി'യെ പറ്റി വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനാണീ കുറിപ്പ്. നമ്മുടെ റിയാലുകളും രൂപയും ടി.വി ചാനലുകള്‍ക്ക് അയക്കുമ്പോള്‍ ചില യാഥാര്‍ഥ്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. എസ്.എം.എസിന് നാട്ടില്‍ ആറ് രൂപയാണ്. അതില്‍ ഒരു രൂപ മൊബൈല്‍ കമ്പനികള്‍ക്കും ബാക്കിയുള്ളത് ടി.വി ചാനലുകള്‍ക്കുമാണ്. 'സോണി'യില്‍ നടന്ന റിയാലിറ്റി ഷോ അവസാനിച്ചപ്പോള്‍ വിജയികള്‍ക്ക് ലഭിച്ചത് ഒരു കോടി രൂപയുടെ പ്രതിഫലമാണ്. എസ്.എം.എസ് ഇനത്തില്‍ ചാനലിന് ലഭിച്ചത് ഏഴ് കോടി രൂപയും. മലയാളത്തില്‍ ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാര്‍ സിംഗറിന്റെ റിയാലിറ്റി ഷോ രണ്ട് മാസം പിന്നിട്ടപ്പോള്‍ എസ്.എം.എസ് ഇനത്തില്‍ ലഭിച്ചത് 22 ലക്ഷം രൂപയാണ്. ഇതൊക്കെ ആരുടെ പണമാണെന്ന ചിന്ത തല്‍ക്കാലം മാറ്റിവെക്കാം. 30 ലക്ഷം മില്യന്‍ മൊബൈല്‍ വരിക്കാരുള്ള ഇന്ത്യയില്‍ പരിപാടികള്‍ക്ക് 10 ശതമാനം പേരെങ്കിലും എസ്.എം.എസ് അയച്ചാല്‍ അത് തന്നെ വന്‍ ലാഭം എന്നാണ് ഇന്ത്യയിലെ ഒരു പ്രമുഖ ചാനലിന്റെ സി.ഇ.ഒ യുടെ വെളിപ്പെടുത്തല്‍. ചുരുക്കത്തില്‍ പരസ്യത്തില്‍നിന്നും സ്പോണ്‍സര്‍ഷിപ്പില്‍ നിന്നും എസ്.എം.എസില്‍നിന്നും ചാനലുകള്‍ക്ക് പണം സമാഹരിക്കാനുള്ള ഒരു വേദിയാണ് റിയാലിറ്റി ഷോ.
സംഗീത വിഭാഗത്തിലുള്ള മല്‍സരമാണെങ്കില്‍ നന്നായി പാടിയാല്‍ മാത്രം പോര. നല്ലവണ്ണം നൃത്തം ചെയ്യുകയും 'ഫാഷനബ്ള്‍ ഡ്രസ്സില്‍' ആയിരിക്കുകയും വേണം. അനുഗ്രഹീത ഗായകരായ യേശുദാസും ചിത്രയും ജാനകിയും എസ്.പി. ബാലസുബ്രമണ്യവും വേഷം മാറി ഈ പരിപാടിയില്‍ പങ്കെടുത്താല്‍ നൃത്തമറിയാത്തതിന്റെ പേരില്‍ ഇവര്‍ പുറത്താവും എന്നുറപ്പ്. ഇത്തരത്തിലുള്ള തലതിരിഞ്ഞ ജഡ്ജിംഗ് സമീപനമാണ് പരിപാടി നടത്തിപ്പുകാര്‍ സ്വീകരിക്കുന്നത്. എലിമിനേഷന്‍ എപ്പിസോഡുകള്‍ കാണാന്‍ ജോലിക്ക് പോകാതെ അവധിയെടുത്ത് മുറിയില്‍ ഇരിക്കുന്ന പ്രവാസികള്‍ വരെയുണ്ട്.
എസ്.എം.എസ് അയക്കാന്‍ അറിയാത്തതിനാല്‍ 50 ഹലാല ചെലവാക്കുന്നതിന് പകരം അഞ്ച് റിയാല്‍ ചെലവാക്കുന്നവരുമുണ്ട്. ഏതായാലും പണം തുലക്കുകയാണ്. എന്നാല്‍ അത് ലാവിഷായിക്കോട്ടെ എന്ന് കരുതിയിട്ടാവും. വിലക്കയറ്റം കൊണ്ടും രൂപയുടെ മൂല്യം വര്‍ധിച്ച് പ്രവാസിയുടെ മൂല്യം കുറഞ്ഞിട്ടും പഠിക്കാത്ത സുഹൃത്തുക്കളോടൊരു വാക്ക്: എസ്.എം.എസ് അയക്കാന്‍ വിലരലമര്‍ത്തുമ്പോള്‍ ഒരു നിമിഷം ചിന്തിക്കുക, ആര്‍ക്കാണ് ലാഭമെന്ന്.റിയാസ് കൊച്ചി, അല്‍കോബാര്‍

എയര്‍ ഇന്ത്യക്കെതിരെ നടപടിയില്ലാത്തത് നാണക്കേട്

എയര്‍ ഇന്ത്യക്കെതിരെ നടപടിയില്ലാത്തത് നാണക്കേട് .


നാല്‍പത് ദിവസത്തോളം നീണ്ട ഹജ്ജ് തീര്‍ഥാടനത്തിനൊടുവില്‍ പുണ്യഭൂമിയില്‍നിന്നും ജന്മനാട്ടിലേക്ക് പുറപ്പെടാനൊരുങ്ങിയ പ്രായം ചെന്നവരുള്‍പ്പെടെയുള്ള ഹാജിമാരെ ദുരിതത്തിലാക്കിയ എയര്‍ ഇന്ത്യക്കെതിരെ ഇനിയും നടപടി ഉണ്ടാകാത്തത് നമ്മുടെ രാജ്യത്തിന് തന്നെ നാണക്കേടാവുകയാണ്. ഗള്‍ഫ് മലയാളികളെ നിരന്തരം വെട്ടിലാക്കുന്ന സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയെ ഇനിയും നിലക്കുനിര്‍ത്താന്‍ നമ്മുടെ കേന്ദ്ര^സംസ്ഥാന സര്‍ക്കാറുകള്‍ക്കോ, പ്രവാസി സംഘടനകള്‍ക്കോ കഴിഞ്ഞിട്ടില്ല. അതിനുള്ള ചങ്കൂറ്റവും ധാര്‍മികതയും അവര്‍ക്കുണ്ടോയെന്നതും സംശയകരമാണ്. ഈ അവസരത്തില്‍ എയര്‍ ഇന്ത്യയെ ചെറുതെങ്കിലും പാഠം പഠിപ്പിക്കാന്‍ യാത്രക്കാര്‍ക്കാണ് കഴിയുക. എയര്‍ ഇന്ത്യയുടെ കോഴിക്കോട് സെക്ടര്‍ പൂര്‍ണമായും ബഹിഷ്കരിക്കാന്‍ മലബാറുകാര്‍ മാത്രം വിചാരിച്ചാല്‍ മതി. മലബാറുകാരല്ലാത്ത ആരും കോഴിക്കോട് സെക്ടര്‍ എയര്‍ ഇന്ത്യയില്‍ യാത്രചെയ്യുന്നില്ല. പക്ഷേ ഓരോരുത്തരുടെയും സ്വാര്‍ഥതയാണ് ഇതിന് വിഘാതം. എല്ലാവര്‍ക്കും എളുപ്പത്തില്‍ കരിപ്പൂരില്‍ തന്നെ ഇറങ്ങണമെന്നാണ് മോഹം. എങ്ങനെയെങ്കിലും സീറ്റ് കിട്ടിയാല്‍ എയര്‍ ഇന്ത്യയിലേ യാത്രചെയ്യൂവെന്ന പിടിവാശി തല്‍ക്കാലത്തേക്കെങ്കിലും മാറ്റിവെക്കാന്‍ ഓരോരുത്തരും തയാറാകണം. സീറ്റ് എത്ര ലഭിച്ചാലും പണം എത്ര കുറഞ്ഞാലും എയര്‍ ഇന്ത്യയില്‍ യാത്രക്കില്ലെന്ന കര്‍ശന തീരുമാനമെടുക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ ഒരു പ്രശ്നങ്ങളുമില്ലാതെ ഗള്‍ഫില്‍നിന്ന് മലബാറില്‍ പോയി മടങ്ങിയെത്തുന്നുണ്ട്. അവശേഷിക്കുന്നവര്‍കൂടി ഈ തീരുമാനത്തിലേക്ക് വന്നാല്‍ എയര്‍ ഇന്ത്യ തനിയേ ശരിയായിക്കൊള്ളും. അല്‍പം ത്യാഗത്തിന് സന്നദ്ധമാകാതെ കെണിയില്‍ കുടുങ്ങിയിട്ട് വിലപിക്കുന്നവര്‍ സ്വല്‍പം അനുഭവിച്ചേ പറ്റൂ. ഇനിയെങ്കിലൂം തീരുമാനം മാറ്റാന്‍ സന്നദ്ധരാവുക. എയര്‍ ഇന്ത്യയെ ബഹിഷ്കരിക്കുക. യാത്രയും ജീവിതവും സുരക്ഷിതമാക്കുക.

അനസ് വടകര, ജിദ്ദ

Thursday, January 10, 2008

എയര്‍ ഇന്ത്യ ബഹിഷ്കരിക്കാന്‍ തീരുമാനം

എയര്‍ ഇന്ത്യ ബഹിഷ്കരിക്കാന്‍ തീരുമാനം

കുവൈത്ത് സിറ്റി: പ്രവാസി മലയാളികളോട് എയര്‍ഇന്ത്യ കാട്ടുന്ന തികഞ്ഞ അവഗണനയില്‍ പ്രതിഷേധിച്ച് അനിശ്ചിതകാലത്തേക്ക് എയര്‍ഇന്ത്യ ബഹിഷ്കരിക്കുന്നതിന് കേരള അസോസിയേഷന്‍ അബ്ബാസിയ യൂനിറ്റ് സമ്മേളനം തീരുമാനിച്ചു.
പ്രവാസി സമൂഹത്തില്‍ നിന്നും ശക്തമായ എതിര്‍പ്പുണ്ടായിട്ടും സമീപനത്തില്‍ മാറ്റം വരുത്തുന്നതിന് എയര്‍ഇന്ത്യ തയ്യാറാകാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ഒരു സമീപനം സ്വീകരിക്കേണ്ടിവന്നതെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കി. കേരള അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷീജോ ഫിലിപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഷാജി താമരകുളം അധ്യക്ഷത വഹിച്ചു. അനി ഉമ്മന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് സെമിന്‍ ആസ്മിന്‍ സംഘടനാ റിപ്പോര്‍ട്ടവതരിപ്പിച്ചു. ഷാജി രഘുവരന്‍, വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് റാഫി സ്വാഗതവും കെ.എസ്. അജിത് നന്ദിയും അറിയിച്ചു. കെ.എസ്. അജിത്തിനെ പ്രസിഡന്റായും മുഹമ്മദ് റാഫിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

വി.എസ് ഗള്‍ഫിലേക്ക്

വി.എസ് ഗള്‍ഫിലേക്ക്


ന്യൂദല്‍ഹി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കാന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ദല്‍ഹിയില്‍ നടന്ന പ്രവാസി സമ്മേളനത്തോടനുബന്ധിച്ച് കേരളീയ പ്രവാസികളുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം കണക്കിലെടുത്താണിത്. വി.എസ് ആദ്യമായാണ് ഗള്‍ഫ് സന്ദര്‍ശിക്കുന്നത്.
എത്രയും പെട്ടെന്ന് സമയം കണ്ടെത്തി ഗള്‍ഫിലെത്തുമെന്ന് അച്യുതാനന്ദന്‍ പ്രവാസികള്‍ക്ക് ഉറപ്പു നല്‍കി. ഗള്‍ഫിലെ മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ തനിക്ക് ബോധ്യമുണ്ട്. ഏറ്റവും വലിയ പ്രശ്നം എയര്‍ ഇന്ത്യയുടെ ചൂഷണവും വിവേചനവുമാണ്. ഇതിനെതിരെ കേരള സര്‍ക്കാര്‍ പലവട്ടം കേന്ദ്രത്തോട് പരാതിപ്പെട്ടുവെങ്കിലും പ്രായോഗികമായി ഒന്നും ഉണ്ടായിട്ടില്ല. സ്വകാര്യ വിമാനക്കമ്പനികളിലാണ് ഇപ്പോള്‍ പ്രതീക്ഷ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളെ ബന്ധിപ്പിച്ച് നിരവധി ആഭ്യന്തര സര്‍വീസുകള്‍ സ്വകാര്യ കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ നടത്തുന്നുണ്ട്. അത്തരം കുറെ സ്ഥാപനങ്ങള്‍ തന്നെ സമീപിച്ച ചെലവു കുറച്ച് ഗള്‍ഫ് നാടുകളിലേക്ക് സര്‍വീസ് നടത്താനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിന്റെ എല്ലാ സാധ്യതയും തേടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗള്‍ഫിലെ തൊഴില്‍സുരക്ഷക്ക് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതുണ്ട്. കേരളത്തില്‍ നിക്ഷേപമിറക്കാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നതല്ലാതെ, വ്യക്തമായ നിര്‍ദേശങ്ങളൊന്നും സമ്മേളനത്തില്‍ ഉയര്‍ന്നുവന്നില്ലെന്ന് അദ്ദേഹം പ്രവാസികളെ ഓര്‍മിപ്പിച്ചു.കയറ്റുമതിക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതുപോലെ, ഡോളര്‍ വിനിമയത്തില്‍ രൂപയുടെ മൂല്യവര്‍ധന വഴി പ്രവാസികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ കേന്ദ്രം പദ്ധതി തയാറാക്കണമെന്ന് പ്രവാസികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പങ്കെടുപ്പിച്ച് നടത്തിയ സമ്മേളനത്തില്‍ വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ക്ഷേമനിധി രൂപവല്‍ക്കരിക്കുന്നതടക്കം കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ചെയ്യുന്ന നടപടികള്‍ മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. നേരത്തെ പ്രവാസി സമ്മേളനം പ്രമാണിച്ച് ഒരുക്കിയ പവലിയന്‍ അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. << പിന്നോട്ട്

Tuesday, January 8, 2008

പ്രതിഷേധത്തിന്റെ രോഷാഗ്നിയുമായി 'സേവ് കരിപ്പൂര്‍ ദിനം'

പ്രതിഷേധത്തിന്റെ രോഷാഗ്നിയുമായി 'സേവ് കരിപ്പൂര്‍ ദിനം'

കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്‍ സംഘടിപ്പിച്ച 'സേവ് കരിപ്പൂര്‍ ദിനം' പ്രവാസികളുടെ അമര്‍ഷം ആളിക്കത്തിയ പ്രതിഷേധമായി. വ്യോമയാന മന്ത്രാലയവും ഇന്ത്യന്‍ ദേശീയ വിമാനക്കമ്പനികളും കരിപ്പൂര്‍ വിമാനത്താവളത്തോട് കാണിക്കുന്ന ചിറ്റമ്മ നയത്തിനെതിരെയാണ് ദല്‍ഹിയില്‍ കേന്ദ്രസര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി ഭാരതീയ ദിവസ് നടക്കുന്ന ദിവസം പ്രതിഷേധ ദിനമായി ആചരിച്ചത്.
പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കരിപ്പൂരില്‍ നിന്ന് ഗള്‍ഫിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ കറുത്ത ബാഡ്്ജ് ധരിച്ചാണ് യാത്രചെയ്തത്. കറുത്ത ബാഡ്ജ് ധരിക്കുന്നതിലും ധരിപ്പിക്കുന്നതിലും ജനങ്ങള്‍ താല്‍പര്യപൂര്‍വ്വം ഒന്നായി രംഗത്തുവന്നത് സമരത്തിന് ആവേശം പകര്‍ന്നു. ഇതാദ്യമായാണ് ഒരു പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍ ഇത്തരത്തിലുള്ള പ്രതിഷേധം നടക്കുന്നത്.
കരിപ്പൂരില്‍ നടന്ന പതിഷേധ സമരത്തില്‍ കെ.കെ.എം.എ. സെക്രട്ടറി എച്ച് അലിക്കുട്ടി ഹാജി, അഹമ്മദി ശാഖ ജന. സെക്രട്ടറി ബഷീര്‍ മേലടി, ട്രഷറര്‍ അബ്ദുല്ല കരുവാഞ്ചേരി, സിറ്റി ശാഖാ ജന. സെക്രട്ടറി എച്ച്. അബ്ദുല്‍ ഗഫൂര്‍, ഖുറൈന്‍ ശാഖ സെക്രട്ടറി മന്‍സൂര്‍, ഹവല്ലി ശാഖ പ്രസിഡന്റ് ഇ.എസ്. അബ്ദുല്‍ റഹ്മാന്‍, ഇവന്റ്സ് ജോ. ഡയറക്ടര്‍ അഹമ്മദ് കടലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കഴിഞ്ഞ ദിവസം രാത്രി കുവൈത്തില്‍ നിന്നും കരിപ്പൂരിലേക്ക് പറന്ന എയര്‍ഇന്ത്യാ വിമാനത്തിലെ യാത്രക്കാരും കറുത്ത ബാഡ്ജുമായാണ് യാത്രചെയ്തത്. ഇവര്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രതിഷേധിച്ചു. കുവൈത്ത് എയര്‍പോര്‍ട്ടില്‍ ബാഡ്ജ് അണിയിക്കുന്നതിന് പ്രസിഡന്റ് എന്‍.എ. മുനീര്‍, സെക്രട്ടറി കെ.സി. റഫീഖ്, രായിന്‍കുട്ടി ഹാജി, മൂസു രായിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രവാസി തൊഴിലാളികള്‍ക്കായി സഹായകേന്ദ്രം തുടങ്ങും_ പ്രധാനമന്ത്രി

പ്രവാസി തൊഴിലാളികള്‍ക്കായി സഹായകേന്ദ്രം തുടങ്ങും_ പ്രധാനമന്ത്രി



ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളിലെ തൊഴില്‍സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ വിദേശ ഇന്ത്യന്‍ തൊഴിലാളികള്‍ക്കായി സഹായകേന്ദ്രം തുടങ്ങുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.
വിദേശ ഇന്ത്യക്കാരുടെ കഴിവ് രാജ്യത്തിനും പ്രവാസി ഇന്ത്യന്‍ സമൂഹത്തിനും ഉപകാരപ്രദമാക്കാന്‍ പ്രധാനമന്ത്രികാര്യാലയത്തില്‍ ആഗോള ഉപദേശക കൌണ്‍സിലും ഏര്‍പ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ആറാമത് പ്രവാസിദിവസ് സമ്മേളനം ഡല്‍ഹി വിജ്ഞാന്‍ഭവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ജനവരി എട്ടിനെ ഓര്‍മപ്പെടുത്തിക്കൊണ്ടാണ് 2003 മുതല്‍ രണ്ടുദിവസത്തെ ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. 50 രാജ്യങ്ങളില്‍നിന്നായി ആയിരത്തി അഞ്ഞൂറിലേറെ വിദേശ ഇന്ത്യക്കാര്‍ പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞവര്‍ഷം പ്രഖ്യാപിച്ച പ്രവാസി സര്‍വകലാശാല ഈ വര്‍ഷംതന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദേശ ഇന്ത്യക്കാരുടെ മികച്ച ശേഷിയെ, രാജ്യത്തിന്റെയും വിദേശ ഇന്ത്യന്‍ സമൂഹത്തിന്റെയും പുരോഗതിക്കായി പ്രയോജനപ്പെടുത്തുന്നതിനുവേണ്ടി ലോകതലത്തില്‍ അംഗീകരിക്കപ്പെട്ടവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതായിരിക്കും പ്രധാനമന്ത്രിയുടെ 2ആഗോള ഉപദേശക കൌണ്‍സിലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കാരുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സ്വന്തം പ്രദേശത്ത് വിദ്യാഭ്യാസം, ആരോഗ്യം, ഗ്രാമവികസനം തുടങ്ങിയ മേഖലകളില്‍ സേവന, വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഇന്ത്യാ ഡെവലപ്പ്മെന്റ് ഫൌണ്ടേഷന്‍ രൂപവത്കരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് ഇന്ത്യന്‍ വംശജരായ വനിതകള്‍ നേടിയ സ്തുത്യര്‍ഹമായ വിജയങ്ങളെ അദ്ദേഹം പ്രശംസിച്ചു. കൊക്കകോള മേധാവിയായ ഇന്ദ്ര നൂയി, പ്രശസ്ത എഴുത്തുകാരി ജുംപാ ലാഹിരി, ബഹിരാകാശസഞ്ചാരി സുനിതാ വില്യംസ്, കല്പന ചൌള എന്നിവര്‍ എല്ലാ വനിതകള്‍ക്കും മാതൃകയാണ്_ പ്രധാനമന്ത്രി പറഞ്ഞു.
സാമ്പത്തികമേഖലയില്‍ ഇന്ത്യ കൈവരിച്ച ഉണര്‍വ് വിദേശ ഇന്ത്യക്കാര്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചടങ്ങില്‍ പ്രസംഗിച്ച മൌറീഷ്യസ് പ്രധാനമന്ത്രി രാംഗൂലാം പറഞ്ഞു. രാജ്യത്തെ ഗ്രാമവികസനത്തില്‍ വിദേശ ഇന്ത്യക്കാരെ പങ്കാളികളാക്കണമെന്ന് കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞു.
ഡല്‍ഹിയിലെ കടുത്ത ഗതാഗതപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിദേശ ഇന്ത്യക്കാരുടെ സേവനം മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അഭ്യര്‍ഥിച്ചു.
പ്രവാസിക്ഷേമ പ്രവര്‍ത്തനത്തിനുവേണ്ടി നിര്‍മിക്കുന്ന പ്രവാസിഭാരതീയ കേന്ദ്രത്തിന്റെ മാതൃക പ്രധാനമന്ത്രി അനാവരണം ചെയ്തു. കേന്ദ്ര പ്രവാസികാര്യ വകുപ്പ് സെക്രട്ടറി നിര്‍മല്‍ സിങ് സ്വാഗതവും സി.ഐ.ഐ. പ്രസിഡന്റ് സുനില്‍ മിത്തല്‍ നന്ദിയും പറഞ്ഞു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹാജിമാരുടെ ‍ശക്തമായ പ്രതിഷേധം.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹാജിമാരുടെ ‍ശക്തമായ പ്രതിഷേധം.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹാജിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഹജ്ജ് കര്‍മ്മം കഴിഞ്ഞ് മടങ്ങിയെത്തിയ 336 ഹാജിമാര്‍ക്ക് ബാഗേജുകളും സംസം വെള്ളവും കിട്ടാതിരുന്നതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.
വിമാനത്താവളത്തില്‍നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ച ഹാജിമാര്‍ ആഭ്യന്തര ടെര്‍മിനലിന് അകത്തും പുറത്തുമാണ് പ്രതിഷേധം പ്രകടിപ്പിച്ചത്. ഹാജിമാരെ സ്വീകരിക്കാനെത്തിയ ബന്ധുക്കളും പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു.

Saturday, January 5, 2008

യുണൈറ്റഡ് മലയാളി അസോസിയേഷന്റെ ഏഴിന ചാര്‍ട്ടര്‍

യുണൈറ്റഡ് മലയാളി അസോസിയേഷന്റെ ഏഴിന ചാര്‍ട്ടര്‍

കൊച്ചി: കേരളീയ പ്രവാസി സംഗമത്തില്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ ഏഴിന ചാര്‍ട്ടര്‍. പ്രവാസി മലയാളികള്‍ക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന എട്ട് സംഘടനകളുടെ ദുബായിലെ കൂട്ടായ്മയാണ് യുണൈറ്റഡ് മലയാളി അസോസിയേഷന്‍(യുഎംഎ).
. ചാര്‍ട്ടര്‍ ഒന്ന്: ഗള്‍ഫ് മേഖലയിലെ സാമ്പത്തിക, തൊഴില്‍ രംഗങ്ങളിലുണ്ടായ വന്‍ മാറ്റങ്ങള്‍ താഴ്ന്ന വരുമാനക്കാരായ മലയാളികളുടെ ജീവിത സാഹചര്യങ്ങള്‍ ദുരിതപൂര്‍ണ്ണമാക്കിയിരിക്കുന്നു. കരാര്‍ തൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, ലേബര്‍ ക്യാംപുകളില്‍ കഴിയുന്നവര്‍ എന്നിവര്‍ തൊഴിലുടമകളുടെ ഗുരുതര ചൂഷണത്തിന് വിധേയരാണ്. ഈ സാഹചര്യത്തില്‍ എമിഗ്രേഷന്‍ നിയമങ്ങളില്‍ കാലോചിത മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.
. രണ്ട്: ഗള്‍ഫ് കേരളാ സെക്റ്ററില്‍ വിമാന യാത്രാ നിരക്കുകള്‍ ക്രമാതീതമായി വര്‍ധിപ്പിക്കുന്ന പ്രവണതയ്ക്ക് ശാശ്വത പരിഹാരമുണ്ടാക്കണം, നിര്‍ദ്ദിഷ്ട കേരള എയര്‍ലൈന്‍ ഇതിനൊരു പരിഹാര മാര്‍ഗമാണ്.
. മൂന്ന് : പ്രവാസി മലയാളികളുടെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് സംവരണം ഏര്‍പ്പെടുത്തണം. പ്രവാസികളുടെ മക്കളില്‍ നിന്നും ആശ്രിതരില്‍ നിന്നും ഉയര്‍ന്ന ഫീസ് ശേഖരിക്കുന്ന പ്രവണത അന്യായമാണ്. നീതിപൂര്‍വ്വമല്ലാത്ത ഈ നടപടി അടിയന്തിരമായി അവസാനിപ്പിക്കണം.
. നാല്: ഗള്‍ഫില്‍ ജോലി തേടുന്നവരുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള സാങ്കേതിക വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുന്ന കേന്ദ്രങ്ങളാരംഭിക്കുക.
. അഞ്ച്: പ്രഖ്യാപിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും വിധം നോര്‍ക്ക പുനസംഘടിപ്പിക്കുക. ഗള്‍ഫ് രാജ്യങ്ങളില്‍ നോര്‍ക്ക കേന്ദ്രങ്ങള്‍ ആരംഭിക്കുക.
.ആറ്: അറബിക്ക് ഭാഷാജ്ഞാനവും പ്രദേശിക നിയമങ്ങളില്‍ അറിവുമുള്ളവരെ എംബസികളിലും കോണ്‍സലേറ്റിലും കൂടുതലായി നിയമിക്കുക. പ്രവാസി മലയാളികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടാന്‍ ഇത് സഹായകരമാവും.
.ഏഴ്: ഇന്ത്യന്‍ പൌരത്വമുള്ളവരുടെ ഒരു സംഘടനയ്ക്ക് അംഗീകാരം നല്‍കുക. ദുബായില്‍ ഔദ്യോഗിക അംഗീകാരമുള്ള ഒരു സംഘടനയുടെ അഭാവം പ്രവാസികള്‍ നേരിടുന്നുണ്ട്. അബുദാബി, ഷാര്‍ജ എമിറേറ്റ്സുകളിലെ ഗ്രൂപ്പിങ് മാതൃകയില്‍ കേരളത്തിലെ ഒരു സംഘടനയ്ക്ക് അംഗീകാരം ലഭിക്കുന്നത് പ്രവാസികളുടെ സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരും.
ദുബായ് കൈരളി കലാകേന്ദ്രം, ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍(ദല), ദുബായ് പ്രിയദര്‍ശിനി, ഭാവന ആര്‍ട്സ് സൊസൈറ്റി, ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, ഇന്ത്യന്‍ ആര്‍ട്സ് സൊസൈറ്റി, ഇന്ത്യന്‍ കള്‍ചറല്‍ അസോസിയേഷന്‍, എമിറേറ്റ്സ് ആര്‍ട് സെന്റര്‍ എന്നിവരുടെ കൂട്ടായ്മയാണ് ചാര്‍ട്ടര്‍ തയ്യാറാക്കിയത്.

Friday, January 4, 2008

പ്രവാസി സംഗമ വേദിയില്‍ സമര കാഹളം.

പ്രവാസി സംഗമ വേദിയില്‍ സമര കാഹളം.

കൊച്ചി: കേരളീയ പ്രവാസി സംഗമ വേദിയില്‍ സമര കാഹളം. ഒരുമ ഒരുമനയൂര്‍ യുഎഇ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമ്മേളന ഹാളിനു പുറത്ത് സമരം നടത്തുന്നത്.
സീസണ്‍ സമയങ്ങളില്‍ അമിത വിമാനകൂലി ഈടാക്കുന്ന കൊള്ള അവസാനിപ്പിക്കുക, എയര്‍ ഇന്ത്യ എക്സ്പ്രസ് നിരക്ക് ക്രമീകരിക്കുക, കേരള എയര്‍ലൈന്‍ ആരംഭിക്കുക, മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസ് റദ്ദാക്കുന്നത് അവസാനിപ്പിക്കുക, പ്രായോഗികമായ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുക, അമിത പലിശയും സംസ്ഥാനത്തിന് ദോഷം വരുത്തുന്ന നിബന്ധനകളുമുള്ള ലോകബാങ്ക് വായ്പകള്‍ ഉപേക്ഷിച്ച് പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.


ഇവരെ കൂടാതെ യുഎഇയിലെ മലബാര്‍ പ്രവാസി കോ-ഓഡിനേഷന്‍ കൌണ്‍സിലും സമരത്തിന്റെ പാതയിലാണ്. ലോകത്തെ എല്ലാ വിമാന സര്‍വീസുകള്‍ക്കും രാജ്യത്തിനകത്തും പുറത്തും പറക്കാന്‍ കൃത്യമായ വിമാന നിരക്കുള്ളപ്പോള്‍ ഇന്ത്യയുടെ സ്വന്തം സര്‍വീസുകളായ എയര്‍ ഇന്ത്യക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും ഗള്‍ഫിലേക്ക് പ്രത്യേക നിരക്കാണ്.
ഇത് മറ്റ് വിദേശ യാത്രകൂലിയേക്കാള്‍ ഉയര്‍ന്നതാണ്. ബാഗേജുകള്‍ വൈകിക്കലും യാത്ര റദ്ദാക്കലും നിത്യസംഭവങ്ങളാണ്. ഇത്തരം ചൂഷണത്തിനെതിരെ തുടങ്ങുന്ന പോരാട്ടത്തിന്റെ ഭാഗമായി കേരളീയ പ്രവാസി സംഗമ വേദിയില്‍ വായമൂടിക്കെട്ടി മലബാര്‍ പ്രവാസി കോ-ഓഡിനേഷന്‍ കൌണ്‍സില്‍ പ്രകടനം നടത്തും.

ഗള്‍ഫില്‍ നിന്നുള്ള ആഭ്യന്തര വിമാന ടിക്കറ്റിന് 160 ദിര്‍ഹം അധിക സര്‍ചാര്‍ജ്

ഗള്‍ഫില്‍ നിന്നുള്ള ആഭ്യന്തര വിമാന ടിക്കറ്റിന് 160 ദിര്‍ഹം അധിക സര്‍ചാര്‍ജ്


ദുബൈ: ഗള്‍ഫില്‍ നിന്നെടുക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വന്‍ വര്‍ധന ഏര്‍പ്പെടുത്തി. ഇന്നലെയാണ് തികച്ചും അനീതിപരമായ ഈ പകല്‍കൊള്ളയുടെ പ്രഖ്യാപനം ഉണ്ടായത്. നിരക്കു വര്‍ധന ഇന്നലെ മുതല്‍ തന്നെ പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇവിടെ നിന്നും മുംബൈയിലെത്തി അവിടെ നിന്ന് കണക്ഷന്‍ ഫ്ലൈറ്റില്‍ മംഗലാപുരം, തൃശãിനാപള്ളി , മധുര ഉള്‍പ്പെടെ ഭാഗങ്ങളിലേക്ക് ടിക്കറ്റെടുക്കുന്ന പ്രവാസികള്‍ക്ക് മാത്രമായാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ പുതിയ ഇരുട്ടടി. ദല്‍ഹിയില്‍ നിന്നു ലഭിച്ച സര്‍ക്കുലര്‍ എന്നു പറഞ്ഞാണ് പുതിയ പ്രഖ്യാപനം ഇന്നലെ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ കൈമാറിയത്.
യു.എ.ഇയില്‍ നിന്നും ഇഷ്യു ചെയ്യുന്ന ആഭ്യന്തര വിമാന ടിക്കറ്റുകളില്‍ വണ്‍വേക്ക് 160 ദിര്‍ഹം അധിക നികുതിയായി വാങ്ങണമെന്നാണ് സര്‍ക്കുലര്‍ നിര്‍ദേശിക്കുന്നത്. റിട്ടേണ്‍ ടിക്കറ്റിന് 320 ദിര്‍ഹവും. ദുബൈ^മുംബൈ^മംഗലാപുരം, ഷാര്‍ജ^മദ്രാസ്^മധുര എന്നിങ്ങനെ ഇവിടെ നിന്നെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറത്താണ് വിവേചന രഹിതമായി വന്‍ തുക ഈടാക്കാനുള്ള ഏകപക്ഷീയ തീരുമാനം. അധിക ഇന്ധന സര്‍ചാര്‍ജ് എന്നു പറഞ്ഞാണ് അമിത നിരക്ക് പിടുങ്ങുന്നത്.ആഗോള വിപണിയില്‍ എണ്ണവില കൂടിയതാണ് കാരണം പറയുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നെടുക്കുന്ന ആഭ്യന്തര വിമാന ടിക്കറ്റുകളില്‍ ഈ വര്‍ധന ഏര്‍പ്പെടുത്തിയിട്ടുമില്ല. സാധാരണ ഗതിയില്‍ പത്തോ ഇരുപതോ ദിര്‍ഹം കൂട്ടുകയാണെങ്കില്‍ പോലും നിലവിലുള്ള വിപണി നിരക്ക് വിലയിരുത്തുക പതിവാണ്. മാത്രവുമല്ല ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന മറ്റു വിമാന കമ്പനികളുടെ നിരക്കും ഒത്തു നോക്കാറുണ്ട്. എന്നാല്‍ ഇതൊന്നും ഇത്തവണ പരിഗണിക്കപ്പെടുകയുണ്ടായില്ല.
ഇപ്പോള്‍ തന്നെ മുംബൈയിലേക്ക് വണ്‍വേക്ക് 310 ദിര്‍ഹം നികുതിയായി ഇന്ത്യന്‍ എയര്‍ലൈന്‍സ് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം റിട്ടേണ്‍ ടിക്കറ്റിനൊപ്പം 320 ദിര്‍ഹമിന്റെ അധിക ബാധ്യത കൂടിയാണ് ഗള്‍ഫ് യാത്രക്കാര്‍ക്കു മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. പ്രവാസികളോടുള്ള ഇന്ത്യന്‍ വിമാന കമ്പനികളുടെ വിവേചന നിലപാട് തിരുത്തിക്കാന്‍ പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കാനുള്ള തീരുമാനത്തിനിടയിലാണ് അനീതിപരമായ വര്‍ധന നടപ്പാക്കാനുള്ള നീക്കമെന്നതും ശ്രദ്ധേയമാണ്. സീസണ്‍ മുന്‍നിര്‍ത്തി ഇപ്പോള്‍ തന്നെ വന്‍ നിരക്കു വര്‍ധനയാണുള്ളത്. ആഘോഷാവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മേല്‍ കനത്ത ബാധ്യതയാണ് ഇതോടെ വന്നു പെട്ടിരിക്കുന്നത്. എണ്ണവില ഉയരുകയാണെങ്കില്‍ എല്ലാ വിമാന കമ്പനികളും അധിക സര്‍ചാര്‍ജ് ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

എസ്.പി. ഓഫീസുകളില്‍ നോര്‍ക്ക സെല്‍ തുടങ്ങും _കോടിയേരി ബാലകൃഷ്ണന്‍

എസ്.പി. ഓഫീസുകളില്‍ നോര്‍ക്ക സെല്‍ തുടങ്ങും _കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും എസ്.പി ഓഫീസുകളില്‍ നോര്‍ക്ക സെല്‍ തുറക്കുമെന്ന് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍. നോര്‍ക്ക വകുപ്പ് സംഘടിപ്പിച്ച കേരളീയ പ്രവാസി സംഗമത്തിന്റെ രണ്ടാംദിന സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.
നിലവില്‍ തിരുവനന്തപുരത്ത് ഡി.ജി.പി ഓഫീസില്‍ മാത്രമാണ് നോര്‍ക്ക സെല്‍ പ്രവര്‍ത്തിക്കുന്നത്.
വിദേശത്തേക്കുള്ള വ്യാജ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്കെതിരേയും, വിസ തട്ടിപ്പുകാര്‍ക്ക് നേരെയും കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ടൂറിസം മേഖലയില്‍ മുതല്‍മുടക്കാന്‍ വിദേശമലയാളികള്‍ മുന്നോട്ടുവരണം. 1000 കോടിയുടെ നിക്ഷേപമാണ് സര്‍ക്കാര്‍ ഈ മേഖലയില്‍ ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിലെ അടിസ്ഥാന സൌകര്യ വികസനം, ഹോട്ടല്‍, ഹോംസ്റ്റേ തുടങ്ങിയവയ്ക്കായി ഈ തുക വിനിയോഗിക്കാനാകും.
മലബാര്‍ മേഖലയിലെ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള സംരംഭങ്ങള്‍ നടപ്പിലാക്കും. 2000 ഏക്കര്‍ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ക്യാബിനറ്റ് സമ്മതം ലഭിച്ചാലുടന്‍ സ്ഥലമേറ്റെടുക്കാന്‍ നടപടികള്‍ തുടങ്ങും. ആരോഗ്യ ടൂറിസം രംഗത്തേയും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രവാസി മലയാളികള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങളേയും ഇവയുടെ പരിഹാരങ്ങളേയും കുറിച്ച് നടന്ന ചര്‍ച്ചയില്‍ വ്യവസായ വകുപ്പ് വിഭാഗം സെക്രട്ടറി പി.എച്ച്. കുര്യന്‍ മോഡറേറ്ററായിരുന്നു. നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍മാരായ മഞ്ഞളാംകുഴി എംഎല്‍എ, ഡോ. കെ.ടി. ജലീല്‍ എംഎല്‍എ, സി.ഇ.ഒ. ഡോ. കെ.എം.രാമാനന്ദന്‍, നോര്‍ക്ക വിഭാഗം സെക്രട്ടറി ഷീലാ തോമസ് എന്നിവര്‍ സംസാരിച്ചു. വിദേശ മലയാളികളുടേയും മറുനാടന്‍ മലയാളികളുടേയും വിവിധ സംഘടനകളുടെ പ്രതിനിധികളാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്.


എം.പി.സി.സി നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധം

എം.പി.സി.സി നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധം .

ദുബായ്: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണനക്കെതിരെയും എയര്‍ ഇന്ത്യ, ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന കമ്പനികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ചൂഷണത്തിനെതിരെയും സമാധാനപരമായി പ്രതിഷേധിക്കുകയായിരുന്ന വടകര എന്‍.ആര്‍.ഐ ഫോറം പ്രസിഡന്റ് എരോത്ത് റഫീഖ് അടക്കമുള്ള മലബാര്‍ പ്രവാസി കോ_ഓര്‍ഡിനേഷന്‍ കൌണ്‍സില്‍(എം.പി.സി.സി) ഭാരവാഹികളെ അറസ്റ്റ് ചെയ്തതില്‍ വടകര എന്‍.ആര്‍.ഐ ഫോറം ഷാര്‍ജ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
പോലീസിനെ ഉപയോഗിച്ച് പ്രതിഷേധക്കാരെ നേരിട്ട സര്‍ക്കാര്‍ നടപടികള്‍, പ്രവാസികളെ തെല്ലും തളര്‍ത്തില്ലെന്നും ഭാവിയില്‍ ശക്തമായ സമരമുറകള്‍ ആവിഷ് കരിച്ച് പ്രവാസികളുടെ മേലുള്ള ചൂഷണങ്ങളെ ചെറുക്കുമെന്നും വടകര എന്‍.ആര്‍.ഐ ഫോറം ഷാര്‍ജ കമ്മിറ്റി ജനറല്‍ സെക്രട്ടറി സന്തോഷ് കായക്കൊടി അറിയിച്ചു. യോഗത്തില്‍ സഹദ് പുറക്കാട്, അഡ്വ.ഷാജി ബി, രാജന്‍ എ.പി, നസീര്‍, മജീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Wednesday, January 2, 2008

പ്രവാസികള്‍ക്കായി പെന്‍ഷന്‍ പദ്ധതി പരിഗണനയില്‍: മുഖ്യമന്ത്രി

പ്രവാസികള്‍ക്കായി പെന്‍ഷന്‍ പദ്ധതി പരിഗണനയില്‍: മുഖ്യമന്ത്രി

കൊച്ചി: പ്രവാസി കേരളീയര്‍ക്കായി പെന്‍ഷന്‍ ഉള്‍പ്പെടെയുളള ക്ഷേമ പദ്ധതി തയാറാക്കിവരികയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അറിയിച്ചു. പ്രവാസി കേരളീയ സംഗമത്തില്‍ ഇന്നുനടക്കുന്ന ചര്‍ച്ചയില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമെന്ന് കൊച്ചിയില്‍ സംഗമം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി അറിയിച്ചു.
നോര്‍ക്ക വകുപ്പും നോര്‍ക്ക റൂട്ട്സും ചേര്‍ന്നാണ് രണ്ടു ദിവസത്തെ പ്രവാസി കേരളീയ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവാസികള്‍ക്കുവേണ്ടിയുളള ക്ഷേമ പദ്ധതികള്‍, അവരുടെ പ്രശ്നങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നതിനുളള വേദിയാണ് സമ്മേളനം. ഈ പദ്ധതി നടപ്പാക്കുന്നതിനും പ്രവാസി കേരളീയര്‍ക്ക് സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപ സൌകര്യം ഒരുക്കുന്നതിനുമായി ഒരു കമ്പനി രൂപവല്‍കരിക്കും. സര്‍ക്കാരിന് നാലിലൊന്നു പ്രാതിനിധ്യം മാത്രമുളള നോര്‍ക്ക-റൂട്ട്സിനെ സര്‍ക്കാരിന് 51.3 ശതമാനം പ്രാതിനിധ്യമുളള കമ്പനിയാക്കി മാറ്റും.
വിദേശത്തു നിന്നു മടങ്ങിയെത്തി സാമ്പത്തിക വിഷമം അനുഭവിക്കുന്നവര്‍ക്കായുളള സാന്ത്വനം പദ്ധതി 25000 രൂപ വരെ വാര്‍ഷിക വരുമാനമുളളവര്‍ക്ക് പ്രയോജനം കിട്ടുന്ന തരത്തില്‍ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ചടങ്ങില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി അധ്യക്ഷനായിരുന്നു. ഡോ. സെബാസ്റ്റ്യന്‍ പോള്‍ എം.പി, നോര്‍ക്ക-റൂട്ട്സ് ഡയറക്ടര്‍ എം.എ. യൂസഫലി, സി.ഇ.ഒ ഡോ. കെ.എം രാമാനന്ദന്‍, സെക്രട്ടറി ഷീലാ തോമസ്, എം.എല്‍.എമാരായ മഞ്ഞളാംകുഴി അലി, കെ.ടി. ജലീല്‍, ഡോ. അനിരുദ്ധന്‍, അലക്സാണ്ടര്‍ വടക്കേടം, മൂസാ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കരിപ്പൂര്‍ വിമാനത്താവള പ്രവര്‍ത്തനം മെച്ചപ്പെടുത്തണം _എം.പി.സി.സി.

കരിപ്പൂര്‍ വിമാനത്താവള പ്രവര്‍ത്തനം മെച്ചപ്പെടുത്തണം _എം.പി.സി.സി.


കൊച്ചി: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് യുഎഇ ആസ്ഥാനമായ മലബാര്‍ പ്രവാസി കോ_ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ (എംപിസിസി) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മലബാര്‍ മേഖലയില്‍നിന്നുള്ള പ്രവാസിമലയാളികളെ അവഗണിക്കുന്നതായും എംപിസിസി ഭാരവാഹികള്‍ പറഞ്ഞു. രാഷ്ട്രീയനേതൃത്വങ്ങള്‍ പ്രവാസി ജനവിഭാഗത്തെ കേവലം സാമ്പത്തിക സ്രോതസ്സായി കാണുന്നു. പ്രവാസികള്‍ക്ക് മാത്രമായി കേന്ദ്രത്തിലും സംസ്ഥാനതലത്തിലും കാബിനറ്റ് മന്ത്രിമാരുണ്ടെങ്കിലും പ്രവാസികള്‍ ധാരാളം കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്നതായി അവര്‍ പറഞ്ഞു.ഇന്ത്യയുടെ സ്വന്തം വിമാനസര്‍വീസുകളായ എയര്‍ഇന്ത്യക്കും ഇന്ത്യന്‍ എയര്‍ലൈന്‍സിനും ഗള്‍ഫിലേക്ക് പ്രത്യേകം യാത്രാനിരക്കുകളാണ്. ഇന്ത്യയില്‍ മറ്റ് വിമാനത്താവളങ്ങളില്‍ സ്വകാര്യ വിമാനകമ്പനികള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍, മലബാറിന് മാത്രം ഈ സൌകര്യം വേണ്ടവിധമില്ലെന്ന് എംപിസിസി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. എയര്‍ഇന്ത്യയിലും ഇന്ത്യന്‍ എയര്‍ലൈന്‍സിലും ബാഗേജുകള്‍ വൈകിക്കലും വിമാനം വൈകലും യാത്ര റദ്ദാക്കലും നിത്യസംഭവങ്ങളാണെന്നും എംപിസിസി കുറ്റപ്പെടുത്തി. കരിപ്പൂര്‍ വിമാനത്താവളം ഇല്ലാതാക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നതായും അവര്‍ ആരോപിച്ചു.നോര്‍ക്കയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വിദേശമലയാളികളുടെ ദുരിതം നേരിട്ടറിയാന്‍ ഗള്‍ഫ്രാജ്യങ്ങള്‍ സന്ദര്‍ശിക്കണമെന്നും എംപിസിസി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ കെ.എം.ബഷീര്‍, അഡ്വ.സാജിദ് അബൂബക്കര്‍, അബ്ദുറഹിമാന്‍ ഇടക്കുനി, മുഹമ്മദ് അന്‍സാരി, റഫീല്‍ എരോത്ത്, അഡ്വ.ആഷിഷ് ടി.കെ. എന്നിവര്‍ പങ്കെടുത്തു. കോ_ഓര്‍ഡിനേഷന്‍ കൌണ്‍സില്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ വൈകീട്ട് കേരളീയ പ്രവാസി സംഗമത്തിന്റെ ഉദ്ഘാടനവേദിയായ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് പ്രതിഷേധ പ്രകടനവും നടത്തി.

ബാഗേജ് നഷ്ടവും നിരുത്തരവാദിത്തവും: ഇന്ത്യന്‍ എയര്‍ലൈന്‍സിനെതിരെ പരാതി

ബാഗേജ് നഷ്ടവും നിരുത്തരവാദിത്തവും: ഇന്ത്യന്‍ എയര്‍ലൈന്‍സിനെതിരെ പരാതി

ദോഹ: ബാഗേജ് രണ്ടു ദിവസത്തോളം വൈകിയതിന്റെ നഷ്ടപരിഹാരവും നിരുത്തരവാദപരമായി പെരുമാറിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും ആവശ്യപ്പെട്ട് യാത്രക്കാരന്‍ ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിക്ക് പരാതി നല്‍കി. കോഴിക്കോടുനിന്ന് ദോഹ വഴി ബഹ്റൈന് പോകുന്ന ഐ.സി 977 വിമാനത്തില്‍ കഴിഞ്ഞ 28ന് യാത്രചെയ്ത കോഴിക്കോട് വടകര സ്വദേശി റഫീഖ് വാഴയിലാണ് ഇന്നലെ പരാതി സമര്‍പ്പിച്ചത്. ഇദ്ദേഹമുള്‍പ്പെടെ നിരവധി യാത്രക്കാര്‍ ബാഗേജ് കിട്ടാതെ കഷ്ടപ്പെട്ടത് കഴിഞ്ഞ ദിവസം 'ഗള്‍ഫ് മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദുബൈയില്‍ ബിസിനസുകാരനായ ഇദ്ദേഹം ദോഹയിലെത്തി ദുബൈക്ക് പോകേണ്ടതായിരുന്നു. ബിസിനസ് സംബന്ധമായ രേഖകളും വസ്ത്രങ്ങളുമെല്ലാം ബാഗേജിലായതിനാല്‍ അന്നോ പിറ്റേന്നോ ദുബൈയില്‍ പോകാനോ അടിയന്തരമായി പങ്കെടുക്കേണ്ട യോഗത്തില്‍ സംബന്ധിക്കാനോ സാധിച്ചില്ലെന്ന് റഫീഖ് പരാതിയില്‍ പറയുന്നു. തനിക്കിത് മാനസിക സമ്മര്‍ദവും ബിസിനസ് നഷ്ടവുമുണ്ടാക്കി. ദോഹയില്‍ താമസിക്കുന്ന റൂമിന്റെ താക്കോല്‍ ബാഗേജിലായിരുന്നതിനാല്‍ ഹോട്ടലില്‍ കഴിയേണ്ടിവന്നു.
ഇതെല്ലാം കാണിച്ച് പിറ്റേന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് മാനേജര്‍ക്ക് കത്തയച്ചു. ഇതനുസരിച്ച് ഓഫീസിലേക്ക് അദ്ദേഹം വിളിപ്പിച്ചെങ്കിലും മറുപടി നിരുത്തരവാദപരവും നിരാശാജനകവുമായിരുന്നു. പരാതിപ്പെട്ടതിന്റെ ശിക്ഷയെന്നോണം ബാഗേജ് ദോഹയിലെത്തി 15 മണിക്കൂറിനുശേഷമാണ് തന്നെ അറിയിച്ചതെന്നും റഫീഖ് ആരോപിച്ചിട്ടുണ്ട്. കൊച്ചിയില്‍നിന്ന് കോഴിക്കോട്ടെത്തി ദോഹ വഴി ബഹ്റൈനിലേക്ക് പോകുന്ന വിമാനത്തില്‍ കോഴിക്കോടുനിന്ന് കയറിയവരുടെ ലഗേജുകളൊന്നും അന്ന് കിട്ടിയിരുന്നില്ല. അവിടെനിന്ന് പുറപ്പെടുമ്പോള്‍ ഇതുസംബന്ധിച്ച് ഒരു വിവരവും നല്‍കിയിരുന്നില്ലെന്ന് യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Tuesday, January 1, 2008

എയറ്‌‌ ഇന്ത്യയുടെ ക്രൂരതക്ക് അവസാനമില്ലേ ?.

എയറ്‌‌ ഇന്ത്യയുടെ ക്രൂരതക്ക് അവസാനമില്ലേ ?.

മരണവാര്‍ത്തയറിഞ്ഞു പുറപ്പെട്ട മക്കള്‍ക്ക് ഷാര്‍ജയില്‍ കാത്തിരിപ്പിന്റെ യാതന .

ഷാര്‍ജ: അമ്മയെ അവസാനമായി യാത്രയാക്കേണ്ട സഹോദരങ്ങളായ ജൂഡ്സണിനും ജോര്‍ജിനും, അച്ഛനെ കൊതിതീരെ കണ്ടുതീര്‍ക്കേണ്ട ഷാജനും മനമങ്ങും ശരീരമിങ്ങുമായി മണിക്കൂറുകളാണ് വിമാനത്താവളത്തില്‍ കഴിയേണ്ടിവന്നത്.
പുതുവര്‍ഷപ്പുലരിയില്‍ എത്തിയ ദുഃഖവാര്‍ത്തയ്ക്ക് പിന്നാലെയാണ് ഇവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വക ദുരന്തവും നേരിടേണ്ടിവന്നത്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് കൊച്ചിയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി ഒന്‍പതു മണിവരെ പറന്നിട്ടില്ല.
നൂറ്റിനാല്‍പ്പതിലേറെ യാത്രക്കാര്‍ക്കും ഓരോ നിമിഷവും വിലപ്പെട്ടതായിരുന്നെങ്കിലും ജൂഡ്സണും ജോര്‍ജും ഷാജനും ആശങ്കയുടെ മുള്‍മുനയിലായിരുന്നു. അമ്മയെ ഒരു നോക്കുകൂടി കാണാനാകുമോയെന്ന അനിശ്ചിതത്വത്തിലായിരുന്നു സഹോദരങ്ങളെങ്കില്‍ അച്ഛന്റെ അന്ത്യയാത്രയ്ക്ക് സാക്ഷ്യംവഹിക്കാനാകുമോയെന്ന ഉത്കണ്ഠയിലായിരുന്നു ഷാജന്‍.
കൊച്ചി വടതുല പനക്കൂട്ടത്തില്‍ പരേതനായ പി. ജി. ജോര്‍ജിന്റെ ഭാര്യ എലിസബത്ത് ലോകത്തോട് യാത്രപറഞ്ഞത് ഇന്നലെ രാവിലെയാണ്. ഇവര്‍ക്കു രണ്ടു മക്കളേയുള്ളു- യുഎഇയിലുള്ള ജൂഡ്സണും ജോര്‍ജും. വിവരമറിഞ്ഞയുടന്‍ വിമാനത്താവളത്തിലെത്തിയ ഇവര്‍ എയര്‍ ഇന്ത്യ എക്സ്പ്രസിനെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
തോപ്പുംപടി മുണ്ടംവേലി കാട്ടിപ്പറമ്പില്‍ കെ.ജെ.ജോസഫ് മരണമടഞ്ഞത് ഇന്നലെ പുലര്‍ച്ചെയാണ്. സംസ്കാരം ഇന്നു രാവിലെയാണ് നടക്കേണ്ടത്. അഞ്ചു മക്കളില്‍ ഇളയവനായ ഷാജന്‍ മാത്രമാണ് നാട്ടിലില്ലാത്തത്. 'ഐഎക്സ് 412 മൂന്നരയ്ക്ക് പുറപ്പെടുമെന്ന പ്രതീക്ഷയില്‍ എമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉള്ളില്‍ കടന്നതോടെയാണ് ഇവര്‍ കുടുങ്ങിയത്. വിമാനം മൂന്നരയായിട്ടും എത്തിയില്ലെന്നു മാത്രമല്ല എപ്പോള്‍ എത്തുമെന്നോ പുറപ്പെടുമെന്നോ പറയാന്‍ ഉത്തരവാദിത്തപ്പെട്ട ആരെയും കാണാനുമില്ലായിരുന്നെന്ന് ഇവര്‍ പരാതിപ്പെടുന്നു.
പിരിമുറുക്കത്തിനിടെ ഇവര്‍ ഇടയ്ക്കിടെ നാട്ടില്‍ വിളിച്ച് അന്വേഷിച്ചുകൊണ്ടിരുന്നു- കൊച്ചിയില്‍നിന്നു വിമാനം പുറപ്പെട്ടിട്ടുണ്ടോ എന്ന് അറിയാനായി. വൈകിട്ട് ഏഴരയോടെ വിമാനം പുറപ്പെടുമെന്ന അറിയിപ്പു കിട്ടി ആശ്വസിച്ചിരിക്കുമ്പോഴാണ് അടുത്ത ദുരന്തവാര്‍ത്ത. വിമാനം രാത്രി ഒന്‍പതിനേ പുറപ്പെടൂ. അര്‍ധരാത്രി കഴിയുമ്പൊഴേക്കും നാട്ടിലെത്താമെന്നു പ്രതീക്ഷിച്ചിരിക്കുമ്പൊഴേക്കും അറിയിപ്പും മാറി. പുറപ്പെടുന്ന സമയം ഒന്‍പതരയായി. പിന്നീട് രാത്രി എട്ടു മണിയോടെ പുതിയ അറിയിപ്പെത്തി, വിമാനം ഒന്‍പതിനു തന്നെ പുറപ്പെടും എന്ന്.
കൃത്യമായ വിവരം മനസിലാക്കാമെന്നു മോഹിച്ചെങ്കിലും ബന്ധപ്പെട്ട ആരെയും പരിസരത്തെങ്ങും കാണാനായില്ല. മറ്റേതെങ്കിലും വിമാനത്തില്‍ പോകാനാകുമോയെന്ന് അറിയാനുള്ള ശ്രമവും ഇതോടെ പാഴായി.

കേരളീയ പ്രവാസി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളീയ പ്രവാസി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും


കൊച്ചി: നോര്‍ക്ക വകുപ്പും നോര്‍ക്ക റൂട്ട്സും സംഘടിപ്പിക്കുന്ന കേരളീയ പ്രവാസി സംഗമം ജനവരി രണ്ടിന് വൈകീട്ട് അഞ്ചിന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രി വലയാര്‍ രവി അധ്യക്ഷതവഹിക്കും. ജനവരി മൂന്നിന് അവസാനിക്കുന്ന പ്രവാസി സംഗമത്തില്‍ ഫിഷറീസ് മന്ത്രി എസ്. ശര്‍മ, ഡോ. സെബാസ്റ്റ്യന്‍ പോള്‍ എം.പി, പ്രൊഫ.കെ.വി. തോമസ് എം.എല്‍.എ, മേയര്‍ പ്രൊഫ. മേഴ്സി വില്യംസ്, നോര്‍ക്ക സെക്രട്ടറി ഷീല തോമസ്, നോര്‍ക്ക റൂട്ട്സ് ഡയറക്ടര്‍ എം.എ. യൂസഫലി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ.കെ.എം. രാമാനന്ദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനുശേഷം സാംസ്കാരിക പരിപാടി ഉണ്ടാകും. ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള വിദേശ മലയാളികളും വിവിധ സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.