പറയൂ, നിങ്ങള്‍ക്ക് എന്തറിയാം?
ശതമന്യു
ഒന്നും ഒന്നും രണ്ടല്ല, ഇമ്മിണി ബല്യ ഒന്നുമല്ല. ഈ കണക്ക് പഠിക്കണമെങ്കില്‍ തൊടുപുഴയിലോ പാലായിലോ ചെല്ലണം. പുതുപ്പള്ളിയിലെ ട്യൂഷനായാലും മതി. വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്ന കുമാരന്‍മാര്‍ക്ക് ലോട്ടറിപ്പണി കഴിഞ്ഞ് ഒഴിവില്ലാത്തതുകൊണ്ടാണ് ഔസേപ്പച്ചായന്‍ തല്‍ക്കാലം രക്ഷപ്പെട്ടു നില്‍ക്കുന്നത്. അതല്ലെങ്കില്‍ കൂട്ടിയ കണക്ക് പിഴച്ചതിന്റെയും അളവില്‍ കുറഞ്ഞതിന്റെയും വാര്‍ത്തകള്‍കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായേനെ. വിപുലീകൃത യുഡിഎഫില്‍ അടുക്കളത്തിണ്ണയിലാണ് ഔസേപ്പച്ചായന്റെ കിടക്കപ്പായ. വാനവും ഭൂമിയും കപ്പം കൊടുക്കുന്ന, ചിരിച്ചാല്‍ മുത്തുചിതറുന്ന വരവര്‍ണിനിയാണു നീ എന്നുപാടി കൈപിടിച്ചുകൊണ്ടുവന്ന മാണിസാറിനെ കാണാനില്ല. അന്തപ്പുരവാതില്‍ തുറക്കുന്നില്ല. അരമനയും തൊടുപുഴയും കൈവിട്ടു. ഇനിയുള്ള വാഴ്വ് ഈ അടുക്കളത്തിണ്ണയിലോ? യുഡിഎഫ് വരുമെന്നും മന്ത്രിപദം തരുമെന്നും മോഹിച്ച അനുയായികള്‍ക്കുവേണ്ടി അയഞ്ഞുകൊടുത്തത് ഈ പരമത്യാഗത്തിനോ? പിഴച്ചാണ് തുടങ്ങിയത്. മുന്നണി വിട്ടുള്ള ചാട്ടത്തില്‍ പിഴച്ചു. പള്ളി കണ്ണുരുട്ടിയപ്പോള്‍ ചാടിപ്പോയതാണ്. മതം അതിന്റെ വഴിക്കും നാട്ടുകാര്യം അതിന്റെ വഴിക്കും പോകട്ടെ എന്നു നിനച്ച കാലത്താണ്, മകനേ കുഞ്ഞാടേ, നീ മാതൃപേടകത്തിലേക്ക് മടങ്ങിപ്പോകൂ എന്ന അശരീരീയുണ്ടായത്. മാതൃപേടകം മഹാവിശാലം. വീരനെ വലിയ വായില്‍ സ്വീകരിച്ചതല്ലേ. തനിക്കും കാണും ഒരിടം എന്നു കരുതിയത് തെറ്റല്ല. വീരന്‍ അടിതട പഠിച്ച അഭ്യാസിയാണ്. തലയ്ക്കടികൊണ്ടാല്‍ തലോടലേറ്റെന്ന് പറയാനറിയാം. പാട്ടും പാടും കഥയും രചിക്കും. വീമ്പടിക്കുന്ന വീരനെന്ന ഖ്യാതിയുണ്ട്. ഔസേപ്പിന് പാട്ടു പാടാനറിയാം-ആരെക്കൊണ്ടും പാടിക്കാനറിയില്ല. ശുദ്ധന്‍ ശുദ്ധന്റെ ഗുണം മാത്രമല്ല ചെയ്യുക. ഐക്യം കൊണ്ട് പൊറുതിമുട്ടിയ മുന്നണിയില്‍ പിന്നെയുമൊരൈക്യം. കയറിച്ചെന്ന അന്നുമുതല്‍ പൊല്ലാപ്പാണ്. പഞ്ചായത്തു തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. പണ്ടത്തെ അംഗങ്ങള്‍ക്ക് സീറ്റുമില്ല, കഞ്ഞിയുമില്ല. യുഡിഎഫിന്റെ വേലിക്കല്‍ ചെന്നുനില്‍ക്കാം. അരമനയുടെ പൊന്നോമന ഞാനും അരമനയെക്കൊണ്ട് കാര്യം നേടുന്നയാള്‍ മാണിയുമെന്നായിരുന്നു വയ്പ്. സഭയും കമ്യൂണിസ്റ്റുകാരും അടുത്താല്‍ മാണിസാറിന് പാലായില്‍ വെറുതെയിരിക്കാം. അതുകൊണ്ട് എപ്പോഴും ശകുനിയാകണം. അടി നടക്കണം. മത-രാഷ്ട്രീയ സിദ്ധാന്തം ജനിച്ചത് ആ അറിവില്‍നിന്നാണ്. മാണിക്ക് പള്ളിയുടെ കുത്തകയും വേണം, മുന്നണിയില്‍ ലീഗിന്റെ ചേട്ടനുമാകണം. രണ്ടിനും തരായി ഔസേപ്പിന്റെ പാണിഗ്രഹണത്തിലൂടെ. ഇനി ഞായറാഴ്ച വന്നാലെന്ത്, കുര്‍ബാന നടന്നില്ലെങ്കിലെന്ത്. പറഞ്ഞുപറഞ്ഞ് തെരഞ്ഞെടുപ്പായി. ഇനി രണ്ടുവഴി. ശേഷിക്കുന്ന കാലം അടുക്കളത്തിണ്ണയും പഴങ്കഞ്ഞിയും. അതല്ലെങ്കില്‍ ഒന്നു നിവര്‍ന്നുനിന്ന് പൊരുതി നോക്കല്‍. അങ്ങനെയാണ് 'സഭയെന്തിന് രാഷ്ട്രീയത്തില്‍ നിത്യേന ഇടപെടുന്നത്' എന്ന് ചോദിച്ചത്. സഹികെട്ടപ്പോഴുണ്ടായ ചോദ്യം. ഉടനെ മാണിസാര്‍ വിശദീകരിക്കുന്നു, അത് മഹത്തായ അധ്വാനവര്‍ഗ പാര്‍ടിയുടെ ഒഫീഷ്യല്‍ നിലപാടല്ലെന്ന്. അങ്ങനെ സഭയും പോയി, കുതിരയും പോയി, രണ്ടില കിട്ടാതെയുമായി. ഒരുമാതിരി പിള്ളയുടെയും ജേക്കബ്ബിന്റെയും ഗതി-അധോഗതി. കോഗ്രസില്‍ രണ്ടേ രണ്ടുപേരെയുള്ളൂ ഈ ഇനത്തില്‍-മുരളിയും ഹസ്സനും. ------------------------ മുല്ലപ്പള്ളിക്ക് അങ്ങനെ താണുകൊടുക്കാനാവില്ല. കണ്ണൂരില്‍ സുധാകരന്‍ ആളായത് മാര്‍ക്സിസ്റ്റുകാരെ തെറിവിളിച്ചും തല്ലിയും ബോംബെറിഞ്ഞുമാണ്. അത്തരം ബിരുദങ്ങളുണ്ടെങ്കിലേ കോഗ്രസില്‍ പിടിച്ചുനില്‍ക്കാനാകൂ. പുതിയ രീതി അതാണ്. ഒന്നുകില്‍ കുറെ കുമാരന്മാരെ വച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കണം. അത് നട്ടുവളര്‍ത്തണം. അതല്ലെങ്കില്‍ സിപിഎമ്മിനെതിരെ ആര്‍ത്തുവിളിക്കണം. രണ്ടാമത്തെ വഴിതന്നെ മുല്ലപ്പള്ളിക്ക് നല്ലത്. ഡല്‍ഹിയില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല, ചിദംബരം അങ്ങോട്ട് അടുപ്പിക്കുന്നില്ല. ഇവിടെയാണെങ്കില്‍ എല്ലാവരും പണം വാങ്ങി, മുല്ലപ്പള്ളിക്ക് വന്ന പണം മാത്രം നാട്ടില്‍ പാട്ടായി. പണി അറിയില്ലെന്ന ദുഷ്പേരുണ്ട്. അതുമാറ്റാന്‍ ഏറ്റവും നല്ലവഴി സുധാകരനെ കടത്തിവെട്ടുംവിധം സിപിഎമ്മിനെ തെറിവിളിക്കല്‍ തന്നെ. കോഗ്രസല്ലേ. പിടിച്ചുനില്‍ക്കാന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പന്തളം സുധാകരന്റെ ഗതിയാകും. വാര്‍ത്ത പുഴുങ്ങിക്കൊടുക്കല്‍ തകൃതിയായി നടക്കുന്നുണ്ട്. കന്നിമാസത്തില്‍ തിമിര്‍ത്ത് മഴ പെയ്തു. വാര്‍ത്തകളുടെ പെയ്ത്തുമുണ്ടായി. എന്തുകിട്ടിയാലും വിഴുങ്ങാന്‍ യുവ തുര്‍ക്കികളുണ്ടാകുമ്പോള്‍ കച്ചവടം ലാഭകരം തന്നെ. മനോരമ എഴുതിയത്, 'കണ്ണൂരില്‍ അക്രമം, ബോംബേറ്, വെടി' എന്നാണ്. വാര്‍ത്തയില്‍ ആകപ്പാടെ മുങ്ങിത്തപ്പിയാലും ആരാണ് അക്രമികളെന്ന് തിരിച്ചറിയാനാകില്ല. ആക്രമിച്ചത് ലീഗും കോഗ്രസും ബിജെപിയും. ബോംബെറിഞ്ഞത് ആര്‍എസ്എസ്. അത് മനോരമയ്ക്ക് പറയാനാകില്ലല്ലോ. അല്ലെങ്കിലും മനോരമ വായിക്കുന്ന ഭൂരിപക്ഷവും തലക്കെട്ടേ നോക്കാറുള്ളൂ. കണ്ണൂരെന്നും ബോംബേറെന്നും കാണുമ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ ചെയ്തതെന്ന് കരുതിക്കോളും. അത്രയെങ്കില്‍ അത്ര. --------------------------------- ബദല്‍ എന്നത് മഹത്തായ സങ്കല്‍പ്പമാണ്. എന്തിനും ബദല്‍ ആകാം. നല്ലതിനും ബദല്‍; ചീത്തയ്ക്കും ബദല്‍. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ചില മഹാന്മാര്‍ക്ക് തോന്നിയത് ബദലുക്ക് ബദല്‍ വേണമെന്നാണ്. ഇടതിനും വലതിനും ബദലാണ് തങ്ങളെന്ന് അവര്‍ക്ക് തോന്നി. അവര്‍ ഒന്നിച്ചൊറ്റക്കെട്ടായി ഒരു പ്രസ്താവനയിറക്കി. കുറ്റം പറയരുത്, കൂട്ടത്തില്‍ തീരെ അപ്രശസ്തരായ സച്ചിദാനന്ദന്‍, കെ ജി ശങ്കരപ്പിള്ള തുടങ്ങിയ ചില പേരുകളുമുണ്ട്. മറ്റുള്ളവരെല്ലാം അതിപ്രശസ്തര്‍; പ്രഗത്ഭര്‍; അപാര ബുദ്ധിജീവികള്‍; ജനനേതാക്കള്‍. ആ പേരുകള്‍ വായിക്കൂ: ബി ആര്‍ പി ഭാസ്കര്‍, ഡോ. എന്‍ എ കരീം, സി ആര്‍ നീലകണ്ഠന്‍, കാനായി കുഞ്ഞിരാമന്‍, സിവിക് ചന്ദ്രന്‍, ഇരുമ്പന്‍ ഇമ്മാനുവേല്‍, പ്രൊഫ. എബ്രഹാം ജോസഫ്, പൊക്കുടന്‍, കെ കെ കൊച്ച്, ളാഹ ഗോപാലന്‍, കോട്ടയം കുഞ്ഞച്ചന്‍, പ്രൊഫ. കെ എം ബഹാവുദീന്‍, നത്ത് നാരായണന്‍, പി എ പൌരന്‍, പ്രൊഫ. അരവിന്ദാക്ഷന്‍, ഒ അബ്ദുറഹ്മാന്‍, വിളയോടി വേണുഗോപാല്‍, എം എ റഹ്മാന്‍, ലീലാകുമാരിയമ്മ, പാലാരിവട്ടം ശശി, അഡ്വ. ആര്‍ കെ ആശ, കാരി സതീശന്‍, ജോയ് കൈതാരത്ത്, അഡ്വ. ജയകുമാര്‍, ഡോ. സി എം ജോയ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, മെമ്പര്‍ രമണന്‍, ഡോ. എം ബി മനോജ്, പി ഐ നൌഷാദ്, പി ബാബുരാജ്, സലീന പ്രക്കാനം, കെ കെ ബാബുരാജ്, എസ് സുശീലന്‍, ടി എസ് പണിക്കര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ഇന്ത്യന്നൂര്‍ ഗോപി മാസ്റ്റര്‍, അനില്‍ കാതിക്കുടം, സി എസ് ജോര്‍ജ്മാസ്റ്റര്‍, കോത്താഴം കോദണ്ഡന്‍, എന്‍ യു ജോ, മുതലാംതോട് മണി, പി എ നാസിമുദീന്‍, വി സി സുനില്‍, ഇ എ ജോസഫ്, പി ഡി ജോസ്, അഡ്വ. മാത്യു തോമസ്, വി എസ് രാധാകൃഷ്ണന്‍, ആര്‍ പ്രകാശ്, രേഖാരാജ്, പി സി ഭാസ്കരന്‍, വയലാര്‍ ഗോപകുമാര്‍, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി, സുന്ദര്‍രാജന്‍, ശിവരാജന്‍ കോട്ടൂര്‍, കെ സി ശ്രീകുമാര്‍. ഈ മഹാസാംസ്കാരിക നായകര്‍ ഉയര്‍ത്തുന്ന ജനപക്ഷ ബദലിനാകണം കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും വോട്ടുചെയ്തിട്ടുണ്ടാകുക. ഇന്റര്‍ നെറ്റില്‍ കയറി നാല് ഡയലോഗ് കാച്ചിയാലും പത്രത്തില്‍ വാര്‍ത്തയെഴുതിയാലും സാംസ്കാരിക നായകനാകാം. പിന്നില്‍ ജമാ അത്തെ ഇസ്ളാമിയായാലും താലിബാനായാലും ഒപ്പിടാന്‍ ചില സാംസ്കാരിക നായകരെ കിട്ടും. അവര്‍ക്ക് എല്ലാം അറിയണമെന്നില്ലല്ലോ. അങ്ങനെ ഒന്നോരണ്ടോ പേര് ആദ്യം എഴുതിയാല്‍ പിന്നീട് ഒപ്പിടുന്ന ഏത് ഭാസ്കരനും സുകുമാരനാകാം. ഏതു സുകുമാരനും താന്‍ സച്ചിദാനന്ദനൊപ്പമാണെന്ന് തോന്നുകയുമാകാം. സമത്വമാണല്ലോ മഹത്തായ ബദല്‍ സങ്കല്‍പ്പം. ------------------ ആരെപ്പോലെ ആകാതിരിക്കാനാണ് താല്‍പ്പര്യമെന്ന ചോദ്യത്തിന് നെറ്റില്‍ കണ്ട മറുപടി ബീയാര്‍പിയെപ്പോലെ എന്നാണ്. അതൊരു മഹാനും വന്ദ്യ വയുവുമല്ലേ എന്നു തിരിച്ചുചോദിച്ചപ്പോള്‍ ബീയാര്‍പിയുമായി നടന്ന സംഭാഷണം തെളിവായി വന്നു. വിഷയം ജനകീയാസൂത്രണമാണ്. ബീയാര്‍പിയും നീലാണ്ടനും പറയുന്നു, വികേന്ദ്രീകരിക്കപ്പെട്ടത് അഴിമതിയാണെന്ന്. അത് സാധൂകരിക്കുന്ന ഒരു റിപ്പോര്‍ട്ടുണ്ട് പോലും. : ബീയാര്‍പി: ഒരു പഠന റിപ്പോര്‍ട്ടുണ്ട്. ചോ: അതിന്റെ ലിങ്ക് തരാമോ? ഉ: ഒന്നല്ല പല റിപ്പോര്‍ട്ടുകളുണ്ട്. ഞാന്‍ പലതും ഉദ്ധരിച്ചിരുന്നു. നെറ്റില്‍ കിട്ടുമോ എന്നറിയില്ല. ചോ: താങ്കള്‍ ആ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ? ഉ: "ഈ ഇന്റര്‍വ്യൂ} എന്തിനാണ്? എനിക്ക് എന്തറിയാമെന്ന് അറിയാനോ എന്ത് അറിയില്ലെന്ന് അറിയാനോ?'' "പറയൂ, നിങ്ങള്‍ക്ക് എന്തറിയാം''. ഇതല്ലേ മാതൃക. റിട്ടയറായാലും അണയാത്ത അഗ്നി! നെറ്റില്‍ കണ്ടത്: പയ്യന്നൂരില്‍ വോട്ടിങ് യന്ത്രം തകര്‍ത്ത "ഏതോ ഒരാള്‍ക്കും'' മാട്ടൂലില്‍ ബൂത്ത് പിടിച്ച "ഒരുê സംഘം ആളുകള്‍ക്കും''ഇരിക്കൂറില്‍ ബൂത്തുപിടിച്ച "ഒരുê സംഘം ആളുകള്‍ക്കും'' പട്ടുവത്ത് ബൂത്ത് പിടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്നവരെ വല്ലാതെ സ്നേഹിക്കുകയുംചെയ്ത "മറ്റൊരുê സംഘം ആളുകള്‍ക്കും'' തില്ലങ്കേരിയില്‍ എന്തൊക്കെയോ ചെയ്ത "വേറൊരുê സംഘം ആള്‍ക്കാര്‍ക്കും'' മാതൃഭൂമിയുടെയും വീരന്റെയും അഭിവാദനങ്ങള്‍!
No comments:
Post a Comment