Monday, March 31, 2008

അണയാത്ത തീപ്പന്തം

അണയാത്ത തീപ്പന്തം
പി ഗോവിന്ദപ്പിള്ള

സ മകാലിക മലയാളകവിതയില്‍ അതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത രചനാശൈലിയും പാടവവുംകൊണ്ട് ഭാവനയുടെയും സൃഷ്ടിയുടെയും അത്യുന്നതശൃംഗങ്ങളില്‍ എത്തുകയും കര്‍മനിരതമായ സാംസ്കാരിക നേതൃത്വവും രാഷ്ട്രീയപ്രവര്‍ത്തനവുംകൊണ്ട് കേരളീയമനസ്സുകളില്‍ അവിസ്മരണീയമായ സ്ഥാനം നേടുകയുംചെയ്ത കവിയാണ് കടമ്മനിട്ട രാമകൃഷ്ണന്‍. ഏതാനും ആഴ്ചമുമ്പ് രക്താര്‍ബുദം ബാധിച്ച് രോഗശയ്യയിലായി. തിങ്കളാഴ്ച മരിക്കുന്നതുവരെ കര്‍മപഥത്തില്‍നിന്ന് വ്യതിചലിക്കുകയോ വിശ്വാസദാര്‍ഢ്യങ്ങളില്‍ അയവുവരുത്തുകയോ ചെയ്യാത്ത മഹാമനീഷിയായിരുന്നു അദ്ദേഹം. എഴുപത്തിമൂന്ന് വര്‍ഷംമുമ്പ് വള്ളിക്കോട്ട് കോയ്പള്ളില്‍ മേലേ തറയില്‍ രാമകൃഷ്ണപ്പണിക്കര്‍ കവിയും സാംസ്കാരിക നായകനുമായി വളര്‍ന്നത് ഒരു ഉദ്വേഗജനകമായ സാഹസികകഥയാണ്. സ്കൂള്‍വിദ്യാഭ്യാസം പത്തനംതിട്ടയിലെ വീടിനടുത്തുള്ള വിദ്യാലയങ്ങളില്‍ പൂര്‍ത്തിയാക്കിയശേഷം ചങ്ങനാശേരി എന്‍എസ്എസ് കോളേജില്‍നിന്നാണ് രാഷ്ട്രമീമാംസയില്‍ ബിരുദമെടുത്തത്. കേരളത്തിന്റെ ചുവന്ന പതിറ്റാണ്ടെന്ന് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്ന 1950കളിലെ വിപ്ളവരാഷ്ട്രീയം ഭാവനാസമ്പന്നനായ ആ യുവാവിനെയും ആവേശം കൊള്ളിച്ചു. തുടര്‍ന്നു പഠിക്കാന്‍ സാമ്പത്തികസ്ഥിതി അനുവദിക്കാത്തതുമൂലം ഇന്ത്യാസര്‍ക്കാരിന്റെ കീഴില്‍ കമ്പിത്തപാല്‍വകുപ്പിലെ ഓഡിറ്റിങ് വിഭാഗത്തില്‍ ജോലി സ്വീകരിച്ചു. ചെന്നൈയിലാണ് ആദ്യം ജോലിയില്‍ പ്രവേശിച്ചത്. ചെന്നൈയില്‍വച്ച് പ്രസിദ്ധ കവിയും ചിന്തകനും എഴുത്തുകാരനും കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ എതിരാളിയുമായിരുന്ന എം ഗോവിന്ദനും അദ്ദേഹത്തിന്റെ സഹചാരികളുമായുള്ള ബന്ധം കടമ്മനിട്ടയുടെ ചിന്താമണ്ഡലത്തെ വികസിപ്പിക്കാന്‍ സഹായിച്ചു. എങ്കിലും ഗോവിന്ദന്റെ കമ്യൂണിസ്റുവിരുദ്ധ നിലപാടിലേക്ക് അതിനകംതന്നെ കമ്പിത്തപാല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായി തീര്‍ന്ന കടമ്മനിട്ട വഴുതിവീണില്ല. ഗോവിന്ദന്റെ ആരാധകസദസ്സുകളിലെ ചര്‍ച്ചയും സൌഹൃദവും കടമ്മനിട്ടയില്‍ ഉറങ്ങിക്കിടന്ന കവിത്വത്തെ ഉത്തേജിപ്പിച്ചെന്ന് അദ്ദേഹം അവകാശപ്പെടാറുണ്ട്. കവിതയിലും സാഹിത്യത്തിലും ചെറുപ്പംമുതലേ ആകൃഷ്ടനായിരുന്ന കടമ്മനിട്ടയ്ക്ക് അദ്ദേഹത്തിന്റെ അച്ഛന്‍ മേലേ തറയില്‍ രാമന്‍നായരുടെ പരമ്പരാഗതമായ പടയണി നാടോടി കലാപ്രാവീണ്യം മുഖ്യപ്രചോദനമായിരുന്നു. അമ്മ കുട്ടിയമ്മ പുരാണവായനകളിലൂടെയും കഥകള്‍ പറഞ്ഞുകൊടുക്കുന്നതിലൂടെയും രാമകൃഷ്ണന്റെ അഗാധവും വ്യാപകവുമായ പാരമ്പര്യവിജ്ഞാനത്തെ വളര്‍ത്തി. പില്‍ക്കാലത്ത് ഗോവിന്ദനുമായുള്ള സമ്പര്‍ക്കത്തില്‍നിന്ന് ആധുനികവും അത്യാധുനികവുമായ വിശ്വസാഹിത്യവിജ്ഞാനത്തില്‍ താല്‍പ്പര്യമുണര്‍ത്തി. ആ പരിചയത്തിന്റെ പ്രേരണയാണ് നോബല്‍ സമ്മാനിതനായ സാമുവേല്‍ ബെക്കറ്റിന്റെ 'ഗോദെയെ കാത്ത്' എന്ന കൃതി വിവര്‍ത്തനംചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ചെന്നൈയില്‍വച്ചുതന്നെ എം ഗോവിന്ദന്റെ 'സമീക്ഷ'യിലും മറ്റും ചെറിയ കവിതകള്‍ കടമ്മനിട്ട പ്രസിദ്ധീകരിച്ചു തുടങ്ങി. ഒരു സമാഹാരം എന്ന നിലയില്‍ ഡോ. അയ്യപ്പപ്പണിക്കര്‍ പ്രസിദ്ധീകരിച്ചുവന്ന കവിതാ ഗ്രന്ഥാവരിയില്‍ 1976ലാണ് കടമ്മനിട്ടയുടെ കവിതകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. 1975-77ലെ അടിയന്തരാവസ്ഥക്കാലമായിരുന്നു അത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നിട്ടും അടിയന്തരാവസ്ഥയോടുള്ള എതിര്‍പ്പ് അദ്ദേഹം മറച്ചുവച്ചില്ല. അടിയന്തരാവസ്ഥയെ പരോക്ഷമായി പരിഹസിക്കുന്ന ചില കവിത അന്ന് അദ്ദേഹം ദേശാഭിമാനിക്ക് പ്രസിദ്ധീകരിക്കാന്‍ നല്‍കിയത്, 'സെന്‍സര്‍മാര്‍' വെട്ടി വികൃതമാക്കിയതിനാല്‍ പ്രസിദ്ധീകരിക്കണ്ടെന്ന് കടമ്മനിട്ട നിര്‍ദേശിച്ചു. അപ്പോഴേക്കും കടമ്മനിട്ട മലയാളക്കരയിലെ പ്രശസ്ത കവികളുടെ നിരയിലെത്തി. അദ്ദേഹത്തിന്റെ കവിതകള്‍ കാലികങ്ങളില്‍ വിപുലമായി വരാന്‍ തുടങ്ങി. പടയണി തുടങ്ങിയ നാടോടിഗാനങ്ങളുടെയും ഗോത്ര പാരമ്പര്യകൃതികളുടെയും കരുത്തേറിയ സംഗീതവും ഇടിമുഴക്കംപോലുള്ള സ്വരവും കടമ്മനിട്ടയുടെ കവിതകളുടെ മുഖമുദ്രകളായിരുന്നു. അതെല്ലാം പടയണിശീലിലും സ്വരത്തിലും സിംഹനാദംപോലെ ചൊല്ലി ജനസഹസ്രങ്ങളെ ആകര്‍ഷിക്കാനും വിജൃംഭിതവീര്യരാക്കാനുമുള്ള കടമ്മനിട്ടയുടെ കഴിവ് അപാരമായിരുന്നു. കേരളത്തില്‍ മാത്രമല്ല, ഇന്ത്യക്കകത്തും പുറത്തും മലയാളികള്‍ പാര്‍ക്കുന്നിടത്തെല്ലാം അതിന്റെ അലകള്‍ ഉയര്‍ന്നുപൊങ്ങി. ആ കവിതയിലെ പരുഷമായ സാമൂഹ്യ യാഥാര്‍ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതായിരുന്നു സിംഹത്തിന്റെ സടപോലെ നീണ്ട മുടിയും ഗര്‍ജനംപോലുള്ള കടമ്മനിട്ടയുടെ സ്വരവും. പരമ്പരാഗതമായ അനുഷ്ഠാനകലകളില്‍ ഒന്നായ ചൊല്‍ക്കാഴ്ചയെ അനുകരിച്ചും കടമ്മനിട്ട തന്റെ അതിപ്രശസ്തങ്ങളായ 'കുറത്തി', 'കാട്ടാളന്‍', 'കിരാതവൃത്തം' തുടങ്ങിയ കവിതകള്‍ ജനസഹസ്രങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. ഒ എന്‍ വി, വൈലോപ്പിള്ളി, ഇടശേരി തുടങ്ങിയ വിപ്ളവകവികളുടെ സമകാലീനനായിരുന്നെങ്കിലും കടമ്മനിട്ടയുടെ കവിതാസരണി അനനുകരണീയമായി പാറക്കെട്ടുകളെയും വന്‍വൃക്ഷങ്ങളെയും തട്ടിത്തകര്‍ത്ത് പായുന്ന ഒരു ഗംഭീരനിര്‍ഝരിയായിരുന്നു. എന്നാല്‍, അതേ ആദര്‍ശവും അനുഭൂതിയും അനുവാചകര്‍ക്ക് പകര്‍ന്നുതരാന്‍ കഴിയുന്ന ശാന്തസുഭഗമായ ഒരു കാവ്യശൈലിയും കടമ്മനിട്ടയ്ക്ക് വശമായിരുന്നെന്ന് അദ്ദേഹത്തിന്റെ 'ശാന്ത' എന്ന പേരുകേട്ട കാവ്യതല്ലജം വ്യക്തമാക്കുന്നു. നൂറ്റമ്പതോളം ഈരടിമാത്രമുള്ള ഈ ഖണ്ഡകവിത ഐതിഹാസികമാനമുള്ള ഒരു മഹാകാവ്യത്തിനു തുല്യം. ആധുനിക ജീവിതത്തിന്റെ കല്ലും കരടും മുള്ളും മുരടും അനാവരണംചെയ്യുന്നു. ഇത് ഒരു സ്ത്രീപക്ഷ കവിതയാണോ പരിസ്ഥിതിവാദ കവിതയാണോ വര്‍ഗസമരത്തിന്റെ പടപ്പാട്ടാണോ എന്നൊക്കെ ചോദിച്ചാല്‍ ഇവയെല്ലാംകൂടി ഉള്ളതും പിന്നെ കുറെക്കൂടി ഉള്ളതാണെന്നുമാത്രമേ പറയാനുള്ളൂ. കുടിവെള്ളംപോലും കിട്ടാത്തതിനാല്‍ കുളിപോലും ഇല്ലാതെ തളര്‍ന്നുറങ്ങുന്ന കുഞ്ഞുങ്ങളും ഉണങ്ങിവരണ്ട പുഴകളും അടുപ്പില്‍ തീയൂതിയൂതി കണ്ണുകലങ്ങി മുടിയിലാകെ ചാരംപൂശിയ മുഖവും കലങ്ങിയ കണ്ണുമായി കഴിയുന്ന സ്ത്രീകളും ഇവയിലൂടെ ഒക്കെ കളകളം പാടി ഒഴുകുന്ന സ്ത്രീപുരുഷ പ്രേമവും മറ്റും ഈ കവിതയെ മലയാള ലഘുകവനങ്ങളില്‍ അഗ്രിമസ്ഥാനത്ത് എത്തിക്കുന്നു. വേദനയും പട്ടിണിയും വരള്‍ച്ചയും ആത്മഹത്യയും എല്ലാം ഒതളങ്ങപോലെ മുങ്ങിയും പൊങ്ങിയും ഒഴുകുന്ന ഈ അനുപമ കാവ്യഗംഗ സമാപിക്കുന്നത് നിരാശയിലും പരാജയബോധത്തിലുമല്ല, പ്രതീക്ഷയിലും സമരാഹ്വാനത്തിലുമാണെന്നത് കടമ്മനിട്ട കാവ്യത്തിന്റെ ദര്‍ശനസത്തയാണ്. മഴകാത്തുകിടക്കും വയലിന്‍ വിരിമാറില്‍ തുടിയുണരുന്നു കൂമ്പോര്‍ത്തു കിതയ്ക്കും വാഴ- ക്കുരല്‍ ചീറി വിളിച്ചമറുന്നു: നിറഞ്ഞ പെണ്ണേ, നീരരുവീ കരിമ്പനകള്‍ ഉലച്ച പെണ്ണേ കടമ്മനിട്ടക്കാവുതീണ്ടാന്‍ നീ ഉണരൂ, നീ ഉണരൂ. 1992ല്‍ ഉദ്യോഗത്തില്‍നിന്നു വിരമിച്ചതോടെ രാമകൃഷ്ണന്റെ പ്രവര്‍ത്തനരംഗം ട്രേഡ് യൂണിയനില്‍നിന്ന് വിവിധ സാംസ്കാരിക മണ്ഡലത്തിലേക്ക് തിരിഞ്ഞു. പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റായി ചുമതലയേറ്റ അദ്ദേഹം സംഘത്തോട് കലഹിച്ച് എം എന്‍ വിജയന്‍ പുറത്തുപോയതിനെത്തുടര്‍ന്ന് പ്രസിഡന്റുസ്ഥാനം കൈയേറ്റു. സംഘത്തിനെതിരെ പല കോണില്‍നിന്നും കൂരമ്പുകള്‍ പതിച്ചുകൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ സംഘത്തിന്റെ കെട്ടുറപ്പിനും ലക്ഷ്യബോധത്തിനും പരുക്കേല്‍പ്പിക്കാതെ സംരക്ഷിച്ചതില്‍ കടമ്മനിട്ടയ്ക്കുള്ള പങ്ക് വളരെ പ്രസംസനീയമാണ്. പത്തുവര്‍ഷത്തോളം കേരള ഗ്രന്ഥശാലാ സംഘത്തിന്റെ അമരക്കാരനായും കടമ്മനിട്ട സംഘടനാപാടവം പ്രദര്‍ശിപ്പിച്ചു. ആറന്മുള നിയോജകമണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയില്‍ കടമ്മനിട്ടയുടെ സേവനം അദ്ദേഹത്തിന്റെ ബഹുമുഖ വ്യക്തിത്വത്തിന്റെ മറ്റൊരുവശം നമുക്ക് കാട്ടിത്തരുന്നു. അനര്‍ഹരായ പലര്‍ക്കും ചാര്‍ത്തിക്കൊടുക്കുന്ന മഹാകവിപട്ടം കടമ്മനിട്ടയ്ക്ക് സ്വീകാര്യമായിരുന്നില്ലെങ്കിലും മലയാളത്തിലെ മഹാകവികളുടെ ഗണത്തില്‍ കടമ്മനിട്ട രാമകൃഷ്ണനെ ഉള്‍പ്പെടുത്താതിരിക്കാന്‍ കഴിയില്ല. വിപ്ളവകാരിയായ ആ മഹാപ്രതിഭാധനന്റെ സ്മരണയ്ക്കുമുമ്പില്‍ കണ്ണീരില്‍ കുതിര്‍ന്ന രക്തപുഷ്പങ്ങള്‍.

ബന്ധം
കവിതയും സ്നേഹവും





രാമകൃഷ്‌ണന്റെ കവിതകളുടെ മേന്മ കടമ്മനിട്ട കാവുകളില്‍ നിന്നും അദ്ദേഹത്തിന്റെ അച്ഛനില്‍നിന്നുമെല്ലാം പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ഊര്‍ജ്ജമാണ്‌
കാവാലം നാരായണ പണിക്കര്

‍കടമ്മനിട്ടയും ഞാനും ദീര്‍ഘകാലം സ്നേഹത്തോടെ വര്‍ത്തിച്ചവരാണ്‌. കവിതയോടുള്ള അദ്ദേഹത്തിന്റെ സമീപനം സ്നേഹബന്ധത്തിന്‌ ഉര്‍ജ്ജം പകര്‍ന്നു. കമ്മനിട്ട, അയ്യപ്പപ്പണിക്കര്‍ തുടങ്ങിയവരുമായി ചേര്‍ന്നുള്ള കവിയരങ്ങുകള്‍ ഓര്‍മ്മയില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.ഞങ്ങള്‍ സുഹൃത്തുകള്‍ ഒരുമിച്ച്‌ ധാരാളം സഞ്ചരിച്ചിരുന്നു. അത്തരം വേളകളിലെ കവിയരങ്ങുകളില്‍ കൂടെ കവിതചൊല്ലുന്നതിനൊപ്പം ഉടുക്കുകൊട്ടി പിന്‍ബലംനല്‍കുക എന്നതായിരുന്നു എന്റെ പ്രധാന ചുമതല. ഈ അനുഭവങ്ങളുടെ ഫലമായി കവിയരങ്ങുകളെ ചൊല്‍ക്കാഴ്‌ചയാക്കിമാറ്റാന്‍ ഞങ്ങള്‍ക്കു സാധിച്ചു. ഏറ്റവും ശക്തമായി കവിതചൊല്ലിയിരുന്നത്‌ കടമ്മനിട്ട തന്നെ. ഞങ്ങള്‍ കവിയരങ്ങുകള്‍ വളരെക്കൂടുതല്‍ നടത്തിയിട്ടുണ്ട്‌. അതുമായി താരതമ്യംചെയ്യുമ്പോള്‍ ചൊല്‍ക്കാഴ്‌ച കുറവാണ്‌. ചൊല്‍ക്കാഴ്‌ചയില്‍നിന്നാണ്‌ എന്റെ നാടകകല ഉയര്‍ന്നുവന്നതുതന്നെ. രാമകൃഷ്‌ണന്റെ കവിതകളുടെ മേന്മ കടമ്മനിട്ട കാവുകളില്‍നിന്നും അദ്ദേഹത്തിന്റെ അച്ഛനില്‍നിന്നുമെല്ലാം പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ഊര്‍ജ്ജമാണ്‌. കടമ്മനിട്ട പടയണിയില്‍ രണ്ടുതവണ അദ്ദേഹത്തോടൊപ്പം പങ്കെടുത്തിട്ടുണ്ട്‌. പടയണിയില്‍ രാമകൃഷ്‌ണന്‍ പാടിയിരുന്നു. പാരമ്പര്യമായി കിട്ടിയ ഓജസ്സ്‌ അദ്ദേഹം ആനുകാലികമാക്കി. സ്വന്തം കാലഘട്ടത്തില്‍ വിശ്വസിച്ചിരുന്ന ധര്‍മ്മത്തിനുവേണ്ടി പൊരുതാനുള്ള മാധ്യമമാക്കി.കവിത ഉച്ചത്തില്‍ ചൊല്ലുന്നതിനോട്‌ ചില കേന്ദ്രങ്ങളില്‍ നിന്ന്‌ എതിര്‍പ്പുകളുണ്ടായിരുന്നു. കവിത വായിച്ചു മനസ്സിലാക്കാനുള്ളതാണ്‌ എന്നായിരുന്നു അവരുടെ വാദം. എന്നാല്‍ രാമായണം വായിക്കുന്നത്‌ നമ്മുടെ പാരമ്പര്യത്തില്‍പ്പെട്ടതാണ്‌ എന്നായിരുന്നു വിമര്‍ശകര്‍ക്കുള്ള കടമ്മനിട്ടയുടെ മറുപടി. കവിത ഉറക്കെ വായിക്കാവുന്നതാണെന്നും അത്‌ സംവേദനം ചെയ്യുന്നതാണെന്നും അദ്ദേഹം വിശ്വസിച്ചു, തെളിയിച്ചു. കവിതയെ കൂടുതല്‍ ജനകീയമാക്കാനാണ്‌ അദ്ദേഹം പ്രവര്‍ത്തിച്ചത്‌. കവിതചൊല്ലുന്നത്‌ അതിന്റെ ഉള്ളിലേക്കിറങ്ങി ചെല്ലാന്‍ സഹായിക്കുമെന്ന്‌ കടമ്മനിട്ട പറയാറുണ്ടായിരുന്നു.രാമകൃഷ്‌ണന്‍ കവിതചൊല്ലുമ്പോള്‍ അതുള്‍ക്കൊള്ളുന്ന അര്‍ത്ഥത്തിന്റെ വേറൊരുതലം സംക്രമിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അശബ്ദമേഖലകളെ അദ്ദേഹം വൈഹരിയുടെ പടവുകളിലേക്കു നയിച്ചു. സംവേദനക്ഷമതയ്‌ക്കു മറ്റൊരുമാനം കണ്ടെത്താന്‍ ധ്വനിയെ അദ്ദേഹം വിനിയോഗിച്ചു. കവിതചൊല്ലല്‍ പ്രസ്ഥാനത്തിന്‌ വലിയൊരു സംഭാവനയാണ്‌ കടമ്മനിട്ട നല്‍കിയത്‌. അതിനായി രൂപംകൊണ്ട കൂട്ടായ്‌മയില്‍ വേറിട്ടുനില്‍ക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. പടയണിയുടേതു പോലെ കേരളീയമായ സംഗീതത്തിന്റെ സജീവവും ചൈതന്യവത്തുമായ അംശങ്ങള്‍ക്ക്‌ കടമ്മനിട്ട കൂടുതല്‍ തിളക്കമേകി. കാവ്യ അനുശീലനത്തിനും ആസ്വാദനത്തിനും പുതിയ വഴികാട്ടിയ അദ്ദേഹത്തിന്റെ വേര്‍പാട്‌ മലയാളത്തിന്‌ വലിയൊരു നഷ്‌ടംതന്നെയാണ്‌.

'കടമ്മനിട്ട ഓഫീസില്‍' ഇനി കവിതയുടെ ഈണമില്ല

തിരുവനന്തപുരം: തലസ്ഥാനത്തെ പോസ്റ്റല്‍ അക്കൗണ്ട്‌സ്‌ ഓഫീസ്‌ ഒരുകാലത്ത്‌ ചൊല്‍ക്കാഴ്‌ചയുടെ ഈണത്താല്‍ മുഖരിതമായിരുന്നു. പടയണിയുടെയും നാടോടി വഴക്കത്തിന്റെയും ദ്രുതതാളവുമായി വന്ന എം.ആര്‍.രാമകൃഷ്‌ണ പണിക്കര്‍ എന്ന സര്‍ക്കാര്‍ ജീവനക്കാരന്‍ തന്റെ ഔദ്യോഗിക പ്രവര്‍ത്തനകേന്ദ്രത്തെ കവിതയുടെ കരുത്തില്‍ തളച്ചിട്ടു. ഇന്നേക്കു കൃത്യം 15 വര്‍ഷം മുമ്പൊരു മാര്‍ച്ച്‌ 31ന്‌ ഔദ്യോഗിക ജീവിതത്തില്‍നിന്നു പിന്‍വാങ്ങിയെങ്കിലും സ്വന്തം വീട്ടിലേക്കെന്നപോലെ ഓഫീസിലേക്ക്‌ പലവട്ടം അദ്ദേഹം മടങ്ങിയെത്തി, കവിതയുടെ മധുരം വിളമ്പി. ഒരു തറവാട്ടു കാരണവരുടെ തലയെടുപ്പോടെ അദ്ദേഹം സൗഹൃദവും സ്നേഹവും പങ്കുവെച്ചു.ആ വരവ്‌ ഇനിയുണ്ടാവില്ല. എം.ആര്‍.രാമകൃഷ്‌ണ പണിക്കര്‍ എന്ന കടമ്മനിട്ട രാമകൃഷ്‌ണന്‍ കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞു. 'കടമ്മനിട്ട ഓഫീസ്‌' എന്ന്‌ ഒരുകാലത്ത്‌ അറിയപ്പെട്ടിരുന്ന പോസ്റ്റല്‍ അക്കൗണ്ട്‌സ്‌ ഓഫീസില്‍ നിശബ്ദത തളംകെട്ടി.നിഷേധത്തിന്റെയും നിരാസത്തിന്റെയും കാതടപ്പിക്കുന്ന സ്വരവുമായി വന്ന കടമ്മനിട്ട സഹപ്രവര്‍ത്തകര്‍ക്കു സമ്മാനിച്ചത്‌ കവിതയുടെ പുതിയ സമവാക്യങ്ങളായിരുന്നു. 'ഗുരുജി' എന്നു സ്നേഹപൂര്‍വം അവര്‍ അദ്ദേഹത്തെ വിളിച്ചു. തന്റെകൂടി ശ്രമഫലമായി തിരുവനന്തപുരത്തു സ്ഥാപിക്കപ്പെട്ട പോസ്റ്റല്‍ അക്കൗണ്ട്‌സ്‌ ഓഫീസിനോട്‌ വല്ലാത്ത ഒരാത്മബന്ധമാണ്‌ കടമ്മനിട്ടയ്‌ക്കുണ്ടായിരുന്നത്‌. മദ്രാസ്‌ പി ആന്‍ഡ്‌ ടി ഓഡിറ്റ്‌ ആന്‍ഡ്‌ അക്കൗണ്ട്‌സ്‌ ഓഫീസില്‍ അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം തുടങ്ങി. 1967 ല്‍ തിരുവനന്തപുരത്തെ കവടിയാറില്‍ പി ആന്‍ഡ്‌ ടി ഓഡിറ്റ്‌ ആന്‍ഡ്‌ അക്കൗണ്ട്‌സ്‌ ഓഫീസ്‌ തുടങ്ങിയപ്പോള്‍ ഇവിടെയെത്തി. കവിയെന്ന പ്രശസ്‌തിയുമായി തന്നെയാണ്‌ അദ്ദേഹം എത്തിയത്‌. 1993 മാര്‍ച്ച്‌ 31ന്‌ അക്കൗണ്ട്‌സ്‌ ഓഫീസറായി വിരമിക്കുംവരെ അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രവര്‍ത്തനകേന്ദ്രം അനന്തപുരി തന്നെയായിരുന്നു.സഹപ്രവര്‍ത്തകരുമായുള്ള സഹകരണത്തിന്‌ വളരെ പ്രാധാന്യം കല്‌പിച്ച ഉദ്യോഗസ്ഥനായിരുന്നു കടമ്മനിട്ട. യാത്രകളെ സ്നേഹിച്ചിരുന്ന അദ്ദേഹത്തിന്‌ സ്ഥിരമായി ഇന്‍സ്‌പെക്ഷന്‍ പാര്‍ട്ടിക്കു പോകാനായിരുന്നു താല്‌പര്യം. കാര്യങ്ങള്‍ വളരെ ഗൗരവപൂര്‍വം കൈകാര്യം ചെയ്‌തിരുന്ന ഉദ്യോഗസ്ഥനായിരുന്നു കടമ്മനിട്ടയെന്ന്‌ അദ്ദേഹത്തോടൊപ്പം ഒരു ദശകത്തിലേറെ കാലം പ്രവര്‍ത്തിച്ച അനുഭവമുള്ള പോസ്റ്റല്‍ അക്കൗണ്ട്‌സ്‌ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ടി.പി.രവീന്ദ്രന്‍ അനുസ്‌മരിച്ചു. തപാല്‍ വകുപ്പിലെ ഇടതുപക്ഷ സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന കവി 1974 ലെ പോസ്റ്റല്‍ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു.പോസ്റ്റല്‍ അക്കൗണ്ട്‌സ്‌ റിക്രിയേഷന്‍ ക്ലബ്ബിനെ അറിയപ്പെടുന്ന കലാസംഘടനയായി വളര്‍ത്തുന്നതില്‍ കാര്യമായ പങ്കുവഹിച്ചത്‌ കടമ്മനിട്ടയാണ്‌. എം.ആര്‍.ഗോപകുമാര്‍, എം.കെ.ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരുടെ കലാജീവിതം വളര്‍ച്ച പ്രാപിച്ചത്‌ അദ്ദേഹത്തിന്റെ തണലില്‍തന്നെ. കടമ്മനിട്ടയുടെ വാസസ്ഥാനമായിരുന്ന ശാസ്‌തമംഗലം പൈപ്പിന്‍മൂട്‌ ജങ്‌ഷനിലുള്ള ലോഡ്‌ജ്‌ കലാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായത്‌ സ്വാഭാവികം. നടന്‍ മുരളിയുള്‍പ്പെടെയുള്ളവര്‍ അവിടെ അദ്ദേഹത്തിന്റെ സഹചാരികളായിരുന്നു. നരേന്ദ്രപ്രസാദുമായി കടമ്മനിട്ടയ്‌ക്കുണ്ടായിരുന്ന സൗഹൃദം ഒട്ടേറെ പോസ്റ്റല്‍ ജീവനക്കാരെ 'നാട്യഗൃഹ'ത്തിലെത്തിച്ചിട്ടുണ്ട്‌. തപാല്‍ വകുപ്പിലെ സതീര്‍ഥ്യരെ പടയണിക്കു കൊണ്ടുപോകുന്ന പതിവും അദ്ദേഹത്തിനുണ്ടായിരുന്നു.തിരുവനന്തപുരത്ത്‌ എത്തിയാല്‍ തന്റെ പഴയ തട്ടകവും യൂണിയന്‍ ഓഫീസായ പി ആന്‍ഡ്‌ ടി ഹൗസും സന്ദര്‍ശിക്കാതെ കടമ്മനിട്ട മടങ്ങുമായിരുന്നില്ല. ഇനി പടികയറി വരാന്‍ അദ്ദേഹമുണ്ടാവില്ലെന്ന സത്യം വിശ്വസിക്കാനാവാതെ പോസ്റ്റല്‍ അക്കൗണ്ട്‌സ്‌ ഓഫീസ്‌ മരവിച്ചുനില്‍ക്കുന്നു.

മത്സരിച്ചപ്പോഴും കാത്തുസൂക്ഷിച്ച സൗഹൃദം -എം.വി.രാഘവന്

‍കണ്ണൂര്‍:കടമ്മനിട്ടയുടെ മരണം പുരോഗമന കലാസാഹിത്യസംഘത്തിനും മലയാള സാഹിത്യത്തിനും കനത്തനഷ്‌ടമാണെന്ന്‌ മുന്‍മന്ത്രി എം.വി.രാഘവന്‍ പറഞ്ഞു. ഒരു രാഷ്ട്രീയക്കാരനായി കടമ്മനിട്ടയെ ഒരിക്കലും കണ്ടില്ല. കവിയായും നല്ല സുഹൃത്തായുമാണ്‌ കണ്ടത്‌. നിയമസഭാ തിരഞ്ഞെടുപ്പില്‍ 'ആറന്മുള' മണ്ഡലത്തില്‍ എനിക്കെതിരെ കടമ്മനിട്ടയാണ്‌ എല്‍.ഡി.എഫ്‌. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്‌. ഞാന്‍ തോറ്റു. കടമ്മനിട്ട ജയിച്ചു. തിരഞ്ഞെടുപ്പിലും ഒരിക്കലും കടമ്മനിട്ടയെ ഞാന്‍ രാഷ്ട്രീയമായി കണ്ടില്ല. തമ്മില്‍ മത്സരിക്കുമ്പോഴും കടമ്മനിട്ടയുമായി വ്യക്തിപരമായി ഏറ്റവും സൗഹൃദത്തിലായിരുന്നു-അദ്ദേഹം പറഞ്ഞു.

കടമ്മനിട്ട കവിതയെ ജനകീയവത്‌കരിച്ച മഹാകവി - മുഖ്യമന്ത്രി

തിരുവനന്തപുരം: കവിതയെ ഏറ്റവും ജനകീയവത്‌കരിച്ച മഹാകവിയായിരുന്നു കടമ്മനിട്ട രാമകൃഷ്‌ണനെന്ന്‌ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു. അനീതിക്കും അസമത്വത്തിനും എതിരെയുള്ള ഇടിമുഴക്കങ്ങളായിരുന്നു അദ്ദേഹത്തിന്റെ കവിതകള്‍ - വി.എസ്‌. പറഞ്ഞു. രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ വ്യക്തി - പിണറായി തിരുവനന്തപുരം: മലയാളിയുടെ മനസ്സില്‍ പൊള്ളിക്കുന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ ബോധവത്‌കരിക്കുന്നതില്‍ വലിയ പങ്കാണ്‌ കടമ്മനിട്ട രാമകൃഷ്‌ണന്‍ വഹിച്ചതെന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.ഗ്രാമീണജനതയുടെ തലപ്പൊക്കം''എടാ....'' പരുക്കന്‍ ശബ്ദത്തിലുള്ള ഈ വിളി കേട്ടാലറിയാം-കടമ്മനിട്ട രാമകൃഷ്‌ണന്‍ അടുത്തെവിടെയോ ഉണ്ട്‌.ഇളയ അടുപ്പമുള്ളവരെ അങ്ങനെയേ വിളിക്കൂ. അതൊരു അധികാരമായിരുന്നു. ഒരു ദേശക്കാരണവരുടെ, അല്ലെങ്കില്‍ ഒരു അവകാശമായിരുന്നു- 'നീ എന്റെ കൊച്ചനാണ്‌' എന്ന അവകാശം.കവിയായും നേതാവായുമൊക്കെ എണ്ണം പറഞ്ഞവനായിട്ടും കടമ്മനിട്ട എന്നും ഒരു ഗ്രാമീണനായിരുന്നു. ചന്തയില്‍പോയി മീനും പച്ചക്കറിയും വിലപേശി വാങ്ങുന്ന ഒരു സാധാരണക്കാരന്‍. തന്റെ യശസ്സ്‌ മലയാളി ഉള്ളിടത്തോളം എത്തിയിട്ടും അതിന്റെ തലക്കനം ഒട്ടും ഉണ്ടായിരുന്നില്ല.കടമ്മനിട്ട പടയണിക്ക്‌ ഭൈരവി കോലം എഴുന്നള്ളിക്കുമ്പോള്‍ തോര്‍ത്ത്‌വീശി ആര്‍പ്പുവിളിക്കാന്‍ കടമ്മനിട്ട മുന്നില്‍ തന്നെ ഉണ്ടാവും. ദേശത്തോടും ദേശത്തിലെ അനുഷ്‌ഠാനങ്ങളോടും പുലര്‍ത്തിയ ഈ കൂറ്‌ അദ്ദേഹത്തിന്റെ കവിതയില്‍ താളമായും ഭാഷയായും ഭാവമായും ലയിച്ചുചേര്‍ന്നിരിക്കുന്നു.കടമ്മനിട്ടയുടെ അച്ഛന്‍ രാമന്‍ നായരാശാന്‍ പേരെടുത്ത പടയണി കലാകാരനായിരുന്നു. കേരള സംഗീതനാടക അക്കാദമിയുടെ അവാര്‍ഡും നേടിയിട്ടുണ്ട്‌. എങ്കിലും മൂത്ത മകനായ രാമകൃഷ്‌ണപ്പണിക്കരെ അദ്ദേഹം പടയണി പഠിക്കാനനുവദിച്ചില്ല. മകനെ ഒരുദ്യോഗസ്ഥനാക്കാനാണ്‌ രാമന്‍നായരാശാന്‍ ശ്രദ്ധിച്ചത്‌. അതുകൊണ്ട്‌ രാമകൃഷ്‌ണന്‍ പടയണി കണ്ടും കേട്ടമേ പരിചയിച്ചിട്ടുള്ളൂ.പക്ഷേ, അച്ഛനിലൂടെ രക്തത്തിലലിഞ്ഞ പടയണിത്താളം സ്വന്തം കവിതകളുടെ താളമാക്കി ഈ കവി പടയണിയെന്ന പ്രാചീന കലാരൂപത്തെ തനിക്കാവുംവിധം വളര്‍ത്തി. ഇന്നിപ്പോള്‍ പടയണി, കടമ്മനിട്ട കാവ്‌ എന്നൊക്കെ കേട്ടാല്‍ ഏതൊരു മലയാളിയും ആദ്യം ഓര്‍ക്കുന്ന പേര്‌ കടമ്മനിട്ട രാമകൃഷ്‌ണന്‍ എന്ന കവിയുടേതായിരിക്കും.വാമൊഴിയാണ്‌ മലയാളിയുടെ കവിതാപാരമ്പര്യമെന്ന്‌ തിരിച്ചറിഞ്ഞത്‌ കടമ്മനിട്ടയിലൂടെയാണ്‌. ഏകാന്തതയിലിരുന്ന്‌ വായിച്ച്‌ മനോരാജ്യം കൊള്ളാനുള്ളതാണ്‌ കവിത എന്ന സങ്കല്‌പം അദ്ദേഹം തിരുത്തിയെഴുതി. കൊമ്പന്‍മീശക്കാര്‍ പോലും സ്‌ത്രൈണശബ്ദത്തില്‍ ഉച്ചരിക്കാറുള്ളതാണ്‌ കവിതയെന്ന സങ്കല്‌പവും അദ്ദേഹം കാറ്റില്‍പ്പറത്തി. ഇടിമുഴക്കത്തിന്റെ ശബ്ദത്തിലും കവിതയുണ്ടെന്ന്‌ കടമ്മനിട്ട കാട്ടിത്തന്നു. ഏതു കവിതയും എഴുതിത്തീര്‍ത്താല്‍ ആരെയെങ്കിലും വായിച്ചുകേള്‍പ്പിക്കണമെന്ന്‌ കടമ്മനിട്ടയ്‌ക്ക്‌ നിര്‍ബന്ധമാണ്‌. ആദ്യകാലത്ത്‌ ചെറിയ സാഹിത്യവേദികളില്‍, ചിലപ്പോള്‍ സ്വകാര്യ സദസ്സുകളില്‍, പിന്നീടത്‌ മഹാസദസ്സുകളായി. കോളേജ്‌ കാമ്പസുകളില്‍, തെരുവോരങ്ങളില്‍, പണിശാലകളില്‍ ഒക്കെ കടമ്മനിട്ട കവിത ചൊല്ലുന്നു എന്നു കേട്ടാല്‍ ആളുകള്‍ തടിച്ചുകൂടുകയായി. കവിത കേള്‍ക്കാന്‍ താല്‌പര്യം ഉള്ളവരുള്ളിടത്തൊക്കെ ചൊല്ലാന്‍ കവിയും തയ്യാര്‍.ഇത്‌ പില്‍ക്കാലത്ത്‌ കവിയരങ്ങും ചൊല്‍ക്കാഴ്‌ചയും പോയട്രി തിയേറ്ററും ഒക്കെയായി വികസിച്ചു. എഴുപതുകളും എണ്‍പതുകളും കവിയരങ്ങുകളുടെ കാലമായിരുന്നു. മൂന്നും നാലും മണിക്കൂര്‍ കടമ്മനിട്ട നിര്‍ത്താതെ കവിത ചൊല്ലുമായിരുന്നു. കേരളീയ ഗ്രാമങ്ങളില്‍, വിശേഷിച്ച്‌ മലബാറില്‍ ഇത്രയധികം കവിത ചൊല്ലിയ ഒരാള്‍ കടമ്മനിട്ടയല്ലാതെ മറ്റാരുണ്ട്‌? കവിതയുടെ ശക്തിയും ചൈതന്യവും ആവേശവും-വീരേന്ദ്രകുമാര്‍ കോഴിക്കോട്‌:മലയാള കവിതയുടെ ശക്തിയും ചൈതന്യവും ആവേശവുമായിരുന്നു കടമ്മനിട്ട രാമകൃഷ്‌ണനെന്ന്‌ മാതൃഭൂമി മാനേജിങ്‌ ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി.അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കവിതയെ അദ്ദേഹം ജനകീയമാക്കി. കാലത്തിന്റെ ഗര്‍ജ്ജനങ്ങളായിരുന്നു ആ കവിതകള്‍. കവിത ഉച്ചത്തില്‍ ചൊല്ലിക്കേള്‍ക്കുന്നതിന്റെ സുഖം മലയാളികള്‍ അറിഞ്ഞത്‌ കടമ്മനിട്ടയുടെ ശബ്ദത്തിലായിരുന്നു. കവിതാരചനയുടെ സാമ്പ്രദായിക തത്ത്വങ്ങള്‍ അദ്ദേഹം മാറ്റിമറിച്ചു. ആര്‍ക്കും ആസ്വദിക്കാവുന്നതും അനായാസേന ഗ്രഹിക്കാവുന്നതുമായിരുന്നു അവയുടെ ആശയവും ആവിഷ്‌കരണവും. ഭാഷയില്‍ പുതുമ സൃഷ്‌ടിക്കുക മാത്രമല്ല, സ്വന്തമായി ഒരു ശൈലി രൂപപ്പെടുത്താനും കടമ്മനിട്ടയ്‌ക്ക്‌ കഴിഞ്ഞു. അദ്ദേഹത്തിന്റെ കവിതകള്‍ക്ക്‌ കാലമെത്ര കഴിഞ്ഞാലും ജനമനസ്സുകളില്‍ സ്ഥാനമുണ്ടാകും- വീരേന്ദ്രകുമാര്‍ പറഞ്ഞു. കാലം മറക്കാത്ത കവിത -പി.വി.ചന്ദ്രന്‍കോഴിക്കോട്‌:മലയാള കവിതയില്‍ സ്വന്തമായ ഒരു ഇടം ബാക്കിവെച്ചാണ്‌ കടമ്മനിട്ട രാമകൃഷ്‌ണന്‍ കടന്നുപോയതെന്ന്‌ മാതൃഭൂമി മാനേജിങ്‌ എഡിറ്റര്‍ പി.വി.ചന്ദ്രന്‍ പറഞ്ഞു. സമകാലിക മലയാള കവിതയിലെ മുഴങ്ങുന്ന ശബ്ദമായിരുന്നു കടമ്മനിട്ടയുടേത്‌. അനുവാചകരുടെയും ആസ്വാദകരുടെയും വലിയൊരു നിര അദ്ദേഹത്തിനുണ്ടായിരുന്നു. അതോടൊപ്പം അനുകര്‍ത്താക്കളും. പക്ഷേ, കടമ്മനിട്ടക്കവിത എന്നത്‌ മലയാളത്തില്‍ എന്നും വേറിട്ടശബ്ദമായി നിലകൊണ്ടു. കാലം മറക്കാത്ത കവിതകളായി മലയാളിയുടെ മനസ്സുകളില്‍ അവ ഇടം നേടിയിരിക്കുന്നു-ചന്ദ്രന്‍ പറഞ്ഞു. സഭയില്‍ കവിതകടമ്മനിട്ട രാമകൃഷ്‌ണന്‍ നിയമസഭയില്‍ കവിതകള്‍ ചൊല്ലാറുണ്ടായിരുന്നു. പ്രസംഗിക്കുവാന്‍ ഒരുമിനിറ്റ്‌ മാത്രം അനുവദിച്ചിരുന്നപ്പോഴും മിനിട്ടുകള്‍ എടുത്ത്‌ ജനകീയ പ്രശ്‌നങ്ങള്‍ അദ്ദേഹം കവിതയിലൂടെ അവതരിപ്പിച്ചിരുന്നു. ഇതേപ്പറ്റി കടമ്മനിട്ടയുടെ തന്നെ വാക്കുകള്‍:''കവിത ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതല്ലേ. പിന്നെ, ഞങ്ങള്‍ നാലു സ്വതന്ത്രന്മാരുണ്ട്‌. ഞങ്ങള്‍ തമ്മില്‍ ധാരണയിലെത്തും. ഞാന്‍ പ്രസംഗിക്കുമ്പോള്‍ മറ്റ്‌ മൂന്നുപേരുടെ സമയം കൂടി വാങ്ങും. അവര്‍ പ്രസംഗിക്കുമ്പോള്‍ എന്റെ സമയം കൊടുക്കും.'' ചിന്തേരിടാത്ത കവിതസി.ഹരികുമാര്‍കവിത എന്നും കടമ്മനിട്ടയുടെ വിളിപ്പുറത്തായിരുന്നു. കടമ്മനിട്ടക്കാവില്‍ പടയണിക്ക്‌ നടക്കുന്ന ഒരു ചടങ്ങുണ്ട്‌-ചൂട്ടുവയ്‌പ്‌. ചൂട്ടുവച്ച്‌ പാട്ടുപാടി ദേവിയെ ശ്രീകോവിലില്‍നിന്ന്‌ പടയണിക്കളത്തിലേക്ക്‌ ക്ഷണിച്ചിരുത്തും. എന്നിട്ടാണ്‌ പടയണി.ഇതുപോലെയായിരുന്നു കടമ്മനിട്ടയുടെ കവിതയും. കവിതാദേവതയെ അദ്ദേഹം ദന്തഗോപുരത്തില്‍നിന്ന്‌ വിളിച്ചിറക്കി ജനമധ്യത്തിലേക്ക്‌ കൊണ്ടുവന്നു. വെള്ളിവീഴാത്ത ശബ്ദത്തില്‍ ഗാംഭീര്യത്തോടെ ഉള്ള ആ ആലാപനശൈലിയെ ചില നിരൂപകന്മാരെങ്കിലും ഇകഴ്‌ത്തി. 'തൊണ്ടക്കുഴിയില്‍നിന്ന്‌ പുറപ്പെടുന്നതല്ല കവിത' എന്നായിരുന്നു പരിഹാസം. തന്റെ അഭിജാതമായ മൗനംകൊണ്ട്‌ കടമ്മനിട്ട ഈ പരിഹാസത്തെ അതിജീവിച്ചു.ഉദ്യോഗസംബന്ധമായി പതിറ്റാണ്ടുകളോളം മറുനാട്ടില്‍ ജീവിച്ചിട്ടും സ്വന്തം ഗ്രാമമായ കടമ്മനിട്ടയും കടമ്മനിട്ടക്കാവിലമ്മയും അവിടത്തെ പടയണിയുമായിരുന്നു ആ കവിതയുടെ ഊര്‍ജ്ജം. പടയണി ആശാന്‍കൂടിയായിരുന്ന അച്ഛന്‍ രാമന്‍ നായരിലൂടെ രക്തത്തിലലിഞ്ഞുചേര്‍ന്ന പടയണിയുടെ താളബോധം ഈ കവിതയ്‌ക്ക്‌ അസാധാരണമായ കേഴ്‌വിഭംഗിയും സമ്മാനിച്ചു.നെല്ലിന്‍തണ്ടു മണക്കും വഴികളും എള്ളിന്‍നാമ്പു കുരുക്കും വയലുകളും ഇടിഞ്ഞുപൊളിഞ്ഞ കുളക്കല്‌പടവില്‍ നാമംചൊല്ലിയിരിക്കും തള്ളത്തവളകളും അസ്സല്‍ ഗ്രാമീണദൃശ്യങ്ങളാണ്‌.ചിന്തേരിടാത്ത തടിപോലെയാണ്‌ കടമ്മനിട്ടക്കവിത. ഒരുകാലത്ത്‌ മലയാളിയുവത്വം അത്‌ നെഞ്ചേറ്റി നടന്നതിനു കാരണവും ഈ കാതല്‍ക്കനമാണ്‌. ഒരേസമയം ഈശ്വരവിശ്വാസിയാവാനും കമ്മ്യൂണിസ്റ്റാവാനും ഇതൊക്കെയായിട്ടും മനുഷ്യപക്ഷത്തു നില്‍ക്കാനും ഈ കവിക്കായി. അതുകൊണ്ടുതന്നെയാണ്‌ അദ്ദേഹം ചോദിച്ചത്‌-''നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നില്ലേ?നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചുഴന്നെടുത്തില്ലേ?''എന്ന്‌.ഈ ചോദ്യം അതിന്റെ മുഴക്കം കേട്ടപ്പോള്‍ നമ്മളോരോരുത്തരും നെഞ്ചില്‍ കൈവച്ചുചോദിച്ചില്ലേ, ഈ ചോദ്യം എന്നോടാണോ എന്ന്‌. അതാണ്‌ ഈ കവിയുടെ വിജയം. കാല്‌പനികതയുടെ കുറ്റിയില്‍ക്കിടന്ന്‌ വട്ടംതിരിഞ്ഞുകൊണ്ടിരുന്ന മലയാളകവിതയെ പുതിയ ഒരു ഭാവതലത്തിലേക്കുയര്‍ത്താന്‍ കടമ്മനിട്ടയ്‌ക്ക്‌ കഴിഞ്ഞു. കടമ്മനിട്ടയുടെ പാത പിന്തുടര്‍ന്ന്‌ നിരവധിപ്പേരെത്തി. പക്ഷേ, അവര്‍ക്കൊന്നും കടമ്മനിട്ടയുടെ കരുത്തു കാട്ടാനായില്ല എന്നുപറഞ്ഞാല്‍ അത്‌ ഒരുകേവലസത്യം മാത്രമാണ്‌. അതുകൊണ്ടാണല്ലോ കാല്‍നൂറ്റാണ്ടോളമായി കവിതയുടെ രീതിയില്‍നിന്ന്‌ വഴിമാറിനിന്നിട്ടും അദ്ദേഹത്തിന്‌ പകരംവെക്കാന്‍ മറ്റൊരാളില്ലാത്തത്‌. സാക്ഷാല്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെപ്പോലെയാണ്‌ കടമ്മനിട്ടയും. എഴുതിക്കൂട്ടുകയായിരുന്നില്ല; വായനക്കാരുടെ മനസ്സില്‍ എഴുതിനിറയുകയായിരുന്നു. ഇനി തുളുമ്പും എന്നു തോന്നിയപ്പോള്‍ കുറച്ചു.ചിന്തേരിടാത്ത കവിതയായിരുന്നെങ്കിലും ജീവിതത്തിലെ അതിസൂക്ഷ്‌മഭാവങ്ങള്‍ ആ കവിതയില്‍ ഊടും പാവുമായുണ്ടായിരുന്നു.കോഴി, ചാക്കാല തുടങ്ങിയ കവിതകളിലെ പരുക്കന്‍ പദങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ജീവിതവീക്ഷണം തെളിഞ്ഞുകാണാം. പരിഹാസത്തില്‍ പൊതിഞ്ഞ്‌ അവതരിപ്പിക്കുന്നതുകൊണ്ട്‌ ഉപരിതലദര്‍ശികള്‍ അതില്‍ പരിഹാസം മാത്രമേ കാണുന്നുള്ളൂ.'ശാന്ത'യില്‍ എത്തുമ്പോള്‍ കടമ്മനിട്ടയില്‍ കാണുന്ന അല്‌പം കറുത്തതെന്നു തോന്നുന്ന കാല്‌പനികത ഒട്ടൊന്ന്‌ വെള്ളിരേഖ വീശുന്നു. കാട്ടാളനിലാണ്‌ കറുത്ത കാല്‌പനികത അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ കാണുന്നത്‌. എങ്കിലും ആ അര്‍ത്ഥത്തില്‍ മാത്രം അത്‌ വിലയിരുത്തപ്പെടുന്നത്‌ ശരിയല്ല. കാളിയോടുള്ള പൂര്‍ണസമര്‍പ്പണമാണ്‌ ആ കവിത. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ആധ്യാത്മികമായ ഒരു തലംകൂടി ഈ കവിതയ്‌ക്കുണ്ട്‌. കിരാതവൃത്തങ്ങളുടെ കവിതന്റെ നാടിന്റെ ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവുമായ വ്യക്തിത്വം സ്വന്തം കൃതികളുടെ അനിവാര്യപ്രകൃതിയാക്കി മാറ്റിയ കവിയാണ്‌ കടമ്മനിട്ട രാമകൃഷ്‌ണന്‍.1935 മാര്‍ച്ച്‌ 22 നാണ്‌ ജനനം. ചിത്തിരനക്ഷത്രത്തില്‍. അച്ഛന്‍ പ്രശസ്‌ത പടയണി ആചാര്യനായിരുന്ന മേലേത്തറയില്‍ രാമന്‍നായരാശാന്‍. അമ്മ കുട്ടിയമ്മ. അമ്മ ഈണത്തില്‍ ചൊല്ലുന്ന കീര്‍ത്തനങ്ങള്‍ കേട്ടുകൊണ്ട്‌ ഉണരുന്ന പ്രഭാതങ്ങളും അച്ഛന്‍ ഓര്‍മ പുതുക്കാനും ഉള്ളിലുറപ്പിക്കാനുമായി പാടുന്ന പടയണിപ്പാട്ടുകള്‍ കേട്ട്‌ ഉറങ്ങിപ്പോകുന്ന രാത്രികളും നിറഞ്ഞതായിരുന്ന രാമകൃഷ്‌ണന്റെ ശൈശവം. സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത്‌ കടമ്മനിട്ട ഗവണ്‍മെന്റ്‌ മിഡില്‍ സ്‌കൂളിലാണ്‌. തുടര്‍ന്ന്‌ പത്തനംതിട്ട ചുട്ടിപ്പാറ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍ സെക്കന്റ്‌ ഫാറത്തില്‍ ചേര്‍ന്നു. സിക്‌സ്‌ത്തു ഫോറമിലായപ്പോള്‍ കോഴഞ്ചേരി സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിലേക്ക്‌ മാറി. കോട്ടയം സി.എം.എസ്‌ കോളജില്‍ ഇന്റര്‍മീഡിയറ്റിന്‌ ചേര്‍ന്നു. ബി.എയ്‌ക്ക്‌ പഠിച്ചത്‌ ചങ്ങനാശ്ശേരി എന്‍.എസ്‌.എസ്‌ ഹിന്ദു കോളജിലായിരുന്നു. കോളജ്‌ വിദ്യാഭ്യാസകാലത്ത്‌ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തോടടുത്ത രാമകൃഷ്‌ണന്‍ പാര്‍ട്ടി മെമ്പറായി. സാമ്പത്തികഞെരുക്കം ഏറെയുള്ള കുടുംബത്തിലെ മൂത്തമകനായിരുന്നു. ബി.എ പഠനത്തിന്‌ ശേഷം രണ്ടുകൊല്ലമായിട്ടും ജോലി ലഭിക്കാതെ വന്നപ്പോള്‍ തൊഴില്‍ തേടി നാടുവിട്ടു. ആസാമിലേക്ക്‌ പുറപ്പെട്ട്‌ കല്‍ക്കത്തയിലെത്തി. അഭയാര്‍ത്ഥികളുടെ പ്രശനങ്ങള്‍ കടമ്മനിട്ടയുടെ മനസ്സിനെ ഏറെ വല്ലാതെ ഉലച്ചു. മൂന്നുമാസത്തെ കല്‍ക്കത്ത ജീവിതത്തിന്‌ ശേഷം മദിരാശിയില്‍ ജേലിക്ക്‌ ചേരാനുള്ള അറിയിപ്പ്‌ കിട്ടി. മദിരാശിയിലെ സഹവാസം സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സിലെ വിദ്യാര്‍ഥികള്‍ക്കൊപ്പമായിരുന്നു. പാരീസ്‌ വിശ്വനാഥന്‍, കാനായി കുഞ്ഞിരാമന്‍, സി.എന്‍ കരുണാകരന്‍, കെ.വി ഹരിദാസ്‌ എന്നിങ്ങനെ പോകുന്നു ലോഡ്‌ജിലെ അന്തേവാസികളുടെ നിര. ഈ കൂടിച്ചേരലാണ്‌ കടമ്മനിട്ടയിലെ കവിയെ ഉണര്‍ത്തിയത്‌. 1976 ലാണ്‌ തിരുവനന്തപുരത്തേക്ക്‌ സ്ഥലംമാറി വരുന്നത്‌. വളരെക്കുറച്ച്‌ കവിതകള്‍ മാത്രമെഴുതിയ കവിയാണ്‌ കടമ്മനിട്ട. 1965 മുതല്‍ 1991 വരെയുള്ള കാലത്തിനിടയില്‍ അദ്ദേഹം പ്രസിദ്ധം ചെയ്‌ത കവിതകള്‍ 80 എണ്‍പതിനടുത്ത്‌ വരും. ജീവിതവൈചിത്ര്യങ്ങളെ സമഗ്രതയോടെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചവയാണ്‌ കടമ്മനിട്ടയുടെ കവിതകള്‍. അവയൊരിക്കലും വര്‍ത്തമാനകാല കവിതയുടെ വഴക്കങ്ങളെ പിന്തുടര്‍ന്നില്ല. കവിത എഴുതിക്കഴിഞ്ഞാല്‍ അത്‌ ആരെയെങ്കിലും ചെല്ലിക്കേള്‍പ്പിക്കണമെന്നത്‌ രാമകൃഷ്‌ണന്‌ നിര്‍ബന്ധമാണ്‌. ആദ്യകാലത്തെ കവിത ചൊല്ലല്‍ പിന്നീട്‌ കവിയരങ്ങും ചൊല്‍ക്കാഴ്‌ചയും പോയട്രി തിയേറ്ററും ആയി വികസിച്ചു. മൂന്നും നാലും മണിക്കൂര്‍ തുടര്‍ച്ചയായി കവിത ചൊല്ലിയിട്ടും ആസ്വാദകര്‍ വീണ്ടും കവിത ചൊല്ലാനാവശ്യപ്പെട്ടിരുന്ന അനുഭവങ്ങള്‍ നിരവധി. കേരളീയ ഗ്രാമങ്ങളില്‍ വിശേഷിച്ച്‌ മലബാര്‍ പ്രദേശത്ത്‌ ഇത്രയധികം കവിതചൊല്ലിയ മറ്റൊരു കവിയില്ല. സമീക്ഷ, അന്വേഷണം, കേരളകവിത, ബോധി, സമസ്യ, പ്രസക്‌തി, പ്രേരണാസംക്രമണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലാണ്‌ കവിതകള്‍ ഏറെയും പ്രസിദ്ധപ്പെടുത്തിയത്‌. 1982 ല്‍ ആശാന്‍ സമ്മാനവും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ന്യൂയോര്‍ക്കിലെ ഇന്റര്‍നാഷണല്‍ മലയാളി ഫൗണ്ടേഷന്‍ അവാര്‍ഡ്‌(1984), അബുദാബി മലയാളം സമാജം അവാര്‍ഡ്‌(1982), ഒമാന്‍ കള്‍ച്ചറല്‍ സെന്റര്‍ അവാര്‍ഡ്‌(1986) എന്നീ പുരസ്‌കാരങ്ങള്‍ ആദ്യമായി ലഭിച്ചതും കടമ്മനിട്ടയ്‌ക്കാണ്‌. പാരീസ്‌ വിശ്വനാഥനോടൊപ്പം 1978 ല്‍ കടമ്മനിട്ട ഭാരതപര്യടനം നടത്തി. 1963 ലാണ്‌ അദ്ദേഹം വിവാഹിതനായത്‌. ശ്രീമതി ശാന്തയാണ്‌ ഭാര്യ.