Tuesday, February 26, 2008

ജീവിതച്ചെലവ്; പ്രവാസികളില്‍ ഭൂരിഭാഗം ഗള്‍ഫ് വിടാന്‍ ഒരുങ്ങുന്നതായി സര്‍വേ

ജീവിതച്ചെലവ്; പ്രവാസികളില്‍ ഭൂരിഭാഗം ഗള്‍ഫ് വിടാന്‍ ഒരുങ്ങുന്നതായി സര്‍വേ

ദുബായ്: ജീവിതച്ചെലവിലെ വന്‍വര്‍ധനതാങ്ങാനാകാതെ വലിയൊരുവിഭാഗം പ്രവാസി തൊഴിലാളികള്‍ ഗള്‍ഫ് വിടാന്‍ തയാറെടുക്കുന്നതായി സര്‍വേ ഫലം. തൊഴില്‍ അന്വേഷകര്‍ക്കായുള്ള ബായ്ത് ഡോട് കോം എന്ന വെബ്സൈറ്റും യോഗോസിരാജ് എന്ന വിശകലന സ്ഥാപനവും ചേര്‍ന്നു നടത്തിയ ഒാണ്‍ലൈന്‍ സര്‍വേയില്‍ മേഖല തൊഴിലാളിക്ഷാമത്തിലേക്കു നീങ്ങാമെന്നും സൂചനയുണ്ട്.
ജിസിസി രാജ്യങ്ങളിലെ 20 വ്യവസായങ്ങളില്‍ ജോലി ചെയ്യുന്ന 15000 പ്രവാസി ജോലിക്കാരാണ് സര്‍വേയില്‍ പങ്കെടുത്തത്. ജീവിതച്ചെലവിലെ വര്‍ധന ശമ്പളവര്‍ധനയെ കടത്തിവെട്ടിയതോടെ പ്രവാസി ജോലിക്കാരുടെ ബജറ്റ് താളം തെറ്റി. ഇതോടെ മെച്ചപ്പെട്ട മേഖല തേടുകയാണ് മിക്കവരും. ദുബായില്‍ ജീവിതച്ചെലവ് 37 % ഉയര്‍ന്നപ്പോള്‍ ശമ്പള വര്‍ധന 17 % മാത്രം.
ജീവിതച്ചെലവില്‍ 38% വര്‍ധന വന്ന ഖത്തറിലാണ് പ്രശ്നം ഏറ്റവും രൂക്ഷം. ഇവിടെ ശമ്പളവര്‍ധന 16% മാത്രമായിരുന്നു. ഖത്തറില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനത്തോളം പേര്‍ രാജ്യം വിടാന്‍ ഒരുങ്ങുകയാണ്. ഒമാനില്‍ ഇത്തരക്കാര്‍ 47 ശതമാനമാണ്. യുഎഇയില്‍ നിന്നുള്ളവരില്‍ 37% രാജ്യംവിടാന്‍ ആലോചിക്കുന്നു. 40% പേര്‍ നിലവിലുള്ള ജോലി വിട്ട് മറ്റു വ്യവസായങ്ങളിലേക്ക് മാറാന്‍ തയാറെടുക്കുന്നു. കുവൈത്തിലാണ് രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ കുറവ്- 32%.
സൌദിയില്‍ 45% പേര്‍ നിലവിലുള്ള ജോലി വിട്ട് മെച്ചപ്പെട്ട ജോലിക്കു ചേരാനും 19 % പേര്‍ മറ്റു മേഖലയിലേക്ക് മാറാനും ആഗ്രഹിക്കുന്നു. ഖത്തറിലും ഒമാനിലും ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ 20 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച ശമ്പളം ലഭിച്ചത് യുഎഇയിലെയും ഖത്തറിലെയും ജോലിക്കാര്‍ക്കാണ്. ഖത്തറില്‍ ശരാശരി 17ശതമാനവും യുഎഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ 17% വീതവും ശമ്പളവര്‍ധനയുണ്ടായി. സൌദിയിലാണ് വര്‍ധന ഏറ്റവും കുറവ് 12%.
ജീവിതച്ചെലവും വരുമാനവും തമ്മിലുള്ള അന്തരം കുറയ്ക്കാതെ മികച്ച ജോലിക്കാരെ മേഖലയിലേക്ക് ആകര്‍ഷിക്കാനോ നിലനിര്‍ത്താനോ കഴിയില്ലെന്ന് ബായ്ത് ഡോട് കോം ചീഫ് എക്സിക്യുട്ടീവ് ഒാഫിസര്‍ റബെയ അതായ പറഞ്ഞു.

Wednesday, February 20, 2008

സാറാ ജോസഫിന് സ്വീകരണം നല്‍കി

സാറാ ജോസഫിന് സ്വീകരണം നല്‍കി

കുവൈത്ത് സിറ്റി: മനുഷ്യപക്ഷത്ത് നിന്നുകൊണ്ടുള്ള സാംസ്കാരിക മുന്നേറ്റത്തിന് പ്രവാസി കൂട്ടായ്മകള്‍ മുന്നോട്ട് വരണമെന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് ആവശ്യപ്പെട്ടു. ഹൃസ്വ സന്ദര്‍ശനത്തിനായി കുവൈത്തിലെത്തിയ അവര്‍ കല കുവൈത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. സാമൂഹിക തിന്മകള്‍ക്കെതിരെയുള്ള പോരാട്ടം പല വിധത്തിലാകാം . ഞാനത് എഴുത്തിലൂടെയാണ് നിര്‍വഹിക്കുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു.
സാറാ ജോസഫിനും പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഡോ. എം.രവീന്ദനും കലാ കുവൈത്തിന്റെ ഉപഹാരങ്ങള്‍ നല്‍കി. റിഗ്ഗയില്‍ നടന്ന സ്വീകരണ പരിപാടിയില്‍ പ്രസിഡന്റ് സുഗതന്‍ പന്തളം അധ്യക്ഷത വഹിച്ചു.

Monday, February 11, 2008

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ക്ക് സാധ്യത

ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനസര്‍വീസുകള്‍ക്ക് സാധ്യത .


അബുദാബി: ഏപ്രിലോടെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വിദേശ വിമാനക്കമ്പനികള്‍ക്ക് തുറന്നുകിട്ടുമെന്ന പ്രതീക്ഷ ഉണര്‍ന്നതോടെ യു.എ.ഇ.യിലെ ചില വിമാനക്കമ്പനികള്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. കോഴിക്കോട്ടേക്ക് സര്‍വീസ് അനുവദിക്കുകയാണെങ്കില്‍ യു.എ.ഇ.യിലെ ഇത്തിഹാദ് എയര്‍വേയ്സ്, റാസല്‍ഖൈമയിലെ റാസല്‍ഖൈമ എയര്‍വേയ്സ് എന്നിവ സര്‍വീസ് നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി_തിരുവനന്തപുരം റൂട്ടുകളില്‍ കഴിഞ്ഞവര്‍ഷം വിദേശ വിമാനക്കമ്പനികള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ ബജറ്റ് എയര്‍ലൈന്‍ ഉയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ചാണ് സ്വകാര്യ വിമാനക്കമ്പനികള്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സര്‍വീസ് നടത്തുന്നത്.
അതേസമയം സ്വകാര്യ വിമാനക്കമ്പനികളുടെ ആധിപത്യം ചെറുക്കാന്‍ എയര്‍ ഇന്ത്യയും ഒരുങ്ങുകയാണ്. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ മേഖലകളില്‍ നിന്ന് ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചുകഴിഞ്ഞു. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഷാര്‍ജ_തിരുവനന്തപുരം റൂട്ടില്‍ നാല് വിമാനങ്ങള്‍ കൂടുതലായി സര്‍വീസ് നടത്തും. ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30 നാണ് ഷാര്‍ജയില്‍ നിന്ന് വിമാനം പുറപ്പെടുക. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് അബുദാബി, ദുബായ്, ഷാര്‍ജ ഭാഗങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസാണ് എയര്‍ഇന്ത്യാ എക്സ്പ്രസ് തുടങ്ങുന്നത്.
ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി 20 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരില്‍ 50 ശതമാനം പേര്‍ പ്രതിവര്‍ഷം അവധിക്ക് വരികയാണെങ്കില്‍ പത്തുലക്ഷം യാത്രക്കാരാണ് ഗള്‍ഫ്_കേരള റൂട്ടില്‍ ഉണ്ടാവുക.
ഗള്‍ഫില്‍ നിന്ന് പാകിസ്താനിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പോലെ കേരളത്തിലേക്ക് യാത്രക്കൂലി കുറവാണെങ്കില്‍ ഏറെ മലയാളികള്‍ ആറുമാസം കൂടുമ്പോള്‍ നാട്ടില്‍ പോകും.കൂടുതല്‍ വിമാനക്കമ്പനികള്‍ കേരളത്തിലേക്ക് പറക്കുന്നതോടെ മത്സരം വര്‍ധിക്കുമെന്നും യാത്രാനിരക്ക് കുറയുമെന്നുമുള്ള പ്രതീക്ഷയിലാണ് ഗള്‍ഫ് മലയാളികള്‍.