Tuesday, April 28, 2009

തമിഴര്‍ എരിഞ്ഞടങ്ങുമ്പോള്‍ കലൈഞ്ജരുടെ കലാപരിപാടി

തമിഴര്‍ എരിഞ്ഞടങ്ങുമ്പോള്‍ കലൈഞ്ജരുടെ കലാപരിപാടി

വടക്കന്‍ ശ്രീലങ്കയിലെ തമിഴ് ഭൂരിപക്ഷപ്രദേശങ്ങള്‍ അടര്‍ത്തിമാറ്റി സ്വതന്ത്ര പരമാധികാര ഈഴം റിപ്പബ്ളിക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൊല്ലും കൊലയും കുലവൃത്തിയായി സ്വീകരിച്ച വേലുപ്പിള്ള പ്രഭാകരന്റെ തമിഴ് ഈഴം പുലികള്‍ എല്‍ടിടിഇ അന്തിമ ദുരന്തത്തെ നേരിടുകയാണ്. ബാലികാബാലന്മാരെയും സ്ത്രീകളെയുംവരെ നിര്‍ബന്ധിച്ച് സൈന്യത്തില്‍ ചേര്‍ത്ത് പടക്കോപ്പ് നല്‍കി രക്ഷാവലയം തീര്‍ക്കുകയെന്ന നീചകൃത്യം മാത്രമല്ല വേലുപ്പിള്ള പ്രഭാകരന്റെ അടവ്. വംശവെറിയന്‍ സിംഹള സംഘടനകളെയും നേതാക്കന്മാരേയുംകാള്‍ കൂടുതല്‍ അയാള്‍ വെറുക്കുന്നതും തന്റെ ഏകാധിപത്യത്തിനു വെല്ലുവിളിയായി കരുതി വകവരുത്തുന്നതും മറ്റ് തമിഴ് സംഘടനകളെയും അതിന്റെ നേതാക്കളെയുമാണ്. അപ്രകാരമുള്ള കൊലപാതകങ്ങളില്‍ ഒന്നുമാത്രമായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയുടെ വധം. ശ്രീലങ്കന്‍ പരമാധികാരത്തിനു കീഴില്‍ തമിഴ് ഭൂരിപക്ഷപ്രദേശങ്ങള്‍ക്ക് കഴിയുന്നത്ര സ്വയംഭരണാവകാശം നല്‍കാമെന്ന മുന്‍ പ്രസിഡന്റ് കുമാരി വിജയതുംഗെയോട് പ്രഭാകരന്‍ പ്രകടിപ്പിച്ച നന്ദി ഒരു വധശ്രമമായിരുന്നു. കുമാരിയുടെ ഒരു കണ്ണ് പൊട്ടിപ്പോയി. വേറെ പലരെയും പതിയിരുന്ന് കൊലപ്പെടുത്തിയ പുലികള്‍ സ്വന്തം അനുയായികളെയും നേതാക്കളെയുംവരെ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചതിന് കൊന്നുതള്ളിയിട്ടുണ്ട്. യൂറോപ്പിലെ നോര്‍വെ മധ്യസ്ഥത്തിന് ഒരുങ്ങി പല കൂടിയാലോചനയും നടത്തിയപ്പോഴെല്ലാം ശ്രീലങ്കന്‍ പരമാധികാരത്തിനു വിധേയമായി സ്വയംഭരണം കിട്ടണമെന്ന വാദം പ്രഭാകരന്‍ അംഗീകരിച്ചതാണ്. ഒടുവില്‍ അത് തീരുമാനമാകുമ്പോഴേക്കും പ്രഭാകരന്‍ വാഗ്ദാനം ലംഘിച്ച് കൂടിയാലോചന തകര്‍ത്തു. വാസ്തവത്തില്‍ ഈ കൂടിയാലോചന തന്റെ താവളം വികസിപ്പിക്കാനുള്ള സന്ദര്‍ഭമായാണ് പ്രഭാകരന്‍ ഉപയോഗിച്ചത്. ഇത്രയും ആയപ്പോഴേക്കും തമിഴ് ഈഴം പുലികളെ ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും ഭീകരസംഘക്കാരായി പ്രഖ്യാപിക്കുകയും അവരുടെ ആസ്തി മരവിപ്പിക്കുകയുംചെയ്തു. ഈ പശ്ചാത്തലത്തിലാണ് മഹിന്ദ രാജപക്സെ പുലികളുമായി അന്തിമ പോരാട്ടത്തിന് ശ്രീലങ്കന്‍സേനയെ നിയോഗിച്ചത്. അത് അന്തിമഘട്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയുമാണ്. പുലിത്താവളമെല്ലാം സേന പിടിച്ചുകഴിഞ്ഞു. തീര്‍ച്ചയായും ഈ പോരാട്ടത്തില്‍ സൈനികര്‍ക്കെന്നപോലെ തമിഴര്‍ക്കും ആളപായം ഉണ്ടായിട്ടുണ്ട്. വളരെ ദയനീയവും ഭീകരവുമാണ് മുമ്പ് പുലികള്‍ പിടിച്ചടക്കിയിരുന്ന പ്രദേശങ്ങളിലെ തമിഴരുടെ ജീവിതം. ലങ്കന്‍സൈന്യത്തിന്റെ ആക്രമണത്തില്‍നിന്ന് പുലികളെ രക്ഷിക്കാനായി സൈനികമേഖലയിലെ തമിഴ്വംശജരെ കുരുതികൊടുക്കുകയാണ് പ്രഭാകരന്‍ ചെയ്തത്. അവര്‍ക്ക് രക്ഷാസ്ഥാനങ്ങളിലേക്ക് അഭയാര്‍ഥികളായി പോകാന്‍പോലും പുലികള്‍ അനുവദിച്ചില്ല. കൂടാതെ, നേരത്തെ പരാമര്‍ശിച്ചവിധം ബാലികാബാലന്മാരെയും സ്ത്രീകളെയും പുലികള്‍ രക്ഷാവലയമാക്കി സൈന്യത്തിന് കുരുതികൊടുത്തു. സിംഹളസൈന്യവും കണ്ണില്‍ചോരയില്ലാത്ത കൂട്ടക്കൊലയാണ് നടത്തുന്നത് എന്നതില്‍ സംശയമില്ല. പുലിത്താവളമെല്ലാം വിമോചിപ്പിച്ച് യുദ്ധം അന്ത്യഘട്ടത്തിലേക്കെത്തുമ്പോള്‍ ഇതുവരെ പുലികളുടെ പിടിയില്‍ അമര്‍ന്നിരുന്ന ലക്ഷക്കണക്കിനു തമിഴര്‍ അഭയാര്‍ഥികളായി ഓടിപ്പോകുന്നു. ഓടിപ്പോകുന്ന അഭയാര്‍ഥികളെയും പുലികള്‍ വെടിവച്ച് കൊല്ലാറുണ്ടെങ്കിലും ഇപ്പോള്‍ അവര്‍ക്ക് കരുത്തില്ല. ഈ അഭയാര്‍ഥികളെ ചികിത്സയും ഭക്ഷണവും പാര്‍പ്പിടവും നല്‍കി രക്ഷിക്കാന്‍ മുന്നോട്ടുവന്ന ഐക്യരാഷ്ട്രസഭാ ദൌത്യസംഘമുള്‍പ്പെടെയുള്ളവരെ രാജപക്സെ സര്‍ക്കാര്‍ അതിന് അനുവദിക്കുന്നുമില്ല. തമിഴരുടെ മൂലജന്മഭൂമിയായ ഇന്ത്യ ഈ ദുരവസ്ഥയില്‍ ദുഃഖിതയാണ്. രാജപക്സെയുടെ അടുത്ത നടപടി മയപ്പെടുത്താനും ജീവകാരുണ്യപ്രവര്‍ത്തനം അനുവദിക്കാനും ഇന്ത്യ ഇടപെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും വേണ്ടത്ര ഫലം കണ്ടിട്ടില്ല. അതേസമയം കശ്മീര്‍, അസം തുടങ്ങിയ സ്ഥലങ്ങളിലെ വിഘടനവാദത്തിന്റെ വൈഷമ്യം അനുഭവിക്കുന്ന ഇന്ത്യക്ക് പുലികളുടെ വിഘടനവാദവും അംഗീകരിക്കാന്‍ കഴിയില്ല. സാമ്രാജ്യവാദികള്‍ ദലൈലാമയോടൊത്ത് ടിബറ്റന്‍ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തില്‍ ചൈനയ്ക്കും പുലികളുടെ വിഘടനവാദത്തെ അംഗീകരിക്കാനാകില്ല. അതേസമയം, ശ്രീലങ്കയിലെ തമിഴര്‍ കടലിന്റെയും ചെകുത്താന്റെയും ഇടയിലെന്നപോലെ സര്‍ക്കാരിന്റെയും പുലികളുടെയും മധ്യേ ഇയാംപാറ്റകളെപ്പോലെ ചത്തുവീഴുന്നത് കണ്ടില്ലെന്നു നടിക്കാനുമാകില്ല. ഈ അവസ്ഥയില്‍ ശ്രീലങ്ക നടത്തുന്ന സൈനികനീക്കത്തെ നാസികളുടെ ജൂതവിരുദ്ധ നരഹത്യകളോട് താരതമ്യപ്പെടുത്തുന്നത് ഹിറ്റ്ലറുടെ ശ്രീലങ്കന്‍ പതിപ്പായ പ്രഭാകരനെ ന്യായീകരിക്കുന്നതിനു തുല്യമായിരിക്കും. ഇന്ത്യ തമിഴ്ജനതയുടെ മൂലജന്മഭൂമി മാത്രമല്ല പ്രഭാകരന്റെയും പുലികളുടെയും അതിക്രമത്തിന് ഇരയുമാണ്. രാജീവ്ഗാന്ധി വധക്കേസിലെ പ്രതിയായ പ്രഭാകരനെ ഇന്ത്യന്‍ കോടതികള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്ന പിടികിട്ടാപ്പുള്ളിയാണ്. വൈരുധ്യം നിറഞ്ഞതും വേദനാനിര്‍ഭരവുമായ ഈ ദയനീയാവസ്ഥയെ പത്ത് വോട്ട് കിട്ടാന്‍വേണ്ടി ചൂഷണംചെയ്യുന്ന ദുര്‍വൃത്തിയിലാണ് തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ മുത്തുവേല്‍ കരുണാനിധി ഏര്‍പ്പെട്ടിരിക്കുന്നത്. ശ്രീലങ്കയില്‍ പ്രഭാകരന്റെ അതിക്രമംമൂലമായാലും രാജപക്സെയുടെ ആക്രമണംമൂലമായാലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോട് ഇന്ത്യയിലെ തമിഴര്‍ക്കും മറ്റുള്ളവര്‍ക്കും സഹതാപം തോന്നുക സ്വാഭാവികമാണ്. പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഈ ഘട്ടത്തില്‍ മുതലെടുപ്പു നടത്താന്‍വേണ്ടി കരുണാനിധി പ്രഖ്യാപിച്ചു: "പ്രഭാകരന്‍ ഭീകരനല്ല, എന്റെ സുഹൃത്താണ്. അയാള്‍ വധിക്കപ്പെട്ടാല്‍ ഞാന്‍ ദുഃഖിക്കും''. തമിഴ്നാട്ടിലും ഇന്ത്യയിലുടനീളവും പ്രത്യേകിച്ച് കരുണാനിധിയുടെ സഖ്യകക്ഷിയായ കോഗ്രസിലും ഉയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് താന്‍ അങ്ങനെയല്ല ഇങ്ങനെയാണ് പറഞ്ഞതെന്ന് കരുണാനിധി പറഞ്ഞ വാക്കുകള്‍ വിഴുങ്ങി. കലാരസികനെന്ന് സ്വയം വിശേഷിപ്പിച്ച് കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധി ഏറ്റവും ഒടുവില്‍ നടത്തിയ പരിഹാസ്യമായ കലാപരിപാടിയാണ് ശ്രീലങ്കന്‍ തമിഴര്‍ക്കുവേണ്ടി എന്നു പറഞ്ഞ് അടുത്ത ആഹാരസമയംവരെ നിരാഹാരം പ്രഖ്യാപിച്ചത്. ഉടന്‍തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും സോണിയ ഗാന്ധിയെയും കൊണ്ട് അഭ്യര്‍ഥന വരുത്തിച്ച് അടുത്ത ആഹാരസമയത്തിനുമുമ്പുതന്നെ നിരാഹാരം പിന്‍വലിക്കുകയുംചെയ്തു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശിവശങ്കര്‍മേനോനും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണനും കൊളംബോയില്‍ പോയി ആവശ്യപ്പെട്ടതനുസരിച്ച് രാജക്പസെ സര്‍ക്കാര്‍ വെടിനിര്‍ത്തിയതായി വാര്‍ത്ത പരത്തി കരുണാനിധിയും മന്‍മോഹന്‍സിങ്ങും വോട്ടുപിടിക്കാനുള്ള തട്ടിപ്പു ശ്രമത്തിലാണ്. ശ്രീലങ്കന്‍ സര്‍ക്കാര്‍ വെടിനിര്‍ത്തി എന്ന പ്രഖ്യാപനത്തോടൊപ്പംതന്നെ വെടിനിര്‍ത്തിയില്ല, കടുത്ത ആയുധങ്ങള്‍ ഉപയോഗിക്കുകയില്ലെന്നു മാത്രമേയുള്ളൂ എന്ന ഔദ്യോഗിക വിശദീകരണവും വന്നപ്പോള്‍ കലൈഞ്ജരുടെ കഥ ഒരു കോമാളിനാടകമായി. ഇപ്പറഞ്ഞതിനര്‍ഥം ശ്രീലങ്കന്‍ സൈനികനടപടിയുടെ വിവേചനരഹിതമായ ക്രൂരതയെ പൊറുപ്പിക്കണമെന്നല്ല. ഇവയ്ക്ക് പ്രഭാകരന്റെയും പുലികളുടെയും ഉത്തരവാദിത്തംകൂടി കാണണമെന്നാണ്. പ്രഭാകരനും പുലികളും തോല്‍ക്കണം. തമിഴര്‍ ജയിക്കണം. അവരുടെ ദുരവസ്ഥയ്ക്കും അഭയാര്‍ഥികളുടെ പുനരധിവാസത്തിനും ഇന്ത്യയും സാര്‍വദേശീയ സമൂഹവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം.
പി ഗോവിന്ദപ്പിള്ള
Deshabhimani

കണ്ണൂരില്‍ വ്യപകമായ അക്രമങല്‍ നടത്താനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ഗുഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയുടെയും വയലാര്‍ രവിയുടെയും പങ്കാളിത്തം തെളിനിഞ്ഞു

കണ്ണൂരില്‍ വ്യപകമായ അക്രമങല്‍ നടത്താനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ഗുഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയുടെയും വയലാര്‍ രവിയുടെയും പങ്കാളിത്തം തെളിനിഞ്ഞു: പിണറായി.

തിരു: കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കേരളത്തിലാകെ സമാധാനം തകര്‍ക്കാനും നടന്ന ഗൂഢാലോചനയില്‍ തങ്ങള്‍ക്കുള്ള പങ്ക് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി വയലാര്‍ രവിയും വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഉത്തരവാദിത്തമുള്ള രാഷ്ട്രീയനേതാവിന്റെ പങ്കായിരുന്നോ കണ്ണൂരില്‍ നിറവേറ്റിയതെന്ന് ഉമ്മന്‍ചാണ്ടി വിശദമാക്കണം. ക്വട്ടേഷന്‍സംഘത്തിന്റെ സംരക്ഷണത്തിന് എന്തിന് ജില്ലാ ഭരണാധികാരികളെയും പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെന്ന് വയലാര്‍ രവി വെളിപ്പെടുത്തണമെന്നും എ കെ ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ പിണറായി ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട കോഗ്രസ് നേതാക്കളടക്കം പങ്കെടുത്ത ഗൂഢാലോചന വിജയിച്ചിരുന്നെങ്കില്‍ കണ്ണൂരില്‍ കൂട്ടക്കൊലപാതകം ഉണ്ടാകുമായിരുന്നു. അക്രമത്തിന് പശ്ചാത്തലമൊരുക്കുന്നതിനാണ് കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പോകുന്നെന്ന ആക്ഷേപവുമായി കെ സുധാകരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന മനസ്സിലാക്കി അതു തടയാന്‍ പൊലീസിന് കഴിഞ്ഞു. ഭീതിജനകമായ അന്തരീക്ഷമുണ്ടെന്ന് വരുത്താന്‍ കോഗ്രസ് നേതാക്കള്‍ ഒരുപാട് പ്രസ്താവന ഇറക്കി. യുഡിഎഫ് പ്രചാരവേലയ്ക്ക് ഒരു വിഭാഗം മാധ്യമങ്ങള്‍ വലിയ തോതില്‍ സഹായവും നല്‍കി. അബ്ദുള്ളക്കുട്ടിയെ ആക്രമിക്കാന്‍ പോകുന്നു എന്നുവരുത്താന്‍ നാടകം അരങ്ങേറി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു ഒന്നിലധികം ക്വട്ടേഷന്‍സംഘങ്ങളുടെ വരവ്. കണ്ണൂരിലെത്തിയ ഇവരെ പൊലീസ് പിടികൂടുമെന്നു കണ്ടപ്പോള്‍ ഡിസിസി ഓഫീസിലേക്ക് മാറ്റി. ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ച് കൂട്ടക്കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന നടപ്പാക്കാന്‍ ഉദ്ദേശിച്ച തെരഞ്ഞെടുപ്പുദിവസംതന്നെ പുതുപ്പള്ളിയില്‍ വോട്ടുചെയ്തശേഷം ആകാശമാര്‍ഗം ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തി. വടകര സ്വകാര്യ ആശുപത്രിയിലും കണ്ണൂരിലെ ആശുപത്രിയിലും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുഡിഎഫ് പ്രവര്‍ത്തകരെ കാണാനായിരുന്നു തന്റെ യാത്രയെന്നും ഇത് പെട്ടെന്ന് തീരുമാനിച്ചതാണെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. തെരഞ്ഞെടുപ്പുദിവസം രാവിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആരും ഈ ആശുപത്രികളില്‍ ഉണ്ടായിരുന്നില്ല. ഏത് യുഡിഎഫ് പ്രവര്‍ത്തകരെ കാണാനാണ് ഉമ്മന്‍ചാണ്ടി എത്തിയതെന്ന് വിശദീകരിക്കണം. മുന്‍കൂട്ടി ആലോചിച്ചപ്രകാരമാണ് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പോയതെന്നും തനിക്ക് വിമാനം കിട്ടാത്തതുകൊണ്ട് കോഴിക്കോട്ടേക്ക് പോയില്ലെന്നുമാണ് ചെന്നിത്തല പറഞ്ഞത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. കളവുപറയുന്നത് ആരാണ്? ഡിസിസി ഓഫീസില്‍നിന്ന് ക്വട്ടേഷന്‍സംഘക്കാരെയും വാഹനങ്ങളെയും പൊലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്യുന്നത് തടയാന്‍ സുധാകരന്റെ നേതൃത്വത്തില്‍ 15 മണിക്കൂര്‍ സിഐ ഓഫീസ് ഉപരോധിച്ചു. ചോദ്യംചെയ്യുന്നത് ഒഴിവാക്കാന്‍ എന്തിന് ഉപരോധം സംഘടിപ്പിച്ചു? ആസൂത്രണംചെയ്ത കൂട്ടക്കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത് തടയുക എന്നതായിരുന്നില്ലേ ഉദ്ദേശ്യം. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന, ഇപ്പോള്‍ പ്രതിപക്ഷനേതാവായ ഉമ്മന്‍ചാണ്ടി ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പങ്ക് നിറവേറ്റിയിട്ടുണ്ടോ. തനിക്കുപറ്റിയ തെറ്റ് ജനങ്ങളോട് തുറന്നുപറഞ്ഞ് ഉപവാസം അനുഷ്ഠിക്കുന്നത് ചെയ്ത പാപം മാറ്റാന്‍ സഹായമാണെന്ന് പിണറായി പറഞ്ഞു. വയലാര്‍ രവിയുടെ പങ്കും പരിശോധിക്കേണ്ടതുണ്ട്. കേന്ദ്രമന്ത്രി എന്നനിലയില്‍ വയലാര്‍ രവിക്ക് സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ ബന്ധപ്പെടാം. എന്നാല്‍, അതിന് ശ്രമിക്കാതെ ജില്ലാ അധികൃതരില്‍ നേരിട്ട് സമ്മര്‍ദംചെലുത്താനാണ് രവി ശ്രമിച്ചതെന്ന് പിണറായി പറഞ്ഞു.
രാഷ്ട്രീയലേഖകന്‍

കണ്ണൂരില്‍ വ്യപകമായ അക്രമങല്‍ നടത്താനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ഗുഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയുടെയും വയലാര്‍ രവിയുടെയും പങ്കാളിത്തം തെളിനിഞ്ഞു: പി

കണ്ണൂരില്‍ വ്യപകമായ അക്രമങല്‍ നടത്താനും ക്രമസമാധാനം തകര്‍ക്കാനുമുള്ള ഗുഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയുടെയും വയലാര്‍ രവിയുടെയും പങ്കാളിത്തം തെളിനിഞ്ഞു: പിണറായി.

തിരു: കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കേരളത്തിലാകെ സമാധാനം തകര്‍ക്കാനും നടന്ന ഗൂഢാലോചനയില്‍ തങ്ങള്‍ക്കുള്ള പങ്ക് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി വയലാര്‍ രവിയും വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഉത്തരവാദിത്തമുള്ള രാഷ്ട്രീയനേതാവിന്റെ പങ്കായിരുന്നോ കണ്ണൂരില്‍ നിറവേറ്റിയതെന്ന് ഉമ്മന്‍ചാണ്ടി വിശദമാക്കണം. ക്വട്ടേഷന്‍സംഘത്തിന്റെ സംരക്ഷണത്തിന് എന്തിന് ജില്ലാ ഭരണാധികാരികളെയും പൊലീസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടെന്ന് വയലാര്‍ രവി വെളിപ്പെടുത്തണമെന്നും എ കെ ജി സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ പിണറായി ആവശ്യപ്പെട്ടു. ഉത്തരവാദപ്പെട്ട കോഗ്രസ് നേതാക്കളടക്കം പങ്കെടുത്ത ഗൂഢാലോചന വിജയിച്ചിരുന്നെങ്കില്‍ കണ്ണൂരില്‍ കൂട്ടക്കൊലപാതകം ഉണ്ടാകുമായിരുന്നു. അക്രമത്തിന് പശ്ചാത്തലമൊരുക്കുന്നതിനാണ് കണ്ണൂരില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പോകുന്നെന്ന ആക്ഷേപവുമായി കെ സുധാകരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചന മനസ്സിലാക്കി അതു തടയാന്‍ പൊലീസിന് കഴിഞ്ഞു. ഭീതിജനകമായ അന്തരീക്ഷമുണ്ടെന്ന് വരുത്താന്‍ കോഗ്രസ് നേതാക്കള്‍ ഒരുപാട് പ്രസ്താവന ഇറക്കി. യുഡിഎഫ് പ്രചാരവേലയ്ക്ക് ഒരു വിഭാഗം മാധ്യമങ്ങള്‍ വലിയ തോതില്‍ സഹായവും നല്‍കി. അബ്ദുള്ളക്കുട്ടിയെ ആക്രമിക്കാന്‍ പോകുന്നു എന്നുവരുത്താന്‍ നാടകം അരങ്ങേറി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു ഒന്നിലധികം ക്വട്ടേഷന്‍സംഘങ്ങളുടെ വരവ്. കണ്ണൂരിലെത്തിയ ഇവരെ പൊലീസ് പിടികൂടുമെന്നു കണ്ടപ്പോള്‍ ഡിസിസി ഓഫീസിലേക്ക് മാറ്റി. ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ച് കൂട്ടക്കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന നടപ്പാക്കാന്‍ ഉദ്ദേശിച്ച തെരഞ്ഞെടുപ്പുദിവസംതന്നെ പുതുപ്പള്ളിയില്‍ വോട്ടുചെയ്തശേഷം ആകാശമാര്‍ഗം ഉമ്മന്‍ചാണ്ടി കണ്ണൂരിലെത്തി. വടകര സ്വകാര്യ ആശുപത്രിയിലും കണ്ണൂരിലെ ആശുപത്രിയിലും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുഡിഎഫ് പ്രവര്‍ത്തകരെ കാണാനായിരുന്നു തന്റെ യാത്രയെന്നും ഇത് പെട്ടെന്ന് തീരുമാനിച്ചതാണെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിശദീകരണം. തെരഞ്ഞെടുപ്പുദിവസം രാവിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആരും ഈ ആശുപത്രികളില്‍ ഉണ്ടായിരുന്നില്ല. ഏത് യുഡിഎഫ് പ്രവര്‍ത്തകരെ കാണാനാണ് ഉമ്മന്‍ചാണ്ടി എത്തിയതെന്ന് വിശദീകരിക്കണം. മുന്‍കൂട്ടി ആലോചിച്ചപ്രകാരമാണ് ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ പോയതെന്നും തനിക്ക് വിമാനം കിട്ടാത്തതുകൊണ്ട് കോഴിക്കോട്ടേക്ക് പോയില്ലെന്നുമാണ് ചെന്നിത്തല പറഞ്ഞത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്. കളവുപറയുന്നത് ആരാണ്? ഡിസിസി ഓഫീസില്‍നിന്ന് ക്വട്ടേഷന്‍സംഘക്കാരെയും വാഹനങ്ങളെയും പൊലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്യുന്നത് തടയാന്‍ സുധാകരന്റെ നേതൃത്വത്തില്‍ 15 മണിക്കൂര്‍ സിഐ ഓഫീസ് ഉപരോധിച്ചു. ചോദ്യംചെയ്യുന്നത് ഒഴിവാക്കാന്‍ എന്തിന് ഉപരോധം സംഘടിപ്പിച്ചു? ആസൂത്രണംചെയ്ത കൂട്ടക്കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നത് തടയുക എന്നതായിരുന്നില്ലേ ഉദ്ദേശ്യം. ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായിരുന്ന, ഇപ്പോള്‍ പ്രതിപക്ഷനേതാവായ ഉമ്മന്‍ചാണ്ടി ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പങ്ക് നിറവേറ്റിയിട്ടുണ്ടോ. തനിക്കുപറ്റിയ തെറ്റ് ജനങ്ങളോട് തുറന്നുപറഞ്ഞ് ഉപവാസം അനുഷ്ഠിക്കുന്നത് ചെയ്ത പാപം മാറ്റാന്‍ സഹായമാണെന്ന് പിണറായി പറഞ്ഞു. വയലാര്‍ രവിയുടെ പങ്കും പരിശോധിക്കേണ്ടതുണ്ട്. കേന്ദ്രമന്ത്രി എന്നനിലയില്‍ വയലാര്‍ രവിക്ക് സംസ്ഥാനത്തെ ക്രമസമാധാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ ബന്ധപ്പെടാം. എന്നാല്‍, അതിന് ശ്രമിക്കാതെ ജില്ലാ അധികൃതരില്‍ നേരിട്ട് സമ്മര്‍ദംചെലുത്താനാണ് രവി ശ്രമിച്ചതെന്ന് പിണറായി പറഞ്ഞു.
രാഷ്ട്രീയലേഖകന്‍

Saturday, April 11, 2009

ഇടതുപക്ഷവും ന്യൂനപക്ഷവും

ഇടതുപക്ഷവും ന്യൂനപക്ഷവും

പിണറായി വിജയന്

‍കോഗ്രസ് ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നതിനെയും ആ പാര്‍ടിയുടെ കപടമായ ന്യൂനപക്ഷ സ്നേഹത്തെയും കുറിച്ചാണ് കഴിഞ്ഞ ദിവസം ഈ പംക്തിയില്‍ ചര്‍ച്ചചെയ്തത്. കോഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കേരളത്തില്‍ വന്ന് പറഞ്ഞത്, ഇവിടെ ന്യൂനപക്ഷാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നുവെന്നാണ്. അതേസമയം, ഇടതുപക്ഷത്തിന്റെ വര്‍ഗീയവിരുദ്ധ നിലപാടിനെയും ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളോടുള്ള സുവ്യക്തമായ സമീപനത്തെയും തെറ്റായി ചിത്രീകരിച്ച് അതില്‍ വര്‍ഗീയത ആരോപിച്ചുള്ള പ്രചാരണങ്ങള്‍ കേരളത്തിലെ യുഡിഎഫ് ബോധപൂര്‍വം നടത്തുന്നുമുണ്ട്്. അബ്ദുള്‍ നാസര്‍ മഅ്ദനി നേതൃത്വം നല്‍കുന്ന പിഡിപി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ആസൂത്രിതമായി ഉയര്‍ത്തിയ കുപ്രചാരണങ്ങള്‍ അത്തരം ചില ലക്ഷ്യങ്ങളോടെയായിരുന്നെന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ളതല്ല ഇടതുപക്ഷത്തിന്റെ വര്‍ഗീയവിരുദ്ധ-ഭീകരവാദവിരുദ്ധ സമീപനം. രണ്ട് അപകടത്തെയും ഇടതുപക്ഷം എതിര്‍ക്കുന്നത് വാക്കുകള്‍കൊണ്ട് കസര്‍ത്തുകാണിച്ചല്ല. കശ്മീരില്‍ തീവ്രവാദ ഭീഷണിക്കെതിരായ പോരാട്ടമാണ് സിപിഐ എമ്മിനെ ഭീകരസംഘടനകളുടെ കടുത്ത ശത്രുപട്ടികയിലെത്തിച്ചത്. കശ്മീരിലെ സിപിഐ എമ്മിന്റെ ഉന്നത നേതാക്കള്‍ ഭീകരവാദികളുടെ ആക്രമണലക്ഷ്യമാണ്. മരണത്തെ ഭയപ്പെടാതെ അവര്‍ ധീരോദാത്തമായി പോരാടുന്നു. ആ പോരാട്ടത്തെ അംഗീകരിക്കുകയും അതാണ് തങ്ങളുടെ രക്ഷാമാര്‍ഗമെന്ന് കരുതുകയും ചെയ്യുന്ന ജനങ്ങള്‍ സിപിഐ എമ്മില്‍ അണിചേര്‍ന്നതുകൊണ്ടാണ് പാര്‍ടി അവിടെ വളര്‍ന്നുവരുന്നത്. ഭീകരവാദികളുടെ ആക്രമണത്തില്‍ സിപിഐ എമ്മിന്റെ മുന്നൂറിലേറെ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പഞ്ചാബില്‍, ഖാലിസ്ഥാന്‍ തീവ്രവാദി ഗ്രൂപ്പുകള്‍ക്കെതിരായ പോരാട്ടത്തിലും അനേകം സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ജീവത്യാഗം ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇവിടെ, കേരളത്തില്‍ 2008ല്‍ മാത്രം മൂന്ന് സിപിഐ എം പ്രവര്‍ത്തകരെയാണ് എന്‍ഡിഎഫ് കൊലപ്പെടുത്തിയത്. 2005നു ശേഷം 25 സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊലചെയ്തു. ഇതെല്ലാം കാണിക്കുന്നത്, വര്‍ഗീയ-ഭീകര ശക്തികള്‍ ഉന്നംവയ്ക്കുന്നത് സിപിഐ എമ്മിനെയാണ്; പാര്‍ടി ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടിനെയാണ് എന്നതാണ്. കേരളത്തില്‍ മുന്‍ യുഡിഎഫ് ഭരണകാലത്ത് 18 പേര്‍ വര്‍ഗീയകലാപങ്ങളില്‍ കൊല്ലപ്പെട്ടെങ്കില്‍, 1996-2001ലെയോ ഇപ്പോഴത്തെയോ എല്‍ഡിഎഫ് ഭരണത്തില്‍ ഒരൊറ്റ വര്‍ഗീയകലാപംപോലും ഉണ്ടായിട്ടില്ല; ഒരാളും കൊല്ലപ്പെട്ടിട്ടുമില്ല. യഥാര്‍ഥത്തില്‍, സിപിഐ എമ്മിന്റെ വര്‍ഗീയവിരുദ്ധ നിലപാടുകൊണ്ടാണ് സോണിയ ഗാന്ധി നയിക്കുന്ന യുപിഎ സംവിധാനം ഭരണത്തിലെത്തിയതും ഇന്ന് കോഗ്രസിന് കേന്ദ്ര ഭരണകക്ഷിയായി തുടരാന്‍ കഴിയുന്നതും. ആക്രമണോത്സുകമായ ഹിന്ദുത്വ അജന്‍ഡയുമായി ഭരണഘടനയെത്തന്നെ അട്ടിമറിക്കാന്‍ ബിജെപി നേതൃത്വത്തില്‍ ഒരുങ്ങുന്ന അവസ്ഥയായിരുന്നു 2004ല്‍. ലോക്സഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ അത്തരമൊരു അപകടത്തിലേക്ക് നയിക്കുമെന്നുകണ്ടാണ്, കോഗ്രസ് നേതൃത്വത്തിലുള്ള ഗവമെന്റിന് പിന്തുണ നല്‍കാന്‍ ഇടതുപക്ഷ കക്ഷികള്‍ തീരുമാനിച്ചത്. ആ പിന്തുണതന്നെ വര്‍ഗീയവിരുദ്ധ സമരത്തിന്റെ ഭാഗമായിരുന്നു. ബിജെപിക്കും ഹിന്ദുത്വവര്‍ഗീയതയ്ക്കും എതിരായ സമരവും ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും സിപിഐ എമ്മിന്റെ ദേശീയ നയങ്ങളുടെ ആണിക്കല്ലുകളാണ്. അഞ്ചുവര്‍ഷത്തെ യുപിഎ ഭരണം പൂര്‍ത്തിയാക്കുമ്പോഴുള്ള സ്ഥിതി എന്താണ്? മുസ്ളിം സമുദായം ആര്‍എസ്എസ് നേതൃത്വത്തിലുള്ള ഹിന്ദുവര്‍ഗീയവാദികളുടെ ആക്രമണലക്ഷ്യമായി ഇപ്പോഴും തുടരുന്നു. ഗുജറാത്ത്, മധ്യപ്രദേശ്, ഒറീസ, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ ആക്രമണപരമ്പരയുണ്ടായിരിക്കുന്നു. ബിജെപി-ആര്‍എസ്എസ് പ്രഭൃതികളുടെ വിദ്വേഷപ്രചാരണം പടര്‍ന്നുപിടിക്കുന്നതിനു തെളിവാണിത്. രാമക്ഷേത്രവും രാമസേതുവും മറ്റും തെരഞ്ഞെടുപ്പുവിഷയമാക്കിയുള്ള ബിജെപിയുടെ പ്രകടനപത്രിക വ്യക്തമാക്കുന്നത്, സംഘപരിവാര്‍ വിദ്വേഷത്തിന്റെ രാഷ്ട്രീയം ശക്തമാക്കുന്നുവെന്നാണ്. ഭീകരവാദത്തിനെതിരായ ചെറുത്തുനില്‍പ്പിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളും ഉണ്ടാകുന്നു. ഭീകരപ്രവര്‍ത്തനത്തെ സംബന്ധിച്ച ബിജെപിയുടെ ഇരട്ട നിലപാട് പൂര്‍ണമായും തുറന്നുകാട്ടപ്പെട്ടിരുന്നു. എല്ലാ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തവും മുസ്ളിം സമുദായത്തിന്റെ തലയില്‍ കെട്ടിവയ്ക്കുന്ന ബിജെപി, മലേഗാവ് സ്ഫോടനക്കേസില്‍ പ്രതികളായ ഹിന്ദുത്വ തീവ്രവാദികളെ സംരക്ഷിക്കാന്‍ മടിയില്ലാതെ രംഗത്തിറങ്ങി. ഹിന്ദുമത പ്രവര്‍ത്തകരെ പീഡിപ്പിക്കുകയാണ് എന്ന് ആരോപിക്കാന്‍പോലും അവര്‍ തയ്യാറായി. ഇതൊന്നും കാണാതെ, പ്രധാനമന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു എന്ന 'കുറ്റ'മാണ് കോഗ്രസ് അധ്യക്ഷ ബിജെപിക്കുമേല്‍ ആരോപിക്കുന്നത്്. ഭീകരതയ്ക്കെതിരെ ബിജെപിയേക്കാള്‍ ചെയ്തത് തങ്ങളാണെന്നും അവകാശവാദം നടത്തുന്നു. ബിജെപിയുടെയും അതിനെ നയിക്കുന്ന ആര്‍എസ്എസിന്റെയും വര്‍ഗീയതയും അതിന്റെ അപകടവും കാണാതെ ഉപരിപ്ളവമായ ചില കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ചുള്ള ഈ പ്രകടനംതന്നെ കോഗ്രസിന്റെ പൊള്ളയായ സമീപനം തെളിയിക്കുന്നു. ബിജെപി ഉയര്‍ത്തുന്ന വര്‍ഗീയതയ്ക്കും അതിനെതിരെ എന്നപേരില്‍ ഉയര്‍ന്നുവരുന്ന ന്യൂനപക്ഷവര്‍ഗീയതയ്ക്കും എല്ലാതരത്തിലുമുള്ള ഭീകരപ്രവണതകള്‍ക്കും എതിരായ ദൃഢനിശ്ചയം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിനുള്ള സന്ദര്‍ഭമായാണ് ഈ തെരഞ്ഞെടുപ്പിനെ ഇടതുപക്ഷം കാണുന്നത്. മതനിരപേക്ഷത നിലനിന്നുകാണണമെന്നാഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഇടതുപക്ഷത്തിന്റെ ഈ സമീപനമാണ് അംഗീകരിക്കാനാവുക. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും അവരുടെ സാമൂഹ്യവും സാമ്പത്തികവുമായ വളര്‍ച്ച ഉറപ്പുവരുത്തുന്നതിലും ചാഞ്ചാട്ടവും വൈമനസ്യവും കാണിച്ചത് കോഗ്രസാണ്. ആ കോഗ്രസിനെക്കൊണ്ട് കണക്കു പറയിപ്പിക്കുന്നതിനുള്ള സന്ദര്‍ഭംകൂടിയാണ് ന്യൂനപക്ഷവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് ഈ തെരഞ്ഞെടുപ്പ്. രാജ്യത്തിന്റെ മുന്നിലുള്ള അനുഭവങ്ങളില്‍നിന്ന് സംശയാതീതമായി വ്യക്തമാകുന്നത് വര്‍ഗീയതയ്ക്കും ഭീകരതയ്ക്കുമെതിരായ പോരാട്ടത്തില്‍ ഭരണനടപടികള്‍ക്കൊപ്പം രാഷ്ട്രീയമായ നടപടികളും ആവശ്യമാണെന്നാണ്. ഈ പോരാട്ടത്തില്‍ ജനങ്ങളെയാകെ ഒന്നിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിന് കോഗ്രസ് തയ്യാറല്ല എന്നതാണ് പ്രശ്നം. അവരുടെ അജന്‍ഡ തെരഞ്ഞെടുപ്പുമാത്രമാണ്. അതില്‍ നേട്ടമുണ്ടാക്കാന്‍ വര്‍ഗീയപ്രീണനവും വര്‍ഗീയവിദ്വേഷത്തെ ഊട്ടിവളര്‍ത്തലും പതിവാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ, കോഗ്രസിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടുന്നതും വര്‍ഗീയതയ്ക്കെതിരായ സമരത്തില്‍ പ്രധാനമാണ്. ഇടതുപക്ഷത്തെ ഏതെങ്കിലും വര്‍ഗീയതയുമായി കൂട്ടിക്കെട്ടുന്ന കുപ്രചാരണങ്ങളുണ്ടാകുമ്പോള്‍ ഞങ്ങള്‍ അതിനെ തീര്‍ത്തും അവഗണിക്കുന്നത്, വര്‍ഗീയതയ്ക്കെതിരായ ഞങ്ങളുടെ നിലപാടിന് ഒരു സര്‍ട്ടിഫിക്കറ്റിന്റെയും ആവശ്യമില്ല എന്നതുകൊണ്ടാണ്. എത്രതന്നെ രൂക്ഷമായ കുപ്രചാരണങ്ങളുണ്ടായാലും ഉലഞ്ഞുപോകുന്നതല്ല ഇടതുപക്ഷത്തിന്റെ വര്‍ഗീയവിരോധം. ആരുതന്നെ എതിര്‍ത്തുനിന്നാലും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്നിടത്ത് ചെറുത്തുനില്‍ക്കാന്‍ ഇടതുപക്ഷമുണ്ടാകും. ഭീകരതയ്ക്കെതിരെ ഇഞ്ചിനിഞ്ച് പൊരുതുന്നതിലും ഇടതുപക്ഷം മുന്‍നിരയില്‍ നില്‍ക്കും.

Monday, April 6, 2009

ആന്റണിക്ക് മറ്റെന്തു മാര്‍ഗം?

ആന്റണിക്ക് മറ്റെന്തു മാര്‍ഗം?

പിണറായി വിജയന്

‍കോഗ്രസിന് കേരളീയര്‍ചെയ്ത ഓരോ വോട്ടും പാഴായ അനുഭവമായിരുന്നു 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍. സംസ്ഥാനത്തെ ഇരുപതു മണ്ഡലത്തില്‍ ഒരിടത്തുപോലും ആ പാര്‍ടിക്ക് ജയിക്കാനായില്ല. കോഗ്രസ് നയിക്കുന്ന യുഡിഎഫിന് കിട്ടിയത് ഒരേയൊരു സീറ്റ്-അത് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിനു പോയി.കോഗ്രസുകാരനായ ഒരു ലോക്സഭാംഗംപോലും ഇല്ലാതിരുന്നിട്ടും കേരളത്തിന്റെ ശബ്ദം സഭയില്‍ മുഴങ്ങാതിരുന്നില്ല. സംസ്ഥാനത്തുനിന്നുള്ള എംപിമാര്‍ ഫലപ്രദമായി ഇടപെടുകയും നാടിന്റെ ആവശ്യങ്ങളും പ്രശ്നങ്ങളുമുയര്‍ത്തുകയുംചെയ്തു. എ കെ ആന്റണിയുടെ പാര്‍ടി നയിക്കുന്ന യുപിഎ സര്‍ക്കാര്‍ കേരളത്തോട് കൊടിയ അവഗണന കാട്ടിയപ്പോഴെല്ലാം ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പാര്‍ലമെന്റംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തുകയും പ്രക്ഷോഭത്തിന്റെ വഴിയിലേക്ക് നീങ്ങുകയുംചെയ്തു. സംസ്ഥാനത്തുനിന്നുള്ള ഇരുപത് ലോക്സഭാംഗങ്ങളുടെയും പിന്തുണയുണ്ടായിട്ടുകൂടി കേരളത്തോട് സാമാന്യനീതി കാട്ടാന്‍ യുപിഎ ഗവമെന്റ് തയ്യാറാകാത്തതുകൊണ്ടാണ് അത്തരം പ്രതികരണങ്ങള്‍ വേണ്ടിവന്നത്. മുന്‍കാലത്ത്, കോഗ്രസ് ജനങ്ങളോട് ചോദിച്ചിരുന്നത്, "ഇടതുപക്ഷക്കാരെ പാര്‍ലമെന്റിലേക്ക് അയച്ചിട്ട് കാര്യമില്ലല്ലോ, ഭരണം ഞങ്ങളുടേതല്ലേ വരൂ, അതുകൊണ്ട് കോഗ്രസിനെ സഹായിക്കുന്നതല്ലേ നല്ലത്'' എന്നായിരുന്നു. ഇന്ന് അത്തരമൊരു ചോദ്യം പരിഹാസ്യമാണ്. കാരണം, കോഗ്രസിന് പതിനഞ്ചാം ലോക്സഭയില്‍ ഭൂരിപക്ഷം നേടാനോ, സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണം ലഭിക്കത്തക്കവിധത്തിലുള്ള അംഗസംഖ്യ ആര്‍ജിക്കാനോ പറ്റുന്ന സാഹചര്യം നിലവിലില്ല. എ കെ ആന്റണി കേരളത്തില്‍ വന്ന് പറഞ്ഞപോലെ 'കോഗ്രസിന്റെ പിന്തുണ മന്‍മോഹന്‍സിങ്ങിന്റെ സര്‍ക്കാരിനു മാത്രം' എന്ന അവസ്ഥ ഉണ്ടാകാന്‍ പോകുന്നില്ല എന്നര്‍ഥം. 2004ലെ തെരഞ്ഞെടുപില്‍ ഇടതുപക്ഷം മുന്നോട്ടുവച്ച നിലപാട്, ബിജെപിയെ അധികാരത്തില്‍നിന്ന് പുറത്താക്കുക, മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തില്‍ ഏറ്റുക, ഇടതുപക്ഷത്തിന്റെ അംഗസംഖ്യ ഇന്ത്യന്‍ പാര്‍ലമെന്റില്‍ വര്‍ധിപ്പിക്കുക എന്നിവയായിരുന്നു. മൂന്നു ലക്ഷ്യവും യാഥാര്‍ഥ്യമായി. തെരഞ്ഞെടുപ്പിനുശേഷം യുപിഎ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷം തയ്യാറായതും അതിന്റെ ഭാഗമായാണ്. കിട്ടിയ അവസരമുപയോഗിച്ച് അധികാരത്തില്‍ പങ്കുപറ്റാനോ മന്ത്രിസ്ഥാനങ്ങള്‍ കണക്കുപറഞ്ഞ് വാങ്ങാനോ അല്ല ഇടതുപക്ഷം തയ്യാറായത്. രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സാമ്രാജ്യത്വ ആഗോളവല്‍ക്കരണ നയങ്ങളില്‍നിന്ന് നാടിനെ രക്ഷിക്കാനുമുള്ള ഉപാധികളോടെ പുറത്തുനിന്ന് പിന്തുണ നല്‍കുകയാണുണ്ടായത്. ആ ഉപാധികളാണ് പൊതുമിനിമം പരിപാടിയില്‍ ഇടതുപക്ഷം മുന്നോട്ടുവച്ചത്. കോഗ്രസ് കിട്ടിയ അവസരത്തിലെല്ലാം പൊതുമിനിമം പരിപാടിയെ മറികടന്ന് സാമ്രാജ്യത്വ അജന്‍ഡ നടപ്പാക്കാന്‍ ശ്രമിച്ചു. ഏറ്റവുമൊടുവില്‍ ആണവസഹകരണ കരാറിന്റെ പേരില്‍ ഇന്ത്യയുടെ പരമാധികാരംപോലും അമേരിക്കയ്ക്ക് അടിയറവയ്ക്കാന്‍ കോഗ്രസ് തയ്യാറായപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. ഇടതുപക്ഷം പിന്തുണച്ചില്ലെങ്കില്‍ യുപിഎ സംവിധാനം ഭരണത്തിലേറുമായിരുന്നില്ല. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയും എ കെ ആന്റണി പ്രതിരോധമന്ത്രിയും ആകുമായിരുന്നില്ല. മന്‍മോഹന്‍സിങ്ങിനെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയല്ല ആ തെരഞ്ഞെടുപ്പിനെ കോഗ്രസ് നേരിട്ടത്. തെരഞ്ഞെടുപ്പിനുശേഷം ഇടതുപക്ഷ പിന്തുണ ഉറപ്പാക്കിയപ്പോഴാണ്, കോഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാമെന്നായതും മന്‍മോഹന്‍ പ്രധാനമന്ത്രിയായതും. ഇന്ന് എ കെ ആന്റണി, ഇടതുപക്ഷത്തോട് ആരാണ് നിങ്ങളുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി എന്നു ചോദിക്കുമ്പോഴുള്ള ഉത്തരം അഞ്ചുവര്‍ഷം മുമ്പത്തെ ആ അനുഭവംതന്നെയാണ്. കോഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്താനാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം പ്രവര്‍ത്തിക്കുന്നത്. മതനിരപേക്ഷതയിലൂന്നിയ സര്‍ക്കാരാണ് അധികാരത്തിലേറുക. ബിജെപിക്കോ കോഗ്രസിനോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സ്വാധീനം പതിനഞ്ചാം ലോക്സഭയില്‍ ലഭിക്കില്ല എന്ന് ആ പാര്‍ടികള്‍തന്നെ സമ്മതിച്ചിട്ടുണ്ട്. ബിജെപി നേതൃത്വം വച്ചുപുലര്‍ത്തുന്ന പരമാവധി പ്രതീക്ഷ വലിയ ഒറ്റകക്ഷിയാകണം എന്നുമാത്രമാണ്. എന്‍ഡിഎ എന്ന മുന്നണി തകരുകയും ബിജെപി വര്‍ഗീയ അജന്‍ഡയുമായി മുന്നോട്ടുപോകുന്നതിനെതിരെ അവശേഷിക്കുന്ന ഘടക കക്ഷികള്‍തന്നെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിലവിലുള്ള അവസ്ഥയില്‍ ഇന്ന് ലോക്സഭയിലുള്ള അംഗസംഖ്യയുടെ അടുത്തുപോലും ബിജെപി എത്താന്‍ സാധ്യതയില്ല. കോഗ്രസാകട്ടെ, ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായ അവസ്ഥയാണ് നേരിടുന്നത്. യുപിഎ ഇന്ന് നിലവിലില്ല. ബിഹാറില്‍ മൂന്ന് സീറ്റ് 'വേണമെങ്കില്‍ എടുത്തോളൂ' എന്ന് ഘടകകക്ഷികള്‍ കോഗ്രസിനോട് പറഞ്ഞതില്‍നിന്ന് ആ പാര്‍ടിയുടെ ഇന്നത്തെ നില വ്യക്തമാകുന്നുണ്ട്. ഇത്തരമൊരവസ്ഥയിലും യാഥാര്‍ഥ്യബോധം കാണിക്കാന്‍ കോഗ്രസ് തയാറാകുന്നില്ല എന്നതിനു തെളിവാണ് മൂന്നാം മുന്നണി ഗവമെന്റ് രൂപീകരിക്കുന്നതിനെ പിന്തുണ്യക്കില്ലെന്ന ആന്റണിയുടെ പ്രസ്താവന. കോഗ്രസിനുമുന്നില്‍ മറ്റെന്താണ് മാര്‍ഗം? തെരഞ്ഞെടുപ്പുകഴിഞ്ഞാല്‍ ബിജെപിയെ സഹായിക്കാനാണോ കോഗ്രസ് തയ്യാറാവുക എന്ന് ആന്റണി വ്യക്തമാക്കണം. അധികാരക്കുത്തക തകരുകയും അനുദിനം ശോഷിക്കുകയും രാജ്യത്തിന്റെ പാതിയിലേറെ ഭാഗങ്ങളില്‍ ചെറുകക്ഷികളുടെ തലത്തിലേക്ക് പിന്തള്ളപ്പെടുകയുംചെയ്ത പാര്‍ടിയാണ് കോഗ്രസ് എന്ന യാഥാര്‍ഥ്യം ആന്റണിയടക്കമുള്ളവര്‍ ഉള്‍ക്കൊള്ളണം. കോഗ്രസിനെപ്പോലെ ക്ഷീണിക്കുകയല്ല, ക്രമാനുഗതമായി വളരുകയാണ് ഇടതുപക്ഷമെന്നും രാജ്യത്തെ മതനിരപേക്ഷ-സാമ്രാജ്യവിരുദ്ധ ശക്തികളെ ഒരുമിപ്പിക്കാനും നയിക്കാനുമുള്ള ശേഷി ഇടതുപക്ഷത്തിനുമാത്രമാണെന്നുമുള്ള വസ്തുതയ്ക്കുനേരെ കണ്ണടച്ചിട്ടു കാര്യമില്ല. 1952ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിക്ക് ലോക്സഭയില്‍ 16 സീറ്റും 3.3 ശതമാനം വോട്ടും ആണെങ്കില്‍ 2004ല്‍ സിപിഐ എമ്മിനുമാത്രം 43 സീറ്റും ആറ് ശതമാനത്തോളം വോട്ടുമാണ്് കിട്ടിയത്. സിപിഐക്ക് 10 സീറ്റു ലഭിച്ചു. ഇരുപാര്‍ടിക്കും 7.4 ശതമാനം വോട്ടുകിട്ടി. ഈ തെരഞ്ഞെടുപ്പില്‍ അത് വീണ്ടും ഉയരാന്‍ പോകുന്നു. രാജസ്ഥാന്‍, തമിഴ്നാട്, ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം നടത്തിയ മുന്നേറ്റങ്ങള്‍ പതിനഞ്ചാം ലോക്സഭയില്‍ ഇടതുപക്ഷ ബ്ളോക്ക് കൂടുതല്‍ ശക്തിയാര്‍ജിക്കുന്നതിലേക്കാണ് നയിക്കുക. ഇടതുപക്ഷ സാന്നിധ്യത്തിന് പാര്‍ലമെന്റില്‍ കരുത്തുകൂടുന്നതിലൂടെയാണ് രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കപ്പെടുക എന്ന ബോധ്യത്തോടെയാണ്, അനുഭവത്തിന്റെ വെളിച്ചത്തില്‍ ഇക്കുറി കേരളത്തിലെ ജനങ്ങള്‍ പോളിങ്ബൂത്തിലെത്തുക. ആ വോട്ട്, കോഗ്രസിനെ വീണ്ടും അധികാരമേല്‍പ്പിക്കാനുള്ളതല്ല, കോഗ്രസും ബിജെപിയും നയിക്കാത്ത, ജനങ്ങള്‍ക്കുവേണ്ടി പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കാനുള്ളതാവും. ഇന്ന് ആന്റണി പറയുന്ന നിലപാടിന് തെരഞ്ഞെടുപ്പുഫലം വരുന്നതുവരെയേ ആയുസ്സുള്ളൂ എന്നര്‍ഥം. അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ കോഗ്രസിന് നല്‍കുന്ന വോട്ടുകളെ പാഴ്വോട്ടിന്റെ ഗണത്തിലേ പെടുത്താനാകൂ.

Saturday, April 4, 2009

ബിജെപി വര്‍ഗീയകളിക്കുതന്നെ

ബിജെപി വര്‍ഗീയകളിക്കുതന്നെ പിണറായി വിജയന്‍

പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പിലും ബിജെപി വര്‍ഗീയ അജന്‍ഡ പുറത്തെടുക്കുമെന്ന് ആ പാര്‍ടിയുടെ ബംഗളൂരുവിലും നാഗ്പുരിയിലും നടന്ന നേതൃയോഗങ്ങളില്‍ വ്യക്തമായതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ 'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യമുയര്‍ത്തി നേരിട്ടപ്പോള്‍ തോല്‍വിയാണുണ്ടായതെന്നും ജനങ്ങളെ ഇളക്കി നേട്ടമുണ്ടാക്കണമെങ്കില്‍ രാമക്ഷേത്രമടക്കമുള്ള വിഷയം ഉയര്‍ത്തണമെന്നുമുള്ള ആര്‍എസ്എസിന്റെ ആജ്ഞയാണ് ബിജെപി ശിരസാവഹിക്കുന്നത്. വെള്ളിയാഴ്ച പുറത്തുവന്ന ബിജെപി പ്രകടനപത്രിക വര്‍ഗീയവികാരം ആളിക്കത്തിക്കാനുള്ള വിഷയങ്ങളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്- രാമക്ഷേത്രം, രാമസേതു, ഗോവധനിരോധം, പോട്ടയ്ക്കു പകരമുള്ള പുതിയ നിയമം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ എന്നിങ്ങനെ. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബിജെപി അവതരിപ്പിക്കുന്ന എല്‍ കെ അദ്വാനിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ അണിനിരന്ന് പ്രസിദ്ധീകരണത്തിനു നല്‍കിയ പ്രകടനപത്രികയില്‍, പതിവുള്ള കുറെ മോഹനവാഗ്ദാനമുണ്ടെങ്കിലും വര്‍ഗീയചേരിതിരിവ് ലാക്കാക്കിയുള്ള മുദ്രാവാക്യങ്ങള്‍ മുഴച്ചുനില്‍ക്കുന്നു. വര്‍ഗീയതയുടെ പ്രത്യയശാസ്ത്രമാണ് ബിജെപിയുടെ അടിത്തറ. ആ പാര്‍ടിയില്‍നിന്ന് മതനിരപേക്ഷതയില്‍ അധിഷ്ഠിതമായ ഒന്നും പ്രതീക്ഷിക്കാനില്ല. മുന്നണിരാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നതുകൊണ്ടുമാത്രം രാമക്ഷേത്രകാര്‍ഡും മറ്റും തെരഞ്ഞെടുപ്പു സന്ദര്‍ഭത്തില്‍ മാറ്റിവയ്ക്കുന്ന തന്ത്രമാണ് 2004ല്‍ അവര്‍ക്ക് സ്വീകരിക്കേണ്ടിവന്നത്്. എന്നാല്‍, ആ നിലപാടില്‍നിന്നു മാറി, 2006 നവംബറില്‍ ലഖ്നൌവില്‍ ചേര്‍ന്ന ദേശീയ കൌസില്‍ യോഗത്തോടെ ബിജെപി പൂര്‍ണമായും ഹിന്ദുത്വ അജന്‍ഡയിലേക്കു മടങ്ങി. കഴിഞ്ഞ മൂന്നു വര്‍ഷമായി വര്‍ഗീയ അജന്‍ഡയെ ആധാരമാക്കിയുള്ള പ്രശ്നങ്ങളില്‍ കേന്ദ്രീകരിച്ച് അണിചേരാനും പുനഃസംഘടിക്കാനും ശ്രമിക്കുകയാണ് അവര്‍. അതിന്റെ ഫലമായി ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളും വര്‍ഗീയ അക്രമങ്ങളും രാജ്യത്ത് വര്‍ധിച്ചുവരികയുമാണ്. 2007ല്‍ ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷവേളയിലാണ് ബംഗളൂരുവിലും യുപിയിലെ ഗോരഖ്പുരിലും അതിനടുത്ത മറ്റു ജില്ലകളിലും മധ്യപ്രദേശിലെ ഇന്‍ഡോറിലും ജബല്‍പുരിലും മറ്റും വര്‍ഗീയ അക്രമങ്ങളുണ്ടായത്. മംഗലാപുരത്ത് വര്‍ഗീയ അക്രമങ്ങള്‍ കുത്തിപ്പൊക്കി. മലേഗാവ് സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായത്, സംഘപരിവാറിന് ഭീകരാക്രമണത്തിന്റെ വഴി അന്യമല്ലെന്നാണ്. സൈന്യത്തിലടക്കം നുഴഞ്ഞുകയറി വര്‍ഗീയതയുടെ ചോരക്കൊതി കുത്തിവയ്ക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവും പുറത്തുവന്നു. അത്തരം ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെയൊന്നും തള്ളിപ്പറയാനല്ല, സംരക്ഷിക്കാനാണ് ബിജെപി നേതൃത്വം തയ്യാറായത്. കാഷായ ധാരിണിയായ ഭീകരവനിത പ്രജ്ഞ സിങ്ങും മംഗളൂരുവില്‍ പൈശാചികമായ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രമോദ് മുത്തലിക്കും അങ്ങനെ ബിജെപിയുടെ സംരക്ഷണം അനുഭവിക്കുന്നവരാണ്. ഇപ്പോള്‍, സംഘപരിവാര്‍ വീണ്ടും രാമന്റെ കാര്‍ഡിറക്കുന്നത് രാജ്യത്ത് വര്‍ഗീയധ്രുവീകരണത്തിനുമാത്രമേ സഹായിക്കൂ. ബിജെപിയുടെ തനിനിറം മനസ്സിലാക്കിയതിനാലാണ്, എന്‍ഡിഎയില്‍നിന്നുള്ള കക്ഷികള്‍ ഒന്നൊന്നായി പുറത്തുപോയത്. ഇപ്പോള്‍ കൂടെയുണ്ടെന്നുപറയുന്ന ഐക്യ ജനതാദള്‍, വര്‍ഗീയ അജന്‍ഡയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ പാര്‍ടിയാണ്. ബിജെപിയുടെ വര്‍ഗീയപ്രവര്‍ത്തനം രാജ്യത്തിന്റെ സുരക്ഷയ്ക്കുതന്നെ ഭീഷണി ഉയര്‍ത്തുന്നു. മതന്യൂനപക്ഷങ്ങള്‍ സുരക്ഷിതമായി ജീവിക്കാന്‍ കഴിയാത്ത ഇന്ത്യയാണ് അവര്‍ വിഭാവനംചെയ്യുന്നത്. ഗുജറാത്ത് വംശഹത്യയുടെയും ഒറീസയിലെ ക്രിസ്ത്യന്‍ നരനായാട്ടിന്റെയും കര്‍ണാടകത്തിലെ ആക്രമണങ്ങളുടെയും പതിപ്പുകള്‍ രാജ്യത്താകെ നടപ്പാക്കുന്നതിനുള്ള നീക്കമായേ പ്രകടനപത്രികയിലെ വര്‍ഗീയലാക്കുള്ള വാഗ്ദാനങ്ങളെ കാണാനാകൂ. മതവികാരം ഇളക്കുന്നതിന് എന്തുംചെയ്യാന്‍ മടിയില്ലെന്നു തെളിയിച്ച പാര്‍ടിയാണ് ബിജെപി. ബാബറി പള്ളി തകര്‍ത്തെറിഞ്ഞ് രാജ്യത്തെ കലാപത്തിലേക്കും അരക്ഷിതത്വത്തിലേക്കും നയിച്ചവരാണ് അവര്‍. ഇന്ന് വീണ്ടും രാമക്ഷേത്രത്തിന്റെ പേരുപറഞ്ഞ് അവര്‍ വരുമ്പോള്‍, അതിന് രാജ്യം നല്‍കേണ്ടിവരുന്ന വില ചെറുതാകില്ലെന്ന ബോധ്യത്തോടെയുള്ള പ്രതികരണമാണ് ജനങ്ങളില്‍നിന്നുണ്ടാകേണ്ടത്്. ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ വര്‍ഗീയരാഷ്ട്രീയത്തെ ചെറുക്കുന്നതും അവരുടെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ തുറന്നു കാണിക്കുന്നതും ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമാണ്. വര്‍ഗീയതയ്ക്കെതിരെ സര്‍വസ്പര്‍ശിയായ പോരാട്ടം ശക്തമായി തുടരുക എന്നതാണ് സിപിഐ എമ്മിന്റെ നയം. കോഗ്രസിന് വര്‍ഗീയതയെ ചെറുത്തുതോല്‍പ്പിക്കാനാകില്ല. സിപിഐ എം 18-ാം പാര്‍ടി കോഗ്രസ് ചൂണ്ടിക്കാണിച്ചത്, "വര്‍ഗീയശക്തികള്‍ക്കെതിരായ പോരാട്ടം കോഗ്രസിന്റെ ചാഞ്ചാട്ടങ്ങളും പ്രത്യയശാസ്ത്രപരമായ വ്യക്തതയില്ലായ്മയും കാരണം പരുവപ്പെടുത്തപ്പെട്ടിരിക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് അടവുകളെയും ഗൂഢതന്ത്രങ്ങളെയും അവലംബിക്കാനാണ് കോഗ്രസ് ശ്രമിക്കുന്നത്''എന്നാണ്. ഇന്ന് കേരളത്തില്‍ കോഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്വീകരിക്കുന്ന സമീപനവും അതില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ല. ഒരേസമയം വിരുദ്ധ വര്‍ഗീയതകളെ താലോലിച്ച് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രങ്ങളുമായി മുന്നോട്ടുപോകുന്ന കോഗ്രസ്, ബിജെപിക്കെതിരെ പ്രചാരണവേദികളില്‍ ഒരക്ഷരം ഉരിയാടുന്നില്ലെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. മതനിരപേക്ഷത സംരക്ഷിക്കുന്നതിനും ആ ലക്ഷ്യത്തിനായി എല്ലാ മതേതരജനാധിപത്യശക്തികളെയും ഒന്നിച്ച് അണിനിരത്തുന്നതിനുമായി എല്ലാ രൂപത്തിലുമുള്ള വര്‍ഗീയതയ്ക്കുമെതിരെ പോരാട്ടം നയിക്കുകയാണ് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ടികളാകെയും. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ അത് തിരിച്ചറിഞ്ഞ് എല്‍ഡിഎഫിനോടൊപ്പം അണിനിരക്കുന്നതില്‍ അസ്വസ്ഥതപൂണ്ട യുഡിഎഫ്, കുപ്രചാരണങ്ങളിലാണ് അഭയം തേടുന്നത്. എന്നാല്‍, വര്‍ഗീയതയുടെ പേരില്‍ കൊലക്കത്തിയേന്തുന്നത് ആര്‍എസ്എസ് ആയാലും എന്‍ഡിഎഫ് ആയാലും അത്തരക്കാരുമായി ഒരുതരത്തിലുമുള്ള ബന്ധവും പുലര്‍ത്താന്‍ ഞങ്ങളില്ലെന്ന് നട്ടെല്ലുനിവര്‍ത്തി പറയാന്‍ കഴിയുന്ന മുന്നണിയാണ് എല്‍ഡിഎഫ്. എല്ലാത്തരം കുപ്രചാരണങ്ങളെയും അപ്രസക്തമാക്കുന്നതുമാത്രമല്ല, ഇടതുപക്ഷത്തിന്റെ കറകളഞ്ഞ നയങ്ങള്‍ക്ക് കൂടുതല്‍ തിളക്കം നല്‍കുന്നതുകൂടിയാണ് ഈ വസ്തുത. അതുകൊണ്ടുതന്നെ, തെരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്കുള്ള ചുട്ടമറുപടി, എല്‍ഡിഎഫിന് ഗംഭീര വിജയം നല്‍കുന്നതിലൂടെയാണ് കേരളത്തിന് നല്‍കാനാവുക.