Monday, March 29, 2010

മസ്ജിദ് തകര്‍ത്തവരോട് കാലം കണക്കുചോദിക്കുന്നു

മസ്ജിദ് തകര്‍ത്തവരോട് കാലം കണക്കുചോദിക്കുന്നു



അനീതിയോട് കാലം, ചരിത്രം കണക്കുചോദിക്കുക തന്നെ ചെയ്യുമെന്നതിന് ഇതാ രണ്ടു തെളിവുകൂടി. 16-ാം നൂറ്റാണ്ടിന്റെ ചരിത്ര പൈതൃകം, ഇന്ത്യന്‍ മുസ്ളിങ്ങളുടെ അഭിമാന സ്തംഭം, ബാബറി മസ്ജിദ് തകര്‍ത്ത എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ നേതാക്കള്‍ മതേതര മനഃസാക്ഷിക്കു മുമ്പില്‍ ഒരിക്കല്‍ക്കൂടി നഗ്നരാക്കപ്പെട്ടിരിക്കുന്നു. അദ്വാനി, മുരളീമനോഹര്‍ ജോഷി, അശോക് സിംഗാള്‍, വിനയ് കത്യാര്‍, ഉമാഭാരതി, സാധ്വി ഋതംബര തുടങ്ങിയവര്‍ മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ന്നു വീഴുമ്പോള്‍ ആര്‍ത്തു ചിരിക്കുകയായിരുന്നു. ഇത് കൊലച്ചിരിയായിരുന്നവെന്ന് 18 വര്‍ഷം കഴിഞ്ഞ് ഒരു മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ റായ്ബറേലിയിലെ സിബിഐ കോടതി മുമ്പാകെ വിശദീകരിച്ചിരിക്കുന്നു. മസ്ജിദ് പൊളിച്ച ഘട്ടത്തില്‍ അദ്വാനിയുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന അഞ്ജു ഗുപ്തയാണ് സിവില്‍ സര്‍വീസിന്റെ ബഹുമാന്യത ഉയര്‍ത്തിപ്പിടിച്ച് ഈ ധീരമായ വെളിപ്പെടുത്തല്‍ നടത്തിയത്. ഗുജറാത്തില്‍ അധികാര പീഠത്തിലിരുന്ന് വംശഹത്യക്കു നേതൃത്വം നല്‍കിയ നരേന്ദ്രമോഡി എട്ടുവര്‍ഷത്തിനുശേഷം ചോദ്യം ചെയ്യപ്പെടുന്നതാണ് രണ്ടാമത്തെ തെളിവ്. 1992 ഡിസംബര്‍ ആറിന് പകല്‍ എട്ടുമുതല്‍ വൈകിട്ട് അഞ്ചുമണിവരെ പാരയും പിക്കാസുമായി വര്‍ഗീയ ഭ്രാന്തന്മാര്‍ മസ്ജിദ് പൊളിച്ചിടുമ്പോള്‍ 150 മീറ്റര്‍ അകലം മാത്രമുള്ള രാമകഥാ കുഞ്ച് വേദിയിലിരുന്നത് പ്രകോപനപ്രസംഗം നടത്തി പ്രോത്സാഹിപ്പിക്കുകയായിരുന്നു അദ്വാനിയുടെ നേതൃ ടീം. ഇതിനിടയില്‍ ഒരു തവണപോലും അക്രമം നിര്‍ത്താന്‍ അദ്വാനി പറഞ്ഞില്ല. എന്നാല്‍, കര്‍സേവകര്‍ മസ്ജിദിന്റെ മിനാരങ്ങളില്‍നിന്ന് താഴെ വീണപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി. മസ്ജിദ് നിലംപൊത്തിയപ്പോള്‍ ഉമാഭാരതിയും ഋതംബരയും അദ്വാനിയെയും ജോഷിയെയും കെട്ടിപ്പിടിച്ചു. അവര്‍ നല്‍കിയ മധുരം അദ്വാനിയെന്ന ദേശീയ നേതാവ് ആഹ്ളാദത്തോടെ ആസ്വദിച്ചു. സ്വാമിനിമാരുടെ നൃത്തത്തില്‍ അദ്ദേഹം ഉന്മത്തനായി. "പള്ളി പൊളിച്ചിടത്തുതന്നെ ക്ഷേത്രം പണിയും'' എന്ന് കര്‍സേവകരെ ആവേശംകൊള്ളിക്കാന്‍ അദ്വാനി മൈക്കിലൂടെ പലവട്ടം പ്രഖ്യാപിച്ചു. ഇപ്പോള്‍ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങില്‍ (റോ) ഡിഐജിയായ അഞ്ജു ഗുപ്തയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ പോകുന്നു. ഇതിനിടയില്‍ പൊലീസ് കട്രോള്‍ റൂമില്‍ അവര്‍ പലവട്ടം വിവരമറിയിച്ചിട്ടും പ്രതികരണമുണ്ടായില്ല. പകരം സ്ഥലത്ത് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉത്തര്‍പ്രദേശ് ഡിജിപി എസ് സി ദീക്ഷിത് കര്‍സേവകരെ തടയാതിരുന്നതിന് പൊലീസുകാരെ അഭിനന്ദിക്കുകയായിരുന്നു. തലേന്ന് ഡിസംബര്‍ അഞ്ചിന് ഫൈസാബാദ് സോ ഐജി എ കെ സര വിളിച്ചുചേര്‍ത്ത സുരക്ഷാ യോഗത്തില്‍ മസ്ജിദ് തകര്‍ക്കാനാണ് പോകുന്നതെന്ന് വെളിപ്പെടുത്തപ്പെട്ടിരുന്നു. അതായത് ബിജെപി മുഖ്യമന്ത്രി കല്യാസിങ് നേതൃത്വം നല്‍കിയ സംസ്ഥാന ഭരണകൂടത്തിന് ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നു. ഇത് തടയുകയല്ല, ഇതിന് സൌകര്യമൊരുക്കുകയാണ് കല്യാസിങ്ങിന്റെ പൊലീസ് ചെയ്തതെന്ന് അഞ്ജുവിന്റെ മൊഴിയില്‍ സുവ്യക്തമാവുന്നു. ഇവര്‍ക്ക് ഒത്താശചെയ്യാന്‍ കേന്ദ്രം ഭരിക്കുന്ന കോഗ്രസ് സര്‍ക്കാരും തയാറായി. കല്യാസിങ്ങിന്റെ 'ഉറപ്പില്‍' വിശ്വസിച്ചിരിക്കുകയായിരുന്നു അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു. 12 ഭാഷയറിയാവുന്ന ആ പണ്ഡിത ശ്രേഷ്ഠന്‍, രാജ്യത്തിന്റെ മതേതര ശിലകള്‍ക്കു മേല്‍ മതഭ്രാന്തിന്റെ ത്രിശൂലങ്ങള്‍ വീണപ്പോള്‍ 12 ഭാഷയിലും മൌനം പാലിക്കുകയായിരുന്നു. ചുരുക്കത്തില്‍ ഇന്ത്യ എന്ന രാജ്യത്തിന്റെ ഭരണഘടനയ്ക്കും നീതിന്യായവ്യവസ്ഥയ്ക്കും പുല്ലുവില കല്‍പ്പിക്കപ്പെട്ട നാളുകളായിരുന്നു ആ കറുത്ത ഡിസംബറിലേത്. ഒരു പതിറ്റാണ്ടു കഴിഞ്ഞ് ഗുജറാത്തില്‍ ഇതേ അരക്ഷിതാവസ്ഥ ആവര്‍ത്തിക്കപ്പെട്ടു. ബാബറിമസ്ജിദ് തകര്‍ത്തിടത്തുതന്നെ രാമമന്ദിരം പണിയാന്‍പോയി തിരിച്ചുവന്ന കര്‍സേവകര്‍ സഞ്ചരിച്ച തീവണ്ടി ഗോധ്രയില്‍ ആക്രമിക്കപ്പെട്ടെന്ന പേരിലായിരുന്നു 2002 ഫെബ്രുവരിയില്‍ ഗുജറാത്ത് വംശഹത്യ അരങ്ങേറിയത്. അതിന് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി എട്ടു വര്‍ഷംകഴിഞ്ഞ് നീതിന്യായ സംവിധാനത്തിനുമുന്നില്‍ വിളിക്കപ്പെട്ടിരിക്കയാണിപ്പോള്‍. സുപ്രീംകോടതിയുടെ നിരന്തര ഇടപെടലിനെത്തുടര്‍ന്നാണ് വൈകിയെങ്കിലും ഇതു സംഭവിച്ചത്. ഇന്ത്യന്‍ സിവില്‍ സര്‍വീസിലെ മറ്റൊരു ബഹുമാന്യ മുഖമായ മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘമാണ് മോഡിയെ തേടിയെത്തിയത്. ഇതിന്റെ അനുരണനമെന്നോണമാണ് ബാബറികേസ് രണ്ടു പതിറ്റാണ്ടിന്റെ ഇടവേളയില്‍ പുനര്‍ജനിക്കുന്നത്. മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസം സംഭവസ്ഥലത്ത് ഒരുഡസനിലേറെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. ഇവരില്‍ ഒരാളൊഴികെ മറ്റൊരാളും അദ്വാനി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘത്തിനെതിരെ മൊഴിനല്‍കിയില്ല. അഞ്ജു ഗുപ്തയെന്ന ധീരവനിതമാത്രം അതിന് തയ്യാറായി. മൊഴിനല്‍കിയെന്നു മാത്രമല്ല, ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച കുറ്റവാളികളെ ജയിലഴിക്കുള്ളിലാക്കുമെന്ന നിശ്ചദാര്‍ഢ്യത്തിലുമാണ് അവരെന്നു തോന്നുന്നു. പള്ളി പൊളിക്കാന്‍ പ്രേരിപ്പിച്ചതിന് അദ്വാനി ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ചാര്‍ജ്ചെയ്ത കേസ് 2002ല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍, മൂന്നുവര്‍ഷത്തിനുശേഷം അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് ഇവര്‍ക്കെതിരായ കുറ്റം പുനഃസ്ഥാപിച്ചു. തീര്‍ന്നെന്നു കരുതിയ കേസ് അഞ്ജുവിന്റെ മൊഴിയുടെ പിന്‍ബലത്തില്‍ മാത്രമാണ് പുനര്‍ജനിച്ചത്. ഇന്ത്യയുടെ മതേതര ഘടന എത്ര പൊളിച്ചാലും തകര്‍ക്കാനാവില്ലെന്ന ശുഭാപ്തിവിശ്വാസമാണ് ഇതു പകര്‍ന്നുനല്‍കുന്നത്. ബാബറി മസ്ജിദ് തകര്‍ച്ചയില്‍നിന്ന് ഊര്‍ജം ആവാഹിച്ച് രാജ്യത്ത് ഭീകരപ്രവര്‍ത്തനത്തിന്റെ പരമ്പര തീര്‍ക്കുന്നവര്‍ക്കും ഇത് ബാധകമാണ്.

from deshabhinai.editorial

ഈ ലേഖനം ഒരു ജനതയുടെ ആത്മാഭിമാനവും ഐയവും വിശ്വാസവും മതേതരത്വവും തകര്‍ക്കാന്‍ കൂട്ട് നിന്നവര്‍ക്കും പ്രേരിപ്പിച്ചവര്ക്കും നേത്രത്വം കൊടുത്തവര്‍ക്കും ചരിത്രം ഏല്പ്പിക്കുന്ന തിരിച്ചടികളെ വിവരിക്കുന്നു.ആരും നിയമത്തിന്ന് അതീതരല്ല.അങിനെ ആവാനും പാടില്ല.കുറ്റക്കാര്‍ക്കുള്ള ശിക്ഷ നീട്ടിക്കൊണ്ടുപോയി കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമവും പാളിപ്പോയിരിക്കുന്നു.

Sunday, March 28, 2010

മാധ്യമങ്ങള്‍ കുത്തകകളുടെ പ്രചാരകരായി: സായ്നാഥ്

മാധ്യമങ്ങള്‍ കുത്തകകളുടെ പ്രചാരകരായി: സായ്നാഥ്


‍കൊച്ചി: വന്‍കിട വ്യവസായികളുടെ ആശയപരമായ ആയുധമായാണ് മാധ്യ1മങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി സായ്നാഥ് പറഞ്ഞു. ഇഎംഎസ് ജന്മശതാബ്ദിയോടനുബന്ധിച്ച് ടി കെ രാമകൃഷ്ണന്‍ കള്‍ച്ചറല്‍ സെന്റര്‍ കലൂര്‍ വൈലോപ്പിള്ളി സാംസ്കാരികകേന്ദ്രത്തില്‍ സംഘടിപ്പിച്ച 'മാധ്യമ വിമര്‍ശനം ജനങ്ങളുടെ അവകാശം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സായ്നാഥ്. ആശയവിനിമയ മേഖല നിയന്ത്രിക്കുന്ന കുത്തകകള്‍ക്കെതിരെയുള്ള പോരാട്ടത്തിലൂടെ മാത്രമെ പത്രപ്രവര്‍ത്തനരംഗത്തെ മൂല്യച്യുതി പരിഹരിക്കാനാകൂ. ബദല്‍ മാധ്യമ മാര്‍ഗങ്ങള്‍ തേടുന്നതിനൊപ്പം മാധ്യമരംഗം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക മാധ്യമരംഗത്തിന്റെ 75 ശതമാനത്തോളം അഞ്ചുവന്‍കിട ബഹുരാഷ്ട്ര കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഇവയാകട്ടെ വന്‍കിട ആയുധകമ്പനികളുടെയും ഭീമന്‍ വ്യവസായകുത്തകകളുടെയും അനുബന്ധ സ്ഥാപനങ്ങളും. ഈ സ്ഥാപനങ്ങളുടെ താല്‍പ്പര്യങ്ങളാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. ഇന്ത്യയില്‍ പ്രൈവറ്റ് ട്രീറ്റി ജേര്‍ണലിസം, പെയ്ഡ് ജേര്‍ണലിസം എന്നീ മാര്‍ഗങ്ങളിലൂടെയാണ് മാധ്യമങ്ങള്‍ ഈ ധര്‍മം നിര്‍വഹിക്കുന്നത്. വന്‍കിട വ്യവസായസ്ഥാപനങ്ങളുടെ ഓഹരികള്‍ക്ക് പകരമായി പരസ്യം നല്‍കുന്ന സമ്പ്രദായമാണ് പ്രൈവറ്റ് ട്രീറ്റി ജേര്‍ണലിസം. ഈ സ്ഥാപനങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കാനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്യ്രമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. സാമ്പത്തികമാന്ദ്യത്തിന്റെ പ്രത്യാഘാതം മൂടിവച്ച് നുണ പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ പ്രേരിപ്പിച്ചത് കരാറിലേര്‍പ്പെട്ട കമ്പനികളുടെ ഓഹരിതാല്‍പ്പര്യമാണ്. വ്യവസായഗ്രൂപ്പുകളുമായുള്ള ബന്ധമാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു തടസമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച രണ്ട് മാധ്യമകമീഷനുകള്‍ കണ്ടെത്തിയിരുന്നു. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അഞ്ചുലക്ഷം കോടിയുടെ ഇളവുകളും ഒഴിവുകളുമാണ് കഴിഞ്ഞവര്‍ഷം നല്‍കിയത്. അതേസമയം ആറു വര്‍ഷത്തിനുള്ളില്‍ 1.2 ലക്ഷം കര്‍ഷകര്‍ കടക്കെണിയില്‍പെട്ട് ആത്മഹത്യചെയ്തു. 30 മിനിറ്റില്‍ ഒരു കര്‍ഷകന്‍ വീതം ആത്മഹത്യചെയ്യുന്നുവെന്നാണ് ക്രൈം റെക്കോഡ്സ് ബ്യൂറോ നല്‍കുന്ന കണക്ക്. ഇവയെക്കുറിച്ച് മാധ്യമങ്ങള്‍ മൌനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി രാജീവ് എംപി അധ്യക്ഷനായി.

Friday, March 26, 2010

ഇസ്ളാമിക തീവ്രവാദം സാമ്രാജ്യത്വ സൃഷ്ടി

ഇസ്ളാമിക തീവ്രവാദം സാമ്രാജ്യത്വ സൃഷ്ടി
കെ എ വേണുഗോപാലന്‍
"സംശയലേശമെന്യെ എപ്പോഴും നീതിയുടെപക്ഷത്തു നില്‍ക്കുക എന്നതാണ് ഇസ്ളാമിക രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തമായ അന്തര്‍ധാര. വിട്ടുവീഴ്ചയില്ലാത്ത നൈതികതയും അനീതിക്കെതിരായ നിരന്തര സമരവും അതിന്റെ ജനിതക സ്വഭാവമാണ്.'' ജമാഅത്തെ ഇസ്ളാമിയുടെ കേരളത്തിലെ വക്താക്കളില്‍ പ്രമുഖനായ സി ദാവൂദ് മാധ്യമം ദിനപത്രത്തില്‍ എഴുതിയതാണ് ഈ വരികള്‍. ഇതൊരു തരത്തിലുള്ള സ്വത്വബോധനിര്‍മിതിതന്നെയാണ്. നീതിയുടെപക്ഷത്ത് എപ്പോഴും നില്‍ക്കുന്നവരും വിട്ടുവീഴ്ചയില്ലാത്ത നൈതികത പ്രകടിപ്പിക്കുന്നവരും അനീതിക്കെതിരായി നിരന്തരമായി പോരാടുന്നവരുമാണ് ഇസ്ളാമിക ജനത എന്നുപറയുമ്പോള്‍ മറ്റു മതരാഷ്ട്രീയക്കാര്‍ക്കില്ലാത്ത ഒരു സവിശേഷത ഇസ്ളാമിക രാഷ്ട്രീയത്തിന് ചാര്‍ത്തിക്കൊടുക്കാനാണ് ശ്രമിക്കുന്നത്. മതത്തെ ആസ്പദമാക്കിയുള്ള ഏത് രാഷ്ട്രീയത്തിന്റെയും നീതി മതപരമായ നീതിയാണ്. അവരെ നയിക്കുന്ന നീതിബോധം മതത്തിന്റെ നീതിബോധമാണ്. അവരുടെ അനീതിയെന്നത് മതത്തിനാല്‍ നിശ്ചയിക്കപ്പെടുന്ന അനീതിയാണ്. ഹിന്ദുത്വരാഷ്ട്രീയവും ഇസ്ളാമിക രാഷ്ട്രീയവും ക്രൈസ്തവ രാഷ്ട്രീയവും ഇതില്‍നിന്ന് മുക്തമല്ല.
ഇസ്ളാമികരാഷ്ട്രീയത്തെക്കുറിച്ചുള്ള ജമാഅത്തെ ഇസ്ളാമിയുടെ ഈ അവകാശവാദത്തെ കൂടുതല്‍ വികസിപ്പിച്ച് മുസ്ളീങ്ങള്‍ സ്വതവേ സാമ്രാജ്യത്വവിരോധികളാണ് എന്നുവരെ പ്രചിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചിട്ടുണ്ട്. ഇസ്ളാമിക രാഷ്ട്രീയം പൊതുവില്‍ പറഞ്ഞാല്‍ ഇപ്പോള്‍ സാമ്രാജ്യത്വത്തിനെതിരാണ്. എന്നാല്‍ ഇസ്ളാമിക ഭരണം നിലനില്‍ക്കുന്നുവെന്നവകാശപ്പെടുന്ന സൌദി അറേബ്യ അമേരിക്കന്‍പക്ഷത്താണ്. ഇന്നിപ്പോള്‍ സാമ്രാജ്യത്വവിരുദ്ധ നിലപാടെടുക്കുന്നുണ്ടെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സാമ്രാജ്യത്വവുമായി ചേര്‍ന്നുനിന്നുകൊണ്ട് കമ്യൂണിസ്റ്റുകാര്‍ക്കും മതനിരപേക്ഷവാദികളായ മുസ്ളിം ഭരണാധികാരികള്‍ക്കുമെതിരെ പടനയിച്ചവരായിരുന്നു ഈ ഇസ്ളാമിക രാഷ്ട്രീയക്കാര്‍.
1978ലാണ് അഫ്ഗാനിസ്ഥാനില്‍ കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍വന്നത്. അന്ന് അഫ്ഗാനിസ്ഥാനിലെ സാക്ഷരതാനിരക്ക് ഒമ്പത് ശതമാനവും അതില്‍തന്നെ സ്ത്രീകളുടേത് വെറും ഒരു ശതമാനവും മാത്രമായിരുന്നു. ഗോത്ര മേധാവികളുടെ കീഴിലായിരുന്നു അന്നത്തെ അഫ്ഗാന്‍ ജനത. കമ്യൂണിസ്റ്റുകാര്‍ ഭരണമേറ്റതോടെ അവിടത്തെ സമ്പന്നരും അവരുടെ ആശ്രിതരുമൊക്കെ പാകിസ്ഥാനിലേക്ക് കുടിയേറി. ഈ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കമ്യൂണിസ്റ്റുവിരുദ്ധ ജിഹാദി പ്രസ്ഥാനത്തിന് അമേരിക്ക വിത്തുപാകിയത്.
ആധുനിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവരും ഫ്യൂഡല്‍ മേധാവിത്വത്തെ തലവിധിപോലെ അംഗീകരിക്കുന്നവരുമായ അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ "ദൈവവിരുദ്ധ കമ്യൂണിസ്റ്റ്'' ഭരണത്തിനെതിരായി അമേരിക്കന്‍ ചാരസംഘടനയുടെ ഒത്താശയോടെ ഇസ്ളാമികജിഹാദിനുള്ള പ്രസ്ഥാനമായി മാറ്റപ്പെടുകയായിരുന്നു. പാകിസ്ഥാനിലെ ഇസ്ളാമിക രാഷ്ട്രീയക്കാരുടെ പിന്തുണയോടെയും അമേരിക്കയുടെ അനുഗ്രഹാശിസ്സുകളോടെയും പ്രവര്‍ത്തിച്ച ഇക്കൂട്ടരാണ് അഫ്ഘാനിസ്ഥാനിലെ പ്രതിവിപ്ളവത്തിന് നേതൃത്വംകൊടുക്കുകയും അഫ്ഘാനിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യത്തെ ഇസ്ളാമിസ്റ്റ് ഗവണ്‍മെന്റിന് മുജാഹിദീന്‍ ഭരണത്തിന് തുടക്കംകുറിക്കുകയും ചെയ്തത്.
ഇസ്ളാമിക രാഷ്ട്രീയത്തിന്റെ പൊതുധാരയില്‍ വരുന്ന ഒന്നാണ് താലിബാന്‍. വിദ്യാര്‍ത്ഥി എന്നാണ് ആ പദത്തിന്റെ അര്‍ത്ഥം. അമേരിക്കക്കാരും സൌദി-ഗള്‍ഫ് ഭരണാധികാരികളുമൊക്കെ സാമ്പത്തിക സഹായംനല്‍കി വന്നിരുന്ന മുസ്ളിം മത പാഠശാലകളില്‍ പഠിച്ചുവന്നിരുന്ന അഭയാര്‍ത്ഥികളുടെ മക്കളായ വിദ്യാര്‍ത്ഥികളാണ് പാകിസ്ഥാനില്‍ താലിബാന്‍ രൂപീകരണത്തിന് ഉപയോഗപ്പെടുത്തപ്പെട്ടത്. അമേരിക്കന്‍ പിന്തുണയോടെ അഫ്ഘാനില്‍ രൂപപ്പെടുത്തിയെടുത്ത മുജാഹിദീന്‍ ഭരണം അഴിമതിയിലും മറ്റുകൊള്ളരുതായ്മകളിലുംപെട്ട് തകര്‍ന്നപ്പോള്‍ ഈ വിദ്യാര്‍ത്ഥികളെയാണ് അമേരിക്കന്‍ പിന്തുണയോടെ പാകിസ്ഥാന്‍ ഒരു ഇടപെടല്‍ ശക്തിയായി വളര്‍ത്തിക്കൊണ്ടുവന്നത്. പാകിസ്ഥാന്‍ സൈന്യത്തിന്റെ രഹസ്യപങ്കാളിത്തത്തോടെ താലിബാന്‍ നടത്തിയ ഈ കടന്നുകയറ്റത്തില്‍ അഫ്ഘാന്‍ ഭരണം അവരുടെ ചൊല്‍പ്പടിയിലായി മാറി. സ്ത്രീയായി ജനിച്ചവരൊക്കെ തടവറയില്‍ കഴിയുന്ന പ്രതീതിയാണ് താലിബാന്‍ ഭരണത്തിന്‍കീഴില്‍ ഉണ്ടായത്.
അഫ്ഗാനിസ്ഥാനില്‍ രൂപീകൃതമായ ഒരു കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെ തകര്‍ക്കുന്നതില്‍ ഇസ്ളാമിക രാഷ്ട്രീയം വഹിച്ച പങ്ക് ഇതാണെങ്കില്‍ മുസ്ളിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിലവിലുണ്ടായിരുന്ന മതനിരപേക്ഷ ഗവണ്‍മെന്റുകള്‍ അട്ടിമറിക്കുന്നതില്‍ ഇസ്ളാമിക രാഷ്ട്രീയം വഹിച്ച പങ്ക് ചെറുതല്ലെന്ന് രണ്ടാം ലോക യുദ്ധാനന്തരകാലഘട്ടത്തെ അനുഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ വേള്‍ഡ് ട്രേഡ്സെന്ററിന്റെ തകര്‍ച്ചയോടെ അമേരിക്കന്‍ സാമ്രാജ്യത്വവും മറ്റു സാമ്രാജ്യത്വശക്തികളും ഇസ്ളാമിക രാഷ്ട്രീയത്തിനെതിരായി കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. തന്മൂലം ഇസ്ളാമിക രാഷ്ട്രീയത്തിന് കമ്യൂണിസത്തോടുള്ള ശത്രുത മയപ്പെടുത്തേണ്ടിവന്നിരിക്കുന്നു എന്നു മാത്രമല്ല ഏറ്റവുമുറച്ച സാമ്രാജ്യത്വവിരുദ്ധപ്പോരാളികള്‍ തങ്ങളാണെന്ന് വരുത്താനുള്ള ശ്രമവും ഇസ്ളാമിക രാഷ്ട്രീയക്കാര്‍ നടത്തുന്നുണ്ട്. സാമ്രാജ്യത്വത്തെക്കുറിച്ച് തികച്ചും ഉപരിപ്ളവമായ സമീപനമാണ് ഇവര്‍ക്കുള്ളത്. സാമ്രാജ്യത്വമെന്നത് മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ളാമി അടക്കമുള്ള ഇസ്ളാമിക രാഷ്ട്രീയക്കാര്‍ മുതലാളിത്തത്തിനെതിരല്ല. സാമ്പത്തികമായ അസമത്വമെന്നത്, മുതലാളിത്തമെന്നത്, ദൈവനിശ്ചയമാണെന്നും അതില്‍ അസ്വാഭാവികമായി ഒന്നുംതന്നെയില്ലെന്നുമാണ് അവരുടെ നിലപാട്.
അതുകൊണ്ടുതന്നെ സാമ്രാജ്യത്വത്തിന്റെ ആദിരൂപമായ മുതലാളിത്ത വ്യവസ്ഥ തകര്‍ക്കാനല്ല മറിച്ച് ആ വ്യവസ്ഥയുടെ അനന്തരഫലമായി പാര്‍ശവല്‍ക്കരിക്കപ്പെടുന്നവരെ സംഘടിപ്പിച്ച് അവരുടെ താല്‍ക്കാലിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന പരിമിത മുദ്രാവാക്യമാണ് ഇസ്ളാമിക രാഷ്ട്രീയക്കാര്‍ മുന്നോട്ടുവെയ്ക്കുന്നത്. മറുഭാഗത്ത് മുസ്ളീംലീഗിനെപ്പോലുള്ള ഇസ്ളാമിക രാഷ്ട്രീയക്കാരാവട്ടെ പരസ്യമായ സാമ്രാജ്യത്വ പ്രീണന നിലപാട് നടത്തുകയുമാണ്.
ജമാഅത്തെ ഇസ്ളാമിതന്നെ ഇന്ത്യയിലെ മുഖ്യ കമ്യൂണിസ്റ്റ് പ്രസ്ഥാനമായ സിപിഐ (എം)നെ പിന്തുണയ്ക്കുന്നതല്ല മറിച്ച് അതിനെ ശിഥിലീകരിക്കാനുതകുംവിധം വളര്‍ന്നുവരുന്ന സ്വത്വരാഷ്ട്രീയവാദികളെ പിന്തുണയ്ക്കാനും അവരെ ശാക്തീകരിക്കുകവഴി തങ്ങളുടെ നേതൃത്വത്തില്‍ ഒരു ഇസ്ളാമിക-ദളിത്-ആദിവാസി പ്രസ്ഥാനത്തെ രൂപപ്പെടുത്താനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ളാമി അടക്കമുള്ള ഇസ്ളാമിക രാഷ്ട്രീയക്കാര്‍ എടുക്കുന്ന സാമ്രാജ്യത്വവിരുദ്ധ നിലപാടുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതോടൊപ്പംതന്നെ വര്‍ഗരാഷ്ട്രീയം രൂപപ്പെടുന്നതിലും വളര്‍ന്നുവരുന്നതിലും അവര്‍ കാണിക്കുന്ന അസഹിഷ്ണുതയേയും വിദ്വേഷത്തെയും കമ്യൂണിസ്റ്റുകാര്‍ തുറന്നെതിര്‍ക്കാതിരിക്കാനാവില്ല.
chintha

Wednesday, March 24, 2010

ഇന്ത്യക്ക് നഷ്ടം മാത്രം

ഇന്ത്യക്ക് നഷ്ടം മാത്രം
വി ബി പരമേശ്വരന്‍
അമേരിക്കയുമായുള്ള തന്ത്രപ്രധാനബന്ധവും സിവില്‍ ആണവകരാറും വഴി ഇന്ത്യക്ക് വന്‍ശക്തിയാകാന്‍ കഴിയുമെന്നായിരുന്നു പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നത്. അമേരിക്കയെന്ന ഭീമന്റെ ചുമലിലേറി ലോകത്തിന്റെ നെറുകയില്‍ കയറിയിരിക്കാമെന്ന മോഹമായിരുന്നു എന്നും മന്‍മോഹന്‍സിങ്ങിനെ ഭരിച്ചിരുന്നത്. എന്നാല്‍, അഫ്ഗാന്റെ മണ്ണില്‍ മന്‍മോഹന്‍സിങ്ങിന്റെ സുരഭിലസുന്ദരമായ സ്വപ്നം തകര്‍ന്നടിയുകയാണ്. അമേരിക്കയുമായി ചേര്‍ന്ന് ഭീകരവാദത്തിനെതിരെ യുദ്ധംചെയ്യാന്‍ ഇന്ത്യ തയ്യാറായതിന്റെ പിന്നിലും പാകിസ്ഥാനിലെ തീവ്രവാദത്തെയും താലിബാനെയും തകര്‍ക്കുകയെന്ന ലക്ഷ്യവും ഉണ്ടായിരുന്നു. അതിനാല്‍ ഹൈഡ് ആക്ടില്‍ പറഞ്ഞതുപോലെ അമേരിക്കയുടെ വിദേശനയത്തിന് അനുരൂപമായി ഇന്ത്യന്‍ വിദേശനയത്തെയും മന്‍മോഹന്‍സിങ് മാറ്റിപ്പണിതു. എന്നാല്‍, കുറച്ചുദിവസമായി വരുന്ന വാര്‍ത്തകള്‍ മുഴുവന്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. അഫ്ഗാനില്‍ ഇന്ത്യന്‍ കേന്ദ്രങ്ങള്‍ക്കുനേരെ തുടര്‍ച്ചയായി ഭീകരവാദാക്രമണമുണ്ടാവുകയാണ്. കാബൂളിലെ ഇന്ത്യന്‍ എംബസിക്കുനേരെ മാത്രമല്ല കാബൂളിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന മെഡിക്കല്‍ മിഷനെതിരെ വരെ ഫെബ്രുവരി 26ന് ആക്രമണമുണ്ടായി. ഇന്ദിരാഗാന്ധി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും മറ്റും വസിക്കുന്ന നൂര്‍ ഗസ്റ്ഹൌസിനുനേരേയാണ് ആക്രമണമുണ്ടായത്. അഫ്ഗാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി നല്‍കിയ വിവരമനുസരിച്ച് ലഷ്കര്‍ ഇ തോയ്ബയാണ് ഈ ആക്രമണം നടത്തിയത്. പാകിസ്ഥാനുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന അഫ്ഗാനിസ്ഥാന്‍ ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. എന്നാല്‍, ഇന്ത്യയേക്കാളും പാകിസ്ഥാനുമായുള്ള ബന്ധത്തിന് എന്നും പ്രാധാന്യം നല്‍കിയ അമേരിക്കയാകട്ടെ മിഷനുനേരെ നടന്ന ആക്രമണം ഇന്ത്യയെ ലക്ഷ്യംവച്ചല്ലെന്ന് വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്റെ പ്രത്യേക പ്രതിനിധിയായ റിച്ചാര്‍ഡ് ഹോര്‍ബ്രൂക്കാണ് ഈ വിവാദ പ്രസ്താവന നടത്തിയത്. ഏറ്റവും ദുര്‍ബലമായ കണ്ണിയായതിനാലാണ് ഇന്ത്യന്‍ മിഷന്‍ ആക്രമിക്കപ്പെട്ടതെന്നും പെട്ടെന്ന് ഒരു നിഗമനത്തിലെത്തുന്നത് ശരിയല്ലെന്നും പറഞ്ഞ ഹോള്‍ബ്രൂക്ക്, ഇന്ത്യക്കാര്‍ പാകിസ്ഥാനെയും മറിച്ചും കുറ്റപ്പെടുത്തുന്ന രീതി ഭൂഷണമല്ലെന്നും കൂട്ടിച്ചേര്‍ത്തു. വിയറ്റ്നാം, ബോസ്നിയ എന്നിവിടങ്ങളിലെ അധിനിവേശങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഹോള്‍ബ്രൂക്കിന്റെ പ്രസ്താവനയെ അപലപിക്കാനല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഇന്ത്യക്കായില്ല. ഇന്ത്യയില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്കായി നിലകൊള്ളുന്ന 'ഇന്ത്യന്‍ എക്സ്പ്രസിന്' പോലും ധാര്‍മികരോഷം കൊള്ളാതിരിക്കാന്‍ കഴിഞ്ഞില്ല. മാര്‍ച്ച് ആറിന്റെ മുഖപ്രസംഗത്തില്‍ 'ഒരു നയതന്ത്രപ്രതിനിധി എന്തുചെയ്യരുതെന്നതിന്റെ തെളിവാണ് ഹോള്‍ബ്രൂക്കിന്റെ പ്രസ്താവനയെന്ന്' പരിതപിച്ചു. ഇന്ത്യന്‍ ആരോഗ്യ സംഘത്തിനുനേരെയുള്ള ആക്രമണം ഇന്ത്യയുടെ മനസ്സിനെ ഉലച്ച സംഭവമായിരുന്നു. നേരത്തെ ഇന്ത്യന്‍ സൈനികര്‍ക്കും വിദഗ്ധതൊഴിലാളികള്‍ക്കുമെതിരെ മാത്രമായിരുന്നു ആക്രമണമുണ്ടായത്. എന്നാല്‍, ഇന്ത്യന്‍ സാന്നിധ്യത്തെ അതെത്ര മനുഷ്യകാരുണ്യപരമായിരുന്നാല്‍പോലും ആക്രമിക്കപ്പെടുമെന്ന സ്ഥിതി ഇതോടെ വന്നു. ഇന്ത്യന്‍ സംഘത്തിന്റെ അംഗസംഖ്യ കുറയ്ക്കാന്‍ യുപിഎ സര്‍ക്കാര്‍ ആലോചിച്ചു വരുന്നതായാണ് വാര്‍ത്ത. കാരണം അഫ്ഗാനിന്റെ നിര്‍മാണപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവശ്യമായ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ഹമീദ് കര്‍സായി, സ്ഥലം സന്ദര്‍ശിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോനെ അറിയിക്കുകയുണ്ടായി. ഇതില്‍ തൃപ്തിയില്ലെങ്കില്‍ ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി അര്‍ധസൈനിക സേനയെ നിയോഗിക്കണമെന്നും കര്‍സായി പറഞ്ഞു. അമേരിക്കന്‍ സേന പിന്‍വാങ്ങുന്ന പക്ഷം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൈന്യത്തെ അയച്ച് അഫ്ഗാനില്‍ ഭീകരവാദവിരുദ്ധ പോരാട്ടം തുടരണമെന്ന അമേരിക്കയുടെ അജന്‍ഡയാണ് കര്‍സായി മുന്നോട്ടു വച്ചിട്ടുള്ളത്. അമേരിക്കയെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ താലിബാനും അല്‍ ഖായ്ദയും യുദ്ധം പ്രഖ്യാപിച്ച സ്ഥിതിക്ക് ഇത് പ്രായോഗികമല്ലതാനും. ഇന്ത്യന്‍ ഡോക്ടര്‍മാരും തൊഴിലാളികളും ഏറെ ഉല്‍ക്കണ്ഠയോടെയാണ് അഫ്ഗാനില്‍ കഴിയുന്നത്. ഇന്ത്യന്‍ എയര്‍ലൈന്‍സ് പൈലറ്റുമാര്‍ കാബൂളിലേക്ക് വിമാനം പറത്താന്‍ വിസമ്മതിക്കുകയുമാണ്. വരും മാസങ്ങളില്‍ അഫ്ഗാനിലെ ഇന്ത്യന്‍ സാന്നിധ്യം കുറയ്ക്കാന്‍ ന്യൂഡല്‍ഹി തയ്യാറാകേണ്ടി വരുമെന്നുറപ്പ്. ഇന്ത്യ ഒരിക്കലും ആഗ്രഹിക്കാത്തതും പാകിസ്ഥാന്‍ ഏറെ ആഗ്രഹിക്കുന്നതുമാണിത്. ഇന്ത്യയെക്കുറിച്ച് പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ അമേരിക്കക്കോ വേവലാതിയൊന്നുമില്ല എന്നര്‍ഥം. അഫ്ഗാനിസ്ഥാന്റെ ഭാവി സംബന്ധിച്ച നയതന്ത്ര നീക്കങ്ങളും ഇന്ത്യന്‍ സാന്നിധ്യത്തെ പരിമിതപ്പെടുത്തുന്നതാണ്. താലിബാനുമായി ചര്‍ച്ച നടത്തി അവരുംകൂടി ചേര്‍ന്ന ഒരു സര്‍ക്കാരിനെ കാബൂളില്‍ അധികാരത്തിലിരുത്താനുള്ള നീക്കങ്ങളാണ് കര്‍സായിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. 2011 ആവുമ്പോഴേക്കുംഅഫ്ഗാനില്‍ സേനയെ പിന്‍വലിപ്പിക്കുമെന്ന് പറഞ്ഞ ഒബാമ ഭരണകൂടത്തിനും മുഖം രക്ഷിക്കാന്‍ ഒരു സര്‍ക്കാര്‍ കാബൂളില്‍ അധികാരത്തില്‍ വരണം. എട്ടു വര്‍ഷം നീണ്ട യുദ്ധത്തിനുശേഷവും താലിബാനെ തോല്‍പ്പിക്കാന്‍ കഴിയാത്ത അമേരിക്കയ്ക്ക് അവിടെനിന്ന് തടിയൂരണമെങ്കില്‍ ഇത്തരമൊരു സംവിധാനം അനിവാര്യമാണ്. അതുകൊണ്ടുതന്നെ അമേരിക്കയും ബ്രിട്ടനും നാറ്റോയും മറ്റും ഈ പദ്ധതിക്ക് പച്ചക്കൊടി വീശിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ജനുവരി 29ന് ലണ്ടന്‍ സമ്മേളനം വിളിച്ചു ചേര്‍ത്തത്. അമേരിക്കയും മറ്റും പിന്തുണയ്ക്കുന്ന അഫ്ഗാന്‍ നീക്കം വിജയിക്കണമെങ്കില്‍ പാകിസ്ഥാന്റെ സഹായം അനിവാര്യമാണ്. താലിബാനുമായി നേരിട്ട് ബന്ധമുള്ള രാജ്യമാണ് പാകിസ്ഥാന്‍. അതുകൊണ്ടുതന്നെ പാകിസ്ഥാന്‍ മുന്നോട്ടുവയ്ക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ കര്‍സായി സര്‍ക്കാര്‍ തയ്യാറാകും. പ്രധാനമായും രണ്ട് ആവശ്യമാണ് പാകിസ്ഥാന്‍ മുന്നോട്ടു വയ്ക്കുന്നത്. അഫ്ഗാന്‍ ഭരണസംവിധാനത്തില്‍ പഷ്തൂ വിഭാഗത്തിന് തുടര്‍ന്നും മേല്‍കൈ ഉണ്ടായിരിക്കണമെന്നതും അഫ്ഗാനിലെ ഇന്ത്യന്‍ പങ്ക് പരിമിതപ്പെടുത്തണമെന്നതുമാണ് ഈ ആവശ്യങ്ങള്‍. ഇത് അംഗീകരിക്കുമെന്ന സൂചന കര്‍സായി നല്‍കുകയുംചെയ്തു. അഫ്ഗാന്‍ സേനയെ പരിശീലിപ്പിക്കുന്ന ചുമതലയും ഇന്ത്യക്ക് നഷ്ടപ്പെടുമെന്ന് ഉറപ്പാണ്. പാകിസ്ഥാന്‍ അതിനും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. അമേരിക്കയുടെ തന്ത്രപ്രധാന പങ്കാളിയായി മാറിയതിന്റെ ഫലമായി അഫ്ഗാനില്‍ ഉള്ള സ്വാധീനംകൂടി ഇന്ത്യക്ക് നഷ്ടമാകുകയാണ് എന്നര്‍ഥം.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പോരാട്ടത്തിനിറങ്ങുക

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പോരാട്ടത്തിനിറങ്ങുക.

പിണറായി വിജയന്‍

ജനകീയ ആവശ്യങ്ങള്‍ക്കുവേണ്ടി കമ്യൂണിസ്റ് പാര്‍ടി രണ്ടു തരത്തിലുള്ള ഇടപെടലാണ് നടത്തുന്നത്. ഒന്നാമതായി, പാര്‍ലമെന്റിനു പുറത്ത് ജനങ്ങളെ അണിനിരത്തി ജനദ്രോഹനയങ്ങള്‍ തിരുത്തുന്നതിനായി പോരാടുക. രണ്ടാമതായി, പാര്‍ലമെന്റിനകത്തും ഈ സമരം വ്യാപിപ്പിക്കുക. ഒപ്പം സംസ്ഥാനങ്ങളിലും മറ്റും കിട്ടുന്ന അധികാരം ഉപയോഗിച്ച് പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍നയം നടപ്പില്‍വരുത്തുക. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എം നടത്തുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായ പോരാട്ടം. ഇത് പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തിലും പാര്‍ടി സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ശക്തമായ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ബദല്‍നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിലും സംസ്ഥാനസര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നു. ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ ജനകീയബദലിന്റെ മാതൃകയായി ഇവ മാറുന്നു എന്നതാണ് പൊതുവിലുള്ള അനുഭവം. കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലകളെയും തകര്‍ക്കുന്നതാണ് ആസിയന്‍ കരാര്‍. ഈ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ കാര്‍ഷികോല്‍പ്പന്നവില വന്‍തോതില്‍ കുറയുന്ന സാഹചര്യം വരും. കരാറിലെ ജനദ്രോഹവശങ്ങളെക്കുറിച്ച് പാര്‍ടി നല്‍കിയ മുന്നറിയിപ്പ് ജനങ്ങള്‍ ഉള്‍ക്കൊണ്ടു. ഈ വിഷയത്തില്‍ കേരളത്തിന്റെ ഇരമ്പുന്ന പ്രതിഷേധമാണുയര്‍ന്നത്. യുഡിഎഫ് ഘടകകക്ഷികള്‍ക്കുപോലും ഈ കരാറിനെ അനുകൂലിക്കാന്‍ പറ്റിയില്ല. വിവിധ കര്‍ഷകസംഘടനകളും മത്സ്യത്തൊഴിലാളി സംഘടനകളും സിപിഐ എം നിലപാടിനെ അംഗീകരിച്ചു. കേരളത്തെ തകര്‍ക്കുന്ന നയത്തിനെതിരായ പ്രതിഷേധമായാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കാന്‍ സിപിഐ എം ആഹ്വാനം ചെയ്തത്. ഗാന്ധി ജയന്തി ദിനത്തില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വരെ നീണ്ട പ്രതിഷേധച്ചങ്ങലയില്‍ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ കണ്ണികളായി. കനത്ത മഴയിലും ലക്ഷങ്ങള്‍ കൈകോര്‍ത്ത് നാടിന്റെ രക്ഷയ്ക്കായി പ്രതിജ്ഞയെടുത്തു. ആത്മാഭിമാനമുള്ള കേരളീയന്റെ പോരാട്ടത്തിന്റെ അടയാളമായി മാറിയ ഈ ജനമുന്നേറ്റത്തില്‍ കാല്‍ക്കോടിയോളംപേര്‍ പങ്കെടുത്തു. കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലകളെയും പണയം വയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പ്രഖ്യാപനമായി അത് മാറി. വിലക്കയറ്റം ജനജീവിതത്തെ കടുത്ത രീതിയില്‍ ബാധിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണനയമാണ് ഇതിനു കാരണം. കാര്‍ഷിക സബ്സിഡി വെട്ടിക്കുറയ്ക്കുക എന്നത് കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ മുഖമുദ്രയായി. ഇപ്പോള്‍ത്തന്നെ വളം സബ്സിഡി 3000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതില്‍നിന്നും അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതില്‍നിന്നും പിന്മാറിയതോടെ കര്‍ഷകന്‍ ദുരിതത്തിലായി. കര്‍ഷക ആത്മഹത്യകള്‍ രാജ്യത്ത് സാര്‍വത്രികമായി. ഈ അവസരം ഉപയോഗിച്ച് വന്‍കിട കുത്തകകള്‍ കാര്‍ഷികമേഖലയില്‍ കടന്നുവരാന്‍ തുടങ്ങി. ഊഹക്കച്ചവടവും അവധി വ്യാപാരവും കോര്‍പ്പറേറ്റുകള്‍ക്ക് യഥേഷ്ടം അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍നയവും എരിതീയില്‍ എണ്ണയൊഴിക്കുന്ന അനുഭവമാണ് സൃഷ്ടിച്ചത്. ഉല്‍പ്പന്നങ്ങള്‍ സ്വകാര്യകുത്തകകള്‍ക്ക് ഇഷ്ടംപോലെ സംഭരിച്ചുവയ്ക്കാന്‍ കഴിഞ്ഞു. എന്നിട്ട് അവ തോന്നിയ വിലയ്ക്ക് മറിച്ച് വില്‍ക്കാനും അവര്‍ക്ക് അവസരം നല്‍കി. ചുരുക്കത്തില്‍, ഇതിലൂടെ കര്‍ഷകന് വില ലഭിച്ചില്ലെന്നു മാത്രമല്ല ഉപയോക്താക്കള്‍ക്ക് വലിയ വിലകൊടുത്ത് ഉല്‍പ്പന്നം വാങ്ങേണ്ട അവസ്ഥയും രൂപപ്പെട്ടു. ജനങ്ങള്‍ വിലക്കയറ്റത്താല്‍ പൊറുതിമുട്ടി. സ്വകാര്യ വന്‍കിട കമ്പനിക്കാര്‍ വന്‍ ലാഭം കുന്നുകൂട്ടുകയും ചെയ്തു. കാര്‍ഷികമേഖലയിലെ ഈ നയത്തോടൊപ്പംതന്നെ പൊതുമേഖലയെ ദുര്‍ബലപ്പെടുത്തുന്ന സമീപനവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. സംഭരണമേഖലയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. എഫ്സിഐ ഗോഡൌണുകളില്‍ മുമ്പ് ശേഖരിച്ച ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുമ്പോഴും അവയെ പൊതുമാര്‍ക്കറ്റിലേക്ക് കൊണ്ടുവന്ന് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഭക്ഷ്യസബ്സിഡി വര്‍ധിപ്പിക്കുന്നതിന് പണമില്ലെന്നു പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് 80,000 കോടി രൂപയുടെ നികുതി ഇളവ് നല്‍കി അവരെ സംതൃപ്തിപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗനയം വെളിപ്പെടുത്തുന്ന സുപ്രധാന സംഭവമായിരുന്നു ഇത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലും വലിയ വര്‍ധന ഇതോടൊപ്പം ഉണ്ടായി. റെയില്‍വേ ചരക്കുകൂലി വര്‍ദ്ധധനകൂടി ആകുമ്പോള്‍ സ്ഥിതിഗതികള്‍ ഗുരുതരമായി. കേരളംപോലുള്ള ഉപഭോഗ സംസ്ഥാനങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കേരളത്തിന്റെ റേഷന്‍വിഹിതംതന്നെ വെട്ടിക്കുറയ്ക്കുന്ന സമീപനവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. ഇത്തരം ജനദ്രോഹനയങ്ങള്‍ക്കെതിരായി വലിയ പ്രക്ഷോഭം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നതിന് പാര്‍ടി തീരുമാനിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും പ്രതിഷേധം അലയടിച്ചു. മാര്‍ച്ച് എട്ടുമുതല്‍ 12 വരെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിപ്പിക്കുന്ന സമരമുറയില്‍ വമ്പിച്ച ജനപങ്കാളിത്തം ദൃശ്യമായി. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തി നടത്തിയ ഈ സമരത്തില്‍ ഒമ്പതു ലക്ഷത്തോളം ജനങ്ങളാണ് അണിചേര്‍ന്നത്. സ്ത്രീകളും കുട്ടികളും അടക്കം കുടുംബസമേതം സമരമുഖത്തേക്ക് ഒഴുകി എത്തുന്നതിന്റെ ചിത്രമാണ് വിവിധ മേഖലകളില്‍ ഉണ്ടായിട്ടുള്ളത്. ദുര്‍ബല ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും എല്ലാം ഈ സമരത്തില്‍ അണിചേര്‍ന്നത് ജീവിതദുരിതങ്ങളില്‍നിന്ന് രക്ഷനേടാന്‍ പ്രക്ഷോഭങ്ങളല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവിന്റെകൂടി അടിസ്ഥാനത്തിലാണ്. ഇവിടെ നടന്ന പ്രക്ഷോഭങ്ങള്‍ക്കു സമാനമായ വിവിധ രൂപങ്ങളിലുള്ള പ്രക്ഷോഭ-പ്രചാരണ പരിപാടികള്‍ക്കും ഇന്ത്യയാകമാനം സാക്ഷ്യം വഹിച്ചു. ഇതിന് നാന്ദി കുറിച്ച് വമ്പിച്ച ബഹുജനറാലി മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ നടന്നു. ഇടതുപക്ഷം സംഘടിപ്പിച്ച ഈ റാലി ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയില്‍ അടുത്തകാലത്തായി നടന്നതില്‍ ഏറ്റവും വലിയ ജനക്കൂട്ടത്തെയാണ് ആകര്‍ഷിച്ചത്. ഇതുകൊണ്ടുമാത്രം ഭരണാധികാരികള്‍ നയം മാറ്റുമെന്ന് പാര്‍ടി കരുതുന്നില്ല. പ്രക്ഷോഭം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടത്. ഘട്ടം ഘട്ടമായി ശക്തിപ്പെടുന്ന ഈ പ്രക്ഷോഭം ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതുവരെ തുടരുകതന്നെ ചെയ്യും. അതിന്റെ ഭാഗമായി അടുത്ത ഘട്ടം എന്ന നിലയില്‍ ഏപ്രില്‍ എട്ടിന് 25 ലക്ഷം പേര്‍ പങ്കെടുക്കുന്ന ജയില്‍ നിറയ്ക്കല്‍ സമരം അഖിലേന്ത്യാടിസ്ഥാനത്തില്‍ നടക്കാന്‍പോവുകയാണ്. ഇതില്‍ പങ്കാളിയായി ജനകീയ പോരാട്ടത്തില്‍ അണിചേരുക എന്നത് രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരു പൌരന്റെയും ഉത്തരവാദിത്തമാണ്. നാം നേടിയതെല്ലാം ഇത്തരം പ്രക്ഷോഭങ്ങളുടെ പരിണിതഫലമാണ് എന്ന ചരിത്ര പാഠം ഇവിടെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഇത്തരം പ്രക്ഷോഭങ്ങള്‍ പാര്‍ലമെന്റിനു പുറത്ത് നടക്കുമ്പോള്‍ പാര്‍ലമെന്റിനകത്ത് സമരമുഖം ശക്തിപ്പെടുത്തിയാണ് പാര്‍ടി മുന്നോട്ടുപോകുന്നത്. ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം ഈ വര്‍ഷത്തെ പാര്‍ലമെന്റ് സമ്മേളനത്തിലും സജീവ വിഷയമായി. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ യുപിഎ സര്‍ക്കാരിലെ ഘടകകക്ഷികള്‍തന്നെ എതിര്‍ക്കുന്ന നില ഉണ്ടായി. ബജറ്റ് പ്രസംഗത്തില്‍ പ്രതിപക്ഷ നിരയാകെ ഇതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ജനകീയ അജന്‍ഡയ്ക്കു പിന്നില്‍ മറ്റു കക്ഷികള്‍ക്കും അണിചേരേണ്ടിവരുന്ന ചിത്രമാണ് ഇവിടെ കാണാനാകുന്നത്. ലോക്സഭയില്‍ ഇത്തരത്തിലുള്ള ചെറുത്തുനില്‍പ്പ് വളര്‍ത്തിയെടുക്കുമ്പോള്‍ത്തന്നെ സംസ്ഥാനത്തെ അധികാരം ഉപയോഗിച്ച് ജനകീയ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിലും പാര്‍ടി ഗൌരവമായി ഇടപെടുന്നുണ്ട്. ഈ നയത്തിന്റെ ഫലം കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയങ്ങളില്‍ പ്രകടമായും കാണാനാകുന്നതാണ്. കാര്‍ഷികവ്യാവസായികമേഖലയിലെ പൊതുനിക്ഷേപങ്ങള്‍ പിന്‍വലിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പൊതുവായ സമീപനം. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായി അടിസ്ഥാനമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുക എന്ന സമീപനം സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുകയാണ്. ഇതിന്റെ ഫലമായി കാര്‍ഷികമേഖലയില്‍ വന്നിട്ടുള്ള മാറ്റം കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. അഖിലേന്ത്യാതലത്തില്‍ കാര്‍ഷികവളര്‍ച്ച മുരടിച്ചപ്പോള്‍ കേരളത്തില്‍ 2.8 ശതമാനം വളര്‍ച്ച നേടുന്നതിന് നമുക്ക് കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 40,000 കോടി രൂപ സംഭരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ 200 കോടി രൂപ ലാഭത്തില്‍ എത്തിച്ചു എന്നു മാത്രമല്ല, 112 കോടി രൂപ ചെലവഴിച്ചുകൊണ്ട് പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ ആരംഭിക്കുക എന്ന ബദല്‍നയവും സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവച്ചു. സാമൂഹ്യസുരക്ഷാ പദ്ധതികളെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന നയമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, കേരളത്തില്‍ എല്ലാ വിഭാഗത്തിനും ക്ഷേമപെന്‍ഷന്‍ ഏര്‍പ്പെടുത്തിയെന്നു മാത്രമല്ല, അത് 300 രൂപയായി വര്‍ധിപ്പിക്കുക എന്ന നയത്തിലേക്കും സംസ്ഥാനസര്‍ക്കാര്‍ എത്തിച്ചേര്‍ന്നു. ഭക്ഷ്യസബ്സിഡി ഇനത്തില്‍ കൂടുതല്‍ തുക നീക്കിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതിരുന്നപ്പോള്‍ 400 കോടി രൂപയിലേറെ ഒറ്റവര്‍ഷംകൊണ്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉപയോഗിച്ച സംസ്ഥാനസര്‍ക്കാരാണ് കേരളത്തിലുള്ളത്. സ്ത്രീകളുടെ പ്രശ്നവും പാരിസ്ഥിതിക പ്രശ്നങ്ങളും ഇന്ന് സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, ഈ മേഖലയിലെ വികസനത്തിനായി ഒരു തരത്തിലുള്ള ഇടപെടലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി വനിതാ സംവരണബില്‍ രാജ്യസഭയില്‍ പാസാക്കി എന്നല്ലാതെ മറ്റൊന്നും കോഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മാത്രമല്ല, ഇതിന്റെ പേരില്‍ യുപിഎതന്നെ ഭിന്നിക്കുന്ന നിലയുണ്ടായി. എന്നാല്‍, പരിസ്ഥിതി സംരക്ഷണത്തിന് 1000 കോടി രൂപയും സ്ത്രീകളുടെ ഉന്നമനത്തിനായി 620 കോടി രൂപയും സംസ്ഥാനസര്‍ക്കാര്‍ നീക്കിവയ്ക്കുകയുണ്ടായി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയ ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുകയും ചെയ്തു. സംസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള ബദല്‍നയങ്ങള്‍തന്നെ മുന്നോട്ടുവയ്ക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്ന വിധമാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്. ധനകാര്യ കമീഷനുകളുടെ ശുപാര്‍ശകളില്‍ കേരളത്തിനുള്ള പങ്ക് അനുദിനം കുറഞ്ഞുവരികയാണ്. ഉന്നത വിദ്യാഭ്യാസമേഖലയ്ക്കുവേണ്ടിയുള്ള ദേശീയ കമീഷന്‍ ഈ മേഖലയില്‍ സംസ്ഥാനത്തിന്റെ പങ്ക് ഗണ്യമായി കുറയ്ക്കുകയാണ്. ഫെഡറലിസത്തെ തകര്‍ക്കുന്ന ഇത്തരം നയങ്ങളെയും ചെറുത്തുകൊണ്ടേ ബദല്‍ മുന്നോട്ടുവയ്ക്കാനുള്ള സാധ്യതകള്‍പോലും നിലനിര്‍ത്താനാകൂ. ഇത്തരത്തിലുള്ള നയങ്ങള്‍ തിരുത്തുന്നതിന് പ്രക്ഷോഭങ്ങളല്ലാതെ മറ്റു വഴികളില്ല. കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തുന്നതുവരെയുള്ള പോരാട്ടമാണ് വിലക്കയറ്റത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ഭാഗമായി രാജ്യത്ത് ഉയരാന്‍ പോകുന്നത്. അതിന്റെ ഭാഗമായി ഏപ്രില്‍ എട്ടിന് നടക്കുന്ന ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭത്തില്‍ എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പോരാട്ടത്തിനിറങ്ങുക

കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പോരാട്ടത്തിനിറങ്ങുക.

പിണറായി വിജയന്‍

ജനകീയ ആവശ്യങ്ങള്‍ക്കുവേണ്ടി കമ്യൂണിസ്റ് പാര്‍ടി രണ്ടു തരത്തിലുള്ള ഇടപെടലാണ് നടത്തുന്നത്. ഒന്നാമതായി, പാര്‍ലമെന്റിനു പുറത്ത് ജനങ്ങളെ അണിനിരത്തി ജനദ്രോഹനയങ്ങള്‍ തിരുത്തുന്നതിനായി പോരാടുക. രണ്ടാമതായി, പാര്‍ലമെന്റിനകത്തും ഈ സമരം വ്യാപിപ്പിക്കുക. ഒപ്പം സംസ്ഥാനങ്ങളിലും മറ്റും കിട്ടുന്ന അധികാരം ഉപയോഗിച്ച് പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ബദല്‍നയം നടപ്പില്‍വരുത്തുക. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് സിപിഐ എം നടത്തുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായ പോരാട്ടം. ഇത് പ്രായോഗികമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തിലും പാര്‍ടി സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ശക്തമായ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനസര്‍ക്കാരിന്റെ പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ബദല്‍നയങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കുന്നതിലും സംസ്ഥാനസര്‍ക്കാര്‍ ജാഗ്രതയോടെ ഇടപെടുന്നു. ആഗോളവല്‍ക്കരണ കാലഘട്ടത്തിലെ ജനകീയബദലിന്റെ മാതൃകയായി ഇവ മാറുന്നു എന്നതാണ് പൊതുവിലുള്ള അനുഭവം. കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലകളെയും തകര്‍ക്കുന്നതാണ് ആസിയന്‍ കരാര്‍. ഈ കരാര്‍ പ്രാബല്യത്തിലാകുന്നതോടെ കാര്‍ഷികോല്‍പ്പന്നവില വന്‍തോതില്‍ കുറയുന്ന സാഹചര്യം വരും. കരാറിലെ ജനദ്രോഹവശങ്ങളെക്കുറിച്ച് പാര്‍ടി നല്‍കിയ മുന്നറിയിപ്പ് ജനങ്ങള്‍ ഉള്‍ക്കൊണ്ടു. ഈ വിഷയത്തില്‍ കേരളത്തിന്റെ ഇരമ്പുന്ന പ്രതിഷേധമാണുയര്‍ന്നത്. യുഡിഎഫ് ഘടകകക്ഷികള്‍ക്കുപോലും ഈ കരാറിനെ അനുകൂലിക്കാന്‍ പറ്റിയില്ല. വിവിധ കര്‍ഷകസംഘടനകളും മത്സ്യത്തൊഴിലാളി സംഘടനകളും സിപിഐ എം നിലപാടിനെ അംഗീകരിച്ചു. കേരളത്തെ തകര്‍ക്കുന്ന നയത്തിനെതിരായ പ്രതിഷേധമായാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കാന്‍ സിപിഐ എം ആഹ്വാനം ചെയ്തത്. ഗാന്ധി ജയന്തി ദിനത്തില്‍ കാസര്‍കോട്ടുനിന്ന് തിരുവനന്തപുരം വരെ നീണ്ട പ്രതിഷേധച്ചങ്ങലയില്‍ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ കണ്ണികളായി. കനത്ത മഴയിലും ലക്ഷങ്ങള്‍ കൈകോര്‍ത്ത് നാടിന്റെ രക്ഷയ്ക്കായി പ്രതിജ്ഞയെടുത്തു. ആത്മാഭിമാനമുള്ള കേരളീയന്റെ പോരാട്ടത്തിന്റെ അടയാളമായി മാറിയ ഈ ജനമുന്നേറ്റത്തില്‍ കാല്‍ക്കോടിയോളംപേര്‍ പങ്കെടുത്തു. കേരളത്തിന്റെ കാര്‍ഷികമേഖലയെയും അനുബന്ധമേഖലകളെയും പണയം വയ്ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന പ്രഖ്യാപനമായി അത് മാറി. വിലക്കയറ്റം ജനജീവിതത്തെ കടുത്ത രീതിയില്‍ ബാധിച്ചിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണനയമാണ് ഇതിനു കാരണം. കാര്‍ഷിക സബ്സിഡി വെട്ടിക്കുറയ്ക്കുക എന്നത് കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ മുഖമുദ്രയായി. ഇപ്പോള്‍ത്തന്നെ വളം സബ്സിഡി 3000 കോടി രൂപയാണ് വെട്ടിക്കുറച്ചത്. സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതില്‍നിന്നും അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതില്‍നിന്നും പിന്മാറിയതോടെ കര്‍ഷകന്‍ ദുരിതത്തിലായി. കര്‍ഷക ആത്മഹത്യകള്‍ രാജ്യത്ത് സാര്‍വത്രികമായി. ഈ അവസരം ഉപയോഗിച്ച് വന്‍കിട കുത്തകകള്‍ കാര്‍ഷികമേഖലയില്‍ കടന്നുവരാന്‍ തുടങ്ങി. ഊഹക്കച്ചവടവും അവധി വ്യാപാരവും കോര്‍പ്പറേറ്റുകള്‍ക്ക് യഥേഷ്ടം അനുവദിക്കുന്ന കേന്ദ്രസര്‍ക്കാര്‍നയവും എരിതീയില്‍ എണ്ണയൊഴിക്കുന്ന അനുഭവമാണ് സൃഷ്ടിച്ചത്. ഉല്‍പ്പന്നങ്ങള്‍ സ്വകാര്യകുത്തകകള്‍ക്ക് ഇഷ്ടംപോലെ സംഭരിച്ചുവയ്ക്കാന്‍ കഴിഞ്ഞു. എന്നിട്ട് അവ തോന്നിയ വിലയ്ക്ക് മറിച്ച് വില്‍ക്കാനും അവര്‍ക്ക് അവസരം നല്‍കി. ചുരുക്കത്തില്‍, ഇതിലൂടെ കര്‍ഷകന് വില ലഭിച്ചില്ലെന്നു മാത്രമല്ല ഉപയോക്താക്കള്‍ക്ക് വലിയ വിലകൊടുത്ത് ഉല്‍പ്പന്നം വാങ്ങേണ്ട അവസ്ഥയും രൂപപ്പെട്ടു. ജനങ്ങള്‍ വിലക്കയറ്റത്താല്‍ പൊറുതിമുട്ടി. സ്വകാര്യ വന്‍കിട കമ്പനിക്കാര്‍ വന്‍ ലാഭം കുന്നുകൂട്ടുകയും ചെയ്തു. കാര്‍ഷികമേഖലയിലെ ഈ നയത്തോടൊപ്പംതന്നെ പൊതുമേഖലയെ ദുര്‍ബലപ്പെടുത്തുന്ന സമീപനവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. സംഭരണമേഖലയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. എഫ്സിഐ ഗോഡൌണുകളില്‍ മുമ്പ് ശേഖരിച്ച ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടന്ന് നശിക്കുമ്പോഴും അവയെ പൊതുമാര്‍ക്കറ്റിലേക്ക് കൊണ്ടുവന്ന് വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഭക്ഷ്യസബ്സിഡി വര്‍ധിപ്പിക്കുന്നതിന് പണമില്ലെന്നു പറഞ്ഞ കേന്ദ്രസര്‍ക്കാര്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് 80,000 കോടി രൂപയുടെ നികുതി ഇളവ് നല്‍കി അവരെ സംതൃപ്തിപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗനയം വെളിപ്പെടുത്തുന്ന സുപ്രധാന സംഭവമായിരുന്നു ഇത്. പെട്രോളിന്റെയും ഡീസലിന്റെയും വിലയിലും വലിയ വര്‍ധന ഇതോടൊപ്പം ഉണ്ടായി. റെയില്‍വേ ചരക്കുകൂലി വര്‍ദ്ധധനകൂടി ആകുമ്പോള്‍ സ്ഥിതിഗതികള്‍ ഗുരുതരമായി. കേരളംപോലുള്ള ഉപഭോഗ സംസ്ഥാനങ്ങള്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിച്ചു. കേരളത്തിന്റെ റേഷന്‍വിഹിതംതന്നെ വെട്ടിക്കുറയ്ക്കുന്ന സമീപനവും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. ഇത്തരം ജനദ്രോഹനയങ്ങള്‍ക്കെതിരായി വലിയ പ്രക്ഷോഭം രാജ്യവ്യാപകമായി സംഘടിപ്പിക്കുന്നതിന് പാര്‍ടി തീരുമാനിക്കുകയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും പ്രതിഷേധം അലയടിച്ചു. മാര്‍ച്ച് എട്ടുമുതല്‍ 12 വരെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ സ്തംഭിപ്പിക്കുന്ന സമരമുറയില്‍ വമ്പിച്ച ജനപങ്കാളിത്തം ദൃശ്യമായി. ജനങ്ങളുടെ ജീവല്‍പ്രശ്നങ്ങള്‍ ഉയര്‍ത്തി നടത്തിയ ഈ സമരത്തില്‍ ഒമ്പതു ലക്ഷത്തോളം ജനങ്ങളാണ് അണിചേര്‍ന്നത്. സ്ത്രീകളും കുട്ടികളും അടക്കം കുടുംബസമേതം സമരമുഖത്തേക്ക് ഒഴുകി എത്തുന്നതിന്റെ ചിത്രമാണ് വിവിധ മേഖലകളില്‍ ഉണ്ടായിട്ടുള്ളത്. ദുര്‍ബല ജനവിഭാഗങ്ങളും ന്യൂനപക്ഷങ്ങളും എല്ലാം ഈ സമരത്തില്‍ അണിചേര്‍ന്നത് ജീവിതദുരിതങ്ങളില്‍നിന്ന് രക്ഷനേടാന്‍ പ്രക്ഷോഭങ്ങളല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവിന്റെകൂടി അടിസ്ഥാനത്തിലാണ്. ഇവിടെ നടന്ന പ്രക്ഷോഭങ്ങള്‍ക്കു സമാനമായ വിവിധ രൂപങ്ങളിലുള്ള പ്രക്ഷോഭ-പ്രചാരണ പരിപാടികള്‍ക്കും ഇന്ത്യയാകമാനം സാക്ഷ്യം വഹിച്ചു. ഇതിന് നാന്ദി കുറിച്ച് വമ്പിച്ച ബഹുജനറാലി മാര്‍ച്ച് 12ന് ഡല്‍ഹിയില്‍ നടന്നു. ഇടതുപക്ഷം സംഘടിപ്പിച്ച ഈ റാലി ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയില്‍ അടുത്തകാലത്തായി നടന്നതില്‍ ഏറ്റവും വലിയ ജനക്കൂട്ടത്തെയാണ് ആകര്‍ഷിച്ചത്. ഇതുകൊണ്ടുമാത്രം ഭരണാധികാരികള്‍ നയം മാറ്റുമെന്ന് പാര്‍ടി കരുതുന്നില്ല. പ്രക്ഷോഭം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവുകയാണ് വേണ്ടത്. ഘട്ടം ഘട്ടമായി ശക്തിപ്പെടുന്ന ഈ പ്രക്ഷോഭം ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതുവരെ തുടരുകതന്നെ ചെയ്യും. അതിന്റെ ഭാഗമായി അടുത്ത ഘട്ടം എന്ന നിലയില്‍ ഏപ്രില്‍ എട്ടിന് 25 ലക്ഷം പേര്‍ പങ്കെടുക്കുന്ന ജയില്‍ നിറയ്ക്കല്‍ സമരം അഖിലേന്ത്യാടിസ്ഥാനത്തില്‍ നടക്കാന്‍പോവുകയാണ്. ഇതില്‍ പങ്കാളിയായി ജനകീയ പോരാട്ടത്തില്‍ അണിചേരുക എന്നത് രാജ്യത്തെ സ്നേഹിക്കുന്ന ഏതൊരു പൌരന്റെയും ഉത്തരവാദിത്തമാണ്. നാം നേടിയതെല്ലാം ഇത്തരം പ്രക്ഷോഭങ്ങളുടെ പരിണിതഫലമാണ് എന്ന ചരിത്ര പാഠം ഇവിടെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഇത്തരം പ്രക്ഷോഭങ്ങള്‍ പാര്‍ലമെന്റിനു പുറത്ത് നടക്കുമ്പോള്‍ പാര്‍ലമെന്റിനകത്ത് സമരമുഖം ശക്തിപ്പെടുത്തിയാണ് പാര്‍ടി മുന്നോട്ടുപോകുന്നത്. ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വിലക്കയറ്റം ഈ വര്‍ഷത്തെ പാര്‍ലമെന്റ് സമ്മേളനത്തിലും സജീവ വിഷയമായി. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ യുപിഎ സര്‍ക്കാരിലെ ഘടകകക്ഷികള്‍തന്നെ എതിര്‍ക്കുന്ന നില ഉണ്ടായി. ബജറ്റ് പ്രസംഗത്തില്‍ പ്രതിപക്ഷ നിരയാകെ ഇതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ജനകീയ അജന്‍ഡയ്ക്കു പിന്നില്‍ മറ്റു കക്ഷികള്‍ക്കും അണിചേരേണ്ടിവരുന്ന ചിത്രമാണ് ഇവിടെ കാണാനാകുന്നത്. ലോക്സഭയില്‍ ഇത്തരത്തിലുള്ള ചെറുത്തുനില്‍പ്പ് വളര്‍ത്തിയെടുക്കുമ്പോള്‍ത്തന്നെ സംസ്ഥാനത്തെ അധികാരം ഉപയോഗിച്ച് ജനകീയ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിലും പാര്‍ടി ഗൌരവമായി ഇടപെടുന്നുണ്ട്. ഈ നയത്തിന്റെ ഫലം കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയങ്ങളില്‍ പ്രകടമായും കാണാനാകുന്നതാണ്. കാര്‍ഷികവ്യാവസായികമേഖലയിലെ പൊതുനിക്ഷേപങ്ങള്‍ പിന്‍വലിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പൊതുവായ സമീപനം. എന്നാല്‍, ഇതില്‍നിന്നു വ്യത്യസ്തമായി അടിസ്ഥാനമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുക എന്ന സമീപനം സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുകയാണ്. ഇതിന്റെ ഫലമായി കാര്‍ഷികമേഖലയില്‍ വന്നിട്ടുള്ള മാറ്റം കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. അഖിലേന്ത്യാതലത്തില്‍ കാര്‍ഷികവളര്‍ച്ച മുരടിച്ചപ്പോള്‍ കേരളത്തില്‍ 2.8 ശതമാനം വളര്‍ച്ച നേടുന്നതിന് നമുക്ക് കഴിഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റ് 40,000 കോടി രൂപ സംഭരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെ 200 കോടി രൂപ ലാഭത്തില്‍ എത്തിച്ചു എന്നു മാത്രമല്ല, 112 കോടി രൂപ ചെലവഴിച്ചുകൊണ്ട് പുതിയ വ്യവസായ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ ആരംഭിക്കുക എന്ന ബദല്‍നയവും സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുവച്ചു. സാമൂഹ്യസുരക്ഷാ പദ്ധതികളെ കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന നയമല്ല കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍, കേരളത്തില്‍ എല്ലാ വിഭാഗത്തിനും ക്ഷേമപെന്‍ഷന്‍ ഏര്‍പ്പെടുത്തിയെന്നു മാത്രമല്ല, അത് 300 രൂപയായി വര്‍ധിപ്പിക്കുക എന്ന നയത്തിലേക്കും സംസ്ഥാനസര്‍ക്കാര്‍ എത്തിച്ചേര്‍ന്നു. ഭക്ഷ്യസബ്സിഡി ഇനത്തില്‍ കൂടുതല്‍ തുക നീക്കിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാതിരുന്നപ്പോള്‍ 400 കോടി രൂപയിലേറെ ഒറ്റവര്‍ഷംകൊണ്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ഉപയോഗിച്ച സംസ്ഥാനസര്‍ക്കാരാണ് കേരളത്തിലുള്ളത്. സ്ത്രീകളുടെ പ്രശ്നവും പാരിസ്ഥിതിക പ്രശ്നങ്ങളും ഇന്ന് സജീവമായി ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, ഈ മേഖലയിലെ വികസനത്തിനായി ഒരു തരത്തിലുള്ള ഇടപെടലും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇടതുപക്ഷത്തിന്റെ കടുത്ത സമ്മര്‍ദത്തിന്റെ ഫലമായി വനിതാ സംവരണബില്‍ രാജ്യസഭയില്‍ പാസാക്കി എന്നല്ലാതെ മറ്റൊന്നും കോഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മാത്രമല്ല, ഇതിന്റെ പേരില്‍ യുപിഎതന്നെ ഭിന്നിക്കുന്ന നിലയുണ്ടായി. എന്നാല്‍, പരിസ്ഥിതി സംരക്ഷണത്തിന് 1000 കോടി രൂപയും സ്ത്രീകളുടെ ഉന്നമനത്തിനായി 620 കോടി രൂപയും സംസ്ഥാനസര്‍ക്കാര്‍ നീക്കിവയ്ക്കുകയുണ്ടായി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാ സംവരണം ഏര്‍പ്പെടുത്തിയ ആദ്യത്തെ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുകയും ചെയ്തു. സംസ്ഥാനങ്ങള്‍ ഇത്തരത്തിലുള്ള ബദല്‍നയങ്ങള്‍തന്നെ മുന്നോട്ടുവയ്ക്കുന്നതിനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്ന വിധമാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്. ധനകാര്യ കമീഷനുകളുടെ ശുപാര്‍ശകളില്‍ കേരളത്തിനുള്ള പങ്ക് അനുദിനം കുറഞ്ഞുവരികയാണ്. ഉന്നത വിദ്യാഭ്യാസമേഖലയ്ക്കുവേണ്ടിയുള്ള ദേശീയ കമീഷന്‍ ഈ മേഖലയില്‍ സംസ്ഥാനത്തിന്റെ പങ്ക് ഗണ്യമായി കുറയ്ക്കുകയാണ്. ഫെഡറലിസത്തെ തകര്‍ക്കുന്ന ഇത്തരം നയങ്ങളെയും ചെറുത്തുകൊണ്ടേ ബദല്‍ മുന്നോട്ടുവയ്ക്കാനുള്ള സാധ്യതകള്‍പോലും നിലനിര്‍ത്താനാകൂ. ഇത്തരത്തിലുള്ള നയങ്ങള്‍ തിരുത്തുന്നതിന് പ്രക്ഷോഭങ്ങളല്ലാതെ മറ്റു വഴികളില്ല. കേന്ദ്രസര്‍ക്കാര്‍ നയം തിരുത്തുന്നതുവരെയുള്ള പോരാട്ടമാണ് വിലക്കയറ്റത്തിന്റെയും ഭക്ഷ്യസുരക്ഷയുടെയും ഭാഗമായി രാജ്യത്ത് ഉയരാന്‍ പോകുന്നത്. അതിന്റെ ഭാഗമായി ഏപ്രില്‍ എട്ടിന് നടക്കുന്ന ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭത്തില്‍ എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

Monday, March 22, 2010

അമേരിക്കയിലെ യുദ്ധവിരുദ്ധ മുന്നേറ്റം

അമേരിക്കയിലെ യുദ്ധവിരുദ്ധ മുന്നേറ്റം.

ഇറാനെ ഉന്നംവച്ച് അമേരിക്ക നീങ്ങുന്നു. ഏഴുവര്‍ഷം മുമ്പ് ഇറാഖിലേക്ക് അതിക്രമിച്ചുകയറാനും നരമേധം നടത്താനും ഉപയോഗിച്ച അതേ തന്ത്രം ആവര്‍ത്തിക്കപ്പെടുന്നു. ഇറാനെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്രസമൂഹത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് അമേരിക്കന്‍ വിദേശ സെക്രട്ടറി ഹിലരി ക്ളിന്റ റഷ്യാ സന്ദര്‍ശന മധ്യേ പറഞ്ഞിട്ടുള്ളത്. ആണവോര്‍ജത്തിന്റെ മറവില്‍ ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണെന്ന് അമേരിക്ക പ്രവചിക്കുന്നു. ആണവോര്‍ജം ഉല്‍പ്പാദിപ്പിക്കുന്നത് സമാധാനപരമായ ആവശ്യത്തിനുവേണ്ടിയാണെങ്കില്‍ എന്തിനാണ് ഇറാന്‍ രഹസ്യസംവിധാനം ഒരുക്കുന്നതെന്നാണ് ഹിലരിയുടെ ചോദ്യം. ഇറാനുമേല്‍ കടുത്ത സമ്മര്‍ദമാണ് അമേരിക്ക ചെലുത്തുന്നത്. ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യത്തില്‍ ഗണ്യമായ വര്‍ധന വരുത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ ചുറ്റിയടിച്ച അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ് ഊന്നിയത്, ഇറാനെതിരെ ഉപരോധം വരിഞ്ഞുമുറുക്കുന്നതിലാണ്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക തുടരുന്ന യുദ്ധത്തിനെതിരെ വൈറ്റ് ഹൌസിനു മുന്നിലടക്കം ജനകീയ രോഷപ്രകടനം നടക്കുന്ന ഘട്ടത്തില്‍ത്തന്നെയാണ് മറ്റൊരു യുദ്ധമുഖം തുറക്കാനുള്ള അമേരിക്കയുടെ ബഹുമുഖ നീക്കമെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഏഴുകൊല്ലം മുമ്പ് ഇറാഖിനെ അമേരിക്കന്‍ പട അധിനിവേശിച്ചതിന്റെ ഓര്‍മനാളില്‍, യുഎസ് പട്ടാളത്താല്‍ കൊലചെയ്യപ്പെട്ടവരെ സ്മരിച്ചുകൊണ്ടാണ് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ പ്രകടനങ്ങള്‍ നടന്നത്. ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പതാക പുതപ്പിച്ച ശവപ്പെട്ടികളുമായി സ്വന്തം രാജ്യത്തിന്റെ യുദ്ധവെറിമൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രകടനക്കാര്‍ പ്രതീകാത്മകമായി അന്ത്യോപചാരമര്‍പ്പിച്ചു. ബുഷ് മാറി ഒബാമ വന്നപ്പോള്‍ ആശ്വസിച്ചിരുന്നവര്‍, ഒബാമയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍-അവരെല്ലാം നിരാശയോടെ വിളിച്ചുപറഞ്ഞത്, മാറിയത് വ്യക്തിമാത്രം; നയമല്ല എന്നാണ്. 4385 അമേരിക്കന്‍ പട്ടാളക്കാരാണ് ഏഴുകൊല്ലത്തിനകം ഇറാഖില്‍ ജീവന്‍ വെടിയേണ്ടിവന്നതെന്ന് ഒരു സ്വതന്ത്ര വെബ്സൈറ്റ് പറയുന്നു. അഫ്ഗാനിസ്ഥാനെതിരായ യുദ്ധത്തില്‍ മരണമടഞ്ഞ യുഎസ് പട്ടാളക്കാരുടെ എണ്ണം 1024 ആണ്. എന്നിട്ടും അമേരിക്ക പഠിക്കുന്നില്ല. യുദ്ധസന്നാഹങ്ങള്‍ ഇറാനുനേരെ തിരിച്ചുവച്ചിരിക്കുന്നു. ഇറാന്‍ പറയുന്നു, ഈ നീക്കം എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടുമാത്രമെന്ന്. ആഗോളവല്‍ക്കരണത്തെ നിലനിര്‍ത്തുന്നതിനും സ്വന്തം നിലനില്‍പ്പിനും പ്രത്യക്ഷ സൈനിക ഇടപെടലും ബലംപ്രയോഗിച്ചുള്ള സാമ്പത്തിക മാര്‍ഗങ്ങളുമാണ് അമേരിക്കന്‍ ആയുധം. ബുഷ് ഭരണകാലത്തെ ഏകപക്ഷീയമായ സമീപനം ഒബാമ ഭരണം ഉപേക്ഷിച്ചെന്ന പ്രതീതി നിലനിന്നിരുന്നു. എന്നാല്‍, ബുഷിന്റെ വഴിയേ തന്നെ ഒബാമയും എന്നാണ് യുദ്ധവിരുദ്ധ പ്രകടനത്തിനിറങ്ങിയ ശരാശരി അമേരിക്കക്കാരന്‍ പറയുന്നത്. ഇറാന്‍ പ്രശ്നത്തിലും അഫ്ഗാനിസ്ഥാന്‍ പ്രശ്നത്തിലും റഷ്യയെ നേരിടുന്നതിലും സഖ്യശക്തികളുടെ അനുമതി നേടാനുള്ള രാഷ്ട്രീയവും തന്ത്രപരവുമായ നീക്കത്തിലാണ് ഒബാമ. ബുഷിന്റെ ഏകപക്ഷീയ നിലപാടില്‍നിന്നുള്ള മാറ്റമാണത്. സമീപനത്തിന്റെയും ശൈലിയുടെയും കാര്യത്തിലേ വ്യത്യാസമുള്ളൂ; സാമ്രാജ്യത്വ തന്ത്രത്തില്‍ എന്തെങ്കിലും മാറ്റമുണ്ടായെന്ന അര്‍ഥം വരുന്ന സൂചനയൊന്നുമില്ല. ഒബാമ ഭരണകൂടം അഫ്ഗാനിസ്ഥാനെ പ്രധാന ശ്രദ്ധാ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. ദിനേന കൂടുതല്‍ ശക്തിയാര്‍ജിക്കുന്ന താലിബാന്‍ സൈന്യത്തിനുനേരെ അമേരിക്കയ്ക്ക് പിടിച്ചുനില്‍ക്കാനാകുന്നില്ല. അഫ്ഗാനിസ്ഥാനില്‍ ഒരു ലക്ഷം നാറ്റോ സൈനികരാണ് ഉള്ളത്. അതില്‍ 62,000 പേരും അമേരിക്കക്കാരാണ്. അഫ്ഗാനിലെ യുദ്ധത്തില്‍ പാകിസ്ഥാനു നിര്‍ണായകമായ സ്ഥാനമാണ് അമേരിക്ക കല്‍പ്പിക്കുന്നത്. അതിര്‍ത്തി പ്രവിശ്യകളില്‍ താലിബാനെ നേരിടുന്നതിന് പാകിസ്ഥാന്‍ അനിവാര്യമാണെന്ന് ഒബാമ തിരിച്ചറിയുന്നു. എന്നാല്‍, പാകിസ്ഥാനില്‍ യുദ്ധത്തിന്റെ കെടുതികള്‍കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ അമേരിക്കാ വിരുദ്ധ വികാരമാണ് ഉയര്‍ത്തുന്നത്. നിരപരാധികള്‍ നാറ്റോ സൈന്യത്താല്‍ കൊല്ലപ്പെടുന്നത് അവര്‍ക്ക് പൊറുക്കാനാകുന്നില്ല. നേതൃനിരയിലെ ഇരുപതോളം പേരെ വധിക്കാന്‍ കഴിഞ്ഞത് താലിബാന്റെ വീര്യം കുറച്ചെന്നാണ് അമേരിക്ക ഒടുവില്‍ ആശ്വസിക്കുന്നത്. എന്നാല്‍, അഫ്ഗാന്‍ യുദ്ധവും അഫ്ഗാനിസ്ഥാനോടും പാകിസ്ഥാനോടും സ്വീകരിക്കുന്ന തെറ്റായ നയങ്ങളും തിരിച്ചടിച്ചുതുടങ്ങി എന്നുതന്നെ തെളിയിക്കുന്നതാണ് അമേരിക്കന്‍ ജനത യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ അനുഭവം. ഈ പരിതഃസ്ഥിതിയില്‍ ഇന്ത്യയുടെ അവസ്ഥയാണ് പരിതാപകരമാകുന്നത്. ഇന്ന് ഇന്ത്യ, അമേരിക്കയുടെ ഏഷ്യന്‍ തന്ത്രത്തില്‍ സുപ്രധാന കൂട്ടാളിയായാണ് കണക്കാക്കപ്പെടുന്നത്. ആഗോളതലത്തില്‍ പ്രധാന പ്രതിയോഗി ചൈനയായിരിക്കുമെന്നും ചൈനയ്ക്കെതിരായ പ്രതിശക്തി എന്ന നിലയിലാണ് ഇന്ത്യയെ കാണുന്നതെന്നും അമേരിക്ക പറഞ്ഞുകഴിഞ്ഞു. അമേരിക്കയുടെ സങ്കുചിതമായ താല്‍പ്പര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ത്യയെ യുപിഎ ഗവര്‍മെന്റ് സാമ്രാജ്യത്വത്തിന് അടിയറവയ്ക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ തന്ത്രപരമായ സഖ്യം അമേരിക്കയില്‍പ്പോലും ജനങ്ങള്‍ തിരസ്കരിക്കുന്ന കാടന്‍ സമീപനമാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. അമേരിക്കന്‍ താല്‍പ്പര്യാനുസരണം നിയമനിര്‍മാണത്തിനും അന്താരാഷ്ട്ര ഇടപെടലുകള്‍ക്കും താല്‍പ്പര്യം കാണിക്കുന്ന യുപിഎ സര്‍ക്കാര്‍ നാശത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ആവര്‍ത്തിച്ചുതെളിയുകയാണ് ഇവിടെ. ഇറാഖിലും ഇറാനിലും അഫ്ഗാനിസ്ഥാനിലും ലോകത്തിന്റെ ഇതര കോണുകളിലും സാമ്രാജ്യത്വത്തിന്റെ യുദ്ധവെറിക്കിരയായി മരിച്ചുവീഴുന്നവരോടുള്ള ആദരവും കൊലയാളികള്‍ക്കെതിരായ രോഷവുമാണ് അമേരിക്കയിലെ യുദ്ധവിരുദ്ധ പ്രകടനങ്ങളില്‍ മുഴങ്ങിയത്. ആ വികാരം തീര്‍ച്ചയായും ഇന്ത്യക്കാരന്റേതുമാണ്. ഇന്നാട്ടിലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് അതു കരുത്തുപകരുക തന്നെ ചെയ്യും.
from deshabhimani

Sunday, March 21, 2010

എ കെ ജി ജനങ്ങള്‍ക്കൊപ്പം നിന്ന പോരാളി

എ കെ ജി ജനങ്ങള്‍ക്കൊപ്പം നിന്ന പോരാളി

പിണറായി വിജയന്‍


പ്രക്ഷോഭങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ളവകാരിയാണ് എ കെ ജി. ആ സമരജീവിതം കമ്യൂണിസ്റുകാരെ നിരന്തരം ആവേശഭരിതമാക്കുന്നു. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ എ കെ ജി വിട്ടുപിരിഞ്ഞിട്ട് 33 വര്‍ഷം പൂര്‍ത്തിയാകുകയാണ്. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ് പാര്‍ടിയിലും നേതൃപരമായ പങ്കാണ് എ കെ ജി വഹിച്ചത്. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് നവോത്ഥാനപോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഗുരുവായൂര്‍, പാലിയം സമരങ്ങളില്‍ എ കെ ജി നേതൃനിരയില്‍ തന്നെ ഉണ്ടായിരുന്നു. അക്കാലത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ സമരത്തിലെ സുപ്രധാനമായ അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും അതിലുണ്ടായ ഭീകരമായ മര്‍ദനവും. സ. എ കെ ജി ഈ സമരത്തിന്റെയും മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഇഴുകിച്ചേര്‍ന്ന ബന്ധമാണ് എ കെ ജിയെ 'പാവങ്ങളുടെ പടത്തലവനാ'ക്കിയത്. താന്‍ പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും പതിപ്പിച്ച തനതായ വ്യക്തിമുദ്രയാണ് എ കെ ജി ഒരു പ്രസ്ഥാനമാണെന്ന വിശേഷണത്തിന് ഇടയാക്കിയത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായിരുന്നു എ കെ ജി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്ത മാതൃകാ കമ്യൂണിസ്റായിരുന്നു സഖാവ്. ഇന്ത്യന്‍ പാര്‍ലമെന്റിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കമ്യൂണിസ്റുകാര്‍ക്ക് എന്നും മാര്‍ഗനിര്‍ദേശകമാണ്. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ കെ ജി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും എ കെ ജി സജീവമായി മുഴുകിയിരുന്നു. അടിയന്തരാവസ്ഥയിലൂടെ അമിതാധികാര വാഴ്ച നടപ്പാക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. ഭൂമിക്കുവേണ്ടി ഇന്ത്യയില്‍ നടന്ന സമരപോരാട്ടങ്ങളില്‍ നേതൃനിരയില്‍ തന്നെ എ കെ ജി ഉണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കാര്‍ഷികഭൂമിയിലും ബിഹാറിലെ ഗ്രാമീണമേഖലയിലും മരുഭൂമികളുടെ നാടായ രാജസ്ഥാനിലും നടന്ന പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായിരുന്നു എ കെ ജി. കേരളത്തില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ ജനങ്ങള്‍ക്കൊപ്പം എ കെ ജിയും ഉണ്ടായിരുന്നു. മുടവന്‍മകുള്‍ മിച്ചഭൂമി സമരം ഇക്കാര്യത്തില്‍ എടുത്തുപറയേണ്ടതാണ്. ഇടുക്കിയില്‍ കര്‍ഷകജനത അവരുടെ ഭൂമിയില്‍നിന്നു പിഴുതെറിയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പംനിന്ന് എ കെ ജി നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക എന്ന കമ്യൂണിസ്റ് പാര്‍ടിയുടെ കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുന്നതിനു മുന്‍നിരയില്‍നിന്ന് എ കെ ജി പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ് പാര്‍ടിയുടെ ഈ സമീപനത്തിന്റെ ഭാഗമായിട്ടാണ് ഭരണത്തിലിരിക്കുമ്പോഴും അല്ലാത്തപ്പോഴും നിയമനിര്‍മാണത്തിലൂടെയും സമരത്തിലൂടെയും പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത്. അതുകൊണ്ടാണ് 1957ല്‍ ഇ എം എസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ് മന്ത്രിസഭ കുടിയൊഴിപ്പിക്കലിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കുടികിടപ്പുകാരന് കൈവശാധികാരം ഉറപ്പാക്കുന്ന വകുപ്പുകള്‍ അതിലുണ്ടായിരുന്നു. ഇതിലൂടെ 26.05 ലക്ഷം കുടിയാന്മാര്‍ക്ക് സ്ഥിരാവകാശം ലഭിച്ചു. എന്നാല്‍, ആ സര്‍ക്കാരിനെ തന്നെ അട്ടിമറിക്കുന്നതിനാണ് വലതുപക്ഷ ശക്തികള്‍ തയ്യാറായത്. മാത്രമല്ല, നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നടപടികളും സ്വീകരിച്ചു. നിയമസഭ പാസാക്കിയ നിയമത്തിന് രാഷ്ട്രപതിയുടെ അംഗീകാരം വച്ചുതാമസിപ്പിക്കുക, കോടതികളിലൂടെ നിയമവ്യവസ്ഥയെ ചോദ്യംചെയ്യുക, ഭരണാധികാരം ഉപയോഗിച്ച് നിയമത്തില്‍ പഴുതുകള്‍ ഉണ്ടാക്കുക എന്നിവയായിരുന്നു അക്കാലത്ത് വലതുപക്ഷശക്തികള്‍ ചെയ്തത്. ഇതിലൂടെ മിച്ചഭൂമിയുടെ അളവും ഗണ്യമായ തോതില്‍ കുറയുകയും ചെയ്തു. നേരത്തെ പ്രഖ്യാപിച്ച മിച്ചഭൂമിയുടെ 30 ശതമാനം മാത്രമാണ് ഇതിന്റെ പരിധിയില്‍ പിന്നീടു വന്നത്. ഇത്തരത്തില്‍ മിച്ചഭൂമി ഭൂരഹിതര്‍ക്കും ദളിത്-ആദിവാസി വിഭാഗങ്ങള്‍ക്കും വിതരണം ചെയ്യാനുള്ള പാര്‍ടിയുടെ കാഴ്ചപ്പാട് വലതുപക്ഷ ഇടപെടല്‍ കാരണം പ്രായോഗികമായില്ല. ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കിയത് വലതുപക്ഷത്തിന്റെ ഈ ഇടപെടലാണെന്നര്‍ഥം. 1967ലെ മന്ത്രിസഭ പാസാക്കിയ നിയമം കുടികിടപ്പുകാരന് കൈവശാവകാശം ഉറപ്പുവരുത്തി. ഈ നിയമം പ്രാവര്‍ത്തികമാക്കുന്നതിന് പിന്നീട് വലിയ പ്രക്ഷോഭം കേരളത്തില്‍ ഉയര്‍ന്നുവരികയുണ്ടായി. ഇത്തരം ഇടപെടലിലൂടെ 3,21,093 പേര്‍ക്ക് കൈവശാവകാശം ലഭിച്ചു. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാനുള്ള പോരാട്ടം കമ്യൂണിസ്റുകാര്‍ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. കേരളത്തില്‍ ആരംഭകാലം തൊട്ടുതന്നെ ഇതിനായുള്ള പ്രവര്‍ത്തനം പാര്‍ടി നടത്തിയിരുന്നു. ഈ സമീപനത്തിന്റെ അടിസ്ഥാനത്തിലാണ് വയനാട്ടിലും മറ്റും നടക്കുന്ന ഭൂസമരത്തെ പാര്‍ടി പിന്തുണയ്ക്കുന്നത്. ഭൂരഹിതര്‍ക്ക് ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന ഈ സമരം ഏതെങ്കിലും ജനവിഭാഗത്തിനെതിരായുള്ള പോരാട്ടമല്ല. മറിച്ച് ഈ മണ്ണില്‍ പിറന്നവര്‍ക്ക് ഇവിടെ ജീവിക്കാനുള്ള അവകാശം ഉറപ്പിക്കാനുള്ള സമരമാണ്. സമരം രാഷ്ട്രീയ പ്രേരിതമാണെന്നു വരുത്തി തീര്‍ക്കാനാണ് യുഡിഎഫിന്റെ പരിശ്രമം. എന്നാല്‍, ഇത് വസ്തുതയുമായി ഒരു ബന്ധവുമില്ലാത്തതാണ്. വയനാട്ടില്‍ ആദിവാസികള്‍ സമരം നടത്തുന്ന ഭൂമി സര്‍ക്കാരില്‍നിന്നു തട്ടിയെടുത്തതാണെന്ന് ഭരണാധികാരി ആയിരിക്കെ ഉമ്മന്‍ചാണ്ടി തന്നെയാണ് നിയമസഭയില്‍ പ്രഖ്യാപിച്ചത്. വന്‍കിട ഭൂഉടമകള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുകിട്ടാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതിയുടെ വിധി ഉണ്ട്. വസ്തുത ഇതായിരിക്കെ ഇപ്പോള്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ പ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിച്ച് യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ശ്രമം മാത്രമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ആദിവാസികളുടെയും ഭൂരഹിതരുടെയും പ്രശ്നങ്ങളോട് അനുഭാവപൂര്‍ണമായ സമീപനമാണ് കേരളത്തിലെ സര്‍ക്കാരിനുള്ളത്. ചെങ്ങറയില്‍ സമരം നടന്നപ്പോള്‍ അതിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തി ഇടതുപക്ഷ സര്‍ക്കാരിനെ കരിവാരിത്തേക്കാനുള്ള നിലപാടാണ് ഇവിടെ ഭൂരിപക്ഷം മാധ്യമങ്ങളും ഇടതു തീവ്രവാദികളും വലതുപക്ഷ ശക്തികളും ചേര്‍ന്ന് നടത്തിയത്. ആ സമരത്തിന്റെ പിന്നിലുള്ള രാഷ്ട്രീയത്തോടു തികഞ്ഞ വിയോജിപ്പായിരുന്നു പാര്‍ടിക്കുണ്ടായിരുന്നത്. എങ്കിലും ഭൂപ്രശ്നം എന്ന നിലയില്‍ അത് ചര്‍ച്ചയിലൂടെ പരിഹരിക്കുക എന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. യുഡിഎഫ് ഭരിക്കുന്ന കാലത്ത് മുത്തങ്ങയില്‍ ആദിവാസികള്‍ നടത്തിയ ഭൂമിക്കുവേണ്ടിയുള്ള സമരത്തെ എങ്ങനെയാണ് യുഡിഎഫ് നേരിട്ടതെന്നത് ഓര്‍ക്കേണ്ടതുണ്ട്. ആദിവാസികള്‍ക്കു നേരെ വെടിയുതിര്‍ത്തു; ഒരു ആദിവാസി കൊല്ലപ്പെട്ടു. ക്രൂരമായ മര്‍ദനവും കള്ളക്കേസുകളും അവര്‍ക്കു നേരെ ചുമത്തപ്പെട്ടു. പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ ആശ്രിതയ്ക്ക് തൊഴില്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന കാര്യവും എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ തമ്മിലുള്ള നയവ്യത്യാസത്തിന്റെ മറ്റൊരു ഉദാഹരണമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷവും സര്‍ക്കാരിന്റെ പരിമിതികള്‍ക്കകത്തുനിന്നുകൊണ്ട് ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്കും ഭൂരഹിതര്‍ക്കും ഭൂമി ലഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. ആദിവാസികള്‍ ഉള്‍പ്പെടെ 1,02,000 കുടുംബത്തിന് 30,000 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ വിതരണം ചെയ്തത്. 12,000 ഏക്കര്‍ ഭൂമി മൂന്നാര്‍ കൈയേറ്റക്കാരില്‍നിന്നു തിരിച്ചുപിടിച്ച് ഭൂബാങ്കില്‍ നിക്ഷേപിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ് ഉണ്ടായത്. ഒരിഞ്ച് ഭൂമി പോലും ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്. കേരളത്തിന്റെ ഭൂപ്രശ്നത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കേരളത്തിലെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്കെതിരായുള്ള സമീപനമാണ് കോഗ്രസ് സര്‍ക്കാരുകള്‍ എക്കാലവും സ്വീകരിച്ചതെന്ന് വ്യക്തമാകും. കാര്‍ഷികമേഖലയെ മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനുതകുന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഈ നയത്തിന്റെ ഫലമായി കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞു. കാര്‍ഷികോല്‍പ്പാദനം 2.8 ശതമാനം വര്‍ധിച്ചു. ഉല്‍പ്പാദനക്ഷമതയും വലിയതോതില്‍ വര്‍ധിക്കുകയുണ്ടായി. ഈ മേഖലയെ ഇനിയും മുന്നോട്ടു കൊണ്ടുപോകുക എന്ന സമീപനമാണ് സംസ്ഥാന ബജറ്റ് സ്വീകരിച്ചിരിക്കുന്നത്. കാര്‍ഷികമേഖലയ്ക്കു വേണ്ടിയുള്ള നീക്കിവയ്പില്‍ 50 ശതമാനത്തിന്റെ വര്‍ധനയാണ് നടത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ നടത്തുന്ന ഇത്തരം ഇടപെടലുകളെ തകിടംമറിക്കുന്ന തരത്തിലാണ് ആസിയന്‍ കരാറുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇതിനെതിരായുള്ള പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഇന്ത്യയിലെ കാര്‍ഷികമേഖലയില്‍ വിവിധ തരങ്ങളായ പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായി സ. എ കെ ജി പ്രവര്‍ത്തിച്ചിരുന്നു. ഈ മേഖലയിലെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത്് പാര്‍ടി നടത്തുന്ന പോരാട്ടങ്ങള്‍ക്ക് എ കെ ജിയുടെ ഓര്‍മകള്‍ നമുക്ക് കരുത്താകും. ഈ നാട്ടിലെ ഭൂരഹിതരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ കൂടുതല്‍ കരുത്തോടെ ഏറ്റെടുത്തു മുന്നോട്ടുപോകുമെന്ന പ്രതിജ്ഞയാണ് ഈ ദിനത്തില്‍ നമുക്ക് ഏറ്റെടുക്കാനുള്ളത്.
From deshabhimani

Friday, March 19, 2010

ഇ.എം.എസ്-എ.കെ.ജി അനുസ്മരണം

ഇ.എം.എസ്-എ.കെ.ജി അനുസ്മരണം.



ഓരോ രാജ്യത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് മാര്‍ക്സിസ്റ്-ലെനിനിസ്റ് സിദ്ധാന്തം പ്രയോഗിക്കേണ്ടത്. നാടിന്റെ സവിശേഷതകളെ മനസ്സിലാക്കിക്കൊണ്ട് നടത്തുന്ന ഇടപെടല്‍ സാമൂഹ്യ വികാസത്തിന് ഏറെ സഹായകമായിത്തീരുകയും ചെയ്യും. ഇത്തരത്തില്‍ മാര്‍ക്സിസത്തെ ഇന്ത്യന്‍ സാഹചര്യത്തിനനുസരിച്ച് പ്രയോഗിക്കുന്നതില്‍ തനതായ സംഭാവന ചെയ്ത സൈദ്ധാന്തികനാണ് സ: ഇ.എം.എസ്.സൈദ്ധാന്തികമായ ഇത്തരം ഉള്‍ക്കാഴ്ചകള്‍ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കുകയും അതനുസരിച്ച് ജനങ്ങളെ സമരോത്സുകരാക്കുകയും ചെയ്യുക എന്നതും ഏറെ പ്രധാനമാണ്. ഈ പ്രക്രിയയിലൂടെ ജനങ്ങളുടെ ബോധത്തെ മുന്നോട്ടുനയിക്കുക എന്ന കടമ സ: എ.കെ.ജി വിജയകരമായി നിര്‍വ്വഹിച്ചു.ഇങ്ങനെ മാര്‍ക്സിസ്റ് സിദ്ധാന്തത്തെ നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയെടുത്ത് അത് ജനങ്ങളുടെ ഹൃദയങ്ങളില്‍ ആണ്ടിറങ്ങുന്ന വികാരമായും തിരിച്ചറിവായും മാറ്റി എടുത്തു എന്നതാണ് എ.കെ.ജിയും ഇ.എം.എസും ചെയ്ത സുപ്രധാനമായ ദൌത്യം. ഇതിന്റെ ഫലമായാണ്ഉന്നതമായ ജനാധിപത്യബോധവും മെച്ചപ്പെട്ട ജീവിതസാഹചര്യവും നിലനില്‍ക്കുന്ന ഇന്നത്തെ കേരളം രൂപം കൊണ്ടത്.ത്യാഗിവര്യരായ ഈ സഖാക്കളുടെ സംഭാവനകളെ വിശദമായി പ്രതിപാദിക്കുക ഈ ചെറിയ ലേഖനത്തില്‍ അസാധ്യമാണ്. സ്വാമിവിവേകാനന്ദന്‍ കേരളത്തെ വിശേഷിപ്പിച്ചത് ഭ്രാന്താലയം എന്നായിരുന്നു. ആ നിലയില്‍നിന്നിരുന്ന കേരളത്തെ ഇന്നത്തെ രൂപത്തില്‍ മാറ്റിയെടുക്കുന്നതിന് നേതൃത്വം നല്‍കുന്നതില്‍ സുപ്രധാനമായ പങ്കാണ് ഇ.എം.എസ് നിര്‍വ്വഹിച്ചത്. ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂട്ടിനകത്തായിരുന്നു അന്ന് കേരളജനത കഴിഞ്ഞിരുന്നത്. ജാതീയവും മതപരവുമായ ചിന്തകളില്‍ കുരുങ്ങിക്കിടന്ന ജനതയെ വര്‍ഗപരമായ കാഴ്ചപ്പാടോടുകൂടി സംഘടിപ്പിക്കുന്നതിന് ആശയപരമായ നേതൃത്വം നല്‍കി എന്നതാണ് ഇ.എം.എസിന്റെ സുപ്രധാനമായ സംഭാവനകളിലൊന്ന്.വര്‍ത്തമാനകാലത്തും ജാതീയവും വര്‍ഗീയവുമായ സ്വത്വരാഷ്ട്രീയത്തിന്റെ ചുവടുപിടിച്ചുകൊണ്ട് പുരോഗമനപരം എന്ന മുഖംമൂടിയണിഞ്ഞുകൊണ്ട് പലരും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടുകൂടിയാണ് ഇത്തരമൊരു ആശയം ശക്തിപ്രാപിച്ചത്. പഴയ നക്സലൈറ്റ് നേതാക്കളില്‍ പലരും ഇതിനുസമാനമായ കാഴ്ചപ്പാട് മുന്നോട്ടുവെച്ചുകൊണ്ട് മുമ്പുതന്നെ കടന്നുവരികയുണ്ടായി. കമ്മ്യൂണിസ്റുകാരന്റെ ജനാധിപത്യ സങ്കല്‍പ്പത്തെ ഇത്തരത്തിലുള്ള സ്വത്വരാഷ്ട്രീയ നിലപാടുകളുമായി യോജിപ്പിക്കാന്‍ വേണ്ടിയുള്ള പരിശ്രമവും അവര്‍ നടത്തുകയുണ്ടായി. ഇതിനെതിരെ ശക്തമായ സൈദ്ധാന്തിക ആക്രമണമാണ് ഇ.എം.എസ് നടത്തിയത്. എന്നാല്‍ ഇന്ന് വീണ്ടും സ്വത്വവാദികള്‍ പഴയ ആശയങ്ങള്‍ പുതിയ കുപ്പികളില്‍ നിറച്ച് രംഗപ്രവേശം ചെയ്യുന്നുണ്ട്. സ്വത്വബോധം മുമ്പുണ്ടായിരുന്നുവെങ്കിലും അത് സ്വത്വരാഷ്ട്രീയമാക്കി പരിവര്‍ത്തിച്ച് പ്രയോഗിക്കുകയാണ് സാമ്രാജ്യത്വശക്തികള്‍. ആ സാമ്രാജ്യത്വ രാഷ്ട്രീയത്തിന്റെ ഇരകളായി നമ്മുടെ നാട്ടില്‍ പലരും മാറിയിട്ടുണ്ട്. ഇതിലൂടെ കേരളത്തില്‍ കമ്മ്യൂണിസ്റുകാര്‍ വളര്‍ത്തിയെടുത്ത വര്‍ഗപരമായ യോജിപ്പിന്റെ രാഷ്ട്രീയം തകര്‍ക്കുന്നതിനുള്ള പരിശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ജാഗ്രത പുലര്‍ത്തുക എന്നത് വര്‍ഗ രാഷ്ട്രീയ സമീപനം മുന്നോട്ടുകൊണ്ടുപോകുന്നതിന് അനിവാര്യമാണ്. ജാതിരഹിതവും മതേതരവുമായ കേരളം കെട്ടിപ്പടുക്കുക എന്ന ഇ.എം.എസിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് ഈ സമീപനം അത്യന്താപേക്ഷിതമാണ്.കേരളത്തിന്റെ ഭാഷാപരമായ സവിശേഷതകളെയും സംസ്കാരങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് ഇ.എം.എസ് എഴുതിയ പുസ്തകമാണ് 'കേരളം മലയാളികളുടെ മാതൃഭൂമി' എന്നുള്ളത്. കേരളജനതയുടെ സവിശേഷതകളെ വിശകലനം ചെയ്തുകൊണ്ട് എഴുതപ്പെട്ട ഈ പുസ്തകം ഭാഷാപരമായപ്രത്യേകതയുടെയും കേരളത്തിന്റെ സാംസ്കാരിക സവിശേഷതകളുടെയും സാമ്പത്തിക-രാഷ്ട്രീയ ഘടകങ്ങളെ വിശകലനം ചെയ്യുന്നതാണ്. ഇത്തരത്തിലുള്ള വിശകലനത്തിലൂടെ ആധുനിക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും ഇ.എം.എസ് മുന്നോട്ടുവച്ചിരുന്നു. ഭാവികേരളം ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും കുത്തക മുതലാളിത്തത്തിനും എതിരായുള്ള ഒന്നാവണം എന്ന സമീപനവും അദ്ദേഹത്തിനുണ്ടായിരുന്നു. കൊച്ചിരാജാവിന്റെ ഐക്യകേരളം എന്ന സങ്കല്‍പ്പത്തെഎതിര്‍ത്തുകൊണ്ട് ഇ.എം.എസ് എഴുതിയ കൊച്ചി രാജാവിന്റെ ഐക്യകേരളം ബ്രിട്ടീഷ്കമ്മട്ടത്തില്‍ അടിച്ച കള്ളനാണയം എന്ന ലഘുലേഖ യഥാര്‍ത്ഥത്തില്‍ ആധുനിക കേരളത്തെ സംബന്ധിച്ചുള്ള ഒരു രൂപരേഖ തന്നെയായിരുന്നു.ഈ രൂപരേഖയുടെ അടിസ്ഥാനത്തില്‍ കേരളത്തെ രൂപപ്പെടുത്തുവാനുള്ള സാഹചര്യവും ഇ.എം.എസിന് ലഭിക്കുകയുണ്ടായി. 1957 ലെ കേരളത്തിലെ ഒന്നാമത്തെ മന്ത്രിസഭയുടെതലവന്‍ എന്ന നിലയില്‍ ഈ കാഴ്ചപ്പാടിനെ പ്രായോഗികമാക്കുന്നതിനും അദ്ദേഹത്തിനു കഴിഞ്ഞു. ജന്മിത്വത്തിന്റെ കടയ്ക്കല്‍ കത്തിവെച്ചുകൊണ്ട് പുറപ്പെടുവിച്ച ഓര്‍ഡിനന്‍സുകള്‍ ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ് വെളിച്ചംവീശുന്നത്. ആഗോളവല്‍ക്കരണ കാലഘട്ടം കേരള വികസനത്തിന് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തിയപ്പോള്‍ അത് എങ്ങനെ തരണം ചെയ്യണം എന്ന് കണ്ടെത്തുവാനുള്ള ഇടപെടലും ഇ.എം.എസ് നടത്തുകയുണ്ടായി. എ.കെ.ജി പഠന ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് ഈകാര്യത്തിലേക്കാണ് ശ്രദ്ധ ഊന്നിയത്. ഇങ്ങനെ കാലത്തിനൊപ്പം വളരുക മാത്രമല്ലആ വളര്‍ച്ചയ്ക്ക് നേതൃത്വപരമായ പങ്ക് നല്‍കുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഇ.എം.എസിന്റേത്. ചരിത്രത്തിനു മുമ്പേ നടന്നയാള്‍ എന്നവിശേഷണം ഇതുകൊണ്ടുതന്നെയാണ് ഇ.എം.എസിന് ഇണങ്ങുന്നത്.പാവങ്ങളുടെ പടത്തലവന്‍ എന്നത് എ.കെ.ജിയുടെ ഒരു വിശേഷണം മാത്രമല്ല. മറിച്ച്,സഖാവിന്റെ പ്രവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുന്ന യഥാര്‍ത്ഥ വാചകം തന്നെയാണ്. ജനങ്ങള്‍ക്കൊപ്പം നിന്ന് അവരില്‍നിന്ന് പഠിച്ച് അവരെ നയിച്ച കമ്മ്യൂണിസ്റായിരുന്നു എ.കെ.ജി. അതുകൊണ്ടുതന്നെ സഖാവിന്റെ ജീവിതം സമരപോരാട്ടങ്ങളുടെ നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ്. പാവപ്പെട്ട ജനതയുടെ പ്രശ്നങ്ങളില്‍ ആണ്ടിറങ്ങുക എന്നതും എ.കെ.ജിയുടെ സവിശേഷമായ സ്വഭാവം തന്നെയായിരുന്നു.നവോത്ഥാന പ്രസ്ഥാനമാണ് ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനപരമായ ചലനങ്ങള്‍ മുന്നോട്ടുവച്ചത്. അതിന്റെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു സ്ഥാനമാണ് ഗുരുവായൂര്‍ സത്യാഗ്രഹത്തിനുള്ളത്. ആ സത്യാഗ്രഹസമരം നവോത്ഥാന കേരളത്തിന്റെ സമരകാഹളം തന്നെയായിരുന്നു. ആ സമരത്തില്‍ വളണ്ടിയര്‍ ക്യാപ്ടനായി എ.കെ.ജി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ് പ്രസ്ഥാനത്തിലുംകമ്മ്യൂണിസ്റ് പ്രസ്ഥാനത്തിലും സജീവമായി സഖാവ് നിറഞ്ഞുനിന്നു. അക്കാലത്ത് ജാതിവ്യവസ്ഥയ്ക്കെതിരായി നടത്തിയ സമരത്തിലെ സുപ്രധാനമായ അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും അതിനെത്തുടര്‍ന്നുണ്ടായ ഭീകരമര്‍ദ്ദനവും.കര്‍ഷകജനതയുടെ സമരപോരാട്ടങ്ങള്‍ രാജ്യത്തെമ്പാടും ഉയര്‍ന്നുവന്നപ്പോള്‍അതിന്റെ നേതൃസ്ഥാനത്തും എ.കെ.ജി ഉണ്ടായിരുന്നു. രാജസ്ഥാനിലെ ഗംഗാനഗറിലും ഉത്തര്‍പ്രദേശിലെ ഗ്രാമീണമമേഖലയിലും ബീഹാറിലെ കാര്‍ഷിക ഭൂമിയിലും സഖാവ് കര്‍ഷകര്‍ക്കൊപ്പം നിന്ന് പൊരുതി. കേരളത്തില്‍ നടന്ന ഐതിഹാസികമായ മിച്ചഭൂമിസമരത്തില്‍ അടിസ്ഥാന ജനവിഭാഗത്തോടൊപ്പം പോര്‍നിലങ്ങളില്‍ എ.കെ.ജി സജീവ നേതൃത്വമായിരുന്നു. മുടവന്‍മുഗള്‍ മിച്ചഭൂമി സമരം എടുത്തുപറയേണ്ടതാണ്. ഇടുക്കിയില്‍ മണ്ണില്‍ പൊന്നുവിളയിച്ച കര്‍ഷകജനത ഭൂമിയില്‍നിന്ന് എടുത്തെറിയപ്പെടുന്ന സാഹചര്യം സംജാതമായപ്പോള്‍ അവിടെ അവര്‍ക്കൊപ്പം നിന്ന് എകെ ജി നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ചവയായിരുന്നു.കിടപ്പാടമില്ലാത്തവര്‍ക്ക് ഭൂമി നല്‍കുക എന്നത് കമ്മ്യൂണിസ്റുകാരുടെ എക്കാലത്തെയും മുദ്രാവാക്യമായിരുന്നു. അതുകൊണ്ടാണ് 1957 ലെ ഒന്നാമത്തെ കമ്മ്യൂണിസ്റ് മന്ത്രിസഭ കുടിയൊഴിപ്പിക്കലിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ആ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തെ അട്ടിമറിക്കാനാണ് പിന്നീട് വന്ന വലതുപക്ഷ മന്ത്രിസഭ ശ്രമിച്ചത്. ഇതിനെയെല്ലാം മറികടന്നുകൊണ്ടാണ് 1967 ല്‍ അധികാരത്തില്‍ വന്ന രണ്ടാം ഇ.എം.എസ് മന്ത്രിസഭ സമഗ്രമായ കാര്‍ഷിക പരിഷ്കരണ നിയമം കൊണ്ടുവന്നത്. കമ്മ്യൂണിസ്റ് പാര്‍ടിയുടെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് മിച്ചഭൂമിയായി പ്രഖ്യാപിച്ച ഇടങ്ങള്‍ പോലും സമ്പന്നരുടെ കൈകളിലേക്ക് തിരിച്ചുനല്‍കുന്നതിനുള്ള നിയമങ്ങളാണ് വലതുപക്ഷ കക്ഷികള്‍ കേരളത്തില്‍ നടപ്പിലാക്കിയത്. അതുകൊണ്ട് മിച്ചഭൂമിയുടെ അളവ് കുറഞ്ഞുവന്ന നിലയുണ്ടായി. അതിന്റെ ഫലമായി ആദിവാസികളും ദളിതരും ഉള്‍പ്പെടെയുള്ള ഭൂരഹിതര്‍ക്ക് ഇവ പതിച്ചുനല്‍കുക എന്ന കമ്മ്യൂണിസ്റ് സര്‍ക്കാരിന്റെ കാഴ്ചപ്പാട് പ്രാവര്‍ത്തികമായില്ല. 1967 ലെ ബില്ല് തന്നെ പ്രായോഗികമാക്കുന്നതിന് 1970-ല്‍ വലിയ പ്രക്ഷോഭത്തിന് കേരളം സാക്ഷ്യം വഹിച്ചു. ഈ പോരാട്ടങ്ങളിലും നേതൃനിരയില്‍ത്തന്നെ എ.കെ.ജി ഉണ്ടായിരുന്നു.നിയമം നിലനില്‍ക്കുന്നു എന്നതുകൊണ്ടുമാത്രം പാവപ്പെട്ടവര്‍ക്ക് ഭൂമി ലഭിച്ചുകൊള്ളണമെന്നില്ല. ബ്യൂറോക്രസിയുടെയും കോടതികളുടെയും ഇടപെടലുകളെ എല്ലാം മറികടന്നുവേണം ഇത് പ്രായോഗികമാവാന്‍. അതുകൊണ്ടുതന്നെ നിയമം പ്രായോഗികമാക്കുന്നതിനുള്ള ജനകീയ മുന്നേറ്റം അനിവാര്യമാണെന്നാണ് അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഭരണവും സമരവുമെന്ന ഇ.എം.എസിന്റെ പ്രസിദ്ധമായ കാഴ്ചപ്പാട് ഈ പശ്ചാത്തലത്തിലാണ് നാം കാണേണ്ടത്. ചരിത്രത്തിലെ ഇത്തരം അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടാണ് കമ്മ്യൂണിസ്റുകാര്‍ മുന്നോട്ടുപോകുന്നത്. എ.കെ.ജിയും ഇ.എം.എസും തങ്ങളുടെ ജീവിതം കൊണ്ട് കാണിച്ചുതന്ന ഈ മാതൃക കേരളത്തിലെ കമ്മ്യൂണിസ്റുകാര്‍ പിന്തുടരുകയാണ്.ഈ കാഴ്ചപ്പാടിന്റെ ഭാഗമായിട്ടാണ് വയനാട്ടിലെ ഭൂസമരവും നടക്കുന്നത്. എ.കെ.എസിന്റെ നേതൃത്വത്തില്‍ ആദിവാസികള്‍ കുടില്‍ കെട്ടിയത് ഇതിന്റെ ഫലമാണ്. ആ ഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നുമുള്ള ആവശ്യമാണ് ഈ പ്രക്ഷോഭം ഉന്നയിക്കുന്നത്. ഇത് ഏതെങ്കിലും ജനവിഭാഗത്തിനെതിരായുള്ള സമരമല്ല. എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പിച്ചുകൊണ്ടുള്ള സമരപോരാട്ടമാണ്. ചെങ്ങറയില്‍ നടന്ന ഭൂസമരവും ഇതും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. മറ്റെല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ടും അവരുടെ കൂടി പ്രശ്നങ്ങള്‍ ഏറ്റുപിടിച്ചുകൊണ്ടുമാണ് വയനാട്ടില്‍ സമരം നടക്കുന്നത്.എന്നാല്‍, ചെങ്ങറയില്‍ നടന്ന സമരം അവിടത്തെ തൊഴിലാളികളുടെ എതിര്‍പ്പ് മുഴുവനും ഉണ്ടാക്കിയെടുത്തതും ഭൂരഹിതരും തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുവയ്ക്കപ്പെട്ടതുമായ ഒന്നാണ്. വര്‍ഗപരമായ കാഴ്ചപ്പാടോടുകൂടിയാണ് വയനാട്ടിലെ ഭൂസമരം നടക്കുന്നത് എന്നതുകൊണ്ടാണ് ആ സമരത്തെ വലതുപക്ഷ മാധ്യമങ്ങള്‍ ശക്തമായി എതിര്‍ക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ചെങ്ങറയിലെ സമരത്തിന് വലിയ പിന്തുണയുമായി ഇത്തരംമാധ്യമങ്ങള്‍ രംഗപ്രവേശം ചെയ്ത അനുഭവവും നമ്മുടെ മുമ്പിലുണ്ട്. രണ്ടും ഭൂസമരമാണ്. എന്നാല്‍ ഒന്ന് മികച്ചതായതും മറ്റൊന്ന് തഴയപ്പെടുന്നതിന്റെയും പിന്നിലുള്ളത് രാഷ്ട്രീയമാണ്; വര്‍ഗസമരത്തെ തകര്‍ക്കാനുള്ള രാഷ്ട്രീയം; സ്വത്വരാഷ്ട്രീയത്തെ മുന്നോട്ടുവയ്ക്കാനുള്ള രാഷ്ട്രീയം. ഈ വസ്തുതയെ നാം തിരിച്ചറിയണം.ഇ.എം.എസും എ.കെ.ജിയും തങ്ങളുടെ ജീവിതം ആരംഭിക്കുന്ന കാലത്ത് കേരളം ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്‍ ജനതയെ ഒതുക്കിനിര്‍ത്തിയിരുന്നു. അതിനെതിരായുള്ള വലിയ പോരാട്ടമാണ് നവോത്ഥാനപ്രസ്ഥാനങ്ങളുടെ തുടര്‍ച്ചയായി വര്‍ഗ കാഴ്ചപ്പാടോടെ ഇവിടെ നടന്നത്. അതാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. ഇത്തരത്തില്‍ സാമൂഹ്യമായി ഏറെ മുന്നോട്ടുപോയ കേരളത്തെ ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് ഭിന്നിപ്പിക്കുവാനുള്ള പരിശ്രമമാണ് വലതുപക്ഷം നടത്തുന്നത്. അതിനെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സ്വത്വരാഷ്ട്രീയവാദികളെ തുറന്നുകാട്ടിമുന്നോട്ടുപോവുക എന്നതും വര്‍ത്തമാനകാലത്ത് പ്രധാനമാണ്. ഒപ്പം ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്ന് പ്രതിജ്ഞ ചെയ്യുകയുമാണ് ഇ.എം.എസിന്റെയും എ.കെ.ജിയുടെയും അനുസ്മരണ ദിനത്തില്‍ നമുക്ക്ചെയ്യാനുള്ളത്.

എം.വി. ഗോവിന്ദന്‍മാസ്റ്റര്‍

പോരാട്ടം: പാര്‍ലമെന്റിന് അകത്തും പുറത്തും


പോരാട്ടം: പാര്‍ലമെന്റിന് അകത്തും പുറത്തും.
പ്രകാശ് കാരാട്ട്.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടത്തിനുശേഷം ലോക്സഭ ഇടവേളയിലേക്ക് നീങ്ങി. മൂന്നാഴ്ച നീണ്ടുനിന്ന സമ്മേളനം രാജ്യത്തെ രാഷ്ട്രീയരംഗത്തെക്കുറിച്ച് വ്യക്തമായ ചില സൂചനകള്‍ നല്‍കി. കഴിഞ്ഞവര്‍ഷം, കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും അവര്‍ക്ക് ഭൂരിപക്ഷം നേടാനായില്ല. യുപിഎയ്ക്ക് 262 സീറ്റ് മാത്രമാണ് ലഭിച്ചത്. എസ്പി, ആര്‍ജെഡി, ബിഎസ്പി, ജനതാദള്‍ എസ് എന്നിവപോലുള്ള ഏതാനും പാര്‍ടികള്‍ പിന്തുണ പ്രഖ്യാപിച്ചതിനാല്‍ യുപിഎയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനായി. കോഗ്രസ് അങ്ങോട്ട് ആവശ്യപ്പെടാതെയാണ് ഈ പാര്‍ടികള്‍ പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ, കോഗ്രസ് മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുതുടങ്ങിയത് തങ്ങളുടെ നയസമീപനങ്ങള്‍ക്ക് വന്‍പിന്തുണ കിട്ടിയെന്ന മട്ടിലാണ്. സഖ്യത്തിന്റെ ദൌര്‍ബല്യവും പുറത്തുനിന്നുള്ള പിന്തുണയും അവര്‍ തിരിച്ചറിഞ്ഞില്ല. പത്തുമാസത്തിനുശേഷം ഈ സംവിധാനം തകര്‍ന്നിരിക്കുന്നു. വ്യാമോഹങ്ങളില്‍നിന്ന് ആദ്യം മോചനം നേടിയത് എസ്പിയാണ്. ഇന്ത്യ-അമേരിക്ക ആണവകരാറിനോടുള്ള നിലപാടിന്റെ കാര്യത്തില്‍ മുലായം മലക്കംമറിഞ്ഞപ്പോള്‍ ആരംഭിച്ച എസ്പി-കോഗ്രസ് അവസരവാദ സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഉലഞ്ഞിരുന്നു. തന്റെ പാര്‍ടി കോഗ്രസിന് പിന്തുണ നല്‍കിയതില്‍ മുലായം അന്നേ പരസ്യമായി ഖേദം പ്രകടിപ്പിച്ചു. യുപിഎയിലെ മറ്റൊരു വിശ്വസ്ത കൂട്ടാളിയായ ആര്‍ജെഡിയും തെരഞ്ഞെടുപ്പിനുശേഷം അപമാനവും നിന്ദയും നേരിട്ടു. ലാലുപ്രസാദ് യാദവിനെക്കൊണ്ടുള്ള ഉപയോഗം കഴിഞ്ഞു. ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും അഭൂതപൂര്‍വ വിലക്കയറ്റം യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേടും നിരുത്തരവാദിത്തവും വെളിച്ചത്തുകൊണ്ടുവന്നു. രാജ്യാന്തരവിലയും കര്‍ഷകര്‍ക്ക് ഉയര്‍ന്നവില നല്‍കിയതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് സര്‍ക്കാര്‍ ആദ്യം പറഞ്ഞു; സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടിനെയും ഭക്ഷ്യഉപഭോഗം വര്‍ധിച്ചുവരുന്നതിനെയും പഴിചാരി. കേന്ദ്രസര്‍ക്കാര്‍ ഹൃദയശൂന്യമായ നിലപാട് എടുക്കുമ്പോള്‍, പ്രതിപക്ഷം ഈ പ്രശ്നം പാര്‍ലമെന്റില്‍ ശക്തമായി ഉയര്‍ത്തുക സ്വാഭാവികം. അതാണ് ഈ സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭയിലും ഉണ്ടായത്. സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന എല്ലാ പാര്‍ടികളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. കിറിത് പരീഖ് സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാരിനുള്ളിലെ സഖ്യകക്ഷികള്‍ തടസ്സംനിന്നു. ഡിഎംകെയും തൃണമൂല്‍ കോഗ്രസും എതിര്‍പ്പ് പ്രകടിപ്പിച്ചു. വിലവര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ മാറ്റിവച്ചെങ്കിലും കോഗ്രസ് തക്കം പാര്‍ത്തിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിത്തീരുവയും എക്സൈസ് തീരുവയും വര്‍ധിപ്പിക്കാനുള്ള അവസരമായി കേന്ദ്രബജറ്റിനെ ഉപയോഗിച്ചു. ബജറ്റ് പ്രസംഗത്തിലെ ഈ നിര്‍ദേശത്തിനെതിരെ അപ്പോള്‍ത്തന്നെ പ്രതിഷേധം ഉയര്‍ന്നു, പ്രതിപക്ഷകക്ഷികളാകെ ഇറങ്ങിപ്പോയി. വനിതാസംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് പാസാക്കിയതു മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ഗുണകരമായ ഏകനടപടി. ഇടതുപക്ഷ പാര്‍ടികളും ബിജെപിയും പ്രതിപക്ഷത്തെ ചില പ്രമുഖ പ്രാദേശികകക്ഷികളും ഉറച്ച പിന്തുണ നല്‍കിയതുകൊണ്ടാണ് ഇതുതന്നെ സാധ്യമായത്. എന്നാല്‍, ഈ ബില്‍ അതിനെ എതിര്‍ക്കുന്ന എസ്പിയെയും ആര്‍ജെഡിയെയും കൂടുതല്‍ വിറളിപിടിപ്പിച്ചു. സിപിഐ എമ്മും മറ്റു ഇടതുപക്ഷ പാര്‍ടികളും വനിതാസംവരണ ബില്ലിന്റെ കാര്യത്തില്‍ ചാഞ്ചല്യമില്ലാത്ത പിന്തുണയാണ് നല്‍കുന്നത്. നവഉദാരവല്‍ക്കരണ നയങ്ങളെയും സര്‍ക്കാരിന്റെ അമേരിക്കന്‍ അനുകൂല നയങ്ങളെയും ഇതോടൊപ്പം വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുകയുംചെയ്യുന്നു. കോര്‍പറേറ്റ് അനുകൂല, സ്വകാര്യവല്‍ക്കരണ അജന്‍ഡ മുന്നോട്ടുകൊണ്ടുപോകാനും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുമായി മറ്റൊരു കൂട്ടം നിയമനിര്‍മാണങ്ങള്‍ നടത്താനും യുപിഎ സര്‍ക്കാര്‍ ആസൂത്രണം നടത്തുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ സര്‍ക്കാര്‍ ഓഹരിവിഹിതം 55ല്‍നിന്ന് 51 ശതമാനമായി കുറയ്ക്കാനുള്ളതാണ് ഇതില്‍ ഒരു നിയമനിര്‍മാണം. മറ്റൊന്ന്, വിദേശവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ത്യയിലെ 'വിദ്യാഭ്യാസ കമ്പോളത്തില്‍' പ്രവേശനത്തിന് അനുമതി നല്‍കാനുള്ളതാണ്. ലാഭകരമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ 40,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കാനുള്ള ബജറ്റ് നിര്‍ദേശത്തിന് പുറമെയാണ് ഈ നടപടികള്‍. ഇടതുപക്ഷത്തിനുമാത്രം എതിര്‍പ്പുള്ള നടപടികളല്ല കോഗ്രസ് മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്, മറ്റ് മതനിരപേക്ഷ പ്രതിപക്ഷപാര്‍ടികള്‍ക്കും ഇവയോട് ഒട്ടും യോജിപ്പില്ല. വളം സബ്സിഡിയില്‍ 3,000 കോടി രൂപ വെട്ടിക്കുറച്ചതിനെ ഇടതുപക്ഷം മാത്രമല്ല എതിര്‍ക്കുന്നത്, എസ്പി, ജനതാദള്‍ എസ് തുടങ്ങിയ മുന്‍കാല പിന്തുണക്കാരും എതിര്‍ക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് 80,000 കോടി രൂപയുടെ നികുതിയിളവുകള്‍ നല്‍കിയപ്പോള്‍ത്തന്നെയാണ് ഭക്ഷ്യ, വളം സബ്സിഡികള്‍ വെട്ടിക്കുറച്ചതെന്ന കാര്യം ആരും ശ്രദ്ധിക്കുന്നില്ലെന്ന് കരുതരുത്. യുപിഎ സര്‍ക്കാരിന് പിന്തുണ നല്‍കിയ ഒരു പാര്‍ടിക്കും ഇത്തരം നടപടികള്‍ അംഗീകരിക്കാന്‍ കഴിയില്ല, അല്ലെങ്കില്‍ അവ സ്വന്തം ബഹുജനാടിത്തറ വേണ്ടെന്നുവയ്ക്കണം. ജനവികാരം കോഗ്രസ് മുന്നണി സര്‍ക്കാര്‍ തെല്ലും വകവയ്ക്കുന്നില്ലെന്നതിന് മറ്റൊരു തെളിവാണ് സിവില്‍ ആണവ ബാധ്യത ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ അവര്‍ ശ്രമിച്ച മാര്‍ഗം. ആണവദുരന്തം ഉണ്ടാകുന്നപക്ഷം ജനങ്ങളുടെ ജീവനും സുരക്ഷയുമായി ബന്ധപ്പെട്ടതാണ് ഈ ബില്‍. പതിനായിരം മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ ആണവറിയാക്ടറുകള്‍ അമേരിക്കയില്‍നിന്ന് വാങ്ങാമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ബില്‍. ആണവഅപകടം ഉണ്ടായാല്‍ റിയാക്ടറുകള്‍ നല്‍കുന്ന അമേരിക്കന്‍ കമ്പനികളെ അതിന്റെ ബാധ്യതയില്‍നിന്ന് ഒഴിവാക്കാനും ഇതിന്റെ ഭാരം മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെയും രാജ്യത്തെ നികുതിദായകരുടെയും മേല്‍ ചുമത്താനും വ്യവസ്ഥചെയ്യുകയാണ് ഈ ബില്ലിന്റെ പ്രധാനലക്ഷ്യം. ആണവ അപകടം ഉണ്ടാകുന്നപക്ഷം മതിയായ നഷ്ടപരിഹാരവും വൈദ്യസഹായവും പരിസ്ഥിതി ശുചിത്വവും അവകാശപ്പെടാനുള്ള ഇന്ത്യന്‍ പൌരന്റെ അടിസ്ഥാന അവകാശം നിഷേധിക്കുന്നതാണ് ഈ ബില്‍. എന്നിട്ടും ഒരു മനഃസാക്ഷിക്കുത്തുമില്ലാതെയാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവരുന്നത്. പ്രതിപക്ഷത്തെ എല്ലാ വിഭാഗങ്ങളില്‍നിന്നുമുള്ള എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ഈ ബില്‍ അവതരിപ്പിക്കാന്‍ കഴിയാതെ പിന്‍വാങ്ങേണ്ടിവന്നത് യുപിഎ സര്‍ക്കാര്‍ എത്രത്തോളം ഒറ്റപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു. ഇക്കാലത്ത് പ്രകടമായ മറ്റൊരു പ്രതിഭാസം, സംസ്ഥാനത്തിന്റെ അധികാരങ്ങള്‍ കൈയടക്കാനുള്ള കേന്ദ്രത്തിന്റെ വ്യഗ്രതയാണ്. വിദ്യാഭ്യാസരംഗത്ത് സംസ്ഥാനങ്ങളുടെ പങ്ക് അവഗണിക്കുന്ന തരത്തില്‍ മാനവവിഭവശേഷി വികസനമന്ത്രി ഓരോദിവസവും സ്കൂള്‍, ഉന്നതവിദ്യാഭ്യാസമേഖലകളെക്കുറിച്ച് പലതരം പ്രഖ്യാപനങ്ങള്‍ നടത്തുന്നു. ഉന്നതവിദ്യാഭ്യാസമേഖലയ്ക്കു വേണ്ടിയുള്ള നിര്‍ദിഷ്ട ദേശീയകമീഷന്‍ ഈ മേഖലയില്‍ സംസ്ഥാനത്തിന്റെ പങ്ക് ഗണ്യമായി ഇല്ലാതാക്കുന്നതിനു പുറമെ, ഒട്ടേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയുംചെയ്യും. വിദ്യാഭ്യാസം നേടാനുള്ള അവകാശം എന്ന നിയമം നടപ്പാക്കാന്‍ സാമ്പത്തികസഹായമൊന്നും നല്‍കാതെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിരന്തരം നിര്‍ദേശം നല്‍കുന്നു. സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനമേഖലയിലുള്ള നിരന്തര കടന്നുകയറ്റവും വിഭവങ്ങള്‍ക്കുമേലുള്ള സാമ്പത്തിക കടന്നാക്രമണവും വരുംനാളുകളില്‍ ശക്തമാകും, കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്യും. സര്‍ക്കാരിന്റെ വിനാശകരമായ നിയമനിര്‍മാണങ്ങള്‍, വിലക്കയറ്റ പ്രശ്നം, കാര്‍ഷികപ്രതിസന്ധി, ബജറ്റ് നിര്‍ദേശങ്ങളില്‍ പ്രകടമായ സര്‍ക്കാരിന്റെ പക്ഷപാതപരമായ മുന്‍ഗണനകള്‍ എന്നിവയ്ക്കെതിരെ കൂടുതല്‍ ശക്തമായ പോരാട്ടം ഇടവേളയ്ക്ക്ശേഷം എംപിമാര്‍ മടങ്ങിയെത്തുമ്പോള്‍ ഉ ണ്ടാകും. പെട്രോള്‍, ഡീസല്‍ തീരുവകളില്‍ വരുത്തിയ വര്‍ധന പിന്‍വലിപ്പിക്കാന്‍ എങ്ങനെ സാധിക്കുമെന്നതാണ് ഒരു പ്രധാന പ്രശ്നം. വന്‍കിടക്കാരെ പ്രീണിപ്പിക്കുന്ന യുപിഎ സര്‍ക്കാര്‍ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിനെതിരെ രാജ്യത്ത് ഉയരുന്ന ജനരോഷത്തിന്റെ പ്രതിഫലനം മാത്രമാണ് പാര്‍ലമെന്റില്‍ ഉണ്ടാകുന്നത്. പ്രയാസകരമായ സാഹചര്യങ്ങള്‍ പ്രച്ഛന്നരൂപത്തില്‍ മറികടക്കാനുള്ള കോഗ്രസിന്റെ സാമര്‍ഥ്യം എല്ലാവര്‍ക്കും ബോധ്യമുള്ള കാര്യമാണ്. വഴിപിരിഞ്ഞ ചില നേതാക്കളെയും പാര്‍ടികളെയും നിര്‍വീര്യമാക്കാനും പ്രീണിപ്പിക്കാനും അവര്‍ എല്ലാ വിഭവങ്ങളും അധികാരവും പ്രയോജനപ്പെടുത്തും. ഇക്കാര്യത്തിനായി അവര്‍ സിബിഐയെപ്പോലും ഉപകരണമാക്കാന്‍ തയ്യാറാകും. എന്നാല്‍, ഇതെല്ലാം താല്‍ക്കാലിക ഫലം മാത്രമേ ചെയ്യൂ. നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങളോടും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തോടും കൂടിച്ചേര്‍ന്നു നില്‍ക്കുന്ന യുപിഎ സര്‍ക്കാര്‍ ഉടന്‍ തന്നെ ഉപായത്തില്‍ പിന്‍വാങ്ങാന്‍ ഇടം കണ്ടെത്തും. സിപിഐ എമ്മിനെ സംബന്ധിച്ച് പാര്‍ലമെന്റിലെ പോരാട്ടം കോഗ്രസ് മുന്നണി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തിരുത്തിക്കാനുള്ള വിശാലമായ സമരത്തിന്റെ ഭാഗമാണ്. പാര്‍ലമെന്റിനുള്ളിലെ പോരാട്ടം സര്‍ക്കാരിനെ അട്ടിമറിക്കാനായി ആസൂത്രണം ചെയ്തതല്ല. ഭരണകക്ഷിയെ ഒറ്റപ്പെടുത്താനും ജനവിരുദ്ധ നയങ്ങള്‍ തിരുത്തിക്കാനുമുള്ള രാഷ്ട്രീയപോരാട്ടത്തിന്റെ ഭാഗമാണിത്. വിലക്കയറ്റം തടയുക, പൊതുവിതരണസമ്പ്രദായം ശക്തിപ്പെടുത്തുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള നിരന്തര പോരാട്ടത്തിലാണ് ഇടതുപക്ഷം. അഞ്ചുമാസമായി സംസ്ഥാനങ്ങളില്‍ നടത്തിവന്ന കവന്‍ഷനുകളുടെയും റാലികളുടെയും പരിണതിയായിരുന്നു മാര്‍ച്ച് 12ന്റെ ഡല്‍ഹിറാലി. അടുത്ത ഘട്ടമായി ഏപ്രില്‍ എട്ടിന് നടക്കുന്ന ഉപരോധസമരത്തില്‍ 25 ലക്ഷം പേര്‍ പങ്കെടുത്ത് അറസ്റ് വരിക്കും. തൊഴിലാളിവര്‍ഗത്തിന്റെ അടിയന്തരാവശ്യങ്ങള്‍ ഉന്നയിച്ച് അഞ്ച് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തിയ സംയുക്തപ്രക്ഷോഭത്തിനും പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനം സാക്ഷ്യംവഹിച്ചു. മാര്‍ച്ച് അഞ്ചിന് പതിനായിരക്കണക്കിന് തൊഴിലാളികള്‍ രാജ്യവ്യാപകമായി അറസ്റ് വരിച്ചു. ഇത്തരം പോരാട്ടങ്ങളും പണിമുടക്കുകളും വരുംനാളുകളില്‍ ശക്തമാകും. ഇത് ബദല്‍ നയങ്ങള്‍ക്കുവേണ്ടി പോരാടുന്ന ജനാധിപത്യ, മതനിരപേക്ഷ, ഇടതുപക്ഷ ശക്തികളുടെ ഏകീകരണത്തിന് പാത തുറക്കും.

ഇ എം എസ് സ്മരണ

ഇ എം എസ് സ്മരണ..


പിണറായി വിജയന്‍..



ജീവിതത്തില്‍നിന്ന് മാറ്റി നിര്‍ത്താവുന്ന ഒന്നല്ല രാഷ്ട്രീയം. അതിന്റെ ചലനങ്ങളാണ് ജീവിതത്തെ രൂപപ്പെടുത്തുന്നതും മുന്നോട്ട് നയിക്കുന്നതും. ശാസ്ത്രീയമായ കാഴ്ചപ്പാടോടെ തന്റെ ചുറ്റുപാടുകളെ സൂക്ഷ്മതയോടെ വിലയിരുത്തിയ മാര്‍ക്സിസ്റ് ആചാര്യനായിരുന്നു സ. ഇ എം എസ്. തൊഴിലാളിവര്‍ഗത്തിന്റെ ദത്തുപുത്രനായ സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 12 വര്‍ഷമായി. മാര്‍ക്സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന് സഖാവ് നല്‍കിയ സംഭാവന അവിസ്മരണീയമാണ്. രാഷ്ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്തുമാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. സാര്‍വദേശീയ കമ്യൂണിസ്റ് പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്മം വിലയിരുത്തി അവയെ സാധാരണക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിന് സഖാവ് കാണിച്ച ശുഷ്കാന്തി കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്നങ്ങളുമായി ഐക്യപ്പെടുത്തി. ഏത് പ്രശ്നത്തെയും പരസ്പരബന്ധത്തിലും അതിന്റെ മാറ്റത്തിലും വിലയിരുത്തി ലളിതമായി വിശദീകരിക്കുന്നതിനു കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയവിദ്യാഭ്യാസത്തിന് അമൂല്യമായ സംഭാവനയാണ് നല്‍കിയത്. സഖാവിന് അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. കേരളം ലോകത്തിനു നല്‍കിയ മഹാപ്രതിഭയാണ് ഇ എം എസ്. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ ചലനങ്ങളിലും സാമൂഹ്യമുന്നേറ്റങ്ങളിലും സാംസ്കാരിക ഇടപെടലുകളിലും ആ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്. ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ് ഇ എം എസ് വള്ളുവനാട്ടിലെ പ്രസിദ്ധമായ ജന്മികുടുംബത്തില്‍ പിറന്നത്. സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്ണമായ സമരങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് പൊതുപ്രവര്‍ത്തനം ഇ എം എസ് ആരംഭിക്കുന്നത്. കോഗ്രസുകാരനായി രാഷ്ട്രീയജീവിതത്തിലേക്ക് അദ്ദേഹം പ്രവേശിച്ചു. കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലൂടെ കമ്യൂണിസ്റ് പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട് രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ് ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. 1934ലും 1938-40ലും കെപിസിസി സെക്രട്ടറിയായി. തുടര്‍ന്നാണ് കമ്യൂണിസ്റ് പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്. സിപിഐ എമ്മിന്റെ സമുന്നത നേതൃത്വത്തിലായിരുന്നു സഖാവ് എന്നും. ദീര്‍ഘനാള്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. മരണംവരെ പാര്‍ടിയുടെ ഉന്നതാധികാരസമിതിയായ കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യൂറോയിലും അംഗമായിരുന്നു. ഇടത്-വലത് പ്രവണതകള്‍ക്കെതിരെ ശക്തമായി പൊരുതിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതം മുന്നോട്ടുനീങ്ങിയത്. പാര്‍ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകനായാണ് ജീവിതാന്ത്യംവരെ സഖാവ് മുന്നോട്ടുപോയത്. ഐക്യകേരളമെന്ന സങ്കല്‍പ്പം പ്രാവര്‍ത്തികമാക്കുന്നതിന് സൈദ്ധാന്തികവും പ്രായോഗികവുമായ നേതൃത്വമാണ് ഇ എം എസ് നല്‍കിയത്. കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചത് സഖാവിനെയായിരുന്നു. അത്തരത്തില്‍ മന്ത്രിസഭ നയിച്ച അനുഭവം കമ്യൂണിസ്റ് പാര്‍ടിക്ക് അതാദ്യമായിരുന്നു. പ്രതിസന്ധികളെ വിജയകരമായി അതിജീവിച്ച് മാതൃകാപരമായ വികസനപദ്ധതികള്‍ക്ക് സഖാവ് നേതൃപരമായ പങ്ക് വഹിച്ചു. ആഗോളവല്‍ക്കരണം രാജ്യത്ത് ശക്തിപ്പെടുന്ന കാലഘട്ടത്തില്‍ കേരളത്തിന്റെ വികസനത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്നതായിരുന്നു അവസാന നാളുകളില്‍ സഖാവിന്റെ സുപ്രധാന ചിന്ത. കേരളവികസനത്തെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര പഠനകോഗ്രസ് സംഘടിപ്പിക്കുന്നത് ആ പശ്ചാത്തലത്തിലാണ്. വര്‍ത്തമാനകാലത്തെ പാര്‍ടിയുടെ പ്രവര്‍ത്തനത്തിന് ദിശാബോധം നല്‍കുന്നതില്‍ ഈ പരിശ്രമങ്ങള്‍ക്ക് സുപ്രധാനമായ പങ്കുണ്ട്. ആഗോളവല്‍ക്കരണകാലത്തെ വികസനപ്രവര്‍ത്തനത്തെ സംബന്ധിച്ച് ഇ എം എസ് മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ സിപിഐ എമ്മും അത് നേതൃത്വം നല്‍കുന്ന മന്ത്രിസഭയും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഭരണകൂടം ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ യോജിപ്പിച്ച് നിര്‍ത്തി മുന്നോട്ട് കൊണ്ടുപോവുകയാണ് തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ കടമയെന്ന് അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചിരുന്നു. ജനകീയാസൂത്രണംപോലുള്ള വികസനപദ്ധതികള്‍ ഇതിന്റെ അടിസ്ഥാനത്തിലാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ഇങ്ങനെ വികസനം നടത്തുമ്പോള്‍ അടിസ്ഥാനജനവിഭാഗത്തിന്റെ പ്രശ്നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്നും ഇ എം എസ് ഊന്നിപ്പറഞ്ഞു. അതോടൊപ്പം ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി പരിമിതികള്‍ക്കകത്തുനിന്ന് ബദലുകള്‍ ഉയര്‍ത്താനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്നും ഓര്‍മിപ്പിച്ചു. ഈ കാഴ്ചപ്പാടോടെ അവതരിപ്പിക്കപ്പെട്ടതാണ് ഇപ്പോഴത്തെ കേരള ബജറ്റ്. കേരള-കേന്ദ്ര ബജറ്റുകളുടെ താരതമ്യം വികസന കാഴ്ചപ്പാടുകള്‍ തമ്മിലുള്ള അന്തരം വ്യക്തമാക്കും. കാര്‍ഷികപ്രധാനമായ ഇന്ത്യാരാജ്യത്ത് ആ മേഖലയെ കൈയൊഴിയുന്ന നയമാണ് യുപിഎ സര്‍ക്കാരിന്റേത്. കാര്‍ഷികമേഖലയിലെ വളര്‍ച്ചനിരക്ക് ആശങ്കാജനകമായി ഇടിയുകയാണ്. ഈ യാഥാര്‍ഥ്യം കണക്കിലെടുത്ത് കാര്‍ഷികമേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുക എന്ന നയസമീപനമായിരുന്നു കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടിയിരുന്നത്. എന്നാല്‍, സബ്സിഡിപോലും വെട്ടിക്കുറയ്ക്കുക എന്ന സമീപനമാണ് കേന്ദ്രബജറ്റില്‍ മുന്നോട്ടുവച്ചത്. ഇത് രാജ്യത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തതയെത്തന്നെ അപകടത്തിലേക്കു നയിക്കുന്നു. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ ഫലമായി കാര്‍ഷികമേഖലയില്‍ വലിയ വളര്‍ച്ചനിരക്ക് രേഖപ്പെടുത്തിക്കഴിഞ്ഞു. ഈ മേഖലയിലെ നിക്ഷേപം 50 ശതമാനത്തിലേറെ വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായി. ഭക്ഷ്യ സ്വയംപര്യാപ്തത നേടിയെടുക്കുന്നതിനുവേണ്ടിയുള്ള സമീപനവും മുന്നോട്ടുവച്ചു. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന് സുപ്രധാനമായ പങ്കാണ് പൊതുമേഖലയ്ക്കുള്ളത്. ആഗോള സാമ്പത്തികപ്രതിസന്ധി വികസിത രാഷ്ട്രങ്ങളെപ്പോലും പിടിച്ചുലച്ചപ്പോള്‍ അത്തരമൊരവസ്ഥ ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഇല്ലാതെ പോയത് ശക്തമായ പൊതുമേഖലയുടെ സാന്നിധ്യംകൊണ്ടാണ്. എന്നാല്‍, പൊതുമേഖലാ വ്യവസായത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 40,000 കോടി രൂപ ഓഹരി വില്‍പ്പനയിലൂടെ നേടണമെന്നാണ് കേന്ദ്ര ബജറ്റില്‍ പറയുന്നത്. കേരളസര്‍ക്കാരിന്റെ ബജറ്റിലാകട്ടെ, പൊതുമേഖല കൂടുതല്‍ കാര്യക്ഷമതയോടെ അതിന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച് ഖജനാവിലേക്ക് പണം സമ്പാദിക്കുന്നതിന്റെ ചിത്രമാണ് തെളിയുന്നത്. 200 കോടി രൂപയാണ് ഈ രംഗത്ത് കേരള ഖജനാവിന് ലഭിച്ചത്. മാത്രമല്ല, എട്ട് പൊതുമേഖലാ വ്യവസായ സ്ഥാപനം ആരംഭിക്കുന്നതിന് 121 കോടി രൂപ നീക്കിവയ്ക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. ചെറുകിട-പരമ്പരാഗത വ്യവസായങ്ങള്‍ക്കായി 246 കോടി രൂപ ഇതിനു പുറമെയും സംസ്ഥാന സര്‍ക്കാര്‍ നീക്കിവച്ചു. കയര്‍വ്യവസായത്തിനാകട്ടെ സംസ്ഥാനത്തെ ഏറ്റവും വലിയ അടങ്കല്‍ ഈ ബജറ്റിലാണ് നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസമേഖലയില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ നയമെങ്കില്‍ ആ മേഖലയില്‍ കൂടുതല്‍ നിക്ഷേപം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു. ഈ ബജറ്റില്‍ 50 ശതമാനത്തിന്റെ വര്‍ധനയാണ് നല്‍കിയത്. ഉന്നതവിദ്യാഭ്യാസരംഗത്താകട്ടെ 112 ശതമാനത്തിന്റെ വര്‍ധന നല്‍കി. ജനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കുന്നത് പ്രധാന ലക്ഷ്യമായി സംസ്ഥാന ബജറ്റില്‍ പറഞ്ഞിട്ടുണ്ട്. എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുന്നതിന് 1058 കോടി രൂപയാണ് നീക്കിവച്ചത്. എല്ലാവര്‍ക്കും പാര്‍പ്പിടം നല്‍കുക എന്ന ലക്ഷ്യത്തോടെ ഇ എം എസ് ഭവനനിര്‍മാണപദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനും ബജറ്റ് പ്രാധാന്യം നല്‍കുന്നു. തൊഴിലുറപ്പുപദ്ധതി നഗരപ്രദേശങ്ങളില്‍കൂടി വ്യാപിപ്പിക്കുന്നതിനുള്ള തീരുമാനവും പാവപ്പെട്ട ജനതയെ ലക്ഷ്യംവച്ചുതന്നെയാണ്. 35 ലക്ഷം കുടുംബത്തിന് രണ്ടു രൂപയ്ക്ക് അരി നല്‍കുന്നതിനുള്ള പദ്ധതി അടിസ്ഥാന ജനവിഭാഗത്തോടുള്ള ഉറച്ച പ്രതിബദ്ധതയാണ് വിളിച്ചോതുന്നത്. ആഗോളതാപനത്തിന്റെ ഉള്‍പ്പെടെ പ്രശ്നങ്ങള്‍ ഗൌരവമായിഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍, ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് കേന്ദ്രബജറ്റ് തയ്യാറായതേയില്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതിക്കകത്തുനിന്ന്്, 1000 കോടി രൂപ ഹരിത ഫണ്ടിലേക്ക് നീക്കിവയ്ക്കാനുള്ള തീരുമാനം ചരിത്രപരമായ ഒരു കാല്‍വയ്പുതന്നെയാണ്. വനിതാക്ഷേമത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കിയില്ല. എന്നാല്‍, സ്ത്രീകള്‍ക്കുവേണ്ടി 620 കോടി രൂപയാണ് സംസ്ഥാനസര്‍ക്കാരിന്റെ ബജറ്റില്‍ നല്‍കിയിട്ടുള്ളത്. ഇങ്ങനെ പരിസ്ഥിതി-സ്ത്രീ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടത്തിയ ശ്രമം ഏവരും അംഗീകരിക്കുന്നതാണ്. സമ്പദ്ഘടനയുടെ ഭാരം മുഴുവനും സാധാരണക്കാരന്റെ തലയില്‍ വയ്ക്കുന്ന രീതിയിലാണ് വിഭവസമാഹരണം കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനയും ആദായനികുതിഘടനയില്‍ വരുത്തിയ മാറ്റവും ഇതിന് തെളിവാണ്. വ്യവസായികള്‍ക്ക് സര്‍ചാര്‍ജില്‍ കുറവു വരുത്തിയും സംസ്ഥാനങ്ങള്‍ക്ക് വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യം തള്ളിക്കളഞ്ഞുമാണ് കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്. എന്നാല്‍, പാവപ്പെട്ടവരുടെ തലയില്‍ ഒരു ഭാരവുമേല്‍പ്പിക്കാതെയും വന്‍കിടക്കാര്‍ക്ക് ഇളവ് നല്‍കാതെയും ജനക്ഷേമകരമായ പദ്ധതികള്‍ പ്രഖ്യാപിച്ച് മുന്നോട്ടുപോകാനാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്. ജനക്ഷേമകരമായ ഇത്തരം നീക്കങ്ങള്‍ കേരളത്തില്‍ മുന്നോട്ട് പോകുമ്പോള്‍ അതിനെയെല്ലാം തകിടം മറിക്കുന്ന തരത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നത്. അതാകട്ടെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ പൊതുസമീപനത്തിന്റെ ഭാഗമാണ്. യുപിഎയുടെ നയ വൈകല്യത്തിന്റെയും ജനവിരുദ്ധ സമീപനത്തിന്റെയും സാമ്രാജ്യ വിധേയത്വത്തിന്റെയും അനേകം ഉദാഹരണങ്ങള്‍ നിരത്താനാകും. അതിലൊന്നാണ് ആണവ ബാധ്യതാ ബില്ലുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പ്രശ്നം. ആണവദുരന്തങ്ങളുണ്ടായാല്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക 2200 കോടി രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. വിദേശ ആണവറിയാക്ടര്‍ കമ്പനികളുടെ നഷ്ടപരിഹാര ബാധ്യത 500 കോടി രൂപയായും നിശ്ചയിച്ചിരിക്കുന്നു. മാത്രമല്ല, ക്ളെയിംസ് കമീഷണറുടെ തീരുമാനത്തെ ചോദ്യംചെയ്യാന്‍ ദുരിത ബാധിതര്‍ക്ക് അവകാശമില്ല. ജനിതകവൈകല്യത്തിന് അടക്കം കാരണമാകുന്ന ആണവദുരന്തത്തിന്റെ നഷ്ടപരിഹാരത്തിന് 10 വര്‍ഷ കാലാവധിയും നിശ്ചയിക്കുന്നു. ആണവകരാറും അതിന്റെ ഭാഗമായി രൂപപ്പെട്ടുവരുന്ന ആണവബാധ്യതാ ബില്ലുമെല്ലാം അമേരിക്കന്‍ താല്‍പ്പര്യത്തിനുവേണ്ടി ഉള്ളതാണെന്ന ഇടതുപക്ഷത്തിന്റെ നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ക്കാകെ ബോധ്യപ്പെടുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ജനങ്ങള്‍ക്ക് ദുരിതംമാത്രം സംഭാവനചെയ്യുന്ന ഇന്ത്യന്‍ ഭരണവര്‍ഗങ്ങളുടെ നയങ്ങള്‍ക്കെതിരെ നിരന്തരം പൊരുതിയ സഖാവായിരുന്നു ഇ എം എസ്. അതോടൊപ്പം ജനങ്ങള്‍ക്ക് ആശ്വാസകരമായ ബദലുകള്‍ രൂപപ്പെടുത്ത


Thursday, March 18, 2010

കേരള ബജറ്റ് വികസനത്തിന്റെ നൂതന വഴിത്താരകള്

കേരള ബജറ്റ് വികസനത്തിന്റെ നൂതന വഴിത്താരകള്

‍പ്രൊഫ. കെ എന്‍ ഗംഗാധരന്‍

2006 മേയില്‍ ഡോ. തോമസ് ഐസക് അവതരിപ്പിച്ച കന്നി ബജറ്റിന്റെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് ഇപ്പോഴത്തെ ബജറ്റ്. എല്ലാവര്‍ക്കും വീതിച്ചശേഷം അവശേഷിക്കുന്നത് എന്തെങ്കിലുമുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് എന്നതാണ് സാമ്പ്രദായിക മുന്‍ഗണനാക്രമം. അത് പൊളിച്ചെഴുതപ്പെട്ടിരിക്കുന്നു. പാവങ്ങള്‍ക്ക് നല്‍കിയശേഷം ബാക്കി മറ്റുള്ളവര്‍ക്ക് എന്ന ജനപക്ഷസമീപനമാണ് ബജറ്റിന്റെ മുഖമുദ്ര. മാറിയ മുന്‍ഗണനാക്രമത്തിന്റെ പ്രതിഫലനമാണ് സാമൂഹ്യസുരക്ഷാപദ്ധതികള്‍ക്ക് നല്‍കുന്ന ഊന്നല്‍. പക്ഷേ, സാമൂഹ്യ സുരക്ഷാപദ്ധതികള്‍കൊണ്ടുമാത്രം കൃഷി- വ്യവസായ- ഐടി മേഖലകളിലും വിദ്യാഭ്യാസ- ആരോഗ്യരംഗങ്ങളിലും സ്ഥായിയായ വികാസം ഉണ്ടാവുകയില്ല. അതിന് ആ മേഖലകളില്‍ ഗണ്യമായ മൂലധനനിക്ഷേപം നടത്തണം. മൂലധനനിക്ഷേപത്തിലെ വര്‍ധന ഈ ബജറ്റിന്റെ പ്രത്യേകതയാണ്. 2005-06ല്‍ മൊത്തം മൂലധനനിക്ഷേപം 816.95 കോടി രൂപയായിരുന്നു. ഇപ്പോഴത്തെ ബജറ്റില്‍ അത് 4145.38 കോടി രൂപയായി ഉയര്‍ത്തി. 2005-06ലെ മൂലധനനിക്ഷേപത്തെ അപേക്ഷിച്ച് 407.42 ശതമാനം കൂടുതലും നടപ്പുസാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 113.54 ശതമാനം കൂടുതലുമാണ് മേല്‍ തുക. സംസ്ഥാനത്തെ കാര്‍ഷികമേഖലയുടെ പ്രത്യേകത വാണിജ്യവിളകള്‍ക്ക് കൈവന്ന മേല്‍ക്കൈയും നെല്ലുല്‍പ്പാദനത്തിലുണ്ടായ ഇടിവുമാണ്. ആ സ്ഥിതിയില്‍ മാറ്റം ദൃശ്യമാണ്. 2007-08ല്‍ 528 ലക്ഷം മെട്രിക് ട അരി ഉല്‍പ്പാദിപ്പിച്ചു. 2008-09ല്‍ ഉല്‍പ്പാദനം കൂടി. 5.90 ലക്ഷം മെട്രിക് ട ഉല്‍പ്പാദിപ്പിച്ചു. നെല്‍ക്കൃഷി ഭൂമിയിലും ഉല്‍പ്പാദനക്ഷമതയിലും കൈവരിച്ച നേട്ടങ്ങളുടെ പ്രതിഫലനമാണ് അരിയുല്‍പ്പാദനത്തിലെ വര്‍ധന. ഈ നേട്ടം വിപുലപ്പെടുത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. 622 കോടി രൂപയാണ് കാര്‍ഷികവികസനത്തിന് നീക്കിവച്ചിട്ടുള്ളത്. നടപ്പുസാമ്പത്തികവര്‍ഷത്തെ നിക്ഷേപമായ 419 കോടിയേക്കാള്‍ 50 ശതമാനം കൂടുതലാണ് ബജറ്റിലെ വകയിരുത്തല്‍. 500 കോടി രൂപയും നീക്കിവച്ചിട്ടുള്ളത് നെല്‍ക്കൃഷിക്കും നെല്ലുസംഭരണത്തിനും മണ്ണ്- ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 376 കോടി രൂപ വകയിരുത്തുന്നുണ്ട്. മത്സ്യബന്ധനം 11.33 ലക്ഷം തൊഴിലാളികളുടെ ഉപജീവനമേഖലയാണ്. തൊഴിലാളിക്ഷേമത്തിനും പുനരധിവാസത്തിനും തുറമുഖവികസനത്തിനും മറ്റുമായി 2505 കോടി രൂപ ചെലവിടുകയോ അനുവാദം നല്‍കുകയോ ചെയ്തിട്ടുണ്ട്. മത്സ്യബന്ധനമേഖലയ്ക്കായി 79 കോടി രൂപ ബജറ്റ് വകയിരുത്തുന്നു. നടപ്പുസാമ്പത്തികവര്‍ഷം അത് 50 കോടി രൂപയാണ്. ഐടി മേഖലയ്ക്ക് നടപ്പുവര്‍ഷത്തേതിനേക്കാള്‍ 77 ശതമാനം കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. 153 കോടി രൂപയാണ് ബജറ്റിലെ വകയിരുത്തല്‍. വന്‍കിടവ്യവസായങ്ങള്‍, പൊതുമരാമത്ത്, തുറമുഖ വികസനം, ടൂറിസം എന്നിവയ്ക്കും കൂടുതല്‍ തുക വകയിരുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ ദീര്‍ഘകാലവികസനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമാകും. വിദ്യാഭ്യാസവും ആരോഗ്യവും മനുഷ്യഗുണമേന്മയുടെ ചിഹ്നങ്ങളും ഭാവിവികസനത്തിന്റെ അടിത്തറയുമാണ്. ഈ രംഗങ്ങളില്‍ കേരളം കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. കൈവരിച്ച നേട്ടങ്ങള്‍ ശക്തിപ്പെടുത്തി വികസിപ്പിക്കുകയാണ് ആവശ്യം. കൂടുതല്‍ മുടക്ക് ഈ രംഗങ്ങളില്‍ ആവശ്യമാണ്. വിദ്യാഭ്യാസമേഖലയ്ക്ക് റെക്കോഡ് തുകയാണ് വകയിരുത്തിയിട്ടുള്ളത്. 316 കോടി രൂപ. നടപ്പുവര്‍ഷത്തെ സംഖ്യയായ 208 കോടിയേക്കാള്‍ 50 ശതമാനം വര്‍ധനയാണിത്. അതില്‍ സ്കൂള്‍വിദ്യാഭ്യാസത്തിനുമാത്രമായി 121 കോടി നീക്കിവയ്ക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്ന 121 കോടി രൂപ, നടപ്പുസാമ്പത്തികവര്‍ഷത്തെ 57 കോടി രൂപയേക്കാള്‍ 112 ശതമാനം കൂടുതലാണ്. സര്‍വകലാശാലകളിലെ ലൈബ്രറി വികസനത്തിനായി 30 കോടി രൂപ നീക്കിവയ്ക്കുന്നു. പൊതുജനാരോഗ്യത്തിന് 166 കോടി രൂപ വകയിരുത്തുന്നു. മൊത്തത്തില്‍ നോക്കുമ്പോള്‍ സ്ഥായിയായ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള നിക്ഷേപവര്‍ധന അടിസ്ഥാനമേഖലകളില്‍ നിര്‍ദേശിക്കുന്ന ബജറ്റാണ് ഇപ്പോഴത്തെ സംസ്ഥാന ബജറ്റെന്ന് മനസ്സിലാക്കാം. പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള സമീപനം പ്രഥമ ബജറ്റില്‍ (2006-07) ഇങ്ങനെ വിശദമാക്കി: "പൊതുമേഖലയുടെ സംരക്ഷണവും പുനരുദ്ധാരണവുമാണ് വ്യവസായവികസനനയത്തിന്റെ കാതലായ വശം. ശാസ്ത്രീയമായൊരു സമയബന്ധിത പുനരുദ്ധാരണപരിപാടി തയ്യാറാക്കി അത് നടപ്പാക്കുന്നതിന് പ്രതിബദ്ധതയുണ്ടെങ്കില്‍ നമ്മുടെ പല പൊതുമേഖലാ സ്ഥാപനങ്ങളെയും താരതമ്യേന ചെറിയൊരു ബജറ്ററി സഹായത്തോടെ രക്ഷപ്പെടുത്താനാകും''. ആ നയത്തിന്റെ വിപുലീകരണവും ശാക്തീകരണവുമായി തുടര്‍ന്നുവന്ന ബജറ്റുകള്‍. യുഡിഎഫിന്റെ അവസാനബജറ്റില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നീക്കിവച്ചത് അഞ്ചുകോടി രൂപയായിരുന്നു. എല്‍ഡിഎഫിന്റെ പ്രഥമ ബജറ്റ് അത് 40 കോടി രൂപയാക്കി ഉയര്‍ത്തി. യുഡിഎഫ് ഒഴിയുമ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ നഷ്ടം 70 കോടിയായിരുന്നു. 2009-10ല്‍ അവ നഷ്ടം നികത്തി 200 കോടി രൂപ ലാഭമുണ്ടാക്കി. അഞ്ച് സ്ഥാപനമാണ് നഷ്ടത്തിലോടുന്നത്. അവകൂടി ലാഭത്തിലായാല്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് സ്വന്തമാക്കാം. ലാഭത്തില്‍നിന്ന് സര്‍ക്കാരിന് ചെല്ലേണ്ട ലാഭവിഹിതവും പലിശയും കുറച്ച് ശേഷിക്കുന്ന തുകയുടെ 20 ശതമാനം സ്ഥാപനത്തിന്റെ നവീകരണത്തിനും വികസനത്തിനും ചെലവാക്കാം. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനുള്ള ഓഹരി നിക്ഷേപമായോ വായ്പയായോ ലാഭത്തിന്റെ ഒരു ഭാഗം ഉപയോഗിക്കാം. കൂടാതെ 125 കോടി രൂപ ചെലവില്‍ എട്ട് പൊതുമേഖലാ സ്ഥാപനം ആരംഭിക്കുന്നതിനും ബജറ്റ് ലക്ഷ്യമിടുന്നു. മൂന്നു രംഗങ്ങളിലെ ഇടപെടലുകളും നൂതനനിര്‍ദേശങ്ങളുമാണ് ഡോ. തോമസ് ഐസക്കിനെ വ്യത്യസ്തനായ ധനമന്ത്രിയാക്കുന്നത്. ചെലവുകളുടെ വിഭജനം എളുപ്പമാണ്. എന്നാല്‍, മുന്‍ഗണനാക്രമം നിശ്ചയിക്കലും നൂതനാശയങ്ങള്‍ പ്രയോഗിക്കലും മികവ് ആവശ്യമാക്കുന്ന കാര്യങ്ങളാണ്. ബജറ്റിന്റെ ഏറ്റവും തിളക്കമാര്‍ന്ന വശമാണ് ബിപിഎല്‍-എപിഎല്‍ വ്യത്യാസം കൂടാതെ 35 ലക്ഷം കുടുംബത്തിന് കിലോഗ്രാമിന് രണ്ടു രൂപ നിരക്കില്‍ അരി നല്‍കാനുള്ള നിര്‍ദേശം. 35 ലക്ഷം കുടുംബങ്ങളെന്നാല്‍ ഒരു കുടുംബത്തില്‍ അഞ്ച് അംഗംവീതം കണക്കാക്കിയാല്‍ ഒരുകോടി 75 ലക്ഷം ആളുകളാണ്. ആര് നല്‍കുന്ന അരി എന്ന ചോദ്യം അനാവശ്യമാണ്. സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ ചെറിയൊരംശം മാത്രമേ ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുള്ളൂവെന്ന് അറിയാത്തവരില്ല. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അഞ്ചു രൂപ 85 പൈസയ്ക്ക് നല്‍കുന്ന അരി, മൂന്നു രൂപ 85 പൈസ സബ്സിഡി നല്‍കിയും അന്ത്യോദയപദ്ധതിപ്രകാരം മൂന്നു രൂപയ്ക്ക് അനുവദിക്കുന്ന അരി ഒരു രൂപവീതം സബ്സിഡി നല്‍കിയുമാണ് സംസ്ഥാനം ഇത്ര വിപുലമായ ജനകീയപദ്ധതി നടപ്പാക്കുന്നത്. കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ അരി വിതരണം ചെയ്യുന്നതോടെ, പൊതുകമ്പോളത്തില്‍ വില താഴും. മറ്റു ജനവിഭാഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. ഹോട്ടലുകളില്‍ ഉള്‍പ്പെടെ അരി ഉല്‍പ്പന്നങ്ങളുടെ വില കുറയും. സാധാരണക്കാരന്റെ മൊത്തം വരുമാനത്തിന്റെ മുഖ്യഭാഗം ഉപയോഗിക്കുന്നത് അരി വാങ്ങുന്നതിനാണ്. അരിവില താഴുമ്പോള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ പണം ഓരോ കുടുംബത്തിനും മറ്റ് ചെലവുകള്‍ക്ക് ബാക്കിയുണ്ടാകും. സാധാരണക്കാരന്റെ മറ്റൊരു പ്രധാന ചെലവാണ് മരുന്നും ആശുപത്രിച്ചെലവുകളും. ഒരിക്കലെങ്കിലും ആശുപത്രിയില്‍ പോകാത്തവരുണ്ടാകില്ല. കൂടെക്കൂടെ പോകുന്നവരും കാണും. പ്രതിവര്‍ഷം കുടുംബമൊന്നിന് 30,000 രൂപയുടെ ആരോഗ്യപരിരക്ഷ ലഭിക്കുന്ന സമഗ്ര ആരോഗ്യസുരക്ഷാപദ്ധതി ബജറ്റിന്റെ മറ്റൊരു സവിശേഷതയാണ്. ബിപിഎല്‍ കുടുംബങ്ങള്‍ക്കുമാത്രമായി ചുരുക്കപ്പെടുന്നില്ല എന്നതാണ് പ്രത്യേകത. രണ്ടു രൂപ നിരക്കില്‍ അരിക്ക് അര്‍ഹതയുള്ള 35 ലക്ഷം കുടുംബത്തിനും പദ്ധതിയുടെ പ്രയോജനമുണ്ട്. ഹൃദ്രോഗം, കിഡ്നി രോഗം തുടങ്ങിയവമൂലം കഷ്ടപ്പെടുന്നവര്‍ക്ക് 70,000 രൂപയുടെ ചികിത്സാസഹായത്തിനും വ്യവസ്ഥയുണ്ട്. എല്ലാത്തരം സാമൂഹ്യസുരക്ഷാപെന്‍ഷനുകളുടെയും പരിധി 300 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ആളൊന്നിന് 50 രൂപയുടെ വര്‍ധനയാണ് നല്‍കുന്നത്. എത്ര തൊഴിലെടുത്താലും കുറഞ്ഞ വരുമാനം മാത്രം ലഭിക്കുന്ന മേഖലകളാണ് കയര്‍, കൈത്തറി, പനമ്പ്, കരകൌശലം എന്നിവ. 50 കോടി രൂപയുടെ വരുമാനവര്‍ധന പദ്ധതി പുതുതായി നിര്‍ദേശിക്കുന്നു. ഭൂമിക്ക് തണലും സംരക്ഷണവും നല്‍കുന്ന വൃക്ഷങ്ങളും ചെടികളും കാലാവസ്ഥാസന്തുലനത്തില്‍ നിര്‍ണായക പ്രാധാന്യം വഹിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും നിലനില്‍പ്പ് പരിസ്ഥിതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പരിസ്ഥിതിസംരക്ഷണം ലക്ഷ്യമാക്കി അഞ്ചുകൊല്ലത്തിനകം 1000 കോടി രൂപയുടെ ഹരിതഫണ്ട് ഉണ്ടാക്കാനും രണ്ടുവര്‍ഷത്തിനകം പത്തുകോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാനുമുള്ള പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ട്. ഹരിതഫണ്ടിലേക്ക് ആദ്യവിഹിതമായി 100 കോടി രൂപ വകയിരുത്തുന്നു. അതിനുപുറമെ റിസര്‍വോയറുകളിലെ മണലും ചെളിയും നീക്കംചെയ്തുകിട്ടുന്ന തുകയില്‍ നാലിലൊന്ന് ഹരിതഫണ്ടിലേക്ക് മുതല്‍ക്കൂട്ടും. കാര്‍ബ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഊര്‍ജ ഉപയോഗം നിയന്ത്രിക്കുന്നതിനും സമഗ്രമായ നിര്‍ദേശങ്ങള്‍ ബജറ്റിന്റെ സവിശേഷതയാണ്. സ്ത്രീ-പുരുഷ സമത്വത്തെ അവഗണിക്കുകയാണ് ബജറ്റുകളുടെ പൊതുരീതി. അതിനൊരു മാറ്റംവരികയാണ്. ബജറ്റില്‍ സ്ത്രീകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രീതിയാണ് സംസ്ഥാനബജറ്റ് കൈക്കൊള്ളുന്നത്. വനിതാവികസനത്തിന് 620 കോടി രൂപ പദ്ധതിത്തുകയില്‍നിന്ന് നീക്കിവയ്ക്കുന്നു. ബജറ്റ് നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ അധികനികുതി നിര്‍ദേശങ്ങളൊന്നുമില്ല. നികുതിസമാഹരണം ശക്തിപ്പെടുത്തിയും നികുതിയിതര വരുമാനങ്ങള്‍ സ്വരൂപിച്ചും അധിക വിഭവസമാഹരണം നടത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. നിര്‍ബന്ധപൂര്‍വം വകയിരുത്തേണ്ട ചെലവുകളെല്ലാം ഒഴിവാക്കിയശേഷം നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ലഭ്യമായ പദ്ധതിത്തുക 726 കോടിയാണ്. 2010 ബജറ്റ് വര്‍ഷത്തില്‍ ലാഭ്യമാകുന്ന പദ്ധതിത്തുക 2874 കോടി രൂപയാണ്. ഇത് ബജറ്റ് ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
ദേശാഭിമാനി

Tuesday, March 16, 2010

അമേരിക്കന്‍ ദാസന്മാര്‍ ഭരണാധികാരികളാകുന്നത് ഇന്ത്യക്ക് ഹാനികരം

അമേരിക്കന്‍ ദാസന്മാര്‍ ഭരണാധികാരികളാകുന്നത് ഇന്ത്യക്ക് ഹാനികരം.

കഴിഞ്ഞ യു.പി.എ ഭരണകാലത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയതായിരുന്നു ആണവകരാര്‍.ഇന്ത്യയുടെ പരമാധികാരത്തിനു ആണവനയത്തിനും കോട്ടം തട്ടുന്ന നിരവധി കാര്യങ്ങള്‍ പ്രത്യക്ഷത്തിലും പരോക്ഷമായും ഉള്ള ആ കരാറിനെതിരെ ശക്തമായ നിലപാടാണ് ഇടതുപക്ഷ കക്ഷികളും ഒരു വിഭാഗം ശാത്രഞ്ജന്മാരും എടുത്തത്. ബി.ജെ.പിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തുവാന്‍ യു.പി.എ സര്‍ക്കാറിനെ പുറത്തുനിന്നും പിന്താങ്ങിയിരുന്ന സി.പി.ഐഎം അടക്കം ഉള്ള ഇടതുപക്ഷം ഈ കരാറിനെതിരെ ശക്തമായ നിലാ‍പാടാണ് എടുത്തത്.ഇതിന്റെ ഭാഗമായി പാര്‍ലിമെന്റിനകത്തും പുറത്തും പ്രക്ഷോഭപരിപാടികളും ബോധവല്‍ക്കരണവും നടത്തി.നിരന്തരമായ താക്കീതുകള്‍ അവഗണിച്ച സര്‍ക്കാറിനുള്ള പിന്തുണ പിന്‍‌വലിച്ചെങ്കിലും അവസരവാദികളുടെ പിന്തുണയോടെ കോണ്‍ഗ്രസ്സ് നയിക്കുന്ന യു.പി.എ അമേരിക്കന്‍ സാമ്രാജ്യത്വതാല്പര്യങ്ങള്‍ക്ക് മുമ്പില്‍ രാജ്യത്തിന്റെ താല്പര്യങ്ങളെ അടിയറവുവച്ചുകൊണ്ട് ആണവകരാര്‍ പാസ്സാ‍ക്കി. ആണവകരാര്‍ ഇന്ത്യയുടെ സ്വതന്ത്ര വിദേശനയത്തെയും പരമാധികാരത്തെയും സ്വാശ്രയയത്തത്തെയും പണയപ്പെടുത്തുന്നതും അപകടപ്പെടുത്തുന്നതുമാണെന്ന് ഇടതുപക്ഷത്തിന്റെ മുന്നറിയിപ്പ് ഗൗരവമായി എടുക്കാതിരിക്കുകയും പുച്ഛിച്ച് തള്ളുകയും ചെയ്തവര്‍ക്ക് ഏറെക്കുറെ കാര്യങള്‍ മനസ്സിലായിക്കൊണ്ടിരിക്കുകയാണിന്ന്.
> > ഈ അടുത്ത സമയത്താണു ഇന്ത്യന്‍ സൈനികകേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ അമേരിക്കയെ അനുവദിക്കുന്ന 'എന്‍ഡ് യൂസ് മോണിറ്ററിങ്' കരാറില്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവെച്ചത്.ഇന്ത്യ അമേരിക്കയില്‍നിന്ന് വാങ്ങുന്ന ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് അനുസൃതമായിമാത്രം ഉപയോഗിക്കുന്നെന്ന് ഉറപ്പു വരുത്താനുള്ളതാണ് 'എന്‍ഡ് യൂസ് മോണിറ്ററിങ്' എന്ന പരിശോധനാസംവിധാനം. അമേരിക്കയില്‍നിന്ന് ഇന്ത്യ പണംകൊടുത്തു വാങ്ങുന്ന സാധനങള്‍ എങ്ങനെ നാം ഉപയോഗിക്കണമെന്ന് അമേരിക്ക പറയും . അമേരിക്കയെ ബോധ്യപ്പെടുത്തേണ്ട ഉത്തവാദിത്തം ഇന്ത്യക്ക് ഉള്ളതാണു.അത് അവര്‍ തന്നെ പരിശോധിച്ച് ഉറപ്പ് വരുത്തുകയും വേണം. ആയുധങ്ങളും പ്രതിരോധ ഉപകരണങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടോ എന്ന് സൈനികകേന്ദ്രങ്ങളിലെത്തി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഏതു സമയവും പരിശോധിക്കാന്‍ കഴിയും. ഇന്ത്യക്ക് അതോടെ പ്രതിരോധ രഹസ്യങ്ങള്‍ ഇല്ലാതാകും-എല്ലാം അമേരിക്കയ്ക്കുമുന്നില്‍ തുറന്നുവയ്ക്കേണ്ടിവരും.അമേരിക്കയില്‍ നിന്ന് ആയുധം വാങിച്ചുവെന്ന ഒറ്റക്കാരണം കൊണ്ട് എവിടെയും ചാടിക്കയറാനും പരിശോധന നടത്താനും അമേരിക്കക്ക് കൊടുക്കുന്ന സ്വാതന്ത്ര്യം ഇന്ത്യന്‍ പരമാധികാരം അമേരിക്കന്‍ സാമ്രജിത്ത ശക്തികള്‍ക്ക് മുന്നില്‍ അടിയറവെയ്ക്കുക തന്നെയാണു.
ഇന്ത്യയുടെ സൈനികകേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ വിദേശശക്തികളെ അനുവദിക്കില്ലെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് വെറും പാഴ്വാക്കായി തീര്‍ന്നിരിക്കുന്നു.
ആണവക്കരാറിന്റെ പേരില്‍ അമേരിക്ക ഇന്ത്യയെ വിരട്ടി കാര്യങള്‍ നേടുകയാണു.സ്വന്തം താല്പ്പര്യങള്‍ സം‌രക്ഷിക്കാന്‍ മറ്റു രാജ്യങളുടെ മേല്‍ അമേരിക്ക ചെലുത്തുന്ന സമ്മര്‍ദ്ദങളും വിലപേശലും അധിനിവേശവും ആര്‍ക്കും മനസ്സിലാക്കാവുന്നതെയുള്ളു.അത് കാലാകാലമായി തുടര്‍ന്ന് പോരുന്നതുമാണു.എന്നാല്‍ ഇന്ത്യ സ്വന്തം താല്പ്പര്യങളും പരമാധികാരവും അമേരിക്കയുടെ കാല്‍ച്ചുവട്ടില്‍ കാണിക്ക വെച്ച് ഓച്ഛാനിച്ച് നില്‍ക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല..ലൊകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം അമേരിക്കാന്‍ സാമ്രാജിത്ത ശക്തികളുടെ അഹങ്കാരത്തിന്നു മുന്നില്‍ അടിയറവ് പറയുന്നത് ലജ്ജാകരമാണു.ഇന്ത്യന്‍ ജനതയുടെ അഭിമാനത്തിന്ന് ഏല്‍ക്കുന്ന മഹാക്ഷതമാണിത്.
> > > > ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കന്‍ തീരുമാനിച്ചതും എന്നാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മാറ്റിവെച്ചതുമായ ആണവബാധ്യതാ ബില്‍ ഇന്ത്യയിലെ ജനലക്ഷങളുടെ താല്പ്പര്യങളെ പാടെ ഹനിക്കുന്നതും അമേരിക്കയിലെ ആണവ വ്യവസായികളുടെ താല്‍പ്പര്യങ്ങളെമാത്രം സംരക്ഷിക്കുന്നതാണു
> > > ഇന്ത്യ-അമേരിക്ക ആണവ സഹകരണകരാറിന്റെ ഭാഗമാണിത്. ആണവ ക്കരാര്‍ ഒപ്പ് വെയ്ക്കുമ്പോള്‍ മറച്ച് വെച്ചിട്ടുള ഒരോരെ നിബന്ധനകള്‍ ആണവക്കരാര്‍ നടപ്പാക്കുന്നതിന്ന് മുമ്പായി ഇന്ത്യയെക്കൊണ്ട് അംഗികരിപ്പിക്കാനാണു അമേരിക്ക ശ്രമിക്കുന്നത്.ഇതൊക്കെ വാക്കാല്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ അംഗികരിച്ചിട്ടുള്ളതും ഇന്ത്യന്‍ ജനങളോട് മറച്ച് വെച്ചിട്ടുള്ളതുമാണു.
> > > > > ഇന്ത്യന്‍ ജനതയുടെ സുരക്ഷ അപകടത്തിലാക്കി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുപിഎ സര്‍ക്കാരിന്റെ വ്യഗ്രത. അപകടകരമായ രാസവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന വ്യവസായങ്ങള്‍, ആണവോര്‍ജ ഉല്‍പ്പാദനം എന്നിവയുടെ ഭാഗമായി അപകടങ്ങളുണ്ടാകുമ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍ പോകാനുള്ള പൌരന്റെ അവകാശം ഇല്ലാതാക്കുന്നതാണ് ഈ സിവില്‍ ലയബിലിറ്റി ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസ് ബില്‍ (ആണവഅപകട ബാധ്യതാബില്‍)
> > > > > റിയാക്ടര്‍ വിതരണം ചെയ്തയാളെ സംരക്ഷിക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നാണു പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍നൊന്നൊക്കെ മനസ്സിലാകുന്നത്. ആണവ റിയാക്ടര്‍ നിര്‍മിച്ച ഘട്ടത്തിലുള്ള എന്തെങ്കിലും പിഴവുകാരണം ആണവ അപകടമുണ്ടായി ലക്ഷക്കണക്കിന് ആളുകള്‍ മരിച്ചാലും റിയാക്ടര്‍ വിതരണംചെയ്ത കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടതില്ലയെന്നത് അംഗികരിക്കാന്‍ ഒരു ജനാധിപത്യ രാജ്യത്തില്‍ ആര്‍ക്കെങ്കിലും കഴിയുമോ ? . എല്ലാ ഉത്തരവാദിത്തവും ഇന്ത്യയില്‍ റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന ന്യൂക്ളിയര്‍ പവര്‍ കോര്‍പറേഷന്റെ ചുമലില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുന്നത് കടുത്ത രാജ്യദ്രോഹമാണു. നഷ്ട പരിഹാരത്തുക മൊത്തം ബാധ്യതയായി പരമാവധി 2200 കോടി രൂപയാണെന്നാണു നിശ്ചയിച്ചിട്ടുള്ളത്. ഈ തുക ക്ണ്ടെത്തേണ്ട ബാധ്യത സര്‍ക്കാ റ്ര്ിനുള്ളതാണു. നഷ്ടപരിഹാര തുകയുടേ പരിധി 2200 കോടി രൂപയെന്ന് നിശ്ചയിച്ചതും ജനവിരുദ്ധമാണ്. നഷ് ടത്തിന്റെ വ്യപ്തിയെ പറ്റി അറിയാതെ എങിനെയാണു നഷ്ട പരിഹാര തുക നിശ്ചയിക്കുക.
> ആണവ റിയക്ടര്‍ ഉണ്ടാക്കുന്നത് അമേരിക്ക പണം വാങുന്നതും ലാഭം കൊയ്യുന്നതും അമേരിക്ക , അപകടം ഉണ്ടായാല്‍ മരിക്കുന്നത് ഇന്ത്യക്കാര്‍ ,നഷ്ടപരിഹാരം കൊടുക്കേണ്ടത് ഇന്ത്യക്കാരന്‍ കൊടുക്കുന്ന നികുതി പണത്തില്‍ നിന്ന് , ഇത് എന്തൊരു രാജ്യനീതി.

ആണവ അപകടങ്ങളുടെ വ്യാപ്തിയും ഭീകരതയും പ്രവചനാതീതമാണ്.ചെറിയ ഒരു അശ്രദ്ധപോലും ഒരു പ്രദേശത്തെ മുഴുവന്‍ വിനാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുവാന്‍ മാത്രം വിനാശകരമാണ്. അതിനാല്‍ തന്നെ ആണവനിലയങ്ങള്‍ നിര്‍മ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന കമ്പനികള്‍ക്ക് ഉത്തരവാദിത്ത്വത്തില്‍ നിന്നും ഒഴിവാകുവാന്‍ ആകില്ല. എന്നാല്‍ ഈ ഉത്തരവാദിത്വത്തിന്റെ ഭാരം കമ്പനിയില്‍ നിന്നും പരമാവധി ഒഴിവാക്കുന്ന വിധത്തിലും അപകടങ്ങള്‍ സംഭവിച്ചാല്‍ തന്നെ നല്‍കേണ്ട നഷ്ടപരിഹാരം വളരെ പരിമിതപ്പെടുത്തിക്കൊണ്ടും ആണ് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള ബില്‍. ഭോപ്പാല്‍ ദുരന്തവും അതേതുടര്‍ന്നുണ്ടായ ദീര്‍ഘമായ നിയമനടപടികളും നമുക്ക് മുമ്പില്‍ ഉണ്ട്. ഇന്ത്യയില്‍ ആണവനിലയങ്ങള്‍ ആരംഭിക്കുവാന്‍ ഇന്നത്തെ സാഹചര്യത്തില്‍ അമേരിക്കയിലെ സ്വകാര്യകമ്പനികള്‍ ആണ് മുന്നോട്ടുവരിക എന്നതുകൂടെ ഇവിടെ ശ്രദ്ധിക്കെണ്ടതുണ്ട്. ആണവനിലയത്തിന്റെ നിര്‍മ്മിതിയിലോ പ്രവര്‍ത്തനത്തിലോ ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് അവരേക്കാള്‍ ഉത്തരവാദിത്വം ഇന്ത്യക്ക് ആകുന്ന വിധത്തില്‍ ക്രമപ്പെടുത്തുന്ന ഈ ബില്ലില്‍ നഷ്ടപരിഹാരത്തിനായി പൌരനു കോടതിയെ സമീപിക്കുവാന്‍ ഉള്ള സ്വാതന്ത്രത്തിനും വിലക്കേര്‍പ്പെടുത്തുന്നുണ്ട്. സ്വന്തം ജനതയേക്കാള്‍ അമേരിക്കന്‍ കുത്തകകളോട് എത്രമാത്രം താല്പര്യവും വിധേയത്വവുമാണ് ഈ ഭരണാധികാരികള്‍ പ്രകടിപ്പിക്കുന്നതെന്ന് ഈ ഒറ്റ കാര്യത്തില്‍ നിന്നും വ്യക്തം.
ലോകകോടീശ്വരപ്പട്ടികയില്‍ അംബാനിമാര്‍ ഇടം‌പിടിക്കുമ്പോളും അനവധി ആളുകള്‍ ഇതേ ഭൂമിയില്‍ ഒരു നേരത്തെ ആഹാരം കഴിക്കുവാന്‍ പോലും വകയില്ലാതെ പിടഞ്ഞുവീണു മരിക്കുന്നു എന്നതും നാം സ്മരിക്കേണ്ടതുണ്ട്. പുത്തന്‍ സാമ്പത്തീകനയങ്ങള്‍ മൂലം കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്നു. അവരെ സംബന്ധിച്ചേടത്തോളം ആണവക്കരാറും അതിന്റെ പുറകിലെ ചരടുവലികളും പെട്ടെന്ന് മനസ്സിലായി എന്നുവരില്ല. ജീവിത തത്രപ്പാടില്‍ നെട്ടോട്ടം ഓടുന്ന അവര്‍ക്ക് പ്രതികരിക്കുവാന്‍ ആയി എന്നും വരില്ല. ഈ പഴുതു മുതലെടുത്തുകൊണ്ടാണ് ഭരണവര്‍ഗ്ഗം പലപ്പോഴും തങ്ങളുടെ അജണ്ടകള്‍ നടപ്പാക്കുന്നത്.അമേരിക്കയ്ക്ക് വിധേയപ്പെടുവാന്‍ സ്വയം നിന്നുകൊടുക്കുന്ന സ്വന്തം ജനതയെ പ്രേരിപ്പിക്കുന്ന ഒരു ഭരണവര്‍ഗ്ഗം ഇന്ത്യന്‍ ജനാധിപത്യത്തിനു ഭൂഷണമാണോ എന്നാണ് ഓരോ രാജ്യസ്നേഹിയുടെയും മനസ്സില്‍ നിന്നും ഉയരേണ്ടത്.
പാര്‍ലിമെന്റില്‍ ഇടതുപക്ഷം ദുര്‍ബലമായതോടെ പ്രതിഷേധങ്ങളുടെ ശക്തികുറഞ്ഞിരിക്കുന്നു. ദാസ്യവേലയുടെ അടയാളപ്പെടുത്തലുകളായിരിക്കും വരാനിരിക്കുന്ന ഓരോ ദിനങ്ങളും. പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും ഉള്ള സ്വാതന്ത്ര്യം നാം പ്രയോജനപ്പെടുത്തിയേ പറ്റൂ‍. സ്വാതന്ത്ര്യം നേടിത്തരുവാന്‍ ജീവന്‍ ബലികൊടുത്തവര്‍ക്കും വരാന്‍ ഇരിക്കുന്ന തലമുറക്കും വേണ്ടി സ്വന്തം നാടിന്റെ സ്വാതന്ത്രം കാക്കുവാന്‍ വേണ്ടി.
നാരായണന്‍ വെളിയംകോട്
kunneth@gmail.com

Monday, March 15, 2010

ബംഗാള്‍ തെരഞ്ഞെടുപ്പ്: വാര്‍ത്ത അസംബന്ധം-എറിക് ഹോബ്സ്വാം

ബംഗാള്‍ തെരഞ്ഞെടുപ്പ്: വാര്‍ത്ത അസംബന്ധം-എറിക് ഹോബ്സ്വാം

ന്യൂഡല്‍ഹി: വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ സിപിഐ എം തോല്‍ക്കുമെന്ന് പ്രകാശ് കാരാട്ട് തന്നോട് പറഞ്ഞതായുള്ള വാര്‍ത്ത അസംബന്ധമാണെന്ന് ബ്രിട്ടീഷ് ചരിത്രകാരന്‍ എറിക് ഹോബ്സ്വാം പറഞ്ഞു. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസിലേക്ക് അയച്ച സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. എറിക് ഹോബ്സ്വാമിന്റെ കുറിപ്പ്: "കഴിഞ്ഞ കുറച്ച് ആഴ്ചയായി ഞാന്‍ ആശുപത്രിയിലായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് 'ന്യൂ ലെഫ്റ്റ് റിവ്യൂ''വിലെ അഭിമുഖത്തില്‍ സിപിഐ എമ്മിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായിരിക്കുന്ന വിവരം അറിഞ്ഞത്. അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ പോകുന്നുവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നോട് പറഞ്ഞിട്ടില്ല. മറിച്ച്, മാവോയിസ്റ്റുകളുടെയും മറ്റുള്ളവരുടെയും കടുത്ത ആക്രമണത്തെയാണ് പാര്‍ടി നേരിടുന്നതെന്നാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ടിക്കുണ്ടായ തിരിച്ചടി താല്‍ക്കാലികമാണെന്നും പരിഹരിക്കാന്‍ കഴിയുന്നതാണെന്നും എനിക്കറിയാം. ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ ബഹുജനാടിത്തറയുള്ള പ്രദേശങ്ങളിലൊന്നായാണ് അഭിമുഖത്തില്‍ പലയിടത്തും പശ്ചിമബംഗാളിനെ ഞാന്‍ വിശേഷിപ്പിച്ചിട്ടുള്ളത്'

കേരള ബജറ്റ് ലക്ഷ്യം സമഗ്രവികസനം

കേരള ബജറ്റ് ലക്ഷ്യം സമഗ്രവികസനം
പി കൃഷ്ണപ്രസാദ്

ഉല്‍പ്പാദനമേഖലയ്ക്ക് (കൃഷി, വ്യവസായം) മുന്‍ഗണന നല്‍കിയും അധ്വാനവര്‍ഗ ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചും തന്റെ അഞ്ചാമത്തെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ തോമസ് ഐസക് അഭിനന്ദനാര്‍ഹമാംവിധം വിജയിച്ചിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിനും ലിംഗസമത്വത്തിനും വിഭവങ്ങള്‍ വകയിരുത്തുന്നതിനും ബജറ്റ് തുടക്കംകുറിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ഐടി, ടൂറിസം തുടങ്ങി സേവനമേഖലയ്ക്കും 50 ശതമാനം വിഹിതം വര്‍ധിപ്പിച്ചു. സാധാരണക്കാരനുമേല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടി ബജറ്റിലുണ്ട്. ഫലത്തില്‍, രാഷ്ട്രീയപ്രേരിതമായ വിമര്‍ശങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കച്ചവടക്കാരടക്കം എല്ലാ ജനവിഭാഗങ്ങളും സ്വാഗതംചെയ്യുന്ന ഈ ബജറ്റ് കേരള മാതൃകാ വികസനത്തെ ശക്തിപ്പെടുത്തുന്നതും സംരക്ഷിക്കുന്നതുമാണ്. കൈയടി വാങ്ങാന്‍ കൈവിട്ടുകളി“എന്നാണ് മലയാള മനോരമ മുഖപ്രസംഗം ബജറ്റിനെ വിശേഷിപ്പിച്ചത്. സംസ്ഥാനത്തെ പകുതി കുടുംബങ്ങള്‍ക്കും (35 ലക്ഷം) രണ്ടു രൂപയ്ക്ക് അരി നല്‍കാനും അസുഖം വന്നാല്‍ 30,000 രൂപവരെയും ക്യാന്‍സര്‍, വൃക്കരോഗം, ഹൃദ്രോഗം എന്നിവയ്ക്ക് 70,000 രൂപ വരെയും ചികിത്സാ സഹായം നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താനും തയ്യാറായതിനെ ലജ്ജയേതുമില്ലാതെ കൈയടി വാങ്ങാനുള്ള കേവലം കളിയായി മനോരമ വിശേഷിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബജറ്റ് വന്‍കിട മുതലാളിത്ത-ഭൂപ്രഭുക്കളെ എത്രമാത്രം പ്രകോപിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. പ്രണബ് മുഖര്‍ജി അവതരിപ്പിച്ച കേന്ദ്രബജറ്റില്‍ കോര്‍പറേറ്റ് മുതലാളിമാരുടെ പ്രത്യക്ഷനികുതിക്ക് 80,000 കോടി രൂപയുടെ നികുതി ഇളവുനല്‍കിയതിനെ മനോരമ രാജ്യപുരോഗതിക്കുള്ള വഴിയെന്നാണ് വിശേഷിപ്പിച്ചത്. സമ്പന്നവിഭാഗങ്ങളോടു മനോരമയ്ക്കുള്ള പക്ഷപാതിത്വം തുറന്നുകാട്ടി മുഖപ്രസംഗം തുടരുന്നു. തോമസ് ഐസക്കിന്റെ ബജറ്റുകള്‍ക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. സാമ്പത്തിക ഉദാരവല്‍ക്കരണ നടപടിയോടുള്ള വെല്ലുവിളിയും കേന്ദ്രനയങ്ങളെ കുറ്റപ്പെടുത്തലും. എന്നാല്‍, കേരളത്തിന്റെ വളര്‍ച്ചയ്ക്ക് ചാലുകീറാനാകുന്നുമില്ല. ഉദാരവല്‍ക്കരണനയങ്ങളെ ചോദ്യംചെയ്യുന്നതും, പ്രസ്തുത നയങ്ങള്‍മൂലം പാപ്പരാകുകയും കടക്കെണിയില്‍പ്പെടുകയും ചെയ്യുന്ന കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടക്കം ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്ക് ക്ഷേമപദ്ധതികള്‍ അനുവദിക്കുന്നതും തങ്ങളുടെ ധനികവര്‍ഗ പക്ഷപാതിത്വംമൂലം മനോരമയ്ക്ക് സഹിക്കാനാകുന്നില്ല. മനോരമയുടെ വായനക്കാരെല്ലാം ഉദാരവല്‍ക്കരണനയങ്ങളെ കണ്ണുമടച്ച് പിന്തുണയ്ക്കുന്നവരാണെന്ന മിഥ്യാബോധമാണ് അവരെ നയിക്കുന്നത്. മാര്‍ച്ച് ആറിന്റെ മനോരമയില്‍ത്തന്നെ ബജറ്റിനെ വിലയിരുത്തി എഴുതിയ ലേഖനത്തില്‍ തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റഡീസില്‍ അസോസിയറ്റ് പ്രൊഫസറായ വിശാന്തകുമാര്‍ കൂലിവേലക്കാരെയാകെ മദ്യപാനികളെന്ന് അധിക്ഷേപിക്കാന്‍പോലും മുതിര്‍ന്നിരിക്കുന്നു. പ്രൊഫ. ശാന്തകുമാര്‍ പറയുന്നു; നമുക്ക് യഥാര്‍ഥ ദരിദ്രരോട് ഒരു സഹതാപവുമില്ല. തൊഴിലെടുക്കാന്‍ കഴിയാത്തവര്‍ക്ക് പ്രതിമാസം 300 രൂപ. നഗരപ്രദേശങ്ങളില്‍ തൊഴില്‍ നല്‍കാന്‍ 20 കോടി. എന്നാല്‍, ഒരു ദിവസം കൂലിപ്പണിക്കു പോയി 300 രൂപ വരുമാനമുണ്ടാക്കുന്നവര്‍ക്ക് അരി സൌജന്യമായി നല്‍കാന്‍ 500 കോടി. യഥാര്‍ഥ ദരിദ്രര്‍ക്ക് കൂടുതല്‍ നല്‍കിയാല്‍ വോട്ടിന്റെ എണ്ണം കൂടില്ലല്ലോ. പിന്നെ ഒരു സ്വാഭാവിക നീതിയുണ്ടെന്നു പറയാം. 300 രൂപ കൂലി വാങ്ങി ബിവറേജസ് കോര്‍പറേഷന്‍ കൌണ്ടറിനു മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ അവരുടെ കൈയില്‍നിന്നു വാങ്ങുന്നതിന്റെ ഒരു ഭാഗം രണ്ടു രൂപയ്ക്ക് അരിയായി തിരിച്ചുനല്‍കുന്നതിലുള്ള സ്വാഭാവിക നീതി. 2006ല്‍ കേവലം 110 രൂപയായിരുന്ന തൊഴിലാളികളുടെ ക്ഷേമ പെന്‍ഷന്‍ തുക നാലു വര്‍ഷത്തിനകം 300 രൂപയായി വര്‍ധിപ്പിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന കുടുംബങ്ങള്‍ക്കും നഗര-ഗ്രാമ വ്യത്യാസമില്ലാതെ തൊഴിലുറപ്പു പദ്ധതിയില്‍ 50 ദിവസത്തില്‍ കുറയാതെ പണിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കുന്ന പദ്ധതി ബാധകമാണെന്ന് പ്രൊഫസര്‍ക്ക് അറിയാത്തതല്ല. മറിച്ച് കേരളത്തിലെ ഉയര്‍ന്ന മിനിമം കൂലി നിരക്കിനെയും അതു ലഭിക്കുന്ന തൊഴിലാളികളെയും മോശമായി ചിത്രീകരിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. ഉയര്‍ന്ന കൂലി ലഭിക്കുന്ന കൂലിത്തൊഴിലാളികള്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും വര്‍ഷത്തില്‍ എത്ര ദിവസം തൊഴില്‍ ലഭിക്കുന്നുണ്ടെന്ന് സ്ഥിതിവിവര കണക്ക് മാസശമ്പളവും മെഡിക്കല്‍ അലവന്‍സും ടൂര്‍ അലവന്‍സും സുരക്ഷിതമായ പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉറപ്പുമുള്ള ബഹുമാന്യ പ്രൊഫസര്‍ക്ക് അപ്രാപ്യമല്ലല്ലോ. കര്‍ഷകത്തൊഴിലാളികള്‍ക്ക് വര്‍ഷം ശരാശരി 72 ദിവസമാണ് തൊഴില്‍ കിട്ടുന്നതെന്ന വസ്തുതകൂടി അടുത്ത ലേഖനത്തിലൂടെ മനോരമ വായനക്കാരെ അറിയിക്കാനുള്ള സന്മനസ്സ് അദ്ദേഹം കാണിക്കുമെന്നു കരുതാം. പൊതുമേഖലയ്ക്കു നല്‍കിയ പ്രാധാന്യമാണ് ഈ ബജറ്റിന്റെ പ്രധാന സവിശേഷത. എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ സമ്പദ്ഘടനയുടെ നേതൃസ്ഥാനത്ത് അവരോധിച്ചു. കഴിഞ്ഞ നാലു വര്‍ഷത്തിനകം സംസ്ഥാനത്തെ 51 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളെ വ്യവസായമന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ ലാഭത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത് പൊതുമേഖലയെ സംരക്ഷിക്കുക എന്ന തൊഴിലാളിവര്‍ഗ വീക്ഷണത്തില്‍ വിട്ടുവീഴ്ച പാടില്ലെന്ന കര്‍ക്കശ നിലപാടിന്റെ വിജയമാണ്. കേന്ദ്രസര്‍ക്കാരും വിവിധ സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ സ്വകാര്യ കമ്പനികള്‍ക്കു വ്യാപകമായി വിറ്റഴിക്കുകയും അവ അടച്ചുപൂട്ടുകയും ചെയ്യുമ്പോഴാണ് കേരളസര്‍ക്കാര്‍ ഈ ശ്രദ്ധേയമായ നേട്ടമുണ്ടാക്കിയത്. സംസ്ഥാനത്ത് പുതുതായി എട്ടു പൊതുമേഖലാ സ്ഥാപനം ആരംഭിക്കാന്‍ 125 കോടി രൂപ അനുവദിച്ച നടപടിയെ തികഞ്ഞ അസഹ്യതയോടെ മനോരമ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. മുഖപ്രസംഗത്തില്‍ നിന്ന്; പൊതുമേഖലാ സ്ഥാപനങ്ങളില്‍ അഞ്ച് എണ്ണം ഒഴിച്ച് ബാക്കിയെല്ലാം ലാഭത്തിലായി എന്ന് ധനമന്ത്രി പറയുന്നുണ്ടെങ്കിലും അതിന്റെ കണക്കുകള്‍ പുറത്തു വിട്ടിട്ടില്ല. ഈ ന്യായം പറഞ്ഞ് ഇനിയും പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നത് അഭിലഷണീയമാണോ? ഏറ്റവും കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുള്ള സംസ്ഥാനമായ കേരളത്തില്‍ സമാനമായ സ്വഭാവമുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ലയിപ്പിച്ച് ശക്തിപ്പെടുത്തുന്നതിനുപകരം അവയുടെ എണ്ണം കൂട്ടുകയാണോ വേണ്ടത്?“ ഈ ബജറ്റില്‍ ഏറ്റവും ഉയര്‍ന്ന പരിഗണനയാണ് കൃഷിക്കും ഭക്ഷ്യസുരക്ഷയ്ക്കും നല്‍കിയിരിക്കുന്നത്. കൃഷിയുടെ വിഹിതം 419 കോടിയില്‍നിന്ന് 622 കോടി രൂപയാക്കി ഏതാണ്ട് 50 ശതമാനത്തിനു മുകളില്‍ വര്‍ധിപ്പിച്ചു. നെല്‍ക്കൃഷിക്ക് 500 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക. ഭക്ഷ്യസുരക്ഷയ്ക്ക് മുന്‍വര്‍ഷം 65 കോടി രൂപ നല്‍കിയിടത്ത് ഈവര്‍ഷം 130 കോടിയാക്കി ഉയര്‍ത്തി. 2006-07ല്‍ ഇത് കേവലം 34 കോടി രൂപ മാത്രമായിരുന്നു. 1974-75 കാലത്തെ വിലക്കയറ്റത്തിനുശേഷം ആദ്യമായാണ് രാജ്യത്തെ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലക്കയറ്റം ഇത്രയും രൂക്ഷമാകുന്നത്. നവഉദാരവല്‍ക്കരണനയങ്ങള്‍മൂലം പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത കുത്തനെ ഇടിഞ്ഞതും ഭക്ഷ്യോല്‍പ്പന്ന വിപണിയില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ അവധിവ്യാപാരം അനുവദിച്ചതുമാണ് ഊഹക്കച്ചവടത്തില്‍ അധിഷ്ഠിതമായ ഈ വിലക്കയറ്റത്തിനു കാരണം. മാത്രമല്ല, രാസവള സബ്സിഡി 3000 കോടി രൂപയും ഭക്ഷ്യ സബ്സിഡി 400 കോടി രൂപയും വെട്ടിക്കുറച്ച കേന്ദ്ര ബജറ്റ് ഭക്ഷ്യോല്‍പ്പാദനത്തെയും വിലക്കയറ്റ നിയന്ത്രണത്തെയും പ്രതിസന്ധിയിലാക്കി ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഇതില്‍നിന്നു കടകവിരുദ്ധമായ സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. നെല്ല്, പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്‍പ്പാദനം 2008-09ല്‍ വര്‍ധിച്ചതായി സാമ്പത്തികാവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കി. 2006ല്‍ കേവലം ഏഴു രൂപയായിരുന്ന നെല്ലിന്റെ വില കിലോക്ക് 12 രൂപയായും 9-11 രൂപയായിരുന്ന ഒരു ലിറ്റര്‍ പാലിന്റെ വില 15-20 രൂപയായും എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചു നല്‍കിയത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമായി. കേന്ദ്രസര്‍ക്കാര്‍ ഒരു കിലോ നെല്ലിന് 9.50 രൂപ മാത്രമാണ് സംഭരണ വില നല്‍കുന്നത്. എന്നാല്‍, 82 ശതമാനം നാണ്യവിള കൃഷിയുള്ള കേരളത്തില്‍ എത്ര പ്രാധാന്യം നല്‍കിയാലും സമീപഭാവിയില്‍ ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത നേടാനാകില്ല. ഭക്ഷ്യധാന്യങ്ങള്‍ക്ക് നാം കേന്ദ്രസര്‍ക്കാരിനെ ആശ്രയിക്കേണ്ടി വരും. 1980കളുടെ അവസാനം 180 കിലോ ആയിരുന്ന പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത 1991നുശേഷം കുറഞ്ഞ് കുറഞ്ഞ് 2007ല്‍ 150 കിലോ ആയിട്ടും ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാനും കാര്‍ഷികപ്രതിസന്ധിക്ക് കാരണമായ ഉദാരവല്‍ക്കരണനയം തിരുത്താനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. മറിച്ച് കാര്‍ഷിക മേഖലയ്ക്ക് ദോഷമായ ആസിയന്‍ കരാറില്‍ ഒപ്പിടുകയാണുണ്ടായത്. വിലക്കയറ്റവും ഭക്ഷ്യദൌര്‍ലഭ്യവും നേരിടുമ്പോള്‍ അരിയും ഗോതമ്പും പഞ്ചസാരയും പരിപ്പുമെല്ലാം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാമെന്നാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് മുന്നോട്ടുവയ്ക്കുന്ന പരിഹാരമാര്‍ഗം. പ്രശസ്ത ബൂര്‍ഷ്വാ കാര്‍ഷിക-സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. എം എസ് സ്വാമിനാഥന്‍ പറഞ്ഞ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്. ആയുധപ്പുരകളുള്ള രാജ്യങ്ങളല്ല, ഭക്ഷ്യധാന്യശേഖരമുള്ള രാജ്യങ്ങളാണ് ലോകത്ത് നിലനില്‍ക്കുക എന്നാണ് ലോകമുതലാളിത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. ബ്രിട്ടീഷ്് ഭരണകാലത്ത് 1938-42ലെ 152 കിലോഗ്രാമിനേക്കാളും താഴെ 2007ല്‍ 150 കിലോയായി പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത കുറഞ്ഞിരിക്കുകയാണെന്ന് പഠനത്തിലൂടെ ചൂണ്ടിക്കാട്ടിയ മാര്‍ക്സിസ്റ് സാമ്പത്തിക ശാസ്ത്രജ്ഞയായ പ്രൊഫ. ഉത്സ പട്നായിക് ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് പട്ടിണി മരണങ്ങളും ഭക്ഷ്യകലാപവുമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടും യുപിഎ സര്‍ക്കാര്‍ അത് ഗൌനിക്കാന്‍ തയ്യാറായിട്ടില്ല. പ്രധാനമന്ത്രിമാരായിരുന്ന ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും നേതൃത്വത്തില്‍ നേടിയ ഭക്ഷ്യ സ്വയംപര്യാപ്തത മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന ഉദാരവല്‍ക്കരണനയങ്ങള്‍മൂലം നഷ്ടപ്പെട്ടിട്ടും അതിനെതിരെ പ്രതികരിക്കാന്‍ മലയാള മനോരമ തയ്യാറാകാത്തത് ആ പത്രത്തിന്റെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കെതിരായ വര്‍ഗനിലപാടിന്റെ വ്യക്തമായ സൂചനയാണ്. വിലക്കയറ്റവും ഭക്ഷ്യ സുരക്ഷിതത്വമില്ലായ്മയുമാണ് വരാനിരിക്കുന്ന നാളുകളില്‍ തൊഴിലാളിവര്‍ഗ നേതൃത്വത്തില്‍ ഇന്ത്യന്‍ ഭരണവര്‍ഗത്തിനെതിരെ ഉയരുന്ന ബഹുജന പ്രക്ഷോഭത്തിന്റെ അടിത്തറയാകുക എന്ന് തിരിച്ചറിയുമ്പോഴാണ് ഭക്ഷ്യോല്‍പ്പാദനത്തിനുമുന്‍ഗണന നല്‍കുന്ന സംസ്ഥാന ബജറ്റിന്റെ രാഷ്ട്രീയ പ്രാധാന്യം അംഗീകരിക്കപ്പെടുക.