ഗാന്ധിജി യഥാര്‍ഥദൃഷ്ടിയിലൂടെ
സുകുമാര്‍ അഴീക്കോട്.. .
മഹാത്മാഗാന്ധി എന്തിനുവേണ്ടി നിലകൊള്ളുകയും ജീവത്യാഗം വരിക്കുകയും ചെയ്തുവോ,അതെല്ലാം ഇന്ത്യയിലും ലോകത്തിലും തകര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്ന നിരാശയുടെ പ്രതികരണത്തിന് ഇന്ന് ശക്തി കൂടിക്കൂടി വരികയാണ്. പൊതുവെ പരന്നിരിക്കുന്ന ഒരു ധാരണയാണിത്. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ട് 62 വര്‍ഷമായി. ഒരു സിനിക് പറഞ്ഞത് ഗാന്ധിജി സ്മരിക്കപ്പെടുന്നത് രണ്ട് ഒഴിവുദിനം കിട്ടിയതുകൊണ്ടാണ് എന്നാണ്. ഇതേ വര്‍ഗത്തില്‍പ്പെട്ട മറ്റൊരു ബുദ്ധിജീവി കറന്‍സിനോട്ടിലെ ചിത്രം ഓര്‍ത്തുപറഞ്ഞത്, ഗാന്ധിജിയുടെ വില നൂറുരൂപയായി നിജപ്പെടുത്തിയിരിക്കുന്നു എന്നും. നാം വിചാരിച്ചത് ഗാന്ധിജിയോട് ഏറ്റവും കടുത്തപാപം ചെയ്തത് ഗോഡ്സെയാണെന്നാണല്ലോ, പിന്നീട് നമുക്ക് തോന്നി, രാജ്യത്ത് കൊടും ക്രൂരതയും സമൂഹജീവിതത്തില്‍ അസത്യത്തിന്റെ മറ്റൊരു പേരായ അഴിമതിയും എല്ലാം വര്‍ധിച്ചുവരുന്നതുകൊണ്ട് സമുദായമാണ് ഗാന്ധിജിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നാണ്. ഈ സമൂഹത്തില്‍ നമ്മളെല്ലാം പെടുന്നു. പക്ഷേ, ഇപ്പോള്‍ എനിക്ക് തോന്നുന്നു, ഗാന്ധിജി മഹാനായത് രണ്ടു വിശേഷദിവസങ്ങള്‍ തന്ന് നമ്മളെ വെറുതെയിരുത്തിയതുകൊണ്ടും ഗാന്ധിജിക്ക് നൂറുരൂപ വിലയെന്ന് രേഖപ്പെടുത്തിയതുകൊണ്ടും ആണെന്ന് പറഞ്ഞവരോളം നമ്മളാരും ഗാന്ധിജിക്ക് എതിരല്ല എന്ന്. നാടാകെ അക്രമവും മറ്റും എണ്ണത്തിലും വണ്ണത്തിലും കടുപ്പത്തിലും കൂടിക്കൂടി വരുന്നു എന്നുള്ളത് അപ്പടി വിഴുങ്ങാന്‍ പറ്റില്ല. സമൂഹം നിലനില്‍ക്കുന്നത് ഹിംസയുടെ ശക്തിയേക്കാള്‍ അഹിംസയ്ക്ക് ശക്തികൂടിയതുകൊണ്ടാണെന്ന് പണ്ടേ ഗാന്ധിജി വകതിരിച്ച് കാണിച്ചുതന്നിട്ടുണ്ട്. ചരിത്രത്തില്‍ ഹിംസയ്ക്കും അനീതിക്കുമാണ് മുന്‍തൂക്കമെങ്കില്‍ മനുഷ്യന്‍ ഇപ്പോള്‍ ബാക്കി കാണില്ല. അതുകൊണ്ട് ചരിത്രത്തിന്റെ സന്ദേശം അഹിംസയുടെ പ്രാമുഖ്യവും അതിവര്‍ത്തനശക്തിയുമാണെന്ന് ഗാന്ധിജി കണ്ടെത്തി. ഈ സത്യം ഇത്ര ലളിതമായും യുക്തിയുക്തമായും എണ്ണം പറഞ്ഞ ലോകചരിത്രകാരന്മാരാരും പറഞ്ഞിട്ടില്ല. ഗാന്ധിജിയെ ഓര്‍മിക്കാന്‍ രണ്ടു വിശേഷദിനങ്ങള്‍ കൊടുക്കണമെന്ന് സമൂഹത്തിന് തോന്നുന്നുണ്ടല്ലോ. ഗാന്ധിജിയുടെ മഹത്വത്തിന് ഇത് വലിയ തെളിവാണ്. നൂറു രൂപ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമാണല്ലോ വച്ചിരിക്കുന്നത്, ഗോഡ്സേയുടെ ചിത്രമല്ലല്ലോ. ഗാന്ധിജി, എത്രയായാലും, മരിച്ചിട്ടില്ല എന്ന് ഇവയൊക്കെ തെളിയിക്കുന്നു. രാജ്യത്ത് ഓരോ വധവും അക്രമവും അഴിമതിയും നടക്കുമ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ ഗാന്ധിജിയെ ഓര്‍ക്കുകയും ഇന്ന് ഇല്ലാതെ പോയല്ലോ എന്ന് ദുഃഖിക്കുകയും ചെയ്യുന്നു. അനശ്വരനായ ഗാന്ധിജി ഇക്കാലത്തും വിജയിച്ചരുളുന്നു. ഗാന്ധിജിയില്‍നിന്ന് അകന്നുപോകുന്നത് ഒരു മേന്മയായിട്ട് ജനങ്ങള്‍ കാണുന്ന കാലത്ത് ഗാന്ധിജി പരാജയപ്പെട്ടു എന്ന് സമ്മതിക്കാം. ഇന്നും വലിയൊരു തെറ്റാണ്, ഗാന്ധിജിയില്‍നിന്ന് അകന്നുപോകുന്നത്. ഇന്ത്യന്‍ നാഷണല്‍ കോഗ്രസ് ഇന്ന് നിശിതമായി വിമര്‍ശിക്കപ്പെടുന്നത് ഗാന്ധിജിയുടെ ആദര്‍ശങ്ങളെ പരിപാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്നതുകൊണ്ടാണ്. പാവങ്ങളെ മറന്നുകൊണ്ട് വലിയ പണക്കാര്‍ക്കുവേണ്ടിയാണ് കോഗ്രസ് നേതൃത്വത്തില്‍ ഇന്ന് ഇന്ത്യഭരിക്കുന്നത്. അവര്‍ നടപ്പാക്കുന്ന ആഗോളവല്‍ക്കരണനയമായാലും ആണവനയമായാലും വിദേശനയമായാലും ഗാന്ധിജിക്കും ഗാന്ധിസത്തിനും എതിരാണ്. ഗാന്ധിയന്‍തത്വങ്ങളെ ഉപേക്ഷിച്ചതിന് കോഗ്രസിനെ ആരെങ്കിലും പ്രശംസിക്കുകയാണെങ്കില്‍ ഗാന്ധിജിയുടെ അവസാനമെത്തി എന്നു പറയാം. പക്ഷേ, സ്ഥിതി മറിച്ചാണ്. ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പരിപാലിക്കപ്പെടുന്നില്ല എന്നത് അനുമോദനീയമല്ല. പക്ഷേ, ഗാന്ധിജി ഉള്ള കാലത്തും ഗാന്ധിയന്‍തത്വങ്ങള്‍ വേണ്ടപടി അനുസരിക്കപ്പെട്ടിരുന്നില്ല. ആദര്‍ശപതനം സംഭവിക്കുമ്പോള്‍ ഗാന്ധിജി മനസ്സില്‍ ഓടിയെത്തുന്നത്, ഗാന്ധിജി ഇന്നും നമ്മുടെ ഇടയിലെ സജീവ സാന്നിധ്യമാണ് എന്നതുകൊണ്ടാണ്. ആദര്‍ശത്തിന്റെ സമ്പൂര്‍ണ പ്രതിഭാസം ഉണ്ടാവുക പ്രയാസംതന്നെയാണ്. ഗാന്ധിജി ഈ പ്രായോഗിക തത്വം നല്ലപോലെ ഗ്രഹിച്ച ഒരു യാഥാര്‍ഥ്യവാദിയാണ്. യൂക്ളിറ്റിന്റെ നേര്‍വര ഗാന്ധിജി സദാ ഉദ്ധരിക്കുന്ന ഒരു ഉപമയാണ്. നേര്‍വരയ്ക്ക് നീളമേയുള്ളൂ, വീതിയില്ല, നിര്‍വചനപ്രകാരം പക്ഷേ എത്ര നേരിയതായാലും വരയ്ക്ക് ചെറിയ വീതിയുണ്ടായിരിക്കും. അതുപോലെയാണ് എത്ര ആദര്‍ശപൂര്‍ണമായ ജീവിതമായാലും അതിന് ആദര്‍ശത്തിന്റെ നീളത്തോടൊപ്പം ആദര്‍ശരാഹിത്യത്തിന്റെ വീതിയും ഉണ്ടായിരിക്കും. എന്നുവച്ച് ആദര്‍ശത്തിന്റെ നീളം ഉണ്ടെന്നും പറയണം. നൂറുശതമാനം യഥാര്‍ഥമായ ഗാന്ധിയനാദര്‍ശം ഇന്നുണ്ടെന്ന് ആരും അവകാശപ്പെടില്ല; അതുപോലെ നൂറുശതമാനം അത് നഷ്ടമായിപ്പോയെന്ന് വിലപിക്കുന്നതും ശരിയല്ല. എല്ലാ ആദര്‍ശ സംഹിതകളുടെയും ചരിത്രഗതി ഇതാണ്. ബുദ്ധന്‍ ക്രിസ്തു, മുഹമ്മദ് തുടങ്ങിയ എല്ലാ ലോക ഗുരുക്കന്മാര്‍ക്കും ഈ മങ്ങല്‍ സംഭവിച്ചിട്ടുണ്ട്. പക്ഷേ, അവര്‍ ഇന്നും മനുഷ്യരെ പ്രചോദിപ്പിച്ചുകൊണ്ട് നിലനില്‍ക്കുന്നുണ്ടല്ലോ. ഗീത ഉപദേശിച്ച ശ്രീകൃഷ്ണന്റെ അടുത്ത് യുദ്ധാനന്തരം അര്‍ജുനന്‍ ചെന്ന് ഗീതോപദേശം ഒന്നുകൂടെ കേള്‍ക്കണം എന്നും കുരുക്ഷേത്രത്തില്‍വച്ച് കേട്ടത് മറന്നുപോയെന്നും പറഞ്ഞുവെന്ന് ഭാഗവതത്തില്‍ കാണുന്നു. ശ്രീകൃഷ്ണന്‍ കോപിച്ചത്രേ. എങ്കിലും വീണ്ടും ഉപദേശിച്ചുകൊടുത്തു. പക്ഷേ, കൃഷ്ണനും പഴയ ഗീതയുടെ സമഗ്രത രണ്ടാമത്തെ ഉദ്ബോധനവേളയില്‍ പുലര്‍ത്താനായില്ല. ഗാന്ധിജി നിലനില്‍ക്കുന്നതിന് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും തെളിവുകള്‍ കിട്ടിക്കൊണ്ടിരിക്കുന്നു. അമേരിക്കയില്‍ മാര്‍ട്ടിന്‍ ലൂഥര്‍കിങ് (ജൂനിയര്‍) കറുത്ത വര്‍ഗത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി അഹിംസാമാര്‍ഗത്തിലാണ് സമരം നടത്തിയത്. ഗാന്ധിജിയെപ്പോലെ വെടിയുണ്ടയേറ്റ് ആത്മത്യാഗവും വരിച്ചു. ദക്ഷിണാഫ്രിക്കയിലെ വൈദികപ്രമുഖന്‍ ടുടുവും നെല്‍സ മണ്ടേലയും കറുത്ത ആഫ്രിക്കയുടെ വിമോചനത്തിനായി നിരായുധസമരം നടത്തി വിജയം നേടി. ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുക എന്നത് അമേരിക്കയും യൂറോപ്പിലെ പല രാജ്യങ്ങളും ഒരു കര്‍ത്തവ്യനിര്‍വഹണം എന്ന നിലയ്ക്ക് നിറവേറ്റിക്കഴിഞ്ഞു. ഈ രാജ്യങ്ങള്‍ക്ക് ഏത് പ്രതിമ സ്ഥാപിക്കാനും സ്വാതന്ത്യ്രമുണ്ട്. ആ സ്വാതന്ത്യ്രത്തിന്റെ മേലെ തന്റെ വ്യക്തിപ്രഭാവത്തെ ഉറപ്പിക്കാന്‍ മരിച്ച മഹാത്മാവിന് കഴിഞ്ഞു എന്നത് മരണമില്ലായ്മയുടെ തെളിവാണെന്നതില്‍ ആര്‍ക്കും സംശയം തോന്നാന്‍ ഇടയില്ല. മാര്‍ട്ടിന്‍ ലൂഥര്‍കിങ് സീനിയറിനും, പുത്രനും രക്തസാക്ഷിയുമായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനും ശേഷം അദ്ദേഹത്തിന്റെ പുത്രനായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് മൂന്നാമന്‍ തന്റെ ഗാന്ധിവിശ്വാസപാരമ്പര്യത്തെ നിലനിര്‍ത്തുന്ന വലിയ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ ഏര്‍പ്പെട്ടുകഴിയുന്നു. ഇതിനിടെ അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. അമേരിക്കയില്‍ അത്ലാന്റയില്‍ പ്രവര്‍ത്തിച്ചുവരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ് ജൂനിയറിന്റെ പേരിലുള്ള 'അഹിംസാത്മകമായ സമൂഹപരിവര്‍ത്തനകേന്ദ്ര'ത്തിന്റെ പ്രസിഡന്റാണ് ഈ പേരക്കുട്ടി. കുഴപ്പങ്ങള്‍ വളരെ കൂടുതലുള്ള പ്രദേശങ്ങളിലെ യുവാക്കള്‍ക്ക് അഹിംസാത്മകമായ പരിശീലനം കൊടുക്കുന്ന ശാസ്ത്രീയപദ്ധതി ഈ കേന്ദ്രം പരീക്ഷിച്ചുവരുന്നു. ഇതൊക്കെ കാണുമ്പോള്‍ ഇന്ത്യയിലാണ് ഗാന്ധിജി ഏറെ മങ്ങിക്കിടക്കുന്നതെന്ന് തോന്നിക്കൂടായ്കയില്ല. ഇവിടെ സര്‍വോദയപ്രസ്ഥാനവും അതുപോലുള്ള ഗാന്ധി സംഘടനകളും ഇന്ത്യയുടെ വര്‍ത്തമാനകാല പ്രശ്നങ്ങളില്‍ സാരമായ ഒരിടപെടലിനും ശക്തമല്ലാതെ പിന്‍വാങ്ങിക്കഴിയുന്നു. ഗാന്ധിജി എന്ന 'കര്‍മചന്ദ്രന്‍' ഏതോ കരിങ്കാറുകളാല്‍ മൂടപ്പെട്ടിരിക്കുന്നു. ആളിക്കത്തുന്നില്ലായിരിക്കാം. പക്ഷേ, തീ അടിയില്‍ കെടാതെ നില്‍പ്പുണ്ട്. ഗാന്ധിജി ഇന്ന് നിലനില്‍ക്കുന്നത് അദ്ദേഹത്തിന്റെ പ്രവചനങ്ങളുടെ ജീവല്‍സത്യംകൊണ്ടാണ്. കാടും മരവും ഭൂമിയുടെ ഐശ്വര്യങ്ങളെല്ലാംതന്നെയും വെട്ടി ഭുജിച്ച് മുടിച്ച് കഴിയുന്ന ദുരാഗ്രഹിയായ മനുഷ്യനോട് ഒരു ദുരന്തപ്രവാചകനെപ്പോലെ ഏറെ മുമ്പുതന്നെ ഗാന്ധിജി പറഞ്ഞല്ലോ, 'നമുക്ക് വേണ്ടതെല്ലാം തരാന്‍ ഭൂമിക്ക് കഴിയും. പക്ഷേ, നമ്മുടെ അത്യാര്‍ത്തിയെ ശമിപ്പിക്കാന്‍ ഭൂമിക്ക് കഴിയില്ല.' എന്നും ആണവശക്തി, വിപണിയുടെ കരുത്ത്, വ്യവസായോല്‍പ്പാദനവും ഇറക്കുമതിയും തുടങ്ങിയ ആധുനിക വികസനോപാധികളുടെ അതിര് ഗാന്ധിജി പറഞ്ഞുതന്ന ഈ സത്യമാണ്.ആ സത്യത്തിന്റെ സ്ഥാനം ആര്‍ത്തി പെരുകിയ ഇക്കാലം ഗാന്ധിജിയുടെ വാക്കിന്റെ വില എന്തെന്ന് മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. മനുഷ്യനോടു മാത്രമല്ല, സഹജീവികളോടും പ്രകൃതിയോടും അഹിംസ പാലിക്കാന്‍ അവന് കഴിയുകയില്ലെങ്കില്‍ മനുഷ്യവംശത്തിന്റെ വിനാശമായിരിക്കും അന്ത്യഫലം. ഗാന്ധിജിയെ അനുസ്മരിക്കാത്ത ലോകം സ്വയം നാശത്തെ വരിക്കുന്നുണ്ടെങ്കില്‍ അപ്പോഴും ഗാന്ധിജി പിറകില്‍ എവിടെയോ ഉണ്ടായിരിക്കും. ഗാന്ധിജിയെ അനുസരിക്കാത്തതുകൊണ്ടാണല്ലോ നാശം സംഭവിക്കുന്നത്. മോചനമാര്‍ഗം ഗാന്ധിജിതന്നെ. ഇതില്‍ കവിഞ്ഞ് എന്ത് മഹത്വമാണ് ഗാന്ധിജിക്കുവേണ്ടത്.
No comments:
Post a Comment