Monday, October 4, 2010

ലോട്ടറി വിവാദം: വക്താവിലൂടെ തുറന്നു കാട്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ തനിനിറം

ലോട്ടറി വിവാദം: വക്താവിലൂടെ തുറന്നു കാട്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ തനിനിറം.
കെ എ വേണുഗോപാലന്‍ .

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയതിന്റെ 15-ാം വാര്‍ഷികാചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിലെ അവരുടെ പരസ്യവാചകം ഇങ്ങനെ: "ആയിരം കുടത്തിന്റെ വായടയ്ക്കാം! പക്ഷേ സത്യത്തിന്റെയോ?'' കോണ്‍ഗ്രസിന്റെ മുഖപത്രമായ 'വീക്ഷണ'ത്തിലുമുണ്ട് ഈ പരസ്യം. ആ പരസ്യം പ്രസിദ്ധീകരിച്ചതു ശരിയായില്ല എന്നാണ് കെപിസിസി ആപ്പീസിലെ ഉപശാലാ വൃത്തങ്ങളില്‍ ചര്‍ച്ചയെന്നറിയുന്നു. ആരെങ്കിലും നുണപറയുന്നതാണോ എന്നറിയില്ല. ഇത് പ്രചരിപ്പിക്കുന്നവര്‍ പറയുന്നത് ലോട്ടറി വിവാദവുമായി ആ പരസ്യത്തിന് ബന്ധമുണ്ടെന്നാണ്.
'മനോരമ'യുടെ പുതിയ പത്രാധിപരുടെ കണ്ടെത്തലായിരുന്നു ലോട്ടറി പരമ്പര. ലോകസഭാ തെരഞ്ഞെടുപ്പ് ലാവ്ലിന്‍ വിവാദംകൊണ്ട് തട്ടിയെടുത്തു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നടക്കാന്‍ പോകുകയാണ്. അത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഡ്രസ്റിഹേഴ്സലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കരുത്. വിജയിച്ചാല്‍ അത് നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കും. അതുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വിവാദം വേണം. അതായിരുന്നു കോണ്‍ഗ്രസിന് ബുദ്ധി ഉപദേശിക്കുന്ന മനോരമയുടെ പദ്ധതി. മനോരമ നേതൃത്വം കൊടുത്തു. മറ്റു പത്രങ്ങള്‍, ചാനലുകള്‍ ഒത്തുപിടിച്ചു. വിവാദം കത്തിക്കാളി. നേരിട്ടുള്ള സംവാദത്തില്‍ ഐസക് പരാജയപ്പെട്ടതായി പ്രഖ്യാപനവും വന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളയത്തില്‍ പടയൊന്നൊഴിഞ്ഞിട്ടുവേണം ലോട്ടറി ഒന്നുകൂടെ കത്തിക്കാന്‍ എന്ന് ആലോചിച്ചുറപ്പിച്ച് വ്യാജരേഖകളും റിപ്പോര്‍ട്ടുകളുമൊക്കെ തയ്യാറാക്കി അമര്‍ന്നൊന്നിരുന്നപ്പോഴല്ലേ അഭിഷേക് മനു സിങ്വി ലോട്ടറി മാഫിയക്കുവേണ്ടി വക്കാലത്തുമായി ഹൈക്കോടതിയിലെത്തിയത്. എന്നിട്ട് പറഞ്ഞതോ? ധനമന്ത്രി തോമസ് ഐസക് പറഞ്ഞ കാര്യംതന്നെ "ലോട്ടറി സംബന്ധിച്ച് നടപടിയെടുണ്ടാക്കാന്‍ അധികാരമുള്ളത് കേന്ദ്രത്തിനാണ്.''
വി ഡി സതീശനും ചെന്നിത്തയും ഉമ്മന്‍ചാണ്ഡിയും ഏറ്റവും അവസാനം ആര്യാടനുമൊക്കെ പറഞ്ഞത് സംസ്ഥാനത്തിന് അധികാരമുണ്ട്; അതെടുത്ത് ഉപയോഗിക്കാതെ ലോട്ടറി മാഫിയയെ സഹായിക്കുകയാണ് ഐസക് എന്നായിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസ് വക്താവുകൂടിയായ സിങ്വി പറയുന്നു. "കേന്ദ്രത്തിനാണ് അധികാരം'.
മനു അഭിഷേക്സിങ്വി മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനുവേണ്ടി വന്നത് തെറ്റായി; കോടതിയില്‍ ഹാജരായത് തെറ്റായി; കോടതിയില്‍ പറഞ്ഞത് തെറ്റായി; ഹൈക്കമാന്റിന് പരാതികൊടുക്കും എന്നായി കേരളത്തിലെ കോണ്‍ഗ്രസുകാര്‍. അതിന് സിങ്വി കൊടുത്ത മറുപടി അസ്സലായിട്ടുണ്ട്. "കോണ്‍ഗ്രസ് വക്താവായിട്ടല്ല അഭിഭാഷകനായാണ് കോടതിയില്‍ വന്നത്. കേന്ദ്രത്തിന്റെ അധികാരത്തില്‍ കേരളം കൈകടത്തരുതെന്നാണ് പറഞ്ഞത്.'' കോണ്‍ഗ്രസ് വക്താവിന് ലോട്ടറി മാഫിയയുടെ വക്കാലത്തെടുക്കാമോ? ലോട്ടറി മാഫിയ തലവന് ആസാം പിസിസിയുടെ ഖജാന്‍ജിയാവാമെങ്കില്‍, അയാളുടെ പക്കല്‍നിന്ന് 2000 കോടി രൂപ തെരഞ്ഞെടുപ്പുഫണ്ട് കോണ്‍ഗ്രസിന് വാങ്ങാമെങ്കില്‍, അതേ ലോട്ടറി മാഫിയയ്ക്കുവേണ്ടി പി ചിദംബരത്തിനും ഭാര്യ നളിനി ചിദംബരത്തിനും വക്കാലത്തെടുക്കാമെങ്കില്‍, എന്തുകൊണ്ട് മനു അഭിഷേക്സിങ്വിക്ക് പാടില്ല? കോടതിയില്‍ സിങ്വി കള്ളമൊന്നും പറഞ്ഞിട്ടില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാമത് പട്ടികയില്‍ കേന്ദ്രത്തിന് മാത്രം നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുള്ള വിഷയമാണ് കേന്ദ്രവും സംസ്ഥാനവും നടത്തുന്ന ലോട്ടറികള്‍. ആ അധികാരം സംരക്ഷിക്കാനാണ് താന്‍ വന്നതെന്നാണ് സിങ്വി പറഞ്ഞത്. അതിലെന്താണ് തെറ്റ്? തെറ്റ് ഒന്നേയുള്ളൂ. അതുതന്നെയാണ് തോമസ് ഐസക്കും പറഞ്ഞിരുന്നത്. അതിനെതിരായ കള്ളങ്ങളായിരുന്നു ഇന്നുവരെ വി ഡി സതീശനും കേരളത്തിലെ കോണ്‍ഗ്രസുകാരും പറഞ്ഞിരുന്നത്. സതീശന്‍ പറഞ്ഞിരുന്നത് കള്ളവും ഐസക് പറഞ്ഞിരുന്നത് ശരിയുമാണെന്ന് സിങ്വി പറഞ്ഞു. അതാണ് കേരളത്തിലെ കോണ്‍ഗ്രസുകാരെ ചൊടിപ്പിച്ചത്.
ഇവിടെയാണ് ഏഷ്യാനെറ്റ് പരസ്യം കെപിസിസി നേതൃത്വത്തിന് കലിയുണ്ടാക്കുന്നത്. "ആയിരം കുടത്തിന്റെ വായടയ്ക്കാം! പക്ഷേ സത്യത്തിന്റെയോ?'' ലോട്ടറി മാഫിയയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ്. അവര്‍ക്കുവേണ്ടി കേന്ദ്ര നിയമമുണ്ടാക്കുന്നത് കോണ്‍ഗ്രസ്. സംസ്ഥാനം ചട്ടപ്രകാരം പരാതികൊടുത്താലും നടപടിയെടുക്കാതിരിക്കുന്നത് കോണ്‍ഗ്രസ്. അവസാനം അവര്‍ക്കുവേണ്ടി കേസുവാദിക്കുന്നതും കോണ്‍ഗ്രസ്! അതെ സത്യത്തിന്റെ വായടയ്ക്കാന്‍ കഴിയില്ല. സ്വര്‍ണ്ണപ്പാത്രം കൊണ്ടുമൂടിയാലും അത് പുറത്തുവരികതന്നെ ചെയ്യും.

No comments: