Sunday, October 31, 2010

ഐശ്വര്യ കേരളത്തിന്നായി ഒരേ മനസ്സോടെ അണിനിരക്കാം,എല്ലാ സുഹൃത്തുക്കള്‍ക്കും കേരളപ്പിറവിദിനാശംസകള്‍



ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം കേരളമെന്ന പേര്‍ കേട്ടാലോതിളക്കണം നമുക്കു ചോര ഞരമ്പുകളില്‍!



ഐശ്വര്യ കേരളത്തിന്നായി ഒരേ മനസ്സോടെ അണിനിരക്കാം, എല്ലാ സുഹൃത്തുക്കള്‍ക്കും കേരളപ്പിറവിദിനാശംസകള്‍






വീണ്ടും ഒരു കേരളപ്പിറവിദിനം. തിരു-കൊച്ചി, മലബാര്‍ എന്നിങ്ങനെ ഭൂമിശാസ്ത്രപരമായി വേര്‍തിരിഞ്ഞുകിടന്ന പ്രവിശ്യകള്‍ ചേര്‍ത്ത് ഐക്യകേരളം സ്ഥാപിച്ചതിന്റെ അമ്പത്തിനാലാം വാര്‍ഷികദിനം. കേരളപ്പിറവിയുടെ ഘട്ടത്തില്‍, അതിനായി മുന്‍നിന്ന് പ്രവര്‍ത്തിച്ച ഇ എം എസ്, എ കെ ജി എന്നിവരടക്കമുള്ള നേതാക്കളുടെ മനസ്സില്‍ ഭാവികാല കേരളത്തെക്കുറിച്ച് ചില സ്വപ്നങ്ങളുണ്ടായിരുന്നു. ആ സ്വപ്നങ്ങള്‍ എത്രത്തോളം സഫലമാകാന്‍ ബാക്കിയുണ്ട് എന്ന ചിന്തയ്ക്ക് പ്രേരണ നല്‍കുന്നതാണ് കേരളപ്പിറവിദിനാഘോഷം കേരളം ഏറെ മാറിയിരിക്കുന്നു. ഈ മാറ്റമാവട്ടെ, കേരളപ്പിറവിക്ക് മുന്‍പേ തുടങ്ങിയതും കേരളപ്പിറവിക്കുശേഷവും തുടര്‍ന്നുപോന്നതുമായ ഒരുപാട് സമരപരമ്പരകളുടെ ഫലമാണ്; ബോധപൂര്‍വമായ സാമൂഹ്യ ഇടപെടലുകളുടെ ഫലവുമാണ്. അധഃകൃതര്‍ എന്നു മുദ്രയടിക്കപ്പെട്ട് നീക്കിനിര്‍ത്തിയിരുന്ന സമുദായങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക് കല്ലുമാലയണിഞ്ഞേ ഈ നാട്ടില്‍ നടക്കാന്‍ കഴിയുമായിരുന്നുള്ളൂ. ആ കല്ലുമാല പൊട്ടിച്ചെറിയാന്‍ നടത്തിയ സമരങ്ങളുണ്ട്. മാറുമറയ്ക്കാന്‍ ആ സമുദായങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ നടത്തിയ സമരങ്ങളുണ്ട്. സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം ചെയ്യാനോ, വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ഉദ്യോഗം ലഭിക്കാനോ അവസരമുണ്ടായിരുന്നില്ല. ആ അവസരങ്ങള്‍ നേടിയെടുക്കാനായി നടത്തിയ നിവേദനസമരങ്ങളുണ്ട്. ക്ഷേത്രപരിസരങ്ങളിലൂടെ വഴിനടക്കാനുള്ള സ്വാതന്ത്യ്രമുണ്ടായിരുന്നില്ല. ആ സ്വാതന്ത്യ്രം നേടിയെടുക്കാനായി നടന്ന വൈക്കം സത്യഗ്രഹം, ശുചീന്ദ്രം സത്യഗ്രഹം, തിരുവാര്‍പ്പ് സത്യഗ്രഹം, പാലിയം സത്യഗ്രഹം തുടങ്ങിയവയുണ്ട്. ക്ഷേത്രത്തില്‍ കയറി ആരാധന നടത്താനുള്ള അവകാശമുണ്ടായിരുന്നില്ല. ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ പി കൃഷ്ണപിള്ളയടക്കമുള്ളവരുടെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യഗ്രഹമുണ്ട്. അങ്ങനെയുള്ള സമരപരമ്പരകള്‍. അയിത്തവും തീണ്ടലും തൊടീലും അടക്കമുള്ള സാമൂഹ്യ ദുഷ്ടുകള്‍കൊണ്ട് ജീര്‍ണമായിരുന്ന അവസ്ഥയെ നോക്കിയാണ് സ്വാമി വിവേകാനന്ദന്‍ കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞത്. ആ ഭ്രാന്താലയത്തെ മനുഷ്യാലയമാക്കി മാറ്റാന്‍ നടന്ന സമരങ്ങളാണവ. ശ്രീനാരായണഗുരു, അയ്യങ്കാളി തുടങ്ങിയവരില്‍നിന്ന് പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി എന്നിവരിലൂടെയാണ് ആ പോരാട്ടത്തിന്റെ ദീപശിഖ കേരളത്തിന്റെ പല തലമുറകള്‍ക്ക് കൈമാറിക്കിട്ടിയത്. ആ വെളിച്ചത്തിലാണ് കേരളം ഇന്നുകാണുന്ന കേരളമായി രൂപപ്പെട്ടത്. എന്നാലിന്ന്, മതഭ്രാന്ത് വീണ്ടും കേരളത്തെ പത്തൊമ്പതാം നൂറ്റാണ്ടിലെ അന്ധകാരത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്നുവോ എന്ന് ആശങ്കപ്പെടേണ്ട അവസ്ഥയായിരിക്കുന്നു. നവോത്ഥാനത്തിന്റെ സമസ്ത ദീപ്തികളെയും ജാതീയവും വര്‍ഗീയവുമായ അന്ധകാരത്തിന്റെ ശക്തികള്‍ അണച്ചുകളയുന്നുവോ എന്ന് ഉല്‍ക്കണ്ഠപ്പെടേണ്ടിയിരിക്കുന്നു. എല്ലാ ജാതി- വര്‍ഗീയ ശക്തികളും കൂടിച്ചേര്‍ന്ന് പുരോഗമന നവോത്ഥാന- മതേതരത്വ ശക്തികളെ തകര്‍ക്കാനായി വീണ്ടും സംഘടിത ശ്രമങ്ങളാരംഭിച്ചിരിക്കുന്നു. ഈ അവസ്ഥയെ മതനിരപേക്ഷമായ ജനകീയ ഒരുമകൊണ്ട് അതിജീവിച്ചാലല്ലാതെ കേരളത്തിന് ഇനി മുന്നോട്ടുപോകാനാകില്ല. ഇവിടെയാണ്, ഇ എം എസും എ കെ ജിയുമൊക്കെ കേരളമെന്ന മലയാളികളുടെ മാതൃഭൂമിയെക്കുറിച്ച് കണ്ട സ്വപ്നങ്ങളുടെ പ്രസക്തി. സാമൂഹിക അനാചാരങ്ങള്‍ക്കും ജാതീയവും സമുദായികവുമായ അസമത്വങ്ങള്‍ക്കും എതിരായി ശ്രീനാരായണഗുരു അടക്കമുള്ള നവോത്ഥാനനായകര്‍ തുടങ്ങിവച്ച പോരാട്ടങ്ങള്‍ മുമ്പോട്ടു കൊണ്ടുപോയതും, ആ പോരാട്ടങ്ങളെ സാമ്പത്തികാസമത്വങ്ങള്‍ക്കെതിരായ സമരമെന്ന രാഷ്ട്രീയ ഉള്ളടക്കംനല്‍കി വികസിപ്പിച്ചെടുത്തതും കമ്യൂണിസ്റുകാരാണ്. അതുകൊണ്ടുതന്നെ ആ പുരോഗമന ശ്രമങ്ങളില്‍ അസഹിഷ്ണുതയുള്ള എല്ലാ ശക്തികളും പഴയകാലത്തെ പുനരുജ്ജീവിപ്പിക്കാന്‍ കമ്യൂണിസ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്തേണ്ടതുണ്ടെന്ന് മനസിലാക്കുന്നു; അതിനായി യത്നിക്കുന്നു. കേരളത്തിന്റെ പുരോഗതിയിലും ജനമനസ്സുകളുടെ ഒരുമയിലും താല്‍പ്പര്യമുള്ള എല്ലാ ആളുകളും ചേര്‍ന്ന് ഈ ശ്രമങ്ങളെ ചെറുക്കുക എന്നതാണ് ഈ കേരളപ്പിറവി ആഘോഷവേളയില്‍ കേരളം ആവശ്യപ്പെടുന്നത്. കേരളപ്പിറവിക്കുവേണ്ടി പൊരുതിയ നേതാക്കളുടെ മനസ്സിലുണ്ടായിരുന്ന മറ്റൊരു സ്വപ്നം നാടിന്റെ സ്വാശ്രയത്വമാണ്. അതിനെ തകര്‍ക്കുന്ന മുതലാളിത്തത്തിന്റെ പുത്തന്‍ അധിനിവേശശ്രമങ്ങളെയും അതിനുമുന്നില്‍ ചുവപ്പ് പരവതാനി വിരിക്കുന്ന രാഷ്ട്രീയശക്തികളെയും തിരിച്ചറിയേണ്ട സന്ദര്‍ഭംകൂടിയാണിത്. ഐക്യകേരളപ്പിറവിയുമായി ബന്ധപ്പെട്ട സങ്കല്‍പ്പങ്ങളില്‍ വേരുകളുള്ളതാണ് പുരോഗമന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ഇവിടെ നടന്ന അധികാര വികേന്ദ്രീകരണ- ജനകീയാസൂത്രണ ശ്രമങ്ങള്‍. സുഭദ്രമായ ഒരു ഭാവികാല കേരളത്തിന്റെ സൃഷ്ടിക്കായുള്ള ആത്മാര്‍ഥമായ പരിശ്രമങ്ങളായിരുന്നു അവ. അതൊക്കെ തകര്‍ക്കാനം തിരുത്താനുമുള്ള നീക്കങ്ങള്‍ക്കെതിരായ ജാഗ്രതയും കേരളപ്പിറവി ജനങ്ങളില്‍നിന്ന് ആവശ്യപ്പെടുന്നു. ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന പുനര്‍നിര്‍ണയം നടന്നത്; ഒരേ ഭാഷ സംസാരിക്കുന്നവര്‍ക്ക് ഒരു സംസ്ഥാനം എന്ന നിലയ്ക്ക്. മലയാള ഭാഷ അതി ദീര്‍ഘകാലത്തെ ചരിത്രമുള്ളതാണെന്ന വസ്തുത അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ഡല്‍ഹി പാദുഷമാര്‍ നമ്മുടെ ഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി നിഷേധിക്കുന്നു. ആ പദവി മലയാളത്തിന്റെ അവകാശമാണെന്ന നിലയ്ക്കുള്ള ബോധം ഇന്ന് കേരളത്തില്‍ പടരുന്നുണ്ട്. അത് കൂടുതല്‍ വളര്‍ത്തി അര്‍ഹതപ്പെട്ട പദവി ഭാഷയ്ക്കായി നേടിയെടുക്കാനുള്ള ശ്രമമുണ്ടാവണമെന്ന് ഈ ഘട്ടം നമ്മോട് ആവശ്യപ്പെടുന്നു. സ്വന്തം ഭാഷയിലും സംസ്കാരത്തിലും അഭിമാനമില്ലാത്ത ഒരു ജനതയെ ഏത് അധിനിവേശ ശക്തികള്‍ക്കും വളരെവേഗം കീഴടക്കാനാവും. ആ ബോധത്തോടെ 'മാറ്റിവയ്ക്കാനുള്ളതല്ല മാതൃഭാഷ' എന്ന തിരിച്ചറിവ് സമൂഹത്തില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു. നമ്മുടെ പുതുതലമുറകളെ നമ്മുടെ ഭാഷയിലും സംസ്കാരത്തിലും ഉറപ്പിച്ചുനിര്‍ത്തേണ്ടിയിരിക്കുന്നു. വേരുകളറ്റ ഒരു സമൂഹമായി, മേല്‍വിലാസമില്ലാത്ത ഒരു ജനതയായി മാറിപ്പോവാതിരിക്കാന്‍ ഈ നിലയ്ക്കുള്ള മാതൃഭാഷാ പ്രസ്ഥാനത്തിന് ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു. ആസിയന്‍ കരാര്‍ മുതല്‍ മലേഷ്യാ വ്യാപാരക്കരാര്‍വരെയുള്ളവ, കേരളത്തിന്റെ സമ്പദ്ഘടനയുടെ നടുവൊടിക്കുന്നു. കേരളീയമായ കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലൂടെ കേരളത്തെ കൂടുതല്‍ കൂടുതല്‍ ദരിദ്രമാക്കിക്കൊണ്ടിരിക്കുന്നു. ഇത്തരം കരാറുകള്‍ക്കും അതിനുപിന്നിലുള്ള ദേശദ്രോഹ താല്‍പ്പര്യങ്ങള്‍ക്കുമെതിരെ ജനങ്ങളെ ഉണര്‍ത്തി സജ്ജരാക്കിയല്ലാതെ കേരളത്തിന് നിലനില്‍ക്കാനോ അതിജീവിക്കാനോ ആവില്ല. ഇങ്ങനെ പലവിധത്തിലുള്ള ശ്രമങ്ങളിലൂടെ, സമരങ്ങളിലൂടെ മാത്രമേ ഐക്യകേരളപ്പിറവിക്കാലത്തെ കേരളത്തിന്റെ നേതാക്കളുടെ സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാനാവൂ. അതിനായി ഈ ഐക്യകേരളപ്പിറവിദിനത്തില്‍ മലയാളി സ്വയം പുനരര്‍പ്പണം ചെയ്യേണ്ടിയിരിക്കുന്നു. കടപ്പാട്.. പ്രഭാവര്‍മ.....

Friday, October 29, 2010

യുഡിഎഫിന്റെ ജനാധിപത്യം മതരാഷ്ട്ര വാദമോ?

യുഡിഎഫിന്റെ ജനാധിപത്യം മതരാഷ്ട്ര വാദമോ?
തിരു: യുഡിഎഫ് തരംഗമല്ല; വര്‍ഗീയ ശക്തികളുടെ ഏകോപനമാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് ഫലം തെളിയിക്കുന്നു. മതം രാഷ്ട്രീയത്തില്‍ ഇടപെടണം എന്ന് കോഗ്രസാണ് പറയുന്നത്. ഹിന്ദു, മുസ്ളിം, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ സ്വ മതത്തില്‍ പെട്ടവര്‍ക്കുമാത്രം വോട്ടുചെയ്താല്‍ ജനാധിപത്യം എങ്ങനെ പുലരും? അത് മതരാഷ്ട്ര വാദമാണ്. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള കോഗ്രസ് അതിനെ പ്രോത്സാഹിപ്പിക്കുന്നു. ക്രൈസ്തവ ഭൂരിപക്ഷമുള്ള കോട്ടയം മാണികേരളയ്ക്കും മുസ്ളിം ഭൂരിപക്ഷമുള്ള മലപ്പുറം ലീഗിനും. മറ്റു ജില്ലകളില്‍ ഏതു സമുദായത്തിനാണോ ഭൂരിപക്ഷം, അതിന്റെ ചെലവില്‍ യുഡിഎഫ്. രാഷ്ട്രീയവും ആദര്‍ശവുമില്ല- മതത്തിന്റെ മറവില്‍ വോട്ടുശേഖരണം. ചങ്ങനാശ്ശേരിയും പാലായും കേന്ദ്രീകരിച്ച് രൂപപ്പെടുത്തിയെടുത്ത വര്‍ഗീയ ധ്രുവീകരണം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ജില്ലയില്‍ കോഗ്രസിനു കനത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തില്‍ 11 വീതം സീറ്റിലാണ് മാണികേരളയും കോഗ്രസും മല്‍സരിച്ചത്. തങ്ങള്‍ കോഗ്രസിനേക്കാള്‍ ജന പിന്തുണയുള്ള പാര്‍ടിയാണെന്ന് മാണി അവകാശവാദമുന്നയിച്ചു. പത്ത് സീറ്റില്‍ ജയിച്ച് മാണിലക്ഷ്യത്തിലെത്തി. കോഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ എം എം ജേക്കബിന്റെ നാടായ രാമപുരത്ത് കോഗ്രസിനെ പരാജയപ്പെടുത്തി വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലം കൊയ്തെടുത്തു കെ എം മാണി. ആ പഞ്ചായത്തില്‍ കോഗ്രസിനെ പരാജയപ്പെടുത്തി എട്ട് സീറ്റിലാണ് മാണി വിജയിച്ചത്. കരൂര്‍ പഞ്ചായത്തിലെ ഏഴു വാര്‍ഡിലും മാണിക്ക് സമാനമായ വിജയം. പാലാ നഗരസഭയില്‍ കേരള കോഗ്രസുകാരെ കൈപ്പത്തി ചിഹ്നത്തില്‍ മല്‍സരപ്പിക്കേണ്ട ഗതികേടും കോഗ്രസിന് വന്നു. കോഗ്രസുമായി തര്‍ക്കം വന്നപ്പോള്‍ മാണി സീറ്റ് അനുവദിച്ചു. സ്ഥാനാര്‍ഥിയെ താന്‍ നിശ്്ചയിക്കുമെന്നായിരുന്നു നിബന്ധന. അങ്ങനെ കോഗ്രസുകാരല്ലാത്ത കേരള കോഗ്രസുകാര്‍ നഗരസഭയുടെ 9, 11 വാര്‍ഡുകളില്‍ മല്‍സരിച്ചു ജയിച്ചു. ഇനി കോട്ടയവും ഇടുക്കിയുമടക്കമുള്ള ജില്ലകള്‍ എങ്ങനെ പോകണമെന്ന് മാണി നിശ്ചയിക്കും; കോഗ്രസ് അനുസരിക്കും. മലപ്പുറം ജില്ലയില്‍ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും ഇടപെട്ട മുസ്ളിംലീഗ് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സ്വന്തമായി പരമാവധി നേട്ടമുണ്ടാക്കി. കോഗ്രസ്സിന് കുറച്ചു സീറ്റ് നല്‍കുകയെന്ന തന്ത്രം ഫലിച്ചു. മഞ്ചേരി, മലപ്പുറം, തിരൂര്‍, കോട്ടക്കല്‍ എന്നീ മുനിസിപ്പാലിറ്റികളില്‍ ലീഗിന് ഭരിക്കാന്‍ കോഗ്രസ്സിനെ ആവശ്യമില്ല. പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളില്‍ കോഗ്രസ്സിനെതിരെ മത്സരിച്ച് ലീഗ് ഭരണം പിടിച്ചു. പൂക്കോട്ടൂര്‍ പഞ്ചായത്തില്‍ കോഗ്രസ്സിന് കൊടുത്ത സീറ്റില്‍ മുന്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാനെ മത്സരിപ്പിച്ച് ലീഗ് വിജയിപ്പിച്ചു. മുന്നിയൂരില്‍ കോഗ്രസിനെ ഇല്ലാതാക്കി. യുഡിഎഫിലെ രണ്ടു ഘടകകക്ഷികള്‍ ജില്ലകള്‍ വിഭജിച്ചെടുക്കുക മാത്രമല്ല, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ കോഗ്രസിനെ വെല്ലുവിളിക്കാന്‍ ത്രാണിയുള്ള സാന്നിധ്യമാവുകയും ചെയ്തു. കോഗ്രസ് തളര്‍ന്നിടത്ത് വര്‍ഗീയത വിജയിച്ചു. തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി ജയിച്ച പൊന്നുമംഗലം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 268 വോട്ട് മാത്രമാണ്. യുഡിഎഫ് ജയിച്ച വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് നിസ്സാര വോട്ടാണ് ലഭിച്ചത്. പകല്‍പോലെ തെളിഞ്ഞ യുഡിഎഫ്-ബിജെപി സഖ്യം. വാഴക്കുളം ബ്ളോക്ക് പഞ്ചായത്തിലെ വഞ്ചിനാട് ഡിവിഷനില്‍ കൈവെട്ടുകേസിലെ പ്രതിയെയും തിരുവനന്തപുരത്ത് ബിജെപിയെയും വിജയിപ്പിക്കാന്‍ ഒരേ സമയം യുഡിഎഫിന് കഴിഞ്ഞു. ഇത്തരം വര്‍ഗീയ-അവസരവാദ കൂട്ടുകെട്ടുകള്‍ക്കെതിരെ എല്‍ഡിഎഫ് നെഞ്ചുയര്‍ത്തിനിന്ന് പൊരുതി. യുഡിഎഫിന് ലഭിച്ച വിജയങ്ങള്‍ വിഷലിപ്തമാകുന്നതും എല്‍ഡിഎഫിന് ലഭിച്ച വോട്ടുകള്‍ക്ക് നേരിന്റെയും സംശുദ്ധിയുടെയും തിളക്കമുണ്ടാകുന്നതും ഈ സാഹചര്യത്തിലാണ്. കേരള കോഗ്രസിന്റേത് അഭിമാന വിജയമാണെന്നും പാലാ നഗരസഭയിലെ വിജയം പാര്‍ട്ടിയുടെ ശക്തി തെളിയിച്ചുവെന്നുമാണ് കെ എം മാണി പറഞ്ഞത്. മുസ്ളിം ലീഗിന്റെവിജയത്തെ 'മാര്‍ക്സിസ്റ്റ് യുഗത്തിന്റെ അന്ത്യ'മായി കുഞ്ഞാലിക്കുട്ടി വിശേഷിപ്പിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണ് എന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് മുരളീധരന്‍ പറയുന്നു. സഭാധ്യക്ഷന്‍മാര്‍ പറയുന്നത് വിശ്വാസികള്‍ അനുസരിച്ചതുകൊണ്ടാണ് ഈ ഫലമെന്ന് കെസിബിസി വക്താവ് സ്റ്റീഫന്‍ ആലത്തറ. വിജയം ഇവരുടെയൊക്കെയാണ്. കോഗ്രസ് ഇല്ല; മത നിരപേക്ഷത ഇല്ല. അഭിമാനപൂര്‍വം ഉയര്‍ത്തിക്കാട്ടാറുള്ള കെപ്പത്തി ചിഹ്നം ഉപേക്ഷിച്ച് മാങ്ങയിലും ആപ്പിളിലും അഭയം തേടിയ കോഗ്രസിന്റെ പതനം. വര്‍ഗീയതയുടെ കൂടിച്ചേരലല്ലാതെ യുഡിഎഫ് തരംഗമോ അനുകൂല വികാരമോ അല്ല ഈ ഫലത്തിന് മുഖ്യ ആധാരം.
പി എം മനോജ്

തിരെഞ്ഞെടുപ്പില്‍ മതവും വിശ്വാസവും എഴുന്നൊള്ളിച്ച് കൊണ്ടുവരുന്നത് മതത്തെയും വിശ്വാസത്തേയും സം‌രക്ഷിക്കാനല്ല

തിരെഞ്ഞെടുപ്പില്‍ മതവും വിശ്വാസവും എഴുന്നൊള്ളിച്ച് കൊണ്ടുവരുന്നത് മതത്തെയും വിശ്വാസത്തേയും സം‌രക്ഷിക്കാനല്ല

തിരെഞ്ഞെടുപ്പില്‍ മതവും വിശ്വാസവും എഴുന്നൊള്ളിച്ച് കൊണ്ടുവരുന്നത് മതത്തെയും വിശ്വാസത്തേയും സം‌രക്ഷിക്കാനല്ല.. മതത്തെയും വിശ്വാസങളെയു അപമാനിക്കാനും ജനങള്‍ക്കിടയില്‍ അവമതിഉണ്ടാക്കാനുമാണു..
.ഇതെല്ലാം ചെയ്തത് വിശ്വാസികളാണു എന്ന് നമുക്ക് അറിയാം...മഹാത്മാഗാന്ധിയെ വെടിവെച്ച് കൊന്ന നാഥൂറാം ഗോഡ്‌സെ തികഞ്ഞ ഹിന്ദു മത വിശ്വാസിയായിരുന്നില്ലേ ?....

അയോധ്യയിലെ മിനാരങ്ങള്‍ ഇരുമ്പുകൂടംകൊണ്ട് തകര്‍ത്തവര്‍ വിശ്വാസികളായിരുന്നില്ലേ?.

ഗുജറാത്തില്‍ ഗര്‍ഭിണിയുടെ അടിവയര്‍ കീറിയവര്‍ വിശ്വാസികളായിരുന്നില്ലേ?.
അഭയയെ തല്ലിക്കൊന്ന് കിണറ്റിലിട്ട കൃസ്തിയപുരോഹിതന്മാര്‍ നിരിശ്വര വാദികളായിരുന്നോ..?
കൃസ്തിയ പുരോഹിതന്മാര്‍ കുട്ടികളോടും സ്ത്രികളോടും ലോകമെമ്പാടും അതിക്രമങള്‍ക്കും ക്രൂരതകള്‍ക്കും കാണിച്ചത് അവര്‍ ദൈവവിശ്വാസികളല്ലാത്തതുകൊണ്ടായിരുന്നോ ?..
ഗുജറാത്തില്‍ ആയിരങളെ കൊലചെയ്ത് വംശിയ കലാപം അഴിച്ച് വിട്ടവര്‍ വിശ്വാസികളായിരുന്നില്ലേ?

ഇറാക്കിലും അഫ്‌ഗാനിസ്ഥാനിലും വിയ്റ്റനാമിലും മനുഷ്യക്കുരുതി നടത്തി ലക്ഷക്കണക്കിന്ന് ജനങളെ കൂട്ടക്കൊല നടത്തിയവര്‍ വിശ്വാസികളായിരുന്നില്ലെ ?

മലപ്പുറത്ത് അധ്യാപകനെ ചവിട്ടീക്കൊന്ന വിദ്യാര്‍ത്ഥികളും വിശ്വാസികളായിരുന്നില്ലേ....?.

താജ് ഹോട്ടലിനെ തോക്കിന്‍മുനയില്‍ തൂക്കി നിര്‍ത്തിയവര്‍ വിശ്വാസികളായിരുന്നില്ലേ ?.

വിക്ടോറിയ ടെര്‍മിനസിലും ബംഗളൂരുവിലും ബോംബുപാകിയവര്‍ വിശ്വാസികളായിരുന്നില്ലേ?.

ആള്‍ക്കൂട്ടപ്പെരുവഴിയില്‍ പൊട്ടിത്തെറിക്കുന്ന ആത്മഹത്യാ ബോംബുകളാവുന്നതും കടുത്ത വിശ്വാസികളെല്ലെ ?.

അധ്യാപകന്റെ കൈയറുത്തവരും അറുത്ത കൈ പിടയുമ്പോള്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് പുറത്താക്കിയവരും വിശ്വാസികളെല്ലെ ?.
ഏതു വിശ്വാസത്തിന്റെ തിരുവടയാളത്തിലാണ് പൌരബോധത്തിന്റെ ധാര്‍മിക മുദ്ര പതിയേണ്ടത്?

വിശ്വാസിക്കാണ് ധാര്‍മികബോധമെന്നും അവിശ്വാസികള്‍ അധാര്‍മികരാണെന്നതും പറയുന്നത് കടുത്ത വിവര ദോഷികളാണു. അധികാരകേന്ദ്രങ്ങളെ അധാര്‍മികതയുടെ ഗര്‍വ്കൊണ്ട് മൂടിയത് അവിശ്വാസികളേക്കാള്‍ കൂടുതല്‍ വിശ്വാസികളാണ്. സിംഹാസനത്തില്‍ ആരൂഢമായപ്പോള്‍ ദൈവത്തേക്കാള്‍ വിശ്വാസികള്‍ വിശ്വസിച്ചത് കൊലമരത്തെയും തൂക്കുകയറിനെയുമായിരുന്നുവെന്ന് ചരിത്രം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു

Thursday, October 28, 2010

കൊടുങ്കാറ്റുകള്‍ കൊയ്ത് കയറ്റരുത്.,..

കൊടുങ്കാറ്റുകള്‍ കൊയ്ത് കയറ്റരുത്.
എം എം പൌലോസ്...
ദൈവവും മനുഷ്യനും തമ്മിലുള്ള മത്സരമല്ല ഒരു തെരഞ്ഞെടുപ്പും. ഈശ്വരസാന്നിധ്യം അറിയാനുള്ള ഹിതപരിശോധനയുമല്ല അത്. സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ പഞ്ചായത്ത് ഭരണസമിതി ആദ്യം ചര്‍ച്ചക്കെടുക്കുന്നത് ദൈവം ഉണ്ടോ, ഇല്ലയോ എന്ന വിഷയമല്ല. വിളക്കു കത്തിക്കാന്‍ വിശ്വാസപ്രമാണങ്ങള്‍ അറിയേണ്ട, വഴി തെളിക്കാന്‍ വേദപഠനങ്ങള്‍ ഹൃദിസ്ഥമാക്കേണ്ട. നിരക്ഷരന് റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ പൂരിപ്പിച്ചുകൊടുക്കാന്‍ പത്തുകല്‍പ്പനകള്‍ പഠിക്കേണ്ടതില്ല. എന്നിട്ടും വിശ്വാസികള്‍ക്കേ വോട്ടുചെയ്യാവൂ എന്ന് ഇടയലേഖനങ്ങള്‍ നിഷ്കര്‍ഷിക്കുന്നത് എന്തിനാണ്? എങ്കില്‍ നഥുറാം വിനായക ഗോഡ്സെയും ജവാഹര്‍ ലാല്‍ നെഹ്റുവും തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ ആര്‍ക്ക് വോട്ടുചെയ്യണം? വിശ്വാസിയായിരുന്നു ഗോഡ്സെ. അവിശ്വാസിയായിരുന്നു നെഹ്റു. നമസ്കരിച്ച ശേഷമാണ് രാഷ്ട്രപിതാവിന്റെ മെലിഞ്ഞ ശരീരത്തിലേക്ക് ഗോഡ്സെ കാഞ്ചി വലിച്ചത്. നെഹ്റുവാകട്ടെ ഇനി അമ്പലം വേണ്ട അണക്കെട്ടുകള്‍ മതി എന്നാണ് പറഞ്ഞത്. 17 വര്‍ഷം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അണക്കെട്ടുകളല്ല, ആരാധനാലയങ്ങള്‍ തന്നെയാണ് ഉയര്‍ന്നത്. നൂറുകോടി ജനങ്ങള്‍ക്ക് 15 ലക്ഷം സ്കൂളും 75,000 ആശുപത്രിയും ഉള്ളപ്പോള്‍ ആരാധനാലയങ്ങള്‍ 25 ലക്ഷമുണ്ട്. അമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞ സി കേശവന്‍ തിരു-കൊച്ചിയില്‍ മുഖ്യമന്ത്രിയായിരുന്നു. ശബരിമലയില്‍ ഇപ്പോഴും നടവരവ് വര്‍ഷം തോറും വര്‍ധിക്കുകയാണ്. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് പറഞ്ഞ സഹോദരന്‍ അയ്യപ്പന്‍ കൊച്ചിയില്‍ മന്ത്രിയായിരുന്നു. കൊച്ചിയില്‍ ജാതിയോ, മതമോ, ദൈവമോ ഇല്ലാതായില്ല. വല്ലാര്‍പാടം പള്ളി പുതിയ തീര്‍ഥാടന കേന്ദ്രമായി ഉയര്‍ന്നു. ദൃഢപ്രതിജ്ഞ ചൊല്ലിയാണ് എ കെ ആന്റണി മുഖ്യമന്ത്രിയായത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെയും ടോം വടക്കനെയും സ്ഥാനാര്‍ഥിയാക്കണമെന്ന് നിവേദനം നല്‍കാന്‍ ആന്റണിയുടെ 'അവിശ്വാസപ്രതിജ്ഞ' സഭയ്ക്ക് തടസ്സമായില്ല. അപ്പോള്‍ പ്രശ്നം വിശ്വാസത്തിന്റേതു തന്നെയോ? വിശ്വാസിയാണ് നരേന്ദ്രമോഡി. വിശ്വാസിയാണ് യെദ്യൂരപ്പ, അയോധ്യയിലെ മിനാരങ്ങള്‍ ഇരുമ്പുകൂടംകൊണ്ട് തകര്‍ത്തവര്‍ വിശ്വാസികളായിരുന്നു. ഗുജറാത്തില്‍ ഗര്‍ഭിണിയുടെ അടിവയര്‍ കീറിയവര്‍ വിശ്വാസികളായിരുന്നു. താജ് ഹോട്ടലിനെ തോക്കിന്‍മുനയില്‍ തൂക്കി നിര്‍ത്തിയവര്‍ വിശ്വാസികളായിരുന്നു. വിക്ടോറിയ ടെര്‍മിനസിലും ബംഗളൂരുവിലും ബോംബുപാകിയവര്‍ വിശ്വാസികളായിരുന്നു. ആള്‍ക്കൂട്ടപ്പെരുവഴിയില്‍ പൊട്ടിത്തെറിക്കുന്ന ആത്മഹത്യാ ബോംബുകളും വിശ്വാസികളാണ്. അധ്യാപകന്റെ കൈയറുത്തവരും അറുത്ത കൈ പിടയുമ്പോള്‍ അദ്ദേഹത്തെ ജോലിയില്‍നിന്ന് പുറത്താക്കിയവരും വിശ്വാസികളാണ്. ഏതു വിശ്വാസത്തിന്റെ തിരുവടയാളത്തിലാണ് പൌരബോധത്തിന്റെ ധാര്‍മിക മുദ്ര പതിയേണ്ടത്? വിശ്വാസിക്കാണ് ധാര്‍മികബോധമെന്നും അവിശ്വാസികള്‍ അധാര്‍മികരാണെന്നതും ചരിത്രം നിരാകരിക്കുന്നു. അധികാരകേന്ദ്രങ്ങളെ അധാര്‍മികതയുടെ ഗര്‍വ്കൊണ്ട് മൂടിയത് അവിശ്വാസികളേക്കാള്‍ കൂടുതല്‍ വിശ്വാസികളാണ്. സിംഹാസനത്തില്‍ ആരൂഢമായപ്പോള്‍ ദൈവത്തേക്കാള്‍ വിശ്വാസികള്‍ വിശ്വസിച്ചത് കൊലമരത്തെയും തൂക്കുകയറിനെയുമായിരുന്നു. ജനറല്‍ സിയാ ഉള്‍ഹഖ് മെക്കയിലെ വിശുദ്ധ കബറിടത്തില്‍ പ്രാര്‍ഥിച്ച് പവിത്ര മനസ്സോടെ തിരികെയെത്തിയാണ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ തൂക്കിക്കൊന്നത്. ദൈവനാമത്തിലാണ് ക്രിസ്റഫര്‍ കൊളംബസ് യാത്ര തുടങ്ങിയത്. ഹിസ്പാനിയോളയില്‍ കൊളംബസ് സ്ഥാപിച്ച സൈനികത്താവളത്തിന് 'ക്രിസ്മസ്' എന്നായിരുന്നു പേര്. സ്വര്‍ണം കൊണ്ടുവരാത്ത തദ്ദേശീയരുടെ കൈവെട്ടിയെടുത്തത് ഇവിടെ വച്ചാണ്. കാല്‍വരിയിലെ വിലാപങ്ങള്‍ക്കുമീതെ കത്തിമുന രാകിയ ധാര്‍മികബോധം! ആഫ്രിക്കയിലെ കറുത്ത മനുഷ്യരെ അടിമകളാക്കി കയറ്റുമതി ചെയ്യുന്നത് തിരുസഭയ്ക്ക് നിരക്കുന്നതാണോ എന്ന് സാന്‍ഡോവില്‍ എന്ന പുരോഹിതന്‍ അധികാരികളോട് ചോദിച്ചു. മറുപടി കിട്ടി-'അടിമക്കച്ചവടം നിയമവിരുദ്ധമല്ല'. അധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായവന്‍, അവരുടെ മുറിവുകള്‍ക്കുമീതെ ഇളങ്കാറ്റായി ലേപനം ചെയ്തവന്‍, കുരിശില്‍ ഒരുവട്ടംകൂടി പിടഞ്ഞിട്ടുണ്ടാവും. ദസ്തയോവസ്കിയുടെ കാരമസോവ് സഹോദരന്മാരില്‍ മതദ്രോഹവിചാരകന്‍ തടവില്‍ കിടക്കുന്ന യേശുവിനെ ചോദ്യംചെയ്യാന്‍ വരുന്നുണ്ട്. 'നീ ചെയ്ത തെറ്റുകളിലൊന്ന് ജനങ്ങള്‍ക്ക് സ്വാതന്ത്യ്രം നല്‍കിയതാണെന്ന്' വിചാരകന്‍ യേശുവിനെ കുറ്റപ്പെടുത്തുന്നു. സ്വാതന്ത്യ്രം ആവശ്യപ്പെട്ട അടിമകളെയാണ് റോമാസമ്രാജ്യം കുരിശില്‍ തൂക്കിയത്. കുരിശില്‍ പിടഞ്ഞ 'സ്പാര്‍ട്ടക്കസുമാരുടെ' കണ്ണുകള്‍ കഴുകന്മാര്‍ കൊത്തിപ്പറിച്ചപ്പോള്‍ നീറോ ചക്രവര്‍ത്തിമാര്‍ വീണക്കമ്പികള്‍ മുറുക്കി. ആ കുരിശില്‍ കിടന്ന് മുള്‍മുടിയും മരണവും സ്വീകരിച്ചുകൊണ്ടാണ് യേശുക്രിസ്തു മനുഷ്യന്റെ സ്വാതന്ത്യ്രം പ്രഖ്യാപിച്ചത്. മതം രാഷ്ട്രീയാധികാരത്തോട് ഒട്ടിയപ്പോള്‍ കുരിശ് വഴിയില്‍ ഉപേക്ഷിച്ച് കുതിരപ്പുറത്ത് കയറി. യോഗദണ്ഡ് ചെങ്കോലേന്തിയപ്പോള്‍ താഴികക്കുടങ്ങള്‍ തകര്‍ന്നു. ഇത് വിശ്വാസത്തിന്റെ വഴിതെറ്റലാണ്. രണ്ട് നൂറ്റാണ്ട് നീണ്ട കുരിശുയുദ്ധം വഴിതെറ്റലാണ്. മതപീഡനങ്ങള്‍ വഴിതെറ്റലാണ്. മതദ്രോഹവിചാരണകള്‍ വഴിതെറ്റലാണ്. മധ്യകാലഘട്ടം വഴിതെറ്റലാണ്. അന്ന് ലോകം ഇരുണ്ടു, കുരിശേറ്റം കണ്ട സീയോന്‍ പുത്രികളെപ്പോലെ. വിജ്ഞാനം പ്രകാശിപ്പിച്ച വിളക്കുമരങ്ങള്‍ കണ്ണടച്ചു. ജ്യോതിശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വൈദ്യ വിദ്യാര്‍ഥികള്‍ തീയിലെരിഞ്ഞു. മിഗ്വേല്‍ സെര്‍വെറ്റ് എന്ന ഭിഷഗ്വരന്‍ വേദനയോടെ കുറിച്ചു: 'ഈ ലോകത്ത് സത്യമെന്ന ഒന്നില്ല; കടന്നുപോകുന്നത് നിഴലുകള്‍ മാത്രം!'. രക്തചംക്രമണം കണ്ടുപിടിച്ച ഈ സെര്‍വെറ്റിനെ 1553ല്‍ മതദ്രോഹവിചാരണക്കോടതി തീയില്‍ ചുട്ടു. മതത്തിന്റെ വൈകാരികത പുരട്ടി അധികാരം പൊതുസമ്മതി തേടുമ്പോള്‍ അതിന് സമനില തെറ്റും. കൃത്രിമക്കാലില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ഉറങ്ങാനാവില്ല. ഉയരമില്ലായ്മ അവരെ എന്നും വേട്ടയാടും. മറ്റുള്ളവരുടെ മുന്നിലേ സത്യം മൂടിവയ്ക്കാനാവൂ, സ്വന്തം മനസ്സ് സത്യത്തിന്റെ സ്മാരകശിലകള്‍ തന്നെയായിരിക്കും. ക്യൂബയിലേക്കും പ്യൂര്‍ട്ടോറിക്കോയിലേക്കും ഹോണ്ടുറാസിലേക്കും കൊളംബിയയിലേയും സൊമാലിക്കന്‍ റിപ്പബ്ളിക്കിലേക്കും അമേരിക്കന്‍ സൈനികത്താവളങ്ങള്‍ നീങ്ങിയപ്പോള്‍ എഴുത്തുകാരനായ അംബ്രോസ് ബിയേഴ്സ് കുറിച്ചു' 'ഭൂമിശാസ്ത്രം പഠിപ്പിക്കാന്‍ ദൈവം കണ്ടെത്തിയ വഴിയാണ് യുദ്ധം!'. അന്ന് അമേരിക്കന്‍ പതാകയിലെ നക്ഷത്രങ്ങളുടെ സ്ഥാനത്ത് മാര്‍ക് ട്വയിന്‍ തലയോടുകള്‍ വരച്ചു. മതവിശ്വാസം പ്രഖ്യാപിക്കുന്ന രാഷ്ട്രീയ അധികാരിക്ക് ഒരിക്കലും തലച്ചോറ് വേണ്ട, തലയോടുകള്‍ മതി. നാസിത്തടവറകള്‍ സ്ഥാപിച്ച ഹിറ്റ്ലറിന് കാത്തലിക് സെന്റര്‍ പാര്‍ടിയുടെ പിന്തുണയുണ്ടായിരുന്നു. നാഗസാക്കിയും ഹിരോഷിമയും അഗ്നിഗോളങ്ങള്‍ നക്കിത്തുടച്ചപ്പോള്‍ ബോംബിന്റെ സ്രഷ്ടാവായ ഓപ്പന്‍ഹീമര്‍ വാഷിങ്ടണിലിരുന്ന് വിതുമ്പി. പ്രസിഡന്റ് ഹാരിട്രൂമാനോട് പറഞ്ഞു-'എന്റെ കൈയില്‍ രക്തം പുരണ്ടപോലെ' ട്രൂമാന്‍ ഉടനെ സ്റ്റേറ്റ് സെക്രട്ടറിയെ വിളിച്ചുപറഞ്ഞു 'ആ പിഴച്ചവനെ ഇനി ഈ ഓഫീസില്‍ കാണരുത്!'. ട്രൂമാന്‍ വിശ്വാസിയാണ്. ദൈവങ്ങളുടെ നാടാണ് അമേരിക്ക. ദൈവങ്ങളെ ഇറക്കുമതിചെയ്തും കയറ്റുമതിചെയ്തും സന്തോഷിക്കുന്നവര്‍. ട്രൂമാനേക്കാള്‍ വിശ്വാസിയായിരുന്നു ജോര്‍ജ് ബുഷ്. ഇറാഖിലെ 'രഹസ്യായുധങ്ങള്‍' കണ്ടെത്താന്‍ അമേരിക്കന്‍ പോര്‍വിമാനങ്ങള്‍ വിഷം പുരട്ടുമ്പോള്‍ പ്രാര്‍ഥിക്കുകയായിരുന്നു ബുഷ്. പ്രാര്‍ഥനാ മുറിയില്‍നിന്ന് ബുഷ് ഇറങ്ങി. ബാഗ്ദാദിലേക്ക് ബോംബുകള്‍ ചീറി. ഇറാഖ് കല്ലിന്മേല്‍ കല്ല് ശേഷിക്കാത്തവിധം തകര്‍ത്തിട്ടും 'രഹസ്യായുധങ്ങള്‍' കിട്ടിയില്ല. നുണ അധികാരത്തിന്റെ ശക്തിപ്രകടനമാണ്. വിശ്വാസത്തിന്റെ വേഷം ധരിക്കുന്നതോടെ അതില്‍ ആത്മീയ ചൈതന്യവും പുരളുന്നു. വിയറ്റ്നാമിലെ കൃഷിക്കാരന്റെ നെഞ്ചിലേക്ക് മൈന്‍ വിതറിയ യുദ്ധവും വിശ്വാസിയായ ലിന്‍ഡന്‍ ജോസന്റെ തന്ത്രപരമായ നുണയായിരുന്നു. രണ്ട് അമേരിക്കന്‍ കപ്പലുകള്‍ വിയറ്റ്നാംകാര്‍ മുക്കിയതിനാണ് ജോസ യുദ്ധം പ്രഖ്യാപിച്ചത്. യുദ്ധംകഴിഞ്ഞപ്പോള്‍ പ്രതിരോധ സെക്രട്ടറി ആല്‍ബര്‍ട്ട് മക്നമാറ പറഞ്ഞു: 'അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല!' നുണകള്‍ ഒരു രാഷ്ട്രതന്ത്രമാണ്. അധികാരം അതിന് വിശ്വാസത്തിന്റെ പുതപ്പ് കൂടി നല്‍കുന്നു. മനുഷ്യന്‍ നിലവിളിയും, ദൈവം തലോടലുമാണെങ്കില്‍ അതിനിടയിലെന്തിന് കാപട്യം. പതിനേഴുവര്‍ഷത്തിനുശേഷം ഫാദര്‍ വടക്കന്‍ ഏറ്റുപറഞ്ഞത് അങ്ങനെ ഒരു നുണയെ കുറിച്ചാണ്. 1957ലെ വിമോചന സമരത്തില്‍ അങ്കമാലിയിലെ വെടിവെപ്പിന് ഉത്തരവാദികള്‍ സമരക്കാര്‍തന്നെയെന്ന് ഫാ.വടക്കന്‍ സമ്മതിച്ചു. കുടിച്ച് ലക്കുകെട്ട നുറുകണക്കിനാളുകള്‍ പൊലീസ് സ്റ്റേഷനിലേക്ക് തുരുതുരാ കല്ലുകള്‍ എറിയുകയായിരുന്നു. വിമോചന സമരത്തിന്റെ അമ്പതാം വാര്‍ഷികത്തിന് അങ്കമാലി കല്ലറയില്‍ ഒപ്പീസു ചൊല്ലിയപ്പോള്‍ ചിലരെങ്കിെലും ഇത് ഓര്‍ത്തിട്ടുണ്ടാവും! വിശ്വാസികള്‍ അധികാരത്തില്‍ വന്നാല്‍ രാഷ്ട്രീയത്തില്‍ ധര്‍മം പുലരും എന്നതും സങ്കുചിതത്വത്തിന്റെ ഒളിച്ചുകടത്തലാണ്. ഒരു തരിയത് കുത്തിത്തൊമ്മനപ്പുറത്തേക്ക് അത് നീളില്ല. കാഴ്ചബംഗ്ളാവിലേക്ക് വരയന്‍ കുതിരകളെ വാങ്ങാന്‍ തിരുവിതാംകൂര്‍ അസംബ്ളിയില്‍ ചര്‍ച്ച നടന്നപ്പോള്‍ അതില്‍ രണ്ട് കത്തോലിക്കന്‍ വേണം എന്ന് ആവശ്യപ്പെട്ട കുത്തിത്തൊമ്മന്‍ ഒരു ഫലിത കാഴ്ചയാണ്. രാഷ്ട്രീയത്തിലെ ധാര്‍മികതയുടെ ഉരകല്ല് മതസംഹിതകളല്ല. വേദപുസ്തകവും, വേദങ്ങളും, മനുസ്മൃതിയും, ഭഗവദ്ഗീതയും, വിശുദ്ധ ഖുറാനുമല്ല അതിന്റെ മാനദണ്ഡം. ജനങ്ങള്‍ തന്നെയാണ്, ജനങ്ങളുടെ പൊതുബോധമാണ്, ജനങ്ങളുടെ മനസാക്ഷിയാണ്. വിശ്വാസമല്ല മനസാക്ഷി നല്‍കുന്നത്. വിശ്വാസത്തിനകത്തെ മനുഷ്യത്വമാണ്. ആ മനുഷ്യത്വത്തിന് ജാതിയില്ല. മതമില്ല, പക്ഷെ പേരുണ്ട്- മനുഷ്യന്‍. ഹോട്ടലില്‍ വെച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ വസ്ത്രങ്ങള്‍ അഴിപ്പിച്ച മാനേജര്‍ക്ക് പണം നല്‍കി, ബഷീറിന് പഴ്സ് തിരിച്ചുനല്‍കി നടന്നുപോയ പോക്കറ്റടിക്കാരന് കിട്ടിയ അതേ പേര് - മനുഷ്യന്‍. മനുഷ്യന്റെ മുഖം കരുണാര്‍ദ്രമാണ്- നിങ്ങള്‍ നഗ്നന് വസ്ത്രം നല്‍കുമ്പോള്‍ വിശക്കുന്നവന് ഭക്ഷണം നല്‍കുമ്പോള്‍ അത് എനിക്ക് നല്‍കുന്നതിന് തുല്യമാണെന്ന് പറഞ്ഞ സ്നേഹസാഗരം. വെട്ടിമുറിക്കാനല്ല ക്രിസ്തുവന്നത് കൂട്ടിചേര്‍ക്കാനാണ്. അതുമറക്കാതിരിക്കുക. വൃക്ഷം പൂവിനു വേണ്ടിയും വിറകിനു വേണ്ടിയും വളര്‍ത്താമെന്ന് ടാഗോര്‍ ഓര്‍മ്മിപ്പിച്ചു. എന്തിനാണെന്ന് തീരുമാനിക്കുന്നത് നട്ടുനനച്ച തോട്ടക്കാരന്‍ തന്നെ.

ഇതെന്തൊരു 'കേന്ദ്രന്‍'

ഇതെന്തൊരു 'കേന്ദ്രന്‍'
സുകുമാര്‍ അഴീക്കോട്

എനിക്ക് വലിയ ജ്യോതിഷപരിജ്ഞാനം ഇല്ലെങ്കിലും ലഗ്നവും 4, 7, 10 ഭാവങ്ങളും കേന്ദ്രസ്ഥാനമുള്ളവയും രാശികള്‍ അവയിലെത്തുമ്പോള്‍ വളരെ ബലമുള്ളവയും ആകുമെന്നും കേട്ടിട്ടുണ്ട്. ഇംഗ്ളീഷിലെ സെന്റര്‍തന്നെ കേന്ദ്രം. അതുകൊണ്ടാണ് സെന്‍ട്രല്‍ ഗവമെന്റിന് നാം കേന്ദ്ര ഗവമെന്റ് എന്ന് പറയുന്നത്. നമ്മുടെ ഭരണത്തില്‍ ഒരു കേന്ദ്രമേയുള്ളൂ. ആ കേന്ദ്രംതന്നെ ദുര്‍ബലമായാല്‍ എല്ലാ സംസ്ഥാനങ്ങളും രാഷ്ട്രം ആകെത്തന്നെയും ദുര്‍ബലമായിത്തീരുന്നു. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ രത്നച്ചുരുക്കം ഈ ഭരണജ്യോതിഷം പഠിച്ചാല്‍ മനസ്സിലാകും. കേന്ദ്രബലത്തിലാണ് ഒരു ദേശത്തിന്റെ സ്വാതന്ത്യ്രം നിലനില്‍ക്കുന്നത്. നമ്മുടെ ഭരണഘടനയില്‍ ഇന്ത്യ എന്ന റിപ്പബ്ളിക്കിന് (ജനാധിപത്യരാഷ്ട്രത്തിന്) നാല് വിശേഷണങ്ങള്‍ കാണാം. അവയില്‍ ഒന്നാം സ്ഥാനത്തുള്ള വിശേഷണം 'സോവറിന്‍' എന്നാണ്. അതുകഴിഞ്ഞുമാത്രമേ സോഷ്യലിസ്റ്, സെക്കുലര്‍, ഡെമോക്രാറ്റിക് എന്നീ വിശേഷണങ്ങള്‍ വരുന്നുള്ളൂ. സോവറിന്‍ എന്നുവച്ചാല്‍ പരമാധികാരമുള്ളത് എന്നര്‍ഥം. സ്വതന്ത്ര രാഷ്ട്രത്തിനാണ് പരമാധികാരം. നാം ബ്രിട്ടന്റെ അടിമത്തത്തില്‍ കഴിഞ്ഞപ്പോള്‍ പരാധീന രാഷ്ട്രമായിരുന്നു. 1947 ആഗസ്ത് 15ന് നാം പരമാധികാരമുള്ള രാഷ്ട്രമായി. കേന്ദ്രം ദുര്‍ബലമാകുമ്പോള്‍ സ്വന്തമായ പരമാധികാരത്തിന്റെ പല അംശങ്ങളും വേറെ രാഷ്ട്രത്തിനോ രാഷ്ട്രങ്ങള്‍ക്കോ പങ്കുവച്ച് കൊടുക്കേണ്ടിവന്നു. കേന്ദ്രത്തിന്റെ ബലം കുറഞ്ഞുകുറഞ്ഞുവരുന്നുവെന്ന് ഇടതുകക്ഷികള്‍ നിരന്തരം പ്രഖ്യാപിച്ചുവരുന്നുണ്ട്; മറ്റു പ്രതിപക്ഷങ്ങളും. യുപിഎ സര്‍ക്കാരിന്റെ വക്താക്കള്‍ (സിങ്വി ഉദാഹരണം) ഈ എതിര്‍പക്ഷവാദത്തെ നേരിടുന്നത് വാക്കുകൊണ്ടുമാത്രമാണ്, പ്രവൃത്തികളെല്ലാം കേന്ദ്രദൌര്‍ബല്യത്തെ വിളിച്ചറിയിക്കുന്നു. ശക്തി തെളിയിക്കാന്‍ ശ്രമിക്കുതോറും നമ്മുടെ 'കേന്ദ്രന്‍' (പുല്ലിംഗമുപയോഗിച്ചത് ബഹുമാനിക്കാനാണ്) ചളിയില്‍ പൂണ്ടുപോയ പന്നി എഴുന്നേല്‍ക്കാന്‍ തുനിയുന്തോറും ചളിയില്‍ കൂടുതല്‍ ആണ്ടുപോകുന്നതുപോലെയാണ്. കേന്ദ്രഭരണകൂടം ഇന്ന് ആഭ്യന്തരവും വൈദേശികവും ആയ നയപരിപാടികളുടെ പരാധീനതയില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രധാനപ്പെട്ട ചില ദൃഷ്ടാന്തങ്ങള്‍മാത്രം ചൂണ്ടിക്കാണിക്കാം. പെട്ടെന്ന് മനസ്സില്‍ ചാടിവീഴുന്നത് ഇതിനിടെ പര്യവസാനിച്ച കോമവെല്‍ത്ത് മത്സരക്കളികളാണ്. നമ്മുടെ യുവകേസരികളായ 'കിലാസികള്‍' രാജ്യത്തിനുവേണ്ടി ഓടുകയും ചാടുകയും എറിയുകയും ചെയ്തതുകൊണ്ട് രണ്ടാംസ്ഥാനത്തെത്തിയത് വലിയൊരു നേട്ടംതന്നെ. ആ നേട്ടം കാരണം കോമവെല്‍ത്ത് ഗെയിംസിന്റെ നടത്തിപ്പിലുണ്ടായ അഴിമതിക്കഥകളുടെ ദുര്‍ഗന്ധം താല്‍ക്കാലികമായി നമ്മെയും ലോകത്തെയും ബുദ്ധിമുട്ടിച്ചില്ല. ഇപ്പോള്‍ കോമവെല്‍ത്ത് ഗെയിംസിനെത്തന്നെ കള്ളക്കളിയാക്കിത്തീര്‍ത്ത കല്‍മാഡി പ്രഭൃതികളുടെ കളവുകളും കൊള്ളരുതായ്മകളും അന്വേഷിച്ച് പുറത്തുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. അനന്തകോടികള്‍ ചെലവു വരുന്ന ഈ മഹായത്നത്തിന്റെ നിര്‍വിഘ്നമായ നടത്തിപ്പിനു വേണ്ട മുന്‍കരുതലുകളൊന്നും പ്രധാനമന്ത്രിയും കൂട്ടുകാരും ചെയ്തില്ല. കുതിര പുറത്തുചാടിയെന്നു കണ്ടപ്പോള്‍ ലായത്തിന്റെ വാതില്‍ അടയ്ക്കുന്ന തിരക്കിലാണ് ഇപ്പോള്‍ മന്ത്രിസഭ. വന്‍ വ്യക്തികള്‍ ഒരുപാടെണ്ണം ഈ അവിഹിത സമ്പാദ്യയജ്ഞത്തില്‍ പങ്കാളികളായുണ്ടത്രേ. കളിക്കാരുടെ പാര്‍പ്പിടങ്ങളും അലങ്കാരനിര്‍മാണങ്ങളും എല്ലാം നാറുംകഥകളായിരുന്നല്ലോ. ഫര്‍ണീച്ചര്‍ വാങ്ങുന്നതില്‍പ്പോലും അഴിമതി കലര്‍ന്നിട്ടുണ്ടത്രേ. സ്വയം ശക്തിയില്ലാത്ത കഴിവുകെട്ട ഗവമെന്റിനെ രാഷ്ട്രതന്ത്രജ്ഞര്‍ സോഫ്റ്റ് ഗവമെന്റ് എന്നാണ് വിളിച്ചുകേള്‍ക്കുന്നത്. ഇവയെ വീക്ക് ഗവമെന്റ് എന്ന് വിളിക്കുന്നതുപോലും പൂര്‍ണമായി ശരിയല്ല. വിളിക്കേണ്ടത് 'യൂസ്ലെസ് ഗവമെന്റ്' എന്നാണ്. മന്‍മോഹന്‍ ഗവമെന്റ് ഗുണം പിടിക്കാത്ത ഗവമെന്റാണെന്നു പറയുന്നതില്‍ തെറ്റുണ്ടോ! ഉണ്ടെങ്കില്‍ ഈ ഉദാഹരണം മുന്‍നിര്‍ത്തി എന്ത് തെറ്റാണ് എനിക്ക് പറ്റിയതെന്ന് ചൂണ്ടിക്കാണിക്കണം. ആണവ ബാധ്യതാ കരാറിന്റെ ഒച്ചപ്പാട് ഇപ്പോള്‍ അധികം ചെവിയില്‍ വന്നലയ്ക്കുന്നില്ല. പാര്‍ലമെന്റ് അതിന് അന്തിമരൂപം നല്‍കിയതുകൊണ്ടാകാം. പക്ഷേ, കോഴികളുള്ള കൂടിനുചുറ്റും കുറുക്കന്‍ വട്ടമിട്ട് കറങ്ങുന്നതുപോലെ അമേരിക്ക ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അന്തിമ മുദ്ര ലഭിച്ച ഈ നിയമത്തിന് തങ്ങള്‍ക്ക് അനുകൂലമായ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് പിറുപിറുത്തുകൊണ്ട് ചുറ്റിപ്പറ്റി നില്‍ക്കുന്നുണ്ട്. സെക്രട്ടറിമാരും അണ്ടര്‍ സെക്രട്ടറിമാരും ഭരണത്തില്‍ ഇത്രമാത്രമുള്ള വേറൊരു രാജ്യമില്ല. ഒന്നുവന്ന് മടങ്ങേണ്ട താമസമേയുള്ളൂ, മറ്റൊരു വേഷം കടന്നുവരാന്‍. ഏറ്റവും ഒടുവില്‍ പത്രങ്ങളില്‍ കണ്ടത് ഇന്ത്യ അവസാനമായി പറഞ്ഞുവത്രേ, ഈ അംഗീകൃത ബില്ലിന് മാറ്റം വരുത്താന്‍ സാധ്യമല്ലെന്ന്. ആകാശത്തില്‍ നീലചന്ദ്രന്‍ ഉദിച്ചുവരുമോ ഇന്ത്യയുടെ ഈ ധീരമായ നിലപാട് കണ്ടിട്ട്. പ്രസിദ്ധ ഹാസ്യനടനായിരുന്ന മലബാര്‍ കോമന്‍നായര്‍ ഭാര്യയുമായി കലഹിച്ച് കീഴടങ്ങിയ ഒരു ഭര്‍ത്താവിന്റെ വേഷം അഭിനയിച്ചുകണ്ടിട്ടുണ്ട്. സഹികെട്ട് ഭര്‍ത്താവ് ഒടുവില്‍ ഉറക്കെ പറയും. ഇതുവരെ സഹിച്ചുസഹിച്ച് ഞാന്‍ നിലംപൊത്തി, ഇനി ഞാനങ്ങ് എഴുന്നേറ്റ് വന്നാലില്ലേ, സൂക്ഷിച്ചോ! എന്ന്. ഇന്ത്യയുടെ ഭീഷണി ഇതുപോലുള്ളതാകാനേ വഴിയുള്ളൂ. പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന് കാണിക്കയായി പരിശുദ്ധമായ ഒരു കരാര്‍ വെള്ളിത്താലത്തില്‍വച്ച് കൊടുക്കുകയാണ് അമേരിക്കന്‍ നയതന്ത്രക്കാരുടെ ഉന്നം. ഇന്ത്യ എത്രത്തോളം മുട്ടുമടക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. ഗ്ളോബലൈസേഷന്‍ എന്ന വാക്കിന് ആഗോളീകരണം എന്നൊക്കെ വികൃത തര്‍ജമകള്‍ പലതുണ്ടെങ്കിലും ഏറ്റവും നല്ല അര്‍ഥം ഗോബ്ള്‍ ചെയ്യുക എന്നാണ്. എന്നുവച്ചാല്‍ 'അപ്പാടെ വിഴുങ്ങല്‍'തന്നെ. ഇന്ത്യയുടെ വിപണിയെ അപ്പാടെ വിഴുങ്ങലാണ് ഗ്ളോബലൈസേഷന്‍ എന്നാണ് അമേരിക്കയുടെ അടുക്കളയില്‍ പറഞ്ഞുവരുന്ന അര്‍ഥം. പക്ഷേ, നമ്മുടെ കേന്ദ്രമന്ത്രിമാരെന്ന വിശിഷ്ടവര്‍ഗത്തിനോട് സംസാരിക്കുമ്പോള്‍ അമേരിക്കന്‍ തന്ത്രശാലികള്‍ വേറെ അന്താരാഷ്ട്ര സംഞ്ജകള്‍ പ്രയോഗിക്കും. നരസിംഹറാവുവിന്റെ കാലത്താണല്ലോ ഈ ഗ്ളോബല്‍ പരിപാടി ഇന്ത്യയില്‍ നട്ടത്. നരസിംഹറാവു പഠിച്ച ഇംഗ്ളീഷ് വിക്ടോറിയ രാജ്ഞിയുടെ പഴക്കമുള്ള അറുപഴഞ്ചന്‍ ഇംഗ്ളീഷാണ്. അദ്ദേഹം ഗ്ളോബലൈസേഷന്‍, നോ- പ്രൊലിഫറേഷന്‍ എന്നുള്ള കിസിഞ്ചര്‍ മോഡല്‍ ഇംഗ്ളീഷ് കേട്ട് നടുങ്ങി കീഴടങ്ങി, എന്തുമാകട്ടെ എന്ന് കല്‍പ്പിച്ചതോടെയാണ് ഇവയെല്ലാം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടത്. ഇതില്‍ അത്ഭുതമില്ല. എന്റെ കൈവശമുള്ള മികച്ച അമേരിക്കന്‍ ഡിക്ഷണറികളില്‍ ഒന്നായ റാന്‍ഡം ഹൌസ് ഡിക്ഷണറി (1978)യില്‍ ഗ്ളോബലൈസേഷന്‍ എന്ന വാക്കിന്റെ പൊടിപോലുമില്ല. ഗ്ളോബും അതിന്റെ വിശേഷണരൂപമായ ഗ്ളോബലും മാത്രമേയുള്ളൂ. അതില്‍നിന്നുള്ള ക്രിയാരൂപം പ്രത്യക്ഷപ്പെട്ടിരുന്നില്ല. ന്യൂഓക്സ്ഫോര്‍ഡ് ഡിക്ഷണറിയിലും (1998) കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ഡിക്ഷണറിയിലും (2002) ഈ പദമുണ്ടെങ്കിലും അര്‍ഥത്തില്‍ ഇന്നത്തെ പ്രയോഗരൂഡി ഇല്ല. ഗ്ളോബലൈസേഷന്‍ പുതിയ വാക്കാണ്. അതിന്റെ ഇപ്പോഴത്തെ അര്‍ഥം അതിലും വലുതാണ്. എന്തിന്റെ ഗ്ളോബലൈസേഷന്‍ എന്ന് ചോദിച്ചാല്‍ വിപണിയുടേത് എന്ന് കുട്ടികള്‍പോലും പറയും. നാം ഗ്ളോബില്‍ പ്രവേശിച്ചാല്‍ നമ്മുടെ സ്വതന്ത്രമായ പരമാധികാരം കുറഞ്ഞുകൊണ്ടുവരും. ഇപ്പോള്‍ ഡീസല്‍ വിലവര്‍ധന ഒരു മാസമുറയായി നടന്നുവരികയാണല്ലോ. പൊതുമേഖലയിലെ എണ്ണക്കമ്പനികളെ ആഗോളഭീമന്മാര്‍ക്ക് വില്‍ക്കാനുള്ള പദ്ധതിയുടെ മെല്ലെയുള്ള വരവിന്റെ മുന്നോടിയാണ് ഇതൊക്കെ. ദേശീയ പൊതുമേഖലയെ വൈദേശിക കുത്തക കമ്പനികള്‍ക്ക് കൊടുക്കുമ്പോള്‍ നമ്മുടെ സോവറിന്‍ പദവിയില്‍ ഒരു കഴഞ്ച് കുറവ് വരാതിരിക്കില്ല. മറ്റൊരു ഉദാഹരണം 'സീഡ്ബില്‍'. 2004ല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഈ വിത്ത് നിയമം ശരദ് പവാര്‍ വീണ്ടും കൊണ്ടുവരാന്‍ പഴുത് അന്വേഷിക്കുകയാണ്. മൊസാന്റോ തുടങ്ങിയ കൂറ്റന്‍വിത്തുല്‍പ്പാദക കുത്തക കമ്പനികള്‍ നേരത്തെതന്നെ രംഗത്തുണ്ട്. അവര്‍ക്ക് നിയമോപദേശം കൊടുത്തത് ലോട്ടറിക്ക് പ്രശസ്തിനേടിയ അഭിഷേക് സിങ്വി എന്ന കോഗ്രസ് വക്താവുതന്നെയാണ്. കൊന്നത് ഭീമന്‍തന്നെ എന്ന് പറഞ്ഞതുപോലെ സിങ്വിതന്നെ വാദിച്ച വക്കീല്‍. ആണവകരാറില്‍ എന്നതുപോലെ വില്‍ക്കുന്നവര്‍ക്ക് ഒരു ബാധ്യതയുമില്ലാത്ത ഒരു ബില്ലുണ്ടാക്കി രാജ്യത്തെ (എന്നുവച്ചാല്‍ അമേരിക്കയെ- ഇന്ത്യയെയല്ല) സമ്പന്നമാക്കുകയാണ് ശരദ് പവാറിന്റെ ലക്ഷ്യം. രാഷ്ട്രത്തിന് ഗുണംചെയ്യാന്‍ കേന്ദ്രമന്ത്രിയായ ആളാണ് ഈ നേതൃപുംഗവന്‍. അദ്ദേഹം ഗുണംചെയ്യുന്ന രാഷ്ട്രം മാറിപ്പോയി- ഇന്ത്യയെ മറന്ന് അമേരിക്കയായി. ഗാന്ധിജിയുടെ നാമത്തില്‍ ഗ്രാമീണര്‍ക്ക് തൊഴിലുറപ്പ് നല്‍കുന്ന ഒരു പദ്ധതി കേന്ദ്രം വഷളാക്കിയ ഒരു കഥ ഇതിനിടെ വായിച്ചു. മിനിമം വേജസ് നിയമത്തില്‍ (1948) പറയുന്ന നിസ്സാരതുകപോലും ഇപ്പോള്‍ ഗ്രാമീണര്‍ക്ക് കിട്ടുന്നില്ല. ഇന്ത്യ ചൈനയെ വികസനത്തില്‍ മറികടക്കുന്നുവെന്നുതന്നെവയ്ക്കുക. ഇവിടത്തെ ദാരിദ്യ്രത്തെ കുറയ്ക്കാന്‍ അതുകൊണ്ടാകുകയില്ലല്ലോ. ചൈനയെ പിന്തള്ളി എന്ന വീമ്പുപറച്ചില്‍ ഭക്ഷണത്തിനു പകരമാകില്ല. ഇന്ത്യയിലെ ഭരണനേതാക്കളും ഉദ്യോഗപ്രമുഖരും പ്രസംഗധോരണിയില്‍ സത്യം മറച്ചുവയ്ക്കുന്നുവെന്ന് സാമ്പത്തിക- സാമൂഹ്യ വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായം പരന്നിരിക്കയാണ്. ഈ നൂറ്റാണ്ട് പിറന്നപ്പോള്‍, സമ്പന്നരും ദരിദ്രരും ആയ രാഷ്ട്രങ്ങള്‍ പരസ്പരം സഹായിച്ചും സഹകരിച്ചും ദരിദ്രരാഷ്ട്രങ്ങളുടെ നില ഉയര്‍ത്തുമെന്ന ഒരു പ്രഖ്യാപനം ഉണ്ടായിരുന്നു. പട്ടിണി, ദാരിദ്യ്രം, ആരോഗ്യം, ബാലമരണം തുടങ്ങിയ പല കാര്യങ്ങളിലും സ്ഥിതി പഴയപടിയായിക്കഴിയുന്നു. രണ്ടുനാള്‍മുമ്പ് അലുവാലിയ എന്ന ഉദ്യോഗസ്ഥ പ്രമുഖന്‍ പറഞ്ഞത് കേട്ടല്ലോ? വില വര്‍ധനയ്ക്ക് കാരണം ഗ്രാമീണരായ ആളുകള്‍ നല്ലവണ്ണം ഭക്ഷണം കഴിക്കുന്നതുകൊണ്ടാണെന്ന്! ജനങ്ങള്‍ നന്നായി ഭക്ഷണം കഴിക്കുന്നതിനെയാണ് വികസനമെന്ന് പറയുന്നത്. ഇപ്പോള്‍ അത് വിലവര്‍ധനയുണ്ടാക്കുന്ന ഒരു ദോഷമായി തീര്‍ന്നിരിക്കുന്നു. വിലവര്‍ധന തടയാന്‍ കഴിയാത്തവര്‍ പാവങ്ങള്‍ നല്ലവണ്ണം ഭക്ഷണം കഴിക്കുന്നത് തടഞ്ഞുകളയുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. കുറെമുമ്പ് കേരളത്തിലെ ഒരു മന്ത്രി സംസ്ഥാനത്തില്‍ ജലക്ഷാമം ഉണ്ടായതിനു കാരണം പറയുകയുണ്ടായി- ഇവിടത്തെ കിണറുകളിലുള്ള തവളകള്‍ കുടിച്ചുവറ്റിച്ചതാണ് ജലക്ഷാമത്തിനു കാരണമെന്ന്. ആ മന്ത്രിയുടെ ബുദ്ധിപോലും ഈ അലുവാലിയയുടെ മുമ്പില്‍ തോറ്റുപോയിരിക്കുന്നു! കേന്ദ്രബലക്കുറവുകൊണ്ട് ഇന്ത്യയുടെ സമഗ്രമായ അഭിവൃദ്ധി തടസ്സപ്പെടുന്നുവെന്നും രാജ്യത്തിന്റെ പരമാധികാരം ക്രമേണ ക്ഷയിച്ചുവരുന്നുവെന്നുമാണ് ഇന്നത്തെ ഗ്രഹസ്ഥിതി സൂക്ഷ്മമായി പരിശോധിച്ചപ്പോള്‍ നമുക്ക് നേരിടേണ്ടിവരുന്ന ആശങ്കാജനകമായ ഒരു സത്യം.

Wednesday, October 27, 2010

വോട്ടുവണ്ടിക്കാര്‍ കാണാതെ പോകുന്നത്

വോട്ടുവണ്ടിക്കാര്‍ കാണാതെ പോകുന്നത്..
സാജന്‍ എവുജിന്‍..

നൂറ് കുഞ്ഞാടുകളില്‍ ഒരെണ്ണത്തെ കാണാതായപ്പോള്‍ തൊണ്ണൂറ്റിഒന്‍പതിനെയും വിട്ട് കാണാതായ കുഞ്ഞാടിനെ അന്വേഷിച്ചുപോയ ഇടയന്റെ മാതൃക ആര്‍ക്കും അനുകരിക്കാം. പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം പണികള്‍ക്ക് മൂല്യമേറും. കേരളത്തില്‍ 'ജനാധിപത്യചേരിയെ' ശക്തമാക്കാന്‍ 'വോട്ടുവണ്ടി ഓടിക്കുന്ന' മാധ്യമമുത്തശ്ശി തദ്ദേശതെരഞ്ഞെടുപ്പ് കാലത്ത് കെട്ടിയ ഇടയവേഷം പക്ഷേ, അരോചകമായി; പ്രായാധിക്യം നിമിത്തമാകാം. ഭൂമിയില്‍ ബഹുഭൂരിപക്ഷം ജനങ്ങളും മുതലാളിത്ത സ്വര്‍ഗത്തില്‍ കഴിയുമ്പോള്‍ ചൈനയിലെയും ക്യൂബയിലെയും ജനങ്ങള്‍ കമ്യൂണിസ്റ് ഭരണത്തില്‍ നരകയാതന അനുഭവിക്കുകയാണെന്ന് മുത്തശ്ശി കരുതുന്നു. ഇവരെ മോചിപ്പിക്കാനുള്ള കടമ ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരായ മാധ്യമശ്രേഷ്ഠര്‍ക്കുണ്ട്. കേരളത്തില്‍ തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഈ ഉത്തരവാദിത്തത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. ലോകത്ത് മൊത്തം 203 രാജ്യങ്ങളുണ്ട്. ഇവയില്‍ 193 എണ്ണത്തെ പരമാധികാര രാജ്യങ്ങളായി യുഎന്‍ അംഗീകരിച്ചിരിക്കുന്നു. എന്നാല്‍, മറ്റെല്ലാവരെയും വിട്ട് ചൈന, ക്യൂബ, ഉത്തരകൊറിയ എന്നിങ്ങനെ മൂന്നോ നാലോ രാജ്യങ്ങളുടെ പിന്നാലെയാണ് നമ്മുടെ ഇടയമുത്തശ്ശി. വഴിതെറ്റിയ ഈ കുഞ്ഞാടുകളെ 'നേര്‍പാതയില്‍' നയിക്കണം. ആവേശം മൂത്ത് ക്യൂബയില്‍ ബഹുകക്ഷിവ്യവസ്ഥയില്‍ തെരഞ്ഞെടുപ്പ് നടത്താന്‍വരെ ആഹ്വാനം ചെയ്തുകളഞ്ഞു. പക്ഷേ, കുഴപ്പം അതല്ല. ലോകത്ത് മറ്റ് രാജ്യങ്ങളുമുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളാകെ സാമ്പത്തിക-രാഷ്ട്രീയ കുഴപ്പത്തിലാണ്. ബ്രിട്ടനിലെ പുതിയ കൂട്ടുകക്ഷി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെലവുചുരുക്കലിന്റെ ഫലമായി പൊതു-സ്വകാര്യമേഖലകളിലായി 10 ലക്ഷം തൊഴിലവസരം നഷ്ടമാകും. ബിബിസിയിലെയും ബ്രിട്ടീഷ് എയര്‍വെയ്സിലെയും ജീവനക്കാര്‍പോലും പണിമുടക്കിന് ഒരുങ്ങുകയാണ്. അംഗരാജ്യങ്ങളെ സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ യൂറോപ്യന്‍ യൂണിയന്‍ കമീഷന്‍ നടത്തുന്ന ചികിത്സയൊന്നും ഫലിക്കുന്നില്ല. മനുഷ്യന്റെ അടിസ്ഥാനപരമായ ആവശ്യങ്ങള്‍പോലും നിഷേധിക്കുന്ന മുതലാളിത്ത സംവിധാനത്തിനെതിരെ യൂറോപ്പില്‍ ഉടനീളം പോരാട്ടം വളര്‍ന്നുവരികയാണ്. അമേരിക്കയിലെ തൊഴിലാളികളുടെ സ്ഥിതി ഇതിലും ദയനീയമാണ്. ഏതു നിമിഷവും നഷ്ടപ്പെടാവുന്ന ഒന്നാണ് തൊഴിലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിന്റെ പരിഭ്രാന്തിയിലാണ് അമേരിക്കന്‍ തൊഴിലാളികള്‍. ഒബാമയുടെ വാക്കുകളിലും ഈ സംഭ്രമം പ്രകടമാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ലോകത്ത് അമേരിക്കയുടെ മേധാവിത്വം നഷ്ടപ്പെടുമെന്ന് ഒബാമയ്ക്ക് തുറന്നുസമ്മതിക്കേണ്ടി വന്നു. എങ്ങനെ വ്യാകുലപ്പെടാതിരിക്കും? രാജ്യത്ത് നല്ല പ്രായത്തിലുള്ള പത്തില്‍ ഒരാള്‍ തൊഴില്‍രഹിതനാണ്. ഭാവി തലമുറയെന്ന് പറയുന്ന കുട്ടികള്‍ക്ക് പഠിക്കാന്‍ താല്‍പ്പര്യവുമില്ല. തൊട്ടടുത്ത ചെറുരാജ്യമായ ക്യൂബയിലെ പിള്ളേര്‍ പഠിച്ച് മിടുക്കന്‍ ഡോക്ടര്‍മാരാകുന്നു. നമ്മുടെ കുട്ടികള്‍ പൊണ്ണത്തടിയന്മാരും. രണ്ടാംകിട ഭക്ഷണവും കഴിച്ച്, മെയ്യനങ്ങാതെ കഴിയുകയാണ് അമേരിക്കന്‍ കുട്ടികള്‍. രാജ്യത്തെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാരം ലഭ്യമാക്കാന്‍ പ്രചാരണപരിപാടി നയിക്കേണ്ട ഗതികേടിലാണ് അമേരിക്കന്‍പ്രസിഡന്റിന്റെ പത്നി. സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ഗ്രാന്റ് നല്‍കണമെന്ന് മിഷേല്‍ ഒബാമ ആവശ്യപ്പെട്ടിരിക്കുന്നു. കേരളത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പരിപാടിയെ പരിഹസിക്കുന്ന വീരന്മാര്‍ ഇതൊന്നും അറിയുന്നില്ല. രണ്ടായിരത്തിഎട്ടില്‍ ആഗോളസമ്പദ്ഘടനയെ ബാധിച്ച മാന്ദ്യത്തില്‍നിന്ന് ലോകം കരകയറുകയാണെന്ന് ചിലര്‍ വീമ്പടിക്കുന്നുണ്ട്. എന്നാല്‍, ഒക്ടോബര്‍ രണ്ടാംവാരത്തില്‍ ചേര്‍ന്ന ലോകബാങ്ക്-ഐഎംഎഫ് വാര്‍ഷികസമ്മേളനത്തില്‍ ഈ ആത്മവിശ്വാസം പ്രകടമായില്ല. വികസിതരാജ്യങ്ങളില്‍ തൊഴിലില്ലായ്മ ദുസ്സഹമായ തോതിലാണ്. മാന്ദ്യം മറികടക്കാന്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ അഭിപ്രായഐക്യത്തില്‍ എത്തിയിട്ടില്ല. അമേരിക്കയില്‍തന്നെ ഡെമോക്രാറ്റുകളും റിപ്പബ്ളിക്കന്മാരും തമ്മില്‍ ഇക്കാര്യത്തില്‍ പോരാണ്. അതിസമ്പന്നരുടെ പേരില്‍ നികുതി ചുമത്താന്‍ ഒബാമസര്‍ക്കാരിനെ റിപ്പബ്ളിക്കന്മാര്‍ സമ്മതിക്കുന്നില്ല. നവംബര്‍ ആദ്യവാരം നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്മാര്‍ നേട്ടമുണ്ടാക്കിയാല്‍ ഒബാമയുടെ സാമ്പത്തികഉത്തേജനപദ്ധതി കൂടുതല്‍ അവതാളത്തിലാകും. ജനങ്ങള്‍ക്കിടയില്‍ ഒബാമസര്‍ക്കാരിന്റെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലാണ്. എന്നാല്‍, സര്‍ക്കാര്‍ എല്ലാ മേഖലയിലും പണം ചെലവഴിക്കണമെന്ന് അമേരിക്കയിലെ ജനങ്ങള്‍ പൊതുവെ ആഗ്രഹിക്കുന്നു. ഇതിനായി ശ്രമിക്കുന്ന ഒബാമയെ വലതുപക്ഷ മാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്‍ന്ന് 'സര്‍ക്കാര്‍ഭീകരന്‍' എന്ന് ആക്ഷേപിക്കുകയും ചെയ്യുന്നു. വോട്ടര്‍മാര്‍ ഈ പ്രചാരണത്തില്‍ കുടുങ്ങിയാല്‍ സെനറ്റില്‍ റിപ്പബ്ളിക്കന്മാര്‍ മേല്‍ക്കൈ നേടും. ഒബാമയ്ക്ക് ശേഷിക്കുന്ന ഭരണകാലം കയ്പ് നിറഞ്ഞതാകും. ഇങ്ങനെ കടുത്ത വൈരുധ്യത്തിലാണ് അമേരിക്കന്‍ രാഷ്ട്രീയം. ബ്രിട്ടനിലെ യാഥാസ്ഥിതിക സര്‍ക്കാര്‍ രാജ്യത്തെ കലാകാരന്മാരുടെപോലും വയറ്റത്തടിച്ചിരിക്കുകയാണ്. ബ്രിട്ടീഷ് ആര്‍ട്സ് കൌസിലിനുള്ള 1.9 കോടി പൌണ്ടിന്റെ ഫണ്ട് റദ്ദാക്കിയതോടെ 880 കലാസംഘങ്ങളുടെ ഭാവി അവതാളത്തിലായി. അടിത്തട്ടില്‍ പ്രവര്‍ത്തിച്ചുവന്ന ഇത്തരം കലാസംഘങ്ങള്‍ സര്‍ക്കാര്‍ ഗ്രാന്റിനെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. ചെലവുചുരുക്കാനായി കാമറോ സര്‍ക്കാര്‍ സാംസ്കാരിക ബാധ്യതകള്‍ ഉപേക്ഷിക്കുകയാണ്. ബ്രിട്ടന്റെ പാരമ്പര്യങ്ങളില്‍നിന്നുള്ള പ്രകടമായ വ്യതിയാനമാണിത്. ജനങ്ങളില്‍ സാംസ്കാരിക ബോധവും കലാഭിരുചിയും വളര്‍ത്താന്‍ നാടുതോറും സൌജന്യപ്രദര്‍ശനം നടത്തിവരുന്ന സംഘങ്ങളെയാണ് സര്‍ക്കാര്‍ കൈവിടുന്നത്. ആരോഗ്യമേഖലയില്‍നിന്ന് കാമറോസര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്. നിരവധി ആശുപത്രി വാര്‍ഡുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചതിനാല്‍ ദേശീയ ആരോഗ്യ സര്‍വീസില്‍ 15,000ല്‍പരം നേഴ്സുമാരുടെ ജോലി പോകും. പ്രധാന ആശുപത്രികളില്‍ പ്രസവവാര്‍ഡുകളും അത്യാഹിത വിഭാഗങ്ങളും പോലും നിര്‍ത്തലാക്കുകയാണ്. പകരം ആരോഗ്യമേഖലയില്‍ സ്വകാര്യവല്‍ക്കരണവും കമ്പോളവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനം ബ്രിട്ടനിലായിരുന്നു. ഇത് തകര്‍ത്തെറിയുകയാണ് പുതിയ സര്‍ക്കാര്‍. ഇതൊന്നും ആരെയും അറിയിക്കാന്‍ മുത്തശ്ശി ആഗ്രഹിക്കുന്നില്ല. വര്‍ണിക്കാന്‍ ക്യൂബയും ചൈനയുമുണ്ടല്ലോ! ലക്ഷണമൊത്ത കഥകള്‍ ഇനിയും വിരിയും. വായിച്ച് കോള്‍മയിര്‍ കൊള്ളാന്‍ ജനാധിപത്യപ്രേമികളുടെ നീണ്ട നിരയുണ്ട്. ക്യൂബയിലേക്ക്' വോട്ടുവണ്ടി' വിടുന്നത് എപ്പോഴാണെന്ന് മാത്രമേ ഇനി അറിയാനുള്ളു.

രക്തസാക്ഷി സ്മരണ

രക്തസാക്ഷി സ്മരണ
പുന്നപ്ര വയലാര്‍ മാരാരിക്കുളം സമരം, തിരുവിതാംകൂറിന്റെ ചരിത്രഗതിയെ മാറ്റിമറിച്ചു. ഇന്ത്യയുടെ സ്വാതന്ത്യ്രസമര ചരിത്രത്തില്‍ വീരേതിഹാസമായ ഈ പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ 64 ആണ്ട് തികയുന്ന ഈ ഒക്ടോബറിലും പതിനായിരങ്ങള്‍ ബലികുടീരങ്ങളില്‍ ഒത്തുചേരും. ചുടുനിണംവീണ മണ്ണില്‍ ചോരപ്പൂക്കളര്‍പ്പിച്ച് പുത്തന്‍ പോരാട്ടങ്ങള്‍ക്കായി അനശ്വര രക്ഷസാക്ഷികളുടെ പിന്‍മുറക്കാര്‍ പ്രതിജ്ഞ പുതുക്കും. ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കാനും, രാജവാഴ്ചയും ദിവാന്‍ഭരണവും തിരുവിതാംകൂറില്‍നിന്നും കടപുഴക്കാനും, പ്രായപൂര്‍ത്തി വോട്ടവകാശത്തോടെയുള്ള ഭരണക്രമത്തിനുംവേണ്ടിയാണ് കൈയില്‍ക്കിട്ടിയ ആയുധങ്ങളുമായി സഹസ്രങ്ങള്‍ പോരാടിയത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ ആഞ്ഞടിച്ച ഈ ധീരമായ സമരം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഈടുവയ്പായി. ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാതിരിക്കാന്‍ വ്യവസ്ഥ ചെയ്യുംവിധം ഒത്തുതീര്‍പ്പുണ്ടാക്കി സ്വാതന്ത്യ്ര പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കാനായിരുന്നു ബ്രിട്ടന്റെ ശ്രമം. ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാനത്ത് കോളനി രാജ്യങ്ങളുടെ ഒരു കൂട്ടം! പോയ നൂറ്റാണ്ടില്‍ പലയിടത്തും രൂപംകൊണ്ട ഫ്രഞ്ചു കോളനികളെപ്പോലെ തിരുവിതാംകൂര്‍ ബ്രിട്ടന്റെ കോളനി ആകുമായിരുന്നു. അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്കാരം മുന്നോട്ടുവച്ചതുതന്നെ ഈ ലക്ഷ്യം വച്ചായിരുന്നു. ഇതിനെതിരെയാണ് 1946 ഒക്ടോബറില്‍ ‘രാജവാഴ്ചയ്ക്കും ദിവാന്‍ ഭരണത്തിനും എതിരെ തൊഴിലാളിവര്‍ഗം മുന്നണിപ്പോരാളികളായി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി മുന്നേറിയത്. രണ്ടു നൂറ്റാണ്ടായി ബ്രിട്ടന്റെ അടിമത്തം പേറുന്ന ഇന്ത്യയുടെ സ്വാതന്ത്യ്രം വീണ്ടെടുക്കാനുള്ള സമരങ്ങള്‍ പല ഘട്ടങ്ങളായി തുടര്‍ന്നു. എന്നാല്‍, തിരുവിതാംകൂറില്‍ ഉണ്ടായതുപോലൊരു ‘സായുധ’പോരാട്ടം അധ്വാനിക്കുന്നവരുടെ സംഘശക്തിയില്‍ അതേവരെ കണ്ടിരുന്നില്ല. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയോടു ചേര്‍ന്ന് തെക്കുപടിഞ്ഞാറായി കിടക്കുന്ന തിരുവിതാംകൂറിനെ, ബ്രിട്ടന്റെ തന്ത്രപ്രധാനമായ കോളനിയാക്കാനുള്ള നീക്കം തകര്‍ക്കാനുറച്ച രാഷ്ട്രീയക്കരുത്തില്‍ ഇവിടെ ഭരണകൂടം ആടിയുലഞ്ഞു. രാജവാഴ്ചയും ബ്രിട്ടീഷ് ആധിപത്യവും അവസാനിപ്പിക്കാനും ഉത്തരവാദഭരണവും പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം വോട്ടവകാശവും ഉറപ്പാക്കാനും ഉതകുന്ന രാഷ്ട്രീയ മുദ്രാവാക്യവും സമരസമിതി മുന്നോട്ടുവച്ചു. 27 അടിയന്തരാവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പത്രിക ഭരണാധികാരികള്‍ക്ക് നല്‍കി. കുടികിടപ്പുകാരും പാട്ടകൃഷിക്കാരും നിറഞ്ഞ ഈ പ്രദേശത്ത് നാട്ടുപ്രമാണിമാരും ജന്മികളും അവരുടെ ഗുണ്ടകളും തൊഴിലാളികളെ ആക്രമിക്കുകയും പട്ടിണിപ്പാവങ്ങള്‍ക്ക് ജീവിക്കാനാവാത്ത സംഘര്‍ഷം സൃഷ്ടിക്കുകയും ഉണ്ടായി. ഇതെല്ലാം ദിവാന്‍ രാമസ്വാമി അയ്യരുടെ ആശീര്‍വാദത്തോടെയായിരുന്നു. തിരുവിതാംകൂര്‍ പട്ടാളത്തെ ഒരുക്കിനിര്‍ത്തിയും പൊലീസിനെ ഗ്രാമങ്ങളില്‍ അയച്ച് തേര്‍വാഴ്ച നടത്തിയും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചായിരുന്നു തൊഴിലാളി നേതാക്കളെ തലസ്ഥാനത്ത് ദിവാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഒത്തുതീര്‍പ്പു ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോഗ്രസ് (എടിടിയുസി) പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭത്തിന് രൂപംനല്‍കി. കമ്യൂണിസ്റ് പാര്‍ടിയുടെ നിര്‍ദേശപ്രകാരം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. തിരുവിതാംകൂറിലെ അന്‍പതിലേറെ ട്രേഡ് യൂണിയനുകളുടെ കേന്ദ്രസംഘടനയായിരുന്നു എടിടിയുസി. രണ്ടു താലൂക്കിലും വാര്‍ഡുതലംവരെ ട്രേഡ് കൌസിലുകള്‍ രൂപീകരിച്ചു. വ്യാപകമായി വളന്റിയര്‍ പരിശീലനവും ക്യാമ്പും തുടങ്ങി. കമുക് വെട്ടി വാരിക്കുന്തങ്ങള്‍ തീര്‍ത്തു. നിലത്തു ഭൂമിയോടു ചേര്‍ന്ന് കമിഴ്ന്ന് മുട്ടില്‍ മുന്നോട്ടുനീങ്ങി ശത്രുവിനെ നേരിടുന്ന സമരതന്ത്രം പഠിപ്പിച്ചത് പട്ടാളത്തില്‍നിന്ന് പിരിഞ്ഞുവന്നവരായിരുന്നു. തോക്കില്‍നിന്ന് വെടിയുതിര്‍ത്താലും നെഞ്ചില്‍ പതിക്കാതെ പൊലീസിനെയും പട്ടാളത്തെയും നേരിടാനായിരുന്നു ഇത്. അങ്ങനെയാണ് വാരിക്കുന്തങ്ങള്‍ ആയുധമാക്കിയത്. തോക്കും ലാത്തിയുമുള്ള സേനാവിഭാഗങ്ങളോട് ഏറ്റുമുട്ടാന്‍ നെഞ്ചൂക്കും, ആത്മധൈര്യവും ഉണ്ടായിരുന്ന പടയാളികള്‍ ക്യാമ്പുകളില്‍ അഭയംതേടിയ നാട്ടുകാര്‍ക്കും സംരക്ഷകരായി. ഒക്ടോബര്‍ 22 ന് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ തൊഴിലാളികള്‍ പണിമുടക്കി. പിന്നീടുള്ള ഒരാഴ്ച ചോരചൊരിഞ്ഞ പോരാട്ടമായിരുന്നു. പുന്നപ്രയിലായിരുന്നു ആദ്യവെടി പൊട്ടിയത്; ഒക്ടോബര്‍ 24ന്. സി പി രാമസ്വാമി അയ്യരുടെ സായുധശക്തിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച ഒന്നായിരുന്നു പുന്നപ്ര പൊലീസ് ക്യാമ്പ് കെട്ടിടം വളഞ്ഞുള്ള സമരഭടന്മാരുടെ ചെറുത്തുനില്‍പ്പ്. തോക്കുചൂണ്ടി നിന്നവര്‍ക്കു നേരെയാണ് വാരിക്കുന്തവും കരിങ്കല്‍ച്ചീളുകളും വെട്ടുകത്തിയും ഒക്കെയായി ആയിരക്കണക്കായ തൊഴിലാളി ഭടന്മാര്‍ ഏറ്റുമുട്ടിയത്. പൊലീസ് ഇന്‍സ്പെക്ടര്‍ വേലായുധന്‍ നാടാരും 8 പൊലീസുകാരും ഇവിടെ മരിച്ചുവീണു. സമരഭടന്മാരില്‍ 29 പേര്‍ രക്ഷസാക്ഷികളായി. ഒക്ടോബര്‍ 25ന് കടലോരത്ത് റോന്തുചുറ്റിയ സായുധപൊലീസ്, കാട്ടൂരില്‍ സമരഭടന്മാരുടെ ജാഥയെ ആക്രമിച്ചു. നേതൃത്വം നല്‍കിയ കാട്ടൂര്‍ ജോസഫിനെ വെടിവച്ചുകൊന്നു. ചേര്‍ത്തല താലൂക്കിലേക്ക് പട്ടാളവണ്ടികള്‍ കടക്കാതിരിക്കാന്‍ മാരാരിക്കുളത്ത് പാലംതകര്‍ത്ത് പ്രതിരോധം സൃഷ്ടിച്ച തൊഴിലാളികള്‍ക്കുനേരെ വൃക്ഷത്തലപ്പിലും മറ്റും പതിയിരുന്നാണ് പൊലീസ് വെടിവച്ചത്. ഇവിടെ 6 പേര്‍ മരിച്ചു. ഒക്ടോബര്‍ 27 ന് വയലാറിലും ഒളതലയിലും മേനാശ്ശേരിയിലും, ഉച്ചയ്ക്ക് അടുത്തടുത്ത സമയങ്ങളില്‍ സമരക്യാമ്പുകള്‍ സായുധപൊലീസ് ആക്രമിച്ചു. വയലാറില്‍ കായലിലൂടെ ബോട്ടില്‍ വന്നിറങ്ങിയ സായുധപൊലീസും പട്ടാളവും യന്ത്രത്തോക്കുകള്‍ ഏറെ ഉപയോഗിച്ചു. നൂറുകണക്കിന് സമരഭടന്മാര്‍ രക്ഷസാക്ഷികളായി. 1946 ഒക്ടോബര്‍ അവസാന ആഴ്ചയില്‍ നാലുനാള്‍ നാടിനെ നടുക്കിയ പോരാട്ടമാണ് ഈ സമരഭൂമിയിലുണ്ടായത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നോളം കാണാത്ത ഈ പോരാട്ടം ഇന്ത്യയിലാകെ രാഷ്ട്രീയചലനം ഉണ്ടാക്കി. താല്‍ക്കാലികമായി ആ സമരം നിര്‍ത്തിവയ്ക്കേണ്ടിവന്നെങ്കിലും ശത്രുവര്‍ഗത്തിനേറ്റ കനത്ത പ്രഹരം അധികാരിവര്‍ഗത്തെ വിറപ്പിച്ചു. എവിടെയും ശ്മശാനമൂകത തളംകെട്ടി. ദിവാന്‍ രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിന്റെ സര്‍വസൈന്യാധിപനായി ചുമതലയേറ്റു. പൊലീസ് - പട്ടാള വാഹനങ്ങള്‍ ഗ്രാമങ്ങളിലെ ഇടവഴികളില്‍പോലും ചീറിപ്പാഞ്ഞു. കമ്യൂണിസ്റ് പാര്‍ടിയുടെ പ്രവര്‍ത്തകരെയും സമരത്തില്‍ പങ്കെടുത്തവരും അനുഭാവികളുമായവരുടെ കുടുംബാംഗങ്ങളെയും വേട്ടയാടി. ഭീകരമായ മര്‍ദനങ്ങള്‍. ഇടിവണ്ടികളില്‍ പിടിച്ചുകൊണ്ടുപോയി മര്‍ദിക്കപ്പെടുന്നവര്‍ ദിവസങ്ങളോളം ലോക്കപ്പില്‍! വിചാരണ കൂടാതെ ജയിലറകളില്‍!! ഒന്നിനുപുറകെ മറ്റൊന്നായി കള്ളക്കേസുകള്‍!!! ഇതെല്ലാം നിത്യസംഭവമായി. ഏറെ വൈകിയില്ല, രാജഭരണത്തിന് അവസാനമായി. തലസ്ഥാനത്ത് നടന്ന ആഘോഷ പരിപാടിക്കിടെ മൂക്കിനു വെട്ടേറ്റ ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ നാടുവിട്ടു. 1947 ആഗസ്ത് 15 ന് ഇന്ത്യയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു. സ്വതന്ത്ര ഇന്ത്യയില്‍ കോഗ്രസ്, ഭരണം കൈയാളുമ്പോഴും കോഗ്രസിനേക്കാള്‍ കരളുറപ്പോടെ സ്വാതന്ത്യ്രത്തിനായി പൊരുതിയ കമ്യൂണിസ്റുകാരെ വേട്ടയാടുകയായിരുന്നു. 1948-50 കാലത്തെ നിരോധനവും കരിനിയമങ്ങളും പാര്‍ടിയെ തെല്ലും തളര്‍ത്തിയില്ല; കരുത്തോടെ മുന്നേറി. പിന്നീട് കണ്ടത് കമ്യൂണിസ്റ് പാര്‍ടിയുടെയും വര്‍ഗ പ്രസ്ഥാനങ്ങളുടെയും മുന്നേറ്റത്തിന്റെ പടയൊരുക്കം. പുന്നപ്ര വയലാറിനുശേഷം ഒരു ദശകം പിന്നിട്ടപ്പോള്‍ തിരുവിതാംകൂറും കൊച്ചിയും മലബാറും ഉള്‍പ്പെട്ട ഐക്യകേരള ഭരണം കമ്യൂണിസ്റുകാരുടെ കരങ്ങളില്‍. പിന്നീട് ബംഗാളും, ത്രിപുരയും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ് പ്രസ്ഥാനം ശക്തിപ്പെട്ടു. സാമ്രാജ്യത്വ വിരുദ്ധ സമരം ഏറെ കരുത്തോടെ നടത്തേണ്ടതിന്റെ അനിവാര്യത ഓര്‍മപ്പെടുത്തുന്നതാണ് 64-ാം വാര്‍ഷിക വാരാചരണം നല്‍കുന്ന സന്ദേശം. അമേരിക്കയ്ക്ക് കീഴ്പ്പെടുന്ന ഇന്ത്യയുടെ വിദേശനയം, നമ്മുടെ സ്വാതന്ത്യ്രത്തിനും സ്വാശ്രയനിലപാടിനും ആപത്താണ്. കേന്ദ്രഗവമെന്റിന്റെ ജനദ്രോഹനയങ്ങള്‍ക്കും ദേശവിരുദ്ധ നിലപാടിനുമെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതില്‍ തൊഴിലാളിവര്‍ഗം കൂടുതല്‍ ഐക്യത്തോടെ പോരാടുകയാണ്. ഇടതു-മത നിരപേക്ഷ ശക്തികള്‍, കോഗ്രസിനും ബിജെപിക്കുമെതിരായ ബദല്‍ നയങ്ങളും പരിപാടികളും ഉയര്‍ത്തി മുന്നേറുന്നു. (സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍) സി ബി ചന്ദ്രബാബു

പറയൂ, നിങ്ങള്‍ക്ക് എന്തറിയാം?

പറയൂ, നിങ്ങള്‍ക്ക് എന്തറിയാം?
ശതമന്യു
ഒന്നും ഒന്നും രണ്ടല്ല, ഇമ്മിണി ബല്യ ഒന്നുമല്ല. ഈ കണക്ക് പഠിക്കണമെങ്കില്‍ തൊടുപുഴയിലോ പാലായിലോ ചെല്ലണം. പുതുപ്പള്ളിയിലെ ട്യൂഷനായാലും മതി. വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്ന കുമാരന്‍മാര്‍ക്ക് ലോട്ടറിപ്പണി കഴിഞ്ഞ് ഒഴിവില്ലാത്തതുകൊണ്ടാണ് ഔസേപ്പച്ചായന്‍ തല്‍ക്കാലം രക്ഷപ്പെട്ടു നില്‍ക്കുന്നത്. അതല്ലെങ്കില്‍ കൂട്ടിയ കണക്ക് പിഴച്ചതിന്റെയും അളവില്‍ കുറഞ്ഞതിന്റെയും വാര്‍ത്തകള്‍കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതായേനെ. വിപുലീകൃത യുഡിഎഫില്‍ അടുക്കളത്തിണ്ണയിലാണ് ഔസേപ്പച്ചായന്റെ കിടക്കപ്പായ. വാനവും ഭൂമിയും കപ്പം കൊടുക്കുന്ന, ചിരിച്ചാല്‍ മുത്തുചിതറുന്ന വരവര്‍ണിനിയാണു നീ എന്നുപാടി കൈപിടിച്ചുകൊണ്ടുവന്ന മാണിസാറിനെ കാണാനില്ല. അന്തപ്പുരവാതില്‍ തുറക്കുന്നില്ല. അരമനയും തൊടുപുഴയും കൈവിട്ടു. ഇനിയുള്ള വാഴ്വ് ഈ അടുക്കളത്തിണ്ണയിലോ? യുഡിഎഫ് വരുമെന്നും മന്ത്രിപദം തരുമെന്നും മോഹിച്ച അനുയായികള്‍ക്കുവേണ്ടി അയഞ്ഞുകൊടുത്തത് ഈ പരമത്യാഗത്തിനോ? പിഴച്ചാണ് തുടങ്ങിയത്. മുന്നണി വിട്ടുള്ള ചാട്ടത്തില്‍ പിഴച്ചു. പള്ളി കണ്ണുരുട്ടിയപ്പോള്‍ ചാടിപ്പോയതാണ്. മതം അതിന്റെ വഴിക്കും നാട്ടുകാര്യം അതിന്റെ വഴിക്കും പോകട്ടെ എന്നു നിനച്ച കാലത്താണ്, മകനേ കുഞ്ഞാടേ, നീ മാതൃപേടകത്തിലേക്ക് മടങ്ങിപ്പോകൂ എന്ന അശരീരീയുണ്ടായത്. മാതൃപേടകം മഹാവിശാലം. വീരനെ വലിയ വായില്‍ സ്വീകരിച്ചതല്ലേ. തനിക്കും കാണും ഒരിടം എന്നു കരുതിയത് തെറ്റല്ല. വീരന്‍ അടിതട പഠിച്ച അഭ്യാസിയാണ്. തലയ്ക്കടികൊണ്ടാല്‍ തലോടലേറ്റെന്ന് പറയാനറിയാം. പാട്ടും പാടും കഥയും രചിക്കും. വീമ്പടിക്കുന്ന വീരനെന്ന ഖ്യാതിയുണ്ട്. ഔസേപ്പിന് പാട്ടു പാടാനറിയാം-ആരെക്കൊണ്ടും പാടിക്കാനറിയില്ല. ശുദ്ധന്‍ ശുദ്ധന്റെ ഗുണം മാത്രമല്ല ചെയ്യുക. ഐക്യം കൊണ്ട് പൊറുതിമുട്ടിയ മുന്നണിയില്‍ പിന്നെയുമൊരൈക്യം. കയറിച്ചെന്ന അന്നുമുതല്‍ പൊല്ലാപ്പാണ്. പഞ്ചായത്തു തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് കാര്യം പിടികിട്ടിയത്. പണ്ടത്തെ അംഗങ്ങള്‍ക്ക് സീറ്റുമില്ല, കഞ്ഞിയുമില്ല. യുഡിഎഫിന്റെ വേലിക്കല്‍ ചെന്നുനില്‍ക്കാം. അരമനയുടെ പൊന്നോമന ഞാനും അരമനയെക്കൊണ്ട് കാര്യം നേടുന്നയാള്‍ മാണിയുമെന്നായിരുന്നു വയ്പ്. സഭയും കമ്യൂണിസ്റ്റുകാരും അടുത്താല്‍ മാണിസാറിന് പാലായില്‍ വെറുതെയിരിക്കാം. അതുകൊണ്ട് എപ്പോഴും ശകുനിയാകണം. അടി നടക്കണം. മത-രാഷ്ട്രീയ സിദ്ധാന്തം ജനിച്ചത് ആ അറിവില്‍നിന്നാണ്. മാണിക്ക് പള്ളിയുടെ കുത്തകയും വേണം, മുന്നണിയില്‍ ലീഗിന്റെ ചേട്ടനുമാകണം. രണ്ടിനും തരായി ഔസേപ്പിന്റെ പാണിഗ്രഹണത്തിലൂടെ. ഇനി ഞായറാഴ്ച വന്നാലെന്ത്, കുര്‍ബാന നടന്നില്ലെങ്കിലെന്ത്. പറഞ്ഞുപറഞ്ഞ് തെരഞ്ഞെടുപ്പായി. ഇനി രണ്ടുവഴി. ശേഷിക്കുന്ന കാലം അടുക്കളത്തിണ്ണയും പഴങ്കഞ്ഞിയും. അതല്ലെങ്കില്‍ ഒന്നു നിവര്‍ന്നുനിന്ന് പൊരുതി നോക്കല്‍. അങ്ങനെയാണ് 'സഭയെന്തിന് രാഷ്ട്രീയത്തില്‍ നിത്യേന ഇടപെടുന്നത്' എന്ന് ചോദിച്ചത്. സഹികെട്ടപ്പോഴുണ്ടായ ചോദ്യം. ഉടനെ മാണിസാര്‍ വിശദീകരിക്കുന്നു, അത് മഹത്തായ അധ്വാനവര്‍ഗ പാര്‍ടിയുടെ ഒഫീഷ്യല്‍ നിലപാടല്ലെന്ന്. അങ്ങനെ സഭയും പോയി, കുതിരയും പോയി, രണ്ടില കിട്ടാതെയുമായി. ഒരുമാതിരി പിള്ളയുടെയും ജേക്കബ്ബിന്റെയും ഗതി-അധോഗതി. കോഗ്രസില്‍ രണ്ടേ രണ്ടുപേരെയുള്ളൂ ഈ ഇനത്തില്‍-മുരളിയും ഹസ്സനും. ------------------------ മുല്ലപ്പള്ളിക്ക് അങ്ങനെ താണുകൊടുക്കാനാവില്ല. കണ്ണൂരില്‍ സുധാകരന്‍ ആളായത് മാര്‍ക്സിസ്റ്റുകാരെ തെറിവിളിച്ചും തല്ലിയും ബോംബെറിഞ്ഞുമാണ്. അത്തരം ബിരുദങ്ങളുണ്ടെങ്കിലേ കോഗ്രസില്‍ പിടിച്ചുനില്‍ക്കാനാകൂ. പുതിയ രീതി അതാണ്. ഒന്നുകില്‍ കുറെ കുമാരന്മാരെ വച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കണം. അത് നട്ടുവളര്‍ത്തണം. അതല്ലെങ്കില്‍ സിപിഎമ്മിനെതിരെ ആര്‍ത്തുവിളിക്കണം. രണ്ടാമത്തെ വഴിതന്നെ മുല്ലപ്പള്ളിക്ക് നല്ലത്. ഡല്‍ഹിയില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ല, ചിദംബരം അങ്ങോട്ട് അടുപ്പിക്കുന്നില്ല. ഇവിടെയാണെങ്കില്‍ എല്ലാവരും പണം വാങ്ങി, മുല്ലപ്പള്ളിക്ക് വന്ന പണം മാത്രം നാട്ടില്‍ പാട്ടായി. പണി അറിയില്ലെന്ന ദുഷ്പേരുണ്ട്. അതുമാറ്റാന്‍ ഏറ്റവും നല്ലവഴി സുധാകരനെ കടത്തിവെട്ടുംവിധം സിപിഎമ്മിനെ തെറിവിളിക്കല്‍ തന്നെ. കോഗ്രസല്ലേ. പിടിച്ചുനില്‍ക്കാന്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ പന്തളം സുധാകരന്റെ ഗതിയാകും. വാര്‍ത്ത പുഴുങ്ങിക്കൊടുക്കല്‍ തകൃതിയായി നടക്കുന്നുണ്ട്. കന്നിമാസത്തില്‍ തിമിര്‍ത്ത് മഴ പെയ്തു. വാര്‍ത്തകളുടെ പെയ്ത്തുമുണ്ടായി. എന്തുകിട്ടിയാലും വിഴുങ്ങാന്‍ യുവ തുര്‍ക്കികളുണ്ടാകുമ്പോള്‍ കച്ചവടം ലാഭകരം തന്നെ. മനോരമ എഴുതിയത്, 'കണ്ണൂരില്‍ അക്രമം, ബോംബേറ്, വെടി' എന്നാണ്. വാര്‍ത്തയില്‍ ആകപ്പാടെ മുങ്ങിത്തപ്പിയാലും ആരാണ് അക്രമികളെന്ന് തിരിച്ചറിയാനാകില്ല. ആക്രമിച്ചത് ലീഗും കോഗ്രസും ബിജെപിയും. ബോംബെറിഞ്ഞത് ആര്‍എസ്എസ്. അത് മനോരമയ്ക്ക് പറയാനാകില്ലല്ലോ. അല്ലെങ്കിലും മനോരമ വായിക്കുന്ന ഭൂരിപക്ഷവും തലക്കെട്ടേ നോക്കാറുള്ളൂ. കണ്ണൂരെന്നും ബോംബേറെന്നും കാണുമ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ ചെയ്തതെന്ന് കരുതിക്കോളും. അത്രയെങ്കില്‍ അത്ര. --------------------------------- ബദല്‍ എന്നത് മഹത്തായ സങ്കല്‍പ്പമാണ്. എന്തിനും ബദല്‍ ആകാം. നല്ലതിനും ബദല്‍; ചീത്തയ്ക്കും ബദല്‍. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ചില മഹാന്മാര്‍ക്ക് തോന്നിയത് ബദലുക്ക് ബദല്‍ വേണമെന്നാണ്. ഇടതിനും വലതിനും ബദലാണ് തങ്ങളെന്ന് അവര്‍ക്ക് തോന്നി. അവര്‍ ഒന്നിച്ചൊറ്റക്കെട്ടായി ഒരു പ്രസ്താവനയിറക്കി. കുറ്റം പറയരുത്, കൂട്ടത്തില്‍ തീരെ അപ്രശസ്തരായ സച്ചിദാനന്ദന്‍, കെ ജി ശങ്കരപ്പിള്ള തുടങ്ങിയ ചില പേരുകളുമുണ്ട്. മറ്റുള്ളവരെല്ലാം അതിപ്രശസ്തര്‍; പ്രഗത്ഭര്‍; അപാര ബുദ്ധിജീവികള്‍; ജനനേതാക്കള്‍. ആ പേരുകള്‍ വായിക്കൂ: ബി ആര്‍ പി ഭാസ്കര്‍, ഡോ. എന്‍ എ കരീം, സി ആര്‍ നീലകണ്ഠന്‍, കാനായി കുഞ്ഞിരാമന്‍, സിവിക് ചന്ദ്രന്‍, ഇരുമ്പന്‍ ഇമ്മാനുവേല്‍, പ്രൊഫ. എബ്രഹാം ജോസഫ്, പൊക്കുടന്‍, കെ കെ കൊച്ച്, ളാഹ ഗോപാലന്‍, കോട്ടയം കുഞ്ഞച്ചന്‍, പ്രൊഫ. കെ എം ബഹാവുദീന്‍, നത്ത് നാരായണന്‍, പി എ പൌരന്‍, പ്രൊഫ. അരവിന്ദാക്ഷന്‍, ഒ അബ്ദുറഹ്മാന്‍, വിളയോടി വേണുഗോപാല്‍, എം എ റഹ്മാന്‍, ലീലാകുമാരിയമ്മ, പാലാരിവട്ടം ശശി, അഡ്വ. ആര്‍ കെ ആശ, കാരി സതീശന്‍, ജോയ് കൈതാരത്ത്, അഡ്വ. ജയകുമാര്‍, ഡോ. സി എം ജോയ്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, മെമ്പര്‍ രമണന്‍, ഡോ. എം ബി മനോജ്, പി ഐ നൌഷാദ്, പി ബാബുരാജ്, സലീന പ്രക്കാനം, കെ കെ ബാബുരാജ്, എസ് സുശീലന്‍, ടി എസ് പണിക്കര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, ഇന്ത്യന്നൂര്‍ ഗോപി മാസ്റ്റര്‍, അനില്‍ കാതിക്കുടം, സി എസ് ജോര്‍ജ്മാസ്റ്റര്‍, കോത്താഴം കോദണ്ഡന്‍, എന്‍ യു ജോ, മുതലാംതോട് മണി, പി എ നാസിമുദീന്‍, വി സി സുനില്‍, ഇ എ ജോസഫ്, പി ഡി ജോസ്, അഡ്വ. മാത്യു തോമസ്, വി എസ് രാധാകൃഷ്ണന്‍, ആര്‍ പ്രകാശ്, രേഖാരാജ്, പി സി ഭാസ്കരന്‍, വയലാര്‍ ഗോപകുമാര്‍, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി, സുന്ദര്‍രാജന്‍, ശിവരാജന്‍ കോട്ടൂര്‍, കെ സി ശ്രീകുമാര്‍. ഈ മഹാസാംസ്കാരിക നായകര്‍ ഉയര്‍ത്തുന്ന ജനപക്ഷ ബദലിനാകണം കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും വോട്ടുചെയ്തിട്ടുണ്ടാകുക. ഇന്റര്‍ നെറ്റില്‍ കയറി നാല് ഡയലോഗ് കാച്ചിയാലും പത്രത്തില്‍ വാര്‍ത്തയെഴുതിയാലും സാംസ്കാരിക നായകനാകാം. പിന്നില്‍ ജമാ അത്തെ ഇസ്ളാമിയായാലും താലിബാനായാലും ഒപ്പിടാന്‍ ചില സാംസ്കാരിക നായകരെ കിട്ടും. അവര്‍ക്ക് എല്ലാം അറിയണമെന്നില്ലല്ലോ. അങ്ങനെ ഒന്നോരണ്ടോ പേര് ആദ്യം എഴുതിയാല്‍ പിന്നീട് ഒപ്പിടുന്ന ഏത് ഭാസ്കരനും സുകുമാരനാകാം. ഏതു സുകുമാരനും താന്‍ സച്ചിദാനന്ദനൊപ്പമാണെന്ന് തോന്നുകയുമാകാം. സമത്വമാണല്ലോ മഹത്തായ ബദല്‍ സങ്കല്‍പ്പം. ------------------ ആരെപ്പോലെ ആകാതിരിക്കാനാണ് താല്‍പ്പര്യമെന്ന ചോദ്യത്തിന് നെറ്റില്‍ കണ്ട മറുപടി ബീയാര്‍പിയെപ്പോലെ എന്നാണ്. അതൊരു മഹാനും വന്ദ്യ വയുവുമല്ലേ എന്നു തിരിച്ചുചോദിച്ചപ്പോള്‍ ബീയാര്‍പിയുമായി നടന്ന സംഭാഷണം തെളിവായി വന്നു. വിഷയം ജനകീയാസൂത്രണമാണ്. ബീയാര്‍പിയും നീലാണ്ടനും പറയുന്നു, വികേന്ദ്രീകരിക്കപ്പെട്ടത് അഴിമതിയാണെന്ന്. അത് സാധൂകരിക്കുന്ന ഒരു റിപ്പോര്‍ട്ടുണ്ട് പോലും. : ബീയാര്‍പി: ഒരു പഠന റിപ്പോര്‍ട്ടുണ്ട്. ചോ: അതിന്റെ ലിങ്ക് തരാമോ? ഉ: ഒന്നല്ല പല റിപ്പോര്‍ട്ടുകളുണ്ട്. ഞാന്‍ പലതും ഉദ്ധരിച്ചിരുന്നു. നെറ്റില്‍ കിട്ടുമോ എന്നറിയില്ല. ചോ: താങ്കള്‍ ആ റിപ്പോര്‍ട്ട് വായിച്ചിട്ടുണ്ടോ? ഉ: "ഈ ഇന്റര്‍വ്യൂ} എന്തിനാണ്? എനിക്ക് എന്തറിയാമെന്ന് അറിയാനോ എന്ത് അറിയില്ലെന്ന് അറിയാനോ?'' "പറയൂ, നിങ്ങള്‍ക്ക് എന്തറിയാം''. ഇതല്ലേ മാതൃക. റിട്ടയറായാലും അണയാത്ത അഗ്നി! നെറ്റില്‍ കണ്ടത്: പയ്യന്നൂരില്‍ വോട്ടിങ് യന്ത്രം തകര്‍ത്ത "ഏതോ ഒരാള്‍ക്കും'' മാട്ടൂലില്‍ ബൂത്ത് പിടിച്ച "ഒരുê സംഘം ആളുകള്‍ക്കും''ഇരിക്കൂറില്‍ ബൂത്തുപിടിച്ച "ഒരുê സംഘം ആളുകള്‍ക്കും'' പട്ടുവത്ത് ബൂത്ത് പിടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്നവരെ വല്ലാതെ സ്നേഹിക്കുകയുംചെയ്ത "മറ്റൊരുê സംഘം ആളുകള്‍ക്കും'' തില്ലങ്കേരിയില്‍ എന്തൊക്കെയോ ചെയ്ത "വേറൊരുê സംഘം ആള്‍ക്കാര്‍ക്കും'' മാതൃഭൂമിയുടെയും വീരന്റെയും അഭിവാദനങ്ങള്‍!

Friday, October 22, 2010

യു ഡി എഫ് വര്‍ഗ്ഗിയ കൂട്ടുകെട്ടിന്നെതിരെ നാടിനെ സ്നേഹിക്കുന്നവര്‍ ഒറ്റക്കെട്ടായി അണിനിരക്കുക

യു ഡി എഫ് വര്‍ഗ്ഗിയ കൂട്ടുകെട്ടിന്നെതിരെ നാടിനെ സ്നേഹിക്കുന്നവര്‍ ഒറ്റക്കെട്ടായി അണിനിരക്കുക

രാഷ്ട്രീയത്തില്‍ മത ഇടപെടലാകാമെന്ന യുഡിഎഫ് നിലപാട് കേരളത്തില്‍ വര്‍ഗ്ഗിയ കലാപങളുണ്ടാക്കാനുള്ള കോപ്പ് കൂട്ടാലാണെന്ന് തിര്ച്ചയായും സംശയിക്കേണ്ടിയിരിക്കുന്നു.. യുഡിഎഫുമായി ബന്ധമുള്ള പുരോഹിതരെ മുന്നില്‍ നിര്‍ത്തിയാണു സമൂഹത്തില്‍ അന്ത:ഛിദ്രമുണ്ടാക്കാന്‍ശ്രമിക്കുന്നത് ശ്രമിക്കുന്ന്ത്. ഈ മതതിവ്രവാദികളുമായിട്ടുള്ള യു ഡി എഫിന്റെ കൂട്ടുകെട്ട് തന്നെയാണു മാറാട് അടക്കമുള്ള നിരവധി വര്‍ഗ്ഗിയ കലാപങള്‍ക്ക് കേരളം സാക്ഷിയാകേണ്ടിവന്നത്....ഇന്ന് ബി ജെ പി അര്‍ എസ് എസ്, എന്‍ ഡി എഫ്,യുഡിഎഫിനു വേണ്ടി വര്‍ഗീയത ഇളക്കിവിടുന്നു പുരോഹിതന്മാര്‍ ഇവരെല്ലാം കൂടി നാടിനെ കുരുതിക്കളമാക്കാന്‍ പോകുന്നു . നാടിനെ സ്നേഹിക്കുന്നവര്‍ ഈ വര്‍ഗ്ഗിയ വിപത്തിന്നെതിരെ ഒറ്റക്കെട്ടായി അണിനിരക്കുക...നാടിനെ നാശത്തിലേക്ക് നയിക്കുന്ന,നാടിനെ വര്‍ഗ്ഗിയ തിവ്രവാദ‍ ശക്തികളുടെ വിളയാട്ട കേന്ദ്രമാക്കാന്‍ എല്ലാവിധ ഒത്താശകളും ചെയ്തുകൊടുക്കുന്ന യു ഡി എഫിന്റെ പരാജയം ഉറപ്പ് വരുത്തേണ്ടത് നാടിനെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണു

Thursday, October 21, 2010

ഞാന്‍ ആര്‍ക്ക് വോട്ടുചെയ്യണം?

ഞാന്‍ ആര്‍ക്ക് വോട്ടുചെയ്യണം?...



തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പടിവാതില്‍‌ക്കലെത്തി നില്‍ക്കുകയാണു.സ്വന്തം നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാനുള്ള അതിപ്രധാനമായ അവസരമാണ് ഓരോ പൌരനും കൈവന്നിരിക്കുന്നത്.അത് അത്യധികം വിവേകത്തോടെ ഉപയോഗിക്കുക എന്നത് നമ്മുടെ മാത്രമല്ല, ഭാവി തലമുറയുടെ കൂടി ശോഭനമായ ഭാവിക്ക് അത്യാവശ്യമാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇടത് പക്ഷവും വലതു പക്ഷവും നേര്‍ക്കു നേര്‍ പോരാടുന്ന ചരിത്രമാണു തിരഞ്ഞെടുപ്പുകള്‍ക്കുള്ളത്.കാലാകാലങ്ങളില്‍ രണ്ട് പക്ഷവും സംസ്ഥാനം മാറി മാറി ഭരിക്കുകയും ചെയ്തിട്ടുണ്ട്.( എന്നാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എന്നും ഇടതുപക്ഷത്തിനു ഒരു മേല്‍‌ക്കൈ ഉണ്ടായിരുന്നു)

ഇങ്ങനെ മാറി മാറിയുള്ള ഭരണം യഥാര്‍ത്ഥത്തില്‍ കേരളത്തിനു നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ?എന്താണു രണ്ടു മുന്നണികളും തമ്മിലുള്ള വികസന കാഴ്ചപ്പാടിലുള്ള വ്യത്യാസം? ആരാണു രാഷ്ട്രീയ ഇച്ഛാശക്തിയോടെ കേരളത്തിന്റെ വികസനവും ഭാവിയും മുന്‍‌കൂട്ടി കണ്ട് നയപരിപാടികള്‍ നടപ്പിലാക്കിയിട്ടുള്ളത്?

ഈ ഒരു ചിന്ത ഈ അവസാന നിമിഷത്തില്‍ അത്യധികം പ്രാധാന്യമുള്ള ഒന്നാണെന്ന് ഞാന്‍ കരുതുന്നു.അങ്ങനെ ഒരു വിശകലനത്തിലേക്ക് കടന്നാല്‍ 1957 മുതല്‍ ഇന്നു വരെ കേരളത്തിന്റെ വികസനത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നത് ഇടതുപക്ഷത്തിനു മാത്രമായിരുന്നു എന്ന് കാണാം

1957 മുതലുള്ള സര്‍ക്കാരുകളെ എടുത്താല്‍ ഇടതു പക്ഷം കേരളത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ക്ക് പകരം വയ്കാന്‍ മറ്റൊന്നില്ല.1957 ലെ സര്‍ക്കാരിന്റെ പ്രധാനപ്പെട്ട സംഭാവനയായ ഭൂപരിഷ്കരണ നിയമം , 25 ലക്ഷം വരുന്ന പാട്ടക്കുടിയാന്മാരെ ആണു മണ്ണിന്റെ അവകാശികളാക്കിയത്.അതുപോലെ തന്നെ സമഗ്രമായ വിദ്യാ‍ഭ്യാസ നിയമം, ഭരണപരിഷ്കരണ നടപടികള്‍ തുടങ്ങിയവയൊക്കെ ആ സര്‍ക്കാരിന്റെ സംഭാവനയാണ്.

ജനാധിപത്യത്തെ കശാപ്പു ചെയ്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ 1959 ല്‍ തന്നെ കേരളം കണ്ട മികച്ച പുരോഗമന സര്‍ക്കാരിനെ പിരിച്ചു വിട്ടാണു വികസനത്തോടും ജനാധിപത്യത്തോടുമുള്ള കൂറ് വ്യക്തമാക്കിയത്.

1987 ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാരിന്റെ സംഭാവനയാണ് “സമ്പൂര്‍ണ്ണ സാക്ഷരതാ പദ്ധതി” തുടര്‍ന്നു വന്ന ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ സാക്ഷരതാ പദ്ധതിയുടെ “തുടര്‍ വിദ്യാഭ്യാസ പദ്ധതി”യേയും മുക്കിക്കൊന്നു.

അധികാരവികേന്ദ്രീകരണത്തിലേക്കുള്ള സുപ്രധാനമായ മുന്നേറ്റം ആയിരുന്നു അതേ സര്‍ക്കാര്‍ കൊണ്ടു വന്ന “ജില്ലാകൌണ്‍സിലുകള്‍”.പിന്നീട് വന്ന ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ ജില്ലാകൌണ്‍സിലുകളെ അകാലത്തില്‍ പിരിച്ചു വിട്ടുകൊണ്ടാണ് ഒരിക്കല്‍ കൂടി ജനാധിപത്യത്തോടും അധികാര വികേന്ദ്രീകരണത്തോടുമുള്ള അവരുടെ ‘കൂറ് ‘വ്യക്തമാക്കിയത്.

പഞ്ചായത്തീരാജ് സമ്പ്രദായം ഏറ്റവും ഫലപ്രദമായ രീതിയില്‍ ഇന്‍‌ഡ്യയില്‍ നടപ്പിലാക്കിയത് ഇടതു സര്‍ക്കാരുകള്‍ ആണു 1978 ല്‍ തന്നെ പശ്ചിമ ബംഗാളില്‍ അത് നിലവില്‍ വന്നു.അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണു രാജീവ് ഗാന്ധി സര്‍ക്കാര്‍ ഈ ബില്‍ കൊണ്ടുവന്നത്.അതാകട്ടെ പഞ്ചായത്തീരാജ് സ്ഥാപനങ്ങളെ കേന്ദ്രം നേരിട്ട് നിയന്ത്രിക്കുമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നതിനാല്‍ പാസായതുമില്ല.വികേന്ദ്രീകരണത്തിന്റെ മറവില്‍ കേന്ദ്രീകരണം കൊണ്ടുവരികയായിരുന്നു ആ ബില്ലിലെ വ്യവസ്ഥ എന്നു കാണാം.

വികേന്ദ്രീകരണം എങ്ങനെ?

താഴേത്തട്ടിലേക്കു ജനാധിപത്യവും വികസനവും രാഷ്ട്രീയ അധികാരവും എത്തിക്കുന്നതിനുള്ള അതീവ സുപ്രധാനമായ നയപരിപാടി ആയിരുന്നു 1996 ല്‍ അധികാരത്തില്‍ വന്ന ഇടതു മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കിയ “ജനകീയാസൂത്രണം” വികേന്ദ്രീകരണത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പദ്ധതി വിഹിതത്തിന്റെ 40% തുക പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്ക് കൈമാറിയാണു ഇടതു പക്ഷം സ്വന്തം രാഷ്ട്രീയ ഇച്ഛാശക്തി കാണിച്ചത്.ചരിത്രത്തിലാദ്യമായി ജനങ്ങള്‍ അവര്‍ക്ക് വേണ്ടത് സ്വയം തീരുമാനിച്ചു.ഗ്രാമസഭകള്‍, അയല്‍ക്കൂട്ടങ്ങള്‍,സ്വാശ്രയ ഗ്രൂപ്പുകള്‍, കര്‍മ്മ സമിതികള്‍ എന്നിവ വഴി തിരുവനന്തപുരത്ത് നിശ്ചയിച്ചിരുന്ന വികസന അജണ്ട ജനങ്ങള്‍ തനിയെ കൈകാര്യം ചെയ്തു.ജനകീയാസൂത്രണത്തിന്റെ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ തന്നെ 3 ലക്ഷത്തിലേറെ വീടുകളും 4 ലക്ഷത്തിലേറെ കക്കൂസുകളും 4873 കി.മീ ജില്ലാറോഡുകളും 11863 കി.മീ പ്രാദേശിക റോഡുകളും നിര്‍മ്മിക്കപ്പെട്ടു.ഇതൊക്കെ അതാത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയതാണ്.

ജനകീയാസൂ‍ത്രണത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് കുടുംബശ്രീ..1998 ല്‍ തുടങ്ങിയ കുടുംബശ്രീ ഇന്നിപ്പോള്‍ ഏഷ്യയിലെ തന്നെ സ്ത്രീകളുടെ ഏറ്റവും വലിയ വനിതാ പ്രസ്ഥാനമാണ്..37 ലക്ഷം കുടുംബങ്ങളുടെ അത്താണിയാണു ഇന്ന് കുടുംബശ്രീ.കുടുംബശ്രീയുടെ ചില കണക്കുകള്‍ നോക്കൂ

അംഗങ്ങള്‍ - 37 ലക്ഷം
അയല്‍ക്കൂട്ടങ്ങള്‍ - 1.94 ലക്ഷം
വ്യക്തി ഗത തൊഴില്‍ സംരഭങ്ങള്‍ - 27853
പാട്ടകൃഷി - 46,444 കുടുംബങ്ങള്‍
കൃഷി ചെയ്യുന്ന സ്ഥലം,- 6,26,552 ഏക്കര്‍
നിര്‍മ്മിച്ച വീടുകള്‍ - 46,749
ആശ്രയ പദ്ധതിയിലൂടെ ആശ്വാസം കിട്ടിയവര്‍- 69,121
സ്പെഷല്‍ സ്കൂളുകള്‍ - 31
ബാല സഭകള്‍ - 52736
ആ‍കെ നല്‍കിയിരിക്കുന്ന വായ്പകള്‍ - 3958.43 കോടി രൂപ.......

ഇന്നു ഏറ്റവും വലിയ സ്വയം സഹായ സംഘമായി ഇതു വളര്‍ന്നിരിക്കുന്നു.അധികാര വികേന്ദ്രീകരണത്തിന്റെ ഏറ്റവും വലിയ താങ്ങ് ഇന്നു “കുടുംബശ്രീ” ആണെന്ന് നിസംശയം പറയാം.ഇടതു പക്ഷ പാര്‍ട്ടികളുടെ ദീര്‍ഘവീക്ഷണത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണു ഇത്.വീകേന്ദ്രീകരണത്തെയും വികസനത്തെയും ഇടതു കക്ഷികള്‍ എങ്ങനെ സമീപിക്കുന്നു എന്നത് വിശദമാക്കാന്‍ വേണ്ടി മാത്രമാണു ഇത്രയും പറഞ്ഞത്.

ഈ വികേന്ദ്രീകരണപ്രക്രിയ നേടിത്തന്നത് വമ്പിച്ച സ്ത്രീ ശാക്തീകരണമാണ്.വീട്ടിനുള്ളില്‍ തളക്കപ്പെട്ടിരുന്ന പതിനായിരക്കണക്കിനു സ്ത്രീകളാണു അധികാരത്തിന്റെ പാതയിലേക്ക് നടന്നുകയറിയത്.കുടുംബശ്രീ അവരുടെ സന്തതിയാണ്..ആ സ്ത്രീ ശാക്തീകരണത്തിനു കൂടുതല്‍ മിഴിവേകിക്കൊണ്ടാണു 50% സംവരണം തദ്ദേശസ്ഥാപനങ്ങളില്‍ ഇടതു സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് നല്‍കുന്നത്..ഏതെങ്കിലും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് ഇങ്ങനെയൊന്ന് അവകാശപ്പെടാന്‍ സാധിക്കുമോ?

ഇങ്ങനെ അര്‍പ്പണബോധത്തോടെ ജനപക്ഷത്തുനിന്നുള്ള വികസന പരിപാടികളാണു ഇടതു പക്ഷ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നത്.ഐശ്വര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പെടുക്കുന്നതിനായി ദീര്‍ഘവീക്ഷണത്തോടെയുള്ള ചുവടു വയ്പാണു നടത്തിക്കൊണ്ടിരിക്കുന്നത്.കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് ഇടതു സര്‍ക്കാര്‍ ചെയ്ത ചില കാര്യങ്ങളിലേക്ക് ഒന്ന് കണ്ണോടിച്ചാല്‍ തന്നെ അതു മനസ്സിലാവും

നിരന്തരമായി ട്രഷറികള്‍ അടച്ചിട്ടിരുന്ന ഒരു സാമ്പത്തിക സാഹചര്യത്തിലാണു യു ഡി എഫില്‍ നിന്ന് ഈ സര്‍ക്കാര്‍ അധികാരം നേടിയെടുക്കുന്നത്..കഴിഞ്ഞ 4 വര്‍ഷം കൊണ്ട് ഉണ്ടായ പ്രധാനമായ മാറ്റവും സാമ്പത്തിക രംഗത്തുതന്നെ.ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ കാലത്തുപോലും പിടിച്ചു നില്‍ക്കുക മാത്രമല്ല ഒരൊറ്റ ദിവസം പോലും ട്രഷറി പൂട്ടിയിടേണ്ടിയും വന്നിട്ടില്ല..

നികുതി പിരിവിലെ സര്‍വകാല റെക്കോഡാണു.അഖിലേന്ത്യാ തലത്തില്‍ 8% മാത്രം നികുതി പിരിവില്‍ വര്‍ദ്ധനവ് ഉണ്ടായപ്പോള്‍ കേരളത്തില്‍ അത് 32% ശതമാനമാണ്.ദേശീയ ശരാശരിയുടെ നാലുമടങ്ങ്.കേരളത്തിന്റെ സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള വിശദമായ ഒരു അഭിമുഖം ‘കലാകൌമുദി’യിലെ വി.ഡി ശെല്‍‌വരാജ് ധനമന്ത്രിയുമായി നടത്തിയിരുന്നു.അത് ഇവിടെ കാണാം.

നാലരവര്‍ഷക്കാലത്തെ ചില പ്രധാന നേട്ടങ്ങള്‍ കാണൂ


36 ലക്ഷം കുടുംബങ്ങള്‍ക്ക് 2 രൂപക്ക് അരി.തൊഴിലുറപ്പ് പദ്ധതിയില്‍ 50 ദിവസം ജോലിചെയ്തവര്‍ക്കും 2 രൂപക്ക് അരി..അങ്ങനെ 41 ലക്ഷം കുടുംബങ്ങള്‍ക്ക് ഈ സഹായം.

25ലക്ഷം വരുന്ന പ്രവാസികള്‍ക്ക് ( കേരളത്തിനു വെളിയില്‍ ഉള്ളവര്‍ക്കും ഭാരതത്തിനു വെളിയില്‍ ഉള്ളവര്‍ക്കും) ക്ഷേമനിധി.
2011 ഓടെ കേരളത്തില്‍ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യവുമായി ഇ എം എസ് ഭവന നിര്‍മ്മാണ പദ്ധതി
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന സമയത്ത് കര്‍ഷക ആതമഹത്യ് നിത്യ സംഭവമായിരുന്നു.കര്‍ഷകര്‍ക്കായി “കാര്‍ഷിക കടാശ്വാസ നിയമം”.ഒട്ടനവധി ക്ഷേമ പദ്ധതികള്‍.കര്‍ഷക ആത്മഹത്യകള്‍ ഇപ്പോള്‍ പഴങ്കഥകള്‍
2011 ഓടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം.പാലക്കാട് ജില്ല ആദ്യത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ ജില്ല ആയിക്കഴിഞ്ഞിരിക്കുന്നു.തൃശ്ശൂര്‍ ,കോഴിക്കോട് ജില്ലകള്‍ തൊട്ടു പിന്നാലെ
40,000 കോടി രൂപയ്കുള്ള പൊതുമേഖലാ കമ്പനി ഓഹരികള്‍ വിറ്റു കാശാക്കി കേന്ദ്രസര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ ഇവിടെ ഈ കൊച്ചു കേരളത്തില്‍ ആ‍കെയുള്ള 37 പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നു..ഭാരതത്തിനു തന്നെ ഇത് മാതൃകയാവുന്നു.( ലിങ്ക് കാണുക).
പൊതുമേഖലയിലെ ലാഭം കൊണ്ട് പുതിയ 8 പൊതുമേഖലാ സ്ഥാപനങ്ങള്‍

മികച്ചക്രമസമാധാനപാലനത്തിനു കേരളത്തിനു ദേശീയതലത്തില്‍ അവാര്‍ഡ്
സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം മെച്ചപ്പെടുത്തി.
ആദ്യമായി ഹെല്‍ത്ത് യൂണിവേര്‍സിറ്റി.ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസ് നിര്‍ത്തലാക്കി
35 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
സമസ്ത മേഖലയിലേയും ക്ഷേമനിധി തുക വര്‍ദ്ധിപ്പിച്ചു.കുറഞ്ഞത് 300രൂ.എല്ലാ കുടിശിഖകളും കൊടുത്തു തീര്‍ത്തു
മലബാര്‍ ദേവസ്വം ബോര്‍ഡ് രൂപികരിച്ചു.മദ്രസകളിലെ മുല്ലാമാര്‍ക്ക് ക്ഷേമനിധി രൂപീകരിച്ചു.
സഹകരണമേഖലയിലെ നിക്ഷേപം ഇരുപതിനായിരം കോടിയില്‍ നിന്നും അറുപതിനായിരം കോടിയായി.
പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ നടപടികള്‍ എടുത്തു.

നാലു വര്‍ഷത്തെ വികസന നേട്ടങ്ങളുടെ വിശദവിവരങ്ങള്‍ ഇവിടെ കാണാം ( ലിങ്ക് )

കേരളസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ദേശീയ തലത്തില്‍ അംഗീകാരം നേടിയിട്ടുണ്ട്.മികച്ച സംസ്ഥാനത്തിനുള്ളതടക്കം ഒട്ടനവധി അവാര്‍ഡുകളാണു ഈ സര്‍ക്കാര്‍ നേടിയെടുത്തത്.


( ഫോട്ടോയില്‍ ഞെക്കിയാല്‍ വലുതായി കാണാം)

ആഗോളവല്‍ക്കരണ നയങ്ങളും ആസിയാന്‍ കരാറുകളും നടുവൊടിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍, കേന്ദ്രസര്‍ക്കാരിനു കീഴില്‍ , അതിന്റെ സാമ്പത്തിക നയങ്ങള്‍ക്കനുസൃതമായി മാത്രം ഭരിക്കാന്‍ സാധിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇതില്‍പ്പരം എന്താണു പ്രതീക്ഷിക്കാനുള്ളത്? ഈ നേട്ടങ്ങള്‍ കടന്നു വന്നത് ഒരു പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണെന്ന് കാണാം.

ഇതിനു ഒരു തുടര്‍ച്ച ആവശ്യമില്ലേ? ജനങ്ങളോട് പ്രതിബദ്ധത കാണിക്കുന്ന ഒരു സര്‍ക്കാരിനു കീഴില്‍ മികച്ച സേവനങ്ങള്‍ നടത്തുന്ന പഞ്ചായത്ത് ഭരണസമിതികളല്ലേ നമുക്കാവശ്യം?

അതുകൊണ്ടു തന്നെ“ഞാന്‍ ആര്‍ക്ക് വോട്ട് ചെയ്യണം” എന്ന ചോദ്യത്തിനു ഒറ്റ ഉത്തരമേയുള്ളൂ.. എന്റെ വോട്ട് ഇടതു പക്ഷത്തിനു തന്നെ.സ്വന്തം ഭാഗധേയം നിര്‍ണ്ണയിക്കുന്ന ഈ വേളയില്‍ ഒരു നിമിഷം ചിന്തിക്കൂ..ആരെയാണു നമുക്ക് വേണ്ടത്..? ജനപക്ഷത്തു നില്‍ക്കുന്ന ഇടതുപക്ഷത്തെയോ അതോ ആഗോളവല്‍ക്കരണത്തിന്റെ പിണിയാളുകളായ കോണ്‍ഗ്രസ് പക്ഷത്തെയോ?

ചിന്തിക്കൂ..ഇനിയും സമയം വൈകിയിട്ടില്ല..ഓരോ വിലയേറിയ സമ്മതിദാനാവകാശവും ഇത്തവണയും ഇടതുപക്ഷത്തിനാകട്ടെ ...!!!
സുനിൽ കൃഷ്ണൻ(Sunil Krishnan) http://kaanaamarayathu.blogspot.com

Wednesday, October 20, 2010

അന്താരാഷ്ട്ര വേദിയില്‍ എന്‍ഡോസള്‍ഫാനുവേണ്ടി നിലകൊല്ലുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്നെതിരെ ശക്തമായി പ്രതിഷേധിക്കുക.

അന്താരാഷ്ട്ര വേദിയില്‍ എന്‍ഡോസള്‍ഫാനുവേണ്ടി നിലകൊല്ലുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്നെതിരെ ശക്തമായി പ്രതിഷേധിക്കുക.


കാസര്‍കൊട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ എന്ന മാരക കീട നാശിനീ തെളിച്ചതു കൊണ്ട് നാളുകള്‍ ഏറെയായീ പതിനായിരക്കണക്കിന്ന് ജനങളാണു തീരാ ദുരിതം അനുഭവി ക്കുന്നത്. ജനങളുടെ നിരന്തരമായ പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തില്‍ എന്‍ഡൊസള്‍ഫാന്‍ എന്ന കീടനാശിനി ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 2002 മുതല്‍ നിരോധിച്ചിരിക്കയാണു. അതോടോപ്പം ദുരിതബാധിതര്‍ക്ക് ചെറിയ തോതിലെങ്കിലും ധന സഹായവും ചികിത്സയും നല്കാനുള്ള തീരുമാനവുമായി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന അവസരത്തില്‍ എന്‍ഡോ സള്‍ഫാന്റെ നിരോധനം എടുത്ത് കളയുന്നതിന്ന് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നുവെന്നത് അത്യന്തം പ്രതിഷേധാര്‍ഹവും ഒരു കാരണവശാലും അനുവദിച്ച് കൊടുക്കാന്‍ പാടില്ലാത്തതുമാണു
കാസര്‍കൊട് ജില്ലയിലെ പ്ലാന്റേഷന്‍ കോര്‍പൊറെയ്ഷന്റെ കശുമാവിന്‍ തോട്ടങ്ങളില്‍ ഇരുപത് വര്‍ഷ ക്കാലമായി മാരക വിഷമുള്ള ഈ കീട നാശിനി തുടര്‍ച്ചയായി ഉപയോഗിച്ചതു മൂലം ദുരിതം അനുഭവി ക്കേണ്ടി വന്നവരുടെ സ്ഥിതി ഇന്ന് അത്യന്തം ശോചനിയമാണു.
ഈ കശുമാവിന്‍ തോട്ടത്തിനോട് ചേര്‍ന്നു കിടക്കുന്ന പതിനഞ്ചിലേറേ പഞ്ചായത്തുകളീലെ വലിയൊരു ജന വിഭാഗം വിഷ ലിപ്തമായ ഈ കിട നാശിനിയുടെ ദുരന്ത ഫലങ്ങള്‍ അനുഭവിച്ച് മരിച്ച് ജീവിക്കുന്നവരാണ്. ഇവിടെ ജീവിച്ചി രിക്കുന്നവരും, ജനിക്കാന്‍ പോകുന്നവരും, ഈ മാരക വിഷം ഏല്‍പിച്ച ദുരിതത്തില്‍ നിന്ന് വിമുക്തരല്ല. ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ സംഭവിക്കുക, മാനസിക വളര്‍ച്ച എത്താതിരിക്കുക, പിഞ്ചു കുഞ്ഞുങ്ങള്‍ പോലും മരണപ്പെടുക, അംഗ വൈകല്യം സംഭവിക്കുക, ബുദ്ധി മാന്ദ്യം സംഭവിക്കുക, ഗര്‍ഭം അലസി പോകുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഈ പതിനഞ്ചിലേറെ പഞ്ചായത്തിലെ ജനങ്ങള്‍ സഹിച്ചു കൊണ്ടിരിക്കുന്നത്. എന്ഡോസള്‍ഫാന്‍ എന്ന മാരക വിഷം വിതച്ച ഈ ദുരിതം എത്ര തലമുറകള്‍ കഴിഞ്ഞാലും തീരില്ലായെന്നാണു കരുതേണ്ടി യിരിക്കുന്നത്.
ഔദ്യോഗിക കണക്കനുസരിച്ച് രണ്ടായിരത്തില്‍ പരം ആളുകള്‍ ഈ മാരക കീടനാശിനിയുടെ ദുരന്ത ഫലങ്ങള്‍ ഏറ്റു വാങ്ങി മരിച്ച് ജീവിച്ച് കൊണ്ടി രിക്കുന്നവരാണ്. ആയിര ക്കണക്കിന് ജനങ്ങള്‍ക്ക് അംഗ വൈകല്യവും മാനസിക പ്രശ്നങ്ങളും കൊണ്ട് അവരുടെ ജീവിതം തന്നെ ഇന്ന് വഴി മുട്ടിയിരിക്കുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ എന്ഡോ സള്‍ഫാന്‍ കൊന്ന് കളഞ്ഞത് നാലായിരത്തോളം പേരെയാണ്.
ലോകത്ത് ഒട്ടേറെ രാജ്യങളില്‍ എന്‍ഡോസള്‍ഫാന്‍ മനുഷ്യ ജീവനു ഭിഷണി ഉയര്‍ത്തുന്ന മാരക വിഷമുള്ള കീട നാശിനി ആണെന്ന് പ്രഖ്യാപിച്ചിട്ടും, ഇതൊന്നും കണക്കി ലെടുക്കാ തെയാണ് കാസര്‍കോട്ടെ പ്ലാന്റേഷന്‍ കോര്‍പ്പൊറെയ്ഷന്‍ കശുമാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോ സള്‍ഫാന്‍ തളിച്ചിരുന്നത്. ഈ ദുരന്തം സര്ക്കാര്‍ പാവപ്പെട്ട കാസര്‍ക്കോട്ടെ ജനതക്കു മേല്‍ അടിച്ചേല്‍പ്പി ക്കുകയായിരുന്നു. ഒരു ജനതയെ ആകെ തീരാ ദുരിതത്തിലേക്ക് തള്ളി വിട്ടവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകുന്നി ല്ലായെന്നത് ദുഖകരമാണ്.
ആര്‍ക്ക് വേണ്ടിയായിരുന്നു ഈ മനുഷ്യ ക്കുരുതി നടത്തിയത്. അതു കൊണ്ട് നാം എന്തു നേടി. ബഹു രാഷ്ട്ര കമ്പനിയുടെ വിഷം വാങ്ങിച്ച് പതിനായിരങ്ങളെ ജിവച്ഛവങ്ങളാക്കി, ആയിരങ്ങളെ അംഗ ഭംഗം സംഭവിച്ചവരും അനാഥരുമാക്കി, ആയിരങ്ങളെ മരണത്തിലേക്ക് തള്ളി വിട്ടു. ഇന്ത്യയുടെ ചരിത്രത്തില്‍ മനുഷ്യന്‍ അറിഞ്ഞു കൊണ്ട് വരുത്തി വെച്ച ഇതിലും വലിയൊരു ദുരന്തമില്ല. കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ അര ലക്ഷം ലിറ്ററിലേറെ വിഷ ലായിനിയാണ്‍്‌ കാസര്‍കോട്ടെ കശുമാവിന്‍ തോട്ടങ്ങളില്‍ തളിച്ചിട്ടു ള്ളതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.
കേരളത്തിലെ ഇടതു പക്ഷ പ്രസ്ഥാനങ്ങളും, വിവിധ സംഘടനകളും നിരന്തരമായി പ്രക്ഷോഭങ്ങള്‍ നടത്തിയതിന്റെ ഫലമായി ട്ടാണ് സര്‍ക്കാര്‍ എന്‍ഡോ സള്‍ഫാന്‍ നിര്‍ത്താന്‍ ഇടയായത്.
എന്നാല്‍ ഇന്നും കേന്ദ്ര കൃഷി വകുപ്പ് മന്ത്രിക്ക് എന്‍ഡോസള്‍ഫാന്റെ ദുരിതങ്ങളെയും ദുരന്തങ്ങളെയും പറ്റി മനസ്സിലായിട്ടില്ല. അദ്ദേഹമിന്നും എന്‍ഡോ സള്ഫാന്‍ തുടര്‍ന്നും ഉപയോഗി ക്കുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള അഹന്തയും അഹങ്കാരവും നിറഞ്ഞ ഭരണാധി കാരികളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത നടപടികളാണ് പതിനായിരങ്ങളെ തിരാ ദുരിതങ്ങളിലേക്ക് തള്ളി വിടുന്നത്.
എന്നാല്‍ ഈ അടുത്ത സമയത്ത് ജനീവയില്‍ വെച്ച് അത്യപകടകാരികളായ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് നടന്ന 29 രാജ്യങ്ങളുടെ ചര്‍ച്ചാ യോഗത്തില്‍ ഇന്ത്യമാത്രമാണു കീടനാശിനിക്കമ്പനികളുടെ താല്‍പര്യസംരക്ഷണത്തിന് അനുകൂലമായ നിലപാട് സ്വികരിച്ചത്.ഒരു അന്താരാഷ്ട്രവേദിയില്‍ കീടനാശിനി കമ്പനികളെ ന്യായീകരിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ തയ്യാറായത് ജനങളുടെ വ്യാപകമായ പ്രതിഷേധത്തിന്ന് ഇടവരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വേദിയില്‍ എന്‍ഡോസള്‍ഫാനുവേണ്ടി നിലകൊണ്ട കേന്ദ്രസര്‍ക്കാര്‍ മനുഷ്യനെ ഇല്ലാതാക്കാന്‍ വേണ്ടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു കേരള സര്‍ക്കാര്‍ ഈ കീടനാശിനി നിരോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ഇന്നുവരെ ഈ പ്രശ്നത്തോട് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തത് ഈ മാരക വിഷം ഉല്പ്പാദിപ്പിക്കുന്ന കമ്പനികളുമായിട്ടുള്ള അവിഹിത ബന്ധം തന്നെയാണു.ഈ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ ഇവിടത്തെ ജനങളില്‍ നിരവധി പരിക്ഷണങളും നിരിക്ഷണങളും നടത്തിയിട്ടുണ്ട്. കാസര്‍കോടിനടുത്ത് പഡ്രെ എന്ന ഗ്രാമത്തിലെ ആറു പേരുടെ രക്തസാമ്പിള്‍ ദല്‍ഹിയിലെ സി.എസ്.ഇ ലാബില്‍ പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് നേരത്തെ പ്രസിദ്ധീകരിച്ചതാണ്. ഇതുകൂടാതെ മറ്റ് ചില പഠനങ്ങളും കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുണ്ട്. എന്നിട്ടും ഇതൊന്നും കണ്ടില്ലായെന്ന് നടിക്കുന്ന ഇവരുടേ നിലപാട് അത്യന്തം കുറ്റകരമാണ്. സിഎസ്.ഇ യുടെ റിപ്പോര്‍ട്ടിലെ പ്രധാനമായ ചില കണ്ടെത്തലുകള്‍. 1. മുതക്ക എന്ന വൃദ്ധയുടെ രക്തസാമ്പിളില്‍ 196.47 പി.പി.എം എന്‍ഡൊ സള്‍ഫാന്റെ അംശം കണ്ടെത്തി. വെള്ളത്തില്‍ ഇതിന്റെ അനുവദനീയമായ അളവ് 0.18 പി.പി.എം മാത്രമാണ്. രക്തത്തില്‍ ഇത് ഒട്ടും പാടില്ല. വെള്ളത്തില്‍ അനുവദനീയമായതിന്റെ 900 ഇരട്ടി അധികമാണ് മുതക്കയുടെ രക്തസാമ്പിളില്‍ കണ്ടെത്തിയത്. 2. മറ്റ്അഞ്ചു പേരുടെ രക്തസാമ്പിളുകളിലും ഇതേ പോലെഅപകടകരമായ അളവില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി. 3. ഇവിടുത്തെ അമ്മമാരുടെ മുലപ്പാലിലും അപകടകരമായ തോതില്‍ കീടനാശിനി കണ്ടെത്തി.4. മുലപ്പാലില്‍ 22.40 പി.പി.എം ആണെങ്കില്‍ പശുവിന്‍പാലില്‍ ഇത് 57.20 പി.പി.എം ആയിരുന്നു. 5. വെള്ളം, വെണ്ണ, പച്ചക്കറികള്‍, കശുവണ്ടി, തവള, മത്സ്യം, മണ്ണ് എന്നിവയിലും അപകടകരമായ തോതില്‍ കീടനാശിനി കണ്ടെത്തി. ഈ സഹചര്യത്തില്‍ മനുഷ്യനു ജീവിക്കാന്‍ പറ്റാത്ത സ്ഥിതി വിശേഷം സംജാതമായിരിക്കുന്നു.മനുഷ്യര്‍ വേണ്ട, കീടനാശിനി കമ്പനി മതിയെന്ന ചിലരുടെ നിലപാടിന്നെതിരെ ജനങളുടെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണം. ഈ മാരകവിഷം ഉണ്ടാക്കുന്ന വിഷമതകളും ബുദ്ധിമുട്ടുകളും എല്ലാവര്‍ക്കും അറിയാവുന്നതാണ്.

കേരളത്തിലെ പൊതുവിതരണം പ്രശംസനീയം: സുപ്രീം കോടതി


കേരളത്തിലെ പൊതുവിതരണം പ്രശംസനീയം: സുപ്രീം കോടതി.
.


ന്യൂഡല്‍ഹി: കേരളത്തിലെ പൊതുവിതരണ സമ്പ്രദായത്തിന് സുപ്രീംകോടതിയുടെ പ്രശംസ. 35 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ 35 കിലോ അരി നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയെ ജസ്റ്റിസുമാരായ ദല്‍വീര്‍ ഭണ്ഡാരി, ദീപക് വര്‍മ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് അഭിനന്ദിച്ചു. പൊതുവിതരണത്തിന് നല്‍കാതെ, ഭക്ഷ്യധാന്യം നശിക്കാന്‍ ഇടവരുത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയില്‍ കേരളത്തിന്റെ വാദവും സത്യവാങ്മൂലവും പരിഗണിക്കവെയാണ് കേരള സര്‍ക്കാരിന് അഭിമാനകരമായ പരാമര്‍ശം സുപ്രീംകോടതിയില്‍നിന്നുണ്ടായത്. വീടുവീടാന്തരം കയറിയിറങ്ങി ബിപിഎല്‍ കുടുംബങ്ങളെ കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ നടത്തിയ സര്‍വേയെയും കോടതി അഭിനന്ദിച്ചു. മികവുറ്റ നടപടിയാണിത്. കേരളസര്‍ക്കാര്‍ പ്രശംസ അര്‍ഹിക്കുന്നു-കോടതി പറഞ്ഞു. ബിപിഎല്‍, എപിഎല്‍ ഭേദമില്ലാതെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും റേഷന്‍ നല്‍കുന്നതിന് കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ അരി ലഭ്യമാക്കാന്‍ കോടതി നിര്‍ദേശം നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം അന്തിമ ഉത്തരവ് ഇറക്കുന്ന ഘട്ടത്തില്‍ ഗൌരവമായി പരിഗണിക്കാമെന്ന് കോടതി ഉറപ്പുനല്‍കി. കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 15.5 ലക്ഷം കുടുംബങ്ങളാണ് ബിപിഎല്‍, അന്ത്യോദയ അന്ന യോജന (എഎവൈ) വിഭാഗത്തില്‍ പെടുന്നത്. എന്നാല്‍, കേരളം നടത്തിയ ശാസ്ത്രീയ സര്‍വേ പ്രകാരം ഈ വിഭാഗത്തില്‍ പെടുന്നവരുടെ എണ്ണം 20.61 ലക്ഷമാണ്. കേന്ദ്ര കണക്കിലും അധികമുള്ള അഞ്ചു ലക്ഷത്തിലേറെ പേര്‍ക്കു നല്‍കാനുള്ള ഭക്ഷ്യധാന്യം കേന്ദ്രം നല്‍കുന്നില്ല. അതിനാല്‍, യഥാര്‍ഥ ബിപിഎല്‍, എഎവൈ പട്ടികയില്‍ പെടുന്നവര്‍ക്ക് ഭക്ഷ്യധാന്യം നല്‍കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് സംസ്ഥാനസര്‍ക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോസല്‍ ജി പ്രകാശ് ആവശ്യപ്പെട്ടു. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും റേഷന്‍ നല്‍കാനുള്ള സംവിധാനത്തിനാണ് കേരളം ശ്രമിക്കുന്നത്. സംസ്ഥാനത്തെ മൊത്തം ഭക്ഷ്യധാന്യ ഉപഭോഗത്തിന്റെ 15 ശതമാനം മാത്രമാണ് കേരളം ഉല്‍പാദിപ്പിക്കുന്നത്. അതിനാല്‍, കേന്ദ്രത്തെയും അന്യസംസ്ഥാനങ്ങളെയും ആശ്രയിച്ചാണ് കേരളം കഴിയുന്നത്. എന്നിട്ടും 35 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് രൂപയ്ക്ക് അരി നല്‍കുന്നു. 21.17 കോടി രൂപയാണ് ഇതുമൂലം സംസ്ഥാനത്തിനുള്ള അധികബാധ്യത. കേരളത്തില്‍ റേഷന്‍ സമ്പ്രദായം സമഗ്രമാണ്. കാര്‍ഡുടമയുടെ ഫോട്ടോ ഉള്‍പ്പെടുന്ന റേഷന്‍ കാര്‍ഡും മറ്റും നല്‍കിയിട്ടുണ്ട്. റേഷന്‍ കടകള്‍ കൃത്യമായി തുറന്നുപ്രവര്‍ത്തിക്കുന്നു. കേന്ദ്രം അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാറുമുണ്ട്. എന്നിട്ടും ആവശ്യത്തിന് ഭക്ഷ്യധാന്യം നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ഇതിനെതിരെ മന്ത്രിമാര്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെത്തി സമരം ചെയ്തിട്ടുണ്ട്-കേരളം കോടതിയെ അറിയിച്ചു. ഭക്ഷ്യധാന്യങ്ങള്‍ പൊതുവിതരണത്തിന് നല്‍കാതെ നശിക്കാന്‍ അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നേരത്തെ, നശിക്കാനിടയാക്കാതെ ഭക്ഷ്യധാന്യങ്ങള്‍ പാവങ്ങള്‍ക്ക് സൌജന്യമായി വിതരണം ചെയ്യണമെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നിട്ടും ഭക്ഷ്യധാന്യങ്ങള്‍ നശിക്കുകയാണെന്നും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ മാത്രമായി 70,000 ട ഭക്ഷ്യധാന്യമാണ് നശിച്ചതെന്നും സുപ്രീംകോടതി തിങ്കളാഴ്ച പറഞ്ഞു.

യുഡിഎഫിന്റെ പിന്‍തിരിപ്പന്‍ നശീകരണനയത്തെ പരാജയപ്പെടുത്തി, സുതാര്യവും ജനക്ഷേമകരവുമായ നയങ്ങള്‍ തുടരാന്‍ കേരളത്തിന്റെ പുരോഗതി ഉറപ്പാക്കാന്‍ എല്‍ ഡി എഫ്

യുഡിഎഫിന്റെ പിന്‍തിരിപ്പന്‍ നശീകരണനയത്തെ പരാജയപ്പെടുത്തി, സുതാര്യവും ജനക്ഷേമകരവുമായ നയങ്ങള്‍ തുടരാന്‍ കേരളത്തിന്റെ പുരോഗതി ഉറപ്പാക്കാന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക.



ഒക്ടോബര്‍ 23, 25 തീയതികളില്‍ നടക്കാനിരിക്കുന്ന പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കേരള ജനത തയ്യാറെടുത്തുകഴിഞ്ഞു. വ്യക്തമായ രാഷ്ട്രീയ നയങ്ങളോടുകൂടിയ രണ്ടു മുന്നണികള്‍ ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പില്‍ അവരുടെ മുന്നിലുള്ള ചോദ്യം ഇതാണ്. പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കിക്കൊണ്ട് സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന യുഡിഎഫിനെ സ്വീകരിക്കണമോ? അതോ പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് എതിരായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന എല്‍ഡിഎഫിനെ സ്വീകരിക്കണമോ?
തീര്‍ച്ചയായും ജനക്ഷേമ പരിപാടികളുമായി മുന്നോട്ട് നീങുന്ന എല്‍ഡിഎഫ് സര്‍ക്കാറിനെ നിലനിര്‍ത്താനും ജനോപകാരപ്രദമായ നയങള്‍ തുടരാനും കേരളത്തിലെ വിവരവും വിവേകവുമുള്ള പ്രബുദ്ധരായ ജനങള്‍ ആഗ്രഹിക്കുന്നു.ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ ഈ എം എസ് ഭവന പദ്ധ തിയിലൂടെ വീട് ഇല്ലാത്തവര്‍ക് വീടും,2 രൂപക്ക് എ പി എല്‍ , ബി പി എല്‍ നോക്കാതെ അരിയും നല്‍കി വില വര്‍ധന പിടിച്ചു നിറുത്തുകയും , കര്‍ഷക വായ്പ എഴുതി തള്ളി കര്‍ഷക ആത്മ ഹത്യ ഇല്ലാതാക്കുകയും ചെയ്തടക്കമുള്ള കാര്യങള്‍ ഉയര്‍ത്തി പിടിച്ചാണു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരെ സ്മീപിക്കുന്നത്..ഇടതുപക്ഷ ജനാദിപത്യമുന്നണി സര്‍ക്കാറിന്റെ നയങളെ അവര്‍ നടപ്പാക്കിയ പരിപാടികളെ അത്യന്തം സന്തോഷത്തോടെ സ്വാഗതം ചെയ്യുന്ന ജനങള്‍ ഈ തദ്ദേശ സ്വയം ഭരണ തിരെഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തൊടെ ജയിപ്പിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയിക്കാനില്ല....ജനങള്‍ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണല്ലോ കാര്യങള്‍ നിശ്ചയിക്കുന്നത്.
1957 മുതല്‍ കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഈ രണ്ട് നയങ്ങളും അവയെ ആസ്പദിച്ച രണ്ട് മുന്നണികളും കാഴ്ചവെച്ച ഭരണ മാതൃകകളുടെ അനുഭവം മുന്നിലുള്ളപ്പോള്‍ ഇവയിലേതിനെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് സംശയമുണ്ടാവില്ല. വികസനോന്മുഖവും ജനക്ഷേമകരവും സുസ്ഥിരവുമായ ഭരണം കാഴ്ചവെയ്ക്കുന്ന എല്‍ഡിഎഫിനെയാണവര്‍ ഹാര്‍ദ്ദമായി സ്വീകരിക്കുക. ജനദ്രോഹകരമായ നയങ്ങളും ദുര്‍ഭരണവും തമ്മിലടിയും കുതികാല്‍വെട്ടുംകൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച് ജനങ്ങളില്‍ നിന്നകന്ന യുഡിഎഫ്, ഒരു ഭാഗത്ത് ജമാഅത്തെ ഇസ്ളാമിയേയും എന്‍ഡിഎഫിനേയും എസ്ഡിപിഐയേയും മറുഭാഗത്ത് ബിജെപി-ആര്‍എസ്എസ് സംഘങ്ങളെയും കൂട്ടുപിടിച്ച്, എല്ലാവിധ വര്‍ഗ്ഗീയ ശക്തികളെയും അണിനിരത്തിക്കൊണ്ടാണ് എല്‍ഡിഎഫിനെ നേരിടാന്‍ ശ്രമിക്കുന്നത്. മാര്‍ക്സിസ്റ്റ് വിരോധം മാത്രം കൈമുതലായുള്ള വിരലിലെണ്ണാവുന്ന ചില പുരോഹിതന്മാരുടെ ഇടയലേഖനങ്ങളും അവര്‍ക്ക് തുണയ്ക്കുണ്ട്. എല്ലാ എല്‍ഡിഎഫ് വിരുദ്ധരേയും ഒന്നിപ്പിച്ചണിനിരത്തുന്നതിനായി അവര്‍, പല മണ്ഡലങ്ങളിലും അരാഷ്ട്രീയ വേഷംകെട്ടി, കൈപ്പത്തിയും കോണിയും ഉപേക്ഷിച്ച് "മാങ്ങയും'' "തേങ്ങയും'' "ആപ്പിളും'' ചിഹ്നമായി സ്വീകരിക്കുന്നു.
1957ലെ ഇ എം എസ് ഗവണ്‍മെന്റ് നടപ്പാക്കിയ ജനക്ഷേമ നടപടികളെയെല്ലാം തകിടംമറിച്ച പട്ടം, ശങ്കര്‍ സര്‍ക്കാരുകളുടെ റെക്കോര്‍ഡുമായിട്ടാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. ജനകീയാസൂത്രണത്തേയും അധികാര വികേന്ദ്രീകരണത്തേയും എല്ലാം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള യുഡിഎഫ്, ഓരോതവണ അധികാരത്തില്‍ വരുമ്പോഴും, മുന്‍എല്‍ഡിഎഫ് ഗവണ്‍മെന്റ് കൈക്കൊണ്ട ജനക്ഷേമ നടപടികളെയെല്ലാം തകിടംമറിച്ചിട്ടേയുള്ളൂ. അടുത്തതവണ അധികാരംലഭിച്ചാല്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ-ജനാധിപത്യ സ്വഭാവം നശിപ്പിക്കും എന്ന് കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.ലക്ഷക്കണക്കിന്ന് സ്ത്രികളുടെ ആശാകേന്ദ്രമായി വളന്നുവന്നിരിക്കുന്ന കുടുംബശ്രിയെ തകര്‍ക്കാനും ഇവര്‍ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നു.
വികസനോന്മുഖവും സുതാര്യവും സുസ്ഥിരവുമായ എല്‍ഡിഎഫ് ഭരണം തുടര്‍ച്ചയായി നിലനില്‍ക്കുന്നതിന് വിഘാതമായ യുഡിഎഫിന്റെ ഈ നയത്തെ, "കേരളത്തില്‍ ഭരണം മാറിമാറിവരും'' എന്ന ആസൂത്രിതമായ കെട്ടുകഥകൊണ്ടാണ് വലതുപക്ഷ വൈതാളികര്‍ വെള്ളപൂശുന്നത്. നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പുകൊണ്ടല്ല, മറിച്ച് 1959ലെ പിരിച്ചുവിടല്‍തൊട്ട് രാജീവ്തരംഗവും സംഘടിതമായ മാധ്യമ-യുഡിഎഫ് കള്ള പ്രചാരവേലയും സര്‍വ്വവര്‍ഗ്ഗീയ-പിന്‍തിരിപ്പന്‍ ശക്തികളുമായുള്ള കൂട്ടുകെട്ടും കുതന്ത്രങ്ങളുംകൊണ്ടാണ് യുഡിഎഫിന് ഓരോ തവണയും ഭരണം പിടിച്ചുപറ്റാന്‍ കഴിഞ്ഞത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
"മുന്‍ സര്‍ക്കാരിന്റെകാലത്തെ നല്ലതെല്ലാം നശിപ്പിക്കുക'' എന്ന യുഡിഎഫിന്റെ ഈ പിന്‍തിരിപ്പന്‍ നശീകരണനയത്തെ പരാജയപ്പെടുത്തി, സുതാര്യവും ജനക്ഷേമകരവുമായ നയങ്ങള്‍ തുടരാനും സംസ്ഥാനത്തിന്റെ പുരോഗതി ഉറപ്പാക്കാനും സുസ്ഥിരമായ ഭരണം ആവശ്യമാണ്. അതിന് എല്‍ഡിഎഫിനെ, ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടത് ആവശ്യമാണ്
നാരായണന്‍ വെളിയംകോട്

Tuesday, October 19, 2010

എല്‍ഡിഎഫ് വിജയം ഉറപ്പാക്കുക





എല്‍ഡിഎഫ് വിജയം ഉറപ്പാക്കുക

ഒക്ടോബര്‍ 23, 25 തീയതികളില്‍ നടക്കാനിരിക്കുന്ന പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് കേരള ജനത തയ്യാറെടുത്തുകഴിഞ്ഞു. വ്യക്തമായ രാഷ്ട്രീയ നയങ്ങളോടുകൂടിയ രണ്ടു മുന്നണികള്‍ ഏറ്റുമുട്ടുന്ന ഈ തെരഞ്ഞെടുപ്പില്‍ അവരുടെ മുന്നിലുള്ള ചോദ്യം ഇതാണ്. പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ ഊര്‍ജിതമായി നടപ്പാക്കിക്കൊണ്ട് സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന യുഡിഎഫിനെ സ്വീകരിക്കണമോ? അതോ പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് എതിരായ ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന എല്‍ഡിഎഫിനെ സ്വീകരിക്കണമോ? 1957 മുതല്‍ കേരളത്തില്‍ പരസ്പരം ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഈ രണ്ട് നയങ്ങളും അവയെ ആസ്പദിച്ച രണ്ട് മുന്നണികളും കാഴ്ചവെച്ച ഭരണ മാതൃകകളുടെ അനുഭവം മുന്നിലുള്ളപ്പോള്‍ ഇവയിലേതിനെ തെരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് സംശയമുണ്ടാവില്ല. വികസനോന്മുഖവും ജനക്ഷേമകരവും സുസ്ഥിരവുമായ ഭരണം കാഴ്ചവെയ്ക്കുന്ന എല്‍ഡിഎഫിനെയാണവര്‍ ഹാര്‍ദ്ദമായി സ്വീകരിക്കുക. ജനദ്രോഹകരമായ നയങ്ങളും ദുര്‍ഭരണവും തമ്മിലടിയും കുതികാല്‍വെട്ടുംകൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ച് ജനങ്ങളില്‍ നിന്നകന്ന യുഡിഎഫ്, ഒരു ഭാഗത്ത് ജമാഅത്തെ ഇസ്ളാമിയേയും എന്‍ഡിഎഫിനേയും എസ്ഡിപിഐയേയും മറുഭാഗത്ത് ബിജെപി-ആര്‍എസ്എസ് സംഘങ്ങളെയും കൂട്ടുപിടിച്ച്, എല്ലാവിധ വര്‍ഗ്ഗീയ ശക്തികളെയും അണിനിരത്തിക്കൊണ്ടാണ് എല്‍ഡിഎഫിനെ നേരിടാന്‍ ശ്രമിക്കുന്നത്. മാര്‍ക്സിസ്റ്റ് വിരോധം മാത്രം കൈമുതലായുള്ള വിരലിലെണ്ണാവുന്ന ചില പുരോഹിതന്മാരുടെ ഇടയലേഖനങ്ങളും അവര്‍ക്ക് തുണയ്ക്കുണ്ട്. എല്ലാ എല്‍ഡിഎഫ് വിരുദ്ധരേയും ഒന്നിപ്പിച്ചണിനിരത്തുന്നതിനായി അവര്‍, പല മണ്ഡലങ്ങളിലും അരാഷ്ട്രീയ വേഷംകെട്ടി, കൈപ്പത്തിയും കോണിയും ഉപേക്ഷിച്ച് "മാങ്ങയും'' "തേങ്ങയും'' "ആപ്പിളും'' ചിഹ്നമായി സ്വീകരിക്കുന്നു.
1957ലെ ഇ എം എസ് ഗവണ്‍മെന്റ് നടപ്പാക്കിയ ജനക്ഷേമ നടപടികളെയെല്ലാം തകിടംമറിച്ച പട്ടം, ശങ്കര്‍ സര്‍ക്കാരുകളുടെ റെക്കോര്‍ഡുമായിട്ടാണ് യുഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. ജനകീയാസൂത്രണത്തേയും അധികാര വികേന്ദ്രീകരണത്തേയും എല്ലാം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള യുഡിഎഫ്, ഓരോതവണ അധികാരത്തില്‍ വരുമ്പോഴും, മുന്‍എല്‍ഡിഎഫ് ഗവണ്‍മെന്റ് കൈക്കൊണ്ട ജനക്ഷേമ നടപടികളെയെല്ലാം തകിടംമറിച്ചിട്ടേയുള്ളൂ. അടുത്തതവണ അധികാരംലഭിച്ചാല്‍, പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെ ജനകീയ-ജനാധിപത്യ സ്വഭാവം നശിപ്പിക്കും എന്ന് കെപിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വികസനോന്മുഖവും സുതാര്യവും സുസ്ഥിരവുമായ എല്‍ഡിഎഫ് ഭരണം തുടര്‍ച്ചയായി നിലനില്‍ക്കുന്നതിന് വിഘാതമായ യുഡിഎഫിന്റെ ഈ നയത്തെ, "കേരളത്തില്‍ ഭരണം മാറിമാറിവരും'' എന്ന ആസൂത്രിതമായ കെട്ടുകഥകൊണ്ടാണ് വലതുപക്ഷ വൈതാളികര്‍ വെള്ളപൂശുന്നത്. നിലവിലുള്ള ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ ഭരണത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പുകൊണ്ടല്ല, മറിച്ച് 1959ലെ പിരിച്ചുവിടല്‍തൊട്ട് രാജീവ്തരംഗവും സംഘടിതമായ മാധ്യമ-യുഡിഎഫ് കള്ള പ്രചാരവേലയും സര്‍വ്വവര്‍ഗ്ഗീയ-പിന്‍തിരിപ്പന്‍ ശക്തികളുമായുള്ള കൂട്ടുകെട്ടും കുതന്ത്രങ്ങളുംകൊണ്ടാണ് യുഡിഎഫിന് ഓരോ തവണയും ഭരണം പിടിച്ചുപറ്റാന്‍ കഴിഞ്ഞത് എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.
"മുന്‍ സര്‍ക്കാരിന്റെകാലത്തെ നല്ലതെല്ലാം നശിപ്പിക്കുക'' എന്ന യുഡിഎഫിന്റെ ഈ പിന്‍തിരിപ്പന്‍ നശീകരണനയത്തെ പരാജയപ്പെടുത്തി, സുതാര്യവും ജനക്ഷേമകരവുമായ നയങ്ങള്‍ തുടരാനും സംസ്ഥാനത്തിന്റെ പുരോഗതി ഉറപ്പാക്കാനും സുസ്ഥിരമായ ഭരണം ആവശ്യമാണ്. അതിന് എല്‍ഡിഎഫിനെ, ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കേണ്ടത് ആവശ്യമാണ്.

കാസര്‍ഗോഡ് ജില്ലയില്‍ കോണ്‍ഗ്രസ് - ലീഗ് - ബിജെപി സഖ്യം

കാസര്‍ഗോഡ് ജില്ലയില്‍ കോണ്‍ഗ്രസ് - ലീഗ് - ബിജെപി സഖ്യം തിരിച്ചടി നേരിടുന്നു..


കാസര്‍ഗോഡ് ജില്ല വീണ്ടും കോണ്‍ഗ്രസ് - ലീഗ് - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ വേദിയാവുകയാണ്. രണ്ട് താലൂക്കുകളിലായി 38 പഞ്ചായത്തുകളും മൂന്ന് മുനിസിപ്പാലിറ്റികളുമുള്ള ജില്ലയില്‍ ചന്ദ്രഗിരിപ്പുഴയുടെ തെക്ക് ഭാഗത്തുള്ള എല്‍ഡിഎഫ് സ്വാധീനമേഖലയില്‍ 21 പഞ്ചായത്തുകളില്‍ 16ഉം സിപിഐ എം നേതൃത്വം നല്‍കുന്നതാണ്. ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്കുള്ള മുസ്ളീംലീഗ് - സംഘ്പരിവാര്‍ ശക്തികേന്ദ്രങ്ങള്‍ അടങ്ങിയ പ്രദേശങ്ങളില്‍ 17 ല്‍ ഒരു പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. എന്നാല്‍ വിചിത്രമായ കാര്യം മുസ്ളീംലീഗും ബിജെപിയും പലപ്പോഴും വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന വടക്കന്‍ മേഖലയിലും എല്‍ഡിഎഫ് കേന്ദ്രങ്ങളായ തെക്കന്‍മേഖലയിലും ഈ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ മുസ്ളീംലീഗും ബിജെപിയും ഒറ്റക്കെട്ടാണ്. അവരോടൊപ്പം കോണ്‍ഗ്രസ്സുമുണ്ട്. ഇതിനെതിരെ കോണ്‍ഗ്രസ് ലീഗ് അണികളില്‍ കടുത്ത പ്രതിഷേധം പ്രകടമായിത്തുടങ്ങിയിട്ടുണ്ട്.
2005ല്‍ കോ - ലീ - ബി മുന്നണിയിലൂടെ കുപ്രസിദ്ധി നേടിയ പുത്തിഗെ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലും മൂന്നാം വാര്‍ഡിലും ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ്സ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മല്‍സരിക്കുന്നു. ഒന്നാം വാര്‍ഡില്‍ കോണ്‍ഗ്രസ്സ് പിന്തുണയോടെ ബിജെപി സ്വതന്ത്രന്‍ മല്‍സരിക്കുന്നു. ദേലംപാടി പഞ്ചായത്തില്‍ ഒന്ന്, ഏഴ് വാര്‍ഡുകളില്‍ യുഡിഎഫിനുവേണ്ടി ബിജെപി പിന്തുണയോടെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ കൈപ്പത്തി അടയാളത്തില്‍ മല്‍സരിക്കുന്നു. മൂന്നാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുന്നു. വാര്‍ഡ് ആറിലും ഏഴിലും ഈ പഞ്ചായത്തില്‍ എല്‍ഡിഎഫിനെതിരെ യുഡിഎഫ് - ബിജെപി പിന്തുണയുള്ള സംയുക്ത സ്ഥാനാര്‍ത്ഥികളാണ് മല്‍സരിക്കുന്നത്. അഡൂര്‍ ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡില്‍ സിപിഐ എം സ്ഥാനാര്‍ത്ഥിക്കെതിരെ യുഡിഎഫ് - ബിജെപി സംയുക്ത സ്ഥാനാര്‍ത്ഥി മല്‍സരിക്കുന്നു.
കോടോം - ബേളൂര്‍, പുല്ലൂര്‍ - പെരിയ പഞ്ചായത്തുകളിലും നീലേശ്വരം മുനിസിപ്പാലിറ്റിയിലും കോ - ലീ - ബി സഖ്യമാണ് എല്‍ഡിഎഫിനെ നേരിടുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ ഉയരുന്ന ജനങ്ങളുടെയും സ്വന്തം അണികളുടെയും പ്രതിഷേധം മറച്ചുപിടിക്കുന്നതിന് എല്‍ഡിഎഫ് ബിജെപിയുമായും യുഡിഎഫുമായും കൂട്ടുചേരുന്നുവെന്ന കള്ളപ്രചരണം ഇരുകൂട്ടരും ശക്തിയായി നടത്തുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപിയും എല്‍ഡിഎഫിനെ വോട്ടു ചെയ്ത് വിജയിപ്പിച്ച സാഹചര്യമുണ്ടായപ്പോള്‍ ബിജെപി - യുഡിഎഫ് വോട്ടുകള്‍ നേടി ലഭിച്ച പദവികള്‍ സിപിഐ എം രാജിവെക്കുകയാണുണ്ടായത്. ഇതുപ്രകാരം വൊര്‍ക്കാടി, മീഞ്ച പഞ്ചായത്തുകളില്‍ ബിജെപി വോട്ടു നേടി ലഭിച്ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും കാറഡുക്ക പഞ്ചായത്തില്‍ യുഡിഎഫ് വോട്ടു ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പ്രസിഡന്റ് സ്ഥാനവും ചെമ്മനാട് പഞ്ചായത്തില്‍ ബിജെപി വോട്ടില്‍ ലഭിച്ച വൈസ് പ്രസിഡന്റ് സ്ഥാനവും ഉടന്‍ രാജിവെച്ചുകൊണ്ട് സിപിഐ എം കാണിച്ച മാതൃക ജില്ലയിലെ ജനങ്ങളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ അവിശുദ്ധസഖ്യമുണ്ടാക്കുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ക്ക് സഹായകരമായ നിലപാട് എടുക്കുകയും ചെയ്യുന്ന മുസ്ളീംലീഗിനും - സംഘപരിവാറിനും അവരെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിനുമെതിരെ കാസര്‍ഗോഡിന്റെ വടക്കന്‍മേഖലയിലുള്‍പ്പെടെ ജനങ്ങള്‍ തിരിച്ചറിവോടെ മുന്നേറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയുടെ രാഷ്ട്രീയ ഭൂപടം തിരുത്തിക്കൊണ്ട് മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് നേടിയ ചരിത്രവിജയം ഈ പശ്ചാത്തലത്തിലായിരുന്നു. ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് - ലീഗ് - ബിജെപി അവിശുദ്ധ കൂട്ടുകെട്ടിനെ ജില്ലയിലെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന കാര്യം സുനിശ്ചിതമാണ്.
കെ പി സതീഷ്ചന്ദ്രന്‍ (സെക്രട്ടറി, സിപിഐ എം കാസര്‍ഗോഡ് ജില്ലാകമ്മിറ്റി

Sunday, October 17, 2010

മതനിരപേക്ഷ നിലപാട് കരുത്ത് പകരും

മതനിരപേക്ഷ നിലപാട് കരുത്ത് പകരും

തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാറിന്റെ അഭിമാനകരമായ നേട്ടങ്ങള്‍ക്കൊപ്പം എല്‍ഡിഎഫിന്റെ മതനിരപേക്ഷ നിലപാടിന്റെകൂടി വിലയിരുത്തലാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. എല്‍ഡിഎഫിന്റെ ജനപക്ഷനയങ്ങളും യുഡിഎഫിന്റെയും ആ മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോഗ്രസിന്റെയും ജനദ്രോഹനയങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലാണ് ഈ തെരഞ്ഞെടുപ്പ്. അതോടൊപ്പം എല്‍ഡിഎഫ് ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ നിലപാടും യുഡിഎഫിന്റെ തീവ്രവാദ-വര്‍ഗീയബന്ധവും തെരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കപ്പെടും. ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങള്‍ എല്‍ഡിഎഫിനൊപ്പം അണിനിരക്കുന്നതാണ് തെരഞ്ഞെടുപ്പു രംഗത്തെ ചിത്രം-പിണറായി പറഞ്ഞു. ? തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രധാനഘട്ടം കഴിഞ്ഞപ്പോള്‍ എന്താണ് അനുഭവം. -എല്‍ഡിഎഫ് വലിയ മുന്നേറ്റം കൈവരിക്കുമെന്നാണ് തെരഞ്ഞെടുപ്പുരംഗം കാണിക്കുന്നത്. പ്രചാരണ പരിപാടികളിലൊക്കെ വലിയതോതില്‍ ജനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ പൊതുവെ ഇത്ര വലിയ ആള്‍ക്കൂട്ടം കാണാറില്ല. ഇത്തവണ വന്‍തോതിലുള്ള കേന്ദ്രീകരണം കാണുന്നു. പറയുന്ന കാര്യങ്ങള്‍ അവര്‍ ശ്രദ്ധയോടെ കേള്‍ക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പാക്കുന്ന ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ എല്ലാവിഭാഗം ജനങ്ങളും അനുഭവിച്ചറിയുകയാണ്. യുഡിഎഫാകട്ടെ വല്ലാത്ത അവസ്ഥയിലാണ് എത്തിപ്പെട്ടിരിക്കുന്നത്. അവരുടെ അണികള്‍ താല്‍പ്പര്യം കാണിക്കാത്ത സാഹചര്യമുണ്ട്. ഘടകകക്ഷികളും പ്രവര്‍ത്തകരും അണികളാകെയും കടുത്ത അസംതൃപ്തിയിലാണ്. വര്‍ഗീയതയെ കൂട്ടുപിടിച്ചത്് ഈ അസംതൃപ്തി മൂര്‍ഛിപ്പിച്ചു. പരസ്യമായി എല്ലാ വര്‍ഗീയശക്തികളുമായും ഒരേസമയം യുഡിഎഫ് കൂട്ടുകൂടുകയാണ്. ബിജെപിയും എസ്ഡിപിഐയുമൊക്കെ അവരുടെ മുന്നണിയിലുണ്ട്. സ്വന്തം ചിഹ്നം ഉപേക്ഷിച്ച് മാങ്ങയും ആപ്പിളുമൊക്കെയായാണ് രംഗത്തിറങ്ങിയത്. ഈ അവിശുദ്ധബന്ധം അവര്‍ക്കു തന്നെ വിനയായി. സ്വന്തം അനുയായികളെപ്പോലും ഈ കൂട്ടുകെട്ടിനെ കുറിച്ച് വിശ്വസിപ്പിക്കാന്‍ യുഡിഎഫിന് കഴിയുന്നില്ല. ? എന്താണ് തദ്ദേശതെരഞ്ഞെടുപ്പിന്റെ കേന്ദ്ര മുദ്രാവാക്യം. -തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അതീതമാണെന്നു ചിത്രീകരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍, ഏറെ രാഷ്ട്രീയപ്രാധാന്യം ഈ തെരഞ്ഞെടുപ്പിനുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനെ കാണണം. അതുകൊണ്ടുതന്നെ വലിയ രാഷ്ട്രീയപ്രാധാന്യം ഇതിനുണ്ട്. സംസ്ഥാന ഗവമെന്റിന്റെ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണമായ വിലയിരുത്തല്‍ ആകുന്നില്ലെങ്കിലും അതൊരു പ്രധാന ഘടകമായി മാറും. എല്‍ഡിഎഫ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നവരാണ് ഞങ്ങള്‍. അത്രയ്ക്കും നേട്ടമാണ് ഈ സര്‍ക്കാര്‍ കൈവരിച്ചത്. ആ നേട്ടങ്ങളുടെ ഫലം അനുഭവിക്കാത്ത ഒരു വിഭാഗവുമില്ല. പാവപ്പെട്ടവര്‍ തങ്ങളുടെ അത്താണിയായാണ് ഗവമെന്റിനെയും അതിന് നേതൃത്വം നല്‍കുന്ന മുന്നണിയെയും കാണുന്നത്. യുഡിഎഫും കോഗ്രസും നാടിനെ തകര്‍ക്കുന്ന നയങ്ങള്‍ നടപ്പാക്കുന്നു. കടുത്ത ജനദ്രോഹനിലപാടാണ് കോഗ്രസ് തുടരുന്നത്. മതനിരപേക്ഷതയും വര്‍ഗീയതയും മാറ്റുരയ്ക്കപ്പെടും. എല്ലാ വര്‍ഗീയശക്തികളുമായും യുഡിഎഫ് കൂട്ടുകൂടുന്നത് ജനങ്ങള്‍ കാണുന്നുണ്ട്. അത് ജനങ്ങള്‍ നന്നായി വിലയിരുത്തുകയും ചെയ്യും. പ്രാദേശിക വികസനത്തിന് ഏറെ ശ്രമിച്ചത് എല്‍ഡിഎഫാണെന്ന അനുഭവവും ജനങ്ങളുടെ മുന്നിലുണ്ട്. പ്രാദേശിക വികസനപ്രശ്നങ്ങളും ഇതോടൊപ്പം ചര്‍ച്ച ചെയ്യപ്പെടും. എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്നുറപ്പുണ്ട്. ? ഈ ആത്മവിശ്വാസത്തിന് അടിസ്ഥാനം. -എല്‍ഡിഎഫ് ചെയ്ത കാര്യങ്ങള്‍ നേരിട്ടറിയുന്നവരാണ് ജനങ്ങള്‍. അവര്‍ക്കു മുന്നില്‍ മറ്റൊരനുഭവവുമുണ്ട്. യുഡിഎഫിന്റെ മുന്‍ഭരണത്തില്‍ സര്‍വമേഖലയും നാശത്തിലേക്ക് നീങ്ങി. തകരാത്ത ഒരു മേഖലയുമുണ്ടായിരുന്നില്ല. ആ ഭരണം തുടര്‍ന്നിരുന്നെങ്കില്‍ നാട് നശിക്കുമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ ആ തകര്‍ച്ചയില്‍നിന്ന് കേരളത്തെ രക്ഷിച്ചു. അധികാരമേറ്റ് ആദ്യനാളുകളില്‍ ശ്രമിച്ചത് തകര്‍ച്ചയില്‍നിന്ന് രക്ഷിക്കാനാണ്. പിന്നീടുള്ള നാളുകളില്‍ പുരോഗതിയിലേക്ക് നയിക്കാനും. അടുത്ത തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് അധികാരത്തിലെത്തും. ജനങ്ങള്‍ അതാണ് ആഗ്രഹിക്കുന്നത്. ? യുഡിഎഫ് ശുഭപ്രതീക്ഷയിലാണെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. തര്‍ക്കങ്ങള്‍ ബാധിക്കില്ലെന്നും അവകാശപ്പെടുന്നു. ഇത് എങ്ങനെ വിലയിരുത്തുന്നു. -പല കാര്യങ്ങളിലും കേരളം ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുകയാണ്. ഇതിന് കേന്ദ്രസര്‍ക്കാറില്‍ നിന്നുള്‍പ്പെടെ നമ്മുടെ സംസ്ഥാനത്തിന് ഒട്ടേറെ അവാര്‍ഡുകളും കിട്ടി. ഇത്തരത്തില്‍ അവാര്‍ഡ് നല്‍കരുതെന്ന് കേന്ദ്രഗവമെന്റിന് നിവേദനം നല്‍കിയവരാണ് യുഡിഎഫുകാര്‍. അത് ജനങ്ങള്‍ കണ്ടതാണ്. എങ്ങനെയാണ് അവര്‍ക്ക് ഇത്ര പരിഹാസ്യമായ നിലപാടു സ്വീകരിക്കാനായത്. നാടിനു തന്നെ എതിരായ നിലപാടാണിത്. അവര്‍ കേരളത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും. പരമദയനീയമാണ് യുഡിഎഫിന്റെ സ്ഥിതി. അന്തഃഛിദ്രങ്ങളുടെ കൂടാരമാണത്. ജനങ്ങളില്‍നിന്ന് അവര്‍ ഒറ്റപ്പെട്ടു. മുന്നണി എന്ന നിലയ്ക്കേയല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്. പ്രധാന ഘടകകക്ഷിയായ കെ എം മാണിയുടെ കേരളകോഗ്രസ് പി ജെ ജോസഫും കൂട്ടരും ലയിച്ചതോടെ മഹാശക്തി എന്നാണ് പറഞ്ഞുനടക്കുന്നത്. ശക്തിക്കനുസരിച്ച് പരിഗണനയും സീറ്റും കിട്ടിയില്ലെന്നാണ് മാണിയുടെ ഇപ്പോഴത്തെ പരാതി. മാണി വിഭാഗവും യുഡിഎഫും പലയിടത്തും പരസ്പരം മത്സരിക്കുന്നു. മാണിക്ക് സ്വാധീനമുള്ള ജില്ലകളില്‍ ഈ മത്സരം ശക്തമാണ്. മാണിക്കൊപ്പം കൂടിയ ജോസഫും കൂട്ടരും കടുത്ത നിരാശയിലാണ്. എല്‍ഡിഎഫിനൊപ്പം നിന്നപ്പോള്‍ ജയിച്ച സീറ്റിന്റെ അത്രപോലും ഇത്തവണ മത്സരിക്കാന്‍ കിട്ടിയിട്ടില്ല. എസ്ഡിപിഐയെ കൂടെക്കൂട്ടാന്‍ മുസ്ളിം ലീഗിനെ തഴഞ്ഞ് സീറ്റ് തട്ടിപ്പറിച്ചതില്‍ പ്രതിഷേധിച്ച് ലീഗിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റ് കോഗ്രസിനെതിരെ പരസ്യമായി രംഗത്തിറങ്ങി. ഗൌരിയമ്മയുടെ പാര്‍ടിയും ഇടഞ്ഞു. അവസാനിപ്പിക്കാന്‍ ചര്‍ച്ചയ്ക്ക് പുറപ്പെട്ടെങ്കിലും കൂടുതല്‍ ഇടഞ്ഞ് പരസ്യമായ വാദകോലാഹലമാണ് നടക്കുന്നത്. ടി എം ജേക്കബ്ബും പ്രതിഷേധത്തിലാണ്. ഇത്തരത്തിലൊരു മുന്നണിക്ക് എങ്ങനെ നാട്ടില്‍ അഭിവൃദ്ധിയുണ്ടാക്കാനാകും. പ്രശ്നങ്ങളുണ്ടെന്ന് യുഡിഎഫ് തുറന്നു സമ്മതിക്കുന്നുണ്ട്. പരിഹരിക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ കുഴപ്പത്തില്‍ ചാടുകയാണവര്‍. കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തകര്‍ച്ചയാണ് യുഡിഎഫ് നേരിടാന്‍ പോകുന്നത്. ? മതത്തിന് രാഷ്ട്രീയത്തില്‍ ഇടപെടാമെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. മതം കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന പിണറായിയുടെ അഭിപ്രായം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കലാണെന്നും അവര്‍ ആക്ഷേപിക്കുന്നു. -മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടരുതെന്നാണ് ഞങ്ങളുടെ അഭിപ്രായം. സീസര്‍ക്കുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്നതിന്റെ പൊരുള്‍ ഇതാണ്. എന്നാല്‍, പൊതുവായ രാഷ്ട്രീയ കാര്യങ്ങളില്‍ മതം ഇടപെടുന്നതില്‍ വിലക്കിന്റെ ആവശ്യമില്ല. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മതങ്ങള്‍ക്ക് പങ്കുവഹിക്കാനാകും. വര്‍ഗീയത വളര്‍ത്തി അന്യമതങ്ങളെ കടന്നാക്രമിക്കുമ്പോള്‍ അരുതെന്നും അന്യമതവിദ്വേഷം പാടില്ലെന്നും പറയുന്നത്് രാഷ്ട്രീയമായ ഇടപെടലാണ്. അതു പാടില്ലെന്ന് ആരും പറയുന്നില്ല. അത്തരം നിലപാട് സ്വാഗതാര്‍ഹവുമാണ്. എന്നാല്‍, കക്ഷിരാഷ്ട്രീയത്തില്‍ ഇടപെട്ട് ചേരിതിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ആര്‍എസ്എസ്-ബിജെപി ഇടപെടല്‍ നമ്മുടെ മുമ്പിലുണ്ട്. ഗുജറാത്തില്‍ ആര്‍എസ്എസ് നയം നടപ്പാക്കിയ ബിജെപി ഭരണത്തില്‍ അരങ്ങേറിയ ക്രൂരതകളുടെ നടുക്കം നമ്മെ വിട്ടുപോയിട്ടില്ല. മതസ്വാധീനം രാഷ്ട്രീയത്തില്‍ പ്രയോഗിച്ചതിന്റെ ദുരന്താനുഭവമായിരുന്നു അത്. അത് അനുകരണനീയമല്ല. കക്ഷിരാഷ്ട്രീയത്തിലെ ഇടപെടലിനെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. വിരലിലെണ്ണാവുന്ന ചില പുരോഹിതരുടെ പ്രസ്താവനകള്‍ ക്രൈസ്തവസഭയുടെ നിലപാടാണെന്ന് ചിത്രീകരിച്ച് യുഡിഎഫ് വലിയ പ്രചാരണം നടത്തുന്നുണ്ട്. പുരോഹിതര്‍ നേരത്തെ രാഷ്ട്രീയമുള്ളവരായിരിക്കാം. എന്നാല്‍, പുരോഹിതവൃത്തിയില്‍ ഏര്‍പ്പെട്ടശേഷം അവര്‍ പഴയ ഓര്‍മയില്‍ പ്രവര്‍ത്തിക്കരുത്. ഏതാനും ചിലര്‍ യുഡിഎഫിന്റെ നീക്കത്തില്‍ സഹകരിച്ചു. എല്‍ഡിഎഫിനെ ആക്ഷേപിച്ചു. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. സഭകളില്‍ ഏതെങ്കിലും എല്‍ഡിഎഫിന് എതിരാണെന്നു പറയാന്‍ പറ്റില്ല. ചിലരുടെ വ്യക്തിപരമായ നിലപാടു മാത്രമാണ് ഇത്തരത്തില്‍ ചിത്രീകരിക്കപ്പെടുന്നത്. സഭയ്ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാമെന്ന യുഡിഎഫിന്റെ വാദത്തിനു മറുപടി പാസ്റ്ററല്‍ കൌസില്‍ തന്നെ കൊടുത്തിട്ടുണ്ട്. സഭ സേവനത്തില്‍ ഊന്നണം, അധികാരത്തില്‍ അല്ലെന്നാണ് കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ പാസ്റ്ററല്‍ കൌസിലില്‍ പ്രസംഗിച്ചത്. സഭ കക്ഷിരാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ലെന്ന് പാസ്റ്ററല്‍ കൌസില്‍ പ്രമേയവും അംഗീകരിച്ചു. കക്ഷി രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്ന നിലപാട് സഭ പൊതുവെ സ്വീകരിച്ചെന്നാണ് ഇതു കാണിക്കുന്നത്. ഞങ്ങളും സഭയും ശത്രുതയിലെന്ന് പ്രചരിപ്പിക്കാന്‍ യുഡിഎഫ് നല്ലപോലെ ശ്രമിക്കുന്നുണ്ട്. വിശ്വാസികളുടെ ഉന്നമനത്തിനും പുരോഗതിക്കുമായാണ് സഭ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് സഭാവിശ്വാസികള്‍ കൂടി ഉള്‍പ്പെടുന്ന പൊതുസമൂഹത്തിന്റെയാകെ ഉന്നമനത്തിനാണ്. രണ്ടു കൂട്ടര്‍ക്കും യോജിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കുന്നതിന് ഒരു തടസ്സവുമില്ല. ഞങ്ങള്‍ ആ സഹകരണമാണ്ആഗ്രഹിക്കുന്നത്. ? യുഡിഎഫ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുമെന്നു പറയുന്നു. - ശുദ്ധ ഭോഷ്കാണത്. അവര്‍ ചെയ്തതെന്തെന്ന് കേരളം മറന്നിട്ടില്ല. ജനകീയാസൂത്രണം അട്ടിമറിക്കുകയും അധികാരവികേന്ദ്രീകരണപ്രക്രിയ തകര്‍ക്കുകയും ചെയ്തതാണ് യുഡിഎഫ് ഭരണത്തിലെ അനുഭവം. കുടുംബശ്രീയെ തകര്‍ക്കാന്‍ ജനശ്രീ ഉണ്ടാക്കിയവരാണ്യുഡിഎഫുകാര്‍.

കെ എം മോഹന്‍ദാസ്

Saturday, October 16, 2010

കേരളത്തില്‍ പട്ടിണിയില്ലാതാക്കിയത് ഇടതുപക്ഷം: മുഖ്യമന്ത്രി

കേരളത്തില്‍ പട്ടിണിയില്ലാതാക്കിയത് ഇടതുപക്ഷം: മുഖ്യമന്ത്രി


റാന്നി: കേരളത്തെ പട്ടിണിരഹിത സംസ്ഥാനമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വി എസ് അച്ച്യുതാനന്ദന്‍ പറഞ്ഞു. പട്ടിണിക്കാരായ ഒരു കുടുംബവും സംസ്ഥാനത്തില്ലെന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സാധാരണക്കാരന് കുറഞ്ഞനിരക്കില്‍ അരി ലഭ്യമാക്കിയ സര്‍ക്കാരാണിത്. സിപിഐ എം റാന്നി താലൂക്ക് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം ഇട്ടിയപ്പാറയില്‍ ചേര്‍ന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ 40 ലക്ഷം പേര്‍ക്കാണ് രണ്ടുരൂപ നിരക്കില്‍ അരി നല്‍കുന്നത്. മൂന്നു രൂപയ്ക്ക് സാധാരണക്കാരന് അരി നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇതേപറ്റി മിണ്ടുന്നില്ല. കുറഞ്ഞ നിരക്കില്‍ അരിയോടൊപ്പം, തലചായ്ക്കാനൊരിടവുംകൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും അവ ലഭ്യമാക്കാനുള്ള പദ്ധതി വിജയകരമായി നടന്നുവരുന്നു. ഇതുവരെ രണ്ടു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ വീടുനല്‍കി. ഇനിയും രണ്ടുലക്ഷം പേര്‍ക്ക് കൂടി നല്‍കും. ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കുക മാത്രമല്ല യുഡിഎഫ് ഭരണകാലത്ത് വരുത്തിയ കുടിശ്ശികയടക്കം കൊടുത്തുതീര്‍ക്കാനും സര്‍ക്കാരിന് സാധിച്ചു. കാര്‍ഷിക മേഖലയിലടക്കം എല്ലായിടത്തും വികസനം എത്തിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. കര്‍ഷക ആത്മഹത്യ ഇല്ലാതായി. കാര്‍ഷിക ഉല്‍പ്പാദനം പതിന്മടങ്ങ് വര്‍ധിപ്പിച്ചതായും വി എസ് ചൂണ്ടിക്കാട്ടി.


കേരളത്തില്‍ പട്ടിണിയില്ലാതാക്കിയത് ഇടതുപക്ഷം: മുഖ്യമന്ത്രി

എല്‍ഡിഎഫ് തരംഗം പ്രകടം: കോടിയേരി

എല്‍ഡിഎഫ് തരംഗം പ്രകടം: കോടിയേരി

കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക

തിരു: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തരംഗം പ്രകടമായിത്തുടങ്ങിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൂന്തുറയില്‍ എല്‍ഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനനേട്ടം വീടുകളില്‍ എത്തിച്ച സര്‍ക്കാരാണിത്്. നഗരസഭയിലും വികസനം യാഥാര്‍ഥ്യമായി. നാലര വര്‍ഷംകൊണ്ട് 43,000 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് വി എസ് സര്‍ക്കാര്‍ നടപ്പാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുക 19,000 കോടി മാത്രം. 16,000 കോടി രൂപ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് എല്‍ഡിഎഫ് നീക്കിവച്ചു. ഏറ്റവും ദുര്‍ബലര്‍ക്ക് ലഭിക്കുന്ന ഏറ്റവും ചെറിയ പെന്‍ഷന്‍ 110ല്‍നിന്ന് 300 രൂപയാക്കി. 18 ലക്ഷം കര്‍ഷകത്തൊഴിലാളി കുടുംബത്തിനാണ് ഇതിന്റെ പ്രയോജനം. രണ്ടുരൂപ നിരക്കില്‍ അരി ലഭിക്കുന്നത് 41 ലക്ഷം കുടുംബത്തിനാണ്. 600 കോടിയാണ് ഇതിനായി ബജറ്റ് വിഹിതം. ഭവനപദ്ധതിക്ക് 5000 കോടി വേറെ. വികസനവും ക്ഷേമവും സമാധാനവുമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുദ്രാവാക്യം. കോഗ്രസോ ബിജെപിയോ ഭരിക്കുന്ന ഏതു സംസ്ഥാനത്തിന് ഈ നേട്ടം അവകാശപ്പെടാനാകും. അതുകൊണ്ട് ഞങ്ങള്‍ ധൈര്യമായി പറയുന്നു, ഈ സര്‍ക്കാരിന്റെ ഒരുനേട്ടവും കിട്ടാത്തവര്‍ യുഡിഎഫിന് വോട്ടുചെയ്തോട്ടെ. പണ്ട് ഇടതു ഭരണത്തിനെതിരെയുള്ള സ്ഥിരം പല്ലവി ക്രമസമാധാനപ്രശ്നമായിരുന്നു. പക്ഷേ, കേരളത്തിലെത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോപാലകൃഷ്ണപിള്ളയും സുപ്രീം കോടതി ജഡ്ജി ദത്തുവും പറഞ്ഞത് മെച്ചപ്പെട്ട ക്രമസമാധാനം കേരളത്തിലാണെന്നാണ്. രാത്രി സ്ത്രീകള്‍ക്ക് വഴി നടക്കാമെന്നാണ്. മറ്റു സംസ്ഥാനങ്ങളില്‍ പൊലീസിന് സുരക്ഷ പട്ടാളമാണ്. ഇവിടെത്തന്നെ രണ്ടു മുന്നണി തമ്മില്‍ നയങ്ങളിലുള്ള വ്യതിയാനം യുഡിഎഫ് കാലത്ത് വര്‍ക്കലയിലും ആലുവയിലും മുത്തങ്ങയിലും നാം കണ്ടു. എന്നാല്‍, ചെങ്ങറയിലോ വയനാട്ടിലോ ചോര വീഴ്ത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. മന്ത്രിമാരെ കരിങ്കൊടി കാണിച്ചവര്‍ക്കും ഈ വ്യത്യാസമറിയാം. മറ്റൊന്നുമില്ലാത്തതിനാല്‍ ലോട്ടറിയും മലപ്പുറം മദ്യദുരന്തവുമാണ് കോഗ്രസ് കരുതിവച്ച രണ്ടു പടക്കങ്ങള്‍. പക്ഷേ, അഭിഷേക് സിങ്വിയും കെ അച്യുതന്‍ എംഎല്‍എയും രംഗത്തുവന്നതോടെ അവ നനഞ്ഞ പടക്കമായി. ലോട്ടറി മാഫിയ മണികുമാര്‍ സുബ്ബയെ പിസിസി പ്രസിഡന്റും എംപിയുമാക്കിയ കോഗ്രസ് ഇവിടെ സാന്റിയാഗോ മാര്‍ട്ടിനെ പിസിസി പ്രസിഡന്റാക്കിയാലും അത്ഭുതപ്പെടാനില്ല. അച്യുതന്‍ പറഞ്ഞത് വയലാര്‍ രവി പറഞ്ഞതുകൊണ്ട് കള്ളുകച്ചവടം നിര്‍ത്തുന്നു എന്നാണ്. ഇപ്പോള്‍ അറ്റകൈക്ക് കോ ലീ ബി പി സഖ്യമാണ് യുഡിഎഫിന്റേത്്. ഒടുവില്‍ പോപ്പുലര്‍ ഫ്രണ്ടും ആ മുന്നണിയിലാണ്. പക്ഷേ, അവിശുദ്ധ കൂട്ടുകെട്ടിനെ പ്രബുദ്ധ കേരളം അംഗീകരിക്കില്ല-കോടിയേരി പറഞ്ഞു. വി ശിവന്‍കുട്ടി എംഎല്‍എ, സിപിഐ എം ചാല ഏരിയ സെക്രട്ടറി കരമന ഹരി, കടകംപള്ളി സുകു (എന്‍സിപി) എന്നിവരും കോര്‍പറേഷനിലേക്ക് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായ എസ് സലിം-പുത്തന്‍പള്ളി, വി എസ് സുലോചനന്‍-അമ്പലത്തറ, വി എച്ച് ഷാജഹാന്‍-മാണിക്യവിളാകം, ജെ ഷേര്‍ളി-പൂന്തുറ, ഐ റെജീന-ബീമാപള്ളി, എ എം ഇക്ബാല്‍ ബീമാപള്ളി ഈസ്റ്റ്, ഫ്രാന്‍സിസ് പ്രദീപ്ലാല്‍- വലിയതുറ എന്നിവരും സംസാരിച്ചു. സജീവന്‍ അധ്യക്ഷനായി. ജെ സലിംകുമാര്‍ സ്വാഗതം പറഞ്ഞു.

കേരളത്തില്‍ നിലനില്‍ക്കൂന്ന ജനപക്ഷ വികേന്ദ്രീകൃത വികസനം ത്വരിതപ്പെടുത്തുന്നതിനും മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനൂം തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക