രക്തസാക്ഷി സ്മരണ
പുന്നപ്ര വയലാര്‍ മാരാരിക്കുളം സമരം, തിരുവിതാംകൂറിന്റെ ചരിത്രഗതിയെ മാറ്റിമറിച്ചു. ഇന്ത്യയുടെ സ്വാതന്ത്യ്രസമര ചരിത്രത്തില്‍ വീരേതിഹാസമായ ഈ പോരാട്ടത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കാന്‍ 64 ആണ്ട് തികയുന്ന ഈ ഒക്ടോബറിലും പതിനായിരങ്ങള്‍ ബലികുടീരങ്ങളില്‍ ഒത്തുചേരും. ചുടുനിണംവീണ മണ്ണില്‍ ചോരപ്പൂക്കളര്‍പ്പിച്ച് പുത്തന്‍ പോരാട്ടങ്ങള്‍ക്കായി അനശ്വര രക്ഷസാക്ഷികളുടെ പിന്‍മുറക്കാര്‍ പ്രതിജ്ഞ പുതുക്കും. ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിക്കാനും, രാജവാഴ്ചയും ദിവാന്‍ഭരണവും തിരുവിതാംകൂറില്‍നിന്നും കടപുഴക്കാനും, പ്രായപൂര്‍ത്തി വോട്ടവകാശത്തോടെയുള്ള ഭരണക്രമത്തിനുംവേണ്ടിയാണ് കൈയില്‍ക്കിട്ടിയ ആയുധങ്ങളുമായി സഹസ്രങ്ങള്‍ പോരാടിയത്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ ആഞ്ഞടിച്ച ഈ ധീരമായ സമരം സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങള്‍ക്ക് ഈടുവയ്പായി. ഇന്ത്യയിലെ നാട്ടുരാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാതിരിക്കാന്‍ വ്യവസ്ഥ ചെയ്യുംവിധം ഒത്തുതീര്‍പ്പുണ്ടാക്കി സ്വാതന്ത്യ്ര പ്രഖ്യാപനത്തില്‍ ഒപ്പുവയ്ക്കാനായിരുന്നു ബ്രിട്ടന്റെ ശ്രമം. ബ്രിട്ടീഷ് ഇന്ത്യയുടെ സ്ഥാനത്ത് കോളനി രാജ്യങ്ങളുടെ ഒരു കൂട്ടം! പോയ നൂറ്റാണ്ടില്‍ പലയിടത്തും രൂപംകൊണ്ട ഫ്രഞ്ചു കോളനികളെപ്പോലെ തിരുവിതാംകൂര്‍ ബ്രിട്ടന്റെ കോളനി ആകുമായിരുന്നു. അമേരിക്കന്‍ മോഡല്‍ ഭരണപരിഷ്കാരം മുന്നോട്ടുവച്ചതുതന്നെ ഈ ലക്ഷ്യം വച്ചായിരുന്നു. ഇതിനെതിരെയാണ് 1946 ഒക്ടോബറില്‍ ‘രാജവാഴ്ചയ്ക്കും ദിവാന്‍ ഭരണത്തിനും എതിരെ തൊഴിലാളിവര്‍ഗം മുന്നണിപ്പോരാളികളായി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തി മുന്നേറിയത്. രണ്ടു നൂറ്റാണ്ടായി ബ്രിട്ടന്റെ അടിമത്തം പേറുന്ന ഇന്ത്യയുടെ സ്വാതന്ത്യ്രം വീണ്ടെടുക്കാനുള്ള സമരങ്ങള്‍ പല ഘട്ടങ്ങളായി തുടര്‍ന്നു. എന്നാല്‍, തിരുവിതാംകൂറില്‍ ഉണ്ടായതുപോലൊരു ‘സായുധ’പോരാട്ടം അധ്വാനിക്കുന്നവരുടെ സംഘശക്തിയില്‍ അതേവരെ കണ്ടിരുന്നില്ല. ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയോടു ചേര്‍ന്ന് തെക്കുപടിഞ്ഞാറായി കിടക്കുന്ന തിരുവിതാംകൂറിനെ, ബ്രിട്ടന്റെ തന്ത്രപ്രധാനമായ കോളനിയാക്കാനുള്ള നീക്കം തകര്‍ക്കാനുറച്ച രാഷ്ട്രീയക്കരുത്തില്‍ ഇവിടെ ഭരണകൂടം ആടിയുലഞ്ഞു. രാജവാഴ്ചയും ബ്രിട്ടീഷ് ആധിപത്യവും അവസാനിപ്പിക്കാനും ഉത്തരവാദഭരണവും പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം വോട്ടവകാശവും ഉറപ്പാക്കാനും ഉതകുന്ന രാഷ്ട്രീയ മുദ്രാവാക്യവും സമരസമിതി മുന്നോട്ടുവച്ചു. 27 അടിയന്തരാവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പത്രിക ഭരണാധികാരികള്‍ക്ക് നല്‍കി. കുടികിടപ്പുകാരും പാട്ടകൃഷിക്കാരും നിറഞ്ഞ ഈ പ്രദേശത്ത് നാട്ടുപ്രമാണിമാരും ജന്മികളും അവരുടെ ഗുണ്ടകളും തൊഴിലാളികളെ ആക്രമിക്കുകയും പട്ടിണിപ്പാവങ്ങള്‍ക്ക് ജീവിക്കാനാവാത്ത സംഘര്‍ഷം സൃഷ്ടിക്കുകയും ഉണ്ടായി. ഇതെല്ലാം ദിവാന്‍ രാമസ്വാമി അയ്യരുടെ ആശീര്‍വാദത്തോടെയായിരുന്നു. തിരുവിതാംകൂര്‍ പട്ടാളത്തെ ഒരുക്കിനിര്‍ത്തിയും പൊലീസിനെ ഗ്രാമങ്ങളില്‍ അയച്ച് തേര്‍വാഴ്ച നടത്തിയും ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചായിരുന്നു തൊഴിലാളി നേതാക്കളെ തലസ്ഥാനത്ത് ദിവാന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. ഒത്തുതീര്‍പ്പു ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോഗ്രസ് (എടിടിയുസി) പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭത്തിന് രൂപംനല്‍കി. കമ്യൂണിസ്റ് പാര്‍ടിയുടെ നിര്‍ദേശപ്രകാരം ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. തിരുവിതാംകൂറിലെ അന്‍പതിലേറെ ട്രേഡ് യൂണിയനുകളുടെ കേന്ദ്രസംഘടനയായിരുന്നു എടിടിയുസി. രണ്ടു താലൂക്കിലും വാര്‍ഡുതലംവരെ ട്രേഡ് കൌസിലുകള്‍ രൂപീകരിച്ചു. വ്യാപകമായി വളന്റിയര്‍ പരിശീലനവും ക്യാമ്പും തുടങ്ങി. കമുക് വെട്ടി വാരിക്കുന്തങ്ങള്‍ തീര്‍ത്തു. നിലത്തു ഭൂമിയോടു ചേര്‍ന്ന് കമിഴ്ന്ന് മുട്ടില്‍ മുന്നോട്ടുനീങ്ങി ശത്രുവിനെ നേരിടുന്ന സമരതന്ത്രം പഠിപ്പിച്ചത് പട്ടാളത്തില്‍നിന്ന് പിരിഞ്ഞുവന്നവരായിരുന്നു. തോക്കില്‍നിന്ന് വെടിയുതിര്‍ത്താലും നെഞ്ചില്‍ പതിക്കാതെ പൊലീസിനെയും പട്ടാളത്തെയും നേരിടാനായിരുന്നു ഇത്. അങ്ങനെയാണ് വാരിക്കുന്തങ്ങള്‍ ആയുധമാക്കിയത്. തോക്കും ലാത്തിയുമുള്ള സേനാവിഭാഗങ്ങളോട് ഏറ്റുമുട്ടാന്‍ നെഞ്ചൂക്കും, ആത്മധൈര്യവും ഉണ്ടായിരുന്ന പടയാളികള്‍ ക്യാമ്പുകളില്‍ അഭയംതേടിയ നാട്ടുകാര്‍ക്കും സംരക്ഷകരായി. ഒക്ടോബര്‍ 22 ന് അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളില്‍ തൊഴിലാളികള്‍ പണിമുടക്കി. പിന്നീടുള്ള ഒരാഴ്ച ചോരചൊരിഞ്ഞ പോരാട്ടമായിരുന്നു. പുന്നപ്രയിലായിരുന്നു ആദ്യവെടി പൊട്ടിയത്; ഒക്ടോബര്‍ 24ന്. സി പി രാമസ്വാമി അയ്യരുടെ സായുധശക്തിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച ഒന്നായിരുന്നു പുന്നപ്ര പൊലീസ് ക്യാമ്പ് കെട്ടിടം വളഞ്ഞുള്ള സമരഭടന്മാരുടെ ചെറുത്തുനില്‍പ്പ്. തോക്കുചൂണ്ടി നിന്നവര്‍ക്കു നേരെയാണ് വാരിക്കുന്തവും കരിങ്കല്‍ച്ചീളുകളും വെട്ടുകത്തിയും ഒക്കെയായി ആയിരക്കണക്കായ തൊഴിലാളി ഭടന്മാര്‍ ഏറ്റുമുട്ടിയത്. പൊലീസ് ഇന്‍സ്പെക്ടര്‍ വേലായുധന്‍ നാടാരും 8 പൊലീസുകാരും ഇവിടെ മരിച്ചുവീണു. സമരഭടന്മാരില്‍ 29 പേര്‍ രക്ഷസാക്ഷികളായി. ഒക്ടോബര്‍ 25ന് കടലോരത്ത് റോന്തുചുറ്റിയ സായുധപൊലീസ്, കാട്ടൂരില്‍ സമരഭടന്മാരുടെ ജാഥയെ ആക്രമിച്ചു. നേതൃത്വം നല്‍കിയ കാട്ടൂര്‍ ജോസഫിനെ വെടിവച്ചുകൊന്നു. ചേര്‍ത്തല താലൂക്കിലേക്ക് പട്ടാളവണ്ടികള്‍ കടക്കാതിരിക്കാന്‍ മാരാരിക്കുളത്ത് പാലംതകര്‍ത്ത് പ്രതിരോധം സൃഷ്ടിച്ച തൊഴിലാളികള്‍ക്കുനേരെ വൃക്ഷത്തലപ്പിലും മറ്റും പതിയിരുന്നാണ് പൊലീസ് വെടിവച്ചത്. ഇവിടെ 6 പേര്‍ മരിച്ചു. ഒക്ടോബര്‍ 27 ന് വയലാറിലും ഒളതലയിലും മേനാശ്ശേരിയിലും, ഉച്ചയ്ക്ക് അടുത്തടുത്ത സമയങ്ങളില്‍ സമരക്യാമ്പുകള്‍ സായുധപൊലീസ് ആക്രമിച്ചു. വയലാറില്‍ കായലിലൂടെ ബോട്ടില്‍ വന്നിറങ്ങിയ സായുധപൊലീസും പട്ടാളവും യന്ത്രത്തോക്കുകള്‍ ഏറെ ഉപയോഗിച്ചു. നൂറുകണക്കിന് സമരഭടന്മാര്‍ രക്ഷസാക്ഷികളായി. 1946 ഒക്ടോബര്‍ അവസാന ആഴ്ചയില്‍ നാലുനാള്‍ നാടിനെ നടുക്കിയ പോരാട്ടമാണ് ഈ സമരഭൂമിയിലുണ്ടായത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നോളം കാണാത്ത ഈ പോരാട്ടം ഇന്ത്യയിലാകെ രാഷ്ട്രീയചലനം ഉണ്ടാക്കി. താല്‍ക്കാലികമായി ആ സമരം നിര്‍ത്തിവയ്ക്കേണ്ടിവന്നെങ്കിലും ശത്രുവര്‍ഗത്തിനേറ്റ കനത്ത പ്രഹരം അധികാരിവര്‍ഗത്തെ വിറപ്പിച്ചു. എവിടെയും ശ്മശാനമൂകത തളംകെട്ടി. ദിവാന്‍ രാമസ്വാമി അയ്യര്‍ തിരുവിതാംകൂറിന്റെ സര്‍വസൈന്യാധിപനായി ചുമതലയേറ്റു. പൊലീസ് - പട്ടാള വാഹനങ്ങള്‍ ഗ്രാമങ്ങളിലെ ഇടവഴികളില്‍പോലും ചീറിപ്പാഞ്ഞു. കമ്യൂണിസ്റ് പാര്‍ടിയുടെ പ്രവര്‍ത്തകരെയും സമരത്തില്‍ പങ്കെടുത്തവരും അനുഭാവികളുമായവരുടെ കുടുംബാംഗങ്ങളെയും വേട്ടയാടി. ഭീകരമായ മര്‍ദനങ്ങള്‍. ഇടിവണ്ടികളില്‍ പിടിച്ചുകൊണ്ടുപോയി മര്‍ദിക്കപ്പെടുന്നവര്‍ ദിവസങ്ങളോളം ലോക്കപ്പില്‍! വിചാരണ കൂടാതെ ജയിലറകളില്‍!! ഒന്നിനുപുറകെ മറ്റൊന്നായി കള്ളക്കേസുകള്‍!!! ഇതെല്ലാം നിത്യസംഭവമായി. ഏറെ വൈകിയില്ല, രാജഭരണത്തിന് അവസാനമായി. തലസ്ഥാനത്ത് നടന്ന ആഘോഷ പരിപാടിക്കിടെ മൂക്കിനു വെട്ടേറ്റ ദിവാന്‍ സി പി രാമസ്വാമി അയ്യര്‍ നാടുവിട്ടു. 1947 ആഗസ്ത് 15 ന് ഇന്ത്യയുടെ സ്വാതന്ത്യ്ര പ്രഖ്യാപനം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു. സ്വതന്ത്ര ഇന്ത്യയില്‍ കോഗ്രസ്, ഭരണം കൈയാളുമ്പോഴും കോഗ്രസിനേക്കാള്‍ കരളുറപ്പോടെ സ്വാതന്ത്യ്രത്തിനായി പൊരുതിയ കമ്യൂണിസ്റുകാരെ വേട്ടയാടുകയായിരുന്നു. 1948-50 കാലത്തെ നിരോധനവും കരിനിയമങ്ങളും പാര്‍ടിയെ തെല്ലും തളര്‍ത്തിയില്ല; കരുത്തോടെ മുന്നേറി. പിന്നീട് കണ്ടത് കമ്യൂണിസ്റ് പാര്‍ടിയുടെയും വര്‍ഗ പ്രസ്ഥാനങ്ങളുടെയും മുന്നേറ്റത്തിന്റെ പടയൊരുക്കം. പുന്നപ്ര വയലാറിനുശേഷം ഒരു ദശകം പിന്നിട്ടപ്പോള്‍ തിരുവിതാംകൂറും കൊച്ചിയും മലബാറും ഉള്‍പ്പെട്ട ഐക്യകേരള ഭരണം കമ്യൂണിസ്റുകാരുടെ കരങ്ങളില്‍. പിന്നീട് ബംഗാളും, ത്രിപുരയും ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കമ്യൂണിസ്റ് പ്രസ്ഥാനം ശക്തിപ്പെട്ടു. സാമ്രാജ്യത്വ വിരുദ്ധ സമരം ഏറെ കരുത്തോടെ നടത്തേണ്ടതിന്റെ അനിവാര്യത ഓര്‍മപ്പെടുത്തുന്നതാണ് 64-ാം വാര്‍ഷിക വാരാചരണം നല്‍കുന്ന സന്ദേശം. അമേരിക്കയ്ക്ക് കീഴ്പ്പെടുന്ന ഇന്ത്യയുടെ വിദേശനയം, നമ്മുടെ സ്വാതന്ത്യ്രത്തിനും സ്വാശ്രയനിലപാടിനും ആപത്താണ്. കേന്ദ്രഗവമെന്റിന്റെ ജനദ്രോഹനയങ്ങള്‍ക്കും ദേശവിരുദ്ധ നിലപാടിനുമെതിരെ ചെറുത്തുനില്‍പ്പ് സംഘടിപ്പിക്കുന്നതില്‍ തൊഴിലാളിവര്‍ഗം കൂടുതല്‍ ഐക്യത്തോടെ പോരാടുകയാണ്. ഇടതു-മത നിരപേക്ഷ ശക്തികള്‍, കോഗ്രസിനും ബിജെപിക്കുമെതിരായ ബദല്‍ നയങ്ങളും പരിപാടികളും ഉയര്‍ത്തി മുന്നേറുന്നു. (സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറിയാണ് ലേഖകന്‍) സി ബി ചന്ദ്രബാബു
No comments:
Post a Comment