Monday, January 19, 2009

സഃ ബാലാനന്ദന്‍ അന്തരിച്ചു

സഃ ബാലാനന്ദന്‍ അന്തരിച്ചു



സിപിഐ എം മുന്‍ പൊളിറ്റ്ബ്യൂറോ അംഗവും സിഐടിയു മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമായ ഇ ബാലാനന്ദന്‍ (85) അന്തരിച്ചു.അര്‍ബുദബാധയെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ശ്വാസതടസ്സവും മറ്റ് അസ്വസ്ഥതകളുംമൂലം ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ശനിയാഴ്ചയാണ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിച്ചത്. തിങ്കളാഴ്ച രാവിലെ 8.45നാണ് അന്ത്യമുണ്ടായത്. സംസ്കാരംവൈകിട്ട് അഞ്ചു മണിക്ക് സിപിഐ എം കളമശേരി ഏരിയാ കമ്മറ്റി ഓഫീസ് വളപ്പില്‍ നടക്കും. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗംകൂടിയായ ഭാര്യ സരോജിനിയോടും മകന്‍ സുനിലിനോടുമൊപ്പം നോര്‍ത്ത് കളമശേരി യിലെ വീട്ടിലായിരുന്നു താമസം. കൊല്ലം ജില്ലയിലെ ശക്തികളങ്ങരയില്‍ ജനിച്ച ബാലാനന്ദന്‍ കഷ്ടതനിറഞ്ഞ ജീവിതവഴികള്‍ താണ്ടിയാണ് വളര്‍ന്നത്. എട്ടാംക്ളാസുവരെ മാത്രം ഔപചാരിക വിദ്യാഭ്യാസം നേടിയ അദ്ദേഹം തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകനും സംഘാടകനുമായി വളര്‍ന്ന് എകെജിക്കും ഇഎംഎസിനും ശേഷം സിപിഐ എമ്മിന്റെ പൊളിറ്റ്ബ്യൂറോയിലെത്തിയ മലയാളിയായി. രണ്ടുതവണ നിയമസഭാംഗവും ഓരോതവണ ലോക്സഭ, രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു.


കിടയറ്റ സംഘാടകന്‍: വി എസ്

ഇ ബാലാനന്ദന്റെ നിര്യാണം ഇന്ത്യന്‍ തൊഴിലാളി പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയും തുടര്‍ന്ന് സിപിഐ എമ്മും കെട്ടിപ്പടുക്കുന്നതിന് ത്യാഗപൂര്‍വം പ്രവര്‍ത്തിച്ച വിപ്ളവകാരിയാണ് സഖാവ് ബാലാനന്ദന്‍. എഐടിയുസിയുടെ സമുന്നത നേതാവായി മാറിയ അദ്ദേഹം പിന്നീട് സിഐടിയു രൂപീകരിക്കുന്നതിലും സിഐടിയുവിനെ രാജ്യത്തെ ഏറ്റവും വലിയ സമരസംഘടയാക്കി മാറ്റുന്നതിലും മുഖ്യ പങ്കുവഹിച്ചു. ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ജനവിഭാഗങ്ങളുടെ സമരൈക്യവും ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയും കെട്ടിപ്പടുത്തു. വ്യവസായങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിച്ച്, അതിന്റെ നിലനില്‍പ്പും വളര്‍ച്ചയുമായിക്കൂടി ബന്ധപ്പെടുത്തി തൊഴിലാളികളെ ബോധവല്‍ക്കരിക്കയും സമരസംഘടനാ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതില്‍ അനിതരസാധാരണമായ പാടവമാണ് സാഖാവ് കാഴ്ചവെച്ചത്. ആഗോളവല്‍ക്കരണത്തിന്റെ നാനവിധ അധിനിവേശ തന്ത്രങ്ങള്‍ക്കെതിരെ ശക്തമായ പ്രത്യയശാസ്ത്ര ഇടപെടല്‍ നടത്തുന്നതിലും അദ്ദേഹം മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. കിടയറ്റ സംഘാടകനും വിപ്ളവകാരിയുമായ സഖാവിന്റെ വിയോഗം രാജ്യത്തെ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന് പൊതുവിലും കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത് - വി എസ് അനുസ്മരിച്ചു.


ധീരനും ഉത്തമനുമായ കമ്യൂണിസ്റ്റ് നേതാവ്


ധീരനും ഉത്തമനുമായി കമ്യൂണിസ്റ്റ് നേതാവായിരുന്നു ഇ ബാലാനന്ദനെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിനും തൊഴിലാളി വര്‍ഗ പ്രസ്ഥാനത്തിനും നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍നിന്ന് പൊളിറ്റ് ബ്യൂറോയില്‍ എത്തിയ മൂന്നാമത്തെ നേതാവയിരുന്നു അദ്ദേഹം. ബിടിആറിന് ശേഷം തൊഴിലാളി പ്രസ്ഥാനത്തിന്റെ അഖിലേന്ത്യ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു. ക്രൂരമായ മര്‍ദനങ്ങളും ബാലാനന്ദന്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്ന് പിണറായി അനുസ്മരിച്ചു.

Friday, January 9, 2009

മുസ്ളിം ലീഗിന്റെ മറ്റൊരു ജനവഞ്ചന

മുസ്ളിം ലീഗിന്റെ മറ്റൊരു ജനവഞ്ചന

അമേരിക്ക സ്ഥാപിച്ച് വളര്‍ത്തിക്കൊണ്ടുവന്ന ഇസ്രയേല്‍ ഗാസയില്‍ കയറി സ്കൂളുകളും അഭയാര്‍ഥി ക്യാമ്പുകളും ബോംബിട്ടു തകര്‍ക്കുന്നതിനെതിരെ ലോകമെങ്ങും രോഷവും പ്രതിഷേധവും ഉയരുകയാണ്. ലോക പൊതുജനാഭിപ്രായം വകവയ്ക്കാതെ പലസ്തീനികളെ മുഴുവന്‍ കൊന്നൊടുക്കുമെന്ന വാശിയില്‍ ഇസ്രയേല്‍ സൈന്യം ഗാസയെ തുണ്ടംതുണ്ടമാക്കി ആക്രമിക്കുന്നു. കൊല്ലപ്പെട്ടവരില്‍ ഒരുപാട് സ്ത്രീകളും കുഞ്ഞുങ്ങളുമുണ്ട്. ഉപരോധം കാരണം ഭക്ഷണവും വെള്ളവും വസ്ത്രവും വൈദ്യുതിയും മരുന്നുപോലും നിഷേധിക്കപ്പെട്ട ജനതയോടാണ് ഇസ്രയേല്‍ അതിന്റെ സൈനികശക്തി മുഴുവന്‍ ഉപയോഗിക്കുന്നത്. ലോകം ഇതുകണ്ട് വിറങ്ങലിച്ചുനില്‍ക്കുന്നു. ഭീകരതയ്ക്കെതിരെ പിന്തുണയ്ക്ക് ലോകമെങ്ങും ഓടിനടക്കുന്ന അമേരിക്കതന്നെയാണ് ഈ ഭീകരരാഷ്ട്രത്തിന് സൈനിക-രാഷ്ട്രീയ-സാമ്പത്തിക സഹായം നല്‍കുന്നത്. നിരപരാധികളായ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ബോംബിട്ടുകൊല്ലുന്നതിലപ്പുറം എന്താണ് ഭീകരത. ആക്രമണം അവസാനിപ്പിക്കണമെന്ന് പ്രമുഖ ലോകരാഷ്ട്രങ്ങളെല്ലാം ആവശ്യപ്പെടുമ്പോള്‍, എക്കാലവും പലസ്തീന്‍ജനതയുടെ സുഹൃത്തായിരുന്ന ഇന്ത്യ മുഖം തിരിഞ്ഞുനില്‍ക്കുന്നത് ആരിലും അമര്‍ഷമുണ്ടാക്കും. പലസ്തീനെ അംഗീകരിച്ച ആദ്യ അറബ് ഇതരരാഷ്ട്രം ഇന്ത്യയായിരുന്നു. അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയായതോടെ ഇന്ത്യ അതിന്റെ പ്രഖ്യാപിത വിദേശനയംതന്നെ ഉപേക്ഷിച്ചു. അമേരിക്കയുടെ ഇംഗിതം സാധിച്ചുകൊടുക്കുക എന്നതിലേക്ക് ഇന്ത്യയുടെ വിദേശനയം മാറി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ ഇറാനെതിരെ വോട്ട് ചെയ്യാന്‍ ഇന്ത്യ തയ്യാറായത് ഈ നയംമാറ്റത്തിന്റെ തെളിവാണ്. ആണവകരാറില്‍ ഒപ്പുവച്ചതോടെ ഔപചാരികമായിത്തന്നെ ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയായി. ഇന്ത്യയുടെ സ്വതന്ത്ര വിദേശനയം ഇല്ലാതായി. പലസ്തീന്‍ പ്രശ്നത്തില്‍ ഇന്ത്യ എടുക്കുന്ന നപുംസകനയം ഇതിന്റെ ഫലമാണ്. ലോകത്തിലെ വന്‍ ശക്തികളിലൊന്നായി വളര്‍ന്നെന്ന് അഭിമാനിക്കുന്ന ഇന്ത്യ, ഇസ്രയേല്‍ വംശഹത്യ അവസാനിപ്പിക്കുന്നതിന് നയതന്ത്രതലത്തില്‍ ചെറുവിരലനക്കിയിട്ടില്ല. ഇതിനെതിരെ രാജ്യത്തിനകത്തു വലിയ പ്രതിഷേധം ഉയരുന്നുണ്ട്. അതിനിടയിലാണ്, ഇസ്രയേലുമായുള്ള ബന്ധം ഇന്ത്യ വേര്‍പെടുത്തണമെന്ന് മുസ്ളിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടത്. പാര്‍ടിയുടെ അഖിലേന്ത്യാ പ്രസിഡന്റും വിദേശ സഹമന്ത്രിയുമായ ഇ അഹമ്മദുകൂടി പങ്കെടുത്ത ലീഗ് സംസ്ഥാന കമ്മിറ്റിയോഗത്തിനുശേഷം ശിഹാബ് തങ്ങള്‍ പുറപ്പെടുവിച്ച പ്രസ്താവന ആ പാര്‍ടിയുടെ ഔദ്യോഗിക നിലപാടുതന്നെ എന്നു കരുതാം. ഇസ്രയേലുമായി സൈനിക സഹകരണം തുടരുകയും ആ ഭീകരരാജ്യത്തിന് പിന്തുണ നല്‍കുകയും ചെയ്യുന്ന ഇന്ത്യന്‍ വിദേശവകുപ്പില്‍ പശ്ചിമേഷ്യയുടെ ചുമതലനിര്‍വഹിക്കുന്നത് പാണക്കാട് തങ്ങളുടെ പാര്‍ടിയുടെ ദേശീയ പ്രസിഡന്റായ അഹമ്മദാണ്. അഹമ്മദിനെ ആ സ്ഥാനത്ത് തുടരാന്‍ അനുവദിച്ചശേഷം ഇസ്രയേല്‍ ബന്ധം ഇന്ത്യ അവസാനിപ്പിക്കണമെന്ന് പറയാന്‍ മുസ്ളിംലീഗിനല്ലാതെ കഴിയില്ല. ഇസ്രയേല്‍ ബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെടുക മാത്രമല്ല, ഈ പ്രശ്നത്തില്‍ പ്രചാരണം നടത്താനും മുസ്ളിം ലീഗ് ഒരുങ്ങുകയാണ്. സ്വന്തം അണികളെ കബളിപ്പിക്കുന്നതോടൊപ്പം, പലസ്തീനൊപ്പം നില്‍ക്കുന്ന ജനങ്ങളെയാകെ പരിഹസിക്കുകയാണ് മുസ്ളിം ലീഗ്. എന്തുകൊണ്ടാണ് മുസ്ളിം ലീഗ് ഇങ്ങനെയൊരു ആവശ്യം ഉയര്‍ത്തി പ്രചാരണത്തിനറങ്ങുന്നതെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. സാധാരണ ജനങ്ങളുടെയോ പാര്‍ടി പ്രതിനിധാനം ചെയ്യുന്നെന്ന് അവകാശപ്പെടുന്ന സമുദായത്തിന്റെയോ വികാരം ചവിട്ടിമെതിച്ചതിന് കഴിഞ്ഞ ലോക്സഭ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആ പാര്‍ടിക്ക് കനത്ത തിരിച്ചടി കിട്ടി. ഇനിയുമൊരു പരാജയം ഏറ്റുവാങ്ങാനുള്ള ശക്തി മുസ്ളിം ലീഗിനില്ല. അതിനാല്‍, നയം തിരുത്തുന്നതിനുപകരം, അണികളെയും സമുദായത്തെയും കബളിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിയുമോ എന്നാണ് ആ പാര്‍ടി നോക്കുന്നത്. ഇസ്രയേല്‍ ബന്ധം ഇന്ത്യ വേര്‍പെടുത്തണമെന്ന് പരസ്യമായി ആവശ്യപ്പെടുന്ന മുസ്ളിം ലീഗ് നേതൃത്വത്തോട് ലളിതമായ ചില ചോദ്യങ്ങള്‍: ഇസ്രയേല്‍ ബന്ധം അവസാനിപ്പിക്കാന്‍ മന്‍മോഹന്‍സിങ്ങിനോട് അഹമ്മദ് ആവശ്യപ്പെട്ടോ? ഇല്ലെങ്കില്‍ ഇനിയെങ്കിലും അതു ചെയ്യുമോ? ഇസ്രയേല്‍ ബന്ധം യുപിഎ സര്‍ക്കാര്‍ തുടരുകയാണെങ്കില്‍ മന്ത്രിസഭയില്‍നിന്ന് ഇറങ്ങിപ്പോരാന്‍ അഹമ്മദോ അദ്ദേഹത്തെ തിരിച്ചുവിളിക്കാന്‍ ശിഹാബ്തങ്ങളോ തയ്യാറാകുമോ? കോഗ്രസിനോട് സലാം പറഞ്ഞ് ജനങ്ങളോടൊപ്പം നില്‍ക്കാനുള്ള ആര്‍ജവം ആ പാര്‍ടി കാണിക്കുമോ? ആത്മാര്‍ഥത തെളിയിക്കേണ്ടത് പ്രവൃത്തിയിലൂടെയാണ്. ഇടതുപക്ഷ പാര്‍ടികള്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയമൂല്യം ജനങ്ങളുടെ മനസ്സിലുണ്ട്. രാജ്യത്തിന്റെ പരമാധികാരം അപകടപ്പെടുത്തുന്ന ആണവകരാര്‍ ഒപ്പിടരുതെന്ന് ഇടതുപക്ഷം പലതവണ ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാര്‍ വഴങ്ങാതിരുന്നപ്പോള്‍ പിന്തുണ പിന്‍വലിച്ചു. മുസ്ളിം ലീഗിനെ സംബന്ധിച്ച് ഇതൊക്കെ അചിന്ത്യം. ആണവകരാര്‍ പ്രശ്നത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ നിലപാട് എടുക്കണമെന്ന് അണികളില്‍നിന്ന് അഭിപ്രായം ഉയര്‍ന്നപ്പോള്‍ നേതൃത്വം എന്താണ് ചെയ്തത്. കോഗ്രസ് നേതൃത്വത്തെ 'ആശങ്ക' അറിയിക്കാന്‍ ഇ അഹമ്മദിനെ ചുമതലപ്പെടുത്തി. ഒടുവില്‍ യുപിഎ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്ത് മന്ത്രിസ്ഥാനം നിലനിര്‍ത്തി. അധികാരത്തിനും പണത്തിനും പദവിക്കും വേണ്ടി അണികളെയും സമുദായത്തെയും വഞ്ചിച്ചതാണ് ലീഗിന്റെ ചരിത്രം. അണികള്‍ വിട്ടുപോകുന്നതിന് മറ്റൊരു കാരണവുമില്ല. പലസ്തീന്‍പോലെ ജനങ്ങളുടെ മനസ്സില്‍ വേദനയും രോഷവും ഉണര്‍ത്തിയ മറ്റൊരു രാഷ്ട്രീയപ്രശ്നം അടുത്തകാലത്ത് ചൂണ്ടിക്കാണിക്കാനില്ല. ഇത്തരം പ്രശ്നങ്ങളില്‍പോലും വഞ്ചനാപരമായ നിലപാട് എടുക്കുന്ന പ്രസ്ഥാനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയ്ക്കാകെ കളങ്കമാണ്. സ്വന്തം അണികള്‍ വിഡ്ഢികളാണെന്ന ബോധമാണ് ഇപ്പോഴും ലീഗ്നേതൃത്വത്തെ ഭരിക്കുന്നത്. ആ ധാരണ തിരുത്തേണ്ടത് ലീഗ്പ്രവര്‍ത്തകരും ആ പാര്‍ടിയോടൊപ്പം നില്‍ക്കുന്നവരുംതന്നെ. അഹമ്മദിനെ വിദേശവകുപ്പില്‍ ഇരുത്തി ഇസ്രയേല്‍ വിരുദ്ധപ്രചാരണത്തിന് മുസ്ളിംലീഗ് തുനിയുന്നത് അത്ഭുതകരമായ ചര്‍മശേഷിയുള്ളതുകൊണ്ടാണ്.