ഡല്‍ഹിയില്‍ സഹമത് സംഘടിപ്പിച്ച ഇന്ത്യയിലെ പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളെ സംബന്ധിച്ച ഒരു സെമിനാറില്‍ പ്രകാശ് കാരാട്ടിനും ഡോ. കെ എന്‍ പണിക്കര്‍ക്കുമൊപ്പം ഒരു പ്രബന്ധം അവതരിപ്പിച്ചതിന് തൊട്ടുപിന്‍പുള്ള ദിവസങ്ങളിലൊന്നിലാണ് സമിക് ബന്ദോപാധ്യായ് വീണ്ടും കേരളത്തിലെത്തിയത്. കേരളത്തിലെ പുരോഗമന കലാസാഹിത്യസംഘം പുരോഗമന സാഹിത്യകലാ പ്രസ്ഥാനങ്ങളുടെ എഴുപത്തഞ്ചാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. സംസ്കാരം ഒരു മൂലധന രൂപമായി മാറുന്നതിനെക്കുറിച്ചും അതിന് വര്‍ത്തമാന സാഹചര്യങ്ങളില്‍ ഏറെ നിര്‍ണയനശേഷി കൈവരുന്നതിനെക്കുറിച്ചും സാമ്രാജ്യത്വം സംസ്കാരത്തെ സ്വന്തം താല്പര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്നതിന്റെ രീതിഭേദങ്ങളെക്കുറിച്ചും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വളരെ വിശദമായിത്തന്നെ പ്രതിപാദിച്ചു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമ്രാജ്യത്വ തന്ത്രങ്ങള്‍ക്കെതിരെ ഉയര്‍ത്തുന്ന പ്രതിരോധത്തിന്റെ ഒരു പ്രധാനമുഖം സംസ്കാരത്തിന്റേതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2012 ജനുവരി 5ന് വൈകുന്നേരം സമ്മേളനച്ചടങ്ങുകള്‍ക്കുശേഷം ദേശാഭിമാനി വാരികയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സാംസ്കാരിക രംഗത്തെ പ്രശ്നങ്ങളോട് ഇടതുപക്ഷം കൈക്കൊള്ളുന്ന നിലപാടുകളുടെ അപര്യാപ്തതകളെക്കുറിച്ച് അദ്ദേഹം ഉത്കണ്ഠപ്പെടുകയും ചെയ്തു.
അഭിമുഖത്തിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നതിനുമുന്‍പ് സമിക് ബന്ദോപാധ്യായ്യെക്കുറിച്ച് അല്പം കാര്യങ്ങള്‍ : സമിക് ബന്ദോപാധ്യായ് കൊല്ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന സിനിമാ-രംഗവേദി നിരൂപകനാണ്. ഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ വൈസ് ചെയര്‍മാനായി ഇടക്കാലത്തദ്ദേഹം തെരഞ്ഞെടുക്കപ്പട്ടു. അലഹബാദ് യൂണിവേഴ്സിറ്റിയുടെ ഡ്രാമ ആന്‍ഡ് സിനിമാ സ്കൂളിന്റെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ അംഗമാണ്. പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കൊല്‍ക്കത്തയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ അക്കാദമിക് കൗണ്‍സില്‍ അംഗമാണ്.
1987ല്‍ പശ്ചിംബംഗ നാട്യ അക്കാദമി സ്ഥാപിതമായതു മുതല്‍ അതിന്റെ മുഖ്യ പ്രവര്‍ത്തകരില്‍ ഒരാളുമാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ തിയറ്ററിനെക്കുറിച്ച് അധ്യാപനം നടത്തുന്ന വിസിറ്റിങ് പ്രൊഫസര്‍മാരിലൊരാള്‍ എന്ന നിലയിലും സമിക് അറിയപ്പെടുന്നു. സമിക്കിന് ഒരു വലിയ കലാസാഹിത്യ പാരമ്പര്യം സ്വന്തമായി അവകാശപ്പെടാനുണ്ട്. അദ്ദേഹത്തിന്റെ അച്ഛന്‍ സുനീതികുമാര്‍ 1930കളില്‍ എലിസബത്തന്‍ ഭാവഗാനങ്ങളെക്കുറിച്ച് സര്‍ ഹെര്‍ബര്‍ട്ട് ഗ്രിയര്‍സണിനു കീഴില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് ബിരുദം സമ്പാദിച്ചയാളാണ്. സുനീതി കുമാര്‍ പിന്നീട് ദീര്‍ഘകാലം ഇംഗ്ലീഷ് പ്രൊഫസറായി കൊല്ക്കത്തയില്‍ കഴിഞ്ഞുകൂടി. ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലുമുള്ള അദ്ദേഹത്തിന്റെ താല്പര്യം പകര്‍ന്നു കിട്ടിയത് സമിക്കിനായിരുന്നു. പിതാവിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ പകര്‍ന്നുകിട്ടിയ മൂത്ത മകന്‍ സുബ്രത പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായിത്തീരുകയും ചെയ്തു. സുബ്രതോ ബാനര്‍ജിയുടെ പത്നി കരുണാ ബാനര്‍ജി ബംഗാളിയിലെ അറിയപ്പെടുന്ന രംഗവേദി പ്രവര്‍ത്തകയും സിനിമാ പ്രവര്‍ത്തകയുമായിരുന്നു. പില്ക്കാലത്ത് നിരോധിക്കപ്പെട്ട ഇന്ത്യന്‍ റാഡിക്കല്‍ തിയേറ്റര്‍ അസോസിയേഷന്‍ അംഗമായിരുന്ന അവര്‍ സത്യജിത് റേ, മൃണാള്‍സെന്‍ , ഋത്വിക് ഘട്ടക് എന്നിവരോടൊപ്പം സിനിമാരംഗത്തും ശംഭു മിത്രയോടൊപ്പം നാടകരംഗത്തും അറിയപ്പെടുന്ന ഒരു അഭിനേത്രിയായി പ്രവര്‍ത്തിച്ചു.
സമിക് ബന്ദോപാധ്യായ് 1955ല്‍ കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും ഐച്ഛിക വിഷയമായെടുത്ത് പഠനമാരംഭിച്ച കാലം മുതല്‍ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ അംഗമായി പ്രവര്‍ത്തനം തുടങ്ങി. അക്കാലത്ത് തന്റെ ജൂനിയറായി പഠിച്ച ബുദ്ധദേവ് ഭട്ടാചാര്യ പില്ക്കാലത്ത് തന്നെക്കുറിച്ച് "എന്റെ നേതാവ്" എന്ന് തമാശയായി പറയാറുള്ളത് സമിക് അനുസ്മരിച്ചു. 1958ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കാന്‍ഡിഡേറ്റ് മെമ്പര്‍ഷിപ്പിലും 1959ല്‍ മുഴുവന്‍ സമയ അംഗത്വത്തിലുമെത്തി. 1964 വരെ കമ്യൂണിസ്റ്റ് പാര്‍ടി മുഖപത്രമായ "സ്വാധീനത"യില്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് ബുദ്ധദേവ് ഭട്ടാചാര്യയുടെ അമ്മാമനും ബംഗാളിയിലെ അറിയപ്പെടുന്ന കവിയുമായ സുകാന്ത ഭട്ടാചാര്യ കുട്ടികളുടെ സംഘടനയായ "കിഷോര്‍ ബാഹിനി"യുടെ ഒന്നാന്തരം സംഘാടകനായി പ്രവര്‍ത്തിക്കുകയായിരുന്നു. കിഷോര്‍ ബാഹിനിയുടെ പ്രവര്‍ത്തനങ്ങളുമായി സമിക് സഹകരിച്ചു. 1961ല്‍ രബീന്ദ്ര ഭാരതി യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1973ല്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ്സില്‍ എഡിറ്ററായി ചേര്‍ന്നു. 1982 വരെ ആ ജോലിയില്‍ തുടര്‍ന്നു. പിന്നീട് രാജിവെച്ചു. ഒരു ഔദ്യോഗികപദവിയും പിന്നീട് അദ്ദേഹം സ്വീകരിച്ചില്ല. പറയുന്ന കാരണം ഇങ്ങനെ "എനിക്കാവശ്യമായ പുസ്തകങ്ങള്‍ വാങ്ങാന്‍ ഒരു ജോലിയിലെ ശമ്പളവും മതിയായിരുന്നില്ല". പക്ഷേ പിന്നീട് 1988 വരെ സീഗള്‍ പുസ്തക പ്രസാധകരോടു ചേര്‍ന്ന് തന്റെ പുസ്തക എഡിറ്റിങ് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം തുടര്‍ന്നുപോന്നു. "തിമ" എന്ന പ്രസിദ്ധീകരണ വിഭാഗവുമായി ബന്ധപ്പെട്ട് ഇപ്പോഴും അത് തുടരുന്നു. ഗ്രാംഷിയന്‍ ചിന്തകളുമായി അഗാധമായി ബന്ധപ്പെട്ട ഒരു വ്യക്തിയാണ് സമിക് ബന്ദോപാധ്യായ്. അടിത്തറ - മേല്‍പ്പുര ബന്ധത്തെക്കുറിച്ചുള്ള പരമ്പരാഗത മാര്‍ക്സിയന്‍ സ്ഥലരാശി രൂപകം ഗ്രാംഷിക്കുശേഷം എങ്ങനെ വലിയ അവളില്‍ പുനര്‍നിര്‍വചിക്കപ്പെട്ടു എന്നതിനെക്കുറിച്ചും പ്രത്യയശാസ്ത്രങ്ങള്‍ക്കു കൈവരുന്ന അധീശത്വത്തെക്കുറിച്ചുമുള്ള ഗ്രാംഷിയന്‍ ചിന്തകള്‍ സമിക് ബന്ദോപാധ്യായ്യെ പുതിയ കാഴ്ചപ്പാടുകളില്‍ ചെന്നെത്താന്‍ പ്രേരിപ്പിച്ചു.
1993ല്‍ "അന്റോണിയോ ഗ്രാംഷി, നിര്‍ബാചിത രചന്‍സമഗ്ര" എന്ന ഗ്രന്ഥം അദ്ദേഹം ബംഗാളിയില്‍ പ്രസിദ്ധപ്പെടുത്തി. രംഗവേദിയെ സംബന്ധിച്ച അദ്ദേഹത്തിന്റെ ആദ്യപ്രബന്ധം ബീജിങ് ഓപ്പറയിലെ മേയ്ലാന്‍ഫാങ് എന്ന നടനോടു ബന്ധപ്പെട്ട ഒരു പഠനമായിരുന്നു. ജാത്ര നാടകരംഗത്തോടു ബന്ധപ്പെട്ട് അദ്ദേഹം ബൊഹുരൂപി പത്രികയില്‍ എഴുതിയ പഠനം വലിയ അളവില്‍ ശ്രദ്ധിക്കപ്പെട്ടു. ഉത്പല്‍ദത്ത്, ബാദല്‍ സര്‍ക്കാര്‍ , ശംഭുമിത്ര തുടങ്ങി ബംഗാളി നാടകവേദിയിലെ അതികായരുമായി അദ്ദേഹം നടത്തിയ സംവാദങ്ങളും അഭിമുഖങ്ങളും സമിക്കിന്റെ തിയേറ്റര്‍ പഠനരംഗത്തെ നാഴികക്കല്ലുകളായി മാറി. ബ്രെഹ്തിന്റെ "ത്രീപെനി ഓപ്പെറ"യെ അടിസ്ഥാനമാക്കി നന്ദികാര്‍ രചിച്ച ദൃശ്യരൂപത്തിന്റെ വിലയിരുത്തലും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. കൊല്ക്കത്തയില്‍ ഗൗരവമേറിയ അളവില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ നടക്കുന്ന ഒരു സാഹചര്യത്തില്‍ രംഗവേദിയെ ഒരു കാടന്‍ പ്രഹസനമാക്കി മാറ്റുന്നതിലെ യുക്തിഹീനതയെയും അരാഷ്ട്രീയതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെത്തന്നെ ബംഗാളി നാടകവേദി ചര്‍ച്ചക്കെടുത്തു. ഫുക്കോവിന്റെ അധികാരഘടനകളെക്കുറിച്ചുള്ള പരികല്പനകളുടെ അടിസ്ഥാനത്തില്‍ വിജയ് ടെണ്ടുല്‍ക്കറിന്റെ "ഘാസിറാം കോട്വാളി"നെക്കുറിച്ച് സമിക് നടത്തിയ പഠനത്തില്‍ ഇന്ത്യയെപ്പോലുള്ള ഒരു സമൂഹത്തില്‍ അധികാരഘടനകളുടെ തിരശ്ചീനമായ രീതിയിലുള്ള പ്രവര്‍ത്തനശൈലികളെ സംബന്ധിച്ച വിശദമായ ചില നിരീക്ഷണങ്ങള്‍ കാണാം.
2003ല്‍ ടെണ്ടുല്‍ക്കറുടെ നാടകങ്ങള്‍ സമാഹരിയ്ക്കപ്പെട്ട സന്ദര്‍ഭത്തിലെഴുതിയ അവതാരികയിലും ടെണ്ടുല്‍ക്കര്‍ നാടകങ്ങളിലെ അധികാരഘടനാ വിശകലനങ്ങളെക്കുറിച്ച് സമിക് വിശദമായ രീതിയില്‍ നിരീക്ഷിക്കുന്നുണ്ട്. 1983ല്‍ മൃണാള്‍സെന്നിന്റെ "അകലേര്‍ സന്ധാനേ" എന്ന തിരക്കഥ തര്‍ജമ ചെയ്തു പ്രസിദ്ധീകരിക്കുമ്പോള്‍ ആ തിരക്കഥ സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെക്കുറിച്ച് ഉയര്‍ത്തുന്ന അസുഖകരമായ ചോദ്യങ്ങള്‍ അര്‍ഥദീപ്തമായി ഉള്‍ക്കൊള്ളാന്‍ സിനിമ എന്ന മാധ്യമത്തിന് എങ്ങനെ കഴിയുന്നു എന്ന് ഇദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. ക്ഷോഭിക്കുന്ന നാഗരിക യുവത്വങ്ങള്‍ക്ക് അവരുടെ ഗ്രാമീണ സമാന്തരങ്ങളുമായി തങ്ങളുടെ പ്രതിരോധബോധങ്ങളെ കണ്ണി ചേര്‍ക്കാന്‍ മാര്‍ക്സിയന്‍ സിദ്ധാന്തങ്ങളിലൂടെ മാത്രമേ സാധ്യമാകൂ എന്ന് മൃണാള്‍സെന്നിനെക്കുറിച്ചുള്ള പഠനത്തില്‍ അദ്ദേഹം സ്ഥാപിച്ചു. ഒപ്പം തന്നെ ഇരട്ടജീവിതം വെച്ച് ഒളിച്ചുകളിക്കുന്ന ക്ഷോഭിക്കുന്ന ബംഗാളി നാഗരിക യുവത്വത്തിന്റെ കാപട്യവും സമിക് കാണാതിരിക്കുന്നില്ല. പ്രമുഖ ദളിത് പ്രവര്‍ത്തകയും സാംസ്കാരിക പഠിതാവുമായ ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനോടൊപ്പം പ്രവര്‍ത്തിക്കാനും സമിക്കിന് കഴിഞ്ഞിട്ടുണ്ട്. മഹാശ്വേത ദേവിയുടെ "ബാഷൈ തുഡു" എന്ന ഗ്രന്ഥം ഗായത്രി ചക്രവര്‍ത്തി സ്പിവാക്കിനോടൊപ്പം അദ്ദേഹം പരിഭാഷപ്പെടുത്തി. സാംസ്കാരികരംഗത്ത് മാര്‍ക്സിയന്‍ സൈദ്ധാന്തിക സമീപനങ്ങളും ഗ്രാംഷിയന്‍ ചിന്തകളും വഴികാട്ടികളായി കാണുന്ന സമിക് ബന്ദ്യോപാധ്യായ്ക്ക് പക്ഷേ, പൊളിറ്റിക്കല്‍ മാര്‍ക്സിസം ഇന്ത്യയിലെടുക്കുന്ന പല സമീപനങ്ങളോടും തന്റേതായ വിമര്‍ശനങ്ങളും വിയോജിപ്പുകളുമുണ്ട്.
സമിക് ബന്ദ്യോപാധ്യായയുമായുള്ള അഭിമുഖത്തിലേക്ക്:
കെ പി മോഹനന്‍ : സമിക് ബാന്ദ്യോപാധ്യായ, ബംഗാളില്‍നിന്നുള്ള ഒരു അക്കാദമിഷ്യന്‍ എന്ന നിലയ്ക്കും സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയ്ക്കും സ്വാഭാവികമായും താങ്കളോട് ആദ്യം അന്വേഷിക്കാനുള്ളത് വര്‍ത്തമാനകാല ബംഗാള്‍ അവസ്ഥകളെക്കുറിച്ചു തന്നെയാണ്. അവിടെയുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെക്കുറിച്ച്, ഇടതുപക്ഷത്തിന് സംഭവിച്ച തിരിച്ചടികളെ സംബന്ധിച്ച്, അധികാരത്തിനുവേണ്ടി മമത ബാനര്‍ജി സ്വീകരിച്ച അവിശുദ്ധ കൂട്ടുകെട്ടുകളെ സംബന്ധിച്ച,് കമ്യൂണിസ്റ്റ് വിരുദ്ധത മാത്രം ലക്ഷ്യമാക്കി കോണ്‍ഗ്രസ് നടത്തിയ ഹീനമായ കീഴടങ്ങലുകളെക്കുറിച്ച് - ഇവയെയെല്ലാം താങ്കള്‍ എങ്ങനെ കാണുന്നു? ബംഗാളില്‍ ഇടതുപക്ഷത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് താങ്കളുടെ പ്രതീക്ഷകള്‍ എന്താണ്?
സമിക് ബന്ദോപാധ്യായ്: തുറന്നു പറയാമല്ലോ. ഇടതുപക്ഷത്തിന്റെ അടിത്തറ ക്രമേണ ദുര്‍ബലമാവുകയാണെന്ന ധാരണ കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷമായി ഇടതുപക്ഷത്തെ സ്നേഹിക്കുകയും സ്നേഹബുദ്ധ്യാ വിമര്‍ശിക്കുകയും ചെയ്തിരുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. ഒരു മുഖ്യധാരാ ജനപക്ഷ പാര്‍ടിയാകാനുള്ള വെമ്പലില്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് പ്രത്യയശാസ്ത്രപരമായ മനോബലം നല്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടികള്‍ക്കു കഴിയാതെ പോയിട്ടുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ടിക്കുള്ളിലെ എന്റെ സുഹൃത്തുക്കളില്‍നിന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് മാര്‍ക്സിസ്റ്റ് വിദ്യാഭ്യാസം - പാര്‍ടി വിദ്യാഭ്യാസം - നല്കാന്‍ പാര്‍ടിക്കു പലപ്പോഴും വേണ്ടവിധത്തില്‍ കഴിയാതെപോയി എന്നാണ്. അതിന്‍ഫലമായി പാര്‍ടിയുടെ പല തട്ടിലും വ്യക്തിപരതയിലൂന്നിയ രാഷ്ട്രീയ പ്രവര്‍ത്തനശൈലികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രവര്‍ത്തകരില്‍ ചിലരെങ്കിലും അധികാര ദല്ലാള്‍മാരായി മാറി. പൊതുവെ ഒരു ജീര്‍ണത പാര്‍ടിക്കുള്ളില്‍ രൂപപ്പെട്ടുതുടങ്ങി. ഇതെല്ലാമറിയാമായിരുന്നിട്ടും ബുദ്ധിജീവികളില്‍ വലിയൊരു വിഭാഗം പാര്‍ടിക്കെതിരായ ഒരു നിലപാട് പരസ്യമായിട്ടെടുത്തില്ല. അങ്ങനെ ചെയ്യുന്നത് ശരിയുമല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പക്ഷേ വലിയൊരു വിഭാഗം സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് അവരുടേതായ സംശയങ്ങള്‍ ഉണ്ടായിരുന്നു. ഇടതുമുന്നണിയും ഇടതുപക്ഷ സാംസ്കാരിക പ്രവര്‍ത്തകരും തമ്മിലുണ്ടായ അകല്‍ച്ച ക്രമേണ വളര്‍ന്നുവരാന്‍ തുടങ്ങിയെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പാര്‍ടിയുടെ അടിത്തറ വളരെ ശക്തമാണെന്ന ഒരു ധാരണയാണ് പൊതുവെ നിലനിന്നത്. സ്നേഹബുദ്ധ്യായുള്ള വിമര്‍ശനങ്ങളെ അവഗണിക്കാന്‍ മാത്രമുള്ള ഒരു ആത്മവിശ്വാസം തങ്ങളുടെ വോട്ടുബാങ്കിനെക്കുറിച്ച് നിലനിന്നിരുന്നപോലെ തോന്നുന്നു. സാംസ്കാരിക പ്രവര്‍ത്തകര്‍ ഒരു വലിയ അളവില്‍ അകറ്റി നിര്‍ത്തപ്പെട്ടു. സിംഗൂര്‍ , നന്ദിഗ്രാം സംഭവവികാസങ്ങള്‍ക്കുശേഷം ഞങ്ങളില്‍ ചിലര്‍ക്ക് തുറന്നുതന്നെ ഞങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തേണ്ടിവന്നു. അപ്പോള്‍ ഞാന്‍ രണ്ടു അക്കാദമികളില്‍ -ബംഗ്ലാ അക്കാദമി (ഇതവിടത്തെ സാഹിത്യ അക്കാദമിയാണ്) യിലും നാട്യ അക്കാദമിയിലും- അംഗമായിരുന്നു. ഞാന്‍ അവയുടെ എക്സിക്യൂട്ടീവ് കമ്മിറ്റികളില്‍ ഉണ്ടായിരുന്നു. മറ്റു പലരോടുമൊപ്പം എനിക്കും അവയില്‍നിന്നു രാജിവെക്കേണ്ടിവന്നു. മറ്റു പലരേയും പോലെ ഒരു പൊതുപ്രസ്താവനയില്‍ ഒപ്പിടാനോ പങ്കാളിയാകാനോ ഞാന്‍ പോയില്ല. പകരം ബുദ്ധദേവിന് ഞാന്‍ വ്യക്തിപരമായി ഒരു കത്തെഴുതി. അതില്‍ ഞാന്‍ പറഞ്ഞത് നന്ദിഗ്രാമോ അവിടെ നടന്ന വെടിവെപ്പോ മാത്രമല്ല പ്രശ്നം എന്നും ഭൂമി ഇടപാടിനോടൊപ്പം നടന്ന സങ്കീര്‍ണമായ മൂലധന ബന്ധങ്ങളാണ് മുഖ്യമായ പ്രശ്നം എന്നുമായിരുന്നു. മൂലധന ശക്തികളുമായുള്ള നിരുപാധികമായ കൂട്ടുകെട്ട്, മൂലധനശക്തികളാണ് നിബന്ധനകള്‍ വെയ്ക്കുന്നത് എന്ന അവസ്ഥ സൃഷ്ടിക്കുന്നതിനോട് എനിക്ക് വിയോജിപ്പുണ്ടായിരുന്നു. ഇടതുമുന്നണി ഗവണ്‍മെന്റ് ജനങ്ങളെ വിശ്വാസത്തിലെടുക്കാനോ, കാര്യങ്ങള്‍ ജനങ്ങളോടു വിശദീകരിക്കാനോ കഴിയാത്ത ഒരു പ്രതിസന്ധിയിലെത്തിച്ചേരാന്‍ കാരണം അതായിരുന്നു. ആ പ്രതിസന്ധി പൂര്‍ണ രൂപത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. കൃത്യമായ അളവില്‍ രാഷ്ട്രീയമായി പഠിപ്പിക്കപ്പെടാത്ത സാധാരണ പ്രവര്‍ത്തകര്‍ക്കും ആ സാഹചര്യത്തില്‍ ശരിയായ രീതിയില്‍ ജനങ്ങളിലേക്കെത്താന്‍ കഴിഞ്ഞില്ല. ഇടതുപക്ഷത്തിന് പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് സംഭവത്തിന്റെ സങ്കീര്‍ണതകള്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ കഴിഞ്ഞില്ല. അധികാരം, ഗവണ്‍മെന്റ്, ജനകീയ പിന്‍ബലം ഇതൊക്കെയുള്ളപ്പോള്‍ ഭയപ്പെടാനൊന്നുമില്ലെന്ന ഒരു ധാരണ വന്നുചേര്‍ന്നുവോ എന്നു ഞാന്‍ സംശയിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ അല്പം വിഷമത്തോടെയാണെങ്കിലും സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്നു രാജിവെക്കുക എന്ന ഒരു തീരുമാനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നു. ഞങ്ങളോടൊപ്പം രാജിവെച്ചവരില്‍ ചിലര്‍ വളരെ നിശബ്ദമായി തൃണമൂല്‍ പാളയത്തിലേക്ക് നടന്നുനീങ്ങുന്നത് വേദനയോടെ ഞാന്‍ നോക്കിനിന്നു. ഒരു വല്ലാത്ത സാഹചര്യമായിരുന്നു അത്. കവികള്‍ , എഴുത്തുകാര്‍ , രംഗവേദി പ്രവര്‍ത്തകര്‍ - ഞങ്ങളുടെ കൂടെ വന്നവര്‍ക്കൊക്കെ ഒരു നിലപാട് എടുക്കേണ്ടിവന്നു. പക്ഷേ സംഭവഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. തൃണമൂലിനനുകൂലമായോ ഇടതുപക്ഷത്തിനെതിരായോ ഒരു നിലപാടെടുക്കില്ലെന്ന് ഞങ്ങളില്‍ ചിലര്‍ തീരുമാനിച്ചു. ഞങ്ങള്‍ നന്ദിഗ്രാമിലും സിംഗൂരിലും നടന്ന കാര്യങ്ങളെ അപലപിച്ചു, അവക്കെതിരെ പ്രതിഷേധിച്ചു. ഒരിക്കല്‍കൂടി പറയട്ടെ ഇടതുമുന്നണി ഗവണ്‍മെന്റ് മൂലധനശക്തികളോടെടുത്ത ഉദാര നിലപാടാണ് ഞങ്ങളെ വേദനിപ്പിച്ചത് . അതിന്റെ ഫലമായി വിഷമതകള്‍ അനുഭവിച്ച ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനോ, ആ പ്രശ്നങ്ങളില്‍ ഫലപ്രദമായി ഇടപെടാനോ, വിശദീകരിക്കാനോ ഇടതുമുന്നണി ഗവണ്‍മെന്റിനു കഴിയാതെ പോയി. അത്തരമൊരു രാഷ്ട്രീയ സാഹചര്യം തീര്‍ത്തും തെറ്റാണെന്ന ബോധ്യത്തോടെയാണ് ഞങ്ങള്‍ പ്രതിഷേധിച്ചത്. തിയേറ്റര്‍ രംഗത്തുനിന്നാണ് ഏറെയും പ്രതിഷേധം വന്നത്. അതുവരെ ഇടതുമുന്നണിയോടൊപ്പം നിന്നിരുന്ന പല രംഗവേദി പ്രവര്‍ത്തകരും തൃണമൂല്‍ ക്യാമ്പിലേക്ക് മാറാന്‍ തുടങ്ങി.
? അത്രവേഗം അവര്‍ ഇടതുമുന്നണി ഗവണ്‍മെന്റിന്റെ ജനക്ഷേമകരങ്ങളായ മറ്റു മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിസ്മരിച്ചുകളഞ്ഞോ?
= അതൊരു വലിയ നന്ദികേടാണ്. കൊല്ക്കത്ത നഗരത്തില്‍ മാത്രം ഏതാണ്ട് അമ്പത്തേഴോളം തിയേറ്ററുകള്‍ ഒരുക്കിക്കൊടുത്ത് സാംസ്കാരിക പ്രവര്‍ത്തനം പരിപോഷിപ്പിച്ച ഗവണ്‍മെന്റായിരുന്നു അത്. ഓരോ തിയേറ്ററും എത്ര കുറഞ്ഞ വാടകനിരക്കിലാണ് രംഗവേദി പ്രവര്‍ത്തകര്‍ക്ക് അവതരണ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തതെന്ന സത്യം അവര്‍ വിസ്മരിച്ചു. അതൊരു നന്ദികേടു തന്നെയാണ്. പക്ഷേ ഗവണ്‍മെന്‍റ് സംസ്കാരമേഖലയിലെ പിന്തുണകള്‍ക്ക് വലിയ പ്രാധാന്യം കല്പിച്ചില്ലെന്ന തോന്നലാണ് എനിക്കുള്ളത്. അവര്‍ക്ക് അനുകൂലമായി വരേണ്ടിയിരുന്ന സാംസ്കാരിക ഭൂമികകളെ ഫലപ്രദമായി പ്രയോജനപ്പെടുത്തിയില്ല. ബംഗാളിലെ ഇടതു സാംസ്കാരിക ഭൂമിക പൊതുവെ അലസവും അലംഭാവപൂര്‍ണവുമാകാന്‍ ഗവണ്‍മെന്റിന്റെ സമീപനങ്ങള്‍ കാരണമായി. ഐ പി ടി എ (ഇന്ത്യന്‍ പ്രോഗ്രസീവ് തിയേറ്റര്‍ അസോസിയേഷന്‍), പി ഡബ്ല്യു എ (പ്രോഗ്രസീവ് റൈറ്റേര്‍സ് അസോസിയേഷന്‍) തുടങ്ങി മുഖ്യധാരാ നിര്‍വാചകങ്ങളായ ഇടതുസംഘടനകള്‍ 1960 കള്‍ക്കുശേഷം ക്രമേണ ബലഹീനങ്ങളാകാന്‍ തുടങ്ങി. സംസ്കാരം ഇടതുപക്ഷത്തിന്റെ ഒരു മുഖ്യ പ്രശ്നമല്ലാതായി മാറാന്‍ തുടങ്ങി. അതിന്റെ സ്വാഭാവിക പര്യവസാനമാണ് പിന്നീടുണ്ടായത്. സാംസ്കാരിക മേഖലയില്‍ നിന്നു കിട്ടിയിരുന്ന പിന്തുണയെക്കുറിച്ച് ഗവണ്‍മെന്‍റ് ഒരു മാത്ര വിസ്മരിച്ചതുപോലെ തോന്നി. സാംസ്കാരികവേദികള്‍ എത്ര പ്രധാനമായിരുന്നു എന്ന് ഓര്‍ക്കേണ്ടതുണ്ടായിരുന്നു. രംഗവേദികളും സാഹിത്യവും ബംഗാളിന്റെ പൊതുജീവിതത്തിലെ പ്രധാന ഇടങ്ങളായിരുന്നു. എന്തിനെയും അരാഷ്ട്രീയവത്കരിക്കുക എന്നത് മുതലാളിത്തത്തിന്റെ ഒരു അജണ്ടയാണെന്നും ഓര്‍ക്കേണ്ടതുണ്ടായിരുന്നു. അറുപതുകള്‍ക്കുശേഷം മുതലാളിത്തത്തിന്റെ പ്രസിദ്ധീകരണ സംരംഭങ്ങള്‍ , മാധ്യമലോകങ്ങള്‍ എന്നിവയാണ് വളരാന്‍ തുടങ്ങിയത്. അതിനെ പ്രതിരോധിക്കാനോ വെല്ലുവിളിക്കാനോ ഇടതുപക്ഷത്ത് കാര്യമായൊന്നും നടന്നില്ല.
? മാധ്യമ-പ്രസിദ്ധീകരണ ലോകങ്ങള്‍ പൂര്‍ണമായും ഇടതുപക്ഷത്തിന് പുറംതിരിഞ്ഞു നിന്നു എന്നാണോ ഉദ്ദേശിക്കുന്നത്?
= തീര്‍ച്ചയായും. കമ്യൂണിസ്റ്റ് (മാര്‍ക്സിസ്റ്റ്) പാര്‍ടിയുടെ നാഷണല്‍ ബുക്ക് ഏജന്‍സിക്കും സി പി ഐയുടെ മനീഷ ഗ്രന്ഥാലയത്തിനും കുറഞ്ഞ പ്രതിരോധം മാത്രമേ ഉയര്‍ത്താന്‍ കഴിഞ്ഞുള്ളു. പാര്‍ടി പ്രസിദ്ധീകരണങ്ങള്‍ ഒരുകാലത്ത് എത്ര കഷ്ടപ്പെട്ടായാലും വീടുകളിലെത്തിക്കുന്ന പതിവുണ്ടായിരുന്നു. ബന്ധങ്ങള്‍ സുദൃഢമാക്കാനുള്ള അവസരങ്ങളായിരുന്നു അവ. അതൊക്കെ പിന്നീട് ഇല്ലാതായി. ആശയ പ്രചാരണത്തോടുള്ള താല്പര്യം പൊതുവെ കുറഞ്ഞതായിട്ടാണനുഭവപ്പെട്ടത്. ശരിക്കു പറഞ്ഞാല്‍ ഇടതുപക്ഷത്തിന്റെ പിന്തുണയായിരുന്ന സാംസ്കാരിക ഭൂമികകളെയാണ് തൃണമൂല്‍ വലിയ ഒരളവില്‍ പ്രയോജനപ്പെടുത്തിയത്. 1980കളില്‍ രാഷ്ട്രീയത്തോട് വിമുഖത തോന്നി വോട്ട് ചെയ്യുന്നത് നിറുത്തി വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാതായിട്ടുപോലും ഒരു പ്രവര്‍ത്തകനും എന്നോട് എന്താണ് പ്രശ്നം എന്നന്വേഷിച്ചില്ല. അന്നത്തെ എന്റെ നിലവെച്ച് ഇടതുപക്ഷ പ്രവര്‍ത്തകര്‍ അന്വേഷിക്കേണ്ടതായിരുന്നു. ഇതൊരുദാഹരണം മാത്രം. ഇത്തരം കുറെ സംഭവങ്ങള്‍ വേറെയും ഉണ്ടാകില്ലേ? അകല്‍ച്ചയുടെ വ്യക്തിപരമായ ഒരനുഭവം മാത്രമാണ് ഞാന്‍ പറഞ്ഞത്. ആശയപ്രചാരണത്തിെന്‍റ പഴയ പാരമ്പര്യം തുടര്‍ന്നിരുന്നെങ്കില്‍ വലിയ മാറ്റം ഉണ്ടാകുമായിരുന്നു. ഇലക്ഷന്‍കാലത്ത് പുറത്തുവരുന്ന ലഘുലേഖകളുടെ കാര്യമല്ല ഞാന്‍ പറഞ്ഞത്. പാര്‍ടി പ്രസിദ്ധീകരണങ്ങളിലൂടെയും സാംസ്കാരിക പ്രസിദ്ധീകരണങ്ങളിലൂടെയും നിരന്തരമായി നടത്തുന്ന ആശയപ്രചാരണത്തിന്റെ കാര്യമാണ്. അതുണ്ടാകേണ്ടതായിരുന്നു. ? പൊതുവെ താങ്കള്‍ എടുക്കുന്ന നിലപാടിനെ ഒരു സാംസ്കാരിക ന്യൂനീകരണം (കള്‍ച്ചറല്‍ റിഡക്ഷനിസം) എന്നു വിശേഷിപ്പിച്ചാല്‍ തെറ്റാകുമോ? എല്ലാറ്റിനേയും സാംസ്കാരിക രംഗത്തേക്ക് പരിമിതപ്പെടുത്തുന്ന ഒരു രീതി. = അങ്ങനെ അതിനെ കാണുന്നതിന് ഞാന്‍ എതിരാണ്. സംസ്കാരത്തിനുള്ള പ്രാധാന്യം ഒരു സാംസ്കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ ഉറപ്പിച്ച് ആവര്‍ത്തിക്കുന്നു എന്നുമാത്രം. പാര്‍ടി പരിപാടികളില്‍ സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് കൃത്യമായ പങ്ക് നിര്‍ണയിച്ചു നല്കണം എന്നാണ് എന്റെ അഭിപ്രായം. സമൂഹത്തില്‍ മൊത്തത്തിലുണ്ടാകുന്ന സംസ്കാരഭ്രംശവും മൂല്യച്യുതിയും പഠിക്കാന്‍ പാര്‍ടിയോടു ബന്ധപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകരിലൂടെ പാര്‍ടിക്കു കഴിയണം. രാഷ്ട്രീയ ഇടതുപക്ഷത്താല്‍ ശക്തമായി നിയന്ത്രിക്കപ്പെടാത്ത ഒരു സാംസ്കാരിക ഇടതുപക്ഷം ഉണ്ടാകണം. എനിക്ക് പാര്‍ടിയോടൊപ്പം പ്രവര്‍ത്തിക്കുന്നതിഷ്ടമാണ്. ഒരുകാലത്ത് ഞാനതു ചെയ്തിട്ടുമുണ്ട്.
? മാര്‍ക്സിസ്റ്റ് ക്യാമ്പില്‍നിന്നകന്നുപോയ ബംഗാളിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?
= സഹതാപാര്‍ഹമാണ് അവരില്‍ പലരുടെയും നില. വിട്ടുപോയവരില്‍ പലരും തൃണമൂല്‍ ക്യാമ്പിലേക്ക് പോയി. തിയേറ്റര്‍ ഗ്രൂപ്പുകളാണ് കൂടുതലും അകന്നുപോയത്. എഴുത്തുകാരനും കലാകാരനുമെല്ലാമായ ബുദ്ധദേബിനുപോലും ഈ മാറ്റം കാണാന്‍ കഴിഞ്ഞില്ല. രാജികള്‍ വന്നപ്പോഴും വ്യക്തിപരമായ ഒരു ചര്‍ച്ചക്കു മാത്രമേ അദ്ദേഹം മുന്‍കൈ എടുത്തുള്ളു. ഭരണകൂടം/മൂലധനശക്തികള്‍ , മാധ്യമങ്ങള്‍ ഇവ ചേര്‍ന്നു നടത്തിയ ആക്രമണത്തില്‍ മാര്‍ക്സിസ്റ്റുപാര്‍ടി വളയപ്പെടുകയായിരുന്നു വാസ്തവത്തില്‍ . പക്ഷേ മമതക്കൊപ്പം പോയവരോട് എനിക്ക് യോജിക്കാനാവില്ല. എങ്ങനെ അവര്‍ക്ക് അവരോടൊപ്പം നില്‍ക്കാന്‍ കഴിയും? ഇടതുപക്ഷത്തുനിന്ന് മാറിനിന്നെങ്കിലും പ്രസിദ്ധ കവി ശംഖഘോഷ് പറഞ്ഞു, "ഞാന്‍ മമതയോടൊപ്പം ഒരു ജാഥയില്‍ പോവില്ല". അങ്ങനെയുള്ളവര്‍ കുറച്ചേയുണ്ടായിരുന്നുള്ളു. എന്‍ഡിഎയോടൊപ്പം നിന്ന് ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ മമതയുടെ ന്യൂനപക്ഷപ്രേമം എവിടെയായിരുന്നു? വിട്ടുപോയ സാംസ്കാരിക പ്രവര്‍ത്തകരില്‍ ചിലര്‍ മമതയുടെ മന്ത്രിസഭയില്‍ ഉപമന്ത്രിമാരായി നിശബ്ദരായി. ശംഭു മിത്രയുടെ മകള്‍ ശൗലിമിത്രയെപ്പോലുള്ളവര്‍ മമതയുടെ സ്വാധീനത്തില്‍ റെയില്‍വേയില്‍ ജോലി സമ്പാദിച്ചു. വ്യക്തിപരമായ നേട്ടങ്ങളായിരുന്നു പലര്‍ക്കും പ്രധാനം.
? മഹാശ്വേതാദേവിയെപ്പറ്റിയാണ് ഇവിടെ ഞങ്ങള്‍ കൂടുതല്‍ കേട്ടത്. ഇടതുപക്ഷത്തിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ സ്വരം - സ്വീകാര്യതയുള്ള സ്വരം - അവരുടേതായിരുന്നു എന്ന്. അവര്‍ കേരളത്തില്‍ വന്നിരുന്നു. കേരളത്തിലും കമ്യൂണിസ്റ്റ് വിരുദ്ധ ആവേശം പടര്‍ത്താന്‍ പറ്റുമോ എന്ന് ഒരു ശ്രമം അവര്‍ നടത്തുകയുണ്ടായി. മഹാശ്വേതയുടെ പ്രവര്‍ത്തനങ്ങളെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?
= വ്യക്തിപരമായി പറഞ്ഞാല്‍ മഹാശ്വേതാദേവിയുമായി വളരെ നല്ല അടുപ്പമാണ് എനിക്കുള്ളത്. അവരുടെ ചില ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകളുമായി ഞാന്‍ സഹകരിച്ചിട്ടുമുണ്ട്. പ്രത്യയശാസ്ത്രപരമായി ഒരിയ്ക്കലും മാര്‍ക്സിസത്തോട് ആഭിമുഖ്യം കാണിക്കാത്ത ഒരാളാണ് അവര്‍ . എന്നല്ല വ്യക്തിപരമായി എനിക്കറിയാം ഏറെക്കാലം അവര്‍ പെരുമാറിപ്പോന്നിട്ടുള്ളത് ഒരു ആന്റികമ്യൂണിസ്റ്റ് എന്ന നിലയില്‍ത്തന്നെയാണ്. ഞാന്‍ മനസ്സിലാക്കിയിടത്തോളം അവര്‍ക്ക് നക്സലൈറ്റ് - കമ്യൂണിസ്റ്റ് താല്പര്യങ്ങള്‍ ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരാളില്‍നിന്ന് എങ്ങനെയാണ് കമ്യൂണിസ്റ്റ് അനുഭാവം പ്രതീക്ഷിക്കാനാകുക? ഒരു നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്റെ (എന്‍ജിഒ) നിലപാടായിരുന്നു എപ്പോഴും അവര്‍ക്കുണ്ടായിരുന്നത്. ഇടതുപക്ഷ ഗവണ്‍മെന്റും പൊലീസുമായി അവര്‍ നല്ല ബന്ധം വെച്ചതൊക്കെ തന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍വേണ്ടി മാത്രമായിരുന്നു. അധഃകൃതര്‍ക്കും അധികാരി വര്‍ഗത്തിനും ഇടയില്‍ പ്രതീകാത്മകമൂലധനം ഉള്ള ഒരു ഇടനിലക്കാരിയായിരുന്നു അവര്‍ . ഗോത്ര വിഭാഗങ്ങള്‍ക്കിടയിലെ അവരുടെ പ്രവര്‍ത്തനം }ഝാര്‍ഖണ്ഡ്, ഛോട്ടാനാഗ്പൂര്‍ പ്രദേശങ്ങളില്‍ അവര്‍ ഒതുക്കിനിര്‍ത്തി. ട്രൈബല്‍ , നക്സലൈറ്റ് അനുഭാവമുള്ള കഥകളിലും നോവലെറ്റുകളിലും അവരുടെ രാഷ്ട്രീയം ഒതുങ്ങിപ്പോകുന്നു. "ആരണ്യേരധികാരിലൂടെ" പരിമിതമായ സന്ദേശങ്ങള്‍ നല്കാന്‍ കഴിഞ്ഞിട്ടുണ്ടാകാം. പക്ഷേ കേഡിയ ശബരസമിതി രൂപീകരണത്തിലൂടെ പുരുളിയ, മേദിനിപ്പൂര്‍ ജില്ലകളിലെ കേഡിയ ശബര സമുദായക്കാരുടെ അഭിവൃദ്ധിക്കുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം അവരുടെ സംഭാവനകള്‍ പരിമിതമാണ്. അവരുടെ എഴുത്തുപോലും രാഷ്ട്രീയമല്ല. ദളിത് പ്രശ്നങ്ങളുടെ രാഷ്ട്രീയ വായനകള്‍ക്ക് അവരുടെ രചനകളില്‍ സാധ്യതകള്‍ കുറവാണ്. ദളിതരെ സംഘടിപ്പിക്കാനോ രാഷ്ട്രീയവത്കരിക്കാനോ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. നാലോ അഞ്ചോ ദളിത് സമുദായങ്ങള്‍ക്കപ്പുറമുള്ളവരുടെ പ്രശ്നങ്ങള്‍ അവരെ അസ്വസ്ഥയാക്കിയിട്ടുമില്ല. അവരുടെ എഴുത്തുപോലും അവസാനിച്ച മട്ടാണ്. എന്നാലും മാധ്യമങ്ങള്‍ നല്കിയ ഒരു പ്രതീകാത്മക മൂലധനത്തെ അവര്‍ക്കുവേണ്ടി മറ്റുള്ളവര്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടാകാം. അത് തെരഞ്ഞെടുപ്പില്‍ ഒരു ഇടപെടലായി മാറിയിട്ടും ഉണ്ടാകാം.
? ഗ്രാംഷിയന്‍ ചിന്തകളോടുള്ള താങ്കളുടെ ആഭിമുഖ്യം പ്രസിദ്ധമാണ്. ഒരു മാര്‍ക്സിയന്‍ സാംസ്കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത് സ്വാഭാവികവുമാണ്. ബംഗാളില്‍ ഗ്രാംഷിയന്‍ ചിന്തകളുടെ സാംസ്കാരിക സ്വാധീനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?
= ഒരു മാര്‍ക്സിയന്‍ സാംസ്കാരിക പ്രവര്‍ത്തകനെ സംബന്ധിച്ചേടത്തോളം അന്റോണിയോ ഗ്രാംഷി അവസാനിക്കാത്ത ഒരു ഊര്‍ജസ്രോതസ്സാണ്. ഇന്ന് മാര്‍ക്സിയന്‍ സാംസ്കാരിക ചിന്തകളെ മുഴുവന്‍ സ്വാധീനിക്കുന്നത് ഗ്രാംഷിയാണ്. 1985ല്‍ത്തന്നെ ഞങ്ങള്‍ അന്റോണിയോ ഗ്രാംഷിയെ ബംഗാളിയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമം തുടങ്ങി. മൂന്നു വോള്യങ്ങളായി ജയില്‍ കുറിപ്പുകള്‍ അടക്കം ഗ്രാംഷിയുടെ സംഭാവനകള്‍ പുറത്തുകൊണ്ടു വരാനായിരുന്നു ശ്രമം. ജാദവ്പൂര്‍ സര്‍വകലാശാലയില്‍ സാമ്പത്തിക വിഭാഗം തലവനായിരുന്ന സൗറിന്‍ ഭട്ടാചാര്യ, കൊല്ക്കത്ത സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനായ ശോഭന്‍ലാല്‍ദത്ത് ഗുപ്ത, പിന്നെ ഞാനും. ഞങ്ങള്‍ മൂന്നുപേര്‍ ചേര്‍ന്നാണ് തര്‍ജമ തുടങ്ങിയത്. തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഇറ്റാലിയന്‍ ഭാഷ അറിഞ്ഞുകൂടായിരുന്നു. ഇംഗ്ലീഷ് തര്‍ജമയും പിന്നെ അത്യാവശ്യത്തിന് ഗ്രാംഷിയന്‍ ചിന്തകളുടെ ഒരു ഇറ്റാലിയന്‍ പതിപ്പും. കഷ്ടപ്പെട്ടാണ് തര്‍ജമ നടത്തിയത്. 1960 കളില്‍ത്തന്നെ ഭവാനിസെന്‍ , ഹിരണ്‍മുഖര്‍ജി എന്നിവരിലൂടെ ബംഗാള്‍ ഗ്രാംഷിയെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഒപ്പംതന്നെ ഇന്ത്യന്‍ മാര്‍ക്സിസ്റ്റുകള്‍ - നിങ്ങളുടെ പി ഗോവിന്ദപ്പിള്ളയടക്കം - എഴുതിയ ഗ്രാംഷിയന്‍ പഠനങ്ങളുടെ ഒരു വോള്യവും ഞങ്ങളുടെ ലക്ഷ്യമായിരുന്നു.
? ഗ്രാംഷി നമ്മള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വളരെ വൈകി മാത്രം പരിചിതനാകാന്‍ എന്തായിരിക്കാം കാരണം? 1937ല്‍ ഗ്രാംഷി മരിച്ചിട്ടും 1960 കള്‍ വരെ കാത്തിരിക്കേണ്ടിവന്നു! ഇറ്റലിയില്‍നിന്ന് തോഗ്ലിയാത്തിയെ പരിചയപ്പെട്ടിട്ടും ഗ്രാംഷിയെ പരിചയപ്പെട്ടില്ല.
= അതിനു കാരണമുണ്ട്. ഒന്നാമതായി സമകാലിക രാഷ്ട്രീയത്തെക്കുറിച്ച് അറിയാനോ അടുക്കാനോ എഴുതാനോ ഗ്രാംഷിക്ക് കഴിയുമായിരുന്നില്ല. ലോകത്തെന്താണ് നടക്കുന്നതെന്ന് 1926ല്‍ അറസ്റ്റു ചെയ്യപ്പെട്ടതിനുശേഷം ഗ്രാംഷിക്ക് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹത്തിന്റെ സഹോദരപത്നി അദ്ദേഹത്തെ നിരന്തരം സന്ദര്‍ശിക്കുമ്പോള്‍ മാത്രമാണ് ബാഹ്യലോകവുമായി ബന്ധപ്പെടാന്‍ ഗ്രാംഷിയ്ക്കു കഴിഞ്ഞത്. അവരിലൂടെയാണ് ജയില്‍കുറിപ്പുകള്‍ പുറത്തുവന്നത്. പക്ഷേ അവരും സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. 1945നുശേഷം രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മാത്രമാണ് സ്ട്രാഫയുടെ നേതൃത്വത്തില്‍ ഗ്രാംഷിയുടെ എഴുത്തുകള്‍ പുറത്തുവരുന്നത്. അതുകൊണ്ട് 50കളില്‍ മാത്രമേ ഗ്രാംഷിയന്‍ തര്‍ജമകള്‍ പുറത്തുവന്നുള്ളൂ. ആദ്യം പുറത്തിറങ്ങിയ തര്‍ജമകളെയാണ് ഭവാനിസെന്‍ നിരൂപണം ചെയ്തത്. എന്നാല്‍ ബംഗാള്‍ പോലുള്ള ഒരു സ്ഥലത്ത് ഗ്രാംഷിയന്‍ ചിന്തകളും ഗ്രാംഷിയെപ്പറ്റിയുള്ള ചിന്തകളും പുറത്തുവന്നിട്ടും ഒരു സംവാദവും നടന്നില്ല എന്ന കാര്യം എന്നെ അത്ഭുതപ്പെടുത്തി. ഗ്രാംഷിയന്‍ ചിന്തകളെന്നല്ല മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകള്‍ക്കോ സൈദ്ധാന്തിക ചര്‍ച്ചകള്‍ക്കോ ഗണശക്തി അടക്കമുള്ള മാര്‍ക്സിയന്‍ പ്രസിദ്ധീകരണങ്ങള്‍ വലിയ താല്പര്യം കാണിച്ചില്ല. പൂജാ ഉത്സവങ്ങളോടനുബന്ധിച്ച് പ്രസിദ്ധപ്പെടുത്തുന്ന സപ്ലിമെന്റുകളില്‍ ഒന്നോ രണ്ടോ സാംസ്കാരിക ലേഖനങ്ങള്‍ വന്നാലായി. അത്രമാത്രം. അതും കൊല്ലത്തിലൊരിക്കല്‍ മാത്രം. ബുദ്ധദേബ് സ്വയം ഒരു കലാസാഹിത്യ സൈദ്ധാന്തികനായിരുന്നിട്ടും അവസ്ഥ അങ്ങനെയായിരുന്നു. പക്ഷേ ഞങ്ങള്‍ പതിനേഴു പേര്‍ അക്കാദമികളില്‍നിന്ന് രാജിവെച്ച സമയത്ത് ബുദ്ധദേബ് ഞങ്ങളെ വ്യക്തിപരമായി വിളിച്ച് വളരെ തുറന്ന ഒരു സംവാദത്തിന് കളമൊരുക്കി എന്നും ഞാന്‍ ഓര്‍ക്കുന്നു. പക്ഷേ അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു.
? ബംഗാളിലെ മാധ്യമങ്ങളെക്കുറിച്ച് എന്തു തോന്നുന്നു?
= ബംഗാളിലെന്നല്ല ഇന്ത്യയുടെ പല ഭാഗത്തും മൂലധന, മാധ്യമ, ഭരണകൂട കൂട്ടുകെട്ടുകള്‍ക്കു നടുവില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. മമതയുടെ വിജയംതന്നെ ഒരു വലിയ അളവില്‍ മാധ്യമവിജയമാണെന്നു കാണാന്‍ കഴിയും. ബംഗാളിലെ മാധ്യമ മൂലധന ശക്തികള്‍ മാര്‍ക്സിസ്റ്റ് വിരോധമൊഴികെ മറ്റു ഒരു അജണ്ടയ്ക്കും വഴിയൊരുക്കിയില്ല. പന്ത്രണ്ടു ഭീമന്‍ ചാനലുകളെ നേരിടാന്‍ ഒരു ഗണശക്തിമാത്രം - ദുര്‍ബലമായ ഒരു ചാനല്‍ മാത്രം. അണികളുടെ ആത്മവീര്യം തകര്‍ക്കാന്‍ ഇതില്‍കൂടുതല്‍ എന്തുവേണം!
? മാധ്യമങ്ങള്‍ ഇപ്പോള്‍ മമതയെ വലിയ ചിത്രകാരിയും എഴുത്തുകാരിയും കവിയും ഒക്കെ ആക്കുന്നുണ്ട്
= അതെ. അധികാരത്തിലിരുന്ന് ഒരാള്‍ യാഥാര്‍ഥ്യങ്ങള്‍ക്ക് ചായം തേക്കുമ്പോള്‍ ഒട്ടനവധി പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. ആനന്ദ് ഗ്രൂപ്പിന്റെയും ദേശ് ഗ്രൂപ്പിന്റെയും പ്രസിദ്ധീകരണങ്ങള്‍ക്ക് ഇന്ന് ബംഗാളില്‍ വലിയ ശക്തിയുണ്ട്. മമതയുടെ രചനകള്‍ ദേശ് പ്രസാധക ഗ്രൂപ്പാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. അധികാരത്തിന്റെ മറ്റൊരു ഗുണം. എഴുത്തുകാരി എന്ന നിലയില്‍ മമത ആരുമല്ല. മമതയെ ഒരു വിഗ്രഹമാക്കി ഉയര്‍ത്തുകയും അവരുടെ വിജയം ഉറപ്പാക്കുകയും ചെയ്തത് മാധ്യമങ്ങളാണ്. മമതയുടെ വിജയം മാധ്യമങ്ങളുടെ വിജയമാണ്. ഇപ്പോള്‍ ഇടതുപക്ഷത്തിന്, മാര്‍ക്സിസ്റ്റ് പാര്‍ടിക്ക് ഒരു നിലപാട് എടുത്തേ പറ്റൂ. കൂടെ നില്ക്കുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ശബ്ദങ്ങള്‍കൂടി കേട്ടുകൊണ്ടുള്ള ഒരു നിലപാട്.
? ബംഗാളിനെപ്പറ്റി ശുഭസൂചകമായി താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്
= പാര്‍ടിയെക്കുറിച്ചല്ല. വാസ്തവത്തില്‍ ലോകത്തെമ്പാടും കാണുന്ന ഒരു കാര്യത്തെക്കുറിച്ചാണ്. ബംഗാളിനെക്കുറിച്ചു മാത്രവുമല്ല. ഇടതു പ്രത്യയശാസ്ത്രങ്ങളോട് ജനങ്ങള്‍ക്ക് വല്ലാത്തൊരാഭിമുഖ്യമുണ്ടാകുന്നത് ശുഭസൂചകമായ ഒരു കാഴ്ചയാണ്. ലാറ്റിനമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ പുതുതലമുറയുടെ ഒരു ശക്തമായ നിര ഈ പ്രത്യയശാസ്ത്രത്തിനു പിറകില്‍ അണിനിരക്കുന്നുണ്ട്. ജെ എന്‍ യു പോലുള്ള യൂണിവേഴ്സിറ്റി ക്യാമ്പസുകളിലും ഞാന്‍ ഇതു കാണുന്നുണ്ട്. യുവാക്കള്‍ ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞ് രാഷ്ട്രീയം, കല, സംസ്കാരം എന്നിവയെക്കുറിച്ച് മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുന്നു. തകര്‍ച്ചയില്‍ നിന്നുള്ള ഒരു പുതിയ തുടക്കം. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ ബംഗാളിയില്‍ മാസത്തില്‍ രണ്ടോ മൂന്നോ തവണ ഏതെങ്കിലും രീതിയില്‍ യുവജനങ്ങളോടു സംസാരിക്കുന്നുണ്ട്. ഇരുന്നൂറ്റമ്പതും മുന്നൂറും വരുന്ന ഗ്രൂപ്പുകള്‍ - ഏറെയും ചെറുപ്പക്കാര്‍ - ചെറിയ പട്ടണങ്ങളില്‍ നിന്നു വരുന്നവര്‍ . അവിടെ അവര്‍ക്ക് ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്. അവര്‍ സംവാദങ്ങളില്‍ സജീവമാകുന്നു. എനിക്ക് അവരില്‍ പ്രതീക്ഷയുണ്ട്. വായിക്കുന്നവര്‍ , ചര്‍ച്ച ചെയ്യുന്നവര്‍ . എന്നെപ്പോലെ മറ്റുചിലരും - സൗറിന്‍ ഭട്ടാചാര്യയെപ്പോലുള്ളവര്‍ - ഇതേപോലെ ചെറുപ്പക്കാരോടു സംവദിക്കുന്നുണ്ടാകണം.
?മലയാളത്തിന് ബംഗാളി സാഹിത്യവുമായി വര്‍ഷങ്ങള്‍ പഴക്കമുള്ള ബന്ധം തര്‍ജമകളിലൂടെയുണ്ട്. ബിഭൂതി ഭൂഷണ്‍ , താരാശങ്കര്‍ , ബിമല്‍മിത്ര, ശങ്കര്‍ , ജരാസന്ധന്‍ , മണിക് ബന്ദോപാധ്യായ, സുനില്‍ ഗംഗോപാധ്യായ, തപോവിജയഘോഷ് ഇവരൊക്കെ ഞങ്ങള്‍ക്ക് ഞങ്ങളുടെ എഴുത്തുകാരെപ്പോലെ പരിചിതരാണ്. പക്ഷേ ഞങ്ങളുടെ എത്ര എഴുത്തുകാരെ ബംഗാളിയില്‍ അറിയാം?
= മലയാളികള്‍ ഇക്കാര്യത്തില്‍ വളരെ മുന്‍പില്‍ത്തന്നെയാണ്. നിങ്ങള്‍ കൂടുതല്‍ പരിചയപ്പെടേണ്ടിയിരുന്നത് മണിക് ബന്ദോപാധ്യായയേയും സമരേഷ് ബോസിനെയുമാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ രണ്ടുപേരും ശരിക്കും മാര്‍ക്സിയന്‍ എഴുത്തുകാരായിരുന്നു. കുട്ടിയുടെ - നിങ്ങളുടെ കാര്‍ടൂണിസ്റ്റ് കുട്ടിയുടെ - ആത്മകഥ ഞാന്‍ കൂടി പങ്കാളിയായ "തീമ"യാണ് പ്രസിദ്ധീകരിച്ചത്. തകഴി ഞങ്ങള്‍ക്ക് പരിചിതനാണ്. അതുപോലെ അടൂര്‍ , അരവിന്ദന്‍ , ജോണ്‍ എബ്രഹാം തുടങ്ങിയവരെയും ഞങ്ങള്‍ക്കറിയാം. പക്ഷേ നിങ്ങള്‍ക്ക് ഞങ്ങളെ അറിയാവുന്നിടത്തോളം ഞങ്ങള്‍ക്ക് നിങ്ങളെ അറിഞ്ഞുകൂടാ എന്നത് സത്യം തന്നെയാണ്. സമാന്തരമായി ഇടതുപക്ഷത്തിന് കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടാകണം. ഇടതുപക്ഷങ്ങള്‍ തമ്മില്‍ കൂടുതല്‍ സംവാദങ്ങള്‍ ഉണ്ടാകണം. ദേശാഭിമാനി പോലുള്ള പ്രസിദ്ധീകരണങ്ങള്‍ അതിനു മുന്‍കൈയെടുക്കുകയും വേണം.
?സാംസ്കാരികരംഗത്തെ ചെറുത്തുനില്പുകളുടെ പുതിയ രീതികളെ സംബന്ധിച്ച് എന്താണ് പറയാനുള്ളത്?
= സമാന്തരമായി ധാരാളം പ്രസിദ്ധീകരണങ്ങള്‍ കൊണ്ടുവരാന്‍ നമുക്കു കഴിയണം. വലിയ കോര്‍പറേറ്റ് പ്രസിദ്ധീകരണങ്ങളും മാളുകളും നമുക്ക് യാതൊരു പിന്തുണയും തരില്ല. അവിടെ നമുക്ക് പ്രവേശനവും ലഭിക്കാനിടയില്ല. മാധ്യമങ്ങള്‍ എതിരാണെന്നു പറഞ്ഞിരുന്നിട്ടും കാര്യമില്ല. ഒരു സമാന്തര പ്രതിരോധം, ഫലപ്രദമായ മറ്റൊരു പ്രകാശന സൗകര്യം അതാണ് പ്രധാനം - മാര്‍ക്സിസം എന്നും ഒരു പ്രതിരോധ രീതിയാണ്. രാഷ്ട്രീയ മുന്നേറ്റം കൊണ്ട് നിങ്ങള്‍ക്ക് ഒരതിരുവരെ പ്രതിരോധനിര തീര്‍ക്കുകയും നിര്‍ണായകശക്തി ആകുകയും ചെയ്യാം. അതേസമയം ആശയപരമായ മേല്‍ക്കൈയും ഒപ്പംതന്നെ നമുക്ക് നേടേണ്ടതായിട്ടുണ്ട്. അടിത്തട്ടിലേക്ക് ആശയങ്ങള്‍ എത്തിച്ചേരണം. രംഗവേദികള്‍ , സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ , പ്രസിദ്ധീകരണങ്ങള്‍ , പുസ്തകവിതരണം, സാംസ്കാരിക സംഘടനകള്‍ എല്ലാം നമുക്കു വേണം - 1930 കളുടെ ഊര്‍ജസ്വലതയിലേക്ക് നമുക്ക് തിരിച്ചുപോകാന്‍ കഴിയണം.
? മാര്‍ക്സിസത്തിന്റെ സിദ്ധാന്തവും പ്രയോഗവും എന്ന ഒരു പ്രശ്നം ഉണ്ട്.
വാസ്തവത്തില്‍ , പറയുന്നതുപോലെ അവ രണ്ടല്ല. ഞാന്‍ നേരത്തെ പറഞ്ഞപോലെ ഒരു സാംസ്കാരിക ഇടതുപക്ഷം-പാര്‍ടിയാല്‍ നേരിട്ട് നിയന്ത്രിക്കപ്പെടാത്ത ഒരു ഇടതുപക്ഷം- ഉണ്ടാകണം.1920കളിലെ വിപ്ലവാനന്തര റഷ്യന്‍ അന്തരീക്ഷം ഓര്‍ക്കുക. അന്നത്തെ മേയര്‍ ഹോള്‍ഡിന്റെ കത്തുകള്‍ ഓര്‍ക്കണം. "എനിക്കൊരു പണി തരൂ. നിങ്ങള്‍ക്കുവേണ്ടി പാര്‍ടിക്കുവേണ്ടി" - മേയര്‍ ഹോള്‍ഡ് പറഞ്ഞു. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകള്‍ ഓര്‍മിക്കുക. അദ്ദേഹം നിര്‍മിച്ച തിയേറ്റര്‍ പാലസുകള്‍ ഓര്‍ക്കുക - അതേ, സാംസ്കാരിക പ്രവര്‍ത്തകര്‍ക്ക് പാര്‍ടിയും ഗവണ്‍മെന്റും നല്ല പണി കൊടുക്കണം. അതു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു ബോധ്യപ്പെടുത്തുകയും വേണം. താന്‍ ഒരു സാംസ്കാരിക ഇടതുപക്ഷത്താണ് നില്ക്കുന്നതെന്ന ബോധ്യത്തോടൊപ്പം തന്നെ താന്‍ തന്റേതായ ഒരു സാംസ്കാരിക തലം നിര്‍മിക്കുന്നുണ്ടെന്നും അയാള്‍ക്കു ബോധ്യം വരണം. സാംസ്കാരിക പ്രവര്‍ത്തകരുടെ പണി നിലമുഴുതുമറിയ്ക്കലും വിത്തിടലുമാണ്. പാര്‍ടിയ്ക്ക് അതിനു സമയമുണ്ടായിക്കൊള്ളണമെന്നില്ല. വളര്‍ത്തിയെടുക്കുന്നതും വിള കൊയ്യുന്നതും പ്രായോഗിക രാഷ്ട്രീയമായിരിക്കും. കാണാമറയത്താണ് കലാകാരന്റെ ജോലി. ?
നന്ദി സമിക്. ഞങ്ങളോട് ഇത്രയും സമയം സഹകരിച്ചതിന് = വളരെ വളരെ നന്ദി.