Wednesday, October 13, 2010

അപകടകരമായ കീഴ്വഴക്കം

അപകടകരമായ കീഴ്വഴക്കം


പ്രകാശ് കാരാട്ട്/ടി കെ രാജലക്ഷ്മി

കോടതിവിധിയെ സംബന്ധിച്ച് താങ്കളുടെ പ്രതികരണം എന്താണ്? അസ്വസ്ഥതയുണ്ടാക്കുന്ന എന്തെങ്കിലും അതില്‍ ഉള്ളതായി താങ്കള്‍ കരുതുന്നുണ്ടോ?

ഹ 1992ല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടശേഷം, കൂടിയാലോചനയിലൂടെയുള്ള ഒരു പരിഹാരത്തിന്റെ സാധ്യത ഇല്ലാതായി. ഇപ്പോള്‍ ജുഡീഷ്യല്‍ നടപടിയിലൂടെയും കോടതിവിധിയിലൂടെയും മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവൂ എന്ന അഭിപ്രായമാണ് ഞങ്ങള്‍ക്കുള്ളത്. അയോദ്ധ്യാ തര്‍ക്കത്തിന് നാം എങ്ങനെ പരിഹാരം ഉണ്ടാക്കും എന്നത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അടിത്തറയുടെ ഒരു ടെസ്റ്റ് കേസായിരിക്കും. അതുകൊണ്ടാണ്, രാമക്ഷേത്ര നിര്‍മ്മാണം വിശ്വാസത്തിന്റെ കാര്യമാണെന്നും അത് കോടതിവിധിയിലൂടെ തീരുമാനിക്കാനാവില്ലെന്നുമുള്ള ഹിന്ദുത്വ സംഘടനകളുടെ അവകാശവാദത്തെ ഞങ്ങള്‍ നിരാകരിക്കുന്നത്. ഇപ്പോള്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ച് വിധിന്യായം പുറപ്പെടുവിച്ചിരിക്കുന്നു. നീതി പുലര്‍ത്തിയിട്ടുണ്ടെന്നും മതനിരപേക്ഷ തത്വങ്ങള്‍ സംരക്ഷിച്ചിട്ടുണ്ടെന്നും ഇത്തരം വിഷയങ്ങള്‍ പരിഹരിക്കുന്നതിനുള്ള രീതികള്‍ അവലംബിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തിക്കൊണ്ട്, ഈ പ്രശ്നം പരിഹരിക്കാന്‍ ഈ കോടതിവിധിക്ക് കഴിയുമോ എന്നാണ് നാം നോക്കേണ്ടത്.

2.77 ഏക്കര്‍ ഭൂമി വിഭജിച്ച് മൂന്നില്‍ രണ്ട് ഭാഗം ഹിന്ദു പരാതിക്കാര്‍ക്കും മൂന്നില്‍ ഒരു ഭാഗം മുസ്ളീങ്ങള്‍ക്കും നല്‍കാനുള്ള ലഖ്നൌ ബഞ്ചിന്റെ ഭൂരിപക്ഷ തീരുമാനം ഒത്തുതീര്‍പ്പിനുള്ള ഒരു നടപടിയാണെന്നും ഒരു ഒത്തുതീര്‍പ്പ് പരിഹാരമാണെന്നുമുള്ള പൊതുധാരണ നിലവിലുണ്ട്.

അതേസമയം തന്നെ, "മതബോധത്തിനും വിശ്വാസത്തിനും'' ആണ് ഈ വിധിന്യായത്തില്‍ പ്രമുഖ സ്ഥാനം പ്രദാനം ചെയ്തിട്ടുള്ളതെന്നത് അസ്വസ്ഥതയുണ്ടാക്കുന്ന ഘടകമാണ്; യഥാര്‍ത്ഥത്തില്‍ ലഖ്നൌ ബഞ്ചില്‍ വിചാരണയ്ക്ക് വന്നത് അവകാശ തര്‍ക്കത്തിന്റെ പ്രശ്നമാണ്. വസ്തുതയുടെയും തെളിവിന്റെയും അടിസ്ഥാനത്തിലായിരിക്കണം അതിന് പരിഹാരം കാണേണ്ടത്.

നാലര നൂറ്റാണ്ടുകാലം നിലനിന്നിരുന്നതും 1992 ഡിസംബറില്‍ തകര്‍ക്കപ്പെട്ടതുമായ ഒരു പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സംബന്ധിച്ച തര്‍ക്കം ഈ വിധി ന്യായത്തിലൂടെ ഇപ്പോള്‍ പരിഹരിക്കപ്പെട്ടിരിക്കുന്നത് ഒരു പ്രത്യേക സമുദായത്തിന്റെ മതബോധത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ്. ഇത് അപകടകരമായ കീഴ്വഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ ഇടയാക്കുന്നതാണ്.

ഈ വിധി ന്യായം മതബോധത്തിന്റെയും വിശ്വാസത്തിന്റെയും വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയിരിക്കെ, ഇത് എന്തു തരത്തിലുള്ള കീഴ്വഴക്കത്തിന് ഇടയാക്കും എന്നാണ് താങ്കള്‍ കരുതുന്നത്?

ഹ ചില ആളുകളുടെ മതവിശ്വാസത്തെ അടിസ്ഥാനമാക്കി ഭാവിയില്‍ ഇത്തരം അവകാശവാദങ്ങളും തര്‍ക്കങ്ങളും വളരെയധികം ഉണ്ടാകാന്‍ ഇത് വഴി തുറന്നിരിക്കുകയാണ്. മഥുരയിലെയും കാശിയിലെയും സ്ഥലങ്ങള്‍ മതപരമായ ആവശ്യത്തിനുവേണ്ടി തങ്ങള്‍ക്ക് കൈമാറണമെന്ന് വിശ്വഹിന്ദുപരിഷത്ത് ഇപ്പോള്‍ തന്നെ ആവശ്യപ്പെടുന്നുണ്ട്. ഉടമസ്ഥാവകാശത്തര്‍ക്കത്തിന്റെ പരിധിയും വിട്ടാണ് മൂന്ന് അംഗബഞ്ച് അനാവശ്യമായി ഇത് കൈകാര്യം ചെയ്തത്. 1993ല്‍ പി വി നരസിംഹറാവു സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യന്‍ പ്രസിഡന്റിന്റെ ഒരു റഫറന്‍സ് സുപ്രീംകോടതി നിരാകരിച്ചതാണ്. പള്ളി നിര്‍മ്മിക്കുന്നതിന് മുമ്പ് ആ സ്ഥലത്ത് ഒരു ക്ഷേത്രം നിലവിലുണ്ടായിരുന്നോ എന്ന വിഷയമാണ് അന്ന് കോടതിയുടെ പരിഗണനയ്ക്ക് വിട്ടവയില്‍ ഒന്ന്. അത്തരം ഒരു റഫറന്‍സ് പരിശോധിക്കാതെ തള്ളിക്കളഞ്ഞ സുപ്രീംകോടതി നടപടി തികച്ചും ശരിയായിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളില്‍ ഈ വിധി ന്യായം എന്ത് പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?

ഹ ഇതിനകം തന്നെ ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസില്‍ വെള്ളം ചേര്‍ത്തിരിക്കുകയാണ്. ആദ്യം തയ്യാറാക്കിയ ചാര്‍ജ്ഷീറ്റില്‍ വെള്ളം ചേര്‍ത്തുകഴിഞ്ഞു. എന്നാലും പള്ളി പൊളിച്ച ക്രിമിനല്‍ കുറ്റത്തെ സംബന്ധിച്ച് നിയമപരമായ തീരുമാനം കൈക്കൊള്ളേണ്ടതായിട്ടാണിരിക്കുന്നത്. ലഖ്നൌ ബഞ്ച് പുറപ്പെടുവിച്ച വിധിന്യായം പള്ളി പൊളിച്ചത് സംബന്ധിച്ച കേസിന്റെ കോടതി നടപടിയെ എങ്ങനെ ബാധിക്കുമെന്ന്മുന്‍കൂട്ടി കാണുന്നില്ല.

ചില വിഭാഗങ്ങളില്‍ വലിയ ആഹ്ളാദപ്രകടനവും മറ്റു വിഭാഗങ്ങളില്‍ വിഷാദവും കാണുന്നുണ്ട്. ഭരണകക്ഷിക്കാരാകട്ടെ അങ്ങനെതന്നെ മുന്നോട്ടുപോകട്ടെ എന്ന അഭിപ്രായത്തിലുമാണ്.

ഹ ലഖ്നൌ ബഞ്ചിന്റെ വിധിയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിനായി സുപ്രീംകോടതിയുടെ പരിഗണനയില്‍ വരാന്‍ പോവുകയാണ്. സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കുന്നതുവരെ തര്‍ക്കത്തില്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗത്തിനും ഏതെങ്കിലും ഒരു ജനവിഭാഗത്തിനും ഒരു നടപടിയും സ്വീകരിക്കാനാവില്ല. എല്ലാ മതവിഭാഗങ്ങളിലുംപെട്ട ആളുകള്‍ പൊതുവെ ഈ പ്രശ്നം നിയമവാഴ്ചയുടെ അടിസ്ഥാനത്തില്‍ പരിഹരിക്കപ്പെടണം എന്ന അഭിപ്രായക്കാരാണ്. ചില മത തീവ്രവാദി ഗ്രൂപ്പുകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഒന്നും പൊതുജനവികാരം പ്രതിഫലിപ്പിക്കുന്നവ അല്ല.

നിയമ നടപടികളുടെ ആത്യന്തിക ഫലം എന്തായിരിക്കുമെന്നാണ് താങ്കള്‍ കരുതുന്നത്?

ഹ ഉടമസ്ഥാവകാശത്തിന്റെ പ്രശ്നവും തര്‍ക്കത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രവും കൈകാര്യം ചെയ്യുന്നതിനുള്ള മാനദണ്ഡമെന്ന നിലയില്‍ മതവിശ്വാസത്തെ ആധാരമാക്കിയുള്ള വിധിയുടെ പരിസരത്തെ സുപ്രീംകോടതി റദ്ദ് ചെയ്യുമെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.

(കടപ്പാട് : ഫ്രണ്ട് ലൈന്‍)

No comments: