Wednesday, February 25, 2009

ശംഖുംമുഖത്ത് ചെങ്കടല്‍

ശംഖുംമുഖത്ത് ചെങ്കടല്‍തിരു: അറബിക്കടലിന്റെ ആഴിപ്പരപ്പില്‍ അന്തിച്ചുവപ്പ് തിരയേറ്റുവാങ്ങുമ്പോള്‍ ശംഖുംമുഖം കടല്‍ത്തീരത്ത് കാറ്റില്‍ പാറുന്ന ചെങ്കൊടിക്കൂട്ടത്തിനൊപ്പം ജനലക്ഷങ്ങള്‍ ഒരേ മനസ്സോടെ ഇരമ്പിയാര്‍ത്തെത്തി. അതൊരു മഹാസമുദ്രമായി. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന കേരളം തീര്‍ത്ത ഉജ്വലമായ ജനസമുദ്രം. സുരക്ഷിത ഇന്ത്യയുടെയും ഐശ്വര്യകേരളത്തിന്റെയും സന്ദേശംമനുഷ്യസാഗരം ഏറ്റെടുത്ത നവകേരള മാര്‍ച്ചിന്റെ സമാപനയോഗത്തിന്റെ സായാഹ്നം സംസ്ഥാനത്തിന്റെ സ്വപ്നങ്ങള്‍ക്ക് പുതിയ സൂര്യോദയമായി. കുംഭമാസ സൂര്യന്‍ കത്തിജ്വലിച്ച മധ്യാഹ്നം മുതല്‍ ശംഖുംമുഖം വികാരങ്ങളുടെ വേലിയേറ്റത്തിലായിരുന്നു. ചെങ്കൊടികള്‍ നെഞ്ചോടു ചേര്‍ത്ത ചെറുകൂട്ടങ്ങളുടെ പ്രവാഹം. എയര്‍പോര്‍ട്ട് റോഡിലൂടെ നവകേരള മാര്‍ച്ചിന്റെ വാഹനം അക്വോറിയത്തിനു സമീപം എത്തിയപ്പോള്‍ മാലപ്പടക്കത്തിനൊപ്പം മുദ്രാവാക്യങ്ങളുടെയും പ്രകമ്പനം. സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും നവകേരള മാര്‍ച്ചിന്റെ ക്യാപ്റ്റന്‍ പിണറായി വിജയനും ജാഥാംഗങ്ങളായ ഇ പി ജയരാജനും എ വിജയരാഘവന്‍ എംപിയും എം വി ഗോവിന്ദനും ഡോ. ടി എന്‍ സീമയും ഡോ. കെ ടി ജലീലും തുറന്ന വാഹനത്തില്‍ നീങ്ങുമ്പോള്‍ ഇരുവശത്തും അലകടലിന്റെ ആരവം. ശിങ്കാരിമേളവും ചെണ്ടമേളവും ആവേശത്തിലേക്ക് കൊട്ടിക്കയറി. ഇരുനൂറോളം കുരുന്നു കരങ്ങളില്‍നിന്ന് പറന്നുയര്‍ന്ന ബലൂണുകള്‍ ആകാശത്തിനു നല്‍കിയത് വര്‍ണമേലാപ്പ്. പൂക്കാവടിയും തെയ്യവും കഥകളിയും നിറഞ്ഞ ഘോഷയാത്ര ജനക്കൂട്ടത്തിനു മധ്യേ വര്‍ണനദിയായി. ചുവപ്പുസേനയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പ്രകാശ് കാരാട്ടും പിണറായി വിജയനും സ്വീകരിച്ചു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സാംസ്കാരിക പരിപാടികള്‍ അരങ്ങേറിയ വേദിയിലേക്ക് നേതാക്കള്‍ കയറുമ്പോള്‍ ജനസാഗരം ആര്‍ത്തിരമ്പി. രക്തസാക്ഷികളുടെ കുടുംബാംഗങ്ങള്‍, ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ബന്ധുക്കള്‍ തുടങ്ങി നൂറുകണക്കിനുപേര്‍ ജാഥാ ക്യാപ്റ്റനെ സ്വീകരിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കടകംപള്ളി സുരേന്ദ്രന്‍ ജാഥാക്യാപ്റ്റനും അംഗങ്ങള്‍ക്കും പ്രകാശ് കാരാട്ടിനും നല്‍കി. കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു. ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയന്‍, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. വി ശിവന്‍കുട്ടി എംഎല്‍എ സ്വാഗതം പറഞ്ഞു.

Tuesday, February 24, 2009

ഐശ്വര്യകേരള സൃഷ്ടിയുടെ കരുത്തുറ്റ മുദ്രവാക്യം മുഴക്കിക്കൊണ്ട് നടത്തിയ നവകേരളമാര്‍ച്ചിന്ന് ഇന്ന് സമാപനം

ഐശ്വര്യകേരള സൃഷ്ടിയുടെ കരുത്തുറ്റ മുദ്രവാക്യം മുഴക്കിക്കൊണ്ട് നടത്തിയ നവകേരളമാര്‍ച്ചിന്ന് ഇന്ന് സമാപനം


തിരു: അലയാഴിയോട് അടുക്കുന്ന നദിയുടെ കരുത്തായിരുന്നു മാര്‍ച്ചിന്. അപവാദപ്രചാരണങ്ങളുടെ മതിട്ടകള്‍ തകര്‍ത്തെറിഞ്ഞ ഈ മഹാപ്രവാഹം ജനലക്ഷങ്ങളുടെ കടലിരമ്പത്തിലേക്ക് എത്തുന്നതിനിടെ ഇനി അവശേഷിക്കുന്നത് ഒരു സ്വീകരണകേന്ദ്രത്തിന്റെ ആരവംമാത്രം. ഐശ്വര്യകേരള സൃഷ്ടിയുടെ കരുത്തുറ്റ മുദ്രാവാക്യം ബുധനാഴ്ച വൈകിട്ട് ശംഖുംമുഖത്ത് ജനസാഗരം ഏറ്റെടുക്കും. കയര്‍ത്തൊഴിലാളികളുടെ വീറുറ്റ പോരാട്ടങ്ങള്‍ക്ക് നേര്‍സാക്ഷിയായ ചിറയിന്‍കീഴുമുതല്‍ സര്‍ സി പിയുടെ കിരാതഭരണത്തിനെതിരെ നിറനെഞ്ചുകാട്ടിയ ധീരരുടെ നാടായ നെയ്യാറ്റിന്‍കരവരെ നീണ്ട പടയോട്ടത്തില്‍ നവകേരളമാര്‍ച്ച് ചൊവ്വാഴ്ച പിന്നിട്ടത് ആറ്സ്വീകരണകേന്ദ്രം. കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കവുമായി കാത്തുനിന്ന ജനക്കൂട്ടത്തിന് കടലോളം ആവേശംപകര്‍ന്ന് ജില്ലയിലെ രണ്ടാംദിവസ പര്യടനം സമാപിക്കുമ്പോള്‍ രാത്രി എട്ടരമണി. റാട്ടുകളുടെ സംഗീതം ഉയരുന്ന ചിറയിന്‍കീഴില്‍ വികാരവായ്പോടെ ആദ്യസ്വീകരണം. വലിയകട ജങ്ഷനില്‍നിന്ന് തുറന്ന ജീപ്പില്‍ ജാഥാ ക്യാപ്റ്റന്‍ പിണറായി വിജയനെ ബാന്‍ഡുമേളവും തെയ്യവും കാവടിയും പഞ്ചവാദ്യമേളവും കഥകളിവേഷവും കേരളീയവേഷം ധരിച്ച നൂറുകണക്കിന് വനിതകളും നിരന്ന ഘോഷയാത്രയോടെ ശാര്‍ക്കര മൈതാനത്തേക്ക് ആനയിക്കുമ്പോള്‍ വഴിയോരങ്ങളില്‍ മുദ്രാവാക്യങ്ങളുടെ പ്രകമ്പനം. ചുട്ടുപൊള്ളുന്ന കുംഭവെയിലിലും വെഞ്ഞാറമൂട്ടില്‍ ആവേശത്തിന്റെ അലകടല്‍. മുത്തുക്കുടയേന്തിയ വനിതകളും തെയ്യവും ചെണ്ടമേളങ്ങളും സൃഷ്ടിച്ച ഉത്സവപ്രതീതിയില്‍ ജാഥാ ക്യാപ്റ്റനെ തെക്കന്‍ മലയോരത്തെ ഈ കാര്‍ഷികമേഖല വരവേറ്റു. രാജഭരണകാലത്തെ കമ്മട്ടപ്പിരിവിനെതിരെ സമരത്തിന്റെ തീച്ചൂളകള്‍ സൃഷ്ടിച്ച നെടുമങ്ങാട് വിരോചിതമായി ജാഥയെ എതിരേറ്റു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും ശിങ്കാരിമേളവും മയിലാട്ടവും മുത്തുക്കുടയേന്തിയ സ്ത്രീകളും ചേര്‍ന്ന് ജാഥയെ വരവേല്‍ക്കുമ്പോള്‍ നൂറുകണക്കിന് വര്‍ണബലൂണുകള്‍ വാനിലുയര്‍ന്നു. അരുവിക്കര മണ്ഡലത്തിലെ വെള്ളനാട്ടില്‍ ജനക്കൂട്ടം മണിക്കൂറുകളായി കാത്തിരിപ്പായിരുന്നു. ഉത്സവങ്ങളുടെ നാട് പ്രൌഢിയോടെ നല്‍കിയ വരവേല്‍പ്പിന് തോട്ടംതൊഴിലാളികളും ആയിരക്കണക്കിന് സ്ത്രീകളുമടക്കം വന്‍ജനക്കൂട്ടത്തിന്റെ സാന്നിധ്യം. പൊന്നാംചുണ്ട് സമരത്തിന്റെയും ബോണക്കാട് പ്രക്ഷോഭത്തിന്റെയും വീരസ്മരണകള്‍ ഇരമ്പിഉയര്‍ന്നു. വില്ലേജ് ഓഫീസ് ജങ്ഷന്‍മുതല്‍ വെള്ളനാട് ഹൈസ്കൂള്‍ ജങ്ഷനിലെ സ്വീകരണകേന്ദ്രംവരെയുള്ള അരക്കിലോമീറ്റര്‍ ചുവപ്പില്‍ മുങ്ങിയിരുന്നു. കൈത്തറിയും കാര്‍ഷികമേഖലയും ഇഴപാകുന്ന മലയിന്‍കീഴില്‍ ജാഥ എത്തുമ്പോള്‍ സന്ധ്യയായി. തെയ്യവും വിളക്ക്കെട്ടും കാവടിയുമായി സര്‍വ്വീസ് സഹകരണബാങ്ക് ജങ്ഷനില്‍നിന്ന് ജാഥയെ വരവേറ്റു. തുടര്‍ന്ന് വിപ്ളവസ്മരണകള്‍ നിറഞ്ഞ നെയ്യാറ്റിന്‍കരയിലേക്ക്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് ജന്മം നല്‍കിയ, സ്വാതന്ത്യ്രസമരപ്രക്ഷോഭങ്ങള്‍ക്ക് സാക്ഷിനിന്ന, സമ്പന്നമായ സാംസ്കാരിക പൈതൃകം പേറുന്ന നെയ്യാറ്റിന്‍കര പ്രൌഢിയോടെ ജാഥയെ വരവേറ്റു.
ആര്‍ സാംബന്‍

Monday, February 23, 2009

സംഗീത ഇതിഹാസം എ.ആര്‍. റഹ്‌മാനും മലയാളത്തിന്റെ ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടിക്കും ഓസ്‌കര്‍ അവാര്‍ഡ്

സംഗീത ഇതിഹാസം എ.ആര്‍. റഹ്‌മാനും മലയാളത്തിന്റെ ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടിക്കും ഓസ്‌കര്‍ അവാര്‍ഡ്

ആകാംക്ഷയോടെ കണ്ണുംനട്ടിരുന്ന ജനകോടികളുടെ മനസ്സിന്‌ വിരുന്നൂട്ടി കൊഡാക്‌ തിയേറ്ററില്‍ ആദ്യമായി ഇന്ത്യ നിറഞ്ഞുനിന്നു. ഇന്ത്യന്‍ നിറങ്ങള്‍, ഇന്ത്യന്‍ സംഗീതം, ഇന്ത്യന്‍ ഗാനങ്ങള്‍, ഇന്ത്യക്കാര്‍, ഇന്ത്യ, ഇന്ത്യ മാത്രം. ലോകത്തിലെ ഏറ്റവും വലിയ സിനിമാപുരസ്‌കാരവേദിയായ ഓസ്‌കര്‍ നിശയില്‍, ലഭിച്ച പത്തു നോമിനേഷനുകളില്‍ എട്ടും പുരസ്‌കാരമാക്കി മാറ്റി, മുംബൈ ചേരികളില്‍ പൂക്കള്‍ വിരിയിച്ച സ്‌ലംഡോഗ്‌ മില്യനയര്‍ സിനിമാ ലോകത്തിന്റെ ഉന്നതികളിലെത്തി. ചേരിയുടെ ഗാനത്തിനും ശബ്ദത്തിനും ഇന്ത്യന്‍ തിളക്കമേകിയ സംഗീത ഇതിഹാസം എ.ആര്‍. റഹ്‌മാനും മലയാളത്തിന്റെ ശബ്ദമാന്ത്രികന്‍ റസൂല്‍ പൂക്കുട്ടിയും ഓസ്‌കറില്‍ ചരിത്രമെഴുതി! ഇന്ത്യക്കാരി പെണ്‍കുട്ടി പിങ്കിയുടെ കഥപറയുന്ന അമേരിക്കന്‍ സംവിധായിക മേഗന്‍ മൈലന്റെ 'സൈ്‌മല്‍ പിങ്കി' മികച്ച ഡോക്യുമെന്ററിയായപ്പോള്‍ ആരവങ്ങള്‍ക്കിടയില്‍ വീണ്ടും ഇന്ത്യ നിറഞ്ഞു. മലയാളിയായ റസൂല്‍ പൂക്കുട്ടിയാണ്‌ കൊഡാക്‌ തിയേറ്ററില്‍ ഇന്ത്യന്‍ വിജയഗാഥയ്‌ക്ക്‌ തുടക്കമിട്ടത്‌. സ്‌ലം ഡോഗ്‌ മില്യനയറിലെ ശബ്ദമിശ്രണത്തിനുള്ള പുരസ്‌കാരം ഇയാന്‍ ടാപ്പിനും റിച്ചാര്‍ഡ്‌ ഫ്രിക്കിനുമൊപ്പം ഹോളിവുഡ്‌ താരം വില്‍ സ്‌മിത്തില്‍നിന്ന്‌ ഏറ്റുവാങ്ങിയപ്പോള്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്കത്‌ അഭിമാന നിമിഷമായി. മൂവര്‍ക്കും വേണ്ടി മറുപടി പ്രസംഗം നടത്തിയപ്പോള്‍ ആ വികാരം റസൂലും പങ്കുവെച്ചു. ചരിത്രത്തില്‍ ഓസ്‌കര്‍ അവാര്‍ഡ്‌ സ്വീകരിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനും ആദ്യത്തെ മലയാളിയുമായി കൊല്ലം വിളക്കുപാറ സ്വദേശിയായ റസൂല്‍. പിന്നാലെയാണ്‌ പ്രതീക്ഷിച്ച പുരസ്‌കാരം എ.ആര്‍. റഹ്‌മാന്‍ ഏറ്റുവാങ്ങിയത്‌. പശ്ചാത്തല സംഗീതത്തിനു പുറമേ മികച്ച ഗാനത്തിനുള്ള പുരസ്‌കാരംകൂടി റഹ്‌മാന്‌ ലഭിച്ചപ്പോള്‍ ഇരട്ടനേട്ടത്തില്‍ കൊഡാക്‌ തിയേറ്ററിനൊപ്പം ലോകവും ആര്‍ത്തുവിളിച്ചു. സ്‌ലംഡോഗിലെ ജയ്‌ ഹോ എന്ന ഗാനമെഴുതിയ ഗുല്‍സാര്‍ റഹ്‌മാനൊപ്പം സമ്മാനം പങ്കുവെച്ചെങ്കിലും അദ്ദേഹം ചടങ്ങിനെത്തിയിരുന്നില്ല. സ്‌ലംഡോഗിലെ 'ജയ്‌ഹോ', 'ഓ സായ' എന്നീ ഗാനങ്ങള്‍ സ്റ്റേജില്‍ ആലപിച്ച ശേഷമായിരുന്നു റഹ്‌മാന്‍ പുരസ്‌കാരങ്ങള്‍ വാങ്ങിയത്‌. ഇന്ത്യന്‍ നിറങ്ങളണിഞ്ഞ സുന്ദരികളും സുന്ദരന്മാരും പാട്ടിനൊത്ത്‌ ചുവടുവെച്ചപ്പോള്‍ ഹോളിവുഡ്‌ ബോളിവുഡ്‌ ലഹരിയിലായി. രണ്ട്‌ ഓസ്‌കര്‍ നേടുന്ന ആദ്യത്തെ ഇന്ത്യക്കാരന്‍ എന്ന ബഹുമതിക്കുകൂടി റഹ്‌മാന്‍ അര്‍ഹനായി. മികച്ച ചിത്രം (നിര്‍മാതാവ്‌ ക്രിസ്റ്റ്യന്‍ കോള്‍സണ്‍), മികച്ച സംവിധായകന്‍ (ഡാനി ബോയ്‌ല്‍), എഡിറ്റിങ്‌ (ക്രിസ്‌ ഡിക്കിന്‍സ്‌), ഛായാഗ്രഹണം (ആന്റണി ഡോഡ്‌ മാന്റില്‍), മികച്ച അവലംബിത തിരക്കഥ (സൈമണ്‍ ബ്യൂഫോയ്‌) എന്നീ പുരസ്‌കാരങ്ങളും സ്‌ലംഡോഗ്‌ മില്യനയറിനു ലഭിച്ചു. ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ വികാസ്‌ സ്വരൂപിന്റെ ക്യു ആന്‍ഡ്‌ എ എന്ന നോവലാണ്‌ സൈമണ്‍ ബ്യൂഫോയ്‌ സ്‌ലംഡോഗ്‌ മില്യനയറാക്കിയത്‌. മുംബൈയിലെ ചേരിയില്‍ വളര്‍ന്ന 18-കാരന്‍ ഇന്ത്യയിലെ റിയാലിറ്റി ഷോയില്‍ പങ്കെടുത്ത്‌ 20 കോടി രൂപ നേടുന്ന കഥയാണ്‌ ഡാനി ബോയ്‌ല്‍ സ്‌ലംഡോഗ്‌ മില്യനയറില്‍ പറഞ്ഞത്‌. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ മൂന്നു കുട്ടികളുടെ മൂന്നു ജീവിതഘട്ടങ്ങളവതരിപ്പിച്ച കുട്ടികളും ചടങ്ങിനെത്തിയിരുന്നു. പ്രധാന വേഷങ്ങളിലഭിനയിച്ച ദേവ്‌ പട്ടേലിനെയും ഫ്രീദ പിന്‍േറായെയും കൂടാതെ മുംബൈയിലെ ചേരി നിവാസികളായ അസ്‌ഹറുദ്ദീനും റുബീനയും ഇസ്‌മയിലും മറ്റു നടന്മാരായ അനില്‍കപൂറിനും ഇര്‍ഫാന്‍ഖാനുമൊപ്പം വേദിയിലെത്തിയിരുന്നു. ഏറ്റവും ഒടുവില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും സ്‌ലംഡോഗ്‌ മില്യനയറിന്‌ പ്രഖ്യാപിച്ചപ്പോള്‍ ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച എല്ലാവരും നിര്‍മാതാവ്‌ ക്രിസ്റ്റ്യന്‍ കോള്‍സണൊപ്പം വേദിയില്‍ അണിനിരന്നു. അപ്പോള്‍ ധാരാവിയിലെ ചേരിക്കൊപ്പം ലോകം മുഴുവന്‍ ആഹ്ല്‌ളാദാരവം മുഴക്കി. മികച്ച ചിത്രത്തിനുള്‍പ്പെടെ 13 നാമനിര്‍ദേശങ്ങള്‍ ലഭിച്ച 'ദ ക്യൂരിയസ്‌ കേസ്‌ ഓഫ്‌ ബെഞ്ചമിന്‍ ബര്‍ട്ടനെ' ഏറെ പിന്നിലാക്കിയാണ്‌ സ്‌ലം ഡോഗ്‌ മില്യനയര്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയത്‌. 81-ാം ഓസ്‌കര്‍ പുരസ്‌കാരനിശയില്‍ ഏറെ പ്രതീക്ഷയുയര്‍ത്തിയിരുന്ന 'ദി ക്യൂരിയസ്‌ കേസ്‌ ഓഫ്‌ ബഞ്ചമിന്‍ ബട്ടനി'ലെ അഭിനയത്തിന്‌ മികച്ച നടനുള്ള അവാര്‍ഡ്‌ ബ്രാഡ്‌പിറ്റ്‌ നേടുമെന്നാണ്‌ കരുതിയിരുന്നതെങ്കിലും 'മില്‍ക്കി'ലെ അഭിനയത്തിന്‌ ഷോണ്‍ പെന്നിന്‌ അത്‌ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ കൈയടികള്‍ക്കൊപ്പം ദീര്‍ഘനിശ്വാസങ്ങളുമുയര്‍ന്നു. 13 വര്‍ഷത്തിനിടയില്‍ അഞ്ചുതവണയും ഓസ്‌കര്‍ കൈയെത്തും ദൂരത്ത്‌ നഷ്‌ടമായ കേറ്റ്‌ വിന്‍സ്‌ലറ്റ്‌ ഇത്തവണ മികച്ച നടിയായി. 'ദി റീഡറി'ലെ അഭിനയമാണ്‌ ടൈറ്റാനിക്കിലൂടെ ശ്രദ്ധേയയായ കേറ്റിന്‌ അംഗീകാരമായത്‌. സഹനടനും സഹനടിക്കുമുള്ള അവാര്‍ഡുകള്‍ ഹീത്ത്‌ ലെഡ്‌ജ റിനും പെനിലൊപ്‌ ക്രൂസിനും ലഭിച്ചു. ജാപ്പനീസ്‌ സംഗീതചിത്രമായ ഡിപ്പാര്‍ചേഴ്‌സിനാണ്‌ വിദേശഭാഷാചിത്രത്തിനുള്ള പുരസ്‌കാരം.

ഓസ്കാര്‍ എന്നാല്‍ എന്താണ്

ഓസ്കാര്‍ എന്നാല്‍ എന്താണ്

അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് എന്ന സംഘടനയാണ് ഓസ്കാര്‍ എന്നറിയപ്പെടുന്ന അവാര്‍ഡുകള്‍ നല്‍കുന്നത്. ഹോളിവുഡ് സിനിമയിലെ നിര്‍മാതാക്കളും സംവിധായകരും അടക്കമുള്ള ചലച്ചിത്രപ്രവര്‍ത്തകരും സാങ്കേതികവിദഗ്ധരും അംഗങ്ങളായുള്ളതാണ് സംഘടന. ഹോളിവുഡിന്റെയും അമേരിക്കയുടെയും മേധാവിത്വപരമായ സ്വാധീനംകൊണ്ട് ഇന്ന് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡുദാന ചടങ്ങായി ഇത് മാറിയിട്ടുണ്ട്. പക്ഷേ, സിനിമയെ ഗൌരവപൂര്‍ണമായ കലാരൂപമെന്ന നിലയില്‍ വിലയിരുത്തുന്നവരെ സംബന്ധിച്ചിടത്തോളം ഓസ്കാര്‍ അവാര്‍ഡ് അവസാന തെരഞ്ഞെടുപ്പല്ല. ഓസ്കാര്‍ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നത് ഇംഗ്ളീഷ് ചിത്രങ്ങളാണ്. ഏറിയകൂറും ഹോളിവുഡില്‍നിന്നുള്ളവതന്നെ. മറ്റു രാജ്യങ്ങളിലെ സിനിമകള്‍ക്കായി ഏറ്റവും നല്ല വിദേശ ചിത്രത്തിനുള്ള ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഓസ്കാര്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ള നിരവധി ചിത്രം കലാപരമായ മികവും സാങ്കേതികമേന്മയും പുലര്‍ത്തുന്നവയാണെന്നുള്ള യാഥാര്‍ഥ്യത്തെയും കാണാതിരിന്നുകൂടാ. ഓസ്കാര്‍ അവാര്‍ഡിനായി സമര്‍പ്പിക്കപ്പെടുന്ന സിനിമകളില്‍നിന്ന് അക്കാദമിയിലെ അംഗങ്ങള്‍ പ്രാഥമികഘട്ടത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഓരോ വിഭാഗത്തിലേക്കും കുറച്ച് സിനിമയും ബന്ധപ്പെട്ട മറ്റു പേരുകളും നോമിനേറ്റ് ചെയ്യപ്പെടുന്നത്. ഓരോ വിഭാഗത്തെയും പ്രതിനിധാനംചെയ്ത് അക്കാദമിയില്‍ അംഗങ്ങളായവര്‍ അതതു വിഭാഗത്തിലെ അവാര്‍ഡുകള്‍ക്ക് നോമിനേഷന്‍ നിര്‍ദേശിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ലഭിക്കുന്ന നോമിനേഷനുകളില്‍നിന്ന് എല്ലാ അംഗങ്ങളും പൊതു വോട്ടെടുപ്പ് നടത്തിയാണ് അവസാന തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ പണവും സ്വാധീനവും രാഷ്ട്രീയവുമൊക്കെ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. അമേരിക്കന്‍ ചലച്ചിത്രവ്യവസായത്തിന്റെ രാഷ്ട്രീയതാല്‍പ്പര്യവും വംശീയനിലപാടും അവാര്‍ഡ് നിര്‍ണയത്തില്‍ പ്രതിഫലിക്കാറുമുണ്ട്. നിരവധി കറുത്തവംശജരായ നടീനടന്മാര്‍ ഓസ്കാര്‍ അവാര്‍ഡ് ലഭിക്കാതെ പിന്തള്ളപ്പെട്ടുപോയതുമായി ബന്ധപ്പെട്ട വിവാദവും വിമര്‍ശവും പലപ്പോഴും ഉയര്‍ന്നുവന്നിട്ടുമുണ്ട്. 2002ല്‍ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് ലഭിച്ച ആദ്യത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ നടി ഹല്ലേ ബെറി വംശീയമായ വിവേചനത്തിനെതിരെ പ്രതികരിച്ചിരുന്നു. ഹോളിവുഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കറുത്തവംശജ ഈ അവാര്‍ഡിന് അര്‍ഹമായത്. 1963ല്‍ സിഡ്നി വോട്ടര്‍ എന്ന നടന് ലഭിച്ച അവാര്‍ഡിനുശേഷം 40 വര്‍ഷം കഴിഞ്ഞാണ് കറുത്തവംശജ ഈ അവാര്‍ഡ് വാങ്ങുന്നത്. ഹോളിവുഡ് മനുഷ്യാവകാശങ്ങളുടെയും സമത്വത്തിന്റെയും മാനവികതയുടെയും ഉല്‍പ്പാദനസ്ഥലമല്ലെന്നും മറിച്ച് പണമുണ്ടാക്കുന്ന അധോലോകമാണെന്നും വിമര്‍ശകര്‍ പറയാറുണ്ട്. സാധാരണ ബിഗ് ബജറ്റ് ഹോളിവുഡ് ചിത്രങ്ങളാണ് മത്സരത്തിന്റെ ഓട്ടപ്പന്തയത്തില്‍ മുന്‍നിരയിലെത്താറുള്ളത്. ഇത്തവണ അവാര്‍ഡ് നേടിയ 'സ്ളം ഡോഗ് മില്യനയര്‍' ഹോളിവുഡ് ബജറ്റ്വച്ച് കണക്കാക്കുമ്പോള്‍ ചെറിയ ബജറ്റ് ചിത്രമാണ്. സംവിധായകന്‍ ഡാനി ബോയല്‍ ഐറീഷ് വംശജനായ ബ്രിട്ടീഷുകാരനാണ്. ഇന്ത്യന്‍ പ്രമേയവും ഇന്ത്യന്‍ സാങ്കേതികവിദഗ്ധരും സംഗീതസംവിധായകനും ശബ്ദലേഖകനും നടീനടന്മാരും ഈ സിനിമയ്ക്കുണ്ടെന്നുള്ളതുകൊണ്ടാണ് ഇന്ത്യക്കാര്‍ ഈ ഓസ്കാര്‍ അവാര്‍ഡില്‍ അഭിമാനിക്കുന്നത്. ഇതിന്റെ പ്രമേയം ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പുതുമയുള്ളതല്ലെങ്കിലും ശക്തവും ഘടനാപരമായി മികച്ചതുമായ ഒരു തിരക്കഥയും ഛായാഗ്രഹണത്തിന്റെ അപൂര്‍വ മികവും സംഗീതത്തിന്റെയും പാട്ടിന്റെയും വ്യത്യസ്ത ഉപയോഗവും ശബ്ദലേഖനത്തിന്റെ സാങ്കേതികവും കലാപരവുമായ തിളക്കവുമൊക്കെക്കൊണ്ടാണ് ഈ സിനിമ അതിന്റെ മികവ് കണ്ടെത്തുന്നത്. ഈ പ്രമേയത്തിന് വേണ്ടത്ര വസ്തുനിഷ്ഠ നിലപാടും കരുത്തും ഇല്ലാതിരിക്കുകയും പ്രമേയത്തിലെ അവാസ്തവികതയുടെ ആഘോഷങ്ങള്‍ പടിഞ്ഞാറിന്റെ കാഴ്ചോത്സവമായിത്തീരുകയും ചെയ്യുമ്പോള്‍ത്തന്നെ സംവിധായകന്റെ സൂക്ഷ്മരചനാ വൈഭവംകൊണ്ടാണ് സിനിമയുടെ ഭാഷയിലെ ചടുലമായ രൂപാന്തരമായി സ്ളംഡോഗിലെ ദൃശ്യങ്ങള്‍ മാറുന്നത്. സിനിമയുടെ പൊതുസ്വഭാവത്തില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു കാഴ്ചയും ശബ്ദവുമായി പാട്ടിനെ മാറാനനുവദിക്കാതെ, പശ്ചാത്തലസംഗീതവും പാട്ടും സിനിമയുടെ ദൃശ്യഭാഷയെ ബലപ്പെടുത്തുന്ന ഘടകമായിത്തന്നെ എ ആര്‍ റഹ്മാന്റെ സംഗീതം മാറുന്നുണ്ട്. നമുക്കേറെ അഭിമാനിക്കാവുന്ന മറ്റൊരു നേട്ടം മലയാളിയായ റസൂല്‍ പൂക്കുട്ടിയുടേതാണ്. ശബ്ദലേഖനം ഒരു യാന്ത്രികകര്‍മമായി അവസാനിക്കുന്ന രീതിയില്‍നിന്നു വ്യത്യസ്തമായാണ് റസൂല്‍ ശബ്ദലേഖനത്തെ സാങ്കേതികമികവിന്റെയും സൌന്ദര്യശാസ്ത്രപരമായ ഭാവനകളുടെയും മിശ്രണമാക്കിമാറ്റുന്നത്. പ്രശസ്ത ഹിന്ദി സിനിമയായ ബ്ളാക്കിന്റെ ശബ്ദലേഖന നിര്‍വഹണത്തിലൂടെതന്നെ റസൂല്‍ തന്റെ കഴിവ് നേരത്തെ പ്രകടിപ്പിച്ചതാണ്.
d...

Friday, February 20, 2009

ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രിയുടെ അറിവിലേക്കും അടിയന്തിര പരിഗണനക്കും.

ബഹുമാനപ്പെട്ട കേരള ധനകാര്യ മന്ത്രിയുടെ അറിവിലേക്കും അടിയന്തിര പരിഗണനക്കും.

പ്രവാസികള്‍ക്കുള്ള സഹായം അപര്യാപ്തം

കേരളത്തിലെ സാധാരണക്കാരായ ജനങളുടെ മനസ്സറിഞ്ഞ ബഡ്ജറ്റാണിത്. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ബദല്‍ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്നതാണ് ധനമന്ത്രി തോമസ് ഐസകിന്ന് കഴിഞ്ഞിട്ടുണ്ട്.സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ് രാജ്യത്തിന്നും മറ്റു സംസ്ഥാനങള്‍ക്കും ഇത്‍ മാതൃകയാക്കാവുന്നതുമാണ്. എന്നാല്‍ ഗള്‍ഫ് രാജ്യങളില്‍ നിന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ച് വരുന്നവരെ സഹായിക്കാനാണെന്ന് പറഞ്ഞ് അവതരിപ്പിച്ചിട്ടുള്ള ൧൦൦ കോടി രൂപയുടെ പദ്ധതി യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം വരുന്ന പ്രവാസികള്‍‍ക്ക് സഹായകരമല്ല. ഇവരെ സഹായിക്കാന്‍ സഹകരണ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ മുന്‍‌കയ്യെടുത്ത് എന്തെങ്കിലും പദ്ധതികല്‍ക്ക് രൂപം കൊടുക്കണം.ധനകാര്യമന്ത്രി പറഞ്ഞതുപോലെ ഇന്നത്തെ ഈ സാമ്പത്തികമാന്ദ്യം ഒരു അവസരമാക്കി പ്രവാസികളുടെ പേരില്‍ കെ എസ് എഫ് ഇ യെ പ്രമോട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. ചുരുങിയത് പത്ത് ശതമാനം പലിശയെങ്കിലും കെ എസ് എഫ് ഇക്ക് കൊടുക്കേണ്ടീവരും.പ്രവാസികള്‍ക്ക് ചുരുങിയത് മൂന്ന് ശതമാനം പലിശക്കെങ്കിലും സ്വയം തൊഴില്‍ കണ്ടെത്താന്‍ വായ്പ ലഭിക്കാനുള്ള സം‌വിധാനം ഉണ്ടാക്കണംമാത്രമല്ല തിച്ചുവരുന്ന പ്രവാസികള്‍ക്ക് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ നേരിയ സം‌വരണം ഏര്‍പ്പെടുത്തണംഇ എം എസ് ഭവന നിര്‍മ്മാണത്തിന്റെ പരിധിയില്‍ ഗള്‍ഫ് മലയാളികളെയും ഉള്‍പ്പെടുത്തണം. ചുരുങിയ പലിശയില്‍ പ്രവാസികള്‍ക്കും ഭവന നിര്‍മ്മാണ വായ്പ ലഭ്യമാകുകയാണെങ്കില്‍ അത് അവര്‍ക്ക് വലിയൊരു അനുഗ്രഹമായിരിക്കും.
ഇന്ത്യയുടെയും കേരളത്തിന്റെയും‍ സാമ്പത്തിക ഉന്നമനത്തിന്നുവേണ്ടി വിദേശത്തുപോയി കലാകാലമായി പണിയെടുത്ത് കഷ്ടപ്പാടും ദുരിതങളും അനുഭവിക്കുന്നവരെ സഹിയിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമം സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു

സസ്‌നേഹം ,

നാരായണന്‍ വെളിയംകോട്. ദുബായ്

Tuesday, February 17, 2009

മലയോരമണ്ണില്‍ ചുവപ്പുനദിപോലെ

മലയോരമണ്ണില്‍ ചുവപ്പുനദിപോലെഇടുക്കി: പച്ചപ്പണിഞ്ഞ ഏലത്തിന്റെയും തേയിലയുടെയും കുരുമുളകിന്റെയും നാട്ടില്‍ ചെങ്കൊടിപ്രസ്ഥാനത്തിന്റെ മഹാപ്രവാഹം. മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകരും തൊഴിലാളികളും ഒരേപ്രവാഹമായി അണിനിരന്നപ്പോള്‍ ഓരോ സ്വീകരണകേന്ദ്രവും ചുവപ്പുനദിപോലെ. കര്‍ഷകന്റെ വിയര്‍പ്പുകണങ്ങള്‍ മുത്തുമണികളായി വിളയുന്ന മലയോരമണ്ണില്‍ അധ്വാനിക്കുന്നവന്റെ പാര്‍ടിയുടെ അജയ്യത വിളിച്ചോതി നവകേരളമാര്‍ച്ച് ഇടുക്കിയില്‍ ജനഹൃദയങ്ങളെ കീഴടക്കി. ഐതിഹാസികമായ അമരാവതി, ചുരുളി, കീരിത്തോട് സമരസേനാനികളും പാര്‍ടിക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച രക്തസാക്ഷികളുടെ ബന്ധുക്കളും സ്വീകരണ കേന്ദ്രങ്ങളില്‍ മാര്‍ച്ചിന്റെ അമരക്കാരന്‍ പിണറായി വിജയന് രക്തഹാരങ്ങള്‍ ചാര്‍ത്തിയപ്പോള്‍ വികാരവായ്പില്‍ ജനസഞ്ചയം. പാര്‍ടിക്കും നേതാക്കള്‍ക്കുമെതിരെയുള്ള അപവാദകഥകള്‍ക്ക് അല്‍പ്പായുസ്സുപോലും ഇല്ലെന്ന് തെളിയിക്കുന്നതായി, പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ കൊടുക്കുമെന്നു പ്രഖ്യാപിച്ച് ഓരോ സ്വീകരണകേന്ദ്രത്തിലും എത്തിച്ചേര്‍ന്ന പതിനായിരങ്ങള്‍. മലയോരമണ്ണില്‍ തങ്ങള്‍ക്ക് അന്തിയുറങ്ങാനുള്ള അവകാശം ഉറപ്പിച്ചുനല്‍കിയത് പാര്‍ടിയുടെയും എ കെ ജിയുടെയും പോരാട്ടമാണെന്ന തിരിച്ചറിവാണ് പൊള്ളുന്നവെയിലിലും മണിക്കൂറുകളോളം കാത്തുനിന്ന് ജാഥയെ വരവേല്‍ക്കാനും കേള്‍ക്കാനും ജനങ്ങള്‍ എത്തിയത്. ചൊവ്വാഴ്ചത്തെ ആദ്യസ്വീകരണം എറണാകുളത്തെ കോതമംഗലത്ത്. തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ആദ്യസ്വീകരണം തൊടുപുഴയില്‍. പാര്‍ടി ജില്ലാ സെക്രട്ടറി എം എം മണിയുടെ നേതൃത്വത്തിലുള്ള സംഘം മാര്‍ച്ചിനെ സ്വീകരിച്ച് ആനയിച്ചു. തൊടുപുഴ ടൌണില്‍നിന്ന് ബാന്‍ഡുമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ മുനിസിപ്പല്‍ മൈതാനിയിലെ വേദിയിലേക്ക്. അനശ്വരരക്തസാക്ഷി കെ എസ് കൃഷ്ണപിള്ളയുടെ സഹോദരി പാറുക്കുട്ടിയമ്മ, ടി എ നസീറിന്റെ ബാപ്പ അലിയാര്‍, കെ എസ് കൃഷ്ണപിള്ളയ്ക്കൊപ്പം ജയില്‍വാസം അനുഭവിച്ച ആദ്യകാലപ്രവര്‍ത്തകന്‍ കെ യു ജോ എന്നിവര്‍ പിണറായിയെ ഹാരമര്‍പ്പിച്ചത് വേദിയെ വികാരഭരിതമാക്കി. ചെറുതോണിയിലേക്ക് പുറപ്പെട്ട മാര്‍ച്ചിനെ കോളപ്രയില്‍ 400 ബൈക്ക് വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സ്വീകരിച്ച് ആനയിച്ചു. ചെറുതോണി പമ്പിനുസമീപംമുതല്‍ ചെറുതോണി നദീതടത്തിലുള്ള വേദിയിലേക്ക് മുത്തുക്കുടകളേന്തി യൂണിഫോം ധാരികളായ വനിതകളും മറ്റു പ്രവര്‍ത്തകരും അണിനിരന്നു. കുമളി-കീരിത്തോട് സമരത്തില്‍ എ കെ ജിക്കൊപ്പം ജയിലില്‍ കിടന്ന കാര്‍ലോസ്-മോനി ദമ്പതികളും ആദ്യകാല പാര്‍ടിപ്രവര്‍ത്തകരുമടക്കം വന്‍ ജനാവലി ജാഥയെ വരവേറ്റു. ഇടുക്കി പദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പന്റെ തലമുറയില്‍പ്പെട്ട ആദിവാസി മൂപ്പന്‍ കണ്ടശ്ശനാശാന്‍ പിണറായിക്ക് കുരുമുളകില്‍ തീര്‍ത്ത കിരീടവും അംശവടിയും സമ്മാനിച്ചു. മൂന്നുമണിക്കൂറോളം വൈകിയിട്ടും പൊരിവെയിലില്‍ മാര്‍ച്ചിനെ കാത്തുനിന്ന ആയിരങ്ങള്‍ ചെറുതോണിയിലെ സ്വീകരണം അവിസ്മരണീയമാക്കി. അടിമാലി, ശാന്തന്‍പാറ എന്നിവിടങ്ങളിലെ ആവേശോജ്വല സ്വീകരണത്തിനുശേഷം വണ്ടിപ്പെരിയാറില്‍ ജില്ലയിലെ മാര്‍ച്ചിന് സമാപനം.കെ ജെ മാത്യു

Monday, February 16, 2009

ഇടക്കാല ബജറ്റ്‌:നിസ്സംഗം നിര്‍ഗുണം .

ഇടക്കാല ബജറ്റ്‌:നിസ്സംഗം നിര്‍ഗുണം .

ആഗോള സാമ്പത്തികത്തകര്‍ച്ചയുടെ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളില്‍നിന്നു സമ്പദ്‌ഘടനയെയും വിവിധ വിഭാഗം ജനങ്ങളെയും രക്ഷിക്കുന്നതിനുള്ള സമഗ്രമായ നിര്‍ദേശങ്ങള്‍ ഉണ്ടാവും എന്ന പ്രതീക്ഷയാണ്‌ അസ്ഥാനത്തായത്‌ ഡോ. കെ.എന്‍. ഹരിലാല്‍

യുദ്ധമുഖത്ത്‌ ശത്രുക്കളെ നേരിടുന്ന സന്ദര്‍ഭത്തില്‍ സര്‍വസൈന്യാധിപന്‍ 'താന്‍ ബലത്തിനാളല്ല' എന്നു പ്രഖ്യാപിച്ച്‌ പിന്‍തിരിഞ്ഞാലോ? നാടകീയത അല്‌പം കൂടിപ്പോയി എന്ന ആക്ഷേപം ഉണ്ടാകാമെങ്കിലും 2009- 10ലേക്കുള്ള ഇടക്കാല പൊതു ബജറ്റിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ, വിശേഷിച്ചും ധനമന്ത്രിയുടെ ഉത്തരവാദിത്വം വഹിക്കുന്ന പ്രണബ്‌ കുമാര്‍ മുഖര്‍ജിയുടെ സമീപനത്തെ അങ്ങനെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഇടക്കാല ബജറ്റിന്റെ പരിമിതികള്‍ എല്ലാവര്‍ക്കും മനസ്സിലാവുന്നതാണ്‌. പുതിയ വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ്‌ അവതരിപ്പിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാരിന്‌ അവകാശപ്പെട്ടതാണ്‌. ഇടക്കാല ബജറ്റിലൂടെ ആ അധികാരം കവര്‍ന്നെടുക്കുന്നത്‌ രാഷ്ട്രീയമര്യാദയ്‌ക്ക്‌ നിരക്കുന്നതല്ല. പക്ഷേ, അത്തരമൊരു കാഴ്‌ചപ്പാടാണോ പൊതുബജറ്റിനെ കേവലം ഒരു വഴിപാടാക്കി ചുരുക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌? രണ്ട്‌ ദിവസം മുമ്പ്‌ ലോക്‌സഭയില്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റ്‌ പരിശോധിക്കുന്ന ആരും അത്‌ സമ്മതിച്ചുതരുമെന്ന്‌ തോന്നുന്നില്ല. വോട്ടുബാങ്കുകളെ ലാക്കാക്കിക്കൊണ്ടുള്ള ജനപ്രിയപ്രഖ്യാപനങ്ങളുടെ ധാരാളിത്തംകൊണ്ട്‌ ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ റെയില്‍വേ ബജറ്റ്‌. ഇടക്കാല ബജറ്റിന്റെ പരിമിതമായ ചട്ടക്കൂടിനപ്പുറം പോവാന്‍ പാടില്ല എന്ന്‌ ശഠിക്കുന്നവര്‍ പോലും കേന്ദ്ര സര്‍ക്കാരില്‍നിന്നു കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു എന്നതാണ്‌ വാസ്‌തവം. മാധ്യമങ്ങളിലും മറ്റും നടന്ന പ്രീ ബജറ്റ്‌ ചര്‍ച്ചകള്‍ ഇതിനു തെളിവാണ്‌. ആഗോള സാമ്പത്തികത്തകര്‍ച്ചയുടെ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രത്യാഘാതങ്ങളില്‍നിന്നു സമ്പദ്‌ഘടനയെയും വിവിധ വിഭാഗം ജനങ്ങളെയും രക്ഷിക്കുന്നതിനുള്ള സമഗ്രമായ നിര്‍ദേശങ്ങള്‍ ഉണ്ടാവും എന്ന പ്രതീക്ഷയാണ്‌ അസ്ഥാനത്തായത്‌. ഇടക്കാല ബജറ്റിന്റെ സാങ്കേതികത്വം മറയാക്കിക്കൊണ്ട്‌ നടത്തിയ ഒരു പലായനമാണ്‌ യഥാര്‍ഥത്തില്‍ സംഭവിച്ചത്‌. ആഗോള സാമ്പത്തികത്തകര്‍ച്ചയ്‌ക്ക്‌ പല കാരണങ്ങള്‍ ഉണ്ടെങ്കിലും ഇന്നത്തെ അവസ്ഥയില്‍ പ്രതീക്ഷകളുടെ മരണമാണ്‌ ഭരണകര്‍ത്താക്കളെ ഏറ്റവും കൂടുതല്‍ കുഴക്കുന്നത്‌. ഭരണകൂടത്തോട്‌ സ്വയം ചുരുങ്ങി അപ്രത്യക്ഷമാകാന്‍ ആജ്ഞാപിച്ചിരുന്ന യാഥാസ്ഥിതികര്‍ പോലും ഭരണകൂടത്തെ ഉറ്റുനോക്കുന്നത്‌ പ്രതീക്ഷകളുടെയും വിശ്വാസത്തിന്റെയും അന്തരീക്ഷത്തെ പുനര്‍നിര്‍മിക്കുന്നതിനാണ്‌. ധനകമ്മി കൂട്ടിക്കൊണ്ടാണെങ്കിലും പണം അച്ചടിച്ചിറക്കിക്കൊണ്ടാണെങ്കിലും വേണ്ടില്ല പൊതുനിക്ഷേപവും ഡിമാന്റും വര്‍ധിപ്പിച്ചുകൊണ്ട്‌ വളര്‍ച്ചയ്‌ക്കു പറ്റിയ സാഹചര്യം പുനര്‍സൃഷ്‌ടിക്കണമെന്നാണ്‌ എല്ലാവരും സര്‍ക്കാറിനോടാവശ്യപ്പെടുന്നത്‌. അത്തരമൊരു സമഗ്രവീക്ഷണം അവതരിപ്പിക്കുന്നതിനും പുതിയ സര്‍ക്കാര്‍ കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെയുള്ള അഞ്ചാറു മാസക്കാലത്തേക്കുള്ള കര്‍മപരിപാടികള്‍ അവതരിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്വത്തില്‍നിന്നാണ്‌ ധനമന്ത്രി ഒഴിഞ്ഞുമാറിയിരിക്കുന്നത്‌. അസാധാരണമായ സാഹചര്യം അസാധാരണമായ നടപടികള്‍ ആവശ്യപ്പെടുന്നുണ്ട്‌. ദേശീയ, സാര്‍വദേശീയ സാഹചര്യങ്ങള്‍ അസാധാരണമാണ്‌ എന്ന്‌ ധനമന്ത്രി ബജറ്റ്‌ പ്രസംഗത്തില്‍ എടുത്തുപറയുന്നുണ്ട്‌. നിര്‍ഭാഗ്യകരമെന്നു പറയട്ടെ അസാധാരണമായ നടപടികളിലേക്ക്‌ കടക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല. സമ്പദ്‌ഘടനകള്‍ ന്യൂനവളര്‍ച്ച രേഖപ്പെടുത്തുന്നതിന്റെയും സേവനവേതന വ്യവസ്ഥകള്‍ വെട്ടിക്കുറയ്‌ക്കപ്പെടുന്നതിന്റെയും തൊഴിലവസരങ്ങള്‍ അപ്രത്യക്ഷമാകുന്നതിന്റെയും കണക്കുകള്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്‌. ഐ.എം.എഫിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോക സമ്പദ്‌ഘടനയുടെ 2009ലെ വളര്‍ച്ചനിരക്ക്‌ കേവലം 0.5 ശതമാനം ആയിരിക്കും. ഇത്‌ കഴിഞ്ഞ 60 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വളര്‍ച്ചനിരക്കായിരിക്കുമത്രേ. ഇന്ത്യയുടെ 2008-09 ലെ വളര്‍ച്ചനിരക്ക്‌ 7.1 ശതമാനമായിരിക്കും എന്നാണ്‌ ബജറ്റ്‌ പ്രസംഗത്തിലെ അവകാശവാദം. അവസാന മാസങ്ങളില്‍ വ്യവസായം ഉള്‍പ്പടെയുള്ള വിവിധ മേഖലകളില്‍ ഉണ്ടായ ഉത്‌പാദനച്ചുരുക്കം കൂടി പരിഗണിച്ചാല്‍ മേല്‍പ്പറഞ്ഞ അവകാശവാദത്തിന്‌ അര്‍ഥമില്ലാതാവും. രാജ്യം അഭൂതപൂര്‍വമായ സാമ്പത്തികമാന്ദ്യത്തിലേക്കാണ്‌ പോകുന്നത്‌ എന്ന കാര്യം എന്തായാലും ഇപ്പോള്‍ തര്‍ക്കവിഷയമല്ല. ഈ അസാധാരണ സാഹചര്യത്തെ നേരിടാന്‍ ആവശ്യമായ അസാധാരണ നടപടികളുടെ അഭാവമാണ്‌ പല നിരീക്ഷകര്‍ക്കും അവിശ്വസനീയമായി തോന്നിയത്‌. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തി കാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ കുറഞ്ഞത്‌ ആറുമാസമെങ്കിലും വേണ്ടിവരും. അത്രയുംകാലം കേന്ദ്രസര്‍ക്കാറിന്‌ ഇതുപോലെയൊരു സാഹചര്യം ആവശ്യപ്പെടുന്ന ദിശാബോധം ഇല്ലാതെ പ്രവര്‍ത്തിക്കേണ്ടിവരും. തിരഞ്ഞെടുപ്പുകളുടെയും അധികാരമാറ്റത്തിന്റെയും പരിമിതികളെ മറികടക്കാന്‍ ഇതരരാജ്യങ്ങള്‍ സ്വീകരിക്കുന്ന മാര്‍ഗം ഇന്ത്യയ്‌ക്കും മാതൃകയാക്കാവുന്നതായിരുന്നു. അമേരിക്കയിലെ ബുഷ്‌ ഭരണകൂടം ഉത്തേജകപാക്കേജുകള്‍ തയ്യാറാക്കിയത്‌ പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പരാജയം ഉറപ്പായതിന്‌ ശേഷമായിരുന്നല്ലോ. പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട്‌ നീങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ പാസ്സാക്കാന്‍ അവരുടെ സഹകരണവും ഉണ്ടാവുമായിരുന്നു. മുന്‍പ്‌ പ്രഖ്യാപിച്ച രണ്ട്‌ ഉത്തേജക പാക്കേജുകളെ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ധനമന്ത്രിക്ക്‌ ഒഴിഞ്ഞുമാറാനാവില്ല എന്നുകൂടി ഇവിടെ എടുത്തു പറയേണ്ടതുണ്ട്‌. മുന്‍പു പ്രഖ്യാപിക്കപ്പെട്ട പാക്കേജുകളുടെ പോരായ്‌മ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണെന്നു മാത്രമല്ല അവ ഉദ്ദേശിച്ച ഫലം സൃഷ്‌ടിച്ചില്ല എന്ന കാര്യവും വ്യക്തമാണ്‌. അതുകൊണ്ടുതന്നെ മുന്‍ പാക്കേജുകളുടെ പോരായ്‌മ പരിഹരിക്കാന്‍ ഉതകുന്നതും അതില്‍ വിട്ടുപോയ ജനവിഭാഗങ്ങളെയും മേഖലകളെയും പരിഗണിക്കുന്നതുമായ നിര്‍ദേശങ്ങള്‍ ഉണ്ടാവും എന്നായിരുന്നു പ്രതീക്ഷ. കേരളത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസിസമൂഹം നേരിടുന്ന പ്രതിസന്ധി ഇവിടെ പ്രസക്തമാണ്‌. ആഗോള സാമ്പത്തികത്തകര്‍ച്ച ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒരു മേഖലയാണിത്‌. ആദ്യ രണ്ടു പാക്കേജുകളില്‍ അവഗണിക്കപ്പെട്ട ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇനി ഏറെ വൈകും. ബജറ്റ്‌ പ്രസംഗത്തിന്റെ സിംഹഭാഗവും ധനമന്ത്രി ചെലവഴിച്ചത്‌ യു.പി.എ സര്‍ക്കാറിന്റെ ആദ്യത്തെ നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനുവേണ്ടിയാണ്‌. ബജറ്റ്‌ പ്രസംഗം ഇക്കണോമിക്‌ സര്‍വേയെ അനുസ്‌മരിപ്പിച്ചു എന്നു പലരും നിരീക്ഷിച്ചതിന്റെ പശ്ചാത്തലം ഇതാണ്‌. യഥാര്‍ഥത്തില്‍ ധനമന്ത്രി - ഇക്കണോമിക്‌ സര്‍വേയില്‍ ആണെങ്കില്‍പ്പോലും - അവലോകനം ചെയ്യേണ്ടിയിരുന്നത്‌ യു.പി.എ.യുടെ അവസാനവര്‍ഷത്തെ പ്രകടനമാണ്‌. എന്നാല്‍ 2008 -09 ധനകാര്യവര്‍ഷത്തെ കാര്യങ്ങള്‍ അത്ര വിശദമായി പ്രതിപാദിച്ചുകണ്ടില്ല. ധനമന്ത്രി എടുത്തുപറഞ്ഞ കാര്യങ്ങള്‍ പക്ഷേ, കേന്ദ്രസര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം അത്ര അഭിമാനകരമല്ല. റവന്യൂകമ്മി പ്രതീക്ഷിച്ചിരുന്ന ഒരു ശതമാനത്തില്‍നിന്ന്‌ 4.4 ശതമാനമായി വര്‍ധിച്ചു. ധനകമ്മി 2.5 ശതമാനത്തില്‍നിന്ന്‌ ആറു ശതമാനമായി ഉയര്‍ന്നു. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ നവ ഉദാരീകരണവാദികള്‍ നടത്തിക്കൊണ്ടിരുന്ന അവകാശവാദങ്ങളില്‍നിന്നുള്ള ഒരു തിരിച്ചുപോക്കാണ്‌ ഇവിടെ സംഭവിച്ചിരിക്കുന്നത്‌. ആ നിലയ്‌ക്കു നോക്കിയാല്‍ ഇന്ത്യയുടെ സാമ്പത്തിക നയരൂപവത്‌കരണമേഖലയില്‍ നവ ഉദാരീകരണയുഗത്തിന്റെ അന്ത്യം കുറിക്കുന്ന ബജറ്റാണ്‌ ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്‌. ധനകാര്യ ഉത്തരവാദിത്വ ബില്ലിന്റെ ശില്‌പികള്‍ക്കുതന്നെ അതിലെ എല്ലാ വ്യവസ്ഥകളും ലംഘിക്കേണ്ടിവന്നിരിക്കുന്നു. എന്നുമാത്രമല്ല മാന്ദ്യത്തെ നേരിടാന്‍ 2009 -10ല്‍ ധനകമ്മി 5.5 ശതമാനമായെങ്കിലും നിലനിര്‍ത്തേണ്ടിവരും എന്നും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിരിക്കുന്നു. അതെന്തായാലും നിയോലിബറല്‍ പ്രത്യയശാസ്‌ത്ര ഭാണ്ഡക്കെട്ടുകള്‍ ഒന്നൊന്നായി ഉപേക്ഷിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാവുന്നത്‌ സ്വാഗതാര്‍ഹമാണ്‌.

(സംസ്ഥാന ആസൂത്രണ ബോര്‍ഡംഗവും സി.ഡി.എസ്സിലെ അസോസിയേറ്റ്‌ ഫെലോവുമാണ്‌ ലേഖകന്‍)

ഇടക്കാല ബജറ്റ്‌ നിരാശാജനകമെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍

ഇടക്കാല ബജറ്റ്‌ നിരാശാജനകമെന്ന്‌ വി എസ്‌ അച്യുതാനന്ദന്‍

റെയില്‍വേ ബജറ്റ്‌ പോലെ തന്നെ നിരാശാജനകമാണ്‌ പ്രണബ്‌ മുഖര്‍ജി അവതരിപ്പിച്ച ഇടക്കാല ബജറ്റെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പറഞ്ഞു. സാമ്പത്തികമാന്ദ്യം നേരിടാന്‍ പുതിയ നിര്‍ദേശങ്ങളില്ല. ആഗോളസാമ്പത്തികമാന്ദ്യം ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ കേരളം. ഇതിന്റെ ഭാഗമായി തൊഴിലില്ലായ്‌മ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ തൊഴില്‍ നഷ്ടപ്പെട്ട്‌ നാട്ടിലേക്ക്‌ മടങ്ങിയെത്തുന്നവരെ പുനരധിവാസിപ്പിക്കുന്നതിനുള്ള ഒരു നിര്‍ദേശവുമില്ലെന്നും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു. ഐ ടി, ടൂറിസം മേഖലകളെ ഇത്‌ ബാധിച്ചിട്ടുണ്ട്‌. കാര്‍ഷിക, മത്സ്യബന്ധന, വ്യവസായ മേഖലകളേയും കാര്യമായി പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ വായ്‌പാപരിധി ഉയര്‍ത്താനും കേന്ദ്രം തയ്യാറായിട്ടില്ല. ഇത്‌ സംസ്ഥാന ബജറ്റിനെ ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത്‌ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

ഇടക്കാല ബജറ്റ്‌ നിരാശാജനകം,പുതിയ പദ്ധതികളില്ല, കേരളത്തോട് കടുത്ത അവഗണന തന്നെ

ഇടക്കാല ബജറ്റ്‌ നിരാശാജനകം, പുതിയ പദ്ധതികളില്ല, കേരളത്തോട് കടുത്ത അവഗണന തന്നെ.
കാര്‍ഷിക, പശ്ചാത്തലമേഖലകളുടെ വികസനത്തിന് കൂടുതല്‍ സഹായം നല്‍കുമെന്ന് പ്രഖ്യാപിക്കുന്ന ഇടക്കാല ബജറ്റ് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ചു. വളര്‍ച്ചനിരക്ക് കുറയുമെന്നും സാമ്പത്തികമാന്ദ്യം കൂടുതല്‍ രൂക്ഷമാകുമെന്നും ഇടക്കാല ബജറ്റില്‍ മുന്നറിയിപ്പ് നല്‍കുന്നു. പുതിയ പദ്ധതികളോ പുതിയ നികുതി നിര്‍ദേശങ്ങളോ ഇല്ല. സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കുറേക്കൂടി ഗൌരവമായ പദ്ധതികള്‍ പ്രതീക്ഷിച്ചിരുന്നതായി സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. മടങ്ങിവരുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ല. റെയില്‍വെ ബജറ്റിലെന്നപോലെ ഇടക്കാല പൊതുബജറ്റിലും കേരളത്തിന് അവഗണനതന്നെയാണ്. മാന്ദ്യം നേരിടാന്‍ നികുതിയിളവ് അടക്കമുള്ള നടപടികളിലൂടെ 40000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് മന്ത്രി പറയുന്നു. കര്‍ഷകര്‍ക്ക് ഏഴ് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് പ്രണബ് മുഖര്‍ജി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഗ്രാമ വികസനത്തിന് ഊന്നല്‍ നല്‍കും. ഭക്ഷ്യ, വളം, പെട്രോളിയം സബ്സിഡികള്‍ക്കായി 13,500 കോടി രൂപ മുടക്കും. സ്കൂളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 8,300 കോടി രൂപ മുടക്കും. കാര്‍ഷിക പദ്ധതികള്‍ക്കുള്ള വിഹിതം 300 ശതമാനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ വകുപ്പിനുള്ള വിഹിതം 9,000 കോടിരൂപ കൂട്ടും. സര്‍വശിക്ഷ അഭിയാന്‍ പദ്ധതിക്ക് 13,100 കോടിരൂപ. കയറ്റുമതി വായ്പയ്ക്ക് രണ്ടുശതമാനം പലിശ സബ്സിഡി. ഗ്രാമീണ തൊഴില്‍ പദ്ധതിക്ക് 30,100 കോടി രൂപ നീക്കിവെച്ചു. സംയോജിത ശിശുവികസന പദ്ധതിക്ക് 6,705 കോടിരൂപ വകയിരുത്തി. ഭാരത നിര്‍മാ പരിപാടിക്ക് 40,900 കോടി രൂപ അനുവദിച്ചു. പശ്ചാത്തല സൌകര്യ വികസനത്തിന് 67700 കോടിയുടെ 50 പദ്ധതികള്‍. ഇന്ത്യ ഇന്‍ഫ്രാസ്ക്ര്ചര്‍ ഫൈനാന്‍സ് കമ്പനി വിപണിയില്‍ നിന്ന് 10000 കോടി രൂപ സമാഹരിക്കും. അടുത്ത സാമ്പത്തികവര്‍ഷം 30000 കോടി കൂടി സമാഹരിക്കും. പശ്ചാത്തല സൌകര്യ വികസനത്തിനുള്ള പൊതു-സ്വകാര്യ സംരംഭങ്ങള്‍ക്ക് ഈ കമ്പനി 60 ശതമാനം സഹായം നല്‍കും. 2.5 ലക്ഷം കോടി കാര്‍ഷിക വായ്പയായി നല്‍കും. ഗ്രാമീണ പശ്ചാത്തലസൌകര്യ വികസന ഫണ്ട് 5500 കോടി രൂപയില്‍ നിന്ന് 14000 കോടിയായി വര്‍ധിപ്പിച്ചു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 30100 കോടി, എസ്എസ്എക്ക് 13100 കോടി, ഉച്ചഭക്ഷണ പരിപാടിക്ക് 8000 കോടി, ഐസിഡിഎസ്-6705 കോടി, രാജീവ്ഗാന്ധി കുടിവെള്ള പദ്ധതി-7400 കോടി, സമ്പൂര്‍ണ ശുചിത്വം-1200 കോടി, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍-12070 കോടി എന്നിങ്ങനെ തുക നീക്കിവെച്ചിട്ടുണ്ട്.

Friday, February 13, 2009

നവകേരള മാര്‍ച്ച് തൃശ്ശൂരില്‍. എതിരേല്‍ക്കാം നമുക്കീ മഹാപ്രവാഹത്തെ

നവകേരള മാര്‍ച്ച് തൃശ്ശൂരില്‍. എതിരേല്‍ക്കാം നമുക്കീ മഹാപ്രവാഹത്തെ.


തൃശൂര്‍: എതിരേല്‍ക്കാം നമുക്കീ മഹാപ്രവാഹത്തെ, സാംസ്കാരിക തലസ്ഥാനത്തിന്റെ ചരിത്രവഴികളില്‍ അരുണശോഭ വിടര്‍ത്തിയ ജനസഞ്ചയത്തെ, കാലംകെടുത്താത്ത വിപ്ളവചൈതന്യം നെഞ്ചേറ്റിയ ജനപഥത്തെ. ചെങ്കൊടിയുടെ തണലില്‍ പടുത്തുയര്‍ത്തിയ മാനവസാഹോദര്യത്തിന്റെ ഹൃദയപതാക താഴെവയ്ക്കാന്‍ തയ്യാറല്ലെന്ന ഉറച്ച പ്രഖ്യാപമായിമാറി നവകേരളാമാര്‍ച്ചിന്റെ ജില്ലയിലെ രണ്ടാം ദിവസത്തെ പ്രയാണം. അലയൊടുങ്ങാത്ത സാഗരംപോലെ ഒഴുകിയെത്തിയ ജനപ്രവാഹത്തില്‍ സ്വീകരണ കേന്ദ്രങ്ങള്‍ പുളകമണിഞ്ഞു. വിപ്ളവഗീതങ്ങളും പടപ്പാട്ടുകളും വഴിത്താരകളില്‍ ചൈതന്യംപകര്‍ന്നു. ജനനായകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ പൊള്ളുന്ന ചൂടിലും ജനം മണിക്കൂറുകള്‍ കാത്തിരുന്നു. കലയും സംസ്കാരവും ധന്യമാക്കിയ മണ്ണ് ആഘോഷപ്പെരുമഴയോടെയാണ് എങ്ങും മാര്‍ച്ചിനെ വരവേറ്റത്. കുട്ടികളും സ്ത്രീകളും വൃദ്ധരുമടങ്ങിയ പതിനായിരങ്ങള്‍ സ്വീകരണകേന്ദ്രങ്ങളെ ജനസമുദ്രമാക്കി. പൂരങ്ങളുടെയും മേളങ്ങളുടെയും നാട്ടുവഴികളില്‍ തെയ്യവും തിറയും പൂതനും പൊയ്ക്കാളയും നിറഞ്ഞാടിയ സ്വീകരണം ഉത്സവഛായ പകര്‍ന്നു. റെഡ്വളണ്ടിയരുടെ ഗാര്‍ഡ്ഓഫ് ഓണറും ബൈക്ക്റാലിയുമായാണ് ജാഥാംഗങ്ങളെ സ്വീകരണകേന്ദ്രങ്ങളിലേക്ക് ആനയിച്ചത്. വര്‍ണക്കാവടി, ചെട്ടിവാദ്യം, ശിങ്കാരിമേളം, മുത്തുക്കുടകള്‍, വെചാമരം, ആലവട്ടം, നാടന്‍കലാരൂപങ്ങള്‍,മാപ്പിളകലകള്‍ എന്നിവ വര്‍ണശോഭവിടര്‍ത്തി. കുന്നംകുളത്തെ ആദ്യസ്വീകരണം തന്നെ മാര്‍ച്ചിന് ജില്ല നല്‍കാനിരിക്കുന്ന ഉജ്ജ്വല വരവേല്‍പ്പിന്റെ അടയാളപ്പെടുത്തലായി. പതിനായിരങ്ങളുടെ പടയണിതീര്‍ത്താണ് ചരിത്ര നഗരി അതിന്റെ കരുത്തറിയിച്ചത്. ജാഥാംഗങ്ങള്‍ എത്തുന്നതിനു മുമ്പുതന്നെ ജനസഞ്ചയത്താല്‍ ബസ്സ്റ്റാന്‍ഡ് പരിസരം വീര്‍പ്പുമുട്ടി. നെറ്റിപ്പട്ടംകെട്ടിയ അഞ്ച് ഗജവീരന്മാരും കുതിരയും ത്രിവേണിസെന്ററില്‍ നിന്ന് ജാഥയെ വരവേറ്റു. എഴുത്തുകാരനും ചലച്ചിത്ര പ്രവര്‍ത്തകനുമായ വി കെ ശ്രീരാമന്‍ അധ്യക്ഷനായി. കുന്നംകുളം പൌരാവലിക്കുവേണ്ടി ബാബു എം പാലിശേരി ഉപഹാരംനല്‍കി. പി ടി കുഞ്ഞുമുഹമ്മദ്, എം ബാലാജി, പി ജി ജയപ്രകാശ്, ഡോ. കെ എസ് ഡേവിസ് എന്നിവര്‍ ജാഥാക്യാപ്റ്റനെ ഹാരമണിയിച്ചു. കത്തുന്ന ഉച്ചയിലും ജാഥയ്ക്ക് അഭിവാദനം നേരാന്‍ നവോത്ഥാന പൈതൃകം കെടാതെ കാക്കുന്ന ഗുരുവായൂരിന്റെ മണ്ണില്‍ പതിനായിരങ്ങള്‍. വര്‍ഗശത്രുക്കളുടെ ആക്രമണത്തിന് ഇരയായി ജീവന്‍ വെടിയേണ്ടിവന്ന രക്തസാക്ഷികളുടെ കുടുംബങ്ങളുടെ സാന്നിധ്യം സ്വീകരണത്തിന് ആവേശം പകര്‍ന്നു. ജാതീയതയ്ക്കും മതാന്ധതയ്ക്കുമെതിരെ നടന്ന ഉജ്ജ്വല സമരപോരാട്ടങ്ങള്‍ക്ക് ചരിത്രസാക്ഷിയായ നഗരം സമരവീര്യത്തിന്റെ പൈതൃകം ഒരിക്കല്‍കൂടി അടയാളപ്പെടുത്തി. കഥകളിരൂപങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ വരവേറ്റത്. ചടങ്ങില്‍ പി പി ദിവാകരന്‍ അധ്യക്ഷനായി. കെ മണി സ്വാഗതം പറഞ്ഞു. കെ വി അബ്ദുള്‍ഖാദര്‍, ഡോ. സി വേലായുധന്‍ എന്നിവര്‍ ജാഥാക്യാപ്റ്റന് ഉപഹാരം കൈമാറി. സോപാന സംഗീതജ്ഞന്‍ ജനാര്‍ദനന്‍ നെടുങ്ങാടി, പ്രമുഖ കോഗ്രസ് നേതാവ് കെ വി അഷറഫ്ഹാജി, എന്‍സിപി മഹാരാഷ്ട്ര നേതാവ് അലി, ഐഎന്‍എല്‍ ജില്ലാ പ്രസിഡന്റ് വി കെ അലവി, ഡോക്ടര്‍മാരായ ശശികുമാര്‍, സക്കീര്‍, മധു എന്നിവര്‍ ജാഥാക്യാപ്റ്റനെ ഹാരമണിയിച്ചു. എസ്എഫ്ഐ ഏരിയകമ്മിറ്റി നവകേരളമാര്‍ച്ചിനോടനുബന്ധിച്ച് പുറത്തിറക്കിയ പത്രം സമ്മേളന നഗരിയില്‍ വിതരണം ചെയ്തു. ജനമനസ്സിന്റെ ഹൃദയാഭിവാദനങ്ങള്‍ ഏറ്റുവാങ്ങി കാഞ്ഞാണിയിലേക്കായിരുന്നു മാര്‍ച്ചിന്റെ ജൈത്രയാത്ര. ജനനായകര്‍ക്ക് വികാരവായ്പാര്‍ന്ന വരവേല്‍പ്പ് നല്‍കിയാണ് ചെത്തുതൊഴിലാളി സമരത്തിന്റെ ചൈതന്യം തുടിക്കുന്ന ഈ അന്തിക്കാടന്‍ മണ്ണ് ജാഥയെ വരവേറ്റത്. പുതിയകാലത്തെ വെല്ലുവിളികളേറ്റെടുക്കാന്‍ രക്തപതാകയുമേന്തി ഈ പ്രസ്ഥാനത്തിനൊപ്പം ഞങ്ങളുണ്ടെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. ടി വി ഹരിദാസ് സ്വാഗതം പറഞ്ഞു. മുരളിപെരുനെല്ലി അധ്യക്ഷനായി. മാപ്പിളപ്പാട്ട് ഗായകന്‍ കെ ജി സത്താര്‍ ജാഥാക്യാപ്റ്റനെ ഹാരമണിയിച്ചു. വൈകിട്ട് നാലോടെ ജാഥ പൂരപ്പെരുമയുടെ തട്ടകത്തില്‍ എത്തുമ്പോള്‍ നഗരം ജനകീയോത്സവത്തിന്റെ നിറവിലായിരുന്നു. വെടിക്കെട്ടിന്റെ അകമ്പടിയോടെയാണ് പൂരനഗരി ജാഥയെ വരവേറ്റത്. തെക്കേഗോപുരനടയില്‍ അണിനിരന്ന അഞ്ച് ഗജവീരന്മാര്‍ സാംസ്കാരിക നഗരിയുടെ തലയെടുപ്പറിയിച്ചു. പൂക്കാവടിയും പഞ്ചവാദ്യവും കൊഴുപ്പേകിയ സ്വീകരണം ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. പ്രൊഫ. എം മുരളീധരന്‍ സ്വാഗതം പറഞ്ഞു. അഡ്വ. കെ ബി മോഹന്‍ദാസ് അധ്യക്ഷനായി. മേയര്‍ ആര്‍ ബിന്ദു, ലോയേഴ്സ് യൂണിയന്‍ ജില്ലാകമ്മിറ്റിക്കുവേണ്ടി അഡ്വ. ഗിരിജാവല്ലഭന്‍, പി സുനില്‍ എന്നിവര്‍ ഉപഹാരം നല്‍കി. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഷാളണിയിച്ചു. നെല്ലങ്കരസമരത്തിന്റെയും മിച്ചഭൂമിസമരത്തിന്റെയും ഈറ്റില്ലമായ ഒല്ലൂര്‍ മണ്ഡലത്തില്‍ ജാഥക്ക്ഉജ്ജ്വലവരവേല്‍പ്പ് ലഭിച്ചു. വൈകിട്ട് അഞ്ചോടെ മണ്ണുത്തി സെന്ററില്‍ ജാഥ എത്തിയപ്പോഴേക്കും ജനനിബിഡമായിരുന്നു. കൊച്ചിന്‍ദേവസ്വംബോര്‍ഡ് പ്രസിഡന്റ് ടി ജി രവി അധ്യക്ഷനായി. ഏരിയസെക്രട്ടറി വര്‍ഗീസ് കണ്ടംകുളത്തി സ്വാഗതവും എം എം അവറാച്ചന്‍ നന്ദിയും പറഞ്ഞു. കളിമ, ടെക്സ്റ്റൈല്‍, തോട്ടം തൊഴിലാളികളുടെ സമരപോരാട്ടങ്ങള്‍ക്ക് കരുത്ത്പകര്‍ന്ന പുതുക്കാട്മണ്ഡലത്തിലായിരുന്നു ജാഥയുടെ ്വള്ളിയാഴ്ചയിലെ സമാപനം. ചടങ്ങില്‍ ടി എ രാമകൃഷ്ണന്‍ അധ്യക്ഷനായി. കെ കെ രാമചന്ദ്രന്‍ സ്വാഗതവും എ വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു. ഓട്ടുകമ്പനി ഓണേഴ്സ് അസോസിയേഷന്റെ ഉപഹാരം ചടങ്ങില്‍ കൈമാറി. സിപിഐ എം ജില്ലാസെക്രട്ടറി ബേബിജോ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ പി ആര്‍ രാജന്‍, സി ഒ പൌലോസ് എന്നിവരും ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും ജാഥാസ്വീകരണ കേന്ദ്രങ്ങളില്‍ പങ്കെടുത്തു.

Monday, February 9, 2009

മലപ്പുറത്ത് ഇന്‍ക്വിലാബിന്റെ ഇടിമുഴക്കം.ലീഗ് അങ്കലാപ്പില്‍

മലപ്പുറത്ത് ഇന്‍ക്വിലാബിന്റെ ഇടിമുഴക്കം.ലീഗ് അങ്കലാപ്പില്‍.


മലപ്പുറം: ജനനായകരുടെ വഴിത്താരയില്‍ വിപ്ളവാഭിവാദ്യത്തിന്റെ സ്നേഹപുഷ്പങ്ങള്‍ വിരിച്ച് മലപ്പുറം വരവേല്‍ക്കുന്നു ഈ സംഘശക്തിയെ. ചുവപ്പില്‍ കുളിച്ച വീഥികളിലൂടെ മലപ്പുറം ജില്ലയുടെ ഹൃദയാഭിവാദനങ്ങളേറ്റുവാങ്ങി നവകേരള മാര്‍ച്ചിന്റെ എട്ടാം നാളത്തെ പ്രയാണം. ഗ്രാമനഗരഭേദമെന്യേ, ഇന്‍ക്വിലാബിന്റെ ഇടിമുഴക്കമുയര്‍ത്തി മഹാപ്രവാഹം മാര്‍ച്ചിനെ വരവേല്‍ക്കുന്നു. പുതിയ കേരളത്തിന്റെ കാഹളവുമായി മുന്നേറുന്ന മാര്‍ച്ച് തിങ്കളാഴ്ചയോടെ 56 കേന്ദ്രം പിന്നിട്ടു. അരക്കോടിയോളം ജനങ്ങളുമായി നേരിട്ടു സംവദിച്ചു. കാസര്‍കോടു ജില്ലയില്‍നിന്നു തുടങ്ങി കണ്ണൂരും വയനാടും കോഴിക്കോടും പിന്നിട്ട് മലപ്പുറത്ത് എത്തിയ മാര്‍ച്ചിന്റെ പര്യടനം ഓരോനാളിലും അവിസ്മരണീയം. സിപിഐ എം ആര്‍ജിച്ച കരുത്തിന്റെ ജ്വലിക്കുന്ന പ്രകടനമായിരുന്നു മലപ്പുറത്തെ ഓരോ സ്വീകരണകേന്ദ്രവും. മുസ്ളിംലീഗ് തങ്ങളുടെ 'പൊന്നാപുരം കോട്ട'കളെന്ന് തെല്ലൊരു അഹങ്കാരത്തോടെ പറയുന്ന കൊണ്ടോട്ടിയും വേങ്ങരയും ചേളാരിയും തിരൂരങ്ങാടിയും താനൂരും മലപ്പുറവും മഞ്ചേരിയും ചുവന്നുതുടുത്തു. എങ്ങും ചെങ്കൊടികള്‍, ചുവപ്പന്‍ തോരണങ്ങള്‍. പച്ചക്കൊടിയല്ലാതെ മറ്റൊന്നും ഇവിടങ്ങളില്‍ പാറില്ലെന്നു പ്രഖ്യാപിച്ച ലീഗിന് ഇനി തലകുനിക്കാം. ആര്‍ത്തിരമ്പിയെത്തിയ ജനക്കൂട്ടം അക്ഷരാര്‍ഥത്തില്‍ മലപ്പുറത്തെ ഓരോ നഗരത്തെയും വീര്‍പ്പുമുട്ടിച്ചു. സ്ത്രീകളുടെ പങ്കാളിത്തം അഭൂതപൂര്‍വമാണെന്ന് സംഘാടകരും കാഴ്ചക്കാരും. പര്‍ദയണിഞ്ഞും തട്ടമിട്ടും എത്തിയ മുസ്ളിംസ്ത്രീകള്‍ ചെങ്കൊടിയേന്തി മുദ്രാവാക്യം മുഴക്കി കമ്യൂണിസ്റ്റ് നേതാക്കളെ സ്വീകരിക്കുന്നു. ഇന്നലെവരെ ലീഗിനോടു ചേര്‍ന്നുനിന്നവര്‍ കൂട്ടത്തോടെ ചുവന്ന കൊടിപിടിക്കാന്‍ എത്തുന്നു. ലീഗ് പരിഭ്രമത്തിലാണ്. കെട്ടുകഥകളും കരിങ്കൊടികളും നാഥനില്ലാ ബോര്‍ഡുകളുമൊക്കെയായി സിപിഐ എം ജാഥയെ അവര്‍ ആക്രമിക്കുന്നു. ചില മാധ്യമങ്ങളിലെ പ്രമുഖ ലേഖകരെ ചട്ടംകെട്ടി സിപിഐ എമ്മിനെതിരെ ഒളിയമ്പുകള്‍ പായിക്കുന്നു. തിങ്കളാഴ്ച തിരൂരിലെ വാര്‍ത്താസമ്മേളനത്തില്‍ ലീഗിനുവേണ്ടിയെത്തിയ ചില മാധ്യമപ്രവര്‍ത്തകര്‍ മര്യാദയുടെ പരിധിവിട്ട് പിണറായിയെ വെല്ലുവിളിക്കാനൊരുങ്ങി. വാര്‍ത്താസമ്മേളനത്തില്‍ മഞ്ഞളാംകുഴി അലിയെക്കുറിച്ച് അവര്‍ നുണക്കഥ വിളമ്പി. അടിസ്ഥാനരഹിതമാണ് ഇതെന്ന മറുപടിയുണ്ടായപ്പോള്‍, വാര്‍ത്താസമ്മേളനം കോടതിമുറിപോലെയാക്കാനും പിണറായിയെ 'വിചാരണ'ചെയ്യാനുമാണ് ലീഗ് സഹയാത്രികരായ ചില മാധ്യമപ്രവര്‍ത്തകര്‍ മുതിര്‍ന്നത്. എന്നാല്‍, യഥാര്‍ഥ ശത്രുവിനെ തിരിച്ചറിയാന്‍ ഒരു മാധ്യമ വിദൂഷകന്റെയും താങ്ങുവേണ്ടെന്ന ഏറനാടന്‍ ജനതയുടെ പ്രഖ്യാപനമാണ് ജാഥാ സ്വീകരണകേന്ദ്രങ്ങളിലെ ജനസാഗരത്തില്‍ നിന്നുയരുന്നത്. സാമ്രാജ്യ വിരുദ്ധപോരാട്ടത്തിന്റെ നേരവകാശികളെ മൂലധനശക്തികള്‍ വേട്ടയാടുന്നതിന്റെ രാഷ്ട്രീയം മലപ്പുറത്തെ ജനത തിരിച്ചറിയുന്നു. ചുടുനിണംവീണ പലസ്തീന്‍ മണ്ണില്‍ നൊന്തുപിടയുന്ന സഹോദരങ്ങളെ നിര്‍വികാരതയോടെ അവഗണിച്ച് അധികാരത്തണലില്‍ അതിജീവനവഴിതേടുന്ന ലീഗ് രാഷ്ട്രീയത്തെ തൊലിയുരിക്കുകയാണ് മാര്‍ച്ചിലെ പ്രാസംഗികര്‍. അവരുടെ ഓരോ വാചകവും ഹര്‍ഷാരവത്തോടെ ജനങ്ങള്‍ സ്വീകരിക്കുന്നു. മലപ്പുറത്തു തോറ്റ ഒരേയൊരു 'കുട്ടി'യെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ആ കുട്ടിയെ തോല്‍പ്പിച്ച കെ ടി ജലീലിന്റെ പ്രസംഗവുമെല്ലാം അത്യാവേശത്തോടെയാണ് ജനങ്ങള്‍ ശ്രവിക്കുന്നത്. ചൊവ്വാഴ്ച മലപ്പുറം ജില്ലയിലെ നാലുകേന്ദ്രം പിന്നിട്ട് മാര്‍ച്ച് പാലക്കാട്ടേക്ക് കടക്കും. അതിനുമുമ്പുതന്നെ മലപ്പുറത്തെ നോക്കി പറയാനാകും: ചുവപ്പണിഞ്ഞ ഈ പോരാട്ടഭൂമി ജ്വലിക്കുകയാണെന്ന്. കച്ചവട രാഷ്ട്രീയക്കാരന്റെ പച്ചച്ചിരി പറിച്ചെറിഞ്ഞ്, ഇടതുപക്ഷം ഉയര്‍ത്തിപ്പിടിക്കുന്ന നേരിന്റെ രാഷ്ട്രീയത്തെ സ്വയംവരിക്കുകയാണെന്ന്.

നവകേരള മാര്‍ച്ചിന്ന് പൊന്നാനിയില്‍ ഗംഭീര സ്വീകരണം

നവകേരള മാര്‍ച്ചിന്ന് പൊന്നാനിയില്‍ ഗംഭീര സ്വീകരണം.

സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന് വന്ദേരി നാട്ടില്‍ ഹൃദ്യമായ സ്വീകരണം. മലപ്പുറം ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം തിങ്കളാഴ്ച പൊന്നാനിയില്‍ നിന്നാണ് തുടങ്ങിയത്. സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ കേന്ദ്രവും മലപ്പുറം ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലവും എന്ന് വിശേഷിപ്പിക്കുന്ന പൊന്നാനിയില്‍ അത്യുജ്വലമായ സ്വീകരണമായിരുന്നു. രാവിലെ ഒമ്പതുമണിയോടെ തന്നെ സ്വീകരണ കേന്ദ്രം നിറഞ്ഞു. 11 മണിയോടെയാണ് ജാഥ ക്യാപ്റ്റന്‍ എത്തിയത്. ജില്ലയില്‍ ഇതുവരെ കാണാത്ത സ്ത്രീ പങ്കാളിത്തം സ്വീകരണ കേന്ദ്രത്തിലുണ്ടായി. മുസ്ളീം സ്ത്രീകളും മല്‍സ്യ തൊഴിലാളികളായ സ്ത്രീകളും കൂട്ടത്തോടെയെത്തി. അന്തരിച്ച ഇമ്പിച്ചിബാവയുടെ ഭാര്യ ഫാത്തിമ പിണറായിയെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. തവനൂര്‍ മണ്ഡലത്തിലെ എടപ്പാളായിരുന്നു അടുത്ത സ്വീകരണകേന്ദ്രം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുള്ള എടപ്പാളില്‍ സിപിഐഎമ്മിന്റെ ശക്തി വിളിച്ചറിയിക്കുന്ന സ്വീകരണമായിരുന്നു. പിണറായിയെ കൂടാതെ ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, ടി എന്‍ സീമ തുടങ്ങിയവര്‍ രാവിലെ സ്വീകരണ കേന്ദ്രത്തില്‍ സംസാരിച്ചു. ഉച്ചകഴിഞ്ഞ് വളാഞ്ചേരി മക്കരപ്പറമ്പ്, മലപ്പുറം എന്നിവടങ്ങളിലെ സ്വീകരണത്തിനുശേഷം മഞ്ചേരിയിലാണ് തിങ്കളാഴ്ച സമാപനം. ചൊവ്വാഴ്ചയും ജാഥ ജില്ലയില്‍ പര്യടനം നടത്തും. വൈകിട്ടോടെ പാലക്കാട് ജില്ലയില്‍ പ്രവേശിക്കും.

Sunday, February 8, 2009

മലപ്പുറത്തിന്റെ വര്‍ധിച്ച ആവേശം

മലപ്പുറത്തിന്റെ വര്‍ധിച്ച ആവേശംമാര്‍ച്ച് മലപ്പുറം ജില്ലയിലാണ്. ഇവിടെ ആദ്യത്തെ നാലുജില്ലയില്‍നിന്ന് അല്‍പ്പം വ്യത്യസ്തമായ അനുഭവമാണ്. കഴിഞ്ഞ രണ്ടുദിവസം കോഴിക്കോട് ജില്ലയിലായിരുന്നു പര്യടനം. ഓരോ കേന്ദ്രത്തിലും അവിശ്വസനീയമായ ജനക്കൂട്ടം. രണ്ടുദിവസത്തെയും സമാപന പരിപാടികള്‍ ജില്ലാതല റാലികള്‍ക്ക് തുല്യമായിരുന്നു. കോഴിക്കോട്ട് കടപ്പുറത്ത് നഗരത്തിലെ രണ്ടു മണ്ഡലം ചേര്‍ന്നാണ് സ്വീകരണമൊരുക്കിയത്. എല്ലായിടത്തും സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തം ശ്രദ്ധേയമായി. സ്ത്രീകള്‍ സ്വീകരണത്തിന് എത്തുക മാത്രമല്ല, ആദ്യന്തം സമ്മേളനത്തില്‍ പങ്കുകൊള്ളുകയും പ്രസംഗങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുകയുമാണ്. മലപ്പുറത്തെ സവിശേഷാനുഭവം ജനങ്ങളുടെ, വിശേഷിച്ച് ചെറുപ്പക്കാരുടെ ആവേശം തന്നെയാണ്. ജാഥയോടൊപ്പം അനേകം ഇരുചക്ര വാഹനത്തില്‍ അല്‍പ്പം സാഹസികമായിത്തന്നെ നൂറുകണക്കിന് ചെറുപ്പക്കാര്‍ സഞ്ചരിക്കുന്നതു കണ്ടു.വ്യത്യസ്തതയാര്‍ന്ന പരിപാടികളൊരുക്കിയായിരുന്നു ഓരോയിടത്തും സ്വീകരണം. ഞായറാഴ്ച ഐക്കരപ്പടിയില്‍ ജില്ലയിലേക്ക് സ്വീകരിക്കുമ്പോള്‍ മുതല്‍ തിരൂരിലെ സമാപനവേദിവരെ എല്ലായിടത്തും വന്‍ജനാവലിയായിരുന്നു. എവിടെയാണ് കൂടുതല്‍, എവിടെയാണ് കുറവ് എന്നുകണക്കാക്കാനാകാത്ത ജനക്കൂട്ടം. മലപ്പുറത്തിന്റെ മാറ്റം പൂര്‍ണമാകുകയാണെന്ന പ്രതീതിയാണ് ജനങ്ങളുടെ ഈ അപൂര്‍വമായ ഒത്തുചേരലില്‍ ഉളവാകുന്നത്. നവകേരള മാര്‍ച്ചിന്റെ സുപ്രധാന മുദ്രാവാക്യങ്ങളിലൊന്ന് 'സുരക്ഷിത ഇന്ത്യ' എന്നതാണ്. രാജ്യത്തിന്റെ സുരക്ഷിതത്വം പല ഘടകത്തെയും ആശ്രയിച്ചിരിക്കുന്നു. ശരിയായ വിദേശനയം അതിലൊന്നാണ്. സമീപകാലത്ത് ഇന്ത്യയുടെ വിദേശ നയത്തില്‍ വന്ന ഗുരുതരമായ വ്യതിയാനങ്ങളും അതിന്റെ ദൂരവ്യാപകമായ ഭവിഷ്യത്തും ജാഥാംഗങ്ങള്‍ പ്രസംഗത്തില്‍ വരച്ചുകാട്ടുമ്പോള്‍ അതീവ താല്‍പ്പര്യത്തോടെയുള്ള ശ്രദ്ധയുംപ്രതികരണവുമാണ് ഉണ്ടാകുന്നത്. പലസ്തീന്‍ പ്രശ്നത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച സാമ്രാജ്യാനുകൂല-സിയോണിസ്റ്റ് അനുകൂല സമീപനം അങ്ങനെ വിശദീകരിക്കപ്പെടുന്ന ഒരു പ്രശ്നമാണ്. പലസ്തീന്‍ ജനതയെ ഭീകരമായി ആക്രമിക്കുകയാണ് ഇസ്രയേല്‍. സര്‍വകലാശാലകളും ആശുപത്രികളും ശിശുവിദ്യാലയങ്ങളുംവരെ ആക്രമിക്കപ്പെട്ടു. ഇക്കഴിഞ്ഞ ആക്രമണത്തില്‍ ആയിരത്തിലേറെ പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. മരണഭൂമിയായ ഗാസയിലേക്കു കടക്കാന്‍ ദുരിതാശ്വാസപ്രവര്‍ത്തകരെപ്പോലും ഇസ്രയേല്‍ അനുവദിച്ചില്ല. ഇസ്രയേലിന്റെ തുണയും ബലവും അമേരിക്കയാണ്. ബുഷിന്റെ കാലഘട്ടം ഇസ്രയേലിനു പലസ്തീനെതിരെ എന്തും ചെയ്യാനുള്ള സാഹചര്യമാണ് ഒരുക്കിയത്. പലസ്തീന്‍ ജനതയെ കൊന്നൊടുക്കുന്ന ഇസ്രയേലിനെ ഒരുതരത്തിലും അംഗീകരിക്കുന്ന നിലപാടായിരുന്നില്ല ഇന്ത്യയുടേത്. നെഹ്റുവും ഇന്ദിരയുമടക്കമുള്ള പ്രധാനമന്ത്രിമാര്‍ ഇസ്രയേലുമായുള്ള ഒരു ബന്ധത്തിനും തയ്യാറായില്ല. എന്നാല്‍, യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ ഇസ്രയേലുമായി നയതന്ത്രബന്ധം ആരംഭിച്ചെന്നു മാത്രമല്ല, ഇസ്രയേലിന്റെ ആയുധങ്ങളുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യയെ മാറ്റുകയും ചെയ്തു. 2002-2006ല്‍ ഇസ്രയേല്‍ ലോകവ്യാപകമായി 276 കോടി ഡോളറിന്റെ ആയുധങ്ങളാണ് വിറ്റഴിച്ചത്. അതില്‍ 150 കോടി ഡോളറിന്റെ ആയുധവും വാങ്ങിയത് ഇന്ത്യയാണ്. പലസ്തീനികളെ കൊന്നൊടുക്കാന്‍ ആ നാട്ടിലെ ജനവാസകേന്ദ്രങ്ങളുടെ രേഖാചിത്രം അയക്കുന്ന ഉപഗ്രഹം പോലും ഇന്ത്യയാണ് വിക്ഷേപിച്ചത്. ഇസ്രയേലുമായുള്ള എല്ലാ ബന്ധവും ഇപ്പോഴത്തെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അവസാനിപ്പിക്കണമെന്ന് ഇടതുപക്ഷം ഉള്‍പ്പെടെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍, അതിനു തയ്യാറല്ലെന്നാണ് പ്രതിരോധമന്ത്രി പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ പ്രധാനമന്ത്രിക്ക് യുഡിഎഫ് ഭരിക്കുന്ന കാലത്ത് കേരളത്തിലെ ഒരു മന്ത്രി തന്നെ ഉപഹാരം സമര്‍പ്പിച്ചത് നാം ഇപ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും കൂട്ടക്കുരുതികള്‍ നടത്തുന്ന അമേരിക്കയോടും പലസ്തീനില്‍ ചോരപ്പുഴയൊഴുക്കുന്ന ഇസ്രയേലിനോടും കൂട്ടുകൂടുകയും അമേരിക്കയുടെ അടിമരാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്ന യുപിഎ സര്‍ക്കാരിന് നേതൃത്വം നല്‍കുന്നത് കോഗ്രസാണ്. ആ കോഗ്രസ് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗുമായി കൂട്ടുചേര്‍ന്ന് ഇത്തരം സുപ്രധാന പ്രശ്നങ്ങള്‍ ജനശ്രദ്ധയില്‍നിന്നു മറച്ചുവയ്ക്കാന്‍ കുത്സിതമാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുകയാണ് ഇന്ന്. ഇസ്രയേലിനുള്ള സഹായം, ആണവ സഹകരണകരാര്‍, അമേരിക്കയുമായുള്ള തന്ത്രപരമായ സഹകരണം, സൈനികമേഖലയിലെ ചങ്ങാത്തം, ഇന്ത്യ അമേരിക്കയ്ക്കു കീഴ്പ്പെട്ട് ഇറാനെതിരെ എടുത്ത നിലപാട് തുടങ്ങിയ നിരവധി കാര്യങ്ങളില്‍ ജനങ്ങളോട് ഉത്തരം പറയാനാകാതെ കോഗ്രസും ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗും ഒളിച്ചുകളിക്കുന്നുണ്ട്. ലീഗിന്റെ അഖിലേന്ത്യ പ്രസിഡന്റ് കേന്ദ്രത്തില്‍ മന്ത്രിയാണ്. അദ്ദേഹം അംഗമായ കേന്ദ്രസര്‍ക്കാര്‍ തന്നെ ലീഗ് ജനങ്ങളോടു പറയുന്നതിന് നേര്‍വിപരീതമായ ദിശയിലേക്കു നീങ്ങുന്നു. ലീഗ് പ്രസിഡന്റ് എല്ലാത്തിനും സാക്ഷിയും സഹായിയുമായി നില്‍ക്കുന്നു. ഈ കള്ളക്കളി തിരിച്ചറിഞ്ഞുകൊണ്ടാണ് മലപ്പുറത്ത് ഒരുകാലത്ത് ലീഗിന്റെ കൊടിപിടിച്ചവര്‍ ഇപ്പോള്‍ ആവേശപൂര്‍വം ചുവന്ന കൊടിയേന്താന്‍ സന്നദ്ധരാകുന്നത്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ശരിയായ നിലപാടെടുക്കുന്നത് സിപിഐ എം ആണെന്നും മുസ്ളിം ലീഗിന്റേതും കോഗ്രസിന്റേതും അധികാരം ലക്ഷ്യമാക്കിയുള്ള ജനവിരുദ്ധ-കച്ചവട രാഷ്ട്രീയമാണെന്നുമുള്ള തിരിച്ചറിവിലാണ് ജനങ്ങള്‍ വര്‍ധിതമായ ആവേശത്തോടെ സിപിഐ എമ്മിന്റെ നവകേരള മാര്‍ച്ചിനെ വരവേല്‍ക്കുന്നത്. ആ ആവേശത്തിരയടിയാണ് മലപ്പുറത്തെ സ്വീകരണകേന്ദ്രങ്ങളെ തിളക്കമുറ്റതാക്കുന്നത്.

പിണറായി വിജയന്‍

മലപ്പുറത്തിന്റെ മാറ്റങള്‍ക്ക് കൂടുതല്‍ കരുത്തേകി കടന്നുവരുന്ന നവകേരളമാര്‍ച്ചിന്ന് സ്വഗതം

മലപ്പുറത്തിന്റെ മാറ്റങള്‍ക്ക് കൂടുതല്‍ കരുത്തേകി കടന്നുവരുന്ന നവകേരളമാര്‍ച്ചിന്ന് സ്വഗതം
മലപ്പുറം ജില്ലയില്‍ നടന്ന നിരവധി ജനകിയ പോരാട്ടങളുടെ തുടിക്കുന്ന വീരസ്മരണമളുയര്‍ത്തി നവകേരള മാര്‍ച്ച് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിരിക്കുന്നു.സാമ്രാജ്യത്തത്തിന്നും ജന്മിത്തത്തിന്നും എതിരായ പോരാട്ടത്തില്‍ സ്വന്തം ഹൃദയരക്തം കൊണ്ട് വീരോതിഹാസം രചിച്ച ഏറനാടന്‍ മണ്ണീല്‍ മാറ്റത്തിന്റെ മാറ്റൊലി ഉയര്‍ത്തി കടന്നുവരുന്ന നവകേരള മാര്‍ച്ചിന്ന് ആവേശകരമായ വരവേല്പിന്ന് തയ്യാറായി നില്‍ക്കുകയാണ്.
സി പി ഐ എംനെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങിയിരിക്കുന്ന മാധ്യമങളും പിന്തിരിപ്പന്‍ ശക്തികളും സാമ്രാജ്യത്ത കിങ്കരന്മാരും നടത്തുന്ന എല്ലാവിധ കള്ളപ്രചരണങളും അവഗണിച്ചുകൊണ്ട് സിപിഐ എം ന്റെ പ്രസക്തിയും ബഹുജനസ്വാധീനവും വിളംബരം ചെയ്തുകൊണ്ട് പതിനായിരങളഅണ് ജാഥയെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്നത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ നിരന്തരം കള്ള പ്രചരണങള്‍ അഴിച്ചുവിടുന്ന ബൂര്‍ഷ്വാമാധ്യമങളെ അക്ഷരാര്‍ത്ഥത്തില്‍ ‍ഞെട്ടിപ്പിച്ചുകൊണ്ടാണ് ജനസാമാന്യം നവകേരളമാര്‍ച്ചിനെ വിജയിപ്പിക്കാന്‍ രംഗത്തിറങിയിരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കാനും പാര്‍ട്ടി നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്താനും എന്നൊക്കെ എതിരാളികള്‍ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ പാര്‍ട്ടിയെ രക്ഷിക്കാന്‍ ബഹുജനങള്‍ അത്യാവേശത്തോടെ രംഗത്തിരങിയിട്ടുണ്ട് ആ ചരിത്രം ഇവിടെയും ആവര്‍ത്തിക്കപ്പെടുന്നു. പാര്‍ട്ടി ശത്രുക്കള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കാനുള്ള കരുത്ത് മലപ്പുറത്തെ പാര്‍ട്ടിക്കുമുണ്ടെന്ന് അതിന്റെ സംഘശക്തി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.മലപ്പുറത്തിന്റെ മണ്ണില്‍ ആഞ്ഞടിക്കുന്ന മാറ്റത്തിന്റെ കാറ്റ് വരും നാളുകളില്‍ കൂടുതല്‍ കരുത്തേകാന്‍ സഃ പിണറായിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവകേരള മാര്‍ച്ചിന്ന് ആകുമെന്ന് വിളംബരം ചെയ്യുന്നതാണ് ജാഥക്ക് ലഭിക്കുന്ന സ്വീകരണങളീലെ ജനപങ്കാളിത്തം.പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പും താക്കിതും നല്‍കിക്കൊണ്ട് ഐക്യത്തിന്റെയും കെട്ടുറപ്പിന്റെയും മാത്രമല്ല വരും നാളുകളില്‍ വന്‍ കുതിപ്പിന്റെയും സന്ദേശം കൂടി നല്‍കുന്നതാണ് സഃ പിണറായിയുടെ പ്രസംഗങള്‍ . കാലാകാലങളില്‍ മതവികാരം ചൂഷണം ചെയ്ത് മലപ്പുറത്തെ പാവപ്പെട്ട ജനങളെ വഞ്ചിച്ച് അധികാരത്തിന്റെ ശീതളച്ഛായയില്‍ മതിമറന്ന് ആടിത്തിമിര്‍ത്ത മുസ്ലിം ലീഗിനുള്ള താക്കിതാണ് ഈ ജനമുന്നേറ്റം .പച്ചക്കൊടിക്കു കീഴില്‍ അണിനിരന്നിരുന്ന ഏറനാടിന്റെ മക്കള്‍ ഇന്ന് മുസ്ലിം ലീഗിന്റെ അവഗണനക്കും ധാര്‍ഷ്യഡ്യത്തിന്നും എതിരായി അണിനിരന്നു കഴിഞ്ഞിരിക്കുന്നു. അവരിന്ന് അവരുടെ രക്ഷാമാര്‍ഗ്ഗമായി കാണുന്നത് പതിനായിരങള്‍ ആവേശത്തോടെ കയ്യിലേന്തുന്ന ചെങ്കൊടിയാണ്.വര്‍ഗ്ഗിയതക്കും തീവ്രവാദത്തിന്നും സാമ്രജ്യത്തത്തിന്നും അധിനിവേശത്തിന്നും എതിരായി , അധ്വാനിക്കുന്ന തൊഴിലാളികളുടെ മോചനത്തിന്നായി പോരാടാന്‍ കരുത്തുള്ള പ്രസ്ഥാനത്തെ അവരിന്ന് നെഞ്ചെറ്റിക്കഴിഞ്ഞു.മലപ്പുറത്തിന്റെ മണ്ണില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്താന്‍ സഃ പിണറായി നയിക്കുന്ന നവകേരളമാര്‍ച്ചിന്ന് കഴിയട്ടെയെന്ന് ആശംസിക്കുന്നുവിപ്ലാഭിവാദ്യങളോടെനാരായണന്‍ വെളിയംകോട്. ദുബായ്

Thursday, February 5, 2009

കണ്ണീരൊപ്പിയവരെ കര്‍ഷകര്‍ തിരിച്ചറിയുന്നു

കണ്ണീരൊപ്പിയവരെ കര്‍ഷകര്‍ തിരിച്ചറിയുന്നു
വിജയന്‍ഉത്തരകേരളത്തിലെ മൂന്നുജില്ലയില്‍ മാര്‍ച്ച് പ്രയാണം പൂര്‍ത്തിയാക്കി. തുടക്കംമുതല്‍ ജനങ്ങളില്‍ പ്രകടമായ ആവേശം വര്‍ധിച്ചുവരുന്നതേയുള്ളൂ. പുതിയ മേഖലകളില്‍നിന്ന് ജനങ്ങള്‍ എത്തുന്നതും ഇന്നലെവരെ സിപിഐ എമ്മിനു പുറത്തുനിന്നവരും പാര്‍ടിക്കെതിരെ പ്രവര്‍ത്തിച്ചവര്‍പോലും മാര്‍ച്ചിനെ സ്വീകരിക്കാനെത്തി. കോഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന പ്രശസ്ത അധ്യാപകന്‍ മുതല്‍ ആദിവാസിമേഖലയില്‍ സിപിഐ എം വിരുദ്ധ പ്രവര്‍ത്തനം നയിച്ച വ്യക്തിവരെ (കണ്ണൂര്‍ ജില്ലയിലെ വിവിധ കേന്ദ്രത്തില്‍) നിരവധി പേര്‍ സ്വീകരണവേദിയില്‍ത്തന്നെ സന്നിഹിതരായി. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമാണ് വയനാട് ജില്ലയില്‍ കടന്നത്. ആദ്യ സ്വീകരണകേന്ദ്രമായ മാനന്തവാടിയില്‍ കൂട്ടത്തോടെ ആദിവാസി കള്‍ എത്തി. മൂന്നുവര്‍ഷംമുമ്പ് കേരള മാര്‍ച്ചിന്റെ പര്യടനത്തിന് ഇതേ വീഥികളിലൂടെ ഞങ്ങള്‍ സഞ്ചരിച്ചിരുന്നു. കാര്‍ഷിക മേഖലയുടെ തകര്‍ച്ച മൂര്‍ധന്യത്തിലെത്തിയ നാളുകളായിരുന്നു അത്. അന്ന് ജില്ലയിലെ മൂന്നു സ്വീകരണകേന്ദ്രത്തിലും ഞങ്ങള്‍ക്കു ലഭിച്ചത് കണ്ണീരില്‍കുതിര്‍ന്ന നൂറുകണക്കിനു നിവേദനമാണ്. മുന്നില്‍ ആത്മഹത്യ എന്ന വഴിമാത്രം തെളിയുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത അവഗണന അനുഭവിക്കുകയും ചെയ്ത വയനാട്ടിലെ കര്‍ഷകര്‍ക്കുമുന്നില്‍ അന്ന് ഞങ്ങള്‍ പറഞ്ഞത്, എല്‍ഡിഎഫ് അധികാരത്തിലേറിയാല്‍ ആദ്യം പരിഗണിക്കുന്ന പ്രശ്നം നിങ്ങളുടേതാകുമെന്നാണ്. ആകെയുള്ള മൂന്നു നിയോജകമണ്ഡലത്തിലും എല്‍ഡിഎഫ് പ്രതിനിധികളെയാണ് വയനാട്ടുകാര്‍ തെരഞ്ഞെടുത്തത്. ഒരുകാലത്ത് യുഡിഎഫ് സ്വാധീനകേന്ദ്രങ്ങളെന്ന് അറിയപ്പെട്ട പ്രദേശങ്ങള്‍പോലും ഇടതുപക്ഷത്തേക്കു ചാഞ്ഞു. സിപിഐ എമ്മിലും എല്‍ഡിഎഫിലും ജനങ്ങള്‍ അര്‍പ്പിച്ച പ്രതീക്ഷകള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നല്ലൊരളവ് കഴിഞ്ഞെന്ന് മൂന്നുവര്‍ഷത്തിനുശേഷം മാര്‍ച്ചുമായി ഇവിടെ എത്തുമ്പോള്‍ ജനങ്ങളില്‍നിന്നു ലഭിക്കുന്ന പ്രതികരണങ്ങളിലൂടെ വായിച്ചെടുക്കാം. എല്‍ഡിഎഫ് സര്‍ക്കാര്‍ പരിമിതിക്കകത്തുനിന്നുകൊണ്ട് സ്വീകരിച്ച നടപടികളിലൂടെ കര്‍ഷകര്‍ക്ക് നല്‍കിയ ആശ്വാസം ചെറുതല്ല. യുഡിഎഫ് ഭരണകാലത്ത് കര്‍ഷക ആത്മഹത്യ നടക്കുന്ന 36 ജില്ലയില്‍ മൂന്നെണ്ണം കേരളത്തിലായിരുന്നു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിശോധിച്ച് അടിയന്തര പരിഹാരനടപടി സ്വീകരിക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ തയ്യാറായത്. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കി. ആത്മഹത്യ ചെയ്തവരുടെ കടം മുഴുവന്‍ എഴുതിത്തള്ളി. കര്‍ഷകരുടെ കടങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചു. കര്‍ഷക കടാശ്വാസ കമീഷന്റെ ശുപാര്‍ശപ്രകാരം വയനാട് ജില്ലയില്‍ 25,000 രൂപയ്ക്കു താഴെയുള്ള കര്‍ഷക കടങ്ങള്‍ എഴുതിത്തള്ളി. 42,113 കുടുംബത്തിന് ഇതിന്റെ പ്രയോജനം ലഭിച്ചു. 51.30 കോടി രൂപയുടെ കടമാണ് ആദ്യഘട്ടമായി എഴുതിത്തള്ളിയത്. രാജ്യത്തെ മറ്റ് 33 ജില്ലയിലും കര്‍ഷക ആത്മഹത്യ തുടരുകയാണ്. കേരളം ഇന്ന് ആ പട്ടികയിലില്ല. കര്‍ഷകര്‍ കടക്കെണിമൂലം ആത്മഹത്യചെയ്തില്ലെന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതുമൂലം കോടിക്കണക്കിനു രൂപയുടെ കേന്ദ്രസഹായം കേരളത്തിന് നഷ്ടപ്പെട്ടു. ഇപ്പോഴും കേന്ദ്രത്തിന്റെ നിലപാട് കടുത്ത പ്രയാസമാണ് കാര്‍ഷികമേഖലയില്‍ സൃഷ്ടിക്കുന്നത്. കൊട്ടിഘോഷിച്ച കുട്ടനാടന്‍ പാക്കേജുപോലും യാഥാര്‍ഥ്യമാക്കാനല്ല കേന്ദ്രസര്‍ക്കാരിന്റെയും ആസൂത്രണ കമീഷന്റെയും നീക്കം. കാലവര്‍ഷക്കെടുതിമൂലമുള്ള കേന്ദ്രസഹായത്തിന് സംസ്ഥാനം നിരവധി നിവേദനം നല്‍കിയെങ്കിലും ഒന്നും അനുവദിച്ചില്ല. സംസ്ഥാനത്തിന്റെ ഭക്ഷ്യപ്രതിസന്ധി പരിഹരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തുന്നത്. നെല്ലുല്‍പ്പാദനത്തില്‍ നല്ല വര്‍ധന ഉണ്ടാക്കാന്‍ കഴിഞ്ഞു. പാലക്കാട് ജില്ലയില്‍ 2005-06ല്‍ 2,66,634 ട നെല്ല് ഉല്‍പ്പാദിപ്പിച്ചപ്പോള്‍ 2006-07ല്‍ 2,70,103 ആയി ഉല്‍പ്പാദനം വര്‍ധിപ്പിച്ചു. എല്ലാ ജില്ലയിലും ഉല്‍പ്പാദനം വര്‍ധിച്ചു. നെല്‍കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പ നല്‍കി. നെല്‍കൃഷിക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയതും ഈ സര്‍ക്കാര്‍തന്നെ. കര്‍ഷകര്‍ പണമൊന്നും അടയ്ക്കണ്ട. പ്രീമിയം സര്‍ക്കാര്‍ നല്‍കും. പച്ചക്കറി ഉല്‍പ്പാദനത്തില്‍ റെക്കോഡ് വര്‍ധന കൈവരിച്ചു. 2000 ഹരിതശ്രീ സംഘത്തിലൂടെ പച്ചക്കറിക്കൃഷി പദ്ധതി നടപ്പാക്കുന്നു. വിലക്കയറ്റം തടയാന്‍ 322 ഗ്രാമീണ വിപണി ആംരഭിച്ചു. കര്‍ഷകര്‍ക്ക് പെന്‍ഷന്‍പദ്ധതി ഏര്‍പ്പെടുത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഇത്തരം ക്രിയാത്മക നടപടി കര്‍ഷകരുടെ ജീവിതത്തിനു നല്‍കുന്ന ആശ്വാസം ചെറുതല്ല. അത് വയനാട്ടിലെ സാധാരണ ജനങ്ങളുടെ മുഖത്തു കാണാം. നവകേരള മാര്‍ച്ച് മുന്നേറുന്തോറും പ്രസ്ഥാനത്തിനുനേരെ ആക്ഷേപശരങ്ങളുയര്‍ത്തുന്നവര്‍ സ്വരം കൂടുതല്‍ കടുപ്പിക്കുകയും സഖാക്കള്‍ക്കുനേരെ കായികമായ ആക്രമണം സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം കടന്നാക്രമണം പാര്‍ടി പ്രവര്‍ത്തകരെയും പാര്‍ടിയെ സ്നേഹിക്കുന്ന ജനസാമാന്യത്തെയും കൂടുതല്‍ ജാഗ്രത്താക്കുകയും പുതിയ വിഭാഗങ്ങളെ പ്രസ്ഥാനത്തോടടുപ്പിക്കുകയുമാണ് ചെയ്യുന്നത്. ഓരോ കേന്ദ്രത്തിലും അത് പ്രകടമാണ്. യാന്ത്രികമായ സ്വീകരണങ്ങളല്ല, ആവേശഭരിതരായി മുദ്രാവാക്യം മുഴക്കിയെത്തുന്ന ജനസമുദ്രമാണ് ഓരോയിടത്തും. എത്ര കടുത്തരീതിയില്‍ ശത്രുക്കള്‍ ആക്രമിക്കുന്നുവോ അതിന്റെ പതിന്മടങ്ങ് കരുത്തോടെ ജനങ്ങള്‍ ഈ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ മുന്നോട്ടുവരുമെന്നതിന് മാര്‍ച്ചിന്റെ ഈ വിജയപ്രയാണംതന്നെ തെളിവ്.
പിണറായി

Wednesday, February 4, 2009

ആക്രമണങ്ങള്‍ക്ക് മറുപടി ഈ ജനപ്രവാഹം

ആക്രമണങ്ങള്‍ക്ക് മറുപടി ഈ ജനപ്രവാഹം‍സിപിഐ എം നേതൃത്വം നല്‍കുന്ന സംസ്ഥാനതല പ്രചാരണ പരിപാടി എന്ന നിലയില്‍ നവകേരളയാത്രയ്ക്കു ലഭിക്കുന്ന ആവേശകരമായ സ്വീകരണത്തെക്കുറിച്ച് ഈ പംക്തിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചതാണ്. പാര്‍ടിയുടെ ശത്രുക്കളെ അസ്വസ്ഥരാക്കുന്നതാണ് ഈ ജനമുന്നേറ്റം. ചൊവ്വാഴ്ചത്തെ പര്യടനം സമാപിച്ചത് തളിപ്പറമ്പിലാണ്. ആ നാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് സ്വീകരണത്തിനെത്തിയതെന്ന് ചില പഴയകാല പാര്‍ടിപ്രവര്‍ത്തകര്‍ പറയുകയുണ്ടായി. സിപിഐ എം ആര്‍ജിച്ച ഈ വമ്പിച്ച ജനപിന്തുണ തളിപ്പറമ്പില്‍ പ്രകോപിതരാക്കിയത് മുസ്ളിംലീഗിനെയാണ്. സ്വീകരണപരിപാടി കഴിഞ്ഞ് തിരികെപ്പോവുകയായിരുന്ന സഖാക്കള്‍ സഞ്ചരിച്ച വാഹനം ലീഗുകാര്‍ ആക്രമിച്ചു. എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. സിപിഐ എം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വാഹനങ്ങള്‍ തകര്‍ത്തും കടകള്‍ കുത്തിപ്പൊളിച്ചും മറ്റുമാണ് ലീഗുകാര്‍ അരിശം തീര്‍ത്തത്. കാഞ്ഞങ്ങാട്ട് രണ്ട് സിപിഐ എം പ്രവര്‍ത്തകരെ ബിജെപിക്കാര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നവകേരള മാര്‍ച്ചിനെതിരായ ആക്രമണത്തിന്റെ രൂക്ഷത ഈ മാര്‍ച്ച് കേരളത്തിലെ ജനങ്ങളില്‍ എത്രമാത്രം സ്വാധീനം ചെലുത്തുമെന്ന ഭീതിയില്‍നിന്നുയരുന്നതാണ്. അങ്ങനെ എതിര്‍പ്പുയര്‍ത്താന്‍ ഒരു കൂട്ടായ്മതന്നെ രൂപപ്പെട്ടിട്ടുണ്ട്. അതില്‍ യുഡിഎഫും ബിജെപിയുമെല്ലാമുണ്ട്. കേരളത്തില്‍ കുറച്ചുകാലമായി നിലനില്‍ക്കുന്ന അവിശുദ്ധ കൂട്ടായ്മയുടെ തുടര്‍ച്ചതന്നെയാണ് ഇത്. കേരള രാഷ്ട്രീയത്തിലെ യുഡിഎഫ്- ബിജെപി വര്‍ഗീയ ഇടപെടല്‍ ഗൌരവമായി ചര്‍ച്ചചെയ്യപ്പെടേണ്ട വിഷയമാണ്. 1957ല്‍ കേരള നിയമസഭയിലേക്കു നടന്ന ആദ്യതെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ് പാര്‍ടി അധികാരത്തില്‍ വന്നതുമുതലാണ് വര്‍ഗീയതയെ രാഷ്ട്രീയമായി-കമ്യൂണിസ്റ് പാര്‍ടിക്കെതിരെ ഉപയോഗിക്കാനുള്ള ശ്രമം കേരളത്തില്‍ ആരംഭിച്ചത്. ലഭിച്ച അധികാരം ഉപയോഗിച്ച് അടിസ്ഥാന ജനവിഭാഗത്തിന് ഗുണപരമായ നേട്ടം ഉണ്ടാക്കാന്‍ പാര്‍ടി പ്രയത്നിച്ചു. ജന്മിത്വത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കാനുള്ള പരിഷ്കാരങ്ങള്‍ നടപ്പാക്കി. ഇതില്‍നിന്ന് കോഗ്രസിലെയും ജാതി-മത വര്‍ഗീയ സംഘടനകളിലെയും പ്രമാണിമാര്‍ എത്തിച്ചേര്‍ന്ന നിഗമനം കമ്യൂണിസ്റ് പാര്‍ടിയെ തോല്‍പ്പിക്കണമെങ്കില്‍ ജാതി-മത സംഘടനകളെ കോഗ്രസിന്റെ നേതൃത്വത്തില്‍ അണിനിരത്തണം എന്നുള്ളതായിരുന്നു. ഇതിന്റെ ഭാഗമായാണ് 1959ല്‍ കമ്യൂണിസ്റ് വിരുദ്ധ മുന്നണി രൂപപ്പെട്ടതും വിമോചനസമരം അരങ്ങേറിയതും. അന്ന് രൂപംകൊണ്ട മുന്നണിയാണ് ഇന്നത്തെ യുഡിഎഫായി തുടരുന്നത്. 1980ല്‍ ബിജെപി രൂപീകരിക്കപ്പെട്ടശേഷം സംസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം അവരുമായി പരസ്യമായോ രഹസ്യമായോ ധാരണയുണ്ടാക്കുക എന്ന നയം യുഡിഎഫ് പിന്തുടരുകയാണ്. പ്രമുഖ ബിജെപിനേതാവായിരുന്ന കെ ജി മാരാരുടെ ആത്മകഥയില്‍ 1991ല്‍ വടകരയിലും ബേപ്പൂരും ഉണ്ടാക്കിയ പരസ്യബന്ധത്തെക്കുറിച്ചും ഈ രണ്ടു ശക്തികള്‍ തമ്മിലുള്ള കൂട്ടുകെട്ടിനെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്. കോ-ലീ-ബി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി വടകര പാര്‍ലമെന്റില്‍ മത്സരിച്ച രത്നസിങ്ങും ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ച മാധവന്‍കുട്ടിയും പരാജയപ്പെട്ടു. എന്നാല്‍, രത്നസിങ്ങിന് അഡ്വക്കറ്റ് ജനറല്‍സ്ഥാനമാണ് യുഡിഎഫ് സര്‍ക്കാര്‍ പിന്നീട് നല്‍കിയത്. വയലാര്‍രവി ഉള്‍പ്പടെയുള്ള കോഗ്രസ് നേതാക്കള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് ആസ്ഥാനത്ത് വോട്ടിനുവേണ്ടി പോയ കാര്യം ആര്‍എസ്എസ് നേതാവ് സുദര്‍ശന്‍ വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസിനെ കൂടെ നിര്‍ത്താനുള്ള നയങ്ങള്‍ യുഡിഎഫ് ഇപ്പോഴും തുടരുകയാണ്. ചങ്ങനാശേരിയില്‍ ആര്‍എസ്എസ് പൊലീസ് ഓഫീസറെ കൊല്ലുന്ന സ്ഥിതിയുണ്ടായെങ്കിലും അപലപിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. കണ്ണൂര്‍ ജില്ലയില്‍ സിപിഐ എമ്മിന്റെ നാലു പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ തുടര്‍ച്ചയായി കൊലപ്പെടുത്തിയപ്പോഴും യുഡിഎഫില്‍നിന്ന് ഒരു പ്രതികരണവും കണ്ടില്ല. സഖാവ് ഇ പി ജയരാജനെ വധിക്കാന്‍ യുഡിഎഫ് നേതാക്കള്‍ തോക്കും പണവും കൊടുത്തയച്ചത് രണ്ട് ആര്‍എസ്എസ് ക്രിമിനലുകളെയായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം വലതുപക്ഷ രാഷ്ട്രീയശക്തികള്‍ അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ ബോധപൂര്‍വം മുഴുകുകയാണ്. ജാതി-മത ശക്തികളെ ഇളക്കിവിടുന്നതിനോടൊപ്പംതന്നെ, വര്‍ഗീയശക്തികളെയും സര്‍ക്കാരിനെതിരെ അണിനിരത്താന്‍ ശ്രമം നടക്കുന്നു. അത്തരമൊരു കൂട്ടായ്മയുടെ താളംതെറ്റിയ രംഗപ്രവേശമാണ് ഇപ്പോള്‍ നവകേരളമാര്‍ച്ചിനെതിരെയുമുണ്ടാകുന്നത്. എത്ര ശക്തമായി എതിരാളികളുടെ ആക്രമണമുണ്ടാകുന്നുവോ അതിന്റെ ഇരട്ടി ആവേശത്തോടെയും വാശിയോടെയും പാര്‍ടിയോടൊപ്പം അണിനിരന്ന് ഈ മാര്‍ച്ചിനെ വിജയിപ്പിക്കാന്‍ പാര്‍ടിപ്രവര്‍ത്തകരും അനുഭാവികളും ബഹുജനങ്ങളും രംഗത്തിറങ്ങുന്നത് അത്യാവേശകരംതന്നെയാണ്. എതിരാളികള്‍ക്കുള്ള മറുപടി ഈ വര്‍ധിച്ച ജനപങ്കാളിത്തവും അലയടിക്കുന്ന ആവേശവും തന്നെ.


പിണറായി വിജയന്

ഉയരുന്നത് നേരിന്റെ കടലിരമ്പം

ഉയരുന്നത് നേരിന്റെ കടലിരമ്പം

രാഷ്ട്രീയകേരളത്തിന്റെ സിരാപടലങ്ങളില്‍ ആവേശാഗ്നിയായി പടര്‍ന്നുകയറുന്ന മഹാജനപ്രവാഹം. നവകേരള മാര്‍ച്ച് ജനമുന്നേറ്റത്തിന്റെ എല്ലാ റെക്കോഡും ഭേദിക്കുകയാണ്. പ്രസ്ഥാനത്തിനെതിരെയുള്ള അപവാദപ്രചാരണങ്ങള്‍ക്കും കടന്നാക്രമണങ്ങള്‍ക്കും ഈ ജനസാഗരം മറുപടി നല്‍കുന്നു. മൂന്നുവര്‍ഷംമുമ്പാണ് ഇതേ വീഥികളിലൂടെ പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരള മാര്‍ച്ച് കടന്നുപോയത്. അന്നുകണ്ടതിന്റെ പലമടങ്ങ് ആവേശം; നിശ്ചയദാര്‍ഢ്യം- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വേട്ടയാടി നശിപ്പിക്കാനാകില്ലെന്ന് കടലിരമ്പം പോലെ ഈ സംഘശക്തി പ്രഖ്യാപിക്കുന്നു. കറുത്തശക്തികള്‍ക്കുമുന്നില്‍ ചെങ്കൊടി താഴ്ത്തില്ലെന്ന് നെഞ്ചുവിരിച്ച് പറയുന്നു. സിപിഐ എം ആര്‍ജിച്ച അതുല്യശക്തിയാണ് ഉദ്ഘാടന സമ്മേളനം വിളിച്ചോതിയത്. തുടര്‍ന്നുള്ള ഓരോ സ്വീകരണത്തിലും അഭൂതപൂര്‍വമായ ജനക്കൂട്ടം. പഴയകാലപ്രവര്‍ത്തകര്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ കൂട്ടാക്കാതെ എത്തുന്ന കാഴ്ച. കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും ഒന്നടങ്കം എത്തുന്നു- പലരും പൊരിവെയിലില്‍ കിലോമീറ്ററുകള്‍ താണ്ടിയാണ് വരുന്നത്. യുവാക്കളുടെ സംഘങ്ങള്‍ ബൈക്കുകളിലും ചെറുവാഹനങ്ങളിലുമായി ആരും തീരുമാനിക്കാതെതന്നെ മാര്‍ച്ചിനെ അനുഗമിക്കുന്നു. ജാഥാനേതാവ് പിണറായി വിജയന്‍ സ്വീകരണവേദിയിലെത്തുമ്പോള്‍, തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ ധീരനായകനോടുള്ള ഐക്യദാര്‍ഢ്യപ്രഖ്യാപനമായി ഉശിരന്‍ മുദ്രാവാക്യങ്ങള്‍. ബുധനാഴ്ച ശ്രീകണ്ഠാപുരത്തെ സ്വീകരണപ്പന്തലില്‍ അനേകം ചെങ്കൊടികള്‍ ഒരുമിച്ച് വീശിയാണ് പിണറായിയെ സ്വീകരിച്ചത്. സുരക്ഷിത ഇന്ത്യ എന്ന ലക്ഷ്യത്തിന് വിഷംതീണ്ടാന്‍ ഫണമുയര്‍ത്തിനില്‍ക്കുന്ന വര്‍ഗീയതയെയും രാഷ്ട്രത്തിന്റെ ദുരിതങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കുന്ന കോഗ്രസിനെയും പൊള്ളുന്ന വാക്കുകളില്‍ വിചാരണചെയ്യുന്നു ജാഥാംഗങ്ങള്‍. ഐശ്വര്യകേരളമെന്ന മലയാളിയുടെ ഉദാത്തസ്വപ്നത്തിനുനേരെ സങ്കുചിത-പ്രാദേശിക വികാരങ്ങളുടെ കരിങ്കല്‍ചീളുകള്‍ വലിച്ചെറിയുന്നവരെയും തുറന്നുകാട്ടുന്നു. ഇ പി ജയരാജനാണ് ജാഥാ മാനേജര്‍. എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, ടി എന്‍ സീമ, കെ ടി ജലീല്‍ എന്നിവര്‍ അംഗങ്ങള്‍. ആസൂത്രിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന അപവാദപ്രചാരണങ്ങളുടെ ദുഷ്ടലക്ഷ്യവും ഇടതുപക്ഷത്തിന്റെ പ്രസക്തിയും രാജ്യത്തെ രക്ഷിക്കാനുള്ള ഇടതുപക്ഷ ബദലിന്റെ അനിവാര്യതയും ലളിതമായി വിശദീകരിക്കുന്ന പ്രസംഗങ്ങള്‍. മൂന്നുകൊല്ലം മുമ്പത്തെ കേരള മാര്‍ച്ച് ആവേശത്തിന്റെ കൊടുമുടിയിലെത്തിയത് മലപ്പുറം ജില്ലയില്‍ കടന്നപ്പോഴായിരുന്നു. ആ മാര്‍ച്ചിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ ചുവന്ന പ്രഭാതം വിരഞ്ഞു. ഇക്കുറി തുടക്കംമുതല്‍തന്നെ ആവേശത്തിന്റെ ആര്‍ത്തിരമ്പല്‍. 140 മണ്ഡലത്തില്‍ പര്യടനം പൂര്‍ത്തിയാകുമ്പോള്‍ ഏറ്റവും ഉശിരാര്‍ന്ന പ്രസ്ഥാനമെന്ന് കേരളചരിത്രത്തില്‍ മാര്‍ച്ച് അടയാളപ്പെടുത്തും.

Monday, February 2, 2009

ജനപിന്തുണയുടെ മഹായാനമായി നവകേരള മാര്‍ച്ച് തുടങ്ങി

ജനപിന്തുണയുടെ മഹായാനമായി നവകേരള മാര്‍ച്ച് തുടങ്ങി

ജനപിന്തുണയുടെ മഹായാനമായി നവകേരള മാര്‍ച്ച് തുടങ്ങി

ചെമ്പട്ട് ചാര്‍ത്തിയ തുളുനാടിന്റെ മണ്ണിലും വിണ്ണിലും ആവേശത്തിന്റെ അലകളുയര്‍ന്നു. മകരവെയിലിനെ വെല്ലുന്ന ആവേശച്ചൂടില്‍ ജനസാഗരമിരമ്പവേ, സമരേതിഹാസത്തിന്റെ ചരിത്രഭൂമിയില്‍ നാടും നഗരവും കാത്തിരുന്ന നവകേരളമാര്‍ച്ചിന് വീരോചിതമായ തുടക്കം. സമ്പല്‍സമൃദ്ധമായ കേരളത്തിനും സുരക്ഷിതമായ ഇന്ത്യയ്ക്കും വേണ്ടിയുള്ള പുതിയ പോര്‍മുഖം തുറന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന് അത്യുത്തരകേരളത്തിലെ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയിലാണ് തിങ്കളാഴച വൈകീട്ട് തുടക്കമായത്. ഗോത്രത്തനിമയുമായെത്തിയ കൊറഗരും മാവിലരും നരസണ്ണരും മറാട്ടിയും ദളിത്ജനവിഭാഗങ്ങളും മുസ്ളീം ക്രിസ്ത്യന്‍ ന്യൂനപക്ഷവുമെല്ലാം സ്വന്തം പ്രസ്ഥാനത്തെ തിരിച്ചറിഞ്ഞ് മാര്‍ച്ചില്‍ അണിചേരാനെത്തി. ഉത്തരകേരളത്തില്‍ സിപിഐഎം കൈവരിച്ച കരുത്തിന്റെ വിളംബരം കൂടിയായി ഉദ്ഘാടനച്ചടങ്ങ്. ഭാഷാസംഗമഭൂമി അക്ഷരാര്‍ഥത്തില്‍ പുതിയ മുന്നേറ്റത്തിന്റെ ചരിത്രവേദിയായി. പാര്‍ടി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പിണറായിക്ക് ചെങ്കൊടി കൈമാറിയാണ് നവകേരളമാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. വൈകീട്ട് നാലരമണിയോടെയാണ് ഉപ്പള ദേശീയപാതയോരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. തുളുനാടന്‍ മണ്ണ് നാളിതുവരെ ദര്‍ശിക്കാത്ത ജനസഞ്ചയം ചെറുജാഥകളായി ഉദ്ഘാടന നഗരിയിലെത്തി. പതാക കൈമാറിയപ്പോള്‍ ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുയര്‍ന്ന മുദ്രാവാക്യങ്ങളും കതിനവെടികളും ദിക്കുകളെ ഭേദിച്ചു. നെറികെട്ട അപവാദപ്രചാരണങ്ങള്‍ക്കും വ്യക്തിഹത്യകള്‍ക്കും ഗൂഢാലോചനകള്‍ക്കും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തെ പോറലേല്‍പ്പിക്കാനാവില്ലെന്ന പ്രഖ്യാപനവും പിന്തിരിപ്പന്മാര്‍ക്കുള്ള താക്കീതുമായി ഗ്രാമങ്ങളില്‍ നിന്ന് അണപൊട്ടിയൊഴുകിയ ജനാവലി. നവകേരള മാര്‍ച്ചിന് ആദ്യ സ്വീകരണം ജില്ലാ ആസ്ഥാനമായ കാസര്‍കോട് നഗരത്തിലാണ്. എ വിജയരാഘവന്‍ എംപി, ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ടി എന്‍ സീമ, കെ ടി ജലീല്‍ എംഎല്‍എ എന്നിവരാണ് ജാഥാംഗങ്ങള്‍. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി, പി കെ ശ്രീമതി, സിപിഐ എം കാസര്‍കോട് ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശി എന്നിവര്‍ പങ്കെടുത്തു. പികരുണാകരന്‍ എം പി അധ്യക്ഷനായിരുന്നു. സി എച്ച് കുഞ്ഞമ്പു എംഎല്‍എ സ്വാഗതം പറഞ്ഞു.

Sunday, February 1, 2009

സുരക്ഷിത ഇന്ത്യക്കും ഐശ്വര്യകേരളത്തിനും വേണ്ടി നവകേരള മാര്‍ച്ച്.പങ്കെടുക്കുക . വിജയിപ്പിക്കുക .

സുരക്ഷിത ഇന്ത്യക്കും ഐശ്വര്യകേരളത്തിനും വേണ്ടി നവകേരള മാര്‍ച്ച്.

പങ്കെടുക്കുക . വിജയിപ്പിക്കുക .'സുരക്ഷിത ഇന്ത്യ, ഐശ്വര്യകേരളം' എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐ എം സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന നവകേരള മാര്‍ച്ച് ഇന്ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുകയാണ്. സാര്‍വദേശീയ-ദേശീയ കേരള രാഷ്ട്രീയത്തില്‍ ഗൌരവതരമായ ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. രാജ്യം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ഘട്ടംകൂടിയാണിത്. മുതലാളിത്തം ബദലില്ലാത്ത വ്യവസ്ഥയാണെന്ന പ്രചാരണത്തിന് കനത്ത തിരിച്ചടി നല്‍കി ആഗോള മുതലാളിത്ത പ്രതിസന്ധി വ്യാപകമായിരിക്കുകയാണ്. ഇത് മുതലാളിത്തം സംബന്ധിച്ച മാര്‍ക്സിന്റെ കാഴ്ചപ്പാട് അക്ഷരംപ്രതി ശരിയാണെന്നു തെളിയിച്ചു. ഇടവിട്ടുള്ള സാമ്പത്തികക്കുഴപ്പം മുതലാളിത്തത്തിന്റെ സഹജസ്വഭാവമാണ്. സോഷ്യലിസ്റ് വ്യവസ്ഥ മാത്രമാണ് ഇതിന് പരിഹാരം. മാര്‍ക്സിന്റെ ഈ ശാസ്ത്രീയചിന്ത ലോകത്താകമാനം വായിക്കപ്പെടുന്ന സാഹചര്യം ഉണ്ടായിരിക്കുന്നു. ചിലര്‍ പ്രചരിപ്പിച്ചതുപോലെ, മുതലാളിത്തം വികസിക്കുമ്പോള്‍ മാര്‍ക്സിസം കാലഹരണപ്പെടുകയായിരുന്നില്ല. മറിച്ച്, കൂടുതല്‍ പ്രസക്തമായിത്തീരുകയാണ്. സോഷ്യലിസ്റ് വ്യവസ്ഥയെ തകിടംമറിക്കാനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ ശക്തമായി നടപ്പാക്കി. സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിക്കുന്ന രാഷ്ട്രങ്ങളിലും സോവിയറ്റ് റഷ്യയോട് സൌഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളിലും ഭരണം അട്ടിമറിക്കുക എന്ന ലക്ഷ്യംവച്ച് ലോകത്തെങ്ങും ഭീകര പ്രസ്ഥാനങ്ങള്‍ സൃഷ്ടിക്കാന്‍ അമേരിക്ക തയ്യാറായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നേരിട്ട് കടന്നുകയറാനുള്ള പദ്ധതി ആയുധശക്തിയും അന്താരാഷ്ട്ര സ്ഥാപനങ്ങളിലുള്ള മേല്‍ക്കൈയും ഉപയോഗിച്ച് അമേരിക്ക നടപ്പിലാക്കി. ഇത് ലോകത്താകെ സംഘര്‍ഷം വളര്‍ത്തുകയാണ്. ഇന്ത്യയിലാകട്ടെ അമേരിക്കന്‍ സാമ്രാജ്യത്വ നയങ്ങളുമായി സന്ധിചെയ്ത സംഘപരിവാര്‍ശക്തികളുടെ ഫാസിസ്റ് സമീപനം മതേതരത്വത്തിന് കടുത്ത ഭീഷണിയായിരിക്കുകയാണ്. ബാബറി മസ്ജിദിന്റെ തകര്‍ച്ച ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കിടയില്‍ വലിയ അരക്ഷിതാവസ്ഥയുണ്ടാക്കി. ഗുജറാത്ത് വംശഹത്യ ഉള്‍പ്പെടെയുള്ള സംഘപരിവാറിന്റെ അതിക്രമങ്ങള്‍ ഈ സ്ഥിതിവിശേഷത്തെ കൂടുതല്‍ ഗുരുതരമാക്കി. ഒറീസയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളും ക്രൂരമായി ആക്രമിക്കപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ഇന്ത്യന്‍ മതേതരത്വത്തെ തുരങ്കം വയ്ക്കുകയും ചെയ്യുന്ന സംഘപരിവാര്‍ നയങ്ങള്‍ അവസാനിപ്പിച്ചാല്‍മാത്രമേ ഇന്ത്യന്‍ മതേതരത്വത്തെ ശക്തിപ്പെടുത്താനാവൂ. അതിനായി ശക്തമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടേണ്ടതുണ്ട്. സംഘപരിവാര്‍ ഫാസിസത്തെ പ്രതിരോധിക്കാനെന്ന പേരില്‍ രൂപപ്പെട്ടുവരുന്ന ന്യൂനപക്ഷ വര്‍ഗീയത ഫലത്തില്‍ ഇത്തരം ശക്തികളെ സഹായിക്കുന്നതിനേ വഴിവയ്ക്കുകയുള്ളൂ. ഇരു വര്‍ഗീയതയും പരസ്പരപൂരകമായി വളര്‍ത്തും. ജനാധിപത്യത്തെ ശക്തിപ്പെടുത്തിയും മതേതരത്വത്തെ കൂടുതല്‍ വികസിപ്പിച്ചുമാണ് ഫാസിസത്തിന് മറുപടി നല്‍കേണ്ടത്. ഭൂരിപക്ഷ വര്‍ഗീയതയായാലും ന്യൂനപക്ഷ വര്‍ഗീയതയായാലും ലക്ഷ്യം വയ്ക്കുന്നത് തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളെയാണെന്ന് കേരളത്തിന്റെ അനുഭവങ്ങളില്‍നിന്ന് സ്പഷ്ടമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ ഭീകരവാദികളെന്ന് മുദ്രകുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. എന്നാല്‍, ഭീകരവാദം ഏതെങ്കിലും മതവിശ്വാസവുമായി ബന്ധപ്പെട്ടതല്ല. മലേഗാവ്, സംഝോത എക്സ്പ്രസ് തീവയ്പ് തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സംഭവങ്ങള്‍ സംഘപരിവാര്‍ ഭീകരവാദസംഘം തന്നെയാണെന്ന് വ്യക്തമാക്കി. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ഭീകരവാദശക്തികളെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുംബൈയിലെ ഭീകരാക്രമണം. മറ്റൊരു രാജ്യത്തെ കേന്ദ്രീകരിച്ച് പൂര്‍ണമായ തയ്യാറെടുപ്പോടെ ഒരു സംഘം രാജ്യത്ത് എത്തിയിട്ടും ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയില്ലെന്നത് രാജ്യത്തെ ഞെട്ടിച്ചു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ക്കൊത്ത നിലപാടുകളാണ് യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ എടുക്കുന്നത്. ബോംബെ ഭീകരാക്രമണത്തിന്റെ അന്വേഷണം പോലും അമേരിക്കന്‍ ഏജന്‍സി പറയുന്ന രീതിയിയില്‍ നടത്തിയത് ഏറ്റവും അവസാനത്തെ ഉദാഹരണം. ഇന്ത്യയെ അമേരിക്കയുടെ ആശ്രിതരാഷ്ട്രമായി വളര്‍ത്തുന്ന നയങ്ങളാണ് സാമ്പത്തിക-വിദേശ രംഗങ്ങളില്‍ പ്രകടമാകുന്നത്. ഇന്ത്യയുടെ വിഖ്യാത പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള സാമ്പത്തിക മേഖലകളില്‍ നടപ്പാക്കുന്ന വിദേശനിക്ഷേപ നിയമങ്ങളും സാമ്രാജ്യത്വ വിധേയത്വത്തിന്റെ ദൃഷ്ടാന്തമാണ്. ഇന്ത്യന്‍ കാര്‍ഷിക മേഖലയെ തകര്‍ക്കാനുള്ള വിത്ത് ബില്ലും ഇതിന്റെ തുടര്‍ച്ചയാണ്. ഇറാനെതിരെ ആണവോര്‍ജ ഏജന്‍സിയില്‍ വോട്ട് ചെയ്ത ഇന്ത്യ നഗ്നമായ അമേരിക്കന്‍ പാദസേവ നടത്തുകയായിരുന്നു. സദ്ദാം ഹുസൈനെ വധിച്ച ജനാധിപത്യവിരുദ്ധവും ദാരുണവുമായ അമേരിക്കന്‍ നടപടിക്കെതിരെ ശബ്ദിക്കാന്‍ ഇന്ത്യാഗവമെന്റിന് കഴിഞ്ഞില്ല. നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലത്ത് ഇസ്രയേലുമായി ഒരു തരത്തിലുള്ള നയതന്ത്രബന്ധത്തിനും ഇന്ത്യാഗവമെന്റ് ഒരുക്കമായിരുന്നില്ല. എന്നാല്‍, പാലസ്തീനിലെ നിരപരാധികളെ കൊന്നൊടുക്കുന്ന വര്‍ത്തമാനകാലത്തും അവരുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി തുടരുമെന്നാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി വ്യക്തമാക്കിയത്. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും പണയംവയ്ക്കുന്ന വ്യവസ്ഥകളോടെയാണ് ആണവകരാറില്‍ ഇന്ത്യ ഒപ്പിട്ടിരിക്കുന്നത്. അമേരിക്കന്‍ ആശ്രിതത്വത്തിനെതിരായി പാര്‍ലമെന്റില്‍ ആണവകരാര്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ എല്ലാ ഔന്നിത്യത്തെയും തകര്‍ക്കുംവിധം പണമൊഴുകിയതും രാജ്യത്തിനാകമാനം അപമാനമുണ്ടാക്കി. പൊതുമേഖലയെ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട് യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷം നടത്തിയ ഇടപെടലാണ് ആഗോള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നതില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തിയത്. പെന്‍ഷന്‍പദ്ധതികള്‍ തകര്‍ക്കാനുള്ള നീക്കവും പ്രോവിഡന്റ് ഫണ്ടിന്റെ പലിശ വെട്ടിക്കുറയ്ക്കാനുള്ള നടപടിയുമെല്ലാം തടഞ്ഞുനിര്‍ത്തിയതും ഇടതുപക്ഷമാണ്. തൊഴിലുറപ്പ് പദ്ധതിപോലുള്ള സംരംഭങ്ങള്‍ രൂപപ്പെട്ടതും ജനപക്ഷത്തുനിന്നു ഇടതുപക്ഷം സ്വീകരിച്ച നിലപാടുകൊണ്ടാണ്. പൊതുമേഖലയെ ശക്തിപ്പെടുത്തലാണ് പ്രതിസന്ധിക്ക് പരിഹാരമെന്ന ധാരണയില്‍ ലോകം നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍പ്പോലും ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശനിക്ഷേപം കൊണ്ടുവരാനുള്ള നടപടിയാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. കോഗ്രസിനും ബിജെപിക്കും ബദലായി മൂന്നാമതൊരു രാഷ്ട്രീയശക്തി രൂപപ്പെടുത്തുക എന്നതാണ് രാജ്യത്തെ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ അനിവാര്യമായ മാര്‍ഗം. രാജ്യത്തിന്റെ നിലനില്‍പ്പ് ഉറപ്പുവരുത്താതെ വര്‍ഗീയതയ്ക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനാവില്ല. അതുകൊണ്ട് അമേരിക്കന്‍ ആശ്രിതത്വത്തിനെതിരായുള്ള പോരാട്ടം ശക്തിപ്പെടുത്തുക എന്നത് ഈ കാലഘട്ടത്തിലെ സുപ്രധാന കടമയാണ്. വര്‍ഗീയശക്തികളെ പരാജയപ്പെടുത്തുക, അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കീഴടങ്ങാതിരിക്കുക, ജനങ്ങളുടെ ഉപജീവനമാര്‍ഗത്തെയും സ്വാശ്രയ വികസനത്തെയും സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ബദല്‍ സംഘടിപ്പിക്കാന്‍ ജനങ്ങളെ അണിനിരത്തുക എന്നതാണ് ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റെടുക്കാനുള്ള കടമ. ജനജീവിതം ദുസ്സഹമാക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ ഉയര്‍ത്തുന്ന പരിമിതികള്‍ക്കകത്തുനിന്ന് ബദല്‍നയം ആവിഷ്കരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഇതിന് വ്യത്യസ്തമായ സമീപനം എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു. അതിന്റെ ഗുണഫലങ്ങള്‍ കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ ഇടപെടലിന്റെ ഭാഗമായി കര്‍ഷക ആത്മഹത്യകള്‍ സംസ്ഥാനത്ത് ഇല്ലാതായി. പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിച്ച് ശക്തിപ്പെടുത്താന്‍ എടുത്ത നടപടികളിലൂടെ ഈ വര്‍ഷം 80.31 കോടി രൂപ ഖജനാവിലേക്ക് മുതല്‍ക്കൂട്ടി. ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കുന്ന ആഗോളവല്‍ക്കരണനയത്തിനു ബദലായി അവ ശക്തിപ്പെടുത്താനും കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറായി. ക്ഷേമ പെന്‍ഷനുകള്‍ 200 രൂപയാക്കി ഉയര്‍ത്തി. ഷോപ്സ് ആന്‍ഡ് എസ്റാബ്ളിഷ്മെന്റ് നിയമം വലിയൊരു വിഭാഗത്തിന് നേട്ടമുണ്ടാക്കി. കേരളത്തിലെ ഏഴുലക്ഷത്തോളം വീട് പുതുതായി നിര്‍മിച്ച് നല്‍കുന്നതിനുള്ള പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കി. 5000 കോടി രൂപയാണ് പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് വീട് വയ്ക്കാനും സ്ഥലം നല്‍കാനും നീക്കിവച്ചിട്ടുള്ളത്. ഇതോടൊപ്പം ഇ എം എസ് ഭവനനിര്‍മാണപദ്ധതി ജനകീയ സംരംഭമാക്കി മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ-വിദ്യാഭ്യാസമേഖലയിലെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ഇടപെടലുകള്‍ക്ക് ഈ കാലയളവ് സാക്ഷ്യംവഹിച്ചു. സാമ്പത്തിക പ്രതിസന്ധികൊണ്ട് നട്ടംതിരിഞ്ഞിരുന്ന കേരളത്തെ രക്ഷപ്പെടുത്താന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. പെട്രോള്‍-ഡീസല്‍ വിലവര്‍ധന ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി രൂക്ഷമായ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള കാര്യക്ഷമമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തി. അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനം ശരിയായ ദിശയിലേക്ക് നയിക്കാനും സാധ്യമായി. കേരളത്തിന് അര്‍ഹമായ വിഭവങ്ങള്‍ കേന്ദ്രത്തില്‍നിന്ന് നേടിയെടുക്കാനുള്ള പ്രവര്‍ത്തനത്തിലും സര്‍ക്കാര്‍ മുഴുകി. പാലക്കാട്ടെ കോച്ച് ഫാക്ടറി, വിഴിഞ്ഞംപദ്ധതി, വല്ലാര്‍പാടം പദ്ധതി തുടങ്ങിയ നിരവധി സംരംഭങ്ങള്‍ ഇതിന്റെ ഭാഗമാണ്. ഐടി മേഖലയില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ടുതന്നെ സ്മാര്‍ട് സിറ്റി പദ്ധതി കരാറില്‍ ഒപ്പുവയ്ക്കാനും സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. മത്സ്യബന്ധനമേഖലയെ വറുതിയുടെ നാളുകളില്‍നിന്ന് മോചിപ്പിക്കാനും കഴിഞ്ഞു. വര്‍ഗീയ സംഘര്‍ഷങ്ങളില്‍നിന്ന് നാടിനെ മുക്തമാക്കി. ഗുണ്ടാ ആക്രമണങ്ങളില്‍നിന്ന് നഗരങ്ങളെ സംരക്ഷിക്കാന്‍ ഉതകുന്നവിധം ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തി. ഭീകരവാദികളുടെ അടിത്തറതന്നെ തകര്‍ക്കുന്ന നയം മുന്നോട്ടുവച്ചു. ടൂറിസംമേഖലയില്‍ കുതിച്ചുചാട്ടം ഈ കാലത്തുണ്ടായി. ആഗോളതലത്തില്‍ മുതലാളിത്തം കടുത്ത പ്രതിസന്ധിയിലാവുകയും മാര്‍ക്സിയന്‍ കാഴ്ചപ്പാടുകളിലേക്ക് ലോകജനത കൂടുതല്‍ കരുത്തോടെ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. രാജ്യത്ത് ജനപക്ഷത്തുനിന്നുകൊണ്ട് ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ഇടതുപക്ഷം നടത്തിയ ശക്തമായ ചെറുത്തുനില്‍പ്പ് വമ്പിച്ച ബഹുജന അംഗീകാരം നേടിയെടുത്തിട്ടുമുണ്ട്. വര്‍ഗീയതയ്ക്കെതിരായി പാര്‍ടി നടത്തിയിട്ടുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം മതേതര വിശ്വാസികളുടെ മുഴുവന്‍ അംഗീകാരം നേടിയിട്ടുമുണ്ട്. ഇത്തരത്തില്‍ ശക്തമായി മുന്നേറുന്ന പ്രസ്ഥാനത്തെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വശക്തികളുടെയും അവരെ പിന്‍പറ്റുന്ന പിന്തിരിപ്പന്മാരുടെയും ആവശ്യമാണ്. ആ നിലയിലുള്ള കടന്നാക്രമണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. കമ്യൂണിസ്റ് പാര്‍ടി മുകളില്‍നിന്ന് കെട്ടിപ്പടുക്കുന്ന പ്രസ്ഥാനമാണ്. അതുകൊണ്ട് നേതൃത്വത്തെയും പാര്‍ടിയുടെ ശക്തികേന്ദ്രങ്ങളെയും ദുര്‍ബലപ്പെടുത്തിയാല്‍ പാര്‍ടിയെ തകര്‍ക്കാമെന്ന് ഇവര്‍ വ്യാമോഹിക്കുന്നു. കമ്യൂണിസ്റ് പാര്‍ടി രൂപീകൃതമായ കാലം തൊട്ടുതന്നെ ഇത്തരത്തിലുള്ള നിരവധി നടപടികള്‍ ഭരണവര്‍ഗം ചെയ്തിട്ടുണ്ട്. മീറത്ത് ഗൂഢാലോചനക്കേസ് മുതല്‍ ആരംഭിക്കുന്ന പരമ്പര ചരിത്രത്തിലുണ്ട്. ഇതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് പാര്‍ടി വളര്‍ന്നുവന്നത്. എല്ലാ കുപ്രചാരണങ്ങളെയും അതിജീവിക്കാന്‍ പാര്‍ടിക്ക് കരുത്തായി നിന്നത് ജീവന്‍ ത്യജിക്കാന്‍പോലും തയ്യാറായ ജനലക്ഷങ്ങളാണ്. പാര്‍ടിക്കെതിരായി നടക്കുന്ന ഇത്തരം കടന്നാക്രമണങ്ങളെ ജനങ്ങളുടെ മുമ്പില്‍ തുറന്നുകാണിച്ചുകൊണ്ട് പാര്‍ടി മുന്നോട്ടുപോകും. നാടിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വിശദീകരിച്ചുകൊണ്ടും വലതുപക്ഷ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ തുറന്നുകാട്ടിക്കൊണ്ടും നടക്കുന്ന ഈ മാര്‍ച്ച് കേരള രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു സംഭവമായിത്തീരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനായി മുഴുവന്‍ ബഹുജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു.
പിണറായി വിജയന്‍