Saturday, November 28, 2009

വില്‍പ്പനാവകാശത്തോടെ ഭൂമി നല്‍കില്ല: മുഖ്യമന്ത്രി

വില്‍പ്പനാവകാശത്തോടെ ഭൂമി നല്‍കില്ല: മുഖ്യമന്ത്രി

കൊച്ചി: ഒരിഞ്ചു ഭൂമിപോലും വില്‍പ്പനാവകാശത്തോടെ കൈമാറില്ലെന്ന സര്‍ക്കാര്‍നിലപാട് ടീകോം അംഗീകരിച്ചില്ലെങ്കില്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി നടപ്പാക്കാന്‍ മറ്റു മാര്‍ഗം തേടുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആയിരത്തില്‍പ്പരം ഏക്കര്‍ സ്ഥലത്ത് ഐടി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന സംസ്ഥാനസര്‍ക്കാരിന് കാക്കനാട്ട് സ്മാര്‍ട്ട്സിറ്റിക്കായി ഏറ്റെടുത്ത 246 ഏക്കറിലും അതുചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിന് ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട്സിറ്റിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിഭാവനംചെയ്തതുപോലെ മുന്നോട്ടുപോയിട്ടില്ല. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉണ്ടാക്കിയ കരാറില്‍ അടിസ്ഥാനപരമായ ഇളവുകള്‍ വേണമെന്ന ടീകോമിന്റെ ആവശ്യമാണ് പദ്ധതി വൈകാനിടയാക്കിയത്. ഒരിഞ്ചു ഭൂമിപോലും വില്‍പ്പനാവകാശത്തോടെ നല്‍കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് ടീകോമിനെ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് യോജിക്കാനായില്ലെങ്കില്‍ അല്‍പ്പം വൈകിയാലും ഏറ്റെടുത്ത ഭൂമിയില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചുതന്നെ നിര്‍ദിഷ്ട സ്മാര്‍ട്ട്സിറ്റി പദ്ധതി നടപ്പാക്കും. ഐടി മേഖലയില്‍ സര്‍ക്കാരിന്റെ നേരിട്ടുളള നിക്ഷേപം 10,000 കോടിയായി ഉയര്‍ത്തും. മൂന്നരവര്‍ഷവും സംസ്ഥാനത്തെ ഐടി മേഖലയുടെ സുവര്‍ണകാലമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ രണ്ട് ഐടി പാര്‍ക്കുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പത്തെണ്ണമായി. 15 വര്‍ഷത്തിനിടെ വികസിപ്പിച്ചതിന്റെ ഇരട്ടി ഭൂമി ടെക്നോപാര്‍ക്കില്‍ വികസിപ്പിച്ചു. ടെക്നോപാര്‍ക്കിന്റെയും ഇന്‍ഫോ പാര്‍ക്കിന്റെയും കെട്ടിടവിസ്തൃതി മൂന്നുമടങ്ങ് വര്‍ധിച്ചു. കമ്പനികളുടെ എണ്ണവും ഇരട്ടിയായി. തൊഴിലാളികളുടെ എണ്ണം 50 ശതമാനം കൂടി. കഴിഞ്ഞവര്‍ഷം ഐടി കയറ്റുമതി 70 ശതമാനം വളര്‍ച്ചനിരക്ക് നേടി. മാന്ദ്യത്തെ അതിജീവിക്കാന്‍ ഐടി കമ്പനികള്‍ക്ക് വാടകയിനത്തില്‍ 50 ശതമാനം ഇളവും നല്‍കി. ഐടി മേഖലയുടെ അടിസ്ഥാനവികസനത്തിന് പ്രത്യേക കമ്പനി രൂപീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ പേരില്‍ മുന്‍ സര്‍ക്കാര്‍ വിറ്റുതുലയ്ക്കാനിരുന്ന ഇന്‍ഫോ പാര്‍ക്കിന്റെ ഗുണഫലങ്ങളാണ് ഇപ്പോള്‍ലഭിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സോഫ്റ്റ്വെയര്‍ കയറ്റുമതി 80 കോടിയില്‍നിന്ന് 480 കോടിയായി ഉയര്‍ന്നു. ടെക്നോപാര്‍ക്കിനെ ലോകോത്തര ഐടി പാര്‍ക്ക് ആക്കാനുള്ള മൂന്നാംഘട്ട വികസനപദ്ധതി നടപ്പാക്കുകയാണ്. 2012ഓടെ ഒരുകോടി ചതുരശ്ര അടി കെട്ടിടവും ഒരുലക്ഷം പ്രൊഫഷണലുകളുമുള്ള സ്ഥാപനമായി മാറും. അനുബന്ധമായി 507 ഏക്കറില്‍ ടെക്നോസിറ്റിയുടെ നിര്‍മാണവും ത്വരിതഗതിയില്‍ നടക്കുകയാണെന്ന് വി എസ് പറഞ്ഞു.

Thursday, November 26, 2009

മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ത്?

മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ത്?
പ്രകാശ്കാരാട്ട്

മാവോയിസ്റ്റുകള്‍ ഇന്ന് ഇന്ത്യയില്‍ എന്തുപങ്കാണ് വഹിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്.

1960കളുടെ ഒടുവില്‍ നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചതു മുതല്‍തന്നെ, ഇന്ത്യയിലെ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനം അതാണെന്നും ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ക്കാനും ഫ്യൂഡലിസത്തില്‍നിന്നും സാമ്രാജ്യത്വ ചൂഷണത്തില്‍നിന്നും ഇന്ത്യന്‍ ജനതയെ മോചിപ്പിക്കാനുംവേണ്ടി ജനങ്ങളെ അണിനിരത്താന്‍ കഴിയുന്ന ഒരേയൊരു മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന അതാണെന്നും അവകാശവാദമുന്നയിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലെ നക്സലിസത്തിന്റെ 40 വര്‍ഷത്തെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത്തരം ഒരു പ്രസ്ഥാനം എന്തുകൊണ്ട് ഇന്ത്യയില്‍ വളര്‍ന്നുവന്നു എന്ന് നാം ആശ്ചര്യപ്പെടില്ല. കാരണം, ഇടതുപക്ഷ പ്രസ്ഥാനം നിലവിലുള്ളതോ വളര്‍ന്നുവരുന്നതോ ആയ ഏതു രാജ്യത്തും ഇടതുപക്ഷ സെക്ടേറിയനും അരാജകവാദപരവും ആയ പ്രവണതകള്‍ നമുക്ക് കാണാന്‍ കഴിയും. 1960കളിലും 1970കളിലും ഇതെല്ലാം ഇന്ത്യയില്‍ സംഭവിക്കുന്നതിനും ഏറെക്കാലം മുമ്പ് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇടതുപക്ഷ സെക്ടേറിയനിസം ഉയര്‍ന്നുവന്നതിനെ വിശകലനംചെയ്തുകൊണ്ട്, ലെനിന്‍ ഈ പ്രശ്നത്തിന്റെ അന്തഃസത്തയെന്തെന്ന് പരിശോധിച്ചിരുന്നു. അദ്ദേഹം ഇങ്ങനെയാണ് അതിനെക്കുറിച്ച് പറഞ്ഞത്: "മുതലാളിത്തത്തിന്റെ ഭീകരതകള്‍മൂലം ഉണ്ടാകുന്ന ഒരു പെറ്റിബൂര്‍ഷ്വാ ചിത്തഭ്രമം ആണിത്. അരാജകവാദത്തെപ്പോലെയുള്ള ഒരു സാമൂഹിക പ്രതിഭാസമായ ഇത് എല്ലാ രാജ്യങ്ങളിലെയും സവിശേഷതയാണ്.''

അപ്പോള്‍, മുതലാളിത്തം വികസിച്ചുതുടങ്ങുന്ന, പ്രധാനമായും പെറ്റിബൂര്‍ഷ്വാ സ്വഭാവത്തോടുകൂടിയ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വിശേഷിച്ചും പെറ്റിബൂര്‍ഷ്വാസിയില്‍ ചില വിഭാഗങ്ങള്‍ ഈ പ്രതിഭാസത്തിന് വിധേയമാകാനിടയുണ്ട്. പൊതുവെ അത് സെക്ടേറിയന്‍ അതിസാഹസിക അക്രമങ്ങളിലാണ് അവസാനിക്കാറുള്ളത്. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ മാവോയിസ്റ്റ്പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍, അടുത്ത കാലത്തായി അവരില്‍നിന്ന് നമുക്ക് അനുഭവപ്പെടുന്ന ഭീകരതയുടേതായ പ്രവണതകള്‍മൂലം, ഈ സംഘടനയെയും ഭീകരന്മാരായി വിശേഷിപ്പിക്കത്തക്കതാണ്. ഒരര്‍ത്ഥത്തില്‍ പലപ്പോഴും ഈ സംഘടന ഭീകരാക്രമണങ്ങളുടെയും അക്രമത്തിന്റെയും രീതിയാണ് അവലംബിക്കുന്നത്. എന്നാല്‍ മാവോയിസ്റ്റ് ഗ്രൂപ്പുകളെയും പാര്‍ടികളെയും ഭീകരസംഘമായി മുദ്രകുത്തുന്നത് അടിസ്ഥാനപരമായി തെറ്റാണ്. 40 വര്‍ഷത്തെ ഈ സംഘടനയുടെ ചരിത്രം ഇടതു സെക്ടേറിയന്‍ നടപടികളാണ് കാഴ്ചവെച്ചിട്ടുള്ളത്.

അവരുടെ പ്രത്യയശാസ്ത്രവും ലോകവീക്ഷണവും എന്താണ്? മാര്‍ക്സിസ്റ്റ് ചട്ടക്കൂടിനുള്ളില്‍തന്നെയാണ് അവര്‍ സ്വയം പ്രതിഷ്ഠിക്കുന്നത്. നമ്മുടെ സമൂഹത്തെയും ലോകത്തെയും അവര്‍ വീക്ഷിക്കുന്നത് ഒരു മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തിലുമാണ്. എന്നാല്‍ ഇന്നത്തെ അവരുടെ ലോകവീക്ഷണം എന്താണ്? ദക്ഷിണേഷ്യയാകെ ഒരു വലിയ വിപ്ളവ വേലിയേറ്റത്തിന്റെ വക്കിലാണ് എന്നാണ് അവര്‍ കരുതുന്നത്. ദക്ഷിണേഷ്യയില്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ മുന്നേറുകയാണെന്നും അവര്‍ കരുതുന്നു. ഇന്നത്തെ ലോകത്ത് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സമരങ്ങളുടെ കേന്ദ്രബിന്ദു പശ്ചിമേഷ്യയാണെന്നും അതുകഴിഞ്ഞാല്‍ ദക്ഷിണേഷ്യ കേന്ദ്രസ്ഥാനത്തെത്തുമെന്നും അവര്‍ പറയുന്നു.

എന്നാല്‍ എന്താണ് ഇന്നത്തെ യാഥാര്‍ത്ഥ്യം? നമുക്ക് പാകിസ്ഥാന്റെ കാര്യംതന്നെയെടുക്കാം. അത് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായ സഖ്യകക്ഷിയാണെന്ന് നമുക്കറിയാം. പാകിസ്ഥാന്‍ ഭരണകൂടത്തിന് ഇന്ന് അമേരിക്കയുടെ സംരക്ഷണമില്ലാതെ നിലനില്‍ക്കാനാവില്ല. ഇന്ത്യയെ തങ്ങളുടെ പ്രമുഖ തന്ത്രപര സഖ്യകക്ഷിയായി അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ബംഗ്ളാദേശിലും അത് വേരുറപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍തന്നെ അത് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വവും നാറ്റോയും അഫ്ഗാനിസ്ഥാനില്‍ ഒരു യുദ്ധം അഴിച്ചുവിട്ടിരിക്കുകയാണ്. പക്ഷേ, അതിനപ്പുറം, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവാണോ ദക്ഷിണേഷ്യ? ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ ഭരണവര്‍ഗങ്ങളെയും അതുവഴി സാമ്രാജ്യത്വത്തെയും തൂത്തെറിയുന്നതിന്റെ വക്കിലാണോ?

ഇന്നത്തെ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അന്തഃസത്ത നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളുമായി അതിന് ഒരു ബന്ധവുമില്ലെന്നതാണ്. പശ്ചിമേഷ്യയെക്കുറിച്ച് പറയുമ്പോള്‍, പശ്ചിമേഷ്യയിലും അഫ്ഗാനിസ്ഥാനിലുമുള്ള താലിബാനെയും മറ്റും ഇസ്ളാമിക മതമൌലികവാദ ശക്തികളെയുമാണ് സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ അവര്‍ തങ്ങളുടെ സഖ്യശക്തികളായി കാണുന്നത്. പാകിസ്ഥാനിലെ സ്വാത്താഴ്വരയും ദക്ഷിണ വസീറിസ്ഥാനുമെല്ലാം സാമ്രാജ്യത്വവിരുദ്ധ ദേശീയ വിമോചനസമരത്തിന്റെ കേന്ദ്രങ്ങളായി അവര്‍ പരിഗണിക്കുന്നു. ശ്രീലങ്കയില്‍ എല്‍ടിടിഇ സൈനികമായി പരാജയപ്പെടുത്തപ്പെടുകയും അതിന്റെ നേതാവ് പ്രഭാകരന്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ അങ്കലാപ്പിലായതും അതുകൊണ്ടാണ്. എല്‍ടിടിഇയെ സാമ്രാജ്യത്വത്തിനെതിരായ ദേശീയ വിമോചന പ്രസ്ഥാനമായി കാണുന്നതുതന്നെ വികലമായ വീക്ഷണമാണ്. എല്‍ടിടിഇക്ക് ഏറ്റ തിരിച്ചടിയെ നാം കാണുന്നത്, ശ്രീലങ്കയിലെ തമിഴര്‍ക്കിടയില്‍ ശക്തമായ ഒരു ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ തുടങ്ങാനുള്ള അവസരമായാണ്.

അവരുടെ ലോകവീക്ഷണമാകെ വളച്ചൊടിക്കപ്പെട്ടതും വികലവുമാണെന്നതുപോലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഭരണവര്‍ഗം കോമ്പ്രദോര്‍ സ്വഭാവത്തോടുകൂടിയതാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ പ്രത്യയശാസ്ത്രവും വീക്ഷണവുംതന്നെയാണ് കോമ്പ്രദോര്‍. ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി ഇടതുപക്ഷ സെക്ടേറിയനിസത്തിന്റെ പിടിയില്‍ അകപ്പെട്ടിരുന്ന കാലത്ത് മുന്നോട്ടുവെച്ച ആശയത്തെ ആകപ്പാടെ അവര്‍ കടമെടുത്തിരിക്കുകയാണ്.

അതിന്റെ അനന്തരഫലം എന്താണ്? ഇന്ത്യ അര്‍ദ്ധകോളനി, അര്‍ദ്ധഫ്യൂഡല്‍ രാജ്യമാണെന്ന് പറഞ്ഞാല്‍, വര്‍ഗപരമായ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കലാണ്. 20-ാം നൂറ്റാണ്ടില്‍ മോചനം നേടിയ രാജ്യങ്ങളില്‍വെച്ച് ഏറ്റവും ശക്തമായ ബൂര്‍ഷ്വാസിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ശക്തമായ മുതലാളിത്ത അടിത്തറയും ഭരണകൂടവും ഇന്ത്യയില്‍ വികസിച്ചിട്ടുണ്ട്. കാര്‍ഷികരംഗത്തെ മുതലാളിത്തത്തിന്റെ വികാസത്തെ അവര്‍ നിഷേധിക്കുകയാണ്.

സൈദ്ധാന്തികമായും ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല; കാരണം അത്തരത്തില്‍ ഇന്ത്യയില്‍ മുതലാളിത്തം വികസിച്ചതായി അവര്‍ കാണുന്നില്ല. അവരുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളിലോ പ്രസ്താവനകളിലോ പ്രവര്‍ത്തനങ്ങളിലോ തൊഴിലാളിവര്‍ഗത്തിന് അവര്‍ എന്തെങ്കിലും സ്ഥാനം നല്‍കുന്നതായി കാണാനാവില്ല. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് കര്‍ഷക ജനതയെക്കുറിച്ചുമാത്രമാണ്. കര്‍ഷകജനസാമാന്യം വിപ്ളവപാതയിലൂടെ മുന്നേറുകയാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരിടത്തും ശക്തമായ ഒരു കര്‍ഷക പ്രസ്ഥാനം അവര്‍ കെട്ടിപ്പടുത്തിട്ടുള്ളതായി നമുക്ക് കാണാനാവില്ല. ഇപ്പോഴത്തെ മാവോയിസ്റ്റ് പാര്‍ടിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അവര്‍ ആകെ സജീവമായിട്ടുള്ളതും കുറച്ച് ജനങ്ങളെ അണിനിരത്തുന്നതില്‍ അവര്‍ വിജയം വരിച്ചിട്ടുള്ളതും ഗിരിവര്‍ഗമേഖലകളില്‍ മാത്രമാണ്. ഛത്തീസ്ഗഢും ഝാര്‍ഖണ്ഡും ഒറീസയിലെ ചില ഭാഗങ്ങളും ബിഹാറിലും ഇപ്പോള്‍ അവര്‍ ശ്രമം നടത്തുന്ന പശചിമബംഗാളിലെ ഝാര്‍ഖണ്ഡിനോട് ചേര്‍ന്ന മൂന്ന് ജില്ലകളും മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയും എല്ലാം ഗിരിവര്‍ഗ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന കുന്നിന്‍നിരകളും കൊടും കാടും നിറഞ്ഞ ഉള്‍പ്രദേശങ്ങളാണ്. വികസനത്തിന്റെയും വാര്‍ത്താവിനിമയ സൌകര്യങ്ങളുടെയുമെല്ലാം കാര്യത്തില്‍ ഏറ്റവും പിന്നണിയിലുള്ള പ്രദേശങ്ങളുമാണ് ഇവ. ഇത്തരം പ്രദേശങ്ങളില്‍ അവരുടെ സായുധ സംഘങ്ങള്‍ക്കും ഗറില്ലകള്‍ക്കും ഒളിത്താവളങ്ങള്‍ക്കും സൌകര്യമുണ്ട്. പക്ഷേ തൊഴിലാളിവര്‍ഗത്തെയും കര്‍ഷകജനസാമാന്യത്തെയും അടിസ്ഥാനമാക്കിയുള്ള വിപ്ളവപ്രസ്ഥാനം എവിടെ? അതവരുടെ ചിന്തയില്‍പ്പോലും ഇല്ലാത്ത കാര്യമാണ്. അവര്‍ വര്‍ഗശത്രുക്കളുടെ ഉന്മൂലനത്തെക്കുറിച്ചാണ് പറയുന്നത്. ഇത് പുതിയ കാര്യമല്ല. ആദ്യത്തെ നക്സലൈറ്റ് പ്രസ്ഥാനം പശ്ചിമബംഗാളില്‍ കര്‍ഷകജനതയെ അണിനിരത്താന്‍ പറ്റാതായതിനെ തുടര്‍ന്നാണ് വര്‍ഗശത്രുക്കളുടെ ഉന്മൂലനം എന്ന അടവിലേക്ക് തിരിഞ്ഞത്. എന്നാല്‍ അവര്‍ പ്രധാനമായും ലക്ഷ്യംവെച്ചിട്ടുള്ളത് സാധാരണക്കാരായ പൊലീസുകാരെയും ഭരണകൂടത്തിന്റെ ഏജന്റുമാരെന്നപേരില്‍ സാധാരണ ജനങ്ങളെയുമാണ്.

ഇത്രയും വര്‍ഷത്തെ അവരുടെ സെക്ടേറിയന്‍ സാഹസികനയങ്ങളില്‍, അവര്‍ സായുധസംഘങ്ങളെയും ആയുധങ്ങളെയും മാത്രമാണ് ആശ്രയിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശില്‍ മുമ്പ് പരീക്ഷിച്ചതാണ് ഇത്. അവിടെ ഭരണകൂടവും പൊലീസും അവരുടെ താവളങ്ങളെയും സായുധ സംഘങ്ങളെയും ആക്രമിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് അവര്‍ ഛത്തീസ്ഗഢിലേക്കും ഒറീസയിലേക്കും മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിലേക്കും ഝാര്‍ഖണ്ഡിലേക്കും ഇപ്പോള്‍' ഝാര്‍ഖണ്ഡ് അതിര്‍ത്തിയിലുള്ള പശ്ചിമബംഗാളിലെ ചില മേഖലകളിലേക്കും നീങ്ങുകയാണുണ്ടായത്.

ഭരണവര്‍ഗങ്ങള്‍ക്കും ഭരണകൂടത്തിനും എതിരായി ഏറ്റുമുട്ടുന്ന ഒരേയൊരു പാര്‍ടിയും ശക്തിയും തങ്ങളാണെന്ന മാവോയിസ്റ്റുകളുടെ അവകാശവാദം തികച്ചും പൊള്ളയാണ്. വര്‍ഗപരമായ അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണത്തിനും വിധേയരാകുന്ന ജനങ്ങള്‍ അവരുടെ ചിത്രത്തില്‍ ഇല്ല; അത്തരം ജനവിഭാഗങ്ങളെ ഭരണകൂടത്തിനെതിരെ അണിനിരത്തുന്നത് അവരുടെ തന്ത്രത്തിന്റെ ഭാഗവുമല്ല.

1980കളോടെ ഏറെക്കുറെ അവര്‍ ശിഥിലീകരിക്കപ്പെട്ടിരുന്നു. 2004-ല്‍ ആന്ധ്രയിലെ പീപ്പിള്‍സ് വാര്‍ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും തമ്മില്‍ ലയിച്ചതിനുശേഷമാണ് ആയുധ ശക്തിയുടെയും സായുധ സംഘങ്ങളുടെയും കാര്യത്തില്‍ അവര്‍ ശക്തരായത്. ആയുധങ്ങളും സ്ഫോടകസാധനങ്ങളും അത് പ്രയോഗിക്കാനുള്ള അറിവും അവര്‍ക്ക് ലഭിച്ചത് എല്‍ടിടിഇയില്‍ നിന്നാണ്-ആ കാലത്ത് ആന്ധ്രാപ്രദേശത്തെ താവളങ്ങളില്‍ അവര്‍ക്ക് എല്‍ടിടിഇയില്‍നിന്ന് പരിശീലനവും ലഭിച്ചിരുന്നു. അവര്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണെന്നും "ബഹുജനങ്ങളാകെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നതിനാല്‍ വിപ്ളവവസന്തത്തിന്റെ ഇടിമുഴക്കം ആസന്നമായിരിക്കുന്നു'' എന്നുമുള്ള അവരുടെ അവകാശവാദങ്ങള്‍ സാംസ്കാരിക വിപ്ളകാലത്ത് ഉപയോഗിച്ചിരുന്ന ചില പദാവലികളുടെ അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അവരുടെ പ്രത്യയശാസ്ത്രവും ലോക വീക്ഷണവും രാഷ്ട്രീയവും.

അവര്‍ സിപിഐ എമ്മിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ പുതിയ കാര്യമല്ല. 1970-72 കാലത്താണ് സിപിഐ എമ്മിനെതിരായി നക്സലൈറ്റുകള്‍ ഏറ്റവും വലിയ കടന്നാക്രമണങ്ങള്‍ നടത്തിയത്. സിപിഐ എമ്മിനെതിരെ ഇന്ത്യന്‍ ഭരണകൂടവും ഭരണവര്‍ഗങ്ങളും ഏറ്റവും ഭീകരമായ ആക്രണം അഴിച്ചുവിട്ടിരുന്ന കാലവുമായിരുന്നു അത്. 1967ല്‍ പശ്ചിമബംഗാളില്‍ ആദ്യത്തെ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകൃതമായി. അത് അട്ടിമറിക്കപ്പെട്ടു. 1969ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. അതില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ നിലവില്‍വന്നു. പശ്ചിമബംഗാളില്‍ കര്‍ഷകപ്രസ്ഥാനവും ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളും അഭൂതപൂര്‍വമായ നിലയില്‍ ശക്തിയാര്‍ജിച്ച കാലമായിരുന്നു അത്. ആ സമരങ്ങളിലൂടെയാണ് സിപിഐ എമ്മിന്റെ അടിത്തറ വികസിച്ചതും രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചതും. ഭരണവര്‍ഗം അതിക്രൂരമായാണ് തിരിച്ചടിച്ചത്. സര്‍ക്കാരിനെ പിരിച്ചുവിട്ട്, പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകമാത്രമല്ല അവര്‍ ചെയ്തത്; ആ കാലത്ത് ഭരണകൂടത്തിന്റെയും കോണ്‍ഗ്രസ് പാര്‍ടിയുടെയും സമസ്തശക്തിയും സിപിഐ എമ്മിനെതിരെ അഴിച്ചുവിടുകയുമുണ്ടായി. ആ കാലത്ത് സിപിഐ എം രാഷ്ട്രീയമായി പൂര്‍ണ്ണമായും ഒറ്റപ്പെടുത്തപ്പെട്ടു. ഏറെക്കുറെ മറ്റു പാര്‍ടികളെല്ലാം അകന്നുമാറിയിരുന്നു. ആ കാലത്തായിരുന്നു, തങ്ങള്‍ ആരംഭിച്ച 'കാര്‍ഷികവിപ്ളവ'ത്തിന്റെ പരാജയത്തെ തുടര്‍ന്ന് പിന്മാറിയിരുന്ന നക്സലൈറ്റുകള്‍ ഉന്മൂലനനയം ആരംഭിച്ചത്. 1970 മുതല്‍ 1977ല്‍ അടിയന്തിരാവസ്ഥ അവസാനിക്കുന്നതുവരെയുള്ള കാലത്ത് സിപിഐ (എം) കാഡര്‍മാരും അണികളുമായ ഏകദേശം 1200 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 350 ഓളം പേരെ കൊലപ്പെടുത്തിയത് നക്സലൈറ്റുകളാണ്. കോണ്‍ഗ്രസ് ഗുണ്ടകളും പൊലീസുമാണ് ബാക്കിയുള്ളവരെ കൊന്നത്. നക്സലൈറ്റുകള്‍ 350 സിപിഐ (എം) പ്രവര്‍ത്തകരെ കൊന്നത് പ്രധാനമായും 1970 മധ്യത്തിനും 1971 അവസാനത്തിനും ഇടയ്ക്കുള്ള കാലത്തായിരുന്നു. സിപിഐ (എം)ന്റെ മുന്നേറ്റത്തെ തടയാന്‍ ഈ കൊലപാതകങ്ങളല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ കണ്ടില്ല.

പശ്ചിമബംഗാളിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ കാലമായിരുന്നു അത്. ഇടതുപക്ഷം എന്ന് വിളിക്കപ്പെടുന്നവരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഭീകരവും നിഷ്ഠുരവുമായ ആക്രമണങ്ങള്‍ ആ കാലത്ത് നമ്മുടെ പാര്‍ടിയെ ഗുരുതരമായ അവസ്ഥയിലാണെത്തിച്ചത്. വളരെക്കുറച്ച് ആളുകളും പാര്‍ടികളും മാത്രമെ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്ന് പറയാന്‍പോലും തയ്യാറായുള്ളു. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ടിക്കെതിരെ പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളും ആക്രമണം അഴിച്ചുവിട്ടിരുന്ന കാലമായിരുന്നു അത്. കൂട്ടായ ആക്രമണത്തിന്റെ ഭാഗമായി സിപിഐ (എം) കേഡര്‍മാരെ വേട്ടയാടാനും കൊന്നൊടുക്കാനും നക്സലൈറ്റുകളെയാണ് ഉപയോഗിച്ചിരുന്നത് (അന്ന് മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ഒരു വിഭാഗം രൂപംകൊണ്ടിരുന്നില്ല.) ഇവരില്‍ പലരും മുമ്പ് സിപിഐ എമ്മില്‍ ഉണ്ടായിരുന്നവരായതുകൊണ്ട് അവര്‍ക്ക് നന്നായി അത് നടപ്പാക്കാനും കഴിഞ്ഞു. ഇപ്പോള്‍ അത് ആവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് സിപിഐ (എം) പ്രവര്‍ത്തകരെ കൊല്ലുന്നതിനും പാര്‍ടി ഓഫീസുകള്‍ ആക്രമിക്കുന്നതിനും പാര്‍ടി അംഗങ്ങളുടെ വീടുകളും കുടുംബങ്ങളെയും ആക്രമിക്കുന്നതിനും പശ്ചിമബംഗാളില്‍ ബോധപൂര്‍വവും ആസൂത്രിതവുമായ നീക്കമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും അവരുടെ കൂട്ടാളികളുമാണ് അത് നടത്തുന്നത്.

എന്നാല്‍ പശ്ചിമബംഗാളിലെ ഒരു പ്രത്യേകത ആക്രമണം വലതുപക്ഷത്തുനിന്ന് മാത്രമല്ല, തീവ്ര ഇടതുപക്ഷത്തുനിന്നുമുണ്ടാകുന്നതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം - മാവോയിസ്റ്റ് ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് സിപിഐ (എം)ന്റെ 70 സഖാക്കളാണ്-ഇതാകെ പ്രധാനമായും പശ്ചിമ മെദിനിപ്പൂര്‍ ജില്ല കേന്ദ്രീകരിച്ചും അതിനോടടുത്തുള്ള ബങ്കുറ, പുരുളിയ ജില്ലകളിലായുമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അവര്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ വധിക്കാന്‍ ശ്രമംനടത്തി. "മുഖ്യമന്ത്രിയെ വധിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്, അതിനിയും തുടരുകയും ചെയ്യും'' എന്നാണ് അവര്‍ ധിക്കാരപൂര്‍വം പ്രഖ്യാപനം നടത്തിയത്. അതേ തുടര്‍ന്നാണ് ലാല്‍ഗഢിലെ കുഴപ്പങ്ങള്‍ ആരംഭിച്ചത്; അതിപ്പോഴും തുടരുകയുമാണ്. ആറുമാസത്തിലേറെക്കാലം പൊലീസ് അവരുമായി ഏറ്റുമുട്ടാതെ ഒഴിഞ്ഞുമാറിയതില്‍നിന്ന് അവര്‍ മുതലെടുത്തു. നന്ദിഗ്രാമിലെപ്പോലെ ഇവിടെയും സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി പിന്നില്‍നിന്ന് ആക്രമിക്കുന്നതായിരുന്നു അവരുടെ അടവ്. അതുകൊണ്ടാണ് ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ആദ്യം ഇവിടെനിന്ന് പൊലീസ് പിന്‍വാങ്ങിയത്. വനപ്രദേശത്തും പഞ്ചായത്ത് മേഖലയിലും ചില സ്ഥലങ്ങളില്‍ ഇവര്‍ ഈ അവസരം മുതലെടുത്ത് പിടിമുറുക്കുകയായിരുന്നു. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നത് അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ അവരുടെ ബഹിഷ്കരണാഹ്വാനത്തിന് വമ്പിച്ചതോതില്‍ അനുകൂല പ്രതികരണം ഉണ്ടായതായാണ്.

ഏതു തെരഞ്ഞെടുപ്പായാലും അവരുടെ പൊതുസമീപനം ബഹിഷ്കരണത്തിന് ആഹ്വാനം നടത്തുകയെന്നതാണ്. അവര്‍ പ്രവര്‍ത്തനം നടത്തുന്ന, അവര്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലെല്ലാം ബഹിഷ്കരണാഹ്വാനം ഫലപ്രദമായി എന്നാണ് അവര്‍ പറയുന്നത്. ലാല്‍ഗഢിലും അതുള്‍ക്കൊള്ളുന്ന ഝാര്‍ഗ്രാം നിയോജകമണ്ഡലത്തിലും എന്താണ് സംഭവിച്ചത്? ഒട്ടേറെ സ്ഥലങ്ങളില്‍ പരാജയപ്പെട്ടപ്പോഴും സിപിഐ (എം)വിജയിച്ച മണ്ഡലമാണത്-ഏറ്റവും വലിയ ഭൂരിപക്ഷം നേടി പാര്‍ടി വിജയിച്ച മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗ്രാമീണ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും മറ്റും ഇടയില്‍ പാര്‍ടിയുടെ സ്വാധീനം കുറഞ്ഞുവെങ്കിലും ഗിരിവര്‍ഗക്കാര്‍ക്കിടയിലെ സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞതായാണ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് അവലോകനം വെളിപ്പെടുത്തുന്നത്. മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള, തെരഞ്ഞെടുപ്പുകാലത്ത് അവര്‍ നമ്മുടെ പാര്‍ടി സഖാക്കള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്ന ഝാര്‍ഗ്രാമില്‍ 65 ശതമാനത്തിലധികം ആളുകള്‍ വോട്ടുരേഖപ്പെടുത്തുകയും പാര്‍ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും വോട്ടുചെയ്യുന്നില്ലെന്നും മറ്റുമുള്ള മാവോയിസ്റ്റുകളുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. മാവോയിസ്റ്റുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അപൂര്‍വം ചില സ്ഥലങ്ങളില്‍ ഒഴിച്ച് പശ്ചിമ മേദിനിപ്പൂര്‍ ജില്ലയിലെ ഗിരിവര്‍ഗ ജനത ഒന്നാകെ അവരുടെ ബഹിഷ്കരണാഹ്വാനത്തെ തള്ളിക്കളയുകയായിരുന്നു.

മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ള പ്രദേശങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചകാലത്ത് യഥാര്‍ത്ഥത്തില്‍ നക്സല്‍ബാരിയില്‍ ആയിരുന്നില്ല അവര്‍ക്ക് വലിയൊരു മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത്. അവര്‍ക്ക് ഒരു ജനകീയ പ്രസ്ഥാനം ഉണ്ടാക്കാന്‍ കഴിഞ്ഞത്, അവര്‍ക്ക് ആളുകളെ അണിനിരത്താന്‍ കഴിഞ്ഞത,് പ്രധാനമായും ഗിരിവര്‍ഗജനവിഭാഗങ്ങളും ഒപ്പം കര്‍ഷകജനതയും ഉള്ള ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തായിരുന്നു-ശ്രീകാകുളം ജില്ലയിലും ഒറീസയുടെ അതിര്‍ത്തിയിലുള്ള ഗിരിവര്‍ഗ മേഖലയിലുമായിരുന്നു. 10 വര്‍ഷത്തിനുമുമ്പ് ഞാന്‍ അവിടെ പോയിരുന്നു. അപ്പോള്‍ അവിടെ പ്രസ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. ഒന്നും അവശേഷിച്ചിരുന്നില്ല. ഇതാണ് വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ പാര്‍ടിയുടെ ജില്ലാകമ്മിറ്റി അംഗമായിരുന്ന ചൌധരി തേജേശ്വരറാവു മാത്രമാണ് അവിടെ അവശേഷിച്ചിട്ടുള്ള ഒരേയൊരു നേതാവ്. അദ്ദേഹം പറഞ്ഞത് "ഞങ്ങള്‍ ചെയ്തതെല്ലാം പിശകായിരുന്നു'' എന്നാണ്. മാവോയിസ്റ്റുകള്‍ പൊലീസുകാരെ കൊല്ലുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും വ്യാപകമായ അക്രമം അഴിച്ചുവിടുകയും ചെയ്യുമ്പോള്‍, അതിനെതിരെ ഭരണകൂടം ശക്തമായി തിരിച്ചടിക്കുകയും അടിച്ചമര്‍ത്തല്‍ വ്യാപകമാക്കുകയും ചെയ്യുന്നതോടെ ഗിരിവര്‍ഗ ജനതയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി ഉണ്ടാകുന്നു. അവര്‍ക്ക് പിന്നീട് വളരെ ക്കാലത്തേക്ക് തല ഉയര്‍ത്താനും അവകാശങ്ങള്‍ക്കായി പോരാടാനും പറ്റാതാവുന്നു. അങ്ങനെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ക്ഷണിച്ചുവരുത്തുന്ന ഈ പ്രകോപനപരമായ അക്രമങ്ങള്‍ ഗിരിവര്‍ഗജനതയുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ പ്രശ്നത്തെ ഇന്ത്യാ ഗവണ്‍മെന്റും ഭരണവര്‍ഗങ്ങളും വീക്ഷിക്കുന്നതും കൈകാര്യംചെയ്യുന്നതും എങ്ങനെയെന്നും നോക്കാം. നിയമവിരുദ്ധ നടപടികള്‍ തടയുന്നതിനുള്ള നിയമവുമായി അവര്‍ വന്നപ്പോള്‍ ഇത്തരം നിയമങ്ങളെ അനുകൂലിക്കാന്‍ നമുക്ക് പറ്റില്ലെന്നാണ് നാം പറഞ്ഞത്. മാവോയിസ്റ്റുകള്‍ ഭീകര സംഘടനയാണ്; അതുകൊണ്ട് ലഷ്കറെയെയും ഹുജിയെയും എന്നതുപോലെ ഇവരെയും നേരിടണമെന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ലഷ്കറെയും ഹുജിയും അതുപോലുള്ള സംഘടനകളുമെല്ലാം നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് വ്യാപൃതരായിരിക്കുന്നത്; അവര്‍ക്ക് മറ്റൊരു അജണ്ടയുമില്ല; ഒരു രാഷ്ട്രീയ പരിപാടിയുമില്ല.

ആയതിനാല്‍ ഇത്തരം സംഘടനകളെ കൈകാര്യംചെയ്യുന്നതിനുള്ള നടപടികള്‍ മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പ്രയോഗിക്കുന്നതിനോട് സിപിഐ എമ്മിന് യോജിക്കാനാവില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റു വിപത്തിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമാണ് നേരിടേണ്ടത്. അവര്‍ വാഹനങ്ങളില്‍ സ്ഫോടനം നടത്തുകയും ട്രെയിനുകള്‍ ആക്രമിക്കുകയും സാധാരണജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുമ്പോള്‍ മറിച്ചുള്ള നിലപാടും സ്വീകരിക്കണം-അക്രമത്തെ അടിച്ചമര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കണം. അതിന് പൊലീസിനെയും സുരക്ഷാസേനയേയുമെല്ലാം ഉപയോഗിക്കണം. സാധാരണ ഒരു ഭീകര സംഘടനയെ നേരിടുന്നതുപോലെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ നേരിടാനാവില്ല. നിരോധനംകൊണ്ടും യഥാര്‍ഥത്തില്‍ അവരുടെ പ്രവര്‍ത്തനത്തെ തടയാനാവില്ല. ഇതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമതായി ഗിരിവര്‍ഗ ജനതയോട് നീതിപുലര്‍ത്തണമെന്ന് സര്‍ക്കാരിന് ബോധ്യംവേണം. വിദൂരസ്ഥമായ ഗിരിവര്‍ഗ മേഖലകളില്‍ വികസനവും അടിസ്ഥാന സൌകര്യവും ഒരുക്കുന്നതിനുവേണ്ട ഭരണകൂടത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായുള്ള ആദ്യ നടപടികള്‍ സ്വീകരിക്കുന്നതിനുപോലും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രണ്ടുദിവസത്തിനുമുമ്പ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ഗിരിവര്‍ഗ വനാവകാശ നിയമം നടപ്പാക്കുന്നതിനെക്കുറിച്ചാണ്. ആ നിയമം പാസാക്കാന്‍ കോണ്‍ഗ്രസിന് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. നമ്മുടെ സമ്മര്‍ദ്ദംകൊണ്ടാണ് അത് പാസാക്കിയത്. എന്നാല്‍ ഇപ്പോഴും അത് രാജ്യത്തിന്റെ പല ഭാഗത്തും ഇനിയും നടപ്പിലാക്കുന്നില്ല. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ "ഖനികളേയും ധാതുക്കളെയും സംബന്ധിച്ച നയമാണ് ഇന്ന് ഗോത്രവര്‍ഗജനതയെ ഏറ്റവും അധികം ദുരിതത്തില്‍ അകപ്പെടുത്തുന്നതും അവരെ ചൂഷണംചെയ്യുന്നതില്‍'' സഹായിക്കുന്നതും എന്ന കാര്യം പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

ആദിവാസികള്‍ അധിവസിക്കുന്ന വനമേഖലയാകെ ഇന്ന് സ്വദേശിയും വിദേശിയുമായ വന്‍കിട മൈനിങ് കമ്പനികളുടെ ചൂഷണമേഖലയായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മിനറല്‍നയമാണ് അതിന് അവസരമൊരുക്കിയിരിക്കുന്നത്. ഒറീസയിലും ഛത്തീസ്ഗഢിലുമെല്ലാം അതാണ് സംഭവിക്കുന്നത്. ഗിരിവര്‍ഗജനതയെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതും അവരുടെ ഉപജീവനമാര്‍ഗവും പരമ്പരാഗത അധിവാസ കേന്ദ്രങ്ങളും ഇല്ലാതാവുന്നതുമാണ് പ്രധാന പ്രശ്നം. ഗോത്ര സമൂഹം എന്ന നിലയിലുള്ള തങ്ങളുടെ സ്വത്വം തന്നെ ഇല്ലാതാക്കപ്പെടുന്നതായാണ് അവര്‍ ഭയക്കുന്നത്. ഇതിനെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടുന്നില്ല. മുറിവിന് പുറത്ത് തൈലംപുരട്ടുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. മാവോയിസ്റ്റുകളുടെ പ്രശ്നം കൈകാര്യംചെയ്യണമെങ്കില്‍ ഈ ഭീകരമായ ചൂഷണം അനുഭവിക്കുന്ന ഗിരിവര്‍ഗ ജനതയെ അവരില്‍നിന്ന് അകറ്റണം. അതിന് ഭരണകൂടം ഈ പ്രദേശത്ത് സാമൂഹിക-സാമ്പത്തിക പരിപാടികള്‍ അടിയന്തിരമായും നടപ്പിലാക്കണം. ഗിരിവര്‍ഗ ജനതയ്ക്ക് അവരുടെ പ്രാഥമികമായ അവകാശങ്ങള്‍ നിഷേധിക്കില്ല എന്ന് ഉറപ്പാക്കണം; അവരെ സംബന്ധിച്ചിടത്തോളം വികസനമെന്നാല്‍ അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥയില്‍ കഴിയാന്‍ അവര്‍ക്ക് പറ്റുമെന്ന് ഉറപ്പുവരുത്തുകയും അവിടെ അവര്‍ക്ക് പണിയെടുക്കാന്‍ പറ്റുമെന്നും ഉറപ്പാക്കുകയെന്നാണ് അര്‍ത്ഥം. റോഡുകള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവപോലുള്ള എല്ലാ പൌരന്മാര്‍ക്കും ഭരണകൂടം ലഭ്യമാക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ അവര്‍ക്കും ഉറപ്പാക്കുന്നതിനുപുറമെ അവരുടേതായ പ്രവര്‍ത്തനരീതികള്‍ സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കേണ്ട കാര്യങ്ങളാണിത്.

മറ്റൊരു കാര്യം, ഈ പ്രദേശങ്ങളെയും ഗിരിവര്‍ഗജനങ്ങളുടെ സാഹചര്യത്തെയും പ്രത്യക്ഷത്തില്‍ ബാധിച്ചിട്ടുള്ള നവലിബറല്‍ നയങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാണ്. ഇല്ലെങ്കില്‍ ഈ പ്രശ്നത്തിന് പരിഹാരമാവില്ല. കടുത്ത അടിച്ചമര്‍ത്തലുകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം വാസ്തവത്തില്‍ മാവോയിസ്റ്റുകളെയല്ല ബാധിക്കുന്നത്.

മാവോയിസ്റ്റുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോള്‍ നാം കണ്ടുകഴിഞ്ഞു. അവര്‍ വനങ്ങളുടെ ഉള്‍പ്രദേശങ്ങളിലാണ് തങ്ങുന്നത്; ആക്രമിക്കുകയും ഓടിക്കളയുകയുമാണ് അവരുടെ രീതി; അതുകൊണ്ട് അര്‍ദ്ധസൈനിക വിഭാഗത്തിനോട് എതിരിടാന്‍ അവരുണ്ടാവില്ല. അര്‍ദ്ധസൈനിക വിഭാഗം എത്തുന്നതിനുമുമ്പ് അവര്‍ സ്ഥലംകാലിയാക്കും. അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ആക്രമണം നേരിടേണ്ടതായി വരുന്നത് മാവോയിസ്റ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളായിരിക്കും. പുറത്തുനിന്നു വരുന്ന അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് മിത്രത്തെയും ശത്രുവിനെയും-ഗോത്രവര്‍ഗക്കാരെയും മാവോയിസ്റ്റുകളെയും-തമ്മില്‍ തിരിച്ചറിയാനാവില്ല. അവര്‍ കണ്ണില്‍കണ്ട ജനങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടും. ഇതാണ് ഒടുവില്‍ സംഭവിക്കുന്നത്. പൊലീസുകാരെ കൂട്ടത്തോടെ കൊല്ലുകയും പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് കൂട്ടക്കുരുതി നടത്തുകയും ട്രെയ്നുകള്‍ ആക്രമിക്കുകയും തടഞ്ഞുവെയ്ക്കുകയും (രാജധാനി സംഭവത്തെ ഇക്കൂട്ടത്തില്‍ കൂട്ടാനാവില്ല) സ്കൂളുകള്‍ ആക്രമിക്കുകയുമെല്ലാം ചെയ്തുകൊണ്ട് അവര്‍ പ്രകോപനമുണ്ടാക്കി ഭരണകൂടത്തിന്റെ കടന്നാക്രമണം ക്ഷണിച്ചുവരുത്തുകയാണ്. അവര്‍ ഝാര്‍ഖണ്ഡിലും ബിഹാറിലും ഛത്തീസ്ഗഢിലുമെല്ലാം സിപിഐ (എം) കാഡര്‍മാരെ മാത്രമല്ല മറ്റു പാര്‍ടികളിലെ ആളുകളെയും കൊല്ലുന്നുണ്ട്. എന്നാല്‍ സിപിഐ എമ്മിന്റെ കാര്യത്തില്‍ അവര്‍ക്ക് പ്രത്യേക താല്‍പര്യംതന്നെയുണ്ട്. ഛത്തീസ്ഗഢിലെ കല്‍ഖേത്തില്‍ സിപിഐ (എം) ന്റെ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയെ നാലാഴ്ചമുമ്പ് അവര്‍ വകവരുത്തി. സുന്ദര്‍ഗഡില്‍ ഒരു പാര്‍ടി ഓഫീസ് അവര്‍ തകര്‍ത്തു. അപ്പോള്‍ അവിടെ ആളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. മൂന്ന്-നാല് ആഴ്ചമുമ്പ് ആന്ധ്രപ്രദേശില്‍ അവര്‍ നമ്മുടെ ഒരു പ്രധാന പ്രാദേശിക സഖാവിനെ കൊലപ്പെടുത്തി. അങ്ങനെ അവര്‍ നമ്മുടെ പാര്‍ടിയെ പ്രധാന ലക്ഷ്യമാക്കിയിരിക്കുകയാണ്; കാരണം, നാം പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയുംപോലെയല്ല. നമ്മള്‍ ഉള്ള സ്ഥലങ്ങളില്‍ നാം അവരെ രാഷ്ട്രീയമായി നേരിടും. അതാണ് അവര്‍ക്ക് അല്‍പവും സഹിക്കാത്തത്. എങ്ങനെയാണ് നാം അവരോട് പൊരുതുന്നത്? നാം തോക്കുകൊണ്ടല്ല അവരെ നേരിടുന്നത്. പശ്ചിമബംഗാളില്‍ നാം അത് ചെയ്തിരുന്നെങ്കില്‍ മാവോയിസ്റ്റുകളുടെ പൊടിപോലും അവശേഷിക്കുമായിരുന്നില്ല. നാം ഉള്ള സ്ഥലങ്ങളിലെല്ലാം പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും രാഷ്ട്രീയമായുമാണ് നാം അവരെ നേരിടുന്നത്. നാം ജനങ്ങളെ അണിനിരത്തുകയും ഇതല്ല ശരിയായ വഴി എന്നു പറയുകയും ചെയ്യുന്നു. എന്നാല്‍ മാവോയിസ്റ്റുകള്‍ കരുതുന്നത് സിപിഐ (എം) നെ ഉന്മൂലനംചെയ്താല്‍ മാത്രമേ അവര്‍ക്ക് മുന്നേറാനാവൂ എന്നാണ്. അതാണ് സിപിഐ (എം) ദുര്‍ബലമായ പ്രദേശങ്ങളില്‍പോലും അവര്‍ പാര്‍ടിയെ ആക്രമണലക്ഷ്യമാക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം.

1980കളില്‍ നക്സലൈറ്റുകളെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ ഗൌരവപൂര്‍വം ഒരു ശ്രമം നടത്തിയിരുന്നു. 1985ല്‍ ഞാന്‍ അതിനെക്കുറിച്ച് എഴുതുകയും ചെയ്തു. അന്നവര്‍ 24 ഗ്രൂപ്പുകളായി ചിന്നിച്ചിതറിയിരുന്നു. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ ഞാന്‍ വളരെ പണിപ്പെട്ട് ഈ ഗ്രൂപ്പുകളുടെ ഡയഗ്രം തയ്യാറാക്കി. അവര്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പുനരുജ്ജീവിക്കപ്പെടും എന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. ഇത് അവസാനത്തേതാണെന്നും ഞാന്‍ കരുതുന്നില്ല-കാരണം നമ്മുടെ രാജ്യത്ത് ഇടതുപക്ഷ സെക്ടേറിയന്‍ അതിസാഹസികരാഷ്ട്രീയത്തിന് എപ്പോഴും സാധ്യതയുണ്ട്. കാരണം അതൊരു എളുപ്പവഴിയാണ്. അത് ഒരു വിപ്ളവവും ഉണ്ടാക്കില്ല.

ഗിരിവര്‍ഗ മേഖലകള്‍ക്കുപുറമെ അവര്‍ക്ക് കുറെ അനുഭാവികളെയും പിന്തുണയും ലഭിക്കുന്നത് നഗരപ്രദേശങ്ങളിലെ ബുദ്ധിജീവികളില്‍നിന്നാണ്. ഏത് പട്ടണത്തിലും നഗരത്തിലും അവര്‍ക്ക് സജീവമായ പിന്തുണ നല്‍കിയില്ലെങ്കിലും അവരോട് അനുഭാവം പുലര്‍ത്തുന്ന ഒരു വിഭാഗം ബുദ്ധിജീവികളെ കാണാം. അവര്‍ പറയുന്നത് എന്തായാലും മാവോയിസ്റ്റുകള്‍ പാവപ്പെട്ടവര്‍ക്കും മര്‍ദ്ദിതര്‍ക്കുംവേണ്ടി പൊരുതുന്നവരാണല്ലോ എന്നാണ്. അവര്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നു. ഇതിനും പുറമെ മാവോയിസ്റ്റുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം പ്രാവീണ്യം നേടിയിട്ടുള്ള, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇതിനായി പ്രവര്‍ത്തിക്കുന്ന വിവിധ മനുഷ്യാവകാശ സംഘടനകളും പൌരാവകാശ പ്രസ്ഥാനങ്ങളുമുണ്ട്. മാവോയിസ്റ്റുകളെ സംബന്ധിച്ച് ഇങ്ങനെ ഒരു പൊതു റൊമാന്റിക് വീക്ഷണം നിലവിലുണ്ട്; ഇതൊരു വസ്തുതയാണ്; ഇത് മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ളിടത്ത് മാത്രം നാം മാവോയിസ്റ്റുകളുടെ വിഷയം കൈകാര്യംചെയ്താല്‍ പോര; നഗരങ്ങളിലെ ബുദ്ധിജീവി വിഭാഗങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ ഇന്ന് മാവോയിസം എന്താണ് എന്ന് രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും തുറന്നുകാണിക്കണം; അതിനുവേണ്ടി ഈ വിഭാഗങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും അവരുമായി സംവാദത്തിലേര്‍പ്പെടുകയും വേണം.

1970കളുടെ തുടക്കത്തിലും പശ്ചിമ ബംഗാളിലെ ബുദ്ധിജീവികള്‍ക്കിടയില്‍ നക്സലൈറ്റുകളെ പിന്തുണയ്ക്കുന്നവരുണ്ടായിരുന്നു. നക്സലിസത്തെ മഹത്വവത്കരിക്കുന്ന നിരവധി സിനിമകളും നിര്‍മ്മിച്ചിരുന്നു. ഇന്നും അവിടെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ബുദ്ധിജീവികള്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷ പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ഇന്ന് ഇവരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു സംഭവവികാസം കാണാം. സംസ്ഥാനത്തെ അത്യുന്നത മാവോയിസ്റ്റ് നേതാവ് ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് പശ്ചിമബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ആകണമെന്നാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നത് എന്നുപറഞ്ഞത് ഈ ബുദ്ധിജീവികളില്‍ ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിനുമുമ്പ് നന്ദിഗ്രാമില്‍നിന്ന് മാര്‍ക്സിസ്റ്റുകാരെ അടിച്ചോടിക്കാന്‍ തങ്ങള്‍ എങ്ങനെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചതെന്നും ലാല്‍ഗഢില്‍ തങ്ങള്‍ കുഴപ്പത്തില്‍ പെടുമ്പോള്‍ തൃണമൂലിന്റെ സഹായം എങ്ങനെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മാവോയിസ്റ്റ് നേതാവ് വിശദീകരിച്ചിരുന്നു. അവരെ സഹായിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് മടിക്കുന്നുമില്ല. മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസിനെ അയക്കുന്നത് എന്തിനാണെന്ന് പരസ്യമായി ചോദിക്കുന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. എന്നാല്‍ ഇപ്പോള്‍ മമത പറയുന്നത് മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നാണ്. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണ്. എന്നാല്‍ സിപിഐ (എം) നെയും ഇടതുമുന്നണിയെയും ആക്രമിക്കാന്‍ മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കൂട്ടുകെട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ബംഗാളില്‍ എല്ലാപേര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഇക്കാര്യം നാം ബംഗാളിനു പുറത്തും വിപുലമായി പ്രചരിപ്പിക്കണം. പശ്ചിമബംഗാളിലെ ഇടതുപക്ഷത്തിന്റെ ശക്തിയെ തകര്‍ക്കുന്നതിനാണ് ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതിന് ഏറ്റവും പിന്തിരിപ്പനായ വലതുപക്ഷ ശക്തികളുമായി കൈകോര്‍ത്തിരിക്കുകയുമാണ്.

മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തുന്നതിനും ഈ ഇടതുപക്ഷ തീവ്രവാദ വിപ്ളവ വായാടി രാഷ്ട്രീയത്തെ ഇന്ത്യയുടെ രാഷ്ട്രീയരംഗത്തുനിന്ന് ഇല്ലാതാക്കുന്നതിനുംവേണ്ടി രാഷ്ട്രീയമായും സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും നാം പൊരുതേണ്ടതുണ്ട്. അതോടൊപ്പംതന്നെ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ന്യായീകരണവും ഇല്ലെന്ന് നാം വ്യക്തമാക്കുകയും വേണം.

Tuesday, November 24, 2009

ലിബര്‍ഹാന്‍ കമീഷന്റെ കണ്ടെത്തലുകള്‍

ലിബര്‍ഹാന്‍ കമീഷന്റെ കണ്ടെത്തലുകള്‍

അപ്രതീക്ഷിതമായ കണ്ടെത്തലുകള്‍ ഒന്നുംതന്നെ ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ മേശപ്പുറത്തുവച്ച ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിലില്ലെന്നതാണ് വാസ്തവം. അങ്ങേയറ്റം ആസൂത്രിതമായി സംഘപരിവാര്‍ നടപ്പാക്കിയ പദ്ധതിയായിരുന്നു പള്ളി തകര്‍ത്ത സംഭവമെന്ന് മതനിരപേക്ഷവാദികള്‍ അന്നേ തെളിവുകള്‍ സഹിതം സ്ഥാപിച്ചിരുന്നു. എന്നാല്‍, ആള്‍ക്കൂട്ടത്തിന്റെ പെട്ടെന്നുള്ള പ്രതികരണത്തിന്റെ ഭാഗമായാണ് പള്ളി തകര്‍ക്കപ്പെട്ടതെന്നായിരുന്നു സംഘപരിവാറിന്റെ വാദം. അതു തെറ്റാണെന്ന് ഇപ്പോള്‍ കമീഷനും കണ്ടെത്തിയിരിക്കുന്നു. ബിജെപിയുടെ ഏറ്റവും പ്രധാന നേതാക്കള്‍ക്കെല്ലാം ഈ സംഭവത്തില്‍ പങ്കുണ്ടെന്ന കാര്യം കമീഷന്‍ കണ്ടെത്തിയത് ചെറിയ കാര്യമല്ല. സംഭവസ്ഥലത്തിന്റെ തൊട്ടടുത്തുണ്ടായിരുന്ന അദ്വാനി ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആത്മാര്‍ഥമായി ശ്രമിച്ചില്ലെന്ന് കമീഷന്‍ പറയുമ്പോള്‍ ആരും ആത്ഭുതപ്പെടില്ല. കാരണം രഥയാത്രയിലൂടെ തുടര്‍ച്ചയായി ഇതിനുള്ള പരിസരം ഒരുക്കുന്നതില്‍ ഗൂഢമായി ശ്രമിച്ചയാളാണ് അദ്വാനിയെന്ന് ആര്‍ക്കാണ് അറിയാത്തത്. പള്ളി തകര്‍ക്കുന്നതുകണ്ട് ഉന്മാദാവസ്ഥയില്‍ എത്തിയ ഉമാഭാരതിയുടെ ആലിംഗനത്തില്‍ നില്‍ക്കുന്ന മുരളിമനോഹര്‍ ജോഷിയുടെ ചിത്രം അന്നു മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതുമാത്രം മതി അദ്ദേഹത്തിന്റെ പങ്കു വ്യക്തമാക്കാന്‍. വാജ്പേയിക്ക് ഇതില്‍ പങ്കുണ്ടോയെന്ന് ചിലര്‍ അത്ഭുതപ്പെടുന്നുണ്ട.് എന്നാല്‍, വാജ്പേയി ബിജെപിയുടെ മുഖംമൂടി മാത്രമാണെന്നും അതിനകത്തുള്ളത് സംഘപരിവാറാണെന്നും ശരിയായി തിരിച്ചറിഞ്ഞവര്‍ക്ക് ഈ കണ്ടെത്തലിലും പുതിയതൊന്ന് കാണാന്‍ കഴിയില്ല. അദ്വാനിയും മറ്റും കുറ്റക്കാരാണെന്ന കാര്യം വളരെ നേരത്തെ ലഖ്നൌ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ ക്രിമിനല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനും കുറ്റക്കാരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവന്നു ശിക്ഷിക്കുന്നതിനും കഴിഞ്ഞില്ലെന്ന കാര്യവും ഇവിടെ പ്രസക്തമാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയുടെ നേര്‍ക്കുനടന്ന ഏറ്റവും വലിയ കടന്നാക്രമണമായിരുന്നു ബാബറിപള്ളിയുടെ തകര്‍ച്ച. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം കമീഷന്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. രാജ്യത്തിന് ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത കുറ്റകൃത്യത്തിനു നേതൃത്വം നല്‍കിയവര്‍ ശിക്ഷിക്കപ്പെട്ടേ മതിയാകൂ. എന്നാല്‍, നമ്മുടെ രാജ്യത്തെ അനുഭവം ഇതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. ശ്രീകൃഷ്ണ കമീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരനെന്ന കണ്ടെത്തിയ ബാല്‍താക്കറെക്കെതിരെ ഒരു നടപടിയും എടുക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹമാകട്ടെ രാജ്യത്തിന്റെ സമാധാനത്തിനു നേരെ വിഷലിപ്തമായ പ്രചാരവേല കൂടുതല്‍ അപകടകരമായി തുടരുകയാണ്. ഇപ്പോള്‍ ഈ കമീഷന്‍ റിപ്പോര്‍ട്ടിലും ശിവസേന പ്രതിക്കൂട്ടിലാണ്. ഭരണകൂടത്തിന്റെ വിവിധ ഉപകരണങ്ങളില്‍ സംഘപരിവാര്‍ ബോധപൂര്‍വം ഇടപെടുന്നുണ്ടെന്ന കാര്യം വളരെ നേരത്തെ രാജ്യസ്നേഹികള്‍ ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോള്‍ കമീഷനും അതു ശരിവച്ചിരിക്കുന്നു. ഇക്കാര്യം ശ്രദ്ധിക്കാമെന്നു മാത്രമാണ് ആക്ഷന്‍ ടേക്കന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പറയുന്നത്. തെരഞ്ഞെടുപ്പില്‍ മതത്തിന്റെ ദുരുപയോഗം തടയണമെന്നും അങ്ങനെ ചെയ്യുന്നവരെ അയോഗ്യരാക്കണമെന്നും കമീഷന്‍ പറയുമ്പോള്‍ അത് തെരഞ്ഞെടുപ്പ് കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് ഒഴുക്കന്‍മട്ടില്‍ പറയുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഫലത്തില്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ മറ്റു നടപടികളൊന്നും അധികം പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം. അത്ഭുതകരമായിട്ടുള്ളത് നരസിംഹറാവു സര്‍ക്കാരിനെ കുറ്റവിമുക്തമാക്കുന്നതിനുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ കയറി ക്കൂടിയതാണ്. ബാബറിപള്ളി തകരാതിരിക്കുന്നതിന് ഏതു നടപടി എടുക്കുന്നതിനും കേന്ദ്രസര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രിമാര്‍ ഉള്‍ക്കൊള്ളുന്ന ദേശീയോദ്ഗ്രഥന കൌസില്‍ പാസാക്കിയിരുന്നു. അന്നു സിപിഐ എമ്മിന്റെ ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിങ് സുര്‍ജിത്താണ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. എല്ലാ മതനിരപേക്ഷ ശക്തികളും ഈ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. എല്ലാവിധത്തിലുള്ള മുന്നറിയിപ്പുകളും പ്രധാനമന്ത്രിക്ക് ലഭിച്ചിരുന്നു. എന്നാല്‍, അതിനെയെല്ലാം അവഗണിച്ച് പള്ളി പൊളിക്കുന്നതിന് സഹായകരമായ രൂപത്തില്‍ കുറ്റകരമായ മൌനവും നിസ്സംഗതയുമാണ് അന്നത്തെ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കാണിച്ചത്. ശിലാന്യാസത്തിനു അനുമതി നല്‍കിയ രാജീവ്ഗാന്ധിയുടെ കാലംമുതല്‍ ഈ പ്രശ്നത്തില്‍ കോഗ്രസ് വര്‍ഗീയ കാര്‍ഡാണ് കളിച്ചത്. അദ്വാനിയുടെ രഥയാത്ര തടഞ്ഞ് ധീരമായ മതനിരപേക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ വി പി സിങ് സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചപ്പോള്‍ അതിനോട് ചേര്‍ന്നു നിന്ന കോഗ്രസിനെ അത്രവേഗം മറക്കാന്‍ ചരിത്രത്തിനു കഴിയില്ല. ഇപ്പോള്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തയ്യാറായതും കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നു മാത്രമാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തില്‍ റിപ്പോര്‍ട്ടിന്റെ ചുരുക്കം വന്നതുകൊണ്ടുമാത്രമാണ് ഇപ്പോള്‍ സഭയില്‍ വച്ചത്. പ്രധാനമന്ത്രി അമേരിക്കയില്‍ പോയ സന്ദര്‍ഭത്തില്‍ ഇങ്ങനെ ചെയ്തതിലും സംശയിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ചിലര്‍ പറയുന്നത്. രാജ്യതാല്‍പ്പര്യത്തിന് എതിരായ കരാറുകളില്‍ ഒപ്പിടുന്ന സന്ദര്‍ഭത്തില്‍ ചര്‍ച്ചയുടെ വഴിതിരിച്ചുവിടുന്നതിന് ഇത് സഹായകരമായിരിക്കും. എപ്പോഴൊക്കെ രാജ്യത്ത് ഉദാരവല്‍ക്കരണ നയത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങുന്നുവോ അപ്പോഴെല്ലാം ചര്‍ച്ചയുടെ വഴിതിരിച്ചുവിടുന്നതിന് രാജ്യത്തെ ഭരണവര്‍ഗത്തിനു കഴിഞ്ഞിട്ടുണ്ടെന്നതും കൂട്ടിവായിക്കണം. എന്തായാലും ബിജെപിയെന്ന പാര്‍ടിയെ തുറന്നുകാട്ടുന്നതിന് ഇത് ഒരവസരംകൂടി നല്‍കി. നടന്ന സംഭത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിന് ഇപ്പോഴും അവര്‍ തയ്യാറല്ലെന്നാണ് അദ്വാനിയുടെയും മറ്റു നേതാക്കളുടെയും പാര്‍ലമെന്റിലെ പ്രസംഗങ്ങള്‍ തെളിയിക്കുന്നത്. കടുത്ത തിരിച്ചടി നേരിടുന്ന ബിജെപി തങ്ങളുടെ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നതിനുള്ള സന്ദര്‍ഭം എന്ന നിലയിലാണ് ഈ പ്രശ്നത്തെ കാണുന്നത്. രാമക്ഷേത്രത്തിന്റെ പ്രശ്നം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിന് ഈ റിപ്പോര്‍ട്ടിനെ എങ്ങനെ ഉപയോഗിക്കാമെന്നതായിരിക്കും അവരുടെ ലക്ഷ്യം. അതു മനസിലാക്കി ഉയര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് മതനിരപേക്ഷ പാര്‍ടികള്‍ തയ്യാറാകണം. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ വര്‍ഗീയതയോട് സന്ധിചെയ്ത ചരിത്രമുള്ള കോഗ്രസ് നയിക്കുന്ന സര്‍ക്കാരില്‍നിന്ന് അങ്ങനെയൊന്ന് പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. എന്നാല്‍, രാജ്യത്തെ സ്നേഹിക്കുന്ന എല്ലാ മതനിരപേക്ഷവാദികളും ഈ പ്രശ്നത്തില്‍ ഒറ്റക്കെട്ടായി നിന്നാല്‍മാത്രമേ വര്‍ഗീയവാദികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുകയുള്ളു.

Friday, November 20, 2009

ഇന്ത്യയിലെ പോരാട്ടത്തിന് കരുത്തുപകരും

ഇന്ത്യയിലെ പോരാട്ടത്തിന് കരുത്തുപകരും
പ്രകാശ് കാരാട്ട്



കമ്യൂണിസ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനം 20 മുതല്‍ 22 വരെ ഡല്‍ഹിയില്‍ നടക്കുകയാണ്. എല്ലാ വര്‍ഷവും നടക്കുന്ന ഈ സമ്മേളനത്തിന് ഈ വര്‍ഷം സിപിഐ എമ്മും സിപിഐയും സംയുക്തമായാണ് ആതിഥ്യം നല്‍കുന്നത്. 'സാര്‍വദേശീയ മുതലാളിത്ത പ്രതിസന്ധി, തൊഴിലാളികളുടെയും ജനങ്ങളുടെയും സമരവും ബദലും, അതില്‍ കമ്യൂണിസ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക്' എന്ന വിഷയമാണ് ഈ സമ്മേളനം പ്രധാനമായും ചര്‍ച്ചചെയ്യുക. എല്ലാ വര്‍ഷവും സമ്മേളനം ചേരുന്നതിന്റെ പ്രസക്തിയെന്താണ്? സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കും സോഷ്യലിസത്തിനുണ്ടായ തിരിച്ചടിക്കും ശേഷം തീര്‍ത്തും പുതിയ ഒരു സാഹചര്യം നിലവില്‍ വന്നു. സോഷ്യലിസത്തിന് അന്ത്യമായെന്നും മുതലാളിത്തം അനശ്വരമായി നിലനില്‍ക്കുമെന്നും ലോകമെങ്ങും പ്രചരിപ്പിക്കപ്പെടുകയുണ്ടായി. ചില കമ്യൂണിസ്റ് പാര്‍ടികള്‍ക്ക് അസ്തിത്വം പൂര്‍ണമായും നഷ്ടപ്പെടുകയും മാര്‍ക്സിസം അവര്‍ പൂര്‍ണമായിത്തന്നെ ഉപേക്ഷിക്കുകയുംചെയ്തു. അത്തരമൊരു സാഹചര്യത്തിലാണ് സിപിഐ എം മുന്‍കൈ എടുത്ത് ഒരു അന്താരാഷ്ട്ര സെമിനാര്‍ നടത്തിയത്. 'സമകാലിക ലോകസാഹചര്യവും മാര്‍ക്സിസത്തിന്റെ പ്രസക്തിയും' എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. മാര്‍ക്സിസത്തില്‍ ഉറച്ചു നില്‍ക്കുകയും സോഷ്യലിസത്തില്‍ വിശ്വസിക്കുകയും ചെയ്യുന്ന പാര്‍ടികളെ ഒരു വേദിയില്‍ അണിനിരത്തുക എന്നതായിരുന്നു ലക്ഷ്യം. 1993 ആഗസ്തില്‍ കൊല്‍ക്കത്തയിലായിരുന്നു സെമിനാര്‍. 21 പാര്‍ടികള്‍ സെമിനാറില്‍ നേരിട്ട് പങ്കെടുത്തു. നാല് പാര്‍ടികള്‍ സന്ദേശം അയക്കുകയുംചെയ്തു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ലോകമെമ്പാടും സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കവെ തുറന്ന ചര്‍ച്ചയ്ക്കായി കമ്യൂണിസ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ ഒരു വേദി ആവശ്യമാണെന്ന ബോധം ഇതോടെ ശക്തമായി. ഇറാഖിനെതിരെയുള്ള അമേരിക്കന്‍ ആക്രമണം ഈ ആവശ്യം ഒന്നുകൂടി ഊട്ടിയുറപ്പിച്ചു. 1999ല്‍ അത്തരമൊരു സാര്‍വദേശീയ യോഗം ഗ്രീസിലെ ഏഥന്‍സില്‍ ചേര്‍ന്നു. തുടര്‍ന്ന് എല്ലാ വര്‍ഷവും ഗ്രീക്ക് കമ്യൂണിസ്റ് പാര്‍ടി ഇത്തരമൊരു സമ്മേളനത്തിന് ആതിഥേയത്വം നല്‍കാന്‍തുടങ്ങി. ഇത്തരത്തിലുള്ള ഏഴ് സമ്മേളനത്തിനുശേഷം സമ്മേളനവേദി വിവിധ രാജ്യങ്ങളിലാക്കാന്‍ തീരുമാനിച്ചു. അതിന്റെ ഭാഗമായി പോര്‍ച്ചുഗലിലും റഷ്യയിലും ബെലാറസിലും ബ്രസീലിലും യോഗം ചേര്‍ന്നു. ഈ വര്‍ഷം ഇന്ത്യയിലും. പ്രധാന ആഗോളവിഷയങ്ങളും സാര്‍വദേശീയ സംഭവ വികാസങ്ങളും ചര്‍ച്ചചെയ്യാന്‍ ഈ സമ്മേളനങ്ങള്‍ കമ്യൂണിസ്റ് പാര്‍ടികള്‍ക്കും വര്‍ക്കേഴ്സ് പാര്‍ടികള്‍ക്കും അവസരം നല്‍കി. കമ്യൂണിസ്റുകാരുടെ ഒരു അന്താരാഷ്ട്ര സംഘടനയായി ഇതിനെ വിശേഷിപ്പിക്കാനാവില്ലെങ്കിലും അനുഭവങ്ങളും വീക്ഷണങ്ങളും കൈമാറാനുള്ള ഫലപ്രദമായ വേദിയായി മാറി. ലോകമെങ്ങും പടര്‍ന്നുപിടിച്ച സാമ്പത്തിക പ്രതിസന്ധിയും അതിനോട് കമ്യൂണിസ്റുകാരുടെ പ്രതികരണവും ചര്‍ച്ച ചെയ്യും എന്നതാണ് ഡല്‍ഹിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ പ്രാധാന്യം. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം സോഷ്യലിസത്തിനുമേല്‍ വിജയം പ്രഖ്യാപിച്ച മുതലാളിത്തം പെട്ടെന്നുതന്നെ പ്രതിസന്ധിയിലായി. 1997-98 കാലത്ത് കിഴക്കനേഷ്യയും തെക്ക്-കിഴക്കനേഷ്യയും സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടു. ഫിനാന്‍സ് മൂലധനത്തിനുമേല്‍ കെട്ടിയുയര്‍ത്തപ്പെട്ട ആഗോളവല്‍ക്കരണത്തിന് ശാശ്വതമായി നിലനില്‍ക്കാനാവില്ലെന്ന മുന്നറിയിപ്പാണ് ഇത് നല്‍കിയത്. തുടര്‍ന്നും ലോക മുതലാളിത്തത്തെ പ്രതിസന്ധി പിന്തുടര്‍ന്നു. ഏറ്റവും അവസാനമായി 2007-08 ല്‍ അമേരിക്കയില്‍ റിയല്‍ എസ്റേറ്റ് മേഖലയില്‍ വന്‍ പ്രതിസന്ധി രൂപപ്പെട്ടു. അതാണ് കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. അത് അതിവേഗം ആഗോള സാമ്പത്തിക പ്രതിസന്ധിയായി വളരുകയുംചെയ്തു. ഈ പ്രതിസന്ധിയുടെ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്നത് വികസിത രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളിലെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളാണ്. അമേരിക്കയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം 10.2 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 26 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒഇസിഡി (മുപ്പത് വികസിത രാജ്യങ്ങളുടെ സംഘടന) രാജ്യങ്ങളിലാകട്ടെ തൊഴിലില്ലായ്മ നിരക്ക് 5.7 ശതമാനമാണ്. 2010 ആകുമ്പോഴേക്കും പട്ടിണിക്കാരുടെ പട്ടികയിലേക്ക് ഒമ്പത് കോടി ജനങ്ങള്‍കൂടി അണിചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്. തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളും പാര്‍ടികളും ഈ പ്രതിസന്ധിയെ, ജനങ്ങള്‍ക്കുനേരെയുള്ള ആക്രമണത്തെ എങ്ങനെയാണ് നേരിടുക? അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളും ജീവിതവും സംരക്ഷിക്കേണ്ടത് എങ്ങനെയാണ്? നവ ഉദാരവല്‍ക്കരണ സാമ്രാജ്യത്വ നയങ്ങള്‍ക്കെതിരെയുള്ള ബദല്‍ എന്താണ്, അവ എങ്ങനെയാണ് ഏറ്റെടുക്കേണ്ടത് തുടങ്ങിയവയായിരിക്കും ഡല്‍ഹി സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയം. ഏഷ്യയില്‍ ആദ്യമായാണ് അന്താരാഷ്ട്ര കമ്യൂണിസ്റ്-വര്‍ക്കേഴ്സ് പാര്‍ടികളുടെ സമ്മേളനം ചേരുന്നത്. അത് നടക്കുന്നതാകട്ടെ ഇന്ത്യയിലും. കമ്യൂണിസ്റ് പാര്‍ടികള്‍ക്ക് ശക്തമായ അടിത്തറയുള്ള രാജ്യമാണ് ഇന്ത്യ. ഇരുപാര്‍ടിക്കുംകൂടി (സിപിഐ എം, സിപിഐ) പതിനേഴ് ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ലോകമെമ്പാടുമുള്ള തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങളുമായും പാര്‍ടികളുമായും ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിക്കാന്‍ ഈ സമ്മേളനം ഇന്ത്യയിലെ കമ്യൂണിസ്റ് പാര്‍ടികളെ സഹായിക്കും. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനും നവ ലിബറല്‍ നയങ്ങള്‍ക്കുമെതിരെ വര്‍ധിത ആവേശത്തോടെ പൊരുതിനില്‍ക്കാന്‍ സമ്മേളനം കരുത്ത് നല്‍കും.

Sunday, November 15, 2009

മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട്ട് നടത്തിയത് ആസൂത്രിതമായ അക്രമം.

മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട്ട് നടത്തിയത് ആസൂത്രിതമായ അക്രമം




കാസര്‍കോട്: സംസ്ഥാന നേതാക്കളുടെ സ്വീകരണത്തിന്റെ മറവില്‍ ഞായറാഴ്ച വൈകിട്ട് മുസ്ളിംലീഗ് പ്രവര്‍ത്തകര്‍ കാസര്‍കോട്ട് നടത്തിയത് ആസൂത്രിതമായ അക്രമം. പൊതുയോഗത്തിനെത്തിയ പ്രവര്‍ത്തകര്‍ നഗരത്തെ മണിക്കൂറുകളോളം കലാപഭൂമിയാക്കിമാറ്റി. അക്രമികളെ നിയന്ത്രിക്കുന്നതിന് പകരം പ്രകോപനപരമായ പ്രസംഗത്തിലൂടെയും പൊലീസിനെ വെല്ലുവിളിച്ചും കാസര്‍കോട്ടെ നേതാക്കള്‍ അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കി. ജനങ്ങളില്‍ വര്‍ഗീയമായ ചേരിതിരിവുണ്ടാക്കി അക്രമം വ്യാപിപ്പിക്കാനുള്ള നീക്കമാണ് ലീഗ് നടത്തിയത്. ഇത് മറ്റ് ചില സംഘടനകള്‍ ഏറ്റെടുക്കുകയും ചെയ്തു. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരം, എംജി റോഡ് എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങിയ അക്രമം നഗരത്തിലാകെ വ്യാപിപ്പിച്ചു. പൊലീസിനെ ആക്രമിച്ച് വലിയ സംഘര്‍ഷമുണ്ടാക്കാന്‍ മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണ് കാസര്‍കോട്ട് നടപ്പാക്കിയത്. ബൈക്കുകളിലെത്തിയ സംഘം പകല്‍ മുന്നോടെ വഴിയാത്രക്കാരെ ശല്യംചെയ്താണ് നഗരത്തിലൂടെ നീങ്ങിയത്. എംജി റോഡില്‍ അമേയ് കോളനി റോഡില്‍ നിന്നാണ് അക്രമം തുടങ്ങിയത്. ബോര്‍ഡുകള്‍ നശിപ്പിച്ച് നീങ്ങിയ സംഘം ഇവിടെ ക്രിക്കറ്റ്കളിക്കുകയായിരുന്ന കുട്ടികളെ കല്ലെറിഞ്ഞു. തിരിച്ചും കല്ലേറുണ്ടായി. സമീപത്തെ ആരാധനലായത്തിന് കല്ലേറുണ്ടായി. തുടര്‍ന്ന് ഇരുവിഭാഗം സംഘടിച്ച്് കല്ലേറ് നടത്തി. അക്രമികളെ പിരിച്ചുവിടാന്‍ ഇവിടെയത്തിയ പൊലീസ് സംഘത്തെ ലീഗുകാര്‍ ആക്രമിച്ചു. ബദിയടുക്ക എസ്ഐ സിബിമാത്യു അടക്കം അഞ്ച് പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു. അക്രമം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ പത്രലേഖകരെയും ഭീഷണിപ്പെടുത്തി. അമേയ്കോളനിയില്‍ നാല് വീടും തകര്‍ത്തു. വീടിന്റെ ചില്ല്കൊണ്ട് ഇവിടുത്തെ നാലുപേര്‍ക്കും പരിക്കേറ്റു. പൊലീസിനെ ഏറിഞ്ഞ് ഓടിക്കുക എന്ന പദ്ധതിയാണ് തുടക്കത്തിലെ അക്രമികള്‍ കൈക്കൊണ്ടത്. രണ്ട് പൊലീസ് ജീപ്പ് മറിച്ചിട്ട് കത്തിക്കാന്‍ ശ്രമിച്ചു. വൈകിട്ട് ആറോടെ അക്രമം പുതിയബസ്സ്റ്റാന്‍ഡ് പരിസരത്തേക്ക് വ്യാപിപ്പിച്ചു. സ്വീകരണപൊതുയോഗത്തില്‍ പങ്കെടുക്കുകയായിരുന്നവരുടെ നേതൃത്വത്തിലാണ് പുതിയബസ്സ്റ്റാന്‍ഡ് പരിസരത്ത് അക്രമം നടത്തിയത്. സംഘര്‍ഷം കലാപത്തിലേക്ക് നീങ്ങുമെന്നായപ്പോള്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി അക്രമികളെ നേരിട്ടു. പ്ളാസ്റ്റിക് പെല്ലറ്റും ഗ്രനേഡും പ്രയോഗിച്ചെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. സ്ഥലത്തെത്തിയ ജില്ലാപൊലീസ് സൂപ്രണ്ടിന്റെ കാര്‍ വളഞ്ഞുവെച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് വെടിവെപ്പുണ്ടായത്. തുടര്‍ന്നും നഗരത്തിന്റെ പലഭാഗങ്ങളിലും സംഘടിച്ചുനിന്ന ലീഗുകാര്‍ പൊലീസിനെയൂം വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി യാത്രക്കാരെയും ആക്രമിച്ചു. ബദിയടുക്ക, മുണ്ട്യത്തടുക്ക എന്നിവിടങ്ങളില്‍ നിന്നും വരികയായിരുന്ന സ്വകാര്യബസുകളൂം എട്ട് കെഎസ്ആര്‍ടിസി ബസുകളും തകര്‍ത്തു. യാത്രക്കാര്‍ക്കും പരിക്കേറ്റു. കഴിഞ്ഞ ചെറിയ പെരുന്നാള്‍ തലേരാത്രി കാസര്‍കോട് നഗരത്തില്‍ ലീഗുകാര്‍ പൊലീസിനെ ആക്രമിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് പൊലീസിനെതിരെ പ്രകോപനപരവും അസഭ്യം നിറഞ്ഞതുമായി മുദ്രാവാക്യം വിളികളോടെ ലീഗുകാര്‍ പ്രകടനം നടത്തുകയായിരുന്നു. പൊലീസ് പരമാവധി സംയമനം പാലിച്ചിട്ടും ലീഗുകാര്‍ നിരന്തരം കല്ലേറ് നടത്തി. രാത്രി എട്ടോട്ടെ അക്രമികളില്‍ ഒരു വിഭാഗം നേതാക്കള്‍ താമസിക്കുന്ന ഗസ്റ്റ്ഹൌസില്‍ കേന്ദ്രീകരിച്ചു. മറ്റൊരുസംഘത്തിന് നായന്മാര്‍മൂലയിലെ നേതാവിന്റെ ബംഗ്ളാവില്‍ ബിരിയാണി സല്‍ക്കാരവും നടന്നു

Saturday, November 14, 2009

വായില്‍തോന്നിയത് കോതയ്ക്ക് പാട്ട്, അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിക്കണം.

വായില്‍തോന്നിയത് കോതയ്ക്ക് പാട്ട്, അടിസ്ഥാനരഹിതമായ ആരോപണം പിന്‍വലിക്കണം.

www.janasabdam.ning.com

സിപിഐ എമ്മിന് മാവോയിസ്റുകളുമായി ബന്ധമുണ്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരത്തിന്റെ അടിസ്ഥാനരഹിതമായ ആരോപണം നിരുപാധികം പിന്‍വലിച്ച് മാപ്പുപറയുകയാണ് വേണ്ടത്. വായില്‍തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലപാട് ഉന്നതസ്ഥാനത്തിരിക്കുന്ന ആദരണീയനായ ഒരാള്‍ക്ക് യോജിച്ചതല്ല. തൃണമൂല്‍ കോഗ്രസ് കോഗ്രസിന്റെ സഖ്യകക്ഷിയാണെന്നത് നേരാണ്. സഖ്യകക്ഷിയെ തൃപ്തിപ്പെടുത്താനുള്ള മാര്‍ഗം ഇതല്ല. സിപിഐ എമ്മിന് ഇടതുപക്ഷ തീവ്രവാദത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ട്. അത് രഹസ്യമല്ല. വളരെ പരസ്യമാണ്. അവിഭക്ത കമ്യൂണിസ്റ് പാര്‍ടി 1951ല്‍ അംഗീകരിച്ച നയപ്രഖ്യാപനരേഖയില്‍ പാര്‍ടിയുടെ ഇതുസംബന്ധിച്ച നയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സമീപനം സിപിഐ എം പൂര്‍ണമായും അംഗീകരിച്ചതാണ്. റഷ്യയില്‍ റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍ പാര്‍ടി കെട്ടിപ്പടുക്കുന്ന കാലത്ത് ഇടതുപക്ഷ തീവ്രവാദത്തെ ലെനിന് നേരിടേണ്ടിവന്നിട്ടുണ്ട്. ലെനിന്‍ വ്യക്തിപരമായ ഭീകരപ്രസ്ഥാനത്തെ തള്ളിപ്പറയുകമാത്രമല്ല, 'ഇടതുപക്ഷ കമ്യൂണിസം ഒരു ബാലാരിഷ്ടം' എന്ന ഗ്രന്ഥം രചിച്ചുകൊണ്ട് അതിനെ ആശയപരമായി ഫലപ്രദമായി നേരിടുകയാണ് ചെയ്തത്. അതേ മാതൃകയാണ് സിപിഐ എം സ്വീകരിച്ചത്. ഇടതുപക്ഷ തീവ്രവാദികള്‍ ത്യാഗികളോ നിസ്വാര്‍ഥമതികളോ അര്‍പ്പണബോധമുള്ളവരോ ആയിരിക്കാം. എന്നാല്‍, ബഹുജനങ്ങള്‍ക്ക് പകരംവയ്ക്കാന്‍ ഏതാനും വ്യക്തികളുടെ ഭീകരപ്രവര്‍ത്തനത്തിനാകില്ല എന്ന നിലപാടാണ് പാര്‍ടി സ്വീകരിച്ചത്. സിപിഐ എമ്മില്‍നിന്ന് പുറത്തുപോയവരാണ് 1969ല്‍ പശ്ചിമബംഗാളിലെ നക്സല്‍ബാരിയില്‍ സമ്മേളിച്ച് കനുസന്യാലിന്റെ നേതൃത്വത്തില്‍ നക്സല്‍ബാരി പ്രസ്ഥാനം ആരംഭിച്ചത്. അന്നുമുതല്‍ അതിനെ ആശയപരമായും കായികമായും നേരിട്ടുകൊണ്ടാണ് സിപിഐ എം ബംഗാളിലും കേരളത്തിലും വളര്‍ന്നത്. ഒരു ഘട്ടത്തില്‍ അവര്‍ക്ക് ചൈനീസ് കമ്യൂണിസ്റ് പാര്‍ടിയുടെ പ്രോത്സാഹനമുണ്ടായിരുന്നു. 'വിപ്ളവം തോക്കിന്‍കുഴലിലൂടെ' എന്നായിരുന്നു അവരുടെ വിപ്ളവമന്ത്രം. മാവോചിന്തയാണ് അവര്‍ അംഗീകരിച്ചതെന്ന് പ്രഖ്യാപിച്ചു. കേരളത്തില്‍ പുല്‍പ്പള്ളി പൊലീസ് സ്റേഷന്‍ ആക്രമിച്ചു. തലശ്ശേരി ആക്രമണം ആസൂത്രണംചെയ്തു. പാലക്കാട് ജില്ലയില്‍ കൊങ്ങാട്ട് നാരായണമേനോന്റെ തലയറുത്ത് ഗേറ്റില്‍ വച്ചു. വയനാട്ടില്‍ മത്തായിയെ കൊന്നു. മലയാളമനോരമ ഉള്‍പ്പെടെയുള്ള വലതുപക്ഷ മാധ്യമങ്ങള്‍ അവര്‍ക്ക് പിന്തുണ നല്‍കി. പശ്ചിമബംഗാളില്‍ സിപിഐ എം കാഡര്‍മാര്‍ക്കെതിരെ നക്സലൈറ്റുകളും കോഗ്രസ് ഗുണ്ടകളും പൊലീസും ചേര്‍ന്നാണ് അര്‍ധഫാസിസ്റ് രീതിയിലുള്ള ആക്രമണം അഴിച്ചുവിട്ടത്. ഇതിനെയെല്ലാം അതിജീവിച്ച് വളര്‍ന്നുവന്ന സിപിഐ എമ്മിന് നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ സന്തതിയായ മാവോയിസ്റുമായി ബന്ധമുണ്ടെന്നു പറയാന്‍ അസാമാന്യമായ തൊലിക്കട്ടിതന്നെ വേണം. മാവോയിസ്റുകള്‍ വന്‍തോതില്‍ ആയുധം ശേഖരിക്കുന്നുണ്ട്. ആധുനികരീതിയിലുള്ള എകെ 47 ഉള്‍പ്പെടെയുള്ള തോക്കും റോക്കറ്റുമൊക്കെ അവര്‍ക്ക് ലഭിക്കുന്നുണ്ട്. ആഭ്യന്തര സെക്രട്ടറി ഈയിടെ പറഞ്ഞത് മാവോയിസ്റുകള്‍ക്ക് ചൈനയില്‍നിന്ന് ആയുധം ലഭിക്കുന്നതായി സംശയമുണ്ട്. സംശയം ആഭ്യന്തരമന്ത്രി വിളിച്ചുപറയേണ്ടിയിരുന്നില്ല. ശരിയായ വിവരവും തെളിവും ലഭിച്ചതിനുശേഷം അത്തരം കാര്യങ്ങള്‍ പരസ്യമായി പറയുന്നതാണ് ഉചിതം. ഏതായാലും ചൈനയിലെ ഗവമെന്റല്ല ആയുധം നല്‍കുന്നതെന്നും പറയുകയുണ്ടായി. ഇത് കേട്ടയുടനെ ചില മാധ്യമങ്ങള്‍ ചൈനയ്ക്കെതിരെ വിഷം തുപ്പാന്‍ തുടങ്ങിയത് യാദൃച്ഛികമല്ല. അമേരിക്കയ്ക്കു വേണ്ടി കുഴലൂത്ത് നടത്തുന്ന ചൈനീസ് വിരുദ്ധ ലോബി ഇപ്പോഴും സജീവമാണെന്ന് തെളിയിക്കുന്നതാണ് ഇത്തരം പ്രചാരവേലകള്‍. മാവോയിസ്റുകള്‍ വളരെക്കാലമായി ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാര്‍, ഒറീസ, മഹാരാഷ്ട്ര, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആയിരത്തോളം സൈനികരെ അടുത്ത ഏതാനും വര്‍ഷമായി മാവോയിസ്റുകള്‍ കൊന്നുതള്ളുകയുണ്ടായി. മഹാരാഷ്ട്രയില്‍ അടുത്തദിവസം മാവോയിസ്റ് ആക്രമണത്തില്‍ 17 പൊലീസുകാര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡില്‍ അവര്‍ ഒരു സബ് ഇന്‍സ്പെക്ടറെ തട്ടിക്കൊണ്ടുപോയി കൊന്നു. ഇതൊന്നും ഗൌരവമായി കാണാന്‍ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല. പശ്ചിമബംഗാളില്‍ അടുത്തകാലത്താണ് സിംഗൂര്‍, നന്ദിഗ്രാം പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് മാവോയിസ്റുകള്‍ അക്രമം സംഘടിപ്പിച്ചത്. അവര്‍ തനിയേ അവിടെ കടന്നുവന്നതല്ല. തൃണമൂല്‍ കോഗ്രസ് നേതൃത്വം അവരെ പ്രോത്സാഹിപ്പിച്ച് ക്ഷണിച്ചുവരുത്തിയതാണ്. പശ്ചിമബംഗാളിലെ പാര്‍ടിയെയും ഇടതുപക്ഷ ഗവമെന്റിനെയും ദുര്‍ബലപ്പെടുത്താന്‍ മാവോയിസ്റുകളെ ഉപയോഗപ്പെടുത്താനാണ് തൃണമൂല്‍ കോഗ്രസും കോഗ്രസും ബിജെപിയും മറ്റ് സാമുദായിക പിന്തിരിപ്പന്‍ ശക്തികളും ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം മാര്‍ച്ചിനും ഒക്ടോബര്‍ 15നും ഇടയ്ക്ക് 120 സിപിഐ എം പ്രവര്‍ത്തകരെയും അനുയായികളെയും കൊന്നുതള്ളിയതാണ്. ഇത് നിസ്സാര സംഭവമല്ലല്ലോ. മാവോയിസ്റ് അക്രമത്തെ നേരിടാന്‍ പൊലീസിനെയും സിആര്‍പിഎഫിനെയും വിന്യസിച്ചതിനുശേഷവും കൊലപാതകം തുടരുകയാണ്. ഈ പ്രദേശത്ത് പൊലീസ് നടപടികള്‍ അവസാനിപ്പിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത് കേന്ദ്രമന്ത്രി മമത ബാനര്‍ജിയും തൃണമൂല്‍ കോഗ്രസ് നേതൃത്വവുമാണ്. ശക്തമായ പൊലീസ് നടപടിയില്ലാതെ ആയുധധാരികളായ, പരിശീലനം സിദ്ധിച്ച മാവോയിസ്റുകളെ നേരിടാന്‍ കഴിയുന്നതല്ല. എന്നാല്‍, അതുമാത്രം പോരാ. അവര്‍ക്ക് ഗോത്രവര്‍ഗക്കാരെയും മറ്റ് പിന്നോക്കക്കാരെയും സ്വാധീനിക്കാന്‍ കഴിയുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ട്. ഗോത്രവര്‍ഗക്കാരുടെ ന്യായമായ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കണ്ടെത്തുകതന്നെ വേണം. രാജ്യത്തിനാകെ ഭീഷണിയായ,ജനങ്ങളുടെ സ്വൈരജീവിതം തകര്‍ക്കുന്ന, നിരപരാധികളെ കിടന്നുറങ്ങുമ്പോള്‍ വെടിവച്ചുകൊല്ലുന്ന മാവോയിസ്റുകളെ യോജിച്ച് നേരിടുകയാണ് വേണ്ടത്. അതിനുപകരം രാഷ്ട്രീയ മുതലെടുപ്പ് നടത്താനും സഖ്യകക്ഷിയായ തൃണമൂല്‍ കോഗ്രസിനെ തൃപ്തിപ്പെടുത്താനുംവേണ്ടി സിപിഐ എമ്മിനെതിരെ ചെളിവാരിയെറിയാന്‍ കേന്ദ്രമന്ത്രി ചിദംബരം തുനിയരുതായിരുന്നു.
deshabhimani

Friday, November 13, 2009

ബഹുജനപ്രവര്‍ത്തനം ശക്തമാക്കി മുന്നോട്ടുപോകും: സിപിഐ എം

ബഹുജനപ്രവര്‍ത്തനം ശക്തമാക്കി മുന്നോട്ടുപോകും: സിപിഐ എം




തിരു: ബഹുജനങ്ങള്‍ക്കിടയിലെ പാര്‍ടിപ്രവര്‍ത്തനം കൂടുതല്‍ ശക്തവും വ്യാപകവുമാക്കിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തിയും മുന്നോട്ടുപോകാന്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വി വി ദക്ഷിണാമൂര്‍ത്തിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയസ്ഥിതിഗതികളെപ്പറ്റിയും തെറ്റുതിരുത്തല്‍ ക്യാമ്പയിനെക്കുറിച്ചുമുള്ള കേന്ദ്രകമ്മിറ്റി രേഖകള്‍ പി ബി അംഗം എസ് രാമചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട്ചെയ്തു. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളെപ്പറ്റിയുള്ള പ്രാഥമിക അവലോകന റിപ്പോര്‍ട്ട് സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ചു. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രവിജയം നേടുമ്പോള്‍ ഈ മൂന്നു മണ്ഡലങ്ങളിലെ ജനങ്ങള്‍ എല്‍ഡിഎഫിന് നല്‍കിയ പിന്തുണ ഇപ്പോഴും തുടരുന്നു എന്നാണ് വോട്ടിങ് നിലവാരം വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫില്‍നിന്ന് അകന്ന ജനവിഭാഗങ്ങള്‍ തിരിച്ചുവരാന്‍ തയ്യാറായിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. പാര്‍ടിയും എല്‍ഡിഎഫും കൂടുതല്‍ ഐക്യത്തോടും കെട്ടുറപ്പോടുംകൂടി പ്രവര്‍ത്തിച്ചതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനനേട്ടങ്ങളും സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ എല്‍ഡിഎഫിന് ജയം നേടാന്‍ സാധിക്കുന്നവിധത്തില്‍ നമ്മുടെ സ്വാധീനം ഈ മണ്ഡലത്തില്‍ വര്‍ധിപ്പിക്കാന്‍ ഇനിയും സാധിക്കേണ്ടതുണ്ട്. എല്‍ഡിഎഫിനൊപ്പം അണിനിരന്ന വിവിധ വിഭാഗം ജനങ്ങള്‍ക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി നന്ദി രേഖപ്പെടുത്തി. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ചില പാര്‍ടി നേതാക്കള്‍ക്കെതിരായ വിമര്‍ശനം ഉയര്‍ന്നുവന്നതായി ഏതാനും ചില പത്രങ്ങളില്‍ ഒരേപോലെ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട് തീര്‍ത്തും വസ്തുതാവിരുദ്ധവും കെട്ടിച്ചമച്ചതുമാണ്. അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാന്‍ പുരോഗമന മതേതരവിശ്വാസികളായ എല്ലാവരും തയ്യാറാകുമെന്നും സംസ്ഥാന കമ്മിറ്റി പ്രത്യാശിച്ചു.

Thursday, November 12, 2009

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത് .



പിണറായി വിജയന്‍



കേരളത്തിലെ മൂന്ന് നിയമസഭാ മണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് ഉണ്ടായ വിജയം ഉയര്‍ത്തിക്കാട്ടി എല്‍ഡിഎഫ് ദുര്‍ബലമായിരിക്കുന്നു എന്ന പ്രചാരവേല നടത്താന്‍ ചിലര്‍ മത്സരിക്കുകയാണ്. യുഡിഎഫ് നേതാക്കളും അവരെ പിന്തുണയ്ക്കുന്ന ചില മാധ്യമങ്ങളും ഈ പ്രചാരണത്തിന് നേതൃത്വം നല്‍കുന്നു. യഥാര്‍ഥത്തില്‍ ഇവര്‍ മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട് അര്‍ഥശൂന്യമാണെന്ന് തെരഞ്ഞെടുപ്പുഫലം വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാകും. പതിനഞ്ചാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പാണ് ഇതിന് തൊട്ടുമുമ്പത്തെ പ്രധാനപ്പെട്ട ജനവിധി. അതില്‍ വലിയ വിജയമാണ് യുഡിഎഫിനുണ്ടായത്. അതിന് നിരവധി കാരണങ്ങളുമുണ്ട്. എല്‍ഡിഎഫിന്റെ നയസമീപനങ്ങളെ വളച്ചൊടിച്ച് ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുന്നതില്‍ ബഹുഭൂരിപക്ഷം മാധ്യമങ്ങളും മത്സരിച്ചു. കേരളത്തില്‍ ഒരിക്കലും ഉണ്ടാകാത്ത രീതിയില്‍ പണക്കൊഴുപ്പ് ഈ തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമായി. തെറ്റായ പ്രചാരവേലകള്‍ ഒരു വിഭാഗം വോട്ടര്‍മാരെ ഇടതുപക്ഷത്തിനെതിരെ ചിന്തിപ്പിക്കുന്നതിന് ഇടയാക്കി. അതിന്റെ ഫലമായി എല്‍ഡിഎഫിനെ പിന്തുണച്ച ചില ജനവിഭാഗങ്ങള്‍ മുന്നണിയെ കൈയൊഴിയുന്ന നിലയുണ്ടായി. തെരഞ്ഞെടുപ്പുഫലം സ്വയം വിമര്‍ശനപരമായി വിശകലനം ചെയ്ത് സിപിഐ എം സംസ്ഥാന കമ്മിറ്റി ചില കാര്യങ്ങള്‍ ജനങ്ങളുടെ മുമ്പാകെ തുറന്നു പറഞ്ഞു. ഇടതുപക്ഷത്തിന്റെ അടിത്തറ ദുര്‍ബലപ്പെട്ടിട്ടില്ലെന്നും ചില തെറ്റായ പ്രചാരവേലകള്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണ് ഉണ്ടായത് എന്നുമാണ് അതില്‍ ഒരുകാര്യം. പോരായ്മകള്‍ പരിശോധിച്ച്് അവ തിരുത്തി ജനവിശ്വാസം ആര്‍ജിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ടി വ്യക്തമാക്കി. അതിന് അനുസൃതമായ പ്രവര്‍ത്തന പദ്ധതികളാണ് സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും നടപ്പാക്കിയത്. പാര്‍ടി നടത്തിയ വിശകലനങ്ങളും തുടര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങളും ജനപിന്തുണ ഉറപ്പിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട് എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തിലെ സുപ്രധാനമായ കാര്യം. ലോക്സഭാ തെരഞ്ഞെടുപ്പിലെയും ഇപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെയും വോട്ടിന്റെ കണക്കുകളുടെ താരതമ്യം ഈ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച ഭൂരിപക്ഷം 23,207 ആയിരുന്നു. അത് 12,043 ആയി കുറഞ്ഞു. എറണാകുളത്ത് 14,547 വോട്ടാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എല്‍ഡിഎഫിനേക്കാള്‍ കൂടുതല്‍ ലഭിച്ചത്. അത് 8,630 ആയി കുറഞ്ഞു. ആലപ്പുഴ മണ്ഡലത്തിലാവട്ടെ 19,451 വോട്ട് ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൂടുതലായി നേടിയെങ്കില്‍ ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം 4745 ആയി കുറഞ്ഞു. കേരളത്തിന്റെ മൂന്ന് ഭാഗത്തു കിടക്കുന്ന യുഡിഎഫ് ശക്തികേന്ദ്രങ്ങളായ ഈ മണ്ഡലങ്ങളില്‍ പ്രത്യക്ഷപ്പെട്ട പ്രവണത കേരളത്തിന്റെ രാഷ്ട്രീയചിത്രമാണ് വ്യക്തമാക്കുന്നത്. ഈ പ്രവണത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായിരുന്നു എന്ന വസ്തുത കൂടി ഇവിടെ ചേര്‍ത്തുവായിക്കേണ്ടതാണ്. തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് വിശകലനം നടത്തുന്ന ആര്‍ക്കും ഈ കണക്കില്‍നിന്ന് വ്യക്തമാകുന്ന കാര്യം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ കൈയൊഴിഞ്ഞ ചില ജനവിഭാഗങ്ങള്‍ ഇന്ന് മുന്നണിയെ പിന്തുണയ്ക്കുന്നു എന്നതാണ്. അതായത്, ഇടതുപക്ഷത്തിന്റെ നഷ്ടപ്പെട്ട ജനപിന്തുണ ചുരുങ്ങിയ കാലയളവിനുള്ളില്‍ത്തന്നെ തിരിച്ചുപിടിക്കാനായി എന്നര്‍ഥം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയോടെ ഇടതുപക്ഷം തകരുകയല്ല ചെയ്തത്. മറിച്ച്, അതിനെ അതിജീവിച്ച് കൂടുതല്‍ കരുത്താര്‍ജിച്ചു വരികയാണുണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പ് ഘട്ടത്തിലുള്ള വോട്ടിങ് നില ഇന്ത്യയില്‍ പൊതുവില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ വലിയ മാറ്റം വന്നിരിക്കുന്നു. ഈ രാഷ്ട്രീയ മാറ്റത്തിന് നിരവധി കാരണങ്ങളുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം യുപിഎ സര്‍ക്കാര്‍ സ്വീകരിച്ച നയസമീപനം ഇന്ത്യയുടെ പൊതുതാല്‍പ്പര്യത്തിനും വിശിഷ്യാ, കേരളത്തിന്റെ താല്‍പ്പര്യത്തിനും എതിരായിട്ടുള്ളതാണ്. ഇടതുപക്ഷം പിന്തുണയ്ക്കുന്ന ഘട്ടത്തില്‍ ഉണ്ടായിരുന്ന നയസമീപനങ്ങളില്‍നിന്ന് യുപിഎ സര്‍ക്കാര്‍ കൂടുതല്‍ പിറകോട്ടുപോകുന്നു എന്ന അനുഭവം ഇടതുപക്ഷത്തിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനകീയ പോരാട്ടങ്ങള്‍ ഇടതുപക്ഷം സംഘടിപ്പിക്കുമ്പോള്‍ കേരളത്തെ തകര്‍ക്കുന്ന ആസിയാന്‍ കരാറിനുപോലും പിന്തുണ നല്‍കുന്ന കോഗ്രസിന്റെ വഞ്ചനാപരമായ നിലപാട് ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ഇത് വരുംനാളുകളില്‍ കൂടുതല്‍ ശക്തിപ്രാപിക്കാന്‍ പോകുന്നു എന്നതാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന മറ്റൊരു സന്ദേശം. ഇതിനെ മറികടക്കാന്‍ വര്‍ഗീയമായ പ്രചാരവേലകള്‍ നടത്തി മുന്നോട്ടുപോകാനാണ് വലതുപക്ഷ കേന്ദ്രങ്ങള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അതും അവരെ രക്ഷപ്പെടുത്തില്ല എന്നതിന്റെ സൂചനകള്‍ ഈ തെരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുള്ള ജനപിന്തുണ നഷ്ടപ്പെട്ടിരിക്കുന്നു എന്നും അതുകൊണ്ട് സര്‍ക്കാര്‍തന്നെ രാജിവയ്ക്കണമെന്ന പ്രസ്താവനകളും ചില കോഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരുകള്‍ രാജിവയ്ക്കുക എന്ന സ്ഥിതിയാണ് വേണ്ടതെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ എത്ര തവണ രാജിവയ്ക്കേണ്ടിവരുമായിരുന്നു എന്ന് അവര്‍ ഓര്‍ക്കുന്നത് നന്ന്. എന്നാല്‍, അത്തരത്തിലുള്ള നിരീക്ഷണത്തിനുപോലും ഈ ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രസക്തിയില്ലെന്ന് കാണാനാവും. കാരണം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 140 മണ്ഡലത്തില്‍ നൂറോളം സീറ്റില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി വിജയിക്കുകയുണ്ടായി. ആ ഘട്ടത്തില്‍ യുഡിഎഫിനെ വിജയിപ്പിച്ച മണ്ഡലങ്ങളാണ് ഇവ. ആ ചരിത്രവിജയത്തിന്റെ ഘട്ടത്തില്‍ ഈ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് നേടിയ വോട്ടുകള്‍ നഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല, വര്‍ധിക്കുകയാണ് ചെയ്തത്. അതുകൊണ്ട് സര്‍ക്കാരിന് പിന്തുണ കുറഞ്ഞു എന്ന വാദംതന്നെ അസ്ഥാനത്താണ്. കണ്ണൂരില്‍ 2006ലെ അസംബ്ളി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 41,132 വോട്ടാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ അത് 41,944 ആയി വര്‍ധിച്ചു. എറണാകുളത്ത് 2006ല്‍ ലഭിച്ച വോട്ട് 37,348 ആയിരുന്നെങ്കില്‍ ഈ തെരഞ്ഞെടുപ്പില്‍ 37,499 വോട്ടു ലഭിച്ചു. ആലപ്പുഴയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 32,788 വോട്ടായിരുന്നുവെങ്കില്‍ ഉപതെരഞ്ഞെടുപ്പില്‍ അത് 38,029 ആയി വര്‍ധിക്കുകയാണ് ചെയ്തത്. ഈ കണക്ക് വ്യക്തമാക്കുന്നത്, എല്‍ഡിഎഫ് ചരിത്രവിജയം നേടിയ ഘട്ടത്തില്‍ വോട്ട് ചെയ്തവരേക്കാള്‍ കൂടുതല്‍പേര്‍ ഇടതുപക്ഷത്തെ ഇപ്പോള്‍ പിന്തുണയ്ക്കാന്‍ തയ്യാറായി എന്നാണ്. അടിത്തറ ദുര്‍ബലമാവുകയല്ല ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ഇടതുപക്ഷ മുന്നണിക്കൊപ്പം ഉണ്ടായിരുന്ന ഒരു രാഷ്ട്രീയകക്ഷിയിലെ ഒരു വിഭാഗം യുഡിഎഫിലേക്ക് ചേക്കേറിയ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഉണ്ടായിരുന്നെങ്കിലും അവയൊന്നും ജനപിന്തുണയ്ക്ക് കോട്ടം വരുത്തിയില്ല. 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് എല്‍ഡിഎഫ് നേടിയ ഘട്ടത്തിലുള്ള പിന്തുണ ഇപ്പോഴും ഉണ്ട് എന്നര്‍ഥം. സര്‍ക്കാരിനെതിരായുള്ള വികാരമല്ല പിന്തുണയാണ് തെരഞ്ഞെടുപ്പുഫലമെന്ന് ഇത് വ്യക്തമാക്കുന്നു. ഈ തെരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാനപ്പെട്ട പ്രചാരവേലയുണ്ടായത് വോട്ടേഴ്സ് ലിസ്റുമായി ബന്ധപ്പെട്ടും തെരഞ്ഞെടുപ്പില്‍ അവിഹിതമായി എല്‍ഡിഎഫ് ഇടപെടുന്നു എന്നാരോപിച്ചുള്ളതുമാണ്. ആറായിരത്തോളം വോട്ടര്‍മാരെ തള്ളിക്കളഞ്ഞ കാര്യവും ഇവര്‍ ഉന്നയിക്കുകയുണ്ടായി. എന്നാല്‍, തങ്ങളുടെ വോട്ട് തള്ളിക്കളഞ്ഞു എന്ന പരാതിയുമായി ആരും രംഗത്തുവന്നില്ല. വോട്ടേഴ്സ് ലിസ്റുമായി ബന്ധപ്പെട്ടു വന്ന ചില പരാതികള്‍ കോടതിയുടെ മുമ്പില്‍ കൊണ്ടുപോയപ്പോള്‍ കോടതി തന്നെ അത് തള്ളിയ സ്ഥിതിയുമുണ്ടായി. ഇത് കാണിക്കുന്നത് ഈ പ്രചാരവേലയും യാഥാര്‍ഥ്യവും തമ്മില്‍ ബന്ധമില്ലെന്നാണ്. തെരഞ്ഞെടുപ്പില്‍ തെറ്റായി ഇടപെട്ടു എന്ന് പ്രചരിപ്പിച്ച കോഗ്രസുകാര്‍ മറക്കാതിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. തെരഞ്ഞെടുപ്പ് കമീഷന്‍തന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു എന്നതിന്റെ പേരില്‍ കേരളത്തിലെ ഒരു കേന്ദ്രമന്ത്രിക്കെതിരെ നടപടിയെടുത്തു കഴിഞ്ഞു. തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ചു എന്ന് തെറ്റായി പ്രചരിപ്പിച്ചു എന്ന്് യുഡിഎഫിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത് യുഡിഎഫിനെ തുടര്‍ച്ചയായി പിന്തുണയ്ക്കുന്ന ഒരു വിഭാഗമാണ്. ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലത്തിന്റെയും രാഷ്ട്രീയ ചരിത്രവും കമ്യൂണിസ്റ് വിരുദ്ധ തിമിരംകൊണ്ട് പലരും മറക്കുകയാണ്. 1957നുശേഷം കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഒരിക്കല്‍പ്പോലും ഒരു കമ്യൂണിസ്റുകാരന്‍ ജയിച്ചിട്ടില്ല. കൊല്ലത്തുകാരനായ ആര്‍ ശങ്കറിന് കോഗ്രസ് കണ്ടെത്തിയ സുരക്ഷിത മണ്ഡലമായിരുന്നു കണ്ണൂര്‍. ഈ പരമ്പരാഗത യുഡിഎഫ് മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്ന വോട്ട് നേടാനായി എന്ന കാര്യം മറച്ചുവയ്ക്കാനാണ് പലര്‍ക്കും താല്‍പ്പര്യം. 1967 ല്‍ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒമ്പത് കോഗ്രസുകാരായിരുന്നു വിജയിച്ചത്. അതില്‍ ഒരാളെ സംഭാവന ചെയ്തത് എറണാകുളമായിരുന്നു. ഇത് കോഗ്രസിന്റെ പരമ്പരാഗത മണ്ഡലമാണ് ഇത് എന്ന് വ്യക്തമാക്കുന്നു. ആലപ്പുഴ മണ്ഡലമാവട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫിനെ വിജയിപ്പിച്ച മണ്ഡലമാണ്. എന്നാല്‍, അവിടെനിന്ന് കഷ്ടിച്ചാണ് യുഡിഎഫ് ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിലും സജീവമായ തെരഞ്ഞെടുപ്പ് മത്സരംതന്നെയാണ് ഞങ്ങള്‍ പ്ളാന്‍ ചെയ്യാറുള്ളത്. ഇത്തവണ ഉപതെരഞ്ഞെടുപ്പായതുകൊണ്ട് അവിടങ്ങളില്‍ നല്ല നിലയ്ക്ക് കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അത് എത്രത്തോളം അങ്കലാപ്പാണ് യുഡിഎഫിനു സൃഷ്ടിച്ചതെന്ന് കേരളം കണ്ടതാണ്. അത്രയ്ക്കു ദുര്‍ബലമാണ് കേരളത്തില്‍ യുഡിഎഫ്. ഈ തെരഞ്ഞെടുപ്പുഫലം എല്‍ഡിഎഫിന് വന്‍ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഉപതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് തുടര്‍ച്ചയായ പരാജയമാണ് ഉണ്ടാവാറുള്ളതെന്നും അത് മാറ്റിക്കുറിച്ചു എന്നുമാണ് ചിലരുടെ നിരീക്ഷണം. എന്നാല്‍, തിരുവല്ല നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഈ അടുത്ത കാലത്തുതന്നെ യുഡിഎഫ് ആയിരുന്നു വിജയിച്ചത് എന്ന കാര്യം ഇവരാരും പരാമര്‍ശിച്ച് കാണുന്നില്ല. ഇതെല്ലാം കാണിക്കുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ തെറ്റായി വിശകലനംചെയ്ത് കമ്യൂണിസ്റ് വിരുദ്ധ വികാരം പ്രചരിപ്പിക്കാനാണ് ചിലര്‍ക്ക് താല്‍പ്പര്യമെന്നാണ്. ബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിച്ച് കമ്യൂണിസ്റ് വിരുദ്ധ ചര്‍ച്ചയ്ക്ക് കോപ്പ് കൂട്ടാനും ഇതിന്റെ ഭാഗമായി ശ്രമമുണ്ട്. പശ്ചിമബംഗാളില്‍ കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോഗ്രസും, കോഗ്രസും പ്രത്യേകമായി മത്സരിച്ച ഘട്ടത്തില്‍ തന്നെ അവര്‍ വിജയിച്ച ഏഴ് സീറ്റില്‍ ഉള്‍പ്പെടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇടതുതീവ്രവാദികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടും അവരുടെ ഒരു സിറ്റിങ് സീറ്റ് തന്നെ നഷ്ടപ്പെടുക ഉണ്ടായി എന്ന യാഥാര്‍ഥ്യം പറയുന്നതിന് ചില മാധ്യമങ്ങള്‍ തയ്യാറാവുന്നേ ഇല്ല. ഇടതുപക്ഷ പ്രസ്ഥാനത്തിനെതിരെ ശക്തമായ പ്രചാരവേല അഴിച്ചുവിടുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ കുറവ് വന്നിട്ടില്ലെന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ സംബന്ധിച്ചുള്ള ചില മാധ്യമങ്ങളുടെ വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ സര്‍ക്കാര്‍ വിരുദ്ധ പ്രചാരവേലകളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഈ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ എല്‍ഡിഎഫിനെ പിന്തുണച്ചിട്ടുള്ളത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തുന്നതിനും കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്തുന്നതിനും ഉള്ള പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി മുഴുകുമെന്ന് ഉറപ്പ് നല്‍കുന്നു.

Wednesday, November 11, 2009

എല്‍ ഡി എഫിന്റെ അടിത്തറ ശക്തം

എല്‍ ഡി എഫിന്റെ അടിത്തറ ശക്തം



ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ എന്നീ നിയമസഭാ നിയോജകമണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം കേരളത്തില്‍ യുഡിഎഫിനനുകൂലമായ ജനവികാരം നിലനില്‍ക്കുന്നു എന്ന വ്യാജപ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ്. പരമ്പരാഗതമായി ജയിക്കുന്ന മണ്ഡലങ്ങളില്‍ ദുര്‍ബലമായ വിജയം ആവര്‍ത്തിച്ചു എന്നാശ്വസിക്കാന്‍ മാത്രമുള്ള വകയേ ഈ ഫലം യുഡിഎഫിന് നല്‍കുന്നുള്ളൂ. അതേസമയം എല്‍ഡിഎഫിന്റെ അടിത്തറ ശക്തമാണെന്നുമാത്രമല്ല, കൂടുതല്‍ വിപുലപ്പെടുകയാണെന്നും ഈ ഫലം തെളിയിക്കുന്നു. 2006ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ച 40 മണ്ഡലത്തില്‍ ഉറച്ച മൂന്നിടത്താണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കാനുള്ള എല്‍ഡിഎഫിന്റെ ശ്രമം വിജയിച്ചില്ല എന്നത് നേരാണ്. എന്നാല്‍, യുഡിഎഫിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. ലോക്സഭാതെരഞ്ഞെടുപ്പില്‍ 20ല്‍ 16 സീറ്റിലും യുഡിഎഫ് ജയിച്ചതോടെ എല്‍ഡിഎഫിന്റെ ഭരണത്തിനെതിരായ വിധിയെഴുത്താണതെന്ന് വലതുപക്ഷശക്തികള്‍ വിലയിരുത്തി. ഒന്നരവര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്നുവരെ അവകാശവാദമുണ്ടായി. അത് ചൂണ്ടിക്കാണിച്ച് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിരട്ടാന്‍വരെ യുഡിഎഫ് നേതൃത്വം ധിക്കാരംകാട്ടി. വ്യക്തമായ രാഷ്ട്രീയ ചായ്വോ കാഴ്ചപ്പാടോ ഇല്ലാത്ത നിഷ്പക്ഷമതികളെയുള്‍പ്പെടെ യുഡിഎഫിന്റെ അവകാശവാദം ഒരുപരിധിവരെ വിശ്വസിപ്പിക്കുന്ന നിലയയിലാണ് പ്രചാരണമരങ്ങേറിയത്. ഈ ഉപതെരഞ്ഞെടുപ്പ് ഫലം അത്തരം അവകാശവാദങ്ങളെ തകര്‍ത്തിരിക്കുന്നു. കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ലോക്സഭാതെരഞ്ഞെടുപ്പില്‍ 23000 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നത് ഈ ഉപതെരഞ്ഞെടുപ്പില്‍ 12,000 ആയി ചുരുങ്ങി. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളിലെത്തിയ കോഗ്രസ് നേതാക്കള്‍ ഒരുകാര്യം തുറന്നുസമ്മതിച്ചു. ലോക്സഭാതെരഞ്ഞെടുപ്പിലെ യുഡിഎഫ് അനുകൂലതരംഗം തികച്ചും താല്‍ക്കാലികമായിരുന്നു. എല്‍ഡിഎഫ് ഭരണത്തിനെതിരായ വിധിയെഴുത്തായി ലോക്സഭാതെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനുള്ള യുഡിഎഫിന്റെ ശ്രമം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നാണ് ഇതോടെ തെളിഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് വ്യാപകമായ എതിര്‍പ്രചാരണമുണ്ടായപ്പോള്‍ എല്‍ഡിഎഫിന്റെ അടിത്തറ തകര്‍ന്നിട്ടില്ലെന്നും രണ്ടുലക്ഷം വോട്ടുമാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നും സിപിഐ എം വിലയിരുത്തിയിരുന്നു. അതോടൊപ്പംതന്നെ, ഇത് ഗൌരവമായ തിരിച്ചടിയാണെന്നും പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട്, നഷ്ടപ്പെട്ട ജനസമ്മതി തിരിച്ചുപിടിക്കാന്‍ ആത്മാര്‍ഥശ്രമം ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് എല്‍ഡിഎഫ് പ്രവര്‍ത്തിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എമ്മും സിപിഐയും എല്‍ഡിഎഫാകെയും പൂര്‍ണ ഐക്യത്തോടെയാണ് പ്രവര്‍ത്തിച്ചത്. ഭരണനേട്ടം ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയുംചെയ്തു. ഇതിനൊക്കെ നല്ല ഫലം ഉണ്ടായി എന്നുവേണം കരുതാന്‍. എറണാകുളം മണ്ഡലത്തില്‍ 2009 ലെ ലോക്സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ വി തോമസിന്റെ ഭൂരിപക്ഷം 14507 ആയിരുന്നു. അത് നിയമസഭാതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം വര്‍ധിച്ചിട്ടും 8620 ആയി കുറയുകയാണുണ്ടായത്. ആലപ്പുഴയില്‍ 2006ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയ 49,721 വോട്ട് 42,774 ആയി ചുരുങ്ങി. എല്‍ഡിഎഫിനാകട്ടെ 32788ല്‍ നിന്ന് 38029 ആയി വര്‍ധിക്കുകയുംചെയ്തു. ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത് 2006 ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി ആഞ്ഞടിച്ച തരംഗം ഇന്നും നിലനില്‍ക്കുകയോ ശക്തിപ്പെടുകയോ ചെയ്തുവെന്നാണ്. കണ്ണൂര്‍ തെരഞ്ഞെടുപ്പില്‍ കോഗ്രസ് സ്ഥാനാര്‍ഥിയായി കാലുമാറ്റക്കാരന്‍ മത്സരിച്ച് ജയിച്ചത് ആരോഗ്യകരമായ ജനാധിപത്യസമ്പ്രദായത്തിനുതന്നെ കളങ്കംവരുത്തിവച്ചതാണെന്ന് കാണാതെ പൊയ്ക്കൂടാ. കാലുമാറ്റക്കാരന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തു. കണ്ണൂരില്‍ കോഗ്രസിന്റെ അടിത്തറ ശക്തമായിട്ടും ഇത്രയും ഉറച്ച മണ്ഡലത്തില്‍ കാലുമാറ്റ രാഷ്ട്രീയക്കാരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കോഗ്രസ് നേതൃത്വത്തിനിടയിലുള്ള അഭിപ്രായവ്യത്യാസം മറനീക്കി പുറത്തുവന്നതാണ്. ഇനിയുള്ള നാളുകളില്‍ ഇതിനുള്ള ന്യായീകരണം കണ്ടെത്താന്‍ കോഗ്രസ് നേതൃത്വം ഒരുപാട് വിയര്‍പ്പൊഴുക്കേണ്ടിവരും. പശ്ചിമ ബംഗാളില്‍ പത്തുനിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പു നടന്നതില്‍ ഒരെണ്ണത്തിലാണ് ഇടതുമുന്നണി വിജയിച്ചിട്ടുള്ളത്. നേരത്തെതന്നെ തൃണമൂല്‍-കോഗ്രസ് സഖ്യം വിജയിച്ച മണ്ഡലങ്ങളാണ് പത്തില്‍ ഏഴും. തൃണമൂല്‍കോഗ്രസും കോഗ്രസും മാവോയിസ്റുകളും മത മൌലികവാദ-വിഘടന ശക്തികളാകെയും യോജിച്ചാണ് അവിടെ ഇടതുപക്ഷത്തെ നേരിട്ടത്. അതിന്റെ ഫലമാണ് ഈ ഫലം. ഇതേ നിലപാട് കോഗ്രസിനെതിരെ മറ്റു കക്ഷികള്‍ എടുത്താല്‍ ആ പാര്‍ടിക്ക് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഭൂരിപക്ഷം നേടാന്‍ കഴിയില്ല എന്ന് ഓര്‍ക്കേണ്ടതുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ മാസം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഗ്രസ്-എന്‍സിപി സഖ്യത്തിന് 37 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. തത്വദീക്ഷയില്ലാത്ത രാഷ്ട്രീയ സഖ്യങ്ങളിലൂടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള കോഗ്രസിന്റെ നീക്കം രൂക്ഷതയോടെ പുറത്തുവരുന്നതാണ് പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പുഫലം എന്ന് കാണേണ്ടതുണ്ട്. വരുംനാളുകളില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനും മുന്നണിയെ കൂടുതല്‍ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഊര്‍ജമാണ് ഉപതെരഞ്ഞെടുപ്പു ഫലങ്ങളില്‍നിന്ന് ആര്‍ജിക്കാനുള്ളത്്. കൂടുതല്‍ ജനവിഭാഗങ്ങളെ ആകര്‍ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനോടൊപ്പം സ്വയം വിമര്‍ശനാത്മകമായ പരിശോധനകള്‍ അവിരാമം തുടരുകയും അവയില്‍നിന്ന് പാഠമുള്‍ക്കൊണ്ട് ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതും അതുല്യമാക്കുകയും എന്ന കടമയാണ് എല്‍ഡിഎഫിന് മുന്നിലുള്ളത്. അത് നിര്‍വഹിക്കുന്നതിന് പര്യാപ്തമായ സൂചനയാണ് തെരഞ്ഞെടുപ്പുഫലത്തിലുള്ളത്. യുഡിഎഫിന്റെ വിജയാഘോഷത്തേക്കാള്‍ ഉയര്‍ന്ന മൂല്യം അതിനുണ്ട്. deshabhimani editorial

Saturday, November 7, 2009

ഇന്ത്യയുടെ അമേരിക്കന്‍ ദാസ്യം അപമാനകരം: പിണറായി വിജയന്‍

ഇന്ത്യയുടെ അമേരിക്കന്‍ ദാസ്യം അപമാനകരം: പിണറായി വിജയന്‍


തിരു: അമേരിക്കന്‍ സേനയ്ക്കൊപ്പം യുദ്ധംചെയ്യാന്‍ അഫ്ഗാനിസ്ഥാനിലേക്ക് പട്ടാളത്തെ അയക്കാനുള്ള ഇന്ത്യന്‍ നീക്കം അമേരിക്കന്‍ ദാസ്യവൃത്തിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇത് അപമാനകരമാണ്. അഫ്ഗാനിസ്ഥാനിലേക്ക് പട്ടാളത്തെ വിടാനുള്ള നീക്കം അണിയറയില്‍ സജീവമാണ്. അമേരിക്കന്‍ ദാസ്യവേലയ്ക്ക് എന്തും ചെയ്യാന്‍ ഇന്ത്യന്‍ ഭരണാധികാരികള്‍ തയ്യാറായി എന്നാണ് ഇത് കാണിക്കുന്നത്. മറ്റു രാഷ്ട്രങ്ങള്‍ക്കെതിരെ തങ്ങള്‍ നടത്തുന്ന എല്ലാ ആക്രമണങ്ങളിലും ഇന്ത്യയെ മുഖ്യ പങ്കാളികളാക്കുകയാണ് അമേരിക്കന്‍ ലക്ഷ്യം. ഇത് സാക്ഷാല്‍ക്കരിക്കാന്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ വഴങ്ങുകയാണെന്നും പിണറായി പറഞ്ഞു. സിഐടിയു തിരുവനന്തപുരം ജില്ലാകമ്മിറ്റി ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടലില്‍ ഇന്ത്യയും സഹകരിക്കണമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് ഇന്ത്യ സന്ദര്‍ശനവേളയില്‍ ആവശ്യപ്പെട്ടിരുന്നു. ഇറാക്ക് അധിനിവേശകാലത്ത് ഇന്ത്യന്‍സേനയെ കൂടി പങ്കാളികളാക്കാന്‍ അമേരിക്ക ശ്രമം നടത്തിയിരുന്നു. അന്നത്തെ കേന്ദ്രസര്‍ക്കാരിന് ഇതിന് അനുകൂല നിലപാടായിരുന്നെങ്കിലും ജനവികാരം പേടിച്ച് അന്ന് പിന്മാറി. ജനദ്രോഹകരമായ കരാറുകളിലൂടെ ഇന്ത്യയെ അമേരിക്കയുടെ അടുത്ത ബന്ധുവാക്കി മാറ്റി. ഇന്ത്യന്‍ ജനതയെ ഇതുവഴി കേന്ദ്രസര്‍ക്കാര്‍ അപമാനിച്ചിരിക്കുകയാണ്. ലോകരാജ്യങ്ങള്‍ അമേരിക്കന്‍ ബന്ധുത്വം അപമാനമായി കാണുമ്പോള്‍ രാജ്യത്തിന്റെ പരമാധികാരവും അഭിമാനവുമെല്ലാം തകര്‍ക്കുന്ന നയങ്ങളാണ് കോഗ്രസ് സര്‍ക്കാര്‍ തുടരുന്നത്. പലസ്തീനിയന്‍ ജനതയ്ക്കുമേല്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരതകള്‍ തുടരുന്ന ഇസ്രയേലിനെ വെള്ളപൂശുന്ന നയം അമേരിക്കയെ പ്രീണിപ്പിക്കാനാണ്. ഐക്യരാഷ്ട്രസഭയിലെ ചര്‍ച്ചയില്‍ ഇസ്രയേലിനെ പുകഴ്ത്താനും പലസ്തീനെ വിമര്‍ശിക്കാനും ഇന്ത്യന്‍ പ്രതിനിധി തയ്യാറായത് ഇതിന്റെ ഭാഗമായാണ്. സാമ്രാജ്യത്തെ അനുകൂലിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ സ്വാതന്ത്യ്രത്തിനുവേണ്ടി പോരാടിയ ലക്ഷങ്ങളെ അപമാനിക്കുന്നതാണെന്നും പിണറായി പറഞ്ഞു. ആനത്തലവട്ടം ആനന്ദന്‍ എംഎല്‍എ അധ്യക്ഷനായി.

നാല്‍പ്പത് മാസത്തെ ഭരണനേട്ടങ്ങളുമായി

നാല്‍പ്പത് മാസത്തെ ഭരണനേട്ടങ്ങളുമായി
പതിനഞ്ചാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുമുന്നില്‍ രാഷ്ട്രീയവിഷയങ്ങള്‍ മറച്ചുവയ്ക്കാനുള്ള മത്സരമാണ് നടന്നത്. വിവാദങ്ങള്‍ കുത്തിപ്പൊക്കി അതില്‍ കടിച്ചുതൂങ്ങിയുള്ള മാധ്യമ-രാഷ്ട്രീയ തന്ത്രം. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍, യുപിഎ നേതൃത്വത്തിന്റെ സാമ്രാജ്യത്വവിധേയത്വവും അതിന്റെ ഫലമായ ജനദ്രോഹനയങ്ങളും, ആഗോളവല്‍ക്കരണനയങ്ങളുടെ ദുരിതമുഖം, വര്‍ഗീയവിപത്ത്- ഇവയൊന്നും ചര്‍ച്ചയ്ക്കുവന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങളാണ് ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കപ്പെട്ടത്. ഇത്തവണ, മൂന്നു മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ വ്യത്യസ്തമായ സ്ഥിതിയാണ് കാണാനാകുന്നത്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ ഏറെക്കുറെ ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിയുന്നു. അതുകൊണ്ടുതന്നെ, യുഡിഎഫിന്റെ ശക്തിദുര്‍ഗങ്ങളെന്ന് വാഴ്ത്തപ്പെട്ട മൂന്നു മണ്ഡലത്തിലെയും തെരഞ്ഞെടുപ്പുരംഗം മാറിമറിഞ്ഞിരിക്കുന്നു. ശബ്ദപ്രചാരണം അവസാനിക്കുമ്പോഴുള്ള അവസ്ഥ, മൂന്നിടത്തും കോഗ്രസിന് വിജയപ്രതീക്ഷ നഷ്ടപ്പെട്ടു എന്നതാണ്. അഭൂതപൂര്‍വമായ നേട്ടങ്ങളുടെ റെക്കോഡുമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവമെന്റ് 40 മാസം പിന്നിട്ടിരിക്കുന്നു. ബിപിഎല്‍, എപിഎല്‍ കാര്‍ഡ് ഉടമകള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങി പാവപ്പെട്ട കാല്‍ക്കോടിയിലേറെ കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരിയും ഗോതമ്പും നല്‍കി രാജ്യത്തിനാകെ മാതൃക സൃഷ്ടിച്ചിരിക്കുന്നു. പാവങ്ങള്‍ക്ക് റേഷനരി രണ്ടു രൂപ നിരക്കില്‍ നല്‍കുന്നത് ഒറ്റപ്പെട്ട ഒരു നടപടിയല്ല. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പരിധിയില്ലാതെ സബ്സിഡി നല്‍കിക്കൊണ്ട് രാജ്യത്തിനാകെ മാതൃകയായ വിപണി ഇടപെടല്‍ നടത്തുന്നതിന്റെ, പൊതുവിതരണസമ്പ്രദായം കുറ്റമറ്റതാക്കിയതിന്റെ തുടര്‍ച്ചയാണിത്. ഉല്‍പ്പന്നങ്ങളുടെ വിലക്കുറവ്, കടക്കെണി എന്നിവ കാരണം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്. മൂന്നുവര്‍ഷംമുമ്പ് അത്തരമൊരു ഭീതിദാവസ്ഥയിലായിരുന്നു കേരളവും. കേരളത്തില്‍ ആത്മഹത്യപ്രവണത പൂര്‍ണമായി അവസാനിപ്പിച്ചെന്നുമാത്രമല്ല, കാര്‍ഷികമേഖലയില്‍ നവോന്മേഷവും ആവേശവും സൃഷ്ടിക്കാനും കഴിഞ്ഞു. ഈ കാലയളവില്‍ നെല്ലിന്റെ സംഭരണവില ഏഴില്‍നിന്ന് ഘട്ടംഘട്ടമായി 12 രൂപയായി വര്‍ധിപ്പിക്കുകയും വിള ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്തു. പലിശരഹിതവായ്പ ലഭ്യമാക്കിയും കര്‍ഷക പെന്‍ഷന്‍പദ്ധതി നടപ്പാക്കിയും കാര്‍ഷികരംഗത്ത് പുത്തനുണര്‍വ് സൃഷ്ടിച്ചു. അതിന്റെ തുടര്‍ച്ചയായി നെല്ല്, പാല്‍, മുട്ട, പഴം, പച്ചക്കറി, പയര്‍വര്‍ഗങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ 1313ല്‍പ്പരം കോടി രൂപയുടെ സമഗ്രപദ്ധതി ആവിഷ്കരിച്ചു. 20,000 ഹെക്ടറില്‍ പുതുതായി കൃഷിയിറക്കുകയും വിളവെടുക്കുകയും ചെയ്തു. പാലുല്‍പ്പാദനത്തില്‍ പ്രതിദിനം നാലുലക്ഷത്തോളം ലിറ്ററിന്റെ വര്‍ധനയുണ്ടാക്കി. മത്സ്യത്തൊഴിലാളികള്‍ക്കായി കടാശ്വാസനിയമം കൊണ്ടുവന്നു. വ്യാവസായികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ശക്തമായ നടപടി എടുക്കാന്‍ കഴിഞ്ഞു. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടിയ ഫാക്ടറികളെല്ലാം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു. നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായങ്ങളെ ലാഭത്തിലാക്കി. കേന്ദ്ര-പൊതുമേഖലയുമായി സഹകരിച്ച് നിരവധി സംയുക്തസംരംഭം ആരംഭിച്ചു. പാലക്കാട്ട് കോച്ച് ഫാക്ടറി നേടിയെടുക്കുകയും അതിന്റെ നിര്‍മാണത്തിന് അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കുകയുമാണ്. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതവികസനം പൂര്‍ത്തീകരിച്ച് കമീഷന്‍ചെയ്യുകയും കോവളത്തുനിന്ന് നീലേശ്വരത്തേക്ക് ജലപാത വികസിപ്പിക്കാന്‍ പ്രവൃത്തി ത്വരിതപ്പെടുത്തുകയും ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തിന് അനുമതി നേടുകയും ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. നിര്‍മാണം ഈ വര്‍ഷം തുടങ്ങും. വല്ലാര്‍പാടം പദ്ധതിയും എല്‍എന്‍ജി ടെര്‍മിനലും നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ചെയ്ത യത്നം ഫലപ്രാപ്തിയിലേക്ക് നീങ്ങുന്നു. ഏറ്റവും അധികം വികസനസാധ്യതയുള്ള ടൂറിസം-ഐടി മേഖലകള്‍ക്ക് പ്രധാന പരിഗണന നല്‍കാന്‍ കഴിഞ്ഞു. ടൂറിസം രംഗത്ത് പ്രധാന ഡെസ്റിനേഷനായി കേരളം മാറി. 25 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാക്കി. ഐടി മേഖലയില്‍ പതിനായിരക്കണക്കിന് തൊഴിലവസരം വര്‍ധിച്ചു. പത്തു പുതിയ ഐടി പാര്‍ക്ക് നിര്‍മിക്കുന്നതിന് തുടക്കമായി. ഐടി സംരംഭങ്ങള്‍ക്കുള്ള അടിസ്ഥാനസൌകര്യം മൂന്നുകൊല്ലംകൊണ്ട് അഞ്ചുമടങ്ങായി വര്‍ധിച്ചു. ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലുമായി 53 പുതിയ കമ്പനി വന്നു. ഐടിയില്‍ ഇനി കേരളത്തിന്റെ കാലമാണെന്ന് പരക്കെ അംഗീകരിക്കപ്പെടുകയാണ്. ക്ഷേമപദ്ധതികളുടെ കാര്യത്തില്‍ വീണ്ടും രാജ്യത്തിനാകെ മാതൃകയാകാന്‍ കഴിഞ്ഞു. പത്തുലക്ഷംവരുന്ന അസംഘടിത തൊഴിലാളികള്‍ക്ക് ജോലിസ്ഥിരതയും പെന്‍ഷനും ചികിത്സാസഹായവുമെല്ലാം ഉറപ്പാക്കുന്ന ക്ഷേമനിധിനിയമം പ്രാബല്യത്തിലാക്കി. 30 ലക്ഷത്തില്‍പ്പരം കുടുംബത്തിന് സഹായകമായ പ്രവാസിക്ഷേമനിധി ആരംഭിക്കാന്‍ കഴിഞ്ഞു. രണ്ടുലക്ഷംവരുന്ന ചെറുകിട തോട്ടംതൊഴിലാളികള്‍ക്ക് പെന്‍ഷനും ക്ഷേമനിധിയും ഉറപ്പാക്കി. ക്ഷേമപെന്‍ഷനുകള്‍ നൂറും നൂറ്റിയിരുപതും രൂപയായിരുന്നത്, 250 രൂപയായി വര്‍ധിപ്പിച്ച് കുടിശ്ശിക മുഴുവന്‍ കൊടുത്തുതീര്‍ത്തു. ഒരു ക്ഷേമനിധിയിലും അംഗമല്ലാത്ത നിരാലംബ വൃദ്ധര്‍ക്ക് പ്രതിമാസം നൂറു രൂപ അലവന്‍സ് അനുവദിച്ചു. വീടില്ലാത്ത എല്ലാ കുടുംബത്തിനും വീട്, വീടുവയ്ക്കാന്‍ സ്ഥലമില്ലാത്ത എല്ലാ കുടുംബത്തിനും ആദ്യം സ്ഥലവും പിന്നെ വീടും വീട്ടില്‍ വൈദ്യുതിയും വെളിച്ചവും. അതിനായി വിവിധ പദ്ധതി നടപ്പാക്കിവരികയാണ്. തെരഞ്ഞെടുപ്പുകാലത്ത് ജനവികാരം മനസ്സിലാക്കാന്‍ സര്‍വേ നടത്തുന്ന പല മാധ്യമങ്ങളും ഓരോ സംസ്ഥാനത്തെ സ്ഥിതിഗതിസംബന്ധിച്ച് സര്‍വേ നടത്താറുണ്ട്. ഇത്തവണ സിഎന്‍എന്‍-ഐബിഎന്‍ ചാനല്‍ നടത്തിയ സര്‍വേയില്‍ സമഗ്രമായ ക്ഷേമ-വികസനകാര്യത്തില്‍ കഴിഞ്ഞവര്‍ഷം ഏറ്റവും മികച്ച നിലവാരം കാഴ്ചവച്ച സംസ്ഥാനമായി കേരളത്തെയാണ് തെരഞ്ഞെടുത്തത്. ആരോഗ്യപരിപാലനം, പരിസ്ഥിതിസംരക്ഷണം, അടിസ്ഥാനസൌകര്യ വികസനം എന്നിവയിലും കേരളമാണ് കഴിഞ്ഞവര്‍ഷം ഏറ്റവും മുന്നേറിയതെന്ന് താരതമ്യപഠനം നടത്തിയ സിഎന്‍എന്‍-ഐബിഎന്‍ പറയുന്നു. അതുപോലെതന്നെ താരതമ്യപഠനം നടത്തിയ ഇന്ത്യാടുഡേ വാരിക ക്രമസമാധാനപാലനത്തിലും കുടിവെള്ളവിതരണത്തിലും കേരളത്തെയാണ് ഒന്നാമതായി കണ്ടെത്തിയത്. ഇത് ഒരു സൂചകമാണ്. വ്യാജവോട്ട് എന്ന ആരോപണം ഉയര്‍ത്തിയും കേന്ദ്രസേനാ വിന്യാസത്തെക്കുറിച്ചും വിവാദമുണ്ടാക്കി തെരഞ്ഞെടുപ്പുചര്‍ച്ച വഴിമാറ്റാനുള്ള ശ്രമം യുഡിഎഫും അതിന്റെ പിന്തുണക്കാരായ മാധ്യമങ്ങളും നടത്തി. എന്നാല്‍, കണ്ണൂരിലെ വ്യാജവോട്ട് ആരോപണം പൊള്ളയാണെന്നും യുഡിഎഫാണ് വ്യാജവോട്ടുകളുടെ കുത്തകാവകാശക്കാരെന്നും അസന്ദിഗ്ധമായി തെളിഞ്ഞുകൊണ്ടാണ് ആ വിവാദം അവസാനിച്ചത്. കേന്ദ്രസേനയുടെ വരവുസംബന്ധിച്ച വിവാദം ഞെക്കിപ്പഴുപ്പിക്കാനുള്ള ശ്രമങ്ങളും ഫലംകണ്ടില്ല.

Friday, November 6, 2009

മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത് സാമ്രാജ്യത്വ താല്‍പ്പര്യം: പിണറായി

മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത് സാമ്രാജ്യത്വ താല്‍പ്പര്യം: പിണറായി .
തൃശൂര്‍: സാമ്രാജ്യത്വത്തിന്റെയും കോര്‍പറേറ്റ് മുതലാളിമാരുടെയുംവര്‍ഗതാല്‍പ്പര്യമാണ് ഭൂരിഭാഗം മാധ്യമങ്ങളും സംരക്ഷിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. രാജ്യസുരക്ഷക്ക് തടസ്സംനില്‍ക്കുന്ന പ്രശ്നങ്ങള്‍ പോലും വെളിച്ചത്തു കൊണ്ടുവരാനും തുറന്നെതിര്‍ക്കാനും സമ്പന്നവര്‍ഗ പക്ഷപാതിത്വംമൂലം ഈ മാധ്യമങ്ങള്‍ക്കു കഴിയുന്നില്ല. ദേശാഭിമാനി പ്രചരണാര്‍ഥം സംഘടിപ്പിച്ച ജില്ലാതല സംഘാടക സമിതി രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ലോകത്തിലെ 95 ശതമാനം മാധ്യമങ്ങളും വന്‍കിട കോര്‍പറേറ്റ് ഉടമസ്ഥതയിലാണ്. ഇന്ത്യയിലും കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ടുതന്നെ തൊഴിലാളിവര്‍ഗത്തെയും അവരുടെ പ്രക്ഷോഭങ്ങളെയും ഈ കുത്തകമാധ്യമങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. കമ്യൂണിസ്റ്റുപാര്‍ടിയെ പരമശത്രുവായി പ്രഖ്യാപിക്കുന്നു. വര്‍ഗീയ, വിഘടനശക്തികള്‍ രാജ്യത്തിന്റെ ഐക്യത്തെ തകര്‍ക്കുന്ന പ്രര്‍ത്തനങ്ങള്‍ നടത്തുമ്പോഴും തുറന്നെതിര്‍ക്കാന്‍ ഇവര്‍ തയ്യാറല്ല. താല്‍ക്കാലിക സാമ്പത്തികനേട്ടങ്ങളാണ് ഇവരെ നയിക്കുന്നത്. ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ടു മാത്രം കേരളം, ബംഗാള്‍, ത്രിപുര സര്‍ക്കാരുകളെ വേര്‍തിരിച്ച് കുത്തകമാധ്യമങ്ങള്‍ ആക്രമിക്കുകയാണ്. ബംഗാള്‍ സര്‍ക്കാരിനെതിരെ നിയമം കൈയിലെടുത്ത് മാവോയിസ്റ്റുകളും തൃണമൂല്‍ കോഗ്രസും നടത്തിയ ആക്രമണങ്ങള്‍ കുപ്രസിദ്ധമാണ്. മുതലാളിത്തശക്തികള്‍ മാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്വവും ബംഗാള്‍ സര്‍ക്കാരിനെ എതിര്‍ക്കുന്നു. ഇക്കൂട്ടരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന മാധ്യമങ്ങള്‍ ബംഗാളില്‍ നടന്ന സംഭവങ്ങളെ വക്രീകരിക്കുകയായിരുന്നു. മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും മുതലാളിത്തം സ്വാധീനിക്കുന്നു. സത്യം തുറന്നു പറയാന്‍ ഇതുമൂലം മാധ്യമങ്ങള്‍ തയ്യാറാകുന്നില്ല. ഇനി അമേരിക്ക ഒരു യുദ്ധത്തില്‍ പങ്കാളിയാവുമെങ്കില്‍ ഇന്ത്യയെ സഖ്യകക്ഷിയാക്കാനാണ് നീക്കം. അഫ്ഗാനിസ്ഥാനില്‍ ഇനി അമേരിക്കന്‍ പട്ടാളക്കാര്‍ക്കു പകരം ഇന്ത്യന്‍ പട്ടാളക്കാരെ കുരുതി കൊടുക്കാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അതിന് സഹായകമായ ഭരണകൂട നടപടികള്‍ ഭൂരിഭാഗം മാധ്യമങ്ങളും മറച്ചുവയ്ക്കുന്നു. നിഷ്പക്ഷതയും സ്വതന്ത്ര സ്വഭാവവും കാണിക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങള്‍ അതില്‍നിന്ന് വ്യതിചലിക്കുന്നതും കുത്തകമാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകുന്നില്ല. തെരഞ്ഞെടുപ്പു കമീഷനെ പാവകളിപ്പിക്കുന്ന ഭരണവര്‍ഗ നടപടികള്‍പോലും മറച്ചുവയ്ക്കുന്നു. ഇതിലെല്ലാം നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ട്. മുന്‍ തെരഞ്ഞെടുപ്പു കമീഷണര്‍ എം എസ് ഗില്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ്. ഡല്‍ഹി കലാപത്തെക്കുറിച്ച് അന്വേഷിച്ച രംഗനാഥ മിശ്ര ഇപ്പോള്‍ കോഗ്രസ് എംപി. കലാപത്തിലെ കോഗ്രസ് നേതാക്കളുടെ പങ്ക് മറച്ചുവച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ പ്രതിഫലമാണത്. ഭരണവര്‍ഗത്തിന്റെയും രാജ്യദ്രോഹശക്തികളുടെയും താല്‍പ്പര്യസംരക്ഷിക്കുന്ന മാധ്യമസംസ്കാരത്തിനെതിരെ ഒറ്റയാന്‍ പോരാട്ടമാണ് ദേശാഭിമാനി നടത്തുന്നത്. തൊഴിലാളിവര്‍ഗത്തിന്റെ പോരാളിയും വഴികാട്ടിയുമായ ദേശാഭിമാനിയുടെ പ്രചാരണം ഇന്നുള്ളതിനേക്കാള്‍ വിപുലപ്പെടുത്തിയേ കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാനാവൂ എന്നും പിണറായി പറഞ്ഞു. യോഗത്തില്‍ പി ആര്‍ രാജന്‍ എംപി അധ്യക്ഷനായി.
desh

Thursday, November 5, 2009

മൂന്നു സീറ്റും എല്‍ഡിഎഫിന് അനുകൂലം: പിണറായി



മൂന്നു സീറ്റും എല്‍ഡിഎഫിന് അനുകൂലം: പിണറായി.



കണ്ണൂര്‍: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പു നടക്കുന്ന മൂന്നു സീറ്റിലും എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ യുഡിഎഫിന് വോട്ടുചെയ്തവര്‍ പശ്ചാത്തപിക്കുകയാണിപ്പോള്‍. അവര്‍ ഇക്കുറി മാറിച്ചിന്തിക്കും. തെരഞ്ഞെടുപ്പു കമീഷനെ കോഗ്രസ്സ് പാവ കളിപ്പിക്കുകയാണെന്ന് പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ പിണറായി തുടര്‍ന്നു. കോഗ്രസ്സ് പറയുന്നതുപോലെ ചെയ്യാനാണോ തെരഞ്ഞെടുപ്പു കമീഷന്‍. പഴയ മുഖ്യ തെരഞ്ഞെടുപ്പു കമീഷണര്‍ ഗില്ലിനെ പിന്നീട് മന്ത്രിയാക്കിയത് കോഗ്രസ്സാണ്. ഉപകാരസ്മരണയാണോ ഇത്. ഇപ്പോഴത്തെ കമീഷണറുടെ പേരില്‍ എന്തൊക്കെ ആക്ഷേപങ്ങളുണ്ടായി. രാജീവ ഗാന്ധി ട്രസ്റ്റിന്റെ പേരില്‍ ആരോപണമുണ്ടായില്ലേ. അടിയന്തരാവസ്ഥയില്‍ ഉദ്യോഗത്തിലിരുന്ന് ഇദ്ദേഹം ചെയ്തതൊന്നും ജനങ്ങള്‍ മറക്കില്ല. വയലാര്‍ രവി കണ്ണൂരില്‍ വന്ന് പറഞ്ഞതില്‍ എന്തു നടപടിയെടുത്തു. ചെലവു സ്വന്തമായി നല്‍കാന്‍ പറഞ്ഞതല്ലാതെ ചട്ടലംഘനത്തിന് നടപടയെടുത്തോ. സ്വതന്ത്രവും നിഷ്പക്ഷവുമായ നടപടിയാണ് കമീഷനില്‍ നിന്ന് രാജ്യം പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ തെരഞ്ഞെടുപ്പു സമാധാനപരമായി നടത്താന്‍ കേരള പൊലീസിന് കഴിവില്ലേ. മുമ്പ് ചെയ്തിട്ടില്ലേ. ഒരാള്‍ക്ക്് ഒരു വോട്ട് എവിടെയും ചെയ്യാം. അത് തടയാന്‍ കേന്ദ്രസേനക്കൊന്നും കഴിയില്ലെന്ന് പിണറായി പറഞ്ഞ

Wednesday, November 4, 2009

യു.ഡിഎഫിനൊപ്പം നിന്നവര് പശ്ചാത്തപിക്കുന്നു: പിണറായി

യു.ഡിഎഫിനൊപ്പം നിന്നവര് പശ്ചാത്തപിക്കുന്നു: പിണറായി
L D F നെ വിജയിപ്പിക്കൂ. കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ





L D F നെ വിജയിപ്പിക്കൂ.കേരളത്തിന്റെ അഭിമാനം സംരക്ഷിക്കൂ



കണ്ണൂര്: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില് യു.ഡി.എഫിനൊപ്പം നിന്ന പലരും ഇപ്പോള് പശ്ചാത്തപിക്കുകയാണെന്ന് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.ഒരു മായാവലയം സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ് അന്ന് ഇടതുകക്ഷികള്ക്ക് തിരിച്ചടിയുണ്ടായത്. ഇന്ന് സ്ഥിതിയാകെ മാറി. സങ്കുചിത താത്പര്യങ്ങള്ക്ക് വേണ്ടി കോണ്ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുകയാണെന്ന് പിണറായി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെ കോണ്ഗ്രസുകാര് പാവ കളിപ്പിക്കുകയാണ്.
മുന് തിരഞ്ഞെടുപ്പ് കമ്മീഷണര് എം.എസ്. ഗില്ലിന് മന്ത്രിസ്ഥാനം നല്കിയത് ഉപകാരസ്മരണയായിട്ടാണെന്നും പിണറായി ആരോപിച്ചു. കേന്ദ്ര പദ്ധതികള് നടപ്പിലാക്കുന്നതിന് കേരളം തടസ്സം നില്ക്കുകയാണെന്ന ചിലരുടെ ആരോപണം വസ്തുതാ വിരുദ്ധമാണ്. സി.പി.എമ്മിലെ തെറ്റുതിരുത്തല് നടപടികള് പാര്ട്ടിക്ക് ഊര്ജ്ജം പകരുമെന്നും പിണറായി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കണ്ണൂരില് അബ്ദുള്ളക്കുട്ടി കോണ്ഗ്രസിന്റെയോ യു.ഡി.എഫിന്റെയോ സ്ഥാനാര്ഥിയല്ല, മറിച്ച് കെ സുധാകരന്റെ മാത്രം സ്ഥാനാര്ഥിയാണെന്നും അദ്ദേഹം പറഞ്ഞു

പ്രചാരണച്ചെലവ് വയലാര്‍ രവി തിരിച്ചടയ്ക്കണം: തെര. കമീഷന്‍

പ്രചാരണച്ചെലവ് വയലാര്‍ രവി തിരിച്ചടയ്ക്കണം: തെര. കമീഷന്‍ .


ന്യൂഡല്‍ഹി: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചതിന്റെ ചെലവ് സ്വയം വഹിക്കാന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയോട് തെരഞ്ഞെടുപ്പു കമീഷന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചതുവഴി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയ കമീഷന്‍ ഇതിന് ചെലവായ പണം സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനും നിര്‍ദേശിച്ചു. കൂത്തുപറമ്പ് നിര്‍മലഗിരി കോളേജിലെ ചടങ്ങില്‍ കോളേജിന് പ്രത്യേക വികസനഫണ്ട് അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ കലക്ടര്‍ക്കെതിരെ ഭീഷണി മുഴക്കിയതും സംബന്ധിച്ച് രണ്ട് ദിവസത്തിനകം മറുപടി നല്‍കാന്‍ ഒക്ടോബര്‍ 28ന് കമീഷന്‍ വയലാര്‍ രവിയോട് ആവശ്യപ്പെട്ടിരുന്നു. കോളേജില്‍ പുതിയ വാഗ്ദാനം നല്‍കിയില്ലെന്നും ആവശ്യത്തോട് പ്രതികരിക്കുക മാത്രമേ ഉണ്ടായുള്ളൂവെന്നും വയലാര്‍ രവി മറുപടി നല്‍കി. എന്നാല്‍, കണ്ണൂരടക്കം കേരളത്തില്‍ നടത്തിയ യാത്രകള്‍ ഔദ്യോഗികമോ സ്വകാര്യസന്ദര്‍ശനമോ എന്ന് കമീഷന്‍ വീണ്ടും ആരാഞ്ഞു. സ്വകാര്യസന്ദര്‍ശനമാണെങ്കില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഉപയോഗിച്ചതിന്റെ കാരണം അറിയിക്കാനും നിര്‍ദേശിച്ചു. സ്വകാര്യ സന്ദര്‍ശനമായിരുന്നെന്നും ഔദ്യോഗിക സന്ദര്‍ശനമായത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അതില്‍ ഖേദിക്കുന്നെന്നും വയലാര്‍ രവി കമീഷനെ അറിയിച്ചു. ഇതേതുടര്‍ന്നാണ് വിമാനയാത്രയ്ക്കും ഔദ്യോഗിക വാഹനം ഉപയോഗിച്ചതിനും ചെലവായ തുക തിരിച്ചടയ്ക്കാന്‍ കമീഷന്‍ നിര്‍ദേശിച്ചത്. എന്നാല്‍, പ്രഖ്യാപനങ്ങളില്‍ തെരഞ്ഞെടുപ്പു ചട്ടലംഘനമില്ലെന്ന നിഗമനത്തിലാണ് കമീഷന്‍. രവിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട് കമീഷന്‍ എടുത്തത്. കണ്ണൂരില്‍ വയലാര്‍ രവി പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും എ വിജയരാഘവന്‍ എംപി തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടലംഘനവും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും സംബന്ധിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് എല്‍ഡിഎഫ് കണ്ണൂര്‍ മണ്ഡലം സെക്രട്ടറി എം പ്രകാശന്‍ എംഎല്‍എയും പരാതി നല്‍കി. കണ്ണൂരില്‍ ജനാധിപത്യം അപകടത്തിലാണെന്നും ഇതിന് കൂട്ടുനില്‍ക്കുന്ന കലക്ടര്‍ ഒഴിയണമെന്നും ഒക്ടോബര്‍ 16ന് വയലാര്‍ രവി പ്രസ് ക്ളബിന്റെ മുഖാമുഖം പരിപാടിയില്‍ പറഞ്ഞു. ഡെന്‍മാര്‍ക്കില്‍ നേഴ്സുമാര്‍ക്ക് ജോലിക്ക് അവസരമുണ്ടാക്കിയതുപോലെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ക്ക് തൊഴില്‍ കിട്ടാന്‍ കരാര്‍ ഉടന്‍ ഒപ്പിടുമെന്നും പ്രഖ്യാപിച്ചു. മൈതാനം നിര്‍മിക്കാന്‍ അഞ്ചു ലക്ഷം രൂപ അനുവദിക്കുമെന്നാണ് നിര്‍മലഗിരി കോളേജില്‍ പ്രസംഗിച്ചത്.

Tuesday, November 3, 2009

മാധ്യമങ്ങളെ ആര് വിലക്കി?

മാധ്യമങ്ങളെ ആര് വിലക്കി?

ഊതിപ്പെരുപ്പിക്കുന്ന വാര്‍ത്തകള്‍ പ്രതികരണം സൃഷ്ടിച്ചും പ്രത്യാഘാതത്തെക്കുറിച്ച് കഥകള്‍ നെയ്തും രാഷ്ട്രീയലാഭത്തിനായി ഉപയോഗിക്കുന്നത് കേരളത്തിലെ ആദ്യത്തെ സംഭവമല്ല. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നൊരു വാര്‍ത്ത മലയാളമനോരമ കൊണ്ടുവരികയും എല്‍ഡിഎഫ് സര്‍ക്കാരിന്റെയും അതിനെ നയിക്കുന്ന സിപിഐ എമ്മിന്റെയും മാധ്യമവിരോധമാണ് നിയന്ത്രണങ്ങള്‍ക്കു പിന്നിലെന്ന് വ്യാഖ്യാനമുണ്ടാവുകയും ചെയ്തിരിക്കുന്നു. അങ്ങനെ ഒരു നിയന്ത്രണവുമില്ലെന്നും വരുത്താന്‍ ഉദ്ദേശ്യമില്ലെന്നും അത്തരമൊന്ന് ചര്‍ച്ചചെയ്തിട്ടുപോലുമില്ലെന്നും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കിയിട്ടും വിവാദക്കാര്‍ നിര്‍ത്തുന്നില്ല. യഥാര്‍ഥത്തില്‍ മാധ്യമങ്ങളെ ഏതെങ്കിലും തരത്തില്‍ നിയന്ത്രിക്കുന്ന ഒന്നുംതന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ആകെ സംഭവിച്ചത്, നിലവിലുള്ള വ്യവസ്ഥകള്‍ കാലോചിതമായി പരിഷ്കരിച്ച് പൊതുഭരണവകുപ്പിന്റെ ഒരു സര്‍ക്കുലര്‍ ഇറങ്ങി എന്നതുമാത്രമാണ്. അതാകട്ടെ മാധ്യമങ്ങളെ വിലക്കുന്നതല്ല; തന്നിഷ്ടപ്രകാരം പത്രസമ്മേളനം നടത്തുകയും വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥതലത്തിലെ അനാശാസ്യമായ പ്രവണത നിയന്ത്രിക്കുന്നതിനുള്ളതാണ്. സര്‍ക്കാരിനെതിരായ കാര്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നത് ഉദ്യോഗസ്ഥരുടെ പണിയല്ല. അത് ഒരു വ്യവസ്ഥയിലും അംഗീകരിക്കാനാകുന്നതുമല്ല. നിങ്ങള്‍ പത്രസമ്മേളനം നടത്തരുത് എന്നല്ല, അങ്ങനെ നടത്തുന്നതിന് ഒരു വ്യവസ്ഥ വേണം എന്നാണ് സര്‍ക്കാര്‍സര്‍ക്കുലര്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെടുന്നത്. ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന് രഹസ്യമായി വിവരം ചോര്‍ത്തി നല്‍കുന്നതും ഒന്നോ രണ്ടോ ആളുകളെ വിളിച്ച് സര്‍ക്കാര്‍ തീരുമാനങ്ങള്‍ വിശദീകരിക്കുന്നതും ആശാസ്യമല്ല. പബ്ളിക് റിലേഷന്‍സ് വകുപ്പ് ജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ വിവരങ്ങള്‍ നല്‍കാനുള്ളതാണ്. വിവര-പൊതുജന സമ്പര്‍ക്കവകുപ്പ് എന്നാണതിന്റെ ഔദ്യോഗിക പേര്. ആ വകുപ്പിന്റെ പണി എല്ലാ ഉദ്യോഗസ്ഥരും ഏറ്റെടുത്താല്‍ നാട്ടില്‍ ഭരണം നടക്കുമോ? തോന്നുന്നവര്‍ക്കെല്ലാം പത്രസമ്മേളനം വിളിക്കാമെന്നായാല്‍ സര്‍ക്കാരിന് മുന്നോട്ടുപോകാനാകുമോ? വിവരാവകാശ നിയമപ്രകാരം സര്‍ക്കാരിന്റെ വിവരങ്ങള്‍ ആര്‍ക്കും ലഭ്യമാകും. അത് സംസ്ഥാന സര്‍ക്കാര്‍ വിലക്കിയിട്ടില്ല; വിലക്കാനാവുകയുമില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏത് വിവരം ലഭ്യമാകാനും ആ നിയമത്തിന്റെ സൌകര്യം ഉപയോഗിക്കാവുന്നതേയുള്ളൂ. നേരിന്റെ കണ്ണാടി ഉടയ്ക്കരുതെന്ന് ഞങ്ങളുടെ ഒരു സഹജീവി വിലപിക്കുന്നു. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പും പത്രമാരണനയങ്ങളും അടിച്ചേല്‍പ്പിച്ചപ്പോള്‍ അതിനൊപ്പംനിന്ന് അതിന്റെ ആനുകൂല്യം പറ്റി മാധ്യമ പ്രവര്‍ത്തനത്തെ നാണക്കേടിന്റെ പര്യായമാക്കി മറ്റിയവര്‍ ഇപ്പോള്‍ മാധ്യമസ്വാതന്ത്യ്രത്തിന്റെയും നേരിന്റെയും വക്താക്കളായി അവതരിക്കുന്നത് നല്ല മാറ്റംതന്നെ. മാധ്യമങ്ങളെ ഒരു നിയന്ത്രണവുമില്ലാതെ വിടുന്നത് ശരിയാണോ എന്ന ആത്മപരിശോധനയും നല്ലതാണ്. നാട്ടില്‍ 'പ്രസ്' സ്റിക്കറൊട്ടിച്ച് ആയിരക്കണക്കിനു വണ്ടി ഓടുന്നു. മത്സ്യം കൊണ്ടുപോകുന്ന വണ്ടിക്കുവരെ പ്രസ് സ്റിക്കറുണ്ട്- യഥാര്‍ഥ മാധ്യമപ്രവര്‍ത്തകര്‍ക്കു മാത്രമായി 'പ്രസ്' സ്റിക്കര്‍ ഒട്ടിക്കാനുള്ള സ്വാതന്ത്യ്രം പരിമിതപ്പെടുത്തേണ്ടതല്ലേ? മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കാത്ത ഒട്ടേറെ പേര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പൊതുസൌകര്യങ്ങള്‍ ദുരുപയോഗിക്കുകയും പ്രസ് റൂമുകള്‍ കൈയടക്കുകയും ചെയ്യുന്നുണ്ട്- അത്തരക്കാരെ പറഞ്ഞുവിടേണ്ടതല്ലേ? മാധ്യമങ്ങള്‍ക്ക് പ്രത്യേക താല്‍പ്പര്യമുള്ള ഉദ്യോഗസ്ഥര്‍ വാര്‍ത്തകളിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും താരങ്ങളായി മാറുകയും ഉപകാരസ്മരണയായി സര്‍ക്കാര്‍വിരുദ്ധ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് യഥേഷ്ടം നല്‍കുകയും ചെയ്യുന്നത് ഏത് സര്‍ക്കാരിനാണ് കണ്ടില്ലെന്നു നടിക്കാനാവുക? ഏത് സ്വതന്ത്ര മാധ്യമത്തിനാണ് അതിനെ അനുകൂലിച്ച് പറയാനാവുക? ചിലര്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചും മിടുക്കുകാട്ടിയും വിവരങ്ങള്‍ ശേഖരിച്ച് സ്വന്തമാക്കി മാറ്റുന്നു. എല്ലാവരും അറിയേണ്ട കാര്യങ്ങള്‍ ഒരു പ്രത്യേക പത്രത്തിന്റെയോ ചാനലിന്റെയോ എക്സ്ക്ളൂസീവ് വാര്‍ത്തയായി ചുരുങ്ങിപ്പോകുന്നു. അത്തരം വിവരങ്ങള്‍ സര്‍ക്കാരിന് ജനങ്ങളെ അറിയിക്കാനുണ്ടെങ്കില്‍ അത് എല്ലാവര്‍ക്കും ലഭിച്ചിരിക്കണമെന്ന് ശഠിക്കുന്നതില്‍ എന്താണ് തെറ്റ്? സര്‍ക്കാരിനെതിരായി പത്രസമ്മേളനം നടത്താനോ വാര്‍ത്തകള്‍ നല്‍കാനോ ഏതെങ്കിലും നാട്ടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടോ? ഉദ്യോഗസ്ഥര്‍ക്ക് പെരുമാറ്റച്ചട്ടവും നിയന്ത്രണവും വരുത്തുമ്പോള്‍ മാധ്യമങ്ങള്‍ക്ക് പൊള്ളുന്നതെന്തിന്? "മാധ്യമങ്ങള്‍ക്ക് ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. എന്തെങ്കിലും അസൌകര്യം തോന്നിയാല്‍, അക്കാര്യം അറിയിച്ചാല്‍ പരിഹരിക്കാം'' എന്നാണ് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിട്ടുള്ളത്. പുതുക്കിയ സര്‍ക്കുലറില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ ചര്‍ച്ചചെയ്യാമെന്നും പരിഹരിക്കാമെന്നും മുഖ്യമന്ത്രിതന്നെ തുറന്ന മനസ്സോടെ പറഞ്ഞിരിക്കെ ഇപ്പോള്‍ മനോരമയും മറ്റും നടത്തുന്ന വികാരപ്രകടനത്തിന് അത് അച്ചടിച്ച കടലാസിന്റെ വില കല്‍പ്പിക്കാനാകുമോ? മനോരമവാര്‍ത്ത കണ്ടയുടന്‍ മാധ്യമ സ്വാതന്ത്യ്രസംരക്ഷകരായി രംഗത്തിറങ്ങിയ രമേശ് ചെന്നിത്തലയെയും എം വി രാഘവനെയും പോലുള്ളവരെ വിട്ടുകളയാം. താന്‍ ഒരു കേന്ദ്രമന്ത്രിയാണെന്നുള്ള ഓര്‍മയില്ലാതെ കോഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റിന്റെ നിലവാരത്തില്‍ പ്രതികരിച്ച മുല്ലപ്പള്ളി രാമചന്ദ്രനെക്കുറിച്ച് പരാമര്‍ശിക്കാതെ വയ്യ. അടിയന്തരാവസ്ഥക്കാലത്ത് പത്രമാരണം നടപ്പാക്കുമ്പോള്‍ അതിന് ഹല്ലേലുയ്യ പാടാന്‍ താനുമുണ്ടായിരുന്നു എന്നതും അദ്ദേഹം മറന്നുപോയി. മുല്ലപ്പള്ളി മന്ത്രിപദത്തിലിരിക്കുന്ന ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്രത്തോളം സ്വാതന്ത്യ്രമുണ്ടെന്ന് അദ്ദേഹം അന്വേഷിക്കുന്നത് നല്ലതാണ്. ഏത് മന്ത്രിയുടെ ഓഫീസിലാണ് പത്രപ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി കടന്നുചെല്ലാനാവുക? പ്രധാന മന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രമെടുക്കാന്‍പോലും അവിടെ അക്രഡിറ്റേഷനുള്ള ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കടന്നുചെല്ലാനാകുമോ? കേരളത്തിലേതായാലും അത്തരം വിലക്കുകളൊന്നുമില്ല. മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരായി എഴുതുന്നതുകൊണ്ട് അവര്‍ക്ക് വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കാനുള്ള അവിവേകവും ഇവിടെയാര്‍ക്കുമില്ല. ഉദ്യോഗസ്ഥതലത്തില്‍ എന്തെങ്കിലും ഉത്തരവിറങ്ങുകയും അതില്‍ പരാതിയുണ്ടാവുകയും ചെയ്താല്‍ ആക്രോശത്തിന്റേതല്ല, കൂടിയാലോചനയുടേതാണ് പരിപക്വമായ വഴിയെന്ന് മനസ്സിലാക്കി ആ വഴിയേ പോകാന്‍ ഞങ്ങളുടെ മാന്യ സഹജീവികളോടഭ്യര്‍ഥിക്കുന്നു.
Dashabhimani

Monday, November 2, 2009

ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ ഗള്‍ഫ് റൂട്ടുകളില്‍ നിന്നു പൂര്‍ണമായി പിന്‍‌വലിക്കരുത്. പിണറായി‍

ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ ഗള്‍ഫ് റൂട്ടുകളില്‍ നിന്നു പൂര്‍ണമായി പിന്‍‌വലിക്കരുത്. പിണറായി‍ .



തിരു: കോഴിക്കോട്ടുനിന്ന് ഗള്‍ഫ് റൂട്ടുകളില്‍ വിശേഷിച്ചും ഷാര്‍ജയിലേക്ക് സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനങ്ങള്‍ പിന്‍വലിച്ച് പകരം എയര്‍ ഇന്ത്യയുടെ എക്സ്പ്രസ് വിമാനങ്ങള്‍ വരുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈ മാറ്റം കേരളത്തിലെ യാത്രക്കാര്‍ക്ക് തിരിച്ചടിയാകും. എയര്‍ലൈന്‍സ് സര്‍വീസില്‍ ഗള്‍ഫിലേക്ക് 30 കിലോയും ഗള്‍ഫില്‍നിന്ന് 40 കിലോയും ലഗേജ് അനുവദിക്കുന്നുണ്ട്. എന്നാല്‍, എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ഇത് യഥാക്രമം 20ഉം 30ഉം കിലോയാണ്. എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ ബിസിനസ് ക്ളാസ് നിലവിലില്ല. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ടിക്കറ്റിന്റെ തീയതി മാറ്റാനോ ടിക്കറ്റ് റദ്ദാക്കി പണം തിരിച്ചുവാങ്ങാനോ പ്രയാസമില്ല. എന്നാല്‍, എയര്‍ ഇന്ത്യാ എക്സ്പ്രസിലെ സംവിധാനപ്രകാരം ടിക്കറ്റ് റദ്ദാക്കുമ്പോള്‍ യാത്രക്കാരന് വലിയ നഷ്ടമുണ്ടാകും. തൊഴില്‍പരമായ പ്രശ്നങ്ങള്‍ കാരണം യാത്ര പലപ്പോഴും മാറ്റിവയ്ക്കേണ്ടിവരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഇതും ഇരുട്ടടിയാകും. ഗള്‍ഫില്‍ മരിക്കുന്ന മലയാളികളെ സൌജന്യമായി എത്തിക്കുന്ന സേവനവും ഇപ്പോള്‍ നിര്‍വഹിക്കുന്നത് ഇന്ത്യന്‍ എയര്‍ലൈന്‍സാണ്. ഈ മാറ്റത്തോടെ അതും ഇല്ലാതാകും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് എയര്‍ലൈന്‍സ് വിമാനങ്ങള്‍ പിന്‍വലിക്കുന്നത് എന്ന് അറിയുന്നു. വിദേശ വിമാന സര്‍വീസുകളെ പ്രോത്സാഹിപ്പിക്കാനാണ് ഈ മാറ്റം എന്ന വിമര്‍ശവും ഉയര്‍ന്നിട്ടുണ്ട്. യാത്രക്കാരുടെ താല്‍പ്പര്യം കണക്കിലെടുത്ത് എയര്‍ലൈന്‍സ് സര്‍വീസ് പുനഃസ്ഥാപിക്കുന്നതിന് ബന്ധപ്പെട്ടവര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.