Tuesday, July 31, 2012

പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു


പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു








കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു. അരിയില്‍ ലീഗ് പ്രവര്‍ത്തകനായ അബ്ദുള്‍ ഷുക്കൂര്‍ വധിക്കപ്പെടുമെന്നറിഞ്ഞിട്ടും തടഞ്ഞില്ല എന്നാണ് ജയരാജനെതിരായ ആരോപണം. ഇതേ കേസില്‍ മുന്‍പ് രണ്ട് തവണ ജയരാജനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ 11ഓടെയാണ് അദ്ദേഹം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായത്. ഐപിസി 118ാം വകുപ്പനുസരിച്ചാണ് ജയരാജനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തവണ പൊലീസ് തന്നെയാണ് ചോദ്യം ചെയ്തതെങ്കില്‍ ഇത്തവണ താന്‍ പൊലീസിനെയാണ് ചോദ്യം ചെയ്തതെന്ന് ജയരാജന്‍ പ്രതികരിച്ചു. കുറ്റകൃത്യം നടക്കുമെന്ന് താന്‍ നേരത്തെ അറിഞ്ഞതിന് എന്ത് തെളിവാണുള്ളതെന്ന തന്റെ ചോദ്യത്തിന് എസ്പി വ്യക്തമായി മറുപടി പറഞ്ഞില്ലെന്ന് ജയരാജന്‍ പറഞ്ഞു. കുറ്റകൃത്യം നടക്കുമെന്ന് നേരത്തെ അറിഞ്ഞിട്ടും തടഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതിയാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലീഗ് തീവ്രവാദികളുടെ തിട്ടൂരമനുസരിച്ച് തുള്ളുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കേസില്‍ മൊഴിനല്‍കാന്‍ എത്തിയപ്പോള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കള്ളക്കേസില്‍ തന്നെ പ്രതിചേര്‍ക്കാനുള്ള ക്ഷണപ്പത്രം ലഭിച്ചതിനെത്തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും അദ്ദേഹം പറഞ്ഞു. ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ പ്രതിചേര്‍ക്കണമെന്നത് ലീഗ് തിട്ടൂരമാണ്. കേരള പൊലീസില്‍ സിപിഐ എം വിരുദ്ധ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. ലീഗ് തീവ്രവാദികളുടെ പ്രവര്‍ത്തനത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ കള്ളക്കേസില്‍ കുടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത്തരം കള്ളക്കേസുകള്‍കൊണ്ട് സിപിഐ എമ്മിനെയും പാര്‍ട്ടി നേതാക്കളെയും തകര്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗ് ആക്രമണത്തിനിരയായ പാര്‍ട്ടി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാന്‍ പോയ തന്നെയും ടി വി രാജേഷ് എംഎല്‍എയെയും ലീഗുകാര്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തങ്ങളെ കാണാന്‍ വൈകുന്നേരം വരെ നിരവധി പേരാണ് ആശുപത്രിയിലേക്ക് പ്രവഹിച്ചത്. ഇതിനിടയില്‍ എങ്ങനെയാണ് ഗൂഢാലോചന നടത്തുകയെന്നും അദ്ദേഹം ചോദിച്ചു. സിപിഐ എം ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകരോടൊപ്പം പ്രകടനമായാണ് പി ജയരാജന്‍ സിഐ ഓഫീസിലെത്തിയത്. പാര്‍ട്ടി കേന്ദ്ര കമ്മറ്റിയംഗം പി കെ ശ്രീമതി, സംസ്ഥാന കമ്മറ്റിയംഗം എം വി ജയരാജന്‍, ജെയിംസ് മാത്യു എംഎല്‍എ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.