അയോധ്യാ വിധി: ചരിത്രവീക്ഷണത്തില്‍
റൊമീലാ ഥാപ്പര്‍
അലഹബാദ് ഹൈക്കോടതിവിധി ഒരു രാഷ്ട്രീയ വിധിയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഭരണകൂടത്തിനുതന്നെ കൈക്കൊള്ളാമായിരുന്ന ഒരു തീരുമാനത്തെയാണത് പ്രതിഫലിപ്പിക്കുന്നത്. ഭൂമിയുടെ ഉടമസ്ഥതയെ സംബന്ധിച്ചും തകര്‍ക്കപ്പെട്ട പള്ളിയ്ക്കുപകരം ഒരു പുതിയ ക്ഷേത്രം നിര്‍മിക്കുന്നതിനെ സംബന്ധിച്ചും ആണ് അത് ഊന്നിപ്പറയുന്നത്. മതപരമായ സ്വത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതും സമകാലീന രാഷ്ട്രീയത്തില്‍ കെട്ടുപിണഞ്ഞു കിടക്കുന്നതുമായ പ്രശ്നമാണത്; അതേ അവസരത്തില്‍ ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ് അതെന്നും അവകാശപ്പെട്ടിരുന്നു. ചരിത്രപരമായ തെളിവിന്റെ കാര്യം ഉന്നയിയ്ക്കപ്പെട്ടുവെങ്കിലും, തുടര്‍ന്നത് വിധിയില്‍ അവഗണിക്കപ്പെടുകയാണുണ്ടായത്.
ദിവ്യനായ ഒരു വ്യക്തി, അഥവാ അര്‍ധ ദിവ്യനായ ഒരു വ്യക്തി ജനിച്ചത് കൃത്യമായും ഒരു പ്രത്യേക സ്ഥാനത്താണെന്ന് പ്രഖ്യാപിച്ച കോടതി, അദ്ദേഹത്തിന്റെ ജനനം അനുസ്മരിക്കുന്നതിനുവേണ്ടി പുതിയതായി ഒരുക്ഷേത്രം നിര്‍മിക്കേണ്ടത് അവിടെത്തന്നെയാണെന്നും പ്രഖ്യാപിച്ചു. ഹൈന്ദവവിശ്വാസത്തിന്റെയും ഉറച്ച ധാരണയുടെയും അഭ്യര്‍ഥനയെ മാനിച്ചാണ് അങ്ങനെ നിശ്ചയിച്ചത്. അത്തരമൊരു അവകാശവാദത്തിന് പിന്‍ബലമേകുന്ന തെളിവുകളൊന്നും ഇല്ലെന്നിരിക്കെ, അത്തരമൊരു വിധിയല്ല നാം നിയമകോടതിയില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ഹിന്ദുക്കള്‍ രാമനെ ദൈവമായി പൂജിക്കുന്നുണ്ട്. എന്നാല്‍ ജനനസ്ഥലത്തെ സംബന്ധിച്ച അവകാശവാദത്തിന്റെയും സ്ഥലത്തിന്റെ ഉടമസ്ഥതയുടെയും ആ സ്ഥലം കൈവശപ്പെടുത്തുന്നതിനുവേണ്ടി ഒരു സുപ്രധാന ചരിത്രസ്മാരകം ബോധപൂര്‍വം ഇടിച്ചുനിരത്തിയതിന്റെയും കാര്യത്തില്‍ നിയമപരമായ തീരുമാനം കൈക്കൊള്ളുന്നതിന് ഇത് സഹായകമായിത്തീരാമോ?
എഡി 12-ാം നൂറ്റാണ്ടില്‍ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നുവെന്നും അത് തകര്‍ത്തിട്ടാണ് പള്ളി പണിതതെന്നും അതുകൊണ്ട് അവിടെ ഒരു പുതിയ ക്ഷേത്രം പണിയുന്നത് നീതിയുക്തമാണെന്നും ആണ് ഈ കോടതിവിധി അവകാശപ്പെടുന്നത്.
ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ (അടക) നടത്തിയ ഉല്‍ഖനനങ്ങളെ സംബന്ധിച്ചും അതിന്റെ നിഗമനങ്ങളെക്കുറിച്ചും മറ്റ് ചരിത്രകാരന്മാര്‍ക്കും ഉല്‍ഖനന വിദഗ്ദ്ധന്മാര്‍ക്കും കടുത്ത തര്‍ക്കമുണ്ടായിരുന്നുവെങ്കിലും എഎസ്ഐയുടെ നിഗമനങ്ങള്‍ പൂര്‍ണമായും സ്വീകരിക്കപ്പെടുകയാണുണ്ടായത്. അത് പ്രൊഫഷണല്‍ വൈദഗ്ധ്യത്തെ സംബന്ധിച്ച പ്രശ്നമായിരുന്നു, അക്കാര്യത്തില്‍ നിശിതമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. എന്നിട്ടും ഒരു വീക്ഷണത്തെ അസന്ദിഗ്ദ്ധമായി സ്വീകരിക്കുക, അതും വളരെ ലാഘവബുദ്ധിയോടെ സ്വീകരിക്കുക എന്നു വന്നാല്‍ കോടതിവിധിയില്‍ വിശ്വാസം ജനിപ്പിക്കുന്നതിന് അത് ഒട്ടും സഹായകമായിരിക്കുകയില്ല.
താനൊരു ചരിത്രകാരനല്ലാത്തതുകൊണ്ട് പ്രശ്നത്തിന്റെ ചരിത്രപരമായ വശങ്ങളിലേക്ക് താന്‍ ഇറങ്ങിച്ചെല്ലുന്നില്ല എന്ന് ഒരു ജഡ്ജി പ്രസ്താവിക്കുകയുണ്ടായി. എന്നിട്ടും ഈ കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് ചരിത്രവും പുരാവസ്തുവിജ്ഞാനീയവും അത്ര അത്യാവശ്യമൊന്നുമല്ലെന്ന് അദ്ദേഹം പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവിടത്തെ പ്രശ്നം, അവകാശവാദങ്ങളുടെ ചരിത്ര യാഥാര്‍ത്ഥ്യവും കഴിഞ്ഞ ഒരു സഹസ്രാബ്ദകാലത്തെ ചരിത്രപരമായ കെട്ടിടങ്ങളുടെ ചരിത്രയാഥാര്‍ത്ഥ്യവും ആണു താനും.
ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രേരണ കാരണം, 500 കൊല്ലത്തോളം മുമ്പ് നിര്‍മിക്കപ്പെട്ടതും നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായിത്തീര്‍ന്നതുമായ ഒരു പള്ളി, ഒരു ജനക്കൂട്ടം ബോധപൂര്‍വം തകര്‍ത്തു തരിപ്പണമാക്കി. എന്നിട്ടും ചരിത്ര സ്മാരകത്തിനെതിരായി നടത്തപ്പെട്ട ഈ കുറ്റകൃത്യത്തെ, അന്യായമായി അത് തകര്‍ത്ത് തരിപ്പണമാക്കിയതിനെ, അപലപിക്കേണ്ടതാണ് എന്ന അര്‍ത്ഥത്തിലുള്ള ഒരു പരാമര്‍ശവും ഈ വിധിസംഗ്രഹത്തില്‍ കാണാനില്ല. തകര്‍ക്കപ്പെട്ട പള്ളിയുടെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുതന്നെയായിരിക്കണം, പുതിയ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ - അതായത് രാമന്റെ ജന്മസ്ഥലം എന്ന് കരുതപ്പെടുന്ന സ്ഥലം! ക്ഷേത്രമാണെന്ന് കരുതപ്പെടുന്ന ഒരു കെട്ടിടം മുമ്പ് തകര്‍ക്കപ്പെട്ടതിനെ അപലപിക്കുകയും പുതിയ ക്ഷേത്രം പണിയുന്നതിന് അതിനെ ന്യായീകരണമായി എടുക്കുകയും ചെയ്യുന്ന അവസരത്തില്‍ത്തന്നെ, പള്ളി തകര്‍ത്തതിനെപ്പറ്റി ഒന്നും പറയുന്നില്ല! ഒരുപക്ഷേ ഈ കേസിന്റെ പരിധിയില്‍നിന്ന് അതിനെ സൌകര്യപൂര്‍വം ഒഴിവാക്കിയതാവാം.
നിയമകോടതിയുടെ കാര്യത്തില്‍ ഈ വിധി മുന്‍കാല പ്രാബല്യമുള്ള ഒരു മാതൃക സൃഷ്ടിച്ചുവെച്ചിരിക്കുന്നു: ഒരു വിഭാഗം ആളുകള്‍ (അങ്ങനെ ഒരു സമുദായം ആകെയെന്ന് നിര്‍വചിയ്ക്കുന്നു) ആരാധിച്ചു വരുന്ന ദേവന്റെ, അഥവാ അര്‍ധദേവന്റെ ജന്മസ്ഥലമെന്ന പ്രഖ്യാപനത്തോടെ, ഒരുതുണ്ട് ഭൂമിയില്‍ ആര്‍ക്കും ഉടമസ്ഥത അവകാശപ്പെടാന്‍ കഴിയും! ആവശ്യമായ തരത്തിലുള്ള തര്‍ക്കം നിര്‍മിച്ചെടുക്കാന്‍ കഴിയുന്നതോ യുക്തമായ വസ്തുക്കള്‍ കണ്ടെത്താന്‍ കഴിയുന്നതോ ആയ അത്തരം നിരവധി "ജന്മസ്ഥാനങ്ങള്‍'' ഇപ്പോള്‍ത്തന്നെയുണ്ട്. ചരിത്രസ്മാരകങ്ങള്‍ ബോധപൂര്‍വം ഇടിച്ചുപൊളിയ്ക്കുന്നതിനെ അപലപിക്കാന്‍ കോടതി തയ്യാറാവാത്തതുകൊണ്ട്, മറ്റുള്ളവ തകര്‍ക്കുന്ന പ്രക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്നതില്‍നിന്ന് ആളുകളെ തടയാന്‍ എങ്ങനെയാണ് കഴിയുക? ആരാധനാലയങ്ങളുടെ നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്തുന്നതിനെതിരായി 1993ല്‍ നിര്‍മിയ്ക്കപ്പെട്ട നിയമം, ഈ അടുത്ത വര്‍ഷങ്ങളില്‍ ഒട്ടും ഫലപ്രദമല്ലെന്ന് കണ്ടിരിക്കുന്നു.
ചരിത്രത്തില്‍ സംഭവിച്ചത്, സംഭവിച്ചതു തന്നെയാണ്. അത് തിരുത്താന്‍ കഴിയുകയില്ല. എന്നാല്‍ അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ അവിടെ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനും വിശ്വസനീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അതിനെ വീക്ഷിക്കാന്‍ ശ്രമിക്കുന്നതിനും നമുക്ക് കഴിയും. ഇന്നത്തെ രാഷ്ട്രീയത്തെ ന്യായീകരിക്കുന്നതിനുവേണ്ടി ഭൂതകാലത്തെ മാറ്റിത്തീര്‍ക്കാന്‍ നമുക്ക് കഴിയുകയില്ല. ചരിത്രത്തോടുള്ള ബഹുമാനത്തെ, ഈ കോടതിവിധി ഇല്ലാതാക്കുകയാണ്; ചരിത്രത്തിനുപകരം മതവിശ്വാസത്തെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണ്. ഉറച്ച ധാരണയിലും വിശ്വാസത്തിലും മാത്രമല്ല, തെളിവിലാണ് ഈ രാജ്യത്തെ നിയമം അധിഷ്ഠിതമായിരിക്കുന്നത് എന്ന ആത്മവിശ്വാസം ഉണ്ടെങ്കില്‍ മാത്രമേ അനുരഞ്ജനം സാധ്യമാകൂ.
Subscribe to:
Post Comments (Atom)
No comments:
Post a Comment