Wednesday, October 13, 2010

തമ്മിലടിച്ച് തലകീറുന്ന യുഡിഎഫ്

തമ്മിലടിച്ച് തലകീറുന്ന യുഡിഎഫ്
സി പി നാരായണന്‍

ഈ വരികള്‍ എഴുതുമ്പോള്‍ 1206 തദ്ദേശ ഭരണസമിതികളിലേക്കുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായിക്കഴിഞ്ഞു. (മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് അടുത്ത വര്‍ഷമേ തിരഞ്ഞെടുപ്പുള്ളൂ. വേളം പഞ്ചായത്തിലേക്ക് ഏതാനും ദിവസം കഴിയുമ്പോഴാണ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുക). ഒന്നരലക്ഷത്തോളം പേര്‍ സ്ഥാനാര്‍ത്ഥികളായി മല്‍സരിക്കുന്നു, 21,500 ലധികം സ്ഥാനങ്ങളിലേക്ക്. കുറെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളപ്പെട്ടിട്ടുണ്ട്. അവയില്‍ ഗൌരവമായവയില്‍ കൂടുതലും യുഡിഎഫുകാരുടേതാണ്.

തദ്ദേശ ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം "ഈസി വാക്കോവര്‍'' (എളുപ്പ വിജയം) ആയിരിക്കുമെന്നായിരുന്നു നേരത്തെ ആ മുന്നണി നേതാക്കളുടെ പ്രതീക്ഷ. അതായിരുന്നു കുത്തക മാധ്യമങ്ങള്‍ ലോകസഭാ തിരഞ്ഞെടുപ്പിനുശേഷം നിരന്തരം പ്രചരിപ്പിച്ചുവന്നത്. അതിന് ഉപകരിക്കുന്ന വിധത്തില്‍ ചില സാമുദായിക ശക്തികള്‍ ജോസഫ് കേരളയെ സമ്മര്‍ദ്ദവിധേയമാക്കി മാണി കോണ്‍ഗ്രസ്സില്‍ ലയിപ്പിച്ചു; ഐഎന്‍എല്ലിനെ മുസ്ളീംലീഗിനോട് അടുപ്പിച്ചു. വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദള്‍ യുഡിഎഫില്‍ ചേക്കേറി. അങ്ങനെ യുഡിഎഫില്‍ കക്ഷികളുടെയും വിജയ പ്രതീക്ഷയുള്ള സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി മോഹികളുടെയും പ്രളയം.

ഘടകകക്ഷികള്‍ക്ക് മുമ്പുണ്ടായിരുന്ന സീറ്റേ ഇത്തവണ കൊടുക്കൂ എന്നാണ് കോണ്‍ഗ്രസ് ശഠിക്കുന്നത്. ചില കക്ഷികള്‍ക്ക് അതുമില്ല. കഴിഞ്ഞ തവണ അവ ജയിച്ച സീറ്റുകളില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മൊത്തം സീറ്റുകളുടെ എണ്ണത്തില്‍ 1200ല്‍പരം എണ്ണത്തിന്റെ വര്‍ധന ഉണ്ടായ വേളയിലാണിത്. യുഡിഎഫ് നേതൃത്വമല്ല ഇതൊക്കെ തീരുമാനിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വമാണ്. മറ്റ് പാര്‍ടികള്‍ക്ക് അനുസരിക്കയല്ലാതെ മറ്റ് പോംവഴിയില്ല. ഇത് യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മില്‍ 'സൌഹൃദ മല്‍സര'ത്തിനു പലേടങ്ങളിലും വഴിവെച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് ബഹുഭൂരിപക്ഷം സീറ്റും കയ്യടക്കിയിരിക്കുന്നു എന്ന ആക്ഷേപം സഖ്യകക്ഷികള്‍ രഹസ്യമാക്കിവെക്കുന്നില്ല. അത്രയും സീറ്റുണ്ടായിട്ടും കോണ്‍ഗ്രസ്സിനുള്ളില്‍ പന്തംകൊളുത്തിപ്പടയാണ്. യൂത്ത് കോണ്‍ഗ്രസ്സുകാര്‍ 40 ശതമാനം സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. രാഹുല്‍ഗാന്ധിയുടെ ശുപാര്‍ശ പ്രകാരം ഹൈക്കമാണ്ട് തന്നെ കെപിസിസി നേതൃത്വത്തിനു അവര്‍ക്ക് അത്രയും സീറ്റ് നല്‍കാന്‍ നിര്‍ദ്ദേശിച്ചതാണ്. കെപിസിസി ആ 'ഇണ്ടാസ്' കീഴോട്ട് കൈമാറി എന്നാണ് വാര്‍ത്ത.

സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെപിസിസി അംഗവും ഡിസിസി സെക്രട്ടറിയും മുന്‍ എംഎല്‍എയും മുന്‍ചെയര്‍പേഴ്സണും പോലുള്ളവര്‍ ഉള്‍പ്പെടെ ദീര്‍ഘനാളത്തെ കോണ്‍ഗ്രസ് പാരമ്പര്യം അവകാശപ്പെടുന്ന പലരും വിമതരായി മല്‍സരിക്കുന്നു, ആ പാര്‍ടിയില്‍നിന്ന് രാജിവെക്കുന്നു. ആ പരിതഃസ്ഥിതിയില്‍ യൂത്തുകാര്‍ക്കുവേണ്ടി മേലാവില്‍നിന്ന് കിട്ടിയ നിര്‍ദ്ദേശം കിട്ടി ബോധിക്കാനല്ലാതെ നടപ്പാക്കാന്‍ ഏത് കമ്മിറ്റിക്കു കഴിയും?

യുഡിഎഫിനു ഇപ്പോള്‍ ധാരാളിത്തത്തിന്റെ പ്രശ്നമാണെന്നാണ് അതിന്റെ ചില നേതാക്കളും അവര്‍ക്ക് ബുദ്ധി ഉപദേശിക്കുന്ന ചില മാധ്യമങ്ങളും പറയുന്നത്. ശരിയാണ്. അവര്‍ക്കിപ്പോള്‍ സ്ഥാനാര്‍ത്ഥി ബാഹുല്യം വലിയ തോതിലുണ്ട്. അവര്‍ തമ്മിലും അവര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ തമ്മിലും ഉള്ള തര്‍ക്ക വിതര്‍ക്കങ്ങളുടെയും കശപിശകളുടെയും പ്രളയം തേട്ടിത്തേട്ടി മാധ്യമങ്ങളിലും രാഷ്ട്രീയ മണ്ഡലത്തിലാകെയും നിറഞ്ഞു കവിയുകയാണ്. ഈയിടത്തെ മഴയില്‍ കൈത്തോടുകള്‍പോലെ.

കഴിഞ്ഞ (2005ലെ) തദ്ദേശ ഭരണസമിതി തിരഞ്ഞെടുപ്പുകാലത്ത് യുഡിഎഫിലും കോണ്‍ഗ്രസ്സിലുമുണ്ടായിരുന്ന സ്ഥിതിയല്ല ഇന്നു അതിലുള്ളത് എന്ന് ചില യുഡിഎഫ് അഭ്യുദയകാംക്ഷികള്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. കരുണാകരനും മുരളിയും അന്നു കോണ്‍ഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചിരുന്നു. എല്‍ഡിഎഫിനൊപ്പമായിരുന്നു. അവശേഷിച്ച കോണ്‍ഗ്രസ്സില്‍ പിന്നെയും പടലപിണക്കങ്ങളായിരുന്നു.

ഇന്ന് കരുണാകരനും കുറെ കരുണാകര ഭക്തരും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിട്ടുണ്ട്. മുരളിയെ കൂടി തിരികെ കൊണ്ടുവരാന്‍ കരുണാകരന്‍ പിടിക്കാത്ത കാലുകളില്ല. മുട്ടാത്ത വാതിലുകളില്ല, തള്ളി നീക്കാത്ത കല്ലുകളില്ല കോണ്‍ഗ്രസില്‍. എന്നിട്ടും മുരളിയും കൂടെ കുറെപേരും ഇപ്പോഴും മറയത്തുതന്നെ. എപ്പോഴാണ് പ്രവേശിക്കാന്‍ ചാണ്ടിയും ചെന്നിത്തലയും അനുവദിക്കുക എന്ന കാത്തിരിപ്പാണ്. മുരളി കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിട്ടില്ല എങ്കിലും, കോണ്‍ഗ്രസ്സിലെ അടിപിടിക്ക് ഒരു കുറവുമില്ല. പുതിയ എത്രയെത്ര ഗ്രൂപ്പുകള്‍. അവ തമ്മില്‍ പതിനെട്ടടവും കഴിഞ്ഞുള്ള ഏതെല്ലാം അടവുകള്‍ പയറ്റുന്നു!

ഒരു മുരളിയെ തടുത്തുനിര്‍ത്തിയതുകൊണ്ടൊന്നും തടയാവുന്നതല്ല കോണ്‍ഗ്രസ്സിനുള്ളിലെ കലഹങ്ങള്‍. എ കെ ആന്റണിയും കരുണാകരനും നയിച്ച ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു ഏറെക്കാലം തമ്മിലടി. ആന്റണി കേന്ദ്രത്തിലാണ്. കരുണാകരനെ മുക്കിലിരുത്തി. എന്നിട്ടുണ്ടോ കോണ്‍ഗ്രസ്സിലെ സുന്ദോപസുന്ദം അവസാനിക്കുന്നു? അത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വയലാര്‍ രവിയും മറ്റും ഏറ്റുപിടിക്കുന്നു.

കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാണെങ്കില്‍ കേരള കോണ്‍ഗ്രസ്സില്‍ ഓരോ ഗ്രൂപ്പും ഓരോ പാര്‍ടിയാണ്. ഓരോ നേതാവിന്റെ കീഴില്‍. ഓരോ പാര്‍ടിയും ഇടയ്ക്കിടെ പുതിയ നേതാക്കളുടെ പേരില്‍ പിളരും പിളര്‍ന്ന ചിലത് തമ്മില്‍ ചേരും. തലതൊട്ടപ്പന്മാരുടെ അനുഗ്രഹാശിസ്സുകളോടെ ഇവ രണ്ടും നടന്നുകൊണ്ടേയിരിക്കുന്നു.

കുറെ കാലമായി കോണ്‍ഗ്രസ്സില്‍ ചാരി നില്‍ക്കുന്നതുകൊണ്ട് മുസ്ളീംലീഗിലുമുണ്ട് ഈ പ്രവണത.

സര്‍ക്കാരിന്റെ നിയന്ത്രണം യുഡിഎഫിന്റെ പക്കലായാല്‍ മാത്രമേ ഇവിടത്തെ പല സാമുദായിക - വര്‍ഗീയശക്തികളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുകയുള്ളൂ. അതുകൊണ്ട് നിരന്തരം തമ്മിലടിച്ചുകൊണ്ടിരിക്കുന്ന യുഡിഎഫിലെ ഘടകകക്ഷികളെയും വിവിധ കോണ്‍ഗ്രസ് ഗ്രൂപ്പുകളെയും ഒന്നിപ്പിച്ചു നിര്‍ത്താന്‍ ഈ സാമുദായിക - വര്‍ഗീയ ശക്തികള്‍ പലപ്പോഴും ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് യുഡിഎഫ് പ്രതിപക്ഷത്താകുമ്പോള്‍. കുന്നിനുമുകളിലേക്ക് കല്ലുരുട്ടിക്കയറ്റുന്നതുപോലെ ശ്രമകരമാണ് അവരുടെ യത്നം. ഒരുവിധം അവര്‍ അത് പൂര്‍ത്തിയാക്കിയാല്‍ ഉടനെ കീഴോട്ട് ഉരുട്ടുന്ന പണി ആ കക്ഷികളില്‍പെട്ട പലരും ഏറ്റെടുക്കും.

അത് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കയാണ്. അതാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്തെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരോ അത് നയിക്കുന്ന തദ്ദേശ ഭരണ സമിതികളോ കഴിഞ്ഞകാലത്ത് ചെയ്തതും ജനങ്ങള്‍ ആഗ്രഹിച്ചതും പങ്കാളികളായി വിജയിപ്പിച്ചതുമായ കാര്യങ്ങള്‍ തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ഉടനെ തല്ലിപ്പൊളിക്കും എന്നാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കേന്ദ്ര ഗവണ്‍മെന്റും ലോകത്തുള്ള മറ്റു പല രാജ്യക്കാരും മുക്തകണ്ഠം പ്രശംസിക്കുകയും സ്വയം പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന സംഗതികളാണ് തങ്ങള്‍ തല്ലിത്തകര്‍ക്കും എന്ന് ഉമ്മന്‍ചാണ്ടി - ചെന്നിത്തല പ്രഭൃതികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഈ സംഭവവികാസങ്ങള്‍മൂലം കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് യുഡിഎഫിന് തദ്ദേശ ഭരണസമിതികളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ലഭിക്കും എന്ന് ചിലര്‍ പ്രവചിച്ച അനായാസ വിജയം അനായാസ തോല്‍വിയായി മാറിക്കഴിഞ്ഞു. അതിന്റെ സൂചനയാണ് രണ്ട് ഡസനില്‍പരം വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ യുഡിഎഫിനെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കയെ ശതഗുണീഭവിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

എല്‍ഡിഎഫിന്റെ ചിട്ടയോടെയുള്ള കോലാഹലരഹിതമായ പ്രവര്‍ത്തനങ്ങളും തദ്ദേശ ഭരണസമിതികളുടെ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ അഭിനന്ദനീയമായ പ്രവര്‍ത്തനവും ജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ പ്രാപ്തമാക്കിയിരിക്കുന്നു. കോ. ലീ. ബി സഖ്യവും വര്‍ഗീയ ശക്തികളുടെ പിന്തുണയും കൊണ്ടൊന്നും ഈ ജനമുന്നേറ്റത്തെ നേരിടാന്‍ യുഡിഎഫിനു കഴിയില്ല.

തദ്ദേശ ഭരണസമിതി തിരഞ്ഞെടുപ്പു വേളയില്‍ പൊട്ടിക്കാന്‍ യുഡിഎഫ് സൂക്ഷിച്ചുവെച്ച പടക്കമായിരുന്നു അന്യസംസ്ഥാന ലോട്ടറി വില്‍പന. അതിന്റെ മൊത്ത വിതരണക്കാരും കോണ്‍ഗ്രസ് അടക്കമുള്ള യുപിഎ കക്ഷികളും തമ്മിലുള്ള ബന്ധം മൂടിവെച്ചായിരുന്നു ഉമ്മന്‍ചാണ്ടി പ്രഭൃതികളുടെ കള്ളപ്രചരണം. അഭിഷേക് സിങ്വി, പി എസ് രാമന്‍ എന്നീ കോണ്‍ഗ്രസ് - ഡിഎംകെ അഭിഭാഷകര്‍ ചേര്‍ന്ന് തീകൊളുത്തിയതോടെ ആ പടക്കം യുഡിഎഫ് ക്യാമ്പിലിരുന്നു എട്ടുനിലകളില്‍ പൊട്ടി.

അതിന്റെ പുകയാകെ എല്‍ഡിഎഫ് ക്യാമ്പില്‍ പരത്തുകയായിരുന്നു യുഡിഎഫിന്റെ ലാക്ക് ഇപ്പോള്‍ പുക മുഴുവന്‍ യുഡിഎഫ് പാളയത്തില്‍. മനോരാജ്യത്തില്‍ അര്‍ധരാത്രി കുട പിടിക്കുന്നതിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടേയുള്ളൂ. ഇവിടെ അതു ചെയ്ത യുഡിഎഫ് കോമാളികളായി മാറുന്നതാണ് ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.







No comments: