അയോദ്ധ്യാ കേസിലുള്ള അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബഞ്ചിന്റെ വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുന്നു. ആയിരക്കണക്കിനു പേജുവരുന്ന വിധിയുടെ സൂക്ഷ്മാംശങ്ങളടക്കം പരിശോധിച്ചുകൊണ്ടുള്ള രാഷ്ട്രീയ പാര്‍ടികളുടെ പ്രതികരണങ്ങളും ഇതിനകം വെളിപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ്സ് വിധിയെ പൂര്‍ണ്ണതോതില്‍ സ്വാഗതം ചെയ്തു. ആര്‍എസ്എസ് - ബിജെപിയാകട്ടെ ഈ വിധി തങ്ങളിതേവരെ ശ്രീരാമ ജന്മഭൂമിയെക്കുറിച്ച് പറഞ്ഞത് തികച്ചും ശരിയാണെന്ന് സ്ഥാപിക്കപ്പെടുന്നതായിട്ടാണ് വിലയിരുത്തിയത്. കോടതിക്കകത്തെ ഒരു സിവില്‍ വ്യവഹാരം രാജ്യത്തിലെ ജനങ്ങളുടെയാകെ തര്‍ക്കമായി മാറ്റി അത് ഹിന്ദു വോട്ട് ബാങ്ക് രൂപപ്പെടുത്തുവാന്‍ വേണ്ടി ചൂഷണം ചെയ്യുകയായിരുന്നു അവര്‍. അത്തരം വര്‍ഗ്ഗീയ പ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടാനുള്ള ഒന്നായാണ് ഈ വിധിയെ അവര്‍ കണക്കാക്കിയത്.
കോണ്‍ഗ്രസ്സിന്റെ സ്റ്റിയറിംഗ് കമ്മിറ്റിയാകട്ടെ വിധിയെ സ്വാഗതം ചെയ്തുകൊണ്ട് കോടതിക്കുപുറത്ത് ചര്‍ച്ചകളിലൂടെ തര്‍ക്കം പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നു കൂടി വ്യക്തമാക്കി. ഈ കേസില്‍ ലഖ്നൌ ബഞ്ചിന്റെ വിധി പറയുന്നതു നീട്ടിവയ്ക്കാനുള്ള ശ്രമത്തിന്റെ പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന പ്രചരണം ശരിവയ്ക്കുന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് അവര്‍ നടത്തിയത്. മതനിരപേക്ഷത സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ്സിന്റെ ഇപ്പോഴുള്ള സമീപനവും ക്രിയാത്മകമല്ല. ഇതിനിടെയാണ് സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ വിധിയെക്കുറിച്ച് വിലയിരുത്തല്‍ നടത്തിക്കൊണ്ട് പ്രസ്താവന നടത്തിയത്.
വിധി വരുന്ന സാഹചര്യം സംഘര്‍ഷരഹിതമാക്കാനും സമുദായ സൌഹാര്‍ദ്ദം കാത്തുസൂക്ഷിക്കുവാനും വിവിധ പ്രസ്ഥാനങ്ങള്‍ പരിശ്രമിക്കുകയുണ്ടായി. അതിനോട് രാജ്യത്തെ ജനങ്ങള്‍ നല്ല യോജിപ്പാണ് പ്രകടിപ്പിച്ചത്. വിധിയെ സഹിഷ്ണുതയോടെ ജനങ്ങള്‍ സമീപിച്ചു. അക്കാര്യത്തില്‍ ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. സിപിഎം അപ്പോള്‍ത്തന്നെ ഈ വിധി ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്ന് വ്യകതമാക്കുകയുണ്ടായി. അതേക്കുറിച്ച് പോളിറ്റ് ബ്യൂറോ ഇപ്പോള്‍ വിശദമാക്കിയിരിക്കുന്നു.
താഴെപ്പറയുന്ന കാര്യങ്ങളാണ് പ്രസ്താവനയിലുള്ളത്.
1. വസ്തുതകളും തെളിവുകളും സര്‍വ്വോപരി നിയമവും പരിഗണിക്കുന്നതിനേക്കാള്‍ വിശ്വാസത്തിനാണ് വിധി പ്രാമുഖ്യം നല്‍കിയത്.
2. 1992 ഡിസംബര്‍ ആറിന് സംഘ്പരിവാര്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് ഇത് ന്യായീകരണം ആയേക്കും.
3. സുപ്രീംകോടതി വിധിയിലൂടെ ഈ ന്യൂനതകള്‍ പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
4. അയോദ്ധ്യാ പ്രശ്നപരിഹാരം കോടതിയിലൂടെ മാത്രമേ സാധ്യമാകൂ എന്ന മുന്‍നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കി.
വിധിയോടുള്ള സിപിഎമ്മിന്റെ പ്രതികരണം മുഖ്യ ദേശീയ പാര്‍ടികളുടെ നിലപാടുകളില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. അയോദ്ധ്യാകേസില്‍ തെളിവുകളേക്കാള്‍ വിശ്വാസത്തിനാണോ ഹൈക്കോടതി മുന്‍തൂക്കം നല്‍കിയത് എന്ന ചോദ്യത്തിന് "കോടതിവിധി മാനിക്കുന്നു'' എന്നു മാത്രമായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി, വിധിയെക്കുറിച്ച് കോണ്‍ഗ്രസിന്റെ അഭിപ്രായം രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനുശേഷം മറുപടി പറഞ്ഞത്. ഇവിടെയും കോണ്‍ഗ്രസ്സിന്റെ അഴകൊഴമ്പന്‍ സമീപനമാണ് വ്യക്തമാകുന്നത്. മതനിരപേക്ഷത അവകാശപ്പെടുന്ന പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസ്സിന് വസ്തുതകളംഗീകരിക്കാന്‍ മടിയാണിപ്പോഴും.
മുസ്ളീം ന്യൂനപക്ഷത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നു എന്നവകാശപ്പെടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ളീംലീഗും വിധിയെ സംയമനത്തോടെ സമീപിക്കണമെന്നല്ലാതെ വിശദാംശങ്ങള്‍ പരിശോധിച്ച് ഇതേവരെ യാതൊന്നും പ്രതികരിച്ചിട്ടില്ല. വിശദാംശങ്ങള്‍ ലഭിച്ചതിനുശേഷം നേതൃത്വം കൂടിയാലോചിച്ച് തീരുമാനം അറിയിക്കാം എന്നു ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്പറഞ്ഞിരുന്നത് നാം ഓര്‍ക്കണം.
ഇവിടെയാണ് കോണ്‍ഗ്രസ് - ബിജെപി തുടങ്ങിയ പാര്‍ടികളില്‍നിന്നും വേറിട്ട നിലപാടുമായി സിപിഎം മുന്നോട്ടു വന്നിട്ടുള്ളത്. അയോദ്ധ്യാ വിധി സംബന്ധിച്ച ഒക്ടോബര്‍ അഞ്ചിന്റെ പിബി പ്രസ്താവന അതുകൊണ്ടുതന്നെ ഒരു രജതരേഖയണ്. യഥാര്‍ത്ഥ മതനിരപേക്ഷ നിലപാടിന്റെ പ്രഖ്യാപനമാണ്. രാജാവ് നഗ്നനാണെന്ന സത്യം വിളിച്ചുപറയലാണ്. അതിനാല്‍ത്തന്നെ രാജ്യത്തെമ്പാടുമുള്ള മതനിരപേക്ഷവാദികള്‍ സിപിഎമ്മിന്റെ നിലപാടിനെ രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യും.
Wednesday, October 13, 2010
അയോദ്ധ്യാവിധി: സിപിഐ(എം) നിലപാട്
അയോദ്ധ്യാവിധി: സിപിഐ(എം) നിലപാട്
Subscribe to:
Post Comments (Atom)
No comments:
Post a Comment