Sunday, December 30, 2007

കല കുവൈത്തിന്റെ സാംബശിവന്‍ പുരസ്കാരം വൈശാഖന്

കല കുവൈത്തിന്റെ സാംബശിവന്‍ പുരസ്കാരം വൈശാഖന്



കുവൈത്ത്: കലാ കുവൈത്തിന്റെ 2007 ലെ സാംബശിവന്‍ പുരസ്കാരം പ്രശസ്ത കഥാകാരന്‍ വൈശാഖന് സമ്മാനിക്കും. 20,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. കലാ കുവൈത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് പ്രസിഡന്റ് സുഗതന്‍ പന്തളം, ജനറല്‍ സെക്രട്ടറി മുകേഷ്.വി.പി, സാഹിത്യ വിഭാഗം സെക്രട്ടറി സഫീര്‍.പി.ഹാരിസ് എന്നിവര്‍ അറിയിച്ചു.
കലാ_സാംസ്കാരിക രംഗത്ത് പ്രശസ്തരായവര്‍ക്ക് കലാ കുവൈത്ത് എല്ലാവര്‍ഷവും അവാര്‍ഡ് നല്‍കുന്നുണ്ട്. കഥാപ്രസംഗ രംഗത്തെ അതികായനായിരുന്ന വി.സാംബശിവന്റെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്

Saturday, December 29, 2007

വ്യാജ റിക്രൂട്ടിംഗ് ഏജന്‍സിയുടെ ചതിയില്‍ പെട്ട 41 മലയാളികള്‍ ഷാറ്ജ ലേബറ്`കേമ്പില്‍ തീരാദുരിതത്തില്‍

വ്യാജ റിക്രൂട്ടിംഗ് ഏജന്‍സിയുടെ ചതിയില്‍ പെട്ട 41 മലയാളികള്‍ ഷാറ്ജ ലേബറ്`കേമ്പില്‍ തീരാദുരിതത്തില്‍

ദുബൈ: എയര്‍പോര്‍ട്ടില്‍ ഭേദപ്പെട്ട ജോലിയെന്നു പറഞ്ഞ് ട്രാവല്‍ ഏജന്‍സി മുഖേന ലക്ഷങ്ങള്‍ വിസക്ക് നല്‍കി വന്ന നാല്‍പ്പതോളം മലയാളികള്‍ക്ക് ദുരിതപര്‍വം. ഷാര്‍ജയിലെ സജാ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ ക്യാമ്പില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി പ്രയാസം സഹിച്ച് കഴിയുകയാണിവര്‍. മിക്കവാറും സമയം ക്യാമ്പില്‍ വെള്ളവും വൈദ്യുതിയും ഉണ്ടാകാറില്ലെന്നും കൊടുത്ത പണം തിരികെ കിട്ടിയാല്‍ എങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നും മലയാളികള്‍ സങ്കടം കൊള്ളുന്നു. നവംബര്‍ പതിനാലിന് നെടുമ്പാശേãരി വിമാനത്താവളം മുഖേനയാണ് ഇവരെ ഷാര്‍ജയില്‍ കൊണ്ടു വന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 41 പേരാണ് സംഘത്തിലുള്ളത്. 800^1200 ദിര്‍ഹം വരെയായിരുന്നു ഇവര്‍ക്ക് ശമ്പളം ഓഫര്‍ ചെയ്തത്. ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെ വിസക്ക് നല്‍കിയവരുണ്ട് കൂട്ടത്തില്‍. മുംബൈയിലെ റിക്രൂട്ടിംഗ് ഏജന്റിനു വേണ്ടി കേരളത്തിലെ വിവിധ ട്രാവല്‍ സ്ഥാപനങ്ങള്‍ വഴിയായിരുന്നു റിക്രൂട്ടിംഗ്. ഇവിടെ എത്തിയപ്പോഴാണ് ജോലിയെ കുറിച്ചും തങ്ങളകപ്പെട്ട കെണിയെ കുറിച്ചുമുള്ള യഥാര്‍ഥ ചിത്രം ബോധ്യപ്പെട്ടത്. വന്‍കിട കരാര്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി ലഭിക്കുന്ന താല്‍ക്കാലിക നിര്‍മാണ ജോലികള്‍ക്കാണ് ഇവരെ കൊണ്ടു വന്നതെന്ന്. 41 മലയാളികളില്‍ മിക്കവര്‍ക്കും ഭാരിച്ച ജോലികള്‍ ചെയ്ത് പരിചയം പോലുമില്ല. എങ്കില്‍ നാട്ടിലേക്ക് പോകേണ്ടി വരുമെന്നും കൊടുത്ത പണം തിരികെ നല്‍കില്ലെന്നുമാണ് ഭീഷണി.
അതിനിടെ, ക്യാമ്പില്‍ എല്ലാ സൌകര്യങ്ങളും ലഭിക്കുന്നുണ്ടെന്നും സ്വമേധയാ തങ്ങള്‍ മടങ്ങി പോകാന്‍ ആഗ്രഹിക്കുകയാണെന്നും കാണിച്ച് രേഖകളില്‍ ചിലരെ കൊണ്ട് നിര്‍ബന്ധമായി ഒപ്പിടുവിക്കാനും ഏജന്റ് മറന്നില്ല. ജോലിയൊന്നുമില്ലാതെ ക്യാമ്പില്‍ നരകതുല്യമായ ജീവിതമാണിവര്‍ കഴിച്ചു കൂട്ടുന്നത്. മോശം ഭക്ഷണമാണ് ലഭിക്കുന്നത്. ഒന്നുരണ്ടു പേര്‍ക്ക് അസുഖം പിടിപെട്ടെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല. താല്‍ക്കാലിക സ്വഭാവത്തിലുള്ള ജോലിക്കായി വിസിറ്റ് വിസയിലാണ് ഇവരെ കൊണ്ടു വന്നതെന്നാണ് അറിയുന്നത്്. എല്ലാവരില്‍ നിന്നുമായി നല്ലൊരു തുക ട്രാവല്‍ ഏജന്റിന് ലഭിക്കുകയും ചെയ്തു. നാട്ടിലെ ഏജന്റുമാരെ വിളിച്ച് പരാതി പറഞ്ഞപ്പോള്‍ അതിലൊരാള്‍ ഇവിടെ വന്നു നോക്കിയിരുന്നു. പിറ്റേന്ന് വരാമെന്നും ജോലി ഉടന്‍ ശരിയാകുമെന്നും പറഞ്ഞു മടങ്ങി. പിന്നെ വിവരമൊന്നും തന്നെയില്ല. വിസക്ക് കൊടുത്ത പണം നല്‍കാതെ നാട്ടിലേക്ക് പറഞ്ഞു വിടാനാണ് കമ്പനിയുടെ നീക്കമെന്ന് സംശയമുണ്ടെന്ന് പൊന്നാനി സ്വദേശി അബ്ദുര്‍റഹ്മാന്‍ 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. കോണ്‍സുലേറ്റിന്റെ ശ്രദ്ധയില്‍ പ്രശ്നം കൊണ്ടു വന്നിട്ടുണ്ട്. നാളേക്കകം എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗള്‍ഫ് സ്വപ്നവുമായെത്തി ഗതികേടിലായ ഈ ചെറുപ്പക്കാര്‍.

കോഴിക്കോട് വിമാനത്താവളം: പ്രഖ്യാപനങ്ങള്‍ പാഴായി യാത്രാദുരിതം തുടരുന്നു

കോഴിക്കോട് വിമാനത്താവളം: പ്രഖ്യാപനങ്ങള്‍ പാഴായി യാത്രാദുരിതം തുടരുന്നു

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യോമയാന മന്ത്രാലയം പ്രഖ്യാപിച്ച നടപടികള്‍ ഒന്നും നടന്നില്ല. ഇക്കഴിഞ്ഞ സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ തുടര്‍ച്ചയായി വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്രക്കാര്‍ നട്ടം തിരിഞ്ഞപ്പോഴാണ് വ്യോമയാന മന്ത്രാലയം നടപടികള്‍ പ്രഖ്യാപിച്ചത്.
സര്‍വീസുകള്‍ റദ്ദാവുന്നത് തടയുമെന്നും റദ്ദായാല്‍ പകരം പ്രത്യേക വിമാനം അനുവദിക്കുമെന്നും രാത്രിയില്‍ കോഴിക്കോട്ട് ഒരു വിമാനം നിര്‍ത്തിയിടുമെന്നുമായിരുന്നു പ്രധാന വാഗ്ദാനങ്ങള്‍. യാത്രക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എയര്‍ ഇന്ത്യയില്‍ മലയാളി ഉദ്യോഗസ്ഥനെ നിയമിക്കുമെന്നും വിദേശ വിമാനക്കമ്പനികള്‍ക്ക് സര്‍വീസിന് അനുമതി നല്‍കുമെന്നുമായിരുന്നു മറ്റു വാഗ്ദാനങ്ങള്‍. വിവിധ സംഘടനകള്‍ ശക്തമായി രംഗത്തിറങ്ങിയതോടെയാണ് വ്യോമയാന മന്ത്രാലയത്തിന്റെ പ്രഖ്യാപനങ്ങള്‍. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതിലൊന്നുപോലും പ്രാവര്‍ത്തികമായിട്ടില്ല. മാത്രമല്ല, പരസ്പര വിരുദ്ധ പ്രസ്താവനകളിലൂടെ യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുകയുമാണ് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍.
കോഴിക്കോട്ടേക്കുള്ള സര്‍വീസുകള്‍ റദ്ദാവുന്നത് തടയുമെന്നുപറഞ്ഞ വ്യോമയാന മന്ത്രാലയം ഒരാഴ്ച കഴിയുംമുമ്പ് അത് വിഴുങ്ങി. ഡിസംബറില്‍ മാത്രം മുപ്പതിലേറെത്തവണ വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയോ മണിക്കൂറുകള്‍ വൈകിപ്പറക്കുകയോ ചെയ്തു. 16 തവണ യാത്രക്കാര്‍ ടെര്‍മിനലില്‍ മുദ്രാവാക്യം വിളിക്കുകയും സമരം നടത്തുകയുംചെയ്തു.
രാത്രിയില്‍ ഒരു വിമാനം കോഴിക്കോട്ട് നിര്‍ത്തിയിടുമെന്ന വാഗ്ദാനവും ജലരേഖയായി. സമര രംഗത്തിറങ്ങിയ സംഘടനകളുടെ കണ്ണില്‍പ്പൊടിയിടാന്‍ ഏതാനും ദിവസങ്ങള്‍ ഒരുവിമാനം രാത്രിയില്‍ നിര്‍ത്തിയിട്ട എയര്‍ഇന്ത്യ, പിന്നീടത് പിന്‍വലിച്ചു. ഇത്തരമൊരു വിമാനം ലഭ്യമായിരുന്നുവെങ്കില്‍ഇരുപതോളം സര്‍വീസുകള്‍ റദ്ദാവില്ലായിരുന്നു.
മലയാളി ഉദ്യോഗസ്ഥനെ നിയമിക്കുമെന്നതും വെറുംവാക്കായി. നിയമിച്ചയാളെ ദിവസങ്ങള്‍ക്കകം കൊച്ചിയിലേക്ക് മാറ്റി. ഇങ്ങനെയൊരു ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നുവെങ്കില്‍ അധികൃതരും യാത്രക്കാരും ഇടയുന്നത് ഒരു പരിധിവരെ ഒഴിവാക്കാമായിരുന്നു.
അടിക്കടി വിമാനങ്ങള്‍ റദ്ദാവുന്ന അവസ്ഥയാണ് ഇപ്പോള്‍ കോഴിക്കോട്ട്. ഒരാഴ്ചക്കിടെ ജിദ്ദ, ദോഹ, ബഹറിന്‍, ഷാര്‍ജ വിമാനങ്ങള്‍ ഒന്നിലേറെത്തവണ റദ്ദായി. ക്രിസ്മസ് ദിനത്തിലും ഉപരാഷ്ട്രപതി കേരളത്തിലെത്തിയ ദിവസവും വിമാനത്താവളം യാത്രക്കാരുടെ സമരവേദിയായി.
ഇവിടത്തെ പ്രശ്നങ്ങള്‍ നിസ്സാരവത്കരിക്കുന്ന സമീപനമാണ് വ്യോമയാന മന്ത്രി പ്രഫുല്‍പട്ടേലിന്റേത്. പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് പാര്‍ലമെന്റിലും ജനപ്രതിനിധികള്‍ക്കും ഉറപ്പുനല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വിമാനം റദ്ദാവുന്നതു സംബന്ധിച്ചും സ്വകാര്യ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതു സംബന്ധിച്ചും അദ്ദേഹം വ്യാജ പ്രസ്താവന നടത്തുകയും ചെയ്തു. മാത്രമല്ല, വിദേശകമ്പനികള്‍ക്ക് ഒക്ടോബറില്‍ സര്‍വീസിന് അനുമതി നല്‍കുമെന്ന് പ്രഖ്യാപിച്ച മന്ത്രി പിന്നീടത് ജനവരിയിലേക്കെന്ന് തിരുത്തുകയും ഇപ്പോള്‍ ഏപ്രിലിലേക്കെന്ന് വീണ്ടും തിരുത്തുകയും ചെയ്തിരിക്കുകയാണ്.
പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പകരം യാത്രക്കാരെ അടിച്ചമര്‍ത്താനാണ് മന്ത്രാലയത്തിന്റെ പുതിയ ശ്രമം. യാത്രക്കാര്‍ സംഘര്‍ഷം സൃഷ്ടിച്ചാല്‍ ശക്തമായി നേരിടണമെന്നാണ് മന്ത്രാലയത്തിന്റെ രഹസ്യ നിര്‍ദേശം. യാത്രക്കാരെ ഒതുക്കാന്‍ പോലീസ് സഹായം ആവശ്യപ്പെടാമെന്നും സുരക്ഷാസേനയോട് കായികമായി നേരിടാന്‍ ആവശ്യപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇത് വിമാനത്താവളത്തിന്റെവികസനത്തെ പ്രതികൂലമായി ബാധിക്കും. യാത്രക്കാരെ വിമാനത്താവളത്തില്‍നിന്നകറ്റി കോഴിക്കോടിനെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിര്‍ദേശങ്ങളെന്ന് ആരോപണമുയരുന്നുണ്ട്.

Wednesday, December 26, 2007

അബുദാബിയില്‍ കേരളോത്സവത്തിന് ഇന്ന് തുടക്കം

അബുദാബിയില്‍ കേരളോത്സവത്തിന് ഇന്ന് തുടക്കം

അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന കേരളോത്സവം വ്യാഴാഴ്ച ആരംഭിക്കും. വൈകിട്ട് എട്ടിന് വര്‍ണശബളമായ കലാപരിപാടികളോടെ ആഘോഷത്തിന് തുടക്കം കുറിക്കും. കേരള സോഷ്യല്‍ സെന്ററിന്റെ ഒരു വര്‍ഷത്തെ പരിപാടികളില്‍ വെച്ച് ഏറ്റവും ശ്രദ്ധേയമാണ് കേരളോത്സവം.
കേരളത്തിന്റെ തനത് പലഹാരങ്ങളുമായി തട്ടുകടകള്‍, പാരമ്പര്യ കലാരൂപങ്ങള്‍, സ്കില്‍ ഗെയിമുകള്‍, ലേലം വിളികള്‍, സിനിമാ നൃത്തങ്ങള്‍, ഗാനമേള തുടങ്ങി വൈവിധ്യം നിറഞ്ഞ കാഴ്ചകളുമായി മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കേരളോത്സവത്തിന് ആയിരക്കണക്കിന് മലയാളികള്‍ സംബന്ധിക്കുമെന്ന് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ.ബി. മുരളി പറഞ്ഞു.
അഞ്ചുദിര്‍ഹത്തിന്റെ പാസ്സുമൂലം കേരളോത്സവത്തിലേക്കുള്ള പ്രവേശനം ലഭിക്കും. സമാപനദിവസം ഈ പ്രവേശന കൂപ്പണുകള്‍ നറുക്കിട്ടെടുത്ത് 51 പേര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഒന്നാം സമ്മാനമായി 'കീയാ മോട്ടോര്‍ കാര്‍' ആണ് ലഭിക്കുക.
ലാപ്ടോപ്പ്, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, ടി.വി., സ്വര്‍ണ നാണയങ്ങള്‍, മൊബൈല്‍ ഫോണുകള്‍, വി.സി.ഡി., വി.സി.ആര്‍. തുടങ്ങിയവയാണ് മറ്റ് സമ്മാനങ്ങള്‍.
കേരളോത്സവത്തിന്റെ വിജയത്തിനായി സെന്റര്‍ അംഗങ്ങള്‍ വിവിധ സ്ക്വാഡുകളായി അബുദാബിയിലെ വിവിധ പ്രദേശങ്ങളില്‍ സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.

മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കണം; പുതിയ ഡാം ശാശ്വതപരിഹാരം

മുല്ലപ്പെരിയാര്‍ കരാര്‍ റദ്ദാക്കണം; പുതിയ ഡാം ശാശ്വതപരിഹാരം

കട്ടപ്പന : കാലഹരണപ്പെട്ട കരാര്‍ റദ്ദാക്കി പുതിയ ഡാം നിര്‍മ്മിക്കുകമാത്രമാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വതപരിഹാരമെന്ന് എം.പി.വീരേന്ദ്രകുമാര്‍ എംപി പറഞ്ഞു.
1886ല്‍ ഉണ്ടാക്കിയ കരാര്‍പ്രകാരം ഇനി മുന്നോട്ടുപോകാനാവില്ല. ഐക്യകേരളം നിലവില്‍വന്നിട്ടും അന്നത്തെ ഉടമ്പടികളില്‍ മാറ്റമുണ്ടായിട്ടില്ല. തമിഴ്നാടിനോട് നാം കാണിച്ച കനിവ് കീഴടങ്ങലോ ഭീരുത്വമോ ആയിക്കാണരുതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. 'പുതിയ ഡാം, പുതിയ കരാര്‍' എന്ന ആവശ്യവുമായി മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന റിലേ ഉപവാസസമരത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പൊതുസമ്മേളനം ചപ്പാത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്തൊമ്പതാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മുല്ലപ്പെരിയാര്‍ ഡാമിന് ബലക്ഷയം ഉണ്ട്. ഡാം തകര്‍ന്നാലുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക് ഇടുക്കി ഡാമിന് താങ്ങാനാവില്ല. ഇറ്റലിയിലെയും ഫ്രാന്‍സിലെയും ആര്‍ച്ച് ഡാമുകള്‍ക്കുണ്ടായ തകര്‍ച്ച നമ്മുടെ കണ്‍മുന്നിലുണ്ട്. ഇടുക്കി ഡാമിനുണ്ടാകുന്ന തകര്‍ച്ച നാലു ജില്ലകളെ നാമാവശേഷമാക്കുമെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍സമരം കേരളമനസ്സാക്ഷിയുടെ സമരമാണ്. പ്ലാച്ചിമടയിലെ സമരം കുടിവെള്ളത്തിനുവേണ്ടിയായിരുന്നെങ്കില്‍, ഇത് ജീവനുവേണ്ടിയുള്ള സമരമാണ്. സമരപ്പന്തലിലെ നിത്യസാന്നിധ്യമായ തമിഴ്വംശജന്‍ മയിലപ്പന്‍ പ്ലാച്ചിമടയിലെ മയിലമ്മയെപ്പോലെ പോരാട്ടത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തഭീഷണിയില്‍ ജീവിക്കേണ്ടിവരുന്ന ഒരു ജനതയുടെ സുരക്ഷിതത്വമാണ് ഇവിടത്തെ പ്രശ്നമെന്നും മുല്ലപ്പെരിയാര്‍ സമരസമിതിയുടെ സമരം നിലനില്‍പ്പിനായുള്ള പോരാട്ടമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ മുന്‍ എംപി വി.എം.സുധീരന്‍ പഞ്ഞു. കേന്ദ്ര ജലക്കമ്മീഷന്‍ വളരെ നേരത്തെ ബദല്‍ ഡാം എന്ന ആശയം മുന്നോട്ടുവച്ചതാണ്. നേവിയുടെ മുങ്ങല്‍വിദഗ്ദ്ധരെക്കൊണ്ട് അണക്കെട്ടിന്റെ താഴെയുള്ള ഭാഗം പരിശോധിപ്പിക്കാന്‍പോലും തമിഴ്നാട് തയ്യാറായിട്ടില്ല. കൂടുതല്‍ മനുഷ്യത്വപരമായ നിലപാട് തമിഴ്നാട് സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
ദുരന്തഭീഷണി ഉയര്‍ത്തുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രശ്നം പാര്‍ലമെന്റില്‍ സംസാരിക്കാന്‍പോലും അനുവദിക്കാത്ത തമിഴ്നാട്ടിലെ ജനപ്രതിനിധികളുടെ രീതി ജനാധിപത്യസംവിധാനത്തില്‍ നീതീകരിക്കാനാവുന്നതല്ലെന്ന് കെ.ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. മുല്ലപ്പെരിയാര്‍ സമരസമിതിനായകരെ അദ്ദേഹം ആദരിക്കുകയും ചെയ്തു.
സമരസമിതി രക്ഷാധികാരി ഫാ. ജോയി നിരപ്പേല്‍ മൂന്നാംഘട്ടസമരപ്രഖ്യാപനം നടത്തി. എംഎല്‍എമാരായ കെ.കെ.ജയചന്ദ്രന്‍, റോഷി അഗസ്റ്റിന്‍, ഇ.എസ്.ബിജിമോള്‍, വ്യാപാരിവ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍ നായര്‍, മഹാരാഷ്ട്രയിലെ സാമൂഹികപ്രവര്‍ത്തകയും 'ദി വെര്‍ഡിക്ട്' പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായ കൃഷ്ണാര്‍ജ്ജുന, ഫാ. മാത്യു പനച്ചിക്കല്‍, മുന്‍ എംഎല്‍എമാരായ പി.ടി.തോമസ്, ഇ.എം.ആഗസ്തി എന്നിവര്‍ സംസാരിച്ചു. സമരസമിതി ചെയര്‍മാന്‍ പ്രൊഫ. സി.പി.റോയി ആധ്യക്ഷ്യംവഹിച്ച ചടങ്ങില്‍ സാബു വേങ്ങവേലില്‍ സ്വാഗതവും അഡ്വ. സ്റ്റീഫന്‍ ഐസക് നന്ദിയും പറഞ്ഞു.

Tuesday, December 25, 2007

മലയാളി സംഘടനാ പ്രതിനിധികളുടെ യോഗം 28ന്

മലയാളി സംഘടനാ പ്രതിനിധികളുടെ യോഗം 28ന്

ഷാര്‍ജ: ഗള്‍ഫ് മലയാളികള്‍ നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ ആരായുന്നതിനുമായി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളുടെ പ്രതിനിധികളുടെ ഒരു യോഗം 28ന് വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ്ഹാളില്‍ ചേരും.ഷാര്‍ജയിലെ എല്ലാ മലയാളി സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് പ്രസിഡന്റ് അഡ്വ. വൈ.എ.റഹിം അഭ്യര്‍ഥിച്ചു.

വിപണിയില്‍ വില കുത്തനെ ഉയരുന്നു; പ്രവാസി സമൂഹം ധര്‍മ്മസങ്കടത്തില്‍

വിപണിയില്‍ വില കുത്തനെ ഉയരുന്നു; പ്രവാസി സമൂഹം ധര്‍മ്മസങ്കടത്തില്‍


ദുബൈ: അവശ്യ വസ്തുക്കളുടെ വിലവര്‍ധന മലയാളികള്‍ ഉള്‍പ്പെടെ സാധാരണ പ്രവാസി സമൂഹത്തിന്റെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ മാത്രം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വന്‍ കുതിച്ചുചാട്ടമാണുണ്ടായിരിക്കുന്നത്. പാല്‍, ജ്യൂസ് ഉല്‍പന്നങ്ങള്‍ക്ക് ഇനിയും വില വര്‍ധിപ്പിക്കാന്‍ പ്രമുഖ കമ്പനികള്‍ തീരുമാനിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
മുട്ട മുതല്‍ മല്‍സ്യത്തിന് വരെ പൊള്ളുന്ന വിലയാണിപ്പോള്‍. അടുത്ത മാസം മുതല്‍ തങ്ങളുടെ ശമ്പളത്തില്‍ എഴുപത് ശതമാനം വര്‍ധന ഉണ്ടാകുമെന്ന ആശ്വാസത്തിലാണ് സര്‍ക്കാര്‍ ജീവനക്കാര്‍. എന്നാല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ബഹുഭൂരിഭാഗത്തെ സംബന്ധിച്ചേടത്തോളം മഹാ നഗരത്തിലെ ഓരോ ദിനരാത്രങ്ങളും കുടുതല്‍ പരീക്ഷീണിതമായി മാറുകയാണ്. വാടകയിലുണ്ടായ ഗണ്യമായ വര്‍ധനവ് ഒരു ഭാഗത്ത്. സ്കൂള്‍ ഫീസിലും മറ്റുമുണ്ടായ വര്‍ധന മറുഭാഗത്തും. ഇതിനിടയിലാണ് നിത്യോപയോഗ വസ്തുക്കളുടെ കാര്യത്തിലുണ്ടായ അപ്രതീക്ഷിത വില വര്‍ധനയും. ക്രെഡിറ്റ് കാര്‍ഡിന്റെ ബലത്തില്‍ എത്രകാലം പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന ആശങ്കയാണ് ഇടത്തരം പ്രവാസി കുടുംബങ്ങള്‍ ഉന്നയിക്കുന്നത്.
പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, ജ്യൂസുകള്‍, ഇസ്ലാമിക ഭക്ഷ്യ ഉല്‍പന്നങ്ങള്‍ എന്നിവക്ക് വില ഉയര്‍ത്താന്‍ പ്രമുഖ കമ്പനികള്‍ തീരുമാനിച്ചു കഴിഞ്ഞു. ഇതോടെ പുതുവല്‍സരം കൂടുതല്‍ ഭയാശങ്കള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഉല്‍പന്നങ്ങള്‍ക്ക് പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ വില ഉയര്‍ത്താന്‍ തീരുമാനിച്ചതായി അല്‍ ഇസ്ലാമി മാര്‍ക്കറ്റിംഗ് ഡയരക്ടര്‍ അഹ്മദ് സഹറാന്‍ പറഞ്ഞു. അസംസ്കൃത ഉല്‍പന്നങ്ങളുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഇതല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കറന്‍സി വിനിമയത്തില്‍ വന്ന മാറ്റവും വിലവര്‍ധന നടപ്പാക്കാന്‍ കമ്പനികളെ പ്രേരിപ്പിക്കുകയാണ്. ഇറക്കുമതി ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ഇനിയും നഷ്ടം താങ്ങാന്‍ കഴിയില്ലെന്നാണ് പ്രമുഖ റീട്ടെയില്‍ വ്യാപാരികള്‍ പറയുന്നത്. ഇറച്ചി ഉല്‍പന്നങ്ങള്‍ക്കും വിപണിയില്‍ വില കൂടുമെന്നാണ് സൂചന. വിവിധ രാജ്യങ്ങളില്‍ പക്ഷിപ്പനി ബാധയെ തുടര്‍ന്ന് കോഴി ഇറച്ചിക്കും മുട്ടക്കും വലിയ വില നല്‍കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോള്‍ തന്നെയുള്ളത്. വിപണിയില്‍ മുട്ട ദൌര്‍ലഭ്യം ശക്തമായി തുടരുന്നു. ബ്രസീലിയന്‍ കോഴി ഇറച്ചി കമ്പനികള്‍ക്കാണ് ഇതിന്റെ മെച്ചം ലഭിച്ചിരിക്കുന്നത്. പ്രമുഖ പാല്‍ നിര്‍മാണ കമ്പനിയും വില വര്‍ധന ഏര്‍പ്പെടുത്തുന്ന വിവരം സൂപ്പര്‍ മാര്‍ക്കറ്റുകളെ അറിയിച്ചു കഴിഞ്ഞു. പാലിനു പുറമെ തൈര്, മോര് എന്നിവക്കും വില കൂടും. മല്‍സ്യ മാര്‍ക്കറ്റിലും തീവിലയാണിപ്പോള്‍. അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധിത ശമ്പളം മുന്‍നിര്‍ത്തി വിപണിയില്‍ സാധനങ്ങള്‍ക്ക് വില ഉയര്‍ത്താന്‍ നീക്കം നടന്നേക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരെ സാമ്പത്തിക മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ നിലനില്‍ക്കുന്ന പ്രതികൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി വില വര്‍ധനയെ ന്യായീകരിക്കുകയാണ് പ്രമുഖ കമ്പനികള്‍.

Monday, December 17, 2007

കരിപ്പൂരില്‍ രാത്രികാല വിമാന ലാന്റിംഗ് പ്രതിസന്ധിയിലേക്ക്.

കരിപ്പൂരില്‍ രാത്രികാല വിമാന ലാന്റിംഗ് പ്രതിസന്ധിയിലേക്ക്.

കൊണ്ടോട്ടി: കരിപ്പൂരില്‍ രാത്രികാല വിമാന ലാന്റിംഗ് പ്രതിസന്ധിയിലേക്ക്. വി.ഒ.ആര്‍ ഉപകരണം തകരാറിലായതാണ് കാരണം. കഴിഞ്ഞ ദിവസം കാലിബറേഷന്‍ വിമാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വിമാനങ്ങളെ ഉപകരണ നിയന്ത്രിത ലാന്റിംഗ് സംവിധാനത്തിലേക്ക് (ഐ.എല്‍.എസ്) നയിക്കുന്ന ഉപകരണം പ്രവര്‍ത്തനക്ഷമമല്ലെന്ന് കണ്ടെത്തിയത്. ഇതോടെ ഐ.എല്‍.എസ് ഉപയോഗിച്ച് വിമാനം ഇറക്കാനും സാധിക്കാതെയായി.
കേട് തീര്‍ക്കാന്‍ വിദഗ്ധര്‍ കരിപ്പൂരിലെത്തിയിട്ടുണ്ട്. ഗുരുതരമായ തകരാറാണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. താല്‍ക്കാലിക പരിഹാരമായി എന്‍.ഡി.ബി ഉപകരണം ഉപയോഗിച്ച് ലാന്റിംഗ് നടത്താനാണ് ശ്രമം. എന്നാല്‍, ഇതിന് പൈലറ്റുമാര്‍ സാങ്കേതിക തടസ്സം ഉന്നയിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഐ.എല്‍.എസ് ഉപയോഗിക്കാതെ പടിഞ്ഞാറ് ഭാഗത്തുകൂടെയാണ് വിമാനങ്ങള്‍ ഇറക്കിയത്. വി.ഒ.ആര്‍ തകരാറിലായാല്‍ വൈമാനികര്‍ക്ക് ദിശ നിയന്ത്രണത്തിന് പ്രയാസം നേരിടും. വി.ഒ.ആറും ദൂര നിര്‍ണയ ഉപകരണ (ഡി.എം.ഇ)വും ഉപയോഗിച്ചാണ് വിമാനലാന്റിംഗ് കാര്യക്ഷമമാക്കുന്നത്. ഇന്നലെ രാത്രി ചെന്നൈയില്‍നിന്ന് കരിപ്പൂരിലെത്തേണ്ട ഐ.സി.926 വിമാനം ഈ പ്രശ്നം കാരണം റദ്ദാക്കി. മധുരയില്‍ ദക്ഷിണമേഖലയിലെ എയര്‍പോര്‍ട്ട് ഡയറക്ടര്‍മാരുടെ സമ്മേളനത്തിനു പോയ കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ വി.എസ്.പി ചിണ്‍സണ്‍ ഈ വിമാനത്തില്‍ മടങ്ങാനിരിക്കുകയായിരുന്നു.
പ്രശ്നം പരിഹരിക്കാനായില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ വിമാന സര്‍വീസുകളെ ബാധിച്ചേക്കുമെന്ന് എയര്‍പോര്‍ട്ട് ഡയറക്ടര്‍ വി.എസ്.പി ചിണ്‍സണ്‍ പറഞ്ഞു. ഉപകരണത്തിന്റെ തകരാര്‍ എത്രത്തോളം ഉണ്ടെന്ന് ഇന്നേ വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

Sunday, December 16, 2007

ആശാന്‍ സ്മാരക വികസനത്തെതടസ്സപ്പെടുത്തരുത്: സാഹിത്യസംഘം

ആശാന്‍ സ്മാരക വികസനത്തെതടസ്സപ്പെടുത്തരുത്: സാഹിത്യസംഘം.

തിരു: ആശാന്‍ സ്മാരക വികസനം അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് കടമ്മനിട്ട രാമകൃഷ്ണനും ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളിയും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പത്തുവര്‍ഷംമുമ്പ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ആശാന്‍ സ്മാരക സമഗ്ര വികസനപദ്ധതിയെ അട്ടിമറിക്കാന്‍ ഭൂമിമാഫിയാസംഘം അരയുംതലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തിന്റെ ഏറ്റവും മഹാനായ കവിയുടെ പര്‍ണകുടീരം ലോശ്രദ്ധയില്‍ എത്തിയ സന്ദര്‍ഭത്തില്‍ വികസനത്തെ തടസ്സപ്പെടുത്തുന്ന ഏത് ഹീനശ്രമത്തെയും പരാജയപ്പെടുത്തേണ്ടത് നാടിന്റെ ആവശ്യമാണ്. സ്മാരകവികസനത്തിന്റെ രണ്ടാംഘട്ടമെന്ന നിലയ്ക്ക് രണ്ടര ഏക്കര്‍ പുരയിടം ഏറ്റെടുക്കുന്നതിന്റെ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സ്മാരകപ്പറമ്പിനോട് ചേര്‍ന്നുള്ള ആശാന്റെ വസ്തു പ്ളോട്ടുകളായി തിരിച്ച് വില്‍പ്പന നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അവശേഷിക്കുന്ന ഭൂമിയുടെ സംരക്ഷണത്തിനും മഹാകവിയുടെ യശസ്സ് വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
വസ്തു അളന്ന് തിട്ടപ്പെടുത്തുന്നതിനിടെ ബാഹ്യസമ്മര്‍ദത്തിന് വിധേയമായി ഭൂമി ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവയ്ക്കാന്‍ അധികാരികള്‍ കലക്ടറോട് ആവശ്യപ്പെട്ട നടപടി ശരിയല്ല. സ്മാരകത്തിനെതിരെയുള്ള ബാഹ്യശക്തികളുടെ ഇടപെടല്‍ സംശയാസ്പദമാണ്.


കരിപ്പൂര്‍ വിമാനത്താവളത്തില്‍ 24 മണിക്കൂറും സര്‍വീസ് വേണം _ കാപ

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 24 മണിക്കൂറും സര്‍വീസ് വേണം _ കാപ .

കുവൈത്ത്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 24 മണിക്കൂറും സര്‍വീസ് നടത്തുന്നതിനുള്ള സൌകര്യങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തണമെന്നും നിലവിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്കനുസൃതമായി എയര്‍ ഇന്ത്യയുടെ ഷെഡ്യൂളുകളില്‍ മാറ്റം വരുത്തണമെന്നും കുവൈത്തിലെ കേരള എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ (കാപ) ആവശ്യപ്പെട്ടു.രാത്രി പത്തുമണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ വിമാനത്താവളം അടച്ചിടുന്നത് മൂലം കരിപ്പൂരിലേക്കും കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ കഴിയാതെ വിമാനങ്ങള്‍ നിരന്തരം വൈകിയിറങ്ങുന്നതും റദ്ദാക്കുന്നതും പതിവായിക്കഴിഞ്ഞു. അനാരോഗ്യകരമായ ഈ ദുരവസ്ഥ അവസാനിപ്പിക്കുന്നതിന് പര്യാപ്തമായ നടപടി സ്വീകരിക്കാന്‍ വ്യോമ മന്ത്രാലയവും എയര്‍ ഇന്ത്യയും ഉടന്‍ തയ്യാറാകണമെന്ന് കാപ ജനറല്‍ സെക്രട്ടറി കുര്യന്‍ പി. ജോണ്‍സണ്‍ ആവശ്യപ്പെട്ടു.അതോടൊപ്പം പ്രസ്തുത പ്രശ്നപരിഹാരത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി പ്രഫുല്‍ പട്ടേലിനും എയര്‍ ഇന്ത്യ എം.ഡി. തുളസിദാസിനും നിവേദനം സമര്‍പ്പിച്ചതായും കുര്യന്‍ പി. ജോണ്‍സണ്‍ പറഞ്ഞു.

'നോര്‍മ' പെന്‍ഷന്‍ പദ്ധതി നടപ്പാക്കും

'നോര്‍മ' പെന്‍ഷന്‍ പദ്ധതി നടപ്പാക്കും .

ഷാര്‍ജ: നോണ്‍_റെസിഡന്‍സ് മാവേലിക്കര അസോസിയേഷന്‍( നോര്‍മ_യു.എ.ഇ) പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. നോര്‍മ ആറാം വാര്‍ഷികം പ്രസിഡന്റ് ജി.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് അഡ്വ. വൈ.എ.റഹിം ഉദ്ഘാടനം ചെയ്തു. ഐ.എ.എസ് .ട്രഷറര്‍ ജേക്കബ് എബ്രഹാം, നോര്‍മ ജന.സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്, ട്രഷറര്‍ സി.കെ.പി.കുറുപ്പ്, വൈസ്പ്രസിഡന്റ് കെ.ജി.കര്‍ത്താ, അംബുജാക്ഷന്‍, രാധാകൃഷ്ണപിള്ള, കോശി ഇടിക്കുള, ബി.ശശികുമാര്‍, വേണു ജി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.പ്രവാസ ജീവിതം അവസാനിപ്പിച്ച് യു.എ.ഇ.യില്‍ നിന്നും നാട്ടിലേക്കു മടങ്ങുന്ന 'നോര്‍മ' അംഗങ്ങള്‍ക്കുവേണ്ടിയാണ് പെന്‍ഷന്‍ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുകയെന്ന് പ്രസിഡന്റ് അറിയിച്ചു.പുതിയ ഭാരവാഹികളായി കെ.ജി.കര്‍ത്ത(പ്രസിഡന്റ്), ടി.പി.ജേക്കബ്, മനോജ് ശാമുവേല്‍(വൈ.പ്രസി.), ജോര്‍ജ് മൂത്തേരി(ജന.സെക്ര.), വിജയന്‍ അമ്പാട്ട്, എബ്രഹാം സ്റ്റീഫന്‍(ജോ.സെക്ര.), ഉമ്മന്‍ ജോര്‍ജ്(ട്രഷ.), രാധാകൃഷ്ണപിള്ള(ജോ.ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

'മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ'

'മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ' .

അല്‍കോബാര്‍: സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ മാത്രമേ മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വാസമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഇന്ത്യന്‍ നാഷനല്‍ ലീഗ് സംസ്ഥാന സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനത്തിന് സൌദിയിലെത്തിയ അദ്ദേഹം അല്‍കോബാറില്‍ ഐ.എം.സി.സി പ്രവര്‍ത്തക സംഗമത്തില്‍ സംസാരിക്കുകയായിരുന്നു. ഫലസ്തീനും ഇറാഖും ഉള്‍പ്പെടെ ലോകത്തെരങ്ങേറിയ എല്ലാ അധിനിവേശത്തിനുമെതിരെ ശക്തമായി നിലപാടെടുത്തത് ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങളായിരുന്നു. രാജ്യത്തിന്റെ ദേശീയതയും സുരക്ഷിതത്വവും ബലികഴിച്ച് അമേരിക്കയുമായി ആണവ കരാറുണ്ടാക്കാന്‍ ശ്രമിക്കുകയും വിദേശ കുത്തകകളെ പരവതാനി വിരിച്ച് സ്വീകരിക്കുകയും ചെയ്യുന്ന യു.പി.എ സര്‍ക്കാറിന്റെ സാമ്രാജ്യത്വ മൃദു സമീപനത്തിനെതിരെ ഇടതുപക്ഷ കക്ഷികളും ഐ.എന്‍.എല്ലും ദേശീയതലത്തില്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുവാന്‍ ആലോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയര്‍ ഇന്ത്യ വീണ്ടും വൈകി; പ്രതിഷേധത്തിന്റെ കറുത്ത ബാഡ്ജ് അണിഞ്ഞ് യാത്രക്കാര്‍

എയര്‍ ഇന്ത്യ വീണ്ടും വൈകി; പ്രതിഷേധത്തിന്റെ കറുത്ത ബാഡ്ജ് അണിഞ്ഞ് യാത്രക്കാര്‍

കുവൈത്ത് സിറ്റി: എയര്‍ ഇന്ത്യയുടെ കുവൈത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വീണ്ടും വൈകി. വെള്ളിയാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന കൊച്ചി വഴി കരിപ്പൂരിലേക്കുള്ള വിമാനം ഇന്നലെ ഉച്ച ഒന്നരമണിക്കാണ് കുവൈത്തില്‍ നിന്ന് പുറപ്പെട്ടത്. വിമാനം അനിശ്ചിതമായി വൈകിയതില്‍ പ്രതിഷേധിച്ച് മുഴുവന്‍ യാത്രക്കാരും കറുത്ത ബാഡ്ജ് ധരിച്ചാണ് വിമാനത്തില്‍ കയറിയത്. കൊച്ചി വഴി കരിപ്പൂരില്‍ നിന്നുള്ള വിമാനം എത്താന്‍ വൈകിയതാണ് തിരിച്ചുള്ള യാത്രയും വൈകാന്‍ കാരണമായത്.
ഇതേതുടര്‍ന്ന് ദുരിതത്തിലായ യാത്രക്കാര്‍ എയര്‍ ഇന്ത്യക്കെതിരായ പ്രതിഷേധമെന്ന നിലക്കാണ് കറുത്ത ബാഡ്ജ് ധരിച്ച് യാത്ര ചെയ്തത്. കുവൈത്ത് കേരള മുസ്ലിം അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബാഡ്ജ് ധരിപ്പിക്കുന്നതിന് കെ.കെ.എം.എ നേതാക്കാളായ എന്‍.എ മുനീര്‍, ഷബീര്‍ മണ്ടോളി, എ.പി അബ്ദുല്‍ സലാം, കെ.സി റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കരിപ്പൂരിലെത്തിയ ശേഷം ഗള്‍ഫ് യാത്രക്കാരോടും കരിപ്പൂരിനോടും എയര്‍ ഇന്ത്യ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിമാനത്താവളത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി.
കൊച്ചി കരിപ്പൂര്‍ വിമാനത്തിന് പുറമെ, വെള്ളിയാഴ്ച ഉച്ച 2.30ന് പുറപ്പെടേണ്ട വിമാനം അഞ്ചു മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. കഴിഞ്ഞ വ്യാഴാഴ്ച കൊച്ചി വഴി കരിപ്പൂരിലേക്കുള്ള വിമാന സര്‍വീസ് 20 മണിക്കൂറിലേറെ വൈകിയിരുന്നു. ഇതില്‍ ക്ഷുഭിതരായ യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എയര്‍ ഇന്ത്യക്കും വ്യോമയാന മന്ത്രാലയത്തിനുമെതിരായ മുദ്രാവക്യങ്ങളെഴുതിയ ബാഡ്ജ് ധരിച്ചാണ് യാത്രക്കാര്‍ കരിപ്പൂരില്‍ ഇറങ്ങിയത്. കോ^ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേര്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.
ആഴ്ചകള്‍ നീണ്ട താളപ്പിഴകള്‍ക്ക് ശേഷം ഏതാനും ദിവസം സമയക്രമം പാലിച്ച എയര്‍ ഇന്ത്യ സര്‍വീസ് വ്യാഴാഴ്ച മുതലയാണ് വീണ്ടും താറുമാറായത്. വിമാനം വൈകുന്ന വിവരം പലരും വിമാനത്താവളത്തിലെത്തിയ ശേഷമാണ് അറിയുന്നത്. അവസാന നിമിഷമാണ് വിമാനം വൈകുമെന്ന വിവരം യാത്രക്കാരെ അറിയിച്ചത്. ഇതുസംബന്ധിച്ച് യാത്രക്കാരുടെ ചോദ്യങ്ങള്‍ക്ക് എയര്‍ ഇന്ത്യ കൌണ്ടറില്‍ നിന്ന് വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ച് തകരാറായതാണ് പ്രശ്നത്തിന് കാരണമെന്നാണ് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടവര്‍ വിശദീകരിക്കുന്നത്. പക്ഷിയിടിച്ച വിമാനം ഇനിയൂം തകരാര്‍ ശരിയാക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. തകരാറായതിനെ തുടര്‍ന്ന് കരിപ്പൂരില്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്നും ഇവര്‍
കുവൈത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസ് നടത്തിയിരുന്ന തുര്‍ക്കിയിലെ ഗോള്‍ഡണ്‍ ഇന്‍ര്‍നാഷണല്‍ എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ കരാറില്‍ നിന്ന് പിന്‍മാറിയതിനാല്‍ പകരം സര്‍വീസിന് വിമാനമില്ലാത്ത അവസ്ഥയിലാണ് എയര്‍ ഇന്ത്യ. ഇതേതുടര്‍ന്ന് കരിപ്പൂരിലേക്കുള്ള നേരിട്ടു സര്‍വീസ് ഉള്‍പ്പെടെ വെട്ടികുറച്ചിരിക്കുകയാണ്. നിലവിലുള്ള ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചാണ് ഇപ്പോള്‍ മൂന്ന് സര്‍വീസ് നടത്തുന്നത്. കുവൈത്തില്‍ നിന്നുള്ള സര്‍വീസുകള്‍ കരിപ്പൂരില്‍ റണ്‍വെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നൈറ്റ് ലാന്റിംഗിന് അനുമതി നല്‍കുന്നില്ല. ഇതും എയര്‍ ഇന്ത്യ സര്‍വീസ് താറുമാറാകാന്‍ കാരണമാണ്.

Saturday, December 15, 2007

ഗള്‍ഫ് വിമാനക്കൂലി കുറയ്ക്കാന്‍ എംപിമാര്‍ ഇടപെടണം: യൂസഫലി

ഗള്‍ഫ് വിമാനക്കൂലി കുറയ്ക്കാന്‍ എംപിമാര്‍ ഇടപെടണം: യൂസഫലി

തിരുവനന്തപുരം: ഗള്‍ഫ് സെക്ടറിലെ വിമാനക്കൂലി നിയന്ത്രിക്കുന്ന കാര്യത്തില്‍ കേരള എംപിമാര്‍ അടക്കമുള്ളവര്‍ അശ്രദ്ധ കാട്ടുകയാണെന്നുപ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം.എ. യൂസഫലി കുറ്റപ്പെടുത്തി. ഗള്‍ഫില്‍നിന്നുള്ള യാത്രാക്ളേശവും ഉയര്‍ന്ന നിരക്കും സംബന്ധിച്ചു കുറേക്കാലമായി പരാതിയുണ്ട്.
കുടുംബസമേതം നാട്ടില്‍ വരാന്‍ പോലും കഴിയാത്ത വിധമാണു ടിക്കറ്റ് നിരക്ക്. സമയത്തു മടക്കയാത്ര ടിക്കറ്റ് കിട്ടാതെ ജോലി പോയവരുമുണ്ട്. ഈ സാഹചര്യത്തിലാണു കേരള എയര്‍ലൈന്‍സ് എന്ന നിര്‍ദേശമുയര്‍ന്നത്. എന്നാല്‍ കേന്ദ്രം ഇതിന് അനുമതി നിഷേധിച്ചപ്പോള്‍ സമ്മര്‍ദം ചെലുത്താന്‍ ഇവിടെനിന്നുള്ള എംപിമാര്‍ തയാറായില്ലെന്നു പ്രസ്ക്ളബ്ബിന്റെ മുഖാമുഖത്തില്‍ യൂസഫലി പറഞ്ഞു. യുഎഇ പ്രതിനിധി സംഘാംഗമായാണു യൂസഫലി ഇവിടെയെത്തിയത്.
പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ക്രെഡിറ്റ് ആര്‍ക്ക് എന്നതല്ല, ജനങ്ങള്‍ക്കു ഗുണമുണ്ടാവുമോ എന്നതാണ് ആലോചിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സ്മാര്‍ട് സിറ്റി വന്നതിന്റെ ക്രെഡിറ്റ് കേരള മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമാണ്. ചര്‍ച്ച വഴിമുട്ടിയപ്പോള്‍ അവരെ വീണ്ടും വിളിച്ച് ഇവിടെ കൊണ്ടുവന്ന ജോലിയേ താന്‍ ചെയ്തുള്ളൂ. എന്തു വികസനത്തിനും ആദ്യം വേണ്ടത് അടിസ്ഥാനസൌകര്യമാണ്. റോഡുകളും ജലപാതകളും അടക്കമുള്ള അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തലാണ് ഇന്‍കെലിന്റെ ആദ്യദൌത്യമെന്ന് അദ്ദേഹം അറിയിച്ചു.
യൂസഫലി ഇന്‍കെല്‍ ഡയറക്ടറായശേഷമുള്ള ആദ്യയോഗം ഇന്നലെ നടന്നു. ഒട്ടേറെ വികസനപദ്ധതികള്‍ ചര്‍ച്ച ചെയ്തെന്നും ഇവ താമസിയാതെ യാഥാര്‍ഥ്യമാവുമെന്നും അദ്ദേഹം അറിയിച്ചു. എംകെ ഗ്രൂപ്പിന്റെ ഒരു വന്‍പദ്ധതി കൊച്ചിയില്‍ വരുന്നുണ്ടെന്ന് ഇതിന്റെ എംഡി കൂടിയായ യൂസഫലി അറിയിച്ചു. വിശദാംശങ്ങള്‍ ഒരു മാസത്തിനകം കൊച്ചിയില്‍ പ്രഖ്യാപിക്കും
.

ഇന്തോ അറബ് സാംസ്കാരികോത്സവം:വിളംബരച്ചടങ്ങ് നടത്തി

ഇന്തോ അറബ് സാംസ്കാരികോത്സവം:വിളംബരച്ചടങ്ങ് നടത്തി

അബുദാബി: ഇന്ത്യയിലെയും യു.എ.ഇ.യിലെയും മറ്റ് അറബ് രാജ്യങ്ങളിലെയും കല _ സാഹിത്യ _ സാംസ്കാരിക _ ഭരണരംഗത്തുള്ള ഉന്നതവ്യക്തികളെ അണിനിരത്തി അബുദാബി കേരള സോഷ്യല്‍സെന്റര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് ഇന്തോ അറബ് സാംസ്കാരികോത്സവത്തിന്റെ വിളംബരച്ചടങ്ങ് അബുദാബിയില്‍ നടത്തി. അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന വിളംബരച്ചടങ്ങില്‍ പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍ വിളംബരം വായിച്ചു.
''കേവലം കല _ സാഹിത്യ _ സാംസ്കാരികപ്രവര്‍ത്തനങ്ങള്‍ക്കുപരി പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ചില ദൌത്യമുണ്ട്. ആ ദൌത്യനിര്‍വഹണത്തിന്റെ ഭാഗമാവണം ഇന്തോ _ അറബ് സാംസ്കാരിക ഉത്സവം. ഇന്ത്യയുടെയും യു.എ.ഇ.യുടെയും ഭരണനേതൃത്വത്തിലുള്ളവരെ അണിനിരത്തി നടത്തുന്ന ഇന്തോ _ അറബ് സാംസ്കാരികോത്സവം അറബ്ലോകത്തിന് ഭാരതത്തെ പരിചയപ്പെടുത്തിക്കൊടുക്കുവാനും ഇന്തോ _ അറബ് സാംസ്കാരികപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും സഹായകരമാകണം _ ജയരാജ് വാര്യര്‍ പറഞ്ഞു.
യു.എ.ഇ. ഇന്ത്യന്‍എംബസിയുടെ രക്ഷാകര്‍തൃത്വത്തില്‍ യു.എ.ഇ. സര്‍ക്കാറിന്റെ സാംസ്കാരികസ്ഥാപനങ്ങളായ എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയന്‍, അബുദാബി നാഷണല്‍ തിയേറ്റര്‍, അബുദാബി കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ്, ഫോക്ലോര്‍ സൊസൈറ്റി, അബുദാബി മലയാളിസമാജം, ഇന്ത്യാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ഇസ്ലാമിക സെന്റര്‍, അമേച്വര്‍ സംഘടനകളായ അബുദാബി ശക്തി തിയേറ്റേഴ്സ്, കലാ അബുദാബി, മാക് അബുദാബി, യുവകലാസാഹിതി, ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെയാണ് രണ്ടാമത് ഇന്തോ _ അറബ് സാംസ്കാരികോത്സവം കേരള സോഷ്യല്‍സെന്റര്‍ സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സഹകരിപ്പിക്കുമെന്ന് കെ.എസ്.സി. പ്രസിഡന്റ് കെ.ബി. മുരളി വിശദീകരിച്ചു.
2008 ജനവരി 31ന് ആരംഭിച്ച് ഫിബ്രവരി 21ന് സമാപിക്കുന്ന ഇന്തോ _ അറബ് സാംസ്കാരികോത്സവം യു.എ.ഇ.യിലെ വിവിധ വേദികളിലായിരിക്കും അരങ്ങേറുക. സാംസ്കാരികോത്സവത്തിന്റെ വിളംബരച്ചടങ്ങില്‍ ജയരാജ് വാര്യര്‍ അവതരിപ്പിച്ച കാരിക്കേച്ചര്‍ ഷോയും യു.എ.ഇ.യിലെ പ്രശസ്ത ഗായകര്‍ അണിനിരന്ന ഗാനമേളയും അരങ്ങേറി. സെന്റര്‍ പ്രസിഡന്റ് കെ.ബി. മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വിളംബരച്ചടങ്ങില്‍ സെന്റര്‍ ജനറല്‍സെക്രട്ടറി എ.കെ. ബീരാന്‍കുട്ടി, അല്‍മസൂദ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ എന്‍ജിനീയര്‍ അബ്ദുറഹ്മാന്‍, അബുദാബി ശക്തി തിയേറ്റേഴ്സ് പ്രസിഡന്റ് ഗോവിന്ദന്‍ നമ്പൂതിരി, റഷീദ് ഐരൂര്‍ എന്നിവര്‍ സംസാരിച്ചു.

Thursday, December 13, 2007

ജീവിതച്ചെലവ് ഇനിയുമുയരും; കുറഞ്ഞ വരുമാനക്കാര്‍ ആശങ്കയില്‍ .

ജീവിതച്ചെലവ് ഇനിയുമുയരും; കുറഞ്ഞ വരുമാനക്കാര്‍ ആശങ്കയില്‍ .

ദോഹ: മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചത് രാജ്യത്തെ ജീവിതച്ചെലവ് അനിയന്ത്രിതമായി ഉയരാനിടയാക്കും. വാടകവര്‍ധനയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ സ്വദേശി, വിദേശി വ്യത്യാസമില്ലാതെ ശമ്പളവും അലവന്‍സുകളും കൂട്ടുന്നത്.
താഴ്ന്ന വരുമാനക്കാരായ വിദേശ തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ നീക്കം. ജീവിതച്ചെലവ് ഗണ്യമായി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന ശമ്പളവര്‍ധനയുടെ ആനുകൂല്യം സ്വകാര്യ മേഖലയിലെ താഴ്ന്ന വരുമാനക്കാരായ ഭൂരിപക്ഷം പേര്‍ക്കും ലഭിക്കില്ല. ശമ്പളവര്‍ധന കെട്ടിടവാടകയും ജീവിതച്ചെലവുകളും വീണ്ടും വര്‍ധിക്കാന്‍ കാരണമാകും. നിര്‍മാണ, സേവന മേഖലകളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളെ ഇത് ബാധിക്കും. സാധാരണക്കാരായ പ്രവാസികളുടെ ബജറ്റ് ഇതുമൂലം താളംതെറ്റും.
രാജ്യത്തെ മന്ത്രാലയങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഏതാനും മാസംമുമ്പ് ശമ്പളവര്‍ധന നടപ്പാക്കിയിരുന്നു. പൊതുമേഖലയിലുള്ള ചില എണ്ണ, വാതക കമ്പനികളും ശമ്പളവര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളത്തില്‍ മാത്രമല്ല, ഹൌസിംഗ് ഉള്‍പ്പെടെയുള്ള അലവന്‍സുകളിലും വര്‍ധന വരുത്തിയിട്ടുണ്ട്. ശമ്പളം കൂട്ടണമെന്ന ആവശ്യം ജീവനക്കാരില്‍നിന്ന് പ്രത്യേകിച്ച്, സ്വദേശികളില്‍നിന്ന് ശക്തമാകുന്ന പശ്ചാത്തലത്തില്‍ മിക്ക കമ്പനികളും അതിന് നിര്‍ബന്ധിതരാകും.
ഇതര ഗള്‍ഫ് രാജ്യങ്ങളിലും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ശമ്പളവര്‍ധന നടപ്പാക്കിവരികയാണ്. യു.എ.ഇ ഫെഡറല്‍ ജീവനക്കാര്‍ക്കും വിവിധ എമിറേറ്റുകളിലും ഈയിടെ ഈ തീരുമാനം പ്രഖ്യാപിച്ചിരുന്നു. സൌദി അറേബ്യയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ 40 ശതമാനംവരെ ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇത്തിസാലാത്തിന് കീഴിലുള്ള മൊബൈലി, സൌദി ഇന്‍വെസ്റ്റമെന്റ് ബാങ്ക്, സൌദി അറാംകോ തുടങ്ങിയ കമ്പനികള്‍ ശമ്പളവര്‍ധന പ്രഖ്യാപിച്ചുകഴിഞ്ഞു.
സര്‍ക്കാര്‍ മേഖലയിലും വര്‍ധന പ്രാബല്യത്തില്‍വരുത്താന്‍ സൌദി ശൂറാ കൌണ്‍സിലിന് ആലോചനയുണ്ട്. ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ കഴിയുംവിധം 15 മുതല്‍ 40 ശതമാനംവരെയാണ് ശമ്പളവര്‍ധനക്ക് സൌദിയിലെ ചില സ്ഥാപനങ്ങള്‍ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
സാധനങ്ങളുടെ വിലക്കയറ്റം ജനങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമാണെന്നതിനാല്‍ ശമ്പള വര്‍ധന അനിവാര്യമാണ്. ജീവിതനിലവാരം ഉയര്‍ത്തുന്നതിനും വിലവര്‍ധനമൂലം വന്നുചേര്‍ന്ന അമിതഭാരം ലഘൂകരിക്കുന്നതിനും ശമ്പള വര്‍ധനയല്ലാതെ പരിഹാരമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശമ്പളവര്‍ധനയും വിലക്കയറ്റവും രാജ്യത്തെ പണപ്പെരുപ്പ നിരക്ക് വീണ്ടും വര്‍ധിപ്പിക്കുമെന്ന് ഗവണ്‍മെന്റിന് ആശങ്കയുണ്ട്. എന്നാല്‍ ജീവിതച്ചെലവ് ഉയരുന്ന സാഹചര്യത്തില്‍ വര്‍ധന നടപ്പാക്കാതിരിക്കാനുമാവില്ല. ഒരുതരം ദൂഷിതവലയമായാണ് ഈ പ്രതിഭാസം വിശേഷിപ്പിക്കപ്പെടുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ വിശിഷ്യ, ഖത്തറിന്റെ പണപ്പെരുപ്പനിരക്ക് രണ്ടക്കം കടന്ന് റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. ഡോളറിന്റെ മൂല്യത്തകര്‍ച്ചയും വാടകനിരക്കിലെ അമിതമായ വര്‍ധനയും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു. ശമ്പളം കൂട്ടുന്നത് പണപ്പെരുപ്പത്തിന് പരിഹാരല്ലെന്ന് ഉപപ്രധാനമന്ത്രി അബ്ദുല്ല അല്‍അതിയ്യ ഈയിടെ പ്രസ്താവിച്ചിരുന്നു. യു.എസ് ഡോളറിന് വിലയിടുന്നതില്‍ ആശങ്കയുണ്ടെങ്കിലും ഡോളര്‍ വിനിമയബന്ധം ഉപേക്ഷിക്കാനും റിയാലിന്റെ മൂല്യം പുതുക്കി നിര്‍ണയിക്കാനും ആലോചനയില്ലെന്ന് ഭരണവൃത്തങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ബഹളം വെച്ചു. ബുധനാഴ്ച പുറപ്പെടേണ്ടിയിരുന്ന വിമാനം ഇന്നും പുറപ്പെടാതിരുന്നതാണ് സംഘര്‍ഷത്തിന് കാരണമായത്.
യാത്രക്കാര്‍ സംഘംചേര്‍ന്ന് വിമാനത്താവളത്തില്‍ മുദ്രാവാക്യം മുഴക്കി.

Wednesday, December 12, 2007

കരിപ്പൂര്‍: വിദേശവിമാനങ്ങള്‍ അനുവദിക്കണമെന്ന ഹരജി ഫയലില്‍

കരിപ്പൂര്‍: വിദേശവിമാനങ്ങള്‍ അനുവദിക്കണമെന്ന ഹരജി ഫയലില്‍.

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വിദേശവിമാനങ്ങള്‍ക്ക് അനുമതി നല്‍കി യാത്രക്കാരനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. ഐ.എന്‍.എല്‍ പ്രവര്‍ത്തകരുടെ പ്രവാസി സംഘടനയായ ഐ.എം.സി.സിയുടെ ജിദ്ദാ കമ്മിറ്റിയാണ് അഡ്വ. സി. ഖാലിദ് മുഖേന ഹരജി നല്‍കിയത്. ഹരജി ഇന്ന് പരിഗണനക്കെടുക്കും.
കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരനുഭവിക്കുന്ന പ്രയാസങ്ങളും വിമാനത്താവളത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണനയും വിശദീകരിച്ചാണ് ഐ.എം.സി.സി ഹരജി സമര്‍പ്പിച്ചത്.
വിമാനം റദ്ദാക്കലും വൈകി പറക്കലും കാരണം ജോലിയും വിസയും നഷ്ടപ്പെട്ട പ്രവാസികളുടെ അനുഭവങ്ങള്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും കുത്തകവത്കരണമാണ് യാത്രക്കാര്‍ക്കനുഭവപ്പെടുന്ന ദുര്യോഗങ്ങള്‍ക്ക് കാരണം. അതിനാല്‍ അടിയന്തരമായി വിദേശ വിമാനകമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ വ്യോമയാന മന്ത്രാലയത്തിന് നിര്‍ദേശം നല്‍കാനാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്.വിമാനത്താവളത്തിലെ മറ്റു പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു.ഐ.എം.സി.സി ജിദ്ദ കമ്മിറ്റി സെക്രട്ടറി മന്‍സൂര്‍ വണ്ടൂര്‍, മക്ക കമ്മിറ്റി സെക്രട്ടറി നൌഷാദ് മാര്യാട്, റിയാദ് കമ്മിറ്റി സെക്രട്ടറി നാസര്‍ കോയ തങ്ങള്‍ എന്നിവരാണ് ഹരജി നല്‍കിയത്.

കരിപ്പൂര്‍ സര്‍വീസിന് തടസ്സം സര്‍ക്കാറിന്റെ അനുമതി മാത്രം'

കരിപ്പൂര്‍ സര്‍വീസിന് തടസ്സം സര്‍ക്കാറിന്റെ അനുമതി മാത്രം'

കുവൈത്ത് സിറ്റി: കുവൈത്ത്^കരിപ്പൂര്‍ റൂട്ടില്‍ സര്‍വീസ് ആരംഭിക്കാന്‍ ജെറ്റ് എയര്‍വേസ് തയാറാണെങ്കിലും വ്യോമയാന മന്ത്രാലയം അനുമതി നല്‍കാത്തതാണ് പ്രശ്നമെന്ന് ജറ്റ് എയര്‍വേസ് സീനിയര്‍ ജനറല്‍ മാനേജര്‍ എബ്രഹാം ജോസഫ് പറഞ്ഞു. കരിപ്പൂര്‍^കുവൈത്ത് റൂട്ടിലും അനുമതി തേടി ജെറ്റ് എയര്‍വേസ് അപേക്ഷ നല്‍കിയിരുന്നതാണ്. അനുമതി നിഷേധിക്കപ്പെടുകയാണുണ്ടായത്. കരിപ്പൂരിലേക്ക് സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്ന വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കുമെന്ന സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലിന്റെ പുതിയ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ജെറ്റ് എയര്‍വേസ് വീണ്ടും മന്ത്രാലയത്തെ സമീപിക്കും.
ജറ്റ് എയര്‍വേസിന് അനുമതി ലഭിച്ചിരിക്കുന്ന കുവൈത്ത്^തിരുവനന്തപുരം റൂട്ടില്‍ രണ്ടു മാസം കഴിഞ്ഞ് മാത്രമേ സര്‍വീസ് ആരംഭിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനുള്ള വിമാനം എത്തിയിട്ടില്ല. ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. രണ്ടു മൂന്നുമാസത്തിനകം വിമാനം എത്തും. മറ്റ് തടസ്സങ്ങളൊന്നുമില്ല. വിമാനം എത്തിയാലുടന്‍ സര്‍വീസ് ആരംഭിക്കും.ജെറ്റ് എയര്‍വേസിന്റെ കുവൈത്ത്^ കൊച്ചി വിമാനത്തിന് കരിപ്പൂരിലേക്ക് കണക്ഷന്‍ വിമാനം നല്‍കാനുള്ള അനുമതിയും ജെറ്റ് എയര്‍വേസിന് ലഭിച്ചിട്ടില്ല. എന്നാല്‍ കുവൈത്ത്^കൊച്ചി വിമാനത്തിന് ബംഗ്ലൂര്‍, മുംബൈ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്ന് കണക്ഷന്‍ വിമാനം ഉണ്ടായിരിക്കും. കുവൈത്തില്‍ നിന്ന് മുംബൈയിലേക്കും ഗോവയിലേക്കും സര്‍വീസ് ആരംഭിക്കാന്‍ ജെറ്റ് എയര്‍വേസിന് പരിപാടിയുണ്ടെന്ന് എബ്രഹാം ജോസഫ് പറഞ്ഞു.

Monday, December 10, 2007

പൊതുജനങ്ങളുടെ സംരക്ഷണം പോലീസിന്റെ ഉത്തരവാദിത്വം: ഹൈക്കോടതി

പൊതുജനങ്ങളുടെ സംരക്ഷണം പോലീസിന്റെ ഉത്തരവാദിത്വം: ഹൈക്കോടതി

കൊച്ചി: കോടതി നിര്‍ദേശമില്ലെങ്കിലും പൊതുജനങ്ങളുടെ സംരക്ഷണത്തിനു പോലീസ് കര്‍ത്തവ്യ നിരതരാകണമെന്നു ഹൈ ക്കോടതി. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് ഒറ്റപ്പാലം എന്‍.എസ്.എസ്. കോളജ് പ്രിന്‍സിപ്പലടക്കമുള്ളവര്‍ സമര്‍പ്പിച്ച നാലു ഹര്‍ജികളിലാണു ചീഫ് ജസ്റിസ് എച്ച്.എല്‍. ദത്തുവിന്റെയും ജസ്റിസ് കെ.എം. ജോസഫിന്റെയും ഉത്തരവ്.
സംസ്ഥാനത്ത് 1547 കേസുകളിലാണ് കഴിഞ്ഞവര്‍ഷം പോലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. പ്രതിമാസം 250 കേസുകളാണ് ഈയിനത്തില്‍ കോടതി കൈകാര്യം ചെയ്തത്. പല കേസുകളിലും പോലീസ് നിഷ്ക്രിയമാണെന്ന് കോടതി പറഞ്ഞു.
കോടതി ഉത്തരവ് വന്നാല്‍ മാത്രമേ പോലീസ് എന്തെങ്കിലും ചെയ്യുകയുള്ളൂവെന്ന നിലപാട് ശരിയല്ല. കോടതി നല്കുന്ന ഉത്തരവ് അനുസരിക്കാന്‍ മാത്രമായുള്ളതല്ല പോലീസ്. ബിഹാറില്‍പോലും ഇത്തരം സംഭവങ്ങള്‍ കേട്ടിട്ടില്ല. എല്ലാത്തിനും കോടതി ഇടപെടണമെന്നത് ശരിയല്ല. പരാതി കിട്ടിയാല്‍ നടപടിയെടുക്കേണ്ടതു പോലീസിന്റെ കര്‍ത്തവ്യമാണ്- കോടതി പറഞ്ഞു.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ഒറ്റപ്പാലം എന്‍.എസ്.എസ്. കോളജ് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒറ്റപ്പാലം എസ് ഐയോട് സംരക്ഷണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ എസ്ഐയുടെ നിലപാട് തൃപ്തികരമായിരുന്നില്ല. ഇക്കാര്യം ഇന്നലെ രാവിലെ ഹര്‍ജി പരിഗണിക്കവേ കോളജ് പ്രിന്‍സിപ്പല്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്ന് വൈകുന്നേരം നാലിന് ഡി.ജി.പി നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു.
പോലീസ് സംരക്ഷണം ആവശ്യപ്പെട്ട കേസുകള്‍ പെരുകുന്നത് എന്തുകൊണ്ടാണെന്നും കോടതി നിര്‍ദേശമില്ലെങ്കില്‍ പോലീസ് സംരക്ഷണം നല്‍കില്ലേ എന്നും ഡി.ജി.പി വ്യക്തമാക്കാനായിരുന്നു ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം.
ഇതേതുടര്‍ന്ന് പോലീസ് സംരക്ഷണം സംബന്ധിച്ച കേസുകള്‍ കൃത്യത യോടെ ചെയ്യാന്‍ കര്‍ശന നിര്‍ദേശം കൊടുക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അഡ്വ. പി.ജി. തമ്പി വൈകുന്നേരം കോടതിക്ക് ഉറപ്പു നല്‍കി.

ഫിലിപ്പൈനികളുടെ ഭാഗ്യം! ഇന്ത്യക്കാര്‍ അസൂയപ്പെടേണ്ട!!

ഫിലിപ്പൈനികളുടെ ഭാഗ്യം! ഇന്ത്യക്കാര്‍ അസൂയപ്പെടേണ്ട!!


ഫിലിപ്പൈന്‍സ് പ്രസിഡന്റ് ഗ്ലോറിയ അറോയോ കുവൈത്തിലെത്തി. വധശിക്ഷ വിധിക്കപ്പെട്ട ഫിലിപ്പൈനി വേലക്കാരിയെ രക്ഷപ്പെടുത്താനാണ് അവര്‍ മുന്‍കൂട്ടി നിശ്ചയിച്ച യൂറോപ്പ് യാത്ര മാറ്റിവെച്ച് ഒരുദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്തില്‍ വന്നത്.
അപമാനിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ ക്ഷോഭത്തില്‍ സ്പോണ്‍സറെ കൊലപ്പെടുത്തിയെന്ന കേസിലാണ് മാറിലോ റൊനാറിയോ ശിക്ഷിക്കപ്പെട്ടത്. തന്നെയും തന്റെ നാടിനെയും അയാള്‍ ആക്ഷേപിച്ചെന്നാണ് മാറിലോ കുറ്റസമ്മതത്തില്‍ പറഞ്ഞിരിക്കുന്നതത്രെ. തന്റെ നാട്ടുകാരിയെ രക്ഷിക്കാന്‍ മുട്ടിലിഴയാന്‍വരെ തയാറാണെന്ന് ഫിലിപ്പൈന്‍ വൈസ് പ്രസിഡന്റ് നോലി ഡി കാസ്ട്രോ മാറിലോയുടെ കുടുംബത്തിന് വാക്കുകൊടുത്തിരുന്നു. ഇതാണ് ഒരു ജനതയുടെ ഭാഗ്യം! ഏറ്റവും വലിയ ജനാധിത്യ രാജ്യം എന്നതിനല്ല പ്രസക്തി. ജനങ്ങളുടെ പള്‍സറിയുന്ന ഭരണാധികാരികള്‍ വേണം. ഇവിടെയാണ് പ്രവാസി ഇന്ത്യക്കാര്‍ അന്യരാവുന്നത്.
ഇതൊരു ഇന്ത്യക്കാരനായാലോ. ഒരിടത്തുനിന്നും അവനൊരു ആശ്രയം ലഭിക്കില്ല. ഇന്തോനേഷ്യക്കാരിയെന്ന് സംശയിക്കുന്ന യുവതി കൊല്ലപ്പെട്ട കേസില്‍ രണ്ട് മലയാളികള്‍ക്ക് ഖത്തറിലെ കീഴ്ക്കോടതി വധശിക്ഷ വിധിച്ചു. എന്നാല്‍, ഇതിനെതിരെ അപ്പീല്‍ കൊടുക്കാന്‍ നമ്മുടെ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ അംബാസഡറുടെ അഭ്യര്‍ഥനപ്രകാരം അഡ്വ. നിസാര്‍ കോച്ചേരിയാണ് കേസ് നടത്തുന്നത്. ഇതിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ഇനിയും അദ്ദേഹത്തിന് തിട്ടമില്ല. ദോഹയിലെ ഒരൊറ്റ സംഘടനയും കേസ്നടത്തിപ്പിന് സഹായവാഗ്ദാനവുമായി എംബസിയെയോ അഭിഭാഷകനെയോ സമീപിച്ചിട്ടില്ല. വാദം നടക്കുകയാണ്. ശിക്ഷിക്കപ്പെട്ടവരുടെ കുടുംബക്കാര്‍ കേന്ദ്ര മന്ത്രിമാരെ സന്ദര്‍ശിച്ച് സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. എന്നാല്‍, കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇതേ കേസില്‍ തുല്യ ശിക്ഷ ലഭിച്ചിട്ടുള്ള നേപ്പാള്‍ സ്വദേശിയുടെ കേസ് നടത്തിപ്പിന് അവരുടെ എംബസി ഒന്നര ലക്ഷത്തോളം സമാഹരിച്ചതായി അറിയുന്നു.പെരിന്തല്‍മണ്ണ സ്വദേശി അബ്ദുറഹ്മാന്‍ മാടശേãരി സെന്‍ട്രല്‍ ജയിലില്‍ 15 വര്‍ഷം ശിക്ഷ അനുഭവിച്ചു. ശിക്ഷ ഇളവുചെയ്ത് കഴിഞ്ഞമാസം ഇദ്ദേഹത്തെ വിട്ടയച്ചു. 15 വര്‍ഷംമുമ്പ് അറസ്റ്റ് ചെയ്യുമ്പോള്‍ പിടിച്ചെടുത്ത പാസ്പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതിനാല്‍ നാട്ടിലേക്ക് പോകാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. ചില സാമൂഹികപ്രവര്‍ത്തകര്‍ എംബസിയെ സമീപിച്ചപ്പോള്‍ ഫോട്ടോയും പാസ്പോര്‍ട്ടിന്റെ കോപ്പിയും വാങ്ങി വരാന്‍ പറഞ്ഞു തിരിച്ചയക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്.
പിന്നീട് അംബാസഡര്‍ ഇടപെട്ടതിനെ തുടര്‍ന്ന് എംബസിയില്‍നിന്നുള്ള ഒരു ജോലിക്കാരന്‍ ജയിലില്‍ പോയി ഫോട്ടോയെടുത്ത് വന്നിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷമാണ് താല്‍ക്കാലിക പാസ്പോര്‍ട്ട് ലഭ്യമാക്കിയത്.
സംസ്കൃതിയുടെ അഭ്യര്‍ഥനപ്രകാരം വിമാനടിക്കറ്റ് നല്‍കാമെന്ന് ഡീലക്സ് ട്രാവല്‍സ് ഏറ്റിട്ടുണ്ട്. അത്രപോലും സ്വന്തം പൌരനെ നാട്ടിലയക്കാനോ സംരക്ഷിക്കാനോ എംബസിയോ നമ്മുടെ ഭരണാധികാരികളോ തയാറില്ല. അബ്ദുറഹ്മാന്റെ ഉമ്മ മകനെ ജയില്‍മോചിതനാക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് എംബസിക്ക് അപേക്ഷ കൊടുക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷമായി. മനുഷ്യാവകാശ ദിനത്തിന്റെ ഭാഗമായി എത്ര ഇന്ത്യക്കാരെ വിട്ടയച്ചെന്ന കണക്കുപോലും എംബസിക്കില്ല.
രണ്ട് മാസം മുമ്പാണ് വയനാട്ടുകാരി സുബൈദ സ്പോണ്‍സറുടെ മര്‍ദനത്തിന്റെ പേരില്‍ എംബസിയില്‍ അഭയം തേടിയത്. പിന്നീടവരെ സി.ഇ.ഐ.ഡിക്ക് കൈമാറി. അവരിപ്പോഴും ഡിപ്പോര്‍ട്ടേഷന്‍ സെന്ററിലാണ്. എങ്ങനെയെങ്കിലും ഇവരെ നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നു. എംബസിയില്‍ അഭയം തേടിയെത്തി ഡിപോര്‍ട്ടേഷന്‍ സെന്ററിലേക്കയച്ച ആന്ധ്ര സ്വദേശി ബേബി കുമാരിയുടെ സ്ഥിതിയും മറിച്ചാവാന്‍ സാധ്യതയില്ല.
എംബസിയുടെ മാത്രം വീഴ്ചയല്ല ഇതൊന്നും. നമ്മുടെ നാട്ടിലും ഒരു ഭരണമുണ്ടെന്നും അവിടത്തെ മന്ത്രിമാര്‍ ദോഹയില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും ഒന്നുകൂടി ഓര്‍ക്കാനാണ് ഇതെഴുതുന്നത്. ഇതിനൊരറുതി വരുത്താന്‍ ഒരു കേന്ദ്രമന്ത്രിയോട് ഞങ്ങള്‍ കുറച്ചുപേര്‍ അഭ്യര്‍ഥിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഗള്‍ഫിലേക്ക് ജോലിക്ക് പോകാന്‍ ഉദ്യോഗസ്ഥരെ ലഭിക്കുന്നില്ലെന്നാണ്. നമ്മള്‍ ഇത് വിശ്വസിക്കുക. ഫിലിപ്പൈന്‍സ് പ്രസിഡന്റിന്റെ നല്ല മനസ്സിനെ സ്തുതിക്കുക. ഗള്‍ഫിലേക്കുള്ള വിമാന സര്‍വീസിനുവേണ്ടിപോലും സമരംചെയ്യുന്ന നമ്മുടെയൊക്കെ സഹനത്തെപ്പറ്റി പരിതപിക്കുക...


പി.എന്‍. ബാബുരാജന്‍. pnbaburajan@qatar.net.qa

കരിപ്പൂരിനോടുള്ള അവഗണന; ഭീമഹരജി സമര്‍പ്പിച്ചു

കരിപ്പൂരിനോടുള്ള അവഗണന; ഭീമഹരജി സമര്‍പ്പിച്ചു .

കുവൈത്ത് സിറ്റി: കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, എയര്‍ഇന്ത്യയുടെ സര്‍വീസുകള്‍ കാര്യക്ഷമമാക്കുക, മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി.) ഗള്‍ഫ് ചാപ്റ്റര്‍ തയ്യാറാക്കിയ ഭീമഹര്‍ജി കേന്ദ്രപ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവിക്ക് സമര്‍പ്പിച്ചു.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ന്യൂഡല്‍ഹിയില്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ചെന്ന് ഹര്‍ജി നല്‍കിയത്. മലബാറിലെ ഗള്‍ഫ് മലയാളികള്‍ വിദേശയാത്രക്ക് ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളം അധികൃതരുടെ കെടുകാര്യസ്ഥതയില്‍ കടുത്ത അവഗണന പേറുകയാണ്. യാത്രാസൌകര്യങ്ങളുടെ അപര്യാപ്തതയും എയര്‍ഇന്ത്യാ സര്‍വീസിന്റെ അടിക്കടിയുള്ള താളംതെറ്റലും പ്രവാസികളെ വിഷമവൃത്തത്തിലാക്കിയിട്ട് നാളേറെയായി. ഈ സാഹചര്യത്തിലാണ് സൌദിഅറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലുള്ള പതിനായിരക്കണക്കിന് ഗള്‍ഫ് മലായളികളില്‍ നിന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ഈവിഷയത്തില്‍ ഒപ്പ് ശേഖരിച്ചത്.
ഒപ്പ് ശേഖരണത്തോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രതിനിധികളെ പങ്കെടുപ്പിച്ച് ഗള്‍ഫ് രാജ്യങ്ങളിലുടനീളം പ്രതീകരണ വേദികള്‍ സംഘടിപ്പിച്ചിരുന്നു. കരിപ്പൂര്‍ യാത്രാപ്രശ്നത്തിന് അടിയന്തിര പരിഹാരനടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ലെങ്കില്‍ എയര്‍ഇന്ത്യ ബഹിഷ്കരണം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ആര്‍.എസ്.സി. ഭാരവാഹികള്‍ അറിയിച്ചു.

Saturday, December 8, 2007

കേരള എയര്‍ലൈന്‍സിന്റെ ചിറകരിഞ്ഞത് എയര്‍ ഇന്ത്യ: ഉമ്മന്‍ ചാണ്ടി

കേരള എയര്‍ലൈന്‍സിന്റെ ചിറകരിഞ്ഞത് എയര്‍ ഇന്ത്യ: ഉമ്മന്‍ ചാണ്ടി

ഗള്‍ഫ് മലയാളികളുടെ യാത്രാ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലക്ക് 'കേരള എയര്‍ലൈന്‍സ്' തുടങ്ങാന്‍ താന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ശ്രമങ്ങള്‍ക്ക് തുരങ്കം വെച്ചത് എയര്‍ ഇന്ത്യയും അവരുടെ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കുന്ന വ്യോമയാന മന്ത്രാലയവുമാണെന്ന് പ്രതിക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. കുവൈത്തില്‍ ഹൃസ്വ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം 'ഗള്‍ഫ് മാധ്യമ'വുമായി സംസാരിക്കുകയായിരുന്നു. ഗള്‍ഫുകാരുടെ പ്രശ്നങ്ങളില്‍ ഏറ്റവും ഗൌരവമേറിയതാണ് യാത്രാപ്രശ്നം. അമിതമായ ചാര്‍ജ് നല്‍കേണ്ടി വരുന്നതിന് പുറമെ മേശമായ സേവനമാണ് അവര്‍ക്ക് ലഭിക്കുന്നത്. എയര്‍ ഇന്ത്യക്കെതിരായ പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല.
ഇതേതുടര്‍ന്നാണ് സ്വന്തം വിമാനക്കമ്പനി തുടങ്ങാന്‍ തന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ നീക്കം പരാജയപ്പെടുത്തുന്ന സമീപനമാണ് തുടക്കം മുതല്‍ വ്യോമയാന മന്ത്രാലയത്തില്‍ നിന്നുണ്ടായത്. ഇതിന്റെ ഭാഗമായി 20 വിമാനവും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുള്ള കമ്പനിക്ക് മാത്രമേ ഗള്‍ഫ് സര്‍വീസിന് അനുമതി നല്‍കുകയുള്ളൂവെന്ന് നിബന്ധന വെച്ചത്. എയര്‍ ഇന്ത്യയുടെ താല്‍പര്യമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. എയര്‍ ഇന്ത്യ മറ്റ് റൂട്ടുകളിലെ നഷ്ടം നികത്തുന്നത് ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള ഭീമമായ വരുമാനം കൊണ്ടാണ്. ഇവിടുത്തെ ആധിപത്യം തകര്‍ന്നാല്‍ എയര്‍ ഇന്ത്യക്ക് പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണ് അധികൃതരുടെ വിശദീകരണം. ഇത് അംഗീകരിക്കാനാവില്ല. എയര്‍ ഇന്ത്യയുടെ നഷ്ടം ഗള്‍ഫുകാര്‍ മാത്രം ചുമക്കണമെന്ന് പറയുന്നത് ശരിയല്ല.
20 വിമാനവും അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും വേണമെന്ന് നിബന്ധന വെച്ച വ്യോമയാന മന്ത്രാലയം എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസിന് കമ്പനി രൂപവത്കരിച്ച ഉടന്‍ തന്നെ സര്‍വീസിന് അനുമതി തുടങ്ങി. അന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന് രണ്ടു വിമാനം മാത്രമാണ് ഉണ്ടായിരുന്നത്. എയര്‍ ഇന്ത്യ സര്‍ക്കാര്‍ സ്ഥാപനമായതിനാലാണ് അതെങ്കില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന കേരള എയര്‍ലൈന്‍സിനും അതേ പരിഗണന കിട്ടണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഞങ്ങള്‍ പ്രധാനമന്ത്രിയെയും മറ്റും സമീപിച്ച് സമ്മര്‍ദ്ദം തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് വന്നതും സര്‍ക്കാര്‍ മാറിയതും. നിലവിലുള്ള എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കാര്യമായൊന്നും ചെയ്യുന്നില്ല. കേരള എയര്‍ലൈന്‍സ് യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ ഗള്‍ഫ് മലയാളികള്‍ക്ക് വലിയ ആശ്വാസമാകുമായിരുന്നു.
ലാഭം ആഗ്രഹിക്കാതെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കാനായിരുന്നു തീരുമാനം. കൊച്ചി വിമാനത്താവള മാതൃകയില്‍ രൂപവത്കരിക്കുന്ന കമ്പനിയുടെ ഓഹരി എല്ലാ ഗള്‍ഫ് മലയാളികള്‍ക്കും നല്‍കാനായിരുന്നു പദ്ധതി. ഓഹരിയെടുക്കുന്നവര്‍ക്ക് അത്രയും തുകക്കുന്ന ടിക്കറ്റ് ബോണസായി നല്‍കുകയും ചെയ്യും. കൂടാതെ അഞ്ചു വര്‍ഷമായി നാട്ടില്‍ പോകാത്തവര്‍ക്ക് ബജറ്റ് നിരക്കിലെ 25 ശതമാനം മാത്രം ഈടാക്കി ടിക്കറ്റ് നല്‍കാനും ഇതിനായി ഓരോ വിമാനത്തിലും 15 സീറ്റ് മാറ്റിവെക്കാനും തീരുമാനിച്ചിരുന്നു. ഇതൊക്കെ നല്‍കിയാലും കേരള എയര്‍ലൈന്‍സ് ലാഭകരമായി നടത്തിക്കൊണ്ടുപോകാന്‍ കഴിയുമെന്നാണ് പ്രശ്സ്ത കമ്പനി തയാറാക്കിയ പദ്ധതി റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ കേരള എയര്‍ലൈന്‍സ് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമം കേരള സര്‍ക്കാര്‍ പുനരാരംഭിക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

കരിപ്പൂര്‍ വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം: കെ.എ.യു.എം

കരിപ്പൂര്‍ വിമാന സര്‍വീസ് ഉടന്‍ പുനരാരംഭിക്കണം: കെ.എ.യു.എം .





കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും കരിപ്പൂരിലേക്ക് നേരിട്ടുള്ള എയര്‍ഇന്ത്യയുടെ വിമാന സര്‍വീസ് നിര്‍ത്തലാക്കിയ സാഹചര്യത്തില്‍, മറ്റു വിദേശ^സ്വകാര്യ വിമാനങ്ങള്‍ക്ക് കരിപ്പൂരിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ എത്രയും വേഗം അനുമതി നല്‍കണമെന്ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് യൂസേഴ്സ് മൂവുമെന്റ് (കെ.എ.യു.എം.) കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തോടാവശ്യപ്പെട്ടു. ജനുവരി അഞ്ചുമുതല്‍ ആരംഭിക്കുന്ന ജെറ്റ് എയര്‍വേസിന് കുവൈത്ത് ^ കരിപ്പൂര്‍ റൂട്ടില്‍ അനുമതി നല്‍കണം.
മലയാളികളായ പതിനായിരങ്ങളാണ് എയര്‍ഇന്ത്യയുടെ ക്രൂരതയ്ക്ക് ഇരയായിക്കൊണ്ടിരിക്കുന്നത്. അതിനാല്‍, സംസ്ഥാന സര്‍ക്കാറും, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാരും, സാംസ്കാരിക നായകരടക്കമുള്ള നേതാക്കളും അടിയന്തിരമായി പ്രശ്നത്തിലിടപെടണം. യാത്രക്കാര്‍ക്ക് നേരിട്ട് കരിപ്പൂരിലെത്താന്‍ എയര്‍ഇന്ത്യ ഒഴികെ മറ്റൊരു മാര്‍ഗവും അനുവദിക്കാതിരിക്കുകയും, ഉള്ള എയര്‍ഇന്ത്യാ സര്‍വീസ് മറ്റു വഴികളിലൂടെ തിരിച്ചുവിടുകയും ചെയ്യുന്നത് എയര്‍ഇന്ത്യയുടെ 'കരിപ്പൂര്‍ വിരോധത്തിന്റെ' പുതിയ ഉദാഹരണമാണ്.
ജനങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക് വില കല്‍പിക്കാതിരിക്കുകയും, അവരെ കൂടുതല്‍ കൂടുതല്‍ ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്ന എയര്‍ഇന്ത്യയെ 'മര്യാദ' പഠിപ്പിക്കാന്‍ ശക്തമായ ജനകീയ മുന്നേറ്റങ്ങള്‍ അനിവാര്യമാണെന്നും, ഇതിനായി ഗള്‍ഫിലെ മുഴുവന്‍ പ്രവാസി കൂട്ടായ്മകളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കെ.എ.യു.എം. അഭ്യര്‍ഥിച്ചു. ബഷീര്‍ ബാത്ത അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി, മുഹമ്മദ് റിയാസ്, വി.പി. മുകേഷ്, അശ്റഫ് ആയൂര്‍, ഫത്താഹ് തയ്യില്‍, അസീസ് തിക്കോടി, സത്താര്‍ കുന്നില്‍, സലാം വളാഞ്ചേരി എന്നിവര്‍ ചര്‍ച്ചയില്‍പങ്കെടുത്തു.

കരിപ്പൂരിലേക്ക് ഉമ്മന്‍ചാണ്ടിയുടെ വക വിദേശ വിമാനം അടുത്തമാസം

കരിപ്പൂരിലേക്ക് ഉമ്മന്‍ചാണ്ടിയുടെ വക വിദേശ വിമാനം അടുത്തമാസം


കുവൈത്ത് സിറ്റി: കരിപ്പൂരിലേക്കുള്ള വിദേശ വിമാന സര്‍വീസ് ജനുവരിയില്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വാര്‍ഷിക സമ്മേനളത്തില്‍ പങ്കെടുക്കാനെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ടെര്‍മിനലിന്റെ പണി പൂര്‍ത്തിയായിട്ടില്ല എന്നതാണ് കരിപ്പൂരിലേക്ക് വിദേശ വിമാന സര്‍വീസിന് അനുമതി നല്‍കുന്നതിന് തടസ്സമായി ഇതുവരെ പറഞ്ഞിരുന്നത്. ടെര്‍മിനലിന്റെ പണി ഏതാനും ദിവസങ്ങള്‍ക്കകം കഴിയും.
ജനുവരി മുതല്‍ വിദേശ വിമാനങ്ങളെ അനുവദിക്കാന്‍ തീരുമാനയിട്ടുണ്ടെന്നാണ് പ്രധാനമന്ത്രിയും വ്യോമയാന മന്ത്രിയുമായുള്ള ചര്‍ച്ചകളില്‍ ഞങ്ങള്‍ക്ക് കിട്ടിയിട്ടുള്ള ഉറപ്പ്. ഇക്കാര്യം നടപ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലുമായും മറ്റും ചര്‍ച്ച നടത്തും. ഇപ്പോള്‍ കരിപ്പൂരിലേക്ക് കുവൈത്തില്‍ നിന്ന് നേരിട്ടുള്ള സര്‍വീസ് ഇല്ലാത്ത അവസ്ഥയാണുള്ളത്. കേരളത്തിലേക്കുള്ള സര്‍വീസുകളുടെ എണ്ണവും ആറില്‍ നിന്ന് മൂന്നായി കുറഞ്ഞിരിക്കുന്നു. ഈ പ്രശ്നം നാട്ടിലുള്ളപ്പോള്‍ തന്നെ കുവൈത്തിലെ വിവിധ സംഘടനാ നേതാക്കാള്‍ വിളിച്ച് അറിയിച്ചിരുന്നു. വ്യോമയാന മന്ത്രിയുമായും എയര്‍ഇന്ത്യാ മാനേജ്മെന്റുമായും ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. വിദേശ വിമാനങ്ങള്‍ വരുന്നതോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. അതിനായി കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നുണ്ട്. പ്രവാസികളുടെ യാത്രാപ്രശ്നത്തില്‍ പരിഹാരമായി കേരള സര്‍ക്കാര്‍ സ്വന്തം എയര്‍ലൈന്‍സ് തുടങ്ങാനുള്ള പദ്ധതിക്ക് നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. അന്ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയില്ല. അനുമതി നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് വന്ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയത്. എല്‍.ഡി.എ് സര്‍ക്കാര്‍ അക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ലെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.
ഇന്നലെ രാവിലെ കുവൈത്തിലെത്തിയ ഉമ്മന്‍ ചാണ്ടി മിന അള്‍സൂരിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ചു. ക്യാമ്പിലെ 200ലേറെ തൊഴിലാളികളുടെ പ്രശ്നങ്ങളും പരാതികളും കേട്ട പ്രതിപക്ഷ നേതാവ് ഇക്കാര്യം കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവിയുടെയും ഇ. അഹ്മദിന്റെയും ശ്രദ്ധയില്‍ പെടുത്താമെന്ന് തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി. പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവ് കെ.സി ജോസഫ്, കുവൈത്തിലെ കോണ്‍ഗ്രസ് സംഘടനകളുടെ നേതാക്കള്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

Thursday, December 6, 2007

35 കോടി കൊടുത്താല്‍ കരിപ്പൂരിലേക്ക് വിദേശകമ്പിനികള്‍ക്ക് 24 മണിക്കുറിനകം ലാന്‍ഡിങ് പെര്‍മിഷന്‍

35 കോടി കൊടുത്താല്‍ കരിപ്പൂരിലേക്ക് വിദേശകമ്പിനികള്‍ക്ക് 24 മണിക്കുറിനകം ലാന്‍ഡിങ് പെര്‍മിഷന്‍ കൊടുക്കാന്‍ തയ്യറാണെന്ന്.


ലേലം വിളി തുടരുന്നു ഏജന്റുമാറ് ഒടി നടക്കുന്നു

വിദേശ വിമാനക്കമ്പിനിക്ക് കരിപ്പൂരില്‍ ലാന്‍ഡിങ് പെര്‍മിറ്റ് ലഭിക്കാന്‍ ആവശ്യപ്പെടുന്നത് വെറും 35 കോടി രൂപയാണത്രെ. കേട്ടാല്‍ പലരും മൂക്കത്ത് വിരല്‍ വെയ്ക്കും .എന്നാല്‍ ഇത് യാഥാര്‍ത്ഥ്യമാണ്.ഇത് കൊടുക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 24 മണികൂറിനകം അനുവാദം കൊടുക്കുമെത്രെ.ഇതിനുവേണ്ടിയുള്ള വിലപേശല്‍ തക്രിതിയായി നടക്കുകയാണ്.മന്ത്രിതന്നെ ദിവസങളോളം ദുബായില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്ന് പറയപ്പെടുന്നു.
ഗള്‍ഫ് മലയളികളെ ദേശിയ വിമാനക്കമ്പിനികള്‍ നിരന്തരം കൊള്ളയടിക്കുമ്പോള്‍ കണ്ടില്ലായെന്ന് നടിക്കുന്നവര്‍ തന്നെയാണ്‍ വിദേശ വിമാന കമ്പിനികളില്‍ നിന്ന് വന്‍ തുക കൈക്കൂലി ആവശ്യപ്പെടുന്നത്.


Wednesday, December 5, 2007

വിമാന കമ്പനികള്‍ക്കെതിരേ പ്രവാസികള്‍ ഒന്നിക്കണം

വിമാന കമ്പനികള്‍ക്കെതിരേ പ്രവാസികള്‍ ഒന്നിക്കണം.

കുവൈറ്റ് സിറ്റി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒത്താശയോടെ പ്രവാസി മലയാളികളോട് ഇന്ത്യന്‍ വിമാന കമ്പനികള്‍ കാട്ടുന്ന നീച പ്രവര്‍ത്തനങ്ങളെ തടയിടാന്‍ പ്രവാസി സമൂഹം ഒന്നിക്കണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
വിദേശ വിമാന കമ്പനികള്‍ക്ക് അനുമതി നല്കാതെ കരിപ്പൂര്‍ എയര്‍പോര്‍ട്ട് എയര്‍ ഇന്ത്യയുടെ താവളമായി മാറിയിരിക്കുകയാണ്. മാസങ്ങളായി വിമാനങ്ങള്‍ റദ്ദാക്കിയും യഥാസമയങ്ങളില്‍ പുറപ്പെടാതെ യാത്രക്കാരെ പ്രയാസത്തിലാക്കുന്ന അവസ്ഥക്ക് അവസാനമായില്ല.
മറ്റു കമ്പനികളെ അപേക്ഷിച്ച് ടിക്കറ്റിന് എയര്‍ഇന്ത്യ കൂടുതല്‍ പണം ഈടാക്കുന്നു. അകലെയുള്ള അമേരിക്കന്‍ നാടുകളിലേക്ക് പുതിയ വിമാനങ്ങള്‍ ഉപയോഗിച്ച് കുറഞ്ഞ നിരക്കിലാണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ അടുത്ത് കിടക്കുന്ന ഗള്‍ഫ് നാടുകളിലേക്ക് പഴക്കമേറിയ വിമാനങ്ങള്‍ ഉപയോഗിച്ച് മലയാളികളെ സാമ്പത്തികമായി പിഴിയുകയാണ്.
വിദേശ കമ്പനികള്‍ക്ക് കരിപ്പൂരിലേക്ക് അനുമതി നല്കാന്‍ സര്‍ക്കാര്‍ വര്‍ഷങ്ങളായി ഒരുങ്ങുന്നുവെങ്കിലും അത് പ്രസ്താവനയിലും കടലാസിലും ഒതുക്കാതെ പ്രാബല്യത്തില്‍ കൊണ്ടുവരണമെന്നും എയര്‍ ഇന്ത്യക്കെതിരേ മലയാളികള്‍ ഒന്നിച്ച് ബഹിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.

Monday, December 3, 2007

കേരള പ്രവാസി സംഘം പാര്‍ലിമെന്റ് മാര്‍ച്ച് നടത്തി.





കേരള പ്രവാസി സംഘം പാര്‍ലിമെന്റ് മാര്‍ച്ച്
നടത്തി.



വിദേശമലയാളികളെ കൊള്ളയടിക്കുന്ന എയര്‍ഇന്ത്യ അടക്കമുള്ള എയര്‍ലൈന്‍സുകളുടെ ധിക്കാര നടപടി അവസാനിപ്പിക്കുന്നതിനാവശ്യമായ സത്വര നടപടി കേന്ദ്ര സര്‍ക്കാറും മന്ത്രാലയവും കൈക്കൊള്ളുക, കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള വിവേചനം അവസാനിപ്പിക്കുക, എമിഗ്രേഷന്‍ നിക്ഷേപമായി കേന്ദ്രം പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത 20,000കോടി രൂപ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുക, വീട്ടുജോലിക്കെത്തി പീഡനങ്ങള്‍ക്കിരയായി എംബസിയില്‍ അഭയം തേടുന്നവരുടെ സംരക്ഷണവും അവരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വവും എംബസി ഉറപ്പുവരുത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള പ്രവാസി സംഘം പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയത്.

സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം വ്രന്ദ കരാട്ട് ഉല്‍ഘാടനം ചെയ്തു.പ്രാവാസി സംഘം പ്രസിഡണ്‍ട് പി ടി കുഞിമുഹമ്മദ് സിക്രട്ടറി മഞളാംകുഴി ആലി എന്നിവറ് മാറ്ച്ചിന്ന് നേത്രത്വം നല്‍കി




















പാര്‍ലമെന്റ് മാര്‍ച്ചിന് കല കുവൈത്തിന്റെ പിന്തുണ

പാര്‍ലമെന്റ് മാര്‍ച്ചിന് കല കുവൈത്തിന്റെ പിന്തുണ .


കുവൈത്ത് സിറ്റി: കേരള പ്രവാസി സംഘം ഇന്ന് ദല്‍ഹിയില്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് 'കല കുവൈത്ത്' ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.
എമിഗ്രേഷന്‍ നിക്ഷേപമായി കേന്ദ്രം പ്രവാസികളില്‍ നിന്നും പിരിച്ചെടുത്ത 20,000കോടി രൂപ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുക, വീട്ടുജോലിക്കെത്തി പീഡനങ്ങള്‍ക്കിരയായി എംബസിയില്‍ അഭയം തേടുന്നവരുടെ സംരക്ഷണവും അവരെ നാട്ടില്‍ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വവും എംബസി ഉറപ്പുവരുത്തുക, വിദേശമലയാളികളെ കൊള്ളയടിക്കുന്ന എയര്‍ഇന്ത്യ അടക്കമുള്ള എയര്‍ലൈന്‍സുകളുടെ ധിക്കാര നടപടി അവസാനിപ്പിക്കുന്നതിനാവശ്യമായ സത്വര നടപടി കേന്ദ്ര സര്‍ക്കാറും മന്ത്രാലയവും കൈക്കൊള്ളുക, കരിപ്പൂര്‍ എയര്‍പോര്‍ട്ടിനോടുള്ള വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേരള പ്രവാസി സംഘം പാര്‍ലമെന്റ് മാര്‍ച്ച് നടത്തുന്നതെന്ന് കല കുവൈത്ത് പ്രസിഡന്റ് സുഗതന്‍ പന്തളം, ജനറല്‍ സെക്രട്ടറി മുകേഷ് വി.പി. എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Sunday, December 2, 2007

ദുബായ് വിമാനം വൈകിയെത്തി; യാത്രക്കാര്‍ ഇറങ്ങാതെ പ്രതിഷേധിച്ചു

ദുബായ് വിമാനം വൈകിയെത്തി; യാത്രക്കാര്‍ ഇറങ്ങാതെ പ്രതിഷേധിച്ചു .

കരിപ്പൂര്‍: ദുബായില്‍ വിമാനം വൈകിയതിനെത്തുടര്‍ന്നു ദുരിതമനുഭവിച്ച യാത്രക്കാര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാതെ പ്രതിഷേധിച്ചു. ഇന്നലെ രാവിലെ ഏഴിന് എത്തേണ്ടിയിരുന്ന ഇന്ത്യന്‍ വിമാനം ആറര മണിക്കൂര്‍ വൈകി കരിപ്പൂരില്‍ എത്തിയപ്പോഴാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്.
ദുബായില്‍നിന്നു പുറപ്പെടുന്ന സമയം സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് രാത്രി വിമാനത്താവളത്തില്‍ കഴിച്ചുകൂട്ടേണ്ടിവന്നുവെന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറോളം പേര്‍ക്കു ഭക്ഷണം നല്‍കിയില്ലെന്നും പരാതിപ്പെട്ടാണ് യാത്രക്കാര്‍ വിമാനത്തില്‍നിന്ന് ഇറങ്ങാതെ പ്രതിഷേധിച്ചത്.
1.30ന് എത്തിയ വിമാനത്തില്‍ യാത്രക്കാര്‍ 15 മിനിറ്റ് കുത്തിയിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് വിമാനം വൈകിയതെന്ന് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.

എയര്‍ഇന്ത്യ_ഗോള്‍ഡന്‍ ഇന്റര്‍നാഷണല്‍ കരാര്‍: അന്വേഷണം വേണം _കാപ

എയര്‍ഇന്ത്യ_ഗോള്‍ഡന്‍ ഇന്റര്‍നാഷണല്‍ കരാര്‍: അന്വേഷണം വേണം _കാപ

കുവൈത്ത്: എയര്‍ ഇന്ത്യയും തുര്‍ക്കിയിലെ ഗോള്‍ഡന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സും തമ്മിലുള്ള പാട്ടക്കരാറിനെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് കുവൈത്തിലെ കേരള എയര്‍ പാസഞ്ചേഴ്സ് അസോസിയേഷന്‍ (കാപ) ആവശ്യപ്പെട്ടു.
കൂടാതെ 20 വിമാനങ്ങളും അഞ്ചു വര്‍ഷത്തെ ഓപ്പറേഷന്‍ പരിചയവുമുള്ള കാരിയറുകളെ മാത്രമേ വിദേശത്തേക്ക് സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളൂവെന്ന് ശഠിക്കുന്ന വ്യോമമന്ത്രാലയം ഈ നിയമങ്ങള്‍ കാറ്റില്‍ പറത്തി വിദേശ കാരിയറുകള്‍ക്ക് ഇന്ത്യയിലേക്കു അനുമതി നല്കിയിരിക്കുകയാണ്. സ്വന്തം വിമാനമോ, ബദല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശേഷിയോ ഇല്ലാത്ത 'ഗോള്‍ഡന്‍ ഇന്റര്‍നാഷണല്‍ എയര്‍ ലൈന്‍സിന്' കേരളത്തിലേക്ക് പറക്കാന്‍ അനുമതി നല്കിയത് ന്യായീകരിക്കാനാവില്ലെന്ന് 'കാപ' നിവേദനത്തില്‍ പറയുന്നു.
നിവേദനത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്റണി, വയലാര്‍ രവി, ഇ. അഹമ്മദ്, കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ക്ക് അയച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി കുര്യന്‍ പി. ജോണ്‍സണ്‍ പറഞ്ഞു.

'എയര്‍ ഇന്ത്യയില്‍ വിശ്വാസം നഷ്ടപ്പെട്ടു'

'എയര്‍ ഇന്ത്യയില്‍ വിശ്വാസം നഷ്ടപ്പെട്ടു'

റിയാദ്: കരിപ്പൂര്‍ വിമാനത്താളവത്തോട് എയര്‍ ഇന്ത്യ കാണിക്കുന്ന നിരന്തര അവഗണനയില്‍ മലപ്പുറം എക്സ്പാട്രിയേറ്റ് അസോസിയേഷന്‍ പ്രവര്‍ത്തക സമിതിയോഗം പ്രതിഷേധിച്ചു. പ്രവാസികളുടെ നിലനില്‍പിനെ ബാധിക്കുന്ന തരത്തില്‍ എയര്‍ ഇന്ത്യാ വിമാനങ്ങള്‍ വൈകിപ്പിക്കുകയോ റദ്ദാക്കുകയൊ ചെയ്യുന്നത് കാരണം പ്രവാസികള്‍ക്ക് എയര്‍ ഇന്ത്യയിലുള്ള വിശ്വാസം നഷ്ടമായിരിക്കയാണ്. നിസാര കാരണങ്ങള്‍ പറഞ്ഞ് പ്രവാസി യാത്രക്കാരെ എയര്‍ ഇന്ത്യാ അധികൃതര്‍ നിരന്തരം വിഡ്ഢികളാക്കുകയാണ്. ഈ അവസ്ഥക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാന്‍ യോഗം അധികൃതരോടാവശ്യപ്പെട്ടു.
പ്രസിഡന്റ് വിശ്വനാഥന്‍ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. ഷാജഹാന്‍ നിലമ്പൂര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി മാനു കെ. സക്കീര്‍ നന്ദിയും പറഞ്ഞു.

Thursday, November 29, 2007

ദേശീയ വിമാനക്കമ്പിനികളുടെ ക്രുരതയ്ക്കും കാട്ടുനീതിയ്ക്കുമെതിരെ ഒന്നിച്ച്‌ അണി ചേരുക

ദേശീയ വിമാനക്കമ്പിനികളുടെ ക്രുരതയ്ക്കും കാട്ടുനീതിയ്ക്കുമെതിരെ ഒന്നിച്ച്‌ അണി ചേരുക

കരിപ്പൂര്‍ വിമാനത്താവളത്തോട്‌ അധികൃതര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരായും ഇന്ത്യന്‍ ദേശിയവിമാനക്കമ്പിനികള്‍ യാത്രക്കാരോട്‌ കാണിക്കുന്ന ക്രുരതയ്ക്കും കാട്ടുനീതിക്കും എതിരായി നടത്തുന്ന പ്രക്ഷോഭണ പരിപാടികളില്‍ ഭാഗവാക്കാകുക. ഈ കാര്യങ്ങള്‍ കാണിച്ച്‌ പ്രധാന മന്ത്രിക്ക്‌ കത്തയക്കുന്നതില്‍ പങ്കാളികളാവുക. പരമാവധി ആളുകളെക്കൊണ്ട്‌ കത്തുകള്‍ അയപ്പിക്കുക. കത്തിന്റെ സാമ്പിള്‍ ഇതോടോപ്പം വെയ്കുന്നത്‌ സുഹൃത്തുക്കള്‍ക്ക്‌ കൈമാറുക.
------------------------------------------------------------------------------------------------



From,
Name:
Address:


To,

The Honorable Prime Minister of India
New Delhi.

Sir,

Sub: Calicut International Airport Issue.


I invite your kind attention to the subject. As you might have already known, from various sources, the situation at the Inter Airport is going from bad to worse each day. The only flights operating from Calicut airport are our public carriers-AIR INDIA, INDIAN & INDIAN EXPRESS. On the wake of such a situation I would like to bring to your notice the following.


Indian carrier’s arrogant attitude towards the Indian expats traveling to the gulf sector.

Cancellation or rescheduling of flights with out prior notice or proper communication.

Although many International carriers are ready to operate from the Calicut sector the permissions for this have not yet been granted.


PLEASE TAKE NECESSARY ACTION AS SOON AS POSSIBLE.

RESPECTFULLY


(SIGNATURE)


NAME: DATE:

PLACE: TIME:

Wednesday, November 28, 2007

ജനശബ്ദം പുതിയ ഒരു ബ്ലോഗുകൂടി ജന്മമെടുക്കുന്നു.

ജനശബ്ദം പുതിയ ഒരു ബ്ലോഗുകൂടി
ജന്മമെടുക്കുന്നു.

ജനശബ്ദം പുതിയ ഒരു ബ്ലോഗുകൂടി ജന്മമെടുക്കുന്നു. അനുഗ്രഹിക്കുക' ആശിര്‍വദിക്കുക.യഥാത്ഥ ജനശബ്ദം പ്രതിഫലിപ്പിക്കാന്‍ എല്ലാവരുടെയും സഹകരണം പ്രതിക്ഷിക്കുകൊണ്ട്‌......