Thursday, December 31, 2009

എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവത്സര ആശംസകള്‍ നേരുന്നു.

എല്ലാവര്‍ക്കും സ്നേഹവും സന്തോഷവും ഐശ്വര്യവും നിറഞ്ഞ പുതുവത്സര ആശംസകള്‍ നേരുന്നു.

നാരായണന്‍ വെളിയംകോട്

കോഗ്രസിന്റെ മുഖം എത്ര സുന്ദരം

കോഗ്രസിന്റെ മുഖം എത്ര സുന്ദരം .

രാഷ്ട്രപതി, കേന്ദ്ര ഭരണസഖ്യത്തിന്റെ അധ്യക്ഷപദവി, ലോക്സഭാസ്പീക്കര്‍ എന്നിവ അലങ്കരിക്കുന്നത് ഇന്ന് വനിതകളാണ്. സ്ത്രീ ശാക്തീകരണത്തിന്റെ പാത വെട്ടിത്തുറക്കാന്‍ ഇവരുടെ സ്ഥാനലബ്ധി ഏറെ സഹായിക്കുമെന്നതില്‍ തര്‍ക്കമില്ല. ഏവരും അഭിമാനംകൊള്ളുന്ന ഈ നിമിഷത്തിലും സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്നതും ഈ കാലത്താണെന്ന് വരുന്നത് ഒരു ജനാധിപത്യരാഷ്ട്രത്തിനും ഭൂഷണമല്ല. പ്രതിഭ ദേവീസിങ് പാട്ടീല്‍ എന്ന ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി ഭരണഘടനയുടെ തലപ്പത്ത് നില്‍ക്കുമ്പോഴാണ് ഹൈദരാബാദിലെ രാജ്ഭവന്‍ അനാശാസ്യ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായത്. ഇന്ത്യയിലെ ഏറ്റവും പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഒരാളും കോഗ്രസിന്റെ സമുന്നത നേതാവുമായ നാരായ ദത്ത് തിവാരി രാജ്ഭവനെ വേശ്യാലയമാക്കി അധഃപതിപ്പിക്കുമ്പോള്‍ മഹത്തായ ഈ രാഷ്ട്രത്തിന് തല കുനിക്കേണ്ടിവരുന്നു. 86-ാം വയസ്സില്‍ ഗവര്‍ണര്‍ മൂന്ന് യുവതികള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന രംഗം എബിഎന്‍ ആന്ധ്രജ്യോതി എന്ന തെലുങ്ക് ചാനല്‍ പുറത്തുവിട്ടതോടെയാണ് 125- ാം വാര്‍ഷികം ആഘോഷിക്കുന്ന കോഗ്രസിന്റെ ചീഞ്ഞളിഞ്ഞ മറ്റൊരു മുഖം രാജ്യത്തിനു മുമ്പില്‍ വെളിവാക്കപ്പെട്ടത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടപെട്ട് മൂന്നര മിനിറ്റ് വരുന്ന ഈ സിഡി പ്രദര്‍ശനം തടഞ്ഞെങ്കിലും ഗവര്‍ണറുടെ പൊയ്മുഖം അതോടെ പീച്ചിച്ചീന്തപ്പെട്ടു. സംസ്ഥാനം തെലങ്കാന വിഷയത്തില്‍ കത്തിയെരിയുമ്പോഴും നീറോ ചക്രവര്‍ത്തിയെപ്പോലെ വീണ വായിക്കുന്ന(കാമകേളികളില്‍ ഏര്‍പ്പെടുന്ന) തിവാരിയെ ലോകം മുഴുവന്‍ വീക്ഷിച്ചു. സംസ്ഥാനത്തുനിന്നുള്ള കോഗ്രസ് എംപിമാരും തിവാരി രാജ്ഭവനില്‍ പാര്‍പ്പിച്ച യുവതികളുടെ അടുത്ത് എത്താറുണ്ടായിരുന്നത്രെ. തിവാരി ഗവര്‍ണര്‍സ്ഥാനം രാജിവച്ചതോടെ എല്ലാ പ്രശ്നവും തീര്‍ന്നെന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന കോഗ്രസ് കൈക്കൊള്ളുന്നത്. തിവാരി സ്വയം രാജിവച്ച് ഒഴിഞ്ഞതിലൂടെ പൊതുജീവിതത്തിന്റെ ഉയര്‍ന്ന മാതൃകയാണ് തിവാരി കാട്ടിയതെന്നാണ് കോഗ്രസ് വക്താവ് ജനാര്‍ദ്ദന്‍ ദ്വിവേദിയുടെ പ്രതികരണം. രാജിവച്ചതോടെ ഈ കേസ് അവസാനിപ്പിക്കാമെന്ന സമീപനമാണ് കോഗ്രസിന്റേത്. എന്നാല്‍, കോഗ്രസിന് ഈ കറ തേച്ചുമായ്ച്ച് കളയാന്‍ കഴിയില്ല. കാരണം കോഗ്രസിന്റെ സമുന്നത നേതാക്കളില്‍ ഒരാളാണ് ഉത്തരാഖണ്ഡിലെ നൈനിറ്റാളില്‍നിന്നുള്ള തിവാരി. അലഹബാദ് സര്‍വകലാശാലയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ തിവാരി 1952ല്‍ തന്നെ പ്രജാ സമാജ്വാദി പാര്‍ടിയുടെ ടിക്കറ്റില്‍ യുണൈറ്റഡ് പ്രോവിന്‍സ്(യുപി) നിയമസഭയിലെത്തി. 1963 ലാണ് നെഹ്റുവിന്റെ പ്രേരണയാല്‍ തിവാരി കോഗ്രസിലെത്തുന്നത്. 1965 ല്‍ കാശിപുര്‍ മണ്ഡലത്തില്‍നിന്ന് കോഗ്രസ് ടിക്കറ്റില്‍ വിജയിച്ച തിവാരി സംസ്ഥാനത്തെ കോഗ്രസ് മന്ത്രിസഭയില്‍ സഹമന്ത്രിയായി. രണ്ട് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ച അപൂര്‍വ വ്യക്തികൂടിയാണ് തിവാരി. 1976 ലാണ് തിവാരി ആദ്യമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകുന്നത്. തുടര്‍ന്ന് 1984ലും 1988ലും വീണ്ടും മുഖ്യമന്ത്രിയായി. 2000ല്‍ ഉത്തരാഖണ്ഡ് സംസ്ഥാനം രൂപംകൊണ്ടപ്പോള്‍ അവിടത്തെ ആദ്യത്തെ മുഖ്യമന്ത്രിയുമായി. രാജിവ്ഗാന്ധി മന്ത്രിസഭയില്‍ വിദേശമന്ത്രിയായ തിവാരി, ചൌധരി ചരസിങ് സര്‍ക്കാരില്‍ ധനവകുപ്പ് കൈകാര്യംചെയ്തു. നാലു തവണ കേന്ദ്രമന്ത്രിയായിരുന്നു. നരസിംഹറാവുവിനെ പ്രധാനമന്ത്രിയാക്കിയ വേളയില്‍ ആ സ്ഥാനം മോഹിച്ച തിവാരി 1994ല്‍ കോഗ്രസ് വിട്ട് ഓള്‍ ഇന്ത്യ ഇന്ദിരാ കോഗ്രസിന് രൂപംകൊടുത്തു. 1997ല്‍ കോഗ്രസ് പാര്‍ടിയിലേക്ക് തിരിച്ചുവന്നു. ദീര്‍ഘകാലം കോഗ്രസിന്റെ പ്രവര്‍ത്തകസമിതി അംഗവുമായിരുന്നു. കോഗ്രസിലെ ഇന്നുള്ള നേതാക്കളില്‍ ഏറ്റവും പാരമ്പര്യം അവകാശപ്പെടാവുന്ന നേതാവാണ് തിവാരി എന്നര്‍ഥം. അത്തരമൊരു നേതാവ് രാജ്ഭവനെ വേശ്യാലയമാക്കി അധഃപതിപ്പിച്ചപ്പോള്‍ ആ കേസ് രാജിയില്‍മാത്രമായി ഒതുക്കപ്പെടരുത്. അദ്ദേഹത്തിനെതിരെ കേസെടുക്കാനും തുടര്‍ നടപടികള്‍ കൈക്കൊള്ളാനും സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരമൊരാള്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ മടിച്ചു നില്‍ക്കുന്നതിന്റെ അര്‍ഥം ഇത്തരം അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേരെ വന്ദ്യവയോധിക കക്ഷി കണ്ണടയ്ക്കുന്നുവെന്നാണ്. തിവാരിക്കെതിരെ ഇത് ആദ്യമായൊന്നുമല്ല ഇത്തരമൊരു ആരോപണം. എന്‍ ഡി തിവാരി ഇപ്പോഴും ഡല്‍ഹി ഹൈക്കോടതിയില്‍ ഒരു പിതൃത്വകേസ് നേരിട്ടുവരികയാണ്. അഭിഭാഷകനായ രോഹിത് ശേഖറാണ് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. പിതൃത്വം അംഗീകരിച്ചുകിട്ടണമെന്നാണ് ഈ ഇരുപത്താറുകാരന്റെ ആവശ്യം. പരാതി സിംഗിള്‍ ബെഞ്ച് തള്ളിയപ്പോള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കയാണ് രോഹിത് ശേഖര്‍. തന്നെയും അമ്മ ഉജ്വലശര്‍മയെയും അംഗീകരിക്കാന്‍ എന്‍ ഡി തിവാരി തയ്യാറാവാത്ത സാഹചര്യത്തിലാണ് രോഹിത് കോടതിയെ സമീപിച്ചത്. നേരത്തെ തന്റെ പിറന്നാള്‍ ആഘോഷത്തിലും മറ്റും തിവാരി കൃത്യമായി പങ്കെടുക്കാറുണ്ടെന്നും രോഹിത് ശേഖര്‍ ഓര്‍ക്കുന്നു. തിവാരിയുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന് ഒരു സ്ത്രീയെ തിവാരിയുടെ ഭാര്യ സുശീല തന്‍വല്‍(1990 ല്‍ മരിച്ചു) ലഖ്നൌവിലെ മഹാനഗറില്‍വച്ച് പരസ്യമായി തലമുടിപിടിച്ച് വലിച്ച് അസഭ്യം പറഞ്ഞത് അങ്ങാടിപ്പാട്ടാണ്. പശ്ചിമ യുപിയിലെ ഗജ്റോളയിലെ ഒരു ഗസ്റ്ഹൌസില്‍വച്ച് മറ്റൊരു സ്ത്രീയുടെ കൂടെ തിവാരി പിടിക്കപ്പെട്ടു. ഔദ്യോഗിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവെ വഴിമധ്യേ തിവാരിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് തിവാരിയെ ഗസ്റ്ഹൌസില്‍വച്ച് കൈയോടെ പിടികൂടിയത്. 2002 മുതല്‍ 2007 വരെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ നേപ്പാളി വനിതയായ ഇരുപത്തിമൂന്നുകാരി സരിക പ്രധാനെ സഹമന്ത്രിപദവി നല്‍കി ഉയര്‍ത്തിയത് കോഗ്രസിനകത്ത് വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. എന്നാല്‍, ഇതേ തിവാരി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെയാണ് പരസ്ത്രീ ബന്ധത്തിന്റെ പേരില്‍ റവന്യൂമന്ത്രി ഹരക്ക് സിങ് റാവത്തിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കിയത്. തിവാരിയുടെ ഇത്തരം വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ ഉത്തരാഖണ്ഡിലെങ്ങും പ്രസിദ്ധമാണ്. നരേന്ദ്രസിങ് നേഗിയെന്ന നാടോടിപ്പാട്ടുകാരന്‍ 'നൌച്ചാമി നാരായ' എന്ന പേരില്‍ ഒരു പ്രത്യേക വിസിഡിപോലും ഇറക്കി. ഇത്തരമൊരാളെയാണ് ഭരണഘടനാപദവിയിലേക്ക് കോഗ്രസ് നേതൃത്വം ഉയര്‍ത്തിയത്. കോഗ്രസ് രാഷ്ട്രീയത്തില്‍ തിവാരിമാരും ഉണ്ണിത്താന്മാരും നിരവധിയാണ്. യൂത്ത് കോഗ്രസ് അഖിലേന്ത്യാ നേതാവായിരുന്ന സുശീല്‍ ശര്‍മ കാമുകിയും യൂത്ത് കോഗ്രസ് പ്രവര്‍ത്തകയുമായ നൈന സാഹ്നിയെ വെട്ടിക്കൊന്ന് തന്തൂരി അടുപ്പില്‍ ചുട്ടെരിച്ചത് ദേശീയ രാഷ്ട്രീയത്തില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച കേസാണ്. ശര്‍മയ്ക്കും നൈനക്കുമുണ്ടായിരുന്ന അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പിന്നീട് പുറത്തുവരികയുണ്ടായി. നാഗ്പുരില്‍ എന്‍എസ്യുഐ സമ്മേളനം നടന്നപ്പോള്‍ നഗരത്തിലെ യുവതികളെ അപമാനിച്ച വിദ്യാര്‍ഥിനേതാക്കളെ നാട്ടുകാര്‍ക്ക് സംഘടിതമായി ചെറുക്കേണ്ടിവന്നു. വേശ്യാലയങ്ങള്‍ തേടിപ്പോയ വിദ്യാര്‍ഥിനേതാക്കളെ കൈയോടെ പിടികൂടിയതും ചരിത്രം. മഹാരാഷ്ട്രയിലെ സമുന്നത കോഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായിരുന്ന രാമറാവു അദിക് 1980 ല്‍ ജര്‍മനിയിലേക്ക് വിമാനത്തില്‍ യാത്രചെയ്യവെ മദ്യപിച്ച് എയര്‍ഹോസ്റസിനെ കയറിപ്പിടിച്ചത് വന്‍ വിവാദമായി. സംഭവത്തില്‍ പശ്ചാത്താപം പ്രകടിപ്പിക്കുന്നതിനുപകരം സംഭവത്തെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്. ജമ്മു കശ്മീരിലെ കോഗ്രസ് മന്ത്രി ഗുലാം മുഹമ്മദ് മീറും ലൈംഗിക അപവാദക്കേസില്‍ പിടിക്കപ്പെട്ട് അഞ്ചു മാസം ജയിലില്‍ കിടന്നു. ഒപ്പം പിസിസി അധ്യക്ഷന്‍ പീര്‍ സാദാ സയിദിനെതിരെയും ആരോപണമുയരുകയുണ്ടായി. കഴിഞ്ഞ ഗുജറാത്ത് നിയമസഭാവേളയില്‍ പിസിസി അധ്യക്ഷനായിരുന്ന ഭരത് സോളങ്കിക്കെതിരെ തെളിവുസഹിതം ലൈംഗിക ആരോപണമുയര്‍ന്നു. സോളങ്കിയുടെ ലൈംഗികവേഴ്ച ചിത്രീകരിച്ച ഏഴ് മിനിറ്റ് വരുന്ന സിഡി അന്ന് പ്രതിപക്ഷം പുറത്തിറക്കി. സോണിയ ഗാന്ധിയുമായി അടുത്ത ബന്ധമുള്ള മുന്‍ വിദേശമന്ത്രി മാധവ്സിങ് സോളങ്കിയുടെ മകനായ ഭരത് സോളങ്കി ഇപ്പോള്‍ കേന്ദ്ര ഊര്‍ജ സഹമന്ത്രിയാണ്. കേന്ദ്ര മന്ത്രിയായ ഗുലാംനബി ആസാദിനെതിരെയും വര്‍ഷങ്ങള്‍ക്കുമുമ്പ് ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നാഗ്പുര്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുവേളയില്‍ വനിതാസംവരണ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ യോഗ്യത കോഗ്രസ് നേതാക്കളുടെ ലൈംഗിക ആവശ്യത്തിന് വഴങ്ങലാണെന്ന് നഗരത്തിലെ വനിതാ കോഗ്രസ് നേതാവ് കല്‍പ്പന ഫുല്‍ബാന്തെ പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു. 125-ാം വര്‍ഷം ആഘോഷിക്കുന്ന കോഗ്രസിന്റെ മുഖമാണ് ഇതൊക്കെ. വി ബി പരമേശ്വരന്‍ .ദേശാഭിമാനി

Wednesday, December 30, 2009

വിലക്കയറ്റം കേന്ദ്രസര്‍ക്കാര്‍ സൃഷ്ടി

വിലക്കയറ്റം കേന്ദ്രസര്‍ക്കാര്‍ സൃഷ്ടി
കെ ബി ലെനിന്‍
കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ നയങ്ങളാണ് വിലക്കയറ്റം സൃഷ്ടിക്കുന്നത്. ഭക്ഷ്യസുരക്ഷാസംവിധാനത്തില്‍നിന്ന് കേന്ദ്രം പിന്‍തിരിഞ്ഞുനിന്നുകൊണ്ട് സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി, കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനും പൂഴ്ത്തിവയ്ക്കുന്നതിനും ബഹുരാഷ്ട്രകുത്തകകള്‍ക്കും ദേശീയ കുത്തകകള്‍ക്കും അവസരമൊരുക്കിക്കൊടുത്തു. വിലക്കയറ്റം നിയന്ത്രിക്കാന്‍ കമ്പോളത്തില്‍ ഇടപെടേണ്ട സര്‍ക്കാര്‍ അത് കുത്തകകളെ ഏല്‍പ്പിച്ചു. അവര്‍ യഥേഷ്ടം ഉല്‍പ്പന്നങ്ങള്‍ക്ക് വില നിശ്ചയിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നു. കഴിഞ്ഞ ഇരുപതുകൊല്ലം ധാന്യം ഇറക്കുമതിചെയ്യാതിരുന്ന കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ധാന്യം ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ആവശ്യത്തില്‍ കൂടുതല്‍ ധാന്യം ഉല്‍പ്പാദിപ്പിച്ചിരുന്ന ഇന്ത്യ, ആ കാലയളവില്‍ ധാന്യം കടലില്‍ തള്ളുകയോ ഒന്നിച്ച് കത്തിച്ചുകളയുകയോ ആണ് ചെയ്തുകൊണ്ടിരുന്നത്. ഇത് ധാന്യത്തിന്റെ വില നിശ്ചയിക്കാന്‍ വ്യാപാരികള്‍ക്ക് അവസരമൊരുക്കിക്കൊടുക്കുന്നതിനുവേണ്ടിയായിരുന്നു. ഭക്ഷ്യധാന്യം കരുതല്‍ശേഖരമായി സൂക്ഷിക്കേണ്ടിയിരുന്ന എഫ്സിഐ ഗോഡൌണുകള്‍ പൂട്ടിയിട്ടതും മറ്റൊന്നുംകൊണ്ടല്ല. കമ്പോളത്തില്‍ ഭക്ഷ്യധാന്യത്തിന്റെ ലഭ്യത കുറയുമ്പോള്‍ ഉള്ളതിന് ആവശ്യാനുസരണം വിലകയറ്റാന്‍ അവസരമൊരുക്കുന്നതിനുവേണ്ടിയായിരുന്നു. കുത്തകകളുടെ പ്രതിനിധികള്‍ക്ക് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍, ഇതിനപ്പുറം ജനക്ഷേമകരമായി പ്രവര്‍ത്തിക്കാന്‍, നിയമംവഴി വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ജീവന്‍രക്ഷാമരുന്നുകളുടെ വില നിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞതും കുത്തകകളുടെ ലാഭം ലക്ഷ്യംവച്ചുകൊണ്ടുതന്നെ. ലോകകമ്പോളത്തില്‍ എണ്ണയുടെ വില കുറഞ്ഞപ്പോള്‍ ഇവിടെ വില കുറയ്ക്കാതിരുന്നത് റിലയന്‍സ് പോലുള്ള സ്വകാര്യകമ്പനികള്‍ക്ക് ലാഭംകൊയ്യുന്നതിന് അവസരമൊരുക്കാനായിരുന്നു. അതിന് മന്‍മോഹന്‍സിങ് പറഞ്ഞ ന്യായം എണ്ണക്കമ്പനികള്‍ക്ക് നഷ്ടം ഉണ്ടാകാതിരിക്കാനാണ് വില കുറയ്ക്കാത്തത് എന്നായിരുന്നു. ഇപ്പോള്‍ നിത്യോപയോഗസാധനങ്ങളുടെ വില അത്ഭുതകരമാംവിധം കുതിച്ചുയരുമ്പോള്‍, സര്‍ക്കാര്‍ മൌനംപാലിക്കുന്നു. ആഭ്യന്തരവിപണിയില്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് ദൌര്‍ലഭ്യം നേരിടുമ്പോള്‍ കയറ്റുമതി നിയന്ത്രിക്കാതെയും പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയാതെയും സര്‍ക്കാര്‍ നിസ്സംഗ നിലപാട് സ്വീകരിക്കുന്നു. കൃഷിനാശത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്യുന്നത്. എട്ട് രൂപ തൊണ്ണൂറ് പൈസയ്ക്ക് റേഷനരി തന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 13 രൂപ 88 പൈസയാണ് വിലയിട്ടിരിക്കുന്നത്. കയറ്റിറക്കുകൂലിയുംകൂടി കണക്കാക്കുമ്പോള്‍ സംസ്ഥാനം എന്തുവിലയ്ക്കാണ് ജനങ്ങള്‍ക്ക് റേഷന്‍ വിതരണംചെയ്യേണ്ടത്. കൂടാതെ റേഷന്‍വിഹിതം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇപ്പോള്‍ എപിഎല്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ നിഷേധിച്ചിരിക്കുന്നു. പൊതുമാര്‍ക്കറ്റില്‍നിന്ന് ഇരുപത്തഞ്ചോ അതില്‍ കൂടുതലോ വിലയ്ക്ക് അരി വാങ്ങാന്‍ കാര്‍ഡുടമകള്‍ നിര്‍ബന്ധിതരായിത്തീരുകയും അരി വ്യാപാരം കുത്തകകള്‍ക്കുമാത്രമായി ഒതുങ്ങുകയും സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറി ജനങ്ങളെ ദ്രോഹിക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട അരിവിഹിതം കേന്ദ്രം നല്‍കുന്നില്ലെന്നു മാത്രമല്ല, സംസ്ഥാനങ്ങളുടെ തലയില്‍ കുറ്റം ചാര്‍ത്തി തടിയൂരാനുള്ള ശ്രമവുമാണ് കേന്ദ്രം നടത്തുന്നത്. വിലക്കയറ്റത്തിനെതിരെയുള്ള യുഡിഎഫിന്റെ സമരാഭാസം ജനവഞ്ചനയാണ്. കാര്‍ഷികമേഖല ബഹുരാഷ്ട്രകുത്തകകള്‍ക്കുവേണ്ടി അവഗണിക്കുകയും അതിന്റെ ഫലമായി ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും കര്‍ണാടകയിലും കേരളത്തിലും ആയിരക്കണക്കിന് കൃഷിക്കാരാണ് ആത്മഹത്യചെയ്തത്. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം കടാശ്വാസകമീഷന്‍ രൂപീകരിച്ചു. ഭക്ഷ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കി, കര്‍ഷക ആത്മഹത്യ ഇല്ലാതാക്കി. ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടം എഴുതിത്തള്ളുകയും ആശ്രിതര്‍ക്ക് 50,000രൂപ നഷ്ടപരിഹാരം നല്‍കുകയുംചെയ്തു. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കിവരുന്നു. മാവേലിസ്റോര്‍വഴിയും സിവില്‍സപ്ളൈസ് കോര്‍പറേഷന്‍ വഴിയും നിത്യോപയോഗസാധനങ്ങള്‍ വിലകുറച്ച് വിതരണംചെയ്യുന്നു. ആഘോഷദിനങ്ങളില്‍ ആയിരക്കണക്കിന് വിപണനകേന്ദ്രങ്ങള്‍ സ്ഥാപിച്ച് കമ്പോളത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്നു. അതുമൂലം ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും വിലക്കുറവ് കേരളത്തില്‍ അനുഭവപ്പെടുന്നു. വസ്തുതകള്‍ ഇതായിരിക്കെ സംസ്ഥാനസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്ന യുഡിഎഫിന്റെ മുതലക്കണ്ണീര്‍ ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. ദുരിതക്കയത്തിലേക്ക് വലിച്ചെറിയുന്ന കേന്ദ്രത്തിന്റെ ക്രൂരതക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

തീവ്രവാദത്തിന് കുടപിടിക്കുന്ന യുഡിഎഫ്

തീവ്രവാദത്തിന് കുടപിടിക്കുന്ന യുഡിഎഫ്

സംസ്ഥാനഭരണം മതതീവ്രവാദത്തിന് അനുകൂലമെന്ന് യുഡിഎഫ് കവീനറും 'സിപിഎം കയറൂരിവിട്ട തീവ്രവാദമെന്ന്' മുസ്ളിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും പറയുന്നത്, സ്വന്തം വികൃതമുഖം മറച്ചുപിടിക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമല്ലാതെ മറ്റൊന്നല്ല. കേരളത്തില്‍ എക്കാലത്തും യുഡിഎഫ് ഭരണകാലത്താണ് വര്‍ഗീയതയും തീവ്രവാദ പ്രവര്‍ത്തനവും ശക്തിപ്പെട്ടിട്ടുള്ളതെന്നും പ്രോത്സാഹിപ്പിക്കപ്പെട്ടിട്ടുള്ളതെന്നും സമീപകാല ചരിത്രം തെളിയിക്കുന്നു. ആര്‍എസ്എസിന്റെയും മറ്റ് മതമൌലികവാദ ശക്തികളുടെയും വോട്ട് വാങ്ങിയാണ് എക്കാലത്തും അധികാരത്തില്‍ വരാറുള്ളതെന്നതിനാല്‍ അവര്‍ക്കെതിരെ നിലപാട് എടുക്കാന്‍ യുഡിഎഫിന് കഴിയാറില്ല. യുഡിഎഫ് കേരളം ഭരിക്കുന്ന കാലത്താണ് വര്‍ഗീയ സംഘര്‍ഷങ്ങള്‍ പതിവായത്. 2001-06ലെ യുഡിഎഫ് ഭരണകാലത്ത് 79 വര്‍ഗീയ സംഘര്‍ഷങ്ങളാണ് കേരളത്തില്‍ ഉണ്ടായത്. അതില്‍ 18 പേരാണ് കൊല്ലപ്പെട്ടത്. മാറാട് ഉണ്ടായ ദാരുണസംഭവങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ തെറ്റായ സമീപനത്തിന്റെ ഭാഗമായാണ് സംഭവിച്ചത്. ആദ്യകലാപത്തിന്റെ ഉത്തരവാദികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുപോലും അന്ന് ജാഗ്രത കാണിച്ചില്ല. ഏതാനും മുസ്ളിം തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്ന് ആര്‍എസ്എസ് ന്യൂനപക്ഷ സമുദായാംഗങ്ങളെ ആട്ടിപ്പുറത്താക്കിയപ്പോള്‍ അതിനെ ഫലപ്രദമായി നേരിടാന്‍ വര്‍ഗീയശക്തികളുമായുള്ള ബന്ധം കാരണം അന്ന് സര്‍ക്കാരിന് കഴിഞ്ഞില്ല. മന്ത്രിമാരെപ്പോലും സമുദായത്തിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് കൊണ്ടുപോവാന്‍ പറ്റാത്ത നിലപാടില്‍വരെ യുഡിഎഫ് എത്തി. ആട്ടിയോടിക്കപ്പെട്ട മുസ്ളിം സഹോദരന്മാരെ തിരിച്ചുകൊണ്ടുവരാന്‍ ആര്‍എസ്എസുകാരുടെ ഔദാര്യത്തെയാണ് സര്‍ക്കാരിന് ആശ്രയിക്കേണ്ടിവന്നത്. ഈ ഘട്ടങ്ങളിലെല്ലാം സൌഹാര്‍ദത്തിന്റെ നിലപാടെടുത്ത് പ്രവര്‍ത്തിച്ചത് സിപിഐ എമ്മാണ്. ആദ്യത്തെ ദുരിതാശ്വാസ ക്യാമ്പ് തന്നെ സിപിഐ എമ്മിന്റെ വകയായിരുന്നു. കാവിവല്‍ക്കരണത്തെ അനുകൂലിച്ചാണ് അന്നത്തെ മുഖ്യമന്ത്രി സംസാരിച്ചത്. ന്യൂനപക്ഷ സമുദായങ്ങള്‍ സമ്പന്നരാണെന്ന പ്രചാരവേല നടത്തി. മറുഭാഗത്ത് ന്യൂനപക്ഷ വര്‍ഗീയശക്തികളെ പ്രീണിപ്പിക്കുന്ന നയം സ്വീകരിച്ചു. എന്‍ഡിഎഫ് പോലുള്ള സംഘടനകള്‍ പ്രതികളായ കേസുകള്‍ ഉപേക്ഷിച്ചു. ഇങ്ങനെ വര്‍ഗീയശക്തികളെ മാറി മാറി താലോലിച്ച ആ നയസമീപനമാണ് ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചത്. ഇന്ന് വിവാദം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേസുകളില്‍ ഒട്ടുമിക്കതും യുഡിഎഫ് ഭരിച്ച കാലത്ത് നടന്നവയാണ്. അന്ന് ശക്തമായ നടപടികളെടുക്കുകയും കുറ്റവാളികളെ പിടികൂടുകയും ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ വിവാദങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. വര്‍ഗീയതക്കെതിരായ സമീപനത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കറുപ്പും വെളുപ്പും തമ്മിലുള്ള വ്യത്യാസമാണുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പുകളിലും എന്‍ഡിഎഫിന്റെയും അതിന്റെ പുതിയ രൂപത്തിന്റെയും പിന്തുണ സ്വീകരിച്ചിട്ടില്ലെന്ന് യുഡിഎഫിന് പറയാനാകുമോ? ആര്‍എസ്എസിന്റെ വോട്ട് വിലപേശി വാങ്ങിയാണ് പലപല തെരഞ്ഞെടുപ്പുവിജയങ്ങളും ഉണ്ടാക്കിയതെന്ന യാഥാര്‍ഥ്യം നിഷേധിക്കാനാകുമോ? സ്വന്തം പാര്‍ടിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍വരെ തീവ്രവാദശക്തികളുടെ തീട്ടൂരത്തിനു വിധേയപ്പെട്ട ഒരു പാര്‍ടിയെ നയിക്കുന്ന കുഞ്ഞാലിക്കുട്ടി തീവ്രവാദത്തിനെതിരെ നടത്തുന്ന ഗിരിപ്രഭാഷണത്തിന് എന്തു വിലയാണുള്ളത്? എല്‍ഡിഎഫ് ഭരിക്കുന്ന കാലത്താണ് വര്‍ഗീയതയ്ക്കും തീവ്രവാദത്തിനുമെതിരായ ശക്തമായ നടപടികളുണ്ടായിട്ടുള്ളത്. 1996-2001 ല്‍ കേരളം ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ വര്‍ഗീയശക്തികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതിനുള്ള കടുത്ത നടപടിയാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാന്‍ നടത്തിയ ഗൂഢാലോചന, അല്‍ ഉമ്മ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കേരളത്തില്‍ ചില സംഘടനകള്‍ നടത്തിയ കൊലപാതകങ്ങളും അക്രമ സംഭവങ്ങളും, വിദേശശക്തികളുമായി ബന്ധപ്പെട്ട ചിലരുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അന്വേഷിക്കാനും പ്രതികളെ തിരിച്ചറിയാനും കഴിഞ്ഞത് അക്കാലത്താണ്. അന്ന് നായനാരുടെ ഇമേജ് വര്‍ധിപ്പിക്കാനുണ്ടാക്കിയ കെട്ടുകഥയാണ്വധശ്രമക്കേസെന്ന് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ എഴുന്നള്ളിക്കുന്ന കെട്ടുകഥകളും ദുരാരോപണങ്ങളും എന്തുമാത്രം നെറികെട്ട സമീപനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് തിരിച്ചറിയാനുള്ള ശേഷി കേരളത്തിലെ ജനങ്ങള്‍ക്കുണ്ടെന്നത് യുഡിഎഫ് മറന്നുപോകരുത്. യുഡിഎഫ് സര്‍ക്കാര്‍ 2001ല്‍ സകല വര്‍ഗീയതകളെയും കൂട്ടുപിടിച്ച് അധികാരത്തില്‍ വന്നതാണ് കേരളത്തിന്റെ ശാപമായത്. 2006ല്‍ വീണ്ടും ഇടതുമുന്നണി അധികാരത്തില്‍ വന്നപ്പോള്‍ മാത്രമാണ് വര്‍ഗീയ അക്രമങ്ങളെ പ്രതിരോധിക്കുന്നതിനോടൊപ്പം ന്യൂനപക്ഷ വര്‍ഗീയവാദികള്‍ മുന്നോട്ടുവയ്ക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ശക്തമായി നേരിട്ടത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ച് വിദേശത്തുനിന്ന് അനധികൃതമായി ഭീകരര്‍ ഇവിടെ വന്ന് താമസിക്കുന്നത് കണ്ടെത്തി നടപടി സ്വീകരിച്ചത്, കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട നാല് മലയാളികളെ തിരിച്ചറിഞ്ഞ് കേസില്‍ നിര്‍ണായക മുന്നേറ്റമുണ്ടാക്കിയത് എന്നിവയടക്കം നിരവധി ഉദാഹരണങ്ങള്‍. കേരളം ഭീകരവാദികളുടെ താവളമാണെന്ന പ്രചാരണം തെറ്റാണെന്നതിനൊപ്പം ദേശീയതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ സ്വാധീനം ഇവിടെയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്ന വസ്തുത മനസ്സിലാക്കി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളെ ദുര്‍ബലപ്പെടുത്താനുള്ള പ്രചാരണമാണ് ഇന്ന് യുഡിഎഫ് ഏറ്റെടുത്തിട്ടുള്ളത്. അത് ഫലത്തില്‍ തീവ്രവാദ-വര്‍ഗീയ ശക്തികളെ സഹായിക്കലാണ്. താല്‍ക്കാലികമായ രാഷ്ട്രീയലാഭം ലാക്കാക്കി യുഡിഎഫ് നടത്തുന്ന കുത്സിത നീക്കങ്ങള്‍ നാടിന്റെയും ജനങ്ങളുടെയും താല്‍പ്പര്യത്തിന് എതിരാണെന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്കു നന്ന്.

Tuesday, December 29, 2009

തീവ്രവാദത്തെ നേരിടേണ്ടത് ഇങ്ങനെയോ?

തീവ്രവാദത്തെ നേരിടേണ്ടത് ഇങ്ങനെയോ?

തീവ്രവാദത്തിന്റെ ഭീഷണി രാജ്യത്തിനുമുന്നിലെ വലിയ വെല്ലുവിളിയാണിന്ന്. രാജ്യത്തിന്റെ കെട്ടുറപ്പ് ആഗ്രഹിക്കുന്ന എല്ലാവരും ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കേണ്ടതാണത്. ഏതെങ്കിലും വിഭാഗീയമോ ഒറ്റപ്പെട്ടതോ പക്ഷപാതപരമോ ആയ നടപടികള്‍ തീവ്രവാദത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനേ ഉപകരിക്കൂ. കളമശേരി ബസ് കത്തിക്കല്‍ കേസും കശ്മീരിലേക്ക് തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഏകപക്ഷീയമായ ഉത്തരവ് അത്തരമൊരു നീക്കമാണെന്ന് പറയാതെവയ്യ. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയാണ് തീരുമാനമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളെ അറിയിച്ചുമാത്രമേ കേസുകള്‍ ഏറ്റെടുക്കൂ എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം പാര്‍ലമെന്റില്‍ നടത്തിയ പ്രഖ്യാപനം അദ്ദേഹത്തിന്റെ മന്ത്രാലയംതന്നെ കാറ്റില്‍ പറത്തിയിരിക്കുന്നു. കേസ് ഏറ്റെടുത്ത കാര്യം ഇതുവരെ സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് സംസ്ഥാന ആഭ്യന്തരമന്ത്രിപോലും വിവരം അറിഞ്ഞത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിനുള്ള അതൃപ്തി സംസ്ഥാന ആഭ്യന്തരമന്ത്രി പ്രകടിപ്പിച്ചത് മുഖവിലയ്ക്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായില്ലെന്നത് പ്രതിഷേധാര്‍ഹമാണ്. തിങ്കളാഴ്ച രണ്ടു കേസ്കൂടി എന്‍ഐഎ ഏറ്റെടുത്തതും സംസ്ഥാനത്തെ അറിയിക്കാതെയാണ്. ഫെഡറല്‍ സംവിധാനത്തിന്റെ മാത്രമല്ല, സാമാന്യമര്യാദയുടെകൂടി ലംഘനമാണ് ഈ നടപടികളില്‍ കാണാനാകുന്നത്. തീവ്രവാദപ്രവര്‍ത്തനങ്ങള്‍ കേരളത്തിലും കടന്നുവന്നിരിക്കുന്നു എന്ന ആശങ്കാജനകമായ യാഥാര്‍ഥ്യത്തിലേയ്ക്ക് വിരല്‍ ചൂണ്ടിക്കൊണ്ടാണ് ചില കേസുകളുടെ അന്വേഷണം പരിണാമഗുപ്തിയിലെത്തുന്നത്. ഈ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിവുകളുള്ള കേസുകള്‍ ഏത് സംസ്ഥാനത്തെയായാലും ദേശീയ അന്വേഷണ ഏജന്‍സിക്ക് അന്വേഷിക്കാവുന്നതാണ്. എന്‍ഐഎ കേസുകള്‍ അന്വേഷിക്കുന്നതിനെ കേരള സര്‍ക്കാര്‍ ഒരിക്കലും എതിര്‍ത്തിട്ടില്ല. എന്നുമാത്രമല്ല കോഴിക്കോട് ഇരട്ട സ്ഫോടനക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതുതന്നെ സംസ്ഥാന സര്‍ക്കാരാണ്. എന്‍ഐഎയുടെ അന്വേഷണങ്ങള്‍ക്കെല്ലാം പൂര്‍ണ സഹകരണമാണ് സംസ്ഥാന പൊലീസ് നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഒരു ജനാധിപത്യ ഭരണക്രമത്തില്‍ പ്രവര്‍ത്തിക്കുന്ന ഏത് ഏജന്‍സിയും ഭരണഘടനയെയും ജനാധിപത്യ നടപടിക്രമങ്ങളെയും മാനിക്കേണ്ടതുണ്ട്. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസുകളില്‍ കൂടുതല്‍ തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെങ്കില്‍ അവ സംസ്ഥാന ഗവമെന്റുമായി പങ്കുവയ്ക്കുകയും പരസ്പരധാരണയില്‍ കേസുകള്‍ ഏറ്റെടുക്കുകയുമാണ് വേണ്ടത്. 2009നുശേഷമുള്ള കേസുകള്‍ എന്‍ഐഎയ്ക്ക് നേരിട്ട് ഏറ്റെടുക്കാം. എന്നാല്‍, അതിനുമുമ്പുള്ളവ സംസ്ഥാനവുമായി ആലോചിച്ച് മാത്രമേ ഏറ്റെടുക്കാവൂ എന്നാണ് ധാരണ. ഈ ധാരണയും ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. എന്‍ഐഎ കേസേറ്റെടുത്ത വിവരം സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്ന് അറിയേണ്ടിവരുന്നു എന്ന സ്ഥിതിവിശേഷം അപകടകരമാണ്. ജനാധിപത്യരാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ക്ക് ഏകാധിപത്യത്തിന്റെ ശീലങ്ങള്‍ ഭൂഷണമല്ല. 2008ല്‍ എന്‍ഐഎ ആക്ട് പാര്‍ലമെന്റ് ഏകകണ്ഠമായി പാസാക്കുമ്പോള്‍ത്തന്നെ ഇത് ഫെഡറലിസത്തിനുമേലുള്ള ഇടപെടലാണോ എന്ന സംശയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഈ സംശയങ്ങള്‍ പരിഗണനയില്‍ എടുത്തുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തുമെന്ന് പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയത്. തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് കേരള പൊലീസിന് എന്തെങ്കിലും വീഴ്ച സംഭവിച്ചതായി കേന്ദ്ര ഏജന്‍സികളോ കോടതിയോ ഒന്നും ഇതുവരെ ചൂണ്ടിക്കാണിച്ചിട്ടില്ല. എന്നുമാത്രമല്ല ദുര്‍ബലമായ സൂചനകളില്‍നിന്നുപോലും കൃത്യമായ നിഗമനങ്ങളില്‍ എത്താനും തീവ്രവാദശക്തികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനും ഏറ്റവും ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തിയത് കേരള പൊലീസാണെന്ന് അടുത്തകാലത്ത് ശ്രദ്ധയില്‍ വന്ന പല കേസുകളും തെളിയിക്കുന്നു. ഒരു വ്യാജ ഐഡന്റിറ്റി കാര്‍ഡില്‍നിന്നാണ് കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ കേരള പൊലീസ് കണ്ടെത്തിയത്. തടിയന്റവിട നസീര്‍ എന്ന ലഷ്കര്‍ നേതാവ് ബംഗ്ളാദേശിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്ന വിവരം അയാള്‍ ഉപയോഗിക്കുന്ന ടെലിഫോ നമ്പര്‍ അടക്കം കേന്ദ്ര ഏജന്‍സികളെ അറിയിച്ചതും കേരള ഇന്റലിജന്‍സാണ്. ഇപ്പോള്‍ എന്‍ഐഎ ഏറ്റെടുത്തിരിക്കുന്ന രണ്ട് കേസുകളും കേരള പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചവയാണ്. തടിയന്റവിട നസീറും സര്‍ഫ്രാസ് നവാസും ആസൂത്രണം ചെയ്തതായി വെളിപ്പെടുന്ന ബംഗളൂരു സ്ഫോടനക്കേസ് ഏറ്റെടുക്കാന്‍ എന്‍ഐഎ ഇതുവരെ തയ്യാറായിട്ടില്ല. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ജയ്പുര്‍, സൂറത്ത് തുടങ്ങി വന്‍ സ്ഫോടന കേസുകളും അവര്‍ ഏറ്റെടുത്തിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ കേസുകളോട് കാണിക്കുന്ന അമിതമായ താല്‍പ്പര്യം സംശയത്തിന്റെ നിഴലിലാകുന്നത്. കേരളത്തിലെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ആരംഭം ഒരുപക്ഷേ, മാറാട് കലാപമായിരിക്കും. ഈ കാലാപത്തിനുപിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് സംഭവം സംബന്ധിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമീഷന്‍തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മൂന്നുതവണ ആവശ്യപ്പെട്ടിട്ടും ഈ കേസ് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ താല്‍പ്പര്യം കാണിച്ചില്ല. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ആത്മാര്‍ഥത ചോദ്യംചെയ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്.

Saturday, December 26, 2009

നാലാം തൂണ് വില്‍പ്പനയ്ക്ക്

നാലാം തൂണ് വില്‍പ്പനയ്ക്ക്
ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ 50-ാംലക്കത്തിലെ മുഖപ്രസംഗം
ചുരുള്‍ നിവരുന്ന വിവാദം ദീര്‍ഘനാളായി പൊതുജനങ്ങളില്‍നിന്ന് മറച്ചുപിടിക്കുകയാണ്, കാരണം ജനങ്ങള്‍ എന്തറിയണമെന്ന് തീരുമാനിക്കുന്ന കാവല്‍ക്കാരനാണ് ഇതിന്റെ ഉത്തരവാദി. വിവരങ്ങള്‍ അറിയാനുള്ള അവകാശം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷേ, മാധ്യമങ്ങള്‍ക്ക് അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വിവരങ്ങളുടെമേല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ കഴിയുന്നു. മാധ്യമപ്രവര്‍ത്തകര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി പല വിധത്തിലുള്ള കവറേജ് സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത് പരക്കെ ബോധ്യമുള്ള സംഗതിയാണ്. ഇപ്പോള്‍ ഈ പ്രവണത ഔദ്യോഗികവും വ്യവസ്ഥാപിതവുമായി മാറിയിരിക്കുന്നു. പരസ്യങ്ങളുടെ കാര്യത്തില്‍ ചെയ്യുന്നതുപോലെ വാര്‍ത്താമാധ്യമങ്ങള്‍ സ്ഥലം വിറ്റ് കവറേജ് നടത്തുന്നു. 'പണത്തിനു പകരം കവറേജ്' എന്ന അധാര്‍മികപ്രവൃത്തി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാര്‍ച്ച് മുതല്‍ മെയ് വരെ നീണ്ട പ്രചാരണവേളയിലാണ് അരങ്ങേറിയത്. സംസ്ഥാന നിയമസഭകളിലേക്ക് ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പിലും അനുകൂലമായ മാധ്യമ കവറേജിനുവേണ്ടി വന്‍തോതില്‍ പണം ചെലവിട്ട സംഭവങ്ങളുണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍തന്നെ ഈ ദുര്‍വിനിയോഗം ഉന്നതശീര്‍ഷരായ ചില മാധ്യമപ്രവര്‍ത്തകര്‍ വ്യക്തിപരമായി ചൂണ്ടിക്കാട്ടിയിരുന്നു. ഇവരുടെ പരാതി പ്രസ് കൌസില്‍ ഓഫ് ഇന്ത്യ ഏറ്റെടുക്കുകയും ഇതേപ്പറ്റി ഔപചാരിക അന്വേഷണം ആരംഭിക്കുകയുംചെയ്തു. എന്നിട്ടും മാധ്യമങ്ങള്‍തന്നെ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുകയാണ്. എന്നാല്‍, ഹൈദരാബാദില്‍ പത്രവ്യവസായത്തിന്റെ ആഗോളസമ്മേളനത്തിന് തുടക്കംകുറിച്ച നാളില്‍ അപവാദത്തെക്കുറിച്ച് 'ദി ഹിന്ദു' ഒന്നാം പേജ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ സൌകര്യപ്രദമായ ഏര്‍പ്പാടിന്റെ മൂടുപടം പൊഴിഞ്ഞുവീണു. മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് ഇനിയും വെളിപ്പെടാത്ത കാരണങ്ങളാല്‍, തന്റെ നേട്ടങ്ങളെക്കുറിച്ച് (യഥാര്‍ഥവും സാങ്കല്‍പ്പികവുമായ, കൂടുതലും സാങ്കല്‍പ്പികങ്ങളാണ്) വിവിധ മറാത്താ പത്രങ്ങളില്‍ ഒരേ വാര്‍ത്താകഥകള്‍ വ്യത്യസ്ത ലേഖകരുടെ പേരുകളില്‍ പ്രസിദ്ധീകരിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ മഹത്വങ്ങള്‍ വര്‍ണിച്ച് ഒട്ടേറെ പത്രങ്ങള്‍ പരസ്യമാണെന്ന സൂചനപോലും നല്‍കാതെ പ്രത്യേക പതിപ്പുകള്‍തന്നെ ഇറക്കി. പണത്തിനുവേണ്ടിയുള്ള നഗ്നമായ ഈ ഇടപെടല്‍ വരുമാനം വര്‍ധിപ്പിക്കാന്‍ പത്രവ്യവസായം സ്വീകരിച്ച പുതിയ മാതൃകകളുടെ ശരിയായ വിവരണം നല്‍കുന്നു. സമ്പദ്ഘടനയുടെ ചില മേഖലകള്‍ കഴിഞ്ഞ രണ്ട് ദശകത്തില്‍ മാധ്യമങ്ങള്‍ക്ക് ഉത്സാഹഭരിതമായ നേട്ടങ്ങള്‍ സമ്മാനിച്ചു. നിയന്ത്രണരഹിതമായ അന്തരീക്ഷത്തില്‍ ചില മാധ്യമങ്ങള്‍ ആര്‍ഭാടത്തോടെതന്നെ പ്രവര്‍ത്തിച്ചു. നിയന്ത്രണരാഹിത്യം മൂല്യങ്ങളെ നിര്‍ണയിച്ച രണ്ട് ദശകങ്ങളില്‍ മത്സരാധിഷ്ഠിതമായ കമ്പോളസ്ഥലം ഉപയോക്താവിന്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന പ്രധാന മാനദണ്ഡമായി. സോപ്പിന്റെയും അലക്കുപൊടിയുടെയും ടെലിവിഷന്‍ സേവനങ്ങളുടെയും വിമാനയാത്രയുടെയും കാര്യത്തില്‍ ഇതുകൊണ്ട് വലിയ ദോഷം ഉണ്ടായില്ലെന്നു വരാം. പക്ഷേ, വിവരങ്ങളുടെ കാര്യത്തിലും കമ്പോളതാല്‍പ്പര്യം അതിന്റെ ഉച്ചസ്ഥായിയില്‍ തന്നെ ഇടപെടുമ്പോള്‍ ഫലം സമാനമായിരിക്കില്ല. വാര്‍ത്തകള്‍ എപ്പോഴും, അച്ചടി-ദൃശ്യമാധ്യമങ്ങളില്‍, അതിന്റെ ചെലവിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ വില്‍ക്കുന്ന ചരക്കുകളാണ്. പക്ഷേ, ദൌര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ പത്രവ്യവസായം വക്രമായ സഞ്ചാരപഥത്തിലൂടെ നീങ്ങി വാര്‍ത്തയെ തീരെ വിലയില്ലാത്ത ചരക്കാക്കി മാറ്റിയിരിക്കുന്നു. ഒരു ഉപയോക്താവ് വാങ്ങുന്ന ഉല്‍പ്പന്നം അയാള്‍ക്ക് വിവരങ്ങള്‍ ചെലവു കുറച്ച് നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തവിധം ഉയര്‍ന്ന വിലയ്ക്ക് മുമ്പേതന്നെ പലതവണ വിറ്റതാണെന്ന് അയാളോട് പറഞ്ഞാല്‍ പ്രതികരണം എന്തായിരിക്കും? വാര്‍ത്തയുടെ പ്രകടമായ രൂപത്തിന് ഉപരിയായി അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയുടെ ബഹുമുഖമായ നിഗൂഢ താല്‍പ്പര്യങ്ങള്‍ അതില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഉപയോക്താവിനോട് വെളിപ്പെടുത്തിയാല്‍ അയാള്‍ ഏതുവിധത്തില്‍ പ്രതികരിക്കും? പത്രം വാങ്ങാന്‍ മുടക്കുന്ന പണം അതിന്റെ ഉള്ളടക്കം തീരുമാനിക്കാന്‍ ചെലവിട്ട തുകയുമായി താരതമ്യംചെയ്യുമ്പോള്‍ തുച്ഛമായതിനാല്‍ മൂല്യശൃംഖലയിലെ അവസാനത്തെ കണ്ണി മാത്രമാണ് ഉപയോക്താവ്. ഇന്ത്യയിലെ മാധ്യമവ്യവസായം അതിന്റെ നിലനില്‍പ്പ് സംബന്ധിച്ച് ഒട്ടേറെ ചോദ്യങ്ങള്‍ നേരിടുകയാണ്. രണ്ടുദശകമായി മാധ്യമവ്യവസായം സ്വീകരിച്ചുവന്ന തന്ത്രപരമായ വഴികള്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കണം. വാണിജ്യവിജയം നേടാന്‍ പ്രചാരം കൂട്ടുന്നതിനു പകരം പരസ്യങ്ങളെ ആശ്രയിക്കുന്നതിലേക്ക് 1990കളുടെ മധ്യത്തോടെ മാധ്യമങ്ങള്‍ നീങ്ങിയത് ശരിയായ നടപടി ആയിരുന്നോ എന്ന് ചോദിക്കാന്‍ സമയമായിരിക്കുന്നു. ഇത് രാജ്യത്തെ വന്‍കിട മാധ്യമങ്ങള്‍ കൂട്ടായി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട തന്ത്രപരമായ വ്യതിയാനമായിരുന്നു. 1995ല്‍ മാധ്യമങ്ങള്‍ നിയന്ത്രണവിമുക്തമായതോടെ വന്‍കിട പത്രങ്ങള്‍ അവരുടെ വില കാര്യമായി വെട്ടിക്കുറച്ചു, പത്രങ്ങളുടെ വില അവയുടെ പുനര്‍വില്‍പ്പന മൂല്യത്തിന് തുല്യമാക്കി (കമ്പോളത്തില്‍ പത്രങ്ങളെ ആക്രിവില്‍പ്പന ഉല്‍പ്പന്നങ്ങളാക്കി). മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉള്ളടക്കം പാര്‍ശ്വവസ്തുവാക്കി മാറ്റി, കാരണം പ്രസാധകന്റെ കാഴ്ചപ്പാടില്‍ അതിന് മൂല്യം ഒന്നുമില്ല. അന്നുമുതല്‍, പ്രത്യേക താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള ഉള്ളടക്കം വരുമാനം വര്‍ധിപ്പിക്കാന്‍ ഹ്രസ്വലക്ഷ്യത്തോടെ സ്വീകരിച്ച മാര്‍ഗമായി. അങ്ങനെ, 2003 മാര്‍ച്ചില്‍, മാറുന്ന കാലത്തിന് അനുസൃതമായി മാധ്യമപ്രവര്‍ത്തന ശീലങ്ങള്‍ പരുവപ്പെടുത്താന്‍ രാജ്യത്തെ ഏറ്റവും വലിയ മാധ്യമഗ്രൂപ്പ് 'മീഡിയാ നെറ്റ്' സംരംഭം പ്രഖ്യാപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായ അഴിമതികള്‍ അവസാനിപ്പിച്ച്, ഇത് സ്ഥാപനവല്‍ക്കരിക്കാന്‍ വേണ്ടിയായിരുന്നു ഈ സങ്കല്‍പ്പം. രണ്ടുവര്‍ഷത്തിനുശേഷം ഇതേ മാധ്യമഗ്രൂപ്പ് 'സ്വകാര്യ ഉടമ്പടികള്‍' എന്ന പേരില്‍ മറ്റൊരു ആശയം മുന്നോട്ടുവച്ചു, പരസ്യത്തിനു സ്ഥലം നല്‍കുന്നതിനു പകരമായി കമ്പനികളുടെ ഓഹരി കൈവശപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള സംഗതികള്‍ ഇതിലുണ്ടായിരുന്നു. ഇപ്പോള്‍ മാധ്യമവ്യവസായം പരസ്യമായി അതിന്റെ സേവനങ്ങള്‍ വിറ്റ് പണമാക്കുന്നു. ആഗോളസാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി പരസ്യവരുമാനം കുറഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ സാഹചര്യം അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ്. ഉപയോക്താവിന്റെ താല്‍പ്പര്യങ്ങളാണ് ഇതിന്റെ ആദ്യത്തെ ഇര. അടുത്ത ഇര മാധ്യമവ്യവസായം തന്നെയായിരിക്കും.

Friday, December 25, 2009

പണം വാങ്ങി വാര്‍ത്ത നല്‍കല്‍ മാധ്യമങ്ങളുടെ അന്തസ് കളഞ്ഞു

പണം വാങ്ങി വാര്‍ത്ത നല്‍കല്‍ മാധ്യമങ്ങളുടെ അന്തസ് കളഞ്ഞു.

ന്യൂഡല്‍ഹി: ദിനപത്രങ്ങളും ടെലിവിഷന്‍ ചാനലുകളും പണം വാങ്ങി വാര്‍ത്ത നല്‍കുന്ന പ്രവണത ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ അടിത്തറ തകര്‍ക്കുമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ വാര്‍ഷിക ജനറല്‍ ബോഡിയോഗം അഭിപ്രായപ്പെട്ടു. കൂടുതലായും തെരഞ്ഞെടുപ്പു കാലങ്ങളില്‍ പ്രകടമാകുന്ന ഈ നടപടിയെ ഗില്‍ഡ് ശക്തമായി അപലപിച്ചു. 2010നെ 'പെയ്ഡ് ന്യൂസ്' പ്രവണതയ്ക്ക് എതിരായി പ്രചാരണം നടത്താനുള്ള വര്‍ഷമായി ഗില്‍ഡ് പ്രസിഡന്റ് രാജ്ദീപ് സര്‍ദേശായി പ്രഖ്യാപിച്ചു. ടി എന്‍ നൈനാന്റെ നേതൃത്വത്തിലുള്ള നാലംഗ പെരുമാറ്റച്ചട്ട സമിതിയെയും നിയോഗിച്ചു. ബി ജി വര്‍ഗീസ്, സുമിത് ചക്രവര്‍ത്തി, മധു കിഷ്വര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് എഡിറ്റര്‍ ഇന്‍ ചീഫ് ടി എന്‍ നൈനാനാണ് യോഗത്തില്‍ പ്രശ്നം ഉന്നയിച്ചത്. ഏതാനും മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും നിരുത്തരവാദപരമായ നടപടി രാജ്യത്തെ മാധ്യമങ്ങളുടെ വില ഇടിച്ചിരിക്കയാണെന്ന് യോഗത്തിനുശേഷം ഗില്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. പരസ്യങ്ങള്‍ വാര്‍ത്താരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതില്‍നിന്ന് എഡിറ്റര്‍മാര്‍ വിട്ടുനില്‍ക്കണം. മാധ്യമങ്ങളുടെ അന്തസ്സ് നശിപ്പിക്കുന്ന വാണിജ്യവല്‍ക്കരണം പബ്ളിഷര്‍മാരും എഡിറ്റര്‍മാരും പത്രപ്രവര്‍ത്തകരും ഉപേക്ഷിക്കണം. ഈ പ്രവൃത്തി ചെയ്യുന്ന എഡിറ്റര്‍മാരും മാധ്യമസ്ഥാപനങ്ങളും വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പണം നല്‍കുന്നവരും സ്വതന്ത്രവും നീതിപൂര്‍വവുമായ മാധ്യമപ്രവര്‍ത്തനത്തെ അട്ടിമറിക്കുന്ന കുറ്റത്തിന് ഉത്തരവാദികളാണ്. വാര്‍ത്തയുടെ രൂപത്തിലും ശൈലിയിലും ഭാഷയിലും പരസ്യങ്ങള്‍ നല്‍കി വായനക്കാരെയും പ്രേക്ഷകരെയും കബളിപ്പിക്കരുത്. വാര്‍ത്തയും പരസ്യവും തമ്മില്‍ വ്യക്തമായ അതിര്‍വരമ്പ് കാത്തുസൂക്ഷിക്കണം. കമ്പനികളും സംഘടനകളും വ്യക്തികളും 'പെയ്ഡ് ന്യൂസ്' സംവിധാനത്തെ ആശ്രയിക്കുന്നുണ്ട്. പരസ്യങ്ങള്‍ നല്‍കുന്നതിനു പകരം മാധ്യമസ്ഥാപനങ്ങള്‍ക്ക് കമ്പനികളുടെ ഓഹരി പങ്കാളിത്തം കൈമാറുന്ന 'പ്രൈവറ്റ് ട്രീറ്റികളെ'യും ഗില്‍ഡ് അപലപിച്ചു. ഇത്തരം ദുഷ്പ്രവണതകള്‍ അവസാനിപ്പിക്കാന്‍ മാധ്യമങ്ങള്‍, രാഷ്ട്രീയകക്ഷികള്‍, തെരഞ്ഞെടുപ്പു കമീഷന്‍ എന്നിവയുമായി ചേര്‍ന്ന് പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് ഗില്‍ഡ് തീരുമാനിച്ചു. സംശുദ്ധവും സുതാര്യവുമായ മാധ്യമപ്രവര്‍ത്തനം സാധ്യമാക്കാനുള്ള പ്രവര്‍ത്തനം ഗില്‍ഡ് സംഘടിപ്പിക്കും. രാഷ്ട്രീയകക്ഷികള്‍ പണം നല്‍കി വാര്‍ത്ത വരുത്തുന്നത് തടയാനും തെരഞ്ഞെടുപ്പു ചെലവിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമീഷനെ സമീപിക്കാനും യോഗം തീരുമാനിച്ചു.

Tuesday, December 22, 2009

വിലക്കയറ്റം മുതലാളിത്ത ഉല്‍പ്പന്നം

വിലക്കയറ്റം മുതലാളിത്ത ഉല്‍പ്പന്നം
പ്രൊഫ. കെ എന്‍ ഗംഗാധരന്‍
രാജ്യത്താകമാനം സാധനവില കുതിച്ചുയരുകയാണ്. നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ധനയാണ് അതീവ രൂക്ഷം. താഴ്ന്ന വരുമാനക്കാരും നിശ്ചിത വരുമാനക്കാരുമാണ് വിലക്കയറ്റക്കെടുതികള്‍ ഏറെ പേറേണ്ടിവരുന്നത്. പഞ്ചസാര, അരി, ഗോതമ്പ്, പരിപ്പ്, സവാള, ഉരുളക്കിഴങ്ങ്, ശര്‍ക്കര, മൈദ, ആട്ട എന്നിവയുടെയെല്ലാം വില റെക്കോഡ് വേഗത്തില്‍ ഉയരുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വില ജനുവരിക്കും ഡിസംബര്‍ അഞ്ചിനും മധ്യേ 19.95 ശതമാനം ഉയര്‍ന്നു. ഉരുളക്കിഴങ്ങിന്റെ വില ഇരട്ടിയായി. സവാളയുടെ വില 32 ശതമാനവും പയറിന്റെ വില 35 ശതമാനവും വര്‍ധിച്ചു. പഞ്ചസാരവില 66 ശതമാനവും ശര്‍ക്കരയുടേത് 34 ശതമാനവും ആട്ടയുടേത് 31 ശതമാനവും ഉയര്‍ന്നു. വിലക്കയറ്റത്തില്‍ സാധാരണജനങ്ങള്‍ ഞെരിപിരികൊള്ളുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അനങ്ങുന്നില്ല. റിസര്‍വ് ബാങ്ക് സുദീര്‍ഘ മൌനത്തിലാണ്. കാലാവസ്ഥ ചതിച്ചതുകൊണ്ടാണ് വിലക്കയറ്റമെന്ന വാദമുണ്ട്. അതില്‍ വാസ്തവമില്ല. ഇക്കൊല്ലം മഴ കുറഞ്ഞെന്നത് ശരി. നെല്‍പ്പാടങ്ങള്‍ പലസ്ഥലത്തും ഒഴിഞ്ഞുകിടക്കുന്നു എന്നതും ശരി. പക്ഷേ, അതിന്റെ പ്രത്യാഘാതങ്ങള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളൂ. രണ്ട് സീസണിലായാണ് ഇന്ത്യയില്‍ പൊതുവെ കൃഷിപ്രവര്‍ത്തനം നടക്കുന്നത്: ഖാരിഫ്വിളയും റാബിവിളയും. ഖാരിഫ് കൃഷിപ്പണിയും വിതയും സെപ്തംബര്‍ അവസാനത്തോടെയാണ് പൂര്‍ത്തിയാക്കിയത്. ഉല്‍പ്പാദനത്തിലെ കുറവ് അനുഭവപ്പെടാന്‍ ഇനിയും മാസങ്ങളെടുക്കും. മാത്രവുമല്ല, 2008-09ല്‍ റാബി വിളവെടുപ്പ് മെച്ചമായിരുന്നെന്നും ഖാരിഫ് വിളയിലെ കുറവുനികത്തിയെന്നും റിസര്‍വ് ബാങ്ക് കണക്കുകള്‍ വെളിപ്പെടുത്തുന്നു. (റിസര്‍വ് ബാങ്ക് ബുള്ളറ്റിന്‍, നവംബര്‍ 2009). അക്കൊല്ലം 99.2 ദശലക്ഷം ട അരി ഉല്‍പ്പാദിപ്പിച്ചു. 80.6 ദശലക്ഷം ട ഗോതമ്പും. ആകെ ഭക്ഷ്യോല്‍പ്പാദനം 233.9 ദശലക്ഷം ട. അപ്പോള്‍ പ്രശ്നം ഇതാണ്: രാജ്യത്ത് അരിയുണ്ട്, ഗോതമ്പുണ്ട്. പക്ഷേ, അവ മാര്‍ക്കറ്റില്‍ എത്തുന്നില്ല. അതുകൊണ്ട് വിലക്കയറ്റം രൂക്ഷം. സാധനങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ സ്വകാര്യകച്ചവടക്കാര്‍ ഉത്സാഹം കാണിക്കില്ല. കൃത്രിമക്ഷാമത്തിലൂടെ വിലക്കയറ്റമുണ്ടാക്കാനാണ് കുത്തകവ്യാപാരികള്‍ ശ്രമിക്കുക. അവര്‍ക്ക് അതിനുള്ള സംവിധാനങ്ങളും പിടിച്ചുനില്‍ക്കാന്‍ കഴിവുമുണ്ട്. സാധനങ്ങള്‍ മാര്‍ക്കറ്റിലെത്തിച്ച് ജനങ്ങളെ രക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. അത് രണ്ടുവിധത്തില്‍ നിര്‍വഹിക്കാം. ഒന്ന്, കരിഞ്ചന്തക്കാരെയും പൂഴ്ത്തിവയ്പുകാരെയും നിയന്ത്രിച്ച്. രണ്ട്, പൊതുവിതരണശൃംഖല ശക്തിപ്പെടുത്തി. രണ്ടിന്റെയും അടിസ്ഥാനം മാര്‍ക്കറ്റില്‍ ഇടപെടലാണ്. അതിനാവശ്യം മാര്‍ക്കറ്റില്‍നിന്ന് പിന്‍വാങ്ങി സ്വതന്ത്രവിപണി വ്യവസ്ഥയുടെ ദയാദാക്ഷിണ്യങ്ങള്‍ക്കുമുന്നില്‍ സാധാരണക്കാരെ എറിഞ്ഞുകൊടുക്കുകയല്ല. 2009 ഒക്ടോബര്‍ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ എഫ്സിഐ ഗോഡൌണുകളില്‍ 44.3 ദശലക്ഷം ട ഭക്ഷ്യധാന്യശേഖരം ഉണ്ടായിരുന്നു. അതില്‍ ചെറിയൊരംശം പൊതുവിതരണശൃംഖലവഴി വിതരണംചെയ്താല്‍ മതി. പകരം ഗോഡൌണുകളിലെ സ്റോക്കില്‍നിന്ന് 1.5 ദശലക്ഷം ട ഗോതമ്പ് സ്വകാര്യകച്ചവടക്കാര്‍ക്ക് നേരിട്ടുവില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. മാര്‍ക്കറ്റില്‍ ഇടപെടുന്നതിലല്ല സര്‍ക്കാരിന് താല്‍പ്പര്യം. മറിച്ച് സ്വകാര്യവിപണിയെ ശക്തിപ്പെടുത്തുന്നതിലാണ്. വിലക്കയറ്റത്തിന് രണ്ടു പ്രത്യക്ഷഫലങ്ങളുണ്ട്. ഒന്ന്, അത് ദാരിദ്യ്രം മൂര്‍ച്ഛിപ്പിക്കും. ദരിദ്രരുടെ എണ്ണം വര്‍ധിപ്പിക്കും. രണ്ട്, വിലക്കയറ്റം സാധാരണക്കാരില്‍നിന്ന് വരുമാനം സമ്പന്നരായ വ്യവസായി-വ്യാപാരി വിഭാഗങ്ങളിലേക്ക് കൈമാറ്റും. രണ്ടും സമൂഹത്തിലെ സാമ്പത്തിക അസമത്വം വളര്‍ത്തും. ഒരു നിശ്ചിത കലോറി ഭക്ഷ്യ ഊര്‍ജം ലഭിക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ എത്ര രൂപ വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ദാരിദ്യ്രരേഖ നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്. അതനുസരിച്ച് ഗ്രാമങ്ങളില്‍ പ്രതിമാസം ഒരാളുടെ വരുമാനം 368 രൂപയും പട്ടണങ്ങളില്‍ 559 രൂപയുമെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. നിശ്ചിതവിലയ്ക്ക് സാധനങ്ങള്‍ കിട്ടുമെന്ന സങ്കല്‍പ്പത്തിലാണ് ഈ തുക നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. പ്ളാനിങ് കമീഷന്‍ കണക്കുപ്രകാരം 27.5 ശതമാനം ജനങ്ങള്‍ ദാരിദ്യ്രരേഖയ്ക്കുതാഴെ കഴിയുന്നവരാണ്. 2004-05ലെ സ്ഥിതിവിവരം അടിസ്ഥാനമാക്കിയാണ് ഇത്. ഞെട്ടിപ്പിക്കുന്ന കണക്കാണ് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ സുരേഷ് ടെന്‍ഡുല്‍ക്കര്‍ ചെയര്‍മാനായ വര്‍ക്കിങ് ഗ്രൂപ്പ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. 37.2 ശതമാനംപേര്‍ ദാരിദ്യ്രരേഖയ്ക്കുതാഴെ കഴിയുന്നവരായി ഉണ്ടെന്ന് വര്‍ക്കിങ് ഗ്രൂപ്പ് വെളിപ്പെടുത്തുന്നു. ഗ്രാമങ്ങളില്‍ ദരിദ്രരുടെ എണ്ണം വളരെ കൂടുതലാണ്; 41.8 ശതമാനം. (ബിസിനസ് ലൈന്‍, ഡിസംബര്‍ 12, 2009). സാധനവില ഉയരുമ്പോള്‍ എന്താണ് സംഭവിക്കുക? നേരത്തെ കിട്ടിയിരുന്നതിനേക്കാള്‍ കുറച്ചുമാത്രം അരിയും പയറും പച്ചക്കറിയുമേ ലഭിക്കൂ. ഭക്ഷ്യ ഊര്‍ജത്തിന്റെ ലഭ്യത ചുരുങ്ങും. ദാരിദ്യ്രത്തിന്റെ തോത് ഉയരും. ദരിദ്രരുടെ എണ്ണം പെരുകും. ഇതാണ് വിലക്കയറ്റത്തിന്റെ ദുരന്തഫലം. വിലവര്‍ധന, നിയമാനുസൃത കവര്‍ച്ചയ്ക്ക് സമമാണ്. കഴിഞ്ഞമാസത്തേക്കാള്‍ ഈ മാസം വിലകള്‍ ഇരട്ടിച്ചാല്‍, കഴിഞ്ഞമാസം ചെലവാക്കിയതിനേക്കാള്‍ ഇരട്ടി പണം കൊടുത്താലേ അത്രയും അളവിലുള്ള സാധനങ്ങള്‍ ലഭിക്കൂ. അതായത് ഉപഭോക്താക്കളില്‍നിന്ന് ഇരട്ടി പണം വ്യാപാരികളിലേക്ക് അല്ലെങ്കില്‍ വ്യവസായികളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഉപഭോക്താവിന്റെ പോക്കറ്റിലെ പണം കവര്‍ന്നാല്‍ അത് ശിക്ഷാര്‍ഹമായ ക്രിമിനല്‍കുറ്റമാണ്. അധികവില വസൂലാക്കി അത്രയും പണം കവര്‍ന്നെടുത്താലോ അതിന് ശിക്ഷയില്ല. വിലക്കയറ്റം സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കുന്നു. മുതലാളിത്തവ്യവസ്ഥയെ ചലിപ്പിക്കുന്നത് ലാഭമാണ്. ലാഭം കിട്ടുമെങ്കില്‍ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കപ്പെടും. അതായത് നിക്ഷേപവും ഉല്‍പ്പാദനവും നടക്കും. ലാഭമില്ലെങ്കിലോ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കപ്പെടും. വിലവര്‍ധന ലാഭം ഉയര്‍ത്തും. നിക്ഷേപവും ഉല്‍പ്പാദനവും ശക്തിപ്പെടും. അധികലാഭം കൈവരുത്തും. ആയതിനാല്‍ വിലകള്‍ എപ്പോഴും ഉയര്‍ന്ന തലത്തില്‍ നിര്‍ത്തേണ്ടത് മുതലാളിത്തവളര്‍ച്ചയ്ക്ക് അനിവാര്യമാണ്. വിലനിയന്ത്രണത്തെക്കുറിച്ച് പ്രസംഗങ്ങളെല്ലാം വാചകമടിയായി മാറുന്നത് അതുകൊണ്ടാണ്. വിലനിലവാരം സ്ഥായിയായി നിന്നാല്‍ ലാഭക്കൊതിയരായ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വലിയും. മുതലാളിത്തവളര്‍ച്ച മന്ദീഭവിക്കും. വിലക്കയറ്റം യാദൃച്ഛികമല്ല. മഴയുടെയോ വെയിലിന്റെയോ സൃഷ്ടിയല്ല. അത് മുതലാളിത്തത്തിന്റെ ഉല്‍പ്പന്നമാണ്. മുതലാളിത്തവളര്‍ച്ചയുടെ പ്രചോദനമാണ്. മനഃപൂര്‍വം സ്വീകരിക്കപ്പെട്ട സാമ്പത്തികനയത്തിന്റെ ഫലമാണ്. വിലവര്‍ധന ഉപഭോക്താക്കളെ പിന്തിരിപ്പിക്കില്ലേ; പിന്നെ എങ്ങനെ വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ലാഭമുണ്ടാക്കാനാകുമെന്ന ചോദ്യം ഉയരാം. തീര്‍ച്ചയായും പ്രസക്തമായ ചോദ്യമാണിത്. അമേരിക്കയില്‍ വിലത്തകര്‍ച്ചയെ നേരിടാന്‍ ബുഷ്-ഒബാമ ഭരണകൂടം കൈക്കൊണ്ട അതേനടപടികളാണ് ഇന്ത്യയും വിലയിടിവ് തടയാന്‍ കൈക്കൊള്ളുന്നത്. (വിഭിന്നമായ കാരണങ്ങളാലാണ് അമേരിക്കയില്‍ വില്‍പ്പന ഇടിഞ്ഞതും വിലകള്‍ കുറഞ്ഞതും) ബാങ്കുകളുടെയും ഓഹരിക്കമ്പോളത്തിന്റെയും തകര്‍ച്ചയാണ് പണത്തിന്റെ ലഭ്യത ചുരുക്കി സാധനങ്ങള്‍ക്കുള്ള ആവശ്യം കുറച്ചത്. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി ഇന്ത്യയുടെ ദേശീയവരുമാനം 2008-09ല്‍ കേവലം 6.7 ശതമാനമായി ഇടിഞ്ഞല്ലോ. മുന്‍വര്‍ഷം അത് ഒമ്പതുശതമാനമായിരുന്നു. മുതലാളിത്തം സൃഷ്ടിച്ച മാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ഖജനാവില്‍നിന്ന് ജനങ്ങളുടെ നികുതിപ്പണം മൂന്നുഘട്ടത്തിലായി ഉത്തേജക പാക്കേജെന്ന രൂപത്തില്‍ ചെലവിട്ടു. 1.86 ലക്ഷം കോടി രൂപയാണ് അത്തരത്തില്‍ ചെലവഴിക്കപ്പെട്ടത്. ഏറ്റവുമൊടുവില്‍ 25,725 കോടി രൂപകൂടി അധികം ചെലവഴിക്കാന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കാന്‍ റിസര്‍വ് ബാങ്ക് പ്രേരിപ്പിക്കുന്നു. പലിശനിരക്ക് എട്ടുശതമാനത്തിലും താഴെയായി വെട്ടിക്കുറച്ചിരിക്കുന്നു. ഇതും വന്‍കിടവ്യവസായികള്‍ക്ക് തൃപ്തി നല്‍കിയിട്ടില്ല. 2.7 ശതമാനം കിഴിവ് ഏര്‍പ്പെടുത്തണമെന്ന് ഫിക്കി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതായാലും സര്‍ക്കാര്‍ ഇടപെടലിന്റെ ഫലമായി പണത്തിന്റെ ലഭ്യത ഉയര്‍ന്നു. സാധനങ്ങള്‍ക്ക് ആവശ്യം വളര്‍ന്നു. നിക്ഷേപം വര്‍ധിച്ചു. ഉല്‍പ്പാദനംകൂടി. ഒപ്പം വിലനിലവാരവും. വ്യവസായനിക്ഷേപകര്‍ക്ക് കൈത്താങ്ങ് നല്‍കി സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. അതിന് ഫലം കണ്ടു. 2009-10 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ (ജൂലൈമുതല്‍ സെപ്തംബര്‍വരെ) ദേശീയവരുമാനം 7.9 ശതമാനം വര്‍ധിച്ചു. നിര്‍മാണമേഖല 9.2 ശതമാനവും സേവനമേഖല 9.3 ശതമാനവും വളര്‍ച്ച നേടി. പക്ഷേ, കാര്‍ഷികമേഖല ദുര്‍ബലമായി തുടരുന്നു. 0.9 ശതമാനം വളര്‍ച്ചയാണ് നേടിയത്. ഒന്നാംപാദത്തില്‍ (ഏപ്രില്‍മുതല്‍ ജൂവരെ) 2.7 ശതമാനം വളര്‍ച്ചനിരക്ക് കൈവരിച്ചിരുന്ന സ്ഥാനത്താണ് 0.9 ശതമാനം വളര്‍ച്ച. ഒരു വശത്ത് ദേശീയവരുമാനത്തിന്റെ വര്‍ധന, മറുവശത്ത് പെരുകുന്ന ദാരിദ്യ്രവും ഉയരുന്ന സാധനവിലകളും. ഇവയുടെ ഒരു സംയോഗമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ കാഴ്ചവയ്ക്കുന്ന ചിത്രം. അത് നല്‍കുന്ന ഒരു സന്ദേശമുണ്ട്. കേവലമായ സാമ്പത്തികവളര്‍ച്ച രാജ്യത്തെ ദാരിദ്യ്രം പോക്കുകയില്ല, വിലക്കയറ്റം പരിഹരിക്കപ്പെടുകയില്ല. ദാരിദ്യ്രവും വിലക്കയറ്റവും ദൂരീകരിക്കണമെങ്കില്‍ അവ സൃഷ്ടിക്കുന്ന മുതലാളിത്തവ്യവസ്ഥയ്ക്ക് അറുതിയുണ്ടാകണം. വിലക്കയറ്റവിരുദ്ധസമരം മുതലാളിത്തവിരുദ്ധസമരംകൂടിയാണ്.

ഉണ്ണിത്താനെ വളഞ്ഞത് കോഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍

ഉണ്ണിത്താനെ വളഞ്ഞത് കോഗ്രസ്, ലീഗ് പ്രവര്‍ത്തകര്‍ .


മലപ്പുറം: യുവതിയുമായി മഞ്ചേരിയിലെ വീട്ടിലെത്തിയ കെപിസിസി എക്സിക്യൂട്ടീവ് അംഗം രാജ്മോഹന്‍ ഉണ്ണിത്താനെ വളഞ്ഞത് കോഗ്രസ്, മുസ്ളിംലീഗ് പ്രവര്‍ത്തകര്‍. യൂത്ത് കോഗ്രസ് ജില്ലാ സെക്രട്ടറി വി ഫിറോസിന്റെ നേതൃത്വത്തില്‍ കോഗ്രസുകാരാണ് ആദ്യം വീട്ടിലെത്തിയത്. ഉണ്ണിത്താനാണെന്ന് മനസ്സിലായതോടെ കോഗ്രസുകാര്‍ പകുതിയും മുങ്ങി. ശേഷിച്ചവര്‍ രക്ഷപ്പെടുത്താന്‍ നോക്കിയെങ്കിലും നാട്ടുകാര്‍ പ്രതിഷേധിച്ചപ്പോള്‍ പിന്‍വാങ്ങി. കോഗ്രസിനും ലീഗിനും സ്വാധീനമുള്ള പ്രദേശമാണിത്. ഈ വീട് വ്യഭിചാരത്തിന് ഉപയോഗിക്കുന്നെന്ന സൂചനയെ തുടര്‍ന്ന് ഈ രാഷ്ട്രീയകക്ഷികളുടെ പ്രാദേശികനേതാക്കള്‍ വീട് വാടകയ്ക്കെടുത്ത മഞ്ചേരി സ്വദേശി തലാപ്പില്‍ അഷ്റഫിനെ താക്കീത് ചെയ്തിരുന്നു. മാത്രമല്ല, സ്ത്രീകളുമായി വരുന്നവരെ പിടിക്കാനും അവര്‍ തീരുമാനിച്ചു. ഉണ്ണിത്താനെ പിടികൂടുമ്പോള്‍ കേസിലെ ഒന്നാംപ്രതി കൂടിയായ അഷ്റഫും മറ്റൊരാളും കൂടെ ഉണ്ടായിരുന്നു. അവര്‍ ഓടി രക്ഷപ്പെട്ടു. സമനിലതെറ്റിയപോലെ പെരുമാറിയ ഉണ്ണിത്താന്‍ വീടിന് പുറത്തുവന്ന് നാട്ടുകാരെ കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു. കൂടെയുള്ളത് ഭാര്യയാണെന്നായിരുന്നു ആദ്യം പറഞ്ഞത്. രക്ഷയില്ലാതായപ്പോള്‍ പ്രശ്നം ഒതുക്കാന്‍ വന്‍തുക വാഗ്ദാനംചെയ്തതായും നാട്ടുകാര്‍ പറയുന്നു. കുറച്ച് ദിവസംമുമ്പും ഉണ്ണിത്താന്‍ ജയലക്ഷ്മിക്കൊപ്പം മഞ്ചേരിയിലെത്തിയിരുന്നു. അന്ന് പെരിന്തല്‍മണ്ണയിലെ ഒരു ബാര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ അവിടെയെത്തിയ കോഗ്രസിന്റെ നഗരസഭാ കൌസിലറോടും മറ്റൊരു കോഗ്രസ് പ്രവര്‍ത്തകനോടും കൂടെയുള്ളത് ബന്ധുവാണെന്നാണ് പരിചയപ്പെടുത്തിയത്. ജയലക്ഷ്മി മഞ്ചേരിയിലാണ് താമസമെന്നും അവിടെ കൊണ്ടുവിടാന്‍ പോകുകയാണെന്നും തട്ടി. മകനെ കൂട്ടാന്‍ ബംഗളൂരുവിലേക്ക് പോകുന്നതിനിടെ മഞ്ചേരിയില്‍ എത്തിയതാണെന്നാണ് നാട്ടുകാര്‍ പിടിച്ചപ്പോള്‍ ഉണ്ണിത്താന്‍ മാധ്യമങ്ങളോടു പറഞ്ഞത്. എന്നാല്‍ കോടതിയില്‍ പറഞ്ഞത് സംഘടനാ ആവശ്യത്തിന് മഞ്ചേരിയില്‍ എത്തിയെന്ന്. ഇരുവരും പൊതുപ്രവര്‍ത്തകരാണെന്നും സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഇവിടെ വന്നതെന്നുമാണ് പ്രതിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഉണ്ണിത്താന്റെ കൂടെ പിടിയിലായ കൊല്ലം എഴുകോ പുത്തന്‍വീട്ടില്‍ ജയലക്ഷ്മിക്ക് സംഘടനയില്‍ ഇപ്പോള്‍ ഒരു സ്ഥാനവുമില്ല. ഉണ്ണിത്താനെ അനാശാസ്യത്തിന് യുവതിക്കൊപ്പം പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോഗ്രസ് നേതാവ് എന്‍ പി മൊയ്തീന്‍ ബുധനാഴ്ച അന്വേഷണം തുടങ്ങും. അന്വേഷണത്തിനായി മൊയ്തീന്‍ ബുധനാഴ്ച മഞ്ചേരിയിലെത്തും. ഉണ്ണിത്താന്‍, ജയലക്ഷ്മി, പരിസരവാസികള്‍, പാര്‍ടി പ്രവര്‍ത്തകര്‍ തുടങ്ങിയവരില്‍നിന്ന് തെളിവെടുക്കുമെന്ന് മൊയ്തീന്‍ പറഞ്ഞു. തെളിവ് നല്‍കാനാഗ്രഹിക്കുന്ന മറ്റ് രാഷ്ട്രീയകക്ഷികളില്‍നിന്നും വിവരം ശേഖരിക്കും. ഉടന്‍ റിപ്പോര്‍ട്ട് കൈമാറുമെന്നും മൊയ്തീന്‍ കോഴിക്കോട്ട് പറഞ്ഞു.

Sunday, December 20, 2009

കടുവയെ കിടുവ പിടിച്ചു .സീരിയല്‍ നടിക്കൊപ്പം രാജ്മോഹന്‍ ഉണ്ണിത്താന്‍ പിടിയില്‍.

കടുവയെ കിടുവ പിടിച്ചു .സീരിയല്‍ നടിക്കൊപ്പം രാജ്മോഹന്‍ ഉണ്ണിത്താന്‍ പിടിയില്‍.


മഞ്ചേരി: ആളൊഴിഞ്ഞ വീട്ടില്‍നിന്ന് കോഗ്രസ് ഐ നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെയും യുവതിയെയും രാത്രി പതിനൊന്നോടെ പിടികൂടിയത്. അരമണിക്കൂറോളം ഇരുവരെയും തടഞ്ഞുവെച്ചു. മഞ്ചേരി എസ്ഐ വി ബാബുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി സ്റ്റേഷനിലേക്ക് മാറ്റി. രാത്രി മുഴുവന്‍ ഇരുവരെയും സ്റ്റേഷനില്‍ ഇരുത്തി. രാവിലെ വൈദ്യ പരിശോധനക്കുശേഷം തുടര്‍നടപടിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു വീട്ടില്‍ അനാശാസ്യം നടക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ പരിശോധന നടത്തിയത്. ഈ വീട്ടില്‍ സ്ഥിരമായി അനാശാസ്യപ്രവര്‍ത്തനം നടക്കാറുണ്ടെന്നും ഇവര്‍ മുമ്പും വീട്ടില്‍ വന്നിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉണ്ണിത്താന്റെ പേരില്‍ അനാശാസ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തി.
NEWS FROM DESHABHIMANI

Saturday, December 19, 2009

ലീഗ് ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം: ഇ പി ജയരാജന്‍

ലീഗ് ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രം: ഇ പി ജയരാജന്‍

കൊച്ചി: സംസ്ഥാനത്ത് നടക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളുടെയും പ്രഭവകേന്ദ്രം മുസ്ളിംലീഗാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ദേശാഭിമാനി ജനറല്‍ മാനേജരുമായ ഇ പി ജയരാജന്‍ പറഞ്ഞു. ദേശാഭിമാനി പ്രചാരണത്തിന്റെ ഭാഗമായി സിപിഐ എം തൃപ്പൂണിത്തുറ ഏരിയയില്‍ ചേര്‍ത്ത പത്രത്തിന്റെ വരിസംഖ്യയും ലിസ്റ്റും ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഒന്നാംനമ്പര്‍ വര്‍ഗീയപാര്‍ടി മുസ്ളിംലീഗാണ്. കാസര്‍കോട് കലാപത്തിനുണ്ടായ ശ്രമമാണ് അതിന്റെ ഭീകരമുഖം ഒടുവില്‍ വെളിവാക്കിയത്. മാറാട് കലാപത്തില്‍ ലീഗിന്റെ പങ്ക് അന്വേഷണറിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നു. കേന്ദ്ര സഹമന്ത്രി ഇ അഹമ്മദിന്റെ ബന്ധു അന്താരാഷ്ട്ര ഭീകരനാണ്. അന്താരാഷ്ട്ര ഭീകരസംഘടനയായ എന്‍ഡിഎഫിന്റെ താവളവും ലീഗാണ്. ലീഗ് യഥാര്‍ഥത്തില്‍ മുസ്ളിം സമൂഹത്തെ ഇല്ലായ്മചെയ്യാനാണ് ശ്രമിക്കുന്നത്. സമൂഹത്തിനുമുന്നില്‍ ആ സമുദായത്തെ ഭീകരരെന്ന് മുദ്രകുത്താനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. നായനാര്‍ വധശ്രമക്കേസില്‍ കൊടുംഭീകരന്‍ തടിയന്റവിട നസീറിനെ കുറ്റവിമുക്തനാക്കാന്‍ മുഖ്യമന്ത്രിയായിരിക്കെ ശ്രമിച്ച ഉമ്മന്‍ചാണ്ടിയെ പ്രോസിക്യൂട്ടുചെയ്യണം. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിഞ്ഞ മഅ്ദനിയുമായും അന്താരാഷ്ട്ര ഭീകരസംഘടനയായ എന്‍എഡിഎഫുമായും തെരഞ്ഞെടുപ്പ്സഖ്യവും സീറ്റ്പങ്കിടലും നടത്തിയത് കോഗ്രസാണ്. അവര്‍ക്ക് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാന്‍ അര്‍ഹതയില്ല. ഇതൊക്കെ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണ് വലതുപക്ഷ മാധ്യമങ്ങള്‍.

Friday, December 18, 2009

ഇല്ലം ചുടരുത് ഉമ്മന്‍ചാണ്ടി

ഇല്ലം ചുടരുത് ഉമ്മന്‍ചാണ്ടി


"കാശ്മീര്‍ താഴ്വരപോലെയായി കേരളം''- കേരളത്തിന്റെ ശത്രുക്കള്‍ക്കുപോലും ഉപയോഗിക്കാന്‍തോന്നാത്ത ഈ പ്രയോഗം നടത്തിയത് മറ്റാരുമല്ല; കേരളത്തിന്റെ മിത്രമെന്ന് ഇപ്പോഴും നാം കാണുന്ന സാക്ഷാല്‍ ഉമ്മന്‍ചാണ്ടിയാണ്. "അത്രമേല്‍ സ്നേഹിച്ചിട്ട്'' എന്ന തലവാചകത്തില്‍ ഡിസംബര്‍ 16ന് മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും മറ്റ് പത്രങ്ങളില്‍ കൊടുത്ത പ്രസിദ്ധീകരണക്കുറിപ്പിലുമാണ് 'കാശ്മീര്‍ താഴ്വരപോലെയായി കേരളം' എന്ന പ്രയോഗം മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷനേതാവുമായ ഉമ്മന്‍ചാണ്ടി നടത്തിയത്. തീവ്രവാദശക്തികള്‍ രാക്ഷസരൂപം പ്രാപിക്കുന്ന കാഴ്ചയാണ് ലോകമെമ്പാടും. സ്വകാര്യത്തിലും പൊതുഉടമസ്ഥതയിലുമുള്ള ആയുധനിര്‍മാണക്കമ്പനികള്‍ പടക്കോപ്പുകളും വെടിമരുന്നും വിറ്റഴിക്കാനുള്ള വഴിതേടുന്നു. രാജ്യങ്ങളുടെ ആഭ്യന്തരസുരക്ഷിതത്വം പരിപാലിക്കപ്പെടാനും വൈദേശിക ആക്രമണത്തെ പ്രതിരോധിക്കാനും കൂടുതല്‍ ആയുധങ്ങളും ആധുനിക സജ്ജീകരണങ്ങളും വാങ്ങിക്കാന്‍ രാഷ്ട്രഭരണങ്ങളെ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കാന്‍ ഇക്കൂട്ടര്‍ ആവുന്നതെല്ലാം ചെയ്യുന്നു. ഈ ആയുധ-വെടിമരുന്ന് നിര്‍മാണ സ്ഥാപനങ്ങള്‍ ലാഭത്തിന്റെ 25ശതമാനംവരെ വിധ്വംസകര്‍ക്ക് നല്‍കിയാണ് ഈ സാഹചര്യം സൃഷ്ടിച്ചെടുക്കുന്നത്. ഇതുകൂടാതെ മറ്റ് അനേകം കാരണങ്ങള്‍ തീവ്രവാദത്തിന്റെ അകംപൊരുള്‍ തേടുമ്പോള്‍ കാണാനാവും. ലോകത്ത് എല്ലായിടത്തും ഭീകരത ബീഭത്സരൂപം പ്രാപിക്കുമ്പോഴും ഇന്ത്യയിലെ സംസ്ഥാനങ്ങളിലും ഒന്നല്ലെങ്കില്‍ മറ്റൊരുതരത്തില്‍ അത് പ്രത്യക്ഷപ്പെടുമെന്നതില്‍ സംശയം വേണ്ട. കേരളം ഇതില്‍നിന്ന് വ്യത്യസ്തമാകണമെന്ന് നാം എത്രതന്നെ ആഗ്രഹിച്ചാലും അത് ഏറെക്കുറെ അസാധ്യമാണെന്ന് ചിന്തിക്കുന്നവര്‍ക്കെല്ലാം അറിയാം. ഗുണവും ദോഷവും പ്രതിഫലിക്കുമെന്നതില്‍ ദോഷം ഏറ്റവും കുറച്ചുമാത്രം ബാധിക്കത്തക്കനിലയില്‍ കേരളത്തെ എങ്ങനെ രക്ഷിക്കാനാവും എന്നതാണ് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന കേരളീയരാകെ ചിന്തിക്കേണ്ടത്. മതങ്ങളെയും ആശയങ്ങളെയും അടിസ്ഥാനപ്പെടുത്തി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളില്‍ 'മിതവാദം' കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും 'തീവ്രവാദംകൊണ്ടേ രക്ഷയുള്ളൂ'എന്നുമുള്ള വാദഗതികള്‍ ഏറ്റുമുട്ടുന്നത് മാനവചരിത്രത്തോളം പഴക്കമുള്ള ഒന്നാണ്. വ്യത്യസ്തകാലയളവില്‍ ഇവ രണ്ടും മേല്‍ക്കൈ നേടിയിട്ടുള്ളതിന്റെ ഉദാഹരണങ്ങള്‍ ഏറെയുണ്ട്. ആധിപത്യത്തിന് കൊതിക്കുന്ന ശക്തികള്‍ തീവ്രവാദികളെ ഉപയോഗിച്ച് ഭീകരവാദം സൃഷ്ടിക്കാന്‍ തുടങ്ങിയതാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. പരസ്പരം പടവെട്ടുന്ന തീവ്രവാദഗ്രൂപ്പുകള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ മിക്കവാറും ഒരേ 'മേക്ക്' തന്നെയാവും. തമ്പടിക്കാനും താവളമുറപ്പിക്കാനും അനുയോജ്യമായ ഭൂപ്രകൃതി, മനുഷ്യരുടെ ശാന്തസ്വഭാവം, പെട്ടെന്ന് ഭയപ്പെടുന്ന ജനത തുടങ്ങി ഒത്തിണങ്ങിയ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയാണ് തീവ്രവാദികള്‍ സഞ്ചരിക്കുന്നത്. തീവ്രവാദശക്തികള്‍ ഇടം തേടിയ സ്ഥലങ്ങള്‍ അധികാരികളുടെ നിരീക്ഷണവലയത്തിലായാല്‍ അവര്‍ പുതിയ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടും. ആ നിലയ്ക്ക് ശാന്തസുന്ദരമായ കേരളത്തെ ലക്ഷ്യമാക്കി നീങ്ങാന്‍ തുടങ്ങിയിട്ട് നാളേറെയായി. പരിശോധനാസൌകര്യങ്ങള്‍ തീരെ കുറഞ്ഞ കേരളത്തിലെ കടലും നീണ്ട തീരവും ഇക്കൂട്ടര്‍ക്ക് വലിയ അനുഗ്രഹവുമാണ്. തീവ്രവാദികളെയും അവരോട് സഹകരിച്ചവരെയും കുറിച്ചുള്ള വിവരങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിവിധ ഏജന്‍സികള്‍ ഒറ്റയ്ക്കും കൂട്ടായും അന്വേഷിക്കുന്നതുകൊണ്ട് ഏതെങ്കിലും ഒരു ഏജന്‍സിക്ക് തനിച്ച് ആരെയും രക്ഷപ്പെടുത്താനാവില്ല എന്നതാണ് സത്യം. നിസ്സാരസംഭവങ്ങളെ പര്‍വതീകരിക്കാനും രാഷ്ട്രീയവല്‍ക്കരിക്കാനും വിവാദവും സംവാദവുമാക്കാനും പരസ്പരം മത്സരിക്കുന്ന മാധ്യമങ്ങള്‍ അരങ്ങുവാഴുന്ന കേരളത്തില്‍ ഒരാള്‍ക്കും ഒരാളെയും രക്ഷപ്പെടുത്താനാവില്ല. വസ്തുത ഇയിരിക്കെ കേരളം 'കാശ്മീര്‍ താഴ്വരപോലെയായി' എന്ന ഉമ്മന്‍ചാണ്ടിപ്രയോഗം അതീവനിന്ദ്യവും അതിക്രൂരവുമായെന്ന് പറയാതെവയ്യ. ഭരണപക്ഷത്തെ ലക്ഷ്യമാക്കി തൊടുത്തുവിടുന്ന ആരോപണ അസ്ത്രം ചെന്നുതറഞ്ഞത് കേരളത്തിന്റെ നെഞ്ചിലാണെന്ന് ഉമ്മന്‍ചാണ്ടി മറക്കരുത്. ഭീകരവാദംമൂലം തകര്‍ന്നുപോയ കശ്മീരിന് തുല്യമാക്കി കേരളത്തെ ചിത്രീകരിച്ചും കേരളത്തിന്റെ ടൂറിസം, വ്യവസായം, പശ്ചാത്തലവികസനം തുടങ്ങിയ രംഗങ്ങളിലുള്ള നിക്ഷേപകരെ തടഞ്ഞും അഭ്യസ്തവിദ്യരായ കേരളീയരുടെ വിദേശതൊഴില്‍ സാധ്യതകളെ അടച്ചും വളര്‍ച്ചയെയും പ്രതിക്ഷകളെയും തകര്‍ക്കാമോ? 28 സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമെന്ന് കോഗ്രസ് നേതാവ് കൂടിയായ കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജിയില്‍നിന്ന് കേരളം അവാര്‍ഡ് ഏറ്റുവാങ്ങിയത് മറന്നുപോകരുത്. ഇല്ലം ചുട്ടും സിപിഐ എം വിരോധം ആളിക്കത്തിച്ചാല്‍ വെന്തു വെണ്ണീറാകുകയും മറ്റുള്ളവരാല്‍ വെറുക്കപ്പെടുകയും ചെയ്യുന്നത് ഈ നാടാണ് എന്ന് ഓര്‍ക്കുക. കശ്മീര്‍ താഴ്വരപോലെയായി കേരളം എന്ന പ്രയോഗം പിന്‍വലിച്ച് കേരളജനതയോട് മാപ്പുപറയുകയാണ് ഉമ്മന്‍ചാണ്ടിയില്‍ അര്‍പ്പിതമായ അടിയന്തര കടമ. നാടിനെ നശിപ്പിക്കുന്ന പ്രസ്താവന പിന്‍വലിക്കുന്നതുവരെ സാംസ്കാരികകേരളം ഉണര്‍ന്നുപ്രവര്‍ത്തിക്കണം എന്നുകൂടി പറഞ്ഞുവയ്ക്കട്ടെ.


എ എം ആരിഫ്
ദേശാഭിമാനി

Wednesday, December 16, 2009

കേസ് നായനാര്‍ അട്ടിമറിച്ചെന്നോ?

കേസ് നായനാര്‍ അട്ടിമറിച്ചെന്നോ?

1996 മെയ് 20 മുതല്‍ 2001 മെയ് 13 വരെ ഇ കെ നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. പൊലീസ് വകുപ്പ് കൈകാര്യം ചെയ്തത് അന്ന് മുഖ്യമന്ത്രിയാണ്. നായനാരെ വധിക്കാന്‍ പദ്ധതിയിട്ടത് കണ്ടെത്തിയതും ആ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതും ആ ഗവര്‍മെന്റിന്റെ കാലത്താണ്. ഇന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു, എല്‍ഡിഎഫ് സര്‍ക്കാര്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ചെന്ന്. അതായത്, നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് നായനാര്‍ തന്നെ അട്ടിമറിച്ചെന്ന്. ചിത്തഭ്രമം ബാധിച്ചവര്‍ക്കല്ലാതെ ഇങ്ങനെയൊരാരോപണം ഉന്നയിക്കാനാകുമോ? 1999 ആഗസ്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയും വധശ്രമ ഗൂഡാലോചന പുറത്തുവരികയും ചെയ്തപ്പോള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് എ കെ ആന്റണി അതിനെ കെട്ടുകഥയെന്ന് ആക്ഷേപിച്ചു. യുഡിഎഫ് നേതാക്കള്‍ പരിഹസിക്കാന്‍ മത്സരിച്ചു-രാഷ്ട്രീയ സ്റ്റണ്ട് എന്ന് വിശേഷിപ്പിച്ചു. അന്ന് ആന്റണിയും കെപിസിസി നേതൃത്വവും എം വി രാഘവനടക്കമുള്ള യുഡിഎഫ് നേതാക്കളും സ്വീകരിച്ച സമീപനത്തിന്റെ തുടര്‍ച്ചയാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ കേസ് പിന്‍വലിക്കാന്‍ നടത്തിയ ശ്രമം. അതിന്റെ തുടര്‍ക്കഥതന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി ഏറ്റെടുത്ത വിവാദവും. 'അത്രമേല്‍ സ്നേഹിച്ചിട്ട്' എന്ന വൈകാരികമായ തലക്കെട്ടോടെയാണ് ഉമ്മന്‍ ചാണ്ടി, കേരളത്തിന് നായനാരോടുള്ള സ്നേഹം സിപിഐ എമ്മിനെതിരായ ആയുധമാക്കിമാറ്റാനുള്ള അതിസാമര്‍ത്ഥ്യം പ്രയോഗിക്കുന്നത്. "ഇതിനുë ചുക്കാന്‍ പിടിച്ച നേതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഈ നാടും നല്‍കാന്‍ പോകുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായിക്കൊള്ളുക'' എന്ന് മാതൃഭൂമി പത്രത്തിലെ ലേഖനത്തിലൂടെ ഭീഷണിസ്വരത്തില്‍ എഴുതുന്നു. ഇത് ഉമ്മന്‍ചാണ്ടിയുടെ ഇപ്പോഴത്തെ അഭിപ്രായം. 1999ല്‍ ഈ അഭിപ്രായം ഉമ്മന്‍ചാണ്ടിക്കോ ആന്റണിക്കോ യുഡിഎഫിലെ ആര്‍ക്കെങ്കിലുമോ ഉണ്ടായിരുന്നില്ല. അന്ന് ആന്റണി പറഞ്ഞു: മുഖ്യമന്ത്രിക്കെതിരെ ചില മുസ്ളിം തീവ്രവാദസംഘടനകളുടെ വധഭീഷണി നിലവിലുണ്ടെന്ന പ്രചരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ട് തട്ടിയെടുക്കാന്‍ വേണ്ടിയുള്ള കെട്ടുകഥയാണെന്ന് ആന്റണി ആരോപിച്ചു. ഇത് ബിജെപി വോട്ടുകള്‍ നേടാന്‍ വേണ്ടിയുള്ള സിപിഎം തന്ത്രമാണ്. ഇല്ലെങ്കില്‍ തീവ്രവാദഭീഷണിയെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും വെളിപ്പെടുത്തണം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെയും പത്രക്കാരെയും വിശ്വാസത്തിലെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. (കേരളകൌമുദി, 1999 ആഗസ്ത് 23). എം വി രാഘവന്‍ ഒരുപടികൂടി കടന്നു: കണ്ണൂരില്‍ മുഖ്യമന്ത്രിയെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടന്നുവെന്ന സംഭവം രാഷ്ട്രീയ സ്റണ്ടാണെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി എം വി രാഘവന്‍ കണ്ണൂരില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു. പ്രതികള്‍ തീവ്രവാദികളായിരിക്കാം, അല്ലെങ്കില്‍ നിരപരാധികളായിരിക്കാം. നായനാരെയും മറ്റു രാഷ്ട്രീയനേതാക്കളെയും വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നത് തെരഞ്ഞെടുപ്പിനു വേണ്ടിയുണ്ടാക്കിയ കെട്ടുകഥയാണ്- രാഘവന്‍ പറഞ്ഞു. അയാളെ കൊന്നിട്ട് എന്തുനേടാനാണ്. എന്നെ വധിക്കാന്‍ ഗൂഡാലോചന നടന്നുവെന്ന് ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ആരെയെങ്കിലും അറസ്റ് ചെയ്യുകയോ എന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് രാഘവന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഓഫീസ് ശിപായിയായ ഡിഐജിയുണ്ടാക്കിയ നാടകമാണിതെന്ന് രാഘവന്‍ പറഞ്ഞു. (ചന്ദ്രിക, മനോരമ, 1999 ആഗസ്ത് 15). എം എം ഹസ്സന്‍ ഇങ്ങനെ പറഞ്ഞു: യുഡിഎഫില്‍നിന്ന് മുസ്ളിം ലീഗിനെ അടര്‍ത്തിയെടുക്കാന്‍ സിപിഐ, സിപിഎം കക്ഷികള്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായപ്പോഴാണ് മുസ്ളിം തീവ്രവാദികള്‍ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയെന്ന കെട്ടുകഥയുമായി മാര്‍ക്സിസ്റുകാര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ളിം തീവ്രവാദത്തെ ചൂണ്ടിക്കാട്ടി ഹിന്ദു വോട്ടുകള്‍ നേടാനും ബിജെപി- കോഗ്രസ് രഹസ്യബന്ധമെന്ന നുണ പ്രചരണത്തിലൂടെ മുസ്ളിം വോട്ടുകള്‍ നേടാനുമുള്ള സൃഗാലതന്ത്രമാണ് സിപിഐ-സിപിഎം നേതാക്കള്‍ സ്വീകരിക്കുന്നതെന്ന് ഹസ്സന്‍ കുറ്റപ്പെടുത്തി. (ചന്ദ്രിക, മാതൃഭൂമി, 1999 ആഗസ്ത് 25). നായനാര്‍ ജീവിച്ചിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയും സംഘവും അദ്ദേഹത്തെ കൈകാര്യം ചെയ്തത് ഏറ്റവും മോശമായ തരത്തിലായിരുന്നു. അഞ്ചുകൊല്ലം യുഡിഎഫ് ഭരിച്ചപ്പോള്‍ നായനാര്‍ വധശ്രമക്കേസ് അട്ടിമറിക്കാനാണ് ശ്രമമുണ്ടായത്. രണ്ടുവട്ടം കേസ് പിന്‍വലിക്കാന്‍ നീക്കം നടന്നു. ഉമ്മന്‍ചാണ്ടി നേരിട്ട് പങ്കാളിയായി. ഉറപ്പാകുന്നു-ഉമ്മന്‍ചാണ്ടിക്കും സംഘത്തിനുമെതിരെയാണ് ജനങ്ങള്‍ ഇളകേണ്ടത്. നാടും ജനങ്ങളും ശിക്ഷിക്കേണ്ടത് താങ്കളെയും കൂട്ടരെയുമല്ലാതെ മറ്റാരെയാണ്? നുണ ഇങ്ങനെ എത്രകാലം പറയാനാകും? യുഡിഎഫിന്റെ തീവ്രാദബന്ധം ഇഴകീറി പുറത്തുകൊണ്ടുവരുന്നതിലേക്ക് വിവാദം തിരിയുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥത ഉമ്മന്‍ചാണ്ടിയുടെ വെപ്രാളപ്രകടനത്തില്‍ കാണാം. നായനാരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയ കേസ് എന്ന തലക്കെട്ടോടെ തന്റെ മുന്നില്‍ വന്ന പ്രതിയുടെ ബന്ധുവിന്റെ ഹര്‍ജി ഒരു മനസാക്ഷിക്കുത്തുമില്ലാതെ തുടര്‍നടപടിക്കയക്കുകയും കേസ് പിന്‍വലിക്കുന്നതിന് ഒത്താശചെയ്യുകയും ചെയ്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ നായനാരെക്കുറിച്ച് വിലപിക്കുന്നുവോ? കണ്ണിലെ കൃഷ്ണമണിപോലെയാണ് കേരളം നായനാരെ സ്നേഹിച്ചത്; സ്നേഹിക്കുന്നത്. സിപിഐ എം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹമാണ്; നേതൃരൂപമാണ് സഖാവ് നായനാര്‍. അദ്ദേഹത്തെ ജീവിച്ചിരുന്നപ്പോള്‍ എല്ലാ അവസരത്തിലും അവഹേളിച്ചവര്‍ ഇന്ന് നായനാരുടെ പേരുപറഞ്ഞ് വികാരം കൊള്ളുന്നുവെങ്കില്‍, അതിനുപിന്നില്‍ കുടിയിരിക്കുന്ന നെറികെട്ട രാഷ്ട്രീയ കുതന്ത്രം തിരിച്ചറിയാന്‍ കേരളത്തിന്റെ ചിന്താശേഷി മരിച്ചുമരവിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടി മറുപടി പയണം. 1. നായനാര്‍ വധശ്രമക്കേസ് പുറത്തുവന്നപ്പോള്‍ താങ്കളും അന്നത്തെ യുഡിഎഫ് നേതൃത്വവും അതിനെ അപലപിച്ചിരുന്നുവോ? 2. കെട്ടുകഥയാണ് ആ കേസെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് എ കെ ആന്റണി പറഞ്ഞതിനെ ഇപ്പോള്‍ ഉമ്മന്‍ചാണ്ടി തള്ളിപ്പറയുമോ? 3. നിരപരാധികളെ പ്രതികളാക്കുന്നു എന്ന അന്നത്തെ കെപിസിസി ജനറല്‍സെക്രട്ടറിയുടെ നിലപാടിനെപ്പറ്റി താങ്കളുടെ പ്രതികരണമെന്ത്? 3. കെട്ടുകഥ എന്ന നിലപാട് കോഗ്രസും യുഡിഎഫും പിന്നീടും തുടര്‍ന്നതുകൊണ്ടല്ലേ കേസ് പിന്‍വലിക്കാനുള്ള ശ്രമത്തില്‍ ഉമ്മന്‍ചാണ്ടി പങ്കാളിയായത്? 4. അഞ്ചുകൊല്ലത്തെ യുഡിഎഫ് ഭരണത്തില്‍ കേസ് പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ ഒപ്പിട്ടതല്ലാതെ പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവോ? 5. കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കാന്‍ 2005 നവംബര്‍ 16 വരെ വൈകിപ്പിച്ചത് എന്തിന്? ഈചോദ്യങ്ങള്‍ക്കുള്ള മറുപടി ജനങ്ങള്‍ ഉമ്മന്‍ചാണ്ടിയില്‍നിന്ന് ന്യായമായും പ്രതീക്ഷിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണല്ലോ നായനാര്‍ വധശ്രമക്കേസ് അട്ടിമറിച്ച നേതാക്കള്‍ക്ക് നല്‍കാനുള്ള ശിക്ഷയുടെ തീവ്രത ജനങ്ങള്‍ക്ക് നിശ്ചയിക്കാനാവുക.
deshabhmani

Monday, December 14, 2009

കണ്ണൂരില്‍ തീവ്രവാദികള്‍ക്ക് ലീഗ് ബന്ധം

കണ്ണൂരില്‍ തീവ്രവാദികള്‍ക്ക് ലീഗ് ബന്ധം
കണ്ണൂര്‍: കണ്ണൂര്‍ നഗരം സംസ്ഥാനത്തെ പ്രധാന തീവ്രവാദ കേന്ദ്രമായി വളര്‍ന്നത് മുസ്ളിംലീഗിന്റെ തണലില്‍. എല്ലാവിധ തീവ്രവാദത്തിനും എതിരാണെന്ന് ലീഗ് നേതാക്കള്‍ പരസ്യമായി പറയുമ്പോള്‍തന്നെയാണ് കണ്ണൂരിലെ ലീഗ് കേന്ദ്രത്തില്‍ തടിയന്റവിട നസീറിന്റെ നേതൃത്വത്തില്‍ തീവ്രവാദം തഴച്ചുവളര്‍ന്നത്. ഇതിന് എല്ലാവിധ സഹായവും നല്‍കിയത് ലീഗുമായി ബന്ധപ്പെട്ടവരും. ഐഎസ്എസ്, എന്‍ഡിഎഫ് തുടങ്ങിയ തീവ്രവാദ സംഘടനയുടെ പ്രവര്‍ത്തനത്തിന് പോകുമ്പോള്‍തന്നെ ഇവരെല്ലാം ലീഗിന്റെയും പ്രവര്‍ത്തകരായിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പേരില്‍ ഉണ്ടാകുന്ന കേസുകളില്‍നിന്ന് രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നതും ലീഗ് പ്രവര്‍ത്തകരാണ്. കണ്ണൂര്‍ സിറ്റി ഭാഗത്തെ ഏറ്റവും പ്രബല പാര്‍ടി മുസ്ളിംലീഗാണ്. കോഗ്രസ്പോലും നാമമാത്രമേയുള്ളൂ. സിപിഐ എമ്മാണെങ്കില്‍ ഇവരുടെ നിരന്തരമായ കടന്നാക്രമണത്തെ നേരിട്ടാണ് ചെറിയതോതില്‍ പ്രവര്‍ത്തിക്കുന്നത്. ലീഗ് ഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ട മുഴുവനാളുകളും. സിറ്റി പൊലീസ് സ്റ്റേഷനില്‍ ലീഗ് നേതാക്കള്‍ക്കുള്ള സ്വാധീനമാണ് നസീര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ പലപ്പോഴും രക്ഷപ്പെടാന്‍ കാരണം. നസീറിന് കുഴല്‍പ്പണം എത്തിച്ചുകൊടുത്തതിന് അടുത്തിടെ പിടിയിലായ സിറ്റിയിലെ നവാസ് സജീവ ലീഗ് പ്രവര്‍ത്തകനാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍പോലും യുഡിഎഫിനുവേണ്ടി ഇയാള്‍ പ്രവര്‍ത്തനത്തിന് ഇറങ്ങിയിരുന്നു. എന്‍ഡിഎഫിന്റെ മറവിലാണ് കണ്ണൂര്‍ നഗരത്തില്‍ പ്രധാനമായും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടന്നത്. തീവ്രവാദ ക്ളാസ് നടത്താന്‍ മുറി വാടകക്കെടുത്തതും മറ്റു സൌകര്യങ്ങള്‍ ഒരുക്കിയതും എന്‍ഡിഎഫ് പ്രവര്‍ത്തകരായി അറിയപ്പെടുന്നവരാണ്. സിറ്റിയിലെ ചില ഭാഗങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്. കശ്മീരില്‍ സൈന്യവുമായി ഏറ്റുമുട്ടലില്‍ മരിച്ച മൈതാനപ്പള്ളിയിലെ ഫയാസിന്റെ വീട്ടുകാരെ കാണാന്‍ ചെന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞതും ഭീഷണിപ്പെടുത്തിയതും ഈ സംഘമായിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം ഏറ്റെടുത്തത് എന്‍ഡിഎഫായിരുന്നു. എന്ത് ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്ത ക്രിമിനല്‍ സംഘത്തെ സൃഷ്ടിച്ചാണ് ലീഗ് കേന്ദ്രങ്ങളിലെല്ലാം അവരുടെ പ്രവര്‍ത്തനം. സാധാരണക്കാര്‍ക്ക് ഇവരുടെ കേന്ദ്രത്തിലൂടെ നടന്നുപോകാന്‍തന്നെ പേടിയാണ്. ഇത്തരം ക്രിമിനല്‍ സംഘത്തെ ലീഗ് വളര്‍ത്തിയതാണ് ഭീകരപ്രവര്‍ത്തനത്തിന് വളമായത്. ആസാദ്, വിനോദ് കൊലക്കേസുകളില്‍ പ്രതികള്‍ക്ക് സഹായം നല്‍കിയത് യുഡിഎഫ് നേതാക്കളായിരുന്നു. 2005 ലുണ്ടായ വിനോദ് വധക്കേസ് കൃത്യമായി അന്വേഷിക്കാന്‍പോലും പൊലീസ് തയ്യാറായില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ് അന്വേഷണം ഊര്‍ജിതമാക്കി പ്രതികളെ പിടിക്കാന്‍ ശ്രമം നടത്തിയത്. ഇതിനിടയില്‍ ഒരിക്കല്‍ പൊലീസിനെ വെട്ടിച്ച് നസീര്‍ കടന്നുകളഞ്ഞതാണ്. പിടിച്ചിട്ട് വിട്ടയച്ചുവെന്ന കള്ളപ്രചാരണവുമായി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ നടക്കുന്നത് ഈ സംഭവത്തിന്റെ പേരിലാണ്.

ഇ അഹമ്മദിന്റെ ബന്ധു ബംഗളൂരു സ്ഫോടനക്കേസിലും പ്രതി

ഇ അഹമ്മദിന്റെ ബന്ധു ബംഗളൂരു സ്ഫോടനക്കേസിലും പ്രതി

http://www.deshabhimani.com/Profile.aspx?user=130002
കണ്ണൂര്‍, തിരു: കേന്ദ്രസഹമന്ത്രി ഇ അഹമ്മദിന്റെ ബന്ധു ഷെഫീഖിനെ ബംഗളൂരു സ്ഫോടനക്കേസിലും പ്രതിചേര്‍ത്തു. തടിയന്റവിട നസീറിനെ കര്‍ണാടക പൊലീസ് ചോദ്യംചെയ്തപ്പോഴാണ് ബംഗളൂരു സ്ഫോടനത്തിലും ഇയാള്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായത്. എറണാകുളത്തെ റഹീം പൂക്കടശേരി വധശ്രമ കേസിലും ഇയാള്‍പ്രതിയാണ്. ഷെഫീഖിനെ പിടിക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ തീരുമാനിച്ചു. സൌദിഅറേബ്യയില്‍ ഒളിവില്‍ കഴിയുന്ന ഇയാള്‍ കേരളത്തിലെ ചില ഉന്നതരുമായി ടെലിഫോണില്‍ സംസാരിച്ചതായി അന്വേഷണസംഘത്തിന് സൂചന കിട്ടി. കോഴിക്കോട് ഇരട്ട സ്ഫോടനം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയും ബംഗളൂരു സ്ഫോടനം അന്വേഷിക്കുന്ന കര്‍ണാടക പൊലീസും ഷെഫീഖിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ണാടക പൊലീസിന്റെ കസ്റഡിയിലുള്ള തടിയന്റവിട നസീറിന്റെ കണ്ണൂരിലെ പ്രധാന സഹായികളില്‍ ഒരാളാണ് താവക്കര പള്ളിയത്ത്വില്ല ഹംസയുടെ മകന്‍ ഷെഫീഖ് (27). മുസ്ളിംലീഗ് അഖിലേന്ത്യാ പ്രസിഡന്റും കേന്ദ്ര റെയില്‍ സഹമന്ത്രിയുമായ ഇ അഹമ്മദിന്റെ മരുമകളുടെ ഭര്‍ത്താവ് ഖാലിദിന്റെ അനുജനാണ്. പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ കശ്മീരില്‍ പട്ടാളക്കാരുടെ വെടിയേറ്റ് മരിച്ച തീവ്രവാദി ഫായീസും ഷെഫീഖും അടുത്ത സുഹൃത്തുക്കളായിരുന്നു. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിനടുത്തുള്ള പെട്രോള്‍പമ്പിന് അരികിലുള്ള കടയായിരുന്നു ഇവരുടെ പ്രധാനകേന്ദ്രം. ഇടയ്ക്കിടെ കണ്ണൂരിലെത്തിയിരുന്ന തടിയന്റവിട നസീറിന്റെ പ്രധാന സഹായികളും ഇവരായിരുന്നു. ബൈക്കില്‍ കൊണ്ടുപോകാനും യോഗങ്ങള്‍ നടത്താനും ഇവര്‍ സൌകര്യം ഒരുക്കിയിരുന്നു. ബംഗളൂരു സ്ഫോടനം ആസൂത്രണംചെയ്യുന്നതിലും സാധനങ്ങള്‍ വാങ്ങുന്നതിലും നസീറിനൊപ്പം പിടിയിലായ ഷഫാസിന് പ്രധാന സഹായികളായിരുന്നത് മരിച്ച ഫായീസും ഷെഫീഖുമായിരുന്നു. ഫായീസിന്റെ വീട്ടില്‍വച്ചാണ് ബോംബ് വയ്ക്കാനുള്ള തകരപ്പെട്ടി ഉണ്ടാക്കിയതെന്നും നസീര്‍ മൊഴി നല്‍കിയിരുന്നു. 2005 സെപ്തംബറില്‍ കളമശേരി ബസ് കത്തിക്കല്‍ കേസില്‍ ഒന്‍പതാം പ്രതിയാക്കിയപ്പോഴാണ് ഷെഫീഖ് ദുബായിലേക്ക് കടന്നത്. കേസില്‍ പിടിയിലായവര്‍ ഷെഫീഖിന്റെ പേരും പറഞ്ഞിരുന്നു. ഇത് അന്വേഷിക്കാന്‍ എറണാകുളത്തുനിന്ന് പൊലീസ് കണ്ണൂരില്‍ എത്തിയിരുന്നു. എന്നാല്‍, പൊലീസ് എത്തി മൂന്നാംദിവസം ഷെഫീഖ് മുംബൈയില്‍നിന്ന് ദുബായിക്ക് വിമാനത്തില്‍ കടന്നു. അന്ന് കേന്ദ്ര വിദേശ സഹമന്ത്രിയായിരുന്ന ഇ അഹമ്മദിന്റെ പേഴ്ണല്‍ സ്റാഫിലെ പ്രമുഖനാണ് ഷെഫീഖിനെ തടസ്സങ്ങളില്ലാതെ ഗള്‍ഫിലേക്ക് കടക്കാന്‍ സഹായിച്ചത്. അഹമ്മദിന്റെ സഹോദരി ആയിഷയുടെ മകള്‍ ബേബിയുടെ ഭര്‍ത്താവാണ് ഷെഫീഖിന്റെ ജ്യേഷ്ഠന്‍ ഖാലിദ്്. റഹീം പൂക്കടശേരി വധശ്രമ കേസില്‍ അഞ്ചാം പ്രതിയാണ് ഷെഫീഖ്. പൂക്കടശേരി കേസിലെ മറ്റ് പ്രതികള്‍ ഷെഫീഖിന്റെ ഫോട്ടോ തിരിച്ചറിഞ്ഞു. നസീറിനോടൊപ്പം ഷെഫീഖിന്റെ ഉടമസ്ഥതയിലുള്ള കാറില്‍ കണ്ണൂരില്‍നിന്ന് കളമശേരിയില്‍ എത്തിയാണ് വധശ്രമം നടത്തിയത്. പൂക്കടശേരിയെ വിളിച്ചുവരുത്തിയതും ബോംബ് എറിഞ്ഞതും ഇയാളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിസിറ്റിങ് വിസയില്‍ ദുബായിക്ക് പോയ ഷെഫീഖ് കുറച്ചുകഴിഞ്ഞ് രഹസ്യമായി നാട്ടില്‍ വന്നെന്നാണ് സൂചന. ഇതിനിടയിലെല്ലാം നസീറുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് നസീര്‍ നല്‍കിയ മൊഴി. കശ്മീരില്‍ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് ഷെഫീഖ് വീണ്ടും ഗള്‍ഫിലേക്ക് പോയതെന്നാണ് വിവരം.

Sunday, December 13, 2009

യുഡിഎഫ് വിവാദം എന്‍ഡിഎഫ് ബന്ധം മറച്ചുവയ്ക്കാന്‍: പിണറായി

യുഡിഎഫ് വിവാദം എന്‍ഡിഎഫ് ബന്ധം മറച്ചുവയ്ക്കാന്‍: പിണറായി



തിരു: തീവ്രവാദപ്രസ്ഥാനമായ എന്‍ഡിഎഫുമായി യുഡിഎഫ് ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് മറച്ചുവെക്കാനാണ് മഅ്ദനി വിവാദം വീണ്ടും കുത്തിപ്പൊക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത ആ സഖ്യത്തെ വെള്ളപൂശാനും സിപിഐ എമ്മിന്റെ മതേതര പ്രതിഛായ തകര്‍ക്കാനുമാണ് യുഡിഎഫും ചില മാധ്യമങ്ങളും മഅ്ദനി വിവാദം ഉപയോഗിക്കുന്നതെന്ന് പിണറായി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മഅ്ദനി തീവ്രവ്രാദ നിലപാട് സ്വീകരിച്ചിരുന്നപ്പോള്‍ യുഡിഎഫും പിഡിപിയും രാഷ്ട്രീയ കൂട്ടുകെട്ടിലായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം, കുന്ദമംഗലം സീറ്റുകള്‍ യുഡിഎഫ് പിഡിപിക്ക്് നീക്കിവെച്ചു. തീവ്രവാദത്തിനെതിരെ സിപിഐ എം ഏതറ്റം വരെയും പോരാടും. പഴയതീവ്രവാദനിലപാടുകള്‍ മഅ്ദനി തിരസ്കരിച്ചത് സിപിഐ എം സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, മഅ്ദനിയോ അനുയായികളോ പഴയ കാലത്ത് നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തെങ്കില്‍ അത് ന്യായീകരിക്കേണ്ട കാര്യം സിപിഐ എമ്മിനില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഅ്ദനി എല്‍ഡിഎഫിനെ പിന്താങ്ങുമെന്ന് പ്രഖ്യാപിച്ചു. പൊന്നാനിയില്‍ അവര്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. അതേസമയം എല്‍ഡിഎഫും പിഡിപിയുമായി എതെങ്കിലും വിധത്തിലുള്ള ധാരണയോ കൂട്ടുകെട്ടോ ഉണ്ടാക്കിയിരുന്നില്ല. യുഡിഎഫ് നല്‍കിയതുപോല സീറ്റുകള്‍ വിട്ടുകൊടുത്തുള്ള ഏര്‍പ്പാടിന് എല്‍ഡിഎഫ് പോയില്ല. എന്നിട്ടും പിഡിപിയുമായി കൂട്ടുകെട്ടുണ്ടാക്കിയതായി ദുര്‍വ്യാഖ്യാനം ചെയ്തു. പിഡിപിയുടെ സഹായം എല്‍ഡിഎഫിനെ പിന്താങ്ങുന്ന മതേതരവിശ്വാസികളില്‍ ചിലരില്‍ എതിര്‍പ്പുളവാക്കിയെന്ന് തെരഞ്ഞെടുപ്പിനുശേഷം പാര്‍ടി വിലയിരുത്തിയതാണ്. പിഡിപിയുമായി വേദി പങ്കിട്ടത് ശരിയായില്ലെന്നും പാര്‍ടി കേന്ദ്രകമ്മറ്റി വിലയിരുത്തി. തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് അച്ചടിച്ച് പ്രസിദ്ധികരിച്ചതാണ്. അത് പലരും മറന്നു. അവലോകനം പുതിയ കണ്ടുപിടുത്തമെന്ന മട്ടിലാണ് ചില കേന്ദ്രങ്ങള്‍ അവതരിപ്പിക്കുന്നത്. മഅ്ദനി ഐഎസ്എസ് രൂപീകരിച്ചപ്പോള്‍ സിപിഐ എം അതിശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍, അന്ന് യുഡിഎഫ് മഅ്ദനിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. പി പി തങ്കച്ചന്‍ അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ മഅ്നിയുടെ ഫോട്ടോ വച്ചാണ് 2001 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ സഹായിച്ചതിന് നന്ദി അറിയിക്കാന്‍ അന്ന് യുഡിഎഫ് കവീനറായിരുന്ന ഉമ്മന്‍ചാണ്ടിയും ബെന്നി ബഹനാനുമാണ് കോയമ്പത്തുര്‍ ജയിലില്‍ പോയത്. തെരഞ്ഞെടുപ്പിനുശേഷം മഅ്ദനിയുടെ പാര്‍ടിയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റിനെ ഹജ്ജ് കമ്മറ്റി അംഗമാക്കി. തീവ്രാവാദനിലപാട് സ്വീകരിച്ച ഘട്ടത്തില്‍ മഅ്ദനിയുമായി കൂട്ടുകെട്ടുണ്ടാക്കിയത് പിശകായെന്ന് യുഡിഎഫിന് ഇപ്പോഴെങ്കിലും തോന്നുന്നുണ്ടോയെന്നും പിണറായി ചോദിച്ചു. മഅ്ദനി തീവ്രവാദ നിലപാട് പരസ്യമായി തള്ളിപ്പറഞ്ഞതോടെ ആ സ്ഥാനം തടിയന്റെവിട നസീറും എന്‍ഡിഎഫും ഏറ്റെടുത്തപ്പോള്‍ യുഡിഎഫ് അവരുമായി സഖ്യത്തിലായി. ലോക്സഭാ തെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും എന്‍ഡിഎഫ് പരസ്യമായി യുഡിഎഫിനായി പ്രവര്‍ത്തിച്ചു. പിന്തുണ വേണ്ടെന്നു പറയാന്‍ യുഡിഎഫ് തയ്യാറായില്ല. എന്‍ഡിഎഫിന്റെ രാഷ്ട്രീയ സംരക്ഷകരായി ലീഗ് മാറിയതാണ് ഈയിടെ കാസര്‍കോട്ട് നടന്ന കലാപത്തില്‍ കണ്ടത്. മഅ്ദനിയെ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അറസ്റ് ചെയ്തതിന്റെ പേരില്‍ സാമുദായിക വികാരം ആളിക്കത്തിച്ച് വോട്ടു പിടിക്കുകയാണ് 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചെയ്തത്. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിയായ കേസുകള്‍ അട്ടിമറിക്കാനാണ്് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. കളമശ്ശേരി ബസ് കത്തിക്കല്‍ കേസ് യുഡിഎഫ് ഭരണത്തിലാണ്. കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ബന്ധു പ്രതിയായ കേസ് അട്ടിമറിക്കുകയായിരുന്നു. കോടതി നിര്‍ദ്ദേശപ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായ പുനരന്വേഷിച്ച് മഅ്ദനിയുടെ ഭാര്യ സൂഫിയ മഅ്ദനിക്ക് കേസില്‍ പങ്കുള്ളതായി കണ്ടെത്തി. തെളിവിന്റെ അടിസഥാനത്തില്‍ കേസെടുത്തു. നസീര്‍ ഉള്‍പ്പെട്ട നാല് കേസുകള്‍ യുഡിഎഫ് ഭരണത്തിലുണ്ടായി. എന്നാല്‍, ഒരു കേസില്‍ മാത്രമാണ് നസീറിനെ യുഡിഎഫ് പ്രതിയാക്കിയതെന്നും പിണറായി ചൂണ്ടിക്കാട്ടി.


പ്രത്യേക ലേഖകന്‍
Deshabhimani

Wednesday, December 9, 2009

വിവാദങ്ങള്‍ തുലയട്ടെ; ഒറ്റക്കെട്ടായി ചെറുക്കാം

വിവാദങ്ങള്‍ തുലയട്ടെ; ഒറ്റക്കെട്ടായി ചെറുക്കാം

ഒരുവിധ ഭീകരാക്രമണവും അടുത്ത കാലത്ത് നടക്കാത്ത ചുരുക്കം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഭീകരതയെ അനുകൂലിക്കുന്ന പ്രചാരണങ്ങളും അതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനുള്ള കരുനീക്കങ്ങളും ഇവിടെയും നടക്കുന്നുണ്ട്. കേരളത്തിന്റെ ശാന്തമായ അന്തരീക്ഷം രഹസ്യമായ ചില കരുനീക്കങ്ങള്‍ക്കും ആസൂത്രണങ്ങള്‍ക്കും മറയായി ഉപയോഗിക്കപ്പെടുന്നുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ത്തുതോല്‍പ്പിക്കേണ്ട അവസ്ഥയാണിത്. അതില്‍ സങ്കുചിതമായ കക്ഷിരാഷ്ട്രീയ ലാഭമല്ല, നാടിനോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയാണ് രാഷ്ട്രീയ പാര്‍ടികളെയും മാധ്യമങ്ങളെയും നയിക്കേണ്ടത്. ദൌര്‍ഭാഗ്യവശാല്‍, കഴിഞ്ഞ കുറച്ചുനാളായി ഇവിടെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിവാദങ്ങള്‍ ശരിയായ ദിശയിലുള്ളതല്ല. ഭീകരപ്രവര്‍ത്തനം തടയാനും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുമുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാന്‍ ഉന്നംവച്ചുള്ള വിവാദങ്ങളാണ് യുഡിഎഫ് ഉയര്‍ത്തിവിട്ടത്. വിവിധ ഏജന്‍സികളും സംസ്ഥാനങ്ങളും ഉള്‍പ്പെട്ട കേസന്വേഷണത്തില്‍ കേരള പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനെക്കുറിച്ച് അനാവശ്യ സംശയം ഉയര്‍ത്തിവിട്ടത് യുഡിഎഫ് കവീനര്‍തന്നെയാണ്. അത് മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രശ്നം ഭീകരപ്രവര്‍ത്തനമല്ല, അന്വേഷണച്ചുമതലയുള്ള ഐജിയാണ് എന്ന നിലയിലേക്കെത്തിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ കണ്ണൂര്‍ സ്വദേശി തടിയന്റവിട നസീര്‍ എട്ടുകേസില്‍ പ്രതിയാണ്. ആദ്യത്തേത് 1999ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാരെ വധിക്കാന്‍ ശ്രമിച്ച കേസാണ്. ഇതില്‍ അറസ്റിലായ നസീര്‍ ജാമ്യത്തിലിറങ്ങി മുങ്ങി. നായനാരുടെ ഇമേജ് വര്‍ധിപ്പിക്കാന്‍ കെട്ടിച്ചമതാണ് ഈ കേസെന്ന് എം വി രാഘവനും കെ സുധാകരനും ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ അന്ന് ആക്ഷേപിച്ചത് കേരളീയരുടെ ഓര്‍മയിലുണ്ട്. യുഡിഎഫ് ഭരണകാലത്ത് ഈ കേസ് അന്വേഷിക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. കളമശേരിയില്‍ തമിഴ്നാട് ബസ് കത്തിച്ച കേസ്, കോഴിക്കോട് ടൌ മൊഫ്യൂസില്‍ ബസ് സ്റാന്‍ഡ് ബോംബ് കേസ്, കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റാന്‍ഡ് പരിസരത്തുള്ള ബോംബ് സ്ഫോടനക്കേസ് എന്നിവയിലെല്ലാം നസീറിന്റെ പങ്കാളിത്തം കണ്ടുപിടിച്ചതും നസീറിനെ പ്രതിചേര്‍ത്തതും എല്‍ഡിഎഫ് അധികാരത്തില്‍വന്നശേഷമാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മലയാളി യുവാക്കളെ കശ്മീരിലേക്ക് റിക്രൂട്ട്ചെയ്ത കേസ്കേരള പൊലീസിന്റെ ശ്രമഫലമായാണ് കണ്ടുപിടിച്ചതും നസീറിന്റെ പങ്കാളിത്തം തെളിയിച്ചതും. നസീറിനെക്കുറിച്ചുള്ള ഇത്തരം വിവരങ്ങളെല്ലാം വിശദമാക്കി കേരളാ പൊലീസാണ് 2009 ഏപ്രിലില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കത്തയച്ചത്. നസീറും കൂട്ടാളികളും ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ബംഗ്ളാദേശില്‍ എത്തിയിട്ടുണ്ടെന്ന് ബംഗ്ളാദേശില്‍ അവര്‍ ഉപയോഗിക്കുന്ന മൊബൈല്‍ നമ്പരടക്കം ചൂണ്ടിക്കാട്ടിയാണ് അറിയിച്ചത്. നസീര്‍ ഉള്‍പ്പെടെയുള്ള തീവ്രവാദ വിഭാഗത്തെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതും അക്കാര്യം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തെ അറിയിച്ചതും കേരളമാണ് എന്നര്‍ഥം. പ്രതികള്‍ വിദേശത്തായതുകൊണ്ട് നാഷണല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി കേസ് അന്വേഷിക്കുന്നത് ഉചിതമാണെന്ന കേരള സര്‍ക്കാരിന്റെ കത്തിനെതുടര്‍ന്നാണ് കോഴിക്കോട് ബസ്സ്റാന്‍ഡ് സ്ഫോടനക്കേസുകള്‍ ദേശീയ ഏജന്‍സി ഏറ്റെടുത്തത്. ഇതെല്ലാം മറച്ചുവച്ചാണ്, എല്‍ഡിഎഫ് സര്‍ക്കാരിനുനേരെ ഐജി ടോമിന്‍ തച്ചങ്കരിയെ ബംഗളൂരുവില്‍ അയച്ചതിന്റെ പേരില്‍ കുതിരകയറാന്‍ യുഡിഎഫ് തയ്യാറായത്. തച്ചങ്കരി കണ്ണൂര്‍ മേഖലയുടെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥനാണ്; യുഡിഎഫിന്റെ കാലത്തും പ്രധാനപ്പെട്ട പല പദവികളും അലങ്കരിച്ചയാളാണ്. സ്പെഷ്യല്‍ ടീമിന്റെ ചുമതലയുള്ള ഡിഐജി ടി കെ വിനോദ്കുമാര്‍ വിദേശത്തായതിനാല്‍ അടിയന്തര നടപടിയെന്ന നിലയിലാണ് തച്ചങ്കരിയെ നിയോഗിച്ചതെന്ന് ആഭ്യന്തരമന്ത്രി തന്നെ അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്. എന്നിട്ടും സംശയത്തിന്റെ പുകമറ പരത്താനുള്ള യുഡിഎഫ് പ്രചോദനം എന്താണ്? വിവിധ ഏജന്‍സികളും അനേകം ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട അന്വേഷണത്തെ എങ്ങനെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് യുഡിഎഫ് നേതൃത്വം കരുതുന്നത്? എന്തു ലക്ഷ്യമാണ് ഇങ്ങനെ ആരോപിക്കുന്നതിലൂടെ യുഡിഎഫിന് നേടാനുള്ളത്? പിഡിപി ബന്ധത്തിന്റെ പേരില്‍ തീവ്രവാദികളെ സഹായിക്കുന്ന നിലപാട് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നുവെന്നാണ് യുഡിഎഫിന്റെ ഒരു ആക്ഷേപം. എന്തേ പിഡിപിയുമായി യുഡിഎഫിന് ബന്ധമുണ്ടായിരുന്നില്ലേ. നസീറിനെ കോഴിക്കോട് ബോംബ് കേസിലും കളമശേരി ബസ് കത്തിക്കല്‍ കേസിലും പ്രതിയാക്കിയത് പതിനഞ്ചാം ലോക്സഭാ ഇലക്ഷനുശേഷമാണ് എന്നത് ഇവര്‍ക്കറിയില്ലേ? നസീര്‍ ഉള്‍പ്പെടുന്ന കോഴിക്കോട് ബോംബ് കേസ് നാഷണല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സിക്ക് കൈമാറിയത് ഈ സര്‍ക്കാരാണ് എന്നതറിയില്ലേ? നസീറിനെ രക്ഷിക്കാനായിരുന്നുവെങ്കില്‍ ഇത്തരം നടപടികളുടെ കാര്യമെന്ത്? ഭീകരവാദികള്‍ ഭയവും ഭീകരതയും സൃഷ്ടിച്ച് ജനങ്ങളില്‍ അരക്ഷിതബോധം സൃഷ്ടിക്കുകയും പൊലീസിലും സര്‍ക്കാരിലും ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കുകയുമാണ് ചെയ്യുന്നത്. ഇവിടെ രാഷ്ട്രീയം ആരോപിച്ച് അന്വേഷണത്തെ തളര്‍ത്താനാണ് യുഡിഎഫ് നോക്കുന്നത്. ഇത് നാടിന് ഗുണംചെയ്യുന്ന സമീപനമല്ല. ഒരു സുപ്രധാന പ്രശ്നത്തെ ഇവ്വിധം രാഷ്ട്രീയദുഷ്ടലാക്കോടെ സമീപിക്കുന്നതിനു പിന്നില്‍ മറ്റെന്തെങ്കിലും രഹസ്യതാല്‍പ്പര്യങ്ങളുണ്ടോ എന്നും പരിശോധിക്കപ്പെടണം. നസീറിന്റെ വെളിപ്പെടുത്തലുകളെ ഭയപ്പെടുകയും കേസന്വേഷണത്തിന്റെ പുരോഗതി തങ്ങളെ ബാധിക്കുമെന്ന് കരുതുകയും ചെയ്യുന്ന ആരെങ്കിലും യുഡിഎഫ് പാളയത്തിലുണ്ടോ? ഇല്ലെങ്കില്‍ എന്തിനീ വെകിളിപിടിച്ച പ്രകടനങ്ങള്‍? എന്തിനെയും വിവാദത്തില്‍ പുതപ്പിച്ച് നശിപ്പിച്ചുകളയുന്ന വികലമനസ്സുകളെ അവഗണിച്ച്, ഭീകരതയ്ക്കെതിരായ നിലപാടുകളില്‍ എല്‍ഡിഎഫ് ഗവമെന്റിന് പരിപൂര്‍ണ പിന്തുണയും സഹായവും നല്‍കാന്‍ ജനങ്ങളാകെ തയ്യാറാകേണ്ടതുണ്ട്. ഇത് ഏതെങ്കിലും കക്ഷിയുടെ കാര്യമല്ല, കേരളത്തിന്റെയും ഇന്ത്യയുടെയും ജനങ്ങളുടെയാകെയും കാര്യമാണ് എന്ന തിരിച്ചറിവോടെ യുഡിഎഫ് കക്ഷികളും സഹകരണത്തിന് തയ്യാറാകണം.

വിലക്കയറ്റത്തിന്റെ രാഷ്ട്രീയം

വിലക്കയറ്റത്തിന്റെ രാഷ്ട്രീയം

ഭക്ഷ്യവസ്തുക്കളുടെയും മറ്റു നിത്യോപയോഗസാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും വിലക്കയറ്റംകൊണ്ട് പൊറുതിമുട്ടിയ ബഹുഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ കഷ്ടപ്പാട് വിവരണാതീതമാണെന്നും രാഷ്ട്രീയാഭിപ്രായവ്യത്യാസമെന്യേ എല്ലാവരും സമ്മതിക്കും. എന്നാല്‍, വിലക്കയറ്റത്തിന്റെ യഥാര്‍ഥ കാരണമെന്താണ്, ആരാണുത്തരവാദി, വിലക്കയറ്റം തടയാനോ നിയന്ത്രിക്കാനോ ഉള്ള മാര്‍ഗമെന്താണ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അഭിപ്രായവ്യത്യാസം തലപൊക്കാന്‍ തുടങ്ങും. കേന്ദ്രഭരണാധികാരികള്‍ സംസ്ഥാനങ്ങളെ കുറ്റപ്പെടുത്തും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി പ്രഭൃതികള്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരാണ് വിലക്കയറ്റത്തിനുത്തരവാദി എന്നാരോപിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ സമരപ്രഖ്യാപനവുമായി രംഗത്തുവരും. ബൂര്‍ഷ്വാ മാധ്യമങ്ങളും സ്വാഭാവികമായും ഇക്കൂട്ടര്‍ക്കുവേണ്ടിയാണ് വാദിക്കുക. വിലക്കയറ്റം നിയന്ത്രിക്കാനും നിത്യോപയോഗ വസ്തുക്കള്‍ ന്യായവിലയ്ക്ക് വിതരണംചെയ്യാനും എല്‍ഡിഎഫ് സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നതിന് അനുഭവംതന്നെ സാക്ഷിയാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തികനയത്തിന്റെ സന്തതിയാണ് വിലക്കയറ്റം. വിപണി സമ്പദ്വ്യവസ്ഥയില്‍ വില നിശ്ചയിക്കുന്നത് വിപണിയിലാണ്. വിപണിയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെടരുതെന്നാണ് നയം. വിലക്കയറ്റം കാരണം ജീവിതസൂചികയില്‍ വര്‍ധനയുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും ക്ഷാമബത്ത നല്‍കാറുണ്ട്. ഏറ്റവുമൊടുവില്‍ കേരള സര്‍ക്കാര്‍ ഒമ്പത് ശതമാനം ക്ഷാമബത്തയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അനുവദിച്ചത്. പൊതുവിതരണസമ്പ്രദായം മാതൃകാപരമായി നടപ്പാക്കുന്നതിനും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ഭീമമായ തുക ചെലവഴിക്കേണ്ടതുണ്ട്. ഇതിനെല്ലാം സംസ്ഥാനസര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പരിമിതികളുണ്ടെന്ന് അറിയാത്തവരല്ല കേന്ദ്രത്തില്‍ ഭരണം നടത്തുന്നത്. എന്നിട്ടും സബ്സിഡി ഇനത്തില്‍ സഹായം നല്‍കുകയില്ല എന്നതാണ് കേന്ദ്രനയം. റേഷന്‍ വിതരണത്തിനാവശ്യമായ അരിവിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാരിനെ ശ്വാസംമുട്ടിക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നുവരുന്നത്. 1991ലെ തെരഞ്ഞെടുപ്പുകാലത്തെങ്കിലും വിലക്കയറ്റം സൃഷ്ടിക്കുന്നത് ദേശീയമുന്നണി സര്‍ക്കാരാണെന്ന് സ്ഥാപിക്കാന്‍ കോഗ്രസ് തയ്യാറായിരുന്നു. തങ്ങള്‍ ജയിച്ചാല്‍ നിത്യോപയോഗസാധനങ്ങളുടെ വിലനിലവാരം 1990 ജൂലൈ മാസത്തിലേതിനൊപ്പമെത്തിക്കുമെന്നും സമ്മതിദായകര്‍ക്ക് വാക്കുനല്‍കിയിരുന്നു. അധികാരത്തിലെത്തി നൂറുദിവസത്തിനകം വില കുറയ്ക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് മാനിഫെസ്റോയില്‍ എഴുതിവച്ചത്. അതായത് വില വര്‍ധിപ്പിക്കുന്നതും വില കുറയ്ക്കേണ്ടതും കേന്ദ്രസര്‍ക്കാരാണെന്ന് കോഗ്രസ് നേതൃത്വം സമ്മതിച്ചെന്നര്‍ഥം. ഇത് യുപിഎ സര്‍ക്കാരിന് കൂടുതല്‍ ബാധകമാകുന്നുവെന്നത് ഉമ്മന്‍ചാണ്ടി അംഗീകരിച്ചേ മതിയാകൂ. വിലക്കയറ്റത്തിനുത്തരവാദി ആരെന്നുള്ള ചോദ്യത്തിന് ഉത്തരം വളരെ ലളിതമാണ്. 15-ാം ലോക്സഭാതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ പെട്രോള്‍ ലിറ്ററിന് നാലു രൂപയും ഡീസലിന് രണ്ടുരൂപയും വര്‍ധിപ്പിച്ചതാരാണ്? റേഷന്‍വിഹിതം ഗണ്യമായി വെട്ടിക്കുറച്ച് കേരളത്തിലെ പൊതുവിതരണസമ്പ്രദായം ദുര്‍ബലപ്പെടുത്തിയതാരാണ്? ഊഹക്കച്ചവടവും പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും പ്രോത്സാഹിപ്പിച്ച് അവശ്യവസ്തുക്കളുടെ അവധിവ്യാപാരം അനുവദിച്ചതാരാണ്? പഞ്ചസാര ലോബിയുടെ സമ്മര്‍ദത്തിനുവഴങ്ങി കയറ്റുമതി അനുവദിച്ചതാരാണ്? ഇതുപോലുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ബാധ്യതയില്‍നിന്ന് കോഗ്രസിനും കൂട്ടാളികള്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ഭക്ഷ്യസുരക്ഷിതത്വം എന്ന ഓമനപ്പേര്‍ നല്‍കി ഭക്ഷ്യക്ഷാമവും വിലക്കയറ്റവും സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ നിയമപ്രകാരം ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള ഒരു കുടുംബത്തിന് 25 കിലോ അരിയോ ഗോതമ്പോ കിലോയ്ക്ക് മൂന്നു രൂപ നിരക്കില്‍ നല്‍കുമെന്നാണ് വ്യവസ്ഥ. അതായത് ഇന്ന് രണ്ടുരൂപ നല്‍കുന്നതിനുപകരം ഒരു രൂപ കൂടുതല്‍ നല്‍കേണ്ടിവരും. ബിപിഎല്‍ കുടുംബങ്ങളെ നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനാണ്. ഇപ്പോള്‍ രാജ്യത്താകെ ആറുകോടി 52 ലക്ഷം ബിപിഎല്‍ കുടുംബങ്ങളാണുള്ളത്. ഇത് അഞ്ചുകോടി 91 ലക്ഷമായി വെട്ടിക്കുറയ്ക്കാനാണ് നിര്‍ദേശം. ഏതാനും ചില സംസ്ഥാനങ്ങള്‍മാത്രം നടത്തിയ സര്‍വേ അനുസരിച്ച് ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം 10 കോടിയിലധികം വരും. എല്ലാ സംസ്ഥാനങ്ങളും സര്‍വേ നടത്തിയാല്‍ ബിപിഎല്‍ കുടുംബങ്ങളുടെ എണ്ണം ഇനിയും ഗണ്യമായി വര്‍ധിക്കും. കേന്ദ്രനയമനുസരിച്ച് കോടിക്കണക്കിന് ദരിദ്രകുടുംബങ്ങള്‍ ആനുകൂല്യം ലഭിക്കുന്നതില്‍നിന്ന് പുറംതള്ളപ്പെടുമെന്ന് വ്യക്തമാണ്. ഇതിനെല്ലാമുള്ള ഒരേയൊരു പോംവഴി സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കല്‍മാത്രമാണ്. യുപിഎ ഭരണത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പതില്‍നിന്ന് 53 ആയി വര്‍ധിച്ചെന്നത് നേരാണ്. എന്നാല്‍, അര്‍ജുന്‍ സെന്‍ ഗുപ്ത റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 77 ശതമാനം ജനങ്ങളും ശരാശരി ഒരു ദിവസം 20 രൂപമാത്രം ചെലവഴിക്കാന്‍ കഴിവുള്ളവരാണ്. ഡോ. എസ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ഗ്രാമീണ ദരിദ്രരുടെ എണ്ണം 42 ശതമാനവും നഗരങ്ങളില്‍ 26 ശതമാനവുമാണെന്നാണ് എഴുതിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സാര്‍വത്രികമായ പൊതുവിതരണസമ്പ്രദായം നടപ്പാക്കുന്നതിന് ആവശ്യമായ തുക നീക്കിവയ്ക്കാന്‍ കേന്ദ്രം തയ്യാറായേ മതിയാകൂ. 2009-10ല്‍ 52489 കോടി രൂപയാണ് സബ്സിഡി ഇനത്തില്‍ നീക്കിവച്ചത്. ഇത് മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 1.18 ശതമാനംമാത്രമാണ്. പല രാജ്യങ്ങളും 2.7 ശതമാനംവരെ തുക സബ്സിഡിക്ക് നല്‍കുന്നുണ്ട് എന്ന വസ്തുതയും ഓര്‍ക്കേണ്ടതാണ്. 2009-10 വര്‍ഷത്തെ വാര്‍ഷിക ബജറ്റില്‍ കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ക്കായി നാലുലക്ഷം കോടി രൂപ നികുതി ആനുകൂല്യം അനുവദിച്ചതായി കാണുന്നുണ്ട്. മറ്റൊരു കണക്കനുസരിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി കോര്‍പറേറ്റ് മാനേജ്മെന്റുകള്‍ക്ക് പ്രതിദിനം 700 കോടി രൂപയുടെ നികുതി ആനുകൂല്യം നല്‍കുന്നു. ഇതിന്റെ ചെറിയൊരംശമെങ്കിലും പാവപ്പെട്ടവര്‍ക്ക് (ആം ആദ്മി) നല്‍കാന്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുകയാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ചെയ്യേണ്ടത്. അത്തരമൊരു നയംമാറ്റത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സഹായകരമായ സമരമാണ് ഇവര്‍ ചെയ്യേണ്ടത്.

Sunday, December 6, 2009

തൃണമൂല്‍ കോഗ്രസ് നേതാവും റെയില്‍മന്ത്രിയുമായ മമത ബാനര്‍ജിക്ക് മാവോയിസ്റുകളുമായി ഗാഢബന്ധം


തൃണമൂല്‍ കോഗ്രസ് നേതാവും റെയില്‍മന്ത്രിയുമായ മമത ബാനര്‍ജിക്ക് മാവോയിസ്റുകളുമായി ഗാഢബന്ധം


കഴിഞ്ഞദിവസം ഇടതുപക്ഷ പാര്‍ടികളുടെ പാര്‍ലമെന്റ് അംഗങ്ങള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ കണ്ട് പശ്ചിമബംഗാള്‍ സംബന്ധിച്ചുനല്‍കിയ നിവേദനത്തില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനവും ഭദ്രതതന്നെയും തകര്‍ക്കാന്‍ ഒരു കേന്ദ്രമന്ത്രിയും അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ ശക്തികളും നടത്തുന്ന ഹീനശ്രമങ്ങളുടെ ബീഭത്സരൂപം വരച്ചുകാട്ടുന്നതാണ്. തൃണമൂല്‍ കോഗ്രസ് നേതാവും റെയില്‍മന്ത്രിയുമായ മമത ബാനര്‍ജി മാവോയിസ്റുകളുമായി ഗാഢബന്ധം പുലര്‍ത്തുന്നതിന്റെ അനിഷേധ്യ തെളിവുകളാണ് സീതാറാം യെച്ചൂരിയുടെ നേതൃത്വത്തില്‍ ബസുദേവാചാര്യ, ശ്യാമള്‍ ചക്രവര്‍ത്തി (സിപിഐ എം), പ്രബോധ് പാണ്ഡ (സിപിഐ), മനോഹര്‍ തിര്‍ക്കി (ആര്‍എസ്പി), ബരു മുഖര്‍ജി (ഫോര്‍വേഡ് ബ്ളോക്ക്) എന്നിവര്‍ പ്രധാനമന്ത്രിക്ക് കൈമാറിയത്. സിഡികളും പത്രവാര്‍ത്തകളുടെ പകര്‍പ്പും ചിത്രങ്ങളും കൊല്ലപ്പെട്ട ഇടതുപക്ഷ പാര്‍ടിപ്രവര്‍ത്തകരുടെ പട്ടികയും പ്രധാനമന്ത്രിയെ ഏല്‍പ്പിച്ചു. ഗൌരവമായി ഇതെല്ലാം പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി സംഘത്തിന് ഉറപ്പുനല്‍കിയെങ്കിലും ഇതുവരെ അത്തരമൊരു നീക്കം നടന്നുകാണുന്നില്ല. ബംഗാളില്‍നിന്ന് വന്നുകണ്ട ഒടുവിലത്തെ വാര്‍ത്തകളിലൊന്ന് അവിടത്തെ നിസാം പാലസ് എന്ന ഗസ്റ് ഹൌസ് കേന്ദ്രഭരണത്തിന്റെ സൌകര്യമുപയോഗിച്ച് തൃണമൂല്‍ കോഗ്രസ് പിടിച്ചെടുത്ത് സ്വന്തം സാമ്രാജ്യമാക്കി എന്നാണ്. കേന്ദ്രഷിപ്പിങ് സഹമന്ത്രിയും തൃണമൂല്‍ അഖിലേന്ത്യ സെക്രട്ടറിയുമായ മുകള്‍ റോയ് മാത്രം ഏഴു മുറി കൈവശപ്പെടുത്തി. കുറെയേറെ തൃണമൂല്‍ പ്രവര്‍ത്തകരുടെ സ്ഥിരതാമസവും അവിടെയാണത്രേ. അധികാരം എങ്ങനെ തൃണമൂല്‍ കോഗ്രസ് ഉപയോഗിക്കുന്നു എന്നതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണിത്. ഇന്ത്യ നേരിടുന്ന വലിയ ആഭ്യന്തരഭീഷണി നക്സലുകളില്‍നിന്നാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആവര്‍ത്തിച്ചു പറയുന്നു; അതേസമയം അദ്ദേഹത്തിന്റെ മന്ത്രിസഭാംഗം പശ്ചിമബംഗാളിലെ മാവോയിസ്റുകള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി അറസ്റിലായ മാവോയിസ്റ് നേതാവ് ഛത്രധര്‍ മഹാതോയെ വിട്ടയക്കണമെന്ന് പരസ്യമായി ആവശ്യപ്പെടാനും അതിനുവേണ്ടി അതിരുവിട്ട സമ്മര്‍ദം ചെലുത്താനും മമത ബാനര്‍ജി തയ്യാറായി. പശ്ചിമ ബംഗാളിലെ സാധാരണ ജനജീവിതം താറുമാറാക്കുന്ന മാവോയിസ്റ് ഭീകരതയെ ചെറുക്കാന്‍ പട്ടാളത്തെ വിട്ടുകൊടുക്കാന്‍ പാടില്ലെന്നാണ് മമതയുടെ ആവശ്യം. മാവോയിസ്റുകളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ കേന്ദ്രസേനയെ പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യമുന്നയിച്ചു. മാവോയിസ്റുകളും മമതയും യോജിച്ചാണ് നീങ്ങുന്നത്. മമത മുഖ്യമന്ത്രിയാകണമെന്നാണ് മാവോയിസ്റ് നേതാവ് കിഷന്‍ജി ആഗ്രഹം പ്രകടിപ്പിച്ചത്. ഇത്തരം കാര്യങ്ങളെല്ലാം എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ തെളിവുസഹിതം ചൂണ്ടിക്കാട്ടുന്നു. പശ്ചിമബംഗാളിലെ ക്രമസമാധാനനില അന്വേഷിക്കാന്‍ തൃണമൂല്‍ കോഗ്രസിന്റെ സമ്മര്‍ദത്തിനു വഴങ്ങി കേന്ദ്രം അയച്ച പ്രതിനിധിസംഘം കഴിഞ്ഞ ദിവസം എത്തിയിരുന്നു. ലാല്‍ഗഢ് കലാപത്തിന്റെ നേതാവ് ഛത്രധര്‍ മഹാതോയോടൊപ്പം മമത ബാനര്‍ജി പൊതുയോഗത്തില്‍ പങ്കെടുത്തത്, നന്ദിഗ്രാമില്‍ തൃണമൂല്‍ എംപി സുഖേന്ദു അധികാരി മാവോയിസ്റ് നേതാവ് നാരായന്‍ സുകുമാറുമായി വേദിപങ്കിടുന്നത് എന്നിവയുടെ ചിത്രങ്ങള്‍ സഹിതമുള്ള രേഖ ഇടതുമുന്നണി ആ സംഘത്തിനും നല്‍കിയിരുന്നു. അതിനുപുറമെയാണ് കുടുതല്‍ വിവരങ്ങളും തെളിവുകളുമായി പാര്‍ലമെന്റ് അംഗങ്ങള്‍തന്നെ പ്രധാനമന്ത്രിയെ കാണാനെത്തിയത്. കോഗ്രസിന്റെ ഇരട്ടത്താപ്പ് പ്രകടമാണ്. മമതയെ കയറൂരിവിട്ട് രാഷ്ട്രീയ ആക്രമണങ്ങള്‍ക്കും മാവോയിസ്റ് തേര്‍വാഴ്ചയ്ക്കും പ്രത്യക്ഷത്തില്‍ത്തന്നെ പിന്തുണ നല്‍കുകയാണ് ആ പാര്‍ടി. രാജ്യത്തിന് കൊടുംഭീഷണിയെന്ന് പ്രധാനമന്ത്രിതന്നെ വിശേഷിപ്പിച്ച ശക്തികളെ പശ്ചിമ ബംഗാളില്‍ അധികാരം തിരിച്ചുപിടിക്കുക എന്ന ഏകലക്ഷ്യത്തിലെത്താനായി പ്രോത്സാഹിപ്പിക്കുന്നു. കേന്ദ്രമന്ത്രിമാരെത്തന്നെ അതിനായി വിട്ടുകൊടുക്കുന്നു. പശ്ചിമ ബംഗാളില്‍ കൂട്ടക്കൊല നടത്തിയും കാടന്‍രീതിയില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടും ഭരണം പിടിക്കാന്‍ ശ്രമിക്കുന്ന തൃണമൂല്‍കോഗ്രസിന്റെ സംരക്ഷകവേഷംതന്നെയാണ് കോഗ്രസ് ഏറ്റെടുത്തിരിക്കുന്നത്. ആ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അട്ടിമറിനടത്തുകയും അര്‍ധ ഫാസിസ്റ് ഭീകരവാഴ്ച അഴിച്ചുവിടുകയും ചെയ്ത പാരമ്പര്യമുള്ള കോഗ്രസ് ഇന്ന് മാവോയിസ്റുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് എടുക്കുന്നതില്‍ അതിശയമില്ല. രാജ്യസഭയില്‍ സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടിയപോലെ, സങ്കുചിത രാഷ്ട്രീയനേട്ടത്തിനായി ഖലിസ്ഥാന്‍ ഭീകരരെ പ്രോത്സാഹിപ്പിച്ച പാത പിന്തുടരുകയാണ് കോഗ്രസ്. ബംഗാളിലെ മാവോയിസ്റ് കൂട്ടക്കൊലകളും ഭീകരതയുമൊന്നും അവരെ അതില്‍നിന്ന് പിന്തിരിപ്പിക്കുന്നില്ല. അത്തരം സമീപനങ്ങള്‍ക്കെതിരായ ബഹുജനാഭിപ്രായം രാജ്യത്താകെ ഉയര്‍ന്നുവരികയും തൃണമൂല്‍-മാവോയിസ്റ് -കോഗ്രസ് ബന്ധത്തിലെ അശ്ളീലം തുറന്നുകാട്ടുകയുമാണ് ജനാധിപത്യം പുലര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും അടിയന്തര കടമ. എംപിമാര്‍ പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനം അത്തരമൊരു തുറന്നുകാട്ടല്‍കൂടിയാണ്. അതില്‍ അക്കമിട്ടുനിരത്തിയ കാര്യങ്ങള്‍ പരിശോധിച്ച് സത്വര നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.
from.deshabhimani

Thursday, December 3, 2009

സ്മാര്‍ട്ട്സിറ്റിക്കായി സംസ്ഥാന താല്‍പര്യങ്ങള്‍ ബലികഴിക്കില്ല- മുഖ്യമന്ത്രി

സ്മാര്‍ട്ട്സിറ്റിക്കായി സംസ്ഥാന താല്‍പര്യങ്ങള്‍ ബലികഴിക്കില്ല- മുഖ്യമന്ത്രി .



തിരുവനന്തപുരം: സ്മാര്‍ട്ട്സിറ്റിക്കായി സംസ്ഥാന താല്‍പര്യങ്ങള്‍ ബലികഴിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്കനുസരിച്ച് മാത്രമേ നിലപാടുകളെടുക്കാന്‍ കഴിയൂ. എങ്ങനെയും സ്മാര്‍ട്ട്സിറ്റി യാഥാര്‍ഥ്യമാക്കാനല്ല, താന്‍ ശ്രമിക്കുന്നത്. കേരളത്തിന്റെ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടാതിരിക്കാനാണ്, ദേശസ്നേഹമുള്ള ഓരോ കേരളീയനും ശ്രമിക്കേണ്ടത്. പി.വി. അബ്ദുല്‍വഹാബ് എം.പി നടത്തിയ പ്രസ്താവന ദുബൈ കമ്പനികളെ വെള്ളപൂശാനുള്ള ശ്രമമായേ കാണാന്‍കഴിയൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം നടത്തിയ പ്രസ്താവന തെറ്റിദ്ധാരണാജനകമാണ്. ദുബൈ വേള്‍ഡ് പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ബോധപൂര്‍വം തെറ്റിദ്ധാരണപരത്താന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും അതിനുപിന്നില്‍ ചില നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഉണ്ടെന്നുമാണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. ദുബൈ കമ്പനിയുടെ ഏജന്റിനെ പോലെയാണ് അദ്ദേഹം സംസാരിക്കുന്നത്. ദുബൈയില്‍ വികസനമില്ലെന്നോ ദുബൈ തകര്‍ച്ചയിലാണെന്നോ താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. ദുബൈയില്‍ ജോലിചെയ്യുന്ന മലയാളികളെ ആശങ്കയിലാഴ്ത്തുന്ന എന്തെങ്കിലും പ്രതിസന്ധിയുണ്ടെന്നും താന്‍ പറഞ്ഞിട്ടില്ല. മറിച്ച്, കേരള സര്‍ക്കാറുമായി ഒപ്പുവെച്ച കരാറിന്റെ വ്യവസ്ഥകളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ടീകോം നടത്തിവരുന്ന ശ്രമങ്ങളെയാണ് താന്‍ ചൂണ്ടിക്കാട്ടിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

12 ശതമാനം ഭൂമി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്ന മുറയ്ക്ക് ഫ്രീഹോള്‍ഡാക്കി നല്‍കാമെന്ന കരാറിലെ ഉറപ്പില്‍ നിന്ന് കേരളസര്‍ക്കാര്‍ പിറകോട്ടുപോകുകയാണെന്ന ദുബൈ കമ്പനിയുടെ വാദം ആവര്‍ത്തിച്ചു സമര്‍ഥിക്കാനാണ് വഹാബ് ശ്രമിക്കുന്നത്. നിരവധിതവണ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ടീകോം മാസ്റ്റര്‍പ്ലാന്‍ തയാറാക്കുകയോ കെട്ടിടം പണി തുടങ്ങാന്‍ ശ്രമിക്കുകയോചെയ്യാതെ പദ്ധതി നീട്ടിക്കൊണ്ടുപോകുന്നതിലെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ വഹാബിന് അറിയാത്തതല്ല. ഇത്തരം പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത്, രാജ്യസഭാംഗമെന്ന നിലയില്‍ വഹാബിന് ഭൂഷണമല്ല. കമ്പനിയുടെ സാമ്പത്തിക സുസ്ഥിരതയെക്കുറിച്ചും നിലപാടുകളെക്കുറിച്ചും അതിന്റെ സംശുദ്ധിയെക്കുറിച്ചും ആധികാരികമായി വെളിപ്പെടുത്തത്തക്കവിധം വഹാബിന് ഈ കമ്പനിയുമായി ബന്ധം കാണുമായിരിക്കും. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ രേഖാമൂലം സര്‍ക്കാറിന് ലഭിച്ച ഉറപ്പുകളെയും ഔദ്യോഗിക ചര്‍ച്ചകളെയും മാത്രമേ തനിക്ക് ആശ്രയിക്കാനാകൂ എന്ന് വി.എസ്. പറഞ്ഞു. അങ്ങനെ ലഭിച്ച രേഖകളും ഉറപ്പുകളും കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കോ കരാറിലെ വ്യവസ്ഥകള്‍ക്കോ യോജിച്ച രീതിയില്‍ ഇതുവരെ ആയിട്ടില്ലെന്നതാണ് ഇപ്പോള്‍ നേരിടുന്ന പ്രശ്നമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
From madhyamam

Wednesday, December 2, 2009

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം

പോളണ്ടിനെക്കുറിച്ച് ഒരക്ഷരം.
അശോകന്‍ ചരുവില്‍.

ഏതാനും ദിവസം മുമ്പത്തെ മലയാള മനോരമ പത്രത്തില്‍ പോളണ്ടിനെക്കുറിച്ച് ഒരു ചെറുവാര്‍ത്തയുണ്ട്. 'പോളണ്ടില്‍ ചെങ്കൊടി നിരോധിക്കുന്നു' എന്നാണ് തലവാചകം. 'ഒരു കാലത്ത് കമ്യൂണിസ്റ് കോട്ടയായിരുന്ന പോളണ്ടില്‍ ഇനി ചെങ്കൊടി പാറില്ല' എന്നിങ്ങനെ വാര്‍ത്ത ആരംഭിക്കുന്നു. കൊടികള്‍ക്കുമാത്രമല്ല, കമ്യൂണിസ്റ് ആഭിമുഖ്യമുള്ള വിപ്ളവ ഗാനങ്ങള്‍ക്കും അവിടെ നിരോധനമുണ്ടത്രേ. കമ്യൂണിസത്തെ പുകഴ്ത്തുന്നവര്‍ക്ക് രണ്ടുവര്‍ഷം ജയില്‍ശിക്ഷ ലഭിക്കും. കമ്യൂണിസ്റുകാരായ വലിയ വിഭാഗം ജനങ്ങള്‍ പോളണ്ടിലുണ്ടെന്നും ഇനി അവര്‍ക്ക് കൊടിപിടിച്ച് ഗാനമാലപിച്ച് തെരുവിലൂടെ നടക്കാനാകില്ലെന്നും ലേഖകന്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാം എത്ര വളരെ സ്വാഭാവികം സാധാരണം എന്നമട്ടിലാണ് വാര്‍ത്തയുടെ പോക്ക്. കമ്യൂണിസ്റ് പാര്‍ടി ദീര്‍ഘകാലം ഭരണം നടത്തിയിരുന്ന ഒരു രാജ്യത്ത് ചുവന്ന കൊടിയും ഗാനങ്ങളും നിരോധിച്ചിരിക്കുന്നു എന്നതില്‍ തീര്‍ച്ചയായും വാര്‍ത്താപ്രാധാന്യമുണ്ട്. വസ്തുതാവിരുദ്ധമായ കാര്യങ്ങളൊന്നും ഈ മനോരമ വാര്‍ത്തയില്‍ ഉണ്ടാകില്ലെന്ന് വിചാരിക്കാം. പക്ഷേ, വസ്തുത റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ മനസ്സില്‍ തിരയടിക്കുന്ന ചെറിയൊരു ആഹ്ളാദം ലേഖകന് മറച്ചുപിടിക്കാനാകുന്നില്ല. നേരിയ നര്‍മവും പരിഹാസവുമൊക്കെയായിട്ടാണ് ഈ ആഹ്ളാദം ആവിഷ്കരിക്കപ്പെടുന്നത്. കമ്യൂണിസ്റുവിരുദ്ധ വാര്‍ത്തകള്‍ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ മനോരമയ്ക്ക് സന്തോഷമുണ്ടാകുന്നതില്‍ അസ്വാഭാവികതയില്ല. രണ്ടുദിവസം പിന്നിടുമ്പോള്‍ ഈ സന്തോഷം വാക്കുകളില്‍നിന്ന് വരയിലേക്ക് കടക്കുന്നു. 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയരുത്' എന്ന സത്യന്‍ അന്തിക്കാട് സിനിമയിലെ സംഭാഷണം ഉപയോഗപ്പെടുത്തിക്കൊണ്ടും സ്ഥിരം ലക്ഷ്യമായ പിണറായി വിജയനെയും മറ്റ് സിപിഐ എം നേതാക്കളെയും കഥാപാത്രങ്ങളാക്കിക്കൊണ്ടും ഒരു കാര്‍ട്ടൂ. അതും എത്രമേല്‍ സ്വാഭാവികം. മനോരമയില്‍ ഇപ്പോള്‍ കാര്‍ട്ടൂ വരയ്ക്കുന്നത് ആരാണെന്ന് എനിക്ക് നിശ്ചയം പോരാ. പക്ഷേ, അത് പുറപ്പെടുവിക്കുന്ന 'ആക്ഷേപഹാസ്യം' അങ്ങേയറ്റം ദയനീയമായണെന്നു പറയാതിരിക്കാനാകില്ല. യേശുദാസന്‍ പുറത്തുപോയതുകൊണ്ടാണോ ഈ മൂല്യശോഷണം? അങ്ങനെയാകാന്‍ വഴിയില്ല. സങ്കുചിത താല്‍പ്പര്യങ്ങള്‍ ഏറുംതോറും ഹാസ്യത്തിന്റെ ഗ്രാഫ് താഴേക്ക് പോരുന്നത് സ്വാഭാവികം. മാതൃഭൂമിയിലെ കാര്‍ട്ടൂണിസ്റ് ഗോപീകൃഷ്ണന്റെ സമകാലിക അവസ്ഥ ഇത് ഉദാഹരിക്കുന്നു. തന്റെ പ്രതിഭാവിലാസം മികച്ച രീതിയില്‍ പ്രകടിപ്പിച്ചിട്ടുള്ള ആളാണ് അദ്ദേഹം. പക്ഷേ, ഇപ്പോള്‍ ആ വര ഉപ്പിലിട്ടതുപോലെ മരവിച്ചതായി മാറി. തലവര എന്നല്ലാതെ എന്തു പറയാനാണ്? പോളണ്ടിനെക്കുറിച്ചുള്ള ഈ വാര്‍ത്തയില്‍ മലയാള മനോരമയ്ക്ക് സത്യത്തില്‍ ആഹ്ളാദിക്കാന്‍ വല്ല വകയുമുണ്ടോ? വാര്‍ത്തയിലെ ആഹ്ളാദവും നര്‍മവും മറ്റും അഴിച്ചുമാറ്റിയാല്‍ എന്താണ് ബാക്കിയാകുന്ന വസ്തുത? പോളണ്ടിലെ ഗവമെന്റ് കമ്യൂണിസ്റ് പാര്‍ടി പ്രവര്‍ത്തനത്തെ നിരോധിച്ചിരിക്കുന്നു. പാര്‍ടിയെമാത്രമല്ല, പാര്‍ടിയുടെ കൊടിയുടെ നിറമായ ചുവപ്പിനെയും ജനതയുടെ സംഗീതാഭിരുചിയെപ്പോലും ഭയക്കേണ്ടുന്നത്ര പ്രതിരോധത്തിലേക്ക് അവിടത്തെ ഭരണാധികാരികള്‍ ചെന്നെത്തിയിരിക്കുന്നു. ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങളുടെപോലും പിന്തുണയോടെ വലിയൊരു തിരിച്ചുവരവിന് കമ്യൂണിസ്റ് പ്രസ്ഥാനം സന്നദ്ധമായിരിക്കുന്നു. അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ തലത്തിലേക്ക് ഭരണവര്‍ഗം ചെന്നെത്തിയിരിക്കുന്നു. എഴുത്തുകാരന്റെയും കലാകാരന്റെയും മാത്രമല്ല, സാമാന്യ മനുഷ്യന്റെതന്നെ സര്‍ഗാത്മക സ്വാതന്ത്യ്രം ഹനിക്കപ്പെട്ടിരിക്കുന്നു. ഏതൊരു ഘട്ടത്തിലാണ് ഭരണാധികാരികള്‍ ജനകീയപ്രസ്ഥാനങ്ങളെയും ജനങ്ങളുടെ ജീവിതാഭിലാഷങ്ങള്‍ പ്രകടമാക്കുന്ന വാര്‍ത്തകളെയും കലാസാഹിത്യപ്രവര്‍ത്തനങ്ങളെയും ഭയപ്പെടുകയും നിരോധിക്കുകയും ചെയ്യുക എന്നതിന് നമുക്ക് വേണ്ടത്ര ഉദാഹരണങ്ങളുണ്ട്. അകലേക്കെങ്ങും പോകേണ്ടതില്ല. ഈ ലേഖകന്റെ കുട്ടിക്കാലത്ത് ഇന്ത്യയില്‍ ശ്രീമതി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥതന്നെ വലിയ തെളിവ്. ബിഹാറടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്ര ഗവമെന്റിന്റെ അഴിമതിക്കും ഏകാധിപത്യ പ്രവണതയ്ക്കുമെതിരെ നടന്ന ജനകീയപ്രക്ഷോഭങ്ങളുടെ ഒരു ഘട്ടത്തില്‍വച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ജനനേതാക്കളെ രായ്ക്കുരാമാനം അറസ്റുചെയ്ത് ജയിലിലടച്ചു. വാര്‍ത്തകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകള്‍ സസ്പെന്‍ഡുചെയ്തു. സാഹിത്യ-കലാ ആവിഷ്കാരങ്ങളെ പൊലീസിനെ ഉപയോഗിച്ച് തടഞ്ഞു. പത്രപ്രവര്‍ത്തകരും കലാകാരന്മാരും ജയിലുകളില്‍വച്ച് പീഡിപ്പിക്കപ്പെട്ടു. ഒരു മനുഷ്യന്റെ ഏറ്റവും വലിയ സര്‍ഗാത്മകതയാണല്ലോ പ്രത്യുല്‍പ്പാദനം എന്നത്. ആ സ്വാതന്ത്യ്രത്തിന്മേല്‍ കത്തിവച്ചു. കൂട്ടം കൂട്ടമായി ആട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വന്ധ്യംകരിച്ചു. ലോകത്തിലേക്കുവച്ച് ഏറ്റവും വലിയ ജനാധിപത്യരാജ്യമായി അവകാശപ്പെടുന്ന ഇന്ത്യയില്‍ നടന്ന ഈ സംഹാരതാണ്ഡവത്തെക്കുറിച്ച് മലയാള മനോരമ എപ്പോഴെങ്കിലും ആകുലത പ്രകടിപ്പിച്ചതായി അറിവില്ല. ആവിഷ്കാരസ്വാതന്ത്യ്രത്തിന്റെ കേരളത്തിലെ അപ്പോസ്തലന്മാരും ഇതുസംബന്ധമായി ഒരിക്കലും ആശങ്കപ്പെട്ടുകണ്ടിട്ടില്ല. പണിയെടുക്കുന്നവരും ദരിദ്രരും മുഖ്യധാരയില്‍നിന്ന് തള്ളിമാറ്റപ്പെട്ടവരുമായ ജനതയുടെ സര്‍ഗാത്മകസ്വാതന്ത്യ്രം ഇവര്‍ക്ക് ഒരിക്കലും വിഷയമല്ല. പോളണ്ടിലേക്ക് തിരിച്ചുവരാം. പോളണ്ടടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ കമ്യൂണിസ്റ് ഭരണവ്യവസ്ഥ തകര്‍ന്നതിനെക്കുറിച്ച് നമ്മുടെ വലിയ പത്രങ്ങള്‍ എന്തൊക്കെയാണ് നിരന്തരം എഴുതിയത്? ജനാധിപത്യത്തിന്റെ സൂര്യോദയം. സ്വാതന്ത്യ്രത്തിന്റെ വസന്തമാണ് അവിടെ ഉദ്ഘാടനംചെയ്യപ്പെടുന്നതെന്നും എഴുതി. സ്വാതന്ത്യ്രത്തിന്റെ അത്തരമൊരു നന്ദനോദ്യാനത്തിലാണ് ഒരു ഭരണകൂടം ചുവപ്പുകണ്ട കാളയെപ്പോലെ വിരണ്ട് മുക്രിയിട്ടുകൊണ്ട് നിന്നലറുന്നത്. പോളണ്ട് തകര്‍ന്ന് രണ്ടു പതിറ്റാണ്ട് ആകാറായിട്ടും നിരോധിക്കാന്‍മാത്രം അവിടെ ചെങ്കൊടി ഉയരുന്നു എന്നത് ആവേശകരമാണ്. ആരാണവിടെ ഇന്നും ചെങ്കൊടി ഭയക്കുന്നത്? എന്തുകൊണ്ട്?

കേരളത്തില്‍ ഇങിനെയും സംഭവിച്ചോ? കേരളത്തില്‍ .കെഎസ്യു നേതാവിനെ സ്റ്റേഷന്‍ കൈയേറി മോചിപ്പിച്ചു

കേരളത്തില്‍ ഇങിനെയും സംഭവിച്ചോ? കേരളത്തില്‍ . കെഎസ്യു നേതാവിനെ സ്റ്റേഷന്‍ കൈയേറി മോചിപ്പിച്ചു.

മലപ്പുറം: കോഗ്രസുകാര്‍ സംഘടിതമായി എത്തി പൊലീസ് സ്റ്റേഷന്‍ കൈയേറി പ്രതിയെ മോചിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പാണ്ടിക്കാട് പൊലീസ് സ്റ്റേഷന്‍ കൈയേറിയാണ് കെഎസ്യു ബ്ളോക്ക് പ്രസിഡന്റുകൂടിയായ പ്രതിയെ മോചിപ്പിച്ചത്. രാത്രി പത്തിനു ശേഷം കോഗ്രസ് നേതാക്കളടക്കം മുപ്പതോളം പേര്‍ ചേര്‍ന്നാണ് സ്റ്റേഷന്‍ കൈയേറിയത്. രണ്ട് എഎസ്ഐമാര്‍ അടക്കം നാല് പൊലീസുകാരാണ് സ്റ്റേഷനിലുണ്ടായിരുന്നത്. ഇവരെ ഭീഷണിപ്പെടുത്തുകയും തട്ടിമാറ്റുകയും ചെയ്തശേഷം കസ്റ്റഡിയിലുണ്ടായിരുന്ന കെഎസ്യു വണ്ടൂര്‍ ബ്ളോക്ക് പ്രസിഡന്റ് ഇ സഫീര്‍ജാനെ (20) ബലമായി ഇറക്കിക്കൊണ്ടുപോയി. ട്രാഫിക് നിയമം ലംഘിക്കുകയും വനിതാപൊലീസിനെ മര്‍ദിക്കുകയും അപമാനിക്കുകയും ചെയ്തതിനാണ്് സഫീര്‍ജാനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് ഒരു ബൈക്കില്‍ ഇയാളും മറ്റു രണ്ടുപേരും എത്തി. വനിതാ പൊലീസായിരുന്നു ട്രാഫിക് നിയന്ത്രിച്ചത്. പരിശോധിച്ചപ്പോള്‍ രേഖകള്‍ ഉണ്ടായിരുന്നില്ല. വണ്ടി സ്റ്റേഷനില്‍ എസ്ഐക്കുമുന്നില്‍ ഹാജരാക്കാന്‍ വനിതാ പൊലീസ് ആവശ്യപ്പെട്ടു. കൂട്ടാക്കാതെ വനിതാപൊലീസിനെ തെറിവിളിച്ച് ഓടിച്ചുപോയി. വനിതാ പൊലീസ് ഓട്ടോയില്‍ പിന്തുടര്‍ന്ന് സഫീറിനെ പിടികൂടി. ഈ സമയം ഇയാള്‍ വനിതാപൊലീസിനെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയുമായിരുന്നു. സ്റ്റേഷനില്‍ ഹാജരാക്കി കൂടുതല്‍ ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ നിര്‍ത്തിയപ്പോഴാണ് മുപ്പതോളം കോഗ്രസുകാര്‍ എത്തി സഫീര്‍ജാനെ ഇറക്കിക്കൊണ്ടുപോയത്. കോഗ്രസ് മണ്ഡലം പ്രസിഡന്റ് വി അബ്ദുള്‍മജീദ്, യൂത്ത് കോഗ്രസ് ജില്ലാസെക്രട്ടറി വി പി അബ്ദുള്‍ജലീല്‍, യൂത്ത് കോഗ്രസ് മണ്ഡലം പ്രസിഡന്റ് രോഹില്‍നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സ്റ്റേഷന്‍ കൈയേറിയത്.സംഭവമറിഞ്ഞ് രാത്രി പെരിന്തല്‍മണ്ണയില്‍നിന്ന് സിഐ സാജു കെ അബ്രഹാം എത്തിയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. ഇ സഫീര്‍ജാന്‍, മുജീബ്റഹ്മാന്‍, വി അബ്ദുള്‍മജീദ്, വി പി അബ്ദുള്‍ജലീല്‍, രോഹില്‍നാഥ് എന്നിവരെയും മറ്റു കണ്ടാലറിയാവുന്ന 25 പേരെയും പ്രതിചേര്‍ത്ത് പൊലീസ് കേസെടുത്തു. സഫീര്‍ജാനെ ബുധനാഴ്ച അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്ക

'ഗള്‍ഫ് മലയാളിയുടെ നഷ്ടങ്ങള്‍ രേഖപ്പെടുത്താതെ പോകുന്നു'


'ഗള്‍ഫ് മലയാളിയുടെ നഷ്ടങ്ങള്‍ രേഖപ്പെടുത്താതെ പോകുന്നു'

മനാമ: കേരളത്തിലെ നവോത്ഥാനപ്രസ്ഥാനത്തിന് സമാനമായി മലയാളിയുടെ ഗള്‍ഫ് ജീവിതമുണ്ടാക്കിയ സാമ്പത്തിക നവോത്ഥാനത്തിന്റെ ആഘാതങ്ങളെക്കുറിച്ച് ഗൌരവകരമായ പഠനമുണ്ടാകണമെന്ന് പ്രമുഖ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. കേരളീയ ഭൂപ്രകൃതി മുതല്‍ മലയാളിയുടെ സമീപനരീതികളില്‍ വരെ 'ഗള്‍ഫ് ജീവിതം' നടത്തിയ ഇടപെടല്‍ രേഖപ്പെടുത്താത്ത സംഘര്‍ഷങ്ങളായി അവശേഷിക്കുകയാണെന്ന് 'ഗള്‍ഫ് മാധ്യമ'വുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. സാമ്പത്തിക അഭയാര്‍ഥികളുടെ ശരീര വില്‍പനകേന്ദ്രമാണ് ഗള്‍ഫ്. 25 വര്‍ഷം ഗള്‍ഫില്‍ ജീവിക്കുന്ന ഒരു മലയാളിക്ക് മൂന്ന് ജീവിതഘട്ടങ്ങളുണ്ട്. ആദ്യ 10 വര്‍ഷത്തിനുള്ളില്‍ അയാള്‍ ജോലി, വിവാഹം, വീട്, കുടുംബബാധ്യതകള്‍ തുടങ്ങിയ അതിജീവനത്തിന്റെ ഘട്ടത്തിലാണ്. ഇതുകഴിഞ്ഞാല്‍, 'ഞാനെവിടെ' എന്ന ചോദ്യം അലട്ടിതുടങ്ങും. പണമുണ്ട്, പക്ഷേ ഞാനില്ല എന്ന അസ്തിത്വ പ്രശ്നം വേട്ടയാടും. ഈ പ്രതിസന്ധിഘട്ടത്തില്‍ മതവും രാഷ്ട്രീയവും മുതല്‍ പ്രാദേശിക കൂട്ടായ്മകള്‍ വരെ ഒരായിരം വാതിലുകള്‍ അയാള്‍ക്കുമുന്നില്‍ തുറന്നിടും. ഇവയെ തന്റെ സ്വത്വ^ അധികാര പ്രവേശത്തിനുള്ള ഉപാധികളായി അയാള്‍ സ്വീകരിക്കുന്നു. സാമൂഹിക അസ്തിത്വം വീണ്ടെടുക്കാനുള്ള ഈ ശ്രമത്തില്‍ അയാള്‍ ഈ ചെറിയ ലോകത്തെ കോമാളിയായിത്തീരുന്നു.
തിരിച്ചുപോകാന്‍ തയാറെടുക്കുന്ന അവസാന കാലമാണ് ഏറ്റവും ദാരുണമായ ഘട്ടം. 25 വര്‍ഷം മുമ്പുള്ള ഓര്‍മയും ഭാവുകത്വവും കാലവും അയാളില്‍ സ്തംഭിച്ചുനില്‍ക്കുകയായിരിക്കും. അടിമുടി മാറിപ്പോയ കേരളത്തിലേക്ക് 1985ലെ ധാരണകള്‍ വച്ചുപുലര്‍ത്തുന്ന ഒരു വിഢിയായി അയാള്‍ മടങ്ങുന്നു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ ഗൃഹനാഥന്മാര്‍ വീണ്ടും തിരിച്ചുപോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന എത്രയോ കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ഗള്‍ഫില്‍ ലില്ലിപ്പുട്ടിന്റെയും നാട്ടില്‍ റിപ്വാന്‍ വിങ്കിളിന്റുെം ജീവിതമാണ് അയാളുടേത്. തിരിച്ചെത്തിയ ഗള്‍ഫുകാരന്‍ സാമ്പത്തികമടക്കമുള്ള കൊള്ളകള്‍ക്ക് ഇരയാകുന്നു. പ്രവാസജീവിതത്തിന്റെ ശാരീരികവും ജൈവികവും മാനസികവുമായ ഇത്തരം നഷ്ടങ്ങളെപ്പറ്റിയാണ് യഥാര്‍ഥ പഠനമുണ്ടാകേണ്ടതെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു.
ഗള്‍ഫില്‍ പാഴാക്കുന്ന വര്‍ഷങ്ങള്‍ പിന്നീടൊരിക്കലും 'റഫര്‍' ചെയ്യാന്‍ കഴിയാത്തവിധം നഷ്ടമാകുന്നു. രേഖകളിലില്ലാത്ത, അലങ്കരിക്കപ്പെട്ട അഭയാര്‍ഥികളായി അവര്‍ ഒടുങ്ങുന്നു. 15 വര്‍ഷം മുമ്പ് ഇവിടെയെത്തിയ ഒരാളെ കാണുമ്പോള്‍, ഇയാള്‍ മരിച്ചുപോയ ഒരാളല്ലേ എന്ന് തോന്നും. ഇത്തരം ഭ്രമകല്‍പ്പനകള്‍ ജീവിതത്തെ അയഥാര്‍ഥമാക്കുന്നു. ഇതാണ് പ്രവാസി എഴുത്തുകാരന്റെയും പ്രതിസന്ധി. ഇവിടെ ജീവിച്ച 25 വര്‍ഷങ്ങള്‍ മരിച്ച വര്‍ഷങ്ങളാണ്. അതുകൊണ്ട് പ്രവാസി എഴുത്തുകാരന്‍ സ്വന്തം നാടിനെക്കുറിച്ച് എഴുതുന്നു. ഈന്തപ്പനയെ തെങ്ങായാണ് ഇവിടെയുള്ള മലയാളി കാണുന്നത്. ഓണത്തിന് കസവുമുണ്ടൊക്കെയുടുത്ത് ചെറിയ കേരളത്തെ പുനഃസൃഷ്ടിക്കുകയാണ് അയാള്‍.സര്‍ഗാത്മകതയെ പ്രചോദിപ്പിക്കുന്ന സ്വാതന്ത്യ്രബോധവും ജൈവികമായ ഭൂമണ്ഡലവും ഓര്‍മകളും നഷ്ടമായ, സ്വന്തമല്ലാത്ത ജീവിതം അയാള്‍ക്കൊരിക്കലും ആവിഷ്കരിക്കാനാകില്ല. അതുകൊണ്ട് മരുഭൂമിയില്‍ നട്ട തെങ്ങിന്റെ അവസ്ഥയാണ് പ്രവാസി എഴുത്തുകാരന്റേയും. വളരുമെങ്കിലും കുലയ്ക്കില്ല, കുലച്ചാല്‍ തന്നെ തേങ്ങയുടെ പ്രച്ഛന്നരൂപം മാത്രമായിരിക്കുമത്. ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തനം പി.ആര്‍.ഒ വര്‍ക്കാണ്. മികച്ച പത്രപ്രവര്‍ത്തകര്‍ ഇവിടെ കുറവാണ്. ഏതെങ്കിലും പണക്കാരനെക്കുറിച്ച് എഴുതി അയാളുടെ കുടുംബഫോട്ടോ പ്രസിദ്ധീകരിക്കുന്നിടത്ത് പത്രപ്രവര്‍ത്തനം അവസാനിക്കുന്നു.
തന്റെ എഴുത്തുജീവിതത്തില്‍ ഇടക്കാലത്തുണ്ടായ 'ബ്ലോക്ക്' ഗള്‍ഫ് ജീവിതം വഴിയാണ് മറികടന്നതെന്ന് ശിഹാബുദ്ദീന്‍ പറഞ്ഞു. ഇവിടെ ഒറ്റക്കാകാനും കൈവിട്ടുപോയ ഏകാഗ്രത തിരിച്ചുപിടിക്കാനുമായി. അത് തന്റെ എഴുത്തിന് ഗുണകരമായി എന്നാണ് വിശ്വാസം. ആറു വര്‍ഷമായി ദുബൈയിലുള്ള ശിഹാബുദ്ദീന്‍ ഇപ്പോള്‍ 'പ്രവാസ ചന്ദ്രിക' പത്രാധിപരാണ്.
കെ. കണ്ണന്‍
കടപ്പാട്. ഗള്‍ഫ് മാധ്യമം
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി'ഗള്‍ഫ് മാധ്യമം ' നടത്തിയ അഭിമുഖം
.

Tuesday, December 1, 2009

സര്‍ഗ്ഗ ചൈതന്യം തുടിക്കുന്ന കലാമേള

സര്‍ഗ്ഗ ചൈതന്യം തുടിക്കുന്ന കലാമേള .



യു എ ഇയിലെ രണ്ടായിരത്തി അഞ്ഞൂറോളം യുവഹ്രദയങളുടെ കലാമേന്മ മാറ്റുരക്കുന്ന സാംസ്കാരിക സംഗമത്തിന്ന് ഡിസംബര്‍ രണ്ടിന്ന് ദുബായിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ തിരിതെളിഞ്ഞിരിക്കുകയാണ്. ഇളം തലമുറയുടെ സര്‍ഗ്ഗസിദ്ധികള്‍ കണ്ടെത്തുന്നതിന്നും പരിപോഷിപ്പിക്കുന്നതിന്നും യു എ ഇ യിലെ വിദ്യാര്‍ത്ഥികള്‍ക്കായി 1991ല്‍ ദല ആരംഭിച്ച യുവജനോത്സവം നടത്തിപ്പിലെ മികവും വിധി നിര്‍ണ്ണയത്തിലെ നിഷ്പക്ഷതയുംകൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുള്ളതാണ്.50ല്‍ പരം സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞുറോളം കുട്ടികള്‍ പങ്കെടുക്കുന്ന , രണ്ടു ദിവസം നീണ്ടുനില്ക്കുന്ന ഈ മേള കലാമേന്മ മാറ്റുരക്കുന്ന സാമ്സ്കാരിക സംഗമം തന്നെയാണ്..ദേശ ഭാഷ അതിര്‍വരമ്പുകള്‍ക്ക് അതീതമായി ഭാരതിയ സംസ്ക്കാരങളുടെ സമന്വയത്തിലൂടെ യുവ മനസ്സുകളെ കൂടുതല്‍ അടുപ്പിക്കാനും ഐക്യവും സ്നേഹവും സാഹോദര്യവും കാത്തു സൂക്ഷിക്കാനും നിലനിര്‍ത്താനും ഇത്തരത്തിലുള്ള സാംസ്ക്കാരിക സംഗമങള്‍ക്ക് കഴിയുമെന്നൂള്ള ഉറച്ച വിശ്വാസമാണ്‍ ദലക്കുള്ളത്. നാട്ടില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ ഈ ഗള്‍ഫ് പരിതസ്ഥിതിയിലും കലയും സംസ്ക്കാരവും നെഞ്ചിലേറ്റി യുവതലമുറയുടെ ശക്തമായ സാന്നിദ്ധ്യവും മത്സരവുംസ്വന്തം നാടിന്നോടുള്ള പ്രതിബദ്ധത തന്നെയാണ്‍ എടുത്ത് കാണിക്കുന്നത്. ഇന്ന് മനുഷ്യമനസ്സുകളില്‍ നിന്നെല്ലാം പടിയിറങുന്ന സ്നേഹത്തിന്‍റ്റെയും സൌഹാര്‍ദ്ദത്തിന്റെയും പരസ്പര വിശ്വാസത്തിന്‍റ്റെയും പുതുനാമ്പുകള്‍ കിളിര്‍ക്കാന്‍ ഇത്തരത്തിലുള്ള ഒത്തുചേരലുകള്‍ക്ക് കഴിയും , കഴിയേണ്ടതായിട്ടുണ്ട്.
പുതുയ തലമുറയുടെ മനസ്സും പ്രതിഭയും തൊട്ടറിയുന്ന പ്രഗത്ഭരും പ്രശസ്തരും വിധികര്‍ത്താക്കളായി എത്തുന്നതുകൊണ്ട് ഫലപ്രഖ്യാപനത്തില്‍ നൂറു ശതമാനം സുതാര്യത ഉറപ്പ് വരുത്തുന്നതിന്നും പരാധികള്‍ ഇല്ലാതാക്കുന്നതിന്നും ദല നടത്തുന്ന യുവജനോത്സത്തിന്ന്
കഴിഞ്ഞിട്ടുണ്ട് എന്നത്എടുത്ത് പറയേണ്ടതാണ്.ദല യുവജനോത്സവത്തില്‍ കലാതിലകവും കലാപ്രതിഭയും ലഭിക്കുന്ന പ്രതിഭകള്‍ ഏറെ ആദരിക്കപ്പെടുന്നതുകൊണ്ടുതന്നെ മത്സരവും വളരെ കടുത്തതാണ്‍

സര്‍ഗ്ഗ ചൈതന്യം സിരകളില്‍ തുടിക്കുന്ന എല്ലാ പ്രതിഭകള്‍ക്കും ദലയൊരുക്കിയ ഈ സുവര്‍ണ്ണാവസരം അവരുടെ മുന്നോട്ടുള്ള കുതിപ്പിന്ന് കൂടുതല്‍ കരുത്ത് നല്കാന്‍ കഴിയട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, .കുഞ്ഞു മനസ്സുകളില്‍ സ്നേഹവും സന്തോഷവും സൌഹാര്‍ദ്ദവും സഹകരണവും വളര്‍ത്താനും മനുഷ്യത്തവും മാനവികതയും ഊട്ടിഉറപ്പിക്കനും ഇത്തരത്തിലുള്ള സംസ്ക്കാരിക സംഗമങള്‍ക്ക് കഴിയെട്ടെയെന്ന് ആശംസിക്കുന്നു.

Saturday, November 28, 2009

വില്‍പ്പനാവകാശത്തോടെ ഭൂമി നല്‍കില്ല: മുഖ്യമന്ത്രി

വില്‍പ്പനാവകാശത്തോടെ ഭൂമി നല്‍കില്ല: മുഖ്യമന്ത്രി

കൊച്ചി: ഒരിഞ്ചു ഭൂമിപോലും വില്‍പ്പനാവകാശത്തോടെ കൈമാറില്ലെന്ന സര്‍ക്കാര്‍നിലപാട് ടീകോം അംഗീകരിച്ചില്ലെങ്കില്‍ സ്മാര്‍ട്ട്സിറ്റി പദ്ധതി നടപ്പാക്കാന്‍ മറ്റു മാര്‍ഗം തേടുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ആയിരത്തില്‍പ്പരം ഏക്കര്‍ സ്ഥലത്ത് ഐടി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്ന സംസ്ഥാനസര്‍ക്കാരിന് കാക്കനാട്ട് സ്മാര്‍ട്ട്സിറ്റിക്കായി ഏറ്റെടുത്ത 246 ഏക്കറിലും അതുചെയ്യാന്‍ കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ഇന്‍ഫോ പാര്‍ക്കിന്റെ രണ്ടാംഘട്ട വികസനത്തിന് ശിലാസ്ഥാപനം നടത്തുകയായിരുന്നു അദ്ദേഹം. സ്മാര്‍ട്ട്സിറ്റിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ വിഭാവനംചെയ്തതുപോലെ മുന്നോട്ടുപോയിട്ടില്ല. സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഉണ്ടാക്കിയ കരാറില്‍ അടിസ്ഥാനപരമായ ഇളവുകള്‍ വേണമെന്ന ടീകോമിന്റെ ആവശ്യമാണ് പദ്ധതി വൈകാനിടയാക്കിയത്. ഒരിഞ്ചു ഭൂമിപോലും വില്‍പ്പനാവകാശത്തോടെ നല്‍കില്ലെന്ന സര്‍ക്കാരിന്റെ നിലപാട് ടീകോമിനെ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് യോജിക്കാനായില്ലെങ്കില്‍ അല്‍പ്പം വൈകിയാലും ഏറ്റെടുത്ത ഭൂമിയില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിച്ചുതന്നെ നിര്‍ദിഷ്ട സ്മാര്‍ട്ട്സിറ്റി പദ്ധതി നടപ്പാക്കും. ഐടി മേഖലയില്‍ സര്‍ക്കാരിന്റെ നേരിട്ടുളള നിക്ഷേപം 10,000 കോടിയായി ഉയര്‍ത്തും. മൂന്നരവര്‍ഷവും സംസ്ഥാനത്തെ ഐടി മേഖലയുടെ സുവര്‍ണകാലമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ രണ്ട് ഐടി പാര്‍ക്കുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ പത്തെണ്ണമായി. 15 വര്‍ഷത്തിനിടെ വികസിപ്പിച്ചതിന്റെ ഇരട്ടി ഭൂമി ടെക്നോപാര്‍ക്കില്‍ വികസിപ്പിച്ചു. ടെക്നോപാര്‍ക്കിന്റെയും ഇന്‍ഫോ പാര്‍ക്കിന്റെയും കെട്ടിടവിസ്തൃതി മൂന്നുമടങ്ങ് വര്‍ധിച്ചു. കമ്പനികളുടെ എണ്ണവും ഇരട്ടിയായി. തൊഴിലാളികളുടെ എണ്ണം 50 ശതമാനം കൂടി. കഴിഞ്ഞവര്‍ഷം ഐടി കയറ്റുമതി 70 ശതമാനം വളര്‍ച്ചനിരക്ക് നേടി. മാന്ദ്യത്തെ അതിജീവിക്കാന്‍ ഐടി കമ്പനികള്‍ക്ക് വാടകയിനത്തില്‍ 50 ശതമാനം ഇളവും നല്‍കി. ഐടി മേഖലയുടെ അടിസ്ഥാനവികസനത്തിന് പ്രത്യേക കമ്പനി രൂപീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സ്മാര്‍ട്ട്സിറ്റി പദ്ധതിയുടെ പേരില്‍ മുന്‍ സര്‍ക്കാര്‍ വിറ്റുതുലയ്ക്കാനിരുന്ന ഇന്‍ഫോ പാര്‍ക്കിന്റെ ഗുണഫലങ്ങളാണ് ഇപ്പോള്‍ലഭിക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ സോഫ്റ്റ്വെയര്‍ കയറ്റുമതി 80 കോടിയില്‍നിന്ന് 480 കോടിയായി ഉയര്‍ന്നു. ടെക്നോപാര്‍ക്കിനെ ലോകോത്തര ഐടി പാര്‍ക്ക് ആക്കാനുള്ള മൂന്നാംഘട്ട വികസനപദ്ധതി നടപ്പാക്കുകയാണ്. 2012ഓടെ ഒരുകോടി ചതുരശ്ര അടി കെട്ടിടവും ഒരുലക്ഷം പ്രൊഫഷണലുകളുമുള്ള സ്ഥാപനമായി മാറും. അനുബന്ധമായി 507 ഏക്കറില്‍ ടെക്നോസിറ്റിയുടെ നിര്‍മാണവും ത്വരിതഗതിയില്‍ നടക്കുകയാണെന്ന് വി എസ് പറഞ്ഞു.

Thursday, November 26, 2009

മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ത്?

മാവോയിസ്റ്റുകള്‍ ചെയ്യുന്നതെന്ത്?
പ്രകാശ്കാരാട്ട്

മാവോയിസ്റ്റുകള്‍ ഇന്ന് ഇന്ത്യയില്‍ എന്തുപങ്കാണ് വഹിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞുനോക്കേണ്ടതുണ്ട്.

1960കളുടെ ഒടുവില്‍ നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചതു മുതല്‍തന്നെ, ഇന്ത്യയിലെ യഥാര്‍ത്ഥ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രസ്ഥാനം അതാണെന്നും ഇന്ത്യന്‍ ഭരണകൂടത്തെ തകര്‍ക്കാനും ഫ്യൂഡലിസത്തില്‍നിന്നും സാമ്രാജ്യത്വ ചൂഷണത്തില്‍നിന്നും ഇന്ത്യന്‍ ജനതയെ മോചിപ്പിക്കാനുംവേണ്ടി ജനങ്ങളെ അണിനിരത്താന്‍ കഴിയുന്ന ഒരേയൊരു മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന അതാണെന്നും അവകാശവാദമുന്നയിക്കപ്പെട്ടിരുന്നു.

ഇന്ത്യയിലെ നക്സലിസത്തിന്റെ 40 വര്‍ഷത്തെ ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ ഇത്തരം ഒരു പ്രസ്ഥാനം എന്തുകൊണ്ട് ഇന്ത്യയില്‍ വളര്‍ന്നുവന്നു എന്ന് നാം ആശ്ചര്യപ്പെടില്ല. കാരണം, ഇടതുപക്ഷ പ്രസ്ഥാനം നിലവിലുള്ളതോ വളര്‍ന്നുവരുന്നതോ ആയ ഏതു രാജ്യത്തും ഇടതുപക്ഷ സെക്ടേറിയനും അരാജകവാദപരവും ആയ പ്രവണതകള്‍ നമുക്ക് കാണാന്‍ കഴിയും. 1960കളിലും 1970കളിലും ഇതെല്ലാം ഇന്ത്യയില്‍ സംഭവിക്കുന്നതിനും ഏറെക്കാലം മുമ്പ് സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഇടതുപക്ഷ സെക്ടേറിയനിസം ഉയര്‍ന്നുവന്നതിനെ വിശകലനംചെയ്തുകൊണ്ട്, ലെനിന്‍ ഈ പ്രശ്നത്തിന്റെ അന്തഃസത്തയെന്തെന്ന് പരിശോധിച്ചിരുന്നു. അദ്ദേഹം ഇങ്ങനെയാണ് അതിനെക്കുറിച്ച് പറഞ്ഞത്: "മുതലാളിത്തത്തിന്റെ ഭീകരതകള്‍മൂലം ഉണ്ടാകുന്ന ഒരു പെറ്റിബൂര്‍ഷ്വാ ചിത്തഭ്രമം ആണിത്. അരാജകവാദത്തെപ്പോലെയുള്ള ഒരു സാമൂഹിക പ്രതിഭാസമായ ഇത് എല്ലാ രാജ്യങ്ങളിലെയും സവിശേഷതയാണ്.''

അപ്പോള്‍, മുതലാളിത്തം വികസിച്ചുതുടങ്ങുന്ന, പ്രധാനമായും പെറ്റിബൂര്‍ഷ്വാ സ്വഭാവത്തോടുകൂടിയ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് വിശേഷിച്ചും പെറ്റിബൂര്‍ഷ്വാസിയില്‍ ചില വിഭാഗങ്ങള്‍ ഈ പ്രതിഭാസത്തിന് വിധേയമാകാനിടയുണ്ട്. പൊതുവെ അത് സെക്ടേറിയന്‍ അതിസാഹസിക അക്രമങ്ങളിലാണ് അവസാനിക്കാറുള്ളത്. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ മാവോയിസ്റ്റ്പാര്‍ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍, അടുത്ത കാലത്തായി അവരില്‍നിന്ന് നമുക്ക് അനുഭവപ്പെടുന്ന ഭീകരതയുടേതായ പ്രവണതകള്‍മൂലം, ഈ സംഘടനയെയും ഭീകരന്മാരായി വിശേഷിപ്പിക്കത്തക്കതാണ്. ഒരര്‍ത്ഥത്തില്‍ പലപ്പോഴും ഈ സംഘടന ഭീകരാക്രമണങ്ങളുടെയും അക്രമത്തിന്റെയും രീതിയാണ് അവലംബിക്കുന്നത്. എന്നാല്‍ മാവോയിസ്റ്റ് ഗ്രൂപ്പുകളെയും പാര്‍ടികളെയും ഭീകരസംഘമായി മുദ്രകുത്തുന്നത് അടിസ്ഥാനപരമായി തെറ്റാണ്. 40 വര്‍ഷത്തെ ഈ സംഘടനയുടെ ചരിത്രം ഇടതു സെക്ടേറിയന്‍ നടപടികളാണ് കാഴ്ചവെച്ചിട്ടുള്ളത്.

അവരുടെ പ്രത്യയശാസ്ത്രവും ലോകവീക്ഷണവും എന്താണ്? മാര്‍ക്സിസ്റ്റ് ചട്ടക്കൂടിനുള്ളില്‍തന്നെയാണ് അവര്‍ സ്വയം പ്രതിഷ്ഠിക്കുന്നത്. നമ്മുടെ സമൂഹത്തെയും ലോകത്തെയും അവര്‍ വീക്ഷിക്കുന്നത് ഒരു മാര്‍ക്സിസ്റ്റ് സമീപനത്തിന്റെ അടിസ്ഥാനത്തിലുമാണ്. എന്നാല്‍ ഇന്നത്തെ അവരുടെ ലോകവീക്ഷണം എന്താണ്? ദക്ഷിണേഷ്യയാകെ ഒരു വലിയ വിപ്ളവ വേലിയേറ്റത്തിന്റെ വക്കിലാണ് എന്നാണ് അവര്‍ കരുതുന്നത്. ദക്ഷിണേഷ്യയില്‍ ദേശീയ വിമോചന പ്രസ്ഥാനങ്ങള്‍ മുന്നേറുകയാണെന്നും അവര്‍ കരുതുന്നു. ഇന്നത്തെ ലോകത്ത് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സമരങ്ങളുടെ കേന്ദ്രബിന്ദു പശ്ചിമേഷ്യയാണെന്നും അതുകഴിഞ്ഞാല്‍ ദക്ഷിണേഷ്യ കേന്ദ്രസ്ഥാനത്തെത്തുമെന്നും അവര്‍ പറയുന്നു.

എന്നാല്‍ എന്താണ് ഇന്നത്തെ യാഥാര്‍ത്ഥ്യം? നമുക്ക് പാകിസ്ഥാന്റെ കാര്യംതന്നെയെടുക്കാം. അത് അമേരിക്കയുടെ ആജ്ഞാനുവര്‍ത്തിയായ സഖ്യകക്ഷിയാണെന്ന് നമുക്കറിയാം. പാകിസ്ഥാന്‍ ഭരണകൂടത്തിന് ഇന്ന് അമേരിക്കയുടെ സംരക്ഷണമില്ലാതെ നിലനില്‍ക്കാനാവില്ല. ഇന്ത്യയെ തങ്ങളുടെ പ്രമുഖ തന്ത്രപര സഖ്യകക്ഷിയായി അമേരിക്കയ്ക്ക് ലഭിച്ചിട്ടുണ്ട്. ബംഗ്ളാദേശിലും അത് വേരുറപ്പിച്ചിട്ടുണ്ട്. ശ്രീലങ്കയില്‍തന്നെ അത് നുഴഞ്ഞുകയറിക്കൊണ്ടിരിക്കുന്നു. സാമ്രാജ്യത്വവും നാറ്റോയും അഫ്ഗാനിസ്ഥാനില്‍ ഒരു യുദ്ധം അഴിച്ചുവിട്ടിരിക്കുകയാണ്. പക്ഷേ, അതിനപ്പുറം, സാമ്രാജ്യത്വത്തിനെതിരായ പോരാട്ടത്തിന്റെ കേന്ദ്രബിന്ദുവാണോ ദക്ഷിണേഷ്യ? ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ ജനങ്ങള്‍ തങ്ങളുടെ ഭരണവര്‍ഗങ്ങളെയും അതുവഴി സാമ്രാജ്യത്വത്തെയും തൂത്തെറിയുന്നതിന്റെ വക്കിലാണോ?

ഇന്നത്തെ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അന്തഃസത്ത നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളുമായി അതിന് ഒരു ബന്ധവുമില്ലെന്നതാണ്. പശ്ചിമേഷ്യയെക്കുറിച്ച് പറയുമ്പോള്‍, പശ്ചിമേഷ്യയിലും അഫ്ഗാനിസ്ഥാനിലുമുള്ള താലിബാനെയും മറ്റും ഇസ്ളാമിക മതമൌലികവാദ ശക്തികളെയുമാണ് സാമ്രാജ്യത്വത്തിനെതിരായ സമരത്തില്‍ അവര്‍ തങ്ങളുടെ സഖ്യശക്തികളായി കാണുന്നത്. പാകിസ്ഥാനിലെ സ്വാത്താഴ്വരയും ദക്ഷിണ വസീറിസ്ഥാനുമെല്ലാം സാമ്രാജ്യത്വവിരുദ്ധ ദേശീയ വിമോചനസമരത്തിന്റെ കേന്ദ്രങ്ങളായി അവര്‍ പരിഗണിക്കുന്നു. ശ്രീലങ്കയില്‍ എല്‍ടിടിഇ സൈനികമായി പരാജയപ്പെടുത്തപ്പെടുകയും അതിന്റെ നേതാവ് പ്രഭാകരന്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ അങ്കലാപ്പിലായതും അതുകൊണ്ടാണ്. എല്‍ടിടിഇയെ സാമ്രാജ്യത്വത്തിനെതിരായ ദേശീയ വിമോചന പ്രസ്ഥാനമായി കാണുന്നതുതന്നെ വികലമായ വീക്ഷണമാണ്. എല്‍ടിടിഇക്ക് ഏറ്റ തിരിച്ചടിയെ നാം കാണുന്നത്, ശ്രീലങ്കയിലെ തമിഴര്‍ക്കിടയില്‍ ശക്തമായ ഒരു ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ തുടങ്ങാനുള്ള അവസരമായാണ്.

അവരുടെ ലോകവീക്ഷണമാകെ വളച്ചൊടിക്കപ്പെട്ടതും വികലവുമാണെന്നതുപോലെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഭരണവര്‍ഗം കോമ്പ്രദോര്‍ സ്വഭാവത്തോടുകൂടിയതാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവരുടെ പ്രത്യയശാസ്ത്രവും വീക്ഷണവുംതന്നെയാണ് കോമ്പ്രദോര്‍. ചൈനീസ് കമ്യൂണിസ്റ്റ്പാര്‍ടി ഇടതുപക്ഷ സെക്ടേറിയനിസത്തിന്റെ പിടിയില്‍ അകപ്പെട്ടിരുന്ന കാലത്ത് മുന്നോട്ടുവെച്ച ആശയത്തെ ആകപ്പാടെ അവര്‍ കടമെടുത്തിരിക്കുകയാണ്.

അതിന്റെ അനന്തരഫലം എന്താണ്? ഇന്ത്യ അര്‍ദ്ധകോളനി, അര്‍ദ്ധഫ്യൂഡല്‍ രാജ്യമാണെന്ന് പറഞ്ഞാല്‍, വര്‍ഗപരമായ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ നിഷേധിക്കലാണ്. 20-ാം നൂറ്റാണ്ടില്‍ മോചനം നേടിയ രാജ്യങ്ങളില്‍വെച്ച് ഏറ്റവും ശക്തമായ ബൂര്‍ഷ്വാസിയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ശക്തമായ മുതലാളിത്ത അടിത്തറയും ഭരണകൂടവും ഇന്ത്യയില്‍ വികസിച്ചിട്ടുണ്ട്. കാര്‍ഷികരംഗത്തെ മുതലാളിത്തത്തിന്റെ വികാസത്തെ അവര്‍ നിഷേധിക്കുകയാണ്.

സൈദ്ധാന്തികമായും ഇന്ത്യയിലെ തൊഴിലാളിവര്‍ഗത്തെ അവര്‍ക്ക് ഉള്‍ക്കൊള്ളാനാവില്ല; കാരണം അത്തരത്തില്‍ ഇന്ത്യയില്‍ മുതലാളിത്തം വികസിച്ചതായി അവര്‍ കാണുന്നില്ല. അവരുടെ രാഷ്ട്രീയ പ്രഖ്യാപനങ്ങളിലോ പ്രസ്താവനകളിലോ പ്രവര്‍ത്തനങ്ങളിലോ തൊഴിലാളിവര്‍ഗത്തിന് അവര്‍ എന്തെങ്കിലും സ്ഥാനം നല്‍കുന്നതായി കാണാനാവില്ല. അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് കര്‍ഷക ജനതയെക്കുറിച്ചുമാത്രമാണ്. കര്‍ഷകജനസാമാന്യം വിപ്ളവപാതയിലൂടെ മുന്നേറുകയാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരിടത്തും ശക്തമായ ഒരു കര്‍ഷക പ്രസ്ഥാനം അവര്‍ കെട്ടിപ്പടുത്തിട്ടുള്ളതായി നമുക്ക് കാണാനാവില്ല. ഇപ്പോഴത്തെ മാവോയിസ്റ്റ് പാര്‍ടിയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. അവര്‍ ആകെ സജീവമായിട്ടുള്ളതും കുറച്ച് ജനങ്ങളെ അണിനിരത്തുന്നതില്‍ അവര്‍ വിജയം വരിച്ചിട്ടുള്ളതും ഗിരിവര്‍ഗമേഖലകളില്‍ മാത്രമാണ്. ഛത്തീസ്ഗഢും ഝാര്‍ഖണ്ഡും ഒറീസയിലെ ചില ഭാഗങ്ങളും ബിഹാറിലും ഇപ്പോള്‍ അവര്‍ ശ്രമം നടത്തുന്ന പശചിമബംഗാളിലെ ഝാര്‍ഖണ്ഡിനോട് ചേര്‍ന്ന മൂന്ന് ജില്ലകളും മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയും എല്ലാം ഗിരിവര്‍ഗ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന കുന്നിന്‍നിരകളും കൊടും കാടും നിറഞ്ഞ ഉള്‍പ്രദേശങ്ങളാണ്. വികസനത്തിന്റെയും വാര്‍ത്താവിനിമയ സൌകര്യങ്ങളുടെയുമെല്ലാം കാര്യത്തില്‍ ഏറ്റവും പിന്നണിയിലുള്ള പ്രദേശങ്ങളുമാണ് ഇവ. ഇത്തരം പ്രദേശങ്ങളില്‍ അവരുടെ സായുധ സംഘങ്ങള്‍ക്കും ഗറില്ലകള്‍ക്കും ഒളിത്താവളങ്ങള്‍ക്കും സൌകര്യമുണ്ട്. പക്ഷേ തൊഴിലാളിവര്‍ഗത്തെയും കര്‍ഷകജനസാമാന്യത്തെയും അടിസ്ഥാനമാക്കിയുള്ള വിപ്ളവപ്രസ്ഥാനം എവിടെ? അതവരുടെ ചിന്തയില്‍പ്പോലും ഇല്ലാത്ത കാര്യമാണ്. അവര്‍ വര്‍ഗശത്രുക്കളുടെ ഉന്മൂലനത്തെക്കുറിച്ചാണ് പറയുന്നത്. ഇത് പുതിയ കാര്യമല്ല. ആദ്യത്തെ നക്സലൈറ്റ് പ്രസ്ഥാനം പശ്ചിമബംഗാളില്‍ കര്‍ഷകജനതയെ അണിനിരത്താന്‍ പറ്റാതായതിനെ തുടര്‍ന്നാണ് വര്‍ഗശത്രുക്കളുടെ ഉന്മൂലനം എന്ന അടവിലേക്ക് തിരിഞ്ഞത്. എന്നാല്‍ അവര്‍ പ്രധാനമായും ലക്ഷ്യംവെച്ചിട്ടുള്ളത് സാധാരണക്കാരായ പൊലീസുകാരെയും ഭരണകൂടത്തിന്റെ ഏജന്റുമാരെന്നപേരില്‍ സാധാരണ ജനങ്ങളെയുമാണ്.

ഇത്രയും വര്‍ഷത്തെ അവരുടെ സെക്ടേറിയന്‍ സാഹസികനയങ്ങളില്‍, അവര്‍ സായുധസംഘങ്ങളെയും ആയുധങ്ങളെയും മാത്രമാണ് ആശ്രയിച്ചിട്ടുള്ളത്. ആന്ധ്രാപ്രദേശില്‍ മുമ്പ് പരീക്ഷിച്ചതാണ് ഇത്. അവിടെ ഭരണകൂടവും പൊലീസും അവരുടെ താവളങ്ങളെയും സായുധ സംഘങ്ങളെയും ആക്രമിച്ച് തകര്‍ത്തതിനെ തുടര്‍ന്ന് അവര്‍ ഛത്തീസ്ഗഢിലേക്കും ഒറീസയിലേക്കും മഹാരാഷ്ട്രയിലെ ചില ഭാഗങ്ങളിലേക്കും ഝാര്‍ഖണ്ഡിലേക്കും ഇപ്പോള്‍' ഝാര്‍ഖണ്ഡ് അതിര്‍ത്തിയിലുള്ള പശ്ചിമബംഗാളിലെ ചില മേഖലകളിലേക്കും നീങ്ങുകയാണുണ്ടായത്.

ഭരണവര്‍ഗങ്ങള്‍ക്കും ഭരണകൂടത്തിനും എതിരായി ഏറ്റുമുട്ടുന്ന ഒരേയൊരു പാര്‍ടിയും ശക്തിയും തങ്ങളാണെന്ന മാവോയിസ്റ്റുകളുടെ അവകാശവാദം തികച്ചും പൊള്ളയാണ്. വര്‍ഗപരമായ അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണത്തിനും വിധേയരാകുന്ന ജനങ്ങള്‍ അവരുടെ ചിത്രത്തില്‍ ഇല്ല; അത്തരം ജനവിഭാഗങ്ങളെ ഭരണകൂടത്തിനെതിരെ അണിനിരത്തുന്നത് അവരുടെ തന്ത്രത്തിന്റെ ഭാഗവുമല്ല.

1980കളോടെ ഏറെക്കുറെ അവര്‍ ശിഥിലീകരിക്കപ്പെട്ടിരുന്നു. 2004-ല്‍ ആന്ധ്രയിലെ പീപ്പിള്‍സ് വാര്‍ഗ്രൂപ്പും മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്ററും തമ്മില്‍ ലയിച്ചതിനുശേഷമാണ് ആയുധ ശക്തിയുടെയും സായുധ സംഘങ്ങളുടെയും കാര്യത്തില്‍ അവര്‍ ശക്തരായത്. ആയുധങ്ങളും സ്ഫോടകസാധനങ്ങളും അത് പ്രയോഗിക്കാനുള്ള അറിവും അവര്‍ക്ക് ലഭിച്ചത് എല്‍ടിടിഇയില്‍ നിന്നാണ്-ആ കാലത്ത് ആന്ധ്രാപ്രദേശത്തെ താവളങ്ങളില്‍ അവര്‍ക്ക് എല്‍ടിടിഇയില്‍നിന്ന് പരിശീലനവും ലഭിച്ചിരുന്നു. അവര്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുകയാണെന്നും "ബഹുജനങ്ങളാകെ ഉയര്‍ത്തെഴുന്നേറ്റിരിക്കുന്നതിനാല്‍ വിപ്ളവവസന്തത്തിന്റെ ഇടിമുഴക്കം ആസന്നമായിരിക്കുന്നു'' എന്നുമുള്ള അവരുടെ അവകാശവാദങ്ങള്‍ സാംസ്കാരിക വിപ്ളകാലത്ത് ഉപയോഗിച്ചിരുന്ന ചില പദാവലികളുടെ അവശിഷ്ടങ്ങളല്ലാതെ മറ്റൊന്നുമല്ല. ഇതാണ് അവരുടെ പ്രത്യയശാസ്ത്രവും ലോക വീക്ഷണവും രാഷ്ട്രീയവും.

അവര്‍ സിപിഐ എമ്മിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ പുതിയ കാര്യമല്ല. 1970-72 കാലത്താണ് സിപിഐ എമ്മിനെതിരായി നക്സലൈറ്റുകള്‍ ഏറ്റവും വലിയ കടന്നാക്രമണങ്ങള്‍ നടത്തിയത്. സിപിഐ എമ്മിനെതിരെ ഇന്ത്യന്‍ ഭരണകൂടവും ഭരണവര്‍ഗങ്ങളും ഏറ്റവും ഭീകരമായ ആക്രണം അഴിച്ചുവിട്ടിരുന്ന കാലവുമായിരുന്നു അത്. 1967ല്‍ പശ്ചിമബംഗാളില്‍ ആദ്യത്തെ ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകൃതമായി. അത് അട്ടിമറിക്കപ്പെട്ടു. 1969ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. അതില്‍ കൂടുതല്‍ കരുത്താര്‍ജിച്ച് രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ നിലവില്‍വന്നു. പശ്ചിമബംഗാളില്‍ കര്‍ഷകപ്രസ്ഥാനവും ഭൂമിക്കുവേണ്ടിയുള്ള സമരങ്ങളും അഭൂതപൂര്‍വമായ നിലയില്‍ ശക്തിയാര്‍ജിച്ച കാലമായിരുന്നു അത്. ആ സമരങ്ങളിലൂടെയാണ് സിപിഐ എമ്മിന്റെ അടിത്തറ വികസിച്ചതും രണ്ടാം ഐക്യമുന്നണി സര്‍ക്കാര്‍ രൂപീകരിച്ചതും. ഭരണവര്‍ഗം അതിക്രൂരമായാണ് തിരിച്ചടിച്ചത്. സര്‍ക്കാരിനെ പിരിച്ചുവിട്ട്, പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തുകമാത്രമല്ല അവര്‍ ചെയ്തത്; ആ കാലത്ത് ഭരണകൂടത്തിന്റെയും കോണ്‍ഗ്രസ് പാര്‍ടിയുടെയും സമസ്തശക്തിയും സിപിഐ എമ്മിനെതിരെ അഴിച്ചുവിടുകയുമുണ്ടായി. ആ കാലത്ത് സിപിഐ എം രാഷ്ട്രീയമായി പൂര്‍ണ്ണമായും ഒറ്റപ്പെടുത്തപ്പെട്ടു. ഏറെക്കുറെ മറ്റു പാര്‍ടികളെല്ലാം അകന്നുമാറിയിരുന്നു. ആ കാലത്തായിരുന്നു, തങ്ങള്‍ ആരംഭിച്ച 'കാര്‍ഷികവിപ്ളവ'ത്തിന്റെ പരാജയത്തെ തുടര്‍ന്ന് പിന്മാറിയിരുന്ന നക്സലൈറ്റുകള്‍ ഉന്മൂലനനയം ആരംഭിച്ചത്. 1970 മുതല്‍ 1977ല്‍ അടിയന്തിരാവസ്ഥ അവസാനിക്കുന്നതുവരെയുള്ള കാലത്ത് സിപിഐ (എം) കാഡര്‍മാരും അണികളുമായ ഏകദേശം 1200 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ 350 ഓളം പേരെ കൊലപ്പെടുത്തിയത് നക്സലൈറ്റുകളാണ്. കോണ്‍ഗ്രസ് ഗുണ്ടകളും പൊലീസുമാണ് ബാക്കിയുള്ളവരെ കൊന്നത്. നക്സലൈറ്റുകള്‍ 350 സിപിഐ (എം) പ്രവര്‍ത്തകരെ കൊന്നത് പ്രധാനമായും 1970 മധ്യത്തിനും 1971 അവസാനത്തിനും ഇടയ്ക്കുള്ള കാലത്തായിരുന്നു. സിപിഐ (എം)ന്റെ മുന്നേറ്റത്തെ തടയാന്‍ ഈ കൊലപാതകങ്ങളല്ലാതെ മറ്റൊരു മാര്‍ഗവും അവര്‍ കണ്ടില്ല.

പശ്ചിമബംഗാളിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ കാലമായിരുന്നു അത്. ഇടതുപക്ഷം എന്ന് വിളിക്കപ്പെടുന്നവരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഭീകരവും നിഷ്ഠുരവുമായ ആക്രമണങ്ങള്‍ ആ കാലത്ത് നമ്മുടെ പാര്‍ടിയെ ഗുരുതരമായ അവസ്ഥയിലാണെത്തിച്ചത്. വളരെക്കുറച്ച് ആളുകളും പാര്‍ടികളും മാത്രമെ ഈ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം എന്ന് പറയാന്‍പോലും തയ്യാറായുള്ളു. അഖിലേന്ത്യാടിസ്ഥാനത്തില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ടിക്കെതിരെ പൊലീസും അര്‍ദ്ധസൈനിക വിഭാഗങ്ങളും യൂത്ത് കോണ്‍ഗ്രസ് ഗുണ്ടകളും ആക്രമണം അഴിച്ചുവിട്ടിരുന്ന കാലമായിരുന്നു അത്. കൂട്ടായ ആക്രമണത്തിന്റെ ഭാഗമായി സിപിഐ (എം) കേഡര്‍മാരെ വേട്ടയാടാനും കൊന്നൊടുക്കാനും നക്സലൈറ്റുകളെയാണ് ഉപയോഗിച്ചിരുന്നത് (അന്ന് മാവോയിസ്റ്റുകള്‍ എന്ന പേരില്‍ ഒരു വിഭാഗം രൂപംകൊണ്ടിരുന്നില്ല.) ഇവരില്‍ പലരും മുമ്പ് സിപിഐ എമ്മില്‍ ഉണ്ടായിരുന്നവരായതുകൊണ്ട് അവര്‍ക്ക് നന്നായി അത് നടപ്പാക്കാനും കഴിഞ്ഞു. ഇപ്പോള്‍ അത് ആവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് സിപിഐ (എം) പ്രവര്‍ത്തകരെ കൊല്ലുന്നതിനും പാര്‍ടി ഓഫീസുകള്‍ ആക്രമിക്കുന്നതിനും പാര്‍ടി അംഗങ്ങളുടെ വീടുകളും കുടുംബങ്ങളെയും ആക്രമിക്കുന്നതിനും പശ്ചിമബംഗാളില്‍ ബോധപൂര്‍വവും ആസൂത്രിതവുമായ നീക്കമാണ് നടക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും അവരുടെ കൂട്ടാളികളുമാണ് അത് നടത്തുന്നത്.

എന്നാല്‍ പശ്ചിമബംഗാളിലെ ഒരു പ്രത്യേകത ആക്രമണം വലതുപക്ഷത്തുനിന്ന് മാത്രമല്ല, തീവ്ര ഇടതുപക്ഷത്തുനിന്നുമുണ്ടാകുന്നതാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷം - മാവോയിസ്റ്റ് ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് സിപിഐ (എം)ന്റെ 70 സഖാക്കളാണ്-ഇതാകെ പ്രധാനമായും പശ്ചിമ മെദിനിപ്പൂര്‍ ജില്ല കേന്ദ്രീകരിച്ചും അതിനോടടുത്തുള്ള ബങ്കുറ, പുരുളിയ ജില്ലകളിലായുമാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ അവര്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയെ വധിക്കാന്‍ ശ്രമംനടത്തി. "മുഖ്യമന്ത്രിയെ വധിക്കാന്‍ തന്നെയാണ് ഞങ്ങള്‍ ആക്രമണം നടത്തിയത്, അതിനിയും തുടരുകയും ചെയ്യും'' എന്നാണ് അവര്‍ ധിക്കാരപൂര്‍വം പ്രഖ്യാപനം നടത്തിയത്. അതേ തുടര്‍ന്നാണ് ലാല്‍ഗഢിലെ കുഴപ്പങ്ങള്‍ ആരംഭിച്ചത്; അതിപ്പോഴും തുടരുകയുമാണ്. ആറുമാസത്തിലേറെക്കാലം പൊലീസ് അവരുമായി ഏറ്റുമുട്ടാതെ ഒഴിഞ്ഞുമാറിയതില്‍നിന്ന് അവര്‍ മുതലെടുത്തു. നന്ദിഗ്രാമിലെപ്പോലെ ഇവിടെയും സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി പിന്നില്‍നിന്ന് ആക്രമിക്കുന്നതായിരുന്നു അവരുടെ അടവ്. അതുകൊണ്ടാണ് ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ ആദ്യം ഇവിടെനിന്ന് പൊലീസ് പിന്‍വാങ്ങിയത്. വനപ്രദേശത്തും പഞ്ചായത്ത് മേഖലയിലും ചില സ്ഥലങ്ങളില്‍ ഇവര്‍ ഈ അവസരം മുതലെടുത്ത് പിടിമുറുക്കുകയായിരുന്നു. ഇപ്പോള്‍ മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നത് അടുത്തകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ അവരുടെ ബഹിഷ്കരണാഹ്വാനത്തിന് വമ്പിച്ചതോതില്‍ അനുകൂല പ്രതികരണം ഉണ്ടായതായാണ്.

ഏതു തെരഞ്ഞെടുപ്പായാലും അവരുടെ പൊതുസമീപനം ബഹിഷ്കരണത്തിന് ആഹ്വാനം നടത്തുകയെന്നതാണ്. അവര്‍ പ്രവര്‍ത്തനം നടത്തുന്ന, അവര്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളിലെല്ലാം ബഹിഷ്കരണാഹ്വാനം ഫലപ്രദമായി എന്നാണ് അവര്‍ പറയുന്നത്. ലാല്‍ഗഢിലും അതുള്‍ക്കൊള്ളുന്ന ഝാര്‍ഗ്രാം നിയോജകമണ്ഡലത്തിലും എന്താണ് സംഭവിച്ചത്? ഒട്ടേറെ സ്ഥലങ്ങളില്‍ പരാജയപ്പെട്ടപ്പോഴും സിപിഐ (എം)വിജയിച്ച മണ്ഡലമാണത്-ഏറ്റവും വലിയ ഭൂരിപക്ഷം നേടി പാര്‍ടി വിജയിച്ച മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗ്രാമീണ ദരിദ്രര്‍ക്കും ഇടത്തരക്കാര്‍ക്കും മറ്റും ഇടയില്‍ പാര്‍ടിയുടെ സ്വാധീനം കുറഞ്ഞുവെങ്കിലും ഗിരിവര്‍ഗക്കാര്‍ക്കിടയിലെ സ്വാധീനം നിലനിര്‍ത്താന്‍ കഴിഞ്ഞതായാണ് പാര്‍ടിയുടെ തെരഞ്ഞെടുപ്പ് അവലോകനം വെളിപ്പെടുത്തുന്നത്. മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിട്ടുള്ള, തെരഞ്ഞെടുപ്പുകാലത്ത് അവര്‍ നമ്മുടെ പാര്‍ടി സഖാക്കള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടിരുന്ന ഝാര്‍ഗ്രാമില്‍ 65 ശതമാനത്തിലധികം ആളുകള്‍ വോട്ടുരേഖപ്പെടുത്തുകയും പാര്‍ടി വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും വോട്ടുചെയ്യുന്നില്ലെന്നും മറ്റുമുള്ള മാവോയിസ്റ്റുകളുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്. മാവോയിസ്റ്റുകള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അപൂര്‍വം ചില സ്ഥലങ്ങളില്‍ ഒഴിച്ച് പശ്ചിമ മേദിനിപ്പൂര്‍ ജില്ലയിലെ ഗിരിവര്‍ഗ ജനത ഒന്നാകെ അവരുടെ ബഹിഷ്കരണാഹ്വാനത്തെ തള്ളിക്കളയുകയായിരുന്നു.

മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ള പ്രദേശങ്ങളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. നക്സലൈറ്റ് പ്രസ്ഥാനം ആരംഭിച്ചകാലത്ത് യഥാര്‍ത്ഥത്തില്‍ നക്സല്‍ബാരിയില്‍ ആയിരുന്നില്ല അവര്‍ക്ക് വലിയൊരു മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞത്. അവര്‍ക്ക് ഒരു ജനകീയ പ്രസ്ഥാനം ഉണ്ടാക്കാന്‍ കഴിഞ്ഞത്, അവര്‍ക്ക് ആളുകളെ അണിനിരത്താന്‍ കഴിഞ്ഞത,് പ്രധാനമായും ഗിരിവര്‍ഗജനവിഭാഗങ്ങളും ഒപ്പം കര്‍ഷകജനതയും ഉള്ള ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തായിരുന്നു-ശ്രീകാകുളം ജില്ലയിലും ഒറീസയുടെ അതിര്‍ത്തിയിലുള്ള ഗിരിവര്‍ഗ മേഖലയിലുമായിരുന്നു. 10 വര്‍ഷത്തിനുമുമ്പ് ഞാന്‍ അവിടെ പോയിരുന്നു. അപ്പോള്‍ അവിടെ പ്രസ്ഥാനമൊന്നും ഉണ്ടായിരുന്നില്ല. ഒന്നും അവശേഷിച്ചിരുന്നില്ല. ഇതാണ് വീണ്ടും വീണ്ടും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ പാര്‍ടിയുടെ ജില്ലാകമ്മിറ്റി അംഗമായിരുന്ന ചൌധരി തേജേശ്വരറാവു മാത്രമാണ് അവിടെ അവശേഷിച്ചിട്ടുള്ള ഒരേയൊരു നേതാവ്. അദ്ദേഹം പറഞ്ഞത് "ഞങ്ങള്‍ ചെയ്തതെല്ലാം പിശകായിരുന്നു'' എന്നാണ്. മാവോയിസ്റ്റുകള്‍ പൊലീസുകാരെ കൊല്ലുകയും പൊലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും വ്യാപകമായ അക്രമം അഴിച്ചുവിടുകയും ചെയ്യുമ്പോള്‍, അതിനെതിരെ ഭരണകൂടം ശക്തമായി തിരിച്ചടിക്കുകയും അടിച്ചമര്‍ത്തല്‍ വ്യാപകമാക്കുകയും ചെയ്യുന്നതോടെ ഗിരിവര്‍ഗ ജനതയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടി ഉണ്ടാകുന്നു. അവര്‍ക്ക് പിന്നീട് വളരെ ക്കാലത്തേക്ക് തല ഉയര്‍ത്താനും അവകാശങ്ങള്‍ക്കായി പോരാടാനും പറ്റാതാവുന്നു. അങ്ങനെ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ ക്ഷണിച്ചുവരുത്തുന്ന ഈ പ്രകോപനപരമായ അക്രമങ്ങള്‍ ഗിരിവര്‍ഗജനതയുടെ ദുരിതങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ പ്രശ്നത്തെ ഇന്ത്യാ ഗവണ്‍മെന്റും ഭരണവര്‍ഗങ്ങളും വീക്ഷിക്കുന്നതും കൈകാര്യംചെയ്യുന്നതും എങ്ങനെയെന്നും നോക്കാം. നിയമവിരുദ്ധ നടപടികള്‍ തടയുന്നതിനുള്ള നിയമവുമായി അവര്‍ വന്നപ്പോള്‍ ഇത്തരം നിയമങ്ങളെ അനുകൂലിക്കാന്‍ നമുക്ക് പറ്റില്ലെന്നാണ് നാം പറഞ്ഞത്. മാവോയിസ്റ്റുകള്‍ ഭീകര സംഘടനയാണ്; അതുകൊണ്ട് ലഷ്കറെയെയും ഹുജിയെയും എന്നതുപോലെ ഇവരെയും നേരിടണമെന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ലഷ്കറെയും ഹുജിയും അതുപോലുള്ള സംഘടനകളുമെല്ലാം നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുന്ന ഭീകര പ്രവര്‍ത്തനങ്ങളില്‍ മാത്രമാണ് വ്യാപൃതരായിരിക്കുന്നത്; അവര്‍ക്ക് മറ്റൊരു അജണ്ടയുമില്ല; ഒരു രാഷ്ട്രീയ പരിപാടിയുമില്ല.

ആയതിനാല്‍ ഇത്തരം സംഘടനകളെ കൈകാര്യംചെയ്യുന്നതിനുള്ള നടപടികള്‍ മാവോയിസ്റ്റുകളുടെ കാര്യത്തില്‍ പ്രയോഗിക്കുന്നതിനോട് സിപിഐ എമ്മിന് യോജിക്കാനാവില്ല. ഞങ്ങളെ സംബന്ധിച്ചിടത്തോളം മാവോയിസ്റ്റു വിപത്തിനെ രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സംഘടനാപരമായുമാണ് നേരിടേണ്ടത്. അവര്‍ വാഹനങ്ങളില്‍ സ്ഫോടനം നടത്തുകയും ട്രെയിനുകള്‍ ആക്രമിക്കുകയും സാധാരണജനങ്ങളെ കൊന്നൊടുക്കുകയും ചെയ്യുമ്പോള്‍ മറിച്ചുള്ള നിലപാടും സ്വീകരിക്കണം-അക്രമത്തെ അടിച്ചമര്‍ത്താന്‍ വേണ്ട നടപടി സ്വീകരിക്കണം. അതിന് പൊലീസിനെയും സുരക്ഷാസേനയേയുമെല്ലാം ഉപയോഗിക്കണം. സാധാരണ ഒരു ഭീകര സംഘടനയെ നേരിടുന്നതുപോലെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ നേരിടാനാവില്ല. നിരോധനംകൊണ്ടും യഥാര്‍ഥത്തില്‍ അവരുടെ പ്രവര്‍ത്തനത്തെ തടയാനാവില്ല. ഇതാണ് ഒന്നാമത്തെ കാര്യം.

രണ്ടാമതായി ഗിരിവര്‍ഗ ജനതയോട് നീതിപുലര്‍ത്തണമെന്ന് സര്‍ക്കാരിന് ബോധ്യംവേണം. വിദൂരസ്ഥമായ ഗിരിവര്‍ഗ മേഖലകളില്‍ വികസനവും അടിസ്ഥാന സൌകര്യവും ഒരുക്കുന്നതിനുവേണ്ട ഭരണകൂടത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിനായുള്ള ആദ്യ നടപടികള്‍ സ്വീകരിക്കുന്നതിനുപോലും ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. രണ്ടുദിവസത്തിനുമുമ്പ് ഡല്‍ഹിയില്‍ മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ഗിരിവര്‍ഗ വനാവകാശ നിയമം നടപ്പാക്കുന്നതിനെക്കുറിച്ചാണ്. ആ നിയമം പാസാക്കാന്‍ കോണ്‍ഗ്രസിന് ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. നമ്മുടെ സമ്മര്‍ദ്ദംകൊണ്ടാണ് അത് പാസാക്കിയത്. എന്നാല്‍ ഇപ്പോഴും അത് രാജ്യത്തിന്റെ പല ഭാഗത്തും ഇനിയും നടപ്പിലാക്കുന്നില്ല. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ "ഖനികളേയും ധാതുക്കളെയും സംബന്ധിച്ച നയമാണ് ഇന്ന് ഗോത്രവര്‍ഗജനതയെ ഏറ്റവും അധികം ദുരിതത്തില്‍ അകപ്പെടുത്തുന്നതും അവരെ ചൂഷണംചെയ്യുന്നതില്‍'' സഹായിക്കുന്നതും എന്ന കാര്യം പറയാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.

ആദിവാസികള്‍ അധിവസിക്കുന്ന വനമേഖലയാകെ ഇന്ന് സ്വദേശിയും വിദേശിയുമായ വന്‍കിട മൈനിങ് കമ്പനികളുടെ ചൂഷണമേഖലയായിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ മിനറല്‍നയമാണ് അതിന് അവസരമൊരുക്കിയിരിക്കുന്നത്. ഒറീസയിലും ഛത്തീസ്ഗഢിലുമെല്ലാം അതാണ് സംഭവിക്കുന്നത്. ഗിരിവര്‍ഗജനതയെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നതും അവരുടെ ഉപജീവനമാര്‍ഗവും പരമ്പരാഗത അധിവാസ കേന്ദ്രങ്ങളും ഇല്ലാതാവുന്നതുമാണ് പ്രധാന പ്രശ്നം. ഗോത്ര സമൂഹം എന്ന നിലയിലുള്ള തങ്ങളുടെ സ്വത്വം തന്നെ ഇല്ലാതാക്കപ്പെടുന്നതായാണ് അവര്‍ ഭയക്കുന്നത്. ഇതിനെക്കുറിച്ച് പ്രധാനമന്ത്രി മിണ്ടുന്നില്ല. മുറിവിന് പുറത്ത് തൈലംപുരട്ടുന്നതിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. മാവോയിസ്റ്റുകളുടെ പ്രശ്നം കൈകാര്യംചെയ്യണമെങ്കില്‍ ഈ ഭീകരമായ ചൂഷണം അനുഭവിക്കുന്ന ഗിരിവര്‍ഗ ജനതയെ അവരില്‍നിന്ന് അകറ്റണം. അതിന് ഭരണകൂടം ഈ പ്രദേശത്ത് സാമൂഹിക-സാമ്പത്തിക പരിപാടികള്‍ അടിയന്തിരമായും നടപ്പിലാക്കണം. ഗിരിവര്‍ഗ ജനതയ്ക്ക് അവരുടെ പ്രാഥമികമായ അവകാശങ്ങള്‍ നിഷേധിക്കില്ല എന്ന് ഉറപ്പാക്കണം; അവരെ സംബന്ധിച്ചിടത്തോളം വികസനമെന്നാല്‍ അവരുടെ പരമ്പരാഗത ആവാസ വ്യവസ്ഥയില്‍ കഴിയാന്‍ അവര്‍ക്ക് പറ്റുമെന്ന് ഉറപ്പുവരുത്തുകയും അവിടെ അവര്‍ക്ക് പണിയെടുക്കാന്‍ പറ്റുമെന്നും ഉറപ്പാക്കുകയെന്നാണ് അര്‍ത്ഥം. റോഡുകള്‍, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവപോലുള്ള എല്ലാ പൌരന്മാര്‍ക്കും ഭരണകൂടം ലഭ്യമാക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ അവര്‍ക്കും ഉറപ്പാക്കുന്നതിനുപുറമെ അവരുടേതായ പ്രവര്‍ത്തനരീതികള്‍ സംരക്ഷിക്കപ്പെടേണ്ടതും ആവശ്യമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കേണ്ട കാര്യങ്ങളാണിത്.

മറ്റൊരു കാര്യം, ഈ പ്രദേശങ്ങളെയും ഗിരിവര്‍ഗജനങ്ങളുടെ സാഹചര്യത്തെയും പ്രത്യക്ഷത്തില്‍ ബാധിച്ചിട്ടുള്ള നവലിബറല്‍ നയങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നാണ്. ഇല്ലെങ്കില്‍ ഈ പ്രശ്നത്തിന് പരിഹാരമാവില്ല. കടുത്ത അടിച്ചമര്‍ത്തലുകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം വാസ്തവത്തില്‍ മാവോയിസ്റ്റുകളെയല്ല ബാധിക്കുന്നത്.

മാവോയിസ്റ്റുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇപ്പോള്‍ നാം കണ്ടുകഴിഞ്ഞു. അവര്‍ വനങ്ങളുടെ ഉള്‍പ്രദേശങ്ങളിലാണ് തങ്ങുന്നത്; ആക്രമിക്കുകയും ഓടിക്കളയുകയുമാണ് അവരുടെ രീതി; അതുകൊണ്ട് അര്‍ദ്ധസൈനിക വിഭാഗത്തിനോട് എതിരിടാന്‍ അവരുണ്ടാവില്ല. അര്‍ദ്ധസൈനിക വിഭാഗം എത്തുന്നതിനുമുമ്പ് അവര്‍ സ്ഥലംകാലിയാക്കും. അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ആക്രമണം നേരിടേണ്ടതായി വരുന്നത് മാവോയിസ്റ്റുകള്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളായിരിക്കും. പുറത്തുനിന്നു വരുന്ന അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ക്ക് മിത്രത്തെയും ശത്രുവിനെയും-ഗോത്രവര്‍ഗക്കാരെയും മാവോയിസ്റ്റുകളെയും-തമ്മില്‍ തിരിച്ചറിയാനാവില്ല. അവര്‍ കണ്ണില്‍കണ്ട ജനങ്ങള്‍ക്കുനേരെ ആക്രമണം അഴിച്ചുവിടും. ഇതാണ് ഒടുവില്‍ സംഭവിക്കുന്നത്. പൊലീസുകാരെ കൂട്ടത്തോടെ കൊല്ലുകയും പൊലീസ് സ്റ്റേഷനുകള്‍ ആക്രമിച്ച് കൂട്ടക്കുരുതി നടത്തുകയും ട്രെയ്നുകള്‍ ആക്രമിക്കുകയും തടഞ്ഞുവെയ്ക്കുകയും (രാജധാനി സംഭവത്തെ ഇക്കൂട്ടത്തില്‍ കൂട്ടാനാവില്ല) സ്കൂളുകള്‍ ആക്രമിക്കുകയുമെല്ലാം ചെയ്തുകൊണ്ട് അവര്‍ പ്രകോപനമുണ്ടാക്കി ഭരണകൂടത്തിന്റെ കടന്നാക്രമണം ക്ഷണിച്ചുവരുത്തുകയാണ്. അവര്‍ ഝാര്‍ഖണ്ഡിലും ബിഹാറിലും ഛത്തീസ്ഗഢിലുമെല്ലാം സിപിഐ (എം) കാഡര്‍മാരെ മാത്രമല്ല മറ്റു പാര്‍ടികളിലെ ആളുകളെയും കൊല്ലുന്നുണ്ട്. എന്നാല്‍ സിപിഐ എമ്മിന്റെ കാര്യത്തില്‍ അവര്‍ക്ക് പ്രത്യേക താല്‍പര്യംതന്നെയുണ്ട്. ഛത്തീസ്ഗഢിലെ കല്‍ഖേത്തില്‍ സിപിഐ (എം) ന്റെ ലോക്കല്‍കമ്മിറ്റി സെക്രട്ടറിയെ നാലാഴ്ചമുമ്പ് അവര്‍ വകവരുത്തി. സുന്ദര്‍ഗഡില്‍ ഒരു പാര്‍ടി ഓഫീസ് അവര്‍ തകര്‍ത്തു. അപ്പോള്‍ അവിടെ ആളില്ലാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല. മൂന്ന്-നാല് ആഴ്ചമുമ്പ് ആന്ധ്രപ്രദേശില്‍ അവര്‍ നമ്മുടെ ഒരു പ്രധാന പ്രാദേശിക സഖാവിനെ കൊലപ്പെടുത്തി. അങ്ങനെ അവര്‍ നമ്മുടെ പാര്‍ടിയെ പ്രധാന ലക്ഷ്യമാക്കിയിരിക്കുകയാണ്; കാരണം, നാം പൊലീസിനെയും അര്‍ദ്ധസൈനിക വിഭാഗങ്ങളെയുംപോലെയല്ല. നമ്മള്‍ ഉള്ള സ്ഥലങ്ങളില്‍ നാം അവരെ രാഷ്ട്രീയമായി നേരിടും. അതാണ് അവര്‍ക്ക് അല്‍പവും സഹിക്കാത്തത്. എങ്ങനെയാണ് നാം അവരോട് പൊരുതുന്നത്? നാം തോക്കുകൊണ്ടല്ല അവരെ നേരിടുന്നത്. പശ്ചിമബംഗാളില്‍ നാം അത് ചെയ്തിരുന്നെങ്കില്‍ മാവോയിസ്റ്റുകളുടെ പൊടിപോലും അവശേഷിക്കുമായിരുന്നില്ല. നാം ഉള്ള സ്ഥലങ്ങളിലെല്ലാം പ്രത്യയശാസ്ത്രപരമായും സംഘടനാപരമായും രാഷ്ട്രീയമായുമാണ് നാം അവരെ നേരിടുന്നത്. നാം ജനങ്ങളെ അണിനിരത്തുകയും ഇതല്ല ശരിയായ വഴി എന്നു പറയുകയും ചെയ്യുന്നു. എന്നാല്‍ മാവോയിസ്റ്റുകള്‍ കരുതുന്നത് സിപിഐ (എം) നെ ഉന്മൂലനംചെയ്താല്‍ മാത്രമേ അവര്‍ക്ക് മുന്നേറാനാവൂ എന്നാണ്. അതാണ് സിപിഐ (എം) ദുര്‍ബലമായ പ്രദേശങ്ങളില്‍പോലും അവര്‍ പാര്‍ടിയെ ആക്രമണലക്ഷ്യമാക്കുന്നത്. ഇതാണ് യാഥാര്‍ത്ഥ്യം.

1980കളില്‍ നക്സലൈറ്റുകളെക്കുറിച്ച് പഠിക്കാന്‍ ഞാന്‍ ഗൌരവപൂര്‍വം ഒരു ശ്രമം നടത്തിയിരുന്നു. 1985ല്‍ ഞാന്‍ അതിനെക്കുറിച്ച് എഴുതുകയും ചെയ്തു. അന്നവര്‍ 24 ഗ്രൂപ്പുകളായി ചിന്നിച്ചിതറിയിരുന്നു. അവര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് വിശദമാക്കാന്‍ ഞാന്‍ വളരെ പണിപ്പെട്ട് ഈ ഗ്രൂപ്പുകളുടെ ഡയഗ്രം തയ്യാറാക്കി. അവര്‍ ഒന്നല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ പുനരുജ്ജീവിക്കപ്പെടും എന്ന് ഞാന്‍ അന്ന് പറഞ്ഞിരുന്നു. ഇത് അവസാനത്തേതാണെന്നും ഞാന്‍ കരുതുന്നില്ല-കാരണം നമ്മുടെ രാജ്യത്ത് ഇടതുപക്ഷ സെക്ടേറിയന്‍ അതിസാഹസികരാഷ്ട്രീയത്തിന് എപ്പോഴും സാധ്യതയുണ്ട്. കാരണം അതൊരു എളുപ്പവഴിയാണ്. അത് ഒരു വിപ്ളവവും ഉണ്ടാക്കില്ല.

ഗിരിവര്‍ഗ മേഖലകള്‍ക്കുപുറമെ അവര്‍ക്ക് കുറെ അനുഭാവികളെയും പിന്തുണയും ലഭിക്കുന്നത് നഗരപ്രദേശങ്ങളിലെ ബുദ്ധിജീവികളില്‍നിന്നാണ്. ഏത് പട്ടണത്തിലും നഗരത്തിലും അവര്‍ക്ക് സജീവമായ പിന്തുണ നല്‍കിയില്ലെങ്കിലും അവരോട് അനുഭാവം പുലര്‍ത്തുന്ന ഒരു വിഭാഗം ബുദ്ധിജീവികളെ കാണാം. അവര്‍ പറയുന്നത് എന്തായാലും മാവോയിസ്റ്റുകള്‍ പാവപ്പെട്ടവര്‍ക്കും മര്‍ദ്ദിതര്‍ക്കുംവേണ്ടി പൊരുതുന്നവരാണല്ലോ എന്നാണ്. അവര്‍ മാവോയിസ്റ്റുകള്‍ ചെയ്യുന്നതിനെയെല്ലാം ന്യായീകരിക്കുകയും ചെയ്യുന്നു. ഇതിനും പുറമെ മാവോയിസ്റ്റുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പ്രത്യേകം പ്രാവീണ്യം നേടിയിട്ടുള്ള, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇതിനായി പ്രവര്‍ത്തിക്കുന്ന വിവിധ മനുഷ്യാവകാശ സംഘടനകളും പൌരാവകാശ പ്രസ്ഥാനങ്ങളുമുണ്ട്. മാവോയിസ്റ്റുകളെ സംബന്ധിച്ച് ഇങ്ങനെ ഒരു പൊതു റൊമാന്റിക് വീക്ഷണം നിലവിലുണ്ട്; ഇതൊരു വസ്തുതയാണ്; ഇത് മാധ്യമങ്ങളിലൂടെ പ്രതിഫലിക്കുകയും ചെയ്യുന്നു. അതുകൊണ്ട് മാവോയിസ്റ്റുകള്‍ സജീവമായിട്ടുള്ളിടത്ത് മാത്രം നാം മാവോയിസ്റ്റുകളുടെ വിഷയം കൈകാര്യംചെയ്താല്‍ പോര; നഗരങ്ങളിലെ ബുദ്ധിജീവി വിഭാഗങ്ങള്‍ക്കിടയിലും ഇന്ത്യയില്‍ ഇന്ന് മാവോയിസം എന്താണ് എന്ന് രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും തുറന്നുകാണിക്കണം; അതിനുവേണ്ടി ഈ വിഭാഗങ്ങളുമായി നിരന്തരം ബന്ധപ്പെടുകയും അവരുമായി സംവാദത്തിലേര്‍പ്പെടുകയും വേണം.

1970കളുടെ തുടക്കത്തിലും പശ്ചിമ ബംഗാളിലെ ബുദ്ധിജീവികള്‍ക്കിടയില്‍ നക്സലൈറ്റുകളെ പിന്തുണയ്ക്കുന്നവരുണ്ടായിരുന്നു. നക്സലിസത്തെ മഹത്വവത്കരിക്കുന്ന നിരവധി സിനിമകളും നിര്‍മ്മിച്ചിരുന്നു. ഇന്നും അവിടെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ബുദ്ധിജീവികള്‍ക്കിടയില്‍ തീവ്ര ഇടതുപക്ഷ പ്രവണതകള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷേ, ഇന്ന് ഇവരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു സംഭവവികാസം കാണാം. സംസ്ഥാനത്തെ അത്യുന്നത മാവോയിസ്റ്റ് നേതാവ് ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട് പശ്ചിമബംഗാളിലെ അടുത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി ആകണമെന്നാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നത് എന്നുപറഞ്ഞത് ഈ ബുദ്ധിജീവികളില്‍ ചിലരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിനുമുമ്പ് നന്ദിഗ്രാമില്‍നിന്ന് മാര്‍ക്സിസ്റ്റുകാരെ അടിച്ചോടിക്കാന്‍ തങ്ങള്‍ എങ്ങനെയാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ സഹായിച്ചതെന്നും ലാല്‍ഗഢില്‍ തങ്ങള്‍ കുഴപ്പത്തില്‍ പെടുമ്പോള്‍ തൃണമൂലിന്റെ സഹായം എങ്ങനെയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും മാവോയിസ്റ്റ് നേതാവ് വിശദീകരിച്ചിരുന്നു. അവരെ സഹായിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് മടിക്കുന്നുമില്ല. മാവോയിസ്റ്റുകള്‍ക്കെതിരെ പൊലീസിനെ അയക്കുന്നത് എന്തിനാണെന്ന് പരസ്യമായി ചോദിക്കുന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. എന്നാല്‍ ഇപ്പോള്‍ മമത പറയുന്നത് മാവോയിസ്റ്റുകളും മാര്‍ക്സിസ്റ്റുകളും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നാണ്. ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നാണ്. എന്നാല്‍ സിപിഐ (എം) നെയും ഇടതുമുന്നണിയെയും ആക്രമിക്കാന്‍ മാവോയിസ്റ്റുകളും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ കൂട്ടുകെട്ടില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് ബംഗാളില്‍ എല്ലാപേര്‍ക്കും അറിയാവുന്നതാണ്. അതുകൊണ്ട് ഇക്കാര്യം നാം ബംഗാളിനു പുറത്തും വിപുലമായി പ്രചരിപ്പിക്കണം. പശ്ചിമബംഗാളിലെ ഇടതുപക്ഷത്തിന്റെ ശക്തിയെ തകര്‍ക്കുന്നതിനാണ് ഇപ്പോള്‍ മാവോയിസ്റ്റുകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതിന് ഏറ്റവും പിന്തിരിപ്പനായ വലതുപക്ഷ ശക്തികളുമായി കൈകോര്‍ത്തിരിക്കുകയുമാണ്.

മാവോയിസ്റ്റുകളെ ഒറ്റപ്പെടുത്തുന്നതിനും ഈ ഇടതുപക്ഷ തീവ്രവാദ വിപ്ളവ വായാടി രാഷ്ട്രീയത്തെ ഇന്ത്യയുടെ രാഷ്ട്രീയരംഗത്തുനിന്ന് ഇല്ലാതാക്കുന്നതിനുംവേണ്ടി രാഷ്ട്രീയമായും സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും നാം പൊരുതേണ്ടതുണ്ട്. അതോടൊപ്പംതന്നെ മാവോയിസ്റ്റുകള്‍ ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ന്യായീകരണവും ഇല്ലെന്ന് നാം വ്യക്തമാക്കുകയും വേണം.