Friday, October 31, 2008

കേരളപ്പിറന്നാള്‍ .ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മംഗളാശംസകള്‍

കേരളപ്പിറന്നാള്‍ . ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മംഗളാശംസകള്‍

വി എസ് അച്യുതാനന്ദന്‍

ഇന്ന് ഐക്യകേരളത്തിന്റെ അമ്പത്തിമൂന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ് നാം. മൂന്നായി മുറിഞ്ഞുകിടന്ന കേരളം ഒന്നുചേര്‍ന്ന് ഐക്യകേരളമായതിന്റെ സുവര്‍ണജൂബിലി നാം ഒരു വര്‍ഷം നീണ്ടുനിന്ന പരിപാടികളോടെ നടത്തുകയുണ്ടായി. കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള ഒട്ടേറെ പദ്ധതിയും പ്രവര്‍ത്തനവും ആ കാലയളവില്‍ നാം ഏറ്റെടുക്കുകയുണ്ടായി. ഏറ്റവും അഭിമാനത്തോടെ നമുക്ക് പറയാന്‍ കഴിയും, കേരളത്തിന്റെ സമഗ്രപുരോഗതിക്ക് ഉതകുന്ന ഏറ്റവും കൂടുതല്‍ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ കാലയളവിലാണ് തുടക്കം കുറിച്ചതെന്ന്. ആ നടപടികള്‍ ഫലം കണ്ടുതുടങ്ങി. കാര്‍ഷികമേഖലയെ തകര്‍ച്ചയില്‍നിന്ന് മോചിപ്പിക്കാനും പുത്തനുണര്‍വ് സൃഷ്ടിക്കാനും പൊതുമേഖലാ വ്യവസായങ്ങളെ ലാഭത്തിലാക്കാനും കഴിഞ്ഞു. പരമ്പരാഗത തൊഴില്‍മേഖലകളില്‍ പുത്തനുണര്‍വ് സൃഷ്ടിച്ചു. അടിസ്ഥാന സൌകര്യ വികസനരംഗത്ത് വമ്പിച്ച കുതിച്ചുചാട്ടത്തിന് പശ്ചാത്തലമൊരുക്കാനും സാധ്യമായി. കഴിഞ്ഞ അമ്പത്തിരണ്ട് വര്‍ഷംകൊണ്ട് എല്ലാ മേഖലയിലും വമ്പിച്ച പുരോഗതി കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. അതേ സമയം ഉയര്‍ന്ന സാമൂഹ്യ നിലവാരവും താഴ്ന്ന സാമ്പത്തിക നിലവാരവും എന്ന 'ചരിഞ്ഞ വികസന'മാണ് കേരളത്തിന്റെ സവിശേഷത എന്ന് വിലയിരുത്തപ്പെട്ടുപോന്നിട്ടുണ്ട്. അത്തരമൊരു വികസനത്തിന് ആയുസ്സില്ലെന്നും ക്ഷേമകാര്യങ്ങള്‍ക്കായുള്ള വ്യയം ഉല്‍പ്പാദനക്ഷമമല്ലെന്നും അതിനാല്‍ കേരളവും പുതിയ സാമ്പത്തിക വികസനപാതയിലേക്ക് പൂര്‍ണമായും ചരിയണമെന്നും ശക്തമായ ഒരു വാദമുണ്ട്. മറ്റ് ചില അയല്‍ സംസ്ഥാനങ്ങളെ ചൂണ്ടി കേരളം എല്ലാ നിലയിലും പിറകോട്ടുപോകുന്നുവെന്ന ശക്തമായ പ്രചാരണവുമുണ്ട്. ഈ പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മാനവ വികസനംതന്നെയാണ് യഥാര്‍ഥ വികസനത്തിന്റെ അടിസ്ഥാനമെന്നും അടുത്തിടെ പുറത്തിറങ്ങിയ സംസ്ഥാന മാനവ വികസന റിപ്പോര്‍ട്ട് തെളിയിക്കുന്നു. ഈയിടെ അന്താരാഷ്ട്രപ്രസിദ്ധമായ ഒരു മാധ്യമസ്ഥാപനം ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടത്തിയ ഒരു സര്‍വെയില്‍ മാനവവികസനത്തിന്റെ വിവിധ അളവുകോലുകളില്‍ ആദ്യത്തെ അഞ്ചിനത്തില്‍ കേരളം ഒന്നാമതാണെന്നു കണ്ടെത്തുകയുണ്ടായി. സാമ്പത്തിക വളര്‍ച്ചയില്ലാതെ കേവല ജീവിത നിലവാര വളര്‍ച്ച എന്ന അര്‍ഥത്തില്‍ ഉള്ളു പൊള്ളയായ വികസനമാണ് കേരളത്തില്‍ എന്ന് ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, സാമ്പത്തിക വളര്‍ച്ചയുണ്ടായതിനാല്‍മാത്രം മാനവ വികസനം സംഭവിക്കില്ലെങ്കിലും മാനവവികസനം ആത്യന്തികമായി സാമ്പത്തിക വളര്‍ച്ചയിലേക്കും, സമഗ്രവളര്‍ച്ചയിലേക്കും നയിക്കുമെന്നതാണ് യാഥാര്‍ഥ്യം. ഉല്‍പ്പാദനംപോലെതന്നെ വിതരണവും പ്രധാനമാണ്. വിതരണത്തില്‍ അസന്തുലിതാവസ്ഥ താരതമ്യേന കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതാണ് കേരളത്തിലെ സവിശേഷ പുരോഗതിയുടെ അടിസ്ഥാനം. ഇതാകട്ടെ ഉയര്‍ന്ന രാഷ്ട്രീയ-സാമൂഹ്യ ബോധത്തിന്റെയും സംഘടിതശേഷിയുടെയും നിരന്തര സമരങ്ങളുടെയും ഫലമാണുതാനും. സാക്ഷരതയില്‍ അനുസ്യൂതം വളരെ മുന്നില്‍ നില്‍ക്കാന്‍ കഴിഞ്ഞതും ഭൂപരിഷ്കരണവും ജനകീയാരോഗ്യ പദ്ധതിയും പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളും സാര്‍ഥകമായ അധികാര വികേന്ദ്രീകരണവുമെല്ലാമാണ് കേരളത്തിലെ മാനവ വികസനത്തിന്റെ അടിസ്ഥാനം. വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലുണ്ടായ സാധ്യത ഉപയോഗപ്പെടുത്തി തൊഴിലില്ലായ്മയുടെ തോത് വലിയൊരളവോളം കുറയ്ക്കാനും കഴിഞ്ഞു. അത് പ്രധാനപ്പെട്ട ഒരു വരുമാനസ്രോതസ്സാവുകയും ചെയ്തു. സര്‍വീസ് മേഖലയുടെ വികാസത്തിന്റെ അടിസ്ഥാനങ്ങളിലൊന്ന് ഇതാണ്. രാജ്യത്തെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രതയില്‍ വളരെ മുന്നിലാണെങ്കിലും കുടുംബാസൂത്രണം ഏറ്റവും ഫലപ്രദമായി നടപ്പാക്കി ജനന നിരക്കില്‍ വളരെ പിറകിലായി കേരളം. രാജ്യത്ത് വാര്‍ഷിക ജനസംഖ്യാ വര്‍ധന നിരക്ക് 1.95 ശതമാനമാണെങ്കില്‍ കേരളത്തില്‍ 0.93 ശതമാനം മാത്രമാണ്. പകുതിയിലും താഴെ. ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ വികസിത രാഷ്ട്രങ്ങളേക്കാളും മുന്നില്‍. സ്ത്രീ-പുരുഷ അനുപാതത്തില്‍ അഭിമാനകരമായ ഔന്നത്യത്തിലാണ് കേരളം. ആയിരം ആകുട്ടികള്‍ വളരുമ്പോള്‍ 1058 പെകുട്ടികള്‍ വളരുന്നു. വര്‍ധിച്ച ആത്മഹത്യയാണ് കേരളത്തെ ഏറ്റവും ആശങ്കപ്പെടുത്തേണ്ട ഒരു കാര്യം. ഇന്ത്യന്‍ ശരാശരിയേക്കാള്‍ ഇരട്ടിയിലുമേറെയാണ് സംസ്ഥാനത്തെ ആത്മഹത്യനിരക്ക്. ലക്ഷത്തിന് മുപ്പത്തിമൂന്ന് എന്ന തോതിലെത്തിയിരിക്കുന്നു അത്. കുടുംബ ബന്ധങ്ങളിലെ ശൈഥില്യവും പലതരം മനക്ളേശങ്ങളുമെല്ലാം ആത്മഹത്യ വരെ എത്തിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ അതീവ ശ്രദ്ധയോടെയുള്ള ഇടപെടലും ബോധവല്‍ക്കരണവുമെല്ലാം ആവശ്യമാണ്. സാമൂഹ്യമായ ബന്ധം ശക്തിപ്പെടുത്തുകയും ജീവിതത്തില്‍ സ്നേഹവും സഹാനുഭൂതിയും വളര്‍ത്തുകയും വേണം. തൊഴിലില്ലായ്മയാണ് നമ്മുടെ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. അതേ സമയം ചില മേഖലകളില്‍ തൊഴില്‍ ചെയ്യാന്‍ ആളെ കിട്ടാനില്ലെന്ന മുറവിളിയും പരക്കെ ഉയരുന്നുണ്ട്. നമ്മുടെ സംസ്ഥാനത്തെ ദശലക്ഷക്കണക്കിനു യുവാക്കള്‍ അന്യരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും പണിയെടുക്കുകയാണ്. അതായത് കേരളീയ യുവത്വത്തില്‍ നല്ലൊരു ഭാഗം പുറത്താണ്. നമ്മുടെ കേരളത്തിലാകട്ടെ നിര്‍മാണതൊഴില്‍ മേഖലയിലും മറ്റും ബീഹാറില്‍നിന്നും ബംഗാളില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമൊക്കെഉള്ളവരാണ് ഇപ്പോള്‍ അധികവും. തെങ്ങുകയറ്റത്തിനും വയലില്‍ പണിയെടുക്കുന്നതിനും അന്യസംസ്ഥാനക്കാര്‍ അധികമായി എത്താന്‍ തുടങ്ങിയിട്ടില്ല. അതുകൊണ്ട് ആ മേഖലകളില്‍ പലേടത്തും തൊഴിലാളിക്ഷാമം രൂക്ഷമാണ്. അപ്പോഴും ഒരു പണിയും ചെയ്യാതെ പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. ആഗ്രഹിക്കുന്ന തൊഴില്‍ കിട്ടിയാലേ ചെയ്യൂ, സര്‍ക്കാര്‍ ജോലിതന്നെ വേണം, വെള്ളക്കോളര്‍ ജോലി വേണം എന്ന അവസ്ഥയാണ്. പറ്റുമെങ്കില്‍ പണിയൊന്നുമെടുക്കാതെ ജോളിയടിച്ച് യുവത്വം കഴിക്കണമെന്ന് വിചാരിക്കുന്ന ചെറിയൊരു ശതമാനം ആളുകളുമുണ്ട്. ജോലി ചെയ്യാത്ത യൌവനം പാഴായ യൌവനമാണ്. ജോലി ചെയ്യാനുള്ള താല്‍പ്പര്യമില്ലായ്മ, വെറുതെ ജോളിയടിച്ചു നടക്കാനുള്ള താല്‍പ്പര്യം മനുഷ്യരെ മനുഷ്യരല്ലാതാക്കും. രാവിലെ കുളിച്ച് കുപ്പായവുമിട്ട് പൌഡറും പൂശി സെല്‍ഫോണുമെടുത്ത് ചുറ്റിയടിക്കുക, അവസ്ഥാനുസരണം ലഹരി ഉപയോഗിക്കുക, അങ്ങനെ ടൈംപാസ് - രാഷ്ട്രീയവും കലയും സംസ്കാരവും ഒന്നും ബാധകമല്ല - അങ്ങനെയൊരു വിഭാഗം ചെറുപ്പക്കാര്‍ ഇന്നുണ്ട്. തീരെ ചെറിയ സംഖ്യയല്ല അവരുടേത്. ജോലി ചെയ്ത് അന്തസ്സായി ജീവിതമര്‍ഗമുണ്ടാക്കുന്നത് വലിയ വിഷമമായി കാണുന്നവരും അതുകൊണ്ട് പണമുണ്ടാക്കാന്‍ എളുപ്പമാര്‍ഗം തേടുന്നവരുമുണ്ട്. സ്പിരിറ്റ് കടത്തും ചാരായംകടത്തും ഭീകരസംഘങ്ങളുടെ കൈയാളാവുകയും അന്യന്റെ പോക്കറ്റില്‍ കൈയിടലുമൊക്കെ വര്‍ധിച്ചുവരുന്നത് അതിന്റെ ഭാഗമാണ്. ആഗോളവല്‍ക്കരണ കാലഘട്ടം മനുഷ്യനെ പണത്തോട് അത്യാര്‍ത്തിയുള്ളവരാക്കി മാറ്റിയിരിക്കുന്നു. അതിനാല്‍ ചെറിയൊരു വിഭാഗം യുവാക്കളെങ്കിലും മെയ്യനങ്ങി പണിയെടുക്കാന്‍ നില്‍ക്കാതെ തെറ്റായ വഴിയില്‍ പണക്കാരാകാന്‍ ശ്രമിക്കുന്നു. കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിലേക്കാണ് ഇത് നയിക്കുന്നത്. ഐക്യകേരളം പ്രതീക്ഷിക്കുന്നത് ഇതല്ല. ഇന്ത്യയില്‍ ഏറ്റവും മദ്യാസക്തിയുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. വില്‍ക്കുന്ന മദ്യത്തിന്റെ അളവു നോക്കിയാല്‍ ഭൂരിപക്ഷംപേരും മദ്യപാനികളാണെന്ന് കണക്കാക്കേണ്ടി വരും. ആരോഗ്യത്തിന് ഹാനികരമാണ് എന്നറിഞ്ഞിട്ടും കടക്കാരനാകും എന്നറിഞ്ഞിട്ടും മദ്യാസക്തി വളരുന്നു. നമ്മുടെ ജനതയ്ക്ക് എന്തുകൊണ്ട് ഇത്രമാത്രം അസ്വാസ്ഥ്യവും അതൃപ്തിയുമെന്ന് ആഴത്തില്‍ പഠിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രനിര്‍മാണത്തിനുവേണ്ടിയുള്ള ഊര്‍ജമാണ് മദ്യത്തിലേക്ക് പോകുന്നത്. മദ്യപാനം ദുശ്ശീലമാണ്, ആപത്താണ്, കാശുപോകും, കുടുംബം കലങ്ങും എന്നൊക്കെ പറഞ്ഞും സാരോപദേശം നല്‍കിയുംമാത്രം ഈ പ്രശ്നത്തിന് പരിഹാരം കാണാനാവില്ല. കൂട്ടായ്മ വളര്‍ത്തിയും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിട്ടും മാത്രമേ പലായന പ്രവണതയില്‍നിന്ന് മോചിപ്പിക്കാനാവൂ. ഐക്യകേരളദിനത്തില്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കേണ്ടതാണിത്. മതതീവ്രവാദം അങ്ങിങ്ങ് ശക്തിപ്രാപിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ഥ മതവിശ്വാസികള്‍ സമാധാനത്തിന്റെയും സൌഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും പക്ഷത്തേ നില്‍ക്കുകയുള്ളൂ. എന്നാല്‍ മതത്തിന്റെ പേരില്‍ ചില ദുഷ്ടശക്തികള്‍ യുവാക്കളെ വശീകരിച്ചും പ്രലോഭിപ്പിച്ചും ഭീകരസംഘങ്ങളുടെ വലയിലാക്കുകയും കൊടും ക്രിമിനലുകളാക്കി മാറ്റുകയും ചെയ്യുകയാണ്. രാജ്യത്തിന്റെയും മനുഷ്യരുടെയാകെയും ശത്രുക്കളാണ് ഭീകരപ്രവര്‍ത്തകര്‍. ഏറ്റവും സംസ്കാരസമ്പന്നമായ കേരളത്തിലും അത്തരക്കാരുണ്ടെന്ന വിവരം നടുക്കമുണ്ടാക്കുന്നതാണ്. അത്തരം സാമൂഹ്യദ്രോഹികളെ അമര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് എല്ലാവരുടെയും പിന്തുണയുണ്ടാകണം. ആഗോളവല്‍ക്കരണം മാത്രമാണ് ഇനി യാഥാര്‍ഥ്യമെന്നും പുരോഗതിക്ക് പോംവഴി അതു മാത്രമാണെന്നുമാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി മുതലാളിത്തവാദികള്‍ ഉദ്ഘോഷിച്ചുകൊണ്ടിരുന്നത്. ആഗോളവല്‍ക്കരണംകൂടി ആയതോടെ അമേരിക്കയുടെ ഏകധ്രുവലോകമോഹം ദൃഢമായി. എന്നാലിന്ന് സോപ്പുകുമിളകള്‍ പൊട്ടുംപോലെ ഓഹരിക്കമ്പോളങ്ങളില്‍ തകര്‍ച്ച തുടരുകയാണ്. അമേരിക്കയുടെ മാത്രമല്ല, ഇംഗ്ളണ്ടിന്റെയും ജപ്പാന്റെയുമെല്ലാം സമ്പദ്വ്യവസ്ഥ തകര്‍ന്നിരിക്കുന്നു. ലോകമാകെ സാമ്പത്തികമാന്ദ്യത്തിലാണ്. അടിസ്ഥാനപരമായ സാമ്പത്തിക വികാസത്തിനു പകരം ഊഹക്കച്ചവടത്തിന്റെ ഉത്സവംമാത്രം നടന്നാല്‍ എന്താകും അനുഭവം എന്നാണിത് തെളിയിക്കുന്നത്. സാമ്പത്തികമാന്ദ്യവും ഓഹരിക്കമ്പോളത്തിലെ തകര്‍ച്ചയും കേരളത്തെയും മോശമായി ബാധിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സാമ്പത്തികമാന്ദ്യം കേരളത്തില്‍ ഏതൊക്കെ മേഖലയില്‍ എത്രത്തോളം ബാധിക്കുമെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളു. അത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ സിഡിഎസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആഗോളവല്‍ക്കരണം അഴിച്ചുവിട്ട ഭ്രമങ്ങളില്‍നിന്ന് മുക്തരാകാന്‍ ഇപ്പോഴത്തെ അനുഭവങ്ങള്‍ പാഠമാകേണ്ടതുണ്ട്. സാമ്പത്തിക മാന്ദ്യം ഉളവാക്കുന്ന പ്രതിസന്ധികളെ ജാഗ്രതയോടെ നേരിടേണ്ടതുണ്ട്. കാര്‍ഷിക-വ്യവസായ ഉല്‍പ്പാദനത്തില്‍ ഒരു കുതിച്ചുചാട്ടമുണ്ടാക്കാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. അരിക്കും പലവ്യഞ്ജനത്തിനും പാലിനും മുട്ടയ്ക്കുമെല്ലാം അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള വാഗണുകളും ലോറികളും കാത്തുനില്‍ക്കുകയാണ് നാം. നമുക്ക് ആവശ്യമായ അരിയുടെ അഞ്ചിലൊന്നില്‍ താഴെ മാത്രമാണിവിടെ ഉല്‍പ്പാദിപ്പിക്കുന്നത്. അതില്‍ ഒരു മാറ്റം വരുത്താന്‍ കാര്‍ഷികോല്‍പ്പാദന വര്‍ധനയ്ക്കായി ഒരു സമഗ്രപപദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് നാം. അടുത്ത മൂന്നുകൊല്ലത്തിനകം നെല്ലുല്‍പ്പാദനം അമ്പത് ശതമാനമെങ്കിലും വര്‍ധിപ്പിക്കണം. ഇപ്പോള്‍ തരിശിട്ടിരിക്കുന്ന മുഴുവന്‍ പാടത്തും കൃഷി ഇറക്കണം. ഓരോ പഞ്ചായത്തിലും പത്ത് ഹെക്ടര്‍ സ്ഥലത്തെങ്കിലും ഇക്കൊല്ലംതന്നെ പുതുതായി നെല്‍കൃഷി നടത്താന്‍ കഴിയണം. നെല്‍പ്പാടങ്ങള്‍ നികത്തുന്നതും തരം മാറ്റുന്നതും ഇനി അനുവദിച്ചുകൂടാ. പലിശരഹിത വായ്പയുള്‍പ്പെടെ നല്‍കി നെല്‍കൃഷി പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍. നെല്ലിന്റെ സംഭരണവില രണ്ടുകൊല്ലംകൊണ്ട് ഏഴില്‍ നിന്ന് പതിനൊന്നു രൂപയായി വര്‍ധിപ്പിച്ചു. നെല്‍കൃഷി ലാഭകരമാകുമെന്ന പ്രതീക്ഷ ഉളവായിക്കഴിഞ്ഞിരിക്കുന്നു. നെല്ലുല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടായി തുടങ്ങിയിരിക്കുന്നു. അതുപോലെ പച്ചക്കറി, പാല്‍, മുട്ട എന്നിവയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിയണം. ഇതിനുള്ള കര്‍മപദ്ധതി വിജയിപ്പിക്കാന്‍ ഉത്സാഹിക്കണമെന്നാണ് ഈ അവസരത്തില്‍ എല്ലാവരോടും എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്. നമുക്ക് ഏറെ മുന്നോട്ടുപോകാനുണ്ട്. എല്ലാ കുടുംബത്തിനും ഭൂമി, എല്ലാ കുടുംബത്തിനും വീട് എന്ന ലക്ഷ്യം കൈവരിക്കുക, കാര്‍ഷിക--വ്യവസായ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും തൊഴിലില്ലായ്മ പരിഹരിക്കുകയും ചെയ്യുക, വരുമാനത്തിലെ അന്തരം കുറച്ചുകൊണ്ടുവരിക, മാനസികവും ശാരീരികവുമായി ഏറ്റവും ആരോഗ്യമുള്ള ഒരവസ്ഥ സൃഷ്ടിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍. അതിനായി നമുക്ക് ഒറ്റക്കെട്ടായി മുന്നോട്ടു പോകാമെന്ന് ഈ ദിനത്തില്‍ ദൃഢനിശ്ചയം ചെയ്യാം. ലോകത്തെങ്ങുമുള്ള മലയാളികള്‍ക്ക് മംഗളാശംസകള്‍

Sunday, October 26, 2008

എല്ലാ സുഹൃത്തുക്കള്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ

എല്ലാ സുഹൃത്തുക്കള്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ദീപാവലി ആശംസകള്‍......!!!!Saturday, October 25, 2008

'നമ്മക്ക്‌ മോനേക്കാള്‍ വലുത്‌ രാജ്യാണ്‌....' -ഫയാസിന്റെ ഉമ്മ

'നമ്മക്ക്‌ മോനേക്കാള്‍ വലുത്‌ രാജ്യാണ്‌....' -ഫയാസിന്റെ ഉമ്മ


കണ്ണൂര്‍: 'ഓന്‍ നമ്മുടെ രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചെങ്കില്‍ ശിക്ഷ അനുഭവിക്കണം. നമ്മക്ക്‌ മോനേക്കാള്‍ വലുത്‌ രാജ്യാണ്‌....ഒരുമ്മക്കും ഇനി ഈ ഗതി വരരുത്‌'. ഇത്‌ പറയുമ്പോള്‍ കശ്‌മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ മൈതാനപ്പള്ളി സ്വദേശി മുഹമ്മദ്‌ ഫയാസിന്റെ ഉമ്മ സഫിയയുടെ കണ്ണ്‌ നിറഞ്ഞു. ഒരു തീവ്രവാദിയുടെ ഉമ്മയെന്ന്‌ ആള്‍ക്കാര്‍ പറയുകയും കാണുകയും ചെയ്യുമ്പോള്‍ സഹിക്കാന്‍ പറ്റ്വോ? അവര്‍ പറഞ്ഞു. തയ്യില്‍ മൈതാനപ്പള്ളിയിലെ വീട്ടില്‍ കശ്‌മീര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ട മകന്റെ വിധിയോര്‍ത്ത്‌ കണ്ണീര്‍ വാര്‍ക്കുകയാണുമ്മ. ഓന്റെ മയ്യത്ത്‌ എനിക്ക്‌ കാണണംന്നില്ല. ഖബറടക്കുന്ന സമയം പറയാമെന്ന്‌ പോലീസ്‌ പറഞ്ഞിട്ടുണ്ട്‌. അത്‌ മതി -അവര്‍ പറഞ്ഞു. ചെറുപ്പത്തിലേ ഓനെ നല്ലനിലയിലാണ്‌ പോറ്റിയത്‌. സിറ്റി സ്‌കൂളില്‍ എട്ടാം ക്ലാസ്‌ വരെയേ ഫയാസ്‌ പഠിച്ചിട്ടുള്ളൂ. രാത്രിനേരം വൈകി വീട്ടിലെത്തിയാല്‍ ഞാന്‍ വാതില്‌ തൊറന്ന്‌കൊടുക്കാറില്ല. അത്ര ശ്രദ്ധിച്ചിരുന്നു. പൊറത്തെ കൂട്ടുകെട്ടൊന്നും എനക്ക്‌ അറിയില്ല -അവര്‍ പറഞ്ഞു. അവന്‍ ആരുടെയോ മാല പൊട്ടിച്ച വിവരം അറിഞ്ഞ്‌ ഞെട്ടിപ്പോയി. രണ്ടുമാസം തലശ്ശേരി ജയിലിലായിരുന്നു. ജയിലിലെ കൂട്ടാണെന്ന്‌ തോന്നുന്ന്‌ പിന്നെയാകെ മാറി. ഒന്നും പറഞ്ഞാ കേക്കില്ല. അപ്പോഴാണ്‌ ഈ ഫൈസലുമായി കൂട്ടുകൂടുന്നത്‌. ഓനാ എന്റെ മോനെ ബാംഗ്ലൂരിലേക്ക്‌ കൊണ്ടോയത്‌. ഒരു നോമ്പ്‌ അത്താഴത്തിന്റെ സമയം രാത്രിയാണ്‌ ഫൈസല്‍ വീട്ടിലെത്തിയത്‌. എന്തെങ്കിലും പണിയെടുത്ത്‌ നാട്ടില്‍ കയിഞ്ഞാമതീന്ന്‌ കൊറേ പറഞ്ഞുനോക്കി, കേട്ടില്ല. പിന്നെ വിചാരിച്ചു, മാല പൊട്ടിച്ച കേസിന്റെ നാണക്കേട്‌കൊണ്ടാ പോയതെന്ന്‌. പക്ഷേ, ഇതിപ്പോ ഇങ്ങനെയായില്ലേ. ബാംഗ്ലൂരില്‍ പോയശേഷം ഒരു വിവരവും ഇല്ലായിരുന്നു. ഓനെ കൊണ്ടോയ ഫൈസല്‍ നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ കാണാന്‍ പോയി. ഓന്‍ നന്നായി എന്നും അഹമ്മദാബാദില്‍ ഖുറാന്‍ പഠിക്കാന്‍ പോയെന്നുമാ പറഞ്ഞത്‌. ഞാന്‍ കരുതി പടച്ചോന്‍ ഓനെ നന്നാക്കീന്ന്‌. പക്ഷേ... അവര്‍ കണ്ണ്‌ തുടച്ചു. 30 വര്‍ഷമായി ഓന്റെ ബാപ്പ ഞങ്ങളെ വിട്ടുപോയിട്ട്‌, ഒഴിവാക്കിയപോലെന്നെയാണ്‌. രണ്ട്‌ ആങ്ങളമാര്‍ എന്തെങ്കിലും തന്നിട്ടാ കയിഞ്ഞുപോകുന്നത്‌. അവര്‍ക്കും കഷ്ടപ്പാടാണ്‌. സഫിയ പറഞ്ഞു. 'ഒന്നല്ലേ ആകെയുള്ളൂ, ഓനല്ലേ നമ്മളെ നോക്കേണ്ടത്‌'. ഫയാസിനെ കൂടാതെ ഒരു മകളുണ്ട്‌ സഫിയക്ക്‌, ആഫിയ. അവരുടെ വിവാഹം കഴിഞ്ഞു. 'സംഭവം അറിഞ്ഞപ്പോത്തന്നെ ഓന്റെ മയ്യത്ത്‌ കാണേണ്ടാന്ന്‌ വിചാരിച്ചതാണ്‌. നാട്ടിന്‌ വേണ്ടാത്തോനായില്ലേ' -അവര്‍ കണ്ണ്‌ തുടച്ചു. 'ഞങ്ങളെ ഒരിക്കലും ഒരു തീവ്രവാദിയുടെ കുടുംബമായി കാണരുത്‌. ജീവനേക്കാള്‍ വലുത്‌ നമ്മള്‍ക്ക്‌ രാജ്യമാണ്‌. രാജ്യത്തിന്‌ എതിരെ പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും അവരെ തകര്‍ക്കണം' -സഫിയയുടെ സഹോദരനും മൈതാനപ്പള്ളി ഐസ്‌ പ്ലാന്റ്‌ തൊഴിലാളിയുമായ സാദിഖ്‌ പറഞ്ഞു. അവനെ ആരൊക്കെയോകൂടി ചതിച്ചതാണ്‌. ഏതായാലും അവന്റെ തെറ്റിന്‌ പടച്ചോന്‍ കൊടുത്ത ശിക്ഷയാണിതെന്ന്‌ നമ്മള്‍ കരുതിക്കോളും -സാദിഖ്‌ പറഞ്ഞു. നമ്മള്‍ ഇന്നുവരെ ഒരു തെറ്റും ചെയ്‌തിട്ടില്ല. ഇന്നാട്ടിലെ ആരോട്‌ ചോദിച്ചാലും പറയും -അദ്ദേഹം പറഞ്ഞു.

Tuesday, October 21, 2008

ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത ഇതിന്നെതിരെ പ്രവറ്ത്തിക്കുന്നവരെ ദേശദ്രോഹികളായി കാണണം.

ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത ഇതിന്നെതിരെ പ്രവറ്ത്തിക്കുന്നവരെ ദേശദ്രോഹികളായി കാണണം.


രണ്ടുദിവസംമുമ്പ് മുംബൈ റെയില്‍വേ സ്റേഷനില്‍ വടക്കെ ഇന്ത്യയിലെ യുവാക്കള്‍ക്കെതിരെ മഹാരാഷ്ട്ര നവനിര്‍മാ സേന എന്ന പേരില്‍ അറിയപ്പെടുന്ന കൊള്ളസംഘം നടത്തിയ പൈശാചികമായ ആക്രമണം ഇന്ത്യക്കാകെ അപമാനകരമാണ്. റെയില്‍വേ ബോര്‍ഡിന്റെ പരീക്ഷ എഴുതാന്‍ മുംബൈ റെയില്‍വേ സ്റേഷനില്‍ തീവണ്ടിയില്‍ വന്നിറങ്ങിയ അന്യസംസ്ഥാനങ്ങളിലെ ഉദ്യോഗാര്‍ഥികളെയാണ് ക്രിമിനല്‍സംഘം കടന്നാക്രമിച്ചത്. പലര്‍ക്കും മാരകമായ പരിക്കുപറ്റി. അവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ സെപ്തംബറില്‍ എംഎന്‍എസിന്റെ നേതാവ് രാജ് താക്കറെ ബിഹാറികള്‍ക്കെതിരെ പരസ്യപ്രസ്താവന നടത്തിയതില്‍ ജനരോഷം ഉയര്‍ന്നുവന്നിരുന്നതാണ്. രാജ് താക്കറയെ അറസ്റ്ചെയ്യാന്‍ വാറന്റ് പുറപ്പെടുവിച്ചതാണ്. എന്നാല്‍, അറസ്റ് താമസിപ്പിക്കുയായിരുന്നു. റെയില്‍വേ സ്റേഷനില്‍ വന്നിറങ്ങിയ യുവാക്കള്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു കരുതിക്കൂട്ടിയുള്ള കടന്നാക്രമണം. ഉദ്യോഗാര്‍ഥികളുടെ ഭാഗത്തുനിന്ന് പ്രകോപനം സൃഷ്ടിക്കാനുള്ള ഒന്നും സംഭവിച്ചിട്ടില്ല. അന്യ സംസ്ഥാനക്കാരെ ആക്രമിക്കുകയെന്ന ആസൂത്രിതമായ പദ്ധതിയനുസരിച്ചാണ് മുന്നറിയിപ്പില്ലാതെ നിരപരാധികളായ പാവപ്പെട്ടവരെ ആക്രമിച്ചത്. ഇന്ത്യ ഒന്നാണെന്നും നാമെല്ലം ഇന്ത്യക്കാരാണെന്നും കുട്ടിക്കാലംമുതല്‍ ഉരുവിട്ടു പഠിപ്പിക്കുന്നതാണ്. ഈ വാചകം പാഠപുസ്തകത്തില്‍ ആലങ്കാരികമായി അച്ചടിച്ചുവയ്ക്കാന്‍ മാത്രമുള്ളതല്ല. ഓരോ ഇന്ത്യന്‍ പൌരനും ഇത് അംഗീകരിച്ച് ജീവിതത്തില്‍ പകര്‍ത്തേണ്ടതാണ്. ഇന്ത്യയിലെ ഒരോ പൌരനും രാഷ്ട്രത്തിന്റെ ഏത് ഭാഗത്തും തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശമുണ്ട്. ഇന്ത്യന്‍ ഭരണഘടന നല്‍കിയ മൌലികാവകാശങ്ങളില്‍ ഒന്നാണ് അത്. അത് നിഷേധിക്കാനുള്ള അവകാശം ആര്‍ക്കും അനുവദിച്ചുകൊടുത്തിട്ടില്ല. വിവിധ മതത്തില്‍ വിശ്വസിക്കുന്നവരും ഒരു മതത്തിലും ദൈവത്തിലും വിശ്വസിക്കാത്തവരും ഇവിടെയുണ്ട്. വിവിധ വേഷം, ഭാഷ, സംസ്കാരം, ജീവിതരീതി എന്നിവയൊക്കെ ഇവിടെയുള്ളതാണ്. നാനാത്വത്തില്‍ ഏകത്വം എന്ന തത്വം അംഗീകരിച്ച രാഷ്ട്രമാണ് ഇത്. ദേശീയോത്ഗ്രഥനത്തിന്റെ അടിസ്ഥാനതത്വവും ഇതാണ്. ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ വര്‍ഗീയവാദം, വിഘടനവാദം, വിഭജനവാദം, തീവ്രവാദം, ഭീകരവാദം എന്നിവയും ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇത് നിലനിര്‍ത്താനും വളര്‍ത്താനും തീവ്രമായ ശ്രമം നടക്കുന്നുണ്ട്. അത്തരം ശിഥിലീകരണ പ്രവണതകളെ മുളയില്‍ത്തന്നെ നുള്ളിക്കളയാനുള്ള ഇഛാശക്തിയും ദൃഢചിത്തതയും കേന്ദ്രഭരണാധികാരികള്‍ക്ക് ഇല്ലാതെ പോയതിന്റെ ദുരിതമാണ് നാം ഇന്ന് അനുഭവിക്കുന്ന്. ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയോത്ഗ്രഥന സമിതി യോഗത്തില്‍ അര്‍ഹിക്കുന്ന ഗൌരവത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്തില്ലെന്നത് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. വോട്ടുബാങ്കില്‍മാത്രം താല്‍പ്പര്യമുള്ളവര്‍ക്ക് ഇതൊന്നും പ്രശ്നമാകാനിടയില്ല. മുംബൈയില്‍ മുമ്പും അന്യ സംസ്ഥാനക്കാര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടന്നതാണ്. ശിവസേനയുടെ അടിസ്ഥാനംതന്നെ വിഘടനവാദമാണെന്ന് അറിയാത്തവരല്ല നമ്മള്‍. മഹാരാഷ്ട്രയില്‍ വടക്കെ ഇന്ത്യയിലെ ഉദ്യോഗാര്‍ഥികള്‍ക്കെതിരെ നടന്ന ആക്രമണം ഭരണഘടനയ്ക്കെതിരായ ആക്രമണമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്. എംഎന്‍എസിനെതിരെ നടപടി വേണമെന്ന് ചില കേന്ദ്രമന്ത്രിമാരും ആവശ്യപ്പെട്ടതായി കാണുന്നുണ്ട്. മഹാരാഷ്ട്ര നവനിര്‍മാ സേനയെ നിരോധിക്കണമെന്ന ആവശ്യം ശക്തിയായി ഉയര്‍ന്നിട്ടുണ്ട്. ബജ്രംഗ്ദളിനെതിരെ കര്‍ക്കശമായ നിലപാട് കൈക്കൊള്ളണമെന്ന ആവശ്യത്തിനു നേരെ പുറംതിരിഞ്ഞുനില്‍ക്കുന്ന നിലപാടാണ് യുപിഎ സര്‍ക്കാര്‍ സ്വീകരിച്ചത്. മഹാരാഷ്ട്രയിലെ വിലാസ്റാവു ദേശ്മുഖിന്റെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പൂര്‍ണപരാജയമാണെന്നാണ് ഇതേവരെയുള്ള സംഭവം വെളിപ്പെടുത്തുന്നത്. ശ്രീകൃഷ്ണാ കമീഷന്‍ റിപ്പോര്‍ട്ടിന്റെ മേല്‍ ഒരു നടപടിയുമുണ്ടായില്ല. അക്രമികളെ കയറൂരിവിടുന്ന നിലപാടാണ് സ്വീകരിച്ചുകാണുന്നത്. വീണ്ടും പരീക്ഷ നടത്താനും എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പരീക്ഷ എഴുതാനുമുള്ള സംരക്ഷണം നല്‍കി അവസരം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അക്രമികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടി കൈക്കൊള്ളാനും ഉടന്‍ തയ്യാറാകണം.

Sunday, October 19, 2008

വര്‍ഗീയ ആക്രമണം ചെറുക്കാന്‍ വിശാലവേദി വേണം: പ്രകാശ് കാരാട്ട്

വര്‍ഗീയ ആക്രമണം ചെറുക്കാന്‍ വിശാലവേദി വേണം: പ്രകാശ് കാരാട്ട്


ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന വര്‍ഗീയ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ 2009ലെ തെരഞ്ഞെടുപ്പില്‍ കോഗ്രസിന് കനത്ത തോല്‍വി നേരിടേണ്ടിവരുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഇത്തരം അക്രമങ്ങള്‍ക്കെതിരെ രാജ്യത്ത് വിശാലവേദി രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനെതിരായ ആക്രമണത്തിനും വര്‍ഗീയതയ്ക്കുമെതിരെ ഡല്‍ഹിയില്‍ ചേര്‍ന്ന മതനിരപേക്ഷ കവന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്. ഒറീസ, കര്‍ണാടകം, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നടക്കുന്ന വര്‍ഗീയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കവന്‍ഷന്‍. വിവിധ രാഷ്ട്രീയനേതാക്കളെക്കൂടാതെ ഡല്‍ഹി ആര്‍ച്ച്ബിഷപ്പ് വിന്‍സെന്റ് കോസെസോ, ജാമിയ മിലിയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. മുഷിറുള്‍ ഹസന്‍ എന്നിവരും പങ്കെടുത്തു. വര്‍ഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. വര്‍ഗീയാക്രമണങ്ങള്‍ക്കെതിരെ ഉറച്ച നടപടിയെടുക്കാന്‍ യുപിഎ സര്‍ക്കാരിനും കോഗ്രസിനും കഴിയുന്നില്ല. ഗുജറാത്തില്‍ 2002ലെ വര്‍ഗീയ ആക്രമണങ്ങളെത്തുടര്‍ന്ന് അന്ന് പ്രതിപക്ഷനേതാക്കള്‍ രാഷ്ട്രപതി കെ ആര്‍ നാരായണനെ കണ്ട് ഗുജറാത്തിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഗുജറാത്തില്‍ ഭരണഘടന അട്ടിമറിക്കപ്പെട്ടു എന്നാണ് രാഷ്ട്രപതി പറഞ്ഞത്. ഗുജറാത്തില്‍ ന്യൂനപക്ഷസംരക്ഷണത്തിന് കര്‍ശന നടപടിയെടുക്കാന്‍ പ്രധാനമന്ത്രി വാജ്പേയിയോട് രാഷ്ട്രപതി ആവശ്യപ്പെടുകയും ചെയ്തു. കോഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. എന്നാല്‍ വര്‍ഗീയ ആക്രമണങ്ങള്‍ വ്യാപകമായിട്ടും അത് നിയന്ത്രിക്കാന്‍ ഒരു നടപടിയും എടുക്കുന്നില്ല. സിആര്‍പിഎഫിന്റെ നിരവധി കമ്പനികള്‍ കന്ദമലില്‍ ഉണ്ടെങ്കിലും ജനങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാകുന്നില്ല. പൊലീസ് അവിടെ അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. അവിടെ ഹിന്ദുത്വശക്തികളുടെ അക്രമകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ പൊലീസ് തയ്യാറാകുന്നില്ല. വര്‍ഗീയാക്രമണങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഒന്നും ഉരിയാടാത്തത്? പ്രധാന നേതാക്കളെയും സംഘടനകളെയും വിളിച്ച് ദേശീയോദ്ഗ്രഥന സമിതി യോഗംചേര്‍ന്നു. അഞ്ച് മണിക്കൂര്‍ ചര്‍ച്ചചെയ്തിട്ടും വര്‍ഗീയ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു നിര്‍ദേശവും മുന്നോട്ടുവച്ചില്ല. അവതരിപ്പിച്ച പ്രമേയത്തില്‍ വര്‍ഗീയ ആക്രമണങ്ങള്‍ എന്ന വാക്ക് ഉള്‍പ്പെടുത്തിയില്ല. പ്രഹസനമായി ആ യോഗം അവസാനിച്ചു. മംഗളൂരുവില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണം നടക്കുന്നു. നിരവധി പള്ളികള്‍ തകര്‍ത്തു. എന്നാല്‍, അവിടെ ആര്‍എസ്എസുകാരേക്കാള്‍ കൂടുതല്‍ ക്രൈസ്തവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മഹാരാഷ്ട്രയിലെ ധൂലെയില്‍ അഞ്ചു പേര്‍ വര്‍ഗീയാക്രമണങ്ങളില്‍ മരിച്ചു. ആന്ധ്രപ്രദേശിലെ അഡിലാബാദില്‍ 10 പേര്‍ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ എല്ലാവരെയും ചുട്ടെരിച്ചു. എല്ലാ ആക്രമണത്തിലും ബജ്രംഗ്ദളിന് പങ്കുണ്ട്. ആര്‍എസ്എസ് വിവിധ പേരില്‍ വിവിധ പ്രദേശത്ത് വര്‍ഗീയത വളര്‍ത്തുകയും അതിന്റെപേരില്‍ അക്രമം നടത്തുകയുമാണ്. ഏതെങ്കിലും സംഘടനയെ നിരോധിച്ചതുകൊണ്ട് അതിന്റെ ആശയങ്ങള്‍ ഇല്ലാതാകില്ല. എന്നാല്‍ നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്ന നിയമം ഉപയോഗിച്ച് ബജ്രംഗ്ദളിന്റെ പ്രവര്‍ത്തനം നിരോധിക്കേണ്ടതാണ്. അതിന് യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാകുമ്പോള്‍ അറസ്റ്റിലാകുന്നവര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നു. അതിനുശേഷം അവരെ വിട്ടയക്കുന്നു. ഇത്തരം പീഡനങ്ങള്‍ വീണ്ടും ഭീകരപ്രവര്‍ത്തനത്തിന് പ്രേരണയാകുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയില്ല എന്ന ബോധം സൃഷ്ടിക്കപ്പെടുകയാണ്- കാരാട്ട് പറഞ്ഞു.

Saturday, October 18, 2008

സാമൂതിരിപ്പാടിന്റെ ദുരനുഭവം ആന്റണിക്ക് പാഠമാകട്ടെ

സാമൂതിരിപ്പാടിന്റെ ദുരനുഭവം ആന്റണിക്ക് പാഠമാകട്ടെ
കഴിഞ്ഞവര്‍ഷം സെപ്തംബറില്‍ അമേരിക്കയുടെയും സഖ്യരാഷ്ട്രങ്ങളായ ഓസ്ട്രേലിയയുടെയും ജപ്പാന്റെയും സിംഗപ്പുരിന്റെയും പങ്കാളിത്തത്തോടെ ഇന്ത്യ ബംഗാള്‍ ഉള്‍ക്കടലില്‍ നടത്തിയ നാവികാഭ്യാസത്തിന്റെ രണ്ടാംപതിപ്പ് ഈ ബുധനാഴ്ച അറബിക്കടലില്‍ അരങ്ങേറിയിരിക്കുന്നു. പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഈ അഭ്യാസത്തിന്റെ ഉദ്ദേശ്യം വ്യക്തം. രണ്ടാംലോക മഹായുദ്ധാനന്തരം ഏഷ്യയിലും ആഫ്രിക്കയിലും അലയടിച്ചുയര്‍ന്ന വിമോചനസമരങ്ങളുടെ ഫലമായി വിട്ടൊഴിഞ്ഞുപോയ പടിഞ്ഞാറന്‍ സാമ്രാജ്യാധിപത്യത്തെ പുതിയ രൂപത്തില്‍ പുനഃസ്ഥാപിക്കാനുള്ള യത്നത്തിന്റെ ഭാഗമാണ് ഈ അഭ്യാസം. അമേരിക്കയുമായി ഇന്ത്യ ഒപ്പുവച്ച ആണവസഹകരണ ഉടമ്പടി എന്ന കീഴടങ്ങല്‍ കരാറിന്റെ തന്ത്രപരമായ സൈനിക തുടര്‍ച്ചയാണിത്. ഈ തന്ത്രപരമായ കീഴടങ്ങല്‍ ആരില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാനാണ്? ഏഷ്യയില്‍ ഇപ്പോള്‍ കരവഴിയും കടല്‍വഴിയും ആകാശംവഴിയും ആക്രമണം നടത്തുന്നത് അമേരിക്കന്‍ ഐക്യനാടുമാത്രമാണ്. പലസ്തീനിലും അഫ്ഗാനിസ്ഥാനിലും ഇറാഖിലും അവര്‍ കഴിഞ്ഞ പല വര്‍ഷമായി മരണവും നാശവും വിതച്ച് യുദ്ധംവെട്ടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പാകിസ്ഥാന്റെ നേരെയും ആക്രമണം ആരംഭിച്ചിരിക്കുന്നു. ലബനനും ഇറാനും എതിരെ സൈനികനീക്കം ഉണ്ടാകുമെന്ന് ബുഷ് പലതവണ പറഞ്ഞിരിക്കുന്നു. ഇന്ത്യക്കെതിരെ യുഎസ് ഇന്ത്യക്കെതിരെയും അമേരിക്ക ഭീഷണി നടത്തിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ ഇന്ത്യക്കെതിരെ 1948ല്‍ അന്ന് അമേരിക്കയുടെ ഇന്ത്യാ വിരുദ്ധ ചട്ടുകമായിരുന്ന പാകിസ്ഥാന്‍ മണ്ണില്‍നിന്ന് ആക്രമണം നടത്തിയത് ലെഫ്റ്റനന്റ് കേണല്‍ റസ്സല്‍ഹൈട്ട് തുടങ്ങിയ അമേരിക്കന്‍ സൈനികരുടെ നേതൃത്വത്തിലാണ്. ബംഗ്ളാദേശ് വിമോചനസമരകാലത്ത് ഇന്ത്യയെ കടന്നാക്രമിക്കാനായി ഏഴാം കപ്പല്‍പ്പടയെ ബംഗാള്‍ ഉള്‍ക്കടലിലേക്കു നയിച്ചതും അമേരിക്കതന്നെ. അന്ന് സോവിയറ്റ് യൂണിയനുമായി ഇന്ത്യ ഉണ്ടാക്കിയ 20 വര്‍ഷത്തെ സൌഹൃദ ഉടമ്പടിയെത്തുടര്‍ന്നാണ് അമേരിക്ക വാലും ചുരുട്ടി ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് തടിതപ്പി ഒഴിഞ്ഞുപോയത്. ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ചതിനുശേഷം ഗോവയില്‍ പോര്‍ച്ചുഗീസ് ആധിപത്യം തുടരുന്നതിന് അവര്‍ക്ക് സൈനികമായും ഐക്യരാഷ്ട്രസഭയില്‍ വീറ്റോ മുഖേനയും പിന്തുണ നല്‍കിയതും അമേരിക്കതന്നെ. ഒടുവില്‍ 1961 ഡിസംബറില്‍ ഗോവയിലെ സത്യഗ്രഹികളുമായി സഹകരിച്ച് വി കെ കൃഷ്ണമേനോന്റെ നേതൃത്വത്തില്‍ ഗോവ വിമോചിപ്പിച്ചപ്പോള്‍ അമേരിക്ക ആ നടപടിയെ ശക്തിയായി അപലപിച്ച് ശത്രുപക്ഷത്തില്‍ ആയിരുന്നു. ഇന്ത്യയിലെ നാഗാലാന്‍ഡിലും മറ്റും നടന്ന വിഘടനവാദത്തെയും പഞ്ചാബില്‍ നടന്ന ഭീകരസമരത്തെയും അമേരിക്ക അനുകൂലിക്കുകയും അവരുടെ സമ്പാദ്യങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയും കലാപകാരികള്‍ക്ക് രാഷ്ട്രീയഅഭയം നല്‍കുകയുംചെയ്ത കാര്യവും മറക്കത്തക്കതല്ല. ഗാമാവാഴ്ചയുടെ ക്രൂരതകള്‍ സിവിലിയന്‍ ആണവകരാറിന്റെയും തന്ത്രപരമായ സഖ്യത്തിന്റെയും 'പുതുയുഗം' പിറന്നിട്ടും ഈ പഴയ ഇന്ത്യാവിരോധം അമേരിക്ക തുടരുകയാണ്. ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി ഇന്ത്യ നിര്‍ദേശിച്ച ശശി തരൂരിനെ മത്സരത്തില്‍നിന്ന് പുകച്ച് പുറത്താക്കിയത് ബുഷിന്റെ അമേരിക്കയാണ്. അതുപോലെ ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനുവേണ്ടിയുള്ള ഇന്ത്യയുടെ ന്യായമായ അഭിലാഷത്തിന് എതിരുനിന്നതും അമേരിക്കതന്നെ. എന്നാല്‍, പ്രസിഡന്റ് ബുഷിന് ഇന്ത്യയുടെ ഏറ്റവും വലിയ ആരാധ്യനേതാവായി കരുതുന്ന മന്‍മോഹന്‍സിങ്ങും രാജ്യരക്ഷാമന്ത്രി എ കെ ആന്റണിയും ഇതൊന്നും അറിഞ്ഞതായി നടിക്കുന്നതേയില്ല. ഇതെല്ലാംവച്ചുനോക്കുമ്പോള്‍ അമേരിക്കയുടെ അറബിക്കടല്‍ സംയുക്ത നാവിക അഭ്യാസ പ്രവേശനം ചാരിത്രബോധമുള്ളവരെ ഓര്‍മിപ്പിക്കുന്നത് 1498ല്‍ വാസ്കോഡഗാമ ഒരു ഗുജറാത്തി നാവികന്റെ സഹായത്തോടെ ആഫ്രിക്കന്‍ മുനമ്പ് ചുറ്റി അറബിക്കടലിലൂടെ കോഴിക്കോടിനു വടക്ക് കാപ്പാട്ട് കപ്പലിറങ്ങിയ സംഭവമാണ്. സംസ്കാര സമ്പന്നമായ ഭാരതത്തിന്റെ പാരമ്പര്യമനുസരിച്ച് കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിപ്പാട് ആതിഥ്യമര്യാദകളോടെ വസ്കോഡഗാമയെ സ്വാഗതംചെയ്തു. എന്നാല്‍, കോഴിക്കോട്ടും ചുറ്റുപാടും ഉണ്ടായിരുന്ന ക്ഷേത്രങ്ങളും പള്ളികളും ആക്രമിക്കുകയും തെരുവുകളില്‍ താണ്ഡവനൃത്തം ആടി സാമ്രാജ്യത്വം സ്ഥാപിക്കുകയുമാണ് വാസ്കോഡഗാമ ചെയ്തത്. പറങ്കികളും മറ്റ് യൂറോപ്യന്മാരും ക്രിസ്തുമതം സ്വീകരിക്കുന്നതിന് ഒരു സഹസ്രാബ്ദത്തിലേറെമുമ്പുതന്നെ ക്രിസ്തുമതം സ്വീകരിച്ചിരുന്ന കേരളത്തിലെ ക്രിസ്ത്യാനികളെ പറങ്കികള്‍ ദ്രോഹിച്ചതിനു കണക്കില്ല. കേരളത്തില്‍ കൊച്ചിക്കടുത്ത് ഉദയംപേരൂരില്‍ പറങ്കി മെത്രാന്‍ മെനേസിസ് വിളിച്ചുചേര്‍ത്ത സുന്നഹദോസില്‍വച്ച് കേരള ക്രിസ്ത്യാനികളെ അവരുടെ പരമ്പരാഗത വിശ്വാസങ്ങളില്‍നിന്നും ആചാരങ്ങളില്‍നിന്നും ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതും പില്‍ക്കാലത്ത് 'കൂനന്‍കുരിശ് സത്യം' തുടങ്ങിയ ചെറുത്തുനില്‍പ്പിലൂടെ അവര്‍ സ്വാതന്ത്യ്രം വീണ്ടെടുത്തതും മറ്റും ചരിത്രം. സ്വാതന്ത്യ്രംലഭിച്ചു കഴിഞ്ഞിട്ടും ഗോവ തുടങ്ങിയ പറങ്കി മേധാവിത്വ പ്രദേശങ്ങളില്‍നിന്ന് അവര്‍ ഒഴിഞ്ഞുപോകാതിരുന്നതിനെത്തുടര്‍ന്ന് ഇന്നത്തെ എ കെ ആന്റണിയുടെ മുന്‍ഗാമിയായ രാജ്യരക്ഷാ മന്ത്രി വി കെ കൃഷ്ണമേനോന്റെ നേതൃത്വത്തിലാണ് നമ്മുടെ സൈന്യവും സത്യഗ്രഹികളും ചേര്‍ന്ന് ഗോവയെ മാതൃഭൂമിയോടു ചേര്‍ത്തത്. നേരത്തെ പറഞ്ഞതുപോലെ അമേരിക്ക അതിനെയും ശക്തിയായി എതിര്‍ത്തു. ഗാമായുഗത്തിലേക്ക് തിരിച്ചുപോക്ക് 1498ല്‍ വസ്കോഡഗാമ വന്നതിനുശേഷം ഫ്രഞ്ചുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും എല്ലാം ഇന്ത്യയുള്‍പ്പെടെ ഏഷ്യയെ കടന്നാക്രമിച്ച് കീഴ്പ്പെടുത്തിയതിനെ ഏഷ്യയുടെ 'വസ്കോഡഗാമായുഗം' എന്നാണ് സര്‍ദാര്‍ കെ എം പണിക്കരെപ്പോലുള്ള ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. അടിമത്വത്തിന്റെ ഈ ഗാമായുഗം അവസാനിക്കാന്‍ ആരംഭിച്ചത് 1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രയായതോടുകൂടിയാണ്. ആ പഴയ ഗാമായുഗത്തിലേക്ക് ഇന്ത്യയെ തിരിച്ചുകൊണ്ടുപോകാനും ഒരു മലയാളി രാജ്യരക്ഷാമന്ത്രി ഉണ്ടായി എന്നത് ചരിത്രത്തിന്റെ വികൃതി. സാമൂതിരിപ്പാടിന്റെ ഔദാര്യത്തെയും ആതിഥ്യമര്യാദയെയും ദുരുപയോഗപ്പെടുത്തിയ ഗാമ- ആല്‍ബുക്കെര്‍ക്ക് പ്രഭൃതികളെ നീണ്ടകാലം കടലില്‍ തടഞ്ഞുനിര്‍ത്തി കേരളത്തെ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയത് പേരുകേട്ട നാവിക പോരാളികളായ കുഞ്ഞാലിമരയ്ക്കാര്‍മാരാണ്. ഇന്നും കുഞ്ഞാലിമരയ്ക്കാര്‍മാരുടെ പിന്മുറക്കാരായ പശ്ചിമേഷ്യയിലെ ഇറാന്റെയും ഇറാഖിന്റെയും അഫ്ഗാനിസ്ഥാന്റെയും പലസ്തീന്റെയും മേല്‍ ആക്രമണം നടത്തുന്ന പ്രസിഡന്റ് ബുഷും കൂട്ടരും പഴയ ഗാമായുഗം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇനി സാമ്രാജ്യത്വ പുനഃസ്ഥാപനശ്രമത്തിനാണ് മന്‍മോഹന്‍സിങ്ങിന്റെയും എ കെ ആന്റണിയുടെയും നേതൃത്വത്തില്‍ അറബിക്കടലിലെ സംയുക്ത അഭ്യാസം നടക്കുന്നത്. 'മലബാര്‍ നാവികാഭ്യാസം' എന്ന പേരില്‍ നടക്കുന്ന ഈ ആക്രമണപരിശീലനം ഇന്ത്യന്‍ സ്വാതന്ത്യ്രത്തിന്റെയും പരമാധികാരത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കലാണ്. കുഞ്ഞാലിമരയ്ക്കാര്‍മാരുടെയും കൃഷ്ണമേനോന്‍മാരുടെയും പാരമ്പര്യത്തിനുള്ള അവഹേളനവുംകൂടിയാണ്.
പി ഗോവിന്ദപ്പിള്ള

Wednesday, October 15, 2008

കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്രൂരമായ അവഗണനക്കെതിരെ ഡല്‍‌ഹിയില്‍ സത്യാഗ്രഹം‍

കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ക്രൂരമായ അവഗണനക്കെതിരെ ഡല്‍‌ഹിയില്‍ സത്യാഗ്രഹം‍

‍കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന ക്രൂരമായ അവഗണനയില്‍ പ്രതിഷേധിച്ച് 17 ന് പാര്‍ലമെന്റിനു മുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും സത്യഗ്രഹം അനുഷ്ഠിക്കുകയാണ്. നിയമസഭാംഗങ്ങളും സംസ്ഥാനത്തുനിന്നുള്ള പാര്‍ലമെന്റ് അംഗങ്ങളും സത്യഗ്രഹത്തില്‍ പങ്കുകൊള്ളും. റേഷനരിവിഹിതം, കേന്ദ്ര വൈദ്യുതിവിഹിതം, പ്രകൃതിദുരന്ത ദുരിതാശ്വാസം, തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍വകക്ഷി നേതാക്കളുമെല്ലാം പ്രധാനമന്ത്രിക്കും ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാര്‍ക്കും പല തവണ നിവേദനം നല്‍കുകയുണ്ടായി. പ്രശ്നം പരിഹരിക്കാമെന്ന് പ്രധാനമന്ത്രിതന്നെ പല തവണ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍, കൂടുതല്‍ അവഗണന കാണിക്കുന്ന സമീപനമാണ് തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരിന്റേത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം തേടി സത്യഗ്രഹം അനുഷ്ഠിക്കുന്നത്. റേഷന്‍ വിഹിതം പൊതുവിതരണ സമ്പ്രദായം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം റേഷന്‍ കാര്‍ഡുകളെ ബിപിഎല്‍, എപിഎല്‍ എന്ന് തരംതിരിച്ചു. സബ്സിഡിയോടെയുള്ള റേഷന് അര്‍ഹതയുള്ള ബിപിഎല്‍ കുടുംബങ്ങള്‍ കേരളത്തില്‍ പത്ത് ലക്ഷത്തോളമേയുള്ളൂ എന്നതാണ് കേന്ദ്രത്തിന്റെ അശാസ്ത്രീയകണക്ക്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് ഇരുപതു ലക്ഷത്തോളം കുടുംബങ്ങളാണ് ബിപിഎല്‍ ലിസ്റില്‍. ഇത്രയും കുടുംബങ്ങള്‍ക്ക് മുഴുവന്‍ ആഴ്ചയില്‍ 20 കിലോ അരി കിലോയ്ക്ക് മൂന്നു രൂപ തോതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നു. പ്രതിമാസം പത്തു കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അതിനായിമാത്രം സബ്സിഡി നല്‍കുന്നു. എപിഎല്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍ പൂര്‍ണമായും നിഷേധിച്ചിരിക്കുകയാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. 2007 മാര്‍ച്ച് വരെ എപിഎല്‍ കാര്‍ഡുടമകള്‍ക്ക് നല്‍കാന്‍ പ്രതിമാസം 1,13,420 ട അരിയാണ് അലോട്ട് ചെയ്തിരുന്നത്. ഏപ്രില്‍ മുതല്‍ അത് 21,334 ടണ്ണാക്കി വെട്ടിക്കുറച്ചു. 2008 ഏപ്രിലോടെ 4,000 ട വീണ്ടും വെട്ടിക്കുറച്ച് 17,056 ടണ്ണാക്കി. ഇക്കഴിഞ്ഞ സെപ്തംബര്‍ മുതലാകട്ടെ എപിഎല്‍ കാര്‍ഡുകാര്‍ക്കു വേണ്ടി അരി തരുന്നതേയില്ല. എപിഎല്‍ ഗോതമ്പു വിഹിതത്തിലും വമ്പിച്ച വെട്ടിക്കുറവാണ് വരുത്തിയത്. 59,477 ട ആവശ്യമുള്ളിടത്ത് കേവലം 17,777 ട മാത്രമാണ് അനുവദിക്കുന്നത്. ബിപിഎല്‍ കാര്‍ഡുടമകള്‍ക്കായി നല്‍കാനാവശ്യമായ അരിയുടെ കാര്യത്തിലും 4,000 ടണ്ണിന്റെ കുറവുണ്ട്. എപിഎല്‍ റേഷന്‍വിഹിതം ആദ്യം 86 ശതമാനം വെട്ടിക്കുറയ്ക്കുകയും പിന്നീട് പൂര്‍ണമായും നിഷേധിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില വന്‍തോതില്‍ വര്‍ധിച്ചു. അരിക്ക് കടുത്ത ക്ഷാമവും നേരിട്ടു. സംസ്ഥാനത്ത് താങ്ങുവില നല്‍കി സംഭരിക്കുന്ന നെല്ല് കുത്തി അരിയാക്കിയത് കേന്ദ്രപൂളിലേക്ക് നല്‍കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വശം ആവശ്യത്തിന് അരിയുണ്ടെന്നു പറഞ്ഞാണ് സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരേക്ക് എപിഎല്‍ അരിവിഹിതം പൂര്‍ണമായും നിഷേധിച്ചത്. ആവശ്യമായതിന്റെ അഞ്ചിലൊന്നില്‍ താഴെ മാത്രം അരി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ആ അഞ്ചിലൊന്നില്‍നിന്ന് സംഭരിച്ച് കേന്ദ്രപൂളിലേക്ക് അരി നല്‍കണമെന്ന് നിര്‍ബന്ധിക്കുന്നത് ക്രൂരതയാണ്. കൃഷിക്കാരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നുണ്ട്. കേന്ദ്രം എട്ടര രൂപ നല്‍കുമ്പോള്‍ പത്തു രൂപ നല്‍കിയാണ് സംസ്ഥാന സര്‍ക്കാര്‍ നെല്ല് സംഭരിച്ചത്. ഇപ്പോഴത് പതിനൊന്നു രൂപയാക്കി. അങ്ങനെ സംഭരിച്ച നെല്ല് കുത്തി അരിയാക്കി വന്‍നഷ്ടം സഹിച്ച് കേന്ദ്രപൂളിലേക്ക് നല്‍കിയിരുന്നു. 2008 ല്‍ മാത്രം 85,000 ട അരി അങ്ങനെ നല്‍കി. തുടര്‍ന്ന് സംഭരിച്ച നെല്ല് കുത്തി അരിയാക്കിയാല്‍ എപത്തയ്യായിരത്തോളം ട കിട്ടും. അത് നാല് മാസത്തേക്ക് ധാരാളമാണല്ലോ, അതിനാല്‍ കേന്ദ്രവിഹിതം നിര്‍ത്തുന്നു എന്നതാണ് കേന്ദ്രം സ്വീകരിക്കുന്ന നിലപാട്. കേന്ദ്രസര്‍ക്കാര്‍ അരിവിഹിതം 86 ശതമാനത്തോളം കുറച്ച സാഹചര്യത്തില്‍ ക്ഷാമവും വിലക്കയറ്റവുമുണ്ടായി. അതില്‍നിന്ന് തെല്ല് ആശ്വാസം നല്‍കാന്‍ സംഭരിച്ച നെല്ല് കുത്തി അരിയാക്കിയത് സബ്സിഡിയോടെ ന്യായവിലയ്ക്ക് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പട്ടിണിയില്‍നിന്ന് ജനങ്ങളെ രക്ഷിക്കാനാണത്. അതിനെ അപരാധമായി ചിത്രീകരിച്ച് പൂര്‍ണമായും അരി നിഷേധിച്ചിരിക്കുന്നു. അതുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് 2007 മാര്‍ച്ചിനുമുമ്പുണ്ടായിരുന്ന എപിഎല്‍ അരിവിഹിതം പുനഃസ്ഥാപിക്കണമെന്നാണ്. ഭക്ഷ്യധാന്യവിഹിതം പഴയപടി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും സര്‍വകക്ഷി പ്രതിനിധിസംഘവും പ്രധാനമന്ത്രിക്കും കൃഷിമന്ത്രിക്കും പലതവണ നിവേദനം നല്‍കിയതാണ്. കേന്ദ്രസര്‍ക്കാരിന്റെ വശം ഭക്ഷ്യധാന്യങ്ങള്‍ സ്റോക്കില്ലാത്തതിനാലാണ് റേഷന്‍വിഹിതം കുറയ്ക്കേണ്ടി വന്നതെന്നാണ് പ്രധാനമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍, ധാന്യസംഭരണത്തില്‍ റെക്കോഡാണ് ഇത്തവണ. സംസ്ഥാനങ്ങള്‍ സംഭരിച്ചു നല്‍കിയതും എഫ്സിഐ നേരിട്ട് സംഭരിച്ചതുമായ അരിയും ഗോതമ്പും ഗോഡൌണുകളില്‍ കെട്ടിക്കിടക്കുകയാണ്. സ്റോക്ക് കൂടുതലായതിനാല്‍ അരി പൊതുവിപണിയില്‍ ലേലത്തില്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ന്യായമായ അരിവിഹിതം നിഷേധിച്ച് പ്രസ്തുത അരി പൊതുവിപണിയില്‍ വില്‍ക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രകൃതി ദുരന്ത ദുരിതാശ്വാസം കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കേരളത്തില്‍ അനവസരത്തില്‍ പേമാരിയുണ്ടായി. പതിനായിരക്കണക്കിനു ട നെല്ലും കുരുമുളകുമെല്ലാം നശിച്ചു. വിളഞ്ഞ നെല്‍പ്പാടങ്ങള്‍ വെള്ളത്തിനടിയിലായി. 16 പേര്‍ മരിച്ചു. നിരവധി വീട് തകര്‍ന്നു. 1430 കോടി 85 ലക്ഷം രൂപയുടെ നഷ്ടമാണ് വേനല്‍മഴ കാരണം ഉണ്ടായതെന്ന് കണക്കാക്കി. നാഷണല്‍ കലാമിറ്റി ഫണ്ട് മാനദണ്ഡപ്രകാരം 214 കോടി 88 ലക്ഷം രൂപയുടെ ധനസഹായം സംസ്ഥാനത്തിന് ലഭിക്കേണ്ടതാണ്. വേനല്‍മഴക്കെടുതി സംബന്ധിച്ച് മാര്‍ച്ച് 22 ന് തന്നെ പ്രാഥമികറിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കി. അതിരൂക്ഷമായ വേനല്‍മഴക്കെടുതി നേരിടാന്‍ നൂറ്റമ്പത് കോടി രൂപയുടെ ഒന്നാംഘട്ട സഹായം തേടി സംസ്ഥാന റവന്യൂ മന്ത്രി മാര്‍ച്ച് 25 ന് കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ടു. ഏപ്രില്‍ 15 ന് മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തില്‍ സര്‍വകക്ഷി നേതൃസംഘം പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കി. ഹൈലെവല്‍ കമ്മിറ്റി നാഷണല്‍ കലാമിറ്റി റിലീഫ് ഫണ്ടില്‍നിന്ന് സഹായധനമായി ശുപാര്‍ശചെയ്തത് 46,22,50,000 രൂപയാണ്. അതും കണക്കില്‍മാത്രം അനുവദിച്ചതായി കാണിച്ച് പണം തരാതിരിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. 2008 മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലുണ്ടായ വേനല്‍മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഫലത്തില്‍ ഒരു രൂപപോലും നഷ്ടപരിഹാരമായി കേന്ദ്രം നല്‍കിയില്ല. കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ടും കേന്ദ്രസര്‍ക്കാരിന്റെ ഹൈലെവല്‍ കമ്മിറ്റി അന്ന് 134.39 കോടി രൂപ നാഷണല്‍ കലാമിറ്റി റിലീഫ് ഫണ്ടില്‍നിന്ന് അനുവദിക്കാന്‍ ശുപാര്‍ശ ചെയ്തിരുന്നു. ആ തുകയില്‍ 74.29 കോടി രൂപ ഇനിയും നല്‍കിയില്ല. വൈദ്യുതി വിഹിതം സംസ്ഥാനത്ത് മസൂകാലത്ത് മഴ തീരെ കുറഞ്ഞതിനാല്‍ വൈദ്യുതി ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. ജൂ 27 മുതല്‍ രാത്രികാലത്ത് അരമണിക്കൂര്‍ ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താന്‍ നിര്‍ബദ്ധമായി. ഉപയോക്താക്കളില്‍നിന്ന് ഈടാക്കുന്ന വിലയേക്കാള്‍ രണ്ടും മൂന്നും മടങ്ങ് അധികം വില നല്‍കി പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടിവരുന്നതിനാല്‍ വൈദ്യുതി ബോര്‍ഡ് വന്‍ സാമ്പത്തിക കമ്മിയിലുമാണ്. മഴക്കുറവിനെ പ്രകൃതിദുരന്തമായി കണക്കാക്കി എന്‍സിആര്‍എഫില്‍നിന്ന് 500 കോടി രൂപ വൈദ്യുതിബോര്‍ഡിന് സഹായം നല്‍കണമെന്ന് സംസ്ഥാന മന്ത്രിസഭായോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. അതുസംബന്ധിച്ച് നിവേദനവും നല്‍കി. എന്നാല്‍, കേന്ദ്രത്തില്‍നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല. കേന്ദ്ര വൈദ്യുതിവിഹിതം ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്. സംസ്ഥാനത്ത് അതിരൂക്ഷമായ വൈദ്യുതി കമ്മിയുണ്ടായതിന് പ്രധാനമായ ഒരു കാരണം ഇതാണ്. സ്ഥിരം അലോക്കേഷനായി 1043 മെഗാവാട്ടും അ അലോക്കേറ്റഡ് ഷെയറായി 145 മെഗാവാട്ടുമുള്‍പ്പെടെ 1188 മെഗാവാട്ട് വൈദ്യുതി കേന്ദ്രവൈദ്യുതപദ്ധതികളില്‍നിന്ന് 2007 ജനുവരിവരെ കേരളത്തിന് ലഭിച്ചിരുന്നു. സെപ്തംബറില്‍ ആകെ ലഭിച്ചത് 736 മെഗാവാട്ടാണ്. സംസ്ഥാനത്തിനു ലഭിക്കേണ്ട 450 മെഗാവാട്ടോളം വൈദ്യുതി നിഷേധിക്കപ്പെടുകയാണ്. 2007 ജനുവരിക്കു മുമ്പുണ്ടായിരുന്നതുപോലെ മൊത്തം 1188 മെഗാവാട്ട് വൈദ്യുതിവിഹിതം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകണം. വൈദ്യുതിരംഗത്ത് തികച്ചും പ്രതിലോമകരവും നിഷേധാത്മകവുമായ സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാമൂഹ്യ വികസനത്തിനുള്ള പശ്ചാത്തലസംവിധാനം എന്നതില്‍നിന്ന് വൈദ്യുതിമേഖലയെ തികച്ചും ഒരു കച്ചവടച്ചരക്കായി കാണുന്നതാണ് 2003 ലെ ഇലക്ട്രിസിറ്റി ആക്ട്. വൈദ്യുതിബോര്‍ഡുകളെ കമ്പനികളാക്കണമെന്നാണ് ആക്ടില്‍ അനുശാസിക്കുന്നത്. മൂലധനശക്തികള്‍ക്ക് വൈദ്യുതിരംഗം കൈയടക്കാന്‍ സൌകര്യമൊരുക്കുംവിധം കച്ചവടവല്‍ക്കരണമാണ് വൈദ്യുതിബോര്‍ഡുകളുടെ വിഭജനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. വേറെ മാര്‍ഗമില്ലാത്തതിനാല്‍ നിയമം അനുശാസിക്കുന്നവിധത്തില്‍ കേരളത്തില്‍ വൈദ്യുതിബോര്‍ഡിനെ കമ്പനിയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. വിഭജനം ഒഴിവാക്കി പൊതുമേഖലയില്‍ത്തന്നെ ഒറ്റ കമ്പനിയാക്കാനാണ് തീരുമാനം. എന്നാല്‍, ഒരു കമ്പനി പോരാ, ബോര്‍ഡിനെ വിഭജിച്ചേ തീരൂ, പ്രസരണത്തിന് പ്രത്യേകമായി കമ്പനിവേണം എന്ന് നിര്‍ബന്ധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതിബോര്‍ഡുകള്‍ വിഭജിച്ച് വ്യത്യസ്ത കമ്പനികളാക്കി മാറ്റിയതിനാല്‍ പ്രസ്തുത സംസ്ഥാനങ്ങളില്‍ ഊര്‍ജരംഗം കടുത്ത പ്രതിസന്ധിയിലും തകര്‍ച്ചയിലുമാണ്. വൈദ്യുതിരംഗം സ്വകാര്യകുത്തകകള്‍ കൈയടക്കുന്ന സ്ഥിതിയുമാണ്. ഈ സാഹചര്യത്തില്‍ പൊതുമേഖലയില്‍ ഒറ്റ ക്കമ്പനി എന്ന തീരുമാനത്തില്‍നിന്ന് മാറാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറച്ച നിലപാടെടുത്തു. കമ്പനിയാക്കുന്നതിന് ഒരു വര്‍ഷത്തെ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഒന്നിലേറെ കമ്പനിയാക്കണമെന്നും കമ്പനിയാക്കാന്‍ ഇനി അല്‍പ്പം പോലും സമയം അനുവദിക്കില്ലെന്നും ശഠിക്കുകയാണ് കേന്ദ്രം. കേന്ദ്രത്തിന്റെ ആജ്ഞ ഉടനെ അംഗീകരിച്ചില്ലെങ്കില്‍ കേന്ദ്രത്തില്‍നിന്നുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്നും ഭീഷണിപ്പെടുത്തിയിരിക്കുന്നു. കേരളത്തില്‍ വൈദ്യുതിബോര്‍ഡിനെ പൊതുമേഖലിയില്‍ ഒറ്റക്കമ്പനിയായി നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെടുന്നു. വൈദ്യുതിബോര്‍ഡുകളുടെ വിഭജനവും കമ്പനിവല്‍ക്കരണവും ആത്യന്തികമായി സ്വകാര്യവല്‍ക്കരണത്തിലെത്തുമെന്നും വൈദ്യുതി ചാര്‍ജ് ഭീമമായി വര്‍ധിക്കുമെന്നും സാധാരണക്കാര്‍ക്ക് വൈദ്യുതി അപ്രാപ്യമാക്കുമെന്നുമുള്ള വസ്തുത മനസ്സിലാക്കി ഊര്‍ജനയം പൊളിച്ചെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. ഐഐടി കേരളപ്പിറവിയുടെ സുവര്‍ണജൂബിലി ആഘോഷം 2006 നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രഖ്യാപിച്ചതാണ് സംസ്ഥാനത്ത് ഒരു ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അനുവദിക്കുമെന്ന്. പൊതുവിദ്യാഭ്യാസരംഗത്ത് രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും ഉന്നത സാങ്കേതിക വിദ്യാഭ്യാസരംഗത്ത് കേരളത്തിന് പരിഗണന നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ആ തെറ്റ് തിരുത്തണമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍, ഈ കാര്യത്തിലും കേരളം ക്രൂരമായി അവഗണിക്കപ്പെട്ടു. പതിനൊന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത് എട്ട് ഐഐടി തുടങ്ങാന്‍ തീരുമാനിക്കുകയും ചില സംസ്ഥാനങ്ങളില്‍ രണ്ടാമതൊരു ഐഐടികൂടി അനുവദിക്കുകയും ചെയ്തിട്ടും കേരളത്തില്‍ ഐഐടി അനുവദിച്ചില്ല. പ്രധാനമന്ത്രി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് ഐഐടി പതിനൊന്നാം പദ്ധതിക്കാലത്തുതന്നെ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. വെളിച്ചെണ്ണയ്ക്കും സബ്സിഡി വേണം ഭക്ഷ്യഎണ്ണയുടെ ഇറക്കുമതിച്ചുങ്കം പൂര്‍ണമായും എടുത്തുകളഞ്ഞതിനു പുറമെ ഇറക്കുമതിചെയ്യുന്ന പാമോയിലിന് ലിറ്ററിന് 15 രൂപ തോതില്‍ സബ്സിഡികൂടി നല്‍കി കേരളത്തിലെ 35 ലക്ഷം വരുന്ന ചെറുകിട നാളികേര കൃഷിക്കാരെ ദുരിതത്തിലാഴ്ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. പാമോയിലിന് രണ്ടു വര്‍ഷംമുമ്പ് 99.4 ശതമാനമുണ്ടായിരുന്ന ഇറക്കുമതിത്തീരുവ പടിപടിയായി കുറച്ച് പൂജ്യത്തിലെത്തിച്ചിരിക്കുന്നു. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വിലയിടിയാന്‍ ഇത് കാരണമായി. ഇപ്പോള്‍ ഇറക്കുമതിചെയ്യുന്ന പാമോയിലിന് കിലോയ്ക്ക് 15 രൂപ തോതില്‍ സബ്സിഡി നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. നാളികേരം പ്രധാനകൃഷിയും ജീവനോപാധിയുമായ കേരളത്തിന് ഇത് വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ വെളിച്ചെണ്ണയ്ക്കും പാമോയിലിന് നല്‍കുന്ന തോതില്‍ സബ്സിഡി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകണം. റെയില്‍വെ സോ കേരളത്തിനു മാത്രമായി ഒരു പ്രത്യേക റെയില്‍വെസോ അനുവദിക്കണമെന്നത് ദീര്‍ഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന ഒരു പ്രധാന ആവശ്യമാണ്. രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കുള്ള പ്രധാന മാര്‍ഗവും റെയില്‍വെയാണ്. എന്നാല്‍, റെയില്‍വെ വികസനപദ്ധതികള്‍ക്ക് സംസ്ഥാനത്തിന് അവസാന പരിഗണനയാണ് ഇപ്പോള്‍ ലഭിച്ചുപോരുന്നത്. സംസ്ഥാനത്തെ റെയില്‍വെ വികസനപദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിന് കേരളം ആസ്ഥാനമായ സോ അത്യന്താപേക്ഷിതമാണ്. സേലം ഡിവിഷന്‍ രൂപീകരണവേളയില്‍ സംസ്ഥാനത്തെ റെയില്‍വെ വികസനത്തിന് സമഗ്രമായ പാക്കേജ് തന്നെ നടപ്പാക്കുമെന്ന് പ്രധാനമന്ത്രിയും റെയില്‍വെമന്ത്രിയും വാഗ്ദാനം ചെയ്തതാണ്. കേരളത്തിലെ റെയില്‍വെ വികസനത്തിനുവേണ്ടി കേരളം കേന്ദ്രമായി ഒരു സോ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം.

Thursday, October 9, 2008

സിങ്-ബുഷ് കൂട്ടുകെട്ട് ആപത്ത്

സിങ്-ബുഷ് കൂട്ടുകെട്ട് ആപത്ത്

123 കരാറിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അംഗീകാരം ലഭിക്കുന്നതിന് ആവശ്യമായ ഇളവുകള്‍ ആണവ വിതരണ ഗ്രൂപ്പില്‍നിന്ന് ലഭിച്ചതിനെതുടര്‍ന്ന് യുപിഎ ഗവണ്‍മെന്റും കോണ്‍ഗ്രസ് നേതൃത്വവും വിജയാഘോഷത്തിലാണ്. എന്നാല്‍ കടുത്ത ചില യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെയ്ക്കാന്‍ അവര്‍ക്ക് കഴിയുകയില്ല. ആണവ വമ്പന്മാരുടെ കളിയില്‍ ഇന്ത്യയും ചേര്‍ന്നു കഴിഞ്ഞിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കന്മാരും കോര്‍പറേറ്റ് മാധ്യമങ്ങളും എത്രമാത്രം കൊട്ടിഘോഷിച്ചാലും ശരി, ആണവ കരാറില്‍ ഉള്‍പ്പെട്ട കീഴടങ്ങലിനെക്കുറിച്ചുള്ള യഥാര്‍ത്ഥ വസ്തുതകള്‍ അമേരിക്കയുടെ ഭാഗത്തുനിന്നുതന്നെ വെളിപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.
ഒന്നാമത്, ആണവക്കരാറുമായി മുന്നോട്ടുപോകുന്നതുവഴി, ഇന്ത്യയെ അമേരിക്കയുടെ തന്ത്രപരമായ സഖ്യശക്തിയാക്കിത്തീര്‍ക്കുന്നതില്‍ മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് ഒരു സുപ്രധാന കാല്‍വെയ്പ്പാണ് നടത്തിയിരിക്കുന്നത്.
രണ്ടാമത്: ഇന്ത്യാ ഗവണ്‍മെന്റ് അങ്ങനെ ചെയ്തത് അമേരിക്ക മുന്നോട്ടുവെച്ച നിബന്ധകളുടെ അടിസ്ഥാനത്തിലാണ്.
പൂര്‍ണ്ണമായ സിവിലിയന്‍ ആണവ സഹകരണം അല്ലാതെ മറ്റൊന്നിനും ഇന്ത്യ സമ്മതിക്കുകയില്ല എന്നാണ് മന്‍മോഹന്‍സിങ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡണ്ട് ബുഷ് അമേരിക്കന്‍ കോണ്‍ഗ്രസിന് നല്‍കിയ ഉറപ്പുകള്‍ അനുസരിച്ച്, 123 കരാര്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ ആ അവകാശവാദത്തിന്റെ ബലൂണിനെ കുത്തിപ്പൊട്ടിച്ചിരിക്കുന്നു. ഇന്ത്യക്ക് തടസ്സം കൂടാതെ ആണവ ഇന്ധനം നല്‍കിക്കൊള്ളാമെന്ന ഉറപ്പൊന്നും നല്‍കിയിട്ടില്ല എന്നും പുന:സംസ്കരണത്തെയും സമ്പുഷ്ടീകരണത്തേയും സംബന്ധിച്ച സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറുന്ന പ്രശ്നമേ ഇല്ലെന്നും ബുഷ് വ്യക്തമാക്കിയിരിക്കുന്നു.
മൂന്നാമത്, അമേരിക്കയുടെ ആഗോള തന്ത്രത്തിനുപിന്നില്‍ ഇന്ത്യയെ അണിനിരത്തുന്നതിനാണ് ഇന്ത്യാ-അമേരിക്കാ ആണവ കരാര്‍ പ്രാമുഖ്യം നല്‍കുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിന് പ്രസിഡണ്ട് നല്‍കിയ ഉറപ്പിനോടൊപ്പം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഐക്യരാഷ്ട്രസഭയിലും ഐഎഇഎയിലും ഇറാന്‍ ആണവപ്രശ്നം വന്നപ്പോള്‍ ഇന്ത്യാ ഗവണ്‍മെന്റ് അമേരിക്കന്‍ ഐക്യനാടുകളുമായി സഹകരിക്കുകയുണ്ടായി എന്ന കാര്യം പ്രസ്താവിക്കുന്നുമുണ്ട്.
ഇന്ത്യയുടെ സുപ്രധാന താല്‍പര്യങ്ങളെ അമേരിക്കയ്ക്ക് അടിയറവെയ്ക്കുന്നതിനുള്ള ശ്രമങ്ങളെ ഇങ്ങനെ ആഘോഷിക്കുന്നതിനുള്ള അവസരമാക്കി മാറ്റിത്തീര്‍ക്കുന്നതിന് നമ്മുടെ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതൃത്വവും കാണിക്കുന്ന അഭ്യാസങ്ങള്‍, സഹതാപാര്‍ഹമായ കാഴ്ചതന്നെയാണ്. ഇന്ധനത്തിന്റെ മേഖലയിലായാലും ശരി, രാജ്യരക്ഷയുടെയും സാമ്പത്തിക നയങ്ങളുടെയും മേഖലകളിലായാലും ശരി ഇന്ത്യയുടെ സുപ്രധാന താല്‍പര്യങ്ങളെ ഗുരുതരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുടെ കാര്യത്തില്‍ അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് നിസ്സഹായമായി വാതില്‍ തുറന്നുകൊടുക്കുന്നതും ഇന്ത്യയുടെ സ്വതന്ത്രമായ ദേശനയത്തെ ദുര്‍ബലപ്പെടുത്തുന്നതുമായ നിരവധി നടപടികള്‍ക്ക് നാന്ദി കുറിക്കുന്നതായിരിക്കും, ഈ ആണവകരാറില്‍ നാം ഏര്‍പ്പെടുന്ന നടപടി. എന്‍എസ്ജിയുടെ സമ്മതം കിട്ടി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നമ്മുടെ പ്രതിരോധകാര്യമന്ത്രി അമേരിക്ക സന്ദര്‍ശിച്ചു. ഇന്ത്യ വാങ്ങാന്‍ ആഗ്രഹിക്കുന്ന 126 യുദ്ധവിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ നല്‍കാന്‍ അദ്ദേഹത്തെ ബുഷ് ഭരണകൂടം നിര്‍ബന്ധിതനാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. പ്രതിരോധ ചട്ടക്കൂട് കരാറിനുകീഴില്‍ വേറെ നിരവധി കരാറുകളും തയ്യാറായിക്കൊണ്ടിരിക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. അതെല്ലാം ഇന്ത്യയെ ഒരു സൈനിക സഖ്യകക്ഷിയാക്കി മാറ്റും. ലോജിസ്റ്റിക്സ് സപ്പോര്‍ട്ട് എഗ്രിമെന്റ്, കമ്യൂണിക്കേഷന്‍ ഇന്റര്‍ ഓപ്പറബിലിറ്റി ആന്റ് സെക്യൂരിറ്റി മെമ്മോറാണ്ഡം ഓഫ് എഗ്രിമെന്റ്, എന്‍ഡ് യൂസര്‍ എഗ്രിമെന്റ് തുടങ്ങിയ കരാറുകളില്‍ ഒപ്പിടാന്‍ അമേരിക്ക ഇന്ത്യയെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ത്തന്നെ, ഇന്ത്യയെ തന്ത്രപരമായ ഒരു സഖ്യകക്ഷിയായിട്ടാണ് പെന്റഗണ്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നത്. യുഎസ്എയുടെ സമുദ്രാന്തര സൈനിക സൌകര്യങ്ങളുടെ ഘടനയെപ്പറ്റി വിലയിരുത്തുന്ന കമ്മീഷന്‍ (ഓവര്‍സീസ് ബേസിങ് കമ്മീഷന്‍ എന്ന പേരിലാണ് അത് അറിയപ്പെടുന്നത്) 2005 മെയ് മാസത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചും അമേരിക്കയുടെ സൈനികത്താവളങ്ങളുടെ ഗണത്തില്‍പെടുന്ന "സഹകരണ സുരക്ഷാ ലൊക്കേഷനുകള്‍'' വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രമായിട്ടാണ് ആ റിപ്പോര്‍ട്ടില്‍ ഇന്ത്യയെ വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ടു രാജ്യങ്ങളിലെയും സായുധസേനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന "സൈനിക അഭ്യാസങ്ങള്‍'' (ഇന്റര്‍ ഓപ്പറബിലിറ്റി) ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ കൈക്കൊണ്ടുവരുന്നു. ഇന്ത്യയ്ക്ക് "വന്‍ശക്തി'' എന്ന പദവി കൈവരുന്നതിലേക്കുള്ള "ഐതിഹാസികമായ'' നടപടികള്‍ എന്നുപറഞ്ഞ് ഭരണവൃത്തങ്ങളിലെ അമേരിക്കന്‍ അനുകൂല വിഭാഗങ്ങളും കോര്‍പറേറ്റ് മാധ്യമങ്ങളും പാടിപ്പുകഴ്ത്തുന്നത്, അമേരിക്കയുടെ ആഗോള സൈനിക തന്ത്രവുമായിട്ടുള്ള ഇന്ത്യയുടെ ഈ കൂട്ടുകെട്ടിനെയാണ്. അങ്ങനെ ചെയ്യുമ്പോള്‍, ഇന്ത്യയുടെ പരമാധികാരത്തിനും തന്ത്രപരമായ സ്വയം നിര്‍ണയാവകാശത്തിനുംനേര്‍ക്ക് അത് ഉയര്‍ത്തുന്ന അപകടങ്ങളെക്കുറിച്ച് അവര്‍ മനസ്സിലാക്കുന്നില്ല; മാത്രമല്ല, ദക്ഷിണേഷ്യയിലെ അമേരിക്കയുടെ വിശ്വസ്ത സഖ്യശക്തിയായി പാക്കിസ്താനുപകരം ഇന്ത്യയെ പ്രതിഷ്ഠിക്കാന്‍ അവര്‍ വ്യഗ്രതകാണിക്കുകയും ചെയ്യുന്നു.
പാക്കിസ്താന്‍: പരമാധികാരത്തിനുനേര്‍ക്ക് ആക്രമണം
ഇതിനിനിടയില്‍, അമേരിക്കന്‍ സൈനികശക്തിയുടെ ഔദ്ധത്യവും പാകിസ്ഥാന്റെ പരമാധികാരത്തിനുനേര്‍ക്കുള്ള അതിന്റെ കടന്നാക്രമണവുംമൂലം പാകിസ്ഥാന്‍ പ്രക്ഷുബ്ധമാക്കപ്പെട്ടിരിക്കുകയാണ്. "ഭീകരവിരുദ്ധ യുദ്ധത്തില്‍ മുഷാറഫ് ഭരണകൂടം പങ്കുചേര്‍ന്നതിനെതുടര്‍ന്ന്, പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യങ്ങളില്‍ അമേരിക്ക നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ ഭരണാധികാരി എന്നനിലയില്‍ നിലനില്‍ക്കുന്നതിനുവേണ്ടി ജനറല്‍ മുഷാറഫിന് ഒടുവില്‍ അമേരിക്കയെ ആശ്രയിക്കേണ്ടിവന്നു എന്ന കാര്യം പ്രസിദ്ധമാണല്ലോ. അമേരിക്കയുടെ ജൂനിയര്‍ പങ്കാളി എന്ന നിലയില്‍ പ്രവര്‍ത്തിക്കേണ്ടിവന്നതുകൊണ്ട് പാക്കിസ്ഥാന് വലിയ നഷ്ടം സഹിക്കേണ്ടിവന്നു. അഫ്ഗാനിസ്ഥാനില്‍ സൈനികാക്രമണങ്ങള്‍ നടത്തുന്നതിനായി, അമേരിക്ക അവിടെ നാറ്റോവിനെ കൊണ്ടുവന്നു. 70,000ല്‍പരം അമേരിക്കന്‍ സൈനികരെയും നാറ്റോ സൈനികരെയും അഫ്ഗാനിസ്ഥാനില്‍ വിന്യസിച്ചിട്ടുപോലും അഫ്ഗാനിസ്ഥാനെ ശാന്തമാക്കാനോ സുസ്ഥിരമാക്കാനോ അമേരിക്കയ്ക്ക് കഴിഞ്ഞില്ല. എന്നിട്ടിപ്പോള്‍, പാക്കിസ്ഥാന്റെ അതിര്‍ത്തി മേഖലകളില്‍ താലിബാന്റെയും മറ്റ് മതമൌലികശക്തികളുടെയും പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ല എന്ന് ആരോപിച്ച്, പാക്കിസ്ഥാനെ അമേരിക്ക കുറ്റപ്പെടുത്തുകയാണ്. പാക്കിസ്ഥാന്‍ ഗവണ്‍മെന്റിന്റെ മുന്‍കൂട്ടിയുള്ള അനുവാദം നേടാതെതന്നെ, പാക്കിസ്താന്റെ മണ്ണില്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്കന്‍ സൈന്യങ്ങള്‍ക്ക് ജൂലൈയില്‍ പ്രസിഡണ്ട് ബുഷ് രഹസ്യമായി കല്‍പന നല്‍കിയിരിക്കുകയാണ്. അതിനെ തുടര്‍ന്ന് അമേരിക്കന്‍ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് അബ്രഹാംലിങ്കണ്‍ എന്ന കപ്പലിലേക്ക് പാക്കിസ്താനിലെ ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ കിയാനിയേയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും, അമേരിക്കന്‍ സൈന്യത്തിന്റെ പരമോന്നത കമാണ്ടറായ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഒരു യോഗത്തിനായി വിളിച്ചുവരുത്തി. ഇന്ത്യാ മഹാസമുദ്രത്തില്‍വെച്ച് ഇന്ത്യന്‍ നേവിയുമായി ചേര്‍ന്ന് "മലബാര്‍ അഭ്യാസങ്ങള്‍'' നടത്താന്‍ പോകുന്ന അമേരിക്കന്‍ സൈനിക ദളത്തിന് നേതൃത്വം കൊടുക്കാന്‍പോകുന്നത് ഇതേ കപ്പല്‍തന്നെയാണ്. പാക്കിസ്ഥാന്റെ ഭൂഭാഗത്ത് പ്രവര്‍ത്തിക്കാന്‍ അമേരിക്കയുടെ സൈനികര്‍ക്ക് സ്വാതന്ത്യ്രം നല്‍കണം എന്ന അമേരിക്കയുടെ ആവശ്യം പാകിസ്ഥാനെ അറിയിക്കുക എന്നതായിരുന്നു ഈ യോഗത്തിന്റെ ഉദ്ദേശം. അമേരിക്കന്‍ കപ്പലില്‍വെച്ചുനടന്ന ഈ യോഗം പാക്കിസ്ഥാനില്‍ വലിയ പ്രക്ഷോഭത്തിനിടയാക്കി.
അധികം വൈകാതെ (സെപ്തംബര്‍ 3ന്) അമേരിക്കയുടെ സൈനികര്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തി മുറിച്ചുകടന്ന് അല്‍ഖ്വയ്ദാ പോരാളികള്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതപ്പെട്ട പ്രദേശങ്ങളില്‍ റെയ്ഡ് നടത്തി. നിരവധി പാക്കിസ്ഥാന്‍ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നതിന് അത് കാരണമായി. ഈ ആക്രമണത്തെ ശക്തിയായി അപലപിച്ചുകൊണ്ട് പ്രസ്താവനയിറക്കിയ പാക്കിസ്ഥാന്‍ ആര്‍മി ചീഫ് അത്തരം കടന്നാക്രമണങ്ങളെ പാക്കിസ്ഥാന്‍ സൈന്യം വെച്ചുപൊറുപ്പിക്കുകയില്ലെന്നും എന്തുതന്നെ വന്നാലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും പ്രഖ്യാപിക്കുകയും ചെയ്തു. ഇത്തരം സംഭവവികാസങ്ങളില്‍ ഇന്ത്യയിലെ ഭരണവൃത്തങ്ങള്‍ സന്തുഷ്ടരാണെന്ന് തോന്നുന്നു. പാക്കിസ്ഥാനിലെ ഭരണകൂടത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്ക് ഒടുവില്‍ വ്യാമോഹം തീര്‍ന്നതിലും ഭീകരപ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്നതിന് അമേരിക്ക നേരിട്ട് ഇടപെടുന്നതിലും സന്തുഷ്ടി പ്രകടിപ്പിച്ചുകൊണ്ട് ഇന്ത്യയിലെ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ മുഖപ്രസംഗങ്ങള്‍ എഴുതുകയുണ്ടായി. അമേരിക്കയുമായി ഇന്ത്യ ഇപ്പോള്‍ കൂട്ടുകൂടിയതിനെ തുടര്‍ന്ന് സംഭവിച്ച ഒരു വലിയ മാറ്റമാണിത്. പാക്കിസ്ഥാനിലെ സ്ഥിതിഗതികളെയും അഫ്ഗാനിസ്ഥാനിലെ ഇന്ത്യയുടെ കര്‍ത്തവ്യത്തേയും അവര്‍ വീക്ഷിക്കുന്നത് സുരക്ഷിതത്വത്തിന്റെ കുഴല്‍ക്കണ്ണാടിയിലൂടെയാണ്; അമേരിക്കയുടെ തന്ത്രത്തിന് അനുയോജ്യമായവിധത്തിലാണ്. പാക്കിസ്ഥാനിലെ ചീഫ് ഓഫ് സ്റ്റാഫിനെ കടലിന്റെ ഒത്തനടുവിലേക്ക് വിളിച്ചുവരുത്തുകയും പിന്നീട് പാക്കിസ്ഥാന്റെ ഭൂവിഭാഗത്തിനുള്ളിലേക്ക് അമേരിക്കന്‍ സ്പെഷ്യല്‍ സൈന്യത്തെക്കൊണ്ട് ആക്രമണം നടത്തിക്കുകയും ചെയ്യുന്നതുവഴി അമേരിക്ക വലിയ ഒരു ജോലിയാണ് ചെയ്യുന്നത് എന്ന് കരുതുന്നവര്‍ക്ക്, അമേരിക്കയുടെ സായുധ സൈന്യങ്ങള്‍ നമ്മുടെ സായുധ സൈന്യങ്ങളെ ആക്രമിക്കുന്നതിനെ ഒരുനാള്‍ ന്യായീകരിക്കുകയും അമേരിക്കയ്ക്ക് മാപ്പുകൊടുക്കുകയും ചെയ്യേണ്ടിവരും. അമേരിക്ക എന്ന മഹാശക്തിയുടെ തന്ത്രപരമായ ആലിംഗനത്തിന്റെ അപകടത്തിന്റെ സൂചനയാണ്, പാകിസ്ഥാന്‍ ഇന്ന് അനുഭവിക്കുന്ന വിധിയിലൂടെ പ്രകടമായിരിക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ ചതിക്കുഴി
അഫ്ഗാനിസ്ഥാനിലെ നാറ്റോയുടെ സാന്നിദ്ധ്യത്തില്‍ ല മന്‍മോഹന്‍സിങ് ഗവണ്‍മെന്റിന് യാതൊരു പ്രശ്നവും തോന്നുന്നില്ല. കര്‍സായി സര്‍ക്കാരിന് തുറന്ന പിന്‍തുണ നല്‍കാന്‍ അത് നിര്‍ബന്ധിതമായിത്തീര്‍ന്നിരിക്കുന്നു. അഫ്ഗാനിസ്ഥാനിലെ പട്ടാളത്തിനും വ്യോമസേനയ്ക്കും പരിശീലനവും മറ്റ് സേവനങ്ങളും നല്‍കുന്നതിനായി സൈനിക സഹായ സംഘത്തെ ഇന്ത്യ അയച്ചുകൊടുത്തിരിക്കുന്നു.
മുമ്പൊരിക്കല്‍, അഫ്ഗാനിസ്ഥാനിലെ വടക്കന്‍ സഖ്യത്തിന് പിന്‍തുണ നല്‍കുന്നതിനായി, റഷ്യയുമായും ഇറാനുമായും ഇന്ത്യ സഹകരിക്കുകയുണ്ടായി. ഇന്നിപ്പോള്‍ ഇന്ത്യാഗവണ്‍മെന്റ് അമേരിക്ക-ഇസ്രയേല്‍ അച്ചുതണ്ടിന്റെ ഭാഗമാണ്. ഇറാനെ ആക്രമിക്കുന്നതിന് തയ്യാറെടുത്തുനില്‍ക്കുകയാണ് ഇസ്രായേല്‍. തങ്ങളുടെ ഇറാന്‍വിരുദ്ധ തന്ത്രങ്ങളില്‍ ഇന്ത്യയെക്കൂടി അണിചേര്‍ക്കുന്നതില്‍ അമേരിക്ക വിജയിച്ചിരിക്കുന്നു. ഇറാന്റെ ആണവ ഇന്ധന സമ്പുഷ്ടീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് അമേരിക്കയ്ക്ക് നല്‍കിയ ഉറപ്പില്‍നിന്ന് ഒരു കാര്യം വ്യക്തമാകുന്നുണ്ട്. ഇറാന്‍-പാകിസ്താന്‍-ഇന്ത്യാ-വാതക പൈപ്പ്ലൈന്‍ പദ്ധതി ഏറെക്കുറെ ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ഇറാനില്‍നിന്ന് ഇന്ത്യയിലേക്കുള്ള വളരെ അത്യാവശ്യമായ ഗ്യാസ് സപ്ളൈ, അമേരിക്കയെ പ്രീതിപ്പെടുത്തുന്നതിനായി, നാം ഉപേക്ഷിക്കാന്‍ പോവുകയാണ്.
അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യം നിലയുറപ്പിക്കുന്നതും ആക്രമണം നടത്തുന്നതും കാരണം, അഫ്ഗാനിസ്ഥാനില്‍ വളരെയേറെ സിവിലിയന്മാര്‍ കൊല്ലപ്പെടുന്നുണ്ട്. ആഗസ്ത് 22ന് അസിസാബാദില്‍ അമേരിക്കനടത്തിയ വ്യോമാക്രമണത്തില്‍ 90ല്‍ അധികം സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഐക്യരാഷ്ട്രസഭ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അതിന്റെ ഉത്തരവാിദിത്വം ഏറ്റെടുക്കാന്‍ ഇപ്പോഴും അമേരിക്ക വിസമ്മതിക്കുകയാണ്. നിരവധി താലിബാന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുണ്ടായെന്നും അഞ്ചോ ആറോ സിവിലിയന്മാരെ കൊല്ലപ്പെട്ടിട്ടുള്ളുവെന്നും ആണ് അമേരിക്ക ഇപ്പോഴും പ്രസ്താവിക്കുന്നത്. അത്തരം കൊടും ക്രൂരതകള്‍ സ്ഥിരം സംഭവങ്ങളായിത്തീര്‍ന്നിരിക്കുന്നു. താലിബാനോടും അതിന്റെ സഖ്യകക്ഷികളോടുമുള്ള സംഘട്ടനത്തില്‍ അമേരിക്ക നാറ്റോ അധിനിവേശ സൈന്യത്തിന്റെ പങ്കാളിയായി ഇന്ത്യയെയും കാണാവുന്ന കാഴ്ച അത്ര വിദൂരത്തല്ല. അതിനുള്ള വിത്തുകളെല്ലാം വിതച്ചുകഴിഞ്ഞു.
ഇസ്രയേലുമായുള്ള ബന്ധം
ഇന്ത്യന്‍ പ്രതിരോധമന്ത്രി വാഷിങ്ടണില്‍ ആയിരുന്നപ്പോള്‍ ഇസ്രയേലിലെ ആര്‍മി ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ആവി മിസ്റാഹി ഇന്ത്യാ സന്ദര്‍ശനം നടത്തുകയുണ്ടായി. അയാള്‍ കാശ്മീരും സന്ദര്‍ശിക്കുകയുണ്ടായി എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. അമേരിക്കയുമായും ഇസ്രയേലുമായും ഉള്ള ഇന്ത്യയുടെ തന്ത്രപരമായ ബന്ധം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിനാശകരമായ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതായിരിക്കും. "ഇസ്ളാമിക് ഭീകര പ്രവര്‍ത്തനത്തിനെതിരായി ഇസ്രയേലും അമേരിക്കയും നടത്തുന്ന യുദ്ധത്തിന്റെ ഭാഗമാണ് ഇന്ത്യ എന്ന് കണക്കാക്കപ്പെടും.
ഭീകരവാദികളുടെ ആക്രമണങ്ങള്‍
ഇന്ത്യയ്ക്കുള്ളില്‍ ഭീകരവാദികളുടെ ആക്രമണങ്ങള്‍ ഇപ്പോള്‍ത്തന്നെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഭീകരവാദത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിലും ഭീകരവാദികളുടെ പ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുന്നതിലും മന്‍മോഹന്‍സിങ് ഗവണ്‍മെന്റ് പരാജയപ്പെട്ടിരിക്കുകയാണ്. 2005 ഒക്ടോബറില്‍ ഡെല്‍ഹിയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തിനുശേഷം, ഭീകരവാദികളുടെ ഗ്രൂപ്പുകളെ കണ്ടെത്തുന്നതിലും തകര്‍ക്കുന്നതിലും ഇന്റലിജന്‍സ് സംവിധാനത്തിന്റെ സുരക്ഷാ സംവിധാനത്തിനും സംഭവിച്ച വീഴ്ച വളരെ പ്രകടമാണ്. തുടര്‍ച്ചയായ ഭീകരാക്രമണത്തിന് വിദേശ ഏജന്‍സികളെ കുറ്റപ്പെടുത്തിയതുകൊണ്ട് മുഴുവനായില്ല. അത്തരം വിദേശ ഏജന്‍സികളും വിദേശ സഹായങ്ങളുമുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഭീകരവാദ ലക്ഷ്യത്തിനുവേണ്ടിയുള്ള റിക്രൂട്ട്മെന്റ് നടക്കുന്നത്. രാജ്യത്തിനകത്തുനിന്നുതന്നെയാണ്. അത്തരം ആള്‍ക്കാരെ കണ്ടെത്തുകയും പിടികൂടുകയും ചെയ്യേണ്ടത് അത്യാവശ്യംതന്നെയാണ്. എന്നാല്‍ അതിന്റെപേരില്‍ നിരപരാധികളായ മുസ്ളിം ചെറുപ്പക്കാരെ യാതൊരു വിവേചനവും കൂടാതെ റെയ്ഡ്ചെയ്ത് അറസ്റ്റ്ചെയ്യുന്നത്, ന്യൂനപക്ഷ സമുദായത്തിനിടയില്‍ വ്യാപകമായ അമര്‍ഷം ഉയര്‍ത്തുന്നുണ്ട്. പൊലീസും സുരക്ഷാ ഏജന്‍സികളും ലക്ഷ്യമിടുന്നത് മുസ്ളിം സമുദായത്തെയാണ് എന്നതോന്നല്‍ ഉണ്ടാകുന്നത്. തീവ്രവാദ - ഭീകരവാദ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയേയുള്ളു.
അഫ്ഗാനിസ്ഥാന്‍തൊട്ട് സിറിയവരെയുള്ള മുസ്ളിം രാഷ്ട്രങ്ങള്‍ക്കെതിരെ ആക്രമണംനടത്തിക്കൊണ്ടിരിക്കുന്ന ഇസ്രയേലുമായും അമേരിക്കയുമായും അണിചേരുക എന്ന മന്‍മോഹന്‍സിങ് ഗവണ്‍മെന്റിന്റെ നയം, അതിനാല്‍ ഇന്നത്തെ സാഹചര്യത്തില്‍, നമ്മുടെ ആഭ്യന്തര സുരക്ഷിതത്വത്തിനുമേല്‍ പ്രതികൂലമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക.
സെപ്തംബര്‍ 25-കരിദിനം
അതിനാല്‍ ആണവ സഹകരണ കരാര്‍ മാത്രമല്ല പ്രശ്നം. അമേരിക്കയുമായുള്ള തന്ത്രപരമായ ആലിംഗനം, ഇന്ത്യയുടെ വിദേശനയത്തിനും ഇന്ധന-സുരക്ഷാ താല്‍പര്യങ്ങള്‍ക്കും ദൂരവ്യാപകമായ അപകടംവരുത്തിവെയ്ക്കുന്നതാണ്. 123 കരാറിന് ഔപചാരികമായ അംഗീകാരം നല്‍കുന്നതിനായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് സെപ്തംബര്‍ 25ന് വാഷിങ്ടണിലേക്ക് പോവുകയാണ്. എന്‍എസ്ജിയുടെ അംഗീകാരം കരാറിന് ലഭിച്ചുകഴിഞ്ഞാല്‍ അത് പാര്‍ലമെന്റിനുമുന്നില്‍ അംഗീകാരത്തിനായി സമര്‍പ്പിക്കും എന്ന ഉറപ്പ് അദ്ദേഹം വിശ്വാസ വോട്ടെടുപ്പിനുമുമ്പ് നല്‍കിയിരുന്നു. എന്നാല്‍ അക്കാര്യം അദ്ദേഹം വിസ്മരിച്ചിരിക്കുന്നു. അതിനാല്‍ സെപ്തംബര്‍ 25 ഇന്ത്യയെ സംബന്ധിച്ചിടത്തോളം "കരിദിനം' ആയിരിക്കും. അമേരിക്കയ്ക്കുമുന്നില്‍ സൈനികമായും സാമ്പത്തികമായും തന്ത്രപരമായും കീഴടങ്ങുന്നതിനെതിരായ സമരം, അതിനാല്‍, വിട്ടുവീഴ്ചയില്ലാതെ തുടരേണ്ടിയിരിക്കുന്നു.

prakash karrat

Tuesday, October 7, 2008

സിംഗൂരില്‍ നിന്ന് ടാറ്റയെ കെട്ടുകെട്ടിച്ച്ത് ജനദ്രേഹനടപടി

സിംഗൂരില്‍ നിന്ന് ടാറ്റയെ കെട്ടുകെട്ടിച്ച്ത് ജനദ്രേഹനടപടി

നാടിന്റെ വികസനത്തെ അട്ടിമറിക്കാന്‍ സങ്കുചിത രാഷ്ട്രിയ ലക്ഷ്യം വെച്ച് ത്രിമുല്‍ കോണ്‍ഗ്രസ്സ് നടത്തിയ അക്രമ സമരത്തിന്ന് കോണ്‍‍ഗ്രസ്സ് നള്‍കിയ പിന്തുണയുമാണ്‍ പശ്ചിമ ബംഗാളിലെ സിംഗൂരില്‍ ടാറ്റ പിന്മാറാന്‍ കാരണമായത്നാടിന്റെ വികസനകാര്യം വരുമ്പോള്‍ ജനക്ഷേമത്തിനു മുന്‍തൂക്കം നല്‍കി യോജിച്ചുനില്‍ക്കേണ്ട രാഷ്ട്രീയക്കാര്‍ സങ്കുചിത പാര്‍ട്ടിതാത്പര്യങ്ങള്‍ക്ക് അടിപ്പെട്ടു പ്രവര്‍ത്തിച്ചാല്‍ അത് നാടിനെ നാശത്തിലേക്കായിരിക്കും നയിക്കുന്നത്ഒരു ലക്ഷം രൂപക്ക് കാറ് എന്ന ടാറ്റയുടെ വന്‍ പദ്ധതിക്ക് ഏകദേശം 1500 കോടി യായിരുന്നു മുതല്‍ മുടക്ക് .പതിനായിരങള്‍‍ക്ക് തൊഴില്‍ ലഭിക്കുന്ന ഈ പദ്ധതിക്ക്കറ്ഷകറ്ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കി 1000 ഏക്കര്‍ ഭൂമിയാണ്‍ സറ്ക്കാറ് ഏറ്റെടുത്ത് നല്‍കിയത് . ത്രിമുല്‍ കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും നടത്തിയ അക്രമ സമരത്തില്‍ പ്രതിഷേധിച്ച് ടാറ്റ പദ്ധതി ഉപേക്ഷിക്കാന്‍ ഇടയായതോടെ ‍നഷ്ടം സംഭവിച്ചതു മുഴുവന്‍ സിംഗൂരിലെ പാവപ്പെട്ട കര്‍ഷകര്‍ക്കാണ്. അവറ് വന്‍ പ്രതി ക്ഷ യോടെയാണ്‍‍ സ്വന്തം ഭൂമി ഈ വന്‍ പദ്ധതിക്ക് വേണ്ടി വിട്ടുകൊടുത്തത്.സ്വന്തം ഭൂമി വിട്ടുകൊടുത്ത് ‍ പലര്‍ക്കുമുണ്ടായിരുന്ന പ്രതീക്ഷ കുടുംബത്തിലൊരാള്‍ക്ക് ജോലി ലഭിക്കുമെന്നതായിരുന്നു. നാടിന്റെ വികസനത്തിന്നുവേണ്ടി ത്യാഗം ചെയ്തവരെ ശിക്ഷിക്കാനാണ്‍ പ്രതിപക്ഷം തുനിഞത്.നാടിന്റെയും നാട്ടുകാരുടെയും സ്വപ്നം തല്ലിക്കെടുത്തിയ ജനദ്രോഹികളെ ജനം വെറുതെ വിടില്ലായെന്ന് നമുക്ക് കരുതാം

Monday, October 6, 2008

ഇത്‌ ബുദ്ധന്റെയും ഗാന്ധിജിയുടെയും നാടോ?

ഇത്‌ ബുദ്ധന്റെയും ഗാന്ധിജിയുടെയും നാടോ?

ഹാ, കഷ്‌ടം! ഇത്‌ ബുദ്ധഭഗവാന്റെയും മഹാത്മാഗാന്ധിയുടെയും ജനനംകൊണ്ടും ജീവിതം കൊണ്ടും പുണ്യം നേടിയ നാട്‌ തന്നെയോ? ഇവര്‍ക്കിടയിലും ഇവര്‍ക്കുശേഷവും ഒട്ടനേകം മഹാത്മാക്കള്‍ ഇവിടെ ജീവിച്ചിട്ടുണ്ട്‌. ഇവരെല്ലാം തന്നെ ജാതിമതചിന്തകള്‍ക്കതീതമായി ചിന്തിച്ചവരും രാജ്യസ്‌നേഹപ്രചോദിതരായി മാനവിക മൂല്യങ്ങള്‍ ഉദ്‌ഘോഷിച്ചവരുമാണ്‌. ''അഹിംസാപരമോ ധര്‍മ്‌ഃ'' എന്ന വേദമന്ത്രം പോലെ ചൊല്ലിനടന്നവരാണ്‌ ഈ ആചാര്യന്മാരെല്ലാവരും. എന്നാല്‍ ഇപ്പോള്‍ പലതരം ജാതി-മതഭ്രാന്ത്‌ നുരഞ്ഞുപൊന്തുകയാണിവിടെ. അതോടൊപ്പം സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ നടന്ന ആദ്യത്തെ അതിഭീകരമായ അരുംകൊല ഗാന്ധിവധമാണ്‌. ഹിംസയുടെ ഭീകര താണ്ഡവവും! അഹിംസാ മൂര്‍ത്തിയായ ഗാന്ധിജിയെ കൊന്നത്‌ ഒരു പുണ്യകര്‍മമായാണ്‌ ഗന്ധിഘാതകനായ നാഥുറാം വിനായക്‌ ഗോഡ്‌സേ സ്വയം വിലയിരുത്തിയത്‌. ഇന്ത്യാ വിഭജനത്തിനുശേഷം മുസ്‌ലിം ജനവിഭാഗത്തോട്‌ മനുഷ്യത്വപരമായ മൃദുസമീപനം ഗാന്ധിജി അനുവര്‍ത്തിച്ചു എന്നതാണ്‌ ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്‌സേയെ പ്രേരിപ്പിച്ച കാരണം. ഈ പൈശാചിക വികാരം തലയിലേറ്റി നടക്കുന്ന മുസ്‌ലിം വിരോധികളുടെ പ്രസ്ഥാനം രാജ്യഭരണം കൈയാളുന്ന ശക്തിയായി ഇവിടെ വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. ഗുജറാത്തില്‍ ആയിരക്കണക്കായ മുസ്‌ലിം സഹോദരന്മാരെ ഹിന്ദുമതഭ്രാന്തന്മാര്‍ കൊല ചെയ്‌തു. ആ ചോരപുരണ്ട ഭൂമികയിലാണ്‌ ഗുജറാത്തിലെ മോഡി ഭരണം ഇപ്പോള്‍ നിലനില്‍ക്കുന്നത്‌. ഈ തരത്തിലുള്ള മതഭ്രാന്ത്‌ ഭീകരരൂപം പൂണ്ട ഹിംസയും ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഇവിടെ തിമിര്‍ത്താടുകയാണ്‌. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുംവിധം പലതരം വര്‍ഗീയ- ഭീകര ശക്തികള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ അഴിഞ്ഞാടുകയാണ്‌. കുറച്ച്‌ നാളായി ഒറീസ്സയില്‍ നാമത്‌ കണ്ടുകൊണ്ടിരിക്കുന്നു അവിടെ ക്രിസ്‌ത്യന്‍ ജനവിഭാഗത്തിന്‌ നേരെയാണ്‌ ആക്രമണ-പീഡന-കൊല പരമ്പരകള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ഇതിന്റെ തുടര്‍ച്ചയായി കര്‍ണാടകത്തിലും ക്രിസ്‌ത്യന്‍ വിരുദ്ധ കലാപങ്ങള്‍ അരങ്ങേറി. ബുദ്ധന്റെയും ഗാന്ധിജിയുടെയും നാടെങ്ങോട്ടാണ്‌ നീങ്ങുന്നത്‌? പാവനമായ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയുടെ തണലിലാണ്‌ നാമെല്ലാം ജീവിക്കുന്നത്‌. ഇങ്ങനെയാണോ മനുഷ്യര്‍ ഇവിടെ ജീവിക്കേണ്ടത്‌? ഗാന്ധിജിയുടെ ഉദാത്ത പൈതൃകം അവകാശപ്പെടുന്ന കേന്ദ്രഭരണ കക്ഷിയുടെ നേതാക്കളും പ്രധാനമന്ത്രി അടക്കമുള്ള ഉന്നത ഭരണാധികാരികളും ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരാണ്‌. ഡല്‍ഹിയിലിരുന്ന്‌ രാജ്യം ഭരിക്കുന്നവര്‍ ഇവിടെ വെറും നോക്കുകുത്തികളായി അധഃപതിച്ചിരിക്കുന്നു. തീര്‍ത്തും ദയനീയമായ അവസ്ഥ തന്നെയിത്‌. മറ്റൊരു ചിത്രം: നമ്മുടെ കേന്ദ്രഭരണ സിരാകേന്ദ്രമായ ഡല്‍ഹിയിലടക്കം പലേടങ്ങളിലും തുടര്‍ച്ചയായ ബോംബ്‌സ്‌ഫോടനങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കയാണ്‌. വമ്പിച്ച നാശനഷ്‌ടങ്ങളും മരണപരമ്പരകളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു. ഇനിയും ഇത്തരം ദുരന്തപരമ്പരകള്‍ ഉണ്ടാകുമെന്നാണ്‌ പല വഴിക്കും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്‌. ഇതിന്റെയൊക്കെ പിന്നില്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയുള്ള ആഗോളതല ഗൂഢാലോചനകളുണ്ടെന്നത്‌ വ്യക്തം. ദേശീയതലത്തില്‍ പലനിറത്തിലും തരത്തിലുമുള്ള വര്‍ഗീയ- വിഘടന- ഭീകര ശക്തികള്‍ ആസൂത്രിതമായിത്തന്നെ വിനാശകരമായ ഇത്തരം പരിപാടികളില്‍ ആവേശപൂര്‍വം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ദൂരവസ്ഥയില്‍ ജനങ്ങളാകെ അസ്വസ്ഥരാണ്‌. ഇങ്ങനെയായാലെങ്ങനെ ജീവിക്കും എന്ന്‌ മനുഷ്യര്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. ഈ അവസ്ഥ സൃഷ്‌ടിക്കുന്ന ദുഷ്‌ടശക്തികളെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ ഒരു ഭരണകൂടമുണ്ടോ? അവരുടെ നിയന്ത്രണത്തില്‍ രഹസ്യാന്വേഷണ വിഭാഗമുണ്ടോ? ഭരണാധികാരികളേ നിങ്ങള്‍ ഉറങ്ങുകയാണോ? ഓരോ ദുരന്ത സംഭവം ഉണ്ടാകുമ്പോഴും അതാവര്‍ത്തിക്കുമ്പോഴും ഭരണാധികാരികളുടെ ഞെട്ടലുകളും വിലാപങ്ങളും കണ്ടും കേട്ടും ജനങ്ങള്‍ മടുത്തിരിക്കുന്നു. ഓ, മറന്നു ഇവര്‍ക്ക്‌ ഇതിനൊന്നും സമയമില്ലല്ലോ. ആണവക്കരാര്‍ മാനിയ ബാധിച്ച്‌ ഇവരെല്ലാം കിടപ്പിലാണ്‌. ഇവര്‍ക്ക്‌ വേറൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ ഇപ്പോള്‍ കഴിയില്ല.
ഐ.വി. ദാസ്‌

Saturday, October 4, 2008

123 ഇന്ത്യ 60 വര്‍ഷം പിന്നോട്ട്

123 ഇന്ത്യ 60 വര്‍ഷം പിന്നോട്ട്

ഈവ്യാഴാഴ്ച അമേരിക്കന്‍ പാര്‍ലമെന്റായ കോഗ്രസിന്റെ സെനറ്റ് എന്നുവിളിക്കപ്പെടുന്ന ഉപരിസഭയിലെ നൂറ് അംഗങ്ങളില്‍ പതിമൂന്നുപേര്‍ക്കെതിരെ എപത്താറ് വോട്ടോടെ ഇന്ത്യ-യുഎസ് സിവിലിയന്‍ ആണവകരാറിന് അന്തിമ അനുമതി ലഭിച്ചിരിക്കുന്നു. ഇനി രണ്ട് രാഷ്ട്രത്തിന്റെയും പ്രതിനിധികള്‍ അതില്‍ ഒപ്പിടുകയേ വേണ്ടൂ. അമേരിക്കയുടെ 1954 ലെ ആണവോര്‍ജനിയമത്തിന്റെ 123-ാം വകുപ്പ് പ്രകാരം തയ്യാറാക്കിയ ഈ കരാറിന് അമേരിക്കന്‍ പാര്‍ലമെന്റ് അന്തിമ അംഗീകാരം നല്‍കുമോ എന്നതിനെക്കുറിച്ച് കുറെ നാളായി മാധ്യമങ്ങളില്‍ നടന്ന വിവാദങ്ങള്‍ ഇന്ത്യന്‍ജനതയുടെ കണ്ണില്‍ പൊടിയിടാനുള്ള അഭ്യാസം മാത്രമായിരുന്നുവെന്ന് വിവരമുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആണവനിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാതെ ആണവപരീക്ഷണത്തിനും ആണവോര്‍ജ ആണവസാമഗ്രികള്‍ ഉല്‍പാദിപ്പിക്കാനും ഉള്ള പരമാധികാരം നിലനിര്‍ത്തുകയെന്നതായിരുന്നു ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലംമുതല്‍ ഇന്ത്യയുടെ നയം. പരമാധികാരവും പരീക്ഷണവും ആണവസാങ്കേതികവിദ്യയും ഇന്ധനവും കൈവശമുള്ള അമേരിക്കയെപ്പോലുള്ള ആണവശക്തികള്‍ ഇഷ്ടംപോലെ പരീക്ഷണം നടത്തുകയും ഹിരോഷിമയിലും നാഗസാക്കിയിലുമെന്നതുപോലെ കൊന്നൊടുക്കാനുള്ള അവകാശമുണ്ടെന്ന് വാദിക്കുകയും ചെയ്യുമ്പോള്‍ ആണവപരീക്ഷണംപോലും നടത്തിക്കൂടെന്ന നിര്‍വ്യാപന ഉടമ്പടിയിലെ (എന്‍പിടി) വ്യവസ്ഥ വിവേചനപരമാണ് എന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ ഒപ്പുവയ്ക്കാതെതന്നെ ഈ വിവേചനപരമായ വ്യവസ്ഥ ഇന്ത്യയുടെമേല്‍ അടിച്ചേല്‍പ്പിക്കുകയെന്നതാണ് ഈ കരാറിന്റെ ഉദ്ദേശങ്ങളിലൊന്ന്. അതോടൊപ്പം ഏകധ്രുവ ലോകാധിപത്യശ്രമങ്ങളും കടന്നാക്രമണങ്ങളുംകൊണ്ട് ലോകമാകെയും ഏഷ്യയില്‍ പ്രത്യേകിച്ചും ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന അമേരിക്കയ്ക്ക് ഇന്ത്യ എന്ന ഒരു മഹാരാഷ്ട്രത്തിന്റെ തന്ത്രപരമായ പിന്തുണയും ഇതുവഴി പ്രസിഡന്റ് ജോര്‍ജ് ബുഷ് നേടാമെന്ന് കരുതി. ഇതെല്ലാം ഇന്ത്യന്‍ ജനതയ്ക്കും കോഗ്രസിലെ സാധാരണ അംഗങ്ങളുള്‍പ്പെടെ വലതും ഇടതുമായ പ്രതിപക്ഷത്തിനും സ്വീകാര്യമല്ല. ഭയപ്പാടും ആശങ്കയും അസ്ഥാനത്താണെന്നും പരമ്പരാഗത നിലപാട് ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്നും ഇന്ത്യക്ക് ആണവപരീക്ഷണം നടത്താന്‍ കരാര്‍ പ്രതിബന്ധമല്ലെന്നും മറ്റുമാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജനങ്ങള്‍ക്കും പാര്‍ലമെന്റിനും പരസ്യമായി ഉറപ്പുനല്‍കിയത്. പരമ്പരാഗതമായ ഈ നിലപാടുകളെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് മന്‍മോഹന്‍സിങ് രാഷ്ട്രത്തെ ആകെ വഞ്ചിച്ചുകൊണ്ട് ബുഷിന് ഈ കരാറിന്റെ ആദ്യരൂപം തയ്യാറാക്കിയ 2005 ജൂലൈ 18 നുതന്നെ ഉറപ്പു നല്‍കിയിരുന്നു. അത്തരം രഹസ്യവും വ്യക്തിപരവുമായ ഉറപ്പുകള്‍ സ്വീകാര്യമല്ലെന്ന അമേരിക്കയുടെ നിലപാട് നിയമപരമായി ഉറപ്പിക്കാനാണ് 2006 ഡിസംബറില്‍ ഹെന്റി ഹൈഡ് ആക്ട് അമേരിക്കന്‍ കോഗ്രസ് പാസാക്കിയത്. ഈ ആക്ട് ചൂണ്ടിക്കാണിച്ചുകൊണ്ട് പാര്‍ലമെന്റിലെ പ്രതിപക്ഷവും മാധ്യമങ്ങളും കരാറിനെ വിമര്‍ശിച്ചപ്പോള്‍ ഈ ആക്ട് ഈ കരാറിന് ബാധകമല്ലെന്ന പച്ചക്കള്ളം തട്ടിവിടാന്‍ പ്രധാനമന്ത്രിയും വിദേശമന്ത്രിയും തയ്യാറായി. ഇന്ത്യന്‍പക്ഷത്തിന്റെ ഈ അവകാശവാദം അമേരിക്കന്‍ കോഗ്രസില്‍ ആശങ്കകളുടെ അലകള്‍ ഉയര്‍ത്തിയപ്പോള്‍ പ്രസിഡന്റ് ബുഷ് രഹസ്യമായി കോഗ്രസിന് അയച്ച സന്ദേശത്തില്‍ ഹൈഡ് ആക്ട് ബാധകമാണെന്ന് ഉറപ്പ് നല്‍കി. ഈ രഹസ്യസന്ദേശം പുറത്തുവന്നപ്പോള്‍ ഇന്ത്യയില്‍ വീണ്ടും പ്രതിഷേധത്തിന്റെ അലകള്‍ ഉയര്‍ന്നു. അപ്പോഴും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും വിദേശമന്ത്രി പ്രണബ് മുഖര്‍ജിയും ആണവോര്‍ജ കമീഷന്‍ അധ്യക്ഷന്‍ അനില്‍ കാകോദ്കറും ബുഷിന്റെ കത്ത് അമേരിക്കയിലെ രണ്ട് ഭരണവിഭാഗം തമ്മില്‍ നടന്ന ഒരു വിനിമയം മാത്രമാണെന്നും അതിന് നിയമസാധുത ഇല്ലെന്നും മറ്റുമുള്ള വിതണ്ഡവാദങ്ങള്‍ പുറപ്പെടുവിച്ചു. അങ്ങനെ മന്‍മോഹന്‍സിങ്ങും ജോര്‍ജ് ബുഷും തമ്മില്‍ ഇന്ത്യന്‍ പരമാധികാരത്തിനെതിരെ നടത്തിയ ഗൂഢാലോചനയിലെ വ്യവസ്ഥകള്‍ പടിപടിയായി പല മാര്‍ഗത്തിലൂടെ പരസ്യമാക്കി ഇന്ത്യയുടെ അമേരിക്കയോടുള്ള പ്രതിബദ്ധത അസന്ദിഗ്ധമായി ഉറപ്പിക്കാനുള്ള അടവ് മാത്രമായിരുന്നു അമേരിക്കന്‍ കോഗ്രസ് ഈ കരാര്‍ അംഗീകരിക്കുമോ ഇല്ലയോ എന്നതിനെച്ചൊല്ലി നടന്ന മാധ്യമകോലാഹലങ്ങള്‍. ഇപ്പോഴിതാ സകലതും അടിയറവെച്ച് ജോര്‍ജ്ബുഷിന്റെയും മന്‍മോഹന്‍സിങ്ങിന്റെയും പരസ്പര പ്രേമവായ്പിന്റെ അടിസ്ഥാനത്തില്‍ അറുപതുകൊല്ലം മുമ്പ് നേടിയ സ്വാതന്ത്യ്രവും പരമാധികാരവും യാങ്കികള്‍ക്ക് അടിയറവച്ചിരിക്കുകയാണ്. റൈസും മുള്‍ഫോര്‍ഡും ഈ ശനിയാഴ്ച തുടര്‍നടപടിക്കായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസ് ഇന്ത്യയില്‍ എത്തുകയാണ്. ഇന്ത്യ ആണവപരീക്ഷണം നടത്തിയാല്‍ ഈ കരാര്‍ റദ്ദാക്കുമെന്ന് ഇവിടെ എത്തുംമുമ്പുതന്നെ അവര്‍ പ്രഖ്യാപിച്ചിരിക്കുന്നു. കോണ്ടലീസ റൈസിനേക്കാള്‍ ഒരു ചുവടുകൂടി മുന്നോട്ടുപോയിരിക്കുകയാണ് ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി ഡേവിഡ് മുള്‍ഫോര്‍ഡ്. ആണവകരാറിനെ വലിയ ഒരു നേട്ടമായി കൊട്ടിഘോഷിച്ചത് ഇന്ത്യക്ക് ആവശ്യമായ ആണവ ഇന്ധനം കിട്ടാറാക്കുമെന്നതാണ്. കൂടാതെ ആണവസാങ്കേതിക സാമഗ്രികളും ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍, അങ്ങനെ ആണവ ഇന്ധനമോ സാങ്കേതികസാമഗ്രികളോ ഇന്ത്യക്ക് കിട്ടാന്‍ സ്വകാര്യ ഏജന്‍സികളെയോ ആണവ ഇന്ധനവിതരണ രാഷ്ട്രങ്ങളെയോ നിര്‍ബന്ധിക്കാന്‍ അമേരിക്കയ്ക്ക് ബാധ്യതയില്ല, കഴിവുമില്ല എന്നതാണ് വസ്തുത. അതുപോലെ ഉപയോഗിച്ചുകഴിഞ്ഞ ഇന്ധനം പുനസംസ്കരിക്കാന്‍ ഇന്ത്യ ശ്രമിച്ചാല്‍ അമേരിക്ക തന്ന ഇന്ധനവും തിരിച്ചെടുത്ത് കൊണ്ടുപോകും. അമേരിക്കയില്‍നിന്ന് അവസാനവട്ടം ചര്‍ച്ചകള്‍ നടത്തി, പോരുന്നവഴിക്ക് ഫ്രാന്‍സുമായി ഒരു ആണവകരാറില്‍ ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. അമേരിക്കയുമായുള്ള കരാറിലെ പരമാധികാര നിഷേധ വ്യവസ്ഥകള്‍ ഒന്നും അതിലില്ല. റഷ്യയുമായും അത്തരത്തിലുള്ള ഒരു കരാറിന് സാധ്യതയുള്ളതായറിയുന്നു. അതു രണ്ടും പരമാധികാര രാഷ്ട്രങ്ങള്‍ തമ്മിലുള്ള അന്തസ്സുള്ള ഒരു കരാറായിരിക്കും എന്ന് ഉറപ്പിക്കാം. നീക്കിബാക്കി അപ്പോള്‍പ്പിന്നെ അമേരിക്കയുമായുള്ള കരാറിന്റെ നീക്കിബാക്കി എന്താണ്? നമ്മുടെ ഊര്‍ജ സുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമായ ഇറാന്‍-പാകിസ്ഥാന്‍ -ഇന്ത്യ പ്രകൃതിവാതകക്കുഴല്‍ പദ്ധതിയെ അപകടത്തിലാക്കുംവിധം ഇറാനെ ബുഷിന്റെ ആജ്ഞപ്രകാരം എതിര്‍ക്കുകയും ആക്ഷേപിക്കുകയുമാണ് മന്‍മോഹന്‍ ചെയ്തത്. നമ്മുടെ ഭൂഖണ്ഡത്തില്‍പെട്ട ചൈനയും റഷ്യയുമായി അമേരിക്കന്‍ തന്ത്രസഖ്യപ്രകാരം പിണങ്ങേണ്ടതായും വരും. അമേരിക്ക ഇന്ന് ചെന്നുപെട്ടിരിക്കുന്ന അത്യന്തം ഗുരുതരമായ സാമ്പത്തികക്കുഴപ്പത്തില്‍നിന്ന് കരകയറാന്‍ അവരുടെ തുരുമ്പെടുത്തുകൊണ്ടിരിക്കുന്ന റിയാക്ടറുകളും മറ്റും വിറ്റഴിക്കേണ്ടതുണ്ട്. ആ വഴി 70000 കോടി ഡോളര്‍ ഇന്ത്യയില്‍നിന്ന് പിഴിഞ്ഞെടുക്കാന്‍ അവര്‍ക്ക് കഴിയും. അമേരിക്കയിലെ അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്ന ബാങ്കുകളെ രക്ഷപ്പെടുത്താനുള്ള പ്രസിഡന്റ് ബുഷിന്റെ പരിപാടി പ്രകാരം സര്‍ക്കാര്‍ ചെലവാക്കേണ്ട തുകയും 70000 കോടി ഡോളര്‍ ആണെന്നത് ഈ അവസരത്തില്‍ ഓര്‍ക്കുന്നത് പല ഗൂഢാലോചനകളിലേക്കും വെളിച്ചംവീശുന്നു. അങ്ങനെ ബുഷും മന്‍മോഹന്‍സിങ്ങും തമ്മിലുള്ള പ്രേമവായ്പില്‍ ചോര്‍ന്നുപോകുന്നത് ഇന്ത്യ മഹാരാജ്യത്തിന്റെ സ്വാതന്ത്യ്രവും പരമാധികാരവുമാണ്.
പി ഗോവിന്ദപ്പിള്ള

വികസന വിരോധികളുടെ അക്രമസമരം,ടാറ്റ പിന്മാറി

വികസന വിരോധികളുടെ അക്രമസമരം,ടാറ്റ പിന്മാറി .

ടാറ്റയുടെ നാനോ കാര്‍പദ്ധതി സിംഗൂരില്‍നിന്ന് മാറ്റാന്‍ തീരുമാനമായി. വെള്ളിയാഴ്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ടാറ്റ ചെയര്‍മാന്‍ രത്തന്‍ ടാറ്റ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. സംസ്ഥാനസര്‍ക്കാരും ഇത് സ്ഥിരീകരിച്ചു. തുടക്കംമുതല്‍ ഫാക്ടറിക്കെതിരെ രാഷ്ട്രീയമായി ഉയര്‍ന്നുവന്ന എതിര്‍പ്പും അക്രമവുമാണ് പിന്മാറാന്‍ കാരണമെന്ന് ടാറ്റ പറഞ്ഞു. തീരുമാനം വളരെ നിര്‍ഭാഗ്യകരമാണ്. അക്രമം നേരിട്ട് പൊലീസ് സഹായത്തോടെ ഒരു ഫാക്ടറിക്കും സുഗമമായി പ്രവര്‍ത്തിക്കാനാവില്ല. സംസ്ഥാനത്തിന്റെ നന്മ കരുതി തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കുമെന്നു കരുതിയെങ്കിലും അത് കൂടിവന്ന സാഹചര്യത്തിലാണ് പിന്മാറാന്‍ തീരുമാനിച്ചത്. ഫാക്ടറി ഇനി എവിടെ സ്ഥാപിക്കുമെന്നതിനെപ്പറ്റി തീരുമാനമായില്ല. ചില സംസ്ഥാനങ്ങളില്‍നിന്ന് ക്ഷണം ഉണ്ട്. ബംഗാളിലേതുപോലുള്ള രാഷ്ട്രീയ എതിര്‍പ്പ് മറ്റെവിടെയുമുണ്ടാവില്ല. വളരെയധികം വികസനസാധ്യതയുള്ള സംസ്ഥാനമാണിത്. സര്‍ക്കാരിന്റെ നിലപാട് പ്രോത്സാഹനം നല്‍കുന്നതാണ്. സംസ്ഥാനത്തെ മറ്റ് പദ്ധതി ഉപേക്ഷിക്കില്ല. കാര്‍ഫാക്ടറിക്കായി ഏറ്റെടുത്തു നല്‍കിയ സ്ഥലം എന്തു ചെയ്യണമെന്നതിനെ സംബന്ധിച്ച് സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കും-ടാറ്റ പറഞ്ഞു. റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിയ്ക്കും രത്തന്‍ ടാറ്റയ്ക്കും പുറമെ വ്യവസായമന്ത്രി നിരുപംസെന്നും പങ്കെടുത്തു. ബംഗാളിനെ സംബന്ധിച്ചിടത്തോളം ടാറ്റയുടെ പിന്മാറ്റം ദൌര്‍ഭാഗ്യകരമായ തീരുമാനമാണെന്ന് നിരുപംസെന്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ നഷ്ടപരിഹാരം നല്‍കിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്. സംസ്ഥാനത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാകുന്ന പദ്ധതിയെ രാഷ്ട്രീയനേട്ടത്തിനു വേണ്ടിയാണ് മമത എതിര്‍ത്തത്-സെന്‍ പറഞ്ഞു. ബംഗാളിലെ വ്യവസായവല്‍ക്കരണ അനുകൂല സാഹചര്യം കണക്കിലെടുത്താണ് ലോകത്തുതന്നെ നൂതനമായ നാനോ കര്‍ ഫാക്ടറി സിംഗൂരില്‍ സ്ഥാപിക്കാന്‍ ടാറ്റ തീരുമാനിച്ചത്. മുഖ്യമന്ത്രി ബുദ്ധ ദേവ് ഭട്ടാചാര്യയും സംസ്ഥാനസര്‍ക്കാരും പരമാവധി സഹായം നല്‍കി. എന്നാല്‍ ബംഗാളിന്റെ വ്യവസായവികസനം തകര്‍ത്ത് ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുക എന്ന സമീപനമാണ് മമത ബാനര്‍ജി നടത്തിയത്. നന്ദിഗ്രാമിന്റെ തുടര്‍ച്ചയെന്നോണം ഇവിടെ മമതയുടെ നേതൃത്വത്തില്‍ നിരന്തര അക്രമമുണ്ടായി. കോഗ്രസും ബിജെപിയും ഇതിന് ഒത്താശ ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ മൌനം പാലിച്ചു. നാനോ കാര്‍ഫാക്ടറിക്കായി സര്‍ക്കാര്‍ ഏറ്റെടുത്തു നല്‍കിയ ഭൂമിയുടെ ഒരു ഭാഗം കര്‍ഷകര്‍ക്ക് തിരികെ നല്‍കണമെന്നാവശ്യപ്പെട്ടാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ അക്രമം തുടങ്ങിയത്. പ്ളാന്റിന്റെ നിര്‍മാണപ്രവര്‍ത്തനം തൃണമൂലുകാര്‍ തുടര്‍ച്ചയായി തടസ്സപ്പെടുത്തി. തൊഴിലാളികളെ ആക്രമിച്ചു. പ്രവര്‍ത്തനം തുടരാനാവാത്ത സാഹചര്യത്തില്‍ ടാറ്റ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ വികസനം മുന്‍നിര്‍ത്തി പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി നിരവധി തവണ മമതയോട് അഭ്യര്‍ഥിച്ചെങ്കിലും ചെവിക്കൊണ്ടില്ല. അവസാനം ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയുടെ സാന്നിധ്യത്തില്‍ സമവായത്തിനു ശ്രമിച്ചു. എന്നാല്‍, ചര്‍ച്ചയിലൂടെ സര്‍ക്കാരുമായുണ്ടാക്കിയ കരാര്‍ ദുര്‍വ്യാഖ്യാനംചെയ്ത് പ്രശ്നങ്ങളുണ്ടാക്കാനാണ് മമത ശ്രമിച്ചത്. ആയിരങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന പദ്ധതിയാണ് സംസ്ഥാനത്തിനു നഷ്ടപ്പെട്ടത്. സ്വന്തം രാഷ്ട്രീയനേട്ടത്തിനു വേണ്ടി മമത ഇല്ലാതാക്കിയത് ഒരു സംസ്ഥാനത്തിന്റെതന്നെ വികസന നേട്ടവും നിരവധി യുവാക്കളുടെ പ്രതീക്ഷയും.

Wednesday, October 1, 2008

ഗാന്ധിജിയെ ഓര്‍മിക്കുമ്പോള്‍

ഗാന്ധിജിയെ ഓര്‍മിക്കുമ്പോള്‍


ബുദ്ധനുശേഷം ഇന്ത്യ കണ്ട ഏറ്റവും മഹാനായ വ്യക്തി ആരാണെന്ന് ഇന്ത്യയുടെ പല ഭാഗത്തുമുളള വിദ്യാര്‍ഥികളോട് ഞാന്‍ പലപ്പോഴും ചോദിക്കുകയുണ്ടായിട്ടുണ്ട്. ഉത്തരത്തിന് ഒരിക്കലും കാത്തുനില്‍ക്കേണ്ടിവന്നിട്ടില്ല. എല്ലാവരുടെയും ഉത്തരം ഗാന്ധിജി എന്നുതന്നെയായിരുന്നു. എന്തുകൊണ്ട് ഗാന്ധിജി എന്ന തുടര്‍ചോദ്യത്തിന് മറുപടി അത്രതന്നെ ഏകകണ്ഠവും വ്യക്തവുമായിരുന്നില്ല. ആഗോളവല്‍ക്കരണപ്രക്രിയയിലൂടെ മുതലാളിത്തസംസ്കാരത്തിന്റെ സ്വാധീനം കൊടികുത്തിവാഴുന്ന സമൂഹത്തില്‍ ജീവിക്കുന്ന കുട്ടികളാണ് ഇവരെല്ലാവരും. അവരുടെ ജീവിതം ഗാന്ധിജി നിഷ്കര്‍ഷിച്ച ലളിതമായ ജീവിതത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണുതാനും. അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ ഗാന്ധിസത്തിന്റെ സ്വാധീനമില്ല, എങ്കിലും ഗാന്ധിജിയെ അവര്‍ ആരാധിക്കുന്നു. ഗാന്ധിസം ഇന്ത്യന്‍ സമൂഹത്തിന് തികച്ചും അന്യമായി കഴിഞ്ഞിരിക്കുന്നെങ്കിലും ഗാന്ധിജി ജനമനസ്സുകളില്‍ ഇനിയും മായാതെതന്നെ കിടക്കുന്നു; ആദര്‍ശപരതയുടെ പ്രതീകമായി. ഇതൊരു വിരോധാഭാസമായി തോന്നാം. പക്ഷേ, ഗാന്ധിസം തിരസ്കരിച്ച സമൂഹം ഗാന്ധിജി എന്ന വ്യക്തിയോട് ആദരവ് പുലര്‍ത്തുന്നു എന്നര്‍ഥം. ഒരുപക്ഷേ, അതിനു കാരണം ഗാന്ധിജി പ്രതിനിധാനംചെയ്ത ആശയങ്ങളുടെ പ്രാധാന്യം പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെന്നതു മാത്രമല്ല, ധൃതഗതിയില്‍ മാറിക്കൊണ്ടിരിക്കുന്ന ആഗോളസന്ദര്‍ഭത്തില്‍ അവയ്ക്ക് പ്രതിരോധസാധ്യതയുണ്ട് എന്നതുകൂടിയാണ്. ആദര്‍ശങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍മാത്രമേ പ്രതിരോധം സാധ്യമാകുകയുളളൂ. ഗാന്ധിജിയുടെ ജീവിതം ഒരാദര്‍ശമാണ്. ആ ആദര്‍ശം പിന്തുടരുന്നവര്‍ ആരും ഒരുപക്ഷേ ഇന്ത്യയില്‍ ഉണ്ടാകുകയില്ല. ഗാന്ധിയനായി ഗാന്ധി മാത്രമാണല്ലോ ഉണ്ടായിരുന്നത്? പക്ഷേ, ആ ആദര്‍ശത്തിന്റെ മായാതെ കിടക്കുന്ന സാമൂഹ്യാവബോധമാണ് വിദ്യാര്‍ഥികളിലൂടെ പ്രകടമായതെന്ന് വ്യാഖ്യാനിക്കാവുന്നതാണ്. ഗാന്ധിജിയുടെ ആദര്‍ശം നൈതികതയാണ്. സാമ്രാജ്യത്വത്തെ ചെറുക്കാന്‍ ഗാന്ധിജിക്ക് ശക്തിനല്‍കിയത് അതുതന്നെ. സാമ്രാജ്യത്വം എന്ന അധിനിവേശവ്യവസ്ഥ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ അനീതിയാണെന്ന് ഗാന്ധിജി വിശ്വസിച്ചു. നൈതികതയെ ആയുധമാക്കിക്കൊണ്ടു മാത്രമേ അതിനെ ചെറുക്കാന്‍ കഴികയുള്ളൂ എന്നതായിരുന്നു ഗാന്ധിജിയുടെ പരിപ്രേക്ഷ്യം. ദക്ഷിണാഫ്രിക്കയിലെ അനുഭവത്തിലൂടെ വളര്‍ത്തിയെടുത്ത ഈ ആശയം ശക്തമായ ഒരു സമരായുധമായി വളര്‍ത്തിയെടുത്തത് ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിന്റെ പല ഘട്ടത്തില്‍ ഏറ്റെടുത്ത പരിപാടിയിലൂടെയാണ്. ഈ സമരത്തിന്റെ രൂപമായിരുന്നു സത്യഗ്രഹം. അതിലൂടെ സാമ്രാജ്യത്വത്തിന് മറ്റെങ്ങും നേരിടേണ്ടിവരാത്ത പ്രതിരോധമുറകളെയും ജനശക്തിയെയും അഭിമുഖീകരിക്കേണ്ടിവരുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടിലുണ്ടായ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനമായിരുന്നു ഇന്ത്യന്‍ സ്വാതന്ത്യ്രസമരം. ഈ പ്രസ്ഥാനത്തിന്റെ നേതൃത്വം ഗാന്ധിജി ഏറ്റെടുക്കുന്നതോടുകൂടി അതിന്റെ സ്വഭാവത്തിലും പ്രവര്‍ത്തനത്തിലും അടിസ്ഥാനപരമായ മാറ്റമാണ് സംഭവിച്ചത്. ഇത് എങ്ങനെ എന്തുകൊണ്ട് സാധ്യമായി എന്നത് വളരെയേറെ വിശകലനം ചെയ്യപ്പെട്ടിട്ടുളള പ്രശ്നമാണ്. കര്‍ഷകരും തൊഴിലാളികളും ഹിന്ദുക്കളും മുസ്ളിങ്ങളും ബ്രാഹ്മണരും ഹരിജനങ്ങളുമൊക്കെ ഗാന്ധിജിയുടെ അനുയായികളായി. ഖിലാഫത്ത് പ്രസ്ഥാനത്തെ തുണച്ചുകൊണ്ടാണ് ഗാന്ധിജി ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. അതിനുശേഷം ഹിന്ദു-മുസ്ളിം മൈത്രി എന്നത് അദ്ദേഹത്തിന്റെ ജീവിതലക്ഷ്യമായി മാറുകയും ചെയ്തു. സമുദായസൌഹാര്‍ദത്തിന്റെ പ്രാധാന്യം ഇത്രയും തിരിച്ചറിഞ്ഞ മറ്റൊരു വ്യക്തി ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. റിച്ചാര്‍ഡ് ആറ്റന്‍ബറോ നിര്‍മിച്ച ചലച്ചിത്രത്തില്‍ ഗാന്ധിജി ഇന്ത്യയെ അറിയാന്‍വേണ്ടി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ട്. തന്റെ രാഷ്ട്രീയഗുരുവായി സ്വീകരിച്ച ഗോപാലകൃഷ്ണ ഗോഖലെയുടെ ഉപദേശമനുസരിച്ചായിരുന്നു ഗാന്ധിജി ഇന്ത്യ കാണാന്‍’ ഇറങ്ങിയത്. അര്‍ധനഗ്നരും ദരിദ്രരുമായ നാട്ടുകാരെ കണ്ട് അദ്ദേഹം തന്റെ മേല്‍വസ്ത്രം നദിയിലൊഴുക്കുന്നതായി ആറ്റന്‍ബറോ ചിത്രീകരിച്ചിരിക്കുന്നു. മേല്‍മുണ്ട് ത്യജിക്കുന്നതിലൂടെ ഗാന്ധിജി ഇന്ത്യയിലെ കോടിക്കണക്കിലുളള ദരിദ്രനാരായണന്മാരുടെ പക്ഷത്ത് ചേരുകയാണ് ചെയ്തത്. ഗാന്ധിജിയുടെ ജനപ്രിയതയ്ക്കുളള കാരണവും അതുതന്നെ. ഗാന്ധിജി സഞ്ചരിച്ചിടത്തൊക്കെ ജനലക്ഷങ്ങള്‍ തടിച്ചുകൂടിയിരുന്നതിനു പിന്നില്‍ കിംവദന്തിയുടെ സ്വാധീനമുണ്ടായിരുന്നെന്ന് ഷാഹിദ് അമീന്‍ എന്ന ചരിത്രകാരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, അടിത്തറയില്ലാതെ കിംവദന്തി സൃഷ്ടിക്കാന്‍ കഴിയുകയില്ല. ജനതാല്‍പ്പര്യവുമായി ഗാന്ധിജി ആര്‍ജിച്ച താദാത്മ്യമായിരുന്നു ആ അടിത്തറ. കമ്യൂണിസം എന്താണെന്ന് തനിക്ക് അറിയില്ലെന്ന് ഗാന്ധിജി ഒരിക്കല്‍ പറയുകയുണ്ടായി. കമ്യൂണിസം എന്താണെന്നു‘പഠിപ്പിക്കാന്‍’ കമ്യൂണിസ്റ് നേതാവായ പി സി ജോഷിയെ അദ്ദേഹം ക്ഷണിക്കുകയുണ്ടായി. ജോഷി മൂന്നുദിവസം കമ്യൂണിസം പഠിപ്പിച്ചെന്നാണ് കഥ. ഇതാണ് കമ്യൂണിസമെങ്കില്‍ താന്‍ എന്നോ കമ്യൂണിസ്റുകാരനായിരുന്നെന്ന് ഗാന്ധിജി പറഞ്ഞുവത്രേ. അതായത്, ദരിദ്രരുടെയും ചൂഷിതരുടെയും പക്ഷത്തു നില്‍ക്കുന്ന വ്യക്തി എന്ന അര്‍ഥത്തില്‍. ഗാന്ധിജി നയിച്ച കൊളോണിയല്‍ വിരുദ്ധസമരം സാമ്രാജ്യത്വം എന്ന ചൂഷണവ്യവസ്ഥയ്ക്ക് എതിരായിരുന്നു. അതുകൊണ്ട് സ്വാതന്ത്യ്രത്തെയും സ്വരാജ്യത്തെയും ഗാന്ധിജി വേര്‍തിരിച്ചുകണ്ടു. സ്വാതന്ത്യ്രം നേടിയാലും സ്വരാജ്യം സിദ്ധിക്കണമെന്നില്ലെന്ന് ഗാന്ധിജി വിശ്വസിച്ചു. അതുകൊണ്ടാണ് സ്വരാജ്യം സിദ്ധിക്കാനുളള സമരമായി സ്വാതന്ത്യ്രസമരത്തെ ഉപയോഗിക്കണമെന്ന് ഗാന്ധിജി ശഠിച്ചത്. ജനങ്ങളെ സ്വരാജ്യത്തിനുവേണ്ടി സജ്ജമാക്കുകയെന്നതായിരുന്നു ഗാന്ധിജിയുടെ രാഷ്ട്രീയപരിപാടി. അതിന്റെ ഭാഗമായാണ് ഗാന്ധിജി രാഷ്ട്രീയസമരത്തെയും സാംസ്കാരികസമരത്തെയും കൂട്ടിയിണക്കാന്‍ ശ്രമിച്ചത്. സസ്യഭക്ഷണക്രമവും ശുചിത്വനിബന്ധനയുമൊക്കെ സമൂഹത്തെ സാംസ്കാരികമായി സജ്ജമാക്കുന്ന പ്രക്രിയയുടെ ഭാഗമായിരുന്നു. സാംസ്കാരിക അവബോധം രാഷ്ട്രീയമുന്നേറ്റത്തിന്റെ അനിഷേധ്യഘടകമാണെന്ന് തിരിച്ചറിഞ്ഞ ചുരുക്കം ചിലരിലൊരാളാണ്- ഒരുപക്ഷേ ഏക സ്വാതന്ത്യ്രസമരനേതാവാണ്- ഗാന്ധിജി. ഈ കാഴ്ച്ചപ്പാടിനെ മുന്നോട്ടു നയിക്കാന്‍ കഴിയാതെപോയത് സ്വാതന്ത്യ്രസമര പ്രസ്ഥാനത്തിന്റെ ഒരു വലിയ ദൌര്‍ബല്യമായിരുന്നു എന്ന വിലയിരുത്തല്‍ അസ്ഥാനത്തല്ല. നൈതികതയുടെ അടിത്തറയില്ലാത്ത രാഷ്ട്രീയം ഗാന്ധിജിക്ക് സ്വീകാര്യമായിരുന്നില്ല. മതത്തിന്റെ സ്വാധീനമില്ലാത്ത രാഷ്ട്രീയം ഉണ്ടായിക്കൂടെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടത് അതുകൊണ്ടാണ്. പക്ഷേ, മതം എന്നതുകൊണ്ട് ഗാന്ധിജി അര്‍ഥമാക്കിയത് നൈതികതയെയാണ്. മതവിശ്വാസത്തെ രാഷ്ട്രീയലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന പ്രവണത എന്നല്ല. ഗാന്ധിജിയുടെ രാമരാജ്യം ഹിന്ദുരാഷ്ട്രമായിരുന്നില്ല. അങ്ങനെ വ്യാഖ്യാനിക്കുന്നവര്‍ ഒന്നുകില്‍ ഗാന്ധിജിയെ ശരിയായി മനസ്സിലാക്കാത്തവരാണ്, അല്ലെങ്കില്‍ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയാണ്. ആദര്‍ശപൂര്‍ണമായ നൈതികരാഷ്ട്രം എന്നാണ് ഗാന്ധിജി അര്‍ഥമാക്കിയത്. ആ നൈതികരാഷ്ട്രത്തിന്റെ മുഖമുദ്ര മതേതരത്വമായിരുന്നു. മതേതരത്വത്തെ ഗാന്ധിജി സമുദായമൈത്രിയായി ചുരുക്കിക്കണ്ടോയെന്ന് സംശയിക്കുന്നവരുണ്ടാകാം. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സമുദായങ്ങള്‍ തമ്മിലുളള അന്യോന്യബഹുമാനം മതേതരത്വത്തിന് അനിവാര്യമായിരുന്നു. ഹിന്ദുവര്‍ഗീയതയുടെ ഏറ്റവും വലിയ വിമര്‍ശകനായിരുന്നു ഗാന്ധിജി. കാരണം, ഗാന്ധിജി ഒരു യഥാര്‍ഥ സനാതനഹിന്ദുവായിരുന്നു എന്നതാണ്. ഗാന്ധിജിയുടെ സാന്നിധ്യത്തില്‍ ഹിന്ദുമതത്തെ സ്വായത്തമാക്കാന്‍ വര്‍ഗീയതയ്ക്ക് സുസാധ്യമായിരുന്നില്ല. അതുകൊണ്ടായിരുന്നു ഗാന്ധിജിയെ വധിക്കാനുളള ശ്രമങ്ങളുണ്ടായത്. ഗാന്ധിജിയുടെ യഥാര്‍ഥ ഘാതകന്‍ നാഥുറാം ഗോഡ്സേ ആയിരുന്നില്ല, ഹിന്ദുവര്‍ഗീയതയായിരുന്നു. ഹിന്ദുവര്‍ഗീയതയ്ക്ക് ഗാന്ധിജിയെ പൊറുക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, ഗാന്ധിജിയുടെ ഹിന്ദുമതവും വര്‍ഗീയതയുടെ ഹിന്ദുത്വവും പരസ്പരവിരുദ്ധമായിരുന്നു. ഗാന്ധിജി പ്രചരിപ്പിച്ചിരുന്ന ഹിന്ദുമതത്തെ പരാജയപ്പെടുത്തിയാല്‍ മാത്രമേ വര്‍ഗീയതയുടെ ഹിന്ദുത്വത്തിന് മുന്നേറാന്‍ കഴിയുമായിരുന്നുള്ളൂ. ഈ വൈരുധ്യം നിലനില്‍ക്കെ വര്‍ഗീയശക്തികള്‍ ഗാന്ധിജിയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നത് വിരോധാഭാസമാണ്. മതപരിവര്‍ത്തനത്തിന് ഗാന്ധിജി എതിരായിരുന്നെന്നു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഉദാഹരണം. ഗാന്ധിജിയെ യുഗപുരുഷനായി വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, ഗാന്ധിജി ഭാവിയുടെ പ്രവാചകനായിരുന്നു. 1909ല്‍ എഴുതിയ ഹിന്ദുസ്വരാജ് പാശ്ചാത്യനാഗരികതയുടെ ദൌര്‍ബല്യത്തെക്കുറിച്ചുമാത്രം പ്രതിപാദിക്കുന്നതല്ല, നാഗരികതയുടെ ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ അതില്‍ നിഴലിക്കുന്നു. അതില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍, യന്ത്രവല്‍ക്കൃതയുഗത്തിന്റെ ഭീകരതകള്‍, ഇന്ന് യാഥാര്‍ഥ്യമായി കഴിഞ്ഞിരിക്കുയാണ്. ഒരുപക്ഷേ, ഇരുപതാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഏറ്റവും ദൂരദര്‍ശിത്വമുളള ഗ്രന്ഥമായി ഹിന്ദുസ്വരാജിനെ വിശേഷിപ്പിക്കാമെന്നു തോന്നുന്നു. പ്രകൃതിയെ ബഹുമാനിക്കേണ്ട ആവശ്യം ജീവിതചര്യകളിലൂടെ സമര്‍ഥിച്ച ഗാന്ധിജിയുടെ കാഴ്ചപ്പാട് ആഗോളവല്‍ക്കരണത്തിന്റെ ഭീഷണിനേരിടുന്ന, ആഗോളതാപനം അനുഭവിക്കുന്ന സമകാലീനസമൂഹം ഓര്‍മിക്കേണ്ടതാണ്. ഇന്ത്യക്ക് സ്വാതന്ത്യ്രം നേടിയെടുത്തതില്‍ നിര്‍ണായകമായ പങ്കുവഹിച്ചത് ഗാന്ധിജി ആയിരുന്നെങ്കിലും ഗാന്ധിജി ഒരു ‘പരാജയപ്പെട്ട” രാഷ്ട്രീയനേതാവായിരുന്നു എന്നു പറഞ്ഞാല്‍ സ്വീകരിക്കാന്‍ വിഷമമുണ്ടാകും. പക്ഷേ, സമകാലീന ഇന്ത്യയുടെ ചരിത്രം ഗാന്ധിജിയുടെ ജീവിതദൌത്യങ്ങള്‍ നിറവേറ്റപ്പെടാതെ പോയതിന് സാക്ഷ്യം വഹിക്കുന്നു. ‘'എന്റെ ശവത്തിനു മേല്‍ മാത്രം വിഭജനം'’ എന്നു പറഞ്ഞ ഗാന്ധിജിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആരുമുണ്ടായില്ല. വിഭജനത്തെ സ്വാതന്ത്യ്രമായി രാഷ്ട്രം ആഘോഷിച്ചു. സ്വാതന്ത്യ്രം ലഭിച്ചിട്ട് 60 കൊല്ലത്തിനുശേഷവും സ്വരാജ്യം’സിദ്ധിച്ചിട്ടില്ല. പോരാതെ, ഗാന്ധിജി പുറംതള്ളാന്‍ ശ്രമിച്ച സാമ്രാജ്യത്വം ശക്തിയോടെ തിരിച്ചുവന്നുകൊണ്ടിരിക്കുന്നു. ഗാന്ധിജിയുടെ പരാജയത്തിന് ഇനി എന്ത് തെളിവുവേണം? പക്ഷേ, ഗാന്ധിജിയുടെ ‘പരാജയത്തിന്റെ തെളിവ് കഴിഞ്ഞില്ല. ഗാന്ധിജി ജീവിതം ഉഴിഞ്ഞുവച്ചത് സമുദായസൌഹാര്‍ദത്തിനുവേണ്ടിയായിരുന്നല്ലോ? ഇന്ന് ഹിന്ദുവര്‍ഗീയവാദികള്‍ ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന ദയനീയസ്ഥിതിയാണ് പല സംസ്ഥാനത്തിലും. ഗാന്ധിജി വളര്‍ത്തിയെടുത്ത കോഗ്രസ് അതിനെതിരെ ഫലപ്രദമായ നടപടിയെടുക്കാന്‍ കഴിയാതെ നിസ്സഹായമായി നോക്കിനില്‍ക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറെ കൊല്ലമായി കോഗ്രസിന് സംഭവിച്ച മൂല്യച്ചുതിയുടെ പരിണതഫലമാണ് ഇത്. ഇന്ന് കോഗ്രസ് എന്ന മതേതരകകഷി വര്‍ഗീയതയോട് തുടര്‍ച്ചയായി സന്ധിചെയ്തുകൊണ്ടിരിക്കുന്നു. പലപ്പോഴും മൃദുഹിന്ദുത്വത്തെ തോളിലേറ്റാന്‍ വ്യഗ്രത കാണിക്കുകയും ചെയ്യുന്നു. ഗാന്ധിജിയുടെ ആദര്‍ശമെല്ലാം അദ്ദേഹത്തിന്റെതന്നെ പ്രസ്ഥാനത്തിന് അന്യമായി കഴിഞ്ഞിരിക്കുകയാണ്. ഈ സാധ്യത തിരിച്ചറിയാനുളള ദൂരദര്‍ശിത്വം അദ്ദേഹത്തിനുണ്ടായിരുന്നു എന്നുവേണം കരുതാന്‍. അതുകൊണ്ടാണല്ലോ അദ്ദേഹം കോഗ്രസിലെ അംഗത്വം രാജിവച്ചത്. കോഗ്രസ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടത്. ഈ രാഷ്ട്രീയപരാജയം ഗാന്ധിജിയെ അപ്രസക്തനാക്കുന്നില്ല. ഇന്നത്തെ സാഹചര്യത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ രണ്ടുകൊല്ലത്തില്‍ ഗാന്ധിജിയെക്കുറിച്ച് ചുരുങ്ങിയത് 25 ഗ്രന്ഥമെങ്കിലും ഇംഗ്ളീഷില്‍ എഴുതപ്പെട്ടിട്ടുണ്ട്. അതിന് ഒരുകാരണം ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തില്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ വളരെ പ്രസക്തമാണ് എന്നതായിരിക്കണം. അതുകൊണ്ട് ഇന്ന് ഗാന്ധിജി പുനര്‍വായിക്കപ്പെടേണ്ടതാണ്. ആ വായനയുടെ രീതിശാസ്ത്രം സങ്കീര്‍ണവും സമഗ്രവുമായിരിക്കണം. അതിലൂടെ ഉരുത്തിരിയുന്ന ഒരു പുതിയ തിരിച്ചറിവ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.

ഡോ. കെ എന്‍ പണിക്കര്‍

ന്യൂനപക്ഷങ്ങള്‍ക്കു നേരെ സംഘപരിവാറിന്റെ വേട്ട

ന്യൂനപക്ഷങ്ങള്‍ക്കു നേരെ സംഘപരിവാറിന്റെ വേട്ട
2009 മെയ് മാസത്തില്‍ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ബംഗ്ളൂരില്‍ചേര്‍ന്ന ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം, കൂടുതല്‍ കര്‍ക്കശമായ ഹിന്ദുത്വവാദം പൊക്കിപ്പിടിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനിച്ചത്. ജമ്മു-കാശ്മീരിലെ അമര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടനപാത ദേശസാല്‍ക്കരിക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി പ്രസിഡന്റ് രാജ്നാഥ്സിങ്, കാശ്മീര്‍ ജനതയ്ക്ക് പ്രത്യേകാവകാശം നല്‍കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയണമെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനായി "പോട്ട'' നിയമം തിരിച്ചുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ലോകത്തെയാകെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക കുഴപ്പത്തെയോ ഇന്ത്യയിലെ ജനങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക പരാധീനതകളെയോകുറിച്ച് ഒന്നും പരാമര്‍ശിക്കാതിരുന്ന ബിജെപി എക്സിക്യൂട്ടീവ്, ന്യൂനപക്ഷങ്ങള്‍ക്കുനേര്‍ക്ക് വിദ്വേഷം വളര്‍ത്തുന്നതിന് ഉതകുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ചര്‍ച്ചചെയ്തത്. ഒറീസയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായി നടന്നുകൊണ്ടിരിക്കുന്ന അക്രമപരമ്പരകളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ്, ആ സംസ്ഥാനത്തിലെ അക്രമ സംഭവങ്ങളെ അപലപിച്ചില്ലെന്ന് മാത്രമല്ല. പ്രത്യക്ഷത്തില്‍ത്തന്നെ പിന്‍തുണയ്ക്കുകയും ചെയ്തു. കൊലവിളി നടത്തുന്ന സംഘപരിവാര്‍ സംഘങ്ങളെ ന്യായീകരിക്കുന്ന ബിജെപി നേതൃത്വം, ഒറീസയിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം ക്രിസ്ത്യന്‍ മിഷണറിമാരുടെ മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളാണെന്ന് കുറ്റപ്പെടുത്താനും മറന്നില്ല. (1991ലെയും 2001ലെയും സെന്‍സസ് കണക്കുകള്‍ കാണിക്കുന്നത് ഒറീസയിലെ ക്രിസ്ത്യന്‍ ജനസംഖ്യ പത്തുകൊല്ലത്തിനുള്ളില്‍ ഒട്ടും വര്‍ധിച്ചിട്ടില്ല, അല്‍പം കുറഞ്ഞിട്ടേയുള്ളു എന്നാണ്. ബിജെപിയുടെ "മതപരിവര്‍ത്തനവാദ''ത്തിന്റെ പൊള്ളത്തരമാണത് കാണിക്കുന്നത്.)
അമര്‍നാഥ് തീര്‍ത്ഥാടന പാത ദേശസാല്‍ക്കരിക്കണമെന്ന് ആവശ്യപ്പെടുന്ന ബിജെപി, അതുവഴി, ജമ്മു-കാശ്മീരിലെ ഹിന്ദുക്കള്‍ക്കും മുസ്ളിങ്ങള്‍ക്കും ഇടയില്‍ തീര്‍ത്താല്‍ തീരാത്ത വിടവ് സൃഷ്ടിച്ചുവെയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇങ്ങനെ ഹിന്ദു-മുസ്ളിം വിരോധവും ഹിന്ദു-ക്രിസ്ത്യന്‍ വിരോധവും ആളിക്കത്തിക്കാന്‍ ഉതകുന്ന നടപടികള്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളായി സ്വീകരിക്കുന്നതിനെക്കുറിച്ച് ബിജെപി നേതൃത്വം ബാംഗ്ളൂരിലെ ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കെ അവരുടെ അണികള്‍ അതേ സംസ്ഥാനത്തിന്റെ മറ്റൊരുഭാഗത്ത്, (മംഗലാപുരം, തെക്കന്‍ കനറ, ചിക്കമഗളൂര്‍ തുടങ്ങിയ ജില്ലകളില്‍) ആ തന്ത്രം പൈശാചികമായി നടപ്പാക്കിത്തുടങ്ങിയിരുന്നു. സപ്തംബര്‍ 14-ാം തീയതി ഞായറാഴ്ച യാതൊരു പ്രകോപനവുമില്ലാതെയാണ് സംഘപരിവാര്‍ സംഘങ്ങള്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ ആക്രമണം ആരംഭിച്ചത്. ന്യൂനപക്ഷ മതവിഭാഗങ്ങളുടെ പള്ളികളും ആരാധനാലയങ്ങളും ആക്രമിച്ച വിശ്വഹിന്ദു പരിഷത്ത്-ബജ്റംഗദള്‍-ശ്രീരാമസേന പ്രഭൃതികള്‍ സ്കൂളുകള്‍ക്കുനേരെയും ആക്രമണം നടത്തി; കന്യാസ്ത്രീകളെയും പുരോഹിതന്മാരെയും ദേഹോപദ്രവം ഏല്‍പിക്കുന്നതിനും അവര്‍ക്ക് മടിയുണ്ടായില്ല.
ഒറീസയില്‍ ആളിക്കത്തിയ ന്യൂനപക്ഷവേട്ട കര്‍ണാടകത്തിലേക്ക് പരക്കുമ്പോള്‍, ഗുജറാത്തിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും അതിന്റെ അലയൊലികള്‍ പ്രത്യക്ഷപ്പെട്ടതായിട്ടാണ് വാര്‍ത്തകള്‍ കാണിക്കുന്നത്. ബാംഗ്ളൂരില്‍ നേതൃത്വം തീരുമാനം കൈക്കൊള്ളുന്ന സമയത്തുതന്നെ, അത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവേശത്തോടുകൂടി നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങുന്ന അണികളുടെ കാര്യക്ഷമത അപാരംതന്നെ. ഒറീസയില്‍ മതപരിവര്‍ത്തനത്തെച്ചൊല്ലിയാണ് സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടതെങ്കില്‍ മംഗലാപുരത്ത് അങ്ങനെയൊരു നിമിത്തംപോലും അവര്‍ക്ക് ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നില്ല. ഒരു കാരണവും ഉന്നയിക്കാതെ ആരംഭിച്ച ന്യൂനപക്ഷ വേട്ട, ഈ കുറിപ്പ് എഴുതുമ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അക്രമങ്ങളെ കര്‍ശനമായി അമര്‍ച്ചചെയ്യാന്‍ ബാധ്യതപ്പെട്ട ഗവണ്‍മെന്റ് ആകട്ടെ, എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടികളാണ് കൈക്കൊള്ളുന്നത്. ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്ന ഹിന്ദുവര്‍ഗ്ഗീയവാദികളെ തടയാന്‍ യാതൊരു നടപടിയും കൈക്കൊള്ളാത്ത പൊലീസ്, കുറ്റവാളികളായ വിശ്വഹിന്ദു പരിഷത്ത് - ശ്രീരാമസേനാ പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്യാത്ത പൊലീസ്, ആക്രമത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തുന്ന ന്യൂനപക്ഷങ്ങള്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തുന്നുവെന്നും അറസ്റ്റ് ചെയ്യുന്നുവെന്നും വാര്‍ത്തയുണ്ട്. വേട്ടപ്പട്ടികളെയല്ല ഇരകളെയാണ് പൊലീസും പിടികൂടുന്നതെന്ന് വാര്‍ത്താമാധ്യമങ്ങള്‍ സാക്ഷ്യംവഹിക്കുന്നു.
പക്ഷെ, ഒറീസയിലെ ന്യൂപക്ഷ വേട്ടയില്‍നിന്ന് കര്‍ണാടകത്തിലേതിന് ഒരു വ്യത്യാസമുണ്ട്. ഒറീസയില്‍ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ നിസ്സഹായരായി കാടുകളിലേക്ക് പലായനം ചെയ്യുകയാണെങ്കില്‍ മംഗലാപുരത്ത് വേട്ടയാടപ്പെടുന്നവര്‍ സംഘം ചേരുന്നു; പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നു; ചിലയിടങ്ങളിലെങ്കിലും തിരിച്ചടിക്കുന്നുമുണ്ട്. അത് വര്‍ഗീയ സംഘട്ടനങ്ങളിലേക്ക് വളരാതിരിക്കാന്‍ അതിനെ തടയുന്നതിന് സംസ്ഥാന ഗവണ്‍മെന്റിന് ഉത്തരവാദിത്വമുണ്ടെങ്കിലും ആ ഉത്തരവാദിത്വം ബിജെപി സര്‍ക്കാര്‍ നിറവേറ്റുന്നില്ല. തീപ്പൊരി കാട്ടുതീയായി ആളിപ്പടരാവുന്ന സാഹചര്യമാണ് ബിജെപിയുടെ യദിയൂരപ്പ സര്‍ക്കാര്‍ സംസ്ഥാനത്ത് ഉണ്ടാക്കിവെച്ചിട്ടുള്ളത്. സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി മടങ്ങിയതിനുശേഷവും, അവിടെ സമാധാനം പുലരുന്നില്ല എന്നതും സംഘപരിവാര്‍ സംഘങ്ങള്‍ ബന്ദും ഗതാഗതസ്തംഭനവും ആക്രമണങ്ങളും നടത്തി വര്‍ഗീയ ഭ്രാന്ത് ഊതിക്കത്തിക്കുകയാണെന്നതും അതിന്റെ തെളിവാണ്.
ഇതില്‍നിന്ന് വ്യത്യസ്തമായ ചിത്രമാണ് കേരളം കാഴ്ചവെയ്ക്കുന്നത്. ദക്ഷിണ കര്‍ണാടകത്തിലെ വര്‍ഗീയാസ്വാസ്ഥ്യങ്ങളുടെ അലകള്‍ കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് കാലുനീട്ടിയപ്പോള്‍ സംഭവസ്ഥലത്ത് ഓടിയെത്തിയ കേരള ആഭ്യന്തരമന്ത്രി, അത് പടരാതിരിക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊണ്ടു. സര്‍ക്കാരിന്റെയും രാഷ്ട്രീയപാര്‍ടികളുടെയും ജനങ്ങളുടെയാകെയും സഹായസഹകരണങ്ങളോടെ മതസൌഹാര്‍ദം നിലനിര്‍ത്തുന്നതിനുള്ള ഊര്‍ജ്ജിത ശ്രമം നടത്തി. അതിന്റെ ഫലം കാണുകയും ചെയ്തു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരും കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരും തമ്മിലുള്ള വ്യത്യാസമാണ് ഇവിടെ പ്രകടമാകുന്നത്.
സെപ്തംബര്‍ 14, 15, 16 തീയതികളിലെ ന്യൂനപക്ഷവേട്ട കര്‍ണാടകത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. ബിജെപി ഭരണം സംസ്ഥാനത്ത് ആരംഭിച്ചതിനുശേഷമുള്ള ഏതാനും മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ 36 ഓളം ആക്രമണങ്ങള്‍ ക്രിസ്ത്യന്‍ മതവിഭാഗത്തിനുനേരെ ഉണ്ടായിട്ടുണ്ട്. ഒറീസയിലെ ന്യൂനപക്ഷ വേട്ടയില്‍ പ്രതിഷേധിച്ച് ആഗസ്ത് 29ന് രാജ്യത്തെങ്ങുമുള്ള ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടപ്പോള്‍, കര്‍ണാടകത്തിലെ ക്രിസ്ത്യന്‍ വിദ്യാലയങ്ങളും അടച്ചിട്ടു. പിറ്റേന്ന് അത്തരം സ്ഥാപനങ്ങളുടെ അധികൃതര്‍ക്ക് കേട്ടാലറയ്ക്കുന്ന അധിക്ഷേപങ്ങളും ഭീഷണികളുമാണ് നേരിടേണ്ടിവന്നത്. ന്യൂനപക്ഷമായതുകൊണ്ട് വിവേചനത്തിന്റെ ദുരിതം അനുഭവിക്കേണ്ടിവരുന്ന കാര്യത്തില്‍ മുസ്ളിങ്ങളും പിന്നോട്ടല്ല. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ചില പ്രദേശങ്ങളില്‍ മുസ്ളിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഭൂമി വാങ്ങുന്നതിനും വാടകയ്ക്ക് വീട് ലഭിക്കുന്നതിനും തടസ്സമുണ്ടെന്നുപറഞ്ഞാല്‍ അത് അത്ഭുതമല്ല. മുസ്ളിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലേക്ക് സര്‍ക്കാരിന്റെ വികസന ഫണ്ടുകളൊന്നും എത്തിച്ചേരുന്നില്ല, കറന്റും വെള്ളവും റോഡുകളും വരുന്നില്ല എന്നതും അതിശയോക്തിയല്ല. എവിടെയെങ്കിലും അക്രമമുണ്ടായാല്‍, ഒരു തെളിവുമില്ലെങ്കിലും പൊലീസ് ആദ്യം പിടികൂടുക മുസ്ളിങ്ങളെയാണ്. ഈ അടുത്തകാലത്ത് ബംഗ്ളൂരില്‍ ബോംബ്സ്ഫോടനമുണ്ടായപ്പോഴും, മുസ്ളീങ്ങള്‍ കൂട്ടത്തോടെ സംശയത്തോടുകൂടി വീക്ഷിക്കപ്പെട്ടുവെന്നതും വസ്തുതയാണ്.
ഭൂരിപക്ഷവിഭാഗത്തില്‍പ്പെട്ട വര്‍ഗീയവാദികള്‍ ക്രിസ്ത്യന്‍ മതസ്ഥരെ ആക്രമിക്കുമ്പോള്‍, ക്രിസ്ത്യാനികള്‍ പൊലീസ് സ്റ്റേഷനില്‍ ആവലാതിയുമായി ചെല്ലുമ്പോള്‍ അവര്‍ക്ക് നീതി ലഭിക്കുന്നില്ല. പലപ്പോഴും പൊലീസ്തന്നെ അക്രമികളുടെ ഭാഗംചേര്‍ന്ന് ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നു. ഒറീസയിലെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ആഗസ്ത് 29ന് അടച്ചിട്ട ക്രിസ്ത്യന്‍ വിദ്യാലയങ്ങളുടെ അധികൃതര്‍ക്കുനേരെ സംസ്ഥാന വിദ്യാഭ്യാസമന്ത്രി വിശ്വേശ്വര ഹെഗ്ഡെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസവകുപ്പിന് നിര്‍ദ്ദേശംനല്‍കി. സ്കൂളുകളുടെ അംഗീകാരം പിന്‍വലിക്കും എന്ന് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി. എയ്ഡഡ് സ്കൂളുകള്‍ക്ക് സര്‍ക്കാരിന്റെ ഗ്രാന്റ് ലഭിക്കുന്നുണ്ട്. അതുകൊണ്ട് അടച്ചിടുന്നതിനുമുമ്പ് സര്‍ക്കാരിന്റെ അനുവാദം വാങ്ങിയിരിക്കണം എന്നതാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്.
ഏതാനുംമാസംമുമ്പ് മംഗലാപുരത്തുതന്നെ ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗത്തിനുനേര്‍ക്ക് നടന്ന ആക്രമണങ്ങളുടെ മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ല. തുംകൂര്‍ ജില്ലയിലെയും കാര്‍വാര്‍ ജില്ലയിലെയും ക്രിസ്ത്യാനികള്‍ക്കും പീഡനങ്ങളുടെയും ദുരിതങ്ങളുടെയും നീണ്ട കഥകള്‍ പറയാനുണ്ട്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഒറീസ, ഗുജറാത്ത്, മഹാരാഷ്ട്ര, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകര്‍ക്കും പറയാനുള്ളത്, ഹിന്ദു വര്‍ഗീയവാദികളില്‍നിന്ന് തങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ആക്രമണങ്ങളുടെ കഥതന്നെയാണ്. ഡാങ്സ്, ഝാബുവ, ഭോപ്പാല്‍, കന്ദമല്‍, ജയ്പ്പൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ക്ക് ക്രൂരമായ ന്യൂനപക്ഷ വേട്ടകളുടെ ഞെട്ടിപ്പിക്കുന്ന കഥകള്‍ പറയാനുണ്ട്. മുംബൈനഗരത്തില്‍ മുസ്ളീങ്ങള്‍ക്ക് വാടകവീട് കിട്ടാനും ഫ്ളാറ്റ്വാങ്ങാനും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി ശബാനാആസ്മിതന്നെ പ്രസ്താവിച്ചിട്ടുണ്ട്. ഫ്ളാറ്റ് നിര്‍മ്മിച്ചു കൊടുക്കുന്ന സൊസൈറ്റികള്‍ മുസ്ളിങ്ങള്‍ക്ക് ഫ്ളാറ്റ് നല്‍കാന്‍ തയ്യാറില്ല. ഒടുവില്‍ സുപ്രിംകോടതിവരെ പ്രശ്നം ചെന്നെത്തി. ഫ്ളാറ്റ് ആര്‍ക്ക് നല്‍കണം എന്ന് തീരുമാനിക്കാനുള്ള അവകാശം അതത് സൊസൈറ്റികള്‍ക്കുതന്നെയാണെന്ന് വിധിച്ചുകൊണ്ട് സുപ്രിംകോടതി, ന്യൂനപക്ഷാവകാശത്തിനുമേല്‍ കോടാലിവെയ്ക്കുകയാണുണ്ടായത്.
മധ്യപ്രദേശില്‍നിന്നുള്ള ഒരു ഞെട്ടിപ്പിക്കുന്ന കണക്കുനോക്കൂ. ഇപ്പോഴത്തെ ബിജെപി ഗവണ്‍മെന്റ് അധികാരമേറ്റതില്‍ പിന്നീട് സംസ്ഥാനത്തെ 23 ജില്ലകളിലായി 135 പ്രധാനപ്പെട്ട ന്യൂപക്ഷാക്രമണസംഭവങ്ങള്‍ നടന്നു; അതില്‍ 42 മുസ്ളിങ്ങള്‍ കൊല്ലപ്പെട്ടു; 5000ല്‍ പരം കള്ളക്കേസുകള്‍ മുസ്ളിങ്ങള്‍ക്കെതിരായി ചുമത്തപ്പെട്ടു; മുസ്ളിങ്ങളുടെ 1500ല്‍പരം വീടുകളും വ്യാപാര സ്ഥാപനങ്ങളും അഗ്നിക്കിരയാക്കപ്പെട്ടു. കത്തിക്കപ്പെട്ടവയില്‍ പള്ളികളും ഉള്‍പ്പെടും. ഖുര്‍ആന്‍ ഗ്രന്ഥങ്ങളുടെ കോപ്പികള്‍ വാരിക്കൂട്ടി കത്തിക്കാനും വര്‍ഗീയവാദികള്‍ക്ക് ഒട്ടും മന:സാക്ഷിക്കുത്തുണ്ടായില്ല. 1994 മുതല്‍ 2005വരെ സംസ്ഥാനത്തെ ന്യൂനപക്ഷക്കമ്മീഷനില്‍ അംഗമായിരുന്ന ഇബ്രാഹിം ഖുറൈഷി നല്‍കുന്ന കണക്കുകളാണിവ.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ നിരന്തരം വേട്ടനടക്കുമ്പോള്‍ കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെക്കാലമായി ഒരൊറ്റ പ്രധാനപ്പെട്ട വര്‍ഗീയ സംഘട്ടനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത ഒരു സംസ്ഥാനമുണ്ട്. 31 കൊല്ലമായി ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ ഭരിക്കുന്ന പശ്ചിമബംഗാള്‍ ആണത്. ഹിന്ദു മുസ്ളിം സൌഹാര്‍ദ്ദത്തിനു പേരുകേട്ട പശ്ചിമബംഗാളിന്റെ പാതയില്‍ത്തന്നെയാണ്, ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള കേരളത്തിന്റേയും യാത്ര. ഇടതുപക്ഷ ശക്തികള്‍ക്ക് പ്രത്യേകിച്ചും സിപിഐ (എം)ന്, സ്വാധീനമുള്ള മേഖലകളിലും സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്കുനേരെയുള്ള ആക്രമണം നടക്കുന്നില്ല. ന്യൂനപക്ഷങ്ങള്‍ താരതമ്യേന കൂടുതല്‍ സുരക്ഷിതരാണ് എന്ന വസ്തുതയുമായി താരതമ്യപ്പെടുത്തിക്കൊണ്ടുവേണം ഗുജറാത്തിലേയും ഒറീസ്സയിലേയും കര്‍ണാടകത്തിലേയും മധ്യപ്രദേശിലെയും മറ്റും ന്യൂനപക്ഷ വേട്ടകളുടെ ചരിത്രം പഠിക്കാന്‍. എന്നിട്ടും ഒറീസ്സയില്‍ എത്ര ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടാലും വേണ്ടില്ല കേരളത്തിലെ ഒരു ക്രിസ്ത്യാനിയും ഇടതുപക്ഷത്തേക്ക് നീങ്ങരുത് എന്ന് ശഠിക്കുന്ന പള്ളി മേലധികാരികളുടെ കമ്യൂണിസ്റ്റ് വിരോധം അത്ഭുതകരംതന്നെ. ഒറീസ്സയിലും കര്‍ണാടകത്തിലും മധ്യപ്രദേശിലും കൊല്ലപ്പെടുന്നത് പാവപ്പെട്ട ക്രിസ്ത്യാനികളായതുകൊണ്ടാണോ, ബിഷപ്പുമാര്‍ക്കിത്ര അലംഭാവം? ക്രിസ്ത്യാനികളുടെ ജീവനേക്കാള്‍ വലുതാണോ, സ്വാശ്രയ കോളേജുകളില്‍നിന്ന് വാരിക്കൂട്ടുന്ന ആസ്തികള്‍?

നാരായണന്‍ ചെമ്മലശ്ശേരി