Monday, October 4, 2010

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരുകള്‍

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരുകള്‍.
പാലോളി മുഹമ്മദുകുട്ടി.
അധികാര വികേന്ദ്രീകരണം നടപ്പാക്കിയതും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് നല്‍കിയതും യുഡിഎഫ് ആണെന്ന് ചില നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. വസ്തുതാ വിരുദ്ധമായ പ്രസ്താവങ്ങള്‍ നടത്താന്‍ ഒരു മടിയുമില്ലാത്ത ഇക്കൂട്ടര്‍ നിര്‍ത്താതെ നുണ പ്രചാരണം നടത്തുന്നവരാണ്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ടു നല്‍കിയതും ജീവനക്കാരെ നല്‍കിയതും ആരാണെന്ന് കേരള ജനതയ്ക്കറിയാം. എങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും ഭരണകാലത്ത് തദ്ദേശഭരണ സ്ഥാപനങ്ങളോട് എടുത്ത നിലപാടുകള്‍ താരതമ്യംചെയ്യുന്നത് നന്നായിരിക്കും. 73, 74 ഭരണഘടനാ ഭേദഗതികള്‍ക്ക് അനുസൃതമായി പഞ്ചായത്ത്രാജ് നിയമവും മുനിസിപ്പല്‍ നിയമവും പാസാക്കിയത് 1994ല്‍ ആണ്. 1995 ഒക്ടോബര്‍ രണ്ടിന് ഇതനുസരിച്ചുള്ള ഭരണസമിതികള്‍ അധികാരമേല്‍ക്കുകയും ചെയ്തു. എന്നാല്‍, ഈ ഭരണസമിതികള്‍ക്ക് പ്രത്യേക ഫണ്ടൊന്നും 1995-96 വര്‍ഷത്തില്‍ നല്‍കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അടുത്ത വര്‍ഷത്തെ (1996-97) ബജറ്റില്‍ ത്രിതലപഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും ചേര്‍ത്ത് 212 കോടി രൂപയാണ് നല്‍കിയത്. എന്നാല്‍, ജനകീയാസൂത്രണം ആരംഭിച്ച 1997-98ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 749 കോടി രൂപയായിരുന്നു. ജനകീയാസൂത്രണമാണ് അധികാരവികേന്ദ്രീകരണത്തെയും തദ്ദേശഭരണ സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തിയതെന്നതിന് വേറെ തെളിവ് ആവശ്യമില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചെന്നാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ പറയുന്നത്. യുഡിഎഫിന്റെ അഞ്ചു വര്‍ഷവും (2001-2006) എല്‍ഡിഎഫിന്റെ അഞ്ചു വര്‍ഷവും (2006-2011) താരതമ്യം ചെയ്താല്‍ സത്യം ബോധ്യപ്പെടും. യുഡിഎഫ് കാലഘട്ടത്തില്‍ അഞ്ചു വര്‍ഷം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത് 5297 കോടി രൂപയാണ്. അതേസമയം, എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 8462 കോടിയാണ്. 2001-02 വര്‍ഷത്തേക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ അംഗീകരിച്ച ബജറ്റില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തിയത് 1065 കോടി രൂപയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റയുടനെ ഇത് വെട്ടിക്കുറച്ച് 890 കോടിയാക്കി. പട്ടികവര്‍ഗഫണ്ടില്‍നിന്ന് 40 കോടികൂടി തിരിച്ചെടുത്ത് ഇത് 850 കോടിയാക്കി. സാമ്പത്തിക വര്‍ഷാവസാനം 25 ശതമാനംകൂടി കുറവുചെയ്തപ്പോള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കിട്ടയത് 637.5 കോടി. എന്നിട്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചെന്നു പറയാന്‍ യുഡിഎഫിന് ലജ്ജയില്ല. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ ഫണ്ട് യുഡിഎഫ് കാലത്ത് കുറവു ചെയ്യുകയും വകമാറ്റുകയും ചെയ്തിരുന്നു. 2001-06 കാലഘട്ടത്തില്‍ അഞ്ചു വര്‍ഷംകൊണ്ട് 1130.58 കോടിയാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ഘടക പദ്ധതിക്കായി നല്‍കിയത്. ഇതില്‍ 816.86 കോടിമാത്രമാണ് ചെലവഴിച്ചത്. 91.82 കോടി രൂപ ഇക്കാലയളവില്‍ വകമാറ്റി ചെലവഴിക്കുകയും ചെയ്തിരുന്നു. ഈ തുക എല്‍ഡിഎഫ് സര്‍ക്കാരാണ് തിരികെ പട്ടികജാതി മേഖലയിലേക്ക് പരിഹാര വകയിരുത്തല്‍ നടത്തിയത്. 2006-10 കാലഘട്ടത്തില്‍ (നാലു വര്‍ഷം 1868.87 കോടി രൂപ വകയിരുത്തുകയും അതില്‍ 1735.64 കോടി ചെലവഴിക്കുകയും ചെയ്തു. 2010-11 വര്‍ഷത്തേക്കുള്ള ബജറ്റ് വിഹിതമായി 589.49 കോടി രൂപകൂടിയുണ്ട്). ഇതിനു സമാനമാണ് പട്ടികവര്‍ഗ വികസനപദ്ധതിയുടെ കഥയും. യുഡിഎഫിന്റെ അഞ്ചു വര്‍ഷക്കാലത്ത് (2001-06) നല്‍കിയത് 156.64 കോടി രൂപയാണ്. ഇതില്‍ 106.39 കോടിമാത്രമാണ് ചെലവഴിച്ചത്. ഇക്കാലത്ത് പട്ടികവര്‍ഗഫണ്ടില്‍നിന്ന് 12.49 കോടി രൂപ വകമാറ്റി ചെലവഴിക്കുകയും ചെയ്തു. ഈ തുക പട്ടികവര്‍ഗഫണ്ടിലേക്ക് വകയിരുത്തിയത് പിന്നീടു വന്ന എല്‍ഡിഎഫ് സര്‍ക്കാരാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2006-10 (നാലു വര്‍ഷം) കാലഘട്ടത്തില്‍ 281.76 കോടി രൂപ വകയിരുത്തുകയും 276.26 കോടി രൂപ ചെലവഴിക്കുകയും ചെയ്തു. 2010-11 വര്‍ഷത്തേക്ക് 88.47 കോടി രൂപ വകയിരുത്തിയിട്ടുമുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന ധനകമീഷന്‍ ശുപാര്‍ശചെയ്ത തുക മുഴുവനായി നല്‍കാനും അത് ചിട്ടയായി ചെലവഴിക്കപ്പെടുന്നെന്ന് ഉറപ്പാക്കാനും നടപടി സ്വീകരിച്ചിട്ടുള്ളത് എല്‍ഡിഎഫ് സര്‍ക്കാര്‍മാത്രമാണ്. പട്ടികവിഭാഗങ്ങള്‍ക്കുള്ള പദ്ധതി വിഹിതം ചോര്‍ന്നുപോകാതെ നോക്കാനുള്ള ജാഗ്രതയും എല്‍ഡിഎഫ് സര്‍ക്കാരിനുമാത്രമേ ഉള്ളൂ. തദ്ദേശഭരണ സ്ഥാപനങ്ങളെ അധികാരവല്‍ക്കരിക്കാനും അവ ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

No comments: