Tuesday, May 31, 2011

ദല മുപ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ രക്ഷാ കര്‍തൃത്വത്തില്‍ ദല സംഗീതോത്സവം നടത്തുന്നു.

ദല മുപ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ രക്ഷാ കര്‍തൃത്വത്തില്‍ ദല സംഗീതോത്സവം നടത്തുന്നു.





ദുബായ്‌ : ദല മുപ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ രക്ഷാ കര്‍തൃത്വത്തില്‍ ദല സംഗീതോത്സവം നടത്തുന്നു.ജൂണ്‍ 10 വെള്ളിയാഴ്ച കാലത്ത്‌ 9 മണി മുതല്‍ രാത്രി 9 മണി വരെ ദുബായ് അല്‍ നഹ്ദയിലുള്ള ദുബായ്‌ വിമന്‍സ്‌ കോളേജ്‌ ഓഡിറ്റോറിയത്തില്‍ ആണ് “ദല സംഗീതോത്സവം” അരങ്ങേറുന്നത്. ചെമ്പൈ സംഗീതോത്സവത്തിന്റെ മാതൃകയില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ഈ സംഗീത അര്‍ച്ചനയില്‍ യു. എ. ഇ. യിലെ കര്‍ണ്ണാടക സംഗീത വിദ്വാന്മാര്‍ക്കും വിദുഷികള്‍ക്കും സംഗീത വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണു.


ദുബായില്‍ ആദ്യമായിട്ടാണു ഇത്തരത്തിലുള്ള കര്‍ണ്ണാടിക് സംഗിതോത്സവം നടക്കുന്നത്. ഈ “ദല സംഗീതോത്സവ” ത്തിന് സംഗീത വിദ്വാന്‍ കലാരത്നം കെ. ജി. ജയന്‍ (ജയ വിജയ) നേതൃത്വം നല്‍കുന്ന പത്തംഗ സംഘം കേരളത്തില്‍ നിന്ന് എത്തും. സംഗീത വിദ്വാന്‍ യുവ കലാ ഭാരതി എം. കെ. ശങ്കരന്‍ നമ്പൂതിരി, വയലിന്‍ വിദ്വാന്‍ സംഗീത കലാ നിധി നെടുമങ്ങാട്‌ ശിവാനന്ദന്‍, സംഗീത വിദ്വാന്‍ ഹംസാനന്ദി തൃപ്പൂണിത്തുറ കെ. ആര്‍. ചന്ദ്ര മോഹന്‍, പ്രശസ്ത മൃദംഗ വിദ്വാന്‍ ചേര്‍ത്തല ദിനേശ്‌, കവിയും കര്‍ണ്ണാടക സംഗീത രചയിതാവുമായ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീ ജയപ്രകാശ്‌, വയലിന്‍ വിദ്വാന്‍ ഇടപ്പിള്ളി ജയമോഹന്‍, മൃദംഗ വിദ്വാന്‍ ലയമണി തൃപ്പൂണിത്തുറ ബി. വിജയന്‍, സൗത്ത്‌ ഇന്ത്യയിലെ പ്രശസ്ത ഘടം വിദ്വാന്‍ തൃപ്പൂണിത്തുറ കണ്ണന്‍, പ്രശസ്ത മുഖര്‍ശംഖ് വിദ്വാന്‍ തൃപ്പൂണിത്തുറ അയ്യപ്പന്‍ തുടങ്ങിയവരാണ് സംഘത്തില്‍ ഉള്ളത്.
പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ ജൂണ്‍ 5ന് മുന്‍പ്‌ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പേര്‍ റജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക..
www.daladubai.com
കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5451629, 055 2722729 ,050 6579581 എന്നി നമ്പറുകളിലും ബന്ധപ്പെടാം.

Saturday, May 28, 2011

ആരോഗ്യരംഗത്തെ ഗുരുതരമായ പ്രശ്നം ഗവ. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാത്തത്.. ആരോഗ്യമന്ത്രി

ആരോഗ്യരംഗത്തെ ഗുരുതരമായ പ്രശ്നം ഗവ. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാത്തത്.. ആരോഗ്യമന്ത്രി .


തിരു: ഗവ. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെ ന്യായീകരിച്ച് ആരോഗ്യമന്ത്രി വീണ്ടും രംഗത്ത്. ആലപ്പുഴയിലെ മുന്‍ എംഎല്‍എ എ എ ഷുക്കൂര്‍ കഴിഞ്ഞ നിയമസഭയില്‍ വിഷയം ഉന്നയിച്ചതിനാലാണ് സ്വകാര്യ പ്രാക്ടീസ് നിരോധനംകൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയതെന്ന് മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെഎച്ച്ആര്‍ഡബ്ല്യുഎസ് പേവാര്‍ഡില്‍ രോഗികള്‍ കുറഞ്ഞത് സ്വകാര്യ പ്രാക്ടീസ് നിരോധനം കൊണ്ടാണെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ , മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഒപിയിലും ഐപിയിലും ഇക്കാലയളവില്‍ രോഗികളുടെ എണ്ണം കൂടിയെന്ന് വാര്‍ത്താലേഖകര്‍ പറഞ്ഞപ്പോള്‍ അക്കാര്യം പഠിച്ചില്ലെന്നായി മന്ത്രി. സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയിലെ ചിലര്‍ തന്നെ സമീപിച്ചെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയുമായും ചര്‍ച്ച ചെയ്യും. ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ഉന്നതതല യോഗം ചേരും. ഡോക്ടര്‍മാരുടെ ആവശ്യം ന്യായമാണ്. അവരുമായി ഏറ്റുമുട്ടലിനില്ലെന്നും അദ്ദേഹം പറഞ്ഞു.

വികസനകാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പാത പിന്തുടരണം: എ കെ ആന്റണി.

വികസനകാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പാത പിന്തുടരണം: എ കെ ആന്റണി.




കണ്ണൂര്‍ : വികസനത്തിന്റെ കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പാതക്ക് തുടര്‍ച്ചയുണ്ടാവണമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി. പ്രതിരോധവകുപ്പുമായി നൂറുശതമാനം സഹകരിച്ച മുന്‍ സര്‍ക്കാരിന്റെ പാത സംസ്ഥാനത്തെ പുതിയ ഗവണ്‍മെന്റും പിന്തുടരണം. അഞ്ചുവര്‍ഷം സംസ്ഥാന സര്‍ക്കാരും പ്രതിരോധവകുപ്പും തമ്മില്‍ ഒരുവിധ ഏറ്റുമുട്ടലുമുണ്ടായില്ല. സഹകരണത്തിന്റെ പാതയാണ് ഇരുകൂട്ടരും സ്വീകരിച്ചത്. അതിനാലാണ് പ്രതിരോധവകുപ്പിന്റെ ആറു സുപ്രധാന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാനായത്. വ്യവസായ മന്ത്രിയായിരുന്ന എളമരം കരീമിനോട് ഏറെ നന്ദിയുണ്ട്. ഇരിണാവില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു ആന്റണി. സംസ്ഥാന സര്‍ക്കാരും പ്രതിരോധ വകുപ്പും കൂട്ടായി ആലോചിച്ചാണ് പദ്ധതികള്‍ കൊണ്ടുവന്നത്. ഏഴിമല നാവിക അക്കാദമിയുടെ പ്രവര്‍ത്തനം ഇഴഞ്ഞുനീങ്ങിയപ്പോഴും മുന്‍സര്‍ക്കാര്‍ കാര്യമായി സഹായിച്ചു. പുതിയ സര്‍ക്കാരും ആവശ്യമായ സഹകരണം നല്‍കിയാല്‍ അതിന്റെ ഇരട്ടി തിരിച്ചുനല്‍കും. രാഷ്ട്രീയത്തിനതീതമായി യോജിച്ചു പ്രവര്‍ത്തിച്ചാല്‍ പത്തുവര്‍ഷത്തിനകം കേരളം വികസനകാര്യത്തില്‍ രാജ്യത്ത് ഒന്നാമതെത്തും. ഇതിന് ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. ഭരണവും കൊടിയുടെ നിറവും നോക്കാതെ വികസനകാര്യത്തില്‍ സഹകരിക്കാന്‍ തയ്യാറാണ്. വികസനത്തില്‍ രാഷ്ട്രീയം വേണ്ടെന്ന നിലപാട് ആവര്‍ത്തിക്കുന്നു. നാടിന്റെ ക്ഷേമവും ഐശ്വര്യവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. ആദ്യതവണ മുഖ്യമന്ത്രിയായപ്പോള്‍ ഈ നിലപാടില്ലായിരുന്നു. പിന്നീട് മുഖ്യമന്ത്രിയായപ്പോഴും പ്രതിപക്ഷ നേതാവായിരുന്ന ഘട്ടത്തിലും പ്രതിരോധമന്ത്രിയായപ്പോഴും വികസനത്തിന് രാഷ്ട്രീയം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആന്റണി പറഞ്ഞു.

Thursday, May 26, 2011

ഉമ്മന്‍ ചാണ്ടി സര്ക്കാറിന്റെ ജനക്ഷേമനടപടികള്ക്ക് തുടക്കം കുറിച്ചു,ഡീസല്‍, പാചകവാതക വിലവര്‍ധന അടുത്ത മാസം

ഉമ്മന്‍ ചാണ്ടി സര്ക്കാറിന്റെ ജനക്ഷേമനടപടികള്ക്ക് തുടക്കം കുറിച്ചു,ഡീസല്‍, പാചകവാതക വിലവര്‍ധന അടുത്ത മാസം .



ന്യൂഡല്‍ഹി: പെട്രോളിന് പിന്നാലെ ഡീസലിന്റെയും പാചകവാതകത്തിന്റെയും വില കേന്ദ്രസര്‍ക്കാര്‍ കൂട്ടുന്നു. വിലവര്‍ധന അടുത്ത മാസം നടപ്പാക്കാനുള്ള ശുപാര്‍ശ പെട്രോളിയം മന്ത്രാലയം സര്‍ക്കാറിന് സമര്‍പ്പിച്ചു.
ജൂണ്‍ ഒന്‍പതിന് ചേരുന്ന മന്ത്രിസഭാ ഉപസമിതി ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളും. ധനമന്ത്രി പ്രണബ്മുഖര്‍ജിയാണ് സമിതിയുടെ അധ്യക്ഷന്‍. ഡീസലിന് നാലു രൂപയും പാചകവാതകത്തിന് 20-25 രൂപയും വര്‍ധിപ്പിക്കാണ് ശുപാര്‍ശ. പൊതുവിതരണശൃംഖല വഴി നല്കുന്ന മണ്ണെണ്ണയ്ക്കും വില വര്‍ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ധിച്ചത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ഡീസലിനും പാചകവാതകത്തിനും വില കൂട്ടാന്‍ ഒരുങ്ങുന്നത്. ഇത്തവണ വില വര്‍ധിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറയുന്നു.

സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ 10 കോടി രൂപ കോഴ


സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കാന്‍ 10 കോടി രൂപ കോഴ


തിരു: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് പുന:സ്ഥാപിക്കാനുള്ള യുഡിഎഫ് സര്‍ക്കാറിന്റെ നീക്കത്തിനു പിന്നില്‍ സ്വകാര്യ പ്രാക്ടീസ് ലോബി വാഗ്ദാനം ചെയ്ത കോടികളുടെ കോഴ. നിരോധനം അട്ടിമറിക്കാന്‍ സ്വകാര്യ പ്രാക്ടീസ് ലോബി ഡോക്ടര്‍മാരില്‍ നിന്ന് പത്തു കോടി രൂപയാണ് സമാഹരിക്കുന്നത്. കേസ് നടത്തിപ്പിനെന്ന പേരില്‍ വലിയ പങ്ക് നേരത്തെ തന്നെ പിരിച്ചിട്ടുണ്ട്. കേസ് നടത്തിയും സമരം സംഘടിപ്പിച്ചും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയും നിരോധനം പിന്‍വലിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ക്ക് ഉറപ്പ് നല്‍കിയാണ് പണപ്പിരിവ് തുടങ്ങിയത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 1942 ഡോക്ടര്‍ തസ്തികയാണ് ഉള്ളത്. ഇതില്‍ ആയിരത്തോളം ഡോക്ടര്‍മാരില്‍ നിന്നാണ് പത്തു കോടി രൂപ സമാഹരിക്കുന്നത്. ഒരു ഡോക്ടര്‍ ഒരു ലക്ഷം രൂപ കൊടുത്താല്‍ തന്നെ പത്ത് കോടി രൂപയായി. പലരും അതിലും വലിയ തുക കൊടുക്കുകയോ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടുണ്ട്. എന്നാല്‍ , നിയമനടപടിയിലും സമരത്തിലും സമ്മര്‍ദതന്ത്രത്തിലുമെല്ലാം സംഘടന പരാജയപ്പെട്ടു. അതോടെ സംഘടന പിളര്‍ന്നു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഈ തുക ഉപയോഗിച്ച് സ്വകാര്യ പ്രാക്ടീസ് പുനഃസ്ഥാപിക്കുമെന്ന് അന്ന് സംഘടനയുടെ തലപ്പത്തിരുന്ന ചിലര്‍ ഉറപ്പുനല്‍കിയിരുന്നു. നിരോധനം പിന്‍വലിക്കുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ആവര്‍ത്തിക്കുകയാണ്. നിരോധനത്തിലൂടെ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ കിട്ടി തുടങ്ങിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സമയം അധ്യാപകരുടെ സേവനവും ലഭ്യമായി. ചികിത്സ-അക്കാദമിക് രംഗത്തെ ഈ നേട്ടം തകിടംമറിക്കുന്നതാണ് പുതിയ നീക്കം. രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസമേഖലയുടെ നിലവാരത്തകര്‍ച്ചയെ കുറിച്ചു നടത്തിയ മിക്ക പഠനവും എത്തിച്ചേര്‍ന്ന പ്രധാന നിഗമനത്തിലൊന്ന് മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കണമെന്നാണ്. 1982ല്‍ പാര്‍ലമെന്റ് അംഗീകരിച്ച ആരോഗ്യ നയപ്രഖ്യാപനത്തില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് ഘട്ടംഘട്ടമായി അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ മുന്‍കൈയെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 1996ല്‍ ടി എന്‍ ജയചന്ദ്രന്‍ കമീഷനും രണ്ടായിരത്തില്‍ പി രാജു എംഎല്‍എ ചെയര്‍മാനായുള്ള നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റിയും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സ്വകാര്യ പ്രാക്ടീസ് നിരോധിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. 2007ല്‍ ഡോ. ബി ഇക്ബാല്‍ കമ്മിറ്റിയും ഈ ശുപാര്‍ശ നല്‍കി. സ്വകാര്യ പ്രാക്ടീസ് നിര്‍ത്തുമ്പോള്‍ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട വേതനം നല്‍കകേണ്ടതിനാലാണ് തീരുമാനം നീണ്ടുപോയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രശ്നം ഗൗരവമായി ചര്‍ച്ചചെയ്തു. ഡോക്ടര്‍മാര്‍ക്ക് പേഷ്യന്റ് കെയര്‍ അലവന്‍സും നോണ്‍ പ്രാക്ടീസിങ് അലവന്‍സും യുജിസി നിരക്കില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു. 120 കോടിയോളം രൂപയുടെ അധിക ബാധ്യതയാണ് അത്വഴി സര്‍ക്കാരിനുണ്ടായത്.

Sunday, May 22, 2011

ഇ.അഹമ്മദും വ്യോമയാനവകുപ്പ് മന്ത്രി വയലാര്‍ രവിയും മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണം

കേന്ദ്രമന്ത്രിമാരായ ലീഗിന്റെ ഇ.അഹമ്മദും വ്യോമയാന വകുപ്പ് മന്ത്രി വയലാര്‍ രവിയും മംഗലാപുരം വിമാന ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ എന്തെങ്കിലും ചെയ്യണം

മംഗലാപുരം വിമാന ദുരന്തം കഴിഞ്ഞ് ഇന്നൊരു വര്‍ഷം തികയുകയാണു.ഒരു വര്‍ഷമായിട്ടും ഈ ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് ന്യായമായി കിട്ടേണ്ട നഷ്ടപരിഹാരം കിട്ടിയിട്ടില്ല....കേന്ദ്രത്തില്‍ ഭരിക്കുന്ന യു പി എ സര്‍ക്കാറാണിതിന്ന് ഉത്തരവാദിയെന്ന് ഏവര്‍ക്കും അറിയാവുന്നതാണു....കേന്ദ്രമന്ത്രിമാരയ ലീഗിന്റെ ഇ.അഹമ്മദും വ്യോമയാന വകുപ്പ് മന്ത്രി വയലാര്‍ രവിയും ഈ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ ഒന്നും ചെയ്തിട്ടില്ലായെന്നതാണു യാഥാര്‍ത്ഥ്യം.....ഇവരൊക്കെ കേരളത്തില്‍ എത്തുമ്പോള്‍ പുലിയാണെങ്കിലും ഡല്‍ഹിയിലെത്തിയാല്‍ വെറും പൂച്ചകുട്ടികള്‍ ...വാചക കസര്‍ത്തല്ലാതെ ഇന്നുവരെ ഇവരൊന്നും ഗള്‍ഫ് രാജ്യങളിലുള്ളവര്‍ക്ക് ഒന്നും ചെയ്തിട്ടില്ല... ഈവിമാന ദുരന്തത്തില്‍ പെട്ടവരുടെ ആശ്രിതര്‍ക്ക് ന്യായമായി കിട്ടേണ്ട നഷ്ടപരിഹാരം കിട്ടാനെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കെന്ദ്രസര്‍ക്കാറിലും എയര്‍ ഇന്ത്യയിലും സമ്മര്‍ദ്ദം ചെലുത്താന്‍ കേരളത്തില്‍ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും തയ്യാറാകണം,..

Thursday, May 19, 2011

സംശുദ്ധ രാഷ്ട്രീയത്തിനു ഉദാത്ത മാതൃക... പ്രിയപെട്ട സഖാവിന്റെ ഓർമ്മകൾക്കു മുന്നിൽ ബാഷ്പാജ്ഞലി അർപ്പിക്കുന്നു

സംശുദ്ധ രാഷ്ട്രീയത്തിനു ഉദാത്ത മാതൃക... പ്രിയപെട്ട സഖാവിന്റെ ഓർമ്മകൾക്കു മുന്നിൽ ബാഷ്പാജ്ഞലി അർപ്പിക്കുന്നു





കമ്മ്യുണിസ്റ്റ്‌( മാര്‍ക്സിസ്റ്റ്‌ )പാര്‍ട്ടിയുടെ സമുന്നതനായ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സ: ഇ കെ നായനാര്‍ നമ്മളെ വിട്ട്‌ പിരിഞ്ഞിട്ട്‌ ഏഴു വര്‍ഷം പിന്നിടുകയാണുകേരളത്തെ ഇത്രയും സ്നേഹിച്ച, കേരളം ഇത്രയും സ്നേഹിച്ച ഒരു ഭരണാധികാരിയും ജനകിയ രാഷ്ട്രിനേതാവും സ: ഇ കെ നായനാരെ പോലെ വെറെയൊരാളില്ല. സഖാവു നായനാർ...സംശുദ്ധ രാഷ്ട്രീയത്തിനു ഉദാത്ത മാതൃക... പ്രിയപെട്ട സഖാവിന്റെ ഓർമ്മകൾക്കു മുന്നിൽ ബാഷ്പാജ്ഞലി അർപ്പിക്കുന്നു

Wednesday, May 18, 2011

കേരളത്തില്‍ മാരകമായ നാശം വിതക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേത്ര്^ത്തില്‍ സുനാമി മന്ത്രിസഭ...ജനങള്‍ ജാഗ്രതൈ

കേരളത്തില്‍ മാരകമായ നാശം വിതക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേത്ര്^ത്തില്‍ സുനാമി മന്ത്രിസഭ...ജനങള്‍ ജാഗ്രതൈ


കേരളം കട്ടുമുടിച്ചവര്‍ ,വന്‍അഴിമതിക്കാര്‍ പെണ്‍വാണിഭത്തിന്റെ മൊത്തക്കച്ചവടക്കാര്‍ ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും . കേരളിയര്‍ ജാഗരൂഹരായിരിക്കേണ്ട സമയമാണിത്..ഈ അപകട സാധ്യത ഇനിയെങ്കിലും മനസ്സിലാക്കത്തവര്‍ ഖേദിക്കേണ്ടിവരും
യുഡിഎഫ് മന്ത്രിസഭയിലെ ചില ഘടകകക്ഷി നേതാക്കള്‍ സത്യപ്രതിജ്ഞചെയ്യുന്നത് പെണ്‍വാണിഭം, അനധികൃത സ്വത്തുസമ്പാദനം, അഴിമതി തുടങ്ങിയ കേസുകളും ആരോപണങ്ങളും പേറി. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് (ജെ) നേതാവ് ടി എം ജേക്കബ് എന്നിവര്‍ വിജിലന്‍സ് അന്വേഷണത്തിന്റെയും കോടതിനടപടികളുടെയും ഊരാക്കുടുക്കിലാണ്. പെണ്‍വാണിഭം, കേസ് അട്ടിമറിക്കാന്‍ മൊഴിമാറ്റിക്കല്‍ - ജുഡീഷ്യറിയെ സ്വാധീനിക്കല്‍ , ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ഇരകളെ വിലയ്ക്കെടുക്കല്‍ , കോടികളുടെ അനധികൃത സ്വത്തുസമ്പാദനം എന്നിങ്ങനെ പോകുന്നു കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ . കുരിയാര്‍കുറ്റി- കാരപ്പാറ ജലസേചനപദ്ധതിയുടെ മറവില്‍ നടന്ന വന്‍വെട്ടിപ്പില്‍ നാലാംപ്രതിയാണ് ജേക്കബ്്. പി കെ കുഞ്ഞാലിക്കുട്ടി $ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട മൂന്ന് കേസ് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പുനരന്വേഷിക്കുന്നു. 1. അനധികൃത സ്വത്തുസമ്പാദനം 2. ലൈംഗികപീഡനത്തിനിരയായ റജീനയുടെ മൊഴിമാറ്റിയതുസംബന്ധിച്ച ഗൂഢാലോചന 3. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായ ബിന്ദുവിന്റെ മൊഴിയില്‍ കള്ള ഒപ്പിട്ട കേസ് ടി എം ജേക്കബ് $ 1995ല്‍ ടി എം ജേക്കബ് ജലവിഭവമന്ത്രിയായിരിക്കെ കുരിയാര്‍കുറ്റി- കാരപ്പാറ ജലവൈദ്യുതപദ്ധതിക്ക് ടെന്‍ഡര്‍ നല്‍കാതെ കരാര്‍ നല്‍കി സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. മൂന്ന് വകുപ്പാണ് കേസിലുള്ളത്. 1. ക്രിമിനല്‍ ഗൂഢാലോചന 2. സര്‍ക്കാരിനെ കബളിപ്പിക്കല്‍ 3. അവിഹിത പണസമ്പാദനം

Tuesday, May 17, 2011

കേരളം കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് കടന്നു കൂടിയത് വെറും 567 വോട്ടിനുമാത്രം.

കേരളം കണ്ട ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് കടന്നു കൂടിയത് വെറും 567 വോട്ടിനുമാത്രം.


കേരളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പള്ളിക്കാരും പട്ടക്കാരും മൊല്ലാക്കമാരും രാവും പകലും പരിശ്രമിച്ചിട്ടും അഴിമതിയിലൂടെ കോണ്ഗ്രസ്സ് ശേഖരിച്ച കോടികള്‍ വാരിയെറിഞ്ഞിട്ടും സാന്‍ഡിയാഗോ മാര്ട്ടിനടക്കമുള്ളവര്‍ സൌജന്യമായി ഹെലികോപ്ടരും പണവും കൊടുത്ത് പ്രചരണം നടത്തിയിട്ടും വീരേന്ദ്രകുമാറും ഐ എന്‍ എല്‍ സലാമും പി ജെ ജോസഫും കാലുവാരിയിട്ടും സിന്ധുജോയിക്ക് കൂടുതല്‍ പരിഗണന കൊടുത്ത് പ്രചരണം നടത്തിയിട്ടും ഐക്യജനാധിപത്യമുന്നണി കടന്നുകൂടിയത്‌ അരശതമാനം വോട്ടുകള്‍ മാത്രം കൂടുതല്‍ നേടി. ക്ര്^ത്യമായി പറഞ്ഞാല്‍ വെറും‌ 1,01,145.


യു ഡി എഫിന്ന് ശക്തമായ പ്രഹരമേല്പിച്ചുകൊണ്ട് അതീവദുര്‍ബലമായ ഭരണകക്ഷിയെയും അതിശക്തമായ പ്രതിപക്ഷത്തെയാണ് കേരളം തെരഞ്ഞെടുത്തിരിക്കുന്നത്. ജാതി-മത ശക്തികളുടെ ശക്തമായ ഇടപെടല്‍ എല്‍ഡിഎഫിനെതിരെ ഉണ്ടായിട്ടും എല്‍ ഡി എഫിന്റെ ശക്തമായ അടിത്തറക്ക് യാതൊരു പോറലും ഏല്പിക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ വോട്ടുചെയ്തതായി എന്‍എസ്എസ്് നേതാവ് സുകുമാരന്‍നായര്‍ പരസ്യപ്രസ്താവന നടത്തി. കാര്യമായ വര്‍ഗീയ ഇടപെടലും ഉണ്ടായി. എന്നാല്‍ , എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍നയങ്ങളുടെ ഗുണഫലം അനുഭവിക്കുന്ന കേരളത്തിലെ ജനവിഭാഗങ്ങള്‍ ഇതുതള്ളി. എല്ലാ ജില്ലയിലും എല്‍ഡിഎഫ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍ കോഴിക്കോട്, കാസര്‍കോട്, കൊല്ലം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസിന് പ്രാതിനിധ്യമേ ഇല്ലാതെ പോയി. യുഡിഎഫ് ഭരണത്തിന്റെ തിക്താനുഭവമുള്ള ജനത അവരുടെ അഴിമതിയും ദുര്‍ഭരണവും ആവര്‍ത്തിക്കരുതെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു.

കേരള നിയമസഭയുടെ ചരിത്രത്തില്‍ സാധാരണയായി ഭരണമുന്നണി കക്ഷിയാണ് സഭയിലെ വലിയ കക്ഷിയാകുക. ആ പദവി കോണ്‍ഗ്രസിന് നഷ്ടമായി. 45 സീറ്റ് സിപിഐ എം നേടിയപ്പോള്‍ ഭരണകക്ഷിയഅയ കോണ്‍ഗ്രസ്സിന്ന് വെറും 38 മാത്രം.
യു.ഡി.എഫിന്‌ ഏറ്റവും കുറവു ഭൂരിപക്ഷം നേടിയ മൂന്നു മണ്ഡലങ്ങളിലെ 567 വോട്ടര്‍മാര്‍ മാറിച്ചിന്തിച്ചിരുന്നെങ്കില്‍ കേരളത്തിന്റെ രാഷ്‌ട്രീയഭാവി മറ്റൊന്നായേനെ. ഈ മൂന്നു സീറ്റുകളില്‍ വിജയിച്ച്‌ എല്‍.ഡി.എഫ്‌. കേവലഭൂരിപക്ഷം നേടുമായിരുന്നു.
സംസ്‌ഥാനത്തെ ആകെ വോട്ടര്‍മാരില്‍ എല്‍.ഡി.എഫിനു ലഭിച്ചതിനെക്കാള്‍ 0.58 ശതമാനം വോട്ട്‌ മാത്രമാണു യു.ഡി.എഫിനു കൂടുതലായി കിട്ടിയത്‌. 2,31,47,871 വോട്ടര്‍മാരാണ്‌ ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയത്‌ . യു.ഡി.എഫിന്‌ 45.66 ശതമാനം വോട്ടു ലഭിച്ചു. എണ്ണം 1,05,69,317. എല്‍.ഡി.എഫിന്‌ 45.08 ശതമാനം വോട്ടാണു ലഭിച്ചത്‌. അതായത്‌ 1,04,35,060.
ബി.െജ.പിക്ക്‌ ആകെ ലഭിച്ചതു 6.04 ശതമാനം വോട്ടാണ്‌. 2006 ലെ തെരഞ്ഞെടുപ്പില്‍ 4.8 ശതമാനം വോട്ടാണു ബി.ജെ.പിക്കു ലഭിച്ചിരുന്നത്‌-എണ്ണം 13,98,131.


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറുമ്പോള്‍ എല്‍.ഡി.എഫിന്‌ 8,69,337 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. അന്ന്‌ എല്‍.ഡി.എഫിന്‌ 48.58 ശതമാനം വോട്ടും യു.ഡി.എഫിന്‌ 42.99 ശതമാനം വോട്ടുമാണു ലഭിച്ചിരുന്നത്‌.

കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ മൊത്തം ലീഡ്‌ 10,19,343 വോട്ടായിരുന്നു. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പിലെ 9,35,751 വോട്ടിന്റെ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലായിരുന്നു ഇത്‌. പരമ്പരാഗത തെരഞ്ഞെടുപ്പു നിരീക്ഷണത്തിനനുകൂലമായ ഒരു ഘടകം ഇത്തവണയുണ്ടായി.


പോളിംഗ്‌ കൂടിയ 25 മണ്ഡലങ്ങളില്‍ പതിനെട്ടും എല്‍.ഡി.എഫ്‌. നേടി. ഏറ്റവും കൂടുതല്‍ പോളിംഗ്‌ നടന്ന കുറ്റ്യാടിയിലും എല്‍.ഡി.എഫാണു വിജയിച്ചത്‌. കുറവു വോട്ടിംഗ്‌ നടന്ന തിരുവനന്തപുരം മണ്ഡലത്തില്‍ യു.ഡി.എഫ്‌. വിജയിച്ചു.

നൂറ്റന്‍പത്തേഴു വോട്ടിന്റെ ഭൂരിപക്ഷത്തോടെ ടി.എം. ജേക്കബ്‌ വിജയിച്ച പിറവത്ത്‌ 79 പേരും മണലൂരില്‍ വി.എ. മാധവനെ കൂടുതലായി പിന്തുണച്ച 481 പേരില്‍ 241 പേരും അഴീക്കോട്ടു കെ.എം. ഷാജിയെ കടന്നുകൂടാന്‍ സഹായിച്ച 493 പേരില്‍ 247 പേരും മറിച്ചാണു വോട്ടുചെയ്‌തിരുന്നെങ്കില്‍ മൂന്നു ഫലവും എല്‍.ഡി.എഫിന്‌ അനുകൂലമായി മാറുകയും യു.ഡി.എഫ്‌. പ്രതിപക്ഷത്തിരിക്കുകയും ചെയ്യുമായിരുന്നു. അതായതു കേരളത്തില്‍ 567 പേര്‍ വിചാരിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ

Saturday, May 14, 2011

കോണ്‍ഗ്രസ്സ് ഇന്ത്യയിലെ ജനങളെ വെല്ലുവിളിക്കുന്നു...കോണ്‍ഗ്രസ്സിന്നിന്ന് വോട്ട് നല്‍കിയതിന്റെ പാരിതോഷികം കയ്യോടെ.. പെട്രോളിന് 5.39 രൂപ കൂട്ടി

കോണ്‍ഗ്രസ്സ് ഇന്ത്യയിലെ ജനങളെ വെല്ലുവിളിക്കുന്നു...കോണ്‍ഗ്രസ്സിന്നിന്ന് വോട്ട് നല്‍കിയതിന്റെ പാരിതോഷികം കയ്യോടെ.. പെട്രോളിന് 5.39 രൂപ കൂട്ടി .




ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ പെട്രോള്‍വില ലിറ്ററിന് അഞ്ചുരൂപ കൂട്ടി. കേരളത്തില്‍ നികുതിയടക്കം 5.39 രൂപ വര്‍ധിക്കും. വിലവര്‍ധന ശനിയാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനയാണിത്. കഴിഞ്ഞ ജൂണില്‍ പെട്രോള്‍വിലനിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയശേഷം ലിറ്ററിന് 15 രൂപയിലേറെ വര്‍ധനയാണ് 11 മാസത്തിനിടെ ഉണ്ടായത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് മൂന്നുമാസമായി എണ്ണക്കമ്പനികള്‍ വിലവര്‍ധന മാറ്റിവച്ചതായിരുന്നു. അതുകൊണ്ടാണ് ഒറ്റയടിക്ക് അഞ്ചുരൂപ വര്‍ധിപ്പിച്ചതെന്നാണ് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. ഡീസല്‍ വില വര്‍ധനയ്ക്കുള്ള തീരുമാനമെടുക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ ഉപസമിതി അടുത്ത ബുധനാഴ്ച ചേരും. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി ഒഴിവാക്കുന്ന കാര്യവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ , ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം പമ്പുകളില്‍ 4.99 രൂപ മുതല്‍ 5.01 രൂപവരെയാണ് ഡല്‍ഹയില്‍ വര്‍ധിക്കുക. വിവിധ സംസ്ഥാനങ്ങളിലെ നികുതികള്‍കൂടിയാകുമ്പോള്‍ വില പിന്നെയും വ്യത്യാസപ്പെടും. നിലവിലെ സാഹചര്യത്തില്‍ പത്തുരൂപവരെ വില വര്‍ധിപ്പിക്കേണ്ടതാണെന്നും മറ്റൊരു വിലവര്‍ധന ഉടന്‍ ഉണ്ടാകുമെന്നും പെട്രോളിയം മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്താരാഷ്ട്രവിലയ്ക്കനുസരിച്ച് പെട്രോള്‍വില സ്വയം നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയ രണ്ടാം യുപിഎ സര്‍ക്കാരിന്റെ തീരുമാനമാണ് ജനങ്ങള്‍ക്കുമേല്‍ ഇടിത്തീയായി പതിക്കുന്നത്. പുതിയ സംവിധാനത്തില്‍ പെട്രോള്‍വില വര്‍ധനയ്ക്ക് സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. എന്നാല്‍ , അനൗദ്യോഗികമായ അംഗീകാരം സര്‍ക്കാര്‍ നല്‍കാതെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാറില്ല. നിലവിലുള്ള അന്താരാഷ്ട്രവിലയ്ക്ക് അനുസരിച്ച് പെട്രോള്‍വില നിജപ്പെടുത്തണമെങ്കില്‍ ലിറ്ററിന് ഒമ്പതരമുതല്‍ പത്തു രൂപവരെ വര്‍ധിപ്പിക്കണമെന്നാണ് എണ്ണക്കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ , ഇത്രയും തുക ഒറ്റയടിക്ക് കൂട്ടുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നും രണ്ടുമൂന്ന് മാസത്തിനിടെ പല ഘട്ടമായി ഈ നിലയിലേക്ക് വില ഉയര്‍ത്തിയാല്‍ മതിയെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. ഈ സാഹചര്യത്തില്‍ ആഴ്ചകള്‍ക്കകം ഇനിയും വില വര്‍ധിക്കും. ഡീസല്‍ , പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ധനയും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്. എണ്ണക്കമ്പനികള്‍ക്ക് സബ്സിഡി നല്‍കുന്നത് ബാധ്യതയാണെന്നും അതിനാല്‍ വിലവര്‍ധിപ്പിക്കാതെ തരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഡീസല്‍ വിലവര്‍ധന അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ സബ്സിഡി ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ സബ്സിഡി നിരക്കില്‍ നല്‍കുന്ന എല്‍പിജി സിലിണ്ടറുകളുടെ എണ്ണം നിജപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. വര്‍ഷം ആറു സിലിണ്ടര്‍മാത്രം സബ്സിഡിയോടെ നല്‍കിയാല്‍ മതിയെന്നാണ് നന്ദന്‍ നിലേകനിയുടെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശചെയ്തത്. പിന്നീട് നാലായി ചുരുക്കണമെന്നും ശുപാര്‍ശയുണ്ട്. വില 650-700 രൂപയായി വര്‍ധിക്കും. മണ്ണെണ്ണയുടെ സബ്സിഡിയും എടുത്തുകളയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Thursday, May 12, 2011

തിരുമേനീ(മാരേ) 'ആദ്യം നിന്റെ കണ്ണിലെ തടി എടുത്തു മാറ്റുക

തിരുമേനീ(മാരേ) 'ആദ്യം നിന്റെ കണ്ണിലെ തടി എടുത്തു മാറ്റുക

ഫാദര്‍ അലോഷ്യസ് / ജനയുഗം
ഏതാണ്ടു 35 വര്‍ഷം മുമ്പ് ഞാന്‍ അന്നത്തെ കൊല്ലം കത്തോലിക്കാ രൂപതയിലെ ഇലവുംതിട്ട വികാരിയച്ചന്‍ ആയിരുന്നപ്പോള്‍ രൂപതയുടെ 'മിഷന്‍' ഇടവക(പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍ നിന്നു ക്രിസ്തുമതം സ്വീകരിച്ചവരുടെ ഇടവക)കളിലെ വൈദികരുടെ സഹായികളായി ഉണ്ടായിരുന്ന 'ഉപദേശി'മാരുടെ മാസശമ്പളം 50 നും 100 നും ഇടയ്ക്കായിരുന്നു. ഉപദേശിമാരുടെ മുഖ്യജോലിയായി ഉണ്ടായിരുന്നതു വൈദികന്‍ നിശ്ചയിക്കുന്ന ദിവസം നിശ്ചിത സമയത്ത് കുര്‍ബ്ബാന ഉണ്ടായിരിക്കും എന്ന് മിഷന്‍ സ്റ്റേഷനിലെ ഓരോ വീട്ടിലും ചെന്നറിയിക്കുക, അതുപോലെ മരണമുണ്ടായാല്‍ എല്ലാ വീട്ടിലും അറിയിക്കുക, എല്ലാ ദിവസവും വൈകിട്ടു പല വീടുകളിലായി ഒത്തുകൂടുന്ന കുടുംബപ്രാര്‍ത്ഥനയില്‍ പ്രമുഖസ്ഥാനം-വികാരിയച്ചന്റെ സ്ഥാനം- അലങ്കരിക്കുക, ബൈബിള്‍ പ്രഘോഷണം നടത്തുക, പിന്നെ ഓരോ വികാരിയച്ചനും നിര്‍ദ്ദേശിക്കുന്നതു മുഴുവന്‍ ചെയ്യുക എന്നിപ്രകാരമാണ്.
ഇങ്ങനെ കഷ്ടപ്പെട്ടു വികാരിയച്ചനും ഇടവകജനങ്ങള്‍ക്കും വേണ്ടി ജോലി ചെയ്യുന്ന ഉപദേശിമാര്‍ക്കു ഇത്ര തുച്ഛമായ ശമ്പളം നീതിയല്ല എന്നു ഞങ്ങള്‍, കുറച്ചു വൈദികര്‍ക്കു തോന്നി. കൊല്ലം രൂപതയിലെ മിഷന്‍ ഇടവകകളിലും സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന എല്ലാ ഉപദേശിമാരെയും ഞങ്ങള്‍ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്തു. 250 രൂപയെങ്കിലും അവര്‍ക്കു കിട്ടണമെന്നും അവര്‍ക്കു മറ്റു അനുബന്ധ തൊഴില്‍സാദ്ധ്യതകള്‍ ഉണ്ടാക്കിക്കൊടുക്കണമെന്നുമുള്ള ഡിമാന്റുകള്‍ വച്ച് അവരെ 'ഹരിജന്‍ ക്രിസ്ത്യന്‍ ഫോറം' എന്ന പേരില്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ബിഷപ്പും അദ്ദേഹത്തിനൊപ്പം നിന്ന വൈദികഗണവും ഞങ്ങളുടെ ഈ നീക്കത്തെ മുളയിലേ നുള്ളിക്കളഞ്ഞു.
തുടര്‍ന്നു നടന്ന വൈദികരുടെ പല ജനറല്‍ കോണ്‍ഫ്രന്‍സിലും ഞങ്ങള്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തിട്ടെങ്കിലും, ശക്തിയും സ്വാധീനവും ആള്‍ബലവുമുള്ള വൈദികഗണവും ബിഷപ്പും യുവവൈദികരായ ഞങ്ങളുടെ ഡിമാന്റ് പുച്ഛിച്ചു തള്ളിക്കളഞ്ഞു. ഒരു പ്രത്യേക സാഹചര്യത്തില്‍ മിഷന്‍ ഇടവകയില്‍ പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളുടെ ചെറുസംഘത്തെ ഏതാണ്ടു മുഴുവനായിത്തന്നെ പരമ്പരാഗത ക്രൈസ്തവരുടെ വലിയ ഇടവകകളിലേയ്ക്കു സ്ഥലംമാറ്റി; മാത്രമല്ല, കൊല്ലം രൂപതയെത്തന്നെ രണ്ടാക്കി. അതിന്റെ അടിസ്ഥാനമോ, പരമ്പരാഗത ഇടവകകള്‍ക്കു കൊല്ലം രൂപത; മിഷന്‍ ഇടവകകള്‍ക്കു പുനലൂര്‍ രൂപത എന്നതായിരുന്നു. ഞാന്‍ കൊല്ലം രൂപതയുടെ ഭാഗമായി. പിന്നെ ഉപദേശിമാരുടെ ഗതി അറിയില്ലായിരുന്നു.
രണ്ടാഴ്ചയ്ക്കു മുമ്പു കൊട്ടാരക്കരയ്ക്കു പോയ വഴി അടൂര്‍ ബസ്സ്റ്റാന്റില്‍ ഇറങ്ങി. ചായ കുടിക്കാന്‍ അടുത്ത കടയില്‍ കയറി. എന്റെ എതിര്‍വശത്തിരുന്ന ചായകുടിക്കുന്ന വ്യക്തിയെ കണ്ടുമറക്കുന്നതായി തോന്നി. ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചു. എന്റെ പഴയ ഇടവകക്കാരില്‍ ആരെങ്കിലുമായിരിക്കുമോ എന്നു മനസ്സില്‍ തെരഞ്ഞു അദ്ദേഹത്തെ നോക്കി ഞാന്‍ ചിരിച്ചിട്ടു 'അറിയുമോ?' എന്നു ചോദിച്ചു.
'അലോഷ്യസച്ചന്‍?' അദ്ദേഹം പ്രതികരിച്ചു.
'മത്തായി (പേര് മാറ്റിയിട്ടുണ്ട്) ഉപദേശി?'
'അതെ' എന്നുത്തരം
പ്രായാധിക്യം കൊണ്ടും പട്ടിണി-രോഗം കൊണ്ടും തീര്‍ത്തും ക്ഷീണിതന്‍. കുറച്ചുസമയം പഴയകാര്യങ്ങള്‍ ഞങ്ങള്‍ അയവിറക്കി; സംഘടിക്കാന്‍ ശ്രമിച്ച കാര്യം ഉള്‍പ്പെടെ. ഇപ്പോള്‍ എന്തുണ്ടു ശമ്പളം എന്നു ചോദിച്ചപ്പോള്‍ 'ഈയിടെ വന്ന ബിഷപ്പ് ഞങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ 400 രൂപയുണ്ട്.'
'ഇതുകൊണ്ട് എങ്ങനെ ജീവിക്കു'മെന്ന എന്റെ ചോദ്യത്തിനു 'ഭാര്യ അണ്ടിയാപ്പീസില്‍ പോകുമായിരുന്നു. അതായിരുന്നു യഥാര്‍ത്ഥ വരുമാനമാര്‍ഗ്ഗം. ഇപ്പോള്‍ അവള്‍ക്കു ഇരുന്നു ജോലി ചെയ്യാന്‍ പറ്റാത്ത രീതിയില്‍ നടുവിനു വേദന. ജീവിതം ദുരിതത്തിലാണ്.' ഒരു രൂപതയിലെ ഏതാണ്ടു 40 വര്‍ഷം സര്‍വ്വീസുള്ള ഉപദേശിയുടെ മാസശമ്പളമാണ് 400 രൂപ എന്ന വെളിപ്പെടുത്തല്‍ എന്നെ സ്തബ്ധനാക്കി. വൈകിട്ടു ജനജാഗൃതിയില്‍ എത്തി ന്യൂസ് കേള്‍ക്കാനായി ടി വി ഓണ്‍ ചെയ്തു. അന്നത്തെ പ്രധാനവാര്‍ത്തകളില്‍ ഒന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെ സി ബി സി)യുടെ തൊഴില്‍കാര്യ കമ്മീഷന്‍, കെ സി ബി സി യുടെ പേരില്‍ മെയ് ഒന്നിന്റെ സന്ദേശം സംയുക്ത ഇടയലേഖനമായി ഇറക്കിയിരിക്കുന്നു. അതില്‍ നോക്കുകൂലിയ്ക്ക് എതിരെയും ഉദ്യോഗസ്ഥര്‍ വേണ്ടവിധം ജോലി ചെയ്യാത്തതിനെതിരെയും വിരല്‍ ചൂണ്ടിയിരിക്കുന്നു. ഒപ്പം സഭ എന്നും തൊഴിലാളിയുടെ, പ്രത്യേകിച്ചും അസംഘടിത തൊഴിലാളിവര്‍ഗ്ഗത്തിന്റെ താല്പര്യം സംരക്ഷിക്കുന്നുണ്ട് എന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു. ടിവിയില്‍ കാണുകയും കേള്‍ക്കുകയും ചെയ്തതും നേരത്തെ കണ്ട 40 വര്‍ഷം സര്‍വ്വീസുള്ള മത്തായി ഉപദേശിയുടെ വാക്കുകളും തമ്മിലുള്ള പൊരുത്തക്കേട് എന്നില്‍ വല്ലാത്ത മുറിവുണ്ടാക്കി.
സംയുക്ത ഇടയലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിക്കട്ടെ:
''വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കും ഉന്നമനത്തിനുമായിട്ടുള്ള ഉപാധിയായിട്ടാണ് സഭ തൊഴിലിനെ കാണുന്നത്. അതിനാല്‍ തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും അന്തസ്സിനെയും എക്കാലവും സഭ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്'' (പാര. 2)
''തൊഴിലും ദാരിദ്ര്യവും തമ്മില്‍ ബന്ധമുണ്ട്. ...... നിയമാനുസൃതമായ മിനിമം കൂലി തൊഴില്‍ദാതാക്കള്‍ നല്കാനും പലപ്പോഴും തയ്യാറാകുന്നില്ല'' (പാര.5)
''തൊഴിലാളിയുടെ കൂലി അവന്റെയും അവനെ ആശ്രയിച്ചു കഴിയുന്നവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനും, അല്പം മിച്ചം വച്ച് സ്വത്ത് സമ്പാദിക്കാനും ഉതകുന്നതായിരിക്കണം എന്നു ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പ തന്റെ 'റേറും നൊവരും' എന്ന ചാക്രീയലേഖനത്തിലൂടെ പഠിപ്പിക്കുന്നുണ്ട്'' (പാര.6)
''ന്യായമായ കൂലി തൊഴിലാളികളുടെ അവകാശമാണ്. ന്യായമായ കൂലി കൊടുക്കാതിരിക്കുന്നതു തെറ്റാണെന്നാണ് തിരുസ്സഭ പഠിപ്പിക്കുന്നത്'' (പാര.7)
''അതുപോലെ തന്നെ അദ്ധ്വാനിക്കാതെ പണം വാങ്ങുന്നതും തെറ്റാണ്. നോക്കുകൂലി പോലെയുള്ള തെറ്റായ ശൈലികള്‍ പരിഷ്‌കൃത സമൂഹത്തിനു ഒട്ടും സ്വീകാര്യമല്ല .... സര്‍ക്കാര്‍ ഓഫീസുകളിലെ നല്ലൊരു വിഭാഗം ഉദ്യോഗസ്ഥരും ജോലിയൊന്നും ചെയ്യുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. അതു ഏറെക്കുറെ സത്യമാണുതാനും ...'' (പാര.8)
''മിനിമം കൂലിയും നിലവിലുളഅള തൊഴില്‍ നിയമങ്ങളും തീക്ഷ്ണതയോടെ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനുള്ള ഉദ്യോഗസ്ഥ സംവിധാനം ശക്തിപ്പെടുത്തണം.'' (പാര.13)
ഇത് ഒപ്പിട്ടിരിക്കുന്നതോ ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം, ചെയര്‍മാന്‍ കെസിബിസി ലേബര്‍ കമ്മീഷന്‍, ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരിയും ബിഷപ് ഡോ. യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം, വൈസ് ചെയര്‍മാന്‍ കെസിബിസി ലേബര്‍ കമ്മീഷന്‍.
നോക്കുകൂലി ശരിയല്ല, ഉദ്യോഗസ്ഥര്‍ ജോലിയില്‍ അലംഭാവം കാട്ടുന്നതും ശരിയല്ല. ഇവ തിരുത്തപ്പെടണം. പക്ഷേ എന്താണു ബിഷപ്പുമാരും വൈദിക-സന്യസ്ത-കന്യാസ്ത്രീ ഗണവും ചെയ്യുന്നത്? ധാരാളം കാര്യങ്ങള്‍ എടുത്തുകാട്ടാം. ചില കാര്യങ്ങള്‍ മാത്രം പറയട്ടെ.
ആയിരക്കണക്കിനു എയിഡഡ്-അണ്‍എയിഡഡ് സഭാസ്ഥാപനങ്ങളില്‍ പതിനായിരക്കണക്കിനു അദ്ധ്യാപകരും മറ്റുദ്യോസ്ഥരും പണിചെയ്യുന്നു. ഇവരെയൊക്കെ നിയമിക്കുന്നതു സഭാധികാരികള്‍ തന്നെ. ഇന്ത്യന്‍ ഭരണഘടനയുടെ അവിഭാജ്യ ഘടകത്തിലൊന്നാണു സംവരണം. അതു സര്‍ക്കാര്‍ മാത്രം പാലിച്ചാല്‍ പോരാ. സര്‍ക്കാര്‍ ധനം വിതരണം ചെയ്യുന്ന എല്ലാ ഏജന്‍സികള്‍ക്കും അതിനു ബാധ്യതയുണ്ട്. അദ്ധ്യാപകരുള്‍പ്പെടെ മുഴുവന്‍ സ്റ്റാഫിന്റെയും ശമ്പളവും അലവന്‍സുകളും സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കു(ചിലപ്പോള്‍ പള്ളിപ്പുരകള്‍ക്ക് വരെ)മുള്ള മെയിന്റനന്‍സ് ഗ്രാന്റും കണ്ടിന്‍ജന്റ് ഫണ്ടും മറ്റും പൊതുഖജനാവില്‍ നിന്നെടുത്തുതരുന്നതാണ്. ദുഷ്ടപാരമ്പര്യവും ദുരാചാരങ്ങളും ചവിട്ടിയരച്ച അടിസ്ഥാനവര്‍ഗ്ഗത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്റെ അവകാശമാണ് സംവരണം.
എസ്.സി.-എസ്.ടി-ഒ.ബി.സി വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സംവരണം നീതിബോധമുള്ള ഏതൊരു പ്രസ്ഥാനത്തലവനും അംഗീകരിക്കേണ്ടതല്ലേ? പക്ഷേ സഭ അതു നല്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയോടുള്ള വിധേയത്വത്തിനു പുറമേ, യേശുവിന്റെ അടിസ്ഥാന ദരിദ്രപക്ഷ കാഴ്ചപ്പാടോടു ഇവര്‍ക്കു വിശ്വസ്തതയുടെ കണികയെങ്കിലുമുണ്ടെങ്കില്‍, സംവരണം 100% വും സഭാസ്ഥാപനങ്ങളില്‍ നടപ്പിലാക്കുമായിരുന്നു. പക്ഷേ സത്യം അതല്ല. ന്യായമായും അര്‍ഹരായ ഈ ദരിദ്രജനതയെ തഴഞ്ഞുകൊണ്ട്, തങ്ങള്‍ക്ക് 'ഊഴിയം' ചെയ്യുന്ന, 'ഓ ച്ചാ' മുളുന്ന, ആളുകളെ നിയമിച്ചു തങ്ങളുടെ അധികാരം കൂടുതല്‍ കൂടുതല്‍ ഉറപ്പിക്കുന്ന സഭാനേതൃത്വത്തിനു എങ്ങനെ സാമൂഹ്യനീതിയെപ്പറ്റിയും തൊഴിലാളി താല്പര്യത്തെപ്പറ്റിയും പറയാന്‍ പറ്റും?
സഭയുടെ സ്വകാര്യസ്ഥാപനങ്ങളായ അനാഥശാലകള്‍, ആതുരാലയങ്ങള്‍, ആശുപത്രികള്‍, കരുണാലയങ്ങള്‍, വൃദ്ധമന്ദിരങ്ങള്‍, തൊഴില്‍പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങിയവ. ഇവിടെ 'മിനിമം കൂലി' പോലും കൊടുക്കുന്നില്ല എന്നതു പച്ചയായ യാഥാര്‍ത്ഥ്യം. ഇവിടെ സഭാധികാരികള്‍ക്കു യാതൊരു മനക്കടിയുമില്ലാതെ 'നീതിപൂര്‍വ്വമായ കൂലി നല്കണ'മെന്നു പറയുന്ന സഭാനേതൃത്വത്തിന്റെ കാപട്യം അപാരം.
ഇടവക വികാരിമാരുടെ കുശിനികളിലും മഠങ്ങളിലെ അടുക്കളകളിലും സഭാസ്ഥാപനത്തിന്റെ പറമ്പിലും മറ്റും ജോലി ചെയ്യുന്നവരുടെ കൂലിയില്‍ എപ്പോഴും രക്ഷകരുടെ മൂടുപടമണിഞ്ഞു ക്രൂരമായി ചൂഷണം ചെയ്യുന്ന അവസ്ഥ ഇന്നും എവിടെയും കാണുന്നു.
വൈദികര്‍ (മെത്രാന്‍ ഉള്‍പ്പെടെ) ദേഹമനങ്ങാതെ ചെയ്യുന്ന അര മണിക്കൂര്‍ കുര്‍ബ്ബാനയ്ക്കും ഒന്നു-രണ്ടു മിനിട്ടു നേരത്തെ വിവിധ ഭക്തകൃത്യങ്ങള്‍ക്കും മറ്റും എന്തു കനത്ത ഫീസാണു വാങ്ങുന്നത് ! ഇതു അനീതിയാണെന്നു അവര്‍ക്കു തോന്നുന്നില്ലെന്നു മാത്രമല്ല, ഇതില്‍ വരുന്ന കുടിശിക എല്ലാം കൂട്ടിയിട്ടു മനുഷ്യന്റെ ഏറ്റവും വേദനാജനകമായ മരണനേരത്തോ, ഏറ്റവും ആനന്ദദായകമായ വിവാഹ സന്ദര്‍ഭത്തിലോ പലിശ സഹിതം നിര്‍ബന്ധപൂര്‍വ്വം വസൂലാക്കുന്ന ക്രൂരത മനുഷ്യത്വരഹിതമാണെന്നല്ലേ പറയാനാകൂ! പക്ഷേ ഇവിടെ സഭാനേതൃത്വം പൈസ പിരിക്കുന്ന ഒരവസരമായാണിതിനെ കാണുന്നത്. അതില്‍ അവര്‍ക്കു ഒരു മാനസിക പ്രയാസവുമില്ല.
എല്ലാംകൂടി നോക്കുമ്പോള്‍ കെസിബിസിയുടെ മേയ്ദിന തൊഴിലാളി സന്ദേശത്തില്‍ ക്രൂരമായ കാപട്യം പതിയിരിക്കുന്നു. ഒരു ബൈബിള്‍ വാചകം കൊണ്ടു അവസാനിപ്പിക്കട്ടെ - തിരുമേനീ(മാരേ) 'ആദ്യം നിന്റെ കണ്ണിലെ തടി എടുത്തു മാറ്റുക; പിന്നെയാവട്ടെ അപരന്റെ കണ്ണിലെ കരട്.'

ചരിത്രം കുറിച്ച്, അഭിമാനത്തോടെ ...

ചരിത്രം കുറിച്ച്, അഭിമാനത്തോടെ ...

അഞ്ചുവര്‍ഷം മുമ്പുള്ള മെയ് 18ന്റെ സായാഹ്നത്തില്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിമാരില്‍ ബഹുഭൂരിപക്ഷവും കന്നിക്കാര്‍ . ഭരണപരിചയം കുറഞ്ഞ ഈ മന്ത്രിസഭയെ സംശയദൃഷ്ടിയോടെ വീക്ഷിച്ചവര്‍ പോലും താമസിയാതെ അഭിപ്രായം തിരുത്തി. അഞ്ചുവര്‍ഷത്തിനിപ്പുറം മെയ് 11ന് അവസാന മന്ത്രിസഭായോഗം കഴിഞ്ഞ് സര്‍ക്കാര്‍ പടിയിറങ്ങുന്നത് അപൂര്‍വ നേട്ടങ്ങള്‍ നാടിന് നല്‍കിയതിന്റെ അഭിമാനവുമായി. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കല്‍ , രണ്ടുരൂപയ്ക്ക് അരി, ക്ഷേമ പെന്‍ഷനുകളില്‍ നിരവധി മടങ്ങ് വര്‍ധന, ഇഎംഎസ് ഭവനപദ്ധതി, പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലാക്കല്‍ , ആരോഗ്യമേഖലയുടെ പുനരുജ്ജീവനം തുടങ്ങി നിരവധി നേട്ടങ്ങള്‍ നാടിനു സമ്മാനിച്ചു. മെഡിക്കല്‍കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കല്‍ , നികുതി പിരിവിലെ മുന്നേറ്റം, പെണ്‍വാണിഭക്കാര്‍ക്കും ഭൂമി കൈയേറ്റക്കാര്‍ക്കും എതിരെയുള്ള ധീരമായ നടപടികള്‍ എന്നിവ പുതുമുഖങ്ങളുടെ ഈ സംഘത്തിന് പുതിയ പ്രതിച്ഛായ നല്‍കി.
2006ല്‍ വന്‍വിജയം നേടിയപ്പോള്‍ 99 എല്‍ഡിഎഫ് എംഎല്‍എമാരില്‍ 66ഉം പുതുമുഖങ്ങളായിരുന്നു. 2006 മെയ് 15നു ചേര്‍ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയോഗമാണ് വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. 17ന് മന്ത്രിസഭയ്ക്കു പൂര്‍ണരൂപമായി. 18ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രിയടക്കം 16 പേര്‍ പുതുമുഖങ്ങള്‍ . പാലോളി മുഹമ്മദ്കുട്ടി, എസ് ശര്‍മ, പി ജെ ജോസഫ് എന്നിവര്‍ മാത്രമായിരുന്നു മന്ത്രിസ്ഥാനത്ത് പരിചിതര്‍ . ആദ്യമന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍തന്നെ ക്ഷേമപരിപാടികളുടെ നാന്ദിയായി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളാനായിരുന്നു ആദ്യ തീരുമാനം. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു അത്. കര്‍ഷകത്തൊഴിലാളികള്‍ക്കും വിധവകള്‍ക്കും വികലാംഗര്‍ക്കും ക്ഷേമപെന്‍ഷന്‍ ഒരു വര്‍ഷത്തെ കുടിശ്ശിക തീര്‍ത്ത് നല്‍കാനായിരുന്നു മറ്റൊരു തീരുമാനം. തുടര്‍ന്ന് വിവിധ ക്ഷേമപദ്ധതികളുടെ കുത്തൊഴുക്ക്. ഒന്നാം വാര്‍ഷികത്തില്‍ മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ തിളക്കം. തുടര്‍ന്ന് ഓരോ വര്‍ഷം പിന്നിടുമ്പോഴും പുതിയ പദ്ധതികള്‍ .

Wednesday, May 11, 2011

യുഗപരിവര്‍ത്തനത്തിന്റെ കവി."ചോര തുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങള്‍ ഏറിയ തലമുറയേന്തിയ പാരിന്‍ വാരൊളി മംഗള കന്ദങ്ങള്‍"

യുഗപരിവര്‍ത്തനത്തിന്റെ കവി.


"ചോര തുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങള്‍ ഏറിയ തലമുറയേന്തിയ പാരിന്‍ വാരൊളി മംഗള കന്ദങ്ങള്‍"

നവോത്ഥാനാനന്തര കേരളീയജീവിതത്തില്‍ സമ്പൂര്‍ണമായ മനുഷ്യസ്നേഹത്തിന്റെ യുഗപരിവര്‍ത്തനം സൃഷ്ടിച്ച കവിയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ . കവിയില്ലാത്ത കാലത്തും ജനതയുടെ മനസ്സില്‍ അക്ഷരത്തിന്റെ അണയാത്ത പന്തങ്ങള്‍ ജ്വലിപ്പിച്ചുകൊണ്ട് ഒരു നൂറ്റാണ്ട് പിന്നിടുകയാണ് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ പ്രഥമ അധ്യക്ഷന്‍കൂടിയായ വൈലോപ്പിള്ളി മാഷുടെ കവിജന്മം. സൗമ്യവും ദീപ്തവുമായ അദ്ദേഹത്തിന്റെ മുഖം ഇന്നലെ കണ്ടുപിരിഞ്ഞതുപോലെ ഇപ്പോഴുമുണ്ട് മനസ്സില്‍ .

1984ല്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭദിവസം നടന്ന കവികളുടെ വിദ്യാരംഭത്തില്‍വച്ചാണ് വൈലോപ്പിള്ളി മാഷെ ഞാന്‍ നേരില്‍കണ്ടുപരിചയപ്പെട്ടത്. അന്ന് സ്വന്തം കവിത ചൊല്ലിക്കഴിഞ്ഞ് വളരെ നേരം അദ്ദേഹം ഇളമുറക്കാരുടെ കവിതകേട്ട് സദസ്സിലിരുന്നു. കവിത ചൊല്ലിക്കഴിയുമ്പോള്‍ ഓരോരുത്തരെയും അടുത്തുവിളിച്ചു പരിചയപ്പെടുകയും കവിതയെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. "പന്തങ്ങള്‍" എന്ന കവിതയിലെ കവി തന്നെയായിരുന്നു അപ്പോള്‍ അദ്ദേഹം. "ചോര തുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങള്‍ ഏറിയ തലമുറയേന്തിയ പാരിന്‍ വാരൊളി മംഗള കന്ദങ്ങള്‍" എന്ന് വാത്സല്യപൂര്‍വം പുതുതലമുറയോട് ആഹ്വാനംചെയ്യുന്നതുപോലെയായിരുന്നു ആ സ്നേഹസാന്നിധ്യം. "യുഗപരിവര്‍ത്തനം" എഴുതിയ കവിയാണ് വൈലോപ്പിള്ളി. നാം ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ലോകത്ത് പരിവര്‍ത്തനം വരും എന്ന് ഉറച്ചുവിശ്വസിച്ച കവി. ചലനമാണ് ജീവിതസത്യം എന്നു പ്രഖ്യാപിച്ച കവി. മരണത്തിന് മനുഷ്യജീവിതത്തിന്റെ സര്‍ഗാത്മകചലനത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഉച്ചൈസ്ഥരം ഘോഷിച്ച കവി. "ഹാ! വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍"! ഇത്രമേല്‍ അഗാധമായ പ്രത്യാശയോടെ മനുഷ്യജീവിതത്തെ പുണര്‍ന്നുനിന്ന കവികള്‍ വൈലോപ്പിള്ളി മാഷെപ്പോലെ നമുക്ക് വേറെയില്ല. പരിവര്‍ത്തനം പലതിനെയും ഉടച്ചുവാര്‍ക്കും. പല ബന്ധങ്ങളെയും അട്ടിമറിക്കും. വര്‍ഗബന്ധങ്ങളെ പുനര്‍നിര്‍വചിക്കും. നമ്മുടെ ശീലങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും വിരുദ്ധമായി ലോകം പുനര്‍നിര്‍മിക്കപ്പെടും. പലതും നഷ്ടപ്പെടും. ലോകത്തിന് മാറാതെ നിലനില്‍ക്കാനാകില്ല. "മുമ്പുനാം സ്നേഹിച്ചവ,രകന്നോ മൃതിപ്പെട്ടോ വന്‍പകയോടെ ചേരി മാറിയോ പൊയ്പ്പോവുന്നു ആ മരവിപ്പിന്‍ മീതെ ചവിട്ടി മുന്നേറുന്നു നാമറിയാത്തോര്‍ , ഒട്ടും നമ്മളെയറിയാത്തോര്‍" നമ്മളെ അറിയാത്തവരാണെങ്കിലും പുതുലോകം സൃഷ്ടിക്കാന്‍ വരുന്ന ഈ കുട്ടികളുടെ കൂടെച്ചേര്‍ന്നുനില്‍ക്കുകയല്ലാതെ, അവര്‍ക്ക് മനുഷ്യ മഹാസ്നേഹത്തിന്റെ തീപ്പന്തങ്ങള്‍ കൈമാറുകയല്ലാതെ യുഗപരിവര്‍ത്തനയാത്രകള്‍ക്ക് വേറെ വഴിയില്ല എന്ന് കവി അഗാധമായി അറിഞ്ഞിരുന്നു. നിരുപാധികമായ മനുഷ്യസ്നേഹത്തിന്റെയും ഉദാരമായ ശുഭപ്രതീക്ഷയുടെയും വെളിച്ചമായിരുന്നു വൈലോപ്പിള്ളിയുടെ വരികള്‍ . "വിശ്വസംസ്കാരപാലകരാകും വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ ആവുമോ ഭവാന്മാര്‍ക്കു നികത്താന്‍ ലോകസാമൂഹ്യദുര്‍ന്നിയമങ്ങള്‍ സ്നേഹസുന്ദരപാതയിലൂടെ വേഗമാവട്ടെ, വേഗമാവട്ടെ" വിപ്ലവത്തിലൂടെ ലോകം മാറ്റാനിറങ്ങിത്തിരിച്ച മനുഷ്യവര്‍ഗത്തിനുമുന്നില്‍നിന്നുകൊണ്ട് ഇങ്ങനെ ഉച്ചരിക്കണമെങ്കില്‍ ഉല്‍ക്കൃഷ്ടമായ വര്‍ഗസ്നേഹത്തില്‍നിന്നുളവാകുന്ന അപ്രതിരോധ്യമായ ശുഭാപ്തിവിശ്വാസമുണ്ടാകാതെ വയ്യ.

കുലീനമായ കള്ളങ്ങള്‍ വെടിഞ്ഞ് നെഞ്ചുകീറി കവി നേരിനെക്കാട്ടി. ആത്മനാശത്തിന്റെ കവിതയാണ് "കുടിയൊഴിയ്ക്കല്‍" എന്നു വിലയിരുത്തപ്പെട്ടിട്ടുണ്ട്. വ്യക്തിയുടെ അഹന്ത അവസാനിക്കുന്നിടത്ത് സമഷ്ടിയുടെ സര്‍ഗാത്മക സംഘബലം രൂപപ്പെടുമെന്ന് വൈലോപ്പിള്ളി മാഷ് കണ്ടു. "ദുഷ്പ്രഭുപ്പുലയാടികള്‍ പാര്‍ക്കും ഇപ്പുരയ്ക്കിടിവെട്ടുകൊള്ളട്ടെ" എന്നെഴുതുമ്പോള്‍ ദുഷ്പ്രഭുത്വം ഒരു പുലയാടിത്തമാണ് എന്ന് പ്രഖ്യാപിക്കാനുള്ള വര്‍ഗധീരത കാണിച്ചു. "തേട്ടിവന്നിടും നിന്‍ പ്രതിഷേധം" എന്നാണ് തൊഴിലാളിയുടെ ശകാരത്തെ കവി വിശേഷിപ്പിക്കുന്നത്. ഇവിടെ മദ്യപിച്ചു തിരിച്ചുവരുമ്പോഴാണ് തൊഴിലാളി ജന്മിയെ തെറിപറയാന്‍ ധൈര്യപ്പെടുന്നത്. മദ്യത്തിനുള്ള ഒരു ഗുണം അതാണ്. കുടിച്ചുകഴിയുമ്പോള്‍ ഭീരു ധൈര്യശാലിയാകും. അടിമ ഉടമയാകും. നേരത്തെ തലചൊറിഞ്ഞുനിന്ന അതേ തൊഴിലാളിയാണ് മുഷ്ടിചുരുട്ടി തിരിച്ചുവരുന്നത്. അവന്റെ വാക്കുകള്‍ "കള്ളിന്‍ തികട്ടലു"കളല്ല. അടിച്ചമര്‍ത്തപ്പെട്ടവന്റെ പ്രതിഷേധം; മദ്യം സ്വതന്ത്രനാക്കിത്തീര്‍ത്തപ്പോള്‍ സ്വാഭാവികമായി പുറത്തുവരുന്നതാണ്. (കള്ളിന്‍ തികട്ടല്‍ എന്നത് വൈലോപ്പിള്ളിമാഷുടെതന്നെ ഒരു പ്രയോഗമാണ്. "ഗണ്യമാക്കീലാ കളിന്ദമഹര്‍ഷിതന്‍ കന്യയിക്കള്ളിന്‍ തികട്ടലുകള്‍" എന്ന് "ജലസേചനം" എന്ന കവിതയില്‍) കള്ളിന്റെയും വിനാശകരമായ ആത്മാഹന്തയുടെയും പിന്‍ബലമില്ലാതെതന്നെ ഈ പ്രതിഷേധം സര്‍ഗാത്മകമായി ഉയര്‍ന്നുവരണം എന്നാണ് കവി ഉപദര്‍ശിച്ചത്. "കുടിയൊഴിയ്ക്കലില്‍", "ചീവീടുകളുടെ പാട്ട്" എന്ന ഖണ്ഡത്തില്‍ കവി നേരുന്ന പോംവഴി വേറൊരുവിധമായിരുന്നെങ്കില്‍ എന്ന ആശംസ ഈ പ്രകരണത്തിലാണ് പ്രസക്തമാകുന്നത്. ഭരണകൂടങ്ങളെല്ലാം അപ്രത്യക്ഷമാകുന്ന, വര്‍ഗരഹിതമായ ഒരു സമൂഹസൃഷ്ടിക്ക് തൊഴിലാളിയെ പ്രാപ്തനാക്കുന്ന ഉദാരമായ കിനാവാണത്; കിട്ടാനുള്ളത് പുതിയൊരു ലോകമാണ് എന്ന പ്രത്യാശ. വൈലോപ്പിള്ളി മാഷ് "കുടിയൊഴിയ്ക്കല്‍" എഴുതിയതുതന്നെ ചവിട്ടിത്താഴ്ത്തപ്പെട്ടവന്‍ എങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നുവെന്നുപറയാനാണ്. നിഷ്കാസിതരുടെ ജീവിതത്തിലും പാവപ്പെട്ടവരുടെ ബോധത്തിലും ചിലപ്പോള്‍ വര്‍ഗാഭിമാനംകൊണ്ടുവരുന്നത് "കള്ളു"പോലുമാണ് എന്ന യാഥാര്‍ഥ്യം കവി കാണാതിരിക്കുന്നില്ല. "ഫാ" എന്ന് ആട്ടുന്നത് പാവപ്പെട്ട മനുഷ്യര്‍ക്കിടയില്‍ പ്രണയത്തിന്റെയും ചുംബനത്തിന്റെയും അസംസ്കൃതാനുഭവമാണ് എന്നും വൈലോപ്പിള്ളി ഈ കവിതയില്‍ത്തന്നെ എഴുതുന്നുണ്ട്. ("ആട്ടൊ"രുഗ്രമാം ചുംബനമോ!) ചരിത്രത്തെ ബീഡിപ്പുകച്ചുരുളായും വൈലോപ്പിള്ളി മറ്റൊരിടത്ത് വര്‍ണിച്ചിട്ടുണ്ട്. "വലിച്ചുതള്ളട്ടേ ഒരു മുറി ബീഡിപ്പുകയായീനാട്ടില്‍ ശ്വസിച്ചതു ഞങ്ങള്‍" ഇവിടെയൊക്കെ പാവപ്പെട്ടവരുടെ ഇമേജറി, സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ അനുഭവലോകം, അടിസ്ഥാനജനവര്‍ഗത്തിന്റെ സങ്കല്‍പ്പശേഷി- ഇവയെയൊക്കെയാണ് വൈലോപ്പിള്ളി സ്വന്തം കാവ്യപ്രചോദനങ്ങളുടെ പ്രാണശ്വാസമാക്കി മാറ്റിയത്. ചൂഷിതരായ ജനവര്‍ഗം, അടിമകളാക്കപ്പെടുന്ന നിസ്സഹായര്‍ - അവരെല്ലാം തിരിച്ചുവരും എന്ന സങ്കല്‍പ്പം വൈലോപ്പിള്ളിക്കവിതയില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു പ്രതീക്ഷയാണ്. എഴുത്തുകാരന്റെ പ്രാഥമികമായ ധര്‍മം അധഃസ്ഥിതരുടെ കൂടെ നില്‍ക്കുകയാണ് എന്നു പ്രഖ്യാപിക്കാന്‍ വൈലോപ്പിള്ളി എന്നും ധൈര്യം കാണിച്ചു. "സീരത്താലാറ്റിന്റെ തീരത്തെ, നിന്ദാഹ- ങ്കാരത്തെ ഭേദിച്ചു രാമദേവന്‍ അത്ര മഹാന്മാര്‍ക്കേ ഭൂതദയയില്‍നി- ന്നിത്തരമുണ്ടാവൂ നിര്‍ദയത്വം" എന്നെഴുതിയപ്പോള്‍ അടിസ്ഥാന കര്‍ഷകജനതയ്ക്കുവേണ്ടി ആയുധമെടുത്ത പോരാളിയായി ബലരാമനെ പരിവര്‍ത്തിപ്പിക്കുകയായിരുന്നു കവി.

വിപ്ലവത്തില്‍ ആയുധിയുടെ ഇടപെടല്‍ ഭൂതദയയില്‍നിന്നുളവാകുന്ന നിര്‍ദയത്വമായി വ്യാഖ്യാനിക്കാനുള്ള ഈ സര്‍ഗാത്മകധൈര്യം കവിയുടെ വര്‍ഗബലംതന്നെയാണ്. അതുതന്നെയാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്ന മനുഷ്യകഥാനുഗായിയായ കവിയുടെ ചരിത്രബലം. അധിനിവേശങ്ങളുടെ അധികാരപ്രത്യയശാസ്ത്രങ്ങള്‍ കുടിയൊഴിച്ചവരെ മുഴുവന്‍ വര്‍ഗാവബോധത്തിന്റെ സമത്വസുന്ദരമായ നവലോകത്തില്‍ കുടിപാര്‍പ്പിച്ച കവിയാണ് വൈലോപ്പിള്ളി. അതുകൊണ്ടുതന്നെ കവിയേന്തിയ മനുഷ്യസ്നേഹത്തിന്റെ പന്തങ്ങള്‍ ഇനിയും ഏറിയ തലമുറകള്‍ ഏറ്റുവാങ്ങുകതന്നെ ചെയ്യും. കാരണം, ഏതു ധൂസരസങ്കല്‍പ്പങ്ങളില്‍ വളര്‍ന്നാലും ഏത് യന്ത്രവല്‍കൃത ലോകത്തുപുലര്‍ന്നാലും മണ്ണിന്റെ മണവും മനുഷ്യന്റെ മമതയും സ്നേഹത്തിന്റെ കൊന്നപ്പൂക്കളുമായി പുതിയൊരു തലമുറ വളര്‍ന്നുവരുമെന്ന ശുഭപ്രതീക്ഷ കൈവിടാതെ കാത്തുവച്ച യുഗപ്രഭാവനായ കവിയായിരുന്നു വൈലോപ്പിള്ളി.
ആലങ്കോട് ലീലാകൃഷ്ണന്‍

Sunday, May 1, 2011

എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പൊന്നാനി എം ഇ എസ് കോളേജ് അലുംമിനി ദുബായ് ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു

എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ പൊന്നാനി എം ഇ എസ് കോളേജ് അലുംമിനി ദുബായ് ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു.



എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിക്ക് ആഗോളതലത്തില്‍ നിരോധനം ഏര്‍പ്പെടുത്താനുള്ള ‍ സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ തീരുമാനത്തെ പൊന്നാനി എം ഇ എസ് കോളേജ് അലുംമിനി ദുബായ് ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം അഭിനന്ദിച്ചു.എന്‍ഡോസള്ഫാന്‍ എന്ന മാരക കീടനാശിനി തെളിച്ചതിനെ ഫലമായി തീരദുരിതം പേറുന്ന കാസര്ഗോഡ് ജില്ലയിലെ ആയിരക്കണക്കായ ജനങള്ക്ക് മതിയായ ചികിത്സയും അവരെ പുനരധിവസിപ്പിക്കാനും കേന്ദ്ര-സംസ്ഥാന ഗവണ്മെണ്ടുകള്‍ അടിയന്തിര നടപടികള്‍ സ്വികരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ പ്രസിഡണ്ട് ഇക്ബാല്‍ മൂസ്സ അധ്യക്ഷത വഹിച്ചു.ജനറല്‍ സിക്രട്ടറി എന്‍ വി അബുബക്കര്‍ റിപ്പോര്ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി സലിം ബാബു പ്രസിഡണ്ടും , ഡോ:ഉണ്ണിക്ര്^ഷ്ണന്‍ വൈസ് പ്രസിഡണ്ടും ,അക്ബര്‍ പാറമ്മേല്‍ സിക്രട്ടറിയും മജീദ് ജോയിന്റ് സിക്രട്ടറിയും ഗിരിഷ് മേനോന്‍ ട്രഷറുമായി 21 അംഗ എക്സിക്യൂട്ടിവിനേയും തിരെഞ്ഞെടുത്തുപുതിയ ഭാരവാഹികള്ക്ക് ആശംസ അര്പ്പിച്ചുകൊണ്ട് സിദ്ധിക്ക് , നാരായണന്‍ വെളിയംകോട് എന്നിവര്‍ സംസാരിച്ചു.സുധീര്‍ നന്ദിയും പറഞ്ഞു

ലോകമെങ്ങും മെയ്ദിനം ആചരിച്ചു ..

ലോകമെങ്ങും മെയ്ദിനം ആചരിച്ചു ..





കൊച്ചി: ലോകമെങ്ങും തൊഴിലാളികള്‍ ഞായറാഴ്ച മെയ്ദിനം ആചരിച്ചു. വിവധ രാജ്യങ്ങളില്‍ ജനാധിപത്യ പോരാട്ടങ്ങള്‍ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ഇക്കുറി മെയ്ദിനം എത്തിയത്. ഇന്നലെകളില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ട് പുതിയ പോരാട്ടങ്ങള്‍ക്ക് സജ്ജരാകുമെന്ന് തൊഴിലാളിവര്‍ഗം പ്രതിജ്ഞയെടുത്തു. കേരളത്തില്‍ വിവധ പരിപാടികളോടെ മെയ്ദിനം ആചരിച്ചു. കവലകള്‍തോറും അലങ്കരിച്ച് ചെങ്കാടി ഉയര്‍ത്തി. രാവിലെ എല്ലായിടത്തും മെയ്ദിന റാലികളും നടത്തി. പല സ്ഥലങ്ങളിലും സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലായിരുന്നു റാലി ..