അവസാനവിധിക്കായി കാത്തിരിക്കാം
പി രാജീവ്
അയോധ്യയില്‍ 1528ല്‍ ബാബറുടെ ഗവര്‍ണര്‍ ബിര്‍മാക്വി നിര്‍മിച്ച ബാബറി മസ്ജിദുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ നീണ്ട കാത്തിരിപ്പിനുശേഷം അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ചിന്റെ വിധി വന്നിരിക്കുന്നു. ആറ് പതിറ്റാണ്ട് നീണ്ട ഉടമസ്ഥതര്‍ക്കത്തിനാണ് ഇന്നലെ (വ്യാഴാഴ്ച) കോടതി വിധി പ്രഖ്യാപിച്ചത്. 8000 പേജിലധികം വരുന്ന വിധി പൂര്‍ണമായും വിലയിരുത്തിയാല്‍മാത്രമേ എങ്ങനെയാണ് കോടതി നിഗമനങ്ങളിലേക്ക് എത്തിയതെന്ന് മനസിലാക്കാന്‍ കഴിയുകയുള്ളു. 1950ലാണ് സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി ഇതുസംബന്ധിച്ച കേസ് കോടതിയുടെ മുമ്പിലേക്ക് എത്തുന്നത്. അതിനുശേഷം നാലു കേസ് കൂടി ഫയല്‍ ചെയ്യപ്പെട്ടു. പരമഹംസചന്ദ്രദാസ് കൊടുത്ത കേസ് പിന്‍വലിച്ചു. അവശേഷിച്ച നാലു കേസ് അഡ്വക്കറ്റ് ജനറലിന്റെ അഭ്യര്‍ഥനപ്രകാരം ഒന്നിച്ച് പരിഗണിക്കുന്നതിന് ഹൈക്കോടതി പ്രത്യേകബെഞ്ച് രൂപീകരിച്ചു. 94 സാക്ഷികളാണ് വിസ്തരിക്കപ്പെട്ടത്. 58 പേരെ ഹിന്ദുസംഘടനകള്‍ ഹാജരാക്കിയപ്പോള്‍ 36 പേരെ മുസ്ളിം സംഘടനകളും ഹാജരാക്കി. ഇവര്‍ കോടതിയില്‍ നല്‍കിയ മൊഴികള്‍തന്നെ 13000ല്‍ അധികം പേജ് വരും. ഇതെല്ലാം പരിഗണിച്ചാണ് നീണ്ട കാത്തിരിപ്പിനുശേഷം കോടതി വിധി പറഞ്ഞത്. തര്‍ക്കം നിലനിന്നിരുന്ന പ്രദേശം മൂന്നായി പകുത്ത് നല്‍കുന്ന വിധിയാണ് ചുരുക്കത്തില്‍ കോടതി നടത്തിയിട്ടുള്ളത്. എന്നാല്‍, അതിനപ്പുറത്തേക്കുള്ള നിഗമനങ്ങളും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് വേറിട്ട് കാണേണ്ടതാണ്. 1885ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഇത് സംബന്ധിച്ച് ആദ്യവ്യവഹാരം വന്നപ്പോള്‍ ഉടമസ്ഥാവകാശത്തിന്റെയും രാമാരാധനയുടെയും പ്രശ്നം ഉന്നയിക്കുകയുണ്ടായി. അന്ന് ഫൈസാബാദ് കോടതി സ്വീകരിച്ച രീതി മറ്റൊന്നായിരുന്നു. രാമജന്മസ്ഥലത്ത് ആരാധനയ്ക്ക് സ്വാതന്ത്യ്രം നല്‍കണമെന്ന ആദ്യപരാതിയിലെ ന്യായം അംഗീകരിച്ചെങ്കിലും ആരാധനയ്ക്ക് അനുമതി നല്‍കാന്‍ ജഡ്ജി തയ്യാറായില്ല. 1886ല്‍ ഇതുസംബന്ധിച്ച് അപ്പീലില്‍ ഇതേ നിലപാട് ആവര്‍ത്തിക്കുകയാണ് ജില്ലാജഡ്ജിയും ചെയ്തത്. 356 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച ബാബറിപള്ളിയില്‍ ആരാധന വേണമെന്ന ആവശ്യത്തില്‍ ഹര്‍ജിക്കാരന് ആശ്വാസം നല്‍കാന്‍ കഴിയില്ലെന്ന് കോടതി അന്ന് ഉറപ്പിച്ചുപറഞ്ഞു. അന്ന് കോടതിക്ക് ആശ്വാസം നല്‍കാന്‍ കഴിയാതിരുന്നതിനുള്ള കാരണം 1992ല്‍ സംഘപരിവാര്‍ ഇല്ലതാക്കിയിരുന്നു. ബാബറിപ്പള്ളി തകര്‍ത്തതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആരാധനാലയത്തെ സംബന്ധിച്ച് പുതിയ തര്‍ക്കത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന സാമാന്യയുക്തിയുടെ അടിത്തറയാണ് തകര്‍ക്കപ്പെട്ടത്. അതിനുശേഷം 1993ല്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേകനിയമത്തിലൂടെ ബാബറിപ്പള്ളി നിന്നിരുന്ന സ്ഥലവും തര്‍ക്കമുള്ള മറ്റിടങ്ങളും ഏറ്റെടുത്തു. ഇപ്പോള്‍ സാങ്കേതികമായി വാദിക്കുന്നവരുടെ മുമ്പില്‍ അവിടെയൊരു പള്ളി നിലനില്‍ക്കുന്നില്ല. പള്ളി തകര്‍ക്കപ്പെട്ട സ്ഥലത്ത് മതേതരത്വത്തിന്റെ പ്രതീകമായ പൊതുസ്മാരകം നിര്‍മിക്കണമെന്ന ആവശ്യവും ഇടക്കാലത്ത് ഉയരുകയുണ്ടായി. ദൈവങ്ങളുടെ കുത്തകാവകാശം സംഘടനകള്‍ക്ക് വിട്ടുകൊടുക്കണമോ എന്ന ചോദ്യവും മാധ്യമങ്ങളിലൂടെ ഉയര്‍ന്നതാണ്. ഇത്തരം അഭിപ്രായങ്ങള്‍ വിചാരണവേളയില്‍ ഉയര്‍ന്നിരുന്നോ എന്ന കാര്യവും വ്യക്തമല്ല. കേന്ദ്രസര്‍ക്കാര്‍ കക്ഷിയാകാത്തിടത്തോളം കാലം മറ്റു പ്രശ്നങ്ങള്‍ ഉയരാന്‍ സാധ്യത കുറവാണ്. ചില സന്ദര്‍ഭങ്ങളില്‍ നീതിപീഠത്തിന്റെ ഇടപെടലുകളും അയോധ്യയില്‍ തര്‍ക്കവിഷയമായിട്ടുണ്ട്. 1949ല്‍ ബാബറി പള്ളിവളപ്പില്‍ രാമവിഗ്രഹങ്ങള്‍ കൊണ്ടു സ്ഥാപിച്ചപ്പോള്‍ അതെടുത്തുമാറ്റാന്‍ അന്നത്തെ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു ആവശ്യപ്പെട്ടിട്ടുപോലും ജില്ലാ മജിസ്ട്രേട്ടായിരുന്ന കെ കെ നായര്‍ തയ്യാറായില്ല. പിന്നീട് സിവില്‍സര്‍വീസ് ഉപേക്ഷിച്ച അദ്ദേഹവും യുപിക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യയും ജനസംഘത്തിന്റെ ബാനറില്‍ പാര്‍ലമെന്റ് അംഗമായതിനും രാജ്യം സാക്ഷ്യം വഹിച്ചു. പിന്നീട് 1986 ഫെബ്രുവരി ഒന്നിന് അന്നത്തെ ജില്ലാ ജഡ്്ജി രാംലല്ല ആരാധനയ്ക്കായി തുറന്നുകൊടുക്കാന്‍ ഉത്തരവിട്ടു. ഈ കോടതിവിധികള്‍ ബാബറിപ്പള്ളി തകര്‍ക്കുന്നതിനു ശ്രമിച്ച ശക്തികള്‍ക്ക് ആയുധമായി മാറിയെന്ന് പിന്നീട് ചരിത്രം വിലയിരുത്തി. രാമക്ഷേത്രമുദ്രാവാക്യം ശക്തമാക്കുന്നതിന് പ്രക്ഷോഭത്തിന് തുടക്കമിട്ട ബിജെപിക്ക് അന്നത്തെ വിധി പുതിയ ഉണര്‍വ് നല്‍കി. 1989ല്‍ തര്‍ക്ക പ്രദേശത്തിന്റെ ഒരു ഭാഗത്ത് ശിലാന്യാസത്തിന് അനുമതി നല്‍കുകയും അതിനു സാക്ഷ്യം വഹിക്കാന്‍ ആഭ്യന്തരമന്ത്രി ബൂട്ടാസിങ്ങിനെത്തന്നെ അയക്കുകയുംചെയ്ത അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും രാഷ്ട്രീയനേട്ടത്തിനായി ആ കോടതിവിധികൂടി സൃഷ്ടിച്ച സാഹചര്യം ഉപയോഗിച്ചു. കോടതിവിധി സംബന്ധിച്ച് ഒരോരുത്തര്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍, വിധിയെ മാനിക്കുകതന്നെയാണ് ഇന്നത്തെ ഇന്ത്യയില്‍ ഏറ്റവും പ്രധാനം. മതവികാരം കെട്ടഴിച്ചുവിട്ട് താല്‍ക്കാലികവും സങ്കുചിതവുമായ ലക്ഷ്യങ്ങള്‍ നേടുന്നതിന് പല ശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്ന രാജ്യത്താണ് നമ്മള്‍ ഇന്നു ജീവിക്കുന്നത്. ഇന്ത്യയുടെ നീതിന്യായവ്യവസ്ഥയില്‍ ഉന്നതനീതിപീഠത്തിന്റെ വിധി വരുന്നതുവരെ ഒന്നും അവസാനവാക്കല്ല. കോടതിക്ക് പുറത്തുള്ള സമവായശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇനി കോടതി തീരുമാനിക്കട്ടെയെന്ന പൊതുഅഭിപ്രായം വന്നത്. വിധിവരുന്നതിനു തൊട്ടുമുമ്പുണ്ടായ അനിശ്ചിതത്വത്തിന്റെ നാളുകളില്‍ പ്രധാനകക്ഷികള്‍തന്നെ വിധി വൈകിക്കേണ്ടതില്ലെന്ന പൊതുനിലപാട് സ്വീകരിച്ചു. സുപ്രീംകോടതിയില്‍ ഇതേ നിലപാട് തന്നെയാണ് പരോക്ഷമായി കേന്ദ്രസര്‍ക്കാരും സ്വീകരിച്ചത്. എല്ലാ പ്രധാനരാഷ്ട്രീയപാര്‍ടികളും ഇതുതന്നെയാണ് പറഞ്ഞതും. എന്നാല്‍, വിധിയില്‍ വിയോജിപ്പുള്ളവര്‍ക്കായി സുപ്രീംകോടതിയുടെ വാതിലുകള്‍ തുറന്നുകിടക്കുന്നുണ്ട്. തെരുവില്‍ കിടന്നുള്ള ഏറ്റുമുട്ടലുകള്‍ക്ക് വിധിയെ മാറ്റിമറിക്കാനാവില്ല. ഹൈക്കോടതിയുടെ ഫുള്‍ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനും ആ വിധിയില്‍ വ്യത്യസ്തതയുണ്ടെങ്കില്‍ പിന്നീട് റിവ്യൂഹര്‍ജി നല്‍കുന്നതിനും നീതിന്യായവ്യവസ്ഥയില്‍ അവസരങ്ങളുണ്ട്. യുപി സുന്നി വഖഫ്ബോര്‍ഡ് അപ്പീല്‍പോകുമെന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നുമാസം തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി വിധിയില്‍ പറഞ്ഞതും ഇതെല്ലാം മുമ്പില്‍ കണ്ടുകൊണ്ടായിരിക്കണം. അതുവരെ പരസ്യവിവാദങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുന്നതാണ് ഭംഗി. ജനതയുടെ ഐക്യത്തെ തകര്‍ക്കാനാണ് എക്കാലത്തും ബാബറിപ്പള്ളി തര്‍ക്കം ഉപയോഗിച്ചിരുന്നതെന്ന ചരിത്രത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളുകയാണ് വേണ്ടത്. ഒന്നാം സ്വാതന്ത്യ്രസമരത്തിന് കണ്ട അസാധാരണമായ ഹിന്ദു-മുസ്ളിം ഐക്യം കണ്ട് പരിഭ്രാന്തി പൂണ്ട ബ്രിട്ടീഷ് സാമ്രാജ്യത്വമാണ് ബാബറിപ്പള്ളിയെ തര്‍ക്കപ്രശ്നമായി വിഭജിച്ച് ഭരിക്കുന്നതിന്റെ വിത്തുപാകിയത്. ഫൈസാബാദില്‍ ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിനു നേതൃത്വം നല്‍കിയ മൌലവി അഹമ്മദുള്ളയെയും മഹന്ത് രാംചര ദാസിനെയും ഒരേ ആല്‍മരത്തില്‍ തൂക്കിക്കൊന്ന ബ്രിട്ടീഷുകാര്‍ക്ക് അതുകൊണ്ടു മാത്രം ആധിപത്യം തുടര്‍ച്ചയില്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു. അവര്‍ പിന്നീട് പാകിയ വൈരത്തിന്റെ വിത്താണ് നൂറ്റാണ്ടുകളിലൂടെ വന്‍വിഷമരമായി മാറിയത്. പുതിയ സാമ്രാജ്യത്വത്തിന്റെ നയങ്ങള്‍ക്ക് തുടക്കമിട്ട 1991നു തൊട്ടുപിറ്റേ വര്‍ഷം ബാബറിപ്പള്ളി തകര്‍ത്തതിലൂടെ കലാപവഴികള്‍ തുറന്നിട്ട് ആഗോളവല്‍ക്കരണവിരുദ്ധ സമരനിരയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചതും സമകാലിക ചരിത്രം. ഇപ്പോഴത്തെ കോടതിവിധിയെ വികാരങ്ങളുടെ ഉറഞ്ഞുതുള്ളലിലേക്ക് നയിക്കാതെ സംയമനത്തിന്റെ ഉദാത്ത മാതൃകയാകാന്‍ സമൂഹത്തിനു കഴിയേണ്ടതുണ്ട്. അവസാനവിധിക്കായുള്ള മതനിരപേക്ഷ ഇന്ത്യയുടെ കാത്തിരിപ്പ് സമാധാനത്തിന്റെ വഴികളിലൂടെയാകട്ടെ.
No comments:
Post a Comment