Monday, February 20, 2012


സര്‍ക്കാരിന്റെ കുറ്റവിചാരണയ്ക്ക് പിറവം

തിരു: സംസ്ഥാനത്തിന്റെ വികസനപ്രക്രിയ മുരടിപ്പിക്കുകയും സാമ്പത്തികപ്രതിസന്ധിയിലേക്കു തള്ളിവിടുകയുംചെയ്ത യുഡിഎഫ് സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യാന്‍ പിറവം ഒരുങ്ങുന്നു. അധികാരമേറ്റ് എട്ടുമാസം തികയുമ്പോള്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന യുഡിഎഫ് കടുത്ത പ്രതിസന്ധിയുടെ ചുഴിയിലാണ്. ജനവിരുദ്ധഭരണം സൃഷ്ടിച്ച മങ്ങിയ പ്രതിഛായയും മുന്നണിയിലെ ആഭ്യന്തരക്കുഴപ്പങ്ങളും കാരണം ഉപതെരഞ്ഞെടുപ്പ് പരമാവധി നീട്ടിക്കൊണ്ടുപോകാന്‍ നടത്തിയ ശ്രമങ്ങള്‍ പൊളിഞ്ഞതോടെ യുഡിഎഫ് നേതൃത്വം അങ്കലാപ്പിലാണ്. അധികാരദുര്‍വിനിയോഗത്തിന്റെ പര്യായമായി മാറിയ യുഡിഎഫ് സര്‍ക്കാര്‍ എട്ടുമാസംകൊണ്ട് ജനദ്രോഹത്തിലും റെക്കോഡിട്ടു. എല്‍ഡിഎഫ് ഭരണകാലത്ത് വിവിധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ ചുരുങ്ങിയ നാളുകള്‍ക്കകം തല്ലിക്കെടുത്തി. സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രത തകര്‍ത്തു. ആരോഗ്യ-വിദ്യാഭ്യാസമേഖലകളിലെ ജനപ്രിയനടപടികള്‍ ഉപേക്ഷിച്ചു. സാമുദായികസൗഹാര്‍ദത്തിന് ഉലച്ചില്‍ തട്ടുന്ന നടപടികളിലൂടെ കുപ്രസിദ്ധി നേടി. അഴിമതിക്കേസില്‍ വിജിലന്‍സ് കേസില്‍ ഉള്‍പ്പെട്ട മന്ത്രിമാര്‍ ഭരിക്കുന്ന നാട്ടില്‍ സുപ്രീംകോടതി ശിക്ഷിച്ച ഒരു മുന്‍മന്ത്രിയെ നിയമവ്യവസ്ഥകളെ വെല്ലുവിളിച്ച് തുറന്നുവിട്ടു. മുഖ്യമന്ത്രിയെത്തന്നെ അഴിമതിക്കേസില്‍നിന്ന് രക്ഷിക്കാന്‍ വിജിലന്‍സ് സംവിധാനം നോക്കുകുത്തിയാക്കി. കാസര്‍കോട് വര്‍ഗീയകലാപം അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനെ പിരിച്ചുവിട്ട സര്‍ക്കാര്‍ , മാറാട് കലാപം അന്വേഷിച്ച ഉന്നത ഉദ്യോഗസ്ഥരെ പിന്‍വലിച്ചു. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ജനസമ്പര്‍ക്കപരിപാടി സംഘടിപ്പിച്ച് കോടികള്‍ ധൂര്‍ത്തടിച്ചെങ്കിലും ആര്‍ക്കും പ്രയോജനം കിട്ടിയിട്ടില്ല. മുഖ്യമന്ത്രി വിമാനവേഗത്തില്‍ പോകുകയാണെങ്കില്‍ മറ്റു മന്ത്രിമാര്‍ പാസഞ്ചറിന്റെ വേഗത്തിലാണെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ വെള്ളിയാഴ്ച പരിഹസിച്ചത്. തങ്ങളെ നോക്കുകുത്തിയാക്കി മുഖ്യമന്ത്രി വണ്‍മാന്‍ ഷോ നടത്തുന്നതിന്റെ രോഷം ഉള്ളിലൊതുക്കുകയാണ് മന്ത്രിമാര്‍ . എല്ലാ വകുപ്പിലും മുഖ്യമന്ത്രിയും ഓഫീസും ഇടപെടുന്നു. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതികളിലൊന്നില്‍പോലും വ്യക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനായിട്ടില്ല. കൊച്ചി മെട്രോ റെയില്‍ ഉള്‍പ്പെടെ സ്വകാര്യമേഖലയെ വഴിവിട്ട് സഹായിക്കാന്‍ നടത്തിയ നീക്കങ്ങള്‍ വിവാദമായി. യുഡിഎഫില്‍ കക്ഷികള്‍ തമ്മിലും ഓരോ കക്ഷിക്കകത്തും കലഹം മുറുകി. കോണ്‍ഗ്രസില്‍ പ്രതിസന്ധി ഒഴിഞ്ഞ നേരമില്ല. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും തമ്മില്‍ ഭിന്നത രൂക്ഷമായി തുടരുന്നു. കെഎസ്യു തെരഞ്ഞെടുപ്പ് തെരുവുയുദ്ധമായി മാറിയത് എ, ഐ ഗ്രൂപ്പ് വഴക്കിന്റെ തുടര്‍ച്ചയാണ്. ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനത്തിലെ ഭിന്നത പുറത്തുവന്നുകഴിഞ്ഞു. തമ്മിലടി കാരണം കെപിസിസി-ഡിസിസി പുനഃസംഘടനപോലും നടത്താനായില്ല. കേരള കോണ്‍ഗ്രസില്‍ മാണിയും ജോസഫും പി സി ജോര്‍ജും മൂന്ന് വഴിക്കാണ്. മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ മാണി കേരളയും കോണ്‍ഗ്രസും തമ്മിലും ഭിന്നത തുടരുകയാണ്. ബാലകൃഷ്ണപിള്ളയും മകന്‍ ഗണേശും തമ്മിലുള്ള തര്‍ക്കം ക്രമസമാധാനപ്രശ്നം മാത്രമല്ല, സാംസ്കാരികപ്രശ്നവുമായി. വീരന്‍ ജനതയിലും അസംതൃപ്തി രൂക്ഷമാണ്. ജെഎസ്എസ് ഇടഞ്ഞുനില്‍ക്കുന്നു. മന്ത്രി ഷിബുബേബിജോണിനും ആര്‍എസ്പി ബിക്കുമെതിരെ കോണ്‍ഗ്രസ് വാളോങ്ങി നില്‍ക്കുകയാണ്. രൂക്ഷമായ പ്രതിസന്ധികള്‍ക്കിടയില്‍ ഭരണം നിലനില്‍ക്കുന്നത് ഘടക കക്ഷികളുടെ അധികാരക്കൊതിയില്‍ മാത്രമാണ്. എന്നാല്‍ , സാധാരണ ജനങ്ങള്‍ക്ക് ഭരണം മടുത്തെന്ന് യുഡിഎഫ് നേതൃത്വംതന്നെ തിരിച്ചറിയുന്നു. ഈ സാഹചര്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടുമെന്ന പരിഭ്രാന്തിയിലാണിവര്‍ .

യു ഡി എഫിന്റെ നെറികെട്ട ഇലക്ഷന്‍ സ്റ്റണ്ട്..... റെയിവേ കോച്ച് ഫാക്ടറി കഞ്ചിക്കോട്.... തറക്കല്ലിടുന്നത് പത്ത് കിലോമീറ്റര്‍ അകലെ


യു ഡി എഫിന്റെ നെറികെട്ട ഇലക്ഷന്‍ സ്റ്റണ്ട്.....


റെയിവേ കോച്ച് ഫാക്ടറി  കഞ്ചിക്കോട്.... തറക്കല്ലിടുന്നത് പത്ത് കിലോമീറ്റര്‍ അകലെ പാലക്കാട് കോട്ടമൈതാനിയില്‍. 



പാലക്കാട്: മൂന്ന് പതിറ്റാണ്ടത്തെ കാത്തിരിപ്പിനുശേഷം പാലക്കാടിന് അനുവദിച്ച കോച്ച് ഫാക്ടറിക്ക് ചൊവ്വാഴ്ച ശിലയിടുമ്പോള്‍ നടപ്പാകുമോ എന്നതിന് ഇപ്പോഴും ഉറപ്പില്ല. പദ്ധതിക്ക് സ്ഥലം ഏറ്റെടുത്തത് കഞ്ചിക്കോടാണെങ്കിലും തറക്കല്ലിടുന്നത് പത്ത് കിലോമീറ്റര്‍ അകലെ പാലക്കാട് കോട്ടമൈതാനിയിലാണ്. ബജറ്റില്‍ ഒരു രൂപ പോലും നീക്കിവയ്ക്കാതെയാണ് നിര്‍മാണം ആരംഭിക്കുന്നത്. പിറവം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പാണ് കേന്ദ്രമന്ത്രിസഭ കോച്ച് ഫാക്ടറിക്ക് അനുമതി നല്‍കിയത്. കേന്ദ്രപ്രതിരോധവകുപ്പിന്റെ കീഴിലുള്ള ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡിന് കഞ്ചിക്കോടാണ് തറക്കല്ലിട്ടത്. ഫാക്ടറിക്ക് പാലക്കാട് ടൗണില്‍ തറക്കല്ലിടുന്നത് പ്രചാരണതന്ത്രം മാത്രമാണെന്ന് വ്യക്തം. വരുന്ന റെയില്‍വേ ബജറ്റില്‍ കോച്ച് ഫാക്ടറിക്ക് പണം അനുവദിക്കുമെന്ന കാര്യത്തില്‍ ഇതുവരെ ഉറപ്പ് ലഭിച്ചിട്ടുമില്ല. പാലക്കാടിനെ വെട്ടിമുറിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ചപ്പോള്‍ പകരം നല്‍കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു 900 ഏക്കറില്‍ വിപുലമായ ടൗണ്‍ഷിപ്പോടുകൂടിയ കോച്ച് ഫാക്ടറി. എന്നാല്‍ , ഇപ്പോള്‍ തറക്കല്ലിടുന്നത് ചെറുകിട ഫാക്ടറിക്കാണ്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറെ താല്‍പ്പര്യമെടുത്ത് നടപടി പൂര്‍ത്തിയാക്കിയ കോച്ച് ഫാക്ടറിയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ആഗോള ടെന്‍ഡറും സ്വകാര്യ പങ്കാളിത്തവുമെന്ന് എല്‍ഡിഎഫ് സര്‍ക്കാരില്‍ റെയില്‍വേയുടെ ചുമതല വഹിച്ചിരുന്ന മുന്‍ മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. പൂര്‍ണമായും പൊതുമേഖലയില്‍ വേണമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വച്ച പ്രധാന ആവശ്യം. 430 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് സൗജന്യമായി റെയില്‍വേയ്ക്ക് നല്‍കിയപ്പോള്‍ സ്ഥലവിലയ്ക്ക് ആനുപാതികമായ ഓഹരി സംസ്ഥാന സര്‍ക്കാരിന് വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ ഇതെല്ലാം ഉപേക്ഷിച്ചു. സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ ആഗോള ടെന്‍ഡര്‍ വിളിക്കുമെന്നാണ് റെയില്‍വേയുടെ നിലപാട്. 76 ശതമാനം പങ്കാളിത്തവും സ്വകാര്യ മേഖലയിലാണ്..വേണു കെ ആലത്തൂര്‍

Saturday, February 18, 2012


ഇറ്റാലിയന്‍ കപ്പല്‍ പിടിച്ചെടുത്ത് കൊലയാളികളെ 


ശിക്ഷിക്കണം: സിപിഐ എം




തിരു: മീന്‍ പിടിക്കാന്‍ നീണ്ടകരയില്‍ നിന്നും പോയ മല്‍സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയന്‍ കപ്പല്‍ പിടിച്ചെടുക്കണമെന്നും കൊലയാളികളെ കസ്റ്റഡിയിലെടുത്ത് കര്‍ശന നിയമനടപടിക്ക് വിധേയമാക്കണമെന്നും സി.പി.ഐ എം സംസ്ഥാനസെക്രട്ടേറിയറ്റ്.
സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ എന്ന് ധരിച്ചാണ് രണ്ട് ഇന്ത്യന്‍ മല്‍സ്യതൊഴിലാളികളെ വെടിവെച്ചുകൊന്നതെന്ന ഇറ്റാലിയന്‍ ന്യായം ആര്‍ക്കും അംഗീകരിക്കാനാവില്ല. സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഉചിതമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ കേരള പോലീസും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും കടുത്ത ഉദാസീനത കാട്ടിയിരിക്കുകയാണ്. മല്‍സ്യതൊഴിലാളികളുടെ ജീവന് വിലയില്ല എന്ന് അധികാരികള്‍ ധരിക്കരുത്. യാതൊരു പ്രകോപനവുമില്ലാതെ മല്‍സ്യതൊഴിലാളികളെ കശാപ്പ് ചെയ്തശേഷം ഇറ്റാലിയന്‍ കപ്പലിലെ കപ്പിത്താനും ഇറ്റാലിയന്‍ അധികൃതരും പെരുമാറുന്നത് ധാര്‍ഷ്ട്യത്തോടെയാണ്.
സമുദ്രയാന സംബന്ധമായ സകല നിയമങ്ങളും ഇറ്റാലിയന്‍ കപ്പല്‍ കാറ്റില്‍ പറത്തിയാണ് വെടിവെപ്പ് നടത്തിയത്. ജീവനും കപ്പലിനും ആപത്ത് പൂര്‍ണ്ണമായി ഉറപ്പാവുന്ന ഘട്ടത്തില്‍ മാത്രമേ കപ്പലിലെ സായുധ ഗാര്‍ഡുകള്‍ തോക്ക് പ്രയോഗിക്കാവൂ എന്നാണ് നിയമം. അതുകൊണ്ട് തന്നെ നീണ്ടകരയില്‍ നിന്നുപോയ ബോട്ടിനെതിരെ വെടി ഉതിര്‍ക്കാനുള്ള ഒരു പ്രകോപനവും ഉണ്ടായിരുന്നില്ല. പതിനൊന്ന് മല്‍സ്യതൊഴിലാളികളും മല്‍സ്യബന്ധനോപകരണങ്ങളും അല്ലാതെ മറ്റൊന്നും ബോട്ടിലുണ്ടായിരുന്നില്ല.
ജീവന്‍ നഷ്ടമായ രണ്ട് മത്സ്യതൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയ്ക്ക് ഉപരിയായ നഷ്ടപരിഹാരത്തിന് ആ കുടുംബങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഇറ്റാലിയന്‍ കപ്പലിനും കുറ്റക്കാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുന്നതിനൊപ്പം ഉയര്‍ന്ന നഷ്ടപരിഹാരം ഇറ്റാലിയന്‍ കപ്പല്‍ കമ്പനിയില്‍ നിന്നും നേടിയെടുക്കാനും നടപടി സ്വീകരിക്കണം. ഇറ്റാലിയന്‍ കപ്പല്‍ കമ്പനിയില്‍ നിന്നുള്ള നഷ്ടപരിഹാരത്തിന് കാത്തുനില്‍ക്കാതെ സങ്കടകടലിലായ രണ്ട് മത്സ്യതൊഴിലാളി കുടുംബങ്ങളെ അര്‍ഹമായ തോതില്‍ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

Friday, February 17, 2012


സ്ത്രീപീഡകര്‍ക്ക് രക്ഷാകവചമോ?


വയനാട്ടിലെ ഒരു പെണ്‍കുട്ടിയെ ജോലിവാഗ്ദാനം നല്‍കി തലസ്ഥാനത്തെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കി എന്ന വാര്‍ത്തയോട് സര്‍ക്കാരും മാധ്യമങ്ങളും കുറ്റകരമായ അശ്രദ്ധയാണ് കാണിക്കുന്നത്. ആരോപണവിധേയനായത് സംസ്ഥാനം ഭരിക്കുന്ന മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ വ്യക്തിയാണ്. ഭരണകക്ഷിയിലും ഭരണതലത്തിലും സ്വാധീനമുള്ള അത്തരമൊരാള്‍ക്ക് പരാതികള്‍ ഒതുക്കിത്തീര്‍ക്കാനും പരാതിക്കാരുടെ വായടപ്പിക്കാനും കഴിയുന്ന സാഹചര്യം ഇന്ന് കേരളത്തിലുണ്ട്. ദുര്‍ബലവിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിക്കും കുടുംബത്തിനും മലയോട് കല്ലെറിയാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിത്തന്നെയാണ് ഈ പ്രശ്നത്തില്‍ ഭരണകക്ഷിയുടെ ഇടപടലുണ്ടാകുന്നത് എന്ന് വിശ്വസിക്കാന്‍ തക്കവിവരങ്ങള്‍ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇരയെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും പരാതിയില്ലെന്നു പറയിപ്പിക്കുന്നത് നീതീകരണമില്ലാത്ത ക്രിമിനല്‍ കുറ്റമാണ്. ഇവിടെ, മുഖ്യമന്ത്രിക്കും പട്ടികവിഭാഗ ക്ഷേമമന്ത്രിക്കും പരാതി കിട്ടിയിട്ടും നടപടിയെടുക്കാന്‍ തയ്യാറാകുന്നില്ല. കുറ്റവാളികളെ രക്ഷിക്കാന്‍ ഉന്നത ഭരണാധികാരകള്‍തന്നെ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നു.

വ്യഭിചാരക്കേസുകള്‍പോലും വന്‍ വാര്‍ത്താപ്രാധാന്യം നേടുന്ന കേരളത്തിലാണ്, ഒരു ആദിവാസിപ്പെണ്‍കുട്ടി വഞ്ചനയ്ക്കും ക്രൂരമായ ലൈംഗിക പീഡനത്തിനും ഇരയായിട്ടും മാധ്യമങ്ങളുടെയും വിവാദോപജീവികളുടെയും തികഞ്ഞ മൗനം എന്നത് ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. സൂര്യനെല്ലി കേസില്‍ വേട്ടയാടപ്പെട്ട പെണ്‍കുട്ടിയെ, ആ കേസ് സുപ്രീംകോടതിയില്‍ നടന്നുകൊണ്ടിരിക്കെ ധനാപഹരണക്കേസില്‍പ്പെടുത്തി ജയിലിലടച്ചതിനെക്കുറിച്ചും പൊതുസമൂഹത്തില്‍ സംശയങ്ങളുയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ നിരക്ക് വര്‍ധിച്ചുവരികയാണ്. ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം 2011 ജൂണ്‍വരെ 6604 കേസാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2010ല്‍ ആകെ 10781 കേസാണുണ്ടായിരുന്നത്. 2011ലെ ആദ്യ ആറുമാസത്തെ കണക്ക് കേസുകളുടെ എണ്ണത്തിലെ വലിയ വര്‍ധനയെ സൂചിപ്പിക്കുന്നു. കുടുംബത്തിനകത്തുള്ള അതിക്രമങ്ങള്‍ , ലൈംഗികാതിക്രമങ്ങള്‍ , ബലാത്സംഗം എന്നിവയിലും വര്‍ധനയാണുണ്ടാകുന്നത്. ട്രെയിന്‍യാത്രക്കാരായ സ്ത്രീകള്‍ക്ക് നേരെ 2010ല്‍ 12 ലൈംഗികാതിക്രമ സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കില്‍ 2011 ജൂണ്‍വരെമാത്രം 13 കേസുണ്ടായി. 2011 ഫെബ്രുവരിയില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ക്രൂരമായ ബലാത്സംഗത്തിനിരയായി സൗമ്യ കൊല്ലപ്പെട്ട കേസിലെ കുറ്റവാളി ശിക്ഷിക്കപ്പെട്ടെങ്കിലും യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷ സംബന്ധിച്ചുള്ള ആശങ്കകള്‍ക്ക് പരിഹാരം കണ്ടിട്ടില്ല. വനിതാ കമ്പാര്‍ട്മെന്റുകളിലെ അരക്ഷിതാവസ്ഥ തുടരുന്നു. റെയില്‍വേയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ഇതിനുത്തരവാദികളാണ്. പെണ്‍കുട്ടികളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ആശങ്കയൊഴിഞ്ഞ് ജീവിക്കാനാകുന്നില്ല എന്ന സാഹചര്യമാണ് ഇന്നുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ചതിയിലും പ്രലോഭനത്തിലും മറ്റും പെട്ട് ഗര്‍ഭിണികളാകുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബന്ധുക്കളില്‍നിന്നും സ്കൂളില്‍നിന്നും യാത്രാവേളകളിലും വഴിയിലും മറ്റും പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളും വരെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരകളാകുന്നു.

ചതിക്കുഴികള്‍ക്കു മുകളിലൂടെയാണ് പെണ്‍കുട്ടികളുടെ സഞ്ചാരം. ഏതെങ്കിലുമൊരു കുട്ടി കെണിയില്‍പ്പെട്ടാല്‍ വാര്‍ത്തയുടെയും വിവാദത്തിന്റെയും ആഘോഷം തുടങ്ങുന്നവര്‍ ചതിക്കുഴികളെക്കുറിച്ചോ കെണിവച്ച് കാത്തിരിക്കുന്നവരെക്കുറിച്ചോ മിണ്ടുന്നില്ല. ഇന്റര്‍നെറ്റും മൊബൈല്‍ഫോണും അടക്കമുള്ള പുതിയ സാങ്കേതികവിദ്യ പെണ്‍വാണിഭങ്ങള്‍ക്കും ലൈംഗികചൂഷണത്തിനുമായി ഉപയോഗിക്കുന്നു. കര്‍ണാടകത്തിലോ മഹാരാഷ്ട്രയിലോപോലെ പരസ്യ പെണ്‍വാണിഭം ഇല്ലെങ്കിലും കേരളത്തില്‍ പെണ്‍കുട്ടികളെ ഏറ്റവുമധികം ഭയപ്പെടുത്തുന്ന സമൂഹിക സാഹചര്യമാണ് ഉള്ളതെന്നത് അതിശയോക്തിയല്ല. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നുവെന്നത് സമൂഹത്തിന്റെ തകരുന്ന മാനസികാരോഗ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. അത്തരമൊരവസ്ഥയുടെ വിപുലീകരണത്തിനാണ്, സ്ത്രീ പീഡനക്കേസുകളോടുള്ള സര്‍ക്കാരിന്റെ നിസ്സംഗസമീപനം വഴിയൊരുക്കുക. നിസ്സംഗത മാത്രമല്ല, കുറ്റവാളികള്‍ക്ക് രക്ഷാകവചമൊരുക്കല്‍തന്നെയാണ് ഇവിടെ സംഭവിക്കുന്നത്. വയനാട് സംഭവം ഏറ്റവുമൊടുവിലത്തെ ഉദാഹരണംമാത്രം. ആ പെണ്‍കുട്ടി എങ്ങനെ പീഡനവാര്‍ത്തകളിലെത്തി, അവളെ എന്തിന്, ആര് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി, സ്വന്തം ഒപ്പിട്ട് മന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയില്‍നിന്ന് എന്തുകൊണ്ട് പെണ്‍കുട്ടിയുടെ പിതാവ് പിന്മാറി, പെണ്‍കുട്ടി പേരുവച്ച് നിഷേധക്കുറിപ്പ് ഇറക്കാനിടയായതെന്തുകൊണ്ട്, ആരോപണ വിധേയനായ പേഴ്സണല്‍ സ്റ്റാഫംഗത്തെക്കുറിച്ച് മന്ത്രി അഭിപ്രായം പറയാത്തതെന്തുകൊണ്ട്, പരാതിയില്‍നിന്ന് പിന്മാറ്റാനായി പ്രവര്‍ത്തിച്ച ഘടകങ്ങളേതൊക്കെ എന്നിങ്ങനെയുള്ള അനേകം സംശയങ്ങള്‍ നിലനില്‍ക്കുകയാണ്. ഉത്തരം പറയേണ്ടത് ആഭ്യന്തരവകുപ്പുകൂടി കൈയാളുന്ന മുഖ്യമന്ത്രിയാണ്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പാക്കുന്ന തരത്തില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റമുണ്ടാക്കുന്നതിനുള്ള പരിശ്രമത്തിന് നേതൃത്വം നല്‍കേണ്ട സര്‍ക്കാര്‍തന്നെ കുറ്റാവാളികളുടെ സംരക്ഷകരാകുമ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നതില്‍ തര്‍ക്കമില്ല. വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുകയും പെണ്‍വാണിഭ സംഘങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നവരുടെ നിലവാരത്തിലേക്ക് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രധാന തസ്തികയിലിരിക്കുന്ന ഒരാള്‍ താഴ്ന്നിരിക്കുന്നു. അയാള്‍ ബലാത്സംഗമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന പരാതിയെ ഇരയുടെ വായ് മൂടിയതുകൊണ്ടുമാത്രം അവഗണിച്ചു തള്ളാന്‍ സമൂഹത്തിന് കഴിയില്ല. ഗൗരവമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവന്നേ മതിയാകൂ. വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും സമയബന്ധിതമായി അന്വേഷിച്ച് പ്രതികളെ ശിക്ഷിക്കുന്നതിനും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും സുരക്ഷ ഉറപ്പുവരുത്തുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഇനിയും അമാന്തിക്കരുത്.

Thursday, February 16, 2012


പ്രവാസത്തിന് മലയാളികള്‍ പുതിയ ഭാഷ്യം നല്‍കി -സി. രാധാകൃഷ്ണന്‍


അബൂദബി: ലോകത്തെ ഏറ്റവും മനോഹര നാടായ കേരളത്തില്‍നിന്ന് അന്യ രാജ്യങ്ങളിലേക്ക് കുടിയേറിയ മലയാളികള്‍ പ്രവാസത്തിന് പുതിയ ഭാഷ്യം ചമക്കുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. അബൂദബി എം.ഇ.എസ് പൊന്നാനി കോളജ് അലുംനി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ദശവല്‍സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പ്രകൃതി ദുരന്തം സംഭവിക്കുമ്പോഴോ ഭീകരമായ ആക്രമണമുണ്ടാകുമ്പോഴോ ആണ് ഒരു ജനത മറ്റൊരു ദേശത്തേക്ക് കുടിയേറുന്നത്. ഇതൊന്നുമില്ലാതെ തന്നെ മലയാളികള്‍ അന്യരാജ്യത്തേക്ക് കുടിയേറി. മലയാളികള്‍ പ്രവാസം ആരംഭിച്ചിട്ട് എത്രയോ ദശാബ്ദങ്ങളായി. സ്വന്തം കുടുംബത്തെയും നാടിനെയും അന്യദേശത്തെയും ഇത്രമേല്‍ സ്നേഹിക്കുന്നത് പ്രവാസികളായിരിക്കും. ഏത് നാട്ടിലായാലും ആ നാടിന്‍െറ ഭാഷയും സംസ്കാരവും മലയാളി നിഷ്പ്രയാസം സ്വീകരിക്കുന്നു, പഠിക്കുന്നു.നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ കേരളവും വ്യത്യസ്ത ഭാഷകളെയും സംസ്കാരത്തെയും അന്യജനതയെയും ഉള്‍ക്കൊണ്ടിട്ടുണ്ട്. ക്രിസ്തു മതത്തെയും ഇസ്ലാം മതത്തെയും നാം സ്വീകരിച്ചു; ഉള്‍ക്കൊണ്ടു. പള്ളികള്‍ പണിയാനും മതം പ്രചരിപ്പിക്കാനും സൗകര്യം ചെയ്തു. എല്ലാ മതങ്ങളും അവരുടെ സംസ്കാരങ്ങളും ഭാഷയും കേരളത്തില്‍ തഴച്ചുവളര്‍ന്നു. ഈ സാംസ്കാരിക പാരമ്പര്യമുള്ളതുകൊണ്ടാണ് കേരളീയര്‍ ലോകത്തെവിടെയും വിജയിക്കുന്നത്. കേരളം ഇന്നൊരു ആഗോള ജനതയാണ്. പ്രവാസത്തിലൂടെ ഇത്രയും അഭ്യുന്നതി നേടിയ മറ്റൊരു ജനതയില്ല. കേരളം സാമ്പത്തികമായി ഉയര്‍ച്ച നേടിയിട്ടുണ്ടെങ്കില്‍ അത് പ്രവാസത്തിലൂടെയാണ്. ലോകത്തെ ഓരോ രാജ്യത്തുനിന്നും മലയാളി നല്‍കുന്ന സമ്പാദ്യം ഭരണാധികാരികളുടെ കണക്കുകള്‍ക്കുപ്പുറത്താണ്-സി. രാധാകൃഷ്ണന്‍ പറഞ്ഞു. അബൂദബിയിലെ പൊന്നാനി കോളജ് അലുംനിക്കാര്‍ 25 കുട്ടികള്‍ക്ക് ആ ജീവനാന്ത സ്കോളര്‍ഷിപ്പ് നല്‍കുന്നത് ഏറ്റവും നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മെസ്പോ പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. പൊന്നാനി കോളജ് പ്രിന്‍സിപ്പലായിരുന്ന മൊയ്തീന്‍കുട്ടിയെ കുറിച്ച അനുസ്മരണ പ്രഭാഷണം പ്രഫ. കടവനാട് മുഹമ്മദ് നിര്‍വഹിച്ചു. സമാജം പ്രസിഡന്‍റ് ഡോ. മനോജ് പുഷ്കര്‍, കെ.എസ്.സി. പ്രസിഡന്‍റ് കെ.ബി. മുരളി, ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് ബാവഹാജി, പ്രൊഫ. ഷംസുദ്ദീന്‍, നാരായണന്‍ വെളിയങ്കോട്, കെ.കെ. മൊയ്തീന്‍കോയ, സലീം ബാബു, പി.കെ. ഇസ്മാഈല്‍, ഡോ. അബ്ദുറഹ്മാന്‍ കുട്ടി, സഫറുല്ല പാലപ്പെട്ടി, ഉദയകുമാര്‍, പ്രകാശ് പള്ളിക്കാട്ടില്‍, നൗഷാദ്, താഹിര്‍ ഇസ്മാഈല്‍ എന്നിവര്‍ സംസാരിച്ചു. എം. അബ്ദുറഹ്മാന്‍ സ്വാഗതവും അബ്ദുല്‍ ജമാല്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.

അറബ് വസന്തം ഇന്ത്യന്‍ സമുദ്രത്തിലേക്ക്്
പി ഗോവിന്ദപ്പിള്ള


കഴിഞ്ഞ ഏതാനും മാസങ്ങളായി ജനാധിപത്യത്തിനുവേണ്ടി സ്വേച്ഛാധിപതികള്‍ക്കെതിരെ പല അറബ് രാജ്യങ്ങളിലും വിജയകരമായും അല്ലാതെയും നടന്ന ജനകീയപ്രക്ഷോഭത്തിന്റെ അലകള്‍ ഇന്ത്യന്‍ സമുദ്രത്തിലേക്കും വ്യാപിച്ചിരിക്കുന്നു.ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന മാലി ദ്വീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം ഇതിന്റെ ഭാഗമായി കണക്കാക്കാം. 1192 ദ്വീപുകളുടെ സമൂഹമാണ് മാലി ദ്വീപ്. ചുരുക്കം ചില ദ്വീപുകളില്‍ മാത്രമേ ജനവാസമുള്ളൂ. മൂന്ന് ലക്ഷത്തോളമാണ് ജനസംഖ്യ. തദ്ദേശീയര്‍ മതംമാറി മുസ്ലിങ്ങള്‍ ആയവരും വ്യാപാരാര്‍ഥം കുടിയേറിയ അറബികളുമാണ് ഭൂരിപക്ഷം. ആഫ്രിക്കയും കിഴക്കനേഷ്യയും ഇന്ത്യയും തമ്മിലുള്ള നാവികബന്ധങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന സ്ഥാനമാണ് മാലി ദ്വീപിനുള്ളത്.

ഒരുകാലത്ത് കടല്‍ക്കൊള്ളക്കാരുടെ ആവാസകേന്ദ്രമായിരുന്നു ഈ ദ്വീപുകള്‍ . മുപ്പത് വര്‍ഷത്തിലേറെ സ്വേച്ഛാധിപതിയായി വാണ മൗമൂന്‍ അബ്ദുള്‍ ഖയൂമിനെ പരാജയപ്പെടുത്തിയാണ് 2008ല്‍ മുഹമ്മദ് നഷീദ് പ്രസിഡന്റായി അധികാരമേറ്റത്. ജനാധിപത്യത്തിന്റെ മുഖംമൂടിയണിഞ്ഞ് അധികാരത്തിലെത്തിയ നഷീദ് അബ്ദുള്‍ ഖയൂമിന്റെ മാര്‍ഗത്തില്‍ത്തന്നെയാണ് ചലിച്ചത്. ഈ സാഹചര്യത്തിലാണ് ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തില്‍ മാലിദ്വീപ് തിളച്ചുമറിയാന്‍ തുടങ്ങിയിരിക്കുന്നത്. മൂന്നാഴ്ച നീണ്ടുനിന്ന പ്രക്ഷോഭത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുഹമ്മദ് നഷീദ് രാജിവച്ചു. പട്ടാളത്തെ ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് ഗത്യന്തരമില്ലാതെ സ്ഥാനമൊഴിഞ്ഞത്. നഷീദിന്റെ രാജിയെ തുടര്‍ന്ന് അധികാരത്തിലെത്തിയിരിക്കുന്നത് മുഹമ്മദ് വാഹിദ് ഹസ്സനാണ്. സിവില്‍ ഉദ്യോഗസ്ഥരെയും പട്ടാളമേധാവിയെയും പുതുതായി നിയമിച്ച് സ്വന്തം സ്വാധീനം എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഹസ്സന്‍ ആദ്യം ചെയ്തത്.

പക്ഷേ മാലിദ്വീപിലെ പുതിയ സംഭവവികാസങ്ങള്‍ അവസാനിച്ചു എന്നുപറയാറായിട്ടില്ല. മാലിയുടെ തന്ത്രപരമായ പ്രാധാന്യവും ഭൂമിശാസ്ത്രപരമായ കിടപ്പും പല ബാഹ്യശക്തികളെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. മാലിയുടെ തെക്ക്-കിഴക്ക് മാറി സ്ഥിതിചെയ്യുന്ന ഡീഗോ ഗാര്‍ഷ്യ ദ്വീപ് അമേരിക്കയുടെ പ്രധാനപ്പെട്ട സൈനികത്താവളമാണ്. ആദ്യമൊക്കെ ഡീഗോ ഗാര്‍ഷ്യയില്‍ അമേരിക്ക താവളമുറപ്പിക്കുന്നതിനെ ഇന്ത്യ എതിര്‍ത്തിരുന്നു. എന്നാല്‍ , ഉറച്ച അമേരിക്കന്‍ പക്ഷപാതിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇപ്പോള്‍ ഇതേക്കുറിച്ച് മിണ്ടുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രവും ശാന്തമഹാസമുദ്രവും സാമ്രാജ്യത്വസ്വാധീനത്തില്‍നിന്ന് മുക്തമാക്കുക എന്നത് ലോകസമാധാനത്തിന് ഒഴിച്ചുകൂടാന്‍ വയ്യാത്ത കര്‍ത്തവ്യമാണ്. ഏഷ്യാ പസഫിക് മേഖലയില്‍ നാവികസാന്നിധ്യം വര്‍ധിപ്പിക്കുക എന്ന അമേരിക്കന്‍ സാമ്രാജ്യത്വപദ്ധതിയെക്കുറിച്ച് ഈ പംക്തിയില്‍ നേരത്തെ വിശദമായി പ്രതിപാദിച്ചിരുന്നതിനാല്‍ ആവര്‍ത്തിക്കുന്നില്ല. ഏഷ്യാ പസഫിക് മേഖലയിലെ അമേരിക്കന്‍ കടന്നുകയറ്റത്തെ ചൈന എതിര്‍ക്കുന്നുണ്ട്. എന്നാല്‍ , ഇന്ത്യ മൗനം പാലിക്കുകയാണ്. മാലി ദ്വീപിലെ സംഭവവികാസങ്ങള്‍ ഇന്ത്യയുടെയും ചൈനയുടെയും നിലപാടുകളുമായി കൂട്ടിവായിക്കേണ്ടതാണ്.

Wednesday, February 15, 2012

ക്രിസ്തുവും കമ്യൂണിസവും


  • ക്രിസ്തുവും കമ്യൂണിസവും

  • "മാര്‍ക്സിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെടുന്ന ക്രിസ്ത്യാനി മാര്‍ക്സിസവുമായി വളരെയൊന്നും ബന്ധമില്ലാത്ത പല ഭൗതിക തത്വശാസ്ത്രങ്ങളില്‍ ഏതെങ്കിലും ഒന്നുമായിട്ടായിരിക്കാം ബന്ധം പുലര്‍ത്തുന്നത്. ഒരു ക്രിസ്ത്യാനി മാര്‍ക്സിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെട്ടാല്‍ അത് മാര്‍ക്സിന്റെ രചനകളെല്ലാം വായിച്ചിട്ടില്ലാത്തതു കൊണ്ടാവാം. ഈ എതിര്‍പ്പ് വെറും അജ്ഞതയുടെ ഒരു ലക്ഷണമാണ്. യഥാര്‍ഥത്തില്‍ ഞാനതു കാര്യമാക്കുന്നില്ല. മാര്‍ക്സിസത്തെ സംരക്ഷിക്കാനുള്ള കടപ്പാടൊന്നും എനിക്കില്ല. പക്ഷേ, ഒരു ക്രിസ്ത്യാനി കമ്യൂണിസ്റ്റ് വിരുദ്ധനാണെന്നവകാശപ്പെടുന്നത് വളരെ വ്യത്യസ്തമായൊരു കാര്യമാണ്. മാത്രമല്ല സംശയലേശമെന്യേ ഇതു നമ്മുടെ നൂറ്റാണ്ടിലെ ഏറ്റവും വലിയ അപവാദവുമാണ്".
    മേല്‍കൊടുത്ത ഉദ്ധരണി മൂന്നാം ലോകരാജ്യങ്ങളിലെ പ്രമുഖ ബൈബിള്‍ വ്യാഖ്യാതാവും അഭിവന്ദ്യ വൈദികനും കൂടിയായ ഡോ. ജോസഫ് പൊര്‍ഫിമിയോ മിറാന്‍ഡയുടേതാണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയ രചനയായ കമ്യൂണിസം ബൈബിളില്‍ എന്ന പുസ്തകത്തിലെ "ക്രിസ്തുമതം കമ്യൂണിസമാണ്" എന്ന ആദ്യ അധ്യായത്തിലെ ആദ്യ ഖണ്ഡികയിലാണ് ഇങ്ങനെ പറയുന്നത്.
    തുടര്‍ന്ന് മറ്റൊരു ഭാഗത്ത് അദ്ദേഹം ഇതുകൂടി പറയുന്നു. "ക്രിസ്ത്യാനികളുടെ അഭാവത്തില്‍ , കമ്യൂണിസത്തിന്റെ ആശയം പ്രചരിപ്പുകൊണ്ട് മാര്‍ക്സിസ്റ്റുകള്‍ നമുക്കൊരു ഉപകാരം ചെയ്തുതരികയായിരുന്നു". ഇതില്‍ "ക്രിസ്ത്യാനികളുടെ അഭാവത്തില്‍" എന്ന പ്രയോഗം സവിശേഷ ശ്രദ്ധ നേടുന്നു.
    സ്വയം ക്രിസ്ത്യാനികള്‍ എന്നവകാശപ്പെടുന്ന വലിയൊരു വിഭാഗവും അവര്‍ക്കു നേതൃത്വം കൊടുക്കുന്ന വലിയ ഇടയവൃന്ദവും നിലനില്‍ക്കെയാണ് അദ്ദേഹം "ക്രിസ്ത്യാനികളുടെ അഭാവ"ത്തിലെന്നു പറയുന്നത്. തന്റെ വിവാദ ക്രിസ്തുമത വിമര്‍ശഗ്രന്ഥമായ "ആന്റിക്രൈസ്റ്റ്"-ല്‍ "ലോകത്ത് ഒരൊറ്റ ക്രിസ്ത്യാനിയേ ഉണ്ടായിട്ടുള്ളു. അയാളാകട്ടെ കുരിശിലേറ്റപ്പെട്ടു" എന്ന ഫ്രഡറിക് നീത്ഷേയുടെ പരാമര്‍ശത്തിന് തുല്യമാണിത്. മിറാന്‍ഡാ പറയുന്നു: "കമ്യൂണിസം കൂടുതല്‍ പൂര്‍ണമാണെന്ന് നിശ്ചയിച്ചു കഴിഞ്ഞാല്‍ അത് ലോകത്തില്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ വ്യാപൃതമാകുകയാണ് യുക്തിയുക്തമായ തീരുമാനം. പക്ഷേ അതിനുപകരം കമ്യൂണിസത്തെ ചെറുക്കാന്‍ സ്വയം സമര്‍പ്പിക്കുകയും അതു സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരെ മരണംവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമാണ് ഇന്ന് സഭ സ്വീകരിച്ച നടപടി. (കമ്യൂണിസം) പൂര്‍ണതയുടെ മാര്‍ഗമാണെന്ന സിദ്ധാന്തത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ഒരു സൂത്രവും സൈദ്ധാന്തികമായ ഒഴിഞ്ഞുമാറ്റവുമാണെന്ന് പ്രകടമാക്കാന്‍ ഇതില്‍ കൂടുതല്‍ എന്തെങ്കിലും തെളിവു വേണ്ടതില്ല". -"കമ്യൂണിസം ബൈബിളില്‍" - പ്രോഗ്രസ് പബ്ലിക്കേഷന്‍ പേജ് 32.
    കേരളത്തെ കമ്യൂണിസത്തില്‍നിന്ന് രക്ഷിക്കാന്‍ 1959ല്‍ വിമോചന മസരം നടത്തുകയും ഈ അടുത്തകാലത്ത് "രണ്ടാം വിമോചന സമരം" പ്രഖ്യാപിച്ച് പിന്നീട് പിന്‍വലിക്കുകയും ചെയ്ത സഭയുടെ സ്വരത്തില്‍ ഇപ്പോള്‍ മാറ്റമുണ്ടായിത്തുടങ്ങുന്ന പശ്ചാത്തലത്തില്‍ ഡോ. മിറാന്‍ഡയുടെ പരാമര്‍ശം ഏറെ ശ്രദ്ധേയമാകുന്നു. "സ്നേഹത്തിന്റെ വഴി, അഥവാ കുരിശിന്റെ വഴിയില്‍ , നീതിയുടെ ആധിപത്യമുള്ള സമൂഹത്തിലെത്താന്‍ ക്രിസ്തു അനുശാസിക്കുന്നു. മാനവികതയുടെ പ്രായോഗികതയാണ് ഈ ദര്‍ശനം. മാര്‍ക്സിസവും നീതിക്കുവേണ്ടി നിലകൊള്ളുന്നു എന്നാണ് മനസ്സിലാക്കുന്നത്. നീതിയിലധിഷ്ഠിതമായ സാമൂഹ്യ സൃഷ്ടിയുടെ കാര്യത്തില്‍ ക്രൈസ്തവദര്‍ശനവും മാര്‍ക്സിസവും തമ്മില്‍ യോജിക്കാവുന്നതാണ്". ക്രൈസ്തവ പ്രസിദ്ധീകരണമായ "സത്യനാദ"ത്തിന്റെ ചീഫ് എഡിറ്ററും കത്തോലിക്കാ സഭയിലെ പ്രമുഖ വൈദികനുമായ ഫോ. പോള്‍ തേലക്കാടില്‍നിന്ന് ഇങ്ങനെ മാറ്റത്തിന്റെ ഒരു ശബ്ദം കേള്‍ക്കാന്‍ ഇടയാകുന്നു. സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചരിത്ര പ്രദര്‍ശനത്തില്‍ ആദ്യവിപ്ലവകാരിയും രക്തസാക്ഷിയുമായി ക്രിസ്തുവിനെ ചിത്രീകരിച്ചതിനെതിരെ പരോക്ഷസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ക്രിസ്തുമത വിശ്വാസികളില്‍ ചിലരുടെ നേതൃത്വത്തില്‍ പ്രകടനം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഫാ. തേലക്കാടിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. ഇത് ഏറെ ആഹ്ലാദകരം തന്നെ. എന്നാല്‍ ഫാ. തേലക്കാടിന് ചില വിയോജിപ്പുകളുണ്ട്. അത് അദ്ദേഹം തുറന്നുപറയുന്നു.
    "മാര്‍ക്സിന്റെ വഴി വര്‍ഗസമരത്തിന്റേതാണ്. ക്രൈസ്തവര്‍ സ്നേഹത്തിന്റെ വഴിയില്‍ പരസ്പരം കൂട്ടിയിണക്കി സാമൂഹ്യനീതിയുടെ പരിഷ്കരണം കൈവരിക്കാന്‍ ശ്രമിക്കുന്നു. മാര്‍ക്സിസം വര്‍ഗസമരം ഉപാധിയാക്കുന്നു. ഇതില്‍ കലാപമുണ്ട്. ഇവിടെയാണ് ക്രിസ്തുവും മാര്‍ക്സും വേര്‍പിരിയുന്നത്". ഈ പരാമര്‍ശത്തില്‍ ഒരു കൂട്ടിച്ചേര്‍ക്കല്‍ നിശ്ചയമായും ആവശ്യമുണ്ട്. മാര്‍ക്സ് വര്‍ഗസമരത്തിന്റെ വഴിയിലൂടെ വര്‍ഗരഹിത സമൂഹമാണ് ആത്യന്തിക ലക്ഷ്യമായി പ്രഖ്യാപിക്കുന്നത്. ഭരണകൂടം കൊഴിഞ്ഞു വീഴുന്ന വര്‍ഗരഹിത സമൂഹം!! ഇതുതന്നെയാണ് ക്രിസ്തു ദര്‍ശനമെന്ന് ചില ബൈബിള്‍ വ്യാഖ്യാതാക്കളും സ്ഥാപിക്കുന്നു. കൊല്ലരുത്, വ്യഭിചരിക്കരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷി പറയരുത്, വഞ്ചിക്കരുത്, പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക എന്നീ കല്പനകളെല്ലാം അനുസരിച്ചുവന്ന ഒരു ധനവാനോട് ക്രിസ്തു പറഞ്ഞു: "നിനക്കൊരു കുറവുണ്ട്; പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ നിനക്ക് സ്വര്‍ഗത്തില്‍ നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക." ഈ വാക്കുകള്‍ കേട്ടപ്പോള്‍ അയാളുടെ മുഖം വാടി. അയാള്‍ വിഷാദിച്ച് തിരികെപ്പോയി. കാരണം അയാള്‍ക്ക് ധാരാളം സമ്പത്തുണ്ടായിരുന്നു. യേശു ചുറ്റും നോക്കിയിട്ട് ശിഷ്യന്മാരോടു പറഞ്ഞു.
    "സമ്പത്തുള്ളവര്‍ക്ക് ദൈവരാജ്യത്തില്‍ പ്രവേശിക്കുക എത്ര ദുഷ്ക്കരം". അവന്റെ വാക്കുകള്‍ കേട്ട ശിഷ്യന്മാര്‍ വിസ്മയിച്ചു. യേശു വീണ്ടും അവരോട് പറഞ്ഞു. "കുഞ്ഞുങ്ങളേ! ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നത് എത്ര ദുഷ്ക്കരം. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നുപോകുന്നതാണ്, ധനികന്‍ ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നതിനെക്കാള്‍ എളുപ്പം". (മര്‍ക്കോസ് 10: 21-25). മത്തായി 19 : 23 - 30, ലൂക്കോസ്, 18 : 24 - 30 എന്നീ സുവിശേഷങ്ങളിലും സമാന പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ ബൈബിള്‍ വാക്യങ്ങളെ അധികരിച്ച് മിറാന്‍ഡാ പറയുന്നു "വര്‍ഗരഹിത സമൂഹം മാര്‍ക്സ് കണ്ടുപിടിച്ചതല്ല. ആവിഷ്ക്കരണം മാറ്റിനിറുത്തിയാല്‍ ആശയം അസന്ദിഗ്ധമായി യേശുവിന്റെ യഥാര്‍ഥവും ഏറ്റവും അഭിപ്രായൈക്യമുള്ളതുമായ പഠനത്തിലുള്ളതാണ്".
    -കമ്യൂണിസം ബൈബിളില്‍ (പേജ് 35).
    മാര്‍ക്സിസം വര്‍ഗസമരത്തെ ഉപാധിയാക്കുന്നതിനാലും അതില്‍ കലാപമുള്ളതിനാലുമാണ് അതിനോടു വിയോജിച്ചുകൊണ്ട് സഭ ക്രിസ്തുവിന്റെ "സ്നേഹവഴി" തെരഞ്ഞെടുത്ത് മാറി സഞ്ചരിക്കുന്നതെന്ന ഫാ. തേലക്കാടിന്റെ നിരീക്ഷണം തികച്ചും തെറ്റാണ്. കമ്യൂണിസ്റ്റ് പാര്‍ടി ഉയര്‍ന്നവന്‍ , താണവന്‍ എന്ന ഭേദമില്ലാതെ അംഗങ്ങളെയെല്ലാം "സഖാവെ" എന്ന് അഭിസംബോധന ചെയ്യുന്നു. മാര്‍ക്സിസത്തിന്റെ ഈ "സ്നേഹവഴി" അദ്ദേഹം കാണാതെ പോകുന്നത് എന്തുകൊണ്ട്? തേലക്കാട് പറയുന്ന "സ്നേഹാനുരഞ്ജനങ്ങളുടെ" വഴി മാത്രമല്ലല്ലോ ക്രിസ്തുവും സ്വീകരിച്ചിരുന്നത്. മാര്‍ക്സിസത്തില്‍ "സ്നേഹവഴി" ഇല്ല "കലാപവഴി" മാത്രമേയുള്ളു എന്ന് പറയാതെ പറഞ്ഞുവയ്ക്കുന്ന സമീപനം ഫാ. തേലക്കാടിന്റേതു മാത്രമല്ല; സഭയുടെ നിലവിലുള്ള പൊതു സമീപനവുമാണത്. ഇത്തരം സങ്കുചിത വീക്ഷണങ്ങള്‍ ക്രിസ്തുവിനെ പ്രതി തിരുത്തേണ്ടത് സഭയുടെ സല്‍പ്പേരിന് സഹായകമാവുകയേയുള്ളു. പ്രപഞ്ചവിജ്ഞാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ മനുഷ്യസ്നേഹികളായ കോപ്പര്‍നിക്കസ്, ബ്രൂണോ, ഗലീലിയോ തുടങ്ങിയ ശാസ്ത്രജ്ഞന്മാരെ, മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത് ഏതു ക്രിസ്തു ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന് ഇപ്പോള്‍ ചോദിച്ചിട്ടു കാര്യമില്ല എങ്കിലും സഭാ നേതൃത്വത്തിന്റെ വിശ്വാസ്യതയ്ക്കേറ്റ തീരാക്കളങ്കങ്ങളായിരുന്നു ഈ ദാരുണ സംഭവങ്ങള്‍ .
    ചെയ്ത തെറ്റുകള്‍ ഏറ്റുപറയാനും തിരുത്താനും സഭ എത്രയോ വൈകി എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണോ സഭ ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെന്ന സംശയം പരക്കെ ഉയരുന്നുണ്ട് എന്ന കാര്യം സഭാപിതാക്കള്‍ സമചിത്തതയോടെയും വിവേകത്തോടെയും കാണേണ്ടതല്ലേ, പുതിയ ജനാധിപത്യതിനു പൊരുത്തപ്പെടാത്ത ഏകാധിപത്യ പ്രവണതയുടെ ദുഷ്ടുകള്‍ വളരെ വൈകി മാത്രം പരിശോധിച്ച് തിരുത്തുന്നത് നിഷ്ഫലമാണല്ലോ. പുതിയ കാല മാനവികതയുമായി പൊരുത്തപ്പെടാന്‍ സന്നദ്ധമാണെങ്കില്‍ സഭ അടിയന്തരമായി ചെയ്യേണ്ടത് കമ്യൂണിസത്തോടുള്ള പ്രത്യക്ഷവും പരോക്ഷവുമായ "കുരിശുയുദ്ധം" അവസാനിപ്പിക്കുക എന്നതാണ്. ക്രിസ്തുവിന്റേത് "സ്നേഹ അനുരഞ്ജനവഴി" മാത്രമാണെങ്കില്‍ ആ വഴി പിന്‍തുടര്‍ന്ന് സഭയ്ക്ക് എന്തുകൊണ്ട് മാര്‍ക്സിസവുമായി പൊരുത്തപ്പെട്ടുകൂടാ? മാര്‍ക്സും മാര്‍ക്സിസ്റ്റുകാരും കലാപകാരികളാണ് എങ്കില്‍ ക്രിസ്തുവും ക്രിസ്ത്യാനികളും കലാപകാരികളായിരുന്നിട്ടില്ലേ? അനീതികള്‍ക്ക് എതിരായിട്ടുള്ള കലാപങ്ങള്‍ക്ക് അയിത്തം കല്പിക്കേണ്ടതുണ്ടോ? "ഇരു ദര്‍ശനങ്ങള്‍ക്കും തമ്മില്‍ , ലക്ഷ്യം ഒന്നാണെങ്കിലും മാര്‍ഗങ്ങളില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ട്. ഒരേ ലക്ഷ്യത്തിനുവേണ്ടി ഭിന്നവഴികളില്‍ സഞ്ചരിക്കുന്ന സഹോദരങ്ങളുടെ പോരായി ഈ വൈരുധ്യത്തെ കാണാന്‍ കഴിയും. സഹോദരന്മാര്‍ തമ്മില്‍ പോരടിക്കുന്നതുപോലെ, പങ്കാളിത്തവും സഹകരണവും ആകാവുന്നതേയുള്ളു. അതിലേക്കുള്ള വഴി സുഗമമാക്കുക എന്ന ലക്ഷ്യമാണ് സിപിഐ എമ്മിന്റെ സമീപനമെങ്കില്‍ സ്വാഗതാര്‍ഹമാണ്"-ഫാ. തേലക്കാട് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നത് അനുരഞ്ജനതിന്റെ സമീപനമാണ്. എന്നാല്‍ വ്യവസ്ഥാപിത സഭയുടെ സമീപനമായി അതു പരിണമിക്കുമോ എന്നതാണ് ഏറെ പ്രധാനം. സഭ ആഗോളാടിസ്ഥാനത്തില്‍ത്തന്നെ അടിത്തറയുള്ള ഒരു സ്ഥാപനമാണ്. നയപരമായിത്തന്നെയുള്ള ചില തിരുത്തലുകള്‍ക്ക് സഭ തയാറാകാതെ തേലക്കാടിന്റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമോ?
    നയപരമായി സഭ വരുത്തേണ്ട തിരുത്തലില്‍ ഏറെ പ്രധാനമായത് സംബന്ധിച്ച് ഡോ. മിറാന്‍ഡാ എഴുതിയതു നോക്കുക. "അസമമായ സമ്പത്തിന്റെ നേര്‍ക്ക് ബൈബിള്‍ ചൊരിയുന്ന ശകാരം നോക്കാന്‍ ധൈര്യപ്പെടാതിരുന്നതിനാല്‍ മാത്രമാണ് പാശ്ചാത്യന്റെ ചരിത്രം ക്രിസ്തുമതത്തിന്റെ ദുര്‍വ്യാഖ്യാനമായിപ്പോയത്... ഇങ്ങനെ വഴി മാറിപ്പോയതിന്റെ ഒരു ഫലം ക്രിസ്തുദര്‍ശനം പോലും അപ്രസക്തവും വിലയില്ലാത്തതുമായ പഠനങ്ങളുടെ കള്ളപ്രചാരമായിരിക്കുന്നു എന്നതാണ്. സുവിശേഷം പറയിക്കുന്നതില്‍ യാഥാര്‍ഥ്യബോധമുണ്ടാകണമെങ്കില്‍ യേശുവിനെ മാധുര്യമൂറുന്ന അനുരഞ്ജകനായി സങ്കല്പിക്കുന്നത് നിറുത്തിയേ തീരൂ. യഥാര്‍ഥത്തില്‍ അവിടുന്ന് ഒരു മൂര്‍ച്ചയുള്ള മനുഷ്യനായിരുന്നു. സ്വയം പ്രചോദിതരായി, തന്നെ പിന്‍തുടരാനാഗ്രഹിച്ചുവന്ന ധനികരെ അവരുടെ വഴിയില്‍ മരവിപ്പിച്ചു നിര്‍ത്തിക്കൊണ്ട് "ആദ്യം പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കു നല്‍കിയശേഷം എന്നെ പിന്‍തുടരുക" എന്നു പറഞ്ഞ യേശുവിനെക്കാള്‍ വിട്ടുവീഴ്ചയ്ക്ക് തയാറില്ലാത്ത ഒരാള്‍ ചരിത്രത്തില്‍ മറ്റാരെങ്കിലും ഉണ്ടോ? ഈ പ്രസ്താവനകള്‍ കര്‍ശനവും സമരോത്സുകവുമായ സ്വരത്തില്‍ മാത്രമല്ലാതെ ചെയ്തിരിക്കാന്‍ സാധ്യമല്ല - ധനത്തെപ്പറ്റി പറയുമ്പോള്‍ "അനീതിയുടെ കാശ്" (ലൂക്ക 16 : 9 - 11) എന്ന് ഉറപ്പിച്ചുപറഞ്ഞ മനുഷ്യന്റെ സ്വരത്തില്‍ ; പ്രീശന്മാരുടെയും നിയമജ്ഞരുടെയും നേര്‍ക്ക് "കപടവിശ്വാസികളെ!" എന്ന് ഏഴുപ്രാവശ്യം തുടര്‍ച്ചയായി (മത്തായി 23 : 13, 14, 15, 23, 25, 27, 29) ആക്രോശിച്ച മനുഷ്യന്റെ സ്വരത്തില്‍ , ദേവാലയത്തെപ്പറ്റി പരാമര്‍ശിക്കവെ കഠിനമായി "കല്ലിന്മേല്‍ കല്ല് ശേഷിക്കുകയില്ല" എന്നുപറയുന്ന മനുഷ്യന്റെ കര്‍ശനമായ സ്വരത്തില്‍ യേശുവിന് ഒരു വിപ്ലവകാരിയുടെ സ്വഭാവമായിരുന്നു. ഇതു നാം മനസ്സിലാക്കേണ്ട സമയമായിരിക്കുന്നു".-കമ്യൂണിസം ബൈബിളില്‍ (പേജ് 37 - 38) ലോകചരിത്രത്തെ "മാനവികമായി" മാറ്റിത്തീര്‍ക്കുന്നതിന് നേതൃത്വം കൊടുത്ത പ്രവാചകരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെയും ജീവിതം വിലയിരുത്തുമ്പോള്‍ ഈ സവിശേഷതകളെല്ലാം സാമാന്യേന അവരിലൊക്കെ കണ്ടെത്താന്‍ കഴിയും. അവര്‍ സ്നേഹത്തിന്റെയും അനുരഞ്ജനത്തിന്റെയും ആള്‍രൂപങ്ങള്‍ ആയിരിക്കുന്നതോടൊപ്പം നീതികേടുകള്‍ക്കെതിരെ കര്‍ശനമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നവര്‍ കൂടിയായിരുന്നു എന്നു കാണാം. നീതികേടിനെതിരെ അനുരഞ്ജനം അനീതിക്ക് കൂട്ടുനില്‍ക്കല്‍ തന്നെയാണല്ലോ. സ്നേഹംകൊണ്ടും അനുരഞ്ജനം കൊണ്ടും മാത്രം മാറ്റി എഴുതപ്പെട്ടതല്ല ലോകചരിത്രം. "അസമമായ സമ്പത്തിന്റെ നേര്‍ക്ക് ബൈബിള്‍ ചൊരിയുന്ന ശകാരം" ഒഴിവാക്കാന്‍ അസമമായ സമ്പത്തു കൈയാളുന്നവര്‍ കണ്ടുപിടിച്ച സൂത്രവിദ്യയാണ് ക്രിസ്തുവില്‍ അവര്‍ തെറ്റായി ആരോപിച്ച "അമിത സ്നേഹ അനുരഞ്ജനങ്ങളും വിപ്ലവരാഹിത്യവും". മാര്‍ക്സിസത്തെയും ക്രിസ്റ്റ്യാനിറ്റിയെയും താരതമ്യപ്പെടുത്തുമ്പോള്‍ ഫാ. തേലക്കാട് അറിഞ്ഞോ അറിയാതെയോ പരാമര്‍ശിക്കുന്നത് തെറ്റായ ഇക്കാര്യം തന്നെയാണ്. "സ്നേഹത്തിനുവേണ്ടി പരാജയപ്പെടാനും കുരിശിലേറാനും യേശു പഠിപ്പിച്ച മാര്‍ഗമേ എനിക്കു സ്വീകാര്യമാവുകയുള്ളു" എന്നു പറയുന്ന ഫാ. തേലക്കാട് താന്‍കൂടി നേതൃത്വം കൊടുക്കുന്ന കേരള കത്തോലിക്കാ സഭാ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് സ്വയം വിമര്‍ശനപരമായി ഒന്നു തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും എന്നുമാത്രമേ പറയാനുള്ളു. സ്നേഹത്തിനുവേണ്ടി പരാജയപ്പെട്ട ക്രിസ്തുവിന്റെ പിന്‍മുറക്കാര്‍ "സ്നേഹത്തെത്തന്നെ പരാജയപ്പെടുത്തിയ" എത്രയോ അനുഭവകഥകള്‍ പറയാനുണ്ട്.... കേരളത്തിന്റെ "തിരുഹൃദയ"ത്തിനേറ്റ മായാത്ത മുറിപ്പാടുകളായി ഇപ്പോഴും അവ അവശേഷിക്കുന്ന കാര്യം അഭിവന്ദ്യനായ അദ്ദേഹത്തിനും അറിയാത്തതൊന്നുമല്ലല്ലോ. എന്തായാലും ഫാ. തേലക്കാട് ചൂണ്ടിക്കാട്ടുന്ന ഗൗരവപൂര്‍ണവും യുക്തിസഹവുമായ ചില നിരീക്ഷണങ്ങളെ സൂക്ഷ്മമായ വിലയിരുത്തലിനു തന്നെ വിധേയമാക്കേണ്ടതുണ്ട്. അദ്ദേഹം പറയുന്നു. "കാള്‍മാര്‍ക്സ് എന്ന മനുഷ്യന് ക്രൈസ്തവ പശ്ചാത്തലമുണ്ട്്. മാര്‍ക്സ് പറഞ്ഞതനുസരിച്ച് 1800 വര്‍ഷം കഴിഞ്ഞിട്ടും ക്രിസ്തുവിന്റെ സ്നേഹം പ്രാവര്‍ത്തികമായിട്ടില്ല. അതിന് സാമൂഹ്യപരിഷ്കരണത്തിന് വേണ്ട ഊര്‍ജം ഇല്ല. അതുകൊണ്ട് മാര്‍ക്സ് വര്‍ഗസമരത്തിന്റെ പാത സ്വീകരിച്ചു. എന്നാല്‍ മാര്‍ക്സ് ചൂണ്ടിക്കാട്ടിയ വഴിയിലൂടെയുള്ള സാമൂഹ്യ പരിഷ്കരണവും വിജയിച്ചിട്ടില്ല. സ്നേഹം എപ്പോഴും വിജയിക്കുന്നില്ല"". തികച്ചും തുറന്ന മനസ്സോടെയുള്ള ഈ മാനവിക നിരീക്ഷണങ്ങളെ മുന്‍വിധികള്‍ കൂടാതെതന്നെ നാം നോക്കിക്കാണേണ്ടതുണ്ട്. അതിനു 2000 വര്‍ഷങ്ങള്‍ക്കു മുമ്പു മുതലുള്ള ക്രൈസ്തവ ചരിത്രത്തിന്റെ പരിശോധന ആവശ്യവുമാണ്. 160-170 വര്‍ഷത്തിന്റെ മാത്രം പഴക്കമുള്ള മാര്‍ക്സിസത്തിന്റെ പരിശോധന താരതമ്യേന എളുപ്പവുമാണ്. 1800 വര്‍ഷംകൊണ്ട് നേടാന്‍ കഴിയാത്തത് 170 വര്‍ഷങ്ങള്‍കൊണ്ട് നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ലല്ലോ. യേശുവിനെക്കുറിച്ചുള്ള കഥകള്‍ ഏറെയും രൂപപ്പെട്ടത് "പാഗന്‍" മതവിശ്വാസത്തില്‍ നിന്നാണ്. സുമേറിയന്‍ ദൈവമായ "ഡുമൂസ്" കുഞ്ഞാട്, ദൈവത്തിന്റെ പുത്രന്‍ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്നു. ഈ ദേവന്‍ പീഡാനുഭവങ്ങള്‍ക്ക് വിധേയനായി കൊല്ലപ്പെട്ടെന്നും സംസ്കാരശേഷം മൂന്നാംനാള്‍ ഉയര്‍ത്തെഴുന്നേറ്റെന്നും കഥ പ്രചരിച്ചിരുന്നു. ബാബിലോണിയക്കാരുടെ "താമൂസ്" ദേവന്‍ "കന്യക"യില്‍നിന്ന് ജനിച്ചവന്‍ എന്ന് അറിയപ്പെട്ടിരുന്നു. ഈ ദൈവവും പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങി മരിച്ചെന്നും പിന്നീട് ഉയിര്‍ത്തെഴുന്നേറ്റു എന്നും മറ്റൊരു കഥയുണ്ട്. ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നിവയ്ക്ക് ഈ ദേവന്റെ കഥയുമായി ബന്ധമുണ്ട്. "ഇറ്റസ്" എന്ന ദൈവം "നല്ല ഇടയന്‍" എന്നാണ് അറിയപ്പെട്ടിരുന്നത്. മെഡിറ്ററേനിയന്‍ സംസ്കാരങ്ങളിലെല്ലാം പീഡിതരായി കൊല്ലപ്പെട്ടവരും ഉയര്‍ത്തെഴുന്നേറ്റവരുമായ നിരവധി ദൈവങ്ങളെക്കുറിച്ചുള്ള കഥകള്‍ നിറയെ കേള്‍ക്കാം. വിവിധങ്ങളായ ഈ മതവിശ്വാസങ്ങളെക്കുറിച്ച് അഗാധ ജ്ഞാനം നേടിയ വ്യക്തിയായിരുന്നു പൗലോസ്. അദ്ദേഹമാണ് ഇവയിലെ ആശയങ്ങളും പദപ്രയോഗങ്ങളും സമ്പ്രദായങ്ങളുമെല്ലാം ക്രിസ്തുമതത്തിലേക്ക് സന്നിവേശിപ്പിച്ചതെന്ന് എച്ച് ജി വെല്‍സ് പറയുന്നു. പൗലോസിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ആദ്യകാല ക്രിസ്തീയ സഭ നിരവധി ആശയവൈരുധ്യങ്ങളെ നേരിട്ടിരുന്നു. ക്രിസ്തുമതത്തിന്റെ അടിത്തറയായി കരുതപ്പെട്ടിരുന്ന ഓരോ ആശയങ്ങളും അന്ന് വെല്ലുവിളിക്കപ്പെട്ടിരുന്നു. രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മാത്രമാണ് ബിഷപ്പുമാരും പുരോഹിതന്മാരുംഉള്‍പ്പെടുന്ന "സത്യവിശ്വാസ സംരക്ഷകരുടെ" ഏകസഭ രൂപപ്പെട്ടത്. നിരവധി ക്രിസ്ത്യന്‍ ഗ്രൂപ്പുകളെ ഏകോപിപ്പിക്കാന്‍ വേണ്ടി ഇറേനിയൂസിന്റെ നേതൃത്വത്തില്‍ നാലു കാനോനിക സുവിശേഷങ്ങള്‍ ഒഴികെ മറ്റുള്ളവയെല്ലാം വിഷം പോലെ വര്‍ജ്യമാണെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാല്‍ വാലന്റീനിയന്‍ ഗ്നോസ്റ്റിക്കുകള്‍ ഇത് അംഗീകരിക്കുവാന്‍ തയാറായില്ല. ജ്ഞാനസ്നാനം, കൂദാശ, പ്രാര്‍ഥന എന്നിവയെല്ലാം യഥാര്‍ഥ ജ്ഞാനത്തിന്റെ ആരംഭം മാത്രമാണെന്ന് പറഞ്ഞ് അവര്‍ നിസ്സാരവല്‍ക്കരിച്ചു. ഗ്നോസ്റ്റിക് ഗുരുക്കന്മാരുടെ ഇടയില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ഇത് "സത്യവിശ്വാസ സംരക്ഷകരായ" ഇറേനിയൂസിന്റെ നേതൃസഭയ്ക്ക് തീരെ ഇഷ്ടമായിരുന്നില്ല. ക്രിസ്തുവിന്റെ രക്തസാക്ഷിത്വത്തെ സ്വര്‍ഗരാജ്യത്തിലേക്കുള്ള പ്രവേശന കവാടമായി ഉയര്‍ത്തി പ്രചരിപ്പിച്ച ഈ സഭ ഗ്നോസ്റ്റിക് ഗുരുക്കന്മാരുടെ ആഴമേറിയ ജ്ഞാനാന്വേഷണങ്ങള്‍ക്ക് ഒരിടവും നല്‍കിയിരുന്നില്ല. ഇക്കാലത്ത് റോമാസാമ്രാജ്യം ക്ഷയോന്മുഖമായിക്കൊണ്ടിരിക്കുകയായിരുന്നു. ക്രിസ്തുമതം ശക്തിപ്പെടുകയും വിഗ്രഹപൂജയോടൊപ്പം ചക്രവര്‍ത്തി പൂജയും അസ്തമിച്ചു തുടങ്ങുകയുമായിരുന്നു. തന്റെ സിംഹാസനം ഉറപ്പിക്കാന്‍ വേണ്ടി കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ക്രിസ്തീയ സഭയുടെ സഹകരണം തേടി. ഇഋ 313 ല്‍ മിലാന്‍ ശാസനയിലൂടെ കോണ്‍സ്റ്റന്റയിന്‍ ക്രിസ്തുമതത്തെ റോമിന്റെ അംഗീകൃത മതമായി പ്രഖ്യാപിച്ചു.
    "ക്രിസ്തു ശിഷ്യതുല്യനായി" തന്നെ സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ സാമ്രാജ്യം കൂടുതല്‍ ശക്തിപ്പെടുത്താനായി ക്രിസ്തീയ സഭയെ അദ്ദേഹം ആവോളം പ്രീണിപ്പിച്ചു. "ഒരു ദൈവം ഒരു സഭ" എന്ന അജന്‍ഡ നടപ്പാക്കുകയും ചെയ്തു. യാഥാസ്ഥിതിക സഭാവിശ്വാസം തന്റെ നിലനില്പിന് അനുപേക്ഷണീയമാണെന്ന് ചക്രവര്‍ത്തി തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. അതുകൊണ്ട് ക്രിസ്തുവിന് ദൈവിക പരിവേഷം നല്‍കാത്ത ഒരു ചിന്തയെയും അദ്ദേഹം വച്ചുപൊറുപ്പിച്ചില്ല. ക്രിസ്തുവിനെ പൂര്‍ണമായും അംഗീകരിച്ചിരുന്ന അരിയൂസിനെപ്പോലുള്ള ഉജ്വല ചിന്തകര്‍ , പക്ഷേ യേശുവിനെ പൂര്‍ണ ദൈവമായി അംഗീകിക്കാന്‍ തയാറായില്ല. "നശ്വരനായ മഹാനായൊരു പ്രവാചകന്‍" എന്ന പദവി നല്‍കാനേ അരിയൂസ് തയാറായുള്ളു. അരിയൂസ് ഉള്‍പ്പെടെയുള്ള സ്വതന്ത്ര ചിന്തകരെ ചക്രവര്‍ത്തി ഉന്മൂലനം ചെയ്തു. ഒപ്പം "പള്ളിമത"ത്തെ സ്ഥാപനവല്‍ക്കരിക്കുകയും ചെയ്തു. യേശുവിന്റെ മാനുഷിക അംശങ്ങളെക്കുറിച്ച് എന്തെങ്കിലും സൂചന നല്‍കിയിരുന്ന എല്ലാ ഗ്രന്ഥങ്ങളും നശിപ്പിക്കുകയും നിരോധിക്കുകയും ചെയ്തു. പൂര്‍വാധികം ശക്തനായി മാറിയ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ അനുഗ്രഹാശിസ്സുകളോടെ സഭയും വളരെവേഗം ശക്തിപ്രാപിച്ചു. ചക്രവര്‍ത്തിയുടെ പിന്‍ബലത്തില്‍ സഭ സ്വത്തുവകകള്‍ വാരിക്കൂട്ടി. ബിഷപ്പുമാരെയും പുരോഹിതന്മാരെയും ചക്രവര്‍ത്തിക്കു തുല്യം അധികാരം കയ്യാളുന്നവരായി വാഴിച്ചു. ഇതിനു സഹായകങ്ങളായ നിയമങ്ങള്‍ തന്നെ രൂപപ്പെടുത്തി.....
    ഇങ്ങനെയൊക്കെ സഭയുടെ അധികാരം സ്ഥാപനവല്‍ക്കരിക്കപ്പെട്ടതോടെ ക്രിസ്തുമതത്തിന്റെ സര്‍ഗാത്മകശേഷിയും ആന്തരികസത്തയും ചോര്‍ന്നുപോയി. യാന്ത്രികമായ ആചാരാനുഷ്ഠാനങ്ങള്‍ക്കപ്പുറമുള്ള ആശയതലത്തിനു യാതൊരു പ്രസക്തിയും ഇല്ലാതെയായി. ഏകശിലാ ശാസനകള്‍ക്കും ചോദ്യംചെയ്യപ്പെടാനാവാത്ത ഇടയലേഖനങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കേണ്ടിവന്ന ഒരു "ആള്‍ക്കൂട്ട മതമായി" ക്രിസ്തുമതം അധഃപതിച്ചു. അജ്ഞരും സ്വാര്‍ഥരും അക്രമാസക്തക്കാരുമായ ഒരു വലിയ അനുയായി വൃന്ദം രൂപപ്പെട്ടപ്പോള്‍ ഗ്നോസ്റ്റിക്കുകള്‍ ഒറ്റപ്പെട്ടുപോയി. അവര്‍ അസംഘടിതരായി ചെറുസംഘങ്ങള്‍ മാത്രമായി ചുരുങ്ങിപ്പോയി. സ്നേഹം, ത്യാഗം തുടങ്ങിയ കര്‍മമാര്‍ഗത്തിന് ശോഷണം സംഭവിക്കുകയും, ആചാരക്രമങ്ങള്‍ മാത്രം ശക്തി പ്രാപിക്കുകയും ചെയ്തു. ചിന്താ സ്വാതന്ത്ര്യം അനുവദിക്കാത്ത ഏതു പ്രസ്ഥാനത്തിനും നേരിടുന്ന ദുര്‍ഗതിയാണിത്. ഫാ. തേലക്കാട് പറയുമ്പോലെ "സ്നേഹം എപ്പോഴും വിജയിക്കുന്നില്ല" എന്ന ഒരു സാമാന്യ പ്രസ്താവനയില്‍ ചുരുക്കി ഒതുക്കാവുന്നതല്ല ക്രിസ്തുവിന്റെ ഭൗതിക രക്തസാക്ഷിത്വം. ഇതൊക്കെക്കൊണ്ടാണല്ലോ ക്രിസ്തുമതത്തിലെ പഴയ ഗ്നോസ്റ്റിക്കുകളുടെ പിന്‍മുറക്കാര്‍ "വിമോചനത്തിന്റെ ദൈവശാസ്ത്രവു"മായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
    അധീശ ഭരണവര്‍ഗത്തിന്റെ തണലില്‍ പഴയകാലത്തെപ്പോലെ സ്വതന്ത്രചിന്തകളെയും ജനാധിപത്യ ബോധത്തെയും ഉന്മൂലനം ചെയ്യാനുള്ള വ്യഗ്രതയിലാണ് സഭാനേതൃത്വം ഇപ്പോഴും ഉള്ളത്. ലാറ്റിന്‍ അമേരിക്കയിലെ മൂന്നാം ലോകരാജ്യങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ത്തന്നെ ശക്തിപ്പെട്ടുവരുന്ന "വിമോചനത്തിന്റെ ദൈവശാസ്ത്രത്തെ" കേരളത്തിലെ പുരോഗമന പശ്ചാത്തലം ഉപയോഗപ്പെടുത്തി കേരളത്തിലെ സഭാനേതൃത്വം ഉള്‍ക്കൊള്ളേണ്ടതല്ലേ? എന്നാല്‍ സ്ഥിതി നേരെമറിച്ചാണ്. സഭാനേതൃത്വത്തില്‍ പലരും ഇതൊന്നും അറിഞ്ഞ ഭാവമേ നടിക്കാറില്ല. ഡോ. ജെ പി മിറാന്‍ഡയെപ്പോലുള്ളവരുടെ ദൈവശാസ്ത്ര കൃതികള്‍ ഘണ്ഡനാഭിപ്രായ പ്രകടനത്തിനു വേണ്ടിയെങ്കിലും ഒന്നു മറിച്ചുനോക്കാനുള്ള സന്മനസ്സ് കാട്ടേണ്ടതല്ലേ? ഈ ലേഖനത്തിലെ മുഖ്യപ്രതിപാദ്യ വിഷയമായ ഫാ. തേലക്കാടിന്റെ സംവാദാത്മക സമീപനമെങ്കിലും സഭാനേതൃത്വം പൊതുവെ പ്രകടിപ്പിക്കേണ്ടതല്ലേ? ഫാ. തേലക്കാട് ആശങ്കകളുടെ മുനനീട്ടിക്കൊണ്ടാണെങ്കിലും ഉന്നയിക്കുന്ന ചില പ്രശ്നങ്ങള്‍ സംവാദത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട് എന്ന് സന്തോഷപൂര്‍വം പറയേണ്ടതുണ്ട്. അദ്ദേഹം പറയുന്നു. "പ്രദര്‍ശന വിജയത്തെതുടര്‍ന്ന് പിണറായി വിജയന്‍ നല്‍കിയ വിശദീകരണം ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് മാര്‍ക്സിസം മാറുന്നതിന്റെ സൂചനയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. അത് മതവിശ്വാസത്തിന് ആതിഥേയത്വം നല്‍കുന്നതിലേക്കുള്ള വാതില്‍ തുറക്കലാണെന്ന് കരുതട്ടെയോ? മാര്‍ക്സിസം മതവിശ്വാസം ഉള്‍ക്കൊള്ളാന്‍ തയാറാകുന്നില്ല എന്നത് അടിസ്ഥാന പ്രശ്നമായി അവശേഷിക്കുന്നു. അതു കണക്കിലെടുക്കുമ്പോള്‍ ക്രിസ്തുവും അദ്ദേഹത്തിന്റെ ദര്‍ശനവും ഏതു പരിധിവരെ മാര്‍ക്സിസത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന സംശയം സ്വാഭാവികമായും നിലനില്‍ക്കുന്നു". ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് മാര്‍ക്സിസം മാറുമോ എന്നതിനൊപ്പം ചോദിക്കേണ്ട മറ്റൊരു ചോദ്യം കൂടിയുണ്ട്. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുന്നതിലേക്ക് സഭാനേതൃത്വം ഉയരുമോ എന്നതാണ് ആ ചോദ്യം. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുക എന്നതിനെക്കാള്‍ ഏറെ, ചോദ്യം ചെയ്യപ്പെടാനാവാത്ത അധികാരകേന്ദ്രമായി ക്രിസ്തുമതത്തെ സ്ഥാപനവല്‍ക്കരിക്കുക എന്നതിലായിരുന്നല്ലോ സഭ എക്കാലവും ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ക്രിസ്തുവിനെ ഉള്‍ക്കൊള്ളുക എന്നാല്‍ "ക്രിസ്തുവില്‍ വിശ്വസിക്കുക" എന്ന് സഭ പൊതുവെ പറഞ്ഞുവരുന്ന സാമാന്യ പ്രസ്താവനയ്ക്കും അപ്പുറം മാനങ്ങളുണ്ട് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. "അന്വേഷിപ്പിന്‍ , കണ്ടെത്തും" എന്ന ക്രിസ്തുവചനത്തെ ഉള്‍ക്കൊള്ളേണ്ടത് മനുഷ്യസ്നേഹികളായ അന്വേഷകരെ പ്രോത്സാഹിപ്പിച്ചു കൊണ്ടായിരിക്കണം. ദൗര്‍ഭാഗ്യത്തിന് "വിശ്വാസികള്‍" അന്വേഷകരായി ഉയര്‍ന്നപ്പോഴൊക്കെ "മതനിന്ദ" എന്ന ഖഡ്ഗമുയര്‍ത്തി അന്വേഷണങ്ങളുടെയും അന്വേഷകരുടെയും ഗളഛേദം ചെയ്ത ചരിത്രമാണ് സഭയ്ക്കുള്ളത്. അപ്പോള്‍ സഭയ്ക്കുതന്നെ ക്രിസ്തുവിനെ യാഥാര്‍ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നു പറയേണ്ടി വരും. ഇനി മാര്‍ക്സിസത്തിന് എങ്ങനെ ക്രിസ്തുവിനെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നു നോക്കാം.
    "പണ്ടത്തെ ക്രിസ്തുമത പുണ്യാളന്‍ സാധാരണ മനുഷ്യരുടെ ആത്മാവിനു പുണ്യം കിട്ടാന്‍ വേണ്ടി തന്റെ ദേഹം നിഗ്രഹിക്കുകയാണുണ്ടായത്" എന്നു പറഞ്ഞുകൊണ്ടാണ് മാര്‍ക്സ് ക്രിസ്തുവിനെ ഉള്‍ക്കൊണ്ടിരുന്നത്. സഭാസംഘടനകളുടെ പുതുരൂപങ്ങളായി മാറിയ "ഇടവക"കളെക്കാള്‍ എന്തുകൊണ്ടും മെച്ചമായിരുന്നു ക്രിസ്തുവിനെ ഉള്‍ക്കൊണ്ട ആദ്യകാല ക്രൈസ്തവ യോഗങ്ങളെന്നും അവയ്ക്ക് സാര്‍വദേശീയ പണിയാള സമാജത്തിന്റെ പ്രാദേശിക ശാഖകളുമായിട്ടാണ് കൂടുതല്‍ സാമ്യമുള്ളതെന്നും ഏണസ്റ്റ് രെനാന്‍ പറയുമ്പോള്‍ , സഭയുടെ ഇടവകയെക്കാള്‍ എന്തുകൊണ്ടും ക്രിസ്തുവോട് അടുത്തുനില്‍ക്കുന്നത് മാര്‍ക്സ് കെട്ടിപ്പടുത്ത തൊഴിലാളി സംഘടനകളാണെന്നു വരുന്നു. "മറ്റേതൊരു വിപ്ലവ പ്രസ്ഥാനവും പോലെ ക്രിസ്തുമതവും സ്ഥാപിച്ചത് ബഹുജനങ്ങളാണ്" എന്ന് എംഗല്‍സ് അര്‍ഥശങ്കക്കിടയില്ലാതെ പറയുന്നുണ്ട്. എംഗല്‍സ് "ആന്റിഡ്യൂറിംഗി"ല്‍ ഒരുഭാഗത്ത് ഇങ്ങനെ പറയുന്നു. "എല്ലാവിധ ആളുകളുടെയും സമത്വമെന്നത് പ്രാചീനര്‍ക്കിടയില്‍ ഭ്രാന്തായി കണക്കാക്കപ്പെട്ടിരുന്നു. എന്നുമാത്രമല്ല അത് കുറ്റകരവുമായിരുന്നു. സ്വാഭാവികമായും ക്രൈസ്തവ ലോകത്തില്‍ അതിന്റെ ആദ്യനാമ്പുകള്‍ പുറത്തു കണ്ടപ്പോള്‍തന്നെ അവയ്ക്കെതിരായ മര്‍ദനമുറകള്‍ സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു. ക്രൈസ്തവ ലോകത്തില്‍ ആദ്യമാദ്യം എല്ലാ മനുഷ്യരും ദൈവത്തിന്റെ മുന്നില്‍ സമന്മാരാണെന്ന ഒരു നിഷേധാത്മക സമത്വം ഉണ്ടായിരുന്നു. കുറെക്കൂടി സങ്കുചിതമായി യേശുവിന്റെ അനുഗ്രഹത്താലും രക്തത്താലും പാപമോചനം കിട്ടിയ എല്ലാ ദൈവസന്തതികളുടെയും സമത്വമായി അതിനെ വ്യാഖ്യാനിക്കാന്‍ കഴിയുമായിരുന്നു. രണ്ടായാലും അത് അടിമകളുടെ മതമെന്ന നിലയ്ക്കുള്ള ഭ്രഷ്ടരും നിസ്വരും പീഡിതരും മര്‍ദിതരുമായ ആളുകളുടെ മതമെന്ന നിലയ്ക്കുള്ള ക്രൈസ്തവസഭയുടെ പങ്കില്‍ വേരൂന്നിയതായിരുന്നു.
    ക്രിസ്തുമതം വിജയിച്ചതോടെ ഈ പരിഗണന പിന്നിലേക്ക് തള്ളപ്പെടുകയും പ്രാഥമികമായ പ്രാധാന്യം വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യാഥാസ്ഥിതികരും പാഷണ്ഡന്മാരും തമ്മിലുള്ള പ്രതിപക്ഷതയ്ക്ക് ആവുകയും ചെയ്തു". ഇങ്ങനെ ക്രിസ്തുവിനെയും ക്രിസ്റ്റ്യാനിറ്റിയെയും അത് അര്‍ഹിക്കുന്ന പരിഗണനകളോടെ ആണ് മാര്‍ക്സിസം വിലയിരുത്തിയിട്ടുള്ളത്. എന്നാല്‍ സംഘടിത സഭ എങ്ങനെ അതു ദുരുപയോഗപ്പെടുത്തുന്നു എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങള്‍ നമുക്ക് ലഭിക്കുന്നത് സര്‍ഗാത്മക രചനകളില്‍ നിന്നാണ്. ദസ്തയോവിസ്കി, ഡാവിഞ്ചി, ടോള്‍സ്റ്റോയി, സരമാഗു, ഖലീല്‍ ജിബ്രാന്‍ , കസാന്‍ത്സാക്കീസ് തുടങ്ങി ഫിലിപ്പ് പുള്‍മാന്‍ വരെയുള്ള പ്രഗത്ഭമതികള്‍ സഭയുടെ "തടങ്കലി"ലായ ക്രിസ്തുവിനെ വിമോചിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ദസ്തയോവിസ്കിയുടെ "ഉഗ്രനായ മതദ്രോഹ വിചാരകന്‍" എന്ന ഉപാഖ്യാനം ഏറ്റവും നല്ല ഉദാഹരണമാണ്.
    റോമാ സഭയുടെ മതദ്രോഹ വിചാരകനായ കര്‍ദിനാള്‍ തടവിലാക്കപ്പെട്ട യേശുവിനോടു ചോദിക്കുന്നു. "നീ അവജ്ഞാപൂര്‍വം നിരസിച്ചതിനെ ഞങ്ങള്‍ ഏറ്റുവാങ്ങി... ഞങ്ങള്‍ റോമാസാമ്രാജ്യവും സീസറിന്റെ ഉടവാളും സ്വീകരിച്ചു. ലോകത്തിന്റെ ഏക ഛത്രാധിപതികള്‍ ഞങ്ങളാണെന്ന് പ്രഖ്യാപിച്ചു. ഞങ്ങളെ തടസ്സപ്പെടുത്താന്‍ നീ എന്തിനു വന്നു?.. ഞങ്ങളുടെ സാമ്രാജ്യം സ്ഥാപിതമാകും. ഞാന്‍ പറയുന്നു, ഞങ്ങളെ തടസ്സപ്പെടുത്തിയ കുറ്റത്തിന് നിന്നെ ദഹിപ്പിക്കാന്‍ പോകുന്ന ചിതയ്ക്ക് തീ കൂട്ടാന്‍ ഞാന്‍ ഒരു അടയാളം നല്‍കുന്ന മാത്രയില്‍ ഓടിക്കൂടുന്ന ആ അനുസരണയുള്ള സമൂഹത്തെ നാളെ നീ കാണാന്‍ പോകുകയാണ്". അതെ! സത്യത്തെ ക്രൂശിലേറ്റാന്‍ ഒരുങ്ങുമ്പോള്‍ സഭയ്ക്കുവേണ്ടി ഓടിക്കൂടുന്ന അനുസരണയുള്ള ഒരു ന്യൂനപക്ഷസമൂഹം "മതേതര മാനവികതയ്ക്കു" മുന്‍തൂക്കമുള്ള കേരളത്തില്‍പ്പോലും ഇപ്പോഴും നിലനില്ക്കുന്നു എന്നത് ഏറെ ദുഃഖകരമാണ്. "മതമില്ലാത്ത ജീവന്" എതിരായും "അവസാനത്തെ അത്താഴ"ത്തിന്റെ പേരില്‍ ആരോ പ്രതിഷ്ഠിച്ച പരസ്യപ്പലകയ്ക്ക് എതിരായും ഓടിക്കൂടി തെരുവില്‍ പ്രകടനം നയിക്കുന്ന ആള്‍ക്കൂട്ടം ആദര്‍ശശാലിയായ ഒരു വിപ്ലവ പ്രതീകത്തെ അപമാനിക്കുകയാണ് ചെയ്യുന്നത്.
 എ കെ പീതാംബരന്‍


18 മണിക്കൂര്‍വരെ ജോലി;ശമ്പളം 2000 രൂപ; നേഴ്സുമാരുടെ വിശ്രമം കോണിപ്പടിക്കുകീഴില്‍;ഡ്രസ് മാറുന്നത് സെക്യൂരിറ്റിയുടെ മുറിയില്‍





























ആലപ്പുഴ ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ നാലുവര്‍ഷംവരെ സര്‍വീസുള്ള നേഴ്സുമാര്‍ക്ക് ശമ്പളമായി നല്‍കുന്നത് രണ്ടായിരംരൂപ. 18 മണിക്കൂര്‍വരെ ജോലിചെയ്ത് തളരുന്ന നേഴ്സുമാര്‍ വിശ്രമിക്കുന്നത് കോണിപ്പടിക്കുതാഴെ. ഡ്രസ് മാറുന്നത് സെക്യൂരിറ്റിയുടെ മുറിയില്‍ . നേഴ്സിങ് മേഖലയിലെ തൊഴില്‍ ചൂഷണംസബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. എസ് ബലരാമന്‍ കമീഷന്‍ സിറ്റിങ്ങിലാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തായത്. ഇതേത്തുടര്‍ന്ന് ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ കമീഷന്‍ പരിശോധന നടത്തി.

ചൊവ്വാഴ്ച രാവിലെ 10.30ന് ആലപ്പുഴ റസ്റ്റ്ഹൗസിലായിരുന്നു കമീഷന്‍ സിറ്റിങ്. തുടര്‍ന്ന് പകല്‍ രണ്ടോടെ ചേര്‍ത്തലയിലെ എസ്എന്‍എംഎം, കെവിഎം, ഗ്രീന്‍ ഗാര്‍ഡന്‍സ് എന്നീ സ്വകാര്യ ആശുപത്രികള്‍ കമീഷന്‍ സന്ദര്‍ശിച്ചു. ആശുപത്രി മാനേജ്മെന്റ് അധികൃതരില്‍ നിന്ന് കമീഷന്‍ വിവരങ്ങള്‍ ശേഖരിച്ചു. നേഴ്സുമാര്‍ക്ക് 7,700 രൂപവരെ ശമ്പളം നല്‍കുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ 20 വര്‍ഷം സര്‍വീസുള്ളവര്‍ക്കാണ് ഈ തുക നല്‍കുന്നതെന്ന് നേഴ്സുമാര്‍ കമീഷനോട് പറഞ്ഞു. അതേസമയം ആശുപത്രി അധികൃതരുടെ പിണിയാളുകളായി ജോലിചെയ്യുന്ന നേഴ്സിങ് അസിസ്റ്റന്റുമാര്‍ക്ക് നേഴ്സുമാരുടേതിനെക്കാള്‍ ഉയര്‍ന്ന ശമ്പളം നല്‍കുന്നു.

വേണ്ടത്ര വിശ്രമസൗകര്യമോ ഡ്രസിങ്റൂമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ രാത്രി ഡ്യൂട്ടിക്കുശേഷം വിശ്രമിക്കുന്നത് കോണിപ്പടിക്കു താഴെയും തറയിലുമാണെന്ന് നേഴ്സുമാര്‍ കമീഷനോട് പറഞ്ഞു. യൂണിഫോം മാറുന്നത് സെക്യൂരിറ്റിയുടെ മുറിയിലും. സൂപ്പര്‍വൈസര്‍മാര്‍ എന്ന പേരില്‍ നിയമിച്ചിരിക്കുന്ന ചിലര്‍ക്ക് നേഴ്സുമാരുടെ യൂണിഫോം നല്‍കിയിരിക്കുന്നതായി കമീഷന്‍ കണ്ടെത്തി. വാര്‍ഡുകളില്‍ മിന്നല്‍ പരിശോധന നടത്തിയ കമീഷന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സുമാര്‍ക്ക് ചോദ്യാവലി തയ്യാറാക്കിനല്‍കി. ഇവ പൂരിപ്പിച്ച് കമീഷന് കൈമാറണമെന്ന് നിര്‍ദേശിച്ചു. ആലപ്പുഴ റസ്റ്റുഹൗസില്‍ നടന്ന സിറ്റിങ്ങില്‍ അഞ്ഞൂറോളം നേഴ്സുമാരെ പ്രതിനിധീകരിച്ച് ഹോസ്പിറ്റല്‍ എംപ്ലോയീസ് സംഘ് എന്ന സംഘടനയിലെ രണ്ടംഗങ്ങള്‍ മാത്രമാണ് ഹാജരായത്. ഇവര്‍ എഴുതിതയ്യാറാക്കിയ വിവരങ്ങള്‍ കമീഷന് കൈമാറി. ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന ഭീഷണിയുള്ളതിനാല്‍ അതീവ രഹസ്യമായാണ് ഇവര്‍ കമീഷനെ സമീപിച്ചത്. റസ്റ്റ്ഹൗസിനു സമീപം രാവിലെ എത്തിയ ചില നേഴ്സുമാര്‍ പേരും മറ്റു വിവരങ്ങളും പുറത്താകുമെന്ന് പേടിച്ച് മാധ്യമ പ്രവര്‍ത്തകരെകണ്ട് പിന്‍വലിഞ്ഞു. പിന്നീട് പലരും കമീഷന് ഫോണില്‍ വിവരങ്ങള്‍ കൈമാറി. ഇവരെ നേരില്‍ കാണാന്‍ അറിയിച്ചിട്ടുണ്ട്. ചെയര്‍മാനെ കൂടാതെ കമീഷന്‍ അംഗങ്ങളായ പി ദേവകി, സലോമി ജോര്‍ജ്, വസന്തകുമാരിയമ്മ എന്നിവരും കൗണ്‍സില്‍ ഓഫ് രജിസ്ട്രാര്‍ ലതയും സിറ്റിങ്ങില്‍ പങ്കെടുത്തു.

Tuesday, February 14, 2012

രാജ്യദ്രോഹികളെ തുറുങ്കിലടയ്ക്കുക


രാജ്യദ്രോഹികളെ തുറുങ്കിലടയ്ക്കുക





കള്ളപ്പണം എന്നത് കേവലം നികുതിവെട്ടിപ്പ് നടത്തി ആര്‍ജിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന സമ്പത്തുമാത്രമല്ല. ഇന്ന് ലോകത്ത് ഏറ്റവുമധികം കള്ളപ്പണനിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണ്. സ്വിറ്റ്സര്‍ലന്‍ഡിലും മൗറീഷ്യസിലും മറ്റുമുള്ള നികുതിവെട്ടിപ്പ് നിക്ഷേപസങ്കേതങ്ങളില്‍ ഇന്ത്യയില്‍നിന്നുള്ള കള്ളപ്പണം കുമിഞ്ഞുകൂടുന്നു. വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് 24.5 ലക്ഷം കോടിയുടെ രഹസ്യനിക്ഷേപമുണ്ടെന്ന് സിബിഐ ഡയറക്ടര്‍തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. കള്ളപ്പണം വീണ്ടെടുക്കലുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ ഉദ്യോഗസ്ഥര്‍ക്കുവേണ്ടി സംഘടിപ്പിച്ച അന്താരാഷ്ട്ര പരിശീലനപരിപാടി ഉദ്ഘാടനംചെയ്തുകൊണ്ടാണ് സിബിഐ ഡയറക്ടര്‍ എ പി സിങ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക് വെളിപ്പെടുത്തിയത്. സ്വിസ് ബാങ്കുകളില്‍ ഏറ്റവുമധികം നിക്ഷേപമുള്ളത് ഇന്ത്യക്കാര്‍ക്കാണെന്നും സിങ് പറയുന്നു. ഈ അവസ്ഥ എങ്ങനെ ഉണ്ടായി എന്നത് "യഥാ രാജ, തഥാ പ്രജ" എന്ന ചൊല്ലിലൂടെയാണ് അദ്ദേഹം വിശദീകരിച്ചത്. ഭരണം കൈയാളുന്നവര്‍തന്നെയാണ് യഥാര്‍ഥ പ്രതികള്‍ എന്നര്‍ഥം. അത് പറയുന്നത്, രാജ്യത്തിന്റെ സമുന്നത അന്വേഷണ ഏജന്‍സിയുടെ തലവനാകുമ്പോള്‍ മറ്റൊരന്വേഷണത്തിന്റെ ആവശ്യമില്ല. ഇരുപത്തിനാലര ലക്ഷം കോടി രൂപ എന്നത് ചെറിയ സംഖ്യയല്ല. രാജ്യത്തെ പുറത്തുവന്ന ഏറ്റവും വലിയ അഴിമതിയായ 2ജി സ്പെക്ട്രം കുംഭകോണം ഒന്നേമുക്കാല്‍ ലക്ഷം കോടിയുടേതാണെന്നോര്‍ക്കണം. വന്‍ അഴിമതികളിലൂടെ തട്ടിയെടുത്ത തുകയിലേറെയും വിദേശബാങ്കുകളിലാണെത്തുന്നത്്. 2ജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി അടുത്തകാലത്ത് വന്‍ വിവാദം സൃഷ്ടിച്ച കൂറ്റന്‍ അഴിമതികളില്‍ കൊള്ളയടിക്കപ്പെട്ട പണം കൂടുതലും ഇത്തരം നിക്ഷേപങ്ങളായി മാറി. അതിലെ കുറ്റവാളികള്‍ കേന്ദ്ര ഭരണാധികാരം കൈയാളുന്ന ഉന്നതരാണ്; മുന്‍ കേന്ദ്രമന്ത്രിമാരടക്കമുള്ളവരാണ്്. കേരളത്തിലെ ഒരു പ്രമുഖ മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തിയും കള്ളപ്പണനിക്ഷേപകരിലുണ്ടെന്ന വെളിപ്പെടുത്തലും ഈയിടെ വന്നു. കള്ളപ്പണനിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടെങ്കിലും കൃത്യമായ തുക അറിയില്ലെന്നു പറഞ്ഞ് ധനമന്ത്രി പ്രണബ് മുഖര്‍ജി ഒഴിഞ്ഞുമാറുകയായിരുന്നു. സിബിഐ ഡയറക്ടറുടെ വെളിപ്പെടുത്തലോടെ രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആ ഒളിച്ചുകളി പൊളിഞ്ഞു. കള്ളപ്പണം വീണ്ടെടുക്കല്‍ അസാധ്യമാണെണന്നാണ് കേന്ദ്രമന്ത്രി നാരായണസ്വാമി പറയുന്നത്. കള്ളപ്പണം നിയമവിധേയമാക്കാന്‍ തയ്യാറാകുന്നവര്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷവും സര്‍ക്കാര്‍ പിടിച്ചെടുക്കാനുള്ള നടപടികളെടുത്തില്ല. നിക്ഷേപകരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടില്ല എന്ന കാരണത്താലാണ് സ്വിറ്റ്സര്‍ലന്‍ഡ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കള്ളപ്പണം ഒഴുകുന്നത്. ഇന്ത്യക്കാരായ കള്ളപ്പണനിക്ഷേപകരെക്കുറിച്ച് വിക്കിലീക്സ് വാര്‍ത്ത പുറത്തുവിട്ടിരുന്നു. കലാനിധി മാരന്‍ , എ രാജ, കേന്ദ്രമന്ത്രി ശരദ് പവാര്‍ തുടങ്ങിയവര്‍ക്ക് വിദേശത്ത് നിക്ഷേപമുള്ളതായി ആ രേഖ ചൂണ്ടിക്കാട്ടി. പിന്നീട് ഒരു പ്രമുഖ ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ കേരളത്തിലെ ഒരു എംപിക്ക് ജനീവയിലെ എച്ച്എസ്ബിസി ബാങ്കില്‍ നിക്ഷേപമുള്ളതായി വിവരമുണ്ടായിരുന്നു. ഇന്ത്യയില്‍നിന്ന് 780 പേര്‍ വിദേശത്ത് കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ടെന്നും ആ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. കള്ളപ്പണക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. കള്ളപ്പണനിക്ഷേപം തടയാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. രാജ്യത്തുനിന്ന് കള്ളപ്പണം പുറത്തേക്ക് പോകുന്ന വഴി, ഏത് രീതിയില്‍ ഇത് തടയാം തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ബി പി ജീവന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘത്തെ പരമോന്നതകോടതി നിയോഗിച്ചു. കള്ളപ്പണനിക്ഷേപങ്ങള്‍ രാജ്യദ്രോഹക്കുറ്റംതന്നെയെന്ന് കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതെല്ലാമായിട്ടും മന്‍മോഹന്‍സിങ് സര്‍ക്കാര്‍ നിഷ്ക്രിയത്വം തുടരുകയാണ്്. കള്ളപ്പണത്തിനെതിരെയും അഴിമതിക്കെതിരെയും രാജ്യത്ത് വന്‍ പ്രക്ഷോഭമുയര്‍ന്നപ്പോഴും പാര്‍ലമെന്റ് പ്രക്ഷുബ്ധമായപ്പോഴും പ്രധാനമന്ത്രിയും ധനമന്ത്രിയും വിശ്വസനീയമായ ന്യായവാദങ്ങളൊന്നും നിരത്തിയില്ല. സബ്സിഡികള്‍ ഇല്ലാതാക്കിയും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കാതെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചും ദരിദ്രനെ പരമദരിദ്രനാക്കുന്ന നവലിബറല്‍ നയങ്ങളുമായി മുന്നോട്ടുപോകുന്ന യുപിഎ സര്‍ക്കാര്‍ അഴിമതിക്കാര്‍ക്കും കള്ളപ്പണക്കാര്‍ക്കും അക്ഷരാര്‍ഥത്തില്‍ കുടപിടിക്കുകയാണ്. പട്ടിണിയും ദാരിദ്ര്യവും മാറ്റാനുള്ള പണമാണ്; രാജ്യത്തിന്റെ വികസനത്തിനുപയോഗിക്കേണ്ട നികുതിപ്പണമാണ്; പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിച്ച് കുന്നുകൂട്ടുന്ന സമ്പത്താണ് വിദേശരാജ്യങ്ങളിലെ രഹസ്യ അക്കൗണ്ടുകളില്‍ സുഖസുഷുപ്തിയില്‍ കഴിയുന്നത്. രാജ്യമാകെ കള്ളപ്പണത്തിനെതിരെ പ്രക്ഷോഭമുയര്‍ന്നപ്പോള്‍ 2011 ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതാധികാരസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. 2012 ജനുവരി 30ന് ആ കമ്മിറ്റി കരട് റിപ്പോര്‍ട്ട് തയ്യാറാക്കി. രാജ്യത്തെ രണ്ട് പ്രധാന പാര്‍ടികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും തനിനിറം തുറന്നുകാട്ടുന്നതാണ് ആ റിപ്പോര്‍ട്ടിലെ ചില വെളിപ്പെടുത്തലുകള്‍ . കോണ്‍ഗ്രസിന് 500 കോടിയും ബിജെപിക്ക് 200 കോടിയും മാത്രമാണ് വരുമാനമെന്നാണ് അവര്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയത്. എന്നാല്‍ , ഇത് അവര്‍ ചെലവഴിക്കുന്ന തുകയുടെ ഒരു ചെറിയ ഭാഗം മാത്രമേ ആകുന്നുള്ളൂ. 10,000 മുതല്‍ 15,000 കോടി രൂപവരെയാണ് ഓരോ തെരഞ്ഞെടുപ്പിലും രണ്ട് പാര്‍ടികളും വാരിയെറിയുന്നത്. ഇത് കള്ളപ്പണമാണ്. ഏറ്റവും വലിയ കള്ളപ്പണക്കാര്‍ എങ്ങനെ കള്ളപ്പണനിക്ഷേപത്തിനെതിരെ നടപടി സ്വീകരിക്കും? കള്ളപ്പണക്കാരെ തുറുങ്കിലടയ്ക്കുക എന്നതിനര്‍ഥം രാജ്യദ്രോഹികളെ ശിക്ഷിക്കുക എന്നുതന്നെയാണ്. അങ്ങനെ പ്രതിപ്പട്ടികയിലെത്തുന്നത് രാജ്യം ഭരിക്കുന്നവര്‍തന്നെയെങ്കില്‍ ഈ ഭരണത്തെ രാജ്യദ്രോഹികളുടെ ഭരണമെന്നുതന്നെ വിളിക്കണം. അങ്ങനെ വിളിക്കാം എന്നാണ്, "യഥാ രാജ, തഥാ പ്രജ" പ്രയോഗത്തിലൂടെ സിബിഐ മേധാവി ഉറപ്പിക്കുന്നത്. 

സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന സമ്മേളനം തുടങ്ങി


സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന സമ്മേളനം തുടങ്ങി

കൊല്‍ക്കത്ത: സിപിഐ എം പശ്ചിമബംഗാള്‍ സംസ്ഥാന സമ്മേളനം കൊല്‍ക്കത്തയില്‍ ബുധനാഴ്ച തുടങ്ങി. ജ്യോതിബസു നഗറിലെ(സിപിഐ എം കൊല്‍ക്കത്ത ജില്ലാ കമ്മിറ്റി ഓഫീസായ പ്രമോദ്ദാസ് ഗുപ്ത ഭവന്‍) ഹര്‍കിഷന്‍സിങ് സുര്‍ജിത് മഞ്ചില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് രാവിലെ പതിനൊന്നിന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ...

ഇരുമ്പ് പിള്ള ക്കുവേണ്ടി ആസനത്തില്‍ ഇരുമ്പ് പാരകേറ്റി കൊല്ലാന്‍ ശ്രമിച്ച അധ്യാപകന്റെ കേസ്സ് തുരുമ്പെടുക്കുന്നു...സിബിഐയും തിരിഞ്ഞുനോക്കുന്നില്ല


ഇരുമ്പ് പിള്ള ക്കുവേണ്ടി  ആസനത്തില്‍  ഇരുമ്പ് പാരകേറ്റി  

കൊല്ലാന്‍ ശ്രമിച്ച അധ്യാപകന്റെ കേസ്സ് 

തുരുമ്പെടുക്കുന്നു...സിബിഐയും  തിരിഞ്ഞുനോക്കുന്നില്ല 






കൊല്ലം: ആര്‍ ബാലകൃഷ്ണപിള്ള മാനേജരായ വാളകം ആര്‍വിവിഎച്ച്എസ്എസിലെ അധ്യാപകന്‍ കൃഷ്ണകുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിന്റെ അന്വേഷണം വഴിമുട്ടി. അന്വേഷണ ചുമതലയിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ മറ്റു ജോലിക്ക് നിയോഗിച്ചു. ചിലരെ സ്ഥലംമാറ്റി. ഇതോടെ അന്വേഷകസംഘംതന്നെ ഇല്ലാതായി. കേസ് അന്വേഷണം സിബിഐക്ക് വിട്ട യുഡിഎഫ് സര്‍ക്കാര്‍ നടപടി ഫലത്തില്‍ അന്വേഷണം ഇല്ലാതാക്കിയതിന് തുല്യമാണ്. സിബിഐയുടെ ചെന്നൈ ഓഫീസ് ഇതുവരെ അന്വേഷണം ഏറ്റെടുത്തിട്ടില്ല. നേരത്തെ ഏറ്റെടുത്ത അടിയന്തര പ്രാധാന്യമുള്ള കേസുകളുള്ളപ്പോള്‍ വാളകം കേസിന്റെ അന്വേഷണം സമീപകാലത്തൊന്നും സിബിഐ ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. കൊട്ടാരക്കര റൂറല്‍ എസ്പി പി പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യം കേസ് അന്വേഷിച്ചത്. രണ്ട് ഡിവൈഎസ്പിമാരും നാല് സിഐമാരും സംഘത്തിലുണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കവെ റൂറല്‍ എസ്പി പ്രകാശിനെ അഡീഷണല്‍ എക്സൈസ് കമീഷണറായി (എന്‍ഫോഴ്സ്മെന്റ്) സ്ഥലം മാറ്റി. ഇത് കേസന്വേഷണം അട്ടിമറിക്കാനായിരുന്നുവെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട ഒരാളെപ്പോലും കണ്ടെത്താനോ പിടികൂടാനോ സംഘത്തിനു കഴിഞ്ഞില്ല. കൃഷ്ണകുമാറിനെ കയറ്റിക്കൊണ്ടുപോയി ജീവഛവമാക്കിയ വെളുത്ത ആള്‍ട്ടോ കാറിനുവേണ്ടി മാസങ്ങള്‍ നീണ്ട അന്വേഷണം നടത്തിയെങ്കിലും അതും പ്രഹസനമായി. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ നൂറോളം ആള്‍ട്ടോ കാറുകള്‍ നിരീക്ഷണത്തിലാണെന്നും ഉടന്‍ പിടിയിലാകുമെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവര്‍ത്തിച്ചത്. കുറെ കാറുകള്‍ കസ്റ്റഡിയില്‍ എടുത്തെങ്കിലും പിന്നീട് അവയെല്ലാം ഉടമസ്ഥര്‍ക്കു വിട്ടുകൊടുത്തു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ കാര്‍ ഡ്രൈവറുടെ രേഖാചിത്രം തയ്യാറാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതുമുണ്ടായില്ല. കൃഷ്ണകുമാറിന്റെയും ഭാര്യ കെ ആര്‍ ഗീതയുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സംഘം ഒരിക്കലും തയ്യാറായില്ല എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. പൈശാചികമായ ആക്രമണത്തിനിരയായ കൃഷ്ണകുമാര്‍ ബോധം മറയുംമുമ്പ് കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോ. വിജയശ്രീക്ക് നല്‍കിയ മൊഴിയില്‍ ആള്‍ട്ടോ കാറില്‍നിന്ന് കൂടെയുണ്ടായിരുന്നവര്‍ പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് പറഞ്ഞിരുന്നു. അതിനുശേഷവും വാഹനാപകടത്തില്‍ അധ്യാപകന് പരിക്കേറ്റുവെന്ന് സ്ഥാപിക്കാനാണ് അന്വേഷകസംഘം ശ്രമിച്ചത്. പരിക്ക് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ് ആശുപത്രി രേഖകളില്‍നിന്നുതന്നെ അപ്രത്യക്ഷമായി. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ കുഞ്ഞുമോന്‍ , ബിനു എന്നീ പേരുകള്‍ അര്‍ധബോധാവസ്ഥയില്‍ കൃഷ്ണകുമാര്‍ ഉരുവിട്ടിരുന്നതായി ഭാര്യ ഗീത പൊലീസിന് മൊഴി നല്‍കിയിരുന്നു. ആ വഴിക്കും അന്വേഷണമുണ്ടായില്ല. സംഭവദിവസം രാത്രി വാളകം, നിലമേല്‍ ടവറുകളുടെ പരിധിയില്‍ നടന്ന മൊബൈല്‍കോളുകള്‍ സംബന്ധിച്ച അന്വേഷണവും പൊലീസ് നിര്‍ത്തിവച്ചു. അന്വേഷണം തുടങ്ങിയതിന്റെ തലേന്ന് ജയിലില്‍നിന്ന് ആര്‍ ബാലകൃഷ്ണപിള്ള വിളിച്ച കോളുകളുടെ വിശദാംശങ്ങള്‍ പുറത്തുവന്നെങ്കിലും അക്കാര്യവും അന്വേഷിച്ചില്ല. അധ്യാപകന്‍ ആക്രമിക്കപ്പെട്ട ദിവസം പിള്ള 40 തവണ ഫോണ്‍ചെയ്തതായും വെളിപ്പെട്ടിരുന്നു. പിള്ളയുടെ ബന്ധുവായ ബസ് ഉടമയെയും കൃഷ്ണകുമാറുമായി ശത്രുതയുള്ള വാളകം സ്കൂളിലെ ചില അധ്യാപകരെയും ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. ആശുപത്രിയില്‍നിന്ന് കൃഷ്ണകുമാറിനെ വീട്ടില്‍ കൊണ്ടുവന്നശേഷം ഭാര്യ കെ ആര്‍ ഗീതയ്ക്ക് ലഭിച്ച ഭീഷണിക്കത്തിന്റെ ഉറവിടം കണ്ടെത്താനും പൊലീസ് ശ്രമിച്ചില്ല. 

യുഡിഎഫിന്റെ ജനാധിപത്യ ധ്വംസനം 

ചെറുക്കണം: സിഐടിയു




തിരു: ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ക്കെതിരെ രംഗത്തിറങ്ങണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി അഭ്യര്‍ഥിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പല സ്ഥാപനങ്ങളിലെയും ഭരണസമിതികള്‍ യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിടുന്നു. ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ മാര്‍ഗങ്ങളിലൂടെയാണ് പിരിച്ചുവിടല്‍ . ഇതിനെ ചോദ്യംചെയ്ത് കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് മത്സ്യഫെഡ് ഭരണസമിതി പുനഃസ്ഥാപിക്കേണ്ടിവന്നു. ശിശുക്ഷേമസമിതി ഭരണസമിതി പുനഃസ്ഥാപിക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും പൊലീസിനെ ഉപയോഗിച്ച് തടസ്സമുണ്ടാക്കുന്നു. ഇപ്പോള്‍ ജില്ലാ ബാങ്കുകളിലെ ഭരണസമിതികളും യുഡിഎഫ് സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഓര്‍ഡിനന്‍സുകള്‍ ഇറക്കിയാണ് സര്‍ക്കാരിന്റെ ജനാധിപത്യക്കുരുതി. ഈ നടപടിക്കെതിരെ നടക്കുന്ന സമരങ്ങള്‍ക്ക് സിഐടിയു സംസ്ഥാന കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചു. ജനാധിപത്യ സംരക്ഷണത്തിനുവേണ്ടി പോരാടാന്‍ എല്ലാ തൊഴിലാളികളോടും ജനാധിപത്യ വിശ്വാസികളോടും സിഐടിയു അഭ്യര്‍ഥിച്ചു.

എല്‍ഡിഎഫ് അവസരവാദികള്‍ക്ക് ചേക്കേറാനുള്ള സ്ഥലമല്ല: പിണറായി


എല്‍ഡിഎഫ് അവസരവാദികള്‍ക്ക് 

ചേക്കേറാനുള്ള സ്ഥലമല്ല: പിണറായി






ചെറുവത്തൂര്‍ : യുഡിഎഫിലുള്ള ഏതെങ്കിലും പാര്‍ടികള്‍ക്ക് എല്‍ഡിഎഫില്‍ ചേക്കേറാമെന്ന് ആരും ധരിക്കേണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ക്കെങ്കിലും യുഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളോട് എതിര്‍പ്പുണ്ടെങ്കില്‍ അത് പരസ്യമായി പറയട്ടെ. അവര്‍ അധികാരം വിട്ട് സ്വതന്ത്രമായി യുഡിഎഫിനെതിരെ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അല്ലാതെ ഏത് അവസരവാദിക്കും വന്നു കയറാനുള്ള ഇടമല്ല എല്‍ഡിഎഫ്. ചെറുവത്തൂരില്‍ ചീമേനി രക്തസാക്ഷി 25-ാം വാര്‍ഷികാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് നിര്‍വഹിക്കുകയായിരുന്നു പിണറായി. യുഡിഎഫ് സര്‍ക്കാരിനോടുള്ള നയം എന്തായിരിക്കണമെന്ന് സിപിഐ എമ്മും എല്‍ഡിഎഫും മുമ്പേ തീരുമാനിച്ചതാണ്. ഭൂരിപക്ഷം കിട്ടിയവര്‍ ഭരിക്കട്ടെയെന്നാണ് തീരുമാനം. പാര്‍ടി സംസ്ഥാന സമ്മേളനവും ഇക്കാര്യം ചര്‍ച്ച ചെയ്തു. ആ നയത്തില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടില്ല. പാര്‍ലമെന്ററി ഉപജാപത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിച്ച് എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ എല്ലാ വൃത്തികേടുകളും പേറേണ്ടിവരും. നേരിയ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള അഭ്യാസങ്ങള്‍ക്കേ സമയം ഉണ്ടാകൂ. പലരുടെയും സമ്മര്‍ദതന്ത്രങ്ങള്‍ക്ക് വഴങ്ങേണ്ടിവരും. അത് സിപിഐ എമ്മിന്റെ ജനപിന്തുണയെയും ബാധിക്കും. യുഡിഎഫ് സര്‍ക്കാര്‍ അങ്ങേയറ്റം ജനവിരുദ്ധ നയങ്ങളാണ് തുടരുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന 5000 കോടി രൂപയുടെ പദ്ധതികളാണ് ഇവര്‍ അട്ടിമറിച്ചത്. രണ്ട് രൂപയുടെ അരി ഇല്ലാതാക്കി. മുമ്പ് അരികിട്ടിയ ഭൂരിപക്ഷത്തിനും ഇപ്പോള്‍ അരിയില്ല. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളുടെ പേരിലുള്ള നിക്ഷേപം ഉപേക്ഷിച്ചു. ഇത്തരം ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടു വരണം. പ്രക്ഷോഭച്ചൂടില്‍ സര്‍ക്കാരിന് തുടരാനാകാത്ത അവസ്ഥയുണ്ടാകും. യുഡിഎഫിനൊപ്പം നിന്ന വലിയൊരു വിഭാഗം ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം ചേരും. കേരളത്തെ പിന്നോട്ട് നടത്തിക്കാനുള്ള ചില ശക്തികളുടെ ശ്രമമാണ് സംസ്ഥാനം നേരിടുന്ന മറ്റൊരു പ്രശ്നം. പാര്‍ടി സമ്മേളനം ഇക്കാര്യവും ചര്‍ച്ച ചെയ്തു. മത വേര്‍തിരിവുണ്ടാക്കി സൗഹാര്‍ദാന്തരീക്ഷം ഇല്ലാതാക്കാനാണ് ശ്രമം. അന്യമതക്കാരോട് സംസാരിക്കരുതെന്ന് പറയാന്‍വരെ ഈ ശക്തികള്‍ തയ്യാറാകുന്നു. അത്യന്തം ആപല്‍കരമായ ഈ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണം. മതവിശ്വാസത്തെയല്ല, മറിച്ച് മതത്തിന്റെ പേരില്‍ സമൂഹത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കാനുള്ള വര്‍ഗീയ തീവ്രവാദത്തെയാണ് എതിര്‍ക്കുന്നത്. മത ന്യൂനപക്ഷങ്ങള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന പാര്‍ടി സിപിഐ എമ്മാണെന്ന് ആ ജനവിഭാഗത്തിലെ സാധാരണക്കാര്‍ക്ക് ഇതിനകം ബോധ്യമായി. മുസ്ലിം സമൂഹം പൊതുവില്‍ സാമ്രാജ്യത്വ വിരുദ്ധമാണ്. സാമ്രാജ്യത്വത്തെ നിരന്തരം എതിര്‍ക്കുന്ന സിപിഐ എമ്മിനെയല്ലാതെ മറ്റാരെയാണ് ഇവര്‍ക്ക് ആശ്രയിക്കാന്‍ പറ്റുക. സംഘപരിവാര്‍ അക്രമങ്ങളെ പ്രതിരോധിക്കാനും സിപിഐ എം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ മുസ്ലിം വിഭാഗത്തിലെ ഭൂരിപക്ഷംവരുന്ന പാവപ്പെട്ടവര്‍ക്ക് ആശ്രയിക്കാവുന്ന ഏക പാര്‍ടിയുമാണിത്. ക്രിസ്ത്യന്‍ സമുദായത്തിന്റെ കാര്യവും ഇതുതന്നെയാണ്. എല്ലാവിഭാഗം ജനങ്ങളുടെയും ആദരം പിടിച്ചുപറ്റിയ ചിട്ടയാര്‍ന്ന പ്രവര്‍ത്തനമാണ് സംസ്ഥാനസമ്മേളനത്തിലുണ്ടായത്. ഇതിനെ വക്രീകരിക്കാന്‍ ആരുശ്രമിച്ചാലും ജനമനസ്സിലുള്ള ആദരം മാറ്റാന്‍ കഴിയില്ല- പിണറായി പറഞ്ഞു. 

ലത്തീഫ് മമ്മിയൂരിന് സ്വീകരണം


ലത്തീഫ് മമ്മിയൂരിന് സ്വീകരണം


ദുബായ്: യു.എ.ഇ.: യു എ ഇ.യിലെ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ലത്തീഫ് മമ്മിയൂരിനു മഭാവന ആര്‍ട്‌സ് സൊസൈറ്റി ആദരിക്കുന്നു. പാം സാഹിത്യ സഹകരണ സംഘത്തിന്റെ അക്ഷര മുദ്ര പുരസ്‌കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കാല്‍ നൂറ്റാണ്ടായി ഭാവന ആര്‍ട്‌സില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഫിബ്രവരി 16 ന് രാത്രി 8 മണിക്ക് തുലിപ് ഇന്‍ ഹോട്ടലില്‍ (മുന്‍ റോയല്‍ പാലസ് ഹോട്ടല്‍, ഖിസൈസ്) വച്ചാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 050 4949334, 

ലത്തീഫ് മമ്മിയൂരിന് സ്വീകരണം


ലത്തീഫ് മമ്മിയൂരിന് സ്വീകരണം


ദുബായ്: യു.എ.ഇ.: യു എ ഇ.യിലെ എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ലത്തീഫ് മമ്മിയൂരിനു മഭാവന ആര്‍ട്‌സ് സൊസൈറ്റി ആദരിക്കുന്നു. പാം സാഹിത്യ സഹകരണ സംഘത്തിന്റെ അക്ഷര മുദ്ര പുരസ്‌കാരമടക്കം ഒട്ടേറെ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കാല്‍ നൂറ്റാണ്ടായി ഭാവന ആര്‍ട്‌സില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഫിബ്രവരി 16 ന് രാത്രി 8 മണിക്ക് തുലിപ് ഇന്‍ ഹോട്ടലില്‍ (മുന്‍ റോയല്‍ പാലസ് ഹോട്ടല്‍, ഖിസൈസ്) വച്ചാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 050 4949334, 


വിദേശ കള്ളപ്പണനിക്ഷേപം 25 ലക്ഷം കോടിയെന്ന് സിബിഐ







ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് വിദേശബാങ്കുകളില്‍ ഏകദേശം 25 ലക്ഷം കോടി രൂപയുടെ (500 ബില്യണ്‍ ഡോളര്‍) കള്ളപ്പണനിക്ഷേപമുണ്ടെന്ന് സിബിഐ വെളിപ്പെടുത്തി. ഇന്ത്യയുടെ വാര്‍ഷിക ബജറ്റിന്റെ രണ്ടര ഇരട്ടി വരുമിത്. സിബിഐ ഡയറക്ടര്‍ എ പി സിങ് ആണ് കള്ളപ്പണത്തിന്റെ കണക്ക് പുറത്തുവിട്ടത്. ആദ്യമായാണ് സര്‍ക്കാര്‍ ഏജന്‍സി കള്ളപ്പണത്തിന്റെ കണക്ക് വെളിപ്പെടുത്തുന്നത്. ഇന്ത്യക്കാര്‍ക്ക് 1948 നും 2008നും ഇടയില്‍ വിദേശത്ത് 213 ബില്യണ്‍ ഡോളര്‍ കള്ളപ്പണനിക്ഷേപമുണ്ടെന്ന് നേരത്തെ ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി എന്ന സ്ഥാപനം വെളിപ്പെടുത്തിയിരുന്നു. അഴിമതിയെക്കുറിച്ച് ഇന്റര്‍പോള്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപത്തിന്റെ വിവരം എ പി സിങ് പുറത്തുവിട്ടത്. നികുതി അടയ്ക്കാത്തവരുടെ സ്വര്‍ഗങ്ങളായി അറിയപ്പെടുന്ന മൗറീഷ്യസ്, സ്വിറ്റ്സര്‍ലന്‍ഡ്, ലിക്റ്റെന്‍സ്റ്റൈന്‍ , ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് ഇന്ത്യക്കാര്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. സ്വിസ് ബാങ്കില്‍ ഏറ്റവും കൂടുതല്‍ കള്ളപ്പണനിക്ഷേപമുള്ളതും ഇന്ത്യക്കാര്‍ക്കാണ്. ദ്വീപുരാഷ്ട്രങ്ങളിലാണ് ഇന്ത്യക്കാരുടെ 53 ശതമാനം കള്ളപ്പണനിക്ഷേപമുള്ളത്. ലോകത്തില്‍ ഏറ്റവും അഴിമതി കുറഞ്ഞ രാഷ്ട്രമെന്ന് വാഴ്ത്തപ്പെടുന്ന ന്യൂസിലന്‍ഡും അഴിമതി കുറഞ്ഞ രാഷ്ട്രങ്ങളുടെ പട്ടികയില്‍ അഞ്ചാംസ്ഥാനത്തുള്ള സിംഗപ്പൂരും കള്ളപ്പണനിക്ഷേപകരുടെ പ്രധാന കേന്ദ്രമായി മാറി. എന്നാല്‍ , വിദേശ ബാങ്കുകളിലെ കള്ളപ്പണനിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുക എളുപ്പമല്ല. ജൂഡീഷ്യല്‍ അന്വേഷണത്തില്‍ കൂടി മാത്രമേ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നുള്ളൂവെന്നും എ പി സിങ് പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കള്ളപ്പണത്തെക്കുറിച്ചുള്ള അടിയന്തരപ്രമേയചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി ഇക്കാര്യത്തെ കുറിച്ച് ധവളപത്രം ഇറക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ , ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. കള്ളപ്പണം എത്രയെന്ന് കണക്കാക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു മുഖര്‍ജിയുടെ മറുപടി.