Monday, November 10, 2008

കേരളത്തിലെ തീവ്രവാദവും പൊലീസും

കേരളത്തിലെ തീവ്രവാദവും പൊലീസും പ്രതികണങ്ങള്‍

വര്‍ഗീയതയും തീവ്രവാദവും പരസ്പരപൂരകമായ ഘടകങ്ങളാണ്. വര്‍ഗീയവാദിക്ക് തീവ്രവാദിയാകാനും തീവ്രവാദിക്ക് വര്‍ഗീയവാദിയാകാനും എളുപ്പം കഴിയും. ഭൌതികസാഹചര്യം മനുഷ്യമനസ്സിനെ ഈ വിധം രൂപാന്തരപ്പെടുത്തുമെന്നത് അനുഭവസിദ്ധം. പൊലീസിനെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതിനാലാണ് കേരളത്തില്‍ തീവ്രവാദം ശക്തിപ്പെടുന്നതെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ഒരു പ്രമുഖ കോഗ്രസ് നേതാവ് അഭിപ്രായപ്പെട്ടത് വായിക്കാന്‍ ഇടയായതിനാലാണ് മേലെഴുതിയ പ്രതികരണം. ഇടതുപക്ഷ ജനാധപത്യ മുന്നണി സര്‍ക്കാര്‍ പൊലീസിനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുത്തുന്നു എന്ന ആരോപണം അസംബന്ധമാണ്. പൊലീസിനെ മനുഷ്യവല്‍ക്കരിക്കാനും സമൂഹത്തിന്റെ സേവനസേനയാക്കാനും കേരളത്തില്‍ ആവിഷ്കരിച്ച കമ്യൂണിറ്റി പൊലീസ് നയം വളരെയേറെ പ്രയോജനപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഭീകരമായ പൊലീസ് മര്‍ദനങ്ങളെക്കുറിച്ചുള്ള വാര്‍ത്ത കേള്‍ക്കാനില്ല. പൊലീസ് നയത്തില്‍ വന്ന ഗുണപരമായ മാറ്റത്തിന്റെ ലക്ഷണമാണ് ഇതൊക്കെ. കക്ഷിരാഷ്ട്രീയത്തിന്റെ ഭ്രാന്ത് ബാധിച്ചവര്‍ക്കുമാത്രമേ ഈ യാഥാര്‍ഥ്യത്തെ അന്യഥാ ചിത്രീകരിക്കാന്‍ കഴിയൂ. കേരളം ഒഴിച്ച് മറ്റു മിക്കവാറും സംസ്ഥാനങ്ങളില്‍ എത്രയോ കാലമായി മതവര്‍ഗീയതയും തീവ്രവാദവും ഇടകലര്‍ന്ന് നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ ഗുജറാത്തിലും കുറച്ച് ആഴ്ചകള്‍ക്ക് മുമ്പുപോലും ഒറീസയിലും കര്‍ണാടകത്തിലും വര്‍ഗീയ-തീവ്രവാദികളുടെ ഭീതിദമായ അഴിഞ്ഞാട്ടമല്ലേ ഉണ്ടായത്? കശ്മീരിലും മഹാരാഷ്ട്രയിലും അസമിലും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ പല നിറത്തിലും തരത്തിലുമുള്ള വര്‍ഗീയ തീവ്രവാദ ശക്തികളുടെ സൃഷ്ടിയല്ലേ. ഇതില്‍നിന്നെല്ലാം വ്യത്യസ്തമായി എത്രയോ കാലമായി കേരളം മതനിരപേക്ഷതയുടെയും മാനവികസാഹോദര്യത്തിന്റെയും പൂന്തോട്ടമായി ഉയര്‍ന്നുനില്‍ക്കുന്നു. എന്നാല്‍, ജന്മനാടിനെ മതവര്‍ഗീയതയുടെ ഭ്രാന്താലയമാക്കാന്‍ ഇവിടെ കുറച്ചുകാലമായി പ്രതിലോമശക്തികള്‍ ബോധപൂര്‍വം ആസൂത്രിതശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു. മാറാടും മറ്റും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്. കേരള സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കിയ വിദ്യാഭ്യാസ നിയമത്തെ അട്ടിമറിക്കാന്‍ മുസ്ളിം- ക്രിസ്ത്യന്‍ വര്‍ഗീയവാദികള്‍ ഇവിടെ കാട്ടിക്കൂട്ടിയ വിക്രിയകള്‍ ഭ്രാന്തന്‍വര്‍ഗീയതയെ ഉല്‍പ്പാദിപ്പിക്കാന്‍ സഹായകമായി. ഹിന്ദുത്വവര്‍ഗീയശക്തികള്‍ ഇതിനൊക്കെ തുറന്ന പിന്തണയും നല്‍കി. എന്നിട്ടും ഇവിടെ വര്‍ഗീയ-തീവ്രവാദശക്തികളെ ഒതുക്കിനിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ശക്തമായ ഇടതുപക്ഷ-ജനാധിപത്യ മതനിരപേക്ഷപ്രസ്ഥാനത്തിന്റെ ലക്ഷ്യബോധവും ഇച്ഛാശക്തിയും കരുത്തും വിളംബരംചെയ്യുന്ന അനുഭവമാണിത്. ഇവിടെനിന്ന് ഒരു പിടി തീവ്രവാദികളായ യുവാക്കള്‍ കശ്മീരില്‍ പോയി വെടിയേറ്റു മരിച്ചു. നിര്‍ഭാഗ്യകരം തന്നെയിത്. എന്നാല്‍, ഇതുകൊണ്ട് കേരളമാകെ തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന വിവരദോഷികളുടെ വിലയിരുത്തല്‍ നിരര്‍ഥക ജല്‍പ്പനമായി പരിഗണിച്ചാല്‍ മതി. ഗുജറാത്തിലും ഒറീസയിലും മറ്റും ന്യൂനപക്ഷവേട്ട നടത്തുന്ന ഭീകരശക്തികളുടെ സഹായികളായി അവിടത്തെ പൊലീസുകാര്‍ മാറി. അവിടങ്ങളില്‍ വര്‍ഗീയഭ്രാന്തിന്റെ ഒഴുക്കിന്റെ കൂടെ പൊലീസുകാരും ഒഴുകി. എന്നാല്‍, കേരളത്തില്‍ പൊലീസ് പൊതുവെ ഉന്നതനിലവാരം നിലനിര്‍ത്തുന്ന ഒരു സൈനിക വ്യൂഹമാണ്. മതതീവ്രഭീകരവാദികളെ കൈകാര്യംചെയ്യുന്നതില്‍ കേരളത്തിലെ പൊലീസ്സേന മാതൃകയാണ്. ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന്റെ തിളങ്ങുന്ന മുഖമുദ്രയാണ് ഇതിലൂടെ കാണാന്‍ കഴിയുന്നത്. ഇതെല്ലാം മൂടിവയ്ക്കാനാണ് ഇടതുപക്ഷ വിരുദ്ധരായ ഒരു കൂട്ടം നേതാക്കള്‍ ശ്രമിക്കുന്നത്.

I.V. DAS .desh

Tuesday, November 4, 2008

'ഓത്തുപള്ളീലന്ന്‌ നമ്മള്‍...'

'ഓത്തുപള്ളീലന്ന്‌ നമ്മള്‍...'

ചിരിക്കരുത്‌! അടിത്തല്ലും വടിത്തല്ലും പഠിക്കുന്ന ആര്‍.എസ്‌.എസ.്‌ ശാഖകള്‍ സമാധാനകേന്ദ്രമാണ്‌! മുസോളിനിയില്‍ നിന്ന്‌ ആവേശംകൊണ്ട്‌, ഡോക്‌ടര്‍ മുന്‍ജെയുടെ നേതൃത്വത്തില്‍, ഹിന്ദുമതത്തെ ബ്രാഹ്‌മണവല്‍ക്കരിക്കാനും സൈനികവല്‍കരിക്കാനും നടന്ന നീക്കങ്ങളൊക്കെയും സമാധാനം സംരക്ഷിക്കാനുള്ള ദേശസ്‌നേഹപ്രവര്‍ത്തനത്തിന്റെ മാത്രം ഭാഗമാണ്‌. സാമ്രാജ്യത്വവിരുദ്ധസമരം അത്യന്തം സജീവമായിരുന്ന, ആയിരത്തിത്തൊള്ളായിരത്തി ഇരുപതുകളില്‍ ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിന്റെ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന നയത്തെ പിന്തുണയ്‌ക്കുംവിധം മുസ്ലിംകളെയും ക്രിസ്‌ത്യാനികളെയും കമ്യൂണിസ്‌റ്റുകാരെയും ആഭ്യന്തരശത്രുക്കളായി മുദ്രകുത്തിയത്‌, രാജ്യസ്‌നേഹത്തിന്റെ മികച്ച മാതൃകയാണ്‌! മലേഗാവില്‍ നടന്ന സ്‌ഫോടനത്തിന്റെ പേരില്‍, സംഘപരിവാറിനെ വിമര്‍ശിക്കുന്നവരൊക്കെയും വിദേശചാരന്മാരാണ്‌! കേരളം ഭീകരവാദകേന്ദ്രമായി മാറിക്കഴിഞ്ഞു എന്ന സംഘപരിവാര്‍ പ്രചാരണങ്ങള്‍ക്കു കീഴെ ഒപ്പുവയ്‌ക്കാത്തവരൊക്കെ 'ഭീകരവാദികള്‍'ക്കൊപ്പം നില്‍ക്കുന്നവരാണ്‌. ഭീകരവാദികള്‍ ആരെന്നു ഞങ്ങള്‍ നിര്‍വചിക്കും, ഞങ്ങള്‍ ചൂണ്ടിക്കാണിക്കും, നിങ്ങളവരെ അറസ്‌റ്റ്ചെയ്‌താല്‍ മാത്രം മതി എന്ന ഔദ്ധത്യപൂര്‍ണവും ജനാധിപത്യവിരുദ്ധവുമായ നിലപാടാണു സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളില്‍ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്‌. മഹാത്മാഗാന്ധിയെ കൊന്ന നാഥൂറാം വിനായക്‌ ഗോഡ്‌സെ മുതല്‍ ഗുജറാത്ത്‌ വംശഹത്യനായകന്‍ നരേന്ദ്രമോഡിവരെ മഹാന്മാരാണ്‌. ഒറീസയിലെ 'ക്രിസ്‌ത്യന്‍ വേട്ട' വിദേശികള്‍ക്കെതിരേയുള്ള മഹത്തായ സ്വാതന്ത്ര്യസമരമാണ്‌. നാസിക്കിലെ പ്രശസ്‌തമായ, ഇപ്പോള്‍ മലേഗാവ്‌ സ്‌ഫോടനംവഴി കുപ്രസിദ്ധമായ, ഭോണ്‍സാല സൈനിക സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഭീകരവിരുദ്ധ സ്‌ക്വാഡ്‌ കസ്‌റ്റഡിയിലെടുത്തിരിക്കുന്നതു മുസ്ലിം ഭീകരവാദത്തെ സഹായിക്കാനാണ്‌. ഇങ്ങനെ തുടങ്ങി സംഘപരിവാര്‍ വിവിധ മാധ്യമങ്ങള്‍വഴി നിരന്തരം നടത്തുന്ന പ്രചാരണങ്ങള്‍ കേട്ടാല്‍ ഹിറ്റ്‌ലറുടെ പ്രചാരണവകുപ്പ്‌ മന്ത്രിയായിരുന്ന ആ പഴയ ഗീബല്‍സ്‌ പോലും നാണിച്ചുപോകും! 'ഭീകരതയ്‌ക്ക് പാലോളിയുടെ 'പച്ച'ക്കൊടി എന്ന പേരില്‍ ഒന്നാം പേജില്‍ തന്നെ, വലിയ ചുവപ്പു തലക്കെട്ടോടു കൂടിയാണ്‌ ഇന്നലത്തെ 'ജന്മഭൂമി' പത്രം പുറത്തിറങ്ങിയിരിക്കുന്നത്‌. സംഘപരിവാര്‍, ആശയപ്രചാരണത്തില്‍ സ്വീകരിക്കുന്ന പതിവനുസരിച്ചു പ്രസ്‌തുത തലക്കെട്ട്‌ 'ഭീകരതയ്‌ക്ക് മുഹമ്മദ്‌കുട്ടിയുടെ പച്ചക്കൊടി' എന്നാക്കി മാറ്റുന്നതായിരുന്നു കൂടുതല്‍ പ്രസക്‌തം! വെറും 'പാലൊളി' എന്നു കേള്‍ക്കുമ്പോള്‍ ഒരു പാവം കാല്‍പനിക കവിയുടെ ഒരിളക്കവും സൃഷ്‌ടിക്കാത്ത ഒരു പഴയ വര്‍ണന മാത്രമോ എന്നാരെങ്കിലും സംശയിച്ചുപോവാതിരിക്കാന്‍ തലക്കെട്ടില്‍ത്തന്നെ 'മുഹമ്മദ്‌കുട്ടി' എന്നു പച്ചക്കങ്ങ്‌ വച്ചുകാച്ചുന്നതായിരുന്നു നന്നായിരുന്നത്‌. മാര്‍ക്‌സിനെ ഹിറ്റ്‌ലറൊരിക്കലും കാള്‍ മാര്‍ക്‌സ് എന്നു വിളിച്ചിരുന്നില്ല. ഫാസിസത്തിന്റെ അടിസ്‌ഥാനഗ്രന്ഥമായി മാറിയ 'മെന്‍കാഫില്‍' മുതല്‍ സ്വന്തം പ്രഭാഷണങ്ങളില്‍ വരെ, ഹിറ്റ്‌ലര്‍ നിരന്തരം പ്രയോഗിച്ചത്‌ 'ജൂത മാര്‍ക്‌സ്' എന്നു മാത്രം. പേരിനെങ്കിലും കാള്‍ മാര്‍ക്‌സ് അപ്പോഴേക്കും ഒരു 'ക്രിസ്‌ത്യാനിയായി' മാറിക്കഴിഞ്ഞിരുന്നു എന്നറിയാത്തതു കൊണ്ടൊന്നുമല്ല, ഹിറ്റ്‌ലര്‍ പിന്നെയും 'ജൂത മാര്‍ക്‌സ്' എന്നാവര്‍ത്തിച്ചത്‌.പാലോളി മുഹമ്മദ്‌ കുട്ടി, കേരളമൊരു ഭീകരവാദകേന്ദ്രമല്ലെന്നു പറഞ്ഞിട്ടുണ്ടെങ്കില്‍ അതദ്ദേഹത്തിന്റെ വ്യക്‌തിപരമായ അഭിപ്രായമല്ലെന്നും അദ്ദേഹം കൂടി ഉള്‍പ്പെട്ട ഒരു പ്രസ്‌ഥാനത്തിന്റെ അഭിപ്രായംകൂടി ആയിരിക്കാമെന്നും അറിയാത്തവരല്ല 'ജന്മഭൂമിയി'ലിരുന്നു 'വാര്‍ത്ത' സൃഷ്‌ടിക്കുന്നത്‌. അവര്‍ സ്‌ഥാപിക്കാനാഗ്രഹിക്കുന്നത്‌, 'മുഹമ്മദ്‌ കുട്ടിമാര്‍' എവിടെയായിരുന്നാലും അവരുടെയൊക്കെ മനസ്‌ അങ്ങു പാക്കിസ്‌താനിലാണെന്നാണ്‌. ഗതികേടുകൊണ്ടു നാടുവിട്ടുപോയ മുസ്ലിം യുവാക്കളൊക്കെ പാക്കിസ്‌താനില്‍ ഭീകരത പരിശീലിക്കാന്‍ പോവുകയാണെന്നാണ്‌! ഐടി രംഗത്ത്‌ അവര്‍ പ്രവര്‍ത്തിക്കുന്നത്‌ വധഭീഷണിയുള്‍പ്പെടുന്ന ഇ-മെയില്‍ സന്ദേശങ്ങള്‍ അയയ്‌ക്കാനാണെന്നാണ്‌! കുട്ടികളെയൊക്കെ മതവിശ്വാസികളായ മുസ്ലിം രക്ഷിതാക്കള്‍ അതിരാവിലെ മദ്രസയിലേക്കയയ്‌ക്കുന്നത്‌ ഒരു മുപ്പതു വയസാവുന്നതിനു മുമ്പുതന്നെ വല്ല കശ്‌മീരിലോ, അഫ്‌ഗാനിസ്‌ഥാനിലോ പോയി 'ശഹീദാ'വാനാണെന്നാണ്‌! ഇനി വല്ലവരും ഇവ്വിധം കശ്‌മീരിലോ മറ്റോ പോയി മരിക്കാന്‍ തയാറില്ലെങ്കില്‍ അവരുടന്‍ ഒരു നാലു കല്യാണമെങ്കിലും കഴിച്ച്‌ പത്തിരുപതു മക്കളെയെങ്കിലുമുണ്ടാക്കണമെന്നാണ്‌! എന്നിട്ട്‌ ഇന്ത്യയെ വൈകാതെ തന്നെ ഒരു മുസ്ലിം ഭൂരിപക്ഷപ്രദേശമായി മാറ്റിത്തീര്‍ക്കണമെന്നാണ്‌! നമ്മുടെ ഹാസസാഹിത്യം അമ്പേ ദരിദ്രമാണെന്ന അഭിപ്രായം സംഘപരിവാറിനോടു വിരോധമുള്ള ആരോ പറഞ്ഞൊരു നുണയായിരിക്കണം.ബസില്‍ 'ഭീകരവാദികളും' കയറുന്നുണ്ടാവും. എന്നാല്‍, അതുകൊണ്ട്‌ 'ബസ്‌' ഭീകരവാദികളുടെ വാഹനമാണെന്ന്‌ ആരും വിധിപ്രഖ്യാപിക്കാറില്ല. 'ബസപകടങ്ങള്‍' ഇനിയും സംഭവിക്കുമായിരിക്കും. അതുകൊണ്ട്‌ ബസ്‌ യാത്ര അവസാനിപ്പിക്കണമെന്ന്‌ ആരും ആഹ്വാനം ചെയ്യാറില്ല! പരമാവധി അപകടം കുറയ്‌ക്കാനുള്ള ജാഗ്രത പാലിക്കുകയാണു വേണ്ടത്‌. അപകടകാരണം ബസിന്റെ കേടാണെങ്കില്‍ അതു നന്നാക്കുകയോ, നന്നാവുന്നില്ലെങ്കില്‍ അതൊഴിവാക്കുകയോ ആണു വേണ്ടത്‌്. ഇതുപോലെ, ഏതെങ്കിലും മതക്കാരുടെയോ, 'പാര്‍ട്ടിക്കാരുടെയോ' 'പാഠശാലകള്‍' ഭീകരവാദ പരിശീലനകേന്ദ്രമായി തീരുന്നുണ്ടെങ്കില്‍ അതടച്ചുപൂട്ടി സീല്‌ വയ്‌ക്കണം. അല്ലാതെ, 'പാഠശാലകളെ'ക്കുറിച്ച്‌ അനാവശ്യഭീതി ഉല്‍പാദിപ്പിക്കുന്നതില്‍ ആരും പങ്കാളികളാകരുത്‌.ഏതു താടിക്കാരനെ കണ്ടാലും അതാ ഒരു 'ലാദന്‍' എന്നു പറയുന്ന തമാശ അത്ര നിരുപദ്രവകരമൊന്നുമല്ലെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞ ഒരു കാലമാണിത്‌. കുട്ടിക്കാലത്ത്‌ 'മദ്രസയില്‍' പഠിക്കുന്നവരൊക്കെയും 'മൗലവിമാരായി' മാറുന്നില്ല. അവരെല്ലാവരും 'മതവിശ്വാസികള്‍' പോലുമായി മാറുന്നില്ല. കുട്ടിക്കാലത്തു തലയില്‍ ഉറുമാലും കെട്ടി ഞാനും മദ്രസയില്‍ പോയിട്ടുണ്ട്‌. 'ഫര്‍ളും' 'സുന്നത്തും' വേര്‍തിരിച്ച്‌ മനസിലാക്കിയിട്ടുണ്ട്‌. 'യാസിന്‍' കാണാതെ പഠിച്ചിട്ടുണ്ട്‌. ഇങ്ങനെയൊക്കെ പഠിച്ചിട്ടും എന്നെപ്പോലെ നിരവധി കുട്ടികള്‍ പിന്നീടു മതരഹിതരായി മാറിപ്പോയിട്ടുണ്ട്‌. അതുപോലെ ചിലര്‍ തീവ്രമതവിശ്വാസികളായിട്ടുണ്ട്‌. പല പാര്‍ട്ടിക്കാരായി മാറിയിട്ടുണ്ട്‌. ഇതിലോരോന്നിന്റെയും ഉത്തരവാദിത്തം ഇങ്ങനെയായി മാറിയ ഓരോരുത്തരും സ്വയമേറ്റെടുക്കേണ്ടതാണ്‌. അതിനു പകരം ഏതെങ്കിലുമൊരു മതവിഭാഗത്തിന്റെ വിശ്വാസപ്രചാരണ സ്വാതന്ത്ര്യത്തെ തന്നെ സംശയത്തിന്റെ കുന്തമുനയില്‍ കയറ്റിനിര്‍ത്താന്‍ ഇടം നല്‍കുംവിധം കാര്യങ്ങളെയാകെ കൂട്ടിക്കുഴച്ച്‌ 'അവിയല്‍' രീതിയിലവതരിപ്പിക്കുന്നത്‌ 'അരക്ഷിതത്വം' അടിച്ചേല്‍പ്പിക്കലായിരിക്കും. മതനിരപേക്ഷതയെന്നതു മദ്രസകളിലെ 'അലിഫി'നെയും 'ലാച്ചി'നെയും രാജ്യദ്രോഹികളും ആര്‍.എസ്‌.എസ്‌ ശാഖകളിലെ ദണ്ഡിനെയും വാളിനെയും രാജ്യസ്‌നേഹികളുമായി മാറ്റുന്ന ഒരു ഇന്ദ്രജാലത്തിന്റെ പേരല്ലെന്നു മനുഷ്യസ്‌നേഹികളെങ്കിലും മറക്കരുത്‌.
k .e .n