Thursday, March 31, 2011

ടൈറ്റാനിയം അന്വേഷണം കഴിഞ്ഞാല്‍ യുഡിഎഫ് മന്ത്രിമാര്‍ കുടുങ്ങും

ടൈറ്റാനിയം അന്വേഷണം കഴിഞ്ഞാല്‍ യുഡിഎഫ് മന്ത്രിമാര്‍ കുടുങ്ങും
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡക്ട്സില്‍ (ടിടിപി) മലിനീകരണം തടയാന്‍ യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ പദ്ധതിയില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ യുഡിഎഫ് മന്ത്രിമാര്‍ കുടുങ്ങുമെന്ന് മന്ത്രി എളമരം കരീം പറഞ്ഞു. കരാറൊപ്പിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യവസായമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞുമടക്കമുള്ളവരാണ് പ്രതിക്കൂട്ടിലാവുക. പദ്ധതിയില്‍ അഴിമതി കണ്ടെത്തിയ ഉടന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി. ഇതേപ്പറ്റി വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്. എത്രകോടിയുടെ വെട്ടിപ്പാണ് നടന്നതെന്ന് അപ്പോള്‍ വ്യക്തമാകും. മലിനീകരണനിവാരണത്തിന് മെക്കോണിന് കരാര്‍ നല്‍കിയത് പൂര്‍ണമായ പ്രവര്‍ത്തനരേഖ പരിശോധിക്കാതെയായിരുന്നു. രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായതിനാലാണിതെന്ന് ടിടിപി ചീഫ്എന്‍ജിനീയര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇയാളെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യുകയുമുണ്ടായി.ടിടിപി പദ്ധതിയിലെ അഴിമതിയെപ്പറ്റി മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ കെ രാമചന്ദ്രന്‍ പറഞ്ഞത് പൂര്‍ണമായി ശരിയാണ്. വന്‍തുകക്കുള്ള മലിനീകരണപദ്ധതി അംഗീകരിക്കാത്തതിന് മന്ത്രിയായിരുന്ന തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തി സമ്മര്‍ദ്ദം ചെലുത്തിയെന്നും വകുപ്പ് മാറ്റിയെന്നും കെ കെ രാമചന്ദ്രന്‍ പറഞ്ഞത് ശരിയാണ്. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ചുമതല വനംമന്ത്രി സുജനപാലിലേക്ക് മാറ്റി. സുജനപാലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. അഴിമതി ആക്ഷേപം വന്നപ്പോള്‍ പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണയും പുകമറയും സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കയാണ്. കെഎംഎംഎല്ലില്‍ നവീകരണത്തിന്റെ മറവില്‍ കോടികള്‍ വെട്ടിക്കാന്‍ ശ്രമിച്ച അതേകമ്പനിയാണ് ടിടിപി നവീകരണത്തിനും പദ്ധതിതയ്യാറാക്കിയത്. കെഎംഎംഎല്ലിലെ നവീകരണ അഴിമതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിസഭ രണ്ടുതവണ കേന്ദ്രത്തിനെഴുതി. എന്നാല്‍ അംഗീകരിച്ചില്ല

വീണ്ടും ഭരണം വേണമെന്നാവശ്യപ്പെടുന്ന യുഡിഎഫ്, അഴിമതി നടത്താനും ജനദ്രോഹനയങള്‍ നടത്താനും,ജനങളുടെ അന്നം മുട്ടിക്കാനുമാണോ????

വീണ്ടും ഭരണം വേണമെന്നാവശ്യപ്പെടുന്ന യുഡിഎഫ്, അഴിമതി നടത്താനും ജനദ്രോഹനയങള്‍ നടത്താനും,ജനങളുടെ അന്നം മുട്ടിക്കാനുമാണോ????
വീണ്ടും ഭരണം വേണമെന്നാവശ്യപ്പെടുന്ന യുഡിഎഫ്, ഭരണമുണ്ടായിരുന്ന നാളുകളില്‍ അതെന്തിനു വേണ്ടിയാണ് വിനിയോഗിച്ചത് എന്നത് ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ തെളിയുകയാണ്. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഭരണം എന്താണെന്നും എങ്ങനെയാണെന്നും എന്തിനുള്ളതാണെന്നുമുള്ളതിന് യുഡിഎഫിലെ നേതാക്കള്‍തന്നെ നിത്യേന ജനങ്ങള്‍ക്കുമുമ്പില്‍ തെളിവുനിരത്തുന്നു. ഏറ്റവും ഒടുവിലായി പുറത്തുവന്നിട്ടുള്ളത് കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്റെ വെളിപ്പെടുത്തലുകളാണ്. മുഖ്യമന്ത്രിയായിരിക്കെ തിരുവനന്തപുരത്തെ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ കോടികളുടെ അഴിമതി നടത്താന്‍ ഉമ്മന്‍ചാണ്ടി കളമൊരുക്കിയതിനെക്കുറിച്ചാണ് കെ കെ രാമചന്ദ്രന്‍ പത്രസമ്മേളനത്തില്‍ വിവരിച്ചത്. 226 കോടി രൂപയുടെ വെട്ടിപ്പിനാണ് ശ്രമം നടന്നതെന്നും രാമചന്ദ്രന്‍ പറയുന്നു. അതിനെ എതിര്‍ത്തതുകൊണ്ടാണ് തന്നെ മന്ത്രിസഭയില്‍നിന്ന് നീക്കിയതെന്നുകൂടി രാമചന്ദ്രന്‍ വിശദീകരിക്കുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം, കെ കെ രാമചന്ദ്രന്‍ ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ആളാണ്; കോണ്‍ഗ്രസിന്റെ നേതൃനിരയിലുള്ള ആളാണ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ ഉള്ളറകളെക്കുറിച്ച് നല്ല പിടിപാടുള്ള വ്യക്തിയാണ്. എതിര്‍പക്ഷത്തുനിന്ന് ഇങ്ങനെയൊരു ആരോപണം ഉയര്‍ന്നാല്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പറയും ഉമ്മന്‍ചാണ്ടിയും കൂട്ടരും. എന്നാല്‍, സ്വന്തം പക്ഷത്തുനിന്നുതന്നെ, സ്വന്തം പാര്‍ടിയില്‍നിന്നുതന്നെ; സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന ആളില്‍നിന്നുതന്നെ ആരോപണം ഉയരുമ്പോള്‍ ഉമ്മന്‍ചാണ്ടി എന്തുപറയും? ആരോപണം ശ്രദ്ധയില്‍പ്പെട്ടില്ല എന്നുപറഞ്ഞ് എത്ര നാള്‍ അദ്ദേഹത്തിന് ഒഴിഞ്ഞുനില്‍ക്കാനാകും. ആരോപണം അസംബന്ധമാണെന്ന് പറഞ്ഞ് അദ്ദേഹത്തിന് എങ്ങനെ സ്വയം ന്യായീകരിക്കാനാകും? ഉമ്മന്‍ചാണ്ടിയില്‍നിന്ന് വസ്തുതാവിവരങ്ങളടങ്ങിയ കൃത്യമായ മറുപടിക്ക് കാത്തിരിക്കുകയാണ് രാഷ്ട്രീയകേരളം. സ്വന്തം മന്ത്രിസഭയില്‍ അംഗമായിരുന്ന വ്യക്തിയില്‍നിന്നുതന്നെ പരസ്യമായി അഴിമതിആരോപണം നേരിടുന്ന വ്യക്തിക്ക് മുന്നണിയെ നയിക്കാന്‍ ധാര്‍മികമായി എന്ത് രാഷ്ട്രീയ അവകാശമാണുള്ളത് എന്നത് ശ്രദ്ധാപൂര്‍വം നോക്കിയിരിക്കുകയാണ് രാഷ്ട്രീയകേരളം. പാമൊലിന്‍ കേസില്‍ അന്വേഷണം നേരിടുകയായിട്ടും തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന വ്യക്തിയാണ് ഗുരുതരമായ മറ്റൊരു ആരോപണംകൂടി ഇപ്പോള്‍ നേരിടുന്നത് എന്നോര്‍ക്കണം. രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചുള്ള വാഗ്ധോരണിക്ക് കുറവില്ലാത്ത ഉമ്മന്‍ചാണ്ടി ഇപ്പോള്‍ വിശദീകരിക്കാന്‍ വാക്കുകളില്ലാതെ വിഷമിക്കുന്നതിനുപിന്നിലെ യാഥാര്‍ഥ്യം മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളവരല്ല കേരളത്തിലെ ജനങ്ങള്‍. ടൈറ്റാനിയം കമ്പനിക്ക് 100 കോടിയുടെ മുതല്‍മുടക്കാണുള്ളത്. ഇതിന്മേലാണ് 256 കോടി രൂപയുടെ തട്ടിപ്പുപദ്ധതി അടിച്ചേല്‍പ്പിച്ച് അഴിമതി നടത്താന്‍ നോക്കിയത്. കമ്പനിയുടെ മാലിന്യപ്രശ്നങ്ങള്‍ മുപ്പതു കോടി രൂപയ്ക്ക് പരിഹരിക്കാമെന്ന് ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചിരിക്കെ ഇതേ കാര്യത്തിന് എണ്‍പത് കോടി രൂപ വകയിരുത്തിക്കൊണ്ടുള്ള പ്രത്യേക പദ്ധതി തയ്യാറാക്കിയത് എന്തിന് എന്നത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയുണ്ട്. 100 കോടിയുടെമാത്രം മുതല്‍മുടക്കുള്ള പദ്ധതിക്കുമേല്‍ 256 കോടിയുടെ അധികച്ചെലവ് അടിച്ചേല്‍പ്പിച്ചാല്‍ അത് കമ്പനിക്ക് താങ്ങാനാവില്ല എന്ന് സ്വാഭാവികമായും വിലയിരുത്തപ്പെടുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ പദ്ധതിയെ എതിര്‍ത്തതുകൊണ്ടാണ് തന്നെ മന്ത്രിസഭയില്‍നിന്ന് ഗൂഢാലോചന നടത്തി പുറത്താക്കിയതെന്നാണ് രാമചന്ദ്രന്‍ പറയുന്നത്. രാമചന്ദ്രനെ മന്ത്രിസഭയില്‍നിന്ന് നീക്കിയതിനുശേഷം ഉമ്മന്‍ചാണ്ടി ആ പദ്ധതി നടപ്പാക്കിയെടുത്തു എന്നുകൂടി അറിയുമ്പോള്‍ രാമചന്ദ്രന്‍ പറഞ്ഞത് വിശ്വാസയോഗ്യമാണെന്ന് വരുന്നു; ആരോപണം തെളിവോടെ സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു. ആസ്തിയുടെ രണ്ടര ഇരട്ടിവരുന്ന അധികച്ചെലവ് പദ്ധതി കമ്പനിക്ക് നഷ്ടമേ ഉണ്ടാക്കൂ എന്ന വിലയിരുത്തല്‍ പിന്നീട് തെളിയുകയുംചെയ്തു. അഞ്ച് കോടി രൂപയുടെ ബാങ്ക് ഗാരന്റി കണ്ടുകെട്ടുന്ന അവസ്ഥ സൃഷ്ടിച്ചുകൊണ്ട് അധികച്ചെലവ് പദ്ധതി പൊളിഞ്ഞു. ഇതെല്ലാം ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കാണിക്കുന്നു. രാമചന്ദ്രന്റെ വിശ്വാസ്യത എത്രയെന്നതല്ല, ആരോപണത്തിന് അക്കമിട്ട് മറുപടി നല്‍കാന്‍ ഉമ്മന്‍ചാണ്ടിയുടെ പക്കല്‍ വല്ലതുമുണ്ടോ എന്നതാണ് കേരളം ഉറ്റുനോക്കുന്നത്. "അസംബന്ധം" എന്ന ഒറ്റ വാക്കുകൊണ്ട് മറച്ചുപിടിക്കാവുന്നതല്ല, മന്ത്രിസഭയിലെ പഴയ സഹപ്രവര്‍ത്തകന്റെ ആരോപണം. എന്തായാലും ഗൗരവാവഹമായ അന്വേഷണം ഈ കാര്യത്തില്‍ കൂടിയേ തീരൂ. പക്ഷേ, ജീര്‍ണിച്ചുകഴിഞ്ഞ കോണ്‍ഗ്രസില്‍ പാര്‍ടിതലത്തില്‍പോലും അത്തരമൊരു നീക്കമുണ്ടാകുമെന്ന് തലയ്ക്ക് വെളിവുള്ള ആരും കരുതുന്നില്ല. പകരം, കോണ്‍ഗ്രസിന് സംഭവിക്കുക, ആരോപണമുന്നയിച്ച രാമചന്ദ്രനെതിരെ നടപടി എടുക്കലാകും. കെപിസിസി പ്രസിഡന്റ് രമേശ്ചെന്നിത്തലയില്‍നിന്ന് ആ വഴിക്കുള്ള സൂചനകള്‍ ഇതിനകംതന്നെ വന്നുകഴിഞ്ഞു. യുഡിഎഫ് ഭരണം എങ്ങനെയായിരുന്നുവെന്നത് ജനങ്ങളെ അതിന്റെ നേതാക്കള്‍തന്നെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. യുഡിഎഫിനെ നയിക്കുന്ന ഉമ്മന്‍ചാണ്ടിയെക്കുറിച്ച് ഘടകകക്ഷികളില്‍ ഒന്നിന്റെ നേതാവായ ടി എം ജേക്കബ് മുമ്പ് നിയമസഭയില്‍ പറഞ്ഞത് സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്നയാള്‍ എന്നാണ്. സൈന്‍ബോര്‍ഡ് അഴിമതിയില്‍ 500 കോടി രൂപയുടെ തിരിമറി നടത്തിയെന്ന ജേക്കബ്ബിന്റെ ആരോപണം സഭാരേഖകളില്‍ കിടപ്പുണ്ട്. സ്മാര്‍ട്ട്സിറ്റി, സുനാമി ഫണ്ട്, ലോട്ടറി, ചന്ദനം, മദ്യം, സിവില്‍ സപ്ലൈസ്, വൈദ്യുതി, പട്ടയം, ഭൂമിതട്ടിപ്പ് തുടങ്ങി എന്തെല്ലാം വിഷയങ്ങള്‍ മുന്‍നിര്‍ത്തി ടി എം ജേക്കബ്ബും മറ്റും ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും സഭാതലത്തില്‍ തുറന്നുകാട്ടിയിരിക്കുന്നു. പാമൊലിന്‍ ഇടപാടില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പങ്ക് മന്ത്രിസഭാംഗമായിരുന്ന ടി എച്ച് മുസ്തഫതന്നെ തുറന്നുകാട്ടിയിരിക്കുന്നു. ടി എം ജേക്കബ്ബും ടി എച്ച് മുസ്തഫയുമൊക്കെ ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി മറുപടി പറയേണ്ടതുണ്ട്. ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്നുവന്നപ്പോള്‍ അദ്ദേഹത്തെ ഉപദേശിച്ച് പിന്തിരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചത് പിള്ള മത്സരിക്കുന്നത് രാഷ്ട്രീയമായി യുഡിഎഫിന് വന്‍ തിരിച്ചടി ഉണ്ടാക്കുമെന്നതിനാലാണ്. അതല്ലാതെ രാഷ്ട്രീയ ധാര്‍മികത മുന്‍നിര്‍ത്തിയൊന്നുമല്ല. രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ച് ഉമ്മന്‍ചാണ്ടി നടത്തുന്ന വാചകമടി വെറും രാഷ്ട്രീയ കസര്‍ത്തുകള്‍ മാത്രമാണെന്ന് ആവര്‍ത്തിച്ച് തെളിയുകയാണ്. അതല്ലെങ്കില്‍, സ്വന്തം മന്ത്രിസഭയിലെ അംഗത്തില്‍നിന്നുതന്നെ അഴിമതി ആരോപണം നേരിട്ടിട്ടും, പാമൊലിന്‍ ഇറക്കുമതി കേസില്‍ അന്വേഷണം നേരിടുകയായിരുന്നിട്ടും ഒഴിഞ്ഞുനില്‍ക്കാമെന്ന് കരുതാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയുന്നില്ലല്ലോ. അതാണ് ഉമ്മന്‍ചാണ്ടിയുടെ ധാര്‍മികതയും രാഷ്ട്രീയവും

ദല സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 1ന് സോനാപൂരില്‍, ടെസ്റ്റുകളും മരുന്നും സൗജന്യം

ദല സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍ 1ന് സോനാപൂരില്‍, ടെസ്റ്റുകളും മരുന്നും സൗജന്യം ദുബായ്‌ : ദല സൗജന്യമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പത്തില്‍ പരം സ്പേഷലിസ്റ്റ് ഡോക്ടര്‍ന്മാരും ഇരുപതോളം പാരാമെഡിക്കല്‍ സ്റ്റാഫും പങ്കെടുക്കുന്ന ക്യാമ്പില്‍ മരുന്നും ടെസ്റ്റുകളും‍ സൗജന്യ മായിരിക്കും. ആതുരശുശ്രൂഷരംഗത്ത് ഏറെ അറിയപ്പെടൂന്ന അല്‍ നൂര്‍ പോളീക്ലിനിക്കിന്റെ സഹകരണത്തോടെ ഏപ്രില്‍ ഒന്നാം തിയ്യതി കാലത്ത് ഒമ്പത് മണീമുതല്‍ മൂന്നു മണിവരെ സോനാപൂരിലുള്ള( മുഹസിന രണ്ട് )വിക്ടോറിയ കോണ്‍‌ട്രക്‌റ്റിങ് കമ്പനിയുടെ ക്വാര്‍ട്ടേഴ്സിലാണു കേമ്പ് ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ഒമ്പത് മണിക്കു തന്നെ എത്തി പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണു . കൂടുതല്‍ വിവരങള്‍ക്ക് ബന്ധപ്പെടുക.050.7249434,050.6579581. ഈ വാര്‍ത്ത താങ്കളുടെ മാധ്യമത്തില്‍ പ്രസിദ്ധികരിക്കണമെന്ന്/ടെലിക്കാസ്റ്റ് /ബ്രോഡ്കാസ്റ്റ് ചെയ്യണമെന്ന് താല്പര്യപ്പെടൂന്നു.Narayanan veliancode.050 6579581.

Sunday, March 27, 2011

"എണ്ണയാട്ടുന്നിടത്ത് ചെന്നാല്‍ പുണ്ണാക്ക് തരാത്തവനാണോ വീട്ടില്‍ ചെന്നാല്‍ എണ്ണ തരുന്നത് ".

"എണ്ണയാട്ടുന്നിടത്ത് ചെന്നാല്‍ പുണ്ണാക്ക് തരാത്തവനാണോ വീട്ടില്‍ ചെന്നാല്‍ എണ്ണ തരുന്നത് ".
യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഈ പഴഞ്ചൊല്ല് ഓര്‍ത്തുപോകും. എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടു രൂപ അരി എപിഎല്‍ വിഭാഗത്തിനുകൂടി കൊടുക്കാന്‍ തുനിഞ്ഞപ്പോള്‍ അതില്‍ മണ്ണുവാരിയിട്ടവരാണ് ഇപ്പോള്‍ ഒരു രൂപയ്ക്ക് അരി കൊടുക്കുമെന്നു പറയുന്നത്. കോണ്‍ഗ്രസ് എപ്പോഴും അങ്ങനെയാണ്; തെരഞ്ഞെടുപ്പുകാലത്ത് വാഗ്ദാനങ്ങള്‍ക്ക് ഒരു പഞ്ഞവുമുണ്ടാകില്ല. "ഗരീബി ഹഠാവോ"" മുതല്‍ എന്തെല്ലാം കേട്ടിരിക്കുന്നു. വോട്ട് പെട്ടിയിലാകുന്നതോടെ കോണ്‍ഗ്രസുകാര്‍ പ്രകടനപത്രിക മറക്കും. അടുത്ത തെരഞ്ഞെടുപ്പിന് പിന്നെയും പൊടിതട്ടിയെടുക്കും. എന്തായാലും ഇത്തവണ കിടിലന്‍ പ്രകടനപത്രികതന്നെ. ഇത് തമിഴ്നാട്ടില്‍നിന്നുള്ള ഇറക്കുമതിയാണെന്നു പറയുന്നവരുമുണ്ട്. ഒരു രൂപയ്ക്ക് മാസം 35 കിലോ അരി. പത്താംക്ലാസിലെ കുട്ടികള്‍ക്കെല്ലാം സൈക്കിള്‍. പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സൗരോര്‍ജ വിളക്ക്, ബൈക്കിനും കംപ്യൂട്ടറിനും പലിശരഹിത വായ്പ, അവശ കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം രൂപയും പെന്‍ഷനും, കര്‍ഷകര്‍ക്ക് മൂന്നുശതമാനം പലിശയ്ക്ക് വായ്പ... കുറ്റം പറയരുതല്ലോ കേട്ടാല്‍ ആരും സ്തംഭിച്ചുപോകും. മൂന്നു രൂപയ്ക്ക് അരി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതുവരെ നടപ്പാക്കിയില്ലെന്നു മാത്രമല്ല, കേരളത്തിനുള്ള റേഷന്‍വിഹിതം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ പോയിട്ട് സര്‍വകക്ഷി സംഘമായി കേന്ദ്രത്തിന് നിവേദനം കൊടുക്കാന്‍പോലും യുഡിഎഫ് വിസമ്മതിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ പാചകഗ്യാസിന് കിട്ടിക്കൊണ്ടിരിക്കുന്ന സബ്സിഡിതന്നെ എടുത്തുകളയാനാണ് കേന്ദ്രം ഒരുങ്ങുന്നത്. ഇപ്പോള്‍ 345 രൂപയുള്ള ഒരു സിലിണ്ടര്‍ ഗ്യാസിന് തെരഞ്ഞെടുപ്പ് കഴിയുന്നതോടെ 650 രൂപയിലധികമാകും. യുഡിഎഫ് പത്രികയില്‍ പക്ഷേ ഇതേക്കുറിച്ചൊന്നും ഒരക്ഷരവുമില്ല. യുഡിഎഫ് ഭരണത്തില്‍ വയനാട്ടിലും ഇടുക്കിയിലുമടക്കം കേരളത്തിലെ കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് നിത്യേന ആത്മഹത്യചെയ്തത് മറക്കാറായിട്ടില്ല. കടക്കെണികൊണ്ടല്ല, മദ്യപാനവും വിഷാദരോഗവും കാരണമാണ് ആത്മഹത്യയെന്നു പറഞ്ഞ് മുഖംതിരിക്കുകയാണ് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ചെയ്തത്. കടംകയറി മുടിഞ്ഞ ഒരു കര്‍ഷകനുപോലും എന്തെങ്കിലും സഹായം ഇവര്‍ ചെയ്തില്ല. ബാങ്കുകളുടെ ജപ്തിനടപടി മുടക്കമില്ലാതെ മുന്നേറുകയും ചെയ്തു. ഒടുവില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളിയത്. കടാശ്വാസപദ്ധതിയും പാക്കേജും നടപ്പാക്കി കര്‍ഷകരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഒടുവിലിപ്പോള്‍ യുഡിഎഫും കര്‍ഷകരെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നു. പലിശരഹിത വായ്പ, അവശപെന്‍ഷന്‍, രണ്ടു ലക്ഷം ധനസഹായം അങ്ങനെ പലതും. പ്രൊഫഷണല്‍ കോഴ്സ് വിദ്യാര്‍ഥികള്‍ക്ക് ബൈക്കിനും കംപ്യൂട്ടറിനും പലിശരഹിത വായ്പയാണ് മറ്റൊരു വാഗ്ദാനം. വിദ്യാഭ്യാസവായ്പ പ്രതീക്ഷിച്ച് പ്രൊഫഷണല്‍ കോഴ്സിന് ചേര്‍ന്ന് ഒടുവില്‍ വായ്പ കിട്ടാതെ പഠനം മുടങ്ങി അപമാനഭാരത്താല്‍ മനംനൊന്ത് ആത്മാഹുതിചെയ്ത രജനി എസ് ആനന്ദിനെ നമുക്ക് മറക്കാനാകുമോ. ബൈക്കും കംപ്യൂട്ടറും അല്ല, ഫീസും പഠനച്ചെലവും നിര്‍വഹിക്കാനാണ് രജനി എസ് ആനന്ദ് വായ്പയ്ക്ക് ബാങ്കുകള്‍ കയറിയിറങ്ങിയത്. പണമുള്ളവര്‍ പഠിച്ചാല്‍മതിയെന്നായിരുന്നു യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. ഈ നയത്തിന്റെ രക്തസാക്ഷിയാണ് രജനി എസ് ആനന്ദ്. ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുണ്ട് ഓഫർ - കേന്ദ്രതുല്യത. എന്നാല്‍,ഇത് കേള്‍ക്കുമ്പോള്‍ ജീവനക്കാരുടെ മനസ്സില്‍ ഇടിത്തീപോലെയെത്തുന്ന ഓര്‍മയുണ്ട്; എ കെ ആന്റണിയുടെ ധവളപത്രം. ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനും ആനുകൂല്യങ്ങള്‍ നിഷേധിക്കാനും ആന്റണി തയ്യാറാക്കിയ തിരക്കഥ. 32 ദിവസം നീണ്ട പോരാട്ടത്തിന്റെ ഓര്‍മ ഇന്നും അവരുടെ മനസ്സിലുണ്ട്. ഒരു രൂപയ്ക്ക് അരി നല്‍കണമെങ്കില്‍ കുറഞ്ഞത് 10,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ശരാശരി നാലര ലക്ഷം വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഇവര്‍ക്ക് സൈക്കിള്‍ നല്‍കാന്‍ 100 കോടിയിലേറെ രൂപവേണ്ടിവരും. എട്ടു ലക്ഷത്തോളം പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സൗരോര്‍ജവിളക്ക് നല്‍കണമെങ്കില്‍ 240 കോടിയിലേറെ രൂപയും വേണം. പക്ഷേ ഒന്നുണ്ട്, നടപ്പാക്കാനുദ്ദേശിക്കുന്നവര്‍ക്കേ ഇതിന്റെയൊക്കെ കണക്ക് നോക്കേണ്ടതുള്ളൂ. ഉത്സവപ്പറമ്പില്‍ ആനമയില്‍ഒട്ടകം കളിക്കുമ്പോലെ നാട്ടുകാരെ പറ്റിച്ച് വോട്ട് പെട്ടിയിലാക്കാമെന്നു കരുതുന്നവര്‍ അറബിക്കടലിന് പാലം കെട്ടുമെന്നൊക്കെ പറയും. അത്രതന്നെ. തോട്ടം തുറക്കുമെന്ന് യുഡിഎഫ് പ്രകടന പത്രിക; പ്രഖ്യാപനം അപഹാസ്യമാകുന്നു കേരളത്തില്‍ പൂട്ടിക്കിടക്കുന്ന മുഴുവന്‍ തേയില തോട്ടങ്ങളും തുറക്കാന്‍ നടപടി സ്വീകരിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനത്തിലൂടെ യുഡിഎഫ് സ്വയം പരിഹാസ്യമാകുന്നു. കേരളത്തില്‍ 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 22 തേയില തോട്ടങ്ങളാണ് പൂട്ടിക്കിടന്നത്. ഇതില്‍ 21ഉം ഇടുക്കി ജില്ലയിലായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് പീരുമേട് ടീ കമ്പനി ഒഴികെ മുഴുവന്‍ തോട്ടങ്ങളും തുറക്കാന്‍ കഴിഞ്ഞു. പീരുമേട് ടീ കമ്പനി ഏറ്റെടുക്കാനുള്ള നടപടികളുമായി ഗവണ്‍മെന്റ് മുന്നോട്ട് പോകുകയാണ്. ഇങ്ങനെയിരിക്കെയാണ് പൂട്ടിയ തോട്ടങ്ങള്‍ മുഴുവന്‍ തുറക്കുമെന്ന് പ്രഖ്യാപനം നടത്തി യുഡിഎഫും കോണ്‍ഗ്രസും അപഹാസ്യമായിരിക്കുന്നത്. 2001ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പോകുമ്പോള്‍ പീരുമേട് ടീ കമ്പനി മാത്രമാണ് പൂട്ടിയിരുന്നത്. കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് നേതാക്കളായ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെയും ധനകാര്യമന്ത്രി മന്‍മോഹന്‍സിങിന്റെയും തലതിരിഞ്ഞ ഇറക്കുമതി നയങ്ങളാണ് തോട്ടങ്ങള്‍ പൂട്ടുന്നതിന് കാരണമായത്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പീരുമേട്ടില്‍ ഉയര്‍ത്തിയ പ്രധാന മുദ്രാവാക്യം എല്‍ഡിഎഫ് സര്‍ക്കാരാണ് തോട്ടം മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചതെന്നും യുഡിഎഫ് വന്നാല്‍ പ്രതിസന്ധി പരിഹരിക്കുമെന്നുമായിരുന്നു. യുഡിഎഫ് വന്നതോടെ പീരുമേട്ടിലെ പ്രബല തോട്ടമായ ആര്‍ബിടി ഉള്‍പ്പെടെ മുഴുവന്‍ തോട്ടങ്ങളും പൂട്ടി. 2006ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ പൂട്ടിയ തോട്ടങ്ങള്‍ തുറക്കുകയോ പകരം ഉടമകളെ ഏല്‍പിക്കുകയോ ചെയ്യണമെന്ന് ഗവണ്‍മെന്റ് ഉടമകളോട് ആവശ്യപ്പെട്ടു. പിന്നീട് തൊഴില്‍വകുപ്പും മന്ത്രി പി കെ ഗുരുദാസനും നടത്തിയ നിരന്തര ഇടപെടല്‍ മൂലമാണ് തോട്ടങ്ങള്‍ ഒന്നൊന്നായി തുറന്നത്. ഇക്കാര്യത്തില്‍ തോട്ടം തുറക്കുന്നതിന് സഹായകരമായ നിലപാടായിരുന്നില്ല കേന്ദ്രത്തിന്റേത്. തോട്ടം വ്യവസായത്തില്‍ ഏര്‍പ്പെട്ടവരും നിശ്ചിത തുക ടേണ്‍ ഓവര്‍ ഉള്ളവരേയും മാത്രമേ തോട്ടങ്ങള്‍ ഏല്‍പിക്കു എന്ന നിലപാടിലായിരുന്നു കേന്ദ്രത്തിന്റേത്. അവശേഷിച്ച പീരുമേട് ടീ കമ്പനിയുടെ തോട്ടം ഏറ്റെടുക്കുന്നതിന് സംസ്ഥാന ഗവണ്‍മെന്റ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ഡിസംബര്‍ 30ന് മുമ്പ് തോട്ടം തുറക്കണമെന്ന് സുപ്രീം കോടതി അന്ത്യശാസനവും നല്‍കി. കേന്ദ്ര ടീ ബോര്‍ഡ് ആക്ട് അനുസരിച്ച് തോട്ടം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.ഇ കെ പത്മനാഭന്‍ / ദേശാഭിമാനി

കോൺഗ്രസ് - യു ഡി എഫ് മുൻ നിരയിൽ കോടികളുടെ ഈശ്വരര്‍

കോൺഗ്രസ് - യു ഡി എഫ് മുൻ നിരയിൽ കോടികളുടെ ഈശ്വരര്‍ ...


അഴിമതിയുടെ രാജാക്കന്മാര്‍,ജനസേവനം തൊഴില്‍ , ചില്ലിക്കാശില്ലാത്തവര്‍ എങിനെ കോടീശ്വരന്മാരായി ..ആദ്യം മത്സരിക്കുമോള്‍ ഇവരാരും കോറ്റീശ്വരന്മാരായിരുന്നില്ല.....അഴിമതിയിലൂടെ കോടീശ്വരന്മാരായവരുടെ കണക്കുകള്‍ കേരള ജനതയെ ഞെട്ടിപ്പിക്കുന്നു..... ചെന്നിത്തല കോടീശ്വരന്‍

ഹരിപ്പാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോടീശ്വരന്‍. വരണാധികാരിയായ ഹരിപ്പാട് ബിഡിഒയ്ക്ക് നാമനിര്‍ദേശപത്രികയോടൊപ്പം നല്‍കിയ സത്യവാങ്മുലത്തിലാണ് ഇതുസംബന്ധിച്ച വിവരം. ബാങ്ക് കടപ്പത്രം എല്‍ഐസി മുതലായവയിലായി 33,00,586.61 രുപയുടെ നിക്ഷേപമുള്ള ചെന്നിത്തലയ്ക്ക് 63,39,910 രൂപയുടെ സ്വത്തുമുണ്ട്. ഭാര്യ അനിത രമേശിന് 21,47,492 രൂപയുടെ സമ്പാദ്യവും 41,03,150 രൂപ വിലവരുന്ന സ്വത്തും മക്കളായ രോഹിത് രമേശിന് 6,20,892 രൂപയും രമിത് രമേശിന് 1,83,244 രൂപയും സമ്പാദ്യവുമുണ്ട്. ചെന്നിത്തലയുടെ കൈയില്‍ പണമായി 15,000, ഭാര്യയുടെ പക്കല്‍ 11,000, മകന്‍ രോഹിതിന്റെ കൈയില്‍ ആയിരം. രമേശിന് 13,78,824 രൂപയുടെയും മകന്‍ രോഹിതിന് 3,79,927.84 രൂപയുടെയും കടബാധ്യതയുണ്ട്. എസ്ബിഐ ന്യൂഡല്‍ഹി പാര്‍ലമെന്റ് ഹൌസ് ശാഖയില്‍ എട്ട് അക്കൌണ്ടുകളിലായി ചെന്നിത്തലയ്ക്ക് 22,33,631.3 രൂപയുടെ നിക്ഷേപമുണ്ട്. കോട്ടയം ജില്ലാ ട്രഷറിയില്‍ 50,027 രൂപയുടെയും ധനലക്ഷ്മി ബാങ്ക് ശാസ്തമംഗലം ശാഖയില്‍ 13,818 രൂപയുടെയും നിക്ഷേപമുണ്ട്. ഭാര്യയ്ക്ക് ഫെഡറല്‍ ബാങ്ക് ദില്ലി ശാഖയില്‍ 40,557 രൂപയുടെയും എച്ച്ഡിഎഫ്സി ബാങ്ക് ശാസ്തമംഗലം ശാഖയില്‍ 3089.83 രൂപയുടെയും ബാങ്ക് ഓഫ് ഇന്ത്യ ന്യൂഡല്‍ഹി ജന്‍പഥ് ശാഖയില്‍ 6,16,914 രൂപയും എസ്ബിടി തൊടുപുഴ ശാഖയില്‍ രണ്ട് അക്കൌണ്ടുകളിലായി 11,611 രൂപയും മകന്‍ രോഹിതിന് ധനലക്ഷ്മി ബാങ്ക് ഇടപ്പള്ളി ശാഖയില്‍ 3,46,400 രൂയുടെയും നിക്ഷേപമുണ്ട്. 4,10,000 രൂപയുടെ കിസാന്‍ വികാസ് പത്ര, പോസ്റ്റ് ഓഫീസ് സമ്പാദ്യപദ്ധതിയില്‍ ഇരുപത്തയ്യായിരം രൂപ, 1,23,400 രൂപയുടെ എല്‍ഐസി, രണ്ടരലക്ഷം രൂപയുടെ ബജാജ് അലയന്‍സ് പോളിസികളും ഭാര്യയ്ക്ക് രണ്ടരലക്ഷം രൂപയുടെ എല്‍ഐസി 3,40,000 രൂപയുടെ ബജാജ് അലയന്‍സ്, ഏഴര ലക്ഷത്തിന്റെ മെറ്റ്ലൈഫ് എന്നീ പോളിസികളുമുണ്ട്. മകന്‍ രോഹിതിന് 3,25,000 രൂപയുടെ എല്‍ഐസി ഇരുപത്തിനാലായിരം രൂപയുടെ ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ പോളിസി എന്നിവയും. രമിതിന് രണ്ടുലക്ഷത്തിന്റെ എല്‍ഐസി പോളിസിയുണ്ട്. ചെന്നിത്തലയ്ക്ക് അമ്പതിനായിരം രൂപ വിലമതിക്കുന്ന അംബാസഡര്‍ കാര്‍, ഒരുലക്ഷം രൂപ വിലമതിക്കുന്ന മാരുതി എസ്റ്റീം, എഴുപത്തയ്യായിരം രൂപ വിലമതിക്കുന്ന മറ്റൊരു അംബാസഡര്‍ കാര്‍ എന്നിവയുണ്ട്. ചെന്നിത്തലയ്ക്ക് 54,710 രൂപ വിലയുള്ള 40ഗ്രാം സ്വര്‍ണാഭരണവും ഭാര്യയ്ക്ക് 1,47,100 രൂപ വിലയുള്ള 400 ഗ്രാം സ്വര്‍ണവും മക്കളായ രോഹിതിന് 43770 രൂപ വിലയുള്ള 32 ഗ്രാം സ്വര്‍ണവും രമിതിന് 43,770 രൂപ വിലയുള്ള 32 ഗ്രാം സ്വര്‍ണാഭരണവുമുണ്ട്. ചെന്നിത്തലയ്ക്ക് തൃപ്പെരുന്തുറ വില്ലേജില്‍ 84278 രൂപ മതിപ്പുവിലയുള്ള 0.57 ഏക്കര്‍ കൃഷിഭൂമിയും തൃപ്പെരുന്തുറ വില്ലേജില്‍ 10,37,562 രൂപ വിലയുള്ള 32.97 സെന്റ് കാര്‍ഷികേതര ഭൂമിയുമുണ്ട്. തൃപ്പെരുന്തുറ വില്ലേജില്‍ സഹോദരന്‍ സംഭാവന നല്‍കിയ 854,920 രൂപ വിലയുള്ള ഭുമിയും ഭാര്യയ്ക്ക് കൊടിക്കുളം വില്ലേജില്‍ 17,40,000 രുപ വിലയുള്ള 0.86 ഏക്കര്‍കൃഷിഭൂമിയുമുണ്ട്. തിരുവനന്തപുരം തൈക്കാട് വില്ലേജില്‍ ചെന്നിത്തലയുടെയും ഭാര്യയുടെയും പേരില്‍ 47,26,300 രൂപ വിലയുള്ള 3200 ചതുരശ്രയടിവിസ്തീര്‍ണമുള്ള വീടുണ്ട്. കൂടാതെ ചെന്നിത്തലയ്ക്ക് എറണാകുളം തൃപ്പൂണിത്തുറ വില്ലേജില്‍ ഇരുപത് ലക്ഷം രൂപ വിലവരുന്ന വീടുമുണ്ട്. ഇവയ്ക്ക് ഇപ്പോള്‍ 63,39,910 രൂപ മാര്‍ക്കറ്റ് വിലയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. മുരളീധരനും ഭാര്യക്കും 8.91 കോടിയുടെ സമ്പത്ത് വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനും കുടുംബത്തിനും 8,90,58,516 രൂപയുടെ സ്വത്തും ബാങ്ക് നിക്ഷേപവും. മുരളീധരന് മാത്രം 6,02,16,809രൂപയുടെ ആസ്തി. ഭാര്യ ജ്യോതിക്ക് 2,61,52,967 രൂപയുടെയും മൂത്ത മകന്‍ അരു നാരായണന്റെ പേരില്‍ 17,48,903രൂപയുടെയും രണ്ടാമത്തെ മകന്‍ ശബരീനാഥിന്റെ പേരില്‍ 9,39,837രൂപയുടെയും ആസ്തിയുണ്ട്. മുരളീധരന്റെയും ഭാര്യയുടെയും പേരില്‍ പേരില്‍ എസ്ബിടി കോഴിക്കോട് മെയിന്‍ ശാഖയില്‍ 75ലക്ഷംരൂപ വീതം ഒന്നരകോടി രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. നാഷണല്‍ ഹൈവേ അതോറിറ്റിയുടെ 50 ലക്ഷത്തിന്റെ ബോണ്ടും മാതൃഭൂമിയില്‍ 10രൂപയുടെ ഓഹരിയും 5,50,000രൂപയുടെ എല്‍ഐസി പോളിസിയുമുണ്ട്. ജനപ്രിയ കമ്യൂണിക്കേഷന്‍സില്‍ 10രൂപ നിരക്കിലുള്ള 3.39കോടിയുടെ ഓഹരിയും എല്‍ഐസിയില്‍ രണ്ടുലക്ഷം രുപയുടെ ഓഹരിയുമുണ്ട്. 8,00,508രൂപ വിലവരുന്ന 2005മോഡല്‍ ഇന്നോവ കാറും 19,42,000രൂപ വിലവരുന്ന 2010 മോഡല്‍ ഫോര്‍ച്യൂണര്‍ വാഹനവും ഉണ്ട്. 30,000രൂപയുടെ സ്വര്‍ണാഭരണമാണ് മുരളിക്കുള്ളത്. തലസ്ഥാനത്ത് പിഎംജി ജംഗ്ഷനില്‍ 60ലക്ഷം രൂപയുടെ കെട്ടിടം, തൃശൂര്‍ പൂങ്കുന്നത്ത് പത്തുലക്ഷം രൂപ വിലവരുന്ന സ്ഥലം, കോഴിക്കോട് കച്ചേരി ദേശത്ത് 10ലക്ഷം വിലവരുന്ന പഴയകെട്ടിടവും സ്ഥലവുമുണ്ട്. ഭാര്യ ജ്യോതിയുടെ പേരില്‍ വയനാട് വൈത്തിരിയില്‍ 59.11 ലക്ഷം വിലമതിക്കുന്ന സ്ഥലങ്ങളുമുണ്ട്. തൃശൂര്‍ ചാവക്കാട് 15ലക്ഷം രൂപ വിലമതിക്കുന്ന ഫ്ളാറ്റും കോഴിക്കോട് കച്ചേരി ദേശത്ത് 11ലക്ഷം രൂപവിലവരുന്ന വീടും സ്ഥലവും, തിരുവനന്തപുരം ശാസ്തമംഗലത്ത് 35ലക്ഷം രൂപ വിലമതിക്കുന്ന വീടും ഉണ്ട്. മലപ്പുറം ഏറനാട് ചെറുകാവ്, കോഴിക്കോട് കസബ എന്നിവിടങ്ങളില്‍ 1.38 കോടിയുടെ ഭൂമിയുണ്ട്. ടിവിഎസ് ഗ്രൂപ്പില്‍ 1,36,180രൂപയുടെ ബോണ്ടും എല്‍ഐസിയില്‍ ഒരുലക്ഷം രൂപയുടെ ബോണ്ടും ഉണ്ട്. 5,37,936രൂപ വിലവരുന്ന ഫോഡ് ഐക കാറുണ്ട്. 15ലക്ഷംരൂപയുടെ ആഭരണം കൈവശമുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നര കോടിയോളം രൂപയുടെ സ്വത്ത് മലപ്പുറം: മുസ്ളിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്ക് മൂന്നുകോടി നാല്‍പ്പത്തിനാല് ലക്ഷം രൂപയുടെ സ്വത്ത്. പത്രികസമര്‍പ്പണവേളയില്‍ സ്വത്ത് വിവരം സംബന്ധിച്ച സത്യവാങ്മൂലത്തിലാണ് കുഞ്ഞാലിക്കുട്ടിക്കും ബന്ധുക്കള്‍ക്കും ബാങ്ക് നിക്ഷേപവും വാഹനങ്ങളുമടക്കം 1,64,72,836 രൂപയുടെ സ്വത്തും 1,80,15,000 രൂപ വിലവരുന്ന കൃഷിഭൂമിയുമുണ്ടെന്ന് വെളിപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിക്ക് സ്വന്തം പേരില്‍ 3,21,000 രൂപയും ഭാര്യയുടെ പേരില്‍ 87,44,836 രൂപയുമാണ് ബാങ്ക് നിക്ഷേപം. ജോയിന്റ് അക്കൌണ്ടായി 41,32,000 രൂപയും ബാങ്കിലുണ്ട്. ഊരകം സര്‍വീസ് സഹകരണ ബാങ്കില്‍ 40,000 രൂപയും കാത്തലിക് സിറിയന്‍ ബാങ്കില്‍ 2,36,000 രൂപയും കുഞ്ഞാലിക്കുട്ടിയ്ക്കുണ്ട്. ട്രഷറിയില്‍ എംഎല്‍എ പെന്‍ഷന്‍ ഇനത്തില്‍ 34,900 രൂപയുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് സ്വന്തമായി 25,000 രൂപ വിലവരുന്ന മാരുതിസെന്‍ കാറും ഭാര്യക്ക് 8,50,000 രൂപ വിലവരുന്ന ഇന്നോവ കാറുമുണ്ട്. മകന്‍ പി കെ ഹാഷിഖിന് 5,50,000 വിലവരുന്ന മാരുതികാറുണ്ട്. ഭാര്യയുടെ ആഭരണങ്ങള്‍ക്ക് 14,00,000 രൂപ വിലവരും. കൂടാതെ കുഞ്ഞാലിക്കുട്ടിയുടെ കൈവശം 8,00,000 രൂപയും ഭാര്യയുടെ കൈവശം 4,50,000 രൂപയുമുണ്ട്. കൃഷിഭൂമിയിനത്തില്‍ മൂന്നിടങ്ങളിലായി 98,50,000 രൂപ വില വരുന്ന 12.3 ഏക്കര്‍ ഭൂമി കുഞ്ഞാലിക്കുട്ടിക്കും ഭാര്യക്കുമായുണ്ട്.കാരാതോട്, ഊരകം, പാണക്കാട് എന്നിവിടങ്ങളിലാണിവ. ഊരകം മേല്‍മുറിയില്‍ 32സെന്റ് ഭൂമിയും ഭാര്യക്ക് വയനാട്ടിലെ വൈത്തിരി കുന്നത്തിടവക വില്ലേജില്‍ 1.42 ഏക്കര്‍ ഭൂമിയുമുണ്ട്. മലപ്പുറം കുന്നുമ്മല്‍ എട്ട് സെന്റ് ഭൂമിയില്‍ 'പാണ്ടി' ലോഡ്ജും കുഞ്ഞാലിക്കുട്ടിയ്ക്കുണ്ട്. വിവരാവകാശനിയമം വഴി ലഭിച്ച രേഖപ്രകാരം കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് ബാങ്കിലുള്ളത് 6,64,685 രൂപയായിരുന്നു. എസ്ബിഐ മലപ്പുറം ശാഖയില്‍ ജോയിന്റ് അക്കൌണ്ടായി 4,52,061 രൂപയും കാത്തലിക് സിറിയന്‍ ബാങ്കില്‍ 2,12,624 രൂപയും. വാഹനമായി അന്ന് 'മാരുതിസെന്‍' കാറുതന്നെ. ഭാര്യക്ക് 'സ്ക്വാഡ' കാറും. കോടികളുടെ സ്വത്തുണ്ടെന്ന് കെ എം മാണിയുടെ വെളിപ്പെടുത്തല്‍ കോട്ടയം: പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ എം മാണിക്ക് 24.06 ലക്ഷത്തിന്റെയും ഭാര്യയുടെ പേരില്‍ 13.36 ലക്ഷം രൂപയുടെയും സ്വത്ത്. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മാണിയുടെ വെളിപ്പെടുത്തല്‍. മാണിയുടെ കൈവശം 40,000 രൂപയും വിവിധ ബാങ്ക് നിക്ഷേപങ്ങളിലായി 3.34 ലക്ഷം രൂപയും ഉണ്ട്. ഭാര്യയുടെ കൈവശം 19,000 രൂപയും ബാങ്ക് നിക്ഷേപമായി 7.72 ലക്ഷം രൂപയുമുണ്ട്. വിവിധ ബോണ്ടുകളിലായി മാണിയുടെ പേരില്‍ 15,010 രൂപയും ഭാര്യയുടെ പേരില്‍ 5,200 രൂപയും നിക്ഷേപമുണ്ട്. കൂടാതെ സ്വന്തം പേരില്‍ 7.96 ലക്ഷം രൂപയുടെ മിത്സുബിഷി ലാന്‍സര്‍ കാറും 12.20 ലക്ഷം രൂപയുടെ ടൊയോട്ട ഇന്നോവയും ഉണ്ട്. വിവിധ വില്ലേജുകളിലായി മാണിയുടെ പേരില്‍ 1.39 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കളുമുണ്ട്. ഭാര്യയുടെ പേരില്‍ 68.65 ലക്ഷം രൂപയുടെ ഭൂസ്വത്തുക്കളും ഉളളതായി സത്യവാങ്മൂലം പറയുന്നു. എലക്കാട് വില്ലേജിലെ 38.10 ലക്ഷം രൂപ വിലമതിക്കുന്ന 3.76 ഏക്കര്‍ ഭൂമിയും അതേ വില്ലേജില്‍ത്തന്നെയുളള 6.43 ലക്ഷം രൂപയുടെ 32 സെന്റ് സ്ഥലവും സ്ഥാവര സ്വത്തുക്കളില്‍പ്പെടുന്നു.എലക്കാട് വില്ലേജിലുളള 2.3 ലക്ഷം രൂപ വില മതിക്കുന്ന 42 സെന്റ് ഭൂമി, 16.23 ലക്ഷം രൂപയുടെ 81 സെന്റ് ഭൂമി, ളാലം വില്ലേജിലെ 76.47 ലക്ഷം രൂപയുടെ 1.07 ഏക്കര്‍ സ്ഥലവും അതിലുള്ള കെട്ടിടം എന്നിവ കെ എം മാണിയുടെ പേരിലുണ്ട്. ഭാര്യയുടെ പേരില്‍ കോഴിക്കോട് ജില്ലയിലെ കുമരനെല്ലൂര്‍ വില്ലേജില്‍ 35.28 ലക്ഷം രൂപ വരുന്ന 1.96 ഏക്കര്‍ സ്ഥലവും കോട്ടയം എലക്കാട് വില്ലേജില്‍ 33.37 ലക്ഷം രൂപയുടെ 3.58 ഏക്കര്‍ സ്ഥലവുമുണ്ട്.

Thursday, March 24, 2011

സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ പരസ്യമായി വിചാരണചെയ്യാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരം.


സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ പരസ്യമായി വിചാരണചെയ്യാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരം.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആര്‍ ബാലകൃഷ്ണപിള്ള യുഡിഎഫ് സ്ഥാനാര്‍ഥിയായി കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ എടുത്ത തീരുമാനത്തില്‍നിന്ന് പിന്മാറിയത് യുഡിഎഫിന്റെ സന്മനസ്സുകൊണ്ടാണെന്ന് കരുതാന്‍ ന്യായമില്ല. പിള്ളയുടെ സ്ഥാനാര്‍ഥിത്വം 'ഗുണകര'വും 'അഭിമാനകര'വുമായാണ് യുഡിഎഫ് അവതരിപ്പിച്ചിരുന്നത്. പക്ഷേ അത് ശരാശരി കേരളീയന്റെ മനസ്സില്‍ ലജ്ജയുടെ അമിതഭാരം കയറ്റിവയ്ക്കുന്നതായിരുന്നു. വരാനിരിക്കുന്ന സങ്കല്‍പ്പാതീതമായ അപകടത്തെക്കരുതിമാത്രമാണ് വൈകിയ വേളയില്‍ പിള്ളയെ പിന്മാറ്റിച്ചത്. എന്നാല്‍, അതുകൊണ്ട് ഇല്ലാതാകുന്നതല്ല യുഡിഎഫിന്റെ പാപ്പരത്തവും പരിഹാസ്യതയും. ജയിലില്‍ കിടന്ന് മത്സരിക്കുന്ന രണ്ടുതരം അനുഭവങ്ങളാണ് രാജ്യത്തിനുമുന്നിലുള്ളത്. ആദ്യത്തേത്, നാടിനും ജനങ്ങള്‍ക്കുംവേണ്ടി സുധീരം പ്രവര്‍ത്തിച്ചതിന്റെപേരില്‍ തുറുങ്കിലടയ്ക്കപ്പെട്ട ജനനേതാക്കള്‍ വോട്ടര്‍മാര്‍ക്കുമുന്നില്‍ പോകാനുള്ള അവസരംപോലുമില്ലാതെ മത്സരിച്ചതും ജനപിന്തുണ തെളിയിച്ചതുമായ അനുഭവമാണ്. 1965ല്‍ സിപിഐ എം നേതാക്കളെ കൂട്ടത്തോടെ ചൈനാചാരന്മാരെന്ന് മുദ്രകുത്തി ജയിലിലടച്ചപ്പോള്‍ അവര്‍ ഇരുമ്പഴിക്കകത്ത് കിടന്നുകൊണ്ടുതന്നെയാണ് ജനവിധി തേടിയത്്. 1957ലെ ആദ്യമന്ത്രിസഭയില്‍ അംഗമായിരുന്ന വി ആര്‍ കൃഷ്ണയ്യരെപ്പോലുള്ള പ്രമുഖരെപ്പോലും തോല്‍പ്പിച്ച് പാട്യം ഗോപാലനെപ്പോലുള്ള കമ്യൂണിസ്റുകാരെ അന്ന് ജനങ്ങള്‍ ജയിപ്പിച്ചു. നാടിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി തുറുങ്കിലടയ്ക്കപ്പെട്ടവര്‍ക്കുവേണ്ടി, അവരെ ഒരുനോക്ക് കാണുകപോലും ചെയ്യാതെ ജനങ്ങള്‍ വോട്ടുചെയ്ത ആവേശകരമായ അനുഭവമാണ് അന്നുണ്ടായത്. രണ്ടാമത്തെ ഇനത്തില്‍പ്പെട്ട ജയിലില്‍കിടന്നുള്ള മത്സരം കേരളത്തിന് വലിയ പരിചയമില്ലാത്തതാണ്. ബിഹാര്‍, യുപി തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സര്‍വസാധാരണമായിട്ടുള്ളത്. കൊള്ള, അക്രമം, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ക്രിമിനലുകള്‍ ജയിലില്‍ കിടന്ന് ജനവിധി തേടി നിയമസഭയിലും പാര്‍ലമെന്റിലും എത്തുന്നു. വിവിധ കേസുകളില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയവെ മത്സരിച്ച് വോട്ടുനേടിയവരുടെ പട്ടികയില്‍ ബിഹാറിലെ പപ്പുയാദവ്, സൂരജ്ഭാന്‍ സിങ്, ഷഹാബുദീന്‍, ആനന്ദ് മോഹന്‍ എന്നിവരെ 2009ല്‍ മത്സരിക്കുന്നതില്‍നിന്ന് കോടതി വിലക്കിയിരുന്നു. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട കോഗ്രസുകാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നിരവധി അനുഭവങ്ങള്‍ ഉത്തരേന്ത്യയിലുണ്ട്. കേരളത്തില്‍, ഗ്രാഫൈറ്റ് കേസില്‍ ശിക്ഷിക്കപ്പെട്ടശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി ഇതേ ആര്‍ ബാലകൃഷ്ണപിള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. അതില്‍നിന്നെല്ലാം വ്യത്യസ്തമായ പ്രശ്നമാണ് ഇപ്പോള്‍ ഉടലെടുത്തത്. പിള്ളയ്ക്ക് ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത് പരമോന്നത കോടതിയാണ്. ഇനി അപ്പീലില്ല. നിയമത്തെയും ജനാധിപത്യ തത്വങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് പിള്ള മത്സരിക്കാനൊരുങ്ങിയത് എന്നര്‍ഥം. പിള്ളയുടെ സ്ഥാനാര്‍ഥിവേഷം കൊട്ടാരക്കര മണ്ഡലത്തില്‍മാത്രം ഒതുങ്ങുന്ന വിഷയമല്ല. തമ്മിലടിയും തൊഴുത്തില്‍കുത്തും അധികാരകിടമത്സരവും മുന്‍കാല ചെയ്തികളുടെ പാപഭാരവുംകൊണ്ട് ക്ഷീണിച്ച യുഡിഎഫിന്റെ അഴിമതിമുഖം ജനങ്ങളുടെ മനസ്സില്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നതുകൂടിയാണത്. യുഡിഎഫിലെ സാധാരണ നേതാവല്ല പിള്ള-ആ മുന്നണിയുടെ സ്ഥാപകനാണ്. അഴിമതിക്കേസില്‍ തടവും പിഴയുമടങ്ങുന്ന ശിക്ഷ ഏറ്റുവാങ്ങിയിട്ടും ആ മുന്നണിക്ക് പിള്ളയെ തള്ളിപ്പറയാന്‍ കഴിയുന്നില്ല. തെറ്റായ വിധിയിലൂടെയാണ് പിള്ളയെ ജയിലിലടച്ചതെങ്കില്‍, സുപ്രീം കോടതിയെത്തന്നെ യുഡിഎഫ് തള്ളിപ്പറയണം. പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ ഒരുങ്ങിയതിലൂടെ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ അന്തഃസത്തയെയാണ് കേന്ദ്ര ഭരണകക്ഷിയായ കോഗ്രസും ഇതര യുഡിഎഫ് കക്ഷികളും നിരാകരിച്ചത്. ഇത് കോഗ്രസിന്റെ ഔദ്യോഗികനയമാണോ എന്ന് അവര്‍ വിശദീകരിക്കേണ്ടിയിരുന്നു. പിള്ളയെ പിന്‍മാറ്റാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ആ ബാധ്യത ഇല്ലാതായി എന്ന് കോഗ്രസിന് ആശ്വസിക്കാം. ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കോഗ്രസ് പിന്തുണ നല്‍കുന്ന സ്ഥാനാര്‍ഥികളില്‍ പ്രധാനിയാണ്-യുഡിഎഫിന്റെ ഉപസേനാനായകന്‍. അദ്ദേഹത്തിനെതിരെ അനേകം കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുന്നു; അന്വേഷണം നടക്കുന്നു. സദാചാരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, തെളിവു നശിപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, ജുഡീഷ്യറിയെ കോഴകൊടുത്ത് സ്വാധീനിക്കല്‍, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ടതായി അദ്ദേഹത്തിന്റെ ബന്ധുതന്നെയാണ് ആദ്യം വെളിപ്പെടുത്തിയത്. മുന്‍ യുഡിഎഫ് മന്ത്രിസഭയില്‍നിന്ന് പാതിവഴിയില്‍ ആരോപണവിധേയനായി ഇറങ്ങിപ്പോകേണ്ടിവന്ന കുഞ്ഞാലിക്കുട്ടിയെ, അന്നത്തേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരിക്കെ സ്ഥാനാര്‍ഥിയായി ചുമക്കുക എന്ന ഗതികേടാണ് യുഡിഎഫിനുണ്ടായിരിക്കുന്നത്്. പിള്ളയോടുന്നയിച്ച അതേ ആവശ്യം കുഞ്ഞാലിക്കുട്ടിയോടുന്നയിക്കാന്‍ കോഗ്രസിന് ധൈര്യമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ അഴിമതി ആരോപണവിധേയരായ മറ്റ് നിരവധി സ്ഥാനാര്‍ഥികള്‍ വേറെയുണ്ട്. പിള്ള ഒഴിഞ്ഞാലും കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ പരസ്യമായി വിചാരണചെയ്യാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന കൃത്യമായ അവസരമാകുമെന്നതില്‍ തര്‍ക്കമില്ല. കുറ്റവാളികളുടെ കൂട്ടമായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇന്ന് പിള്ള ജയിലില്‍കിടന്നാണ് മത്സരിക്കാനൊരുങ്ങിയതെങ്കില്‍, നാളെ യുഡിഎഫ് സ്ഥാനാര്‍ഥിനിരയിലെ പലരും പിള്ളയ്ക്ക് കൂട്ടായി അങ്ങോട്ട് പോകാനാണിട. കൊള്ളക്കാരും അഴിമതി വീരന്മാരും യുഡിഎഫിന്റെ 'സാരഥി'കളായി രംഗത്തിറങ്ങുന്നതില്‍ ആ മുന്നണിക്കകത്തുനിന്നുതന്നെ പ്രതികരണമുയര്‍ന്നേ മതിയാകൂ. പിള്ള വേണ്ട; കുഞ്ഞാലിക്കുട്ടി ആകാം എന്ന തരത്തില്‍ കൈയൂക്കുള്ളവരെ പേടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന സുധീരന്‍ മാതൃകയിലുള്ള കാപട്യമല്ല-കൊള്ളക്കാര്‍ക്കെതിരായ ഉറച്ച ശബ്ദമാണ് ഗാന്ധിജിയുടെ ഓര്‍മ ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത സാധാരണ കോഗ്രസുകാരില്‍നിന്ന് നാട് പ്രതീക്ഷിക്കുന്നത്

Monday, March 21, 2011

സഃ എ കെ ജി പാവങ്ങളുടെ പടത്തലവന്‍,നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 34 വര്‍ഷം പൂര്‍ത്തിയാകുന്നു

സഃ എ കെ ജി പാവങ്ങളുടെ പടത്തലവന്‍,നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 34 വര്‍ഷം പൂര്‍ത്തിയാകുന്നു..


പ്രക്ഷോഭങ്ങളെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങിയ മഹാനായ വിപ്ളവകാരിയായിരുന്നു എ കെ ജി. ആ സമരജീവിതം കമ്യൂണിസ്റുകാരെ ആവേശഭരിതമാക്കുന്ന നിരവധി അധ്യായങ്ങളാല്‍ സമ്പന്നമാണ്. ജീവിതംതന്നെ പോരാട്ടമാക്കി മാറ്റിയ എ കെ ജി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 34 വര്‍ഷം പൂര്‍ത്തിയാകുന്നു. നവോത്ഥാന മുന്നേറ്റങ്ങളിലും ദേശീയ പ്രസ്ഥാനത്തിലും കോഗ്രസ് സോഷ്യലിസ്റ് പാര്‍ടിയിലും പിന്നീട് കമ്യൂണിസ്റ് പാര്‍ടിയിലും എ കെ ജി നേതൃപരമായ പങ്കാണ് വഹിച്ചത്. ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് നവോത്ഥാനപോരാട്ടങ്ങള്‍ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ഗുരുവായൂര്‍, പാലിയം സമരങ്ങളില്‍ എ കെ ജി നേതൃനിരയില്‍ത്തന്നെ ഉണ്ടായിരുന്നു. അക്കാലത്തെ ജാതിവ്യവസ്ഥയ്ക്കെതിരായ സമരത്തിലെ സുപ്രധാനമായ അധ്യായമാണ് കണ്ടോത്ത് നടത്തിയ സമരവും തുടര്‍ന്നുണ്ടായ ഭീകരമായ മര്‍ദനവും. അടിസ്ഥാന വര്‍ഗങ്ങളോടുള്ള ഇഴുകിച്ചേര്‍ന്ന ബന്ധമാണ് എ കെ ജിയെ 'പാവങ്ങളുടെ പടത്തലവനാ'ക്കിയത്. പ്രവര്‍ത്തിച്ച എല്ലാ മേഖലയിലും പതിപ്പിച്ച തനതായ വ്യക്തിമുദ്രയാണ് എ കെ ജി ഒരു പ്രസ്ഥാനമാണ് എന്ന വിശേഷണത്തിന് ഇടയാക്കിയത്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജനങ്ങളുടെ ശബ്ദമായിരുന്നു എ കെജി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വേദികളെ എങ്ങനെ ജനങ്ങള്‍ക്കനുകൂലമാക്കി ഉപയോഗിക്കാമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുകൊടുത്ത മാതൃകാ കമ്യൂണിസ്റ്റ്. ഇന്ത്യന്‍ പാര്‍ലമെന്റിനെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ കമ്യൂണിസ്റുകാര്‍ക്ക് എന്നും മാര്‍ഗനിര്‍ദേശകമാണ്. 1952 മുതല്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ ഗ്രൂപ്പിന്റെ നേതാവായി എ കെ ജി പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ അതിനെതിരായുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായി മുഴുകി. അടിയന്തരാവസ്ഥയിലൂടെ അമിതാധികാര വാഴ്ച നടത്തിയ സര്‍ക്കാരിനെ ജനങ്ങള്‍ കടപുഴക്കി വീഴ്ത്തിയ ഘട്ടത്തിലാണ് സഖാവ് നമ്മെ വിട്ടുപിരിഞ്ഞത്. ഭൂമിക്കുവേണ്ടി ഇന്ത്യയില്‍ നടന്ന സമരപോരാട്ടങ്ങളില്‍ നേതൃനിരയില്‍ എ കെ ജിയുണ്ടായിരുന്നു. ഉത്തര്‍പ്രദേശിലെ കാര്‍ഷികഭൂമിയിലും ബിഹാറിലെ ഗ്രാമീണ മേഖലയിലും മരുഭൂമികളുടെ നാടായ രാജസ്ഥാനിലും നടന്ന പ്രക്ഷോഭങ്ങളില്‍ ആവേശകരമായ നേതൃത്വമായിരുന്നു എ കെ ജി. കേരളത്തില്‍ നടന്ന മിച്ചഭൂമി സമരത്തില്‍ ജനങ്ങള്‍ക്കൊപ്പം എ കെ ജിയും ഉണ്ടായിരുന്നു. മുടവന്‍മുഗള്‍ മിച്ചഭൂമി സമരം ഇക്കാര്യത്തില്‍ എടുത്തു പറയേണ്ടതാണ്. ഇടുക്കിയില്‍ കര്‍ഷകജനത അവരുടെ ഭൂമിയില്‍ നിന്ന് പിഴുതെറിയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പംനിന്ന് നടത്തിയ സമരം കേരളത്തിലെ കാര്‍ഷിക സമരചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണവര്‍ഗത്തിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായി ജനപക്ഷ നിലപാട് ഉയര്‍ത്തിക്കൊണ്ടാണ് എ കെ ജി പോരാടിയത്. എ കെ ജിയുടെ ചരമദിനമാചരിക്കുന്ന ഈ ഘട്ടത്തില്‍ ജനദ്രോഹനയങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുകയാണ്. സമ്പന്നനെ കൂടുതല്‍ സമ്പന്നനാക്കുകയും പാവപ്പെട്ടവരെ ദുരിതത്തിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്യുന്നതാണ് സര്‍ക്കാര്‍ നയം. യുപിഎ അധികാരത്തിലെത്തുമ്പോള്‍ ശതകോടീശ്വരന്മാരുടെ എണ്ണം 9 ആയിരുന്നു. ഇന്നത് 53 ആയി വര്‍ധിച്ചു. അര്‍ജുന്‍ സെന്‍ ഗുപ്ത റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ച സര്‍വേ പ്രകാരം 77 ശതമാനം ജനങ്ങളും ശരാശരി ഒരു ദിവസം 20 രൂപ മാത്രം വരുമാനമുള്ളവരാണ്. ഇതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തരം നയങ്ങള്‍ തിരുത്താനല്ല കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കഴിഞ്ഞ ബജറ്റ് വ്യക്തമാക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു. ആഗോളവല്‍ക്കരണ നയത്തിന്റെ ഭാഗമായി സമ്പന്നര്‍ കൂടുതല്‍ കൊഴുക്കുകയും പാവപ്പെട്ടവര്‍ ദുരിതത്തിലേക്ക് വലിച്ചെറിയപ്പെടുകയുംചെയ്യുന്നു എന്നാണ് ഇത് കാണിക്കുന്നത്. വിലക്കയറ്റം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്ത് കേന്ദ്രബജറ്റില്‍ ഭക്ഷ്യസബ്സിഡി 27 കോടി രൂപ കുറച്ചിരിക്കുകയാണ്. ഇന്ധനങ്ങള്‍ക്ക് നല്‍കിവരുന്ന സബ്സിഡി 1500 കോടി രൂപയും കുറച്ചു. വിവിധ ഇനങ്ങളിലെ 20,000 കോടി രൂപയുടെ സബ്സിഡികളാണ് ഇല്ലാതാക്കിയിരിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലാവട്ടെ 100 കോടി രൂപയുടെ കുറവുണ്ട്. പരോക്ഷനികുതിയിലൂടെ 11,300 കോടി രൂപ സമാഹരിക്കുമെന്ന പ്രഖ്യാപനം ഉപയോക്താക്കളുടെ മുകളില്‍ പുതിയ ഭാരം അടിച്ചേല്‍പ്പിക്കാനാണ് ഇടയാക്കുക. പണമില്ലെന്ന് പറഞ്ഞ് ജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ 2005-06 മുതല്‍ 2010-11 വരെയുള്ള അഞ്ചുവര്‍ഷക്കാലയളവില്‍ 3,74,937 കോടി രൂപയാണ് കോര്‍പറേറ്റുകളുടെ നികുതിയിനത്തില്‍ എഴുതിത്തള്ളിയത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം പിരിച്ചെടുക്കാത്ത അഞ്ചുലക്ഷം കോടി രൂപയില്‍ 88,000 കോടി രൂപ കോര്‍പറേറ്റ് മേഖലയില്‍നിന്നുള്ളതാണ്. മാത്രമല്ല, കോര്‍പറേറ്റ് കമ്പനികളുടെ സര്‍ച്ചാര്‍ജ് 7.5 ശതമാനത്തില്‍നിന്ന് 5 ശതമാനമാക്കി കുറച്ചു. നമ്മുടെ രാജ്യം ആര് ഭരിക്കണം എന്നതുപോലും കോര്‍പറേറ്റ് കമ്പനികളാണ് തീരുമാനിക്കുന്നതെന്ന് നീര റാഡിയാ ടേപ്പ് സംഭവത്തോടെ വ്യക്തമായി. കേന്ദ്രമന്ത്രിമാരെ നിശ്ചയിക്കുന്നതും ഏതു വകുപ്പുകളാണ് കൈകാര്യംചെയ്യേണ്ടത് എന്ന് തീരുമാനിക്കുന്നതും ഇവര്‍ തന്നെ. സ്പെക്ട്രം അഴിമതിക്ക് കാരണക്കാരനായ മുന്‍ കേന്ദ്രമന്ത്രി എ രാജയുടെ നിയമനംപോലും ഇത്തരത്തിലായിരുന്നു. 1.76 ലക്ഷം കോടി രൂപയാണ് സ്പെക്ട്രം അഴിമതിയിലൂടെ രാജ്യത്തിന് നഷ്ടമായത്. ഈ സംഖ്യ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ചെലവഴിക്കുന്ന തുകയേക്കാള്‍ ഇരട്ടിയിലേറെ വരും. ഇങ്ങനെ രാജ്യത്തിന്റെ അടിത്തറ തന്നെ തകര്‍ക്കുന്നവിധം അഴിമതി വ്യാപകമായിത്തീരുന്നു എന്നാണ് സമകാലീന സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അധികാരത്തിനുവേണ്ടി ഏതറ്റംവരെയും കോഗ്രസ് പോകുമെന്നതിന്റെ തെളിവുകളും പുറത്തുവന്നിരിക്കുന്നു. 2008ല്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടിയത് കോടികള്‍ കോഴ കൊടുത്താണെന്നതിന്റെ തെളിവുകള്‍ ഇന്ന് നമുക്ക് മുന്നിലുണ്ട്. സോണിയാ കുടുംബത്തിന്റെ വിശ്വസ്തനായ കോഗ്രസ് നേതാവ് സതീഷ് ശര്‍മ അമേരിക്കന്‍ നയതന്ത്രജ്ഞരോട് നടത്തിയ സംഭാഷണം വിക്കിലീക്സ് വെളിപ്പെടുത്തിയതോടെ രാജ്യം ഞെട്ടിയിരിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പില്‍ അകാലിദള്‍ എംപിമാരെ അനുകൂലമാക്കാന്‍ സതീഷ് ശര്‍മയുടെ വീട്ടില്‍ സൂക്ഷിച്ച 60 കോടിയോളം രൂപയുടെ ഒരു ഭാഗം അടങ്ങിയ ബാഗുകള്‍ അദ്ദേഹത്തിന്റെ അനുയായി അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥനെ കാണിച്ച കാര്യവും പുറത്തുവന്നു. അമേരിക്കന്‍ സ്ഥാനപതി കാര്യാലയത്തിലെ രാഷ്ട്രീയവിഭാഗം ചുമതലക്കാരനായ സ്റീഫന്‍ വൈറ്റ് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് വാഷിങ്ടണിലെ വിദേശവകുപ്പ് ആസ്ഥാനത്തേക്ക് അയച്ച സന്ദേശം വിക്കിലീക്സ് വെളിപ്പെടുത്തി. സാമ്രാജ്യത്വശക്തികള്‍ നമ്മുടെ രാഷ്ട്രീയനയങ്ങളെ നിര്‍ണയിക്കുന്നതിന്റെ ഭാഗമായിട്ടാണ് 2006 ജനുവരിയില്‍ യുപിഎ സര്‍ക്കാര്‍ മണിശങ്കര്‍ അയ്യരെ മാറ്റി മുരളി ദേവ്റയെ പെട്രോളിയം മന്ത്രിയാക്കിയതെന്നും വിക്കിലീക്സ് വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയായിരുന്ന ഡേവിഡ് സി മുള്‍ഫോഡ് 2006 ജനുവരി 30ന് 'അതീവ രഹസ്യം 51088' എന്ന കോഡില്‍ വാഷിങ്ടണുമായി നടത്തിയ ആശയവിനിമയമാണ് പുറത്തുവന്നത്. അമേരിക്ക ശക്തമായി എതിര്‍ത്ത ഇന്ത്യ-ഇറാന്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയെ അനുകൂലിച്ചതിനാണ് മണിശങ്കര്‍ അയ്യരെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കി കടുത്ത അമേരിക്കന്‍ പക്ഷക്കാരനായ ദേവ്റയെ കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇന്ത്യ-അമേരിക്ക പാര്‍ലമെന്റ് ഫോറത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏഴ് എംപിമാരെ യുപിഎ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയ കാര്യവും ഈ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിദേശകാര്യമന്ത്രിയായിരുന്ന നട്വര്‍സിങ്ങിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റുന്നതിന് അമേരിക്ക ഇടപെട്ട പ്രശ്നം അന്നേ ഉയര്‍ന്നുവന്നതായിരുന്നു. ഈ പ്രശ്നം ആ ഘട്ടത്തില്‍ ഇടതുപക്ഷം ശക്തമായി ഉന്നയിച്ചിരുന്നു. ഇടതുപക്ഷം മുന്നോട്ടുവച്ച കാര്യങ്ങളൊക്കെ ശരിയായിരുന്നുവെന്ന് ഇപ്പോള്‍ കൂടുതല്‍ വ്യക്തമായി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അജന്‍ഡകള്‍ ഇന്ത്യക്കുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള പരിശ്രമങ്ങള്‍ ശക്തമായി നടക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ത്യയുടെ വിദേശ-സാമ്പത്തിക നയങ്ങള്‍ തിരുത്തിയെഴുതുന്ന പ്രശ്നം ഇടതുപക്ഷം മുമ്പേ ഉന്നയിച്ചതാണ്. ഇന്ത്യയുടെ വിശ്വവിഖ്യാതമായ ചേരിചേരാ കാഴ്ചപ്പാടിനെ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചു. ഇന്ത്യയുമായി നയതന്ത്രബന്ധം ഇല്ലാതിരുന്ന ഇസ്രയേലുമായി ബന്ധം ആരംഭിച്ചത് ഈ കാലഘട്ടത്തിലാണ്. ഇന്ന്, ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ ആയുധം വാങ്ങുന്ന രാജ്യമായി നമ്മുടെ നാട് മാറിയിട്ടുണ്ട്. ഇറാന്റെ ആണവോര്‍ജവുമായി ബന്ധപ്പെട്ട പ്രശ്നം ഉയര്‍ന്നപ്പോള്‍ അമേരിക്കന്‍ താല്‍പ്പര്യത്തിന് അനുഗുണമായി വോട്ട് ചെയ്യാനാണ് ഇന്ത്യാഗവമെന്റ് തയ്യാറായത്. ഇതും അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണെന്ന കാര്യം ഇടതുപക്ഷം മുമ്പേ ഉന്നയിച്ചതാണ്. ആണവ കരാറിലൂടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന് നാടിനെ അടിയറവയ്ക്കുന്ന പ്രശ്നവുമായി ബന്ധപ്പെട്ടാണല്ലോ ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നത്. സാമ്രാജ്യത്വശക്തികള്‍ക്ക് കോഗ്രസിന്റെ നയങ്ങളെ സ്വാധീനിക്കാനുള്ള ശേഷിയുടെ ശക്തമായ തെളിവായി ഇപ്പോഴത്തെ വെളിപ്പെടുത്തല്‍ മാറിയിരിക്കുന്നു. ഇന്ത്യന്‍ ഭരണവര്‍ഗവും സാമ്രാജ്യത്വവും തമ്മിലുള്ള നഗ്നമായ കൂട്ടുകെട്ടിനെതിരെ വിപുലമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടതുണ്ട്. സാമ്രാജ്യത്വശക്തികളെ നമ്മുടെ രാജ്യത്തുനിന്ന് കെട്ടുകെട്ടിക്കാനുള്ള പോരാട്ടത്തില്‍ സജീവ പങ്കാളിയായിരുന്നു സഖാവ് എ കെ ജി. ഇന്ത്യാരാജ്യത്ത് സാമ്രാജ്യത്വശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക-വിദേശ നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇതിനെതിരായുള്ള നമ്മുടെ പോരാട്ടങ്ങള്‍ക്ക് പ്രക്ഷോഭങ്ങളെ ജീവവായുകണക്കെ സ്വാംശീകരിച്ച എ കെ ജിയുടെ ഓര്‍മകള്‍ തീര്‍ച്ചയായും കരുത്തുപകരും. സാമ്രാജ്യത്വശക്തികള്‍ മുന്നോട്ടുവയ്ക്കുന്ന ആഗോള സാമ്പത്തിക നയങ്ങള്‍ക്ക് ബദലുയര്‍ത്താന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോരാടുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് സഖാവിന്റെ ഓര്‍മകള്‍ ആവേശം പകരും. പിണറായി വിജയന്‍

Tuesday, March 15, 2011

വാഗ്ദാനങ്ങള്‍ നിറവേറ്റിയ അഭിമാനത്തോടെ പുതിയ കേരളത്തിനായി ക്ഷേമത്തിന്റെയും വികസനത്തിന്റെയും പുതിയ കര്‍മ്മ പദ്ധതി

വാഗ്ദാനങ്ങള്‍ നിറവേറ്റിയ അഭിമാനത്തോടെ പുതിയ കേരളത്തിനായി ക്ഷേമത്തിന്റെയും വികസനത്തിന്റെയും പുതിയ കര്‍മ്മ പദ്ധതി


തിരു: വാഗ്ദാനങ്ങള്‍ നിറവേറ്റിയ അഭിമാനത്തോടെയാണ് അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ക്ഷേമത്തിന്റെയും വികസനത്തിന്റെയും സുരക്ഷയുടെയും കര്‍മപദ്ധതി എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്. വികസനത്തിനൊപ്പം സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തിയ ജനകീയബദലിന്റെ വിജയത്തിന് അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍തന്നെയാണ് സാക്ഷ്യം. എല്‍ഡിഎഫ് ഭരണത്തിന്റെ നേട്ടമെത്താത്ത ഒരു കുടുംബം പോലുമില്ല കേരളത്തില്‍. യുഡിഎഫ് തകര്‍ത്ത കേരളത്തെ പുനഃസൃഷ്ടിച്ച എല്‍ഡിഎഫ് നേട്ടങ്ങളുടെ നിറവില്‍ ക്ഷേമവും നീതിയും നിലനിര്‍ത്തി അതിവേഗം വളരുന്ന കേരളം ലക്ഷ്യമാക്കുന്നു. ജനനം മുതല്‍ മരണംവരെ ഓരോ പൌരനും സുരക്ഷ ഉറപ്പുവരുത്തുകയെന്ന മഹാദൌത്യമാണ് എല്‍ഡിഎഫ് ഏറ്റെടുക്കാന്‍ പോകുന്നത്. അതോടൊപ്പം കേരളത്തെ വൈജ്ഞാനികസമൂഹമാക്കി മാറ്റുമെന്നും പ്രഖ്യാപിക്കുന്നു. സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ-സാമ്പത്തിക നീതിയും ഒന്നിച്ചു കൊണ്ടുപോകുന്ന കേരള വികസന മാതൃകയാണ് എല്‍ഡിഎഫ് ആവിഷ്കരിച്ചത്. എല്ലാവര്‍ക്കും വീട്, ഭൂമി, ഭക്ഷണം, കുടിവെള്ളം, വെളിച്ചം-ഇതായിരുന്നു എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനം. ആ ദൌത്യം പൂര്‍ണതയിലേക്ക് നീങ്ങുന്നു. കര്‍ഷക ആത്മഹത്യ കൃഷിയിടങ്ങള്‍ കണ്ണീര്‍ക്കയമാക്കിയ കാലത്താണ് എല്‍ഡിഎഫ് അധികാരമേല്‍ക്കുന്നത്. ആദ്യമന്ത്രിസഭായോഗം ആത്മഹത്യചെയ്ത കൃഷിക്കാരുടെ കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചു. പിന്നീടിങ്ങോട്ട് കാര്‍ഷികമേഖല അഭിവൃദ്ധിയിലേക്ക് കുതിച്ചു. നെല്ല് സംഭരണവില ഏഴ് രൂപയില്‍ നിന്നുയര്‍ത്തുമെന്നായിരുന്നു വാഗ്ദാനം. ഇന്ന് സംഭരണവില 14 രൂപയാണ്. കര്‍ഷകകടാശ്വാസ കമീഷന്‍ കടങ്ങള്‍ എഴുതിത്തള്ളി. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്.്് എന്നാല്‍ എല്ലാവര്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ നടപടിയെടുത്തു. ഭക്ഷ്യസുരക്ഷയ്ക്ക് ആവിഷ്കരിച്ച പദ്ധതി കര്‍മപഥത്തിലാണ്. അടുത്ത അഞ്ചു വര്‍ഷംകൊണ്ട് ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. എട്ട് പുതിയ പൊതുമേഖലാവ്യവസായങ്ങള്‍, 96 കോടി രൂപ നഷ്ടം വരുത്തിയ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ 300 കോടിയിലേറെ ലാഭം നേടി, ശക്തമായ കമ്പോള ഇടപെടലിലൂടെ വിലക്കയറ്റം തടഞ്ഞു, ക്ഷേമപെന്‍ഷന്‍ 200 രൂപയാക്കുമെന്ന് വാഗ്ദാനംചെയ്ത സ്ഥാനത്ത് 400 രൂപയായി ഉയര്‍ത്തി, നഗരങ്ങളിലും തൊഴിലുറപ്പ് പദ്ധതി, പാവപ്പെട്ടവരുടെ എല്ലാ ഭവനവായ്പകളും എഴുതിത്തളളി, മത്സ്യത്തൊഴിലാളികള്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കും കടാശ്വാസം, ഇന്‍ഫോപാര്‍ക്ക് സംരക്ഷിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി യാഥാര്‍ഥ്യമാക്കി, വനാവകാശ നിയമപ്രകാരം മുപ്പതിനായിരത്തോളം ആദിവാസികള്‍ക്ക് ഭൂമി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ ഗുണമേന്മയില്‍ കുതിച്ചു ചാട്ടം, പരിസ്ഥിതി സംരക്ഷണത്തിനു നല്‍കിയ ഊന്നല്‍ ഹരിത ബജറ്റിലെത്തി നില്‍ക്കുന്നു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ 50 ശതമാനം വനിതാസംവരണം, പട്ടികജാതി-പട്ടികവര്‍ഗ വികസന പദ്ധതികള്‍ക്കുളള പണം ജനസംഖ്യാനുപാതികമായി വകയിരുത്തി, നിയമനനിരോധനം അവസാനിപ്പിച്ച് പിഎസ്സി വഴി ഒന്നേമുക്കാല്‍ ലക്ഷം പേര്‍ക്ക് തൊഴില്‍, ജീവനക്കാര്‍ക്ക് യുഡിഎഫ് നിഷേധിച്ച ഭവനവായ്പയടക്കം എല്ലാ ആനുകൂല്യങ്ങളും, കൃത്യസമയത്ത് ശമ്പളപരിഷ്കരണം-എല്‍ഡിഎഫ് വാഗ്ദാനങ്ങള്‍ ഓരോന്നും നടപ്പിലാക്കുകയായിരുന്നു. അവിശ്വസനീയമായ ധനമാനേജ്മെന്റിനാണ് അഞ്ചുവര്‍ഷം കേരളം സാക്ഷ്യം വഹിച്ചത്. വികസന-ക്ഷേമ ചെലവുകള്‍ വെട്ടിച്ചുരുക്കാതെ വരുമാനം വര്‍ധിപ്പിച്ചു. അഞ്ചുവര്‍ഷം കൊണ്ട് സര്‍ക്കാര്‍ ചെലവ് ഇരട്ടിയായി. നികുതി വരുമാനം ഏഴായിരം കോടിയില്‍നിന്ന് 16,000 കോടി രൂപയായി. അഭിമാനകരമായ ഈ നേട്ടങ്ങളുടെ തുടര്‍ച്ചയാണ് കേരളം ആഗ്രഹിക്കുന്നത്. കേരളത്തിന്റെ ശോഭനമായ ഭാവിയിലേക്കുള്ള വഴിതുറക്കുകയാണ് എല്‍ഡിഎഫ് പ്രകടനപത്രിക.

സത്യസന്ധതയും ആത്മാര്‍ഥതയും കൈമുതലായുള്ള പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍കുടുക്കിയ ഉമ്മന്‍ചാണ്ടിയും കുടുങുന്നുസത്യസന്ധതയും ആത്മാര്‍ഥതയും കൈമുതലായുള്ള പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍കുടുക്കിയ ഉമ്മന്‍ചാണ്ടിയും കുടുങുന്നു

അഴിമതിച്ചെളി പുരണ്ട് യുഡിഎഫ് നായകന്‍....

അഴിമതി, ജനവഞ്ചന, ഖജനാവ് കൊള്ളയടിക്കല്‍, രാഷ്ട്രീയത്തിന്റെ മാഫിയവല്‍ക്കരണം, പെവാണിഭവും സ്ത്രീപീഡനവുമടക്കമുള്ള ക്രിമിനല്‍കൃത്യങ്ങള്‍, വര്‍ഗീയത, തീവ്രവാദികള്‍ക്കുള്ള പ്രോത്സാഹനം തുടങിയ നേട്ടങള്‍ നിരത്തിയാണു യു ഡി എഫ് ജനങളോട് വോട്ട് ചൊദിക്കുന്നത്-യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഇതൊക്കെ തുടരുമന്നവര്‍ ഉറപ്പ് തരുന്നു.

പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിനുള്ള വിജിലന്‍സ് കോടതി ഉത്തരവ് ഏത് മാനദണ്ഡംവച്ച് അളന്നാലും ഉമ്മന്‍ചാണ്ടിക്കെതിരാണ്. രണ്ടാംപ്രതി ടി എച്ച് മുസ്തഫയും നാലാംപ്രതി സഖറിയ മാത്യുവും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളുടെ തുടര്‍ച്ചയാണ് ഈ വിധി. പാമൊലിന്‍ ഇറക്കുമതി നടന്ന കാലത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ആ ഇടപാടില്‍ അനിഷേധ്യമായ പങ്കുണ്ടെന്നാണ് ഇരു ഹര്‍ജിയുടെയും കാതല്‍. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതുപോലെ തങ്ങളെയും ഒഴിവാക്കണമെന്ന് കൂട്ടുപ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തുടരന്വേഷണം എന്ന ആശയംതന്നെ ഉണ്ടായത്. അതില്‍ മറ്റാരെയെങ്കിലും പഴി പറഞ്ഞിട്ടോ മാര്‍ക്സിസ്റ് ഗൂഢാലോചനയെന്ന് അലമുറയിട്ടിട്ടോ കാര്യമില്ല. കേരളത്തിലെ യുഡിഎഫിനെ നയിക്കുന്ന നേതാവ് അഴിമതിക്കേസില്‍ അന്വേഷണം നേരിടുകയാണ്. അതാകട്ടെ, രാഷ്ട്രീയശത്രുക്കള്‍ വിരോധംകൊണ്ട് കെട്ടിച്ചമച്ച കേസല്ല. സ്വന്തം പാര്‍ടിക്കാര്‍തന്നെയാണ് തെളിവ് കോടതിയില്‍ കൊണ്ടുപോയി കൊടുത്തത്. പാമൊലിന്‍ ഇറക്കുമതിക്കാര്യം മന്ത്രിസഭയില്‍ വയ്ക്കണമെന്ന തന്റെ ആവശ്യം അംഗീകരിച്ച ഉമ്മന്‍ചാണ്ടിയെ പ്രോസിക്യൂഷന്‍ പ്രതിയാക്കിയില്ലെന്നും അതുകൊണ്ടുതന്നെ പ്രതിയാക്കിയത് അനീതിയാണെന്നുമാണ് ടി എച്ച് മുസ്തഫ വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചത്. ഭക്ഷ്യവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയ മാത്യുവാകട്ടെ, പാമൊലിന്‍ ഇറക്കുമതിയുടെ ധനപരമായ ഉത്തരവാദിത്തം അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്നും വ്യക്തമാക്കി. ഇതേത്തുടര്‍ന്നാണ്, തുടരന്വേഷണത്തിന് അനുമതി തേടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി എ അഹമ്മദ് അപേക്ഷ സമര്‍പ്പിച്ചത്. പാമൊലിന്‍ ഇടപാടിനെക്കുറിച്ച് എല്ലാം അറിയാമെന്ന് ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വിജിലന്‍സ് എസ്പി കോടതിയെ ബോധിപ്പിച്ചു. കേസില്‍ 2001 മാര്‍ച്ച് 23ന് കുറ്റപത്രം നല്‍കിയെങ്കിലും വിവിധ കോടതികളില്‍ സ്റേ ഉണ്ടായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താനായില്ലെന്നും എസ്പി കോടതിയെ അറിയിച്ചു. അന്വേഷണം നടത്താന്‍തന്നെയാണ് കോടതി ഇപ്പോള്‍ ഉത്തരവിട്ടത്. പാമൊലിന്‍ ഇടപാടിലെ ക്രമക്കേടുകള്‍ കോഗ്രസ് നേതാവ് എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭയുടെ പബ്ളിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റി 1996ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എണ്ണിപ്പറഞ്ഞതാണ്. 15 ശതമാനം കമീഷന്‍ നല്‍കിക്കൊണ്ടുള്ള ഇറക്കുമതിയെ സിഐജിയും നിശിതമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച പാമൊലിന്‍ ഇടപാട് തുടക്കംമുതലേ അഴിമതിനിറഞ്ഞതായിരുന്നെന്ന് അന്നത്തെ പ്രതിപക്ഷം ശക്തമായി നിയമസഭയിലും പുറത്തും ഉന്നയിച്ചു. അന്ന്, കോഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി കെ കരുണാകരനെ കുടുക്കാനുള്ള ആയുധമായാണ് ഉമ്മന്‍ചാണ്ടി ഈ കേസിനെ ഉപയോഗിച്ചത്. കരുണാകരന്‍ കുറ്റക്കാരനാണെന്നു സ്ഥാപിക്കാനുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കാനടക്കം ഉമ്മന്‍ചാണ്ടി തയ്യാറായി. കരുണാകരന്‍ മുഖ്യമന്ത്രിപദം രാജിവച്ചതോടെ കേസ് പിന്‍വലിക്കാനായി ഉമ്മന്‍ചാണ്ടിയുടെ തിടുക്കം. എന്നാല്‍, അത്തരം രക്ഷപ്പെടലുകള്‍ക്ക് പഴുതുകൊടുക്കാതെ പ്രതിപക്ഷം കേസ് തുടര്‍ന്നു. താനുംകൂടി പങ്കാളിയായ അഴിമതി, കെ കരുണാകരനുള്ള കെണിയാക്കി മാറ്റിയ ഉമ്മന്‍ചാണ്ടി ഇപ്പോള്‍ സ്വന്തം പാര്‍ടിക്കാരനായ ടി എച്ച് മുസ്തഫയുടെ ചൂണ്ടയില്‍ കുരുങ്ങിയിരിക്കുന്നു. അന്ന് കരുണാകരനെ തകര്‍ക്കാനായിരുന്നു പാമൊലിന്‍ കേസ് കോഗ്രസില്‍ ഉപയോഗിക്കപ്പെട്ടതെങ്കില്‍, ഇന്ന് തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ ഉമ്മന്‍ചാണ്ടിയെ മൂലയ്ക്കിരുത്താനുള്ള രമേശ് ചെന്നിത്തലയുടെ ആയുധമാണത്. തനിക്കെതിരെ തെളിവുണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ പണ്ട് കേസെടുത്തില്ല എന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യം. ഇവിടെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരെയും പ്രതിയാക്കുകയോ ഒഴിവാക്കുകയോ ചെയ്തിട്ടില്ല. ടി എച്ച് മുസ്തഫ ഉമ്മന്‍ചാണ്ടിയുടെ നേര്‍ക്ക് വിരല്‍ചൂണ്ടിയപ്പോള്‍, അതില്‍ വാസ്തവമുണ്ടോ എന്ന പരിശോധനമാത്രമാണ് വിജിലന്‍സ് നടത്തിയത്. ആരെയെങ്കിലും പ്രതി ചേര്‍ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും കോടതിയും അന്വേഷണ ഏജന്‍സിയുമാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ പാമൊലിന്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചത് കോടതി തടഞ്ഞതാണ്. അന്ന് അങ്ങനെ ചെയ്തത്, പിന്നീട് തന്റെ പങ്കാളിത്തം പുറത്തുവരുമെന്ന് ഭയന്നാണോ എന്നുതന്നെ സംശയിക്കണം. യുഡിഎഫിന്റെ അതിദയനീയമായ അവസ്ഥയാണ് പാമൊലിന്‍ കേസോടെ കൂടുതല്‍ തെളിയുന്നത്. ആ മുന്നണിയുടെ സ്ഥാപക നേതാവായ ബാലകൃഷ്ണപിള്ള പൂജപ്പുര ജയിലില്‍. ഒന്നാംനിര നേതാക്കളിലൊരാളായ കുഞ്ഞാലിക്കുട്ടിമുതലുള്ളവര്‍ നിയമത്തിനു മുന്നില്‍ തലകുനിച്ചു നില്‍ക്കുന്നു. എത്രയൊക്കെ കേസുകള്‍, ഏതൊക്കെ കോടതികളില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ ഉണ്ട് എന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍പോലും ആകാത്ത അവസ്ഥ. ഇപ്പോഴിതാ യുഡിഎഫിന്റെ നായകന്‍തന്നെ പ്രതിക്കൂട്ടിലേക്ക് കയറുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന അനേകം അഴിമതി ആരോപണങ്ങളില്‍ ഒന്നുമാത്രമാണ് ഈ കേസ് എന്നും ഓര്‍ക്കണം. യുഡിഎഫിലെതന്നെ ഘടക കക്ഷിനേതാവായ ടി എം ജേക്കബ് നിയമസഭയില്‍ രേഖാമൂലം ഉന്നയിച്ച അഴിമതി ആരോപണമുള്‍പ്പെടെയുള്ളവ വേറെയുണ്ട്. ഉമ്മന്‍ചാണ്ടിയില്‍മാത്രം ഒതുങ്ങുന്നതല്ല ഈ കേസിന്റെ പ്രത്യാഘാതം. കോഗ്രസിനകത്തും യുഡിഎഫിലും പുതിയ ധ്രുവീകരണത്തിനും കൂട്ടക്കുഴപ്പത്തിനും അത് വഴിമരുന്നിടും. ലക്ഷം കോടികളുടെ അഴിമതി നടത്തി ജനാധിപത്യം വിലയ്ക്കെടുക്കുന്നവരാണ് ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹിയിലെ നേതാക്കള്‍. ആ കാല്‍പ്പാടുകള്‍ തുടരുന്നത് കോഗ്രസിന്റെ ജനിതകഗുണംതന്നെ. എന്നാല്‍, സ്വയം അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുമ്പോഴും ഉമ്മന്‍ചാണ്ടിയെപ്പോലുള്ള കോഗ്രസ് നേതാക്കള്‍ നടത്തുന്ന സദാചാര-അഴിമതി വിരുദ്ധ പ്രസംഗങ്ങള്‍ അങ്ങനെ വിസ്മരിക്കാനാകുന്നതല്ല. സംശുദ്ധമായ പൊതുജീവിതം നയിക്കുന്ന, സത്യസന്ധതയും ആത്മാര്‍ഥതയും കൈമുതലായുള്ള പൊതുപ്രവര്‍ത്തകരെ കള്ളക്കേസില്‍കുടുക്കി വേട്ടയാടാന്‍ എന്ത് വൃത്തികെട്ട വഴിയും സ്വീകരിക്കുമെന്ന് തെളിയിച്ച നേതാവാണ് ഉമ്മന്‍ചാണ്ടി. രാഷ്ട്രീയനേട്ടത്തിനുവേണ്ടി ഏതു നാറുന്ന കുഴിയിലും കമിഴ്ന്നുവീണ് കൈകാലിട്ടടിക്കാന്‍ മടിച്ചിട്ടില്ലാത്തതാണ് ആ നേതാവിന്റെ ചരിത്രം. അത്തരമൊരാള്‍ സ്വയം കുഴിച്ച കുഴിയില്‍ത്തന്നെയാണ് ഇപ്പോള്‍ വീണിരിക്കുന്നത്. ന്യായീകരണങ്ങളുടെ പെരുമഴ പെയ്യിച്ചും മാധ്യമ വക്കീലന്മാര്‍ക്ക് വക്കാലത്തു നല്‍കിയും മുഖം രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി കാട്ടുന്ന വെപ്രാളം പരിഹാസ്യമാകുന്നു. യുഡിഎഫ് നായകന്റെ മുഖത്തെ പരിഹാസ്യമായ വെപ്രാളംതന്നെയാണ് ആ മുന്നണിയുടെ മുഖത്തുമുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തീര്‍ച്ചയായും യുഡിഎഫ് വിചാരണ ചെയ്യപ്പെടുന്നത് ഇത്തരം കെട്ട അഴിമതികളുടെ പേരിലായിരിക്കും. അഴിമതി, ജനവഞ്ചന, ഖജനാവ് കൊള്ളയടിക്കല്‍, രാഷ്ട്രീയത്തിന്റെ മാഫിയവല്‍ക്കരണം, പെവാണിഭവും സ്ത്രീപീഡനവുമടക്കമുള്ള ക്രിമിനല്‍കൃത്യങ്ങള്‍, വര്‍ഗീയത, തീവ്രവാദികള്‍ക്കുള്ള പ്രോത്സാഹനം- ഇങ്ങനെ നീണ്ട കുറ്റപ്പട്ടികയും ചുമന്ന് വോട്ട് തേടാനെത്തുന്ന യുഡിഎഫിനെ കേരളജനത അര്‍ഹിക്കുന്ന ഗൌരവത്തോടെ ശിക്ഷിക്കുമെന്നതില്‍ സംശയമില്ല.

നാദാപുരത്ത് ലീഗ് ഗുണ്ടാപ്പട വന്‍ ആയുധശേഖരവുമായി അഴിഞ്ഞാട്ടം തുടരുന്നു...

നാദാപുരത്ത് ലീഗ് ഗുണ്ടാപ്പട വന്‍ ആയുധശേഖരവുമായി അഴിഞ്ഞാട്ടം തുടരുന്നു...


അഞ്ച് ചെറുപ്പക്കാരെ കൊലയ്ക്കുകൊടുത്തിട്ടും നാദാപുരത്തെ ലീഗ് നേതൃത്വത്തിന് തൃപ്തി വരുന്നില്ലെന്നാണ് അനുമാനിക്കേണ്ടത്. രാഷ്ട്രീയനേട്ടത്തിനുവേണ്ടി കൂട്ടക്കുഴപ്പമുണ്ടാക്കാന്‍ വന്‍ബോംബുനിര്‍മാണം നടത്തവെയാണ് കഴിഞ്ഞ ദിവസം, മുസ്ളിം ലീഗിന്റെ അഞ്ചു പ്രവര്‍ത്തകര്‍ നരിക്കാട്ടേരിയില്‍ മരിച്ചുചിതറിയത്. ആ അഞ്ചു വീട്ടിലും കണ്ണീര്‍ തോര്‍ന്നിട്ടില്ല. ഉറ്റവരുടെ രോദനങ്ങള്‍ ഒടുങ്ങിയിട്ടില്ല. പക്ഷേ, ലീഗ് ആയുധം താഴെ വയ്ക്കാനോ അടങ്ങാനോ തയ്യാറാകുന്നില്ല. കക്കട്ടിലിനടുത്ത് ഇടവഴിയില്‍ സ്റീല്‍ബോംബ് കണ്ടെത്തിയതും പെരുമുണ്ടച്ചേരിയില്‍ സിപിഐ എം പ്രവര്‍ത്തകരെ വെട്ടി പരിക്കേല്‍പ്പിച്ചതും ഏറ്റവുമൊടുവിലത്തെ ഉദാഹരണങ്ങളാണ്. സിപിഐ എം അരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം കൃഷ്ണന്‍, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ രാഗേഷ്, സനൂപ്(24) എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ പെരുമുണ്ടച്ചേരി തയ്യില്‍താഴെ വയലില്‍ പന്ത്രണ്ടംഗ ലീഗ് സംഘം ആക്രമിച്ചത്. നാദാപുരം മേഖലയിലാകെ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ചും അക്രമത്തിനൊരുങ്ങിയും ലീഗ് നടത്തുന്നത്, ഇതേ പംക്തിയില്‍ ഞങ്ങള്‍ നേരത്തെ ചൂണ്ടിക്കാട്ടിയപോലെ അക്ഷരാര്‍ഥത്തിലുള്ള തീക്കളിയാണ്. പെവാണിഭം, അഴിമതി, ജുഡീഷ്യറിയെ സ്വാധീനിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിയമനടപടി നേരിടുന്ന നേതാവിനെ സംരക്ഷിക്കുക എന്നതാണ് മുസ്ളിം ലീഗ് അജന്‍ഡ. ആ നേതാവിനെ ലജ്ജാശൂന്യമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി നാടുനീളെ സ്വീകരണമൊരുക്കാന്‍പോലും തയ്യാറാവുകയാണവര്‍. വികൃതമായ സ്വന്തം മുഖത്തെ ജനങ്ങള്‍ക്കുമുന്നില്‍ മറച്ചുപിടിക്കാനും തെരഞ്ഞെടുപ്പില്‍ രക്ഷപ്പെടാനുമുള്ള മാര്‍ഗമായാണ് ലീഗ് ബോംബുരാഷ്ട്രീയത്തെയും കാണുന്നത്. പ്രകടമായ തീവ്രവാദ നിലപാടുകാരെ കൂട്ടുപിടിക്കാനും അവര്‍ മടിച്ചുനില്‍ക്കുന്നില്ല. ഇത്തരം സമീപനം സംസ്ഥാനത്തിന്റെ സമാധാനവും സൌഹൃദാന്തരീക്ഷവും തകര്‍ക്കാനിടയാക്കുമെന്നതില്‍ രണ്ടുപക്ഷമില്ല. വിവേകശൂന്യവും തരംതാണതുമായ ഇത്തരം കളികള്‍ അവസാനിപ്പിക്കാന്‍ ലീഗ്നേതൃത്വം തയ്യാറാകണം. ലീഗിന്റെ അക്രമം തടയാനും ആയുധശേഖരം കണ്ടെത്താനും ക്രിമിനലുകളെ പിടികൂടാനും പൊലീസിന്റെ ഭാഗത്തുനിന്ന് പഴുതടച്ച നടപടികളുണ്ടാകണം.

5.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക.5.സാമൂഹ്യ പശ്ചാത്തല സൗകര്യങ്ങള്‍

5.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക. 5.സാമൂഹ്യ പശ്ചാത്തല സൗകര്യങ്ങള്‍


ആരോഗ്യം144. വൃദ്ധജനങ്ങളുടെ പ്രത്യേകമായ മാനസിക ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് പഠനവും ഇടപെടലും നടത്തും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും ത്രിതല സംവിധാനത്തിലെ താഴെത്തട്ട് മുതല്‍ ലഭ്യമായ സാധ്യത ഉപയോഗപ്പെടുത്തും. സാന്ത്വന ചികിത്സാപദ്ധതിയുമായി ബന്ധപ്പെടുത്തി 'വയോമിത്രം' പരിപാടി നടപ്പിലാക്കും.145. ആശുപത്രികളുടെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തും. സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരിച്ച് ആവശ്യമായ ഡോക്ടര്‍മാരെയും നേഴ്‌സുമാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കും.146. സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ഡോക്ടര്‍മാര്‍ക്കും ഇതര ജീവനക്കാര്‍ക്കും തുടര്‍പരിശീലനം നല്‍കും. മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സ്വകാര്യ ചികിത്സാനിരോധനം വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തി ഫലപ്രദമായി നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.147. സാര്‍വ്വത്രികവും സൗജന്യവുമായ ആരോഗ്യസേവനം ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് സാമ്പ്രദായികമായിത്തന്നെ എല്ലാ കാലത്തും ഉറപ്പ് വരുത്തും. മറ്റ് രാജ്യങ്ങളിലെ ഇന്‍ഷുറന്‍സ് സംവിധാനത്തിലുണ്ടായ പാളിച്ചകള്‍ പഠിച്ച് ഇന്‍ഷുറന്‍സ് സംവിധാനം ശക്തിപ്പെടുത്തും. 108 ആംബുലന്‍സ് സമ്പ്രദായം സാര്‍വ്വത്രികമാക്കും.148. സാങ്കേതിക വിദ്യയുടെ വികാസത്തിനനുസരിച്ച് സേവനരീതികളും അതിനാവശ്യമായ പുതിയ ഉപകരണങ്ങളും വികസിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ പാരമെഡിക്കല്‍ പ്രവര്‍ത്തകരുടെ അഭാവം നേരിടുന്നു. ആവശ്യം അനുസരിച്ച് പുതിയ കോഴ്‌സുകള്‍ ഈ മേഖലയില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. കൂടാതെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പാരാമെഡിക്കല്‍ പ്രവര്‍ത്തകരുടെ യോഗ്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.149. ഔഷധങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് മെഡിക്കല്‍ കോളേജുകളിലെ ഫാര്‍മസി ഡിപ്പാര്‍ട്ട്‌മെന്റുകള്‍ വികസിപ്പിച്ച് ഇതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും. ജില്ലാതലത്തില്‍ ഹൈടെക് ഡ്രഗ് വെയര്‍ഹൗസുകള്‍ ആരംഭിക്കുന്നതാണ്.150. സ്റ്റേറ്റ് ഡിസീസ് സര്‍വയിലന്‍സ് സെല്ലിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തും.151. ആയൂര്‍വ്വേദ-ഹോമിയോ മേഖലകളില്‍ വലിയ തോതിലുള്ള അടിസ്ഥാന സൗകര്യം ഉണ്ടായിട്ടുണ്ട്. ഈ വളര്‍ച്ച നിലനിര്‍ത്തും. ജീവതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ ആരംഭിക്കും. മെഡിക്കല്‍ ഇന്‍ഷ്വറന്‍സില്‍ ആയൂര്‍വ്വേദ-ഹോമിയോ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കും. ആയൂര്‍വ്വേദ ഔഷധമേഖലയില്‍ ഗവേഷണപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കും. മരുന്നുകളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, വാലിഡേഷന്‍ എന്നിവ ഉറപ്പുവരുത്തും.
വിദ്യാഭ്യാസം152. കേരളത്തിലെ മുഴുവന്‍ പ്രീസ്‌കൂള്‍ പ്രായക്കാരെയും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വിധത്തില്‍ സാര്‍വ്വത്രികവും ശാസ്ത്രീയവുമായ പ്രീസ്‌കൂള്‍ വിദ്യാഭ്യാസം നടപ്പിലാക്കും. നിലവിലുള്ള അംഗന്‍വാടികളുടെയും ലോവര്‍ പ്രൈമറി സ്‌കൂളുകളുടെയും ഭൗതിക സൗകര്യങ്ങള്‍ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക.153. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനായി ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ തല്‍പ്പരരും ചേര്‍ന്നുള്ള കൂട്ടായ്മ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഘടിപ്പിക്കും. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മുതിര്‍ന്നവരുടെയും യുവജനസംഘടനകളുടെയും ഗ്രന്ഥശാലകളുടെയും സഹായം ഉപയോഗപ്പെടുത്തും.154. വിദ്യാഭ്യാസ അവകാശ നിയമം കേരളീയ പശ്ചാത്തലം കൂടി കണക്കിലെടുത്തുകൊണ്ട് നടപ്പിലാക്കുന്ന രീതിയായിരിക്കും അവലംബിക്കുക.155. കലാ-കായിക അംശങ്ങളെ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും ഉള്‍ച്ചേര്‍ക്കുന്നതിനുള്ള നടപടി സ്വീകരിക്കും.156. കുട്ടികള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത് അവര്‍ക്ക് ആത്മവിശ്വാസത്തോടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള ശേഷി സ്‌കൂള്‍ ഘട്ടത്തില്‍ തന്നെ ആര്‍ജ്ജിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.157. മാതൃഭാഷാ പഠനം നിര്‍ബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. അതോടൊപ്പംതന്നെ ബന്ധഭാഷ എന്ന നിലയില്‍ ഇംഗ്ലീഷ് വിനിമയശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും കുട്ടികള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് ഭാഷകള്‍ പഠിക്കാനുള്ള സൗകര്യവും ഉണ്ടാക്കും.158. എല്ലാ തലങ്ങളിലും കൂടുതല്‍ വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ യത്‌നിക്കും. അതിന് പരിമിതികള്‍ ഉള്ളതുകൊണ്ട് സാമൂഹ്യ നിയന്ത്രണങ്ങള്‍ക്കു വിധേയമായി സ്വാശ്രയ സ്ഥാപനങ്ങള്‍ അനുവദിക്കും. സഹകരണ മേഖലയ്ക്കും സര്‍ക്കാര്‍ നിയന്ത്രിത മേഖലയ്ക്കും ഈ മേഖലയില്‍ പ്രാമുഖ്യം നല്‍കും. ഗുണമേന്മ, സാമൂഹ്യനീതി എന്നിവ ഈ സ്ഥാപനങ്ങളില്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സദാ ജാഗരൂകമായിരിക്കും.159. ഇന്ത്യക്കകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ക്രിയാത്മകമായ അക്കാദമിക സഹകരണത്തിനുള്ള അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അദ്ധ്യാപക പരിശീലനത്തിനും തുടര്‍പഠനത്തിനും ആവശ്യമായ സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ആധുനിക ആശയവിനിമയ സങ്കേതങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തികൊണ്ട് ഓപ്പണ്‍ സര്‍വകലാശാല സ്ഥാപിക്കും.160. അധികാര വികേന്ദ്രീകരണവും അക്കാദമിക മികവും സ്വ.യംഭരണവും സാമൂഹ്യ ഉത്തരവാദിത്തവും ജനാധിപത്യ പ്രാതിനിധ്യവും ഉറപ്പാക്കുംവിധവും അക്കാദമിക ആവശ്യങ്ങള്‍ അനായാസേന നിറവേറ്റുന്നതിനു സഹായകമായ രീതിയിലും സര്‍വകലാശാലകളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നിയമവ്യവസ്ഥകളും ഭരണനിര്‍വഹണവും പരിഷ്‌കരിക്കും.161. വിദ്യാര്‍ത്ഥി പ്രവേശനം, ഫീസ്പിരിവ് എന്നിവയ്ക്ക് സര്‍വകലാശാലതലത്തില്‍ ഏക ജാലക സംവിധാനം ഏര്‍പ്പെടുത്തും.162. സ്വാശ്രയ സ്ഥാപനങ്ങളില്‍ ഉള്‍പ്പടെ വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരുടേയും അനദ്ധ്യാപകരുടേയും ജനാധിപത്യ അവകാശങ്ങളും സംഘടനാസ്വാതന്ത്ര്യവും പരിരക്ഷിക്കുന്നതിനുവേണ്ട നിയമ - ഭരണ നടപടികള്‍ കൈക്കൊള്ളും.163. ശാരീരികമായി പ്രയാസം അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പ്രത്യേക അടിസ്ഥാന സൗകര്യങ്ങളും പഠനപ്രവര്‍ത്തനങ്ങളും എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉറപ്പാക്കും.
ഐ.ടി.ഐകള്‍164. കൂടുതല്‍ ഐ.ടി.ഐകള്‍ സ്ഥാപിക്കും. നിലവിലുളള ട്രേഡുകളുടെ കരിക്കുലവും പരിശീലന മുറകളും പരിശീലന സൗകര്യങ്ങളും കാലോചിതമായി പരിഷ്‌കരിക്കും. വ്യവസായ സ്ഥാപനങ്ങളും പരിശീലന സ്ഥാപനങ്ങളുമായുളള ബന്ധവും വിവരവിനിമയവും സഹകരണവും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ശാസ്ത്ര-സാങ്കേതിക ഗവേഷണം165. പല കാലങ്ങളിലായി ആരംഭിച്ചതും പ്രശസ്തിയാര്‍ജ്ജിച്ചതുമായ പല ശാസ്ത്ര-സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. അവയുടെ പ്രവര്‍ത്തനം വിലയിരുത്തി അവയെ മെച്ചപ്പെടുത്താന്‍ നടപടിയെടുക്കും. പല പുതിയ വിജ്ഞാനമേഖലകളിലും ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യമായി വന്നിട്ടുണ്ട്. അവയും സര്‍വ്വകലാശാലകളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. അവയ്ക്ക് കൂടുതല്‍ സ്വയംഭരണം നല്‍കുന്നതിനും സമൂഹത്തിന് കൂടുതല്‍ പ്രയോജനം അവയിലൂടെ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താനും ഉതകുന്നവിധം ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പ്രവര്‍ത്തനം പുനരാവിഷ്‌കരിക്കുന്നതാണ്.
വന സംരക്ഷണം166. വനസംരക്ഷണത്തിന് കൂടുതല്‍ ഫോറസ്റ്റ് സ്റ്റേഷനുകളും ജീവനക്കാരെയും അനുവദിക്കും.167. 1977 ജനുവരി 1-നു മുമ്പ് വനഭൂമിയില്‍ കൃഷിയാരംഭിച്ചവര്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയും പട്ടയം അനുവദിക്കുകയും ചെയ്യും. എന്നാല്‍ പുതിയ വനം കയ്യേറ്റത്തെ കര്‍ശനമായി നേരിടും. കള്ളപ്പട്ടയങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് പ്രത്യേക ടീമിനെ നിയോഗിക്കുന്നതാണ്. ഇ.എഫ്.എല്‍ പ്രശ്‌നം സമയബന്ധിതമായി പരിഹരിക്കും.
സംസ്‌കാരം168. ലൈബ്രറി കൗണ്‍സിലിന് നിയമമനുസരിച്ച് ലഭിക്കേണ്ട നികുതിവിഹിതം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തും. ഗ്രന്ഥശാലാസംഘങ്ങള്‍ക്കുളള ഗ്രാന്റില്‍ വര്‍ദ്ധന വരുത്തും. ഗ്രാമീണ ലൈബ്രറികളില്‍ ഇന്റര്‍നെറ്റ് അടക്കമുളള അടിസ്ഥാന സൗകര്യങ്ങളും നിലവാരമുളള പുസ്തക ശേഖരവും ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ലൈബ്രേറിയന്മാരുടെ അലവന്‍സ് വര്‍ദ്ധിപ്പിക്കും.169. നാടിന്റെ സാംസ്‌ക്കാരിക കേന്ദ്രങ്ങളായി ഗ്രന്ഥശാലകളെ വളര്‍ത്തി എടുക്കുന്നതിനുള്ള നടപടി സ്വീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന, വിജ്ഞാന വ്യാപനത്തിന്റെ മുഖ്യ കണ്ണിയായി ഗ്രന്ഥശാലകളെ മാറ്റിയെടുക്കും.170. അക്കാദമികള്‍ക്കുള്ള ധനസഹായം ഗണ്യമായി വര്‍ദ്ധിപ്പിക്കും. അന്തര്‍ദേശീയ നിലവാരത്തിലുള്ള ഫിലിം, നാടക, സംഗീത, നൃത്ത, ചിത്രകല ഉത്സവങ്ങള്‍ക്ക് ധനസഹായം ഉറപ്പുവരുത്തും. വായനശാലകള്‍ക്കെന്നപോലെതന്നെ ആര്‍ട്‌സ് ക്ലബ്ബുകള്‍ക്കും ധനസഹായം ഉറപ്പുവരുത്തും. ഇവ കൂടാതെ നിരവധി സാംസ്‌കാരിക സ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. അവയ്ക്ക് ആവശ്യമായ ധനസഹായം ലഭ്യമാക്കും. ഗോത്ര കലകളെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കും.171. മലയാളം മിഷന്‍ ശക്തിപ്പെടുത്തും. മലയാള ഭാഷാ പഠനത്തിനും ഗവേഷണത്തിനും സര്‍വ്വകലാശാലകള്‍ക്കും ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ക്കും വിവിധ ഏജന്‍സികള്‍ക്കും പ്രത്യേക ധനസഹായം ഉറപ്പുവരുത്തും.172. പ്രാദേശിക ടെലിവിഷന്‍ ചാനലുകളെ പ്രോത്സാഹിപ്പിക്കും. പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കും ചാനല്‍ പ്രവര്‍ത്തകര്‍ക്കും ക്ഷേമനിധി ഏര്‍പ്പെടുത്തും.
സ്‌പോര്‍ട്‌സ്173. എല്ലാ ജില്ലകളിലും കായിക പരിശീലനത്തിന് മികച്ച സൗകര്യമുണ്ടാക്കും. മിടുമിടുക്കരായ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്നതിന് ഒരു സെന്റര്‍ ഓഫ് എക്‌സലന്‍സ് ഉണ്ടാക്കും. ലോകോത്തര നിലവാരത്തിലുള്ള എല്ലാ ഭൗതിക സൗകര്യങ്ങളും ഇവിടെ ഉറപ്പുവരുത്തും.174. സംസ്ഥാനത്തിനകത്തും പുറത്തും നടക്കുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ക്കായി പ്രോത്സാഹക കായിക പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കും.175. കേരളത്തിലെ കായിക വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് ഒരു ഏകീകൃത സ്വഭാവം രൂപപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.176. കായികതാരങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാനാടിസ്ഥാനത്തില്‍ ഒരു സ്‌പോണ്‍സറിംഗ് സെല്‍ ആരംഭിക്കും.177. സ്‌പോര്‍ട്‌സില്‍ നിശ്ചിത നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് പ്രത്യേക ധനസഹായം നല്‍കും. സ്‌കൂള്‍ കായികരംഗത്തുള്ള കുരുന്ന് പ്രതിഭകളെ ചെറിയ പ്രായത്തില്‍ത്തന്നെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.
ഭരണപരിഷ്‌കാരം
സഹകരണം178. സ്വന്തം ഫണ്ടില്‍ അധികരിച്ച് സഞ്ചിത നഷ്ടമുള്ള സംസ്ഥാന സഹകരണ ബാങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഓഹരി മൂലധനപങ്കാളിത്തം വര്‍ദ്ധിപ്പിക്കും. അപ്പെക്‌സ് സംഘങ്ങള്‍ക്കു നല്‍കിയിട്ടുള്ളതും നിഷ്‌ക്രിയ വായ്പ ആയി തീര്‍ന്നതുമായ വായ്പകള്‍ സ്റ്റാന്‍ഡേര്‍ഡ് വായ്പകളാക്കുകയും ചെയ്യും.179. ജീവനക്ഷമമല്ലാത്ത സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിനായി കര്‍മ്മ പദ്ധതി തയ്യാറാക്കുകയും ഒരു കോര്‍പ്പസ് ഫണ്ട് രൂപീകരിക്കുകയും ചെയ്യും. ലിക്വിഡേഷനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ഓഹരി മൂലധനം നല്‍കി സഹായിക്കും.180. എല്ലാ പഞ്ചായത്തുകളിലും സഹകരണ വിപണന കേന്ദ്രങ്ങളും നീതി മെഡിക്കല്‍ സ്റ്റോറുകളും തുടങ്ങും.181. സഹകരണ പ്രാഥമിക വായ്പാ സംഘങ്ങളിലെ നിക്ഷേപകര്‍ക്കും വായ്പക്കാര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തും. ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരാത്ത വായ്പ സംഘങ്ങളിലെ നിക്ഷേപകര്‍ക്ക് ഒരു ലക്ഷം രൂപയ്ക്ക് ഡെപ്പോസിറ്റ് ഗ്യാരിന്റി ഉറപ്പ് വരുത്തും.182. സഹകരണ വായ്പാ സംഘങ്ങള്‍ക്ക് അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുക്കുകയും കമ്പ്യൂട്ടറൈസ്ഡ് ആഡിറ്റിങ് സാധ്യമാക്കുകയും ചെയ്യും. സംസ്ഥാന സഹകരണ ബാങ്ക്, ജില്ല സഹകരണബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തിക്കൊണ്ട് എ.റ്റി.എം.ശൃംഖല വിപുലപ്പെടുത്തും.183. റിസര്‍വ് ബാങ്ക് ലൈസന്‍സില്ലാത്ത ജില്ലസഹകരണ ബാങ്കുകള്‍ക്ക് 2012 നു മുമ്പ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള യോഗ്യതകള്‍ കൈവരിക്കുന്നതിന് ആവശ്യമായ സഹായം ലഭ്യമാക്കും.
ദേവസ്വം184. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും. അതിന്റെ ആദ്യഘട്ടമായി 100 കോടി രൂപയുടെ ചെലവ് വരുന്ന നിലയ്ക്കല്‍ പാര്‍ക്കിംഗ്, വലിയ നടപ്പന്തല്‍ രണ്ടാംനില, അരവണ നിര്‍മ്മാണശാല മാറ്റി സ്ഥാപിക്കല്‍, ഭക്തര്‍ക്ക് തിരിച്ചുപോകാന്‍ പ്രത്യേക പാത തുടങ്ങിയവ അടുത്ത മകരമാസത്തിനു മുമ്പ് പൂര്‍ത്തീകരിക്കും. ശബരി പാതയ്ക്കായി റെയില്‍വേയും റവന്യൂ വകുപ്പും സംയുക്തമായി കല്ലിട്ട് തിരിച്ചിരിക്കുന്ന ഐക്കൊമ്പ് (പാലയ്ക്കു സമീപം) വരെയുള്ള സ്ഥലത്തിന്റെ വില നല്‍കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. എരുമേലി വരെയുള്ള ദൂരത്തെ സ്ഥലമെടുപ്പിനുള്ള നടപടികള്‍ ആരംഭിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കും.
ലോട്ടറി185. കേന്ദ്ര ലോട്ടറി നിയമം സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കിക്കൊണ്ടുള്ള രീതിയില്‍ ഭേദഗതി ചെയ്യുന്നതിന് സമ്മര്‍ദ്ദം ചെലുത്തും. ലോട്ടറി മാഫിയയെ കേരളത്തില്‍നിന്ന് പുറത്താക്കുന്നതിനുവേണ്ടി എല്ലാവിധ നടപടികളും സ്വീകരിക്കും. കേരള ഭാഗ്യക്കുറി സംരക്ഷിക്കും.
സെക്രട്ടേറിയറ്റും ഡിപ്പാര്‍ട്ട്‌മെന്റുകളും186. വന്‍കിട പ്രോജക്ടുകളുടെ മോണിറ്ററിംഗിന് പ്രത്യേക സംവിധാനമുണ്ടാക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ കേരളത്തിന് കൂടുതല്‍ അനുയോജ്യമാക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. എല്ലാ മാസവും അവയുടെ നടത്തിപ്പ് അവലോകനം ചെയ്യുന്ന സമ്പ്രദായം കൊണ്ടുവരും.187. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും വകുപ്പുകളിലേക്കും വകുപ്പുകളില്‍ നിന്നു താഴെത്തലങ്ങളിലേക്കും വികേന്ദ്രീകരിക്കേണ്ട അധികാരങ്ങള്‍, ധനകാര്യ അധികാരങ്ങള്‍ ഉള്‍പ്പെടെ, അടിയന്തിരമായി വികേന്ദ്രീകരിച്ചു നല്‍കണം. ഓരോ തട്ടിലും കൈകാര്യം ചെയ്യേണ്ട കാര്യങ്ങള്‍ അനിവാര്യമായ സാഹചര്യങ്ങളിലല്ലാതെ മുകള്‍ തട്ടിലേക്ക് പോകുന്നില്ലായെന്ന് ഉറപ്പ് വരുത്തും.188. കാലഹരണപ്പെട്ട സര്‍വീസ് നിയമങ്ങളും ചട്ടങ്ങളും മാനുവലുകളും, മാര്‍ഗനിര്‍ദ്ദേശങ്ങളും രീതി സമ്പ്രദായങ്ങളും കാലോചിതമായി പുതുക്കുന്നതിന് സമയബന്ധിതമായി പദ്ധതി ആവിഷ്‌കരിക്കും. തട്ടുകള്‍ കുറച്ചുകൊണ്ട് സെക്രട്ടേറിയറ്റ് ഭരണ സംവിധാനത്തില്‍ വേണ്ട പരിഷ്‌കാരങ്ങള്‍ പൂര്‍ത്തിയാക്കണം.189. മിഡില്‍ മാനേജ്‌മെന്റ് ശക്തമാക്കുന്നതിന് സ്റ്റേറ്റ് സിവില്‍ സര്‍വീസ് രൂപീകരിക്കണമെന്ന ഭരണ പരിഷ്‌കാര കമ്മീഷന്‍ നിര്‍ദ്ദേശം നടപ്പിലാക്കും.190. അഴിമതിരഹിതവും സംശുദ്ധവുമായ സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യത്തോടെ ലോകായുക്ത, ഓംബുഡ്‌സ്മാന്‍, വിജിലന്‍സ് സംവിധാനങ്ങളെ ഫലപ്രദമാക്കാനുണ്ട്. സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഓംബുഡ്‌സ്മാന്‍ പ്രാവര്‍ത്തികമാക്കുന്നതായിരിക്കും.191. സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പൊതുസ്ഥലംമാറ്റത്തിന് വിദ്യാഭ്യാസവകുപ്പില്‍ വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ സംവിധാനം എല്ലാ വകുപ്പുകളിലേക്കും വ്യാപിപ്പിക്കും.192. 'സേവനാവകാശ നിയമം' കൊണ്ടുവരും. നിലവിലുള്ള റെക്കോര്‍ഡുകളുടെയും രജിസ്റ്ററുകളുടെയും അടിസ്ഥാനത്തില്‍ നല്‍കാവുന്നതും കൂടുതല്‍ അന്വേഷണം ആവശ്യമില്ലാത്തതുമായ സര്‍ട്ടിഫിക്കറ്റുകള്‍ അടുത്ത പ്രവൃത്തിദിവസം തന്നെയും അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകളും റെക്കോര്‍ഡുകളും പരമാവധി അഞ്ച് ദിവസത്തിനുള്ളിലും നല്‍കാന്‍ നടപടി സ്വീകരിക്കും. ഇതിനായി ആഫീസുകളെ തമ്മില്‍ ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കും. സര്‍ക്കാരിനു ലഭിക്കുന്ന വിവിധങ്ങളായ നിവേദനങ്ങള്‍ അവയുടെ സ്വഭാവം അനുസരിച്ച് ഓരോ വിഭാഗത്തിനും നിശ്ചിത സമയത്തിനുളളില്‍ തീര്‍പ്പുകല്‍പ്പിച്ച് പരാതിക്കാരനെ അറിയിക്കണമെന്ന് വ്യവസ്ഥ ചെയ്യും. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കും.
വിവര സംവേദന സാങ്കേതികവിദ്യയും ഇ-ഗവേണന്‍സും193. വിവിധ വകുപ്പ് - സ്ഥാപനതലങ്ങളില്‍ സഞ്ചയിക്കപ്പെട്ടിരിക്കുന്ന വിവരശേഖരം (ഡാറ്റാ ബേയ്‌സ്) ഉദ്ഗ്രഥിപ്പിക്കും. ഉദാഹരണമായി ഫ്രണ്ട്‌സ് മുഖേന നികുതി പിരിയ്ക്കുമ്പോള്‍ തന്നെ ബന്ധപ്പെട്ട തദ്ദേശ ഭരണ-വകുപ്പ് സ്ഥാപനങ്ങളില്‍ ഈ വിവരം പുതുക്കി ചേര്‍ക്കപ്പെടുക എന്ന രീതി ആവിഷ്‌കരിക്കും.194. രജിസ്റ്ററുകളും ഫയലുകളും എഴുതി സൂക്ഷിക്കുന്ന വിവരങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി ദ്രുതഗതിയില്‍ വിവരവിനിമയം നടത്തി സേവനം ലഭ്യമാക്കുന്ന സംവിധാനം രൂപപ്പെടുത്തും. ഇത്തരം വിവരമാറ്റം വരുത്തുമ്പോള്‍ അവയുടെ കൃത്യതയും വിശ്വാസ്യതയും ഉറപ്പുവരുത്താനും രേഖീകൃതവിവരങ്ങളുടെ പരസ്പരം കൈമാറ്റവും വിനിയോഗവും ഉറപ്പാക്കുന്നതിനും ഉള്ള നയവും നടപടി ക്രമവും അവയുടെ നിയമസുരക്ഷയ്ക്കായുള്ള ചട്ട വ്യവസ്ഥകളും ഉണ്ടാക്കും.195. ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാനും സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും പൊതു ആവശ്യങ്ങള്‍ക്കും അനുമതി തേടിക്കൊണ്ട് പരസ്പരം കൈമാറി ഉപയോഗിക്കാനും വ്യവസ്ഥപ്പെടുത്തും.196. വിവിധ പദ്ധതികളുടെ ആസൂത്രണം, ഗുണഭോക്തൃനിര്‍ണയം, തുടങ്ങിയവയ്ക്ക് പൗരരുടെ വിവരങ്ങള്‍, ജനന-മരണവിവരങ്ങള്‍, വിദ്യാര്‍ത്ഥി വിവരങ്ങള്‍ വോട്ടര്‍ വിവരങ്ങള്‍ തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ പരസ്പരം കൈമാറ്റി വിനിയോഗിക്കാന്‍ വ്യവസ്ഥപ്പെടുത്തും.197. ദൈനംദിന ഭരണ പ്രവൃത്തികളില്‍ ഇലക്‌ട്രോണിക് രേഖകളുടെയും ഡിജിറ്റല്‍ സിഗ്‌നേച്ചറിന്റെയും പ്രയോഗം സാധ്യമാക്കി സേവന നിര്‍വ്വഹണം ദ്രുതഗതിയിലാക്കാന്‍ നടപടിയുണ്ടാകണം.198. സാര്‍വ്വത്രിക ഈ.സാക്ഷരത നടപ്പാക്കാനുള്ള തീവ്രയത്‌നം തദ്ദേശഭഭരണതലത്തില്‍ ലീപ് കേരള മിഷന്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി സാധിതമാക്കും. ഇതിനായി നിലവിലുള്ള ഐ.ടി.മിഷന്‍, ഐ.കെ.എം തുടങ്ങിയ ശൃംഖലാസംവിധാനങ്ങളെ പുസംഘടിപ്പിച്ച് ഉപയോഗപ്പെടുത്തും.
അധികാരവികേന്ദ്രീകരണം199. അധികാരവികേന്ദ്രീകരണത്തിന്റെ ഭാഗമായി ഒട്ടേറെ അധികാരങ്ങള്‍ താഴേക്കു നല്‍കിയിട്ടുണ്ട്. പലവകുപ്പുകളിലും ഉദ്യോഗസ്ഥരെയും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു വിന്യസിച്ചിട്ടുണ്ട്. ഈ പുനര്‍വിന്യാസ പ്രക്രിയ അധികാരത്തിലെത്തി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. കൈമാറ്റപ്പെടുന്ന ജീവനക്കാരുടെ നിര്‍വ്വഹണപരവും നിയന്ത്രണപരവുമായ മേല്‍നോട്ട അധികാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് ഭാരമേല്‍പ്പിക്കും. ഇതിനായി ലൈന്‍സി ഡിപ്പാര്‍ട്ടുമെന്റുകളുടെ അടിസ്ഥാനതല നിര്‍വ്വഹണകൃത്യങ്ങള്‍ പൂര്‍ണ്ണമായും തദ്ദേശഭരണക്രമവുമായി ഏകോപിപ്പിക്കും.200. ജില്ലാ ആസൂത്രണസമിതി കേരളത്തിന് അനുയോജ്യമായ വിധം പുന:സംഘടിപ്പിക്കുകയും ഡി.പി.സി സെക്രട്ടേറിയറ്റ് രൂപീകൃതമാക്കുകയും ചെയ്ത് നിര്‍വ്വഹണക്ഷമമാക്കും.201. പഞ്ചായത്ത്-നഗര ഭരണ മാന്വല്‍, ബജറ്റ്-അക്കൗണ്ട്‌സ്, ഓഡിറ്റ് മാന്വല്‍ എന്നിവ ഉണ്ടാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ചട്ടങ്ങള്‍ അടിയന്തരമായി രൂപീകരിക്കും.202. ഗ്രാമസഭകള്‍ ഫലപ്രദമാക്കുന്നതിനു അയല്‍ക്കൂട്ടങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവ ഗ്രാമസഭകളുടെ ഉപഘടകങ്ങളാക്കി വളര്‍ത്തും.203. സന്നദ്ധസാങ്കേതികപ്രവര്‍ത്തകര്‍ അടങ്ങുന്ന കര്‍മ്മ സമിതികള്‍, സാമൂഹ്യനിയമകാര്യപ്രവര്‍ത്തകര്‍ അടങ്ങുന്ന ജാഗ്രതാ സമിതികള്‍, സദ്ഭരണഭാഗമായ പരാതി പരിഹാര സമിതികള്‍, സാമൂഹ്യാവലോകനസമിതികള്‍, സ്ഥാപനമാനേജ്‌മെന്റ് സമിതികള്‍ എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനാവശ്യമായ ഇടപെടല്‍ നടത്തും.204. സ്റ്റാന്‍ഡിംഗ് കമ്മിറ്റികളെ പ്രായോഗിക വികേന്ദ്രീകൃതാധികാര നിര്‍വ്വഹണവേദികളായി ഉത്തരവാദിത്തപ്പെടുത്തുംവിധം നിയമ-ചട്ട ഭേദഗതികള്‍ നടപ്പാക്കി ശാക്തീകരിക്കും.205. എല്ലാ പഞ്ചായത്തിലും ഒരു പൊതു കളിസ്ഥലവും പൊതു ശ്മശാനവും ഉറപ്പുവരുത്തും. ജനങ്ങള്‍ക്ക് ഒത്തുകൂടാനും ആശയവിനിമയം നടത്താനും സൗകര്യപ്പെടുന്ന വിധത്തിലുള്ള കമ്മ്യൂണിറ്റി സെന്ററുകളോ ഓപ്പണ്‍ എയര്‍ തിയേറ്ററുകളോ എല്ലാ പഞ്ചായത്തുകളിലും ഉറപ്പുവരുത്തും.
ജുഡീഷ്യറി206. കീഴ്‌കോടതികളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. കുടുംബകോടതികളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ജഡ്ജിമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ക്ക് ലിംഗാവബോധ പരിശീലനങ്ങള്‍ നല്‍കും.207. ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. പ്രൊട്ടക്ഷന്‍ ഓഫീസര്‍മാര്‍, സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍, ജാഗ്രതാ സമിതികള്‍, വനിതാ സെല്ലുകള്‍ എന്നിവയുമായി നെറ്റ്‌വര്‍ക്കിംഗ് ഉണ്ടാകും.
തൊഴില്‍ നയം208. തൊഴിലാളി-തൊഴിലുടമ ബന്ധം മെച്ചപ്പെടുത്തുന്നതിനും ഉല്‍പ്പാദനത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും ഉയര്‍ത്തുന്നതിനും തൊഴിലാളി സംഘടനകളോട് ചര്‍ച്ച ചെയ്യുക എന്നത് എല്‍.ഡി.എഫിന്റെ നയമായിരിക്കും. ഇ.എസ്.ഐ വിപുലീകരിക്കും. തൊഴിലാളികളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്യും എന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയമായിരിക്കും.209. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങള്‍ക്കുും അവകാശങ്ങള്‍ക്കും പൂര്‍ണ്ണ സംരക്ഷണം നല്‍കും. ആരോഗ്യകരമായ തൊഴില്‍ ബന്ധത്തിലൂടെ വ്യവസായവല്‍ക്കരണത്തിന് കൂടുതല്‍ പ്രോല്‍സാഹനജനകമായ ക്രിയാത്മക അന്തരീക്ഷം സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കും. പുതിയ വ്യവസായസംരംഭങ്ങളുടെ നിര്‍മ്മാണഘട്ടത്തിലും പ്രവര്‍ത്തനങ്ങളുടെ പ്രാരംഭദശയിലും അനാരോഗ്യകരമായ തൊഴില്‍ കുഴപ്പങ്ങള്‍ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ കര്‍ശന സംവിധാനങ്ങള്‍ ട്രേഡ് യൂണിയനുകളുമായി ആലോചിച്ച് ഏര്‍പ്പെടുത്തും.210. വ്യാപാര സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന തരത്തിലുളള നടപടികള്‍ സ്വീകരിക്കും.211. തൊഴില്‍വകുപ്പ് ശക്തിപ്പെടുത്തും.212. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വന്നു തൊഴിലെടുക്കുന്നവരുടെ സ്ഥിതിയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തും. ഇന്റര്‍ സ്‌റ്റേറ്റ് മൈഗ്രന്റ് വര്‍ക്കേഴ്‌സ് ആക്ട് നടപ്പിലാക്കും.
മദ്യനയം213. മദ്യവും മയക്കുമരുന്നുകളും സമൂഹത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അവ വര്‍ജിക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. മദ്യപാനത്തെ കര്‍ശനമായി നിരുല്‍സാഹപ്പെടുത്തുന്ന ഒരു നയമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുള്ളത്. മദ്യപാനാസക്തിക്കെതിരെ വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ ഗ്രാമസഭകളുടെ പങ്കാളിത്തത്തോടെ ആവിഷ്‌കരിക്കും. മദ്യമാഫിയയ്‌ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.214. വിദേശ മദ്യഷാപ്പുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കും. വീര്യംകൂടിയ മദ്യങ്ങളെ നിരുത്സാഹപ്പെടുത്തുകയും അതേ സമയം വീര്യംകുറഞ്ഞ കള്ളുപോലുള്ള പരമ്പരാഗത മദ്യം ഗുണനിലവാരം ഉറപ്പുവരുത്തി ലഭ്യമാക്കുകയും ചെയ്യുക എന്നതായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയം. വ്യാജ കള്ളിനെതിരെ കര്‍ശനമായ നടപടികള്‍ തുടരും. ചെത്തുവ്യവസായ സംരക്ഷണത്തിനുള്ള നടപടി തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് രൂപം നല്‍കും.
ഗതാഗതം215. കെ.എസ്.ആര്‍.ടി.സി ചെയ്യുന്ന സേവനം കണക്കിലെടുത്ത് മതിയായ സഹായം നല്‍കും. കടബാധ്യത ഒറ്റത്തവണ തീര്‍പ്പ് വഴി ഇല്ലാതാക്കും. ഇതിനായി പ്രത്യേക പാക്കേജിന് രൂപം നല്‍കും. പെന്‍ഷന്‍ മാസാദ്യം തന്നെ കെ.എസ്.ആര്‍.ടി.സി വിതരണം ചെയ്യുന്നു എന്നകാര്യം ഉറപ്പ് വരുത്തും.
റവന്യൂ216. കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
പരിസ്ഥിതി നയം217. തീരദേശ പരിപാലനം ഉള്‍പ്പെടെ പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ വികസന പദ്ധതികളുമായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന രീതി പ്രാവര്‍ത്തികമാക്കും.218. ഹരിത സാങ്കേതിക വിദ്യാ പ്രയോഗത്തിലൂടെ ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കുകയും, പ്രകൃതി വിഭവ സംരക്ഷണവും വിനിയോഗവും ക്രമീകരിക്കുകയും സൂസ്ഥിര വികസനത്തിലൂന്നിയുള്ള സാമൂഹ്യ-സാമ്പത്തിക വികസനക്രമത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യും.219. മലിനജലം ശൂദ്ധീകരിച്ച് പുനഃചംക്രമണം നടത്തിയും പാഴ്‌വസ്തുക്കളുടെ പരമാവധി പുനരുപയോഗം സാധ്യമാക്കിയും വ്യവസായങ്ങളെ സീറോ ഡിസ്ചാര്‍ജ്ജ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രേരിപ്പിക്കും. ഇതിനായി സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തും.220. ഇന്നു നിലവിലുള്ള മലിനീകരണ നിയന്ത്രണ നിയമത്തിലും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിലും ഉള്ള പരിമിതികളും പോരായ്മകളും പരിഹരിക്കും.221. ക്ലീന്‍ ടെക്‌നോളജി, ഗ്രീന്‍ ടെക്‌നോളജി തുടങ്ങിയ നൂതന സങ്കേതങ്ങളെ സമൂഹത്തിന്റെ ആവശ്യത്തിനുതകുന്ന രീതിയില്‍ പ്രയോഗത്തിലെത്തിക്കുന്നതിന് പരിസ്ഥിതി പരിപാലന ഏജന്‍സിയെ പ്രാപ്തമാക്കുന്ന തരത്തിലുള്ള ഇടപെടല്‍ നടത്തും.222. പ്രാദേശിക സര്‍ക്കാരുകളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും നടപ്പിലാക്കിവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്കും സമൂഹത്തിനും ദോഷമുളവാക്കുന്നവയല്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. അതേ സമയം കേവല പരിസ്ഥിതി വാദമുയര്‍ത്തി വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന നീക്കങ്ങളെ തുറന്ന് കാട്ടുകയും ചെയ്യും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരുത്സാപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
ക്രമസമാധാനപാലനവും പോലീസും223. ജനമൈത്രി സുരക്ഷാപദ്ധതി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. കേരള സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വ്യാപകമായി നടപ്പാക്കും.224. സംസ്ഥാനത്ത് ഒരു വനിതാ ബറ്റാലിയന്‍ സ്ഥാപിക്കും. മൊത്തം പോലീസ് സേനയുടെ 15 ശതമാനം എന്ന നിരക്കിലേക്ക് വനിതാ പോലീസിന്റെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കും.225. സംസ്ഥാനത്ത് വ്യവസായ സംരക്ഷണ സേന രൂപീകരിക്കും.226. ട്രാഫിക് അപകട നിവാരണത്തിനും നിയന്ത്രണത്തിനുമായി സംസ്ഥാനാടിസ്ഥാനത്തില്‍ പ്രത്യേകം പരിശീലനം നല്‍കപ്പെട്ട പോലീസ് വിഭാഗം രൂപീകരിക്കും. ട്രാഫിക് ഫൈന്‍ ഈടാക്കുന്നത് ഇലക്‌ട്രോണിക് സംവിധാനം വഴിയാക്കി മാറ്റിയും ക്യാമറകള്‍ സ്ഥാപിച്ചും അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കും.227. പോലീസിന് നല്‍കിയ പരാതിയിന്മേല്‍ എടുത്ത നടപടി പൊതുജനങ്ങളെ അറിയിക്കുന്നതിന് ഡിജിറ്റല്‍ പെറ്റീഷന്‍ മോണിറ്ററിംഗ് സംവിധാനം പൊതുജനങ്ങള്‍ക്ക് എല്ലാവര്‍ക്കും ലഭ്യമാകത്തക്കവിധത്തില്‍ നടപ്പിലാക്കും.228. കമാണ്ടോ വിഭാഗം, ആഭ്യന്തര സുരക്ഷാ ഇന്റലിജന്‍സ് വിഭാഗം, ആഭ്യന്തര സുരക്ഷാ അന്വേഷണ വിഭാഗം എന്നിവ സംയോജിപ്പിച്ച് സംസ്ഥാന ഭീകരവിരുദ്ധ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷി പോലീസ് സേനയില്‍ സൃഷ്ടിക്കും.229. ജയിലുകളുടെ ആധുനികവല്‍ക്കരണ പ്രക്രിയ ശക്തിപ്പെടുത്തും.230. അഞ്ചുവര്‍ഷം കൊണ്ട് 140 മണ്ഡലങ്ങളിലും ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കും.
വിമുക്തഭടന്മാര്‍231. വിമുക്തഭടന്മാര്‍ക്കായി ആരംഭം കുറിച്ച ഇ.സി.എച്ച്.എസ് പോളി ക്ലിനിക്കിന് സ്ഥലം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.232. മലപ്പുറം ജില്ലയില്‍ വിമുക്തഭടന്മാര്‍ രൂപം നല്‍കിയ സൈനിക പബ്ലിക് സ്‌കൂളിന് എന്‍.ഒ.സി നല്‍കും.233. യുദ്ധ സ്മാരകങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും.234. അര്‍ദ്ധ സൈനിക വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
അഴിമതിക്കെതിരെ235. അഴിമതിരഹിത സംശുദ്ധഭരണം എല്‍.ഡി.എഫ് ഉറപ്പുവരുത്തും236. ഒരുവര്‍ഷം കൊണ്ട് വിജിലന്‍സ് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കേസുകള്‍ കോടതിയില്‍ സമര്‍പ്പിക്കത്തക്ക വിധത്തില്‍ വിജിലന്‍സ് വകുപ്പിനെ ആധുനികവല്‍ക്കരിക്കും. പുതിയ വിജിലന്‍സ് കോടതികള്‍ സ്ഥാപിക്കും.237. സംശുദ്ധമായ സിവില്‍ സര്‍വീസും അഴിമതിരഹിത പൊതുപ്രവര്‍ത്തനവും ഉറപ്പുവരുത്തുന്നതിന് സമഗ്രമായ നിയമനിര്‍മാണം നടത്തും. അതിലേക്കായി നിലവിലുള്ള അഴിമതിനിരോധന നിയമത്തിലും കേരള ലോകായുക്ത നിയമത്തിലും സമഗ്രമായ മാറ്റങ്ങള്‍ വരുത്തും.238. അഴിമതി, കാര്യക്ഷമതയില്ലായ്മ എന്നിവയ്‌ക്കെതിരായി സംഘടനകളുടെ സഹായത്തോടെ വലിയ ബഹുജന ക്യാമ്പയിന്‍ ആരംഭിക്കുന്നതും ശക്തമായ ഭരണനടപടികള്‍ സ്വീകരിക്കുന്നതുമാണ്.239. പൊതുപ്രവര്‍ത്തകരെക്കുറിച്ചും അവരുടെ സ്വത്തുവിവരങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് സുതാര്യവും വിശ്വാസ്യയോഗ്യവുമായ നിലയില്‍ വിവരം നല്‍കുവാനും അന്യസംസ്ഥാനങ്ങളിലോ അന്യരാജ്യങ്ങളിലോ അവര്‍ക്കുള്ള സ്വത്തുക്കള്‍ പൊതുജനമധ്യത്തില്‍ വെളിച്ചം കാണുവാനും ഇന്നുള്ള സംവിധാനം അപര്യാപ്തമാണ്. ഇതിനായി കേരള ലോകായുക്ത നിയമത്തിലും ചട്ടങ്ങള്‍ക്കും ആവശ്യമായ പരിഷ്‌കാരങ്ങള്‍ വരുത്തുന്നതാണ്.
സംവരണനയം240. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും വിദ്യാഭ്യാസപരമായും സാമൂഹ്യമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ഇന്നുള്ള തോതില്‍ സംവരണം തുടരണമെന്ന നയത്തില്‍ എല്‍.ഡി.എഫ്. ഉറച്ചു നില്‍ക്കുന്നു. സംവരണകാര്യത്തില്‍ പരസ്പര വിരുദ്ധവും അവസരവാദപരവുമായ നിലപാടുകള്‍ സ്വീകരിക്കുന്നവരുടെ ഒരു മുന്നണിയാണ് യു.ഡി.എഫ്. ഓരോ സമുദായത്തിനും അര്‍ഹതപ്പെട്ട സംവരണാനുകൂല്യം മുഴുവന്‍ അവര്‍ക്കു തന്നെ കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതാണ്. അതോടൊപ്പം, മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10% സംവരണം ഏര്‍പ്പെടുത്തുകയും വേണം. ഈ രണ്ടു കാര്യങ്ങളും നടപ്പില്‍ വരാന്‍ ഉചിതമായ ഭരണഘടനാ ഭേദഗതി ആവശ്യമാണ്. ഇത്തരമൊരു ഭരണഘടനാ ഭേദഗതി നടപ്പില്‍ വരുത്താന്‍ എല്‍.ഡി.എഫ്. പരിശ്രമിക്കുന്നതായിരിക്കും.241. ദളിത് ക്രൈസ്തവര്‍ക്ക് പട്ടികജാതിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്ന ആവശ്യം ന്യായയുക്തമാണെന്ന് എല്‍.ഡി.എഫ് കരുതുന്നു. ഇതു പ്രായോഗികമായി നടപ്പിലാക്കുമ്പോള്‍ നിലവിലുള്ള പട്ടികജാതി വിഭാഗങ്ങള്‍ അനുഭവിച്ചുവരുന്ന ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. ഇക്കാര്യം അവരുടെ സംഘടനകളുമായി ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം ഉണ്ടാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
ഉപസംഹാരം
ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണ നയങ്ങള്‍ പിന്തുടര്‍ന്ന കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കേരളം നേടിയ നേട്ടങ്ങളെ മുഴുവനും തകര്‍ക്കുന്ന തരത്തിലുള്ള നിലപാടാണ് സ്വീകരിച്ചത്. ഇതില്‍നിന്നും വ്യത്യസ്തമായി ഓരോ മേഖലയിലും ജനകീയ ബദലിന് രൂപം നല്‍കാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ പരിശ്രമിച്ചത്. മതേതര അടിത്തറയും സാമ്രാജ്യത്വവിരുദ്ധ സമീപനവും ഇത്തരം വികസനത്തിന് അത്യന്താപേക്ഷിതമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക വളര്‍ച്ചയും സാമൂഹ്യ-സാമ്പത്തിക നീതിയും ഒന്നിച്ചുകൊണ്ടുപോകുന്ന കേരള വികസന മാതൃകയ്ക്ക് രൂപം നല്‍കി. അനിയന്ത്രിതമായ കമ്പോളവല്‍ക്കരണമാണ് വികസന മാര്‍ഗം എന്ന ധാരണ തിരുത്തുന്നതിന് ഈ നയങ്ങളിലൂടെ സാധ്യമാവുകയും ചെയ്തു.
പ്രകടനപത്രികയില്‍ എല്‍.ഡി.എഫ് ജനങ്ങളുടെ മുമ്പില്‍ വച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കി മുന്നോട്ടുപോവുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. നേട്ടങ്ങളുടെ നിറവില്‍ നിന്നുകൊണ്ട് കൂടുതല്‍ ശോഭനമായ നാളയിലേക്ക് ഇടതുപക്ഷ ജനാധിപത്യമുന്നണി ആത്മവിശ്വാസത്തോടെ ഉറ്റുനോക്കുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിന് ഒരു തുടര്‍ച്ച ഉണ്ടായേ തീരൂ. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പുത്തന്‍ വികസന മാതൃക സൃഷ്ടിക്കായുള്ള കര്‍മ്മപരിപാടി കേരളത്തിലെ ജനങ്ങളുടെ മുന്നില്‍ എല്‍.ഡി.എഫ് അവതരിപ്പിക്കുന്നത്. ഇത് നടപ്പില്‍ വരുത്താന്‍, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളേയും വിജയിപ്പിക്കാന്‍ കേരളത്തിലെ പ്രബുദ്ധരായ മുഴുവന്‍ ജനങ്ങളോടും ഇടതുപക്ഷ ജനാധിപത്യ മുന്നണി സവിനയം അഭ്യര്‍ത്ഥിക്കുന്നു.

വൈക്കം വിശ്വന്‍
കണ്‍വീനര്‍എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി

4.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക.4. ഭൗതിക പശ്ചാത്തല സൗകര്യങ്ങള്‍-4

4.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക.4 ഭൗതിക പശ്ചാത്തല സൗകര്യങ്ങള്‍ -4സമഗ്ര റോഡ് പുനരുദ്ധാരണ പദ്ധതി85. സംസ്ഥാനത്തെ റോഡുകള്‍ അടിയന്തിരമായി നവീകരിക്കും. വര്‍ദ്ധിച്ചുവരുന്ന ഗതാഗതതിരക്കും വാഹനങ്ങളുടെ ബാഹുല്യവും ഇന്നത്തെ റോഡുകള്‍ക്ക് താങ്ങാനാവുന്നതല്ല. ഇതിനായി ഇന്നത്തെ റോഡ് നിര്‍മ്മാണ രീതി മാറ്റേണ്ടതുണ്ട്. ബിറ്റുമിന്‍ മക്കാഡം-ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ഡിസൈനര്‍ റോഡുകളിലേക്കുള്ള മാറ്റം വരുത്തും. പൊതുമരാമത്തു വകുപ്പിന്റെ അധീനതയിലുളള റോഡുകള്‍ ഇപ്രകാരം നവീകരിക്കുന്നതിന് ഏകദേശം 40,000 കോടി രൂപ ചെലവ് വരും. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടല്ലാതെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വതന്ത്രമായ ബോര്‍ഡുകളോ കമ്പനികളോ വഴി വായ്പയെടുത്ത് റോഡ് പുനരുദ്ധാരണം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കും. ഈ ചുമതല റോഡ് ഫണ്ട് ബോര്‍ഡിനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനേയും ഏല്‍പ്പിക്കും. മോട്ടോര്‍ വാഹന നികുതിയുടെ ആദ്യത്തെ മൂന്ന്-ആറുമാസത്തെ വരുമാനം എസ്‌ക്രൂ അക്കൗണ്ടായി ഈ രണ്ടു സ്ഥാപനങ്ങള്‍ക്കു നല്‍കുന്നതിന് നിയമനിര്‍മ്മാണം നടത്തും. വായ്പാ തിരിച്ചടവ് ഉറപ്പു നല്‍കുന്ന നിയമബദ്ധമായ വരുമാനസ്രോതസ് ഉണ്ടെങ്കില്‍ കമ്പോള വായ്പ എടുത്ത് റോഡ് പുനരുദ്ധാരണം നടത്താന്‍ പ്രാപ്തിയുളള സ്ഥാപനങ്ങളായി റോഡ് ഫണ്ട് ബോര്‍ഡും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനേയും മാറ്റും.86. സംസ്ഥാന ഹൈവേകളും ജില്ലാ റോഡുകളും പുനരുദ്ധരിക്കും. ഇതോടൊപ്പം തീരദേശ ഹൈവേയും മലയോര ഹൈവേയും പൂര്‍ത്തിയാക്കും. എല്ലാ പ്രധാന പട്ടണങ്ങള്‍ക്കും ബൈപാസും/റിംഗ് റോഡുകളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച റെയില്‍ ഓവര്‍ബ്രിഡ്ജുകളും അഞ്ച് കോര്‍പ്പറേഷനുകളിലെയും ഫ്‌ളൈഓവറുകളും ഏറ്റെടുക്കുന്നതാണ്. അഞ്ചുവര്‍ഷത്തിനുള്ളില്‍ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. പത്തുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കും.87. പൊതുമരാമത്ത് മേഖലയില്‍ അഴിമതി വിമുക്തമാക്കുന്നതിന് ഇതിനകം നടപ്പിലാക്കിത്തുടങ്ങിയ ഇ-ടെന്‍ഡറിംഗ്, ദീര്‍ഘകാല മെയിന്റനന്‍സ് കോണ്‍ട്രാക്ട് തുടങ്ങിയ പരിഷ്‌കാരങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കും.
വൈദ്യുതി88. സാധ്യമായ ഇടങ്ങളില്‍ ജലവൈദ്യുത പദ്ധതികള്‍ തുടങ്ങുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും ഊര്‍ജിത നടപടികള്‍ സ്വീകരിക്കും. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും ഇവ ആരംഭിക്കുക. നിലവില്‍ നിര്‍മ്മാണത്തില്‍ ഇരിക്കുന്ന 331 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 12 ഇടത്തരം ജലവൈദ്യുത പദ്ധതികള്‍ പൂര്‍ത്തീകരിക്കും. ഇതിനുപുറമെ 158 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള 17 പുതിയ ജലവൈദ്യുത പദ്ധതികള്‍ ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.89. ബൈതരണി കല്‍ക്കരി പാടത്തുനിന്നും അനുവദിച്ചു കിട്ടിയ കല്‍ക്കരി ഉപയോഗപ്പെടുത്തി 1000 മെഗാവാട്ട് വരുന്ന വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തും. പ്രകൃതിവാതകം ലഭ്യമാകുന്നതോടെ കൊച്ചിയിലും ചീമേനിയിലും 1000 മെഗാവാട്ടിന്റെ താപനിലയങ്ങള്‍ സ്ഥാപിക്കുന്നതാണ്. നിലവില്‍ ഡീസല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന താപനിലയങ്ങളെ പ്രകൃതിവാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാക്കി മാറ്റും. മേല്‍പ്പറഞ്ഞ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും കേന്ദ്ര പൂളില്‍നിന്നും കേരളത്തിന് അര്‍ഹമായ വിഹിതം ഉറപ്പുവരുത്താനും കഴിഞ്ഞാല്‍ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാവും. പ്രസരണ നഷ്ടം കുറയ്ക്കാനുള്ള നടപടികള്‍ ഇനിയും ഊര്‍ജ്ജിതപ്പെടുത്തും.90. ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന പ്രകൃതി വാതകം, നിലവില്‍ എല്‍.എന്‍.ജി ടെര്‍മിനലിനോ ടനുബന്ധമായി നിര്‍മ്മിക്കുന്ന പൈപ്പ് ലൈന്‍ ഉപയോഗിച്ച് കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. മെച്ചപ്പെട്ട പരിസ്ഥിതി സൗഹൃദ ഇന്ധനമെന്ന നിലയ്ക്ക് കാസര്‍കോട്ടെ ചീമേനിയിലും എറണാകുളത്തെ ബ്രഹ്മപുരത്തും പ്രകൃതിവാതക പദ്ധതികള്‍ ആരംഭിക്കുന്നതിന് ഇന്ത്യന്‍ പ്രകൃതി വാതക ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിക്കും. പ്രധാന നഗരങ്ങളില്‍ ഗാര്‍ഹിക-വ്യാവസായിക ആവശ്യങ്ങള്‍ക്കും തീരദേശത്ത് മത്സ്യബന്ധന ബോട്ടുകള്‍ക്കും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്കും ലഭ്യമാക്കും.91. സൗരോര്‍ജ്ജം, കാറ്റാടി, മിനി മൈക്രോ ഹൈഡല്‍ എന്നിവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കും. ഇതിനനുസൃതമായി അനര്‍ട്ടിനെ പുനഃസംവിധാനം ചെയ്യും.92. സ്ട്രീറ്റ് ലൈറ്റുകള്‍ തുടങ്ങിയ പൊതു സംവിധാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളുടെ കൂടി സജീവ സഹകരണത്തോടെ മെച്ചപ്പെടുത്തും. പൊതു വിളക്കുകളുടെ ഊര്‍ജ്ജ ക്ഷമത മെച്ചപ്പെടുത്തുന്നതിനും അവയുടെ പരിപാലനം കാര്യക്ഷമമാക്കുന്ന തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തും.93. ഒന്നരക്കോടി സി.എഫ്.എല്‍ പരിപാടിയുടെ തുടര്‍ച്ചയായി ഇത്രതന്നെ ബള്‍ബുകളും വിതരണം ചെയ്യാനുള്ള രണ്ടാം ഘട്ടം ആവിഷ്‌കരിക്കും. ഗാര്‍ഹിക വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് പ്രോത്സാഹനാര്‍ത്ഥം കുട്ടികള്‍ക്ക് എനര്‍ജി ക്രെഡിറ്റ് കൂപ്പണ്‍ നല്‍കുന്ന സ്‌കീം നടപ്പിലാക്കും. പൊതു കെട്ടിടങ്ങളിലെ ഊര്‍ജവ്യയം കുറയ്ക്കുന്നതിന് എസ്‌കോ മോഡല്‍ കമ്പനി രൂപീകരിക്കും. വ്യവസായ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വൈദ്യുതിയുടെ ഉപയോഗക്ഷമത ഉറപ്പുവരുത്തുന്നതിന് എനര്‍ജി ഓഡിറ്റിംഗ് നിര്‍ബന്ധമാക്കും.
മറ്റു പശ്ചാത്തല സൗകര്യങ്ങള്‍94. വിഴിഞ്ഞം അന്തര്‍ദേശീയ കണ്ടയ്‌നര്‍ഷിപ്പിന്റെ നിര്‍മ്മാണം ഒന്നാം ഘട്ടം നേരിട്ട് പൂര്‍ത്തീകരിക്കും. രണ്ടാം ഘട്ടം ഉചിതമായ അന്തര്‍ദേശീയ പങ്കാളിയെ കണ്ടെത്തും. അഴീക്കല്‍, ബേപ്പൂര്‍, തങ്കശ്ശേരി, പൊന്നാനി, ആലപ്പുഴ മറീന എന്നിവ സംയുക്ത സംരംഭമായി നടപ്പാക്കും.95. കോഴിക്കോട്ട് എയര്‍പോര്‍ട്ട് വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കുന്ന പ്രക്രിയ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകും. വയനാട്ടിലും ഇടുക്കി ജില്ലയില്‍ പുറ്റടിയിലും ബേക്കലിലും എയര്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കും.96. തെക്ക്-വടക്ക് അതിവേഗ റെയില്‍വേ പാതയ്ക്കുള്ള വിശദമായ റിപ്പോര്‍ട്ട് പൂര്‍ത്തീകരിച്ച് സംയുക്ത സംരംഭമായി നടപ്പാക്കും. റെയില്‍വേ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കും. കൊച്ചി മെട്രോയ്ക്ക് അനുവാദം ലഭിക്കും എന്ന ശുഭപ്രതീക്ഷയില്‍ റോഡ് വീതികൂട്ടല്‍, ഓവര്‍ബ്രിഡ്ജ് നിര്‍മ്മാണം തുടങ്ങിയ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകും.97. വ്യവസായ പാര്‍ക്കുകള്‍ക്ക് കൂടുതല്‍ സ്ഥലം ഏറ്റെടുക്കും. ഇവിടങ്ങളിലേക്കുള്ള പശ്ചാത്തല സൗകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഉറപ്പുവരുത്തും. കര്‍ശനമായ നിബന്ധനകളുടെ അടിസ്ഥാനത്തിലേ പ്രത്യേക സാമ്പത്തിക മേഖലകള്‍ നടപ്പിലാക്കൂ.98. കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലും ബംഗളൂരു, മംഗലാപുരം, കായംകുളം എന്നിവിടങ്ങളിലേയ്ക്കുളള വാതകപൈപ്പു ലൈനുകളും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞാല്‍ കെ.എസ്.ഐ.ഡിസിയുടെയും ഗെയിലിന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട നഗരങ്ങളിലേയ്ക്കും സപ്ലിമെന്ററി വാതകവിനിയമ ശൃംഖല സ്ഥാപിക്കും.99. കൊച്ചി, കോയമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോറിനുളള മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കും.
നഗര വികസനം100. കേരളത്തിന്റെ വിസ്തൃതിയുടെ ആറുശതമാനം വരുന്ന നഗരങ്ങളിലാണ് ജനസംഖ്യയുടെ 26 ശതമാനവും ഉല്‍പ്പാദനത്തിന്റെ 50 ശതമാനവും. ഈ അവസ്ഥ സൃഷ്ടിക്കുന്ന ചേരിവല്‍ക്കരണം, മാലിന്യപ്രശ്‌നങ്ങള്‍, ഗതാഗതക്കുരുക്കുകള്‍ തുടങ്ങി സവിശേഷ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
ജലസേചനവും ജലനയവും101. ദേശീയ ജലപാത വികസനത്തിനുണ്ടായിരിക്കുന്ന കാലതാമസം കൂടി കണക്കിലെടുത്ത് ഭാവിയിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കും.102. നിലവിലുള്ള വന്‍കിട-ഇടത്തരം ജലസേചനപദ്ധതികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ഊര്‍ജ്ജിതപ്പെടുത്തുന്നതാണ്. അതിനുശേഷമേ പുതിയവ ഏറ്റെടുക്കുകയുള്ളൂ. ചെറുകിട ജലസേചന പദ്ധതികള്‍ക്കാണ് ഊന്നല്‍ നല്‍കുക. കോള്‍ നിലങ്ങള്‍, കുട്ടനാടന്‍ പാടശേഖരം എന്നിവിടങ്ങളിലെ പുറം ബണ്ട് നിര്‍മ്മാണം അടക്കമുള്ള പദ്ധതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും.103. നിലവിലുള്ള അന്തര്‍സംസ്ഥാന നദീജല കരാറുകള്‍ പരിശോധിച്ച് സംസ്ഥാനത്തിന്റെ താല്‍പര്യം ഫലപ്രദമായി സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കും. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ പുതിയ ഡാം നിര്‍മ്മിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിക്കൊണ്ടുള്ള നിലപാട് തുടരും. ജലവിഭവങ്ങളുടെ വികേന്ദ്രീകൃത സ്വഭാവം കണക്കിലെടുത്തുകൊണ്ടുള്ള മാനേജ്‌മെന്റ് രീതികള്‍ കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും നടപ്പിലാക്കുന്ന രീതി വികസിപ്പിക്കും. ജലവിതരണത്തെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തെ എതിര്‍ക്കും.104. മഴവെള്ളം സംഭരിക്കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികളാരംഭിക്കും. ചെറുകിട ജലവിതരണ സംവിധാനത്തിനായി കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് സൊസൈറ്റികള്‍ വഴി കുറഞ്ഞ ചെലവില്‍ ജലം പരിശോധിക്കാനുള്ള സംവിധാനം വ്യാപകമായി പ്രചരിപ്പിക്കും. സി.ഡി.എസുകള്‍ വഴി സമയബന്ധിതമായി ജലത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും ക്ലോറിന്‍ തളിക്കല്‍ ഉള്‍പ്പടെയുള്ള പരിപാടികള്‍ നടപ്പിലാക്കുന്നതിനുമുള്ള പദ്ധതികള്‍ ആരംഭിക്കും.105. അഞ്ചുവര്‍ഷത്തിനുള്ളില്‍ എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഏറ്റെടുത്തിട്ടുള്ള സ്‌കീമുകള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും കാലഹരണപ്പെട്ട സ്‌കീമുകള്‍ നവീകരിക്കുകയും ചെയ്യും. ജലനിധിയുടെ രണ്ടാം ഘട്ടം അഞ്ചുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
വ്യവസായ മേഖലകള്‍
പൊതുമേഖല106. പൊതുമേഖലയിലെ ഉത്പാദനശേഷി അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയാക്കും. ഇതിനായി നിലവിലുളള സ്ഥാപനങ്ങളുടെ വിപുലീകരണത്തിനും പുതിയവ സ്ഥാപിക്കുന്നതിനുമായി ഒരു സമയബന്ധിത പരിപാടി ആറു മാസത്തിനകം പ്രഖ്യാപിക്കും. 2011-12ലേയ്ക്കുളള പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.107. പൊതുമേഖലാ സ്ഥാപനങ്ങള്‍ അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഉതകുന്ന സമീപനം കൈക്കൊള്ളും. ഉദാഹരണത്തിന് കേരള സോപ്‌സ് ആന്‍ഡ് ഓയില്‍സിന് സോപ്പുനിര്‍മാണവുമായി ബന്ധപ്പെട്ട് ഒട്ടനവധി ചെറിയ സംരംഭങ്ങളുടെ ഉപദേഷ്ടാവായും പ്രമോട്ടറായും പ്രവര്‍ത്തിക്കും. കുടുംബശ്രീയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹായത്തോടെ ഇത്തരം ക്ലസ്റ്ററുകള്‍ രൂപീകരിക്കുന്നത് ആ മേഖലകളുടെ സാമ്പത്തിക വികസനത്തെ സഹായിക്കും.108. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ബാധകമായി ഒരു മാതൃകാ കമ്പനി ഭരണ ചാര്‍ട്ടര്‍ വികസിപ്പിക്കും. ഡയറക്ടര്‍ ബോര്‍ഡുകള്‍ എങ്ങനെ തിരഞ്ഞെടുക്കണം. അവയുടെ ചുമതലകള്‍ എന്തായിരിക്കണം, ബോര്‍ഡും മാനേജ്‌മെന്റും തമ്മിലുള്ള ബന്ധം തുടങ്ങിയവ ഈ മാതൃകാ ചാര്‍ട്ടറില്‍ നിര്‍വചിക്കും. നിശ്ചിത വാണിജ്യ മാനദണ്ഡങ്ങള്‍ പരിപാലിക്കുന്ന കമ്പനികള്‍ക്കു സ്വയംഭരണം അനുവദിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെന്നപോലെ സംസ്ഥാനത്തും ഭരണവകുപ്പിനും പൊതുമേഖലാ സ്ഥാപനത്തിനുമിടയില്‍ ധാരണാപത്രം നിര്‍ബന്ധമാക്കും. അതതു വര്‍ഷങ്ങളില്‍ എന്തൊക്കെയാണ് നേടിയെടുക്കേണ്ടതെന്നും അതിനുവേണ്ടി ഈ സ്ഥാപനങ്ങള്‍ക്ക് ഏതു വിധത്തിലുള്ള സ്വതന്ത്രഭരണാധികാരമാണ് നല്‍കേണ്ടതെന്നും ഈ ധാരണാപത്രത്തില്‍ കൃത്യമായും ക്രോഡീകരിക്കും. സമാന സ്വഭാവമുളള പൊതുമേഖലാ സ്ഥാപനങ്ങള്‍ തമ്മില്‍ ലയിപ്പിക്കും.109. മാനേജ്‌മെന്റ് പൂര്‍ണമായി പ്രൊഫഷണലൈസ് ചെയ്യും. മാനേജ്‌മെന്റില്‍ തൊഴിലാളി പ്രാതിനിധ്യം അനുവദിക്കും. ലാഭത്തില്‍ നിശ്ചിതവിഹിതം നീക്കിവെച്ചു കൊണ്ടുളള പെന്‍ഷന്‍ പദ്ധതി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി ആവിഷ്‌കരിക്കും.110. എഫ്എസിടി, എച്ച്എംടി, റിഫൈനറീസ്, ഷിപ്പ്‌യാര്‍ഡ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനും വിപുലീകരണത്തിനും ശക്തമായ സമ്മര്‍ദ്ദം ചെലുത്തും. കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനല്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് മുന്‍ഗണന നല്‍കും. പ്രകൃതി വാതകത്തെ അടിസ്ഥാനമാക്കി എഫ്എസിടിയില്‍ യൂറിയാ കോംപ്ലക്‌സ്, കാസര്‍കോട്ടെ ടെക്‌നോ കെമിക്കല്‍ കോംപ്ലക്‌സ്, അമ്പലമേട്ടില്‍ ഗ്യാസ് ക്രാക്കര്‍ കോംപ്ലക്‌സ്, തുടങ്ങിയ വ്യവസായങ്ങളും ചെറുകിട അനുബന്ധ വ്യവസായങ്ങളും ആരംഭിക്കുന്നതിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നടപ്പിലാക്കും.111. നമ്മുടെ കരിമണല്‍ ഉപയോഗിച്ചുളള ടൈറ്റാനിയം സ്‌പോഞ്ചും ലോഹവുമടക്കം ടൈറ്റാനിയം വികസനത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതാണ്. ചവറയിലെയും തിരുവനന്തപുരത്തെയും ടൈറ്റാനിയം ഫാക്ടറികള്‍ വിപുലീകരിക്കുന്നതിനും ആധുനീകരിക്കുന്നതിനും നടപടിയെടുക്കും.
സ്വകാര്യ വ്യവസായമേഖല112. ഇന്ത്യയിലെ വന്‍കിട മൂലധന നിക്ഷേപത്തിന്റെ തുച്ഛമായ ഭാഗമേ കേരളത്തിലേക്ക് വരുന്നുളളൂ. ദീര്‍ഘനാളായുളള സ്ഥിതിയാണിത്. അഞ്ചുവര്‍ഷം കൊണ്ട് മൂലധന നിക്ഷേപം ജനസംഖ്യാനുപാതികമായെങ്കിലും കേരളത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് ലക്ഷ്യമിട്ടുളള പ്രവര്‍ത്തനം നടത്തും.113. നമ്മുടെ സംസ്ഥാനത്ത് നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യം ഉറപ്പു വരുത്തുന്നതിനു വേണ്ടി ഏകജാലക സംവിധാനം ഫലപ്രദമായി നടപ്പിലാക്കും. അനായാസേന വ്യവസായം ആരംഭിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. ആരോഗ്യകരമായ തൊഴില്‍ ബന്ധങ്ങള്‍ ഉറപ്പു വരുത്തും. ഗുണനിലവാരമുള്ള വൈദ്യുതി, ഗതാഗത സൗകര്യങ്ങള്‍, സ്റ്റോറേജ് സൗകര്യങ്ങള്‍, പൊതുമലിനീകരണം കുറയ്ക്കുന്നതിനാവശ്യമായ പൊതുസംവിധാനങ്ങള്‍ തുടങ്ങിയ പശ്ചാത്തല സംവിധാനങ്ങള്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തും.114. നിര്‍മ്മാണ മേഖലയിലെ അനാരോഗ്യകരമായ പ്രവണതകള്‍ക്ക് കര്‍ശനമായി വിരാമമിടും.
ചെറുകിട വ്യവസായങ്ങള്‍115. വന്‍കിട മൂലധനത്തെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം തന്നെ ചെറുകിട-ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പ്രത്യേകം ശ്രദ്ധ നല്‍കണം. വന്‍കിട വ്യവസായങ്ങളുടെ അനുബന്ധമേഖലകളായിട്ടോ സ്വതന്ത്രമായ ക്ലസ്റ്ററുകയോ ഇവ വളര്‍ത്തിയെടുക്കാം. സൂക്ഷ്മ തൊഴില്‍സംരംഭങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്തണം.116. സൂക്ഷ്മ പൊതുസംരംഭകര്‍ക്ക് പൊതു സൗകര്യ കേന്ദ്രങ്ങളും അവയുടെ ഉല്‍പ്പന്നങ്ങള്‍ ബ്രാന്റ് ചെയ്ത വില്‍ക്കുന്നതിന് പൊതുവിപണന സംവിധാനങ്ങളും ഉണ്ടാക്കുന്നതാണ്. സൂക്ഷ്മ തൊഴില്‍സംരംഭങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വിപണന കേന്ദ്രങ്ങളുടെ ഒരു സംസ്ഥാനതല ശൃംഖലയ്ക്ക് രൂപം നല്‍കുന്നതാണ്.117. ചെറുകിട വ്യവസായികള്‍ക്കുള്ള ക്ഷേമപദ്ധതി ശക്തിപ്പെടുത്തി ആകര്‍ഷകമാക്കും.
വിവര -വിനിമയ സാങ്കേതികവിദ്യാ വ്യവസായങ്ങള്‍118. സോഫ്റ്റ്‌വെയര്‍ പാര്‍ക്കുകളുടെ വിസ്തൃതി അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കും. കേരളത്തിലെ ഐ.ടി നയത്തിന്റെ ശ്രദ്ധേയ വശം വികേന്ദ്രീകൃതമായ ഐടി വ്യവസായ കേന്ദ്രങ്ങളാണ്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളോടനുബന്ധിച്ച് വലിയ ഐ.ടി. പാര്‍ക്കുകള്‍ വികസിപ്പിക്കുമ്പോള്‍ത്തന്നെ വിവിധ ജില്ലകളിലും പാര്‍ക്കുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കും.119. വ്യവസായ പാര്‍ക്കുകളിലെ ഡാറ്റാ എന്‍ട്രി, സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണ സബ് കോണ്‍ട്രാക്റ്റിലെ തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം നിലവിലുളള ഉല്‍പാദനമേഖലകളുടെ നവീകരണത്തിനും വൈവിദ്ധ്യവത്കരണ ത്തിനും വിവരവിനിമയ സാങ്കേതികവിദ്യ ഉപയോഗിക്കും. മാത്രമല്ല, കാര്‍ഷിക പരമ്പരാഗത വ്യവസായ മേഖലകളുടെ നവീകരണത്തിനും വൈവിദ്ധ്യവല്‍കരണത്തിനും ഈ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ആരായും.120. കച്ചവട സേവന മേഖലകളില്‍ മാത്രമല്ല, പൊതു'ഭരണത്തിന്റെ കാര്യക്ഷമതയ്ക്കും സുതാര്യതയ്ക്കും ഈ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തും. വൈദഗ്ദ്ധ്യപോഷണം നടത്താനും നടപടി സ്വീകരിക്കും.121. ഉളളടക്കം ഇന്നു വിവരവിനിയമ വ്യവസായത്തിന്റെ ഒരു ഘടകമാണ്. എഴുത്ത്, ഫോട്ടോഗ്രാഫുകള്‍, സിനിമ, വീഡിയോ, സംഗീതം, റിങ് ടോണുകള്‍ ഇവയെല്ലാം മള്‍ട്ടി മീഡിയയുടെ വിവിധ രൂപങ്ങളാണ്. ഇവയടങ്ങുന്ന സിഡികളും വെബ് പേജുകളും മറ്റും കൈകാര്യം ചെയ്യുന്ന സംരംഭങ്ങളെ'പ്രത്യേകം പ്രോത്സാഹിപ്പിക്കും.122. ഐടി വ്യവസായത്തിനു സോഫ്റ്റ്‌വെയര്‍ മാത്രമല്ല, കമ്പ്യൂട്ടറുകള്‍ തുടങ്ങിയ ഹാര്‍ഡ്‌വെയറുകളും പ്രധാനമാണ്. ഇവയ്ക്കുളള നിര്‍മ്മാണവ്യവസായങ്ങളും ആരംഭിക്കും.123. കേരളത്തിന്റെ വിവര സേവനാവശ്യങ്ങള്‍ മുന്‍നിര്‍ത്തി പ്രാദേശിക വ്യവസായങ്ങളെ (പൊതുമേഖലാ സ്ഥാപനങ്ങളേയും ചെറുകിട-ഇടത്തരം സ്വകാര്യ സ്ഥാപനങ്ങളെയും) പ്രോത്സാഹിപ്പിക്കും. കേരളത്തിന്റെ വിവര സേവനാവശ്യങ്ങള്‍ നിറവേറ്റുന്നതിലൂടെ നേടുന്ന പരിചയം ഈ വ്യവസായങ്ങളെ വിദേശ കമ്പോളം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനും കൂടുതല്‍ ഉയര്‍ന്ന മൂല്യം സൃഷ്ടിക്കാനും കൂടുതല്‍ കയറ്റുമതി വരുമാനം കൊണ്ടുവരാനും പ്രാപ്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.124. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 100 ശതമാനം ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൈവരിക്കും. എഡ്യൂസറ്റ് സൗകര്യം എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ലഭ്യമാക്കും. ടെലി മെഡിസിന്‍ ശൃംഖല ജില്ലാ ആശുപത്രി വരെ ദീര്‍ഘിപ്പിക്കും. ടെലി അഗ്രിക്കള്‍ച്ചര്‍ ശൃംഖലയും വിപണന സൗകര്യവും പഞ്ചായത്തുതലം വരെ സ്ഥാപിക്കും.125. ഐ.ടി വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ എഞ്ചിനീയര്‍മാരുടെയും മാനേജര്‍മാരുടെയും മറ്റ് സാങ്കേതിക വിദഗ്ധന്മാരുടെയും ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് സമയബന്ധിത പരിപാടി തയ്യാറാക്കുന്നതാണ്. ആവശ്യമായ സ്ഥലങ്ങളില്‍ വ്യവസായ അടിസ്ഥാനത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍ രീതികള്‍ ഏര്‍പ്പെടുത്തുന്നത് കൂടാതെ പരിശീലനകേന്ദ്രങ്ങള്‍ക്കും പരിശീലകര്‍ക്കും സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനുള്ള ഏര്‍പ്പാടുകള്‍ ഉണ്ടാക്കും.126. ഉല്‍പ്പാദന-സേവന മേഖലകളുമായി ബന്ധപ്പെടുത്തിക്കൊണ്ട് അക്ഷയക്ക് പുതുജീവന്‍ പകരും. 2010-ഓടെ നൂറുശതമാനം വിവര സാങ്കേതികവിദ്യാ സാക്ഷരത കൈവരിക്കും. കേരളത്തെ പൂര്‍ണ്ണമായും മലയാളഭാഷയില്‍ പ്രവര്‍ത്തിക്കുന്ന, ഇലക്‌ട്രോണിക ഭരണ നിര്‍വ്വഹണക്ഷമത കൈവരിക്കുന്ന, രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായിത്തീര്‍ക്കും.127. മലയാള ഭാഷയിലുള്ള കംപ്യൂട്ടിംഗ് സൗകര്യങ്ങളും മള്‍ട്ടിമീഡിയ ഉള്ളടക്കവും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പ്രോല്‍സാഹനവും ധനസഹായവും നല്‍കും.128. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പ്രോത്സാഹിപ്പിക്കും. ഇതിനായുള്ള പഠനകേന്ദ്രത്തെ അന്തര്‍ദേശീയ നിലവാരത്തിലെത്തിക്കും.
ജൈവ സാങ്കേതിക വ്യവസായം129. കേരളാ ബയോടെക്‌നോളജി കമ്മീഷന്‍ പുറത്തിക്കിയ സംസ്ഥാന ബയോടെക്‌നോളജി നയം ലക്ഷ്യമിടുന്നത് സംസ്ഥാനത്ത് ലഭ്യമായ ജൈവവിഭവങ്ങളും ഉയര്‍ന്ന മാനവശേഷിയും ഉപയോഗപ്പെടുത്തി ആഗോളതലത്തിലുള്ള ബയോടെക്‌നോളജി ഉല്‍പന്നങ്ങളുടെ ആവശ്യം നിറവേറ്റുന്നതോടൊപ്പം കേരളത്തെ വികസനത്തിന്റെ പാതയിലെത്തിക്കുന്നതിന് ബയോടെക്‌നോളജി ഉപയോഗപ്പെടുത്തുക എന്നുള്ളതാണ്. ഇതിന്റെയൊപ്പം തന്നെ സംസ്ഥാനത്തിന്റെ ബയോടെക്‌നയം ലോകോത്തര ബയോടെക്‌നോളജി ഗവേഷണ വികസനസ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും സ്വകാര്യ പങ്കാളിത്തത്തോടെയുള്ള അടിസ്ഥാന സൗകര്യവികസനത്തിനുമൊക്കെ ലക്ഷ്യമിടുന്നുണ്ട്. ബയോടെക്‌നോളജി പാര്‍ക്കുകള്‍ രൂപീകരിക്കും.130. പതിറ്റാണ്ടുകളായി കേരളത്തില്‍ നിന്നും കയറും, കശുവണ്ടിയും, സുഗന്ധവ്യഞ്ജനങ്ങളും, മത്സ്യഉല്‍പന്നങ്ങളും, പഴം, പച്ചക്കറി ഉല്‍പന്നങ്ങളും കയറ്റി അയയ്ക്കുന്നുണ്ട്. എന്നാല്‍ ഈ രംഗത്ത് ആഗോളതലത്തിലുള്ള മത്സരം നേരിടുന്നതിന് നാം നമ്മുടെ ഉല്‍പന്നങ്ങളുടെ ഗുണമേന്മ ബയോടെക്‌നോളജി ഉള്‍പ്പെടെയുള്ള നൂതനസാങ്കേതികവിദ്യകളുപയോഗിച്ച് വര്‍ധിപ്പിക്കേണ്ടതുണ്ട്.131. കേരളത്തില്‍ നിന്നിറങ്ങുന്ന ആയുര്‍വേദ ഔഷധങ്ങള്‍ക്ക് അന്തര്‍ദ്ദേശീയ കമ്പോളത്തിലേയ്ക്കു കടക്കാന്‍ കഴിയുന്നില്ല. ഇതിന് പ്രധാന കാരണം ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ഗുണനിലവാരത്തെയും ഉള്ളടക്കത്തെയും സംബന്ധിച്ച് വിദേശരാജ്യങ്ങള്‍ക്കുള്ള സംശയങ്ങളാണ്. നിയന്ത്രിത ഫെര്‍മെന്റേഷനും മറ്റ് സങ്കേതങ്ങളും ഉപയോഗപ്പെടുത്തി ഈ രംഗത്ത് ഗുണനിലവാരമുറപ്പ് വരുത്താന്‍ കഴിയും. ഉല്‍പന്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥിച്ച് സജീവമൂലകങ്ങളെ തിരിച്ചറിഞ്ഞ് ഉള്ളടക്കം നിര്‍വചിക്കുന്നതോടെ ആയുര്‍വേദ ഔഷധങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണി നേടാനാകും.132. ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗുണമേന്മയുള്ള ഔഷധസസ്യങ്ങളുടെ കൃത്രിമപ്രജനനം സാധ്യമാക്കിക്കൊണ്ട് ഈ രംഗത്ത് വ്യവസായ വികസനത്തിനും ഒപ്പം തന്നെ ജൈവവൈവിധ്യ സംരക്ഷണത്തിനുമുള്ള സാധ്യത തെളിയിക്കാനാകും. അലങ്കാരസസ്യങ്ങളും, നാണ്യവിളകളുമൊക്കെത്തന്നെ ഇത്തരത്തില്‍ പ്രജനനം നടത്താമെന്നുള്ളത് കേരളത്തിലെ കര്‍ഷകര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള തൈകള്‍ ലഭ്യമാക്കുന്നതിന് സഹായിക്കും.133. ജീനോമിക്‌സ്/പ്രോട്ടിയോമിക്‌സ് സാങ്കേതികവിദ്യകളിലൂടെ രോഗങ്ങളെ തടയുന്നതിനോ മുന്‍കൂട്ടി കണ്ടെത്തുന്നതിനോ ഉള്ള ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാന്‍ കഴിയും. കേരളത്തിലെ ബയോടെക്‌നോളജി അധിഷ്ഠിത ഔഷധനിര്‍മാണരംഗത്ത് ഇത്തരം സംരംഭങ്ങള്‍ക്കുള്ള ഉയര്‍ന്ന സാധ്യതകളെ പ്രയോജനപ്പെടുത്തും.134. ഐ.ടിയും ബയോടെക്‌നോളജിയും കൈകോര്‍ത്ത് മുന്നേറുന്ന പുത്തന്‍ സാങ്കേതികവിദ്യയാണ് ബയോഇന്‍ഫര്‍മാറ്റിക്‌സ്. ഈ രംഗത്ത് ഗവേഷണ സ്ഥാപനങ്ങളും മറ്റും ആരംഭിച്ച് പുറംജോലി കരാര്‍ ഉള്‍പ്പെടെ കേരളത്തിന് ലഭിക്കാവുന്ന അവസരങ്ങള്‍ അനവധിയാണ്. അവ ഉപയോഗപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
നാനോ സാങ്കേതിക വിദ്യ135. ചില സര്‍വകലാശാലകളില്‍ നാനോ സാങ്കേതികവിദ്യക്ക് പ്രത്യേക വകുപ്പുകളും ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്ററുകളും സ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വ്യവസായം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നാനോ സാങ്കേതികവിദ്യയുപയോഗിച്ച് നവീകരണത്തിനും വിപുലനത്തിനുമുള്ള സാധ്യതകള്‍ ഒട്ടേറെയുണ്ട്. അവയെ പ്രയോജനപ്പെടുത്തുന്നതാണ്. അതിനായി തൊഴിലധിഷ്ഠിത നാനോ സാങ്കേതികവിദ്യാ കോഴ്‌സുകള്‍ ആവശ്യാനുസരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ടൂറിസം136. ഏറ്റവും വേഗതയില്‍ വളരുന്ന പുതിയ വ്യവസായ മേഖലയാണ് ടൂറിസം. ടൂറിസത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും അതിന്റെ ദൂഷ്യഫലങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനും വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം നയം രൂപീകരിച്ചത്. ഇത് ഫലപ്രദമായി നടപ്പാക്കുക എന്നതായിരിക്കും അടുത്ത അഞ്ചുവര്‍ഷത്തെ ലക്ഷ്യം.137. ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലെ പശ്ചാത്തല സൗകര്യങ്ങള്‍ വിപുലീകരിക്കുകയും അവയുടെ മാനേജ്‌മെന്റു കമ്മിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുകയും ചെയ്യും. പ്രാദേശിക ഭരണകൂടങ്ങളുടെ പങ്കാളിത്തം ടൂറിസം വികസനത്തില്‍ ഉറപ്പുവരുത്തും. ഏതൊരു ജൈവ മേഖലയ്ക്കും താങ്ങാവുന്ന ഭാരത്തിന് പരിധിയുണ്ട്. ഇതു സംബന്ധിച്ചു പഠനം നടത്തുകയും ആ പരിധി ലംഘിക്കാതെ ടൂറിസം പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കുകയും ചെയ്യും.138. ആരോഗ്യ ടൂറിസം, ഫാം ടൂറിസം, ഇക്കോ ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയ ടൂറിസത്തിന്റെ വൈവിദ്ധ്യമാര്‍ന്ന സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിന് നടപടികള്‍ സ്വീകരിക്കും. കേരളത്തിന്റെ തനതു ജൈവസമ്പത്തുകളായ കാലാവസ്ഥ, കായലുകള്‍, ബീച്ചുകള്‍, വന്യമൃഗ സങ്കേതങ്ങള്‍, ആയൂര്‍വ്വേദം ഇവയെ ഉപയോഗിച്ച് ടൂറിസം പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കും. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഗുണമേന്മയും സൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.139. മുസിരിസ്, തലശേരി, ആലപ്പുഴ, തിരുവനന്തപുരം, വയനാട് പൈതൃക സംരക്ഷണ സര്‍ക്യൂട്ടുകള്‍ പൂര്‍ത്തീകരിക്കും. യുനെസ്‌കോയുടെ സഹായത്തോടെ സ്‌പൈസസ് റൂട്ട് എന്ന പൈതൃക അന്തര്‍ദ്ദേശീയ സര്‍ക്ക്യൂട്ട് യാഥാര്‍ത്ഥ്യമാക്കും. മുപ്പതില്‍പ്പരം രാജ്യങ്ങള്‍ പങ്കാളികളായിട്ടുളള ഈ ബൃഹദ് സംരംഭം കേരളത്തിലെ ടൂറിസത്തിന്റെ മുഖച്ഛായ മാറ്റും.140. ആയൂര്‍വേദ ചികിത്സയും സാംസ്‌ക്കാരിക കലാരൂപങ്ങളും ടൂറിസത്തിന്റെ അതിരുകവിഞ്ഞ വാണിജ്യവല്‍കരണം മൂലം അധഃപതിക്കാതിരിക്കാന്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ ആവിഷ്‌കരിക്കും. ടൂറിസത്തിന്റെ സാംസ്‌ക്കാരിക പ്രത്യാഘാതങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യും.141. ടൂറിസത്തിന്റെ സാമ്പത്തിക നേട്ടം പ്രാദേശിക സമ്പദ്ഘടനയ്ക്കു കൂടി സഹായകരമാവും എന്നുറപ്പുവരുത്തേണ്ടതുണ്ട്. ചെറുകിട സംരംഭങ്ങള്‍ക്കു പരമാവധി സാധ്യതകള്‍ തുറക്കുന്നതാണ്.142. ടൂറിസ്റ്റ് ഡസ്റ്റിനേഷന്‍ എന്ന നിലയില്‍ കേരളത്തിന്റെ പ്രശസ്തി കൂടുതല്‍ വളര്‍ത്തുന്നതിന് ശക്തമായ പ്രചാരണം വിദേശരാജ്യങ്ങളിലടക്കം തുടര്‍ന്നും നടത്തും. കേരള ട്രാവല്‍ മാര്‍ട്ടിന് കൂടുതല്‍ ധനസഹായം അനുവദിക്കും.143. ടൂറിസം മേഖലയുടെ മേലുളള നികുതിഭാരം കുറയ്ക്കും.

3. കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക. കൃഷിയും ഭക്ഷ്യസുരക്ഷയും-3

3.കേരളത്തിന്റെ സര്‍‌വ്വതോന്മുഖ വികസനം ലക്ഷ്യമാക്കുന്ന ഇടതുമുന്നണി പ്രകടന പത്രിക.3.കൃഷിയും ഭക്ഷ്യസുരക്ഷയും-3


അരിശ്രീ പദ്ധതി.
40. നെല്‍കൃഷി പദ്ധതിക്കായി 'അരിശ്രീ' എന്നൊരു സമഗ്ര സ്‌കീമിന് രൂപം നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മധ്യസ്ഥതയില്‍ തരിശിടുന്ന ഭൂമി കൃഷി ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാക്കും. ഇവിടെ കൃഷി ചെയ്യാന്‍ തയ്യാറാവുന്നവര്‍ക്കും സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും പലിശരഹിത വായ്പയും വിള ഇന്‍ഷ്വറന്‍സും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഗ്രൂപ്പ് ഫാമുകള്‍, ലേബര്‍ ബാങ്കുകള്‍, പാടശേഖര സമിതികള്‍, ഗാലസ, സ്വാശ്രയ സംഘങ്ങള്‍ എന്നിവയുടെയെല്ലാം ആഭിമുഖ്യത്തിലുള്ള ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള കൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. കര്‍ഷകത്തൊഴിലാളികള്‍ക്ക് വിദഗ്ദ്ധ പരിശീലനവും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കി ഗ്രീന്‍ ആര്‍മി എല്ലാ ബ്ലോക്കിലും രൂപീകരിക്കും. കാര്‍ഷിക മേഖലയില്‍ തൊഴിലാളികളെ ലഭ്യമല്ലാത്ത ഇടങ്ങളില്‍ അനുയോജ്യമായ തലത്തിലുള്ള യന്ത്രവല്‍ക്കരണ പരിപാടികള്‍ കൊണ്ടുവരുന്നതിനുള്ള സംവിധാനം ഉണ്ടാക്കും.41. നെല്‍വയല്‍ വിസ്തൃതി ഓരോ വര്‍ഷവും ആയിരം ഹെക്ടര്‍ വീതം വര്‍ദ്ധിപ്പിക്കും. നെല്ലിന്റെ സംഭരണം എല്ലാ ജില്ലകളിലേയും സഹകരണ സംഘങ്ങള്‍ വഴി വ്യാപിപ്പിക്കുന്ന പദ്ധതി കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കും. പ്രതിവര്‍ഷം ഒരു രൂപ വീതം നെല്ലിന്റെ സംഭരണവില ഉയര്‍ത്തും.42. നടീല്‍ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന് കാര്‍ഷിക സര്‍വകലാശാലയും കൃഷി വകുപ്പും സീഡ് ഫാമുകളും കൃഷിക്കാരും ഇതര ഏജന്‍സികളും ചേര്‍ന്നുള്ള സംയോജിത പ്രവര്‍ത്തനം നടപ്പിലാക്കും.പച്ചക്കറിയില്‍ സ്വയംപര്യാപ്തത43. പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടിയെടുക്കും. വയലുകളില്‍ തുടര്‍വിളയായും തെങ്ങിന്‍തോപ്പുകളിലും മറ്റും ഇടവിളയായി പച്ചക്കറികൃഷിക്ക് പ്രോത്സാഹനം നല്‍കി കൃഷി ആദായകരമാക്കാന്‍ നടപടി കൈക്കൊള്ളും. പുരയിടകൃഷിയുടെ ഭാഗമായി ഔഷധ കൃഷി പ്രോത്സാഹിപ്പിക്കും. കൂണ്‍ കൃഷി, പുഷ്പ കൃഷി എന്നിവ വ്യാപിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും പച്ചക്കറികളും പഴവര്‍ഗങ്ങളും കയറ്റി അയയ്ക്കുന്നത് വര്‍ദ്ധിപ്പിക്കും.44. കൃഷിക്കാരനേയും കൃഷിഭൂമിയേയും കേന്ദ്രസ്ഥാനത്ത് നിര്‍ത്തികൊണ്ട് ജലസേചന വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കും. ചെറുകിട പദ്ധതികളും പ്രിസിഷന്‍ ഫാമിംഗ് പോലുള്ള സംവിധാനങ്ങളും പ്രോത്സാഹിപ്പിക്കും. മണ്ണ് പരിശോധന ശക്തിപ്പെടുത്തി മണ്ണ് അറിഞ്ഞുള്ള കൃഷി പ്രോത്സാഹിപ്പിക്കുന്ന സമ്പ്രദായം കൊണ്ട് വരും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകളുടേയും കര്‍ഷക സംഘടനകളുടേയും കൂട്ടായ പ്രവര്‍ത്തനം സംഘടിപ്പിക്കും.45. കൃഷിഭവനുകളിലെ അഗ്രോ ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ കലണ്ടര്‍ തയ്യാറാക്കുകയും അഗ്രോ ക്ലിനിക്കുകള്‍ ആഴ്ചയില്‍ ഒരു ദിവസം എന്ന നിലയില്‍ കൃത്യമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. കര്‍ഷകരെ വിളിച്ചുചേര്‍ത്തുകൊണ്ടുളള വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും.46. കൃഷിക്കാരുടെയും കര്‍ഷകതൊഴിലാളി സംഘടനകളുടെയും മറ്റു ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നീര്‍ത്തട വികസന പരിപാടി കൂടുതല്‍ വിപുലമാക്കും. നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ ഉണ്ടാക്കും. ഉപഗ്രഹ സംവിധാനത്തെക്കൂടി ഉപയോഗപ്പെടുത്തി ഈ പ്രവര്‍ത്തനത്തെ കൂടുതല്‍ ശാസ്ത്രീയമാക്കും.47. കര്‍ഷക പെന്‍ഷന്‍ സമഗ്രപദ്ധതിയായി വികസിപ്പിക്കും. കാര്‍ഷിക വായ്പകള്‍ കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പ്രോത്സാഹനമായി പലിശ സബ്‌സിഡി അനുവദിക്കും.
പാലിലും മുട്ടയിലും സ്വയംപര്യാപ്തത48. പാലിന്റെ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കും. കന്നുകുട്ടി പരിപാലന പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടുകൂടി എല്ലാ കൃഷിക്കാര്‍ക്കും എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.49. നെല്ലിന്റെ വിളവെടുപ്പ് കാലത്ത് വയ്‌ക്കോല്‍ സംഭരിച്ച് പെല്ലറ്റുകള്‍ ഉണ്ടാക്കി സൂക്ഷിച്ച് കൃഷിക്കാര്‍ക്ക് വിതരണം ചെയ്യുന്ന പരിപാടി കൂടുതല്‍ ശക്തിപ്പെടുത്തും. തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കും. നിലവിലുളള കാലിത്തീറ്റാ ഫാക്ടറികളുടെ ഉല്‍പാദനശേഷി വര്‍ദ്ധിപ്പിക്കും.50. രോഗപ്രതിരോധത്തിനും ചികിത്സയ്ക്കും ആവശ്യമായ മരുന്നുകളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും ഉയര്‍ന്ന വില കുറയ്ക്കുന്നതിനും ആവശ്യമായ ഇടപെടല്‍ നടത്തും. ഇതിനായി പുതിയൊരു ഫാക്ടറി സ്ഥാപിക്കുന്നതാണ്. കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി കൂടുതല്‍ ശക്തിപ്പെടുത്തും.51. വീട്ടുവളപ്പിലെ ചെറുകിട-ഇടത്തരം കൃഷിക്കാരുടെ കന്നുകാലി വളര്‍ത്തലിനോടൊപ്പം സാധ്യതയുളള ഇടങ്ങളില്‍ വാണിജ്യാടിസ്ഥാനത്തിലുളള കന്നുകാലി വളര്‍ത്തലും പ്രോത്സാഹിപ്പിക്കുന്നതാണ്.52. പരമാവധി കോഴികുഞ്ഞുങ്ങളെ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യുകയും മുട്ടയും ഇറച്ചിയും കൃഷിക്കാരില്‍ നിന്ന് ശേഖരിച്ച് സംഘടിതമായി വിതരണം ചെയ്യുന്നതിനുള്ള പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ കൂടുതല്‍ ശക്തിപ്പെടുത്തും. ആട്, പന്നി, മുയര്‍, കാട തുടങ്ങിയവ വളര്‍ത്തുന്നതിന് അയല്‍ക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കും.53. എല്ലാ അറവുശാലകളിലും ആരോഗ്യ, ശുചിത്വ സംവിധാനങ്ങളും ശാസ്ത്രീയ സംസ്‌കരണത്തിനുള്ള സംവിധാനങ്ങളും ഉറപ്പുവരുത്തുകയും ഗുണമേന്മയുളള മാംസം ലഭ്യമാക്കുകയും ചെയ്യും.
നാണ്യവിളകള്‍ക്ക് ഇറക്കുമതി ഭീഷണി54. ലോകവ്യാപാര കരാര്‍ ഒപ്പിട്ടതിനു ശേഷമുളള ഏതാനും വര്‍ഷങ്ങള്‍ നാണ്യവിളകള്‍ക്കു നല്ല വില കിട്ടിയതു പോലെ ആസിയാന്‍ കരാറിനു ശേഷം ഇപ്പോള്‍ താരതമ്യനെ മെച്ചപ്പെട്ട വിലയുണ്ട്. ഇതു ചൂണ്ടിക്കാണിച്ച് ആസിയന്‍ കരാര്‍ കേരളത്തിനു ഗുണകരമാണെന്ന് വാദിക്കുകയാണ് യുഡിഎഫ്. യുഡിഎഫ് ഭരണകാലത്ത് വിലത്തകര്‍ച്ചയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കൃഷിക്കാരുടെ എണ്ണം അവര്‍ വിസ്മരിച്ചു കഴിഞ്ഞു. കാര്‍ഷിക മേഖലയുടെ സ്വതന്ത്രവ്യാപാര നയത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ശക്തമായി എതിര്‍ക്കും. നാണ്യവിളകള്‍ക്ക് വിലസ്ഥിരതാ ഫണ്ടും ഇന്‍ഷ്വറന്‍സും ഏര്‍പ്പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തും. ഓരോ നാണ്യവിളകളുടെയും ഉല്‍പാദനക്ഷമത ഉയര്‍ത്തുന്നതിന് പാക്കേജുകള്‍ തയ്യാറാക്കും. അവ നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിള ബോര്‍ഡുകള്‍ക്കു മേല്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും.55. ജൈവ സാങ്കേതികവിദ്യ സംബന്ധിച്ചുളള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും കൃഷി സമ്പ്രദായങ്ങളെ ആധൂനീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അതോടൊപ്പംതന്നെ ജൈവ കൃഷി സമ്പ്രദായങ്ങളേയും പദ്ധതികളേയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. റീപ്ലാന്റിംഗിന് സമയബന്ധിത പരിപാടി തയ്യാറാക്കും. രോഗം ബാധിച്ച തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തൈകള്‍ വളര്‍ത്തുന്ന പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പാമോയിലിന് നല്‍കുന്ന 15 രൂപ സബ്‌സിഡി വെളിച്ചെണ്ണയ്ക്കും നല്‍കുന്നതിന് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.56. മലയോര കര്‍ഷകര്‍ക്ക് 28558 ഹെക്ടര്‍ ഭൂമിക്ക് പട്ടയവിതരണം നടത്തിയിട്ടുണ്ട്. അവശേഷിക്കുന്നവരുടെ കൈമാറ്റാവകാശത്തോടെയുള്ള പട്ടയവിതരണം പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കും. ഒരുവര്‍ഷത്തിനുളളില്‍ ഈ നടപടി പൂര്‍ത്തിയാക്കും. വന്യമൃഗ ഭീഷണിക്കെതിരെ ഇലക്ട്രിക് ഫെന്‍സിംഗ് നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തി നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കും.57. കാര്‍ഷികോല്‍പന്നങ്ങള്‍ കേടുകൂടാതെ സംഭരിക്കുന്നതിനും സംസ്‌കരണ വിപണന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനും കോള്‍ഡ് ചെയിന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. മൂല്യവര്‍ദ്ധിത കാര്‍ഷിക സംസ്‌ക്കരണ വ്യവസായങ്ങള്‍ക്ക് പ്രത്യേക പ്രോത്സാഹനം നല്‍കും. അച്ചാര്‍, സ്‌ക്വാഷ്, ജ്യൂസ്, ജാം തുടങ്ങിയ ഫല പച്ചക്കറി സംസ്‌ക്കരണ വ്യവസായങ്ങള്‍ക്ക് പ്രത്യേക സബ്‌സിഡി അനുവദിക്കും.58. അടഞ്ഞുകിടന്ന 20 തോട്ടങ്ങള്‍ തുറന്നു. ഇപ്പോഴും അടഞ്ഞുകിടക്കുന്ന രണ്ടെണ്ണം ഏറ്റെടുക്കാനുള്ള നിയമം കൊണ്ടുവരും. തോട്ടം മേഖല സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

പരമ്പരാഗത വ്യവസായങ്ങള്‍59. പരമ്പരാഗത വ്യവസായങ്ങളില്‍ പണി കിട്ടിയാലും തൊഴിലുറപ്പു പദ്ധതിയിലെ കൂലി ലഭിക്കുന്നില്ല എന്നതാണ് പരാതി. മിനിമം കൂലി ഉറപ്പുവരുത്തുന്നതിനായി വരുമാന ഉറപ്പ് പദ്ധതിയെ വിപുലപ്പെടുത്തും.കയര്‍60. കയര്‍ വ്യവസായത്തെക്കുറിച്ചു സമഗ്രമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കയര്‍ കമ്മിഷന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ച് പൊതുവില്‍ ഒരഭിപ്രായ സമന്വയം ഉണ്ടായിട്ടുണ്ട്. ഇവ നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സഹകരണ മേഖലയുടെ പുനഃസംഘാടനം പൂര്‍ത്തീകരിക്കും.61. കയര്‍ ജിയോടെക്‌സ്റ്റെയിലിനെ ഒരു നിര്‍മാണസാമഗ്രിയായി പൊതുമരാമത്ത് മാന്വലില്‍ അംഗീകരിക്കും. ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകള്‍ അടക്കം കയര്‍പിരി യന്ത്രങ്ങള്‍ക്കായി നടക്കുന്ന ഗവേഷണങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കും. വാണിജ്യാടിസ്ഥാനത്തില്‍ ആലപ്പുഴയിലെ പുതിയ യന്ത്രനിര്‍മ്മാണ ഫാക്ടറിയില്‍ കയര്‍ യന്ത്രങ്ങള്‍ നിര്‍മ്മിക്കും. പരമ്പരാഗത കയര്‍മേഖലയ്ക്ക് പുറത്ത് പച്ചത്തൊണ്ട് സംസ്‌കരണ മില്ലുകള്‍ സ്ഥാപിക്കുകയും അവയ്ക്ക് തൊണ്ട് ലഭ്യമാക്കുന്നതിന് പ്രാദേശിക സംഭരണ സംവിധാനത്തിന് രൂപംനല്‍കുകയും ചെയ്യും.62. കയറുല്‍പ്പന്ന മേഖലയില്‍ ഉല്‍പ്പാദകര്‍ക്ക് ഡിപ്പോ സമ്പ്രദായത്തിനു പകരം അംഗീകൃത വില ഉറപ്പുവരുത്തിക്കൊണ്ടുള്ള കയര്‍ കോര്‍പ്പറേഷന്റെ സംഭരണ പരിപാടി വിപുലീകരിക്കും. കയര്‍ഫെഡും ചെറുകിട ഉല്‍പ്പാദകരില്‍നിന്ന് കയര്‍ സംഭരിക്കുന്നതാണ്.
കശുവണ്ടി63. കശുവണ്ടി കോര്‍പ്പറേഷനും കാപ്പെക്‌സും ബാങ്കുകള്‍ക്ക് നല്‍കാനുള്ള 100 കോടിയില്‍പ്പരം രൂപയുടെ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുക്കും. ഫാക്ടറികളുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണം ഊര്‍ജ്ജിതപ്പെടുത്തും. ഇതുവഴി ആഭ്യന്തര കമ്പോളത്തില്‍ ശക്തമായി ഇടപെടാന്‍ കഴിയും.64. കശുമാങ്ങയുടെയും കശുവണ്ടി തോടിന്റെയും ഉപയോഗം വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കശുമാവ് കൃഷിക്കുള്ള സ്‌കീം തരിശുഭൂമിയിലും തെങ്ങിന് ഇടവിളയായും സമയബന്ധിതമായി പൂര്‍ത്തിയാക്കും.65. കാഷ്യൂ ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും.
കൈത്തറി66. കണ്ണൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ദേശീയ നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കും. കൈത്തറിയുടെ ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണത്തിനും ഉല്‍പ്പാദന പ്രക്രിയയുടെ ആധുനികവല്‍ക്കരണത്തിനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്തും.67. നൂലിന്റെ അമിതമായ വിലക്കയറ്റമാണ് കൈത്തറി മേഖല നേരിടുന്ന മറ്റൊരു മുഖ്യപ്രശ്‌നം. അസംസ്‌കൃത വസ്തുവായ കഴിനൂലിന്റെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് കേരളത്തിലെ സഹകരണ സ്പിന്നിങ് മില്ലുകളോടനുബന്ധിച്ച് കഴിനൂല്‍ നിര്‍മാണകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ധനസഹായം നല്‍കുകയുണ്ടായി. നൂല് സംസ്‌കരിക്കുന്നതിനും ചായം മുക്കുന്നതിനും ഒരു നൂല് സംസ്‌കരണശാല ഉടന്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.68. സഹകരണസംഘങ്ങളുടെ പുന:സംഘടനയ്ക്കു കൂടുതല്‍ പണം ലഭ്യമാക്കും. അതോടൊപ്പം തന്നെ ബിനാമി സംഘങ്ങളെ നീക്കം ചെയ്യുന്നതിനുളള നടപടികളും ത്വരിതപ്പെടുത്തും. ഹാന്‍ടെക്‌സിന്റെയും ഹാന്‍വീവിന്റെയും പുന:സംഘടന പൂര്‍ത്തിയാക്കും. ഇവ സംഘങ്ങള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ആറുമാസത്തിനുള്ളില്‍ കൊടുത്തു തീര്‍ക്കും.
കളിമണ്‍ വ്യവസായങ്ങള്‍69. കളിമണ്‍ വ്യവസായത്തിന് ഡാമുകളിലെയും മറ്റും ചെളി നീക്കം ചെയ്യുന്നത് സഹായവിലയ്ക്ക് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും.70. ആധുനിക കാലത്തെ കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വസ്തുക്കള്‍ നിര്‍മിച്ചും ആധുനികീകരിച്ചും ഓട് വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള പ്രോത്സാഹനം നല്‍കും. മണ്ണുകൊണ്ടുളള അലങ്കാര വസ്തു നിര്‍മ്മാണത്തിനു കൂടി ഊന്നല്‍ നല്‍കികൊണ്ട് മണ്‍പാത്ര നിര്‍മ്മാണ വ്യവസായത്തെ വൈവിദ്ധ്യവത്കരിക്കും.
മുള വ്യവസായം71. മുളയുടെ മേഖലയില്‍ ക്ലസ്റ്റര്‍ മാതൃകയില്‍ ഉല്‍പാദക യൂണിറ്റുകളെ സംഘടിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മുളങ്കാടുകളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സംസ്ഥാന ബാംബൂ കോര്‍പ്പറേഷന്‍ ആരംഭിച്ചിട്ടുളള യന്ത്രവല്‍കൃത കമ്മ്യൂണിറ്റി മാറ്റ് വീവിങ് സെന്ററുകള്‍, ഫ്‌ളാറ്റന്‍ഡ് ബാംബൂ ബോര്‍ഡ് എന്നിവയുടെ യൂണിറ്റുകള്‍ ശക്തിപ്പെടുത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കും.
കരകൗശലം72. കൊല്ലം ജില്ലയില്‍ ഉമയനല്ലൂര്‍, കോഴിക്കോട് നടുവണ്ണൂര്‍ എന്നീ സ്ഥലങ്ങളിലെ കരകൗകല പരിശീലന കേന്ദ്രങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കും.73. കരകൗശല ഉല്‍പാദന പ്രക്രിയയില്‍ തനതായ പാരമ്പര്യം നിലനിര്‍ത്തിത്തന്നെ യന്ത്ര സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കും. ഹാന്റിക്രാഫ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ റോ മെറ്റീരിയല്‍ ബാങ്കിന്റെ പ്രവര്‍ത്തനം ശക്തിപ്പെടും. ആര്‍ട്ടിസാന്‍സ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം വിപുലീകരിക്കും.
ബീഡി74. ദിനേശ്ബീഡി സഹകരണ സംഘത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക റിട്ടയര്‍മെന്റ് പദ്ധതി സ്വകാര്യമേഖലയിലേക്കും കൂടി വ്യാപിപ്പിക്കും. ദിനേശ്ബീഡി സഹകരണസംഘത്തിന്റെ വൈവിധ്യവല്‍ക്കരണത്തിന് പ്രത്യേക ധനസഹായം നല്‍കും.
ചെത്ത്75. ചെത്ത് വ്യവസായത്തെ പുനഃസംഘടിപ്പിക്കും. ചെത്ത് മേഖലയില്‍ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കും. സഹകരണാടിസ്ഥാനത്തില്‍ നീര ഉല്‍പ്പാദിപ്പിക്കും. വ്യാജക്കള്ളിനെതിരെ കര്‍ശനമായ നടപടി സ്വീകരിക്കും. കള്ളുഷാപ്പുകളുടെ നവീകരണത്തിന് ഒരു പ്രത്യേക സ്‌കീമിന് രൂപം നല്‍കുന്നതാണ്.
ഖാദി ഗ്രാമവ്യവസായങ്ങള്‍76. ഗ്രാമവ്യവസായത്തില്‍ വ്യക്തിഗത വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍/എഴുതി തള്ളല്‍, സംഘങ്ങളെ സജീവമാക്കി പുനരുദ്ധരിക്കല്‍ എന്നിവ നടപ്പിലാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. കണ്‍സോര്‍ഷ്യം പദ്ധതിയിലൂടെ വായ്പയെടുത്ത് റിക്കവറി നേരിടുന്നവര്‍ക്കും സമഗ്രമായ ഒറ്റത്തവണ തീര്‍പ്പാക്കല്‍ നടപ്പിലാക്കും. ഖാദി ബോര്‍ഡിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. തൊഴിലാളികള്‍ക്ക് മിനിമം കൂലി ലഭ്യമാക്കും. ഇവയുടെ ഉല്‍പ്പന്നങ്ങളെ പൂര്‍ണ്ണമായും വാറ്റ് നികുതിയില്‍ നിന്നും ഒഴിവാക്കും.
വാണിജ്യം77. ചില്ലറ വ്യാപാരരംഗം വിദേശ-നാടന്‍ കുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്ന യു.പി.എ ഗവണ്‍മെന്റിന്റെ നയം ഉയര്‍ത്തുന്ന ഭീഷണിയില്‍നിന്ന് വ്യാപാരികളെ രക്ഷിക്കുന്നതിനായി താഴെ പറയുന്ന നടപടികള്‍ കൈക്കൊള്ളും. വാണിജ്യമിഷന്‍ രൂപീകരിക്കും. ഈ മേഖലയിലെ സര്‍ക്കാരിന്റെ നോഡല്‍ ഏജന്‍സിയായിട്ടായിരിക്കും വാണിജ്യമിഷന്‍ പ്രവര്‍ത്തിക്കുക. 2020-നകം കൈവരിക്കേണ്ട കൃത്യമായ ലക്ഷ്യങ്ങളും ഒരു റീട്ടെയില്‍ നയവും പ്രഖ്യാപിക്കും. ഈ നയത്തില്‍ പശ്ചാത്തല സൗകര്യം, പരിസ്ഥിതി, പ്രോത്സാഹനങ്ങള്‍, സോണിംഗ്, ക്ലസ്റ്റര്‍, തെരുവോരക്കച്ചവടക്കാര്‍, വഴിയോര സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം സംബന്ധിച്ചുളള നയങ്ങള്‍ ഉള്‍ക്കൊള്ളണം. വാണിജ്യവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഏകോപിപ്പിക്കുക വാണിജ്യമിഷനായിരിക്കും.78. കേരള റീട്ടെയില്‍ എന്നൊരു പുതിയ ബ്രാന്‍ഡ് സൃഷ്ടിക്കും. ഇതിനാവശ്യമായ പ്രചാരണം ടൂറിസവുമായി ബന്ധപ്പെടുത്തി നടത്തും. കേരളത്തിലെ വാണിജ്യമേഖലയെക്കുറിച്ച് ആകര്‍ഷകമായ പ്രതിഛായ സൃഷ്ടിക്കുകയാണ് ഈ ബ്രാന്‍ഡ് പ്രചാരണത്തിന്റെ ലക്ഷ്യം. ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ വിപുലപ്പെടുത്തി അടുത്ത അഞ്ചുവര്‍ഷത്തിനുളളില്‍ കേരളത്തെ മറ്റു സംസ്ഥാനങ്ങളിലെയും വിദേശത്തെയും ടൂറിസ്റ്റുകളുടെ ഷോപ്പിംഗ് ഡെസ്റ്റിനേഷനാക്കി മാറ്റും.79. റോഡു നിര്‍മ്മാണത്തിനും മറ്റും സ്ഥലമെടുക്കുമ്പോള്‍ വ്യാപാരികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പാക്കും.80. വ്യാപാരി ക്ഷേമനിധി ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്തും.
നിര്‍മ്മാണ മേഖല81. സിമന്റ്, കമ്പി, പെയിന്റുകള്‍ തുടങ്ങിയവയുടെ വിലകള്‍ ഉല്‍പാദന ചെലവുമായി ബന്ധപ്പെടുത്താതെ ഏകപക്ഷീയമായി ഉയര്‍ത്തുന്ന കുത്തകകളുടെ നടപടിയ്‌ക്കെതിരെ തൊഴിലാളികളുടെയും ഇതര ജനവിഭാഗങ്ങളുടെയും ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തിക്കൊണ്ടുവരും. ഈ രംഗത്ത് കുത്തകകളെ പ്രീണിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം തുറന്നുകാട്ടുകയും ഇതിനെതിരെ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യും.82. നിര്‍മ്മാണരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. പാറമടകളുടെ പ്രവര്‍ത്തനത്തിനുള്ള തടസ്സം നീക്കം ചെയ്യുന്നതിനാവശ്യമായ ചട്ടങ്ങള്‍ കൊണ്ടുവരും. ഡാമുകളില്‍നിന്ന് മണല്‍ സഹായവിലയ്ക്ക് ലഭ്യമാക്കും. മണല്‍, പാറ തുടങ്ങിയവയ്ക്ക് ബദല്‍ നിര്‍മ്മാണ സാമഗ്രികള്‍ വികസിപ്പിക്കും. പുതിയ നിര്‍മ്മാണ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കും.83. നിലവില്‍ തൊഴിലെടുക്കുന്നവരെ പുനഃപരിശീലിപ്പിക്കുന്നതിനും വൈദഗ്ദ്ധ്യവും നൈപുണിയുമുള്ള ആധുനിക തൊഴില്‍സേനയെ വാര്‍ത്തെടുക്കുന്നതിനും ഫലപ്രദമായ പരിശീലന പരിപാടികള്‍ ആവിഷ്‌കരിക്കും. തൊഴിലാളികളുടെ ക്ഷേമവും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്നതിന് ആരംഭിച്ച നടപടികള്‍ ശക്തിപ്പെടുത്തും.84. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അര്‍ഹമായ ആനൂകൂല്യം നല്‍കുന്നതിനും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും സാമൂഹ്യസുരക്ഷയും ഉറപ്പാക്കുന്നതിനും വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും