Thursday, February 14, 2013

ഹെലികോപ്ടര്‍ അഴിമതി സിബിഐ അന്വേഷിക്കണം: സിപിഐ എം







ഹെലികോപ്ടര്‍ അഴിമതി സിബിഐ അന്വേഷിക്കണം: സിപിഐ എം






ന്യൂഡല്‍ഹി: ഹെലികോപ്ടര്‍ അഴിമതിക്കേസില്‍ സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള സിബിഐ അന്വേഷണം നടത്തണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. ഇറ്റലിയുമായുള്ള ഹെലികോപ്ടര്‍ കരാര്‍ റദ്ദാക്കണം. 362 കോടിയുടെ അഴിമതിയില്‍ ഇറ്റലി പ്രതിരോധ സ്ഥാപനമായ ഫിന്‍മെക്കാനിക്കയുടെ സിഇഒയെ ഇറ്റലി അറസ്റ്റു ചെയ്തിരിക്കുന്നു.

ഇറ്റലിയില്‍ കുറച്ചു മാസങ്ങളായി ഈ അഴിമതിയെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. "കൃത്യമായ വിവര"ത്തിന്റെ അഭാവത്തില്‍ അന്വേഷണം നടത്താതിരിക്കുകയാണ് യുപിഎ സര്‍ക്കാര്‍. പ്രതിരോധമന്ത്രാലയം ഇപ്പോള്‍ സിബിഐ അന്വേഷണത്തിനുത്തരവിട്ടിരിക്കുകയാണ്. എന്നിട്ടും ഇറ്റലിയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്ന ന്യായത്തിന്റെ മറവില്‍ നില്‍ക്കുകയാണ് യുപിഎ സര്‍ക്കാര്‍. കഴിഞ്ഞ എട്ടുവര്‍ഷത്തെ പ്രതിരോധ കരാറുകളിലെ അഴിമതി കണ്ടെത്തുന്നതില്‍ വന്‍പരാജയമാണ്. അതിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഹെലികോപ്ടര്‍ അഴിമതി.

ജയ്താപൂര്‍: കരാര്‍ അരുത്

ജയ്താപൂര്‍ ആണവനിലയത്തില്‍ റിയാക്ടര്‍ സ്ഥാപിക്കാന്‍ ഫ്രഞ്ചു കമ്പനിയുമായി കരാര്‍ ഒപ്പിടരുതെന്ന് ഇടതുപാര്‍ട്ടിനേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിലവിലെ ആണവനിലയങ്ങള്‍ തന്നെ ആശങ്കയില്‍ നിലനില്‍ക്കുമ്പോള്‍ പുതിയൊരു റിയാക്ടര്‍ ഇറക്കുമതി ചെയ്യരുതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് , സിപിഐ സെക്രട്ടറി ഡി രാജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആണവനിലയത്തില്‍ ഉപയോഗിക്കേണ്ട നാഫ്തയുടെ ഇറക്കുമതിക്ക് വലിയ ചെലവു വരും. സൗരോര്‍ജം കൂടുതല്‍ ഉപയോഗിച്ച് ഊര്‍ജപ്രതിസന്ധി നേരിടണം. അതിനു പകരം ജനങ്ങളുടെ സുരക്ഷ തള്ളിക്കളഞ്ഞ് പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങളല്ല സര്‍ക്കാര്‍ നടത്തേണ്ടത്.

ജയ്താപൂര്‍ ഉള്‍പ്പടെയുള്ള ജനകീയപ്രശ്നങ്ങളില്‍ യുപിഎ സര്‍ക്കാര്‍ ജനവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഫുക്കുഷിമ ഉള്‍പ്പടെയുള്ള നിലയങ്ങളുടെ അപകടം മുന്നില്‍ നില്‍ക്കുമ്പോഴാണിത്. കൂടംകുളത്ത് സുരക്ഷ ഉറപ്പാക്കണം. നിലവില്‍ സ്ഥാപിച്ച രണ്ടു റിയാക്ടറുകളുടെ സുരക്ഷയില്‍ വിട്ടുവീഴ്ചയുണ്ടാവരുത്. ഇപ്പോള്‍ ജയ്താപൂരിലേക്ക് ഫ്രാന്‍സില്‍ നിന്നും പുതിയ അറേവ റിയാക്റുകള്‍ ഇറക്കുമതി ചെയ്യാനാണ് നീക്കം. നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പുതിയ ആണവനിലയങ്ങള്‍ സ്ഥാപിക്കരുതെന്ന നിലപാടില്‍ മാറ്റമില്ലെന്ന് പ്രകാശ് കാരാട്ട് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചു. കൂടംകുളത്ത് സുരക്ഷ ഉറപ്പാക്കണം. കൂടംകുളം പോലെ നിര്‍മ്മാണം ആരംഭിച്ചവയൊഴികെ പുതിയ റിയാക്ടറുകള്‍ ഇറക്കുമതി ചെയ്യുന്നതും പുതിയ ആണവനിലയങ്ങളും എതിര്‍ക്കപ്പെടണം. അദ്ദേഹം പറഞ്ഞു.