Wednesday, November 28, 2012

പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടില്‍ പോകുന്നവരെയും കൊള്ളയടിക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹം


എല്ലാമാധ്യമങള്‍ക്കും ദലയുടെ പത്രക്കുറിപ്പ്
പൊതുമാപ്പ് പ്രയോജനപ്പെടുത്തി  നാട്ടില്‍ പോകുന്നവരെയും  കൊള്ളയടിക്കാനുള്ള  ശ്രമം  പ്രതിഷേധാര്‍ഹം 
വേലയും കൂലിയുമില്ലാത്ത അംഗീകൃത രേഖകളില്ലാതെ  യു എ ഇയില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് തിരിച്ചു പോകാന്‍ യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിന്‍െറ പ്രയോജനം ലഭിക്കാന്‍ ഇന്ത്യന്‍ പ്രവാസികള്‍ 69 ദിര്‍ഹം{ആയിരം ഇന്ത്യന്‍ രൂപ } മുടക്കേണ്ടി വരുമെന്നത് അംഗികരിക്കാന്‍ സാധ്യമല്ല...ഡിസംബര്‍ നാലിന് ആരംഭിക്കുന്ന പൊതുമാപ്പിന്‍െറ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി  സൗജന്യമായി  യാത്രാരേഖകളും  വിമാനടിക്കറ്റും  അനുവദിച്ച്  അവരെ നാട്ടിലെത്തിക്കാനുള്ള ഉത്തരവാദിത്വം  കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത്  അത് നടപ്പാക്കാനുള്ളു നിര്‍ദ്ദേശം അബൂദാബിയിലെ ഇന്ത്യന്‍ എംബസിക്കും  ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്നും നല്‍കണമെന്ന്  ദല പ്രസിഡണ്ട് മാത്തുക്കുട്ടി കാടോണ്‍  കേന്ദ്ര സര്‍ക്കാറിന്നയച്ച അടിയന്തര സന്ദേശത്തില്‍ ആവശ്യപ്പെട്ടു....ഈ പൊതുമാപ്പിന്റെ  ആനുകൂല്യം പ്രയോജനപ്പെടുത്തി തിരിച്ചെത്തുന്നവരെ സഹായിക്കുന്നതിന്നും പുനരധിവസിപ്പിക്കുന്നതിന്നും  കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ തയ്യാറാകണമെന്നും സന്ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്
സസ്നേഹം
മാത്തുക്കുട്ടി കാടോണ്‍
ദല പ്രസിഡാണ്ട്

News sending by Narayanan veliancode..050 6579581

Sunday, November 18, 2012

ഗസയിലെ മനുഷ്യക്കുതി ഉടനെ നിര്‍ത്തണം....ചോരക്കൊതിയന്മാരായ ഇസ്രയേല്‍ സേനയെ ഉടനെ ചങലക്കിടണം.


ഗസയിലെ മനുഷ്യക്കുതി ഉടനെ നിര്‍ത്തണം....ചോരക്കൊതിയന്മാരായ ഇസ്രയേല്‍ സേനയെ ഉടനെ ചങലക്കിടണം.
ലോക മനഃസാക്ഷിയെ ഞെട്ടിപ്പിച്ചുകൊണ്ട് ഗാസയിലെ പലസ്തീന്‍മണ്ണില്‍ ചോരപ്പുഴയൊഴുക്കാന്‍ ഇസ്രയേല്‍ വീണ്ടും കച്ചമുറുക്കി ഇറങിയിരിക്കുയാണു. നാലുദിവസമായി തുടരുന്ന വ്യോമാക്രമണം ശക്തമാക്കിയ സയണിസ്റ്റ് സൈന്യം ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ ആസ്ഥാനവും പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയയുടെ വസതിയും ആക്രമിച്ചു. ശനിയാഴ്ച പുലരുംവരെ തുടര്‍ന്ന ആക്രമണത്തില്‍ എട്ടു പലസ്തീന്‍കാര്‍കൂടി കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏതുനിമിഷവും ഗാസയില്‍ കടന്നുകയറാന്‍ തയ്യാറെടുത്ത് ഇസ്രയേലിന്റെ വന്‍ സൈനികസന്നാഹം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കയാണ്. കരുതല്‍ശേഖരത്തിലുള്ള 75,000 സൈനികരെക്കൂടി രംഗത്തിറക്കാന്‍ ഇസ്രയേലി മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ കരയാക്രമണം ആസന്നമായി. ബുധനാഴ്ചമുതല്‍ തുടരുന്ന ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48  ആയതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഇതില്‍പ്പെടുന്നു. 600ല്‍ പരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച സമാധാനദൗത്യവുമായെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദിലുമായി ഇസ്മായില്‍ ഹനിയ ചര്‍ച്ച നടത്തിയ ഓഫീസ് മന്ദിരം മണിക്കൂറുകള്‍ക്കകമാണ് ആക്രമിക്കപ്പെട്ടത്. സമീപത്തെ പൊലീസ് ആസ്ഥാനത്തും മിസൈലുകള്‍ പതിച്ചു. ഹമാസ് നേതാവ് അബു ഹസ്സന്‍ സലാഹിന്റെ വീട് ആക്രമണത്തില്‍ തകര്‍ന്നു. 30 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഹനിയയുടെ ഓഫീസും ഹമാസ് ആഭ്യന്തരമന്ത്രാലയവും പൊലീസ് ആസ്ഥാനവുമടക്കം നിരവധി പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ 180 വട്ടം വ്യോമാക്രമണം നടത്തിയതായി ഇസ്രയേലി ടിവി റിപ്പോര്‍ട്ട്ചെയ്തു. നാലുവര്‍ഷം മുമ്പത്തെ നിഷ്ഠുരമായ കടന്നാക്രമണത്തിന്റെ ആവര്‍ത്തനത്തിനാണ് ഇസ്രയേലിന്റെ ആസൂത്രിതനീക്കം. വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ ടെല്‍ അവീവില്‍ യോഗംചേര്‍ന്നിരുന്നു. ആക്രമണം കൂടുതല്‍ വ്യാപകമാക്കാന്‍ ഈ യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനു തൊട്ടുപിന്നാലെയാണ് ഗാസയ്ക്കുമേല്‍ രൂക്ഷമായ വ്യോമാക്രമണം ആരംഭിച്ചത്. ഗാസയിലേക്കുള്ള ഹൈവേയില്‍ വന്‍ ആയുധസന്നാഹത്തോടെ ഇസ്രയേലി സൈന്യം നിലയുറപ്പിച്ചിരിക്കയാണ്. അതിര്‍ത്തിയിലെ രണ്ടു പ്രധാന റോഡും അവര്‍ പിടിച്ചെടുത്തു. ആക്രമണം തുടരുന്നതിനിടയിലും അറബ്ലോകത്തിന്റെ ഐക്യദാര്‍ഢ്യവുമായി ടുണീഷ്യ വിദേശമന്ത്രി റഫീഖ് അബ്ദുസലാം ഗാസയിലെത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. ഗാസയിലെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദില്‍ ഇസ്രയേലി ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമധാനചര്‍ച്ചയ്ക്ക് മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇസ്രയേല്‍ സംയമനം പാലിക്കണമെന്നും ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. മൂണ്‍ ഉടന്‍ ഗാസ സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.എന്നാല്‍ ഐക്യരാഷ്ട്രസഭയുടെ അഭ്യര്‍ത്ഥനക്ക് പുല്ലുവിലയാണു ഇസ്രേയേല്‍ കല്പിക്കുന്നത്   അതേസമയം, അമേരിക്ക ഈ താന്തോണി രാഷ്ട്രത്തിന്ന്  സമ്പൂര്‍ണ പിന്തുണയാണു പ്രഖ്യാപിച്ചിരിക്കുന്നത്... ഇസ്രയേലിന്റെ എന്ത് തൊന്നിവാസത്തിന്ന് എന്നും കൂട്ടുനിന്നവര്‍ അമേരിക്കമാത്രമാണു...ആയിരക്കണക്കിന്നാളുകളെ നിരപരാധികളായ കുട്ടികളെ സ്ത്രികളെ  വ്ബരൃദ്ക്ധരെ  കൂട്ടക്കൊല ചെയ്യുമ്പോഴാണു അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇസ്രേയേല്‍ പ്രധാനമന്ത്രി നെതന്യാഹുമായി ഫോണില്‍ വിളിച്ച് അമേരിക്കയുടെ പിന്തുണ അറിയിച്ചത്.....സമാധാനത്തിന്റെ വെള്ളരിപ്രാവുകളെന്ന്  സ്വയം അവകാശപ്പെടുന്ന അമേരിക്കക്ക്   ലോകത്ത് ചൊരപ്പുഴ ഒഴുക്കിയതിന്റെ  ചരിത്രം മാത്രമെയുള്ളു....ഇന്നും ഇസ്രയേല്‍ പലസ്തീന്റെ മണ്ണില്‍ ഗാസയില്‍ ആയിരങളെ കൊന്നൊടുക്കി ചോരപ്പുഴ ഒഴുക്കുമ്പോഴും അവിടെ സമാധാനമുണ്ടാക്കുന്നതിന്ന്  ശ്രമിക്കാരെ  ചോരക്കൊതിയന്മാര്‍ക്ക് ഓശാനപാടാനും അവര്‍ക്ക് ആവശ്യമായ പിന്തുണ നകാനും ശ്രമിക്കുകയെന്നത്  മനുഷ്യത്തമുള്ള മനുഷ്യരെയാകെ ഞെട്ടിച്ചിരിക്കുയാണു.ലോകം ഒന്നടക്കം ആവശ്യപ്പെടുന്നു ..ഉടനെ നിര്‍ത്തണം ഈ മനുഷ്യക്കുതി ....ചോരക്കൊതിയന്മാരായ  ഇസ്രയേല്‍ സേനയെ ഉടനെ ചങലക്കിടണം..അതാണു ലോകം ഇന്ന് ആവശ്യപ്പെടുന്നത്...

Thursday, November 1, 2012

പോരാടാം നാടിന്റെ നന്മയ്ക്ക് .....പിണറായി വിജയന്‍ (കേരളം പിന്നിട്ട നാള്‍വഴി....യുടെ രണ്ടാം ഭാഗം)


പോരാടാം നാടിന്റെ നന്മയ്ക്ക് ...പിണറായി വിജയന്‍ (കേരളം പിന്നിട്ട നാള്‍വഴി....യുടെ രണ്ടാം ഭാഗം)

by Narayanan Veliancode on Thursday, November 1, 2012 at 8:31am ·
പോരാടാം നാടിന്റെ നന്മയ്ക്ക്  .....പിണറായി വിജയന്‍ (കേരളം പിന്നിട്ട നാള്‍വഴി....യുടെ രണ്ടാം ഭാഗം)


വിവിധ സംസ്കാരങ്ങളെയും മതദര്‍ശനങ്ങളെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോയതാണ് കേരളത്തിന്റെ സംസ്കാരം. ബൗദ്ധ- ജൈനദര്‍ശനങ്ങളും ഹൈന്ദവ- ക്രൈസ്തവ- മുസ്ലിം കാഴ്ചപ്പാടുകളുമെല്ലാം ഉള്‍ക്കൊണ്ട് വളരുകയും വികസിക്കുകയുംചെയ്ത മഹത്തായ പാരമ്പര്യമാണ് നമുക്കുള്ളത്. അതുകൊണ്ടുതന്നെ അഭിമാനകരമായ മതസൗഹാര്‍ദ അന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ടു. കേരളത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന പ്രവര്‍ത്തന പദ്ധതികളാണ് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ളത്. ജാതിക്കും മതത്തിനും അതീതമായി ജനങ്ങളുടെ പൊതുവായ ഐക്യം രൂപപ്പെടുത്തുക എന്നത്, തൊഴിലാളികളെയും കര്‍ഷകരെയും മറ്റു ജനവിഭാഗങ്ങളെയും കൂട്ടിയോജിപ്പിച്ച് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പൊരുതുന്ന കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഏറെ പ്രധാനമാണ്. അങ്ങനെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മതസൗഹാര്‍ദം നിലനിര്‍ത്തുന്നതിനുള്ള ഉപാധികൂടിയായിത്തീരുന്നു.

കേരളത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോവുക എന്നത് പാര്‍ടിയുടെ പ്രവര്‍ത്തനത്തില്‍ ഉള്‍ച്ചേര്‍ന്നതാണ്. ജനങ്ങളുടെ യോജിപ്പിനെ തകര്‍ക്കുക എന്നത്, സാമ്രാജ്യത്വശക്തികള്‍ക്ക് അവരുടെ നയം നടപ്പാക്കുന്നതിന് അനിവാര്യമായ ഒന്നാണ്. അതുകൊണ്ടാണ് വര്‍ഗീയശക്തികളെ രൂപപ്പെടുത്തുന്നതിനും അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന സമീപനം ഇന്ത്യയിലെ ഭരണവര്‍ഗപാര്‍ടികള്‍ പൊതുവില്‍ സ്വീകരിക്കുന്നത്. അങ്ങനെയാണ് സാമ്രാജ്യത്വശക്തികളുടെ കടന്നുവരവോടെ ഇന്ത്യയില്‍ വര്‍ഗീയപ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടത്. കേരളത്തില്‍ 1940കളുടെ തുടക്കത്തില്‍ കോഴിക്കോട് ആര്‍എസ്എസിന്റെ ശാഖ ആരംഭിച്ചിരുന്നു. ഈ ഘട്ടത്തില്‍ത്തന്നെ തലശേരിയില്‍ മുസ്ലിംവ്യാപാരികളെ വളരാന്‍ അനുവദിക്കരുത് അത് ഹിന്ദുത്വത്തിന് ആപത്താണ് എന്ന രീതിയിലുള്ള പ്രചാരണവും ആരംഭിച്ചു. സ്വാതന്ത്ര്യസമരം കൊടുമ്പിരിക്കൊണ്ട ഈ ഘട്ടത്തില്‍ ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ഒരു മുദ്രാവാക്യവും മറ്റ് എവിടെയും എന്നപോലെ ഇവിടെയും ആര്‍എസ്എസ് മുന്നോട്ടുവച്ചില്ല. കേരളത്തില്‍ നിലനിന്ന മതനിരപേക്ഷതയെ തകര്‍ക്കാന്‍ വ്യത്യസ്ത രീതിയിലുള്ള വഴികളാണ് ഓരോ ഘട്ടത്തിലും സംഘപരിവാര്‍ സ്വീകരിച്ചത്.

അക്കാലത്തുതന്നെ എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും ഐക്യപ്പെടുത്തി അതിലൂടെ തങ്ങളുടെ അജന്‍ഡ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. മുസ്ലിം ലീഗിന് അധികാരത്തില്‍ ലഭിച്ച കണക്കുകള്‍ നിരത്തി ഹിന്ദുക്കള്‍ക്ക് അധികാരം അപ്രാപ്യമാണ് എന്ന പ്രചാരവേലയിലാണ് പിന്നീട് ആര്‍എസ്എസ് ഊന്നിയത്. 1970കള്‍ ആകുമ്പോഴേക്കും ആശയ പ്രചാരണത്തേക്കാള്‍ അക്രമോത്സുകമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവര്‍ പ്രാമുഖ്യം നല്‍കിയത്. 1978 മുതല്‍ 1979 മാര്‍ച്ചുവരെയുള്ള കാലയളവില്‍ ആര്‍എസ്എസ് നേതൃത്വം കൊടുത്ത 164 സംഘര്‍ഷങ്ങള്‍ ഉണ്ടായതായി രേഖകള്‍ കാണിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ടിയെ തകര്‍ക്കുക എന്നത് എക്കാലത്തെയും അവരുടെ അജന്‍ഡയായിരുന്നു. വിമോചനസമരത്തെ പിന്തുണയ്ക്കുന്നതിന് ഇവര്‍ തയ്യാറായി. പാര്‍ടിയെ പരാജയപ്പെടുത്താന്‍ യുഡിഎഫുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധത്തിലേര്‍പ്പെടുക എന്നതും അവരുടെ നയമായി. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ഉണ്ടായ കോ.ലീ.ബി സഖ്യം പ്രസിദ്ധമാണല്ലോ. ഈ പരീക്ഷണവും പരാജയപ്പെട്ടതോടെ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ ആ സ്വാധീനംകൂടി ഉപയോഗപ്പെടുത്തി ഹിന്ദു ഐക്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും തങ്ങളുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള പരിശ്രമങ്ങള്‍ ആര്‍എസ്എസ് നടത്തി. അതും പ്രാവര്‍ത്തികമായില്ല. ഇപ്പോള്‍ വീണ്ടും ഇത്തരം പദ്ധതികളുമായി ആര്‍എസ്എസ് രംഗത്തുവന്നിട്ടുണ്ട്. കേരളത്തില്‍ ഇന്നേവരെ പാര്‍ലമെന്റിലോ അസംബ്ലിയിലോ ഒരു സീറ്റുപോലും നേടാന്‍ കഴിയാത്ത സംഘപരിവാര്‍, തങ്ങളുടെ അജന്‍ഡ നടപ്പാക്കുന്നതിന് നടത്തുന്ന ശ്രമങ്ങളാണ് ഇതിനു പിന്നിലുള്ളതെന്ന് നാം തിരിച്ചറിയണം. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനാകണം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ നിലയാണ് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തില്‍ ഉള്ളത്. 50 ശതമാനത്തോളം ന്യൂനപക്ഷ ജനവിഭാഗങ്ങളാണ് കേരളത്തിലുള്ളത്. എന്നാല്‍, സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതുപോലെ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആകമാനം സമ്പന്നരല്ല. ഒരു വിഭാഗം സാമ്പത്തികമായി ഉയര്‍ന്നുവന്നിട്ടുണ്ട് എന്നത് വസ്തുതയാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ വലിയ ശതമാനം മത്സ്യത്തൊഴിലാളികളാണ്. ഇവരാകട്ടെ കേരളത്തില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്ന ജനവിഭാഗമാണ്. അവരുടെ അവശത പരിഹരിക്കുക എന്നത് കേരള വികസനത്തിന് ഏറെ പ്രധാനമാണ്. ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് ഉയര്‍ന്നുവന്ന ഒരു സമ്പന്ന വിഭാഗം എല്ലാ ഘട്ടത്തിലും അടിസ്ഥാന ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എതിരായി പ്രവര്‍ത്തിക്കുന്നതിന് ശ്രമിച്ചിട്ടുണ്ട്. ഇത് ഏറ്റവും പ്രകടമായി പ്രത്യക്ഷപ്പെട്ടത്, 1957ല്‍ ഭൂപരിഷ്കരണവും വിദ്യാഭ്യാസ ബില്ലും പാസാക്കിയ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തിയ വിമോചനസമരത്തിലൂടെയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാന്‍ തങ്ങള്‍ക്ക് തനതായി കഴിയില്ലെന്നു മനസ്സിലാക്കിയ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ജാതി- മത ശക്തികളുമായി ഐക്യമുണ്ടാക്കുക എന്ന നിലപാട് സ്വീകരിച്ചു. ഇത്തരം സംഘങ്ങളുടെ നേതൃത്വത്തില്‍ നിലകൊണ്ട സമ്പന്നവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളും വലതുപക്ഷത്തിന്റെ വര്‍ഗപരമായ നിലപാടും പരസ്പരം പൊരുത്തപ്പെട്ടതുകൊണ്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ പൊതുവായ ഐക്യപ്രസ്ഥാനമായി ഇവ നിലകൊള്ളുന്ന സ്ഥിതിയും ഉണ്ടായി. എങ്കിലും പാവപ്പെട്ട ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങളില്‍ ഉള്‍പ്പെടെയുള്ള പാവപ്പെട്ട ഒരു വലിയവിഭാഗം ജനത പാര്‍ടിയോടൊപ്പം അണിചേരുകയുണ്ടായി. ആഗോളവല്‍ക്കരണത്തിന്റെ വര്‍ത്തമാനകാലത്ത് തീവ്രമായ വാണിജ്യവല്‍ക്കരണ നിലപാടുകളെ പിന്തുണയ്ക്കുകയും മറുഭാഗത്ത് തീവ്രമായ വര്‍ഗീയ ധ്രുവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന സമീപനം വലതുപക്ഷ ശക്തികള്‍ സ്വീകരിക്കുകയാണ്. അതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളെയും പൊതുമണ്ഡലങ്ങളെയും എല്ലാം തകര്‍ത്ത് സ്വകാര്യവല്‍ക്കരണത്തിന്റെയും അതുവഴി വര്‍ഗീയവല്‍ക്കരണത്തിന്റെയും വഴികളിലേക്ക് കേരളത്തെ നയിക്കുന്നതിനുള്ള ഇടപെടല്‍ നടത്തുകയാണ്. ഒരുകാലത്ത് കേരളത്തിലെ പാവപ്പെട്ടവന് വിദ്യാഭ്യാസം നല്‍കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചവരായിരുന്നു മിഷണറിമാര്‍. അത്തരം പാരമ്പര്യം അവകാശപ്പെടുന്ന സംഘങ്ങള്‍ പലതും, പണമുള്ളവനു മാത്രമേ വിദ്യാഭ്യാസം നല്‍കൂ എന്ന നിലപാട് സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ നിലപാടിനെതിരെ പാവപ്പെട്ടവന്റെ പക്ഷത്തുനിന്ന് ശബ്ദിച്ചാല്‍ അത് മതവിരുദ്ധമാണെന്നു പ്രചരിപ്പിച്ച് വിശ്വാസികളെ തങ്ങളുടെ നിലപാടുകള്‍ക്കു പിന്നില്‍ അണിനിരത്താനും ശ്രമിക്കുന്നു. ഓരോ മതസ്ഥരും അതത് മതസ്ഥാപനങ്ങള്‍ നടത്തുന്ന വിദ്യാലയങ്ങളില്‍ത്തന്നെയാണ് പഠിക്കേണ്ടത് എന്ന നിലപാടുപോലും മതനിരപേക്ഷതയുടെ ഉജ്വല പാരമ്പര്യമുള്ള കേരളത്തില്‍ ഉയര്‍ന്നുവരുന്നു. ഇതിലൂടെ സംഭവിക്കുന്നത് മതനിരപേക്ഷതയിലധിഷ്ഠിതമായ പൊതുവിദ്യാഭ്യാസ രീതിപോലും മതവല്‍ക്കരണത്തിലേക്ക് നയിക്കപ്പെടുന്നു എന്നതാണ്. മുസ്ലിംലീഗ് ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ കേരളത്തിന്റെ മതനിരപേക്ഷതാ പാരമ്പര്യത്തിന് കനത്ത തിരിച്ചടി നല്‍കുന്ന തരത്തിലുള്ളതാണ്. സമ്പന്നര്‍ക്കായുള്ള ലീഗിന്റെ സാമുദായിക രാഷ്ട്രീയം തീവ്രവാദപരമായ രാഷ്ട്രീയത്തിന് കീഴടങ്ങുന്നുവെന്നതാണ് വര്‍ത്തമാനകാലത്തുണ്ടായ പ്രവണത. ഈ സര്‍ക്കാരിന്റെ കാലത്ത് നടന്ന ചില ചെയ്തികള്‍ ഇത് വ്യക്തമാക്കുന്നുണ്ട്. കാസര്‍കോട് അന്വേഷണ കമീഷനെ പിരിച്ചുവിട്ടത്, നാദാപുരം നരിക്കാട്ടേരിയിലെ ബോംബ് സ്ഫോടനക്കേസ് ഇല്ലാതാക്കിയ നടപടി, മാറാട് സിബിഐ അന്വേഷണം തടയുന്നതിനായി നടത്തിയ ഇടപെടലുകള്‍ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. വ്യക്തി സ്വാതന്ത്ര്യത്തെ പൂര്‍ണമായും ഹനിക്കുന്ന തരത്തില്‍ ജനാധിപത്യസമൂഹത്തിന് ഭീഷണി ഉയര്‍ത്തി സദാചാര പൊലീസ് ശക്തിപ്പെട്ട് വരുന്നുവെന്നതും കേരളത്തിന്റെ പിറകോട്ട് പോക്കിന്റെ ലക്ഷണമായി തീര്‍ന്നിരിക്കുന്നു. എല്ലാ വര്‍ഗീയവാദികളും ഇത്തരം ശക്തികളെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ലീഗിന്റെ അഞ്ചാം മന്ത്രിപദം സാമുദായിക സന്തുലിതാവസ്ഥ തകര്‍ത്തു എന്നു പറഞ്ഞത് കോണ്‍ഗ്രസ് നേതാവുതന്നെയാണ്. ലീഗിനകത്ത് തീവ്രവാദശക്തികള്‍ നുഴഞ്ഞുകയറി എന്ന് യുഡിഎഫ് മന്ത്രിസഭയിലെ ഒരംഗംതന്നെയാണ് പ്രസ്താവിച്ചത്. ഇത്തരത്തില്‍ സംസ്ഥാനത്തെ ഭരണസംവിധാനം വര്‍ഗീയശക്തികളുടെ സമ്മര്‍ദങ്ങള്‍ക്കും അവരുടെ ചെയ്തികള്‍ക്കും അനുകൂലമായി നിലപാട് സ്വീകരിക്കുന്ന നിലയാണുള്ളത്. അധികാരത്തിനുവേണ്ടി വര്‍ഗീയശക്തികളുടെ അജന്‍ഡകള്‍ക്ക് കീഴ്പ്പെടുക എന്ന യുഡിഎഫിന്റെ സമീപനം വര്‍ത്തമാനകാലത്ത് ഏറെ തീവ്രമായിരിക്കുന്നു. ഭരണകൂടത്തിന്റെ ഇടപെടല്‍തന്നെ വര്‍ഗീയശക്തികള്‍ക്ക് അനുകൂലമാകുമ്പോള്‍ സമൂഹത്തില്‍ വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കപ്പെടും എന്നതും വസ്തുതയാണ്. ആ തരത്തിലേക്കാണ് കേരളം നീങ്ങുന്നത്. അത്തരം ശക്തികളുടെ സംരക്ഷണകേന്ദ്രമായി കോണ്‍ഗ്രസും യുഡിഎഫും മാറി. വര്‍ഗീയശക്തികളുടെ കൂടാരമായ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് തിരിച്ചടി ഏല്‍ക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോള്‍ അത് യാഥാര്‍ഥ്യമായി. എന്നാല്‍, കേരളത്തിലെ വിവിധ മതവിശ്വാസികള്‍ ഏതെങ്കിലും വര്‍ഗീയസംഘങ്ങളുടെയോ സാമുദായിക ശക്തികളുടെയോ കുഴലൂത്തുകാരാണെന്ന് ധരിക്കരുത്. ഏതെങ്കിലും ജാതിമത സംഘടനകള്‍ തെളിക്കുന്ന വഴികളിലൂടെ സഞ്ചരിക്കുന്നവരല്ല അവര്‍, മറിച്ച് മതനിരപേക്ഷതയ്ക്ക് പ്രഹരമേല്‍ക്കുന്ന ഘട്ടങ്ങളിലെല്ലാം ശക്തമായി പ്രതികരിച്ചിട്ടുള്ളവരാണ്. എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ വച്ചുപുലര്‍ത്താനുള്ള അവകാശം ഉണ്ടാകണം. അതിന് ആരെങ്കിലും തടസ്സം നിന്നാല്‍ മതവിശ്വാസികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് പാര്‍ടി പ്രതിജ്ഞാബദ്ധമാണ്. അതേ അവസരത്തില്‍ വിശ്വാസം ഇല്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനുള്ള അവസരം ഉണ്ടാകണം. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്ന രീതി ഉണ്ടാകരുത്. ഏതെങ്കിലും ഒരു വര്‍ഗീയതകൊണ്ട് മറ്റൊരു വര്‍ഗീയതയെ പ്രതിരോധിക്കാനാകില്ല. അതുകൊണ്ട് എല്ലാ വര്‍ഗീയതകളെയും ഒറ്റപ്പെടുത്തുന്നതിനുള്ള വിശാല ബഹുജനമുന്നേറ്റം കാലഘട്ടം ആവശ്യപ്പെടുകയാണ്. കേരളത്തിലെ മഹത്തായ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതിന് അത് അനിവാര്യമാണ്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള പ്രതിജ്ഞ പുതുക്കേണ്ട ദിനംകൂടിയാണ് ഇത്. വിവിധ ജനവിഭാഗങ്ങളുടെ കൂടിച്ചേരലുകളില്‍നിന്നാണ് ഒരു നാടിന്റെ സംസ്കാരം രൂപപ്പെടുന്നത്. വിവിധ ജനവിഭാഗങ്ങളുടെ സംസ്കാരങ്ങള്‍ പരസ്പരം സ്വീകരിച്ചാണ് ഒരു ജനതയുടെ ജീവിതം രൂപപ്പെടുന്നത്.

ഇത്തരത്തിലുള്ള പൊതുവായ സംസ്കാരങ്ങളെയും ജീവിതരീതികളെയും സംരക്ഷിക്കുക എന്നത് മതനിരപേക്ഷതയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാത്തവരാണ് പൊതുമണ്ഡലങ്ങളെ പിളര്‍ക്കുന്നതിനും വിവിധ ജാതിമത സ്വത്വങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്കാരത്തെ അഴിച്ചെടുക്കുന്നതിന് ശ്രമിക്കുകയും ചെയ്യുന്നത്. ഇത്തരം ശ്രമങ്ങള്‍ക്കെതിരായി നാം ജാഗ്രത പുലര്‍ത്തണം. കേരളീയന്റെ യോജിപ്പിന്റെ അടിസ്ഥാനം അവന്റെ ഭാഷയും സംസ്കാരവുമാണ്. അതുകൊണ്ടുതന്നെ മലയാളഭാഷയുടെ സംരക്ഷണവും അതിനെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും വര്‍ത്തമാനകാലത്ത് ഏറെ അനിവാര്യമാണ്. ഭാഷ മൗലികവാദമല്ല. ഭാഷയെ ആധുനിക കാലഘട്ടത്തിന് യോജിച്ച വിധത്തില്‍ നവീകരിക്കുക എന്നത് പ്രധാനമാണ്. ഭാഷാ കംപ്യൂട്ടറിങ് ഉള്‍പ്പെടെയുള്ള രീതികളുമായി മലയാളഭാഷയെ ബന്ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനവും വര്‍ത്തമാനകാലത്ത് കടന്നുവരേണ്ടതുണ്ട്.

ഭരണഭാഷയും കോടതിഭാഷയും ഉള്‍പ്പെടെ മാതൃഭാഷയില്‍ ആക്കുക എന്നതും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഇത്തരം മേഖലകളില്‍ ഇടപെടുന്നതിന് അനിവാര്യമാണെന്ന് കാണേണ്ടതുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ഇടപെടല്‍ നടത്തുക എന്നതും നാടിനെ സ്നേഹിക്കുന്നവരുടെ ഉത്തരവാദിത്തവുമാണ്. ആഗോളവല്‍ക്കരണനയങ്ങള്‍ കേരളത്തിലെ ജനതയുടെ ജീവിതം ദുസ്സഹമാക്കുമ്പോള്‍ അതിനെതിരായി അതിശക്തമായ വികാരം ഉയര്‍ന്നുവരുന്ന കാലഘട്ടമാണ് ഇത്. ഈ ജനകീയരോഷത്തെ മറികടക്കുന്നതിന് വര്‍ഗീയ അജന്‍ഡകള്‍ രൂപപ്പെടുത്തി സാധ്യമാകുമോ എന്നാണ് ഇപ്പോള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുവേണ്ടിയുള്ള ശ്രമം നടത്തുന്നവര്‍ക്ക് ഇത്തരം അജന്‍ഡയുണ്ട് എന്നും നാം തിരിച്ചറിയണം. ബിജെപിയായാലും യുഡിഎഫ് ആയാലും ഒരേ നയത്തിന്റെ വക്താക്കളാണ്. ഈ നയങ്ങളെ തുറന്നുകാട്ടുന്നതിനും നൂറ്റാണ്ടുകളായി കേരളം പുലര്‍ത്തിയിരുന്ന മതേതര പാരമ്പര്യത്തെ ശക്തിപ്പെടുത്തുന്നതിനും മലയാളഭാഷയെയും സംസ്കാരത്തെയും ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും എന്നതാണ് കേരള രൂപീകരണ വാര്‍ഷികദിനത്തില്‍ നമുക്ക് പ്രതിജ്ഞ എടുക്കാനുള്ളത്. (അവസാനിച്ചു)

കേരളപ്പിറവി ദിനത്തില്‍ ഇന്ന് സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന നവോത്ഥാന സദസ്സില്‍ ചൊല്ലുന്ന പ്രതിജ്ഞ.


കേരളപ്പിറവി ദിനത്തില്‍  ഇന്ന് സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന നവോത്ഥാന സദസ്സില്‍ ചൊല്ലുന്ന പ്രതിജ്ഞ. കേരളത്തെ സ്നേഹിക്കുന്ന ഓരോരുത്തരും എടുക്കേണ്ട പ്രതിജ്ഞ...ഞങളും  നിങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു...ഞങളും  നിങോളോടോത്ത് പ്രതിജ്ഞചെയ്യുന്നു ....കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനും ഇരുട്ടറയില്‍ തള്ളാനുമുള്ള സംഘടിതശ്രമങ്ങളെ ഉയര്‍ന്ന മാനവികതാബോധംകൊണ്ട് തകര്‍ത്ത് കേരളത്തെ സംരക്ഷിക്കുമെന്നും അതിനായി സ്വയം സമര്‍പ്പിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. ഈ വാക്ക് ഒരേ ശബ്ദത്തില്‍! ഈ ചിന്ത ഒരേ ഭാവത്തില്‍! ഈ യാത്ര ഒരേ താളത്തില്‍! ഒരേ മനസ്സായി നാം മുന്നോട്ട്! പ്രതിജ്ഞ! പ്രതിജ്ഞ! പ്രതിജ്ഞ!......


പ്രതിജ്ഞ ഇവിടെ തുടങുന്നു......


അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ബഹുജനകൂട്ടായ്മയുടെ സന്ദേശമുയര്‍ത്തി കേരളപ്പിറവി ദിനമായ വ്യാഴാഴ്ച സിപിഐ എം നേതൃത്വത്തില്‍ നടക്കുന്ന നവോത്ഥാന സദസ്സില്‍ ചൊല്ലുന്ന പ്രതിജ്ഞ. സമുന്നതമായ മാനവികതാബോധത്തില്‍നിന്ന് ഉയിര്‍ക്കൊണ്ട നവോത്ഥാന പാരമ്പര്യത്തിന്റെ മഹനീയ ആദര്‍ശങ്ങള്‍ അമൂല്യമെന്ന് നാം തിരിച്ചറിയുന്നു. അതിന്റെ തണലിലാണ് സാമ്രാജ്യത്വവിരുദ്ധ ദേശീയബോധവും സ്വാതന്ത്ര്യാഭിവാഞ്ഛയും സമഭാവനയും പുരോഗമനാഭിമുഖ്യവും സമൂഹമനസ്സില്‍ വളര്‍ന്നു പന്തലിച്ചത്. അത്, സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സോഷ്യലിസ്റ്റ് സങ്കല്‍പ്പത്തിന്റെയും മതനിരപേക്ഷ മനോഭാവത്തിന്റെയും വിത്തു കിളിര്‍ക്കാന്‍ കേരളത്തിന്റെ മണ്ണൊരുക്കി. മാറുമറയ്ക്കാനും ക്ഷേത്രപരിസരത്ത് വഴിനടക്കാനും ക്ഷേത്രത്തില്‍ കയറി ആരാധിക്കാനും ഒരുമിച്ചിരുന്ന് പഠിക്കാനും പഠിപ്പിനൊത്ത് തൊഴില്‍ നേടാനുമുള്ള സ്വാതന്ത്ര്യം നാമാര്‍ജിച്ചത് നവോത്ഥാനപ്രസ്ഥാനം തെളിച്ച വഴികളിലൂടെയാണ്; ജാതിവിരുദ്ധവും മതനിരപേക്ഷവുമായ മുന്നേറ്റങ്ങളിലൂടെയാണ്. സാമൂഹികഅസമത്വം അവസാനിപ്പിക്കാനുള്ള മാനവികസ്വപ്നങ്ങള്‍ സാമ്പത്തിക ഉച്ചനീചത്വങ്ങള്‍ അവസാനിപ്പിക്കാനുള്ള പോരാട്ടങ്ങളായി ഉയര്‍ന്നു. നവോത്ഥാന പാരമ്പര്യത്തിന്റെ നേര്‍പിന്മുറക്കാരുടെ പുരോഗമന ശക്തി ആ സമരത്തിന് രാഷ്ട്രീയ ഉള്ളടക്കം നല്‍കി. ഇന്ന്, വെളിച്ചത്തിന്റെ വഴികളെല്ലാമടയ്ക്കാനും സമൂഹത്തെ അന്ധകാരത്തിന്റെ തുരുത്തുകളിലേക്ക് തിരിച്ചുകൊണ്ടുപോയി തളയ്ക്കാനും സാമ്രാജ്യത്വപ്രേരിത ശ്രമങ്ങള്‍ കരുത്താര്‍ജിക്കുന്നു. കേരളത്തെ പിന്നോട്ടു നടത്തിക്കാന്‍ സംഘടിത ശ്രമം ഉണ്ടാകുന്നു. നമ്മുടെ മണ്ണിനെയും വെള്ളത്തെയും ഭാഷയെയും സംസ്കാരത്തെയും പരിരക്ഷിക്കാനും അവ കവരാനുള്ള ശ്രമത്തെ ചെറുക്കാനുമുള്ള പോരാട്ടത്തിന്റെ നിലപാടുതറയായി നവോത്ഥാന പാരമ്പര്യത്തെ നമ്മള്‍ തിരിച്ചറിയുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിച്ച് പുതിയ കാലത്തിന്റെ ശാസ്ത്രയുക്തിബോധം സമൂഹമനസ്സില്‍ ഉള്‍ച്ചേര്‍ക്കാന്‍ നാം കൈകോര്‍ക്കുന്നു. മനുഷ്യസ്നേഹത്തിന്റെയും സമഭാവനയുടെയും സംസ്കാരത്തിന്റെ നൂതന പ്രകാശം അണഞ്ഞുപോകാതെ കാക്കുമെന്ന് സത്യപ്രതിജ്ഞചെയ്യുന്നു. വര്‍ഗീയതയുടെ നിഷ്ഠുരമായ വിഭജനീക്കങ്ങളെയും ഭീകരപ്രവര്‍ത്തനത്തിന്റെ കിരാതമായ മാനവികതാധ്വംസനത്തെയും ചെറുത്ത് മനുഷ്യരൊന്ന് എന്ന മഹാസന്ദേശം നാം ഒരുമിച്ചുയര്‍ത്തുന്നു. കേരളത്തെ ഇന്നുകാണുന്ന കേരളമാക്കി മാറ്റിയെടുക്കുന്നതിന് ചാലകശക്തിയായി നിന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ് നവോത്ഥാന പ്രസ്ഥാനത്തിന്റെ കണ്ണിമുറിയാത്ത നേര്‍തുടര്‍ച്ച. കമ്യൂണിസ്റ്റ് പ്രസ്ഥാനം തകര്‍ന്നാല്‍ കേരളം ആര്‍ജിച്ച മനസ്സിന്റെ വെളിച്ചവും ബോധത്തെളിച്ചവും ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങളുമെല്ലാം ആത്യന്തികമായി തകരുമെന്ന് നാം മനസ്സിലാക്കുന്നു. പോരാട്ടങ്ങളിലൂടെ കേരളം നേടിയ പുതിയ സാമൂഹിക- സാമ്പത്തിക ജീവിതക്രമം നമ്മുടെ അഭിമാനമാണ്; അതിജീവന പ്രകാശമാണ്. അത് തല്ലിക്കെടുത്താനായി ഇടതുപക്ഷ പ്രസ്ഥാനത്തെ, കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റിനെ ഇരുട്ടിന്റെ കിരാതശക്തികള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത് നാം രോഷത്തോടെ തിരിച്ചറിയുന്നു. ആ കൊടിയ മാര്‍ക്സിസ്റ്റ് വിരുദ്ധ ആക്രമണത്തെ പൊരുതിത്തോല്‍പ്പിക്കാനുള്ള കടമ സാമ്രാജ്യത്വത്തിന്റെ പുത്തന്‍ അധിനിവേശശ്രമങ്ങള്‍ക്കെതിരായ പോരാട്ടത്തോടൊപ്പം നാം ഏറ്റെടുക്കുന്നു. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാനും ഇരുട്ടറയില്‍ തള്ളാനുമുള്ള സംഘടിതശ്രമങ്ങളെ ഉയര്‍ന്ന മാനവികതാബോധംകൊണ്ട് തകര്‍ത്ത് കേരളത്തെ സംരക്ഷിക്കുമെന്നും അതിനായി സ്വയം സമര്‍പ്പിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. ഈ വാക്ക് ഒരേ ശബ്ദത്തില്‍! ഈ ചിന്ത ഒരേ ഭാവത്തില്‍! ഈ യാത്ര ഒരേ താളത്തില്‍! ഒരേ മനസ്സായി നാം മുന്നോട്ട്! പ്രതിജ്ഞ! പ്രതിജ്ഞ! പ്രതിജ്ഞ!