വിസ്മയിപ്പിക്കുന്ന വിധി
പ്രൊഫ. കെ എന്‍ പണിക്കര്‍
അവസാനം കോടതി വിധിപറഞ്ഞു. ഒരു ഒത്തുതീര്‍പ്പിന്റെ സ്വഭാവമുള്ള വിധി. കേസില്‍ പങ്കുള്ള മൂന്നു കക്ഷികള്‍ക്കും തര്‍ക്കവിധേയമായ ഭൂമി വീതിച്ചുകൊടുത്തു. അങ്ങനെ എല്ലാവരെയും സന്തോഷിപ്പിക്കാമെന്ന വ്യാമോഹം നിയമനടപടികള്‍ക്ക് ഒരു കളങ്കമായി ഭവിക്കുകയും ചെയ്തു. ഇത് ഒരു രാഷ്ട്രീയ വിധിയാണെന്നും നിയമസാധുതയില്ലാത്തതാണെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഈ വിധിയിലേക്ക് കോടതിയെ നയിച്ചതിന്റെ പശ്ചാത്തലം സുവിദിതമാണ്. ഒട്ടേറെ ചര്‍ച്ചചെയ്യപ്പെട്ടതുമാണ്. ബാബറുടെ പടത്തലവന്മാരില്‍ ഒരാളായ മീര്‍ബക്കി നിര്‍മിച്ച പള്ളി പൊതുശ്രദ്ധയ്ക്ക് വരുന്നത് 1857നുശേഷമാണ്. അന്നു നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയെ ഉപയോഗിച്ചുകൊണ്ട് അയോധ്യയിലെ മഹന്ത് , പള്ളി നിന്നിരുന്ന സ്ഥലം കയ്യേറാന്‍ ശ്രമിച്ചു. അതിന്റെ ഭാഗമായാണ് രാം ചബൂത്ര സൃഷ്ടിക്കപ്പെടുന്നത്. 1885ല്‍ ആ സ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടി കേസ് കൊടുക്കുകയും ചെയ്തു. മഹന്തിന് അവകാശമുണ്ടെന്നതിന് തെളിവുകളൊന്നുമില്ലാത്തതുകൊണ്ട് ആ കേസ് തള്ളിക്കളയപ്പെട്ടു. അന്ന് നിലനിന്നിരുന്ന സഥിതിയെന്താണോ അത് നിലനിര്‍ത്തണമെന്നായിരുന്നു ബിട്ടീഷ് ഭരണാധികാരികളുടെ പക്ഷം.
1947നുശേഷം അയോധ്യയുടെ ചരിത്രം ഹിന്ദു ബലപ്രയോഗത്തിന്റെ ചരിത്രമാണ്. 1949 ല്‍ പള്ളിക്കുള്ളില്‍ രാമവിഗ്രഹം സ്ഥാപിച്ചുകൊണ്ടാണ് തുടക്കംകുറിച്ചത്. ഈ ആക്രമണത്തെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു അധിക്ഷേപിച്ചുവെങ്കിലും അതു തിരുത്തപ്പെടുകയുണ്ടായില്ല. 1980 കളിലും തൊണ്ണൂറുകളിലും ഈ ആക്രമണ പ്രവണത ശക്തിയാര്‍ജ്ജിച്ചു. വിശ്വഹിന്ദു പരിഷത്തും രാഷ്ട്രീയ സ്വയംസേവകസംഘവും അതിന് മതപിന്തുണ നല്‍കിയപ്പോള്‍ ഭാരതീയ ജനതാപാര്‍ടി അയോധ്യാപ്രശ്നത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതില്‍ വിജയംവരിച്ചു. ഈ ബലപ്രയോഗത്തിന്റെ പരിസമാപ്തിയായിരുന്നു 1992 ഡിസംബര്‍ 6-ാംതീയതി പള്ളിപൊളിച്ച സംഭവം. ഈ ആക്രമണത്തെ ന്യായീകരിക്കുകയാണ് കോടതിവിധി ചെയ്തിരിക്കുന്നത്.
ശ്രീരാമന്‍ ജനിച്ചത് പള്ളിനില്‍ക്കുന്നിടത്തുതന്നെയാണെന്നതിന് തെളിവുകളൊന്നുമില്ല. ശ്രീരാമന്‍ ചരിത്രപുരുഷനാണോ എന്നതുതന്നെ സംശയമാണ്. മിക്കവാറും എല്ലാ ആദിവാസി മേഖലകളിലും രാമനുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും വിശ്വാസവുമുണ്ട്. കേരളത്തില്‍തന്നെ വയനാട്ടില്‍ രാമായണകഥ ഇന്നും നിലനില്‍ക്കുന്നു. അവിടെയെല്ലാം രാമജന്മ സ്ഥാനം തിരയാന്‍ തുടങ്ങിയാല്‍ എന്താവും അവസ്ഥ? പിന്നെ ക്ഷേത്രത്തിന്റെ കാര്യവുമാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ (അടക) 2003ല്‍ നടത്തിയ വികലമായ ഉല്‍ഖനനത്തിലാണ് തെളിവുകള്‍ ലഭിച്ചുവെന്ന് അവകാശപ്പെടുന്നത്. ആദ്യം നടത്തിയ ഉല്‍ഖനനത്തില്‍ കണ്ടെത്താന്‍ കഴിയാത്ത തെളിവുകള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടത് അത്ഭുതാവഹമാണ്. ഈ ഉല്‍ഖനനത്തിന്റെ ശാസ്ത്രീയതയെത്തന്നെ ചോദ്യംചെയ്യപ്പെട്ടിട്ടുമുണ്ട്. ഏതായാലും ഉല്‍ഖനനത്തില്‍നിന്ന് ലഭിച്ചു എന്ന് അവകാശപ്പെടുന്ന തെളിവുകള്‍മൂന്നെണ്ണമാണ്. തൂണുകളുടെ അവശിഷ്ടം, ഒരു കുഴിയില്‍നിന്ന് കണ്ടുകിട്ടിയ ബിംബങ്ങള്‍, ഒരു ഇന്‍സ്ക്രിപ്ഷന്‍. ഇവയൊന്നുംതന്നെ സ്വീകരിക്കാവുന്ന തെളിവുകളല്ലെന്ന് ചരിത്രപണ്ഡിതന്മാര്‍ വിലയിരുത്തിക്കഴിഞ്ഞതാണ്. എന്നിട്ടും ഈ തെളിവുകളെ സംശയമന്യേ കോടതി സ്വീകരിച്ചിരിക്കുന്നു. അതായത് തങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നിരക്കുന്ന തെളിവുകള്‍ സ്വീകരിക്കുകയും, അവയ്ക്കെതിരായവയെ ഗൌനിക്കാതിരിക്കുകയുമാണ് കോടതി ചെയ്തിട്ടുള്ളത്. ഒരു മുന്‍വിധിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിഗമനം എന്ന് തോന്നുന്നു.
ഇതിനുപുറമെ ചരിത്രപരമായ തെളിവുകളുണ്ടോ എന്നത് അപ്രധാനമാണ് എന്നതാണ് കോടതിയുടെ നിലപാട്. അതുകൊണ്ടാണ് തെളിവില്ലാത്തിടത്ത് കോടതി വിശ്വാസത്തെ കണക്കിലെടുക്കുന്നത്. ഇത് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയില്‍ ഒരു പുതിയ അദ്ധ്യായമാണ്. ആധുനിക നീതി ന്യായവ്യവസ്ഥയുടെ തീരുമാനങ്ങള്‍, സ്ഥാപിക്കാന്‍ കഴിയുന്ന തെളിവുകളില്‍ അധിഷ്ഠതമാണ്. പക്ഷേ ഈ കേസ് തീരുമാനിക്കുന്നതില്‍ കോടതി പ്രധാനമായും അവലംബിച്ചിട്ടുള്ളത് വിശ്വാസത്തെയാണ്. ഹിന്ദുക്കളുടെ ഇടയിലെ വിശ്വാസത്തെ. അഹിന്ദുക്കളുടെ വിശ്വാസം എന്താണെന്ന് അന്വേഷിച്ചതായി അറിവില്ല. കോടതിയുടെ ശ്രദ്ധയില്‍പ്പെടാത്ത ഒരു കാര്യം അടുത്തകാലത്തുണ്ടായതും സൃഷ്ടിക്കപ്പെട്ടതുമാണ് എന്നതാണ്. ബ്രിട്ടീഷ് ഭരണാധികാരികള്‍ എഴുതിയുണ്ടാക്കിയ ഗസറ്റിയറുകളിലാണ് ഈ 'വിശ്വാസം' ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. അങ്ങനെ രൂപപ്പെട്ടുവന്ന വിശ്വാസത്തിന് ന്യായ വ്യവസ്ഥയുടെ ഔദ്യോഗിക മുദ്ര ചാര്‍ത്തുകയാണ് കോടതി ചെയ്തത്. കോടതിക്ക് ഈ 'വിശ്വാസം' ഇത്രയേറെ സ്വീകാര്യമാകാന്‍ എന്താണ് കാരണമെന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.
വിധി ഒരു ഒത്തുതീര്‍പ്പിന് ശ്രമിക്കുകയാണുണ്ടായത് എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.മൂന്നുകക്ഷികള്‍ക്കും ഓരോ ഭാഗം വീതം കൊടുത്ത് എല്ലാവരെയും പ്രീതിപ്പെടുത്താനുള്ള ശ്രമമായി ഇതിനെ വ്യാഖ്യാനിക്കാം. പക്ഷേ ഒത്തുതീര്‍പ്പുണ്ടാക്കേണ്ടത് കോടതിയല്ല, ഭരണകൂടമാണ്. അയോധ്യയിലെ തര്‍ക്കത്തില്‍ ഒരു കര്‍ശന നിലപാടെടുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. 1949ല്‍ പ്രധാനമന്ത്രി പറഞ്ഞിട്ടുപോലും ഹിന്ദുപക്ഷക്കാരായിരുന്ന ഗോവിന്ദ് വല്ലഭ്പന്തും വല്ലഭഭായ് പട്ടേലും ആവശ്യമായ നടപടിയെടുക്കുകയുണ്ടായില്ല. അതിക്രമം ഉപയോഗിച്ച് സ്ഥാപിച്ച രാമല്ലയെ പള്ളിയില്‍നിന്ന് പുറത്തേക്കാനയിച്ചില്ല. അതിനുശേഷം ഹിന്ദുവികാരം ആളിക്കത്തിയ കാലത്ത് ഹിന്ദുത്വത്തോട് സന്ധിചെയ്യുകയാണ് പ്രധാനമന്ത്രിമാരായ രാജീവ്ഗാന്ധിയും നരസിംഹറാവുവും ചെയ്തത്. പള്ളിയുടെ പൂട്ടുപൊളിച്ചതും കര്‍സേവചെയ്യാനനുവദിച്ചതും ഉദാഹരണങ്ങള്‍. പള്ളി പൊളിച്ചപ്പോള്‍ ഭരണയന്ത്രം തികച്ചും നിഷ്ക്രിയവുമായി.
പള്ളി പൊളിച്ചത് നിലവിലുള്ള നിയമപ്രകാരം ഒരു കുറ്റകൃത്യമാണ്. രണ്ടുദിവസങ്ങള്‍ക്കുമുമ്പ് ആഭ്യന്തരകാര്യമന്ത്രി ഈ കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ രഥയാത്ര നയിച്ച അദ്വാനിയോ, പള്ളിപൊളിക്കാന്‍ ആഹ്വാനംചെയ്ത മുരളി മനോഹര്‍ ജോഷിയോ, ഉമാഭാരതിയോ ശിക്ഷിക്കപ്പെട്ടില്ല. ഉത്തരവാദിത്തരഹിതമായി പ്രവര്‍ത്തിച്ച ഈ നേതാക്കന്മാള്‍ പൊതുപ്രവര്‍ത്തകരായി ഇന്നും വിലസുന്നു.
കോടതിയുടെ വിധിയില്‍ പല വൈരുദ്ധ്യങ്ങളുമുണ്ട്. ബാബറിമസ്ജിദ് നിന്നിരുന്ന സ്ഥലം ഹിന്ദുപക്ഷത്തിനു കൊടുക്കാന്‍ കാരണം 1949നുശേഷം അവിടെ പൂജ നടന്നിരുന്നു എന്നതാണ്. അതേ ന്യായം 1528 മുതല്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്ന മുസല്‍മാന്‍മാര്‍ക്ക് നിഷേധിക്കുകയും ചെയ്തിരിക്കുന്നു. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന പ്രാകൃത നിയമമാണ് കോടതി സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ആയിരക്കണക്കിന് പള്ളികളുണ്ട്. അവയില്‍ പലതും മുമ്പ് ക്ഷേത്രങ്ങളായിരുന്നു എന്ന് ഹിന്ദു വര്‍ഗ്ഗീയവാദികള്‍ അവകാശപ്പെടുന്നു. അവ തര്‍ക്കസ്ഥലങ്ങളാകാതിരുന്നത് അവയെക്കുറിച്ചുള്ള അവകാശവാദത്തെ ന്യായീകരിക്കാന്‍ ആവശ്യമായ രേഖകളോ തെളിവുകളോ ഇല്ല എന്നതാണ്. തെളിവുകളെന്തിന് ശരീരശേഷിയുണ്ടായാല്‍ മതി എന്ന സന്ദേശമാണ് കോടതി നല്‍കിയിരിക്കുന്നത്. അയോധ്യ കഴിഞ്ഞാല്‍ മഥുരയുടെയും കാശിയുടെയും ഊഴമാണെന്ന് വിശ്വഹിന്ദു പരിഷത്ത് പറഞ്ഞുകഴിഞ്ഞിരിക്കുന്നു. കോടതിവിധി അവര്‍ക്കുള്ള പച്ചക്കൊടിയായി പരിണമിച്ചേക്കും.
ഇന്ത്യയില്‍ നിലനിന്നിരുന്ന നിഷ്പക്ഷ ന്യായവ്യവസ്ഥയ്ക്കും മതേതരത്വത്തിനും ഏറ്റ കനത്ത പ്രഹരമാണ് ഈ വിധി. ഇതിന്റെ പ്രത്യാഘാതത്തില്‍നിന്ന് മുക്തിനേടാന്‍ വളരെ വലിയ വിലകൊടുക്കേണ്ടിവന്നേക്കും. പക്ഷേ ഒരു സുവര്‍ണ്ണ രേഖയുണ്ട്. ഈ പ്രതിസന്ധിയില്‍ ഇന്ത്യന്‍ ജനത കാണിച്ച സമചിത്തതയും തന്റേടവും. കോടതിവിധി എത്രതന്നെ വികടമാണെങ്കിലും നമ്മുടെ നിയമവ്യവസ്ഥയെ മാനിച്ചുകൊണ്ട്, ഉന്നതന്യായസ്ഥാനങ്ങളില്‍നിന്ന് പരിഹാരം തേടിക്കൊണ്ട്, മുന്നോട്ടുപോകാന്‍ വിവിധ മതസ്ഥര്‍ ഉള്‍ക്കൊള്ളുന്ന നമ്മുടെ സമൂഹത്തിന് കഴിയട്ടെ.
Subscribe to:
Post Comments (Atom)
No comments:
Post a Comment