മരുന്നും മനോരമയും
എം രഘുനാഥ്
ഓരോ തെരഞ്ഞെടുപ്പിലും കോഗ്രസിന് ഉത്തേജക 'മരുന്ന്' വിതരണം ചെയ്യുന്ന ദൌത്യം മനോരമയ്ക്കാണ്. ഇത്തവണ കരുതിവെച്ച രണ്ട് 'മരുന്നുകള്‍' ചീറ്റിപ്പോയി. ലോട്ടറിയും കള്ളും. ഗ്രൂപ്പിസത്തിലും ഘടകകക്ഷികളുടെ തമ്മിലടിയിലും ആടിയുലയുന്ന യുഡിഎഫിന്റെ തകര്‍ച്ചയില്‍ ഉല്‍ക്കണ്ഠയുള്ള മനോരമ ഇപ്പോള്‍ ഒളി ക്യാമറകളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒടുവില്‍ ഒളിക്യാമറയിലൂടെ കണ്ടെത്തിയത് മരുന്നുകളുടെ വന്‍ ശേഖരമാണ്. എങ്കില്‍ മരുന്ന് തന്നെ യുഡിഎഫിന് മരുന്നാകട്ടെ എന്നായി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ അഭൂതപൂര്‍വമായ തോതില്‍ മരുന്ന് കെട്ടിക്കിടക്കുന്നുവെന്നും ഇത് സൂക്ഷിക്കുന്നതില്‍ വീഴ്ചവരുത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നം സൃഷ്ടിക്കുമെന്നും ആണ് മനോരമയുടെ യുഡിഎഫിന് വേണ്ടിയുള്ള ഉല്‍ക്കണ്ഠ. ആശുപത്രികളിലെ സ്റ്റോര്‍ റൂമുകളിലും പരിസരത്തും സുക്ഷിച്ച മരുന്ന്പെട്ടികള് ഒളി ക്യാമറയിലൂടെ പകര്‍ത്തിയാണ് ആശുപത്രികളിലെ മരുന്നുകൂമ്പാരത്തെ കുറിച്ച് പറയുന്നത്. ഇങ്ങിനെ ചിത്രീകരിച്ച മനോരമ അറിയാതെ ഒരു സത്യം സമ്മതിക്കുകയാണ്. നാല് വര്‍ഷം മുമ്പ് മുമ്പ് മരുന്നും ഡോക്ടറും അടിസ്ഥാന സൌകര്യങ്ങളുമില്ലാതെ തകര്‍ന്നടിഞ്ഞ പൊതുജനാരോഗ്യ രംഗം ഇന്ന് കരുത്തിന്റെ പാതയിലാണെന്ന്. മരുന്ന് സംഭരണവും വിതരണവും അഴിമതിയില്‍ മുങ്ങിക്കുളിച്ച കഴിഞ്ഞ കാല അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായി സുതാര്യവും കാര്യക്ഷമവും അഴിമതിരഹിതവുമായ സംഭരണ-വിതരണ സംവിധാനത്തിലൂടെ കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ തൊട്ട് മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ വരെ അവശ്യമരുന്നുകള്‍ യഥേഷ്ടം ലഭ്യമാക്കിയിരിക്കുകയാണ്. ഇത് മാന്ത്രിക വിദ്യയല്ല. ഒരു ഗവര്‍മെന്റിന്റെ ഇഛാശക്തിയുടെ പ്രതിഫലനമാണ്. നാല് പതിറ്റാണ്ടിലേറെ കുത്തഴിഞ്ഞ നിലയിലായിരുന്ന ഒരു സംവിധാനത്തെയാണ് അടിമുടി അഴിച്ചുപണിത് ഇന്നത്തെ നിലയിലാക്കിയത്. ഇതിനായി രൂപീകരിച്ച മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനെ തകര്‍ക്കാന്‍ മനോരമയും മരുന്നുമാഫിയയും നടത്തിയ ശ്രമങ്ങള്‍ ചെറുതല്ല. ഇതിനെയെല്ലാം അതിജീവിച്ചാണ് ബാലാരിഷ്ടതകള്‍ വിട്ടുമാറുംമുമ്പേ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായി കോര്പ്പറേഷന് മാറിയത്. ഓരോ ആരോഗ്യ കേന്ദ്രങ്ങളിലും അടുത്ത മൂന്നു മാസത്തേക്കുള്ള മരുന്നാണ് സ്റ്റോക്ക് ചെയ്തിരിക്കുന്നത്. മുന്‍കാലങ്ങളില്‍ സ്ഥിതിയെന്തായിരുന്നുവെന്ന് മനോരമയുടെ പഴയ താളുകള്‍ നോക്കിയാല്‍ മനസ്സിലാവും. മുറിവ് വെച്ച് കെട്ടാന്‍ പഞ്ഞി പോലുമില്ലെന്ന പഴയ കാലം മാറി. ഇങ്ങിനെ വരുമ്പോള്‍ പുതിയ പ്രശ്നങ്ങള്‍ സ്വാഭാവികം. വാങ്ങിക്കുന്ന മരുന്നുകള്‍ സംഭരിക്കുന്നതിനുള്ള മുന്‍കാല സംവിധാനങ്ങളും തികച്ചും അപര്യാപ്തമായിരുന്നു. ഇത് പരിഹരിക്കുന്നതിന് ഓരോ ജില്ലയിലും വെയര്‍ഹൌസ് സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് കോര്പ്പറേഷന്. കണ്ണൂരില്‍ കെട്ടിട നിര്‍മ്മാണത്തിന് തറക്കല്ലിട്ടു. ഓരോ ആശുപത്രിയിലും ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ മന്ത്രി പി കെ ശ്രീമതിയുടെ നിര്‍ദ്ദേശപ്രകാരം നടപടികള്‍ തുടങ്ങി. ഇതിനിടയിലാണ് മനോരമയുടെ ഒളി ക്യാമറ പ്രയോഗം. ഏതാനും ആഴ്ച മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ ഒളിക്യാമറ പ്രയോഗം ചീറ്റിപ്പോയിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച പഴയ കഥ പുതിയ രൂപത്തില്‍ അവതരിപ്പിച്ചത്. മരുന്ന് സംഭരണത്തിന്റെയും വിതരണത്തിന്റെയും മറവില്‍ നടന്ന പ്രതിവര്‍ഷം 50 കോടിയിലേറെ രൂപയുടെ വെട്ടിപ്പാണ് ഇല്ലാതാക്കിയത്. മരുന്ന് സംഭരണത്തിന്റെ ചുമതലക്കാരുടേയും ഇടനിലക്കാരുടേയും കീശകള്‍ വീര്ത്തപ്പോള് സര്‍ക്കാര്‍ ആശുപത്രികളിലെ ഫാര്‍മസികള്‍ ശൂന്യമായി. നടത്തിപ്പുകാര്‍ മണിമാളികകളും റിസോര്‍ട്ടുകളും എസ്റ്റേറ്റുകളും വാങ്ങിക്കൂട്ടി. കഴിഞ്ഞ നാല് വര്‍ഷമായി ഈ തുക കൂടി പാവപ്പെട്ട രോഗികള്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ ഉപയോഗിക്കാനാകുമെന്ന് തെളിയിച്ചു. ഇതോടെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ തൊട്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ ചികല്‍സ തേടിയെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യമായി മരുന്ന് ലഭ്യമാക്കി. സെന്‍ട്രല്‍ പര്‍ച്ചേയ്സ് കമ്മിറ്റിയിലൂടെ സംസ്ഥാനത്ത് പ്രതിവര്‍ഷം 100 മുതല്‍ 120 കോടി രൂപയുടെ മരുന്നും അനുബന്ധ ഉപകരണങ്ങളുമാണ് വാങ്ങിയിരുന്നത്. ഇതിന് പുറമെ ആശുപത്രികളില്‍ മരുന്ന് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 50 കോടിയോളം രൂപയുടെ മരുന്നും വാങ്ങിയിരുന്നു. എന്നാല്‍ പാവപ്പെട്ട രോഗികള്‍ക്ക് 100 കോടി രൂപയുടെ ഗുണം പോലും ലഭിക്കാറില്ല. അത്യന്തം വിചിത്രമായ രീതിയിലാണ് 2006 വരെ മരുന്ന് വാങ്ങിവന്നിരുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ തൊട്ട് മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ തൊട്ടു മുന്‍ വര്‍ഷം വാങ്ങിയ മരുന്നിന്റെ പത്ത് ശതമാനം കൂടതല്‍ കണക്കാക്കി നടപ്പു വര്‍ഷം വാങ്ങുകയെന്നതാണ് രീതി. ഇതനുസരിച്ച് ജില്ലാതലത്തില്‍ ലിസ്റ്റ് തയ്യാറാക്കി സെന്‍ട്രല്‍ പര്‍ച്ചേയ്സ് കമ്മിറ്റിക്ക് നല്‍കും. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ മരുന്ന് പൂര്‍ണ്ണമായും ഉപയോഗിച്ചിരുന്നുവോ, ബാക്കിയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചിരുന്നില്ല. ഇതില്‍ 20 മുതല്‍ 30 ശതമാനം വരെ ഇനം മരുന്നുകള്‍ തീരെ ചെലവായിട്ടുണ്ടാവില്ലെങ്കിലും വീണ്ടും വാങ്ങിക്കൂട്ടും. അതേസമയം, കൂടുതല്‍ ചെലവാകുന്ന മരുന്നുകള്‍ വാങ്ങുകയുമില്ല. ഇത് ആശുപത്രികളില്‍ മരുന്ന് ക്ഷാമത്തിനും ഇടയാക്കിയിരുന്നു. മരുന്നുകമ്പനികളുടെ ഇടനിലക്കാര്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നല്കുന്ന കോഴയുടെ കനം കൂടി നോക്കിയായിരിക്കും മരുന്നുകളുടെ ഇന്‍ഡന്റ് തയ്യാറാക്കുക. ഒരു വര്‍ഷത്തേക്കുള്ള മരുന്നിന് ഒന്നിച്ച് ഓര്‍ഡര്‍ കൊടുക്കുന്നതാണ് സിപിസി രീതി. ഇത് നാല് ക്വാര്‍ട്ടറുകളായി കമ്പനികള്‍ വിതരണം ചെയ്യണമെന്നാണ് ചട്ടം. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള മരുന്നിന് ഈ വര്‍ഷം ജനുവരിയില്‍ തന്നെ ഓര്‍ഡര്‍ നല്‍കണമെന്നും വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇത് അകാരണമായി നീട്ടും. ഇങ്ങിനെ മെയ് 15 ആവുമ്പോള്‍ മാത്രമേ രജിസ്ട്രേഷന്, ടെണ്ടര്‍, പരിശോധന എന്നിവ പൂര്‍ത്തിയാക്കിയ ശേഷം മരുന്നിന് ഓര്‍ഡര്‍ നല്‍കൂ. ഇങ്ങിനെ നല്കിയ ഓര്‍ഡര്‍ അനുസരിച്ച് മരുന്ന് ലഭിക്കുമ്പോഴേക്കും ആദ്യ ക്വാര്‍ട്ടര്‍ കഴിയും ചുരുക്കത്തില്‍ മരുന്ന് കിട്ടാന്‍ മൂന്ന് മാസത്തെ കാലതാമസം ഓരോ ക്വാര്‍ട്ടറിലും ഉണ്ടാവും. ഈ കൃത്രിമമായ കാലതാമസവും കൃത്രിമ മരുന്ന്ക്ഷാമത്തിനും അതുവഴി അഴിമതിക്കും ഇടയാക്കിയിരുന്നു. കമ്പനികള്‍ നല്കുന്ന മരുന്നിന്റെ കണക്ക് അതത് സമയം ബന്ധപ്പെട്ടവരെ അറിയിക്കുന്നതില്‍ കൃത്രിമ വീഴ്ച വരുത്തിയാണ് മറ്റൊരുവെട്ടിപ്പ്. ബന്ധപ്പെട്ടവര്‍ക്ക് കാണിക്ക വെച്ചാല്‍ മാത്രമേ മരുന്നിന്റ കണക്ക് നല്‍കൂ. കണക്ക് കിട്ടിയാല്‍ മാത്രമേ കമ്പനികള്‍ക്ക് കാശ് കിട്ടൂ. മരുന്ന് നല്കി 30 ദിവസത്തിനുള്ളില്‍ കാശ് നല്‍കണമെന്ന വ്യവസ്ഥയാണ് ഇതുവഴി അട്ടിമറിക്കുന്നത്. കാശ് കിട്ടാന്‍ കമ്പനി ഇടനിലക്കാരെ നിയോഗിക്കും. താഴെ തട്ട് മുതല്‍ മേലോട്ട് വരെ ഈ ഇടനിലക്കാര്‍ മുഖേന വിഹിതം നല്‍കണം. ഓരോ കമ്പനികളും ടെണ്ടറില്‍ പങ്കെടുക്കുമ്പോള്‍ ഇതെല്ലാം കണക്കിലെടുത്താവും ക്വട്ടേഷന്‍ നല്‍കുക. അതായത് കമ്പനികള്‍ക്ക് യഥാര്‍ഥത്തില്‍ മരുന്ന് നല്കാന് കഴിയുന്ന വിലയേക്കാള്‍ 30 മുതല്‍ 40 ശതമാനം വരെ കൂടുതല്‍ ക്വാട്ട് ചെയ്യും. ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകള്‍ മിക്കപ്പോഴും സിപിസി മുഖേന വാങ്ങില്ല. ഇങ്ങിനെ വരുമ്പോഴും ലോക്കല്‍ പര്ച്ചേയ്സിനെ ആശ്രയിക്കും. അതല്ലെങ്കില്‍ ആശുപത്രികള്‍ക്ക് പുറത്തുള്ള സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും വാങ്ങും. ഈ വഴിയിലൂടെയും കോടികളുടെ ക്രമക്കേടാണ് നടന്നിരുന്നത്. ഇതെല്ലാം തടഞ്ഞ് തികച്ചും സുതാര്യമായ രീതിയിലാണ് മൂന്ന് വര്ഷമായികോര്പ്പറേഷന്റെ പ്രവര്‍ത്തനം. മരുന്നിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും വിപുലമായ ക്രമീകരണങ്ങള്‍ വരുത്തി. ഇതിന്റെയെല്ലാം ഗുണഫലങ്ങളാണ് ഇന്ന് സര്‍ക്കാര്‍ ആശുപത്രികളിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് ലഭിക്കുന്നത്. പാവങ്ങളെ സഹായിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ കാണാന്‍ മനോരമക്ക് കണ്ണില്ലാതെപോയി.
1 comment:
????????
Post a Comment