Tuesday, August 24, 2010

സമൃദ്ധിയുടെ ഓണം



സമൃദ്ധിയുടെ ഓണം

ഓണം മലയാളിയുടെ വികാരമാണ്. ഓണമുണ്ണുന്നതിനായി കാണം വില്‍ക്കാനും മടിയില്ലാത്തവനാണ് മലയാളി എന്നു പറയുമ്പോള്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ദരിദ്രര്‍ക്കും ആഘോഷിക്കാനും ആനന്ദിക്കാനുമുള്ള സവിശേഷ ഉത്സമാണ് ഓണം എന്ന ഉദാത്തമായ സങ്കല്‍പ്പമാണ് തെളിയുന്നത്. ഇത്തവണ ഓണക്കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ വിപണിയിലും തൊഴില്‍ രംഗത്തും നടത്തിയ ഇടപെടലുകള്‍ മലയാളിയുടെ ഓണത്തെ സമൃദ്ധിയുടെ ഉത്സവമായി അക്ഷരാര്‍ഥത്തില്‍ ഉയര്‍ത്തുന്നതാണ്. അത്തരം നടപടികള്‍ എണ്ണിയെണ്ണിപ്പറയുന്നതിനുപകരം, കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്ന ഒരൊറ്റ പരിപാടിയെക്കുറിച്ചു മാത്രമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. മാനന്തവാടിയിലെ പ്രിയദര്‍ശിനി ടീ എസ്റ്റേറ്റില്‍ പട്ടികവര്‍ഗ തൊഴിലാളികള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച ചടങ്ങാണത്. കഴിഞ്ഞ നാലുവര്‍ഷത്തെ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ പ്രതീകമാണ് പ്രിയദര്‍ശിനി എസ്റ്റേറ്റ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഈ സര്‍ക്കാര്‍ നടപ്പാക്കിയ എണ്ണമറ്റ പദ്ധതികളെയും നേട്ടങ്ങളെയും മറച്ചുപിടിക്കാനും മോശപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ആ എസ്റ്റേറ്റില്‍ ഉണ്ടായ വികസനം. നൂറ്റാണ്ടുകളായി കേരളത്തില്‍ നിലനിന്നിരുന്ന അടിമവ്യാപാരവും അടിമവേലയും അവസാനിപ്പിച്ച് അതില്‍നിന്ന് മോചിതരായ ആദിവാസികളെ പുനരധിവസിപ്പിച്ച് തൊഴില്‍ നല്‍കുന്നതിനായി സ്ഥാപിച്ചതാണ് പ്രിദര്‍ശിനി തേയിലത്തോട്ടം. 1980-82ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് പ്രിയദര്‍ശിനി ടീ എസ്റ്റേറ്റ് എന്ന ആശയം രൂപപ്പെട്ടത്. 1999-2000 വരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവെങ്കിലും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സൊസൈറ്റിയുടെ പ്രവര്‍ത്തനം താറുമാറാവുകയും 2005ല്‍ ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. സമീപ നാളുകളില്‍ ഈ സ്ഥാപനത്തില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ അഴിമതികള്‍ സംബന്ധിച്ച വാര്‍ത്ത തുടരെത്തുടരെ വന്നു. അഞ്ചുകോടിയിലധികം രൂപയുടെ അഴിമതിയാണ് പുറത്തുവന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരും ടീ ബോര്‍ഡും ചേര്‍ന്ന് 51.24 കോടി രൂപ പ്ളാന്റേഷന്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനായി അനുവദിച്ചിരുന്നു. പക്ഷേ, ഓരോ വര്‍ഷവും സ്ഥാപനം നഷ്ടം വര്‍ധിച്ച് നശിക്കുന്ന സ്ഥിതിയാണുണ്ടായത്. ഇതിന്റെയൊക്കെ ഫലമായാണ് 2005ല്‍ ഈ ഫാക്ടറി അടച്ചുപൂട്ടിയത്. തൊഴിലാളികള്‍ക്കാണെങ്കില്‍ ശമ്പളവുമില്ല, ബോണസുമില്ല. എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് തുക അടയ്ക്കാതായി. ജോലിയും കൂലിയുമില്ലാതെ പട്ടിണിയും രോഗവും ഒക്കെക്കൊണ്ട് അക്കാലത്ത് തൊഴിലാളികള്‍ നരകയാതനയാണ് അനുഭവിച്ചത്. 1984ല്‍ പണിതു നല്‍കിയ വീടുകള്‍ മിക്കതും ചോര്‍ന്നൊലിച്ച് താമസിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി. പലരും സ്വന്തം വീടും തൊഴിലും ഉപേക്ഷിച്ച് മറ്റു തൊഴിലുകള്‍ തേടിപ്പോയി. 2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഫാക്ടറി അറ്റകുറ്റപ്പണി നടത്തി പുനരുദ്ധരിക്കുന്നതിനും തൊഴിലാളികളെ സംരക്ഷിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. 89 പുതിയ വീട് നിര്‍മിക്കുന്നതിന് ഒരു കോടി രൂപ അനുവദിച്ചു. 50 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. തൊഴിലാളികളുടെ പിഎഫ്, ശമ്പളം, ബോണസ് കുടിശ്ശികകള്‍ തീര്‍ക്കുന്നതിനായി 1.6 കോടി രൂപ അനുവദിച്ചു. കഴിഞ്ഞവര്‍ഷം 10 ലക്ഷം കിലോഗ്രാം തേയില ഉല്‍പ്പാദനത്തിലൂടെ ഈ തോട്ടത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദനനേട്ടം കൈവരിച്ചു. തൊഴിലാളികള്‍ക്ക് സൊസൈറ്റിതന്നെ സൌജന്യ ഉച്ചഭക്ഷണവും ചികിത്സാ സൌകര്യവും ഏര്‍പ്പെടുത്തി. ഇപ്പോള്‍ ഒരു കുടുംബത്തില്‍ രണ്ടുപേര്‍ക്കുവീതം 350 കുടുംബത്തിന് ഒരു വര്‍ഷം 300 ദിവസം വീതം തൊഴില്‍ ലഭിക്കുന്നു. ഈ വര്‍ഷം 13.5 ശതമാനം ബോണസ് അനുവദിച്ചു. ഇന്ത്യക്കാകെ മാതൃകയായി മറ്റെങ്ങുമില്ലാത്ത ആദിവാസി തൊഴിലാളികളുടെ സഹകരണ മുന്നേറ്റമാണ് പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ നടക്കുന്നത്. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമായി ചൂണ്ടിക്കാട്ടാനുള്ള അനേകം അനുഭവങ്ങളില്‍ ഒന്നുമാത്രമാണിത്. എല്ലാ മേഖലയിലും സമാനമായ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാകും. ഓണക്കാലം ബോണസ് തര്‍ക്കങ്ങളുടെയും വിലക്കയറ്റത്തിന്റെയും പട്ടിണി സമരത്തിന്റെയുമൊക്കെ കാലമായി മാറുന്നതാണ് പലപ്പോഴും നമ്മുടെ അനുഭവം. അതൊന്നുമില്ലാത്ത ഒന്നാണിവിടെ ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ ഓണക്കാലത്തെ ക്രിയാത്മകമായ ഇടപെടലുകള്‍ വിശദമായി പ്രതിപാദിക്കേണ്ട വിഷയമാണ് എന്നതിനാല്‍ അതിലേക്കു കടക്കാതെ, പ്രിയദര്‍ശിനി എസ്റ്റേറ്റിന്റെ ഉന്നമനവും അവിടത്തെ തൊഴിലാളികള്‍ക്ക് ലഭിച്ച പാര്‍പ്പിടങ്ങളും ഒരു പ്രതീകമായി ചൂണ്ടിക്കാണിക്കുക മാത്രമാണിവിടെ. സംസ്ഥാനത്ത് സര്‍ക്കാരിന്റെ സഹായം ലഭിക്കാത്ത ഒരു കുടംബം പോലുമുണ്ടാവില്ല എന്ന യാഥാര്‍ഥ്യംകൂടിയാണ് ഇവിടെ വ്യക്തമാകുന്നത്. ഈ മാതൃകാപരമായ ഇടപെടലാണ് ജനങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നത്. അതിന് സര്‍ക്കാരിന് കഴിയട്ടെ എന്ന് ആശംസിക്കുന്നതിനൊപ്പം കേരളീയര്‍ക്കാകെ ഐശ്വര്യപൂര്‍ണമായ ഓണം ആശംസിക്കുന്നു.

1 comment:

ജനശബ്ദം said...

സമൃദ്ധിയുടെ ഓണം

ഓണം മലയാളിയുടെ വികാരമാണ്. ഓണമുണ്ണുന്നതിനായി കാണം വില്‍ക്കാനും മടിയില്ലാത്തവനാണ് മലയാളി എന്നു പറയുമ്പോള്‍ സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ദരിദ്രര്‍ക്കും ആഘോഷിക്കാനും ആനന്ദിക്കാനുമുള്ള സവിശേഷ ഉത്സമാണ് ഓണം എന്ന ഉദാത്തമായ സങ്കല്‍പ്പമാണ് തെളിയുന്നത്. ഇത്തവണ ഓണക്കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ വിപണിയിലും തൊഴില്‍ രംഗത്തും നടത്തിയ ഇടപെടലുകള്‍ മലയാളിയുടെ ഓണത്തെ സമൃദ്ധിയുടെ ഉത്സവമായി അക്ഷരാര്‍ഥത്തില്‍ ഉയര്‍ത്തുന്നതാണ്.