ലാല്‍ഗഢ് റാലി പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍..
ന്യൂഡല്‍ഹി: മാവോയിസ്റുകളുമായി സഹകരിച്ച് കേന്ദ്രമന്ത്രി റാലി നടത്തുന്നതിനോട് സര്‍ക്കാര്‍ പ്രതികരിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യമുയര്‍ന്നു. ലോക്സഭയിലും രാജ്യസഭയിലും റെയില്‍മന്ത്രി മമത ബാനര്‍ജിയുടെ മാവോയിസ്റ് ബന്ധം ചര്‍ച്ചയായി. എന്നാല്‍, മമതയെ സംരക്ഷിക്കുന്ന നിലപാടാണ് കോഗ്രസ് സ്വീകരിച്ചത്. രാവിലെ ലോക്സഭ ചേര്‍ന്നപ്പോള്‍ത്തന്നെ സിപിഐ എം അംഗങ്ങള്‍ വിഷയം ഉന്നയിച്ചു. ശൂന്യവേളയില്‍ ചര്‍ച്ചചെയ്യാമെന്ന് സ്പീക്കര്‍ മീരാകുമാര്‍ ഉറപ്പുനല്‍കി. ശൂന്യവേളയില്‍ വിഷയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ വിളിക്കാതിരുന്നതിനെതുടര്‍ന്ന് സിപിഐ എം അംഗങ്ങളായ ബന്‍സ്ഗോപാല്‍ ചൌധരി, എ സമ്പത്ത്, എം ബി രാജേഷ് തുടങ്ങിയവര്‍ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന്, വിഷയം അവതരിപ്പിക്കാന്‍ അനുമതി നല്‍കി. രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയായാണ് പ്രധാനമന്ത്രിതന്നെ മാവോയിസ്റുകളെ വിശേഷിപ്പിച്ചിട്ടുള്ളതെന്ന് സമ്പത്ത് പറഞ്ഞു. എന്നാല്‍, ഒരു കേന്ദ്രമന്ത്രിതന്നെ അവരുമായി കൂട്ടുചേരുന്നു. യുപിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയാണ് മാവോയിസ്റുകളുമായി യോജിച്ച് റാലി നടത്തുന്നത്്- സമ്പത്ത് പറഞ്ഞു. രാജ്യസഭയില്‍ ശൂന്യവേളയില്‍ സിപിഐ എം അംഗം പ്രശാന്ത ചാറ്റര്‍ജി വിഷയം ഉന്നയിച്ചു. സര്‍ക്കാരിനെ നയിക്കുന്നവര്‍തന്നെ മാവോയിസ്റുകളുമായി കൂട്ടുകൂടുന്നത് നിര്‍ഭാഗ്യകരമാണെന്നും കേന്ദ്രം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ചാറ്റര്‍ജി പറഞ്ഞു. മറ്റു പ്രതിപക്ഷപാര്‍ടി അംഗങ്ങളും സര്‍ക്കാര്‍ പ്രതികരിക്കണമെന്ന ആവശ്യത്തെ പിന്തുണച്ചു. വിഷയത്തിന്റെ ഗൌരവം സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുവെന്നും ശ്രദ്ധയില്‍ എടുത്തിട്ടുണ്ടെന്നും കേന്ദ്രമന്ത്രി അംബികാസോണി പറഞ്ഞു. എന്നാല്‍, വാര്‍ത്താസമ്മേളനത്തില്‍ ലാല്‍ഗഢ് റാലിയെ കോഗ്രസ് ന്യായീകരിച്ചു. ബുദ്ധിജീവികളും കലാകാരന്മാരും പങ്കെടുത്തിട്ടുണ്ടെന്നും അതുകൊണ്ട് റാലിയെ എതിര്‍ക്കേണ്ടതായി തോന്നുന്നില്ലെന്നും കോഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു.
No comments:
Post a Comment