പത്രഭാഷയെ സമ്പുഷ്ടമാക്കാനുള്ള ആഹ്വാനവുമായി ശില്‍പ്പശാല
തൃശൂര്‍: ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തുന്ന പത്രഭാഷയെ സമ്പുഷ്ടമാക്കാന്‍ പത്രപ്രവര്‍ത്തകരുടെ അന്വേഷണം തുടരണമെന്ന ആഹ്വാനവുമായി പത്രഭാഷ ശില്‍പ്പശാല. സാഹിത്യ അക്കാദമിയും പത്രപ്രവര്‍ത്തക യൂണിയനും തൃശൂര്‍ സാഹിത്യഅക്കാദമി ഹാളിലാണ് രണ്ടുനാള്‍ നടക്കുന്ന ശില്‍പശാല ഒരുക്കിയത്. മലയാളഭാഷയെ കൂടുതല്‍ തിളക്കമുള്ളതാക്കേണ്ടതിന്റെ അനിവാര്യതകളിലേക്ക് വെളിച്ചംവീശുന്നതായിരുന്നു ആദ്യദിവസത്തെ സെമിനാറുകള്‍. ഭാഷയും ശൈലിയും പദസമ്പത്തും വളര്‍ത്താനുള്ള പത്രങ്ങളുടെയും പത്രപ്രവര്‍ത്തകരുടെയും കടമ, ഭാഷ നേരിടുന്ന വെല്ലുവിളി, ഭാഷയെ കൊല്ലുന്ന പ്രവണത, സാധാരണക്കാരന് മനസ്സിലാകുന്ന ലളിതമായ ഭാഷാപ്രയോഗം, ജനാധിപത്യം ശക്തിപ്പെടുമ്പോഴും ജനകീയ പത്രഭാഷ രൂപപ്പെടാത്തത്, പദപ്രയോഗത്തിലെ അധിനിവേശ സംസ്കാരം, പത്രഭാഷയിലെ ക്രിയാത്മകത തുടങ്ങിയ ചര്‍ച്ചകളും പ്രഭാഷണങ്ങളും സര്‍വതലസ്പര്‍ശിയായി. ഉദ്ഘാടനത്തിന് ശേഷം പത്രഭാഷയും സംസ്കാര രൂപീകരണവും എന്ന വിഷയത്തില്‍ സംവാദം നടന്നു. പത്രഭാഷാപ്രയോഗത്തിലെ വൈകല്യവും അത് സമൂഹത്തില്‍ സൃഷ്ടിക്കുന്ന സ്വാധീനവും തുറന്നുകാട്ടുന്നതായി ഈ സെഷനിലെ പ്രഭാഷണങ്ങള്‍. കെ വി കുഞ്ഞിരാമന്‍ (ദേശാഭിമാനി) മോഡറേറ്ററായി. പ്രൊഫ. കെ പി ശങ്കരന്‍, കെ സി നാരായണന്‍ (ഭാഷാപോഷിണി), എം പി സുരേന്ദ്രന്‍ (മാതൃഭൂമി) എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. വി എം രാധാകൃഷ്ണന്‍ സ്വാഗതവും ശ്രീല പിള്ള നന്ദിയും പറഞ്ഞു. ഏറ്റവും കൂടുതല്‍ വായനക്കാരുള്ള കായികവാര്‍ത്തകളുടെ ഭാഷാ പ്രയോഗത്തിന്റെ വിപുലമായ സാധ്യത ചൂണ്ടിക്കാട്ടുന്നതായി സ്പോര്‍ട്സും ഭാഷയും എന്ന സെമിനാര്‍. ഫിറോസ് ഖാന്‍ (മാധ്യമം) മോഡറേറ്ററായി. എ വിനോദ് (ദി ഹിന്ദു), കമാല്‍ വരവൂര്‍ (ചന്ദ്രിക) എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. ജലീല്‍ ഖാദര്‍ സ്വാഗതവും മഠത്തില്‍ രവി നന്ദിയും പറഞ്ഞു. എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും പങ്കെടുത്ത സംവാദവും ഉണ്ടായി. വൈശാഖന്‍ മോഡറേറ്ററായി. മേയര്‍ ആര്‍ ബിന്ദു സംസാരിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വാര്‍ത്ത: വായനയും കാഴ്ചയും, 11ന് പത്രഭാഷയുടെ രാഷ്ട്രീയം, രണ്ടിന് പത്രഭാഷയുടെ ഭാവി എന്നീ വിഷയങ്ങളില്‍ സെമിനാര്‍ നടക്കും. 3.30ന് സമാപനസമ്മേളനം സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ഐസക് മുഖ്യാതിഥിയാകും.
No comments:
Post a Comment