വിദ്യാഭ്യാസം സംരക്ഷിക്കാന്‍ യോജിച്ച പോരാട്ടം.
ന്യൂഡല്‍ഹി: വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന യുപിഎ സര്‍ക്കാര്‍ നയത്തിനെതിരായ പോരാട്ടം ശക്തമാക്കാന്‍ അഖിലേന്ത്യാ വിദ്യാഭ്യാസ കവന്‍ഷന്‍ തീരുമാനിച്ചു. വിദ്യാര്‍ഥി-യുവജന-അധ്യാപക സംഘടനകളും സര്‍വകലാശാല ജീവനക്കാരും രക്ഷാകര്‍തൃ സംഘടനകളും ചേര്‍ന്നാണ് കവന്‍ഷന്‍ വിളിച്ചുചേര്‍ത്തത്. ഓരോ മേഖലയിലും തുടരുന്ന തനത് പ്രക്ഷോഭങ്ങളെ ഏകോപിപ്പിക്കുമെന്നും കവന്‍ഷന്‍ പ്രഖ്യാപിച്ചു. കൂടുതല്‍ പേര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുന്ന തരത്തിലുള്ള പരിഷ്കാരങ്ങളാണ് നടപ്പാക്കേണ്ടതെന്ന് കവന്‍ഷന്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസനയം രൂപീകരിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ പങ്ക് കവരുന്നതിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പിന് കവന്‍ഷന്‍ ആഹ്വാനംചെയ്തു. പാര്‍ലമെന്റിനും നിയമസഭകള്‍ക്കുംപോലും വിദ്യാഭ്യാസ നയരൂപീകരണത്തിലുള്ള പങ്ക് ഇല്ലാതാക്കുന്ന വിധത്തിലാണ് പരിഷ്കാരം. വിദ്യാഭ്യാസമേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപത്തെ ചെറുക്കും. സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കല്‍പ്പിത സര്‍വകലാശാല പദവി നല്‍കുന്നത് ശരിയായ നീക്കമല്ലെന്നും കവന്‍ഷന്‍ ചൂണ്ടിക്കാട്ടി. സെക്കന്‍ഡറി വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസ അവകാശനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, പിപിപി മാതൃകയെന്നപേരില്‍ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നത് തടയുക, പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് അനുവദിക്കുക, വിദൂര വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി, സിപിഐ സെക്രട്ടറി ഡി രാജ, ആര്‍എസ്പി ജനറല്‍ സെക്രട്ടറി അബനി റോയ്, എസ്എഫ്ഐ ജനറല്‍ സെക്രട്ടറി ഋതബ്രത ബാനര്‍ജി, ജോയിന്റ് സെക്രട്ടറി വി ശിവദാസന്‍, ഡിവൈഎഫ്ഐ ട്രഷറര്‍ പുഷ്പേന്ദ്ര ത്യാഗി എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)
No comments:
Post a Comment