പത്രഭാഷ വളരുന്നത് ഭാഷയ്ക്ക് മുതല്‍ക്കൂട്ട്: എം ടി
തൃശൂര്‍: പത്രഭാഷയുടെ വളര്‍ച്ച മലയാളഭാഷക്ക് മുതല്‍ക്കൂട്ടാണെന്ന് എം ടി വാസുദേവന്‍നായര്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമിയും പത്രപ്രവര്‍ത്തക യൂണിയനും സംഘടിപ്പിച്ച പത്രഭാഷ ശില്‍പ്പശാല തൃശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പദസമ്പത്തും പുതിയ ശൈലിയും ഉണ്ടാക്കാന്‍ അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ശ്രമിക്കണം. പത്രങ്ങള്‍ കണ്ടെത്തുന്ന വാക്കുകള്‍ ഭാഷയിലേക്ക് കടന്നുവന്ന് ഭാഷയെ സമ്പന്നമാക്കണം. അതിന് പുതിയ ശൈലികള്‍ ഉണ്ടാക്കണം. പ്രാദേശികഭാഷകളില്‍ പുതിയ വാക്കുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. ആവര്‍ത്തനം മാത്രമാണുള്ളത്. ലോകത്ത് ഇന്ന് നൂറ്റിയറുപതോളം പ്രാദേശികഭാഷകള്‍ ഇല്ലാതാവുകയാണ്. ഗ്രാമീണജീവിതത്തിലെ മാഞ്ഞുപോയ പദങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പത്രങ്ങള്‍ക്കാകും. എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നകാര്യം ആലോചിച്ച് തീരുമാനിക്കണം. അറിയേണ്ട പലകാര്യങ്ങളും ഇന്ന് പത്രങ്ങള്‍ അറിയിക്കുന്നില്ല. അതേസമയം അനാവശ്യമായ ഒരുപാട് കാര്യങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നു. ആങ്സാന്‍ സൂക്കിയെ 32 വര്‍ഷം തടവിലിട്ട മ്യാന്‍മറിലെ പട്ടാളമേധാവി ഇന്ത്യയിലെത്തിയത് മാധ്യമങ്ങള്‍ അറിഞ്ഞഭാവം കാണിച്ചില്ലെന്നും എംടി ചൂണ്ടിക്കാട്ടി. സാഹിത്യ അക്കാദമി പ്രസിഡന്റ് പി വത്സല അധ്യക്ഷയായി. അക്കാദമി വൈസ് പ്രസിഡന്റ് പ്രഭാവര്‍മ, തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ, പ്രസ് അക്കാദമി ചെയര്‍മാന്‍ എസ് ആര്‍ ശക്തിധരന്‍, മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ്, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എന്‍ പി രാജേന്ദ്രന്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി സ്വാഗതവും സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി നന്ദിയും പറഞ്ഞു. ശില്‍പ്പശാല ചൊവ്വാഴ്ച സമാപിക്കും.
No comments:
Post a Comment