Tuesday, August 24, 2010

ആണവബാധ്യതാ ബില്‍ വീണ്ടും പ്രതിസന്ധിയില്‍.

ആണവബാധ്യതാ ബില്‍ വീണ്ടും പ്രതിസന്ധിയില്

ഡല്‍ഹി: ആണവ റിയാക്ടറുകള്‍ നല്‍കുന്ന വിദേശ കമ്പനികളെ നഷ്ടപരിഹാരബാധ്യതയില്‍നിന്ന് പൂര്‍ണമായും ഒഴിവാകുംവിധം സംരക്ഷിച്ചും സ്വകാര്യകമ്പനികള്‍ക്ക് ആണവമേഖലയില്‍ പ്രവേശനം ഉറപ്പാക്കിയും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി പുറത്തായതോടെ ആണവബാധ്യതാ ബില്‍ വീണ്ടും അനിശ്ചിതത്വത്തില്‍. അപകടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ നിലവാരമില്ലാത്ത ആണവഘടകങ്ങള്‍ നല്‍കിയാല്‍മാത്രമേ വിദേശകമ്പനികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാവൂ എന്ന പുതിയ വ്യവസ്ഥയാണ് ബില്ലിലെ പതിനേഴാം വകുപ്പില്‍ കൂട്ടിച്ചേര്‍ത്തത്. പുതിയ ഭേദഗതിപ്രകാരം റിയാക്ടറിലെ പാളിച്ച വിദേശകമ്പനി ബോധപൂര്‍വം വരുത്തിയതാണെന്ന് തെളിയിച്ചാല്‍മാത്രമേ ബാധ്യത അവകാശപ്പെടാനാവൂ. രാജ്യതാല്‍പ്പര്യം കൂടുതല്‍ അപകടപ്പെടുത്തുന്നതാണ് പുതിയ ഭേദഗതികളെന്ന് ഇടതുപക്ഷ പാര്‍ടികള്‍ വ്യക്തമാക്കി. ബില്ലില്‍ പ്രഥമദൃഷ്ട്യാ മാറ്റം വന്നിട്ടുണ്ടെന്ന് ബിജെപിയും പ്രതികരിച്ചു. ബില്ല് പൂര്‍ണമായി പരിശോധിച്ചേ പിന്തുണയ്ക്കുന്ന കാര്യം തീരുമാനിക്കുകയുള്ളുവെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു. ഭേദഗതികളോടെ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയ ബില്ലിലാണ് വിദേശകമ്പനികളെ സഹായിക്കുന്നതിന് പുതിയവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്്. ബില്ലില്‍ 18 ഭേദഗതിയാണ് വെള്ളിയാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വരുത്തിയത്. ഇടതുപക്ഷവും ബിജെപിയും എതിര്‍പ്പ് അറിയിച്ച ആന്‍ഡ് എന്ന പദം നീക്കംചെയ്തെങ്കിലും ബില്ലിലെ 17(ബി) വകുപ്പില്‍ വിദേശ റിയാക്ടര്‍ കമ്പനികള്‍ക്ക് അനുകൂലമായ വിധത്തില്‍ മന്ത്രിസഭ ഭേദഗതികള്‍ കൊണ്ടുവരികയായിരുന്നു. വിദേശ റിയാക്ടര്‍ കമ്പനിയുടെയോ ജീവനക്കാരുടെയോ ബോധപൂര്‍വമായ നടപടിയില്‍ ദുരന്തം സംഭവിച്ചതെങ്കില്‍മാത്രം ബാധ്യത തിരിച്ചുപിടിക്കാമെന്നാണ് 17 ബിയില്‍ കേന്ദ്രമന്ത്രിസഭ വരുത്തിയ ഭേദഗതി. ദുരന്തമുണ്ടാകണമെന്ന ഉദ്ദേശ്യത്തോടെതന്നെയായിരിക്കണം ബോധപൂര്‍വമായ നടപടിയെന്നും വ്യവസ്ഥയില്‍ പറയുന്നു. അതോടൊപ്പം സര്‍ക്കാരിന്റേതല്ലാത്ത റിയാക്ടറുകള്‍ക്ക് അപകടം സംഭവിച്ചാല്‍ ബാധ്യത ഏറ്റെടുക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന 7(1) വകുപ്പ് പുതിയതായി ചേര്‍ക്കുകയുംചെയ്തു. ആണവമേഖലയില്‍ ഭാവിയില്‍ സ്വകാര്യകമ്പനികള്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ഉറപ്പാക്കുന്നതാണ് ഈ ഭേദഗതി. ആണവരംഗത്ത് സ്വകാര്യകമ്പനികളെ അനുവദിക്കരുതെന്നായിരുന്നു പാര്‍ലമെന്റിന്റെ ശാസ്ത്ര- സാങ്കേതിക സ്റാന്‍ഡിങ്കമ്മിറ്റിയുടെ ശുപാര്‍ശ. ബില്ലില്‍ മാറ്റം വന്നിട്ടുണ്ടെന്ന് തീര്‍ച്ചയാണെന്ന് ബിജെപി നേതാവ് അരുജെയ്റ്റ്ലി പറഞ്ഞു. പുതിയ ഭേദഗതികള്‍ പഠിച്ചുവരികയാണ്. സര്‍ക്കാരും പ്രതിപക്ഷവുമായി ധാരണയായ ബില്ലിന്റെ കരടില്‍ മാറ്റം വന്നിട്ടുണ്ട്. പുതിയ മാറ്റങ്ങള്‍പ്രകാരം വിദേശകമ്പനികള്‍ ബാധ്യതയില്‍നിന്ന് പൂര്‍ണമായി ഒഴിവാക്കപ്പെടും- ജെയ്റ്റ്ലി പറഞ്ഞു. ആണവബാധ്യതാ ബില്‍ ബുധനാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇടതുപക്ഷം എതിര്‍പ്പ് അറിയിച്ച ആന്‍ഡ് പദം ഒഴിവാക്കിയതോടെ എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന വിധത്തില്‍ ബില്ല് മാറിയെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, വിദേശകമ്പനിയും ഇന്ത്യന്‍ നിലയനടത്തിപ്പുകാരും തമ്മില്‍ കരാറുണ്ടെങ്കില്‍മാത്രം ബാധ്യത എന്ന് വ്യവസ്ഥചെയ്യുന്ന ആന്‍ഡ് ഒഴിവാക്കിയപ്പോള്‍ പകരമായി 17(ബി) വകുപ്പില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ മാറ്റം രഹസ്യമാക്കിവച്ച് ലോക്സഭയില്‍ ബില്ലുകൊണ്ടുവരികയായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. എന്നാല്‍, ഭേദഗതികള്‍ മാധ്യമങ്ങളില്‍ വന്നതോടെ സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയിലായി. ബിജെപി എതിര്‍പ്പില്‍ ഉറച്ചുനിന്നാല്‍ ബില്ല് പാസാക്കാന്‍ സര്‍ക്കാരിന് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരും. അല്ലെങ്കില്‍ വിദേശകമ്പനിയുടെ ബാധ്യത ഉറപ്പാക്കുന്ന ഭേദഗതികള്‍ക്ക് വഴങ്ങേണ്ടി വരും. അമേരിക്ക സമ്മര്‍ദം ചെലുത്തുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നിലപാടുമാറ്റത്തിന് സാധ്യത കുറവാണ്.
m.prashanth

1 comment:

ജനശബ്ദം said...

ആണവബാധ്യതാ ബില്‍ വീണ്ടും പ്രതിസന്ധിയില്‍
എം പ്രശാന്ത്
ന്യൂഡല്‍ഹി: ആണവ റിയാക്ടറുകള്‍ നല്‍കുന്ന വിദേശ കമ്പനികളെ നഷ്ടപരിഹാരബാധ്യതയില്‍നിന്ന് പൂര്‍ണമായും ഒഴിവാകുംവിധം സംരക്ഷിച്ചും സ്വകാര്യകമ്പനികള്‍ക്ക് ആണവമേഖലയില്‍ പ്രവേശനം ഉറപ്പാക്കിയും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഭേദഗതി പുറത്തായതോടെ ആണവബാധ്യതാ ബില്‍ വീണ്ടും അനിശ്ചിതത്വത്തില്‍. അപകടം ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ നിലവാരമില്ലാത്ത ആണവഘടകങ്ങള്‍ നല്‍കിയാല്‍മാത്രമേ വിദേശകമ്പനികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാനാവൂ എന്ന പുതിയ വ്യവസ്ഥയാണ് ബില്ലിലെ പതിനേഴാം വകുപ്പില്‍ കൂട്ടിച്ചേര്‍ത്തത്.