റോഡരികില്‍ യോഗം പാടില്ലെന്ന് വീണ്ടും
കൊച്ചി: പൊതുനിരത്തുകള്‍ക്കു സമീപം പൊതുയോഗങ്ങള്‍ നടത്തുന്നതിന് ഏര്‍പ്പെടുത്തിയ നിരോധം പിന്‍വലിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജി കോടതി തള്ളി. റിവ്യു ഹര്‍ജി ജനങ്ങളുടെയോ സംസ്ഥാനത്തിന്റെയോ താല്‍പ്പര്യത്തിനുവേണ്ടിയുള്ളതല്ലെന്നും സര്‍ക്കാര്‍സംവിധാനത്തിന്റെ ദുരുപയോഗമാണെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായരും പി എസ് ഗോപിനാഥനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. റിവ്യു ഹര്‍ജിക്കു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ മുതിരുന്നില്ലെന്നും കോടതി പറഞ്ഞു. പൊതുകാര്യത്തിനായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നവരെ ന്യായീകരിക്കാമെങ്കിലും ഇതു മറ്റുള്ളവരുടെ മൌലികാവകാശങ്ങളും സഞ്ചാരസ്വാതന്ത്യ്രവും ഹനിക്കാന്‍ ഇടയാകരുതെന്നാണ് വിധിയിലെ വാദം. ജനാധിപത്യസംവിധാനത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് പൊതുയോഗങ്ങള്‍ ഒഴിച്ചുകൂടാനാകാത്തതാണ്. എങ്കിലും കാല്‍നടക്കാരുടെയും ജനങ്ങളുടെയും സഞ്ചാരസ്വാതന്ത്യ്രത്തേക്കാള്‍ വലുതല്ല പൊതുയോഗങ്ങള്‍ നടത്താനുള്ള അവകാശമെന്ന് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ വിധിന്യായത്തില്‍ പ്രത്യേക പരാമര്‍ശം നടത്തി. ഉത്തരവ് സാമാന്യനീതിയുടെ നിഷേധമാണെന്ന സര്‍ക്കാര്‍ വാദവും കോടതി സ്വീകരിച്ചില്ല. സര്‍ക്കാരിനെ പ്രതികൂലമായി ബാധിക്കുന്നതല്ല നിരോധ ഉത്തരവെന്നതിനാല്‍ സര്‍ക്കാരിന്റെ വാദം കേള്‍ക്കാതെയുള്ള ഉത്തരവ് സ്വാഭാവികനീതിയുടെ ലംഘനമല്ലെന്നാണ് വിധിയില്‍ പറയുന്നത്. റിവ്യു ഹര്‍ജിയില്‍ വാദംകേള്‍ക്കുന്നതില്‍നിന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍നായര്‍ ഒഴിവാകണമെന്ന സര്‍ക്കാരിന്റെ ഹര്‍ജി രഹസ്യ അജന്‍ഡയുടെ ഭാഗമാണെന്ന ആരോപണവും വിധിയിലുണ്ട്. മുതിര്‍ന്ന ന്യായാധിപനെ അവഹേളിക്കാനും കേസ് മറ്റൊരു ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിക്കാനുമുള്ള സര്‍ക്കാരിന്റെ നടപടി ദുരുദ്ദേശ്യപരമായിരുന്നെന്ന് ഡിവിഷന്‍ ബെഞ്ച് പറയുന്നു. ജനങ്ങള്‍ക്ക് ദ്രോഹമാകുന്ന ഉത്തരവിനുവേണ്ടി കോടതിയെ സമീപിച്ചതിനു സര്‍ക്കാരിന് കനത്ത കോടതിച്ചെലവ് ചുമത്തേണ്ടതാണ്. എങ്കിലും ഇത് പൊതുതാല്‍പ്പര്യത്തിനു വിരുദ്ധവും പൊതുജനങ്ങളുടെ പണംതന്നെ കോടതിച്ചെലവിനു നല്‍കേണ്ടിവരുന്ന സാഹചര്യം ഉണ്ടാക്കുമെന്നതിനാലും അതിനു മുതിരുന്നില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
No comments:
Post a Comment