Monday, August 9, 2010

സമാധാനപൂര്‍ണമായ ജനജീവിതം-2

സമാധാനപൂര്‍ണമായ ജനജീവിതം-2
പിണറായി വിജയന്
‍ജനങ്ങള്‍ക്ക് സ്വൈരജീവിതവും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാഹചര്യവും ഒരുക്കുക സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഇത് നിര്‍വഹിക്കുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ഉണ്ടാകുന്നത്. ആഗോളവല്‍ക്കരണനയങ്ങള്‍ നടപ്പാക്കി ജനജീവിതം ദുരിതപൂര്‍ണമാക്കുന്നു. അതിനുപുറമെ ഭീകരവാദത്തെയും വര്‍ഗീയ- തീവ്രവാദ സമീപനത്തെയും കൈകാര്യംചെയ്യുന്നതില്‍ വീഴ്ചവരുത്തുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയും അവയുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതും ഗുരുതരമായ പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. ബിപിഎല്‍ ലിസ്റ് വെട്ടിക്കുറച്ച് പാവപ്പെട്ടവന് ലഭിക്കാവുന്ന ആനുകൂല്യം ഇല്ലാതാക്കുന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നു. സ്വാശ്രയത്വത്തെയും പരമാധികാരത്തെയും ദുര്‍ബലപ്പെടുത്തുന്നു. അമേരിക്കന്‍ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങി, വിദേശനയത്തില്‍ വെള്ളംചേര്‍ത്തു. ഊര്‍ജപ്രതിസന്ധിക്ക് പരിഹാരമാകുമായിരുന്ന ഇറാന്‍ വാതകക്കുഴല്‍പദ്ധതി അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഉപേക്ഷിച്ചത്. രാജ്യത്തിന്റെ പരമാധികാരം തകര്‍ക്കുന്ന ആണവകരാര്‍ നടപ്പാക്കുന്നതിന് ധൃതികാണിക്കുന്നതും ഇതേ യുപിഎ സര്‍ക്കാരാണ്. മാവോയിസം വിവിധ സംസ്ഥാനങ്ങളില്‍ പിടിമുറുക്കി. ഈ ഭീകരവാദപ്രവര്‍ത്തനത്തെ ഏതെങ്കിലും ഒരു സംസ്ഥാനത്തിനുമാത്രം ഇല്ലാതാക്കാന്‍ കഴിയുന്നതല്ല. ശക്തമായി ഇടപെടാന്‍ കഴിയുക കേന്ദ്രസര്‍ക്കാരിനാണ്. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അര്‍ധസൈനിക വിഭാഗങ്ങള്‍തന്നെ തുടര്‍ച്ചയായി മാവോയിസ്റ് ആക്രമണത്തില്‍ കൊല്ലപ്പെടുന്നു. മാവോയിസ്റ് ഭീകരവാദത്തെമാത്രമല്ല, മതഭീകരവാദത്തെയും അതിന്റെ ശരിയായ അര്‍ഥത്തില്‍ കണ്ട് നേരിടുന്നതിനുള്ള പരിശ്രമമല്ല നടക്കുന്നത്. ന്യൂനപക്ഷ- ഭൂരിപക്ഷ വര്‍ഗീയശക്തികള്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് അനുയായികളെ തള്ളിവിടുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. യുഡിഎഫ് കേരളം ഭരിച്ച ഘട്ടത്തില്‍ ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പുവരുത്തുന്നതിലും ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിലും തുടര്‍ച്ചയായി പരാജയപ്പെട്ടു. തൃശൂരിലെ മാളയില്‍ വരപ്രസാദമാതാ പള്ളിയിലെ ഫാ. ജോബ് ചിറ്റിലപ്പള്ളിയെ പള്ളിയിലിട്ട് കുത്തിക്കൊന്നു. അഞ്ച് ആര്‍എസ്എസുകാരാണ് കൊലയ്ക്കുപിന്നിലെന്ന് അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രഖ്യാപിക്കുകയുണ്ടായി. മൂന്നുപേരെ പിടികിട്ടിയെന്നും അറിയിച്ചിരുന്നു. അവസാനം ഒരു മനോരോഗിയെ അറസ്റുചെയ്ത് തടിതപ്പുകയാണ് അവര്‍ ചെയ്തത്. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൌസിനുനേരെയും ആ കാലഘട്ടത്തില്‍ ആക്രമണമുണ്ടായി. ഇതിന് നേതൃപരമായ പങ്കുവഹിച്ചത് കോഗ്രസ് പ്രവര്‍ത്തകര്‍തന്നെയായിരുന്നു. യഥാര്‍ഥ കുറ്റവാളികളെ അറസ്റുചെയ്യുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. പ്രതികളെ രക്ഷപ്പെടുത്താനുള്ള ഇടപെടലാണ് നടന്നത്. ഇതിനെതിരെയും മതവിശ്വാസികള്‍ക്ക് പ്രക്ഷോഭം നടത്തേണ്ടിവന്നു. 2005 ജൂലൈയില്‍ ആലുവ സെന്റ്പീറ്റേഴ്സ് പള്ളിയില്‍ അതിക്രമിച്ചുകടന്ന പൊലീസ് വൈദികരെയും കന്യാസ്ത്രീകളെയും വൃദ്ധരെയുമടക്കം നൂറുകണക്കിന് വിശ്വാസികളെ തല്ലിച്ചതച്ചു. കളമശേരി എആര്‍ ക്യാമ്പില്‍ കൊണ്ടുപോയി മര്‍ദിക്കുകയും ചെയ്തു. മൃതദേഹം അടക്കംചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മധ്യസ്ഥം വഹിക്കാനെത്തിയ പൊലീസ്, തൃശൂര്‍ മാരാക്കോട് സെന്റ് ജോര്‍ജ് ലെബനന്‍ പള്ളിയിലെ വിശ്വാസികളെ തല്ലി ഓടിച്ചു. ഏഴു പുരോഹിതരടക്കം 30 പേര്‍ക്കാണ് പരിക്കേറ്റത്. മന്ത്രിയെ കാണാനെത്തിയ ഇന്‍ഫാം ചെയര്‍മാന്‍ ഫാ. മാത്യു വടക്കുമുറിയെ ബലംപ്രയോഗിച്ച് അറസ്റുചെയ്ത് ലോക്കപ്പിലിട്ടു. കൊച്ചി തിരുവാണിയൂര്‍ കണ്ണിയാട്ട് നിരപ്പ് പള്ളിയിലും പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കോഴിക്കോട്ടെ ഒളവണ്ണയില്‍ മിഷണറി ഓഫ് ചാരിറ്റിയുടെ പ്രവര്‍ത്തകരെ സംഘപരിവാര്‍ ശക്തികള്‍ ആക്രമിച്ചു. കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണമുണ്ടായി. പട്ടാപ്പകല്‍ നടന്ന ആക്രമണത്തിന് നേതൃത്വം കൊടുത്ത സംഘപരിവാര്‍ ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിന് തികഞ്ഞ അലംഭാവമാണ് ഈ അവസരത്തില്‍ ഉണ്ടായത്. എല്ലാ വര്‍ഗീയതകളെയും രാഷ്ട്രീയലാഭത്തിന് പ്രോത്സാഹിപ്പിക്കുക എന്ന യുഡിഎഫ് സമീപനം കേരളത്തെ വര്‍ഗീയസംഘര്‍ഷങ്ങളുടെ വേദിയാക്കി. 121 വര്‍ഗീയസംഘട്ടനമാണ് അന്ന് കേരളത്തില്‍ നടന്നത്. 18പേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരാകട്ടെ 250 പേരായിരുന്നു. 22 ദേവാലയം ആക്രമിക്കപ്പെട്ടു. മാറാട്ട് ആദ്യം നടന്ന കലാപത്തിന് ഉത്തരവാദിയായ വര്‍ഗീയവാദികള്‍ക്കെതിരെ കുറ്റപത്രം നല്‍കുന്നതിനുപോലും യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. ആദ്യകലാപത്തിന് നേതൃത്വം നല്‍കിയ ആളുകളെത്തന്നെ സമാധാന- പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ഏല്‍പ്പിച്ച് മാന്യത നല്‍കിയതും യുഡിഎഫ് സര്‍ക്കാരാണ്. കേരള-തമിഴ്നാട് ഇന്റലിജന്‍സ് വിഭാഗങ്ങള്‍ സംഘര്‍ഷത്തെക്കുറിച്ച് നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ പരിഗണിച്ചില്ല. പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന കാര്യം സ്ഥലം എംഎല്‍എയായിരുന്ന വി കെ സി മമ്മദുകോയ ചൂണ്ടിക്കാണിച്ചിട്ടും അത് മുഖവിലയ്ക്ക് എടുക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. മുസ്ളിം സമുദായത്തിലെ വിരലിലെണ്ണാവുന്ന തീവ്രവാദികള്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് സമുദായത്തെയാകെ പീഡിപ്പിക്കാനാണ് ആര്‍എസ്എസ് പരിശ്രമിച്ചത്. ഇതിനെ കര്‍ശനമായി നേരിടാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. ചര്‍ച്ചകളില്‍ ആര്‍എസ്എസ് നിബന്ധനകള്‍ക്ക് വഴങ്ങിയുള്ള നിലപാടാണ് സ്വീകരിച്ചത്. മതേതരപ്രസ്ഥാനങ്ങളെ സമാധാനശ്രമങ്ങളില്‍നിന്ന് മാറ്റി നിര്‍ത്തി വര്‍ഗീയവാദികള്‍ക്ക് മാന്യത നല്‍കിയത് ആ സര്‍ക്കാരായിരുന്നു. മന്ത്രിമാരെ സംഭവസ്ഥലത്ത് കൊണ്ടുപോകുന്നതിന് അന്നത്തെ സര്‍ക്കാരിന് കഴിഞ്ഞില്ല. വീടുകളില്‍നിന്ന് ആട്ടിയോടിക്കപ്പെട്ടവരെ തിരിച്ചുകൊണ്ടുവരുന്നതിന് ആര്‍എസ്എസിന്റെ ഔദാര്യത്തെയാണ് അവര്‍ ആശ്രയിച്ചത്. ഇത്തരത്തില്‍ വര്‍ഗീയസംഘടനകള്‍ക്ക് അഴിഞ്ഞാടുന്നതിനുള്ള അവസരമാണ് യുഡിഎഫ് ഒരുക്കിയത്. നായനാര്‍ വധശ്രമക്കേസിലെ കുറ്റവാളികളെ അറസ്റുചെയ്യുന്നതിലും കടുത്ത അലംഭാവമാണുണ്ടായത്. എന്‍ഡിഎഫുകാര്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കുന്നതിനും തയ്യാറായി. ഗുണ്ടാസംഘങ്ങളും മാഫിയസംഘങ്ങളും അഴിഞ്ഞാടുന്ന കാലഘട്ടമായിരുന്നു അത്. ഈ നിലയ്ക്ക് മാറ്റംവരുത്തി കേരളത്തെ വര്‍ഗീയശക്തികളില്‍നിന്ന് രക്ഷപ്പെടുത്തുന്നതിനുള്ള ക്രിയാത്മക ഇടപെടല്‍ നടത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ക്രമസമാധാനപരിപാലനത്തില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമായി ഇന്ത്യാ ടുഡെ തെരഞ്ഞെടുത്തത് കേരളത്തെയാണ്. മാറാട് അന്വേഷണ കമീഷന്റെ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് തയ്യാറായത് ഈ സര്‍ക്കാരാണ്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ്, വര്‍ക്കല ശിവപ്രസാദ്, പത്തനംതിട്ട വാസുക്കുട്ടി, ചെങ്ങന്നൂര്‍ കാരണവര്‍ വധക്കേസുകള്‍, സിബിഐ അന്വേഷണത്തിലായിരുന്ന മാളയിലെ കൊലപാതകം, ചേലമ്പ്ര-പെരിയ ബാങ്ക് കവര്‍ച്ചകള്‍, ക്ഷേത്രക്കവര്‍ച്ചകള്‍ തുടങ്ങിയവയിലെല്ലാം ഫലപ്രദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നു. വ്യാജ സന്യാസിമാര്‍ക്കും ആത്മീയവ്യാപാരികള്‍ക്കുമെതിരായുള്ള കേസുകളില്‍ ശക്തമായ നടപടിയെടുത്തു. ഗുണ്ടകളെ അറസ്റുചെയ്യുന്നതിനായി പഴുതില്ലാത്ത നിയമം കൊണ്ടുവന്നു. ദേശീയ- രാജ്യാന്തര തലത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ സൂചന കണ്ടയുടന്‍ അവ മുളയിലേ നുള്ളുന്നതിനുള്ള നടപടി സ്വീകരിച്ചു. ബിനാനിപുരത്തെ സിമി ക്യാമ്പ്, വാഗമ ക്യാമ്പ് എന്നിവയെക്കുറിച്ച് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. കശ്മീരില്‍ നാലു മലയാളി യുവാക്കള്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ തീവ്രവാദികളുടെ ആസൂത്രണങ്ങളും തന്ത്രങ്ങളും മനസ്സിലാക്കി അത് തടയുന്നതിനുള്ള ഇടപെടല്‍ നടത്തി. കൈവെട്ടല്‍സംഭവത്തിലെ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതിനുള്ള നടപടി അതിവേഗം പൂര്‍ത്തിയാക്കി. മതസൌഹാര്‍ദം തകര്‍ക്കുന്ന നീക്കങ്ങള്‍ പരാജയപ്പെടുത്തുന്നതിന് ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് സാധ്യമായി. ജനങ്ങളുടെ സ്വത്തും ജീവനും രാജ്യത്തിന്റെ ഐക്യവും മതേതരത്വവും സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിച്ച് രാജ്യത്തിനുതന്നെ മാതൃകയായി എല്‍ഡിഎഫ് സര്‍ക്കാര്‍ നീങ്ങുകയാണ്. കഴിഞ്ഞ യുഡിഎഫിന്റെ ഭരണകാലംപോലെ സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ട കാലഘട്ടം മുമ്പുണ്ടായിട്ടില്ല. മുത്തങ്ങ വെടിവയ്പിനെതുടര്‍ന്ന് സ്ത്രീകളെ പീഡിപ്പിച്ച നിരവധി സംഭവമുണ്ടായി. സ്ത്രീപീഡന കേസുകള്‍ ശരിയായ രീതിയില്‍ അന്വേഷിച്ച് കുറ്റവാളികളെ ശിക്ഷിക്കുന്നതിലും ഗുരുതരമായ അനാസ്ഥയാണ് ആ സര്‍ക്കാര്‍ കാണിച്ചത്. ഈ നിലയ്ക്ക് മാറ്റംവരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. പെവാണിഭസംഘങ്ങള്‍ക്കെതിരായി സുശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്നു. സന്തോഷ് മാധവനെപ്പോലുള്ള സ്ത്രീപീഡനത്തിന് നേതൃത്വം കൊടുക്കുന്ന ആള്‍ദൈവങ്ങളെ ജയിലിലടച്ചു. പൊലീസ് സ്റേഷനുകളില്‍ 10 ശതമാനം വനിതകളെ ഉള്‍പ്പെടുത്തിയത് ഈ സര്‍ക്കാരിന്റെ കാലത്താണ്. സൈബര്‍ കേസ് അന്വേഷണത്തിനുള്ള സംവിധാനവും ഈ കാലത്തുണ്ടായി. മത്സ്യത്തൊഴിലാളികളുടെയും സംഘടനകളുടെയും സഹായത്തോടെ തീരദേശങ്ങളില്‍ ജാഗ്രതാസമിതികളുണ്ടാക്കി ഇടപെട്ടതും ഈ സര്‍ക്കാര്‍തന്നെ. ഗുണ്ടകളുടെയും മാഫിയകളുടെയും ഭരണത്തില്‍നിന്ന് കേരളത്തെ രക്ഷിച്ചെടുത്ത് ജനകീയ പൊലീസ് നയം നടപ്പാക്കിയ സര്‍ക്കാരെന്ന അംഗീകാരം ജനങ്ങള്‍ തീര്‍ച്ചയായും ഈ സര്‍ക്കാരിന് നല്‍കുമെന്ന് ഉറപ്പാണ്. (അവസാനിക്കുന്നില്ല)

No comments: