ശക്തിപ്പെടുന്ന അടിസ്ഥാനമേഖലകള്‍.3
പിണറായി വിജയന്
കേരളവികസനത്തിന്റെ പ്രധാന പ്രശ്നമായി പൊതുവില്‍ അംഗീകരിക്കപ്പെട്ടത് കാര്‍ഷിക- വ്യാവസായിക മേഖലയിലെ ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലുമുണ്ടായ ദൌര്‍ബല്യമാണ്. ഈ പ്രശ്നം മനസ്സിലാക്കി ഇടപെടുന്നതിനല്ല യുഡിഎഫ് തയ്യാറായത്. മറിച്ച്, ആഗോളവല്‍ക്കരണശക്തികള്‍ക്ക് രാജ്യത്തിന്റെ കാര്‍ഷികമേഖല തീറെഴുതി നല്‍കുന്നതിനാണ്. കാര്‍ഷികമേഖലയിലെ നിക്ഷേപംതന്നെ കുറയ്ക്കുകയാണ് ആദ്യംചെയ്തത്. ഒമ്പതാംപദ്ധതിക്കാലത്ത് സംസ്ഥാന പദ്ധതി അടങ്കലിന്റെ 7.2 ശതമാനം തുക കാര്‍ഷികമേഖലയ്ക്കായി നീക്കിവച്ചിരുന്നു. എന്നാല്‍, യുഡിഎഫിന്റെ പത്താംപദ്ധതിക്കാലത്ത് അത് 4.5 ശതമാനമായി കുറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏതാണ്ട് 1300 കര്‍ഷകര്‍ ആത്മഹത്യചെയ്യുന്ന നിലയുണ്ടായി. തോട്ടംമേഖല അടഞ്ഞുകിടന്നു. സംഭരണമേഖല തകര്‍ത്തുകളഞ്ഞു. കേരളവികസനത്തെ ശക്തിപ്പെടുത്താനുതകുംവിധം കാര്‍ഷികമേഖലയില്‍ ഇടപെട്ടത് ഈ സര്‍ക്കാരാണ്. അഖിലേന്ത്യാതലത്തില്‍ കാര്‍ഷികമേഖല നെഗറ്റീവ് വളര്‍ച്ച കാണിച്ചപ്പോള്‍ കേരളത്തില്‍ 2.8 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. ഉല്‍പ്പാദനത്തിലും ഉല്‍പ്പാദനക്ഷമതയിലും വലിയ പുരോഗതിയുണ്ടായി. കര്‍ഷക ആത്മഹത്യ ഇല്ലാതായി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപവീതം സഹായധനമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കി. മാതൃകയാകുന്നവിധം കാര്‍ഷിക കടാശ്വാസനിയമം നടപ്പാക്കി. കര്‍ഷക ആത്മഹത്യ തകര്‍ത്താടിയ വയനാട്ടില്‍ 25,000 രൂപയ്ക്കുതാഴെയുള്ള കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതിന് നടപടി സ്വീകരിച്ചു. 42,111 കര്‍ഷകര്‍ക്ക് നേട്ടമുണ്ടായി. തരിശുഭൂമി കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി. നെല്‍ക്കൃഷിക്കായി നടത്തിയ പദ്ധതിയിലൂടെമാത്രം ഏതാണ്ട് 15,000 ഹെക്ടര്‍ തരിശുഭൂമി കൃഷിയോഗ്യമായി. നെല്‍ക്കൃഷിക്ക് പലിശരഹിതവായ്പ ഏര്‍പ്പെടുത്തി. കിലോയ്ക്ക് 12 രൂപ നിരക്കില്‍ നെല്‍സംഭരണം ആരംഭിച്ചു. യുഡിഎഫിന്റെ കാലത്ത് ഇത് ഏഴു രൂപയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നെല്ല് സംഭരിക്കുന്നതാകട്ടെ 10 രൂപയ്ക്കും. നെല്‍ക്കൃഷിക്കായി പുതിയ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നടപ്പാക്കി. പ്രീമിയംതുക 250ല്‍നിന്ന് 100 രൂപയായി കുറച്ചു. നഷ്ടപരിഹാരത്തുക 5000 രൂപയില്‍നിന്ന് 12,500 രൂപയുമാക്കി. ഭക്ഷ്യസുരക്ഷാപദ്ധതി നടപ്പാക്കി ഭക്ഷ്യസ്വയംപര്യാപ്തതയിലേക്ക് എത്തിച്ചേരുക എന്ന നയം സ്വീകരിച്ചു. ഭക്ഷ്യവിളകളായ നെല്ല്, പച്ചക്കറി എന്നിവയുടെ ഉല്‍പ്പാദനവും ഇതിന്റെ ഫലമായി വര്‍ധിപ്പിച്ചു. ഇതിനായിമാത്രം 36 കോടി രൂപയാണ് 2009-10ല്‍ നീക്കിവച്ചത്. കൊയ്യാതെ കിളിര്‍ത്തുകിടന്ന നെല്ല് സപ്ളൈകോവഴി കിലോയ്ക്ക് 10 രൂപ നിരക്കില്‍ സംഭരിച്ചു. തൊണ്ടുകളഞ്ഞ 450 ഗ്രാമില്‍ കുറയാത്ത പച്ചത്തേങ്ങ 4.40 രൂപ നിരക്കിലും വെള്ളംകളഞ്ഞ ഒരുകിലോ നാളികേരം 11 രൂപ നിരക്കിലും സംഭരിക്കുന്നതിന് നടപടി സ്വീകരിച്ചു. സര്‍ക്കാര്‍ജീവനക്കാര്‍ക്കൊപ്പം ഫാം തൊഴിലാളികള്‍ക്കും ശമ്പളം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുക എന്ന ചരിത്രപരമായ കടമയും ഈ കാലഘട്ടത്തില്‍ നടപ്പാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചാല്‍മാത്രമേ കേരളത്തിന് മുന്നോട്ടുപോകാന്‍ കഴിയൂ എന്നതായിരുന്നു യുഡിഎഫ് നയം. പൊതുമേഖലയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ചൌധരി കമീഷന്റെ റിപ്പോര്‍ട്ട് പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കണമെന്നായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 25 പൊതുമേഖലാ സ്ഥാപനം ആ കാലഘട്ടത്തില്‍ അടച്ചുപൂട്ടി. ശക്തമായ എതിര്‍പ്പുകൊണ്ടുമാത്രമാണ് അത് സ്വകാര്യമേഖലയ്ക്ക് കൈമാറാന്‍ കഴിയാതെ പോയത്. വ്യാവസായികമേഖലയിലാണെങ്കില്‍ യുഡിഎഫിന്റെ കാലത്ത് ഉല്‍പ്പാദനം കുറഞ്ഞു. 3.9 ശതമാനം നിരക്കിലുള്ള ഇടിവായിരുന്നു രേഖപ്പെടുത്തിയത്. ഫാക്ടറികളുടെ എണ്ണത്തിലും തൊഴിലാളികളുടെ എണ്ണത്തിലും കുറവുണ്ടായി. 2000-01ല്‍ 18,544 ഫാക്ടറിയിലായി 4,40,085 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. 2004-05ല്‍ 17,876 ഫാക്ടറിയായി ചുരുങ്ങി. തൊഴിലാളികളുടെ എണ്ണം 4,01,534ഉം ആയി. യുഡിഎഫ് കാലത്ത് കേരളത്തില്‍ 64.08 ശതമാനം ഫാക്ടറിയും രോഗഗ്രസ്തമായിരുന്നു. യുഡിഎഫിന്റെ അവസാനവര്‍ഷം പൊതുമേഖലയുടെ മൊത്തം നഷ്ടം 69.49 കോടി രൂപയായി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതോടെ ഈ നിലയ്ക്ക് മാറ്റംവന്നു. 32 പൊതുമേഖലാ സ്ഥാപനം ലാഭത്തില്‍ പ്രവര്‍ത്തിക്കുകയാണ്. ആദ്യവര്‍ഷം 91.94 കോടി രൂപയാണ് പൊതുമേഖല ലാഭമുണ്ടാക്കിയത്. 2008-09ല്‍ 169.45 കോടി രൂപയും ഈ വര്‍ഷം 239.75 കോടി രൂപയും ലാഭമുണ്ടാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്ന ആഗോളവല്‍ക്കരണനയത്തിന് ബദല്‍ ഉയര്‍ത്തി ഏഴ് വ്യവസായസ്ഥാപനം പൊതുമേഖലയില്‍ ആരംഭിച്ചു. മുന്‍ സര്‍ക്കാര്‍ അടച്ചുപൂട്ടിയ മലബാര്‍ സ്പിന്നിങ് മില്ലും ലിക്വിഡേഷനിലായിരുന്ന ബാലരാമപുരം സ്പിന്നിങ് മില്ലും പുനരുദ്ധരിച്ചു. കോഴിക്കോട്ടെ സോപ്സ് ആന്‍ഡ് ഓയില്‍സ് 'കേരള സോപ്സ്' എന്ന പേരില്‍ പുതിയ കമ്പനിയാക്കി ഉല്‍പ്പാദനം ആരംഭിച്ചു. കെല്‍ട്രോ കൌണ്ടേഴ്സില്‍ അവശേഷിച്ച തൊഴിലാളികളെ കെല്‍ട്രോണില്‍ നിയമിച്ച് സംരക്ഷിച്ചു. പ്രവര്‍ത്തനരഹിതമായിരുന്ന ആലപ്പുഴയിലെ കെഎസ്ഡിപി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര പൊതുമേഖലയുമായി യോജിച്ച് സംസ്ഥാനത്തെ സ്ഥാപനങ്ങളുടെ നവീകരണത്തിന് പദ്ധതി തുടങ്ങി. ടെല്‍ക്, എന്‍ടിപിസി, സെയില്‍ എന്നിവയില്‍ ഉള്‍പ്പെടെ ഈ സംവിധാനം കൊണ്ടുവന്നു. പൊതുമേഖലാ കമ്പനികളായ ടെക്സ്റൈല്‍ കോര്‍പറേഷന്‍, എസ്ഐഎഫ്എല്‍, കെല്‍, കെല്‍ട്രോ, കേരള സിറാമിക്സ്, മലബാര്‍ സിമന്റ്സ്, കെഎംഎംഎല്‍ എന്നീ കമ്പനികളില്‍ വിപുലീകരണ- നവീകരണ പദ്ധതികള്‍ നടപ്പാക്കി. ഓട്ടോകാസ്റ്-റെയില്‍വേ സംയുക്തസംരംഭം ആരംഭിക്കുന്നതിന് റെയില്‍വേയുമായി കരാര്‍ ഒപ്പിട്ടു. കാസര്‍കോട്ട് സീതാംഗോളി കിന്‍ഫ്രാ പാര്‍ക്കില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ സ്ട്രാറ്റജിക് ഇലക്ട്രോണിക് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചു. പാലക്കാട്ട് ഭെല്ലിന്റെ നിര്‍മാണപ്പാര്‍ക്കിന് തുടക്കംകുറിച്ചു. പൊതുസേവന മേഖലകളായ കേരള വാട്ടര്‍ അതോറിറ്റിയെയും കെഎസ്ആര്‍ടിസിയെയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത നിലപാട് ഏവരാലും ശ്ളാഘിക്കപ്പെടുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ വാട്ടര്‍ അതോറിറ്റിക്ക് നല്‍കിയ വായ്പയുടെ പലിശയിനത്തിലുള്ള 1006 കോടി രൂപ എഴുതിത്തള്ളി. വായ്പയുടെ മുതല്‍സംഖ്യയായ 840 കോടി രൂപ പലിശരഹിതഫണ്ടായി മാറ്റി. കെഎസ്ആര്‍ടിസിയുടെ നികുതികുടിശ്ശികയായ 700 കോടിയോളം രൂപ എഴുതിത്തള്ളി. 153 കോടി രൂപയുടെ പലിശയും പിഴപ്പലിശയും സര്‍ക്കാര്‍ ഉപേക്ഷിച്ചു. സര്‍ക്കാര്‍ നല്‍കിയ വായ്പകള്‍ ഓഹരി മൂലധനമാക്കി മാറ്റാനും എടുത്ത തീരുമാനം പൊതുമേഖലാ സംരക്ഷണത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം എത്രത്തോളം മാതൃകാപരമാണ് എന്നതിന്റെ തിളങ്ങുന്ന ഉദാഹരണമാണ്. പതിനായിരം കോടി രൂപയുടെ സ്വകാര്യനിക്ഷേപം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടുനീങ്ങുകയാണ്. ഒരു നിയമസഭാ മണ്ഡലത്തില്‍ ഒരു വ്യവസായ പാര്‍ക്ക് എന്നനിലയില്‍ പദ്ധതികള്‍ ആരംഭിച്ചു. നാലുവര്‍ഷംകൊണ്ട് ഈ മേഖലയില്‍ 17,140 ചെറുകിട വ്യവസായസ്ഥാപനം ആരംഭിച്ചു. അതിലൂടെ 1,13,293 പേര്‍ക്ക് ജോലി ലഭിച്ചു. അടിസ്ഥാനസൌകര്യം ശക്തിപ്പെടുത്തുക എന്നത് വ്യാവസായികവികസനത്തിന് അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് ഇന്‍കെല്‍ പദ്ധതി നടപ്പാക്കി. പുത്തന്‍ വികസനമേഖലകളായ ഐടി, ടൂറിസം തുടങ്ങിയവ വികസിപ്പിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായി. ജില്ലതോറും ഐടി പാര്‍ക്ക് സ്ഥാപിച്ചു. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനം നടക്കുകയാണ്. ടെക്നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും പുതിയ കമ്പനികള്‍ ആരംഭിച്ചു. മികച്ച ടൂറിസം സംസ്ഥാനത്തിനുള്ള ദേശീയ അവാര്‍ഡും മികച്ച ടൂറിസം ബോര്‍ഡിനുള്ള ഗലീലിയോ അവാര്‍ഡും കേരളത്തിനാണ് ലഭിച്ചത്. കെടിഡിസിയാകട്ടെ തുടര്‍ച്ചയായി ലാഭത്തിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി. വ്യവസായവികസനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വൈദ്യുതി. വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതായിരുന്നു കേന്ദ്രനയം. ഇതിനെ എതിര്‍ത്ത് വൈദ്യുതിമേഖലയെ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിനുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. പവര്‍കട്ടും ലോഡ് ഷെഡിങ്ങും അവസാനിപ്പിക്കുന്നതിനുള്ള നടപടിയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. വൈദ്യുതിയുടെ കാര്യത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടി മുന്നോട്ടുനീക്കുന്നതില്‍ ഗുരുതരമായ പോരായ്മയാണ് യുഡിഎഫിന്റെ കാലത്തുണ്ടായത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ രംഗത്ത് മുന്നോട്ടുവച്ച കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ യുഡിഎഫില്‍നിന്ന് വ്യത്യസ്തമായ സമീപനത്തിലേക്ക് ഈ മേഖല വികസിക്കുകയാണ്. 500 മെഗാവാട്ട് വൈദ്യുതി അഞ്ചുവര്‍ഷംകൊണ്ട് ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ഈ സര്‍ക്കാര്‍ തുടക്കംകുറിച്ചു. പത്തുവര്‍ഷത്തിനുള്ളില്‍ 3000 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള പദ്ധതിയും ആരംഭിച്ചു. പ്രസരണശേഷി മെച്ചപ്പെടുത്താന്‍ 1800 കോടി രൂപയുടെ മാസ്റര്‍പ്ളാന്‍ തയ്യാറാക്കി. ഊര്‍ജസംരക്ഷണത്തിന് ഒന്നരക്കോടി സിഎഫ്എല്‍ നല്‍കി. പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകളെയും ഉപയോഗിക്കുന്നതിന്റെ ഭാഗമായി കാറ്റില്‍നിന്ന് 33 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. മണ്ഡലത്തിലെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ഒരുകോടി രൂപയും നല്‍കി. കേരളത്തെ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക് നയിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്. 23 നിയമസഭാ മണ്ഡലത്തില്‍ ഈ പ്രവര്‍ത്തനം പൂര്‍ത്തിയായി. എല്ലാവര്‍ക്കും വൈദ്യുതി നല്‍കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നു. വികസനത്തിന്റെ അടിസ്ഥാനമേഖലകളായ കൃഷിയും വ്യവസായവും ശക്തിപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിലാണ് ഈ സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് അടിസ്ഥാന സൌകര്യമേഖല എന്നനിലയില്‍ ഊര്‍ജമേഖലയെയും വികസിപ്പിക്കുന്നതിന് ക്രിയാത്മകപദ്ധതികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ധിപ്പിക്കുന്ന അടിസ്ഥാനമേഖല എന്ന എല്‍ഡിഎഫിന്റെ കേരളവികസനത്തെ സംബന്ധിച്ചുള്ള കാഴ്ചപ്പാട് പ്രായോഗികവല്‍ക്കരിക്കാനുള്ള പ്രവര്‍ത്തനം ഏറെക്കുറെ ഈ കാലയളവില്‍തന്നെ പൂര്‍ത്തീകരിക്കാനായി എന്നത് അഭിമാനകരമായ നേട്ടമാണ്. (അവസാനിക്കുന്നില്ല)
No comments:
Post a Comment