പിണറായി വിജയന്
കേരളത്തിലെ വിശ്വപ്രസിദ്ധിയാര്‍ജിച്ച രണ്ട് മേഖലയാണ് ആരോഗ്യവും വിദ്യാഭ്യാസവും. ഈ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ തകര്‍ക്കുന്നതായിരുന്നു യുഡിഎഫ് ഭരണകാലത്ത് നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍. സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ഏതുതലംവരെയും പഠിച്ച് വളരാന്‍ പറ്റുന്നവിധത്തിലായിരുന്ന വിദ്യാഭ്യാസമേഖല യുഡിഎഫ് അധികാരത്തില്‍ വന്നതോടെ പാവപ്പെട്ടവര്‍ക്ക് അന്യമാകുന്ന സ്ഥിതിയായി. പൊതുമേഖലാ വിദ്യാലയങ്ങളെ ആദായകരമല്ലെന്ന് മുദ്രകുത്തി പൂട്ടാനുള്ള നടപടി യുഡിഎഫ് സ്വീകരിച്ചു. പതിറ്റാണ്ടുകളായി നല്ലനിലയില്‍ നടത്തിയിരുന്ന എസ്എസ്എല്‍സി പരീക്ഷപോലും തകിടംമറിഞ്ഞു. എന്‍ട്രന്‍സ് പരീക്ഷയുടെ കാര്യവും വ്യത്യസ്തമായിരുന്നില്ല. നിബന്ധനകളില്ലാതെ ഇഷ്ടംപോലെ കോളേജുകള്‍ അനുവദിച്ചതിന്റെ ഭാഗമായി വിദ്യാഭ്യാസക്കച്ചവടക്കാര്‍ മെറിറ്റിനെമാത്രമല്ല സാമൂഹ്യനീതിയെവരെ അട്ടിമറിച്ചു. സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പുതിയ കോഴ്സുകളും ബാച്ചുകളും അനുവദിച്ചില്ല. എയ്ഡഡ് കോളേജുകളില്‍പ്പോലും അ എയ്ഡഡ് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് പ്രോത്സാഹിപ്പിച്ചു. സര്‍വകലാശാലകളുടെ ജനാധിപത്യ അവകാശങ്ങള്‍പോലും നഷ്ടമായി. ഈ ജനവിരുദ്ധനയങ്ങള്‍ക്ക് മാറ്റംവന്നത് എല്‍ഡിഎഫ് അധികാരത്തിലെത്തിയശേഷമാണ്. വിദ്യാഭ്യാസമേഖലയെ പരിപോഷിപ്പിക്കാനുള്ള നിരവധി പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. 4000 കോടി മുതല്‍മുടക്കുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ ആരംഭിച്ചു. 2002ല്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് മോഡറേഷന്‍ ഇല്ലാതെ ജയിച്ചവര്‍ 42.89 ശതമാനമായിരുന്നെങ്കില്‍ 2010ല്‍ 90.72 ശതമാനമായി. പിന്നോക്കപ്രദേശങ്ങളില്‍ 10 അപ്ളൈഡ് സയന്‍സ് കോളേജ് സ്ഥാപിച്ചു. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്നതിനായി ബജറ്റുവിഹിതം 50 ശതമാനം വര്‍ധിപ്പിച്ചു. ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ളാസുകളിലെ 35 ലക്ഷം കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സൌജന്യമായി വിതരണംചെയ്തു. മാതൃഭാഷാപഠനം നിര്‍ബന്ധമാക്കി. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലകസംവിധാനം ഏര്‍പ്പെടുത്തി. മലബാറിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് പ്ളസ്ടു സ്കൂളുകളും അധിക ബാച്ചുകളും അനുവദിച്ചു. സാമ്പത്തിക പിന്നോക്കാവസ്ഥകൊണ്ട് ഉപരിപഠനത്തിന് അവസരം നഷ്ടപ്പെടാതിരിക്കാന്‍ സ്കോളര്‍ഷിപ് നിധി ഏര്‍പ്പെടുത്തി. സ്കൂളുകളിലെ ഉച്ചഭക്ഷണസംവിധാനം വ്യാപിപ്പിച്ചു. 5000 സ്കൂളില്‍ ഐടിസി പദ്ധതി ആരംഭിച്ചു. ക്രിയാത്മകമായ പ്രവര്‍ത്തനഫലമായി സര്‍ക്കാര്‍സ്കൂളുകളിലെ അധ്യയനം ഉന്നതനിലവാരത്തിലേക്ക് ഉയര്‍ന്നു. പൊതു ആരോഗ്യമേഖലയെ തകര്‍ക്കുന്നവിധത്തിലായിരുന്നു യുഡിഎഫിന്റെ ഇടപെടല്‍. മെഡിക്കല്‍ കോളേജുകളെ സ്വകാര്യവല്‍ക്കരിക്കുന്നതിന് ശ്രമിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നോ ഡോക്ടര്‍മാരെയോ നല്‍കാന്‍ തയ്യാറായില്ല. സ്ഥലംമാറ്റത്തില്‍ വലിയ അഴിമതി അരങ്ങേറി. ഡോക്ടര്‍മാരെ സര്‍ക്കാര്‍ സര്‍വീസില്‍ ആകര്‍ഷിക്കുന്നവിധം സേവന-വേതന വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിച്ചില്ല. പരിശോധനാനിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഈ അവസ്ഥയ്ക്ക് മാറ്റംവരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. ആരോഗ്യമേഖല സംരക്ഷിക്കുക എന്നതിന്റെ ഭാഗമായി ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും ഒഴിവുകള്‍ നികത്തി. മെഡിക്കല്‍ കോളേജുകളുടെ സൌകര്യം വര്‍ധിപ്പിച്ചു. പുതുതായി 150 എംബിബിഎസ് സീറ്റ് സര്‍ക്കാര്‍മേഖലയില്‍ ആരംഭിച്ചു. മരുന്നുവിതരണത്തിനായി പുതിയ കോര്‍പറേഷന്‍ തുടങ്ങി. അര്‍ബുദം, വാതം തുടങ്ങിയ രോഗം ബാധിച്ച 18 വയസ്സിനുതാഴെയുള്ളവര്‍ക്ക് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സ പൂര്‍ണമായും സൌജന്യമാക്കി. ജനനീസുരക്ഷാ യോജനയുടെ ഭാഗമായി അഞ്ചുലക്ഷം സ്ത്രീകളുടെ പരിരക്ഷയ്ക്ക് 40 കോടി രൂപയുടെ പദ്ധതി നടപ്പാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 120 കോടി രൂപയുടെ നവീകരണമാണ് പൂര്‍ത്തീകരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിനുവേണ്ടി വണ്ടാനത്ത് പുതിയ കെട്ടിടസമുച്ചയം പണിതു. റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ മജ്ജ മാറ്റിവയ്ക്കല്‍ യൂണിറ്റ് തുടങ്ങി. ആലപ്പുഴയില്‍ വൈറോളജി ഇന്‍സ്റിറ്റ്യൂട്ട് ആരംഭിച്ചു. പാലിയേറ്റീവ് പരിചരണനയം പ്രഖ്യാപിച്ചു. കിടപ്പായ രോഗികളെ വീട്ടില്‍ ചെന്ന് പരിചരിക്കുന്നതിന് ഹോംകെയര്‍ സംവിധാനമേര്‍പ്പെടുത്തി. ശാരീരിക-മാനസിക വൈകല്യം ബാധിച്ചവരെ സഹായിക്കാന്‍ ആശാകിരണം പദ്ധതി നടപ്പാക്കി. ഇതിലൂടെ പ്രതിമാസം 250 രൂപ സഹായധനം നല്‍കുന്നുണ്ട്. അവിവാഹിതരായ അമ്മമാര്‍ക്ക് 250 രൂപ പ്രതിമാസ ധനസഹായവും കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ 25 കിലോ അരിയും നല്‍കുന്ന പദ്ധതിയും വിധവകളുടെ പുനര്‍വിവാഹത്തിന് 25,000 രൂപ നല്‍കുന്ന പദ്ധതിയും ആരംഭിച്ചു. അങ്കണവാടി ജീവനക്കാരുടെ വേതനവും ആനുകൂല്യവും വര്‍ധിപ്പിക്കുകയും തീരദേശങ്ങളിലെ അങ്കണവാടികള്‍ക്ക് കെട്ടിടം ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇത്തരത്തില്‍ ആരോഗ്യ- വിദ്യാഭ്യാസ- സാമൂഹ്യ സുരക്ഷാ മേഖലകളെ ശക്തിപ്പെടുത്തി കേരള മോഡലിന്റെ വിശ്വപ്രസിദ്ധമായ മുഖത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിനും വികസിപ്പിക്കുന്നതിനും സര്‍ക്കാരിന് സാധിച്ചു. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി ജീവനക്കാരുടെ എല്ലാവിധ ആനുകൂല്യവും വെട്ടിക്കുറയ്ക്കുക എന്നതായിരുന്നു യുഡിഎഫ് നയം. അത് കേരളത്തിലെ സേവന-വേതന വ്യവസ്ഥയെത്തന്നെ അട്ടിമറിക്കുന്നതായിരുന്നു. 15 ലക്ഷംപേര്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു യുഡിഎഫിന്റെ അന്നത്തെ വാഗ്ദാനം. എന്നാല്‍, നിയമനനിരോധനം നടപ്പാക്കുകയും ഉള്ള തസ്തികകള്‍ ഇല്ലാതാക്കുകയുമാണ് അവര്‍ ചെയ്തത്. ഇത്തരം ജനദ്രോഹനയങ്ങള്‍ക്ക് മാറ്റംവരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. യുഡിഎഫ് സര്‍ക്കാര്‍ വെട്ടിക്കുറച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എല്‍ഡിഎഫ് പുനഃസ്ഥാപിച്ചു. ഡിഎ കൃത്യസമയത്ത് വിതരണംചെയ്യുന്നതിനുള്ള സംവിധാനമേര്‍പ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകളുടെ പ്രസവാവധി 135 ദിവസത്തില്‍നിന്ന് 180 ആക്കി. ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്നവര്‍ക്ക് 45 ദിവസം അവധി നല്‍കി. നിയമനനിരോധനം ഒഴിവാക്കി. ശമ്പളക്കമീഷനെ നിയോഗിച്ചു. 24,000 പുതിയ തസ്തിക കൊണ്ടുവന്നു. പിഎസ്സി മുഖാന്തരം ഏപ്രില്‍ 30 വരെ 1,23,691 പേരെ നിയമിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. യുഡിഎഫിന്റെ കാലത്ത് ജീവനക്കാരുടെ എണ്ണത്തില്‍ ഒരുലക്ഷത്തിന്റെ കുറവാണുണ്ടായത് എന്നോര്‍ക്കണം. പാര്‍പ്പിടം, കുടിവെള്ളം, ഭക്ഷണം, വൈദ്യുതി തുടങ്ങിയവയ്ക്കായി യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇ എം എസ് ഭവനനിര്‍മാണപദ്ധതി ആരംഭിച്ചു. ഭവനരഹിതരായ അഞ്ചുലക്ഷം കുടുംബത്തിന് വീട് നല്‍കുന്നതിനുള്ള കര്‍മപദ്ധതിയാണ് നടപ്പാക്കുന്നത്. എം എന്‍ ലക്ഷംവീട് പുനരധിവാസപദ്ധതിയിലൂടെ ലക്ഷംവീടുകള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനവും ആരംഭിച്ചു. കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാനത്ത് വിവിധ മേഖലയിലായി 47 വന്‍കിടപദ്ധതിയും 190 ചെറുകിടപദ്ധതിയും പൂര്‍ത്തിയാക്കി. ഇതിലൂടെമാത്രം 10 ലക്ഷംപേര്‍ക്ക് പുതുതായി കുടിവെള്ളം ലഭിക്കും. 823 ഗ്രാമീണ ശുദ്ധജല വിതരണപദ്ധതിയും 57 സുനാമി പദ്ധതിയും പൂര്‍ത്തിയാക്കി. നബാര്‍ഡിന്റെ സഹായത്തോടെ 670 കോടി രൂപ ചെലവില്‍ 36 പദ്ധതി ആരംഭിച്ചു. മുടങ്ങിക്കിടന്ന 37 നഗര ശുദ്ധജലവിതരണ പദ്ധതിക്ക് 139 കോടി രൂപ നല്‍കി നിര്‍മാണം പുനരാരംഭിച്ചു. ഗ്രാമീണമേഖലയില്‍ ശുദ്ധജലവിതരണത്തിനായി വിവിധ പദ്ധതിക്ക് 300 കോടി രൂപ അനുവദിച്ചു. അപേക്ഷ നല്‍കി ഏഴുദിവസത്തിനകം കണക്ഷന്‍ നല്‍കുന്നതിനുള്ള പദ്ധതിയും തുടങ്ങി. ക്രിയാത്മകമായ ഇത്തരം പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ 'ഇന്ത്യാ ടുഡേ ഭാരത് നിര്‍മാ അവാര്‍ഡ്' സംസ്ഥാനത്തിന് ലഭിക്കുകയുണ്ടായി. പാവപ്പെട്ടവര്‍ക്ക് ജീവിക്കാനുള്ള വരുമാനം നല്‍കുന്നതിന് ഉതകുംവിധം തൊഴിലുറപ്പുപദ്ധതിയും കാര്യക്ഷമമായി മുന്നോട്ടുപോവുകയാണ്. ഇടതുപക്ഷത്തിന്റെ ശക്തമായ സമ്മര്‍ദത്തെതുടര്‍ന്ന് നടപ്പാക്കിയ ഈ പദ്ധതി ഏറ്റവും നല്ലനിലയില്‍ നടത്തുന്ന സംസ്ഥാനം കേരളമാണ്. ഇതിന്റെ ഭാഗമായി 529.8 ലക്ഷം തൊഴില്‍ദിനം ലഭിച്ചു. 802.8 കോടി രൂപ നാലുവര്‍ഷംകൊണ്ട് വിതരണം ചെയ്തിട്ടുണ്ട്. ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി കേരള മോഡല്‍ വികസനസമീപനം തകര്‍ക്കപ്പെടുമെന്ന അവസ്ഥയെ അഭിമുഖീകരിച്ചുകൊണ്ടാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നത്. കേരള മോഡലിന്റെ നേട്ടങ്ങള്‍ നിലനിര്‍ത്തിയും കോട്ടങ്ങള്‍ പരിഹരിച്ചും സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മുന്നോട്ടുപോവുകയാണ്. ആഗോളവല്‍ക്കരണ കാലഘട്ടത്തിലും പാവപ്പെട്ടവര്‍ക്കുവേണ്ടി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നതിന്റെ മാതൃകയായി സംസ്ഥാന സര്‍ക്കാര്‍ മാറുകയാണ്. ഇന്ത്യക്കെന്നല്ല, ലോകത്തിനുതന്നെ മാതൃകയായി ഇത് ഉയര്‍ത്തിക്കാട്ടപ്പെടും എന്നതില്‍ തര്‍ക്കമില്ല.
No comments:
Post a Comment