തെളിഞ്ഞത് യുപിഎയുടെ ദുര്‍മുഖം
പി കരുണാകരന്‍
രാജ്യം നേരിടുന്ന ഗുരുതര പ്രശ്നമായ വിലക്കയറ്റത്തോട് യുപിഎ കാണിക്കുന്ന അലംഭാവവും അതിനെതിരായ പ്രതിപക്ഷത്തിന്റെ രോഷപ്രകടനവുമാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യനാളുകളെ ശ്രദ്ധേയമാക്കിയത്. വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഇടതുപക്ഷ പാര്‍ടികളും മറ്റ് ചില ജനാധിപത്യ കക്ഷികളും ലോക്സഭയിലും രാജ്യസഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, വോട്ടെടുപ്പില്ലാത്ത റൂള്‍ 193 അനുസരിച്ച് ചര്‍ച്ചചെയ്യാമെന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യംമുതലേ സ്വീകരിച്ചത്. ഇതിനെതിരെ ലോക്സഭയില്‍ വന്‍പ്രതിഷേധമുയര്‍ന്നു. ഇടതുപക്ഷ പാര്‍ടികളും എന്‍ഡിഎയും മാത്രമല്ല ഗവമെന്റിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പാര്‍ടികളും പ്രതിഷേധവുമായി രംഗത്തുവന്നു. ബിഎസ്പി, എസ്പി, ആര്‍ജെഡി, ജെഡിഎസ്, ജെഡിയു, ഡിഎംകെ, എഡിഎംകെ, തുടങ്ങിയ കക്ഷികളും പ്രതിഷേധത്തില്‍ പങ്കാളികളായി. ഡിഎംകെ അല്‍പ്പം മയപ്പെടുത്തി ചര്‍ച്ച വേണമെന്ന കാര്യത്തില്‍ ഉറച്ചുനിന്നു. ഗവമെന്റിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമാകെ 27ന് സഭയില്‍നിന്ന് ഇറങ്ങിപ്പോയി. 28ന് ഇടതുപക്ഷ കക്ഷികളും മറ്റ് ജനാധിപത്യ പാര്‍ടികളും പാര്‍ലമെന്റിനു മുമ്പില്‍ ധര്‍ണ നടത്തി. ഗവമെന്റിന്റെ ജനവിരുദ്ധനയങ്ങളിലും ചര്‍ച്ച അനുവദിക്കാത്തതിലുമുള്ള പ്രതിഷേധം ശക്തിപ്പെട്ടു. ഇതേസമയം പാര്‍ലമെന്റിനകത്ത് എന്‍ഡിഎ ഘടകകക്ഷികള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. ധര്‍ണയ്ക്ക് ശേഷം ഇടതുപക്ഷ പാര്‍ടികളും മറ്റ് ജനാധിപത്യപാര്‍ടികളും പ്രതിഷേധവുമായി രംഗത്തെത്തി. പാര്‍ലമെന്റിന് അകത്തും പുറത്തും ഒരേപോലെ ജനകീയ പ്രക്ഷോഭത്തിന്റെ അലയടി ഉയര്‍ന്നുവന്നു. പാര്‍ലമെന്റിന്റെ ആദ്യ ആഴ്ച മറ്റ് നടപടികളൊന്നും ആരംഭിക്കാന്‍ കഴിയാതെ സഭ പിരിയേണ്ടിവന്നു. ഇതിനിടയില്‍ ഏത് വകുപ്പ് അനുസരിച്ച് ചര്‍ച്ചചെയ്യണമെന്നുള്ള തര്‍ക്കങ്ങള്‍ ഉയര്‍ന്നുവരികയും ലോക്സഭയും രാജ്യസഭയും ഒരേപോലെ വിലക്കയറ്റവിരുദ്ധ വേദിയായി മാറുകയുമായിരുന്നു. ഇതിനിടയില്‍ ലോക്സഭയില്‍ ചര്‍ച്ച അനുവദിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി പ്രതിപക്ഷ കക്ഷിനേതാക്കളെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചു. തങ്ങള്‍ ഉന്നയിക്കുന്ന വാദഗതികള്‍ സമര്‍ഥിച്ച്് സുഷമ സ്വരാജ്, ബസുദേവ് ആചാര്യ, ശരദ് യാദവ്, മുലായം സിങ്, ലാലു പ്രസാദ് യാദവ്, ഗുരുദാസ് ഗുപ്ത, തമ്പിദുരെ തുടങ്ങിയവര്‍ സംസാരിച്ചു. സിപിഐ എം നേതാവ് ബസുദേവ് ആചാര്യ 1973, 84, 88, 2000 വര്‍ഷങ്ങളില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയ കാര്യം ചൂണ്ടിക്കാണിച്ചത് സഭയില്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഗവമെന്റിനുവേണ്ടി സഭാനേതാവു കൂടിയായ പ്രണബ് മുഖര്‍ജിയാണ് സംസാരിച്ചത്. ചര്‍ച്ചയാവാം എന്നാല്‍, അടിയന്തരപ്രമേയത്തിന്റെ വെളിച്ചത്തിലാവരുത് എന്ന് ആവര്‍ത്തിക്കുകയാണ് സഭാനേതാവ് ചെയ്തത്. പ്രതിപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാണിച്ചത്, ഗവമെന്റിനെ പരാജയപ്പെടുത്താനോ വിശ്വാസ പ്രമേയത്തിന്റെയോ അവിശ്വാസപ്രമേയത്തിന്റെയോ രീതിയിലുമല്ല പ്രമേയം കൊണ്ടുവരുന്നത് എന്നാണ്. രാജ്യത്ത് ബാധിക്കുന്ന ഗുരുതരമായ പ്രശ്നം ഗവമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് നടപടിയെടുക്കുന്നതിനാണ്. ചര്‍ച്ചയ്ക്കൊടുവില്‍ സ്പീക്കര്‍ ഉച്ചയ്ക്ക് ശേഷം റൂളിങ് നല്‍കാമെന്ന് പറഞ്ഞ് സഭ പിരിഞ്ഞു. ഉച്ചയ്ക്ക് ശേഷമാകട്ടെ, പ്രശ്നത്തിന്റെ ഗൌരവം കണക്കിലെടുത്ത് ചര്‍ച്ചയാവാമെന്നും എന്നാല്‍, ഗവമെന്റിന് ഈ കാര്യത്തില്‍ നടപടി എടുക്കുന്നതില്‍ പരാജയം സംഭവിച്ചിട്ടില്ലെന്ന പ്രണബ് മുഖര്‍ജിയൂടെ വാദഗതി അംഗീകരിച്ചാണ് സ്പീക്കര്‍ റൂളിങ് നല്‍കിയത്. അടിയന്തരപ്രമേയമല്ലാത്ത മറ്റേതെങ്കിലും വകുപ്പുകളനുസരിച്ച് ചര്‍ച്ച ചെയ്യാമെന്നായിരുന്നു സ്പീക്കറുടെ റൂളിങ്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമാകെ സഭ വിട്ടിറങ്ങി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് കക്ഷി രാഷ്ട്രീയത്തിനതീതമായി രാജ്യത്താകെ പ്രതിഷേധം അലയടിച്ചുയരുകയായിരുന്നു. ഇതിന്റെ ശക്തമായ പ്രതികരണം തന്നെയാണ് പാര്‍ലമെന്റിന്റെ ഇരുസഭയിലും കാണാന്‍ കഴിഞ്ഞത്. സഭാനടപടികള്‍ നടക്കാതിരിക്കുന്നതിനുള്ള ഉത്തരവാദിത്തം ഗവമെന്റിന് തന്നെയാണ്. ഇതിനിടയില്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള തുടര്‍ചര്‍ച്ചകള്‍ പാര്‍ടി നേതാക്കളുടെ ഇടയില്‍ നടന്നു. ഇതിന്റെ ഭാഗമായി പ്രത്യേക വകുപ്പുകള്‍ പ്രതിപാദിക്കാതെ ചര്‍ച്ച ആവാമെന്നും ചര്‍ച്ചയ്ക്കുശേഷം സ്പീക്കര്‍ തീരുമാനിക്കട്ടെ എന്നും ധാരണയിലെത്തി. തുടര്‍ന്ന് ആഗസ്ത് രണ്ടിന് പ്രതിപക്ഷ നേതാവ് സുഷമാസ്വരാജ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചു. വിലക്കയറ്റത്തിന് കാരണം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനയാണെന്നും വിലക്കയറ്റം തടയുന്നതില്‍ ഗവമെന്റ് പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും കണക്കുകള്‍ ഉദ്ധരിച്ച് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി. സിപിഐ എമ്മിനെ പ്രതിനിധാനംചെയ്ത് ബസുദേവ് ആചാര്യയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. രാജ്യസഭയില്‍ സീതാറാം യെച്ചൂരിയും വിലക്കയറ്റ ചര്‍ച്ചയില്‍ സിപിഐ എമ്മിനുവേണ്ടി സംസാരിച്ചു. ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ചകള്‍ക്കുള്ള മറുപടിയില്‍ വിചിത്രമായ വാദഗതിയാണ് ധനകാര്യമന്ത്രി നിരത്തിയത്. സാമ്പത്തികരംഗത്ത് വളര്‍ച്ച വരുമ്പോള്‍ വിലക്കയറ്റമുണ്ടാവാമെന്ന അപൂര്‍വമായ സാമ്പത്തിക സിദ്ധാന്തമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. സഭയില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ സ്പീക്കറുടെ റൂളിങ്ങിനുവേണ്ടി കാതോര്‍ത്തിരുന്നു. അടിയന്തര പ്രമേയം അനുവദിച്ചില്ല. എന്നാല്‍,വിലക്കയറ്റം ദുസ്സഹമാണെന്നും അത് സാധാരണ ജനങ്ങളെ ബാധിക്കുമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് അവര്‍ റൂളിങ് നല്‍കിയത്. അടിയന്തരപ്രമേയം അനുവദിക്കപ്പെട്ടില്ലെങ്കിലും പ്രശ്നത്തിന്റെ ഗൌരവം സഭയിലും പുറത്തും ഉയര്‍ത്തുന്നതിനും സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ തുറന്നുകാണിക്കുന്നതിനും ഈ ചര്‍ച്ച ഉപകരിച്ചിട്ടുണ്ട്്. ഇരുസഭകളിലും റൂള്‍ 193 അനുസരിച്ച് ഭോപാല്‍ ദുരന്തത്തെക്കുറിച്ച് നടന്ന ചര്‍ച്ച വാദപ്രതിവാദങ്ങള്‍ക്ക് കളമൊരുക്കി. ഗവമെന്റിനെതിരെ രൂക്ഷമായ വിമര്‍ശമാണ് ഉയര്‍ന്നത്. 26000 മനുഷ്യരെ കൊന്നൊടുക്കുകയും ഒരു നാടിനെയും ജനതയെയും രോഗപീഡകളുടെ തോരാക്കണ്ണീരിലാഴ്ത്തുകയും ചെയ്ത വിഷവാതക ദുരന്തത്തിന് ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. 26 കൊല്ലത്തിനു ശേഷമാണ് ഭോപാല്‍ കേസില്‍ കോടതി വിധി വന്നത്. പ്രധാന പ്രതിയായ ആന്‍ഡേഴ്സണെ ഇന്നുവരെ പിടിച്ചില്ല. രക്ഷപ്പെടുത്തിയതില്‍ കോഗ്രസിന്റെ സമുന്നതര്‍ക്ക് പങ്കുണ്ടെന്നും കേസ് നിസ്സാരവല്‍ക്കരിച്ച് പ്രതികളെ രക്ഷിച്ചത് കോഗ്രസാണെന്നുമുള്ള യാഥാര്‍ഥ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. എന്‍ഡിഎ സര്‍ക്കാരിനെ നയിച്ച ബിജെപിക്കും ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവില്ല. രാജ്യസഭയില്‍ വൃന്ദ കാരാട്ടും ലോക്സഭയില്‍ ബസുദേവ് ആചാര്യയുമാണ് സിപിഐ എമ്മിനുവേണ്ടി സംസാരിച്ചത്. മംഗലാപുരം വിമാനദുരന്ത വിഷയം രാജ്യസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലൂടെ പി രാജീവും ലോക്സഭയില്‍ പ്രത്യേക സബ്മിഷനിലൂടെ പി കരുണാകരനും അവതരിപ്പിച്ചു. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കെ എന്‍ ബാലഗോപാലും ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തെക്കുറിച്ച് ടി എന്‍ സീമയും രാജ്യസഭയില്‍ സംസാരിച്ചു. മലയാള ഭാഷയ്ക്ക് ക്ളാസിക്കല്‍ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് പി കെ ബിജുവും കേരളത്തിലേക്ക് ഓണക്കാലത്ത് കൂടുതല്‍ ട്രെയിന്‍, വിമാന സൌകര്യങ്ങള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എം ബി രാജേഷും ലോക്സഭയില്‍ സംസാരിച്ചു. ബീഡിത്തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും കേരളത്തിലെ പൊതുവിതരണ ശൃംഖലയെ സഹായിക്കണമെന്നും പി കരുണാകരന്‍ ലോക്സഭയില്‍ ആവശ്യപ്പെട്ടു. സ്റേറ്റ് ബാങ്ക് ഭേദഗതി നിയമത്തിന്റെ ചര്‍ച്ചയില്‍ ലോക്സഭയില്‍ എ സമ്പത്തും രാജ്യസഭയില്‍ തപന്‍സെന്നും സംസാരിച്ചു. കൊച്ചി മെട്രോ പദ്ധതി നടപ്പാക്കണമെന്ന് പി രാജീവ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു. തൃണമൂല്‍ കോഗ്രസ് അംഗീകരിക്കുന്ന നയങ്ങളും സമീപനങ്ങളും ഇരുസഭകളെയും ആഗസ്ത് 9,10 തീയതികളില്‍ പ്രക്ഷുബ്ധമാക്കി. മാവോയിസ്റ് റാലിക്ക് പിന്തുണ നല്‍കുന്ന മമതാ ബാനര്‍ജിയുടെ സമീപനത്തെ ബിജെപിയും ഇടതുപക്ഷപാര്‍ടികളും ചോദ്യം ചെയ്തു. സഭ പലപ്പോഴും നിര്‍ത്തിവക്കേണ്ടിവന്നു. തങ്ങളുടെ സമീപനത്തെ ന്യായീകരിക്കാനുള്ള ടിഎംസിയുടെ ശ്രമം പരിഹാസ്യമായി. സൈന്യത്തെ പിന്‍വലിക്കണമെന്നുളള അവരുടെ ആവശ്യം ചിദംബരത്തിന് സ്വീകാര്യമായിരുന്നില്ല. എന്നാല്‍, ടിഎംസിയുടെ സമീപനത്തില്‍ മൌനം പാലിക്കുകയാണ് കോഗ്രസ് ചെയ്തത്. രാജ്യസഭയിലും ലോക്സഭയിലും പ്രശാന്ത് ചാറ്റര്‍ജി, ബന്‍സ ഗോപാല്‍ ചൌധരി, എ സമ്പത്ത്, എം ബി രാജേഷ് എന്നിവര്‍ ടിഎംസിയുടെ സമീപനത്തെ ശക്തമായി ചോദ്യംചെയ്തു.
No comments:
Post a Comment