യാങ്കി ശവംതീനികളുടെ ഇറാഖി പ്രഹസനം
പി ഗോവിന്ദപ്പിള്ള
സൌദി അറേബ്യ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ എണ്ണനിക്ഷേപമുള്ള രാജ്യം ഇറാഖാണ്. രണ്ടാംലോകമഹായുദ്ധത്തിനുമുമ്പും അതിനുശേഷം കുറെ വര്‍ഷത്തേക്കും ഈ എണ്ണനിക്ഷേപം നിസ്സാര ചെലവില്‍ കൊള്ളയടിച്ചുകൊണ്ടുപോയിരുന്നത് പടിഞ്ഞാറന്‍ യൂറോപ്പിലെയും അമേരിക്കയിലെയും എണ്ണക്കമ്പനികളാണ്. എന്നാല്‍, 1950കളുടെ ആദ്യം ഈജിപ്തിലെ കേണല്‍ അബ്ദുല്നാസറുടെ നേതൃത്വത്തില്‍ അറബിലോകത്ത് ആഞ്ഞുവീശിയ ദേശീയസ്വാതന്ത്യ്രപ്രസ്ഥാനങ്ങള് ഈ എണ്ണ ഖനനമെല്ലാം വിദേശികളില്‍നിന്ന് ഏറ്റെടുത്തു. വീണ്ടും ആ പഴയ എണ്ണക്കൊള്ള പുനഃസ്ഥാപിക്കാന്‍ പടിഞ്ഞാറന്ശക്തികള് ശ്രമിച്ചുകൊണ്ടിരിക്കയാണ്. അവരുടെ നാട്യങ്ങള്‍ എന്തുതന്നെയായാലും ലക്ഷ്യം എണ്ണതന്നെ. എണ്ണ കമ്പോള വിലയ്ക്ക് നല്കാന് അറബിരാഷ്ട്രങ്ങള്‍ തയ്യാറാണ്. അതിനായി 1973ല്‍ ഓര്ഗനൈസേഷന് ഓഫ് പെട്രോള്‍ എക്സ്പോര്‍ട്ടിങ് കട്രീസ് (ഒപെക്) എന്നൊരു സംഘടനയും അവര്‍ രൂപീകരിച്ചു. ഈ ഒപെകിനെ പിന്തള്ളി നിസ്സാരചെലവില്‍ എണ്ണ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ പൊതുവെയും അമേരിക്കന്‍ ഐക്യനാട് പ്രത്യേകിച്ചും അവരുടെ പശ്ചിമേഷ്യന്‍ നയങ്ങളും പശ്ചിമേഷ്യന്‍ ആക്രമണങ്ങളും ആവിഷ്കരിച്ച് നടപ്പാക്കുന്നത്. എട്ടുവര്‍ഷം മുമ്പാണ് ഒസാമാ ബിന്‍ ലാദന്റെയും ഭീകരപ്രവര്‍ത്തനങ്ങളുടെയും മറവില്‍ ഇറാഖിലെ പ്രസിഡന്റ് സദ്ദാംഹുസൈന് 'വെപ്പസ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍സ്' (കൂട്ടക്കൊലയ്ക്ക് ഉപകരിക്കുന്ന ആയുധശേഖരം) ശേഖരിച്ചുവച്ചിട്ടുണ്ടെന്ന് ആരോപിച്ച് കുപ്രസിദ്ധ യുദ്ധവെറിയന്‍ ജോര്‍ജ് ഡബ്ള്യു ബുഷ് ഇറാഖിനെതിരെ ആക്രമണം നടത്തിയതും സദ്ദാംഹുസൈനെ ഹീനമാംവിധം നിയമവിരുദ്ധമായി വധിച്ചതും. ഒബാമയുടെ വാഗ്ദാനം രണ്ട് ഊഴം ബുഷ് ഭരണം നടത്തി. അനേകായിരം ഡോളര്‍ ഇതിനായി ചെലവഴിച്ചു. ടോണിബ്ളെയറുടെ ബ്രിട്ടനെപ്പോലെ ചുരുക്കം ചില സഖ്യകക്ഷികള്‍ ബുഷിനെ തുണയ്ക്കാന്‍ ആളും അര്‍ഥവും നല്കി. ഇത്രയൊക്കെയായിട്ടും ഇറാഖിനെ അന്തിമമായി കീഴ്പ്പെടുത്താനോ ഇറാഖില്‍ ദൈനംദിന ഭരണം സുഗമമാക്കാനോ യാങ്കികള്‍ക്ക് കഴിഞ്ഞില്ല. നൂറുകണക്കിന് യാങ്കികള്‍ ഇറാഖില്‍ ചത്തുവീണപ്പോള്‍ ആയിരക്കണക്കിന് ഇറാഖികളും മരണമടഞ്ഞു. നാശനഷ്ടങ്ങളുടെയും പരിക്കേറ്റവരുടെയും കണക്ക് തിട്ടപ്പെടുത്താനാകാത്തവിധം വലുതാണ്. ബുഷിന്റെ സര്‍വനാശക ആയുധശേഖര ആരോപണം വെറും നുണയാണെന്ന് തെളിയുകയും തനിക്ക് അക്കാര്യത്തില്‍ തെറ്റുപറ്റിയെന്ന് ബുഷ് തന്നെ സമ്മതിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സഖ്യകക്ഷികളുടെയും ലോകപൊതുജനാഭിപ്രായത്തിന്റെയും എതിര്‍പ്പിനുപുറമെ അമേരിക്കയിലെ പൊതുജനാഭിപ്രായവും ഇറാഖി യുദ്ധത്തിന് എതിരായി. മുന്‍കാലത്തെ വിയറ്റ്നാം യുദ്ധത്തില്‍ അപമാനകരമായ പരാജയം ഏറ്റുവാങ്ങിയതുപോലെ ഇറാഖിലും സംഭവിക്കുമെന്ന ആശങ്ക അമേരിക്കന്‍ ജനങ്ങള്‍ക്കിടയില്‍ പ്രബലമായി. ഈ ഘട്ടത്തിലാണ് 2008 നവംബറില്‍ അമേരിക്കയില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നതും പുരോഗമനവാദിയും സമാധാനപ്രിയനും എന്ന പരിവേഷത്തോടുകൂടി ഡെമോക്രാറ്റിക് പാര്‍ടി സ്ഥാനാര്‍ഥിയായി ബറാക് ഒബാമ മത്സരിച്ചതും ജയിച്ചതും. തന്റെ പരിവേഷത്തിന് ദീപ്തി നല്കാന് ഒബാമ ജനങ്ങളോട് ചെയ്ത പ്രധാനപ്പെട്ട വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇറാഖില്‍നിന്ന് അമേരിക്കന്‍സേനയെ പൂര്‍ണമായി പിന്‍വലിക്കുമെന്നത്. 2009 ജനുവരിയില്‍ സത്യപ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ ചെയ്ത പ്രസംഗത്തിലും ഈ വാഗ്ദാനം ആവര്‍ത്തിച്ചിരുന്നു. പക്ഷേ, വര്‍ഷം ഒന്നരകഴിഞ്ഞിട്ടും ആ വഴിക്ക് നീക്കമൊന്നും ഉണ്ടായില്ല. അതോടൊപ്പം അയല്‍രാഷ്ട്രമായ അഫ്ഗാനിസ്ഥാനിലും യുദ്ധം കൊടുംപിരികൊള്ളുകയല്ലാതെ മന്ദീഭവിക്കുന്ന മട്ടില്ല. കഴിഞ്ഞ ആഗസ്ത് രണ്ടിന് ഒബാമ അറ്റ്ലാന്റയില്‍ വിളിച്ചുചേര്‍ത്ത സൈനികമേധാവികളുടെ യോഗത്തില്‍ പിന്‍വലിക്കല്‍ സംബന്ധിച്ച വാഗ്ദാനം ആവര്‍ത്തിച്ചു. ഈ വരുന്ന സെപ്തംബര്‍ ഒന്നാംതീയതി അമേരിക്കയില്‍നിന്ന് ആക്രമണസൈന്യത്തെ പിന്വലിച്ചുതുടങ്ങുമെന്നും 2011 ഡിസംബര്‍ ആകുമ്പോഴേക്കും സൈനിക പിന്മാറ്റം പൂര്‍ത്തിയാകുമെന്നും പ്രഖ്യാപിക്കപ്പെട്ടിരുന്നു. എന്നാല്‍,ഇറാഖിലെ അമേരിക്കന്‍ സൈനിക സാന്നിധ്യത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ വ്യക്തമാക്കുന്നത് വാഗ്ദാനം ശുദ്ധവഞ്ചനയും പ്രഹസനവുമാണെന്നാണ്. ഇറാഖി യാഥാര്‍ഥ്യങ്ങള്‍ ഇറാഖില്‍ അമേരിക്കക്കാരുടെ ദല്ലാളായ പ്രധാനമന്ത്രി നൂറി-അല്‍-മലീക്കിയെക്കൊണ്ട് അവര്‍ ഒരു പ്രസ്താവന ഇറക്കിച്ചിട്ടുണ്ട്. പെട്ടെന്ന് അമേരിക്കന്‍ സൈന്യം പിന്മാറുന്നത് ഇറാഖിന് ഗുണകരമല്ല എന്നാണ് ഈ ദല്ലാള്‍ പ്രധാനമന്ത്രിയുടെ വാദം. വാസ്തവത്തില്‍ ഇറാഖില്‍നിന്ന് 'കമ്പാറ്റ്' അഥവാ ആക്രമണസൈന്യത്തെ മാത്രമേ പിന്‍വലിക്കുന്നുള്ളൂ. അവര്‍ നോ കമ്പാറ്റുകളായി (അനാക്രമണ സൈന്യങ്ങളായി) തുടരും. ഇറാഖിന് യുദ്ധത്തില്‍ നേരിട്ട നാശനഷ്ടങ്ങള്‍ പരിഹരിച്ച് പുനര്‍നിര്‍മാണത്തിന് എന്നവകാശപ്പെട്ടുകൊണ്ട് ഈ നോകമ്പാറ്റ് സേനകള്‍ തുടരും. അവരുടെ എണ്ണം അരലക്ഷത്തോളം വരും. തെക്കന്‍കൊറിയയില്‍ താവളമടിച്ചിട്ടുള്ള അമേരിക്കന്‍ സൈനികസംഖ്യയുടെ രണ്ടിരട്ടിയാണിത്. കൂടാതെ അമേരിക്കന്‍ ആയുധശേഖരങ്ങള്‍ തിരികെ കൊണ്ടുപോകുന്നുമില്ല. ഇറാഖി സൈന്യത്തെ പരിശീലിപ്പിക്കാന്‍ വേണ്ടിയാണ് അവ തിരിച്ചുകൊണ്ടുപോകാതെ ഇറാഖില്‍തന്നെ നിക്ഷേപിച്ചിരിക്കുന്നതെന്നാണ് ന്യായം പറയുന്നത്. ഇവയ്ക്കുപുറമെ ഇറാഖിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുലക്ഷത്തോളം അമേരിക്കന്‍ കങ്കാണികളും കരാറുകാരുംകൂടി ഉണ്ടാകും. അവരില്‍ മുന്‍സൈനികരും അവധിയെടുത്ത് അധികവേതനം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഇപ്പോഴത്തെ സൈനികരും ഉണ്ടാകും. അമേരിക്കയുമായി സൌഹൃദം പുലര്‍ത്തുന്ന രാജ്യങ്ങളായ ഉഗാണ്ട, പെറു, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നാണ് ഈ കരാറുകാര്‍. ഇവയ്ക്കെല്ലാംപുറമെ ഇറാഖിലെ എണ്ണ ഖനനത്തിന്റെ അറുപത് ശതമാനത്തോളം വിദേശ നിയന്ത്രണത്തിലാണ്. ഇപ്പോള്‍ ഇറാഖിലുള്ളത് ഏകദേശം 2700 നയതന്ത്രപ്രതിനിധികളാണ്. ഇത് 7000 ആയി വര്‍ധിപ്പിക്കണമെന്ന്് യുഎസ് വിദേശകാര്യസെക്രട്ടറി ഹിലരി ക്ളിന്റ പ്രസ്താവിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ഇന്ത്യപോലെ അമേരിക്കയുമായി വളരെ അടുത്ത വ്യാപാരനയതന്ത്രബന്ധങ്ങളുള്ള ഒരു മഹാരാജ്യത്തില്‍പോലും ഇത്രയേറെ അമേരിക്കന്‍ നയതന്ത്രപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസ്സിലാക്കുമ്പോഴാണ് ഇവരും വേഷംമാറിയ പൂതനകളാണെന്ന് വെളിവാകുന്നത്. കൂടാതെ അവരൊന്നുകൂടി വെളിപ്പെടുത്തുകയുണ്ടായി. അതായത് അമേരിക്കന്‍ സൈന്യം ഇറാഖില്‍നിന്ന് പൂര്‍ണമായും നിഷ്ക്രമിക്കാന്‍ നാലോ അഞ്ചോ വര്‍ഷംകൂടി വേണ്ടിവരുമെന്ന്. ഇതെല്ലാം വ്യക്തമാക്കുന്നത് പ്രസിഡന്റ് ബറാക് ഒബാമയുടെ വാഗ്ദാനം വെറും പ്രഹസനവും ആത്മവഞ്ചനയും അല്ലെന്നാണെങ്കില്‍ പിന്നെന്താണ്?
1 comment:
വര്‍ത്തമാനകാലത്ത് നിലനില്‍ക്കുന്ന ഒരു തെമ്മാടി രാഷ്ടമാണ് അമേരിക്ക.
ബസ്സില്‍ പോക്കറ്റടിക്കുന്നവനെ നാം വളഞ്ഞുവച്ച് പൊതിരെ തല്ലുകയും കള്ളനാണെന്ന് വിളിച്ച് അവഹേളിക്കുകയും ചെയ്യും.
എന്നാല്‍ അമേരിക്കയുടെ ഈ പച്ചക്ക് നടത്തുന്ന കൊള്ളയെയും മോഷണത്തെയും പിടിച്ചുപറിയെയും എന്തു പറയും .. ?
ആരു വളഞ്ഞുവച്ച് തല്ലും ??
ഓരോ അമേരിക്കക്കാരണ്റ്റെയും ധമനിയില്‍ ഓടുന്ന രക്തം പാപത്തിണ്റ്റെയും മോഷണത്തിണ്റ്റെയും പങ്കിലമായ അംശമല്ലയോ .. ?
Post a Comment