Wednesday, August 25, 2010

മനുഷ്യന്റെ ജാതി മനുഷ്യത്വം

മനുഷ്യന്റെ ജാതി മനുഷ്യത്വം


മതഭ്രാന്തിനും ജാതിസ്പര്‍ധയ്ക്കും അതീതമായി നിലയുറപ്പിച്ച് മാനവമൈത്രിയുടെ വിശുദ്ധസന്ദേശം വാക്കുകളിലും കര്‍മങ്ങളിലുംകൂടി പ്രചരിപ്പിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭം ഇതാണ്.


ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും ആക്രോശങ്ങളാല്‍ കലുഷമായ അന്തരീക്ഷത്തിലാണ് ഇപ്രാവശ്യം ശ്രീനാരായണജയന്തി ഉദയംചെയ്യുന്നത്. പുണ്യാത്മാവ് ഉപദേശിച്ച ധര്‍മസംഹിതയില്‍ വിശ്വസിക്കുന്നവരെല്ലാം അലംഭാവം കൈവെടിഞ്ഞ് കര്‍മനിരതരായേ പറ്റൂ. ആ ധര്‍മസംഹിതയുടെ കേന്ദ്രസ്ഥാനം മനുഷ്യനാണ്. 'ഒരു ജാതി ഒരു മതം' എന്ന് ഗുരു പറഞ്ഞത് ഏതെങ്കിലുമൊരു വിഭാഗത്തെ ഉദ്ദേശിച്ചല്ല; മനുഷ്യനെ }ഉദ്ദേശിച്ചാണ്, 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വസിച്ചാണ്. 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വവിശാലമായ ആശയത്തിന് ആഴം നല്‍കുന്നു. 'മനുഷ്യന്‍ നന്നായാല്‍ മതി' എന്ന ഉപദേശത്തോട് 'മതമേതായാലും' എന്നു ചേര്‍ക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഓര്‍ക്കണം. വാക്കുകള്‍കൊണ്ടു മാത്രമല്ല, കര്‍മങ്ങള്‍കൊണ്ടും തന്റെ സന്ദേശത്തിന് കരുത്തു നല്‍കാന്‍ ശ്രീനാരായണഗുരു നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു എന്ന വസ്തുതയും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ ജീവിതം ഒരിക്കലും ഒരു പര്‍ണശാലയില്‍ ധ്യാനനിരതമായി ഒതുങ്ങിക്കൂടിയില്ല. അദ്ദേഹം നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളും അദ്ദേഹത്തിന് പരിചിതമായിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്ന വിഭജനത്തിന് സ്ഥാനമുണ്ടായിരുന്നില്ല. മനുഷ്യരുടെ ദുരിതങ്ങളിലും മനുഷ്യരെ അലട്ടുന്ന പ്രശ്നങ്ങളിലുമാണ് അദ്ദേഹം മുഖ്യമായി ശ്രദ്ധപതിപ്പിച്ചത്. അവയ്ക്ക് പരിഹാരമുണ്ടാക്കാനാണ് അദ്ദേഹം നിരന്തരം പരിശ്രമിച്ചത്. മഹര്‍ഷിയുടെ മഹനീയ സിദ്ധികള്‍ പുലര്‍ത്തിക്കൊണ്ടുതന്നെ സാധാരണക്കാരുടെ നിത്യജീവിതപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഔന്നത്യം. അദ്ദേഹത്തിന്റെ ദര്‍ശനത്തിലെ പ്രകാശം അതായിരുന്നു. ശ്രീനാരായണഗുരു പറഞ്ഞു: "ലൌകികവും ആത്മീയവും രണ്ടും രണ്ടല്ല. അവ രണ്ടും വാസ്തവത്തില്‍ ഒരേ ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിക്കുന്നു. ശരീരത്തിന്റെ എല്ലാ അംഗങ്ങളുടെയും ഒത്തുള്ള പ്രവൃത്തിയാല്‍ ശരീരം സുഖം അനുഭവിക്കുന്നു. അതുപോലെ മനുഷ്യസമുദായത്തിന്റെ പരമലക്ഷ്യമായ സുഖപദത്തെ പ്രാപിക്കുവാന്‍ ആത്മീയമായും ഭൌതികമായും ഉള്ള സര്‍വവിധ ഏര്‍പ്പാടുകളുടെയും ഏകോപിച്ചുള്ള പ്രവൃത്തി ആവശ്യമാണ്''. സമുദായത്തിലെ അനാചാരങ്ങള്‍ ദൂരീകരിക്കാന്‍ അദ്ദേഹം നേരിട്ടിറങ്ങി പ്രവര്‍ത്തിച്ചു. ഏകാകിയായി നടന്നുചെന്ന് ജന്തുബലി തടഞ്ഞു. ശ്രീനാരായണധര്‍മം പ്രചരിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട പ്രസംഗകര്‍ക്ക് അദ്ദേഹം നല്‍കിയ ഉപദേശം തുടങ്ങുന്നതിങ്ങനെയാണ്. "അന്ധവിശ്വാസങ്ങളെയും, പ്രാണിഹിംസ മുതലായ അമംഗളാചാരങ്ങളോടും കൂടി അനുഷ്ഠിക്കപ്പെടുന്ന ദുര്‍ദേവതാരാധനകളെയും നിരാകരിക്കുക'' മറ്റൊരിടത്ത്: "അര്‍ഥശൂന്യങ്ങളും അനര്‍ഥകരങ്ങളുമായ 'മാമൂലു'കളെ പാടുള്ളിടത്തോളം വര്‍ജിച്ച് കാലാനുരൂപവും ഉത്തമവും ആയ ആചാരനടപടികളെ നടപ്പാക്കുന്നതിനെപ്പറ്റി ബലമായി പ്രസംഗിക്കുകയും ജനങ്ങളെ ആ വഴിക്കു തിരിച്ചുകൊണ്ടുവരികയും ചെയ്യുക....'' കുട്ടിച്ചാത്തന്‍ കല്ലെറിഞ്ഞ് നിരന്തരം ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി സമീപിച്ച ഭക്തന് അദ്ദേഹം ഒരു കത്തെഴുതിക്കൊടുക്കയാണ് ചെയ്തത്. മേലാല്‍ ഇവരെ ഉപദ്രവിക്കരുതെന്ന് കുട്ടിച്ചാത്തന് നിര്‍ദേശം നല്‍കുന്ന കത്ത്. അദ്ദേഹം പ്രയോഗിച്ച ഫലിതങ്ങളിലൊന്നാണിത്. പുലയബാലികമാര്‍ക്ക് സ്കൂള്‍പ്രവേശനം നല്‍കിയത് തടയാന്‍ നായരീഴവസമുദായക്കാര്‍ ഒന്നുചേര്‍ന്നു തുനിഞ്ഞപ്പോള്‍ ആ അധര്‍മത്തില്‍നിന്നു പിന്തിരിയാന്‍ അദ്ദേഹം അവര്‍ക്ക് ആജ്ഞ നല്‍കി. അയ്യങ്കാളിയുടെ അവകാശസമ്പാദന പരിശ്രമങ്ങള്‍ക്ക് സര്‍വവിധമായ പിന്തുണയും ലഭിക്കുന്നതില്‍ ശ്രദ്ധിക്കുകയും ചെയ്തു. വൈക്കം സത്യഗ്രഹം സന്ദര്‍ശിക്കാന്‍ ശ്രീനാരായണഗുരു സന്നദ്ധനായത് ആ പോരാട്ടത്തിനു പിന്തുണ നല്‍കാനും പോരാളികള്‍ക്ക് ആശംസ അര്‍പ്പിക്കാനുമാണ്. അവര്‍ തന്റെ കഴുത്തിലണിഞ്ഞ ഖദര്‍മാലയുടെ സൌരഭ്യം ആന്തരികമാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയുംചെയ്തു. വേഷത്തിലല്ല, മനസ്സിലാണ് വെമയും സൌരഭ്യവുമുണ്ടായിരിക്കേണ്ടതെന്നര്‍ഥം. ഈഴവരുടെ ദേവാലയങ്ങളില്‍ താണതെന്നു കരുതപ്പെടുന്ന ജാതിക്കാര്‍ക്കെല്ലാം പ്രവേശനം നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സ്വാധീനമുള്ള എല്ലാ ദേവാലയങ്ങളിലും ആ നിര്‍ദേശം നടപ്പാക്കുകയുംചെയ്തു. അദ്ദേഹത്തിന്റെ ആശ്രമത്തില്‍ വിഭിന്ന ജാതിയില്‍പ്പെട്ടവരുണ്ടായിരുന്നു. ശിഷ്യസംഘത്തിലും. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നു പ്രഖ്യാപിച്ച സഹോദരന്‍ അയ്യപ്പനെപ്പറ്റി ശ്രീനാരായണഗുരു പറഞ്ഞത് ഇത്രമാത്രം. " പക്ഷേ അയ്യപ്പന്റെ കര്‍മങ്ങളില്‍ ദൈവമുണ്ടല്ലോ''. ആചാരാനുഷ്ഠാനങ്ങളിലല്ല, കര്‍മങ്ങളിലാണ് ദൈവവിശ്വാസം പ്രതിഫലിക്കേണ്ടതെന്നറിയുന്നവര്‍ നമുക്കിടയില്‍ എത്രയുണ്ട്? ഉത്തരം നല്‍കാന്‍ ഞാന്‍ മുതിരുന്നില്ല. ശിവഗിരിയില്‍വച്ച് ശ്രീനാരായണഗുരുവിന്റെ ആശീര്‍വാദത്തോടെ ആദ്യമായി നടന്ന വിവാഹം രണ്ടു മതങ്ങളിലുള്ളവര്‍ തമ്മിലായിരുന്നു. ഹിന്ദുയുവാവും ക്രിസ്തീയയുവതിയും തമ്മിലുള്ള വിവാഹം. യുവാവ് കേരളീയനും യുവതി ജര്‍മന്‍കാരിയുമാണെന്നുകൂടി അറിയണം. (കരുണാകരന്‍ - മാര്‍ഗരറ്റ് ദമ്പതികള്‍ ആലപ്പുഴയിലെ ആലപ്പി കമ്പനിയുടെ ഉടമകളായിരുന്നു). ഇതുപോലെ എപ്പോഴും ലൌകികമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയാണ് ശ്രീനാരായണഗുരു ജീവിതകാലം മുഴുവന്‍ കഴിഞ്ഞത്. അരുവിപ്പുറം പ്രതിഷ്ഠ (1888) മുതല്‍ സമാധി (1928) വരെ നീണ്ടുനിന്ന പ്രവര്‍ത്തനങ്ങളില്‍ ജാതിമതഭേദചിന്തകള്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. ആത്മീയഭൌതിക വ്യത്യാസവുമുണ്ടായിരുന്നില്ല. അതിന്റെ ഫലമായി കേരളീയ ജീവിതത്തില്‍ സംഭവിച്ച ഗംഭീരമായ പരിവര്‍ത്തനത്തിന് ഐതിഹാസിക സ്വഭാവമാണുള്ളത്. ഭ്രാന്താലയത്തില്‍നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കേരളീയരെ നയിക്കുന്നതിനുള്ള പരിശ്രമത്തിന്റെ രാജവീഥി വെട്ടിത്തെളിക്കുന്നതില്‍ എത്ര മഹനീയമായ പങ്കാണ് ശ്രീനാരായണഗുരു വഹിച്ചതെന്ന് അനുയായികള്‍ ഏറ്റവും ജാഗ്രതയോടെ ഓര്‍മിക്കേണ്ട ഘട്ടമാണിത്. മതഭ്രാന്തിനും ജാതിസ്പര്‍ധയ്ക്കും അതീതമായി നിലയുറപ്പിച്ച് മാനവമൈത്രിയുടെ വിശുദ്ധസന്ദേശം വാക്കുകളിലും കര്‍മങ്ങളിലുംകൂടി പ്രചരിപ്പിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭം ഇതാണ്.
പ്രൊഫ. എം കെ സാനു

1 comment:

ജനശബ്ദം said...

മനുഷ്യന്റെ ജാതി മനുഷ്യത്വം

മതഭ്രാന്തിനും ജാതിസ്പര്‍ധയ്ക്കും അതീതമായി നിലയുറപ്പിച്ച് മാനവമൈത്രിയുടെ വിശുദ്ധസന്ദേശം വാക്കുകളിലും കര്‍മങ്ങളിലുംകൂടി പ്രചരിപ്പിക്കാന്‍ അവര്‍ മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭം ഇതാണ്.