അള്‍ത്താരയിലെ വോട്ടുപിടിത്തം
അള്‍ത്താര രാഷ്ട്രീയ പ്രചാരണ വേദിയാക്കരുതെന്ന മതനിരപേക്ഷ ശക്തികളുടെയും ഗണ്യമായ വിശ്വാസി സമൂഹത്തിന്റെയും ആവശ്യം പുറങ്കാലുകൊണ്ട് തട്ടിമാറ്റിയാണ് കേരള കത്തോലിക്കാ മെത്രാന്‍സമിതി (കെസിബിസി)യുടെ ഇടയലേഖനം സീറോ, മലങ്കര സഭകളുടെ പള്ളികളില്‍ കുര്‍ബാനയ്ക്കുശേഷം വായിച്ചത്. വരാനിരിക്കുന്ന തദ്ദേശഭരണസ്ഥാപന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടമുണ്ടാക്കിക്കൊടുക്കാനുള്ള ആസൂത്രിത രാഷ്ട്രീയ പദ്ധതിക്കാണ് സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ ഞായറാഴ്ച വേദിയായത്. ഈ മാസം നാലിന്് പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന മെത്രാന്‍സമിതി തയാറാക്കിയ രാഷ്ട്രീയ ഇടയലേഖനം പ്രത്യക്ഷത്തില്‍ത്തന്നെ ഇടതുപക്ഷ വിരുദ്ധമാണ്; ജനവിധി തേടുന്ന സ്വതന്ത്രന്മാരെ അംഗീകരിക്കരുതെന്നുപോലും നിര്‍ദേശിക്കുന്നതാണ്; ജനപ്രാതിനിധ്യനിയമത്തിന്റെ ലംഘനവും ജനാധിപത്യവിരുദ്ധവുമാണ്. കേരള കോഗ്രസുകളുടെ ലയനം എന്തിന് എന്നചോദ്യത്തിന് പി ജെ ജോസഫിന് രാഷ്ട്രീയമായോ നയപരമായോ ഒരു കാരണവും ചൂണ്ടിക്കാട്ടാനുണ്ടായിരുന്നില്ല. പകരം, 'സഭയില്‍നിന്ന് സമ്മര്‍ദമുണ്ടായി' എന്നാണ് ന്യായീകരണം നല്‍കിയത്. യുഡിഎഫിന് ആളെക്കൂട്ടുന്ന ഇടപെടലാണ് സഭ നടത്തിയത് എന്നാണ് ഇതിനര്‍ഥം. അന്ന് ജോസഫിന്റെ വെളിപ്പെടുത്തലിനോട് ഗൌരവത്തിലുള്ള പ്രതികരണങ്ങള്‍ സഭാ നേതൃത്വത്തില്‍നിന്നുണ്ടായില്ല. യുഡിഎഫിനുവേണ്ടി പരിധിവിട്ട് രംഗത്തിറങ്ങാനും അതിനായി വിശ്വാസികളുടെ വികാരങ്ങളും മതത്തിന്റെ സംഘടിതശേഷിയും ആയുധങ്ങളാക്കാനുമുള്ള ആസൂത്രിത നീക്കം കേരള കോഗ്രസ് ലയന മാധ്യസ്ഥ്യത്തില്‍നിന്നും ഇപ്പോഴത്തെ ഇടയലേഖനത്തില്‍നിന്നും സംശയരഹിതമായി വായിച്ചെടുക്കാം. കെസിബിസിയുടെ ഈ സമീപനം വിശ്വാസി സമൂഹത്തെയാകെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ളതല്ല എന്നതിന് ലേഖനത്തിന്റെ കോപ്പി കത്തിച്ചുകൊണ്ട് ഞായറാഴ്ച കൊച്ചിയില്‍ നടന്ന പ്രതിഷേധപ്രകടനം ഒരു തെളിവാണ്. ലത്തീന്‍ കത്തോലിക്കാ പള്ളികളില്‍ ഈ ഇടയലേഖനം വായിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ അതിപ്രസരം സഭയ്ക്കും സഭയുടെ അതിപ്രസരം രാഷ്ട്രീയത്തിനും ദോഷമാണെന്ന അഭിപ്രായം തിരുവനന്തപുരം ലത്തീന്‍ കത്തോലിക്കാ അതിരൂപത ആര്‍ച്ച് ബിഷപ് സൂസെപാക്യം നേരത്തെതന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. "ലത്തീന്‍ കത്തോലിക്കാ സമുദായത്തിനുവേണ്ടി വാദിക്കുന്നത് അതിന്റെ പിന്നോക്കാവസ്ഥ കാരണമാണ്. എന്നാല്‍,സമുദായത്തിന്റെ കാര്യംമാത്രം ശ്രദ്ധിച്ച് പ്രവര്‍ത്തിച്ചാല്‍ മതമൌലികതയില്‍ വീണുപോവാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കണം.'' എന്നാണദ്ദേഹം പറഞ്ഞത്. മതം രാഷ്ട്രീയത്തിലിടപെടുന്നത് ആപത്താണെന്ന നിലപാടാണ് യാക്കോബായ സുറിയാനി സഭയുടേതെന്ന് സഭാസെക്രട്ടറി തമ്പുജോര്‍ജ് തുകലനും വ്യക്തമാക്കിയതാണ്. മതവും രാഷ്ട്രീയവും വ്യത്യസ്ത മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്; രണ്ടിനും അതിന്റേതായ ദൌത്യമുണ്ട്; മതം വിശ്വാസവുമായി ബന്ധപ്പെട്ടതാണ്; അത് രാഷ്ട്രീയത്തിലിടപെടുമ്പോള്‍ വിശ്വാസപരമായ കാര്യങ്ങള്‍ക്ക് മങ്ങലേല്‍ക്കും- ഇതാണ് യാക്കോബായ സുറിയാനി സഭയുടെ നിലപാട്. വിശ്വാസികളില്‍ പല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നവരുണ്ടാകുമെന്നും ഏതെങ്കിലും ഒരു വിഭാഗത്തിനുവേണ്ടി മതം സ്വാധീനം ചെലുത്തുന്നത് ജനാധിപത്യ മതേതരസംവിധാനത്തിന് അപകടകരമാണെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു. ഇതിന്റെയെല്ലാം അര്‍ഥം, ഇന്ന് കെസിബിസി ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നതല്ല വിശ്വാസികളില്‍ വലിയൊരു വിഭാഗത്തിന്റെയും സഭാ നേതൃത്വത്തില്‍തന്നെ ഗണ്യമായ വിഭാഗത്തിന്റെയും നിലപാട് എന്നാണ്. ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥികള്‍ വ്യക്തിപരമായി മേന്മയുള്ളവരും വികസനത്തില്‍ താല്‍പ്പര്യമുള്ളവരും ജനസമ്മതരുമാണെങ്കില്‍പ്പോലും അവര്‍ക്ക് വോട്ട് ചെയ്യരുതെന്നാണ് ഇടയലേഖനത്തിലെ സുവ്യക്തമായ നിര്‍ദേശം. ഇന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്നും ഇന്ന സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്നും മതത്തിന്റെ സ്വാധീനം ദുരുപയോഗപ്പെടുത്തി വിശ്വാസികളോട് ആവശ്യപ്പെടുകയാണിവിടെ. ഇത് ഭരണഘടനാ വിരുദ്ധമാണ്. മതനിരപേക്ഷത എന്ന സങ്കല്‍പ്പത്തെ തുരങ്കം വയ്ക്കുന്നതാണ്. മതവും രാഷ്ട്രവും രാഷ്ട്രീയവും തമ്മില്‍ വേര്‍പെടുത്തലാണ് മതനിരപേക്ഷത എന്ന് പരമോന്നത കോടതിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മതവികാരവും ദൈവവിശ്വാസവും ദുരുപയോഗപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെടുന്നതിനെയും അധികാരം കൈക്കലാക്കാന്‍ മതവികാരം ദുരുപയോഗംചെയ്യുന്നതിനെയും നഗ്നമായ വര്‍ഗീയതയായേ കാണാനാകൂ. ഇത് അപകടകരമാണ്. എല്ലാ വെറുപ്പും നിരീശ്വര വാദത്തില്‍ കയറ്റിവച്ച് ഒരുകാലത്തും തൊട്ടുകൂടാന്‍ പറ്റാത്തവരാണ് കമ്യൂണിസ്റുകാര്‍ എന്ന് പ്രഖ്യാപിക്കുകയാണ് കെസിബിസി ഇവിടെ. ഇത്തരം പ്രചാരണം ഇതാദ്യമല്ല. കമ്യൂണിസ്റുകാര്‍ക്കെതിരെ കടുത്ത നിലപാടുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കമ്യൂണിസ്റ് വിരുദ്ധ മുന്നണി രൂപീകരിച്ച് പടനയിച്ച ഫാദര്‍ വടക്കന്‍ ഒടുവില്‍ കമ്യൂണിസ്റുകാരിലെ മനുഷ്യസ്നേഹത്തെ വാഴ്ത്തിയത് കണ്ടവരാണ് കേരളീയര്‍. അമരാവതിയിലും കൊട്ടിയൂരിലും ഷിമോഗയിലുമെല്ലാം കുടിയൊഴിപ്പിക്കലിനെതിരെ പടനയിച്ചതും സംഘപരിവാറിന്റെ ആയുധങ്ങള്‍ കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കും വിശ്വാസികള്‍ക്കും നേരെ പാഞ്ഞടുത്തപ്പോള്‍ ചെറുത്തുനില്‍പ്പിന്റെ ഉശിരന്‍ അധ്യായങ്ങള്‍ രചിച്ചതും ഇന്നാട്ടിലെ കമ്യൂണിസ്റുകാരായിരുന്നു. യേശു അധ്വാനത്തിന്റെ മഹത്വം അറിഞ്ഞിരുന്നു; അധ്വാനിക്കുന്നവന്റെ ദുരിതങ്ങള്‍ അനുഭവിച്ചിരുന്നു; ആര്‍ത്തന്മാരുടെയും ആലംബഹീനന്മാരുടെയും കണ്ണീരൊപ്പുകയും കൈപിടിച്ചുയര്‍ത്തുകയും ചെയ്തിരുന്നു. കമ്യൂണിസ്റുകാരും അതുതന്നെ ചെയ്യുന്നു. കച്ചവട താല്‍പ്പര്യത്തിന്റെയും 'ഉപകാര സ്മരണ'കളുടെയും രാഷ്ട്രീയ ദുര്‍മോഹങ്ങളുടെയും തടവുകാരായ ചിലര്‍ വരയ്ക്കുന്ന വരയിലൂടെമാത്രം സഞ്ചരിക്കുന്ന കെസിബിസിയുടെ ബൌദ്ധിക നേതൃത്വം യേശുവിനെയും അധ്വാനിക്കുന്നവരെയും മറക്കുകയാണ്. നിരീശ്വര വാദം എന്ന മതില് കെട്ടി ഉയര്‍ത്തി, വിശ്വാസികളെ തടഞ്ഞുനിര്‍ത്തുകയാണ്. ഈ രാഷ്ട്രീയ ഇടപെടല്‍ അതിശക്തമായി ചെറുക്കപ്പെട്ടേ തീരൂ. ഓരോ മതസ്ഥരും പുരോഹിത മേധാവിത്വം പറയുന്നതിന് അനുസരിച്ചുമാത്രം വോട്ടുചെയ്താല്‍, മതനിരപേക്ഷത എവിടെയെത്തും? ഹിന്ദുവിനും ക്രൈസ്തവനും മുസല്‍മാനും വെവ്വേറെ ഭരണ സംവിധാനമുണ്ടാക്കേണ്ടിവരില്ലേ? ഇത്തരമൊരു നയം തന്നെയല്ലേ സംഘപരിവാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്? ഇതുതന്നെയല്ലേ ജമാ അത്തെ ഇസ്ളാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും നയം? നിരീശ്വരവാദമാണ് ഹിമാലയന്‍ പ്രശ്നമെങ്കില്‍ നിങ്ങള്‍ക്ക് വിഖ്യാത നിരീശ്വരവാദിയായ ജവാഹര്‍ലാല്‍ നെഹ്റുവിനെ അംഗീകരിക്കാനാകുമോ? പൊറുപ്പിച്ചുകൂടാ ഈ സമീപനത്തെ. യുഡിഎഫിന് സേവ ചെയ്യണമെങ്കില്‍ രാഷ്ട്രീയക്കാരന്റെ കുപ്പായമിട്ട് ഇറങ്ങണം. അള്‍ത്താരയെയും ദിവ്യബലിയെയും ദുരുപയോഗംചെയ്ത് വോട്ടുപിടിക്കാനിറങ്ങരുത്; വര്‍ഗീയത വളര്‍ത്തരുത്. ജനങ്ങള്‍ തിരസ്കരിക്കുംമുമ്പ് സ്വയം ഈ ഇടയലേഖനം പിന്‍വലിക്കാനാണ് കെസിബിസി തയ്യാറാകേണ്ടത്.
1 comment:
രാഷ്ട്രീയത്തിന്റെ അതിപ്രസരം സഭയ്ക്കും സഭയുടെ അതിപ്രസരം രാഷ്ട്രീയത്തിനും ദോഷമാണെന്ന അഭിപ്രായം തിരുവനന്തപുരം ലത്തീന്‍ കത്തോലിക്കാ അതിരൂപത ആര്‍ച്ച് ബിഷപ് സൂസെപാക്യം നേരത്തെതന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.
കേരള കത്തോലിക്ക മെത്രാന് സമിതിക്കുവേണ്ടി ഇടയലേഖനത്തിന്റെ ഏറ്റവും താഴെ നീട്ടിപ്പിടിച്ചു എഴുതിയിരിക്കുന്ന ആര്‍ച്ച് ബിഷപ് സൂസെപാക്യത്തിനെ പേര് തിരക്കിനിടയില്‍ കാണാതെ പോയതാണോ !
Post a Comment